Difference between revisions of "മലയാളകവികൾ"
m (Cvr moved page ONV Kurup to മലയാളകവികൾ without leaving a redirect) |
|
(No difference)
|
Revision as of 07:18, 31 July 2014
Contents
ഓ.എൻ.വി. കുറുപ്പു്
സാഹിത്യവാരഫലം 1985 09 29
എലിപ്പത്തായത്തില്‍ കിടക്കുന്ന എലികളാണോ നമ്മള്‍? അല്ല. ഖാണ്ഡവവനത്തില്‍ തീപിടിച്ചപ്പോള്‍ അതിനകത്തായിപ്പോയ ശാര്ങ്ഗകപ്പക്ഷികളാണ്. ആ പക്ഷികളായ നമ്മുടെ ദൈന്യവും പ്രത്യാശയും കാവ്യാത്മകമായി ആവിഷ്കരിച്ചു് സമകാലിക ലോകത്തിന്റെ ചിത്രംവരയ്ക്കുന്നു ഒ.എന്‍.വി. കുറുപ്പ് (ശാര്‍ങ്ഗകപ്പക്ഷികള്‍, കലാകൗമുദി, ലക്കം 522). സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും അടിത്തറ തകര്‍ന്നു കൊണ്ടിരിക്കുന്നു ഇന്ന്. മനുഷ്യര്‍ക്കു മഹാക്ഷോഭവും ആകസ്മികവിപത്തും തകര്‍ച്ചയും വരുത്തിയ ഈ കാലയളവു പോലെ മറ്റൊരു കാലയളവു് ഒരിക്കലും ഉണ്ടായിട്ടില്ല. അവയൊക്കെക്കണ്ട കവിയുടെ മനുഷ്യത്വത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഉജ്ജ്വലമായ കാവ്യം. അതിനിന്ദ്യമായ നരത്വത്തിലൂടെ നീങ്ങുന്നവരുടെ പ്രതിനിധികളായി രണ്ടുപേരെ കവി അവതരിപ്പിക്കുന്നു. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റേയാള്‍ ഉണര്‍ന്നിരിക്കുന്നു. രണ്ടുപേരും ഉറങ്ങിയാല്‍ ജീവിതത്തിന്റെ സംഹാരാത്മകശക്തി അവരെ നശിപ്പിച്ചുകളയും. അതുകൊണ്ടു് സുഷുപ്തിതിയില്‍ വീഴുന്ന വ്യക്തിയെ ഉണര്‍ന്നിരിക്കുന്ന വ്യക്തി സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ സൂക്ഷിക്കാതിരിക്കും? വെറും കിടാങ്ങളായ അവരെ നടുക്കുന്ന നൃശംസതകളെ കണ്ടാലും:
മാമ്പൂവുരുക്കുന്ന വേനലിലെ — കണ്ണി–
മാങ്ങകള്‍ തല്ലിക്കൊഴിക്കുന്ന കാറ്റിനെ.
പ്രാവിന്‍കുരുന്നിനെ റാഞ്ചും പരുന്തിനെ–
പൂവാങ്കരുന്നിലരിക്കും പുഴുവിനെ–
കുഞ്ഞിന്റെ പൊക്കിളില്‍ നോക്കിയിരുന്നതിന്‍
കന്നിയിളം ചോരയൂറ്റുന്നാരോന്തിനെ–
പോത്തിന്‍ പുറത്തു വന്നെത്തുന്ന രൂപത്തെ–
ഓര്‍ത്തു നടങ്ങും കിടാങ്ങള്‍ നാമിപ്പോഴും.
ലോകത്തിന്റെ പാതകങ്ങളെയും ഉന്മാദങ്ങളെയും ഇങ്ങനെ പ്രതീകങ്ങളിലൂടെ സ്ഫുടീകരിച്ചിട്ട് പ്രസാദാത്മകത്വത്തിന്റെ പ്രകാശം വിതറുന്നു കവി.
“എങ്കിലും സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ
കണ്ണുകള്‍ കാലം കവര്‍ന്നില്ലിതുവരെ:
കന്നിവെറിയില്‍ മകരക്കുളിരിനെ
കര്‍ക്കിടകക്കരിവാവില്‍ തെളിവുറ്റ
ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളില്‍
സംഗീതധാരയെ–കാളും വിശപ്പിലും
നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ–”
യുള്ളിലുമേതോ കരുണതന്‍ മൂര്‍ത്തിയെ
നമ്മള്‍ കിനാവു കാണുന്നൂ! കിനാവുകള്‍
നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”
ശരിയായ ജിവിതം. ധാര്‍മ്മികമായ ചിന്ത ഇവയൊക്കെ ഈ കിനാക്കളുടെ ഫലങ്ങളാണ്. ആ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കാന്‍ ആഹ്വാനം നടത്തുന്ന കവി വിഷാദത്തിന്റെ “കരിനീല തടകങ്ങളെ” ദര്‍ശിക്കുന്ന ആളല്ല; ആഹ്ലാദത്തിന്റെ ധവളശൃംഗങ്ങളെ കാണുന്ന വ്യക്തിയാണ്. ഖാണ്ഡവവനത്തില്‍ അകപ്പെട്ട ശാര്‍ങ്ഗകപ്പക്ഷികള്‍ രക്ഷപ്പെട്ടു. ക്രൂരതയുടെ അഗ്നി നാലുപാടും കത്തുന്ന ഈ ലോകത്ത് അകപ്പെട്ട നമ്മളും രക്ഷപ്പെട്ടു. സമകാലിക സമൂഹത്തിന്റെ ചേതനയെ കണ്ടറിഞ്ഞ കവിയാണ് ഒ.എന്‍.വി. കറുപ്പെന്ന് ഈ കാവ്യം ഉദ്ഘോഷിക്കുന്നു.
കടമ്മനിട്ട
സാഹിത്യവാരഫലം 1985 10 13
മനുഷ്യന്‍ പരതന്ത്രനാണു്. ഭൂമിയാണു് ആ പാരതന്ത്ര്യം ഉളവാക്കുന്നതു്. എങ്കിലും അവനു് ഇവിടം വിട്ടുപോകാന്‍ സാദ്ധ്യമല്ല. അന്തരീക്ഷത്തിലേക്കു നയനങ്ങല്‍ വ്യാപരിപ്പിച്ചു് അനന്തതയെ സാക്ഷാത്കരിക്കാന്‍ അവന്‍ ശ്രമിക്കുന്നതെല്ലാം വ്യര്‍ത്ഥം. ഭൂമി പിടയുന്നു. ഞെട്ടുന്നു. അങ്ങനെയുള്ള ഈ ഭൂമിയില്‍ ചെറിയ ചെറിയ സുഖങ്ങല്‍ അനുഭവിച്ചു് അവന്‍ നില്‍ക്കുന്നു. അവയില്‍ പങ്കുകൊള്ളാന്‍ ക്ഷുദ്രജീവികള്‍പോലും എത്തുന്നു. അവയ്ക്കു നിരാശത; മനുഷ്യനും നിരാശത പക്ഷേ ഭൂമിയോടു ബന്ധപ്പെട്ട മനുഷ്യനു് മറ്റെന്തു മാര്‍ഗ്ഗമാണുള്ളതു്? അനന്യങ്ങളിലെത്താന്‍ കൊതിച്ചുകൊണ്ടു്, ആ അഭിലാഷത്തിനു സാഫല്യമില്ലാത, പിടയുന്ന ഭൂമിയില്‍ത്തന്നെ അവന്‍ നില്‍ക്കുന്നു. ഇതാണു് ഇന്നത്തെ മനുഷ്യന്റെ പ്രിഡിക്കമെന്റ് വൈഷമ്യമാര്‍ന്ന സ്ഥിതി. ഇതിനെ അനുഗൃഹിതനയേ കവി കടമ്മനിട്ട ‘പൊരിക്കടല’ എന്ന കൊച്ചു കാവ്യത്തില്‍ ആവിഷ്കരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്)
“കടലയ്ക്കു കൈനീട്ടിനില്‍ക്കുമക്കുഞ്ഞിന്റെ
കണ്ണില്‍ കടല്‍പ്പാമ്പിളക്കം
കണ്ണന്‍ ചിരട്ടയില്‍ കാല്‍തട്ടിവീണെന്റെ
സൂര്യനും താണുപോകുന്നു.
ഇരുളിന്റെ തേറ്റയേറ്റിടറി ഞാന്‍ വീഴുന്നു
പിടയുന്ന ഭൂമിതന്‍ നെഞ്ചില്‍,”
പക്ഷേ “ഇവിടെയിപ്പിടയുന്ന ഭൂമിയിലല്ലാതെനിക്കഭയമില്ലാശ്വാസമില്ല.”