close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 10 18


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 10 18
ലക്കം 892
മുൻലക്കം 1992 10 11
പിൻലക്കം 1992 10 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ലൈംഗികത്വം വേറെ, രതിഭാവം വേറേ എന്നതു അംഗീകരിക്കപ്പെട്ട സത്യമാണ്. എങ്കിലും മനഃശാസ്ത്രജ്ഞനായ റൊലൊ മേ അത് ഉദാഹരണത്തോടുകൂടി സ്പഷ്ടമാക്കിയത് നമുക്കു കൗതുകം ജനിപ്പിക്കുന്നു. ഷെയ്ക്സ്പിയറിന്റെ “റോമിയോ ആന്‍ഡ് ജൂലിയറ്റ്’ എന്ന നാടകത്തില്‍ മെര്‍ക്കുഷ്യോ സ്നേഹിതനായ റോമിയൊവിനോടു അയാളുടെ പൂര്‍വകാമുകിയെക്കുറിച്ചും പറയുന്നു:

I conjure thee by Rosaline’s bright eyes,
By her high forehead, and her scarlet lip
By her fine foot, straight leg, quivering thing,
And the demesnes that there adjacent lie

റോമിയോയുടെ മുന്‍പുള്ള കാമുകി റൊസലിനെ വര്‍ണ്ണിക്കുമ്പോള്‍ സ്നേഹിതനു സെക്സിലാണ് ഊന്നല്‍. അവളുടെ ഉജ്ജ്വലങ്ങളായ കണ്ണുകളിലും ചുവന്ന ചുണ്ടിലും മറ്റുമാണ് അയാളുടെ നോട്ടം. അദ്ഭുതപ്പെടാനില്ല. സ്നേഹമില്ലാത്തവനു ലൈംഗികത്വത്തിലായിരിക്കും താല്‍പര്യം. പക്ഷേ സെക്സില്‍ തല്‍പരത്വമില്ലാതെ രതിയില്‍ വിലയംകൊണ്ട റോമിയോ നേരത്തെ പറഞ്ഞതു വേറൊരു വിധത്തിലാണ്:

O she doth teach the torches to burn bright
It seems she hangs upon the cheek of night
As a rich jewel in an Ethiop’s ear-

മെര്‍ക്കുഷ്യോ താന്‍ വര്‍ണ്ണിച്ച സ്ത്രീയില്‍നിന്നു മാറിനില്ക്കുന്നു. റോമിയോ ജൂലിയറ്റുമായി താദാത്മ്യം പ്രാപിക്കുന്നു. ഈ താദാത്മ്യം പ്രാപിക്കൽ മാനുഷികബന്ധങ്ങളില്‍ മാത്രമല്ല കലാസ്വാദനത്തിലുമുണ്ട്. ഇതിനു തെളിവു നല്കുന്നു വിജയലക്ഷിമി മാതൃഭൂമി വാരികയില്‍ എഴുതിയ “ബാലാമണിഅമ്മയ്ക്ക്” എന്ന മനോഹരമായ കാവ്യം. അതുവായിച്ച് അവസാനത്തെ വരികളിലെത്തിയപ്പോള്‍ എന്റെ നേത്രങ്ങള്‍ ആര്‍ദ്രങ്ങളായി.

“ഉത്തരമില്ലെനിക്കെങ്കിലുമെപ്പോഴും
ചിത്തം ക്ഷണച്ചഞ്ചലാതുരമെങ്കിലും
എത്തിത്തൊടേണമെന്നുണ്ടെനിക്കംബ, നിന്‍
നിത്യവിശുദ്ധി വഴിഞ്ഞ കാല്പാടുകള്‍.”

ഇവിടെ വിജയലക്ഷ്മിയുടെ മനസ്സ് ബാലാമണി അമ്മയുടെ മനസ്സുമായി യോജിക്കുന്നു. ‘വിജയലക്ഷ്മിയുടെ കാവ്യം വായിക്കുന്ന ഞാന്‍ ഒരേസമയം വിജയലക്ഷിമിയുടേയും ബാലാമണിഅമ്മയുടേയും കവിതാചൈതന്യത്തോടു മനസ്സുകൊണ്ടു യോജിക്കുന്നു. അങ്ങനെയാണ് ഈ കാവ്യത്തിനു വിജയം കൈവരിക.

യഥാര്‍ത്മായ കാവ്യഹൃദയത്തിന്റെ സ്പന്ദനമാണ് ഞാന്‍ ഈ രചനയില്‍ കണ്ടതും കേട്ടതും. ചില വരികള്‍ എടുത്തുകൊള്ളട്ടെ:

“കുട്ടിയായന്നു ഞാന്‍ വായിച്ചതോര്‍ക്കയാ-
ണിഷ്ടത്തൊടീവിധം നിന്നുടെ വാക്കുകള്‍”
“രാവില്‍ക്കിളിവാതിലിലുന്തിത്തുറന്നു നീ
കാര്‍വിങ്ങുമാകാശം നോക്കിനിന്നു

മേന്മേല്‍ പ്രദീപ്തമായ് നിന്മുഖം, നീങ്ങുന്നു
നിന്മുന്നിലേക്കേതു യക്ഷലോകം?”

വിജയലക്ഷ്മിയുടെ കലാത്മകമായ മനസ്സിനും ഔചിത്യത്തിനും നിദർശകമാണ് ഈ ഉദ്ധരിക്കല്‍. ഉദ്ധരിച്ച ഭാഗത്തിന്റെയും വിജയലക്ഷ്മിയുടെ കാവ്യത്തിന്റെയും ചൈതന്യം ഒന്നുതന്നെ. നമ്മള്‍ കവിതയുടെ സൗന്ദര്യത്തില്‍ മുങ്ങി സ്വയം മറക്കുമ്പോഴാണ് നമ്മള്‍ ആരാണെന്ന ഓര്‍മ്മയുണ്ടാകുന്നത്. ആ അസുലഭാനുഭവം പ്രദാനം ചെയ്ത വിജയലക്ഷമിക്കു നന്ദി.

ചോദ്യം, ഉത്തരം

Symbol question.svg.png “നിങ്ങളുടെ പട്ടണത്തിലെ സാഹിത്യകാരന്മാരുടെ പ്രത്യേകതയെന്ത്?”

“സവിശേഷതയെന്ത് എന്നു ചോദിക്കണം. ഇവിടെത്തെ സാഹിത്യകാരന്മാര്‍ക്കു സവിശേഷതയൊന്നുമില്ല. വളരെക്കുറച്ചു പേരൊഴിച്ചുള്ളവരെല്ലാം മര്യാദ അഭിനയിച്ചു കുത്തുവാക്കുകള്‍ പറയും കണ്ടാലുടനെ. അവര്‍ക്കു സദാചാരത്തിന്റെയും സുജനമര്യാദയുടെയും ബാലപാഠങ്ങള്‍ പഠിപ്പിച്ചു കൊടുക്കണം.”

Symbol question.svg.png “സ്ത്രീകള്‍ പൊതുവേ അഹങ്കാരം കാണിക്കുന്നത് എതുകൊണ്ടാണ്?”

“എന്റെ അനുഭവം വച്ചു പറയുകയാണെങ്കില്‍ — ഒരു സ്ത്രീയും എന്നോട് അഹങ്കാരം കാണിച്ചിട്ടില്ല. എനിക്കു പരിചയമില്ലാത്ത സ്ത്രീകള്‍പോലും ഞാനര്‍ഹിക്കാത്തവിധത്തില്‍ ബഹുമാനം കാണിച്ചു കൂപ്പുകൈ ഉയര്‍ത്താറുണ്ട്. വല്ലവരും നിങ്ങളോടു അഹങ്കാരം കാണിക്കുന്നുവെങ്കില്‍ അത് നിങ്ങള്‍ അവരുടെ അബോധമനസ്സിലെ കാര്യങ്ങള്‍ എടുത്തു പുറത്തിടുന്നതുകൊണ്ടാവണം.”

Symbol question.svg.png “സുന്ദരികളായിട്ടും ചില സ്ത്രീകള്‍ വിവാഹം കഴിക്കാത്തതെന്ത്? അനുയോജ്യനായ പുരുഷനെ കിട്ടാത്തതുകൊൻടാണോ? ”

“അനുരൂപനായ എന്നതു ശരിയായ പ്രയോഗം അനുയോഗം=ചോദ്യം. അനുയോജ്യന്‍ എന്നു പറഞ്ഞാല്‍ questionable character എന്നര്‍ത്ഥം വരും. ഇനി ഉത്തരം. സുന്ദരി ആരെയെങ്കിലും കാത്തിരിക്കുകയാവണം. ഒടുവില്‍ അയാള്‍ വന്നെത്തും. മദ്യപന്‍, താടി വളര്‍ത്തിയവന്‍, കഷണ്ടിയുള്ളവന്‍. അയാളുടെ സ്ക്കൂട്ടറിന്റെ പിറകില്‍ കയറി അവള്‍ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

Symbol question.svg.png “പ്രഭാതത്തിലെ മങ്ങിയ വെളിച്ചം എന്തനുഭൂതിയാണ് ഉളവാക്കുക?”

“മദ്ധ്യാഹ്നമായെങ്കില്‍ എന്നു തോന്നിപ്പിക്കും. മദ്ധ്യാഹ്നം വരുമ്പോള്‍ സായാഹ്നം വളരെവേഗത്തിലെത്തും. എന്റെ സൂര്യന്‍ 99 ശതമാനവും ജലത്തില്‍ മുങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നത് കുറച്ചു ഭാഗം മാത്രം.”

Symbol question.svg.png “ഭാരതമെന്നാല്‍?”

“Fraud (വ്യാജവസ്തു) എന്ന് അര്‍ത്ഥം. ഈ fraud-ല്‍നിന്ന് എല്ലാക്കാലത്തേക്കുമായി രക്ഷപ്പെടണമെന്ന് എനിക്കു തോന്നിത്തുടങ്ങിയിട്ടു കാലമേറെയായി…”

Symbol question.svg.png “സോനിയാ ഗാന്ധി രാജീവ് ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകം വായിച്ചോ നിങ്ങള്‍?”

“ആയിരത്തിയഞ്ഞൂറൂപ കൊടുത്ത് അതു വാങ്ങുന്നതെങ്ങനെ? ഒന്നു മറിച്ചു നോക്കി. അങ്ങിങ്ങായി വായിച്ചു. ശ്രീമതിക്ക് എഴുതാന്‍ അറിഞ്ഞുകൂടാ. രാജീവ് ഗാന്ധിയെക്കുറിച്ചു ഭാരതീയര്‍ക്കുള്ള സങ്കല്പത്തെ-അദ്ദേഹത്തിന്റെ ഇമിജീനെ (image) — തകര്‍ത്തുകളയുന്ന പല ചിത്രങ്ങളും ഇപ്പുസ്തകത്തിലുണ്ട്. അഴുക്കുള്ള വസ്ത്രങ്ങള്‍ പരസ്യമായി അലക്കരുത്.”

Symbol question.svg.png “ഗുഡ്സ് ട്രെയിന്‍ മാത്രം പതുക്കെ പോകുന്നത് എന്തുകൊണ്ട്?”

“വണ്ണം കൂടിയ സ്ത്രീ വേഗത്തില്‍ നടക്കുന്നതു താങ്കള്‍ കണ്ടിട്ടുണ്ടോ?”

Symbol question.svg.png “ആദ്യം പ്രസംഗിച്ചവനെ രണ്ടാമതു വരുന്ന പ്രാസംഗികന്‍ വിമര്‍ശിക്കുന്നത് ശരിയല്ലേ?”

“ശരിയല്ല. സാഹിത്യത്തിലായാലും മറ്റെന്തിലായാലും ‘അവസാനത്തെ വാക്ക്’ ഇല്ല. മാത്രമല്ല.

ശത്രും ന നിന്ദേത് സഭായാം (സഭയില്‍വച്ചു ശത്രുവിനെ[പ്പോലും] നിന്ദിക്കരുത്) എന്നാണ് ആചാര്യന്‍ പറഞ്ഞത്.”

Symbol question.svg.png “കവിതയിലെ ബിംബങ്ങള്‍ക്കു പുതുമയില്ലാത്തതു എന്തുകൊണ്ട്?”

”ലോകത്തിനു നവീനത ഇല്ലാത്തതിനാല്‍. ഒന്നിനെ മറ്റൊന്നായും ആ മറ്റൊന്നിനെ ആ ഒന്നായും സങ്കല്പിക്കാനേ കഴിയൂ. ‘നീലാകാശത്തില്‍ മിന്നാമിനുങ്ങുകള്‍; പച്ചച്ചെടികളില്‍ നക്ഷത്രങ്ങള്‍’ — ഈ മാറ്റിമറിക്കലിനെ സാദ്ധ്യതയുള്ളു.”

യുക്തി, പ്രബോധം

എനിക്കൊരു ദൗര്‍ഭാഗ്യം വന്നപ്പോള്‍ ധനികനായ ഒരുബന്ധു എന്റെ ഭവനവും അതു നില്ക്കുന്ന ഇരുപത്തിനാലുഇ സെന്റ് പറമ്പും വാങ്ങിക്കൊണ്ടു വില തന്നത് കുതിരപ്പവനായിട്ടായിരുന്നു. ഞാനത് തിരുവനന്തപുരത്തെ ചാലക്കമ്പോളത്തില്‍ കൊണ്ടുപോയിക്കൊടുത്ത് രൂപയാക്കി. ഒരു പവന് അന്ന് ഇരുപതുരൂപ. പതിനെട്ടു രൂപ എന്ന നിരക്കിനാണ് സ്വര്‍ണ്ണക്കച്ചവടക്കാരന്‍ എനിക്കു രൂപ തന്നത്. കൊടുത്ത പവന്റെയും തന്ന രൂപയുടെയും മൂല്യം തുല്യമാണെങ്കിലും പവനോടു തോന്നിയ ബഹുമാനം എനിക്കു രൂപയോടു തോന്നിയില്ല. നൂറുരൂപനോട്ട് നൂറ് ഒറ്റരൂപാനോട്ടാക്കു. നൂറുരൂപാനോട്ടിനോടുള്ള ബഹുമാനം ഒറ്റരൂപാനോട്ടുകളോടു തോന്നുകയില്ല. കലയെന്ന സ്വര്‍ണ്ണത്തെ തത്ത്വചിന്തയുടെ ചില്ലറയാക്കി മാറ്റുമ്പോള്‍ സ്വര്‍ണ്ണത്തോടുള്ള ആദരം നഷ്ടപ്പെടും. എനിക്ക് ആ ആദരരാഹിത്യം ആനന്ദിന്റെ രചനകളെക്കുറിച്ച് എപ്പോഴുമുണ്ടാകുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹമെഴുതിയ ‘മീര എന്ന കഥയെക്കൂറിച്ചും എനിക്കതേ പറയാനുള്ളു. മീര യാതന അനുഭവിക്കുന്ന സ്ത്രീയുടെ പ്രതീകമാണ്. അതിനെ സ്പഷ്ടമാക്കാനായി കഥാകാരന്‍ അവളെ ചില വ്യക്തികളോടു സംസാരിപ്പിക്കുന്നു; ചില സന്ദര്‍ഭങ്ങളിലായി പ്രവര്‍ത്തിപ്പിക്കുന്നു; ഒടുവില്‍ അവള്‍, തന്നെ കണ്ടെത്തുന്നു. ഈ ആത്മസാക്ഷാത്കാരവും കാവ്യാത്മകമായ ആഖ്യാനവും നന്ന്. പക്ഷേ കഥ അനുഭൂതിജനകമല്ല.. കീറ്റ്സിന്റെ Bright star എന്നു തുടങ്ങുന്ന കാവ്യവും മിൽട്ടൺ തന്റെ അന്ധത്വത്തെക്കുറിച്ചെഴുതിയ കാവ്യവുംതമ്മിൽ തട്ടിച്ചു നോക്കുക.കീറ്റ്സിന്റെ കാവ്യം ഹൃദയംഗമമാകുന്നത് അതിന്റെ രതിഭാവത്താലല്ല. തത്ത്വചിതയെ ഭാവാത്മകമാക്കിയതിനാലാണ്. മോപസാങ്ങിന്റെ ‘ചന്ദ്രികയില്‍’ എന്ന കഥയിലും റ്റോമസ് മന്നിന്റെ ‘വെനീസിലെ മരണം’ എന്ന കഥയിലും തത്ത്വചിന്തയുണ്ട്. പക്ഷേ ‘ചന്ദ്രികയില്‍’ എന്ന കഥ കറയറ്റ സൗന്ദര്യമാണ്. മന്നിന്റെ കഥയ്ക്കു ആ സമ്പൂര്‍ണ്ണ സൗന്ദര്യമില്ല. കാക്കനാടന്റെ ‘ശ്രീചക്ര’ ത്തിലും ഒ. വി. വിജയന്റെ ‘കടല്‍ത്തീരങ്ങള്‍’ എന്ന കഥയിലും ഫിലോസഫിയുണ്ട്. ‘ശ്രീചക്ര’ത്തിലെ തത്ത്വചിന്ത, തത്ത്വചിന്തയായി നില്ക്കുന്നു. ‘കടല്‍ത്തീരത്തി’ലെ തത്ത്വചിന്ത ബിംബങ്ങളായി മാറിയിരിക്കുന്നു. കലാത്മങ്ങളായ ഉപാധികളെ ആശ്രയിച്ചല്ല ആനന്ദ് കഥയെഴുതുന്നത്. തത്ത്വചിന്തയോടു ബന്ധപ്പെട്ട യുക്തിയിലാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ‘മീര’ എന്ന കഥ പ്രബോധാത്മകമാണ്. (ഡൈഡാറ്റിക്) തീവ്രമായ യാതന എന്ന് ആനന്ദിന്റെ പ്രയോഗം. യാതനയ്ക്കുതന്നെ തീവ്രവേദന എന്നാണ് അര്‍ത്ഥം. അതുകൊണ്ടു തീവ്രമായ യാതന എന്നു പാടില്ല. “യാതന തീവ്രവേദനാ” എന്ന് അമരകോശത്തില്‍. തരംഗങ്ങളായി അലയടിച്ചു” എന്നു വേറൊരു പ്രയോഗം. നീതിമത്കരണത്തിനു സാദ്ധ്യതയുണ്ടെങ്കിലും ഇമ്മാതിരി പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണു നന്ന്. “യാതനകളില്‍നിന്നും വേദനകളില്‍ നിന്നും” എന്നു മറ്റൊരിടത്ത്.)

നിരീക്ഷണങ്ങള്‍

  1. Raman Selden എഴുതിയ A Reader’s Guide to Contemporary Literary Theory എന്നൊരു പുസ്തകത്തില്‍ Feminist Criticism എന്നൊരദ്ധ്യായമുണ്ട്. അതിലെ ആദ്യത്തെ ഖണ്ഡികയിലെ ആശയങ്ങള്‍ അതേ രീതിയില്‍ ഞാന്‍ മലയാളത്തിലേക്കു ആക്കട്ടെ. ചില ധര്‍മ്മങ്ങളില്ലാത്തുകൊണ്ടു സ്ത്രീ സ്ത്രീയായിത്തന്നെയിരിക്കുന്നുവെന്ന് അരിസ്റ്റോട്ടല്‍ പ്രഖ്യാപിച്ചു. സെന്റ് തോമസ് അക്വിനാസ് വിശ്വസിച്ചത് സ്ത്രീ പരിപൂര്‍ണ്ണതയിലെത്താത്ത പുരുഷനാണെന്നാണ്. രൂപം പുരുഷനെസംബന്ധിച്ചതും ഉള്ളടക്കം സ്ത്രീയെസംബന്ധിച്ചതുമാണെന്ന് കവി ഡൊന്‍ (Donne) അഭിപ്രായപ്പെട്ടു. ഐശ്വര്യമായ, ഉന്നതമായ പുരുഷധിഷണ ആഘാതവര്‍ദ്ധനീയതുള്ള (malleable) ജഡതയുള്ള സ്ത്രൈണവസ്തുവില്‍ അതിന്റെ രൂപം (പുരുഷധിഷണതയുടെ രൂപം) ഉണ്ടാക്കുന്നു എന്നാണ് ആ കവിയുടെ വാദം. അനലസമായ പുരുഷബീജം, കാത്തുകാത്തിരിക്കുന്ന ബീജകോശത്തിനു (Ovum) രൂപം നല്കുന്നുവെന്നു പണ്ട് പുരുഷന്മാര്‍ വിചാരിച്ചിരുന്നു. പുരുഷന്റെ ആധിപത്യം കാണിക്കുന്ന ഈ സിദ്ധാന്തങ്ങളോടുള്ള എതിര്‍പ്പാണ് സ്ത്രൈണരൂപത്തിന്റെ (feminist criticism) കാതലായ ഭാഗം. ബീജകോശം പുരുഷന്മാര്‍ പറയുന്നതുപോലെ ആലസ്യമാര്‍ന്നതല്ല എന്നാണ് Mary Ellmann ഉദ്ഘോഷിച്ചത്. അത് (Ovum) ധീരമാണ്, സ്വതന്ത്രമാണ്, വ്യക്തിത്വമാര്‍ന്നതാണ് എന്ന് അവര്‍ പറയുന്നു. പുരുഷബീജമാണത്രേ കാതരസ്വഭാവം (sheeplike) കാണിക്കുന്നത്. ഈ ചിന്താഗതി വികാസംകൊണ്ട് ‘സ്ത്രൈണനിരൂപണം’ എന്നൊരു സാഹിത്യ വിഭാഗം ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നു.

    ഈ ചിന്താഗതിയെ പ്രഗല്ഭമായി ആവിഷ്കരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം (Mary Eagletion എഡിറ്റ് ചെയ്തു പ്രസാധനം ചെയ്തത്) Logman, London and New York പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു (വില GBP 9.99). രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ Julla Kristeva തൊട്ട് പലരുടേയും രചനകള്‍ ഇതിലുണ്ട്. Marxist feminism വരെ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. സംസ്കാരത്തില്‍ തല്പരകളായവരുടെ സമുന്നത ചിന്തകള്‍ ഇതിലുണ്ടങ്കിലും കലയിലും സാഹിത്യത്തിലും സ്ത്രീ പുരുഷസങ്കല്പം ആദരണീയണമാണോ എന്ന് എനിക്കു സംശയം. ലേഡി ലൂറസാക്കിയുടെ ‘റ്റെയ്ല്‍ ഒഫ് ഗഞ്ചി’ എന്ന നോവല്‍ വായിക്കുമ്പോള്‍ അത് സ്ത്രീ എഴുതിയതാണ് എന്നു നമ്മള്‍ ഓര്‍മിക്കുന്നുണ്ടോ? ഇല്ലേയില്ല. സൗന്ദര്യം മാത്രമേയുള്ളു പ്രധാന്യമര്‍ഹിച്ചതായി. പഞ്ചാര സ്ത്രീ തന്നാലും പുരുഷന്‍ തന്നാലും മധുരിക്കും.

  2. കഥാകാരനായ സ്ക്കറിയ കുറേക്കാലമായി എന്നെ ഭര്‍ത്സിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കഥയില്‍ എന്നെക്കുറിച്ചുള്ള നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ള ഈ വ്യതിക്രമം ദുര്‍ഗ്രഹമായി എനിക്കനുഭവപ്പെടുന്നു. അതില്‍ എനിക്കു പരാതിയൊട്ടുമില്ല. വിമര്‍ശനമാകാം. പക്ഷേ കരുതിക്കൂട്ടിയുള്ള ഭര്‍ത്സനം അതു ചെയ്യുന്നയാളിന്റെ മാനസികനിലയെ വ്യക്തമാക്കും. കഥാകാരനായ എന്‍. പ്രഭാകരന്റെ ഒരു പുസ്തകത്തിന്റെ അവതാരികയിലും ചില ‘അഭിമുഖ സംഭാഷണങ്ങലിലും ഈ ശകാരം ഞാന്‍ “കണ്ടു”. ഇപ്പോള്‍ കാപ്സ്യൂള്‍ മാസികയുടെ പിറന്നാള്‍പ്പതിപ്പില്‍ എന്റെ പേരു പറയാതെ ഈകോളം ഗോസിപ്പാണെന്നും കൂക്കുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിനു മലയാളികള്‍ വായിക്കുന്ന കോളമാണിതെന്നതു പോകട്ടെ. സായ്പന്മാര്‍പോലും ഇതു ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്യിച്ചു വായിക്കുന്നുണ്ട്. ഒരുകൊല്ലംമുന്‍പു സ്വീഡനില്‍നിന്നും ആറുമാസംമുന്‍പ് സ്വിറ്റ്സര്‍ലണ്ടില്‍നിന്നും അവര്‍ ഇക്കാര്യം എന്നെ റ്റെലിഫോണിലൂടെ അറിയിച്ചു. സക്കറിയയുടെ ദുര്‍ഭാഷണം ഒരുതരത്തിലുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. കെയ്സ്, വിസ്താരത്തിനു വരുമ്പോള്‍ ബഹുജനത്തിന്റെ കോടതി ഈ മുന്‍കൂര്‍ ജാമ്യും റദ്ദാക്കിക്കളയുമെന്നു ഞാന്‍ സക്കറിയയെ അറിയിക്കുന്നു.

    “സാഹിത്യത്തിനെ എ,ബി,സി,ഡി അറിയാത്ത എം. കൃഷ്ണന്‍നായരെ പൊക്കിപ്പിടിച്ചുനടക്കുന്നു.” കാപ്സ്യൂള്‍ പത്രാധിപരെന്നു റ്റി. പദ്മനാഭന്‍ പറഞ്ഞതായും ഇതില്‍ കണ്ടു. എ,ബി,സി, ഡി അറിയില്ല എന്നതു സത്യമാണ്. അറിയാമായിരുന്നെങ്കില്‍ പദ്മനാഭന് ഞാനും മറ്റു രണ്ടു മാന്യന്മാരും ചേര്‍ന്നു വലിയ ഒരു സംഖ്യ സമ്മാനമായി നല്കുമായിരുന്നില്ലല്ലോ. സാഹിത്യത്തില്‍ അനഭിജ്ഞനായ ഞാന്‍തന്നെയാണ് സന്തോഷത്തോടുകൂടി അദ്ദേഹത്തെ സമ്മാനക്കാര്യം റ്റെലിഫോണിലൂടെ അറിയിച്ചതും. എ,ബി,സി, അറിയാത്തതുകൊണ്ടുതന്നെയാണ് അടുത്തകാലത്ത് അദ്ദേഹത്തിന്റെ ചില കഥകള്‍ നല്ലതാണെന്നു ഞാന്‍ എഴുതിയതും.

    മാസികയുടെ എഡിറ്ററായ റെജി ചെത്തിക്കോട് എന്നെക്കുറിച്ചെഴുതിയ നല്ല വാക്കുകള്‍ക്കു ഞാന്‍ നന്ദി പറയുന്നു. സ്നേഹംകൊണ്ട് എനിക്കു ഉള്ളതിലധികം വലിപ്പം റെജി കാണുന്നുണ്ടെങ്കിലും നന്ദി. കാരണം നന്ദിയില്ലാത്തവന്‍ മനുഷ്യനല്ല എന്നതാണ്.

  3. “Zen and the Art of the Motor Cycle” എന്ന ഗ്രന്ഥമെഴുതി വിശ്വവിഖ്യാതനായ Robert M Pirsig — ന്റെ രണ്ടാമത്തെപ്പുസ്തകം “Laile — An Inquiry into Morals” എനിക്കു കിട്ടിയെങ്കിലും ഞാനതു വായിച്ചു തുടങ്ങിയില്ല. ലീഓന്‍ ഫൊഹ്റ്റ് വാങ്ങ്ഗര്‍ (Lion Feuchwanger) എഴുതിയ “Success” എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. (Translated by Willa and Edwin Muir)റ്റോമസ് മന്നിന്റെ Magic Mountain എന്ന നോവല്‍ മാറ്റിനിറുത്തിയാല്‍ ഫൊഹ്റ്റ് വാങ്ങ്ഗറുടെ ഈ നോവലിനെപ്പോലെ ആശയപ്രധാനമായ വേറൊരു നോവല്‍ ഈ ശതാബ്ദത്തിലുണ്ടായിട്ടില്ല എന്നാണ് നിരൂപകര്‍ പറയുന്നത്. ഈ നോവലും (ആകെ 701 പുറങ്ങള്‍) നൂറു പുറത്തോളമേ വായിച്ചുള്ളു. ഇടയ്ക്കു പിര്‍സിഗ്ഗിന്റെ പുസ്തകമൊന്നു മറിച്ചുനോക്കിയപ്പോള്‍ കണ്ട വാക്യങ്ങള്‍ — “ശീതോഷ്ണാവസ്ഥയുടെ ഉയര്‍ന്ന ചൂട് പെട്ടെന്നു താണനിലയിലാവുമ്പോള്‍ അല്ലെങ്കില്‍ അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദ്ദം താണമര്‍ദ്ദമായി മാറ്റുമ്പോള്‍ ഫലം കൊടുങ്കാറ്റാണ്. ധിഷണയെസംബന്ധിച്ച തെറ്റായ സാമൂഹിക നിയന്ത്രണത്തില്‍നിന്ന് സമൂഹസംബന്ധിയായ മാതൃകകളിലേക്കു സാമൂഹികാവസ്ഥമാറുമ്പോള്‍ ഫലം സാമൂഹികശക്തികളുടെ കൊടുങ്കാറ്റത്രേ. ഈ കൊടുങ്കാറ്റാണ് ഇരുപതാം ശതാബ്ദത്തിന്റെ ചരിത്രം.” ഇമ്മട്ടിലുള്ള ധിഷണാപരങ്ങളായ പ്രസ്താവങ്ങള്‍ അവസാനംവരെയും വായിച്ചതിനുശേഷം അസാധാരണമായ ഈ പുസ്തകത്തെക്കുറിച്ച് എഴുതാമെന്നു വിചാരിക്കുന്നു.

പ്രബന്ധം

വര്‍ഷം ഏതെന്ന് ഓര്‍മ്മയില്ല. രാത്രി എട്ടുമണിയോട് അടുപ്പിച്ചാണ് ഞാന്‍ ഭിലായ് സ്റ്റീല്‍ പ്ളാന്‍റിനടുത്തുള്ള ടൗണ്‍ഷിപ്പിലെത്തിയത്. എം. കെ. കെ. നായരുടെ പ്രാഗല്ഭ്യം അതിനെ ദേവലോകമാക്കി മാറ്റിയിരിക്കുന്നു. നിരനിരയായി പീടികകള്‍, എല്ലാം തിളങ്ങുന്നു. തിരുവനന്തപുരത്തു കിട്ടുന്ന ഏതു വസ്തുവും ഇവിടെ കിട്ടും. പാതകള്‍ നാലുംകൂടുന്ന സ്ഥലങ്ങളില്‍ സൗന്ദര്യം ഘനീഭവിച്ചു കിടക്കുന്നു. കൂടെയുള്ളവരെ ഒരു വീട്ടില്‍ കൊണ്ടാക്കിയിട്ട് ഞാന്‍ ഒറ്റയ്ക്കു ടൗണ്‍ഷിപ്പ് കാണാനിറങ്ങി. റോഡുകളില്‍ ആരുമില്ല. കച്ചവടസ്ഥലങ്ങളിലെ ഒന്നോ രണ്ടോ പേരുള്ളു. അതുകൊണ്ട് ആരും ശരീരത്തില്‍ ഉരുമ്മാനില്ല. ചെരിപ്പിട്ട കാലുകള്‍കൊണ്ട് ആരും ചവിട്ടാനുമില്ല. ആ സൗന്ദര്യത്തിന്റെ മണ്ഡലത്തിലൂടെ നടന്നപ്പോള്‍ ഒരു മനുഷ്യ ശബ്ദം കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചുപോയി. ഒരു സഹോദരന്‍ എനിക്കെതിരെ വന്നെങ്കില്‍ അല്ലെങ്കില്‍ പിറകില്‍കൂടി വന്നെങ്കില്‍ എന്നൊക്കെ ഞാന്‍ അഭിലഷിച്ചുപോയി. ക്രമേണ മടുപ്പായി. ഞാന്‍ നടന്നു. നടന്നുനടന്ന് ടൗണ്‍ഷിപ്പിനു വെളിയിലായി. അന്ധകാരം എന്നെ പൊതിഞ്ഞു. എത്ര പ്രയാസപ്പെട്ടിട്ടാണ് ഞാന്‍ തിരിച്ചു പാര്‍പ്പിടത്തിലെത്തിയത്! ഇതിന് തുല്യമായ അനുഭവമാണ് ജോസ് പനച്ചപ്പുറത്തിന്റെ “അഭിവാദ്യം” എനിക്കു നല്കിയത്. വാക്യങ്ങളുടെ ഭംഗി. അവയില്‍നിന്നു പ്രസരിക്കുന്ന മയൂഖമാലകള്‍. അതാസ്വദിച്ച് ആസ്വദിച്ച് ഞാന്‍ മുന്നോട്ടു നടന്നു. ഒടുവില്‍ കൂരിരുട്ട്. നേതൃത്വത്തിന്റെ അര്‍ത്ഥമില്ലായ്മ, ആരാധനത്തിന്റെ കാപട്യം, സര്‍വോപരി എല്ലാറ്റിന്റെയും ശൂന്യത. ഇവയെല്ലാം പ്രബന്ധത്തിന്റെ മട്ടിലാണ് ജോസ് പനച്ചിപ്പൂറം ആലേഖനം ചെയ്യുന്നത്. പര്യവസാനത്തിലെത്തുമ്പോള്‍ കലാരാഹിത്യത്തിന്റെ അന്ധകാരം മാത്രം. പൊതുവേ irony ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ് ജോസ് പനച്ചിപ്പൂരം. അതിനെക്കൊണ്ട് സാമൂഹികാംശങ്ങളെ ആശ്ളേഷിപ്പിക്കാന്‍ അദേഹം ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ വിജയം പ്രാപിക്കുന്നു. മറ്റുചിലപ്പോള്‍ പരാജയപ്പെടുന്നു. കലാകൗമുദിയിലെ ഈ രചന പരാജത്തിന്റേതാണ്.

വ്യക്തികള്‍

സഹദേവന്‍

‘തെക്കന്‍കാറ്റ്’ എന്ന പത്രത്തിന്റെ അധിപരായിരുന്ന സഹദേവന്‍ മധ്യവയസ്കനായിരിക്കെ അന്തരിച്ചുപോയി. രാഷ്ട്രീയസമരങ്ങളില്‍ മനഃസാക്ഷിയുടെ പ്രേരണയ്ക്കു വിധേയനായി പങ്കുകൊണ്ട അദ്ദേഹം പലപ്പോഴും മര്‍ദ്ദനങ്ങള്‍ക്കു വിധേയനായി. അതിന്റെയൊക്കെ ഫലമായിട്ടാണ് അദ്ദേഹത്തിനു ഹൃദ്രോഗം വന്നത്. സംസ്കൃതത്തിലും മലയാളത്തിലും അവഗാഹമുണ്ടായിരുന്ന സഹദേവന്‍ ‘ഇന്‍റലക്ച്ച്വലാ’യിരുന്നു. എന്നോട് അദ്ദേഹം ദിവസവും റ്റെലിഫോണിലൂടെ സംസാരിച്ചിരുന്നു. ചിലപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെല്ലും. അദ്ദേഹം എന്റെ വീട്ടിലും വരും. മരണത്തെ മുന്നില്‍ക്കണ്ട സഹദേവന്‍ അതിനെ തൃണവല്‍ക്കരിച്ച് വാതോരാതെ സംസാരിക്കും. ഓരോ വാക്യത്തിലും ‘ഒറിജിനല്‍ ഇന്‍സെറ്റ്’ ഉണ്ടായിരുന്നു. കീര്‍ത്തിയില്‍ കൊതിയില്ലാത്ത ആ നല്ല മനുഷ്യന്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിരുന്നില്ല. ഒരിക്കല്‍ സി.വി. രാമന്‍പിള്ളയെക്കൂറിച്ച് എന്നോടു പറഞ്ഞതിന്റെ സാരാംശം നല്കാം. “നമ്മുടെ നാട്ടിന്റെ സംസകാരത്തിന്റെ അടിത്തട്ടിലേക്കു ചെന്നിട്ട് മറ്റാരും കണ്ടുപിടിക്കാത്ത കാര്യങ്ങള്‍ കണ്ടുപിടിച്ച് അവയെ രൂപപ്പെടുത്തി നമ്മുടെ മുന്‍പില്‍ വച്ച പ്രതിഭാശാലിയായിരുന്നു സി.വി. നിങ്ങള്‍ക്കു അദ്ദൃഹത്തിന്റെ ആ രൂപവത്കരണത്തോടു യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ യോജിക്കേണ്ടതില്ല. പക്ഷേ ആ ചുഴിഞ്ഞിറങ്ങിലുണ്ടല്ലോ അതിനു വേറൊരു മലയാളസാഹിത്യകാരനും കഴിഞ്ഞിട്ടില്ല.” ഇതു കേട്ടപ്പോള്‍ എഴുത്തുകാരനെന്ന നിലയില്‍ ഒട്ടൊക്കെ പ്രശസ്തനായ ഞാന്‍ എന്തൊരു ക്ഷുദ്രജീവി, സഹദേവന്‍ എന്തൊരു ധിഷണാശാലി എന്നു ഞാന്‍ വിചാരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഞാന്‍ ഇപ്പോഴും ദുഃഖിക്കുന്നു.

കുഞ്ചുപിള്ള

വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഞാന്‍ തിരുവനന്തപുരത്തെ എം. ജി. റോഡിലൂടെ സായ്ഹാനങ്ങളില്‍ നടക്കുമ്പോള്‍ മുഖത്തു വിഷാദാത്മകത്വത്തിന്റെ ദീപ്തിയോടെ ഒരു യുവാവ് രാജവീഥിയുടെ ഒരു വശത്തുനിന്ന് എന്റെനേര്‍ക്കു തൊഴുകൈ ഉയര്‍ത്തുമായിരുന്നു. മൂന്നോ നാലോ തവണ മാത്രമേ അതുണ്ടായിട്ടുള്ളു. അദ്ദേഹത്തിന്റെ വിനയത്തിലേറെ വിനയത്തോടെ ഞാനും തിരിച്ചു തൊഴുതിരുന്നു. ആ യുവാവ് ആരെന്ന് എനിക്കറിഞ്ഞുകൂടാ. അവസാനമായി അദ്ദേഹത്തെ കണ്ടതിന്റെ നാലാം ദിവസം പത്രങ്ങളില്‍ വാര്‍ത്തവന്നു, കുഞ്ചുപിള്ള അന്തരിച്ചുവെന്ന്.

വാര്‍ത്തയുടെകൂടെ പടവും. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നതു വഴിവക്കില്‍ നിന്നിരുന്ന യുവാവ് കുഞ്ചുപിള്ള എന്ന കവിയായിരുന്നുവെന്ന്. അദ്ദേഹത്തോട് ഒരു വാക്കെങ്കിലും സംസാരിക്കാത്തത് മഹാപരാധ്മായിപ്പോയി എന്ന വിചാരം ഇന്നും അലട്ടുന്നു.

കുഞ്ചുപിള്ളയുടെ സ്മരണയെ നിലനിറുത്തുന്നതിനു വര്‍ഷംതോറും ചേരുന്ന സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ മനസ്സിരുത്തി വായിക്കാനിടകിട്ടിയത്. അതുവരെ ഞാനവ വായിച്ചിരുന്നില്ലതാനും. ജീനിയസ് എന്നു കുഞ്ചുപിള്ളയെ വിശേഷിപ്പിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. ജീമുതവാഹകന്‍, മണ്ഡോദരി ഈ പുരാണകഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹമെഴുതിയ കാവ്യങ്ങള്‍ അദ്വിതീയങ്ങളാണ്. നശ്വരനായ മനുഷ്യന്‍ അനശ്വരങ്ങളായ കാവ്യങ്ങള്‍ രചിക്കുന്നു. കഴിഞ്ഞ ഒരു ലക്കം കലാകൗമുദിയില്‍ ഞാനെഴുതിയത് ആവര്‍ത്തിക്കട്ടെ. കുഞ്ചുപിള്ള അകാലമൃത്യുവിനിരയായില്ലെങ്കില്‍ മലയാള സാഹിത്യത്തിലെ മഹാകവിയാകുമായിരുന്നു; ഇടപ്പള്ളി രാഘവന്‍പിള്ളയെക്കൂറിച്ചും ഇതു തന്നെയാണ് എഴുതാനുള്ളത്. ഉപയോഗിക്കപ്പെട്ട്, ഉപയോഗിക്കപ്പെട്ടു ശുഷ്കമായിപ്പോയ പുരാണകഥകളില്‍നിന്ന് സര്‍ഗ്ഗാത്മകത്വത്തിന്റെ അഗ്നി ഉയര്‍ത്തിയ കുഞ്ചുപിള്ളയെ ഞാന്‍ ആദരപൂര്‍വം സ്മരിക്കുന്നു.

കഴുത്തുമുറിക്കല്‍

ജനറല്‍ സെബാസ്റ്റിനി കോണ്‍സ്റ്റാന്‍റിനോപ്പിളിനെ ആക്രമിച്ച ഇംഗ്ലീഷുകാരെ തുരത്തി. അതുകണ്ടു സന്തോഷിച്ച സുല്‍ത്താന്‍ സലിം സെബാസ്റ്റിനിയോടു എന്തു പ്രതിഫലം വേണമെന്നു ചോദിച്ചു. എന്തും നല്കാന്‍ സുല്‍ത്താന്‍ സന്നദ്ധനായിരുന്നു. ജനറല്‍ പറഞ്ഞു — :“അങ്ങനെയാണെങ്കില്‍ അങ്ങയുടെ അന്ത:പുരം എനിക്കു കണ്ടാല്‍ കൊള്ളാമെന്നുണ്ട്”. സുല്‍ത്താന്‍ അന്ത:പുരം കാണിച്ചു അദ്ദേഹത്തിനെ. തന്റെ എല്ലാ ഭാര്യമാരെയും കാണിച്ചു. അതിനുശേഷം സുല്‍ത്താന്‍ അദ്ദേഹത്തോടു ചോദിച്ചു: “താങ്കള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും സ്ത്രീയൂണ്ടോ അവരുടെ കൂട്ടത്തില്‍?” ജനറല്‍ ഒരു സ്ത്രീയെ ചൂണ്ടികാണിച്ചു. ‘ഭേഷ്’ എന്നു സുല്‍ത്താന്‍. അന്നു വൈകുന്നേരം ജനറലിന് ഭാജനത്തില്‍ വച്ച ഒരുസ്ത്രീയുടെ തല ലഭിച്ചു. അതിന്റെകൂടെ ഇങ്ങനെയൊരു സന്ദേശവും: “ഞാന്‍ മുസ്ലിം ആയതുകൊണ്ട് എന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരുത്തിയെ ക്രിസ്ത്യാനിയായ താങ്കള്‍ക്കു തരാന്‍ വയ്യ. പക്ഷേ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഈ സ്ത്രീ വേറൊരാളുടേതും ആകുകയില്ലെന്ന് ഇതുകണ്ട് താങ്കള്‍ക്കു ഉറപ്പു വരുത്താം.”

1806-ലാണ് ഈ സംഭവം. 1992-ല്‍ പ്രഭാകരന്‍ മുണ്ടാറുമ്മല്‍ എന്ന അഭിനവ സുല്‍ത്താന്‍ കലാംഗനയുടെ തല കണ്ടിട്ട് ദേശാഭിമാനി വാരികയുടെ ധവളഭാജനത്തില്‍വച്ച് കഥാനുരക്തനായ വായനക്കാരെന്റെ നേര്‍ക്കു നീട്ടുന്നു. മറ്റാര്‍ക്കും ഈ തല ഇഷ്ടപ്പെട്ടില്ല എന്നത് ഉറപ്പായിരിക്കുന്നു. ഇതില്‍ക്കൂടുതലായി ഈ കൊലപാതകത്തെക്കൂറിച്ച് ഞാനെന്തു പറയാനാണ്?