close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 10 13


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 10 13
ലക്കം 526
മുൻലക്കം 1985 10 06
പിൻലക്കം 1985 10 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എട്ടോ ഒന്‍പതോ കൊല്ലം മുമ്പാണു്. കുലീനത സ്ഫുരിക്കുന്ന മുഖമാര്‍ന്ന ഒരു ഭ്രാന്തനായ യാചകന്‍ തിരുവനന്തപുരത്തെ എം. ജി. റോഡില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാറുണ്ടായിരുന്നു. വളരെ വേഗത്തിലാണു് നടത്തം. വേഷം മുണ്ടും തോര്‍ത്തും മാത്രം. ആരാണു് ഈ മനുഷ്യന്‍ എന്നു വിചാരിച്ചു തെല്ലൊരു വിസ്മയത്തോടെ ഞാന്‍ അയാളെ നോക്കുമായിരുന്നു. ഒരു ദിവസം അയാള്‍ എന്നെ തടഞ്ഞുനിറുത്തിയിട്ടു് ഉറക്കെപ്പറഞ്ഞു. “സാര്‍ ഇന്നലെ ഗുപ്തന്‍നായര്‍സ്സാറിനെക്കണ്ടു. അദ്ദേഹത്തിന്റെ ‘ഇസങ്ങള്‍ക്കപ്പുറം’ എന്ന നല്ല പുസ്തകത്തെക്കുറിച്ചു ഞാന്‍ സംസാരിച്ചു. ഒരൂണിനുള്ള സംഖ്യ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഗുപ്തനായര്‍സാര്‍ അതു തരികയും ചെയ്തു. കൃഷ്ണന്‍നായര്‍സാര്‍ എഴുതുന്നതൊക്കെ ഞാന്‍ വായിക്കാറുണ്ടു്. ജനയുഗം വാരികയിലെ ‘സരസ്വതി ലജ്ജിക്കുന്നു’ എന്ന ലേഖനം ഒന്നാന്തരം. പിന്നെ സാറും ഒരൂണിനുള്ള പണം എനിക്കു തരണം.” ഞാന്‍ അയാള്‍ക്കു് അഞ്ചുരൂപ കൊടുത്തു. അടുത്തദിവസവും അയാളെ റോഡില്‍ വച്ചു കണ്ടു. അയാള്‍ പണം ചോദിച്ചു. മൂന്നു രൂപ നല്കി. മൂന്നാമത്തെ ദിവസം രണ്ടു രൂപ. നാലാമത്തെ ദിവസം ഒരു രൂപ. പിന്നെ ദിവസവും ഓരോ രൂപ. അങ്ങനെ നാളേറെയായപ്പോള്‍ എനിക്കു നന്നേമുഷിഞ്ഞു. ഒരു രൂപയുടെ ദാനം അമ്പതു പൈസയായി കുറഞ്ഞു. ഒരു ദിവസം ഞാനൊരു ഹോട്ടലില്‍ ചായകുടിക്കാന്‍ കയറിയപ്പോള്‍ ഞാനറിയാതെ അയാളും കയറിവന്നു. അടുത്തിരുന്നു. ഹോട്ടലുടമസ്ഥന്‍ ചോദിച്ചു: “സമ്മതിച്ചിട്ടുതന്നെയാണോ ഇയാളും കൂടെ കയറിവന്നതു്?” അതേ എന്നു ഞാന്‍ മറുപടി പറഞ്ഞു. നാറുന്ന കീറിപ്പറഞ്ഞ മുണ്ടോടുകൂടി എന്റെ അടുത്തിരുന്ന അയാളെ ഞാന്‍ വെറുത്തു. എങ്കിലും അയാള്‍ക്കു് ആവശ്യമുണ്ടായിരുന്നതു് ഞാന്‍ വാങ്ങിക്കൊടുത്തു. പിന്നീടു പിന്നീടു് അയാളെക്കൊണ്ടുള്ള ഉപദ്രവം സഹിക്കവയ്യാതെയായി എനിക്കു്. ഞാന്‍ ഒന്നും അയാള്‍ക്കു കൊടുക്കാതെയായി. ഒന്നും കൊടുക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഒരു ദിവസം അയാള്‍ എന്നെ വഴിയില്‍ തടഞ്ഞുനിറുത്തി. പൊലീസിനെ അറിയിക്കുമെന്നു ഞാന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അയാള്‍ എന്നെ ഉറക്കെ തെറിപറഞ്ഞു ഇപ്പോള്‍ അയാളെ കാണാറില്ല. ഏതെങ്കിലും ഭ്രാന്താലയത്തില്‍ കിടക്കുന്നുണ്ടാവാം. അതോ അന്തരിച്ചോ? എം. എ. എം. എഡ്. ജയിച്ച ഒരു ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു ആ പാവം. ഞാനിതെഴുതിയതു് ദയ എത്ര ക്ഷണികമായ വികാരമാണെന്നു കാണിക്കാനാണു്. മനുഷ്യന്റെ ദയനീയസ്ഥിതിയില്‍ കണ്ണീരൊഴുക്കുന്നവന്‍തന്നെ ഏതാനും മണിക്കൂര്‍ കഴിയുമ്പോള്‍ അയാളെ പൊലീസില്‍ ഏല്പിക്കും.

ദയകൂടാതെ ഭിക്ഷനല്കുന്നവരുണ്ടു്. ചെറുപ്പക്കാരന്‍ തീവണ്ടിയില്‍ സഞ്ചരിക്കുന്നു. കുരുടന്‍ വന്നു യാചിക്കുന്നു. ഒന്നുമില്ല എന്നു മറുപടി. പക്ഷേ യാചിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു പെണ്‍കുട്ടി അടുത്തിരിക്കുന്നുവെങ്കില്‍ അയാള്‍ ഒരു രൂപ നല്കിയെന്നുവരും. പെണ്‍കുട്ടി സൗന്ദര്യമുള്ളവളാണെങ്കില്‍ രണ്ടു രൂപയാവും കൊടുക്കുക. അവളുടെ സൗന്ദര്യം കൂടുന്തോറും നല്കുന്ന സംഖ്യയും ഏറിവരും. നമ്മളുടെ സാഹിത്യകാരന്മാരും ഇയാളെപ്പോലെയാണു്. മാര്‍ക്സിസം എന്ന സുന്ദരി അടുത്തിരുന്നാല്‍ കവി. കഥാകാരന്‍ ആശയം വാരിയെറിയും. വേദാന്തമെന്ന സുന്ദരി. ആദ്ധ്യാത്മികത എന്ന സുന്ദരി ഇവരൊക്കെതൊട്ടപ്പുറത്തിരുന്നാല്‍ ആശയങ്ങള്‍ വാരിവാരി എറിയുന്ന സാഹിത്യകാരന്മാര്‍ എത്രയോ പേരുണ്ടു് ഈ കേരളത്തില്‍. കാരുണ്യം ഉണ്ടെങ്കില്‍ത്തന്നെ അതു ക്ഷണികം. ആ വികാരംതീരെയില്ലാതെ ‘ഐഡിയോളജി’യെ രസിപ്പിക്കുന്നതിനുവേണ്ടി ഭിക്ഷയെറിഞ്ഞാലോ? അതു് ആരുടേയും അംഗീകാരം നേടുകയില്ല. ഐഡിയോളജിയോടു് ഗാഢസമ്പര്‍ക്കം പുലര്‍ത്തുന്ന സാഹിത്യത്തിനു സാര്‍വലൗകിക സ്വഭാവം കൈവരികയില്ല.

* * *

കൈയില്ലാത്ത ഒരുത്തനെ ഒരാള്‍ ആദ്യമായി കാണുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടലിന്റെ ഫലമായി അയാള്‍ രണ്ടു പെന്‍സ് കൊടുത്തെന്നുവരും. എന്നാല്‍ രണ്ടാമത്തെ തവണ പകതിപ്പെന്‍സേകൊടുക്കു. മൂന്നാമത്തെ തവണ അയാളെ കാണാനിടവന്നാല്‍ വികാരരഹിതനായി ആ വികലാംഗനെ അയാള്‍ പൊലീസില്‍ ഏല്പിക്കും.” ബ്രര്‍ടോല്‍റ്റ് ബ്രഹ്റ്റ് — Three Poem Novel — അദ്ധ്യായം 1 ഖണ്ഡിക 2.)

പ്രദേശം. സ്വത്തു്

ലിഫ്റ്റില്‍ക്കയറി ഒരു സ്ത്രീയും ഒരു പുരുഷനും മുകളിലേക്കു പോകുകയാണെന്നിരിക്കട്ടെ ലിഫ്റ്റിനകത്തു കുറച്ചു സ്ഥലമേയുള്ളു എങ്കിലും സ്ത്രീയും പുരുഷനും നില്ക്കുന്നതിനിടയ്ക്ക് ഒരു സാങ്കല്പിക രേഖയുണ്ടു്. ആ രേഖയ്ക്കു അപ്പുറത്തായി പുരുഷന്‍ കാലെടുത്തുവച്ചാല്‍ സ്ത്രീ കോപിക്കും. വായനക്കാരനും ഒരപരിചിതനും ഹോട്ടലിലെ ഒരു മേശയ്ക്കു് അപ്പുറത്തുമിപ്പുറത്തുമിരുന്നു കാപ്പികുടിക്കുകയാണെന്നു കരുതൂ. ആ മേശയുടെ നടുക്കായി ഒരു സാങ്കല്പിക രേഖയുണ്ടു്. അതിനിപ്പുറം ഒരാളുടേതു്. അപ്പുറം മറ്റേയാളിന്റേതു്. രേഖയെ അതിക്രമിച്ചു് രണ്ടുപേരില്‍ ആരെങ്കിലുമൊരാള്‍ ഗ്ലാസ്സൊന്നു നീക്കിവച്ചാല്‍ മതി അപരന്‍ കോപിക്കും. താനിരിക്കുന്ന അല്ലെങ്കില്‍ നില്ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള കുറച്ചു സ്ഥലം അയാളുടേതാണു്. ഈ ‘അവകാശ’ത്തെ territorial imperative എന്നു വിളിക്കുന്നു. Robert Ardrey ഇതിനെക്കുറിച്ചു് ഈ പേരില്‍ത്തന്നെ പുസ്തകമെഴുതിയിട്ടുണ്ടു്. മനുഷ്യന്‍ വിട്ടുവീഴ്ചയില്ലാതെ പുലര്‍ത്തിക്കൊണ്ടുപോരുന്ന ഈ ‘അവകാശം’ (അവകാശത്തിനു സംസ്കൃതത്തില്‍ അര്‍ത്ഥം വേറെയാണു്) മൃഗങ്ങള്‍ക്കുമുണ്ടു്. ഒരു ദ്വീപില്‍ പതിനഞ്ചു ചെന്നായ്ക്കള്‍ കൂടുതല്‍ സ്ഥലം സ്വായത്തമാക്കിയിരുന്നു. സംഖ്യാബലം കുറഞ്ഞ ചെന്നായ്ക്കള്‍ കുറഞ്ഞ സ്ഥലവും. സംഖ്യാബലം കൂടിയ മൃഗങ്ങള്‍ സംഖ്യാബലം കുറഞ്ഞവയുടെ സ്ഥലത്തേക്കു കടക്കുകയേയില്ല. മറിച്ചും (The Territorial Imperative എന്ന ഗ്രന്ഥത്തിന്റെ ഏഴാമത്തെ അദ്ധ്യായം നോക്കുക) മനുഷ്യനും അവന്‍ നടക്കുന്ന ഭൂമിയുമായുള്ള ബന്ധം അവന്റെകൂടെ കിടക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തെക്കാള്‍ ദാര്‍ഢ്യമാര്‍ന്നതാണെന്നും ഈ ഗ്രന്ഥകാരന്‍ എഴുതുതന്നു. How many men have you known of, in your life time, who died for their country. And how many for a woman എന്നാണു് അദ്ദേഹത്തിന്റെ ചോദ്യം.

മൃഗത്തിന്റെ റ്റെറിറ്ററിയും — പ്രദേശവും — മനുഷ്യന്റെ പ്രോപ്പര്‍ട്ടിയും — സ്വത്തും — ഒന്നുതന്നെയാണു്. മൃഗത്തിന്റെ റ്റെറിറ്ററി മറ്റൊരുമൃഗം ആക്രമിച്ചു സ്വന്തമാക്കിയാല്‍ ആ മൃഗത്തിന്റെ കഥ കഴിഞ്ഞു. മനുഷ്യന്റെ സ്വത്തു് മറ്റൊരുത്തന്‍ കൈയേറിയാല്‍ അവന്റെയും കഥ കഴിഞ്ഞു. തെങ്ങിന്‍ പുരയിടത്തിനുവേണ്ടി, കൃഷി സ്ഥലത്തിനുവേണ്ടി, സ്വന്തം വീടിനുവേണ്ടി കൊലപാതകം നടത്തുന്നവനാണു മനുഷ്യന്‍ ഉല്പാദനമാര്‍ഗ്ഗങ്ങള്‍ സ്റ്റേറ്റിന്റെ ഉടമസ്ഥതയിലാക്കിയാല്‍. കൃഷി സമഷ്ടിശതമാക്കിയാല്‍ പ്രോപ്പര്‍ട്ടി എന്ന പ്രശ്നം പരിഹരിക്കപ്പെടുമെന്നു സ്റ്റാലിന്‍ കരുതി. ശരിയായിരിക്കാം. എങ്കിലും പൊസെഷനു് — കൈവശാവകാശത്തിന് — മനുഷ്യനു് എപ്പോഴും അഭിവാഞ്ഛയുണ്ടായിരിക്കും. അതു കെട്ടടങ്ങുകയേയില്ല. പൊസെഷന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുമുണ്ടെന്നാണു് എന്റെ അറിവു്. അതുകൊണ്ടു് താന്‍ താമസിച്ചിരുന്ന വീടു് തന്റെ ചേച്ചിക്കു വിട്ടു കൊടുത്തതിനുശേഷം ദുഃഖിക്കുന്ന അനുജന്റെ വിഷാദത്തില്‍ അപാകമൊന്നുമില്ല. (ദേശാഭിമാനിവാരികയില്‍ എം. സുധാകരന്‍ എഴുതിയ ‘വീടു്’ എന്ന ചെറുകഥ നോക്കുക) ആ വിഷാദത്തെ കഥാകാരന്‍ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടു്.

മന്തു് മറച്ചുകൊണ്ടു്

പൊൾ തിറോസ്

Paul Theroux എന്ന അമേരിക്കന്‍ സാഹിത്യകാരന്റെ (ഇംഗ്ലണ്ടില്‍ താമസിക്കുന്നു) യാത്രാവിവരണങ്ങള്‍ അസാധാരണമായ രാമണീയകം ഉള്ളവയാണു്. ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശത്തിലൂടെ അദ്ദേഹം നടത്തിയ യാത്രയുടെ ചേതോഹരമായ വിവരണമാണു് The Kingdom by the Sea എന്നതിലുള്ളതു്. അതില്‍ ഐര്‍ലണ്ടുകാരുടെ വിചിത്ര സ്വഭാവത്തെക്കുറിച്ചു് അദ്ദേഹം പറയുന്നുണ്ടു്. അവര്‍ മച്ചില്‍ (തട്ടില്‍) വാള്‍പേപ്പര്‍ ഒട്ടിക്കും. പകുതി വേവിച്ച മുട്ട തണുത്തുപോകാതിരിക്കാന്‍വേണ്ടി തൊപ്പികൊണ്ടു മൂടിവയ്ക്കും. മുപ്പതുകൊല്ലം അല്ലെങ്കില്‍ നാല്പതുകൊല്ലം — ഈ കാലയളവിലേക്കാണു് അവരുടെ സര്‍ക്കാര്‍ ഡ്രൈവിങ് ലൈസന്‍സ് കൊടുക്കുന്നതു്. ഗ്രന്ഥകാരന്റെ ലൈസന്‍സ് കാലഹരണപ്പെടുന്നതു് എ. ഡി. 2011-ലാണു്. സിഗററ്റ് വാങ്ങുമ്പോള്‍ തീപ്പെട്ടിയുടെ വിലയും അവര്‍ നമ്മുടെ കൈയില്‍നിന്നു വാങ്ങും. നമ്മെ വിസ്മയിപ്പിക്കുന്ന പേരുകളാണു് അവര്‍ക്ക്; മിസ്റ്റര്‍ ഈറ്റ്‌വെല്‍, മിസ്. ഇന്‍ക്പെന്‍ അങ്ങനെ പോകുന്ന പേരുകള്‍. എന്നിട്ടു് വിദേശികളെ അവര്‍ ‘ഫണി’ (funny) എന്നു വിളിച്ചു് ആക്ഷേപിക്കുന്നു. കേരളീയരായ നമ്മളും മോശക്കാരല്ല. കാലത്തു പരുന്തിനെക്കണ്ടേ ചിലര്‍ ഭക്ഷണം കഴിക്കു. ബ്രാഹ്മണരുടെ കാലുകഴുകി വെള്ളം കുടിക്കുന്നതു മോക്ഷദായകമാണെന്നു് ചിലര്‍ വിശ്വസിക്കുന്നു (ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തി മുന്‍പു് തിരുവനന്തപുരത്തു വന്നപ്പോള്‍ ഈ പാവന കൃത്യമനുഷ്ഠിച്ചു ഫൈലേറിയല്‍ എന്നു പ്രഖ്യാപിച്ച സ്ഥലങ്ങളേറെയുണ്ടു് ഈ തലസ്ഥാനത്തു്. അവിടെനിന്നു് ആരെയെങ്കിലും തിരഞ്ഞെടുക്കുന്നതു് അത്യുത്തമം). ആര്‍ത്തവകാലത്തു് മാറിയിരിക്കുന്ന സ്ത്രീയെ തൊട്ടാല്‍ ചാണകവെള്ളം കുടിക്കുന്നു ശബരിമല അയ്യപ്പന്മാര്‍. കുമാരി വാരികയില്‍ സൂര്യന്‍ മാവേലിക്കരയെപ്പോലുള്ളവര്‍ എഴുതുന്ന ‘വാടകപ്പെണ്ണുങ്ങള്‍‍’ പോലുള്ള കഥകള്‍ നമ്മളെഴുതുന്നു. എന്നിട്ടു് സായ്പന്മാരെ ‘ഫണി’ എന്നു വിളിക്കുന്നു.

മഹാന്മാരുടെ നേര്‍ക്കു്

 1. ഒടുവില്‍കുഞ്ഞുകൃഷ്ണമേനോനോ മറ്റോ എഴുതിയ ലോകം. ‘വിനോദിനി’ എന്നായിരിക്കണം ഖണ്ഡകാവ്യത്തിന്റെ പേരു്.

  മുത്തണിസ്തനയുഗം പതിഞ്ഞതില്‍
  മെത്തമേലരിയ പാടുകണ്ടു ഞാന്‍
  ചിത്തമോഹിനി കമിഴ്ന്നതില്‍ക്കിട
  ന്നത്തല്‍പോക്കിയതിനുണ്ടു ലക്ഷണം.

  നായികയുടെ സ്തനങ്ങള്‍ ഇരുമ്പുകൊണ്ടു നിര്‍മ്മിച്ചവയായിരുന്നു എന്നതു സ്പഷ്ടം. ഇല്ലെങ്കില്‍ പാടു വീഴുകയില്ല മെത്തയില്‍

 2. അഭ്യുന്നതാ പുരമ്പാവേ ഗാഢാ
  ജഘന ഗൗരവാത്പശ്ചാത്
  ദ്വരേ സ്യ പാണ്ഡുസികതേ
  പറേ അക്തി ദൃശ്യതേ ദിനവാ.
  (മുന്നിടമഭ്യുന്നതമായ് സന്നത-
  മായ് പിന്നിടും ജഘത്കരാല്‍
  പെണ്മണിയുടെ ചുവടിവിടെ-
  വെണ്മണലില്‍ കാണ്മതുണ്ടുനവതാരാല്‍)

  ശകുന്തളയുടെ ജഘനത്തിന്റെ കനം കൊണ്ടു് ഉപ്പൂറ്റിയുടെ ഭാഗം താണിരുന്നു എന്നു കാളിദാസന്‍ — മനുഷ്യരെ നിവര്‍ന്നുനില്ക്കാന്‍ സഹായിക്കുന്ന ഗ്ളുട്ടിയല്‍ മാംസന്തേരികളാണു് പുഷ്ഠത്തിലുള്ളതു്. അതില്‍ കൊഴുപ്പുകൂടിയാല്‍ അതിനെ സ്റ്റീറ്റോപിജിയ — Steatopygia — എന്നുവിളിക്കും. ശകുന്തളയ്ക്കു് ഈ ‘കണ്ടിഷന്‍’ മാത്രമാണുണ്ടായിരുന്നതെങ്കില്‍ കാല്പാടിന്റെപിറകു വശം താണു പോകുമായിരുന്നില്ല. ഹൈഗ്രേഡ് മെഡിക്കല്‍ സിലിക്കന്‍ ഉള്ളില്‍ കടത്തി സ്തനവൈപല്യം വരുത്തുന്ന ഏര്‍പ്പാടു് ഇപ്പോഴുണ്ടു്. ഈ ടോക്സിക്‍ അല്ല. ക്യാന്‍സര്‍ ഉണ്ടാക്കുകയുമില്ല. ശകുന്തളയുടെ കാലത്തു് ഈ ശസ്ത്രക്രിയ നിതംബത്തിലും നടത്തിയിരുന്നു എന്നതിനു തെളിവാണു് കാളിദാസന്റെ ശ്ലോകം. Breast augmentation പോലെ Buttock augmentation-ഉം അന്നു നടത്തിയിരിക്കണം. സിലിക്കന്‍ പ്രൊസ്തിസിസ് (Silicon prosthesis) നിതംബത്തിനകത്തു വച്ചാല്‍ ഉപ്പൂറ്റിയുടെ ഭാഗം വളരെ താഴും. ഉത്തര മഥുരാപുരിയിലും ഈ ശസ്ത്രക്രിയയുണ്ടായിരുന്നു. നിതംബഗുരുതയാല്‍ നിലം വിടാന്‍ കഴിയാതെ വാസവത്തേ ഇരുന്നു പോയിയെന്നാണു് കുമാരനാശാന്‍ പറഞ്ഞതു്.
* * *

കവിതയിലെ അത്യുക്തി അനുവാചകനെ സത്യത്തില്‍ കൊണ്ടുചെല്ലുന്നു എന്ന സാരസ്വത രഹസ്യം മറന്നിട്ടു് നിങ്ങള്‍ മഹാകവികളെ കളിയാക്കുകയാണോ എന്നു് ആരോ ചോദിക്കുന്നു.

അത്യുക്തിക്കും ഒരതിരുണ്ടു്, ആ അതില്‍ ലംഘിച്ചാല്‍ സത്യത്തിന്റെ മണ്ഡലത്തിലല്ല എത്തുക, അസത്യത്തിന്റെ മണ്ഡലത്തിലാണ്, എന്നാണു് ഉത്തരം.

സാഹിത്യം രണ്ടു തരത്തില്‍

സമകാലിക മലയാള സാഹിത്യത്തില്‍ ധൈഷണികമെന്നും സഹജാവബോധപരമെന്നും രണ്ടുവിഭാഗങ്ങളുണ്ടു്. ധൈഷണിക വിഭാഗത്തില്‍ ആവിര്‍ഭവിക്കുന്ന സൃഷ്ടികള്‍ വായനക്കാരന്റെ പ്രജ്ഞയ്ക്ക് ആഹ്ലാദം നല്‍കും. അതു ജനസമ്മതിനേടും. പക്ഷേ ആ ആഹ്ലാദത്തിനും ജനസമ്മതിക്കും സ്ഥായിത്വമില്ല. താല്‍ക്കാലികമായ അലകള്‍ സൃഷ്ടിച്ചുകൊണ്ടു് അവ വിരാജിക്കും. എന്നിട്ടു് അപ്രത്യക്ഷമാകും. സത്യത്തിന്റെ ഒരംശം ചൂണ്ടിക്കാണിക്കാനേ അവയ്ക്കുകഴിവുള്ളു. സഹജാവബോധപരമായ വിഭാഗത്തില്‍ പെടുന്ന സൃഷ്ടികള്‍ സത്യത്തിന്റെ സാകല്യാവസ്ഥയിലേക്കു് അനുവാചകരെ കൊണ്ടുചെല്ലും. പ്രചോദനം ഇവയുടെ മുഖ്യഘടകമത്രേ. ധൈഷണിക സാഹിത്യത്തില്‍ പ്രചോദനത്തിനു സ്ഥാനമില്ല. പേരു സൂചിപ്പിക്കുന്നതുപോലെ അതു പ്രജ്ഞയില്‍ നിന്നുതുടങ്ങി പ്രജ്ഞയിലേക്കു തന്നെ സംക്രമിക്കുന്നു. നളിനിബേക്കലിന്റെ രചനകള്‍ ഞാന്‍ കണ്ടിടത്തോളം ധൈഷണിക വിഭാഗത്തില്‍ പെടുന്നവയാണു്. കലാകൗമുദിയില്‍ അവരെഴുതിയ ‘സമതലങ്ങളിലെ കൊതുക്” എന്ന കഥയും ഇതില്‍നിന്നു വിഭിന്നമായി വര്‍ത്തിക്കുന്നില്ല. പുരുഷന്റെയും കുഞ്ഞിന്റെയും ഇടയില്‍ തളര്‍ന്നുകിടക്കുന്ന ഒരു സ്ത്രീ ആ കുഞ്ഞിനെ കടിച്ചു രക്തം കുടിക്കുന്ന കൊതുകിനെക്കുറിച്ചു പറയുന്നു. ആ കൊതുകില്‍നിന്നു് ശിശുവിനെ മോചിപ്പിക്കുമ്പോള്‍ അതു പുകപടലത്തില്‍ പെട്ടുപോകുന്നു. ബുദ്ധിയുടെ സന്തതിയായ ഈ ലാക്ഷണിക കഥ — അലിഗറി — തികച്ചും ദുര്‍ഗ്രഹമാണു്. കഥയെഴുത്തുകാരിയുടെ വാക്യങ്ങള്‍ ഒരര്‍ത്ഥവും ‘കമ്മ്യൂനിക്കേറ്റ്’ ചെയ്യുന്നില്ല. മറ്റൊരു പുകപടലം സൃഷ്ടിച്ച് അതു വായനക്കാരെ ശ്വാസം മുട്ടിക്കുന്നു. ഇതാ കഥയെഴുത്തുകാരിയുടെ ചില വാക്യങ്ങള്‍:

“ഒരു കീഴ്‌മേല്‍ മറിയലിനുശേഷം വൃക്ഷശാഖകള്‍ക്കു് കീഴേ ഒറ്റ തായ്മരത്തിന്റെ മറവിലേക്കു ഞാന്‍ മാറിനിന്നു. പിന്നീടു് അല്പം കഴിഞ്ഞു് ഞാന്‍ മരത്തിന്റെ മറവില്‍ നിന്നു് രാജപഥങ്ങളിലേക്കു് എത്തിനോക്കി. അവിടെ എന്റെ സായാഹ്നങ്ങളും വെളുത്ത നിലാവും സമതലങ്ങളും കലാപത്തോടെ പുകയുമായി കൂടിക്കലര്‍ന്നു കറുത്ത നിറത്തോടെ ആകാശമുഖത്തിലേക്കുയരുന്നതു് ഞാന്‍ കണ്ടു്.”

സാഹിത്യം പാട്ടാണു്; ഗര്‍ജ്ജനമല്ല. അതു സുന്ദരിയുടെ ലാസ്യനൃത്തമാണു്: ഗാമയുടെ ഗുസ്തിപിടിത്തമല്ല. അതു ശരല്‍ക്കാലമാണു്; ശിശിരകാലമല്ല.

* * *

പതിനേഴു കൊല്ലമായി ഈ പംക്തി എഴുതുകയാണു്. എല്ലാം ഒരാളിന്റെ മസ്തിഷ്കത്തില്‍ നിന്നുവരുന്നു. അതുകൊണ്ടു് ചിലപ്പോള്‍ ആവര്‍ത്തനം വന്നുപോകും. ഇനി പറയുന്ന കാര്യം ഒരിക്കല്‍ എഴുതിയതാണോ എന്നതു് ഉറപ്പില്ല. ആവര്‍ത്തനമാണെങ്കില്‍ ക്ഷമിക്കു. ഞാനൊരിക്കല്‍ മഹാകവി വള്ളത്തോളിനെ കാണാന്‍ പായി. ഞാനെഴുതിയ കാവ്യങ്ങള്‍ അദ്ദേഹത്തെ കാണിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മഹാകവി എല്ലാം വായിച്ചു. എന്നിട്ടു പറഞ്ഞു: “ഇപ്പോഴത്തെ നിലയ്ക്കു് ഇവമാറ്റൊലികളാണു്. നിങ്ങള്‍ ‘കൃഷ്ണഗാഥ’ ഹൃദിസ്ഥമാക്കു. എന്നിട്ടെഴുതൂ.” ഞാന്‍ കൃഷ്ണഗാഥ ‘കാണാപ്പാഠം’ പഠിച്ചു. പിന്നീടെഴുതിയപ്പോള്‍ എല്ലാം കൃഷ്ണഗാധപോലെയിരുന്നു. ജന്മാനാ കവിയല്ലാത്തവര്‍ കാവ്യമെഴുതരുതു് എന്നു മനസ്സിലാക്കി ഞാന്‍ പിന്മാറി.

പടപ്പക്കരയുടെ പടയ്ക്കല്‍

പെണ്‍കിളി ആണ്‍കിളിയെ കണ്ടു. രാഗമായി, അനുരാഗമായി, പ്രേമമായി, പ്രണയമായി. അവയ്ക്കു കുഞ്ഞുങ്ങളുണ്ടായി. കുഞ്ഞുങ്ങള്‍ക്കു തേന്‍ അന്വേഷിച്ചുപോയ ആണ്‍കിളിയെ കാട്ടുപൂച്ചപിടിച്ചുതിന്നു. പെണ്‍കിളി ഭര്‍ത്താവിന്റെ ശേഷിച്ച തൂവലുകള്‍ കണ്ടിട്ടു ദുഃഖിച്ചു തിരിച്ചു മരത്തിലെത്തിയപ്പോള്‍ കുഞ്ഞുങ്ങളുമില്ല. അതുമരിച്ചു താഴെവീണു. ക്ലെമന്റ് ജി. പടപ്പക്കര കുങ്കുമം വാരികയിലെഴുതിയ ‘കുരുവി’ എന്ന ചെറുകഥയാണിതു്. ആണ്‍ കിളിക്കുപകരം തോമസ് എന്നും പെണ്‍കിളിക്കുപകരം മേരിയെന്നും പേരുകള്‍ നൽകു. ഇതൊരു പൈങ്കിളിക്കഥയായി മാറും, ഇപ്പോഴത്തെ നിലയ്ക്കു പൈങ്കിളിക്കഥയല്ലെങ്കില്‍ ഇമ്മട്ടിലുള്ള വിഷയങ്ങളെ കഴിവുള്ളവര്‍ക്കു കലയാക്കിമാറ്റാന്‍ കഴിയും. വയലാര്‍ രാമവര്‍മ്മയുടെ ‘മാ നിഷാദ’ എന്ന കാവ്യവും ജി. ശങ്കരക്കുറുപ്പിന്റെ ‘ചന്ദനക്കട്ടിൽ’ എന്ന കാവ്യവും ക്ലെമന്റ് ജി. പടപ്പക്കര ഒന്നു വായിച്ചുനോക്കിയാല്‍ മതി. ഏതായാലും വയലാറിന്റെ വരികള്‍ കേള്‍ക്കുക:

ഒന്നാംകൊമ്പത്തു വന്നിരുന്നന്നൊരു
പുന്നാരക്കിളി ചോദിച്ചു:
‘കൂട്ടിന്നിളംകിളി ചങ്ങാലിപൈങ്കിളീ
കൂടുവിട്ടിങ്ങോട്ടു പോരാമോ?’
അങ്ങേക്കൊമ്പത്തെപ്പൊന്നിലക്കൂട്ടിലെ
ചങ്ങാലിപ്പെണ്ണുമിണ്ടീല്ല.
തൂവല്‍ ചുണ്ടിനാല്‍ ചീകിമിനുക്കിയ
പൂവന്‍ ചങ്ങാലി ചോദിച്ചു:
‘മഞ്ഞും വീഴുന്നു മാമരം കോച്ചുന്നു
നെഞ്ഞത്തെങ്ങാനും ചൂടൊണ്ടോ?”

ഇനി നമ്മുടെ കഥാകാരന്‍:(പക്ഷിയുടെ ചോദ്യം)

“ഞാനും വരട്ടേ?...”

അവന്‍ ഒന്നും മിണ്ടിയില്ല. കുറച്ചുനേരം കഴിഞ്ഞു് അവള്‍ വീണ്ടും ചോദിച്ചു.

‘എന്താ ഒന്നും മിണ്ടാത്തതു്?’

അവന്‍ നിറപ്പകിട്ടുള്ള ചിറകു കുടഞ്ഞു് അവളെ നോക്കി. അവളുടെ ചുണ്ടുകള്‍ തുടുത്തു. അവരുടെ കണ്ണുകള്‍ ഇടഞ്ഞു.

‘ഞാനടുത്തു വരട്ടെ...?’ ഒരു കള്ളച്ചിരിയോടെ അവന്‍ ചോദിച്ചു.

സുഖബോധവും നാണവുംകൊണ്ടു് അവളാകെ കോരിത്തരിച്ചുപോയി.

ജി. ശങ്കരക്കുറുപ്പിന്റെ ‘ചന്ദനക്കട്ടില്‍’ എന്ന കാവ്യം. തള്ളപ്പക്ഷി വന്നപ്പോള്‍ ചന്ദനമരവുമില്ല കുഞ്ഞുമില്ല.

ചിറകെഴുമമ്മ പറന്നുവന്നു
ചിരകാലം ചന്ദനം നിന്ന ദിക്കില്‍
മരമില്ല, കൂടില്ല, കുഞ്ഞുമില്ല
മരവിപ്പു കേറിയതിന്നുടലില്‍
തല ചുറ്റിടും പോലതാമരത്തിന്‍
തറയില്‍ക്കറങ്ങിയിറങ്ങിവന്നു.

നമ്മുടെ കഥാകാരന്‍:

“ഇരുട്ടു് അവളുടെ കണ്ണിലേക്ക് ഇരച്ചുകയറി. കാലുകള്‍ തളര്‍ന്നു. അവള്‍ മരച്ചില്ലയില്‍നിന്നും ഇളകിയ മണ്ണിലേക്കു തല കുത്തിവീണു”. സദൃശങ്ങളായ സങ്കല്പങ്ങളെന്നമട്ടിലല്ല ഞാനിതു് എടുത്തുകാണിക്കുന്നതു്. പ്രതിഭാശാലികള്‍ ഒരേ വിധത്തില്‍ വിചാരിക്കുന്നു എന്നു കാണിക്കാന്‍ മാത്രം.

* * *

ഡെസ്‌മണ്ട് മോറിസിനെ കേട്ടിട്ടില്ലേ. ഏതു് അസംബന്ധവും ആകര്‍ഷകമായി പറയും അദ്ദേഹം. ഒരു പ്രസ്താവം: “നിങ്ങള്‍ പേരെഴുതി വാതില്ക്കല്‍ വയ്ക്കുമ്പോഴോ ചിത്രം ഭിത്തിയില്‍ തൂക്കുമ്പോഴോ പട്ടിയുടെ മട്ടില്‍ കാലുയര്‍ത്തി വ്യക്തിനിഷ്ഠമായ അടയാളം അവിടെ ഉളവാക്കുന്നു എന്നേ പറയാനുള്ളു.”

കടമ്മനിട്ട

മനുഷ്യന്‍ പരതന്ത്രനാണു്. ഭൂമിയാണു് ആ പാരതന്ത്ര്യം ഉളവാക്കുന്നതു്. എങ്കിലും അവനു് ഇവിടം വിട്ടുപോകാന്‍ സാദ്ധ്യമല്ല. അന്തരീക്ഷത്തിലേക്കു നയനങ്ങല്‍ വ്യാപരിപ്പിച്ചു് അനന്തതയെ സാക്ഷാത്കരിക്കാന്‍ അവന്‍ ശ്രമിക്കുന്നതെല്ലാം വ്യര്‍ത്ഥം. ഭൂമി പിടയുന്നു. ഞെട്ടുന്നു. അങ്ങനെയുള്ള ഈ ഭൂമിയില്‍ ചെറിയ ചെറിയ സുഖങ്ങല്‍ അനുഭവിച്ചു് അവന്‍ നില്‍ക്കുന്നു. അവയില്‍ പങ്കുകൊള്ളാന്‍ ക്ഷുദ്രജീവികള്‍പോലും എത്തുന്നു. അവയ്ക്കു നിരാശത; മനുഷ്യനും നിരാശത പക്ഷേ ഭൂമിയോടു ബന്ധപ്പെട്ട മനുഷ്യനു് മറ്റെന്തു മാര്‍ഗ്ഗമാണുള്ളതു്? അനന്യങ്ങളിലെത്താന്‍ കൊതിച്ചുകൊണ്ടു്, ആ അഭിലാഷത്തിനു സാഫല്യമില്ലാത, പിടയുന്ന ഭൂമിയില്‍ത്തന്നെ അവന്‍ നില്‍ക്കുന്നു. ഇതാണു് ഇന്നത്തെ മനുഷ്യന്റെ പ്രിഡിക്കമെന്റ് വൈഷമ്യമാര്‍ന്ന സ്ഥിതി. ഇതിനെ അനുഗൃഹിതനയേ കവി കടമ്മനിട്ട ‘പൊരിക്കടല’ എന്ന കൊച്ചു കാവ്യത്തില്‍ ആവിഷ്കരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്)

“കടലയ്ക്കു കൈനീട്ടിനില്‍ക്കുമക്കുഞ്ഞിന്റെ
കണ്ണില്‍ കടല്‍പ്പാമ്പിളക്കം
കണ്ണന്‍ ചിരട്ടയില്‍ കാല്‍തട്ടിവീണെന്റെ
സൂര്യനും താണുപോകുന്നു.
ഇരുളിന്റെ തേറ്റയേറ്റിടറി ഞാന്‍ വീഴുന്നു
പിടയുന്ന ഭൂമിതന്‍ നെഞ്ചില്‍,”

പക്ഷേ “ഇവിടെയിപ്പിടയുന്ന ഭൂമിയിലല്ലാതെനിക്കഭയമില്ലാശ്വാസമില്ല.”

മഹാവ്യക്തി

“നിങ്ങളുടെ സഹോദരന ഹൃദയപൂര്‍വം മാപ്പുകൊടുക്കു” (മാത്യു, 18–35) എന്നു യേശുദേവന്‍ പറഞ്ഞു. ഈ വിര്‍ദ്ദേശത്തിനു യോജിച്ച രീതിയില്‍ പ്രവര്‍ത്തിച്ച ഈ ശതാബ്ദത്തിലെ മഹാ പുരുഷനാണു പോപ്പ് ജോണ്‍പോള്‍. അദ്ദേഹം എന്തു ചെയ്തു? റോമിലെ റെബീബിയ കാരാഗൃഹത്തില്‍ രണ്ടുവര്‍ഷം മുന്‍പു നടന്ന ഒരു സംഭവത്തിലേക്കു പ്രിയപ്പെട്ട വായനക്കാരുടെ ശ്രദ്ധ ഞാന്‍ സാദരം ക്ഷണിക്കട്ടെ. തന്റെ നേര്‍ക്കു നിറതോക്കൊഴിച്ച മേമുറ്റ് ആലി ആഗ്കയെ കാണാന്‍ പോപ്പ് ചെന്നു. അദ്ദേഹം അയാളുടെ കരംഗ്രഹിച്ചു് പറഞ്ഞു: “എന്നെ കൊല്ലാന്‍ ശ്രമിച്ച നിങ്ങള്‍ക്കു ഞാന്‍ മാപ്പു തരുന്നു” മൃദുലമായി, പ്രകടനാത്മകത ഒട്ടുമില്ലാതെ പോപ്പ് അതു പറഞ്ഞപ്പോള്‍ ആഗ്ക അദ്ദേഹത്തിന്റെ കൈ സ്വന്തം നെറ്റിയില്‍ ചേര്‍ത്തു ബഹുമാനം പ്രദര്‍ശിപ്പിച്ചു. ഇതൊരു മഹാ സംഭവമാണു്. ആ പാപമാര്‍ജ്ജനസൂക്തം പോപ്പ് അരുളിയതു് “നീ എന്റെ ശത്രുവല്ല. എന്റെ സഹോദരന്‍ മാത്രം” എന്ന മട്ടിലാണു്. ഈ സൂക്തം ലോകം ചെവിക്കൊണ്ടാല്‍ സഹോദരന്‍ സഹോദരനെ കൊല്ലേണ്ടതായി വരില്ല. അണുബോംബുകള്‍ വര്‍ഷിച്ചു് ലോകത്തെ നശിപ്പിക്കേണ്ടിവരില്ല. ജോണ്‍പോള്‍ എന്ന ഈ മഹാവ്യക്തിയെക്കുറിച്ചു് സെഡ്. എം. ദീപിക ആഴ്ചപ്പതിപ്പില്‍ എഴുതിത്തുടങ്ങിയിരിക്കുന്നു. ഉപിതജ്ഞതയാര്‍ന്ന കൃത്യം.

* * *

“ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണ്ണലിസത്തിന്റെ വിജയം” എന്നു നിരൂപകര്‍ പ്രശംസിക്കുന്ന Pontiff എന്ന ഗ്രന്ഥം വായിച്ചാല്‍ ഈ വധശ്രമത്തെക്കുറിച്ചു് എല്ലാം അറിയാം. (ഗ്രന്ഥകാരന്മാര്‍: Gorrlon Thomas and Max Morgan Whes) മേമറ്റ് ആലിയെ റിക്രൂട്ട് ചെയ്ത് ലിബിയയിലും ലബനോണിലുംവച്ചു പരിശീലനം നല്കിയതു് പോപ്പിനെ വധിക്കാന്‍ തന്നെയാണെന്നു് ഈ ഗ്രന്ഥകാരന്മാര്‍ പറഞ്ഞിരിക്കുന്നു.

നിരീക്ഷണങ്ങള്‍

അമേരിക്കയില്‍വച്ചു് ലോകമലയാള സമ്മേളനം നടത്തിയപ്പോള്‍ കേരളത്തിലെ എഴുത്തുകാരെ വേണ്ടപോലെ ക്ഷണിച്ചു മാനിക്കാത്തതിനെക്കുറിച്ച് ഡോക്ടര്‍ എം. എം. ബഷീര്‍ ധര്‍മ്മരോഷത്തോടെ ചന്ദ്രിക ആഴ്ചപ്പതിപ്പിന്‍ എഴുതിയിരിക്കുന്നു....ബഷീറിന്റെ ധര്‍മ്മരോഷത്തിനു സാംഗത്യമുണ്ടു്. എങ്കിലും അതുകൊണ്ടു ഫലമില്ല. ചീഞ്ഞളിയുന്ന ശരീരത്തില്‍ ഈച്ചകള്‍ വന്നിരുന്നു നുണയാതിരിക്കില്ല എക്കാലത്തും ശവങ്ങളുണ്ടു്. അവ അഴകള്‍ ഈച്ചകള്‍ വരികയും ചെയ്യും. (ഇതു് എന്നെ ക്ഷണിക്കാത്തതു കൊണ്ടാണെന്നു കരുതരുതേ സമ്മേളനത്തിനല്ലെങ്കിലും അമേരിക്കയിലേക്കു ചെല്ലാന്‍ ഒരു മാന്യ സുഹൃത്തു് എന്നെ ക്ഷണിച്ചു യൂറോപ്പിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ കാണിച്ചിട്ടു് ഇവിടെ തിരിച്ചുകൊണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. കൃതജ്ഞതയോടെ ഞാൻ ആ ക്ഷണം നിരസിച്ചു. ഒരിടത്തും പോകാനോ ‘ലൈംലൈറ്റില്‍’ നില്ക്കാനോ താല്പര്യമില്ലാത്ത ഒരു അരസികനാണു് ഞാന്‍.)

വിവാഹം കഴിക്കണമെന്ന സ്ത്രീയുടെ അഭ്യര്‍ത്ഥന പുരുഷന്‍ നിരസിച്ചു. അവള്‍ വാശിതീര്‍ക്കാന്‍ മറ്റൊരുത്തനെ വിവാഹം ചെയ്തു. പ്രതികാരണബുദ്ധിയോടെ അവള്‍ ആദ്യത്തെയാളിനെ കത്തയച്ചു വീട്ടില്‍ വരുത്തി; താന്‍ സുഖമായി കഴിയുകയാണെന്നു് അയാളെ ധരിപ്പിക്കാന്‍. പക്ഷേ, അവളുടെ ഭര്‍ത്താവു് സത്യം എന്താണെന്നു പറഞ്ഞുകൊടുത്തു. വിവാഹം നിരസിച്ച പുരുഷന്‍ മാറാവ്യാധിക്കാരനായിരുന്നു. പെണ്ണിനെ രക്ഷിക്കാനാണു് അയാള്‍ ഒഴിഞ്ഞുമാറിയതും അവളുടെ ഭര്‍ത്താവിനോടു് അവളെ സ്വീകരിക്കണമെന്നു പറഞ്ഞതും. റഹ്മാന്‍ പി. തീരുനെല്ലൂര്‍ എക്സ്പ്രസ്സ് വാരികയിലെഴുതിയ കഥയാണിതു്. കഥ എത്ര വഞ്ചനാത്മകമാണെന്നു അതുതന്നെ വ്യക്തമാക്കുന്നില്ലേ? അതുകൊണ്ടു കമന്റ് വേണ്ട.

‘ഇതുശൃംഗാര രസത്താഴ്വരയില്‍
മധുരിമയുടെ കുളിര്‍തടിനിയിലൊരുനാൾ
നീരാടാനൊരു സുന്ദരിയെത്തിയ
നാളാണിക്കഥയാരംഭിച്ചു’

എന്നു തുടങ്ങുന്നു പി. നാരായണക്കുറുപ്പു് ‘സുനന്ദ’ വാരികയിലെഴുതിയ ‘പ്രണയഭസ്മം’ എന്ന കാവ്യം.... അതിഭാവുകത്വമില്ലാത്ത നല്ല കാവ്യമാണിതു്.

* * *

ചങ്ങമ്പുഴയുടെ “പഞ്ചഭൂതാദിയുക്തമെന്‍ ഗാത്രം...” എന്നു തുടങ്ങുന്ന കാവ്യം. മഹനീയമായ കവിതയ്ക്കു് ഉദാഹരണമായി ഞാന്‍ പല സമ്മേളനങ്ങളിലും ചൊല്ലാറുണ്ടു്. അതു ദണ്ഡിപഞ്ചകത്തിലെ അഞ്ചാമത്തെ ശ്ലോകത്തിന്റെ ഭാഷാന്തരീകരണമാണെന്നു കാണിച്ചു് തൃശൂരില്‍ നിന്നൊരു പണ്ഡിതന്‍ എനിക്കെഴുതിയിരിക്കുന്നു. സംസ്കൃത ശ്ലോകവും ചങ്ങമ്പുഴയുടെ കാവ്യവും വിഭിന്നങ്ങളല്ല. കവിത മഹത്ത്വമാര്‍ന്നതുതന്നെ. പക്ഷേ അതിന്റെ ക്രെഡിറ്റ് — ബഹുമതി — ഇനിമേലില്‍ ദണ്ഡിക്കാണു്. ചങ്ങമ്പുഴയ്ക്കല്ല.