close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 11 20


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 11 20
മുൻലക്കം 1998 11 13
പിൻലക്കം 1998 11 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​ ഒരു സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോൻ. അന്ന് അദ്ദേഹം മുഖ്യമന്ത്രി. ക്യാബിനറ്റ് മീറ്റിങ്ങിൽനിന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നയാൾ കെ. ബാലകൃഷ്ണനായിരുന്നു. അര മണിക്കൂറിനകം തിരിച്ച് അയച്ചേക്കാമെന്ന് ബാലകൃഷ്ണൻ പ്രതിജ്ഞ ചെയ്തതുകൊണ്ടാണ് പനമ്പിള്ളി അദ്ദേഹത്തിന്റെ കൂടെ മയ്യനാട്ടേക്ക് പോയത്. സമ്മേളനം തുടങ്ങി. സ്വാഗത പ്രഭാഷകൻ ഒന്നേമുക്കാൽ മണിക്കൂർ നേരം വിരസമായി പ്രസംഗിച്ചു. മുഖ്യമന്ത്രി നീരസം പ്രദർശിപ്പിക്കാതെ. അസ്വസ്ഥത കാണിക്കാതെ. മൗനം അവലംബിച്ച് ഇരുന്നു. സ്വാഗത പ്രഭാഷണത്തിനു ശേഷം പനമ്പിള്ളി പ്രസംഗിച്ചു തുടങ്ങിയപ്പോൾ ഔചിത്യമില്ലായ്മയെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. വാക്കുകൾ മനോഹരങ്ങളാണെങ്കിലും സ്ഥാനം തെറ്റിയുള്ള അവയുടെ പ്രയോഗം വൈരസ്യജനകമാവുമെന്ന് സ്വാഗത പ്രഭാഷകനെ ലക്ഷ്യം വച്ച് പനമ്പിള്ളി പറഞ്ഞു. അതിന് അദ്ദേഹം ഒരുദാഹരണവും നൽകി. മുടി സ്ത്രീയുടെ തലയിലിരിക്കുമ്പോൾ മനോഹരം: എന്നാൽ ചോറിൽ അതു കിടന്നാലോ? ഊണു കഴിച്ചുകൊണ്ടിരിക്കുന്നവന് അതിന്റെ ദർശനം വമനേച്ഛയുളവാക്കും. അടുത്ത കാലത്ത് ഞാൻ വായിച്ച “Postmodernity and its Discontents” എന്ന പുസ്തകത്തിൽ ഇതിനു തുല്യമായ ഒരാശയം കണ്ടു. ഗ്രന്ഥകാരനായ സിഗ്മ്യൂന്റ് ബോമാൻ (Zygmunt Bauman) ‘വിശുദ്ധി’യെക്കുറിച്ചു ചർച്ച ചെയ്യുന്ന വേളയിൽ പറയുന്നു; വിശുദ്ധിക്ക് എതിരായ മാലിന്യം സ്ഥാനം തെറ്റിയിരിക്കുന്നതേതോ അതാണ്. വസ്തുക്കളുടെ അന്തർഭൂതമായ ധർമ്മമല്ല, അവയെ മലിനങ്ങളാക്കുന്നത്. സൂക്ഷ്മമായിപ്പറഞ്ഞാൽ അവയുടെ സ്ഥാനമാണ് വിശുദ്ധിയും മാലിന്യവും ഉളവാക്കുക. ഒരു സവിശേഷസന്ദർഭത്തിൽ അഴുക്കായി കാണപ്പെടുന്നത് മറ്റൊരു സന്ദർഭത്തിൽ വിശുദ്ധമായി പ്രത്യക്ഷമാകും. മറിച്ചും. പോളിഷ് ചെയ്ത പ്രകാശിക്കുന്ന ഷൂസ് ആഹാരം കഴിക്കാൻ ഉപയോഗിക്കുന്ന മേശയുടെ പുറത്തുവച്ചാൽ മാലിന്യമാണ്. അവ ‘ഷൂസ്റ്റാക്കി’ൽ വയ്ക്കുകയാണെങ്കിൽ വിശുദ്ധിയാർജ്ജിക്കും. ഡിന്നർമേശയിലെ ലാലാജലോത്പാദകമായ മുട്ടയപ്പം (omelette) തലയണയിൽ വച്ചാൽ വെറുപ്പുണ്ടാക്കുന്നതായി മാറും (Polity Press, U.K., Rs 933.70, Pages 221). വസ്തു ഏതായാലും ഇരിക്കേണ്ട സ്ഥാനത്തിരിക്കണം. സ്ഥാനം തെറ്റിയാൽ അതു അഴുക്കാണ്. ഇതിനെസ്സംബന്ധിച്ച് മറ്റൊരഭിപ്രായം ഉണ്ടാകാനിടയില്ല. നോബൽസ്സമ്മാനം ദാര്യോ ഫോക്ക് കൊടുത്തപ്പോൾ അതു മലിനമായി. ഷീമസ് ഹീനിക്കും പേൾബക്കിനും അതുകിട്ടിയപ്പോഴും സ്ഥിതി അതുതന്നെ. സാറാമാഗുവിന് അതുനൽകിയപ്പോൾ ആ സമ്മാനം വിശുദ്ധമായി മാറി. എല്ലാ ദേശങ്ങളിലെയും — കേരളത്തിലെയും — സ്ഥിതി വിഭിന്നമല്ല. വൈലോപ്പിള്ളിയുടെ കൈയിൽ അതു സ്വർണ്ണം പോലെ തിളങ്ങി. മറ്റു ചിലരുടെ കൈയിൽ അതു വെറും കാചം.

* * *

​​ തലമുടിയെക്കുറിച്ച് പനമ്പിള്ളി പറഞ്ഞത് എഴുതിയപ്പോൾ ഞാൻ വടക്കേയാഫ്രിക്കൻ തത്ത്വചിന്തകനായ അപ്യലീയസിനെ (Lucius Apuleius C 124- after 170 AD) ഓർമ്മിക്കുകയായി. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ നോവലാണ് The Golden Ass എന്നത്. അദ്ദേഹം ഒരു യുവതിയുടെ തലമുടിയെ അതിൽ വർണ്ണിച്ചിട്ടുണ്ട്. “ഒരു നിമിഷം സ്വർണ്ണനിറം. അടുത്ത നിമിഷത്തിൽ തേനിന്റെ നിറം; അല്ലെങ്കിൽ കാക്കയുടെ ചിറകിന്റെ നിറം. ചിലപ്പോൾ പ്രാവിന്റെ കഴുത്തിലെ തൂവലുകളുടെ ആ നീലവർണ്ണം ആവഹിക്കുമത്. ലോഷൻ കൊണ്ട് മുടിക്കു തിളക്കം നൽകൂ. നല്ല പല്ലുള്ള ചീപ്പ് കൊണ്ട് അതു ഭംഗിയായി പകുത്ത് റിബൺ കൊണ്ട് പിറകുവശത്ത് കെട്ടിവയ്ക്കൂ. കാമുകൻ അതു കണ്ണാടിയാക്കിക്കൊള്ളും തന്റെ ആഹ്ലാദനിർഭരങ്ങളായ വീക്ഷണങ്ങൾ പ്രതിഫലിപ്പിക്കാൻ… സ്ത്രീയുടെ തലമുടിക്കുള്ള മാഹാത്മ്യം!”​​

ഇതു പറയുന്നതിനു അല്പം മുൻപായി ഇങ്ങനെയും: “the truth is that I have an obsession about hair. Whenever I meet a pretty women, the first thing that catches my eye is her hair; I make a careful mental picture of it to carry home and brood over in private”.

പ്രമാദങ്ങൾ

 1. ശ്രീ. എം.പി. അപ്പൻ ‘ഗ്രന്ഥാലോകം’ മാസികയിൽ എഴുതുന്നു: “ഇപ്പോൾ രണ്ടഭിപ്രായം പ്രചരിക്കുന്നുണ്ട്. ഒന്ന്: കൃതികൾ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ധന്യർ എന്നതാണ്. രണ്ട്: കൃതികൾ എന്ന വാക്ക് കാവ്യങ്ങൾ എന്നതിനെയാണ് സൂചിപ്പിക്കുന്നത്.”

  കുമാരനാശാന്റെ ‘ലീല’ എന്ന കാവ്യത്തിലെ ‘കൃതികൾ മനുഷ്യകഥാനുഗായികൾ’ എന്ന പ്രയോഗത്തെക്കുറിച്ചാണ് അപ്പൻ എഴുതുന്നത്. അങ്ങനെ രണ്ടഭിപ്രായങ്ങളേ ഇല്ല. കൃതികൾ (ഗ്രന്ഥങ്ങൾ) മനുഷ്യകഥാനുഗായികളാണെന്നു ആശാൻ പറഞ്ഞിട്ടുണ്ടല്ലോ എന്നോ മറ്റോ മുണ്ടശ്ശേരി അബദ്ധമായി എഴുതിയതിനെ മനസ്സിൽ വച്ചുകൊണ്ടാവണം അപ്പൻ രണ്ടഭിപ്രായങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ആ വരിക്ക് ഒരർത്ഥമേയുള്ളൂ. അതിതാണ്: മനുഷ്യകഥയെക്കുറിച്ചു പാടുന്നവർ പുണ്യം ചെയ്തവരാണ്. കൃതികൾ എന്നതിന്റെ അർത്ഥം സുകൃതികൾ — പുണ്യം ചെയ്തവർ — എന്നത്രേ. കൃതികളെ ഗ്രന്ഥങ്ങളാക്കുന്നവർ സംസ്കൃതഭാഷ അറിഞ്ഞുകൂടാത്തവരാണ്. കൃതികൾ ഗ്രന്ഥങ്ങളാണെങ്കിൽ മനുഷ്യകഥാനുഗായിനീ എന്നു പ്രയോഗിക്കേണ്ടി വരും. അടിസ്ഥാനപരമായ ഈ വ്യത്യാസം അപ്പൻ കാണാത്തത് ഖേദജനകമായിരിക്കുന്നു.

 2. ഗ്രന്ഥാലോകത്തിന്റെ 52-പുറത്ത് പത്മ എന്നുകണ്ടു. പദ്മ എന്നതാണ് ശരി.
 3. ‘ലാവണ്യവാദവും നിരൂപണവും’ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനമെഴുതിയ ശ്രീ. ടി.ടി. ശ്രീകുമാർ അത് ആരംഭിക്കുന്നതിങ്ങനെ:
  “ലാവണ്യവാദത്തിലെ സമകാലിക സമീപനങ്ങൾക്ക് അടിസ്ഥാനമിട്ട ഒരു കൃതിയാണ് ഫ്രാൻസ്യോ ല്യോതാർഡിന്റെ … Jean Francois Lyotard എന്ന ഫ്രഞ്ച് ദാർശനികനെയാണ് ലേഖകൻ ലക്ഷ്യമാക്കുന്നതെങ്കിൽ ഷാങ്-ഫ്രാങ്സ്വ ല്യോതാർ എന്നു വേണം. ഞാനെഴുതിക്കാണിച്ച ഈ ഉച്ചാരണവും ശരിയായ ഫ്രഞ്ചുച്ചാരണത്തിന്റെ അടുത്തെത്തുന്നതേയുള്ളൂ. ഫ്രഞ്ചുച്ചാരണം മലയാള ലിപിയിൽ എഴുതിക്കാണിക്കാനാവില്ല. എങ്കിലും ഫ്രാങ്സ്വ എന്നതിനെ ഫ്രാൻസ്യോ ആക്കുന്നത് കുറച്ചിലാണ്. തിരുവനന്തപുരത്തെ ഭാഷയിലാണെങ്കിൽ ‘അയ്യേ പങ്കം! പങ്കം!’ ഈ ലേഖനമാകെ അച്ചടിത്തെറ്റുകളാൽ മലീമസമാണ്. അതും ‘പങ്കം’ തന്നെ.
 4. “ദൈവവഴികളെപ്പോലും വെല്ലുവിളിക്കാൻ തയ്യാറായ ജോസെ സാരമാഗോ” — എന്നു മിനി ചന്ദ്രൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. ഷൂസെ സാറാമാഗൂ എന്ന് ശരിയായ ഉച്ചാരണം. പോർത്യുഗീസിൽ വാക്കുകളുടെ അവസാനത്ത് ‘ഒ’ വന്നാൽ അതിന്റെ ഉച്ചാരണം ഊ എന്നാകും. ജോസെ എന്നതും തെറ്റ്. ഷൂസെ ശരി. ‘റികാർഡോ റൈസ്’ എന്ന് മിനി ചന്ദ്രന്റെ പ്രയോഗം. Ricardo Reis എന്ന പേരിന്റെ ശരിയായ ഉച്ചാരണം റീകാർദൂ റേസ് എന്ന്. ‘ഫെർണാണ്ടോ പെസ്വ’ എന്ന് തിരുത്തിയെഴുതണം. ‘ദൈവവഴികളെപ്പോലും’ എന്ന് വാക്യാരംഭം. ഈശ്വരൻ എന്ന അർത്ഥത്തിൽ ദൈവമെന്ന് പ്രയോഗിക്കുന്നത് അത്ര ശരിയല്ല.

നാടകം

നോബൽസ്സമ്മാനം ദാര്യോ ഫോക്ക് കൊടുത്തപ്പോൾ അതു മലിനമായി. ഷീമസ് ഹീനിക്കും പേൾബക്കിനും അതു കിട്ടിയപ്പോഴും സ്ഥിതി അതുതന്നെ. സാറാമാഗുവിന് അതു നൽകിയപ്പോൾ ആ സമ്മാനം വിശുദ്ധമായി മാറി.

ധൈഷണികമായി വ്യക്തി ഔന്നത്യം പ്രാപിച്ചിരിക്കും. ആ വ്യക്തിക്ക് എൺപത്തിയഞ്ചു വയസ്സും കാണുമായിരിക്കും. പക്ഷേ സെക്സിന്റെ കാര്യത്തിൽ അയാൾ/അവൾ അതിന്റെ അടിമയാണെന്നതിൽ സംശയമില്ല. അതിനാലാണ് സമുന്നതർ പോലും ലൈംഗികത്വത്തിൽ ചാപല്യമുള്ളവരായി പ്രത്യക്ഷരാകുന്നത്. ബർട്രൻഡ് റസ്സൽ മഹാനായ ചിന്തകനായിരുന്നല്ലോ. അദ്ദേഹം കിഴവനായിട്ടും ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സുള്ളവനെപ്പോലെയാണ് കാമകേളികൾ ആടിയിരുന്നത്. ധിഷണാശക്തിയിൽ ജിദ്ദു കൃഷ്ണമൂർത്തിയെ അതിശയിച്ചവനാരുണ്ട്. പക്ഷേ അദ്ദേഹത്തെക്കുറിച്ച് നാലോ അഞ്ചോ കൊല്ലത്തിനുമുൻപുണ്ടായ പുസ്തകം വായിച്ചാൽ നമ്മൾ ഞെട്ടും. ഐൻസ്റൈന്റെ ‘പ്രൈവറ്റ് ലൈഫി’നെ വിവരിക്കുന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ നേർക്ക് നമുക്ക് അനാദരമുളവാക്കും. വിസ്മയിക്കാനില്ല. മഹാന്മാർ വൃദ്ധരായാലും അവരുടെ മാനസികനില ചെറുപ്പക്കാരുടേതുതന്നെ.

ലൈംഗികത്വം നാടകമാണ്. കലാനിലയത്തിന്റെ ഒരു നാടകം തന്നെ — കായംകുളം കൊച്ചുണ്ണി എന്ന നാടകം തന്നെ — ആണ്ടിൽ മുന്നൂറ്റിയറുപത്തിയഞ്ചുദിവസവും ആവർത്തിച്ച് അഭിനയിക്കപ്പെടുന്നതു പോലെ സെക്സ് എന്ന നാടകം ലോകവേദിയിൽ അഭിനയിക്കപ്പെടുന്നു. ഈ സത്യമാണ് ‘മിഠായിത്തെരു’ എന്ന കഥയിൽ ശ്രീ. അക്ബർ കക്കട്ടിലും ‘നേരദൂരങ്ങൾ’ എന്ന കഥയിൽ ശ്രീ. എ. ജയകുമാറും പ്രത്യക്ഷീകരിക്കുന്നത്. (കഥകൾ മലയാളം വാരികയിൽ).

മാർഷൽ

ദേവാലയത്തിലെ പൂന്തോട്ടത്തിൽനിന്നുകൊണ്ട് ഒരു പുരോഹിതൻ നീളം കൂടിയ ഒരു മുള ശൂന്യാകാശത്തു ചലിപ്പിക്കുകയായിരുന്നു. വേറൊരു പുരോഹിതൻ ആ വഴിക്കുവന്നു. അയാൾ ചോദിച്ചു: ‘എന്താണ് ചെയ്യുന്നത്?’ മുള ചലിപ്പിക്കുന്ന പുരോഹിതൻ മറുപടി നൽകി: ‘നക്ഷത്രങ്ങളിൽ ഒന്നിനെ ഞാൻ അടർത്തിയിടാൻ ശ്രമിക്കുകയാണ്’ അതുകേട്ട് രണ്ടാമത്തെ പുരോഹിതൻ പറഞ്ഞു: ‘നിങ്ങൾ എന്തൊരു മണ്ടനാണ്! മുളയ്ക്കു നീളം പോരാ. മട്ടുപ്പാവിൽ കയറിനിന്ന് നക്ഷത്രത്തെ കുത്തിയിടൂ’- ഇത് ജപ്പാനിലെ ഒരു നേരമ്പോക്ക്.

ഒരു ദരിദ്രന്റെ വീട്ടിൽ കള്ളൻ കയറി. അവിടമൊക്കെ പരിശോധിച്ചിട്ടും കള്ളനൊന്നും കിട്ടിയില്ല. നിരാശനായി അവൻ പുറത്തേക്ക് പോകാൻ ഭാവിച്ചപ്പോൾ കട്ടിലിൽ കിടന്ന വീട്ടുടമസ്ഥൻ കള്ളനോട് പറഞ്ഞു: ‘വാതിൽ അടച്ചിട്ടു പോകൂ’. പുച്ഛത്തോടെ കള്ളൻ അറിയിച്ചു: ‘വാതിലടയ്ക്കണ്ട ഒരു കാര്യവുമില്ല’ — ഇത് ചൈനയിലെ നേരമ്പോക്ക്.

കൃഷിക്കാർ റോഡിന്റെ ഒരു വശത്തു നിന്ന് കണ്ണീരൊഴുക്കുകയായിരുന്നു. ഗ്രാമത്തിൽനിന്ന് അവർ പത്തുപേർ തിരിച്ചതായിരുന്നു. ഒരു സ്ഥലത്തുവച്ച് എല്ലാവരും തങ്ങളെത്തന്നെ എണ്ണിനോക്കിയപ്പോൾ ഒൻപതു പേരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മാർഗ്ഗമധ്യേ ഒരാളെ നഷ്ടപ്പെട്ടുപോയിയെന്ന് അവർ വിചാരിച്ചു. കരയുന്ന അവരെനോക്കി അതിലേ പോയ ഒരു നാഗരികൻ ചോദിച്ചു “എന്താ കാരണം?” കൃഷിക്കാരിൽ ഒരുത്തൻ പറഞ്ഞു: “സർ, ഞങ്ങൾ പത്തുപേരാണ് ഗ്രാമത്തിൽ നിന്ന് തിരിച്ചത്. ഇപ്പോൾ ഒൻപതാളുകളേയുള്ളൂ. ഒരാൾ നഷ്ടമായിപ്പോയി.”

​​

ലൈംഗികത്വം നാടകമാണ്. കലാനിലയത്തിന്റെ ഒരു നാടകം തന്നെ — കായംകുളം കൊച്ചുണ്ണി എന്ന നാടകം തന്നെ — ആണ്ടിൽ മുന്നൂറ്റിയറുപത്തിയഞ്ചുദിവസവും ആവർത്തിച്ച് അഭിനയിക്കപ്പെടുന്നതുപോലെ സെക്സ് എന്ന നാടകം ലോകവേദിയിൽ അഭിനയിക്കപ്പെടുന്നു.

അവരെത്ര മണ്ടന്മാരെന്ന് പട്ടണവാസി ഉടനെ മനസ്സിലാക്കി. എണ്ണുന്ന ആൾ തന്നെ വിട്ടിട്ടാണ് മറ്റുള്ളവരുടെ സംഖ്യ നിർണ്ണയിച്ചത്. “നിങ്ങളുടെ തൊപ്പികളെല്ലാം താഴെ വയ്ക്കൂ” എന്നു അയാൾ ആജ്ഞാപിച്ചു. തൊപ്പികൾ താഴെവച്ച് എണ്ണിയപ്പോൾ പത്ത്. അതോടെ കൃഷിക്കാർക്ക് ആശ്വാസമായി. പക്ഷേ അതെങ്ങനെ സംഭവിച്ചു എന്നാലോചിച്ച് ഓരോ ആളിനും അദ്ഭുതം. — ഇതു വടക്കേയിൻഡ്യയിലെ നേരമ്പോക്ക്.

സ്ക്കൂൾ ഇൻസ്പെക്ടർ പരിശോധനയ്ക്ക് വരുന്നുവെന്നറിഞ്ഞ് ഹെഡ് മാസ്റ്റർ എല്ലാ സ്ഥലവും വൃത്തിയാക്കുകയായിരുന്നു. അപ്പോൾ ആരോ കടലാസ് തുണ്ടുതുണ്ടായി കീറിയിട്ടു പറമ്പിൽ. അതുകണ്ട ഹെഡ് മാസ്റ്റർ ഉടനെ കല്പിച്ചു. “അതൊക്കെ വാരിക്കളയൂ, ഇൻസ്പെക്ടർ കണ്ടാൽ തിന്നും” — ഇതു കേരളത്തിലെ നേരമ്പോക്ക്, ശ്രീ കുഞ്ഞുണ്ണി പറഞ്ഞത്.

ഓരോ പ്രദേശത്തിന്റേതെന്ന് ചൂണ്ടിക്കാണിച്ച് ഞാൻ നേരമ്പോക്കുകൾ എടുത്തെഴുതിയെങ്കിലും ആ രാജ്യങ്ങളുടെ സവിശേഷതകൾ അവയിൽ പ്രതിഫലിക്കുന്നുണ്ടോ? ഉണ്ടെന്നു പറയാൻ എനിക്കു ധൈര്യമില്ല. ജപ്പാനിലെ നേരമ്പോക്ക് ചൈനയ്ക്കും ചേരും. മറിച്ചും. ഒരു സമാനഘടകമുണ്ട് ഈ ഹാസ്യോക്തികൾക്ക്. ആ ഘടകം സ്ഥൂലീകരണം അല്ലെങ്കിൽ അത്യുക്തി തന്നെ. പക്ഷേ ബ്രിട്ടീഷ് ഫലിതത്തിൽ ഈ അത്യുക്തിയില്ല. കടക്കണ്ണിൽ പുഞ്ചിരിയോടെ നമ്മളെ നോക്കുന്നതേയുള്ളൂ, ഡിക്കിൻസ്. കുഞ്ഞുണ്ണി പൊട്ടിച്ചിരിക്കുന്നു. രണ്ടും ഹൃദ്യങ്ങൾ.

പുഞ്ചിരിയിടാതെ. പൊട്ടിച്ചിരിക്കാതെ നമ്മളെ രസിപ്പിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഉച്ചുണ്ഡൻ’ എന്ന കഥയെഴുതിയ മാർഷൽ. സമൂഹവിമർശനം സറ്റയറിലൂടെ, നേരിയ ഹാസ്യത്തിലൂടെയാകാം എന്ന് തെളിയിക്കുകയാണ് അദ്ദേഹം കഥ ഞാൻ സംഗ്രഹിച്ചെഴുതുന്നില്ല. അത് കഥ വായിക്കാത്തവരുടെ പാരായണ കൗതുകത്തെ ഹനിക്കും. മാർഷലിന്റെ കഥയുടെ രാമണീയകം കാണാം വായനക്കാരെ ക്ഷണിച്ചുകൊണ്ട് ഞാൻ പിന്മാറിക്കൊള്ളട്ടെ.

സത്യം മാത്രം

 1. മലയാളം മുൻഷിയായിരുന്ന ഞാൻ നാല്പത്തിയെട്ടു വർഷങ്ങൾക്കുമുൻപു പറഞ്ഞു വയലാർ രാമവർമ്മ, ഒ.എൻ.വി കുറുപ്പ്, പി. ഭാസ്കരൻ ഇവർ മാറ്റൊലിക്കവികളാണെന്ന്. അതിനുശേഷം എ. ബാലകൃഷ്ണപിള്ളയെ ഞാൻ കണ്ടപ്പോൾ അദ്ദേഹം ഞാൻ ചോദിക്കാതെ തന്നെ എന്നെ അറിയിച്ചു എന്റെ ആ അഭിപ്രായം ശരിയാണെന്ന്. ഒ.എൻ.വി. കുറുപ്പിനു ബുദ്ധിവിലാസം കൂടിയതുകൊണ്ട് അദ്ദേഹം ചങ്ങമ്പുഴശ്ശൈലിയിൽനിന്നു സ്വാതന്ത്ര്യം നേടി. മറ്റുള്ളവർക്ക് ആ പരതന്ത്ര്യം ഉപേക്ഷിക്കാൻ കഴിഞ്ഞതുമില്ല. ഇപ്പോൾ മലയാളം മുൻഷിയായിരിക്കുന്ന ഒരാൾ വയലാർ രാമവർമ്മ മാറ്റൊലിക്കവിയാണെന്ന വാദം തെറ്റാണെന്നു പറഞ്ഞതായി പത്രത്തിൽ ഞാൻ കണ്ടു. ഈ നവീന മലയാളം മുൻഷിക്ക് അദ്ദേഹത്തിന്റെതായ യുക്തികൾ കാണും. സാഹിത്യത്തിൽ ആർക്കും എന്തഭിപ്രായവും ആകാമല്ലോ. പ്രിയപ്പെട്ട വായനക്കാർ താഴെക്കൊടുക്കുന്ന വരികൾ സദയം നോക്കട്ടെ. എന്നിട്ട് സ്വകീയങ്ങളായ മതങ്ങളിൽ ചെന്നു ചേരട്ടെ. രണ്ടു മലയാളം മുൻഷിമാരും പറയുന്നത് അവർ വിശ്വസിക്കേണ്ടതില്ല.

  1. യുദ്ധം കഴിഞ്ഞു: പടക്കളത്തിങ്കലീ
  ത്തപ്താശ്രുവും തൂകി നില്പവളാരു നീ?
  (ചങ്ങമ്പുഴ)
  യുദ്ധം കഴിഞ്ഞു: കബന്ധങ്ങളുന്മാദ
  നൃത്തം ചവിട്ടിക്കുഴച്ചു രണാങ്കണം
  (രാമവർമ്മ)

  2. അന്തിക്കുരുതി കഴിഞ്ഞതാ കൂരിരുൾ
  ചിന്തിക്കറുത്തു തുടങ്ങുന്നു ദിങ്മുഖം
  (ചങ്ങമ്പുഴ)
  രക്തമൊഴുകിത്തളംകെട്ടി നിന്ന മൺ
  മെത്തയിൽ കാൽതെറ്റി വീണു നിഴലുകൾ
  (രാമവർമ്മ)

  3. അന്തിമശ്വാസം വലിച്ചു മുറിപ്പെട്ടു
  നൊന്തുകിടന്നു പിടഞ്ഞ സമീരണൻ
  (ചങ്ങമ്പുഴ)
  തെന്നൽ മരണം മണം പിടിക്കുംപോലെ
  തെന്നി നടന്നു പടകുടീരങ്ങളിൽ
  (രാമവർമ്മ)

  4. നിങ്ങളിന്നോളവും ശവം തീനിക്കഴുകുകൾ
  (ചങ്ങമ്പുഴ)
  ഇന്ദ്രജിത്തിൻ ശവം തിന്ന കാലൻ കഴുകുകൾ
  (രാമവർമ്മ)

  സ്ഥലമില്ല, ഉണ്ടെങ്കിൽ ഒരേ ‘ഡിക്ഷ്’നിൽ ഒരേ ‘ഇമേജി’ൽ ഉള്ള ഇത്തരം വരികൾ എത്ര വേണമെങ്കിലും എടുത്തുകാണിക്കാമായിരുന്നു.

 2. ജി. ശങ്കരക്കുറുപ്പ് വള്ളത്തോളിനെക്കാൾ ഉന്നതനായ കവിയാണെന്ന് ഒരാൾ പറഞ്ഞതായി പത്രത്തിൽ കണ്ടു. ഇതു യുക്തിക്കുചേരുന്ന അഭിപ്രായമല്ല. വസ്തുതകൾക്ക് വിരുദ്ധവുമാണത്. ജി. ശങ്കരക്കുറുപ്പ് ‘കോസ്മിക് വിഷനു’ള്ള — ജഗത്തിനെ സംബന്ധിച്ച അഭിവീക്ഷണമുള്ള — കവിയാണ്. അക്കാര്യത്തിൽ അദ്ദേഹം നിസ്തുലനുമത്രേ. പക്ഷേ കവിയെന്ന നിലയിൽ അദ്ദേഹത്തിന് വള്ളത്തോളിന്റെ അടുത്തുവരാൻ സാധിക്കില്ല. ‘മഗ്ദലനമറിയ’ത്തെപ്പോലെയൊരുകാവ്യം ശങ്കരക്കുറുപ്പ് പതിനായിരം ജന്മം ജനിച്ചാൽ എഴുതുകയുമില്ല. കാവ്യകവിയാണ് വള്ളത്തോൾ. ധിഷണാപരത്വമേറിയ ശങ്കരക്കുറുപ്പ് ആഭ്യാസികനാണ്. ‘മദ്ഗലനമറിയം’ എന്ന കാവ്യത്തിന്റെ തുടക്കത്തിലെ നാലുവരികൾ നോക്കുക. എന്നിട്ട് ജി. ശങ്കരക്കുറുപ്പിന്റെ ‘ഇന്നു ഞാൻ നാളെ നീ’ എന്ന കാവ്യത്തിന്റെ തുടക്കവും നോക്കുക. കാവ്യകവിയാര്; ആഭ്യാസികനാര് എന്നത് അവ സ്പഷ്ടമാക്കിത്തരും.

  ശങ്കരക്കുറുപ്പിന്റെ കവിതയുടെ അടിസ്ഥാനഘടകം രൂപകമാണ്. അത് അദ്ദേഹത്തിന്റെ രചനകളിൽ പടർന്നുപന്തലിക്കുന്നു. സാവയവ രുപകത്തിന്റെ കളിയാണ് ‘ഇന്നു ഞാൻ നാളെ നീ’ എന്ന കാവ്യത്തിലാകെ. ‘ആ സന്ധ്യ’ എന്ന കാവ്യത്തിലും അങ്ങനെതന്നെ. (പേരു ശരിയോ എന്തോ? ‘ആരെയോ വിചാരിക്കെ’ എന്നു തുടങ്ങുന്ന കാവ്യം) വള്ളത്തോൾക്കവിതയുടെ അടിസ്ഥാനം സൗന്ദര്യമാണ്; രൂപകമല്ല. ശങ്കരക്കുറുപ്പിന്റെ കവിത വായിക്കുമ്പോൾ ഭാഷ ഭാഷയായിത്തന്നെ നമുക്കനുഭവപ്പെടുന്നു. വള്ളത്തോൾക്കവിത വായിക്കുന്ന വേളയിൽ വാക്കുകൾ ആത്മമാർജ്ജനത്തിലൂടെ നമ്മളെ സൗന്ദര്യത്തിന്റെ മണ്ഡലത്തിൽ എത്തിക്കുന്നത് നമ്മളറിയുന്നു. അപ്പോൾ നമ്മൾ പദങ്ങളെ വിസ്മരിക്കുകയാണ്. ഈ വിസ്മൃതി ഉണ്ടാകുന്നില്ല ശങ്കരക്കുറുപ്പിന്റെ കാവ്യങ്ങൾ വായിക്കുമ്പോൾ. വള്ളത്തോൾ ശങ്കരക്കുറുപ്പിനെക്കാൾ മോശപ്പെട്ട കവിയോ? ഭോഷ്ക്കിനും അതിരില്ലേ?

  നിസർഗ്ഗതോ നിർഗ്ഗുണമുക്തി ഗുംഫം
  സമർത്ഥയന്തേ സഗുണം ബലാദ്യേ

  ​​

  ഘടനയും ആഖ്യാനവുമില്ലാതെ സാഹിത്യാസ്വാദനം സാദ്ധ്യമല്ല. പുതിയ രീതിയിലുള്ള ചെറുകഥകളും നോവലുകളും ആസ്വാദനക്ഷമങ്ങളല്ലാതെയാവുന്നത് ഘടനയുടെ അല്ലെങ്കിൽ ആഖ്യാനത്തിന്റെ അഭാവം കൊണ്ടാണ്.

  തേ കഞ്ചുളീ സന്നഹനോന്നതേന
  ലംബ സ്തനോപിമുദ്രം ലഭന്തേ

  (സ്വതേ ഗുണരഹിതമായ വാക്ക് ഗുണമുള്ളതായി സമർത്ഥിക്കുന്നവർ ബ്രാ കൊണ്ട് പൊക്കിവച്ച മുല കണ്ട് ആഹ്ലാദിക്കുന്നവരാണ്.)

  * * *

  ആകെയുള്ള — സാകല്യാവസ്ഥയിലുള്ള — ഘടനയാണ് ചെറുകഥകൾക്കും നോവലുകൾക്കും ഉള്ളത്. ഇത് ബന്ധദാർഢ്യമുള്ള ആഖ്യാനം കൊണ്ട് ജനിക്കുന്നതാണ്. ആഖ്യാനം തന്നെയാണോ ഘടനയുളവാക്കുന്നത്? അതോ ഘടനകൊണ്ട് ആഖ്യാനം ഉണ്ടാകുന്നോ? എനിക്കറിയാൻ പാടില്ല. മുട്ടയാണോ ആദ്യമുണ്ടായത് അതോ കോഴിയാണോ എന്ന ചോദ്യത്തിനു ഉത്തരം നൽകാൻ ആവാത്തതുപോലെ ഇച്ചോദ്യത്തിനും ഉത്തരം പറയാൻ വയ്യ. അതെന്തായാലും ഘടനയും ആഖ്യാനവുമില്ലാതെ സാഹിത്യാസ്വാദനം സാദ്ധ്യമല്ല. പുതിയ രീതിയിലുള്ള ചെറുകഥകളും നോവലുകളും ആസ്വാദനക്ഷമങ്ങളല്ലാതെയാവുന്നത് ഘടനയുടെ അല്ലെങ്കിൽ ആഖ്യാനത്തിന്റെ അഭാവം കൊണ്ടാണ്.

നബക്കോഫിന്റെ ചെറുകഥകൾ

മഹാരാഷ്ട്രയിലെ ഒരരണ്യപ്രദേശത്ത് കുറെക്കാലം എനിക്കു താമസിക്കേണ്ടതായി വന്നു. അവിടെ കെട്ടിടങ്ങളെല്ലാം ഒരുപോലെയാണ്. ഏതാണ് ഞാൻ താമസിക്കുന്ന ഫ്ലാറ്റ് എന്നത് പകൽ സമയത്തും തിരിച്ചറിയാൻ പ്രയാസം. രാത്രിസമയത്തെക്കാര്യം പിന്നെപ്പറയാനുമില്ല. ഒരു ദിവസം അടുത്തുള്ള പട്ടണത്തിൽ പോയിട്ട് രാത്രി ഒൻപതുമണിയോടു അടുപ്പിച്ച് ഞാൻ താമസിക്കുന്ന സ്ഥലത്തു വന്നു ബസ്സിൽ നിന്നിറങ്ങി. തെല്ലു പരിചയമുള്ള റോഡുകളിലൂടെ അരമണിക്കൂർ നേരം നടന്നിട്ട് എന്റെ താമസസ്ഥലം തന്നെ എന്ന ഉറപ്പോടുകൂടി ഒരു കെട്ടിടത്തിന്റെ പടികൾ ചവിട്ടിക്കയറി വാതിലിൽ തട്ടി. തുറക്കുന്നില്ലെന്നു കണ്ട് ശക്തിയോടെ ഇടിച്ചു ദേഷ്യം വന്ന്. അപ്പോൾ അകത്തുനിന്ന് സ്ത്രീശബ്ദം കേൾക്കുകയായി: ‘കോനേ’. ആര് എന്ന അർത്ഥം വരുന്ന ആ ബീഭത്സ ഹിന്ദിശബ്ദം കേട്ടപ്പോഴാണ് എന്റെ വീടല്ല അതെന്നും വീടുകളുടെ സാദൃശ്യം എന്നെ ചതിച്ചെന്നും ഞാൻ മനസ്സിലാക്കിയത്. പേടിച്ച് ഞാൻ അവിടെ നിന്ന് ഇറങ്ങിയോടി. ആ സമയം കൊണ്ട് സ്ത്രീ വാതിൽ തുറന്ന് മുറവിളി കൂട്ടി. അവരെ കൊല്ലാൻ വന്ന കള്ളനാണ് വാതിലിൽ ഇടിച്ചതെന്നു തെറ്റിദ്ധരിച്ച്. അടുത്ത വീട്ടുകാർ അവരുടെ നിലവിളികേട്ട് വന്നെത്തുന്നതിനു മുൻപ് ഞാൻ ഓടി രക്ഷപ്പെട്ടു. അല്ലെങ്കിൽ ഈ ലേഖനമെഴുതാൻ എന്റെ കൈ കാണുമായിരുന്നില്ല. സാദൃശ്യം സംഭവിപ്പിക്കുന്ന ദൗർഭാഗ്യം നോക്കുക.

മഹാനായ സാഹിത്യകാരൻ നബക്കോഫിന്റെ അറുപത്തിയഞ്ചു ചെറുകഥകൾ സമാഹരിച്ച് ഒറ്റപ്പുസ്തകമാക്കി Vintage Books പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇതിൽ പതിനൊന്നു കഥകൾ ആദ്യമായി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തതാണ്. “An authentic literary event” എന്നാണ് അമേരിക്കയിലെ Time മാഗസിൻ ഇതിനെ വിശേഷിപ്പിച്ചത്. “What startling beauty of phrase, twists of thought, depths of sorrow and bursts of wit!… it was Nabokov’s gift to bring paradise wherever he alighted” എന്ന് പ്രശസ്തനായ ജോൺ അപ്ഡൈക്കും ഈ കഥകളെ വാഴ്ത്തുന്നു. നബക്കോഫിന്റെ കഥകളിൽ ഇവയെല്ലാമുണ്ട്. ശൈലിയുടെ മനോഹാരിതയുണ്ട്. ചിന്തകളുണ്ട്. ബുദ്ധിശക്തിയുടെ പ്രകടനമുണ്ട്. എങ്കിലും ചെക്കോവിന്റെയോ മോപസാങ്ങിന്റെയോ ഷ്നിറ്റ്സ്ലറുടെയോ കഥകൾ വായിച്ചാലുണ്ടാകുന്ന അനുഭൂതി ഇക്കഥകൾ പ്രദാനം ചെയ്യുന്നില്ല. തികച്ചും ധൈഷണികങ്ങളായ കഥകളാണ് ദാനീലോ കീഷിന്റേത്. അവ നൽകുന്ന ധൈഷണികാഹ്ലാദം നൽകാൻ നബക്കോഫിന്റെ കഥകൾ അസമർത്ഥങ്ങളാണ്. ഇതിനു ഹേതു ഇക്കഥകളിൽ കഥകൾ ഇല്ല എന്നതുതന്നെ. ഒരാശയത്തിന്റെ കാവ്യാത്മകമായ ആവിഷ്കാരമാണ് നബക്കോഫിന്റെ രചന. ആ കാവ്യാത്മകത്വം സമുന്നത സത്യത്തിലേക്ക് വായനക്കാരെ കൊണ്ടുചെല്ലുന്നുമില്ല. ഉത്കൃഷ്ട സത്യമില്ലെങ്കിൽ വേണ്ട. ലോകാഭിവീക്ഷണമുണ്ടോ നബക്കോഫിന്? അതുമില്ല. പരാജയങ്ങളാണോ അദ്ദേഹത്തിന്റെ കഥകൾ? അല്ല. വിജയങ്ങളാണോ അല്ല. അതിനാൽ ഇവയുടെ പാരായണം കൊണ്ട് നമ്മൾ ഒന്നും നേടുന്നില്ല. അപൂർവം ചില കഥകളിൽ ഇതിവൃത്തങ്ങൾ ഉണ്ടുതാനും. അവയിൽ ഒന്നാണ് ‘The Razor’ എന്ന കഥ. സൈനിക സേവനം കഴിഞ്ഞ് നാട്ടിലെത്തിയ ഒരുത്തൻ ബാർബറായി ജോലി ചെയ്യുകയാണ്. ഒരു ദിവസം അവിടെ മുഖക്ഷൗരത്തിനു എത്തിയ ഒരുത്തൻ തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥനാണെന്ന് ക്ഷുരകൻ മനസ്സിലാക്കുന്നു. എങ്കിലും ആഗതനെ മനസ്സിലാക്കിയില്ലെന്ന രീതിയിൽ അയാൾ ക്ഷൗരകർമ്മം അനുഷ്ഠിക്കുന്നു. സോപ്പ് തേച്ച് പതയുണ്ടാക്കിയ അയാളുടെ ഗളനാളത്തിൽ കത്തി വയ്ക്കുമ്പോൾ ബാർബർ ചോദിച്ചു: “വധശിക്ഷ നൽകപ്പെട്ടവനെയും ഷേവ് ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ നിങ്ങളെ ഷേവ് ചെയ്യുന്നു അടുത്തതായി എന്തുണ്ടാകാൻ പോകുന്നുവെന്ന് നിങ്ങൾക്കറിയാമോ?” ആഗതൻ തളർന്നു. പക്ഷേ ബാർബർ ഒന്നും ചെയ്തില്ല. പേടിപ്പിച്ചതുതന്നെ മതിയായ ശിക്ഷയാണെന്നു കരുതി അയാൾ ആ പഴയ മിലിറ്ററി ഓഫീസറെ പറഞ്ഞയച്ചു. “… with the glazed eyes of a Greek statue, he was gone” മുഖം വടിക്കാനെത്തിയവന് ആശ്വാസം. വായനക്കാരായ നമുക്കും ആശ്വാസം. നമുക്ക് അതുണ്ടാകണമെങ്കിൽ അതിനു യോജിച്ച വിധത്തിൽ സംഭവങ്ങൾ ആലേഖനം ചെയ്യണമല്ലോ. അത് വിദഗ്ദ്ധമായി അനുഷ്ഠിച്ചിട്ടുണ്ട് നബക്കോഫ്. രണ്ടു കണ്ണുകൊണ്ട് പല സ്ഥലങ്ങൾ കാണുകയല്ല. ആ കണ്ണുകൊണ്ട് ഒരേസ്ഥലം പല രീതിയിൽ കാണുകയെന്നതാണ് വേണ്ടതെന്ന് പറഞ്ഞത് പ്രൂസ്താണ്. നബക്കോഫ് ജീവിതമെന്ന ഒറ്റസ്ഥലത്തെ കലാകാരന്റെ രണ്ടു കണ്ണുകൊണ്ട് പല രീതിയിൽ കാണുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.

* * *

ഒഗസ്റ്റിൻ പുണ്യാളൻ (Confessions എഴുതിയ ഒഗസ്റ്റിൻ പുണ്യാളനല്ല. അദ്ദേഹം A.D. 430-ലാണ് മരിച്ചത്. 604-ൽ മരിച്ച ഒഗസ്റ്റിനാണ് ഇദ്ദേഹം) പ്രപഞ്ചത്തിന്റെ മഹാദ്ഭുതത്തെക്കുറിച്ച് ഗ്രന്ഥമെഴുതാൻ ആലോചിക്കുകയായിരുന്നു. ഒരു ദിവസം അദ്ദേഹം കടപ്പുറത്തുനടന്നപ്പോൾ ഒരു കൊച്ചുകുട്ടി ഒരിഞ്ച് താഴ്ചയിൽ മണലിൽ ഒരു കുഴിയുണ്ടാക്കി കടൽവെള്ളമെടുത്തുകൊണ്ടു വന്ന് അതിലൊഴിക്കുന്നതു കണ്ടു. കുട്ടി എന്താണ് ചെയ്യുന്നതെന്ന് ഒഗസ്റ്റിൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു കടൽ വെള്ളമാകെ ആ കുഴിയിലാക്കാൻ ശ്രമിക്കുകയാണെന്ന്. ‘അസാദ്ധ്യം’ എന്നു പുണ്യാളൻ പറഞ്ഞു. ഉടനെ കുട്ടി പറുപടി നൽകി: “അങ്ങ് പ്രപഞ്ചത്തിന്റെ മഹാദ്ഭുതം കണ്ടുപിടിച്ച് ഗ്രന്ഥത്തിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നതിനെക്കാൾ അസാദ്ധ്യമല്ല എന്റെ പ്രവൃത്തി.” കലാകാരന്മാർ കൊച്ചുകുഴിയുണ്ടാക്കി അതിൽ കടൽ വെള്ളമാകെ നിറയ്ക്കാൻ -പരമസത്യം സാക്ഷാത്കരിക്കാൻ - ശ്രമിക്കുന്നു.