close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 05 10


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 05 10
മുൻലക്കം 2002 05 03
പിൻലക്കം 2002 05 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നിക്കുന്ന ചില സംഭവങ്ങളും അറിയാതെ നാക്കില്‍ നിന്നു് വീഴുന്ന വാക്കുകളും സങ്കല്പിക്കാനാവാത്ത വിധത്തില്‍ ഗൗരവമാര്‍ജ്ജിക്കും. അതു നമ്മുടെ ജീവിതത്തെ വല്ലാതെ ഉലച്ചുകളയുകയും ചെയ്യും. സര്‍ക്കാര്‍ സെക്രട്ടേറിയറ്റില്‍ ജോലിനോക്കിയിരുന്ന എനിക്കുണ്ടായ ഭാഗ്യക്കേടിനെക്കുറിച്ചു് പറയട്ടെ. അസിസ്റ്റന്‍റ് സെക്രട്ടറിയായി ഒരു വേലുപ്പിള്ള വേറൊരു ഡിപാര്‍ട്മെന്റില്‍ നിന്നു മാറിവന്നു് ചാര്‍ജ്ജെടുത്തു. അല്പം കഴിഞ്ഞപ്പോള്‍ ഞാനെഴുതിയ ഒരു ഡ്രാഫ്റ്റിന്റെ ‘അപ്രൂവല്‍’ വാങ്ങുന്നതിനു് എനിക്കു് അദ്ദേഹത്തിനെ കാണേണ്ടതായി വന്നു. ഞാന്‍ എഴുതിയവച്ച ഡ്രാഫ്റ്റ് അദ്ദേഹം വായിച്ചു നെറ്റി ചുളിച്ചു. എന്നിട്ടു് ചില തിരുത്തലുകള്‍ വരുത്തി ഫയല്‍ തിരിച്ചു തന്നു. ഞാനതു നോക്കിയപ്പോള്‍ എന്റെ നെറ്റിയും ചുളിഞ്ഞു. അസിസ്റ്റന്‍റ് സെക്രട്ടറിയുടെ തിരുത്തലില്‍ ഇംഗ്ലീഷ് വ്യാകരണത്തിന്റെ സമ്മതം കിട്ടാത്ത double passive ഉണ്ടായിരുന്നു. No action was decided to be taken എന്നു് അദ്ദേഹം എന്റെ വാക്യം വെട്ടിക്കളഞ്ഞിട്ടു് എഴുതിയിരുന്നു. അതു തെറ്റാണെന്നു പറയാതെ ചൂണ്ടുവിരല്‍ ആ വാക്യത്തില്‍ തൊട്ടു ഞാന്‍ അദ്ദേഹത്തിന്റെ കണ്ണിന്റെ മുന്‍പിലേക്കു ഫയല്‍ നീട്ടി. ‘എന്താ വേണ്ടതു്?’ എന്നു് അസിസ്റ്റന്റ് സെക്രട്ടറി നീരസത്തോടെ എന്നോടു ചോദിച്ചു. ഞാന്‍ വൈമനസ്യത്തോടെ പറഞ്ഞു. ‘സര്‍, ഡബ്ള്‍ പാസ്സീവ്. അദ്ദേഹം അങ്ങനെയൊരു വ്യാകരണവിധി കേട്ടിട്ടില്ല. ‘തെളിച്ചു പറയൂ’ എന്നായി ഓഫീസര്‍. അപ്പോള്‍ ഞാന്‍ തെളിച്ചുതന്നെ പറഞ്ഞു. ‘സര്‍ ഇംഗ്ലീഷ് വ്യാകരണമനുസരിച്ചു് ‍ഡബ്ള്‍ പാസ്സീവ് പ്രയോഗിച്ചുകൂടാ. ‘No action was taken’ എന്നാവാം സര്‍. അസിസ്റ്റന്റ് സെക്രട്ടറിയുടെ കറുത്ത മൂക്കു് ചുവന്നു ഗൗരവഭാവം. ‘ഞാന്‍ എഴുതിയതു റ്റൈപ് ചെയ്തു കൊണ്ടുവരു. Are you correcting my English?’ എന്നു മൊഴിയാടി. ഞാന്‍ തിരിച്ചുപോയി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു കല്പന കിട്ടി. ‘M.Krishnan Nair is transferred to the Translation Section’ പിന്നെ സെക്രട്ടേറിയറ്റില്‍ നിന്നു കോളേജിലേക്കു മാറ്റം കിട്ടുന്നതുവരെ ഞാന്‍ തര്‍ജ്ജമവിഭാഗത്തില്‍ത്തന്നെ ജോലി നോക്കി. വ്യാകരണത്തെറ്റു് ചൂണ്ടിക്കാണിച്ചതുകൊണ്ടുണ്ടായ ദൗര്‍ഭാഗ്യം!

ഡോക്ടര്‍ ഗോദവര്‍മ്മയോടു് സ്വാതന്ത്ര്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു് എന്തും ചോദിക്കാം. അദ്ദേഹം വിനയത്തോടെ മറുപടി പറയും. ഒരു ദിവസം ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: “സര്‍, …ലിനു് ബുദ്ധികൂടുമല്ലോ ഏതധ്യാപകനെക്കാളും. പാണ്ഡിത്യത്തിലുമങ്ങനെതന്നെ…ല്‍ എഴുതുന്ന ലേഖനങ്ങള്‍ക്കു അടുത്തെത്തുന്ന ലേഖനങ്ങള്‍ അദ്ദേഹത്തിനെ പഠിപ്പിച്ചവര്‍ക്ക് എഴുതാന്‍ പറ്റില്ല. എന്നിട്ടും അദ്ദേഹത്തിനു് ഫസ്റ്റ് ക്ലാസ് കിട്ടിയില്ലല്ലോ. സെക്കന്‍ഡ് ക്ലാസല്ലേ കിട്ടിയത്? എന്താണു് കാരണം സാര്‍?” എന്റെ ചോദ്യം കേട്ടയുടനെ സാര്‍ കസേരയില്‍ നിന്നു് എഴുന്നേറ്റു. മുറിയുടെ പുറത്തേക്കു പോയി. തിരിച്ചുവന്നതു് മലര്‍ന്നുപിടിച്ച മട്ടിലാണു്. കാലുകള്‍ നീട്ടിവച്ചു് നടന്നു് കസേരയില്‍ പിറകുവശം പൊക്കത്തില്‍ നിന്നു വീഴ്ത്തി കാലുകള്‍ വളരെ നീട്ടിക്കൊണ്ടു് ഇരുന്നു. സാറ് പറഞ്ഞു: “ഇങ്ങനെയായിരുന്നു അയാളുടെ വരവു് വൈവാവോസിക്കു്. എന്നിട്ടു പൂച്ഛത്തോടു കൂടി ഞങ്ങളെയൊക്കെ നോക്കി. നീയൊക്കെ എന്നെപ്പരീക്ഷിക്കാന്‍ ആരെടാ എന്ന ഭാവം. പരീക്ഷയ്ക്കു വരുന്നവര്‍ക്കു ഇരിക്കാന്‍ ഞങ്ങളുടെ മുന്‍പില്‍ കസേരയിട്ടിട്ടുണ്ട്. അതില്‍ ഞങ്ങളിരിക്കാന്‍ പറഞ്ഞാലേ ഇരിക്കാവൂ. അയാള്‍ ചെയ്തതു് അതല്ല. പൃഷ്ഠഭാഗം കസേരയുടെ അറ്റത്തു അമര്‍ത്തി കാലുകള്‍ നീട്ടിയുള്ള ആ ഇരിപ്പു് ഉണ്ടല്ലോ. അതു് objectionable ആയിരുന്നു. ആ മര്യാദകേടു കണ്ടിട്ടാണു് ഞങ്ങള്‍ അയാള്‍ക്കു ഫസ്റ്റ് ക്ലാസ് കൊടുക്കാത്തതു്”. പില്കാലത്തു് ആ വിദ്യാര്‍ത്ഥി കോളേജ് ലക്‍ചറര്‍ ആയി. പക്ഷേ തന്നെക്കാള്‍ ജൂനിയറായ പലരും അദ്ദേഹത്തിന്റെ സീനിയറായി ജോലി നോക്കുമ്പോഴാണു് ലക്‍ചററായി അദ്ദേഹം കോളേജില്‍ വന്നതു്. അതിന്റെ ദൗര്‍ഭാഗ്യങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായി. വയസ്സുകൊണ്ടു് ഞാന്‍ ജൂനിയര്‍. അദ്ദേഹം വൈകി വന്നതു കാരണം സർവീസിൽ ജൂനിയർ. അതിനാല്‍ പരീക്ഷയ്ക്കുള്ള ബോര്‍ഡിന്റെ ചെയര്‍മാന്‍ ഞാന്‍. അദ്ദേഹം വെറും എക്സാമിനര്‍. ചീഫ് എക്സാമിനര്‍ പോലുമായില്ല. ഒരു നടത്തവും ഇരിപ്പും വരുത്തിവച്ച വിന.

ഒരു സംഭവത്തെയും വസ്തുവിനെയും ക്ഷുദ്രമായി കരുതരുതു്. അനവധാനതയോടെ ചുണ്ടില്‍ നിന്നെടുത്തു വലിച്ചെറിഞ്ഞ സിഗ്ററ്റ് കുറ്റിയുടെ അറ്റത്തുണ്ടായിരുന്ന സ്വല്പമായ തീ ഒരു നഗരത്തെയാകെ ഭസ്മമാക്കിയ യഥാര്‍ത്ഥസംഭവം ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ പത്രത്തില്‍ വായിച്ച ഓര്‍മ്മയുണ്ടു്. വസ്തുവിലും സംഭവത്തിലുമുള്ള ക്ഷുദ്രത്വാരോപം വിപത്തു് ഉണ്ടാക്കും.

അതുപോലെ വലിയ കണ്ടുപിടുത്തങ്ങളും ആപത്തുണ്ടാക്കിയേക്കാം. “The End of History” എന്ന പുസ്തകമെഴുതി വിശ്വപ്രശസ്തി നേടിയ Francis Fukuyama-യുടെ പുതിയ പുസ്തകമായ “Our Posthuman Future” ഞാന്‍ വായിച്ചു. അതില്‍ അദ്ദേഹം പറയുന്നു: “People’s relationship to death will change as well. Death may come to be seen not as a natural and inevitable aspect of life, but a preventable evil like polio or the measles. മരണം പോളിയോ പോലെ, അഞ്ചാംപനി പോലെ ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗമായി മാറിയാല്‍ നമ്മളെല്ലാം എന്തു ചെയ്യും? അഞ്ഞൂറു വയസ്സുള്ള മുത്തച്ഛന്‍ കുഞ്ഞായിട്ടിരിക്കുകില്ലേ?

സമയോചിതം പിള്ള

കമിഴ്ന്ന് വീണിട്ടും മീശയില്‍ മണ്ണു പറ്റിയില്ല എന്ന മട്ടിലുള്ള മറുപടി വായിച്ചു. ആരുടെ മറുപടി? സച്ചിദാനന്ദന്‍ ‘സമാഹാരത്തെപ്പറ്റി’ എന്ന തലക്കെട്ടില്‍ മലയാളം വാരികയിലെഴുതിയ മറുപടി. സച്ചിദാനന്ദന്‍ എന്ന പേരിനെക്കാളും അദ്ദേഹത്തിനു യോജിക്കുന്നത് ‘സമയോചിതം പിള്ള’ എന്ന പേരാണു്. തന്റെ പ്രവൃത്തികള്‍ കൊണ്ടു് ആ പേരിനാണു് തനിക്കര്‍ഹത എന്നു് അദ്ദേഹം തെളിയിച്ചുകഴിഞ്ഞിരിക്കുകയാണല്ലോ. നക്സലൈറ്റ്, പിന്നീടു് മാര്‍ക്സിസ്റ്റ്, അതിനുശേഷം മാറി മാറി വരുന്ന സര്‍ക്കാരുകളുടെ പാദസേവനം ഇപ്പോള്‍ അദ്ദേഹം ബി.ജെ.പി. സര്‍ക്കാരിന്റെ പാദസേവനം അനുഷ്ഠിക്കുന്നു. What a fall! എന്നുപറയാന്‍ തോന്നിപ്പോകുന്നു. അതിരിക്കട്ടെ. ഓരോ വ്യക്തിയുടെയും മാനസികനില അവലംബിച്ചുള്ള പെരുമാറ്റമായി, ച്യുതിയായി എനിക്കതു കണ്ടാല്‍ മതി. പക്ഷേ സാമാന്യജനതയെ സ്പര്‍ശിക്കുന്ന, അവര്‍ക്കു മാര്‍ഗ്ഗഭ്രംശം വരുത്തുന്ന പ്രക്രിയയുണ്ടാകുമ്പോള്‍ അതിനു സമാധാനം ചോദിക്കേണ്ടതായി വരുന്നു.

ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെയും ഒ.എന്‍.വിയുടെയും രചനകള്‍ ഉള്‍ക്കൊള്ളിക്കാതെ സച്ചിദാനന്ദന്റെയും സുഗതകുമാരിയുടെയും ഈരണ്ടു കവിതകള്‍ ചേര്‍ത്തു “At Home in the World” എന്ന സമാഹാരഗ്രന്ഥം പ്രസാധനം ചെയ്തതു് അധാര്‍മ്മികമായിപ്പോയി എന്നു് ഞാന്‍ പറഞ്ഞതിനു് അദ്ദേഹം നല്കുന്ന സമാധാനം ദുര്‍ബ്ബലമാണു്. ഗ്രാമ്യശൈലിയില്‍ പറഞ്ഞാല്‍ തടിതപ്പലാണു്. തനിക്കു തിരഞ്ഞെടുപ്പില്‍ ഒരു പങ്കുമില്ല, ICCR ഉം അവര്‍ നിയമിച്ച എഡിറ്റോറിയല്‍ ബോര്‍ഡുമാണു് ഉത്തരവാദികള്‍ എന്നത്രേ സച്ചിദാനന്ദന്റെ വാദം. ഇതൊരു വിതണ്ഡാവാദമാണു്. എഡിറ്റോറിയല്‍ ബോര്‍ഡും ICCR-ഉം തെറ്റു ചെയ്തു എന്നു തനിക്കു തോന്നിയാല്‍ സച്ചിദാനന്ദന്‍ പറയേണ്ടതില്ലേ അതു തെറ്റാണെന്നു്. അതു പറഞ്ഞില്ലെന്നു മാത്രമല്ല. സമാഹാരഗ്രന്ഥത്തില്‍ Compiled and Edited by K. Satchidanandan എന്നു വലിയ അക്ഷരത്തില്‍ അച്ചടിക്കാന്‍ അദ്ദേഹം അനുമതി നല്കുകയും ചെയ്തു. ഈ പ്രസ്താവം കൊണ്ടുമാത്രം തെളിയുന്നു സച്ചിദാനന്ദന്‍ സാപരാധനാണെന്നു്. മറുപടിയിലെ ഉപകാരക മനോഭാവം തികച്ചും പരിഹാസജനകമായിരിക്കുന്നു. ഈ സമാഹാരഗ്രത്ഥത്തില്‍ അയ്യപ്പപ്പണിക്കരെയും ഒ.എന്‍.വിയെയും വിട്ടുകളഞ്ഞെങ്കിലും താന്‍ അവര്‍ക്കു് വാരിക്കോരി കൊടുത്തിട്ടുണ്ടു് പണ്ടു് എന്ന മട്ടിലാണു് സച്ചിദാനന്ദന്‍ എഴുതിയിരിക്കുന്നതു്. അതിലെ Patronising attitude നിന്ദ്യം. മുതിര്‍ന്ന ഭാഷാകവിയായി അയ്യപ്പപ്പണിക്കരെ കാണുന്ന സച്ചിദാനന്ദന്‍ ഒ.എന്‍.വിയെ പ്രമുഖ എവുത്തുകാരനായേ ദര്‍ശിക്കുന്നുള്ളൂ. കരുതിക്കൂട്ടിയാണു് ആ പ്രയോഗങ്ങള്‍. “I have the right to answer all accusations against me with an eternal ‘That’s me’” എന്നുപറഞ്ഞ നെപ്പോളിയന്റെ മട്ടുണ്ടു് സച്ചിദാനന്ദനു്. നെപ്പോളിയന്‍ മഹാനായിരുന്നതുകൊണ്ടു് ജനത അതു സമ്മതിച്ചു കൊടുത്തു. പക്ഷേ ഒ.എന്‍. വിക്കും അയ്യപ്പപ്പണിക്കര്‍ക്കും ചില സ്ഥാനമാനങ്ങള്‍ നല്കിയതുകൊണ്ടു് അവരെക്കാള്‍ സമുന്നതസ്ഥാനം തനിക്കാണെന്നു സച്ചിദാനന്ദന്‍ ഭാവിക്കുന്നതു് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ foolishness ആണു്.

മറുപടി നോക്കുക. എന്റെ പേരു് സച്ചിദാനന്ദന്‍ എഴുതിയിട്ടില്ല. കോളമിസ്റ്റ് എന്നേ പറഞ്ഞിട്ടുള്ളു. എന്നെ പുച്ചമാണു് അദ്ദേഹത്തിനു്. പക്ഷേ എനിക്കു് സച്ചിദാനന്ദനോടു തോന്നുന്ന പുച്ഛം അദ്ദേഹത്തിനു് എന്നെക്കുറിച്ചു് ഉണ്ടാവാന്‍ ഇടയില്ല.

ഞാന്‍ താമസിക്കുന്ന ശാസ്തമംഗലത്തുതന്നെ ആകെ മൂന്ന് എം. കൃഷ്ണന്‍നായരുണ്ടു്. 1. ക്യാന്‍സര്‍ സ്പെഷലിസ്റ്റ് എം. കൃഷ്ണന്‍നായര്‍ 2. ലോക്കോളേജ് പ്രിന്‍സിപ്പലായിരുന്ന എം. കൃഷ്ണന്‍നായര്‍ 3. സാഹിത്യവാരഫലമെഴുതുന്ന എം. കൃഷ്ണന്‍നായര്‍. ചിലപ്പോള്‍ എന്നെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നു വിളിച്ചു് ചിലര്‍ പറയും: “ഡോക്ടര്‍, എന്റെ ബന്ധുവിനെ അങ്ങോട്ടയയ്ക്കുന്നു. കടലിലെ ക്യാന്‍സറാണു് അയാള്‍ക്കു്. ഡോക്ടര്‍ ആ രോഗം ഭേദമാക്കിത്തരണം. “ഒരു ദിവസം പൂനയില്‍ നിന്നു് ഒരാള്‍ എന്നെ വിളിച്ചു് ഞാന്‍ എഴുതിയ ലോപ്പുസ്തകം എവിടെക്കിട്ടുമെന്നു ചോദിച്ചു. സാഹിത്യവാരഫലത്തിന്റെ പേരില്‍ ലോക്കോളേജ് പ്രിന്‍സിപ്പലായിരുന്ന എം. കൃഷ്ണന്‍നായരോടു് തട്ടിക്കയറുന്നവര്‍ കാണുമായിരിക്കും. ഒരമേരിക്കന്‍ സ്ഥാപനം ഞാന്‍ വാങ്ങിച്ച ക്യാന്‍സറിനുള്ള ഔഷധങ്ങളെക്കുറിച്ചു ചോദിച്ചു. ഇത്രയൊക്കെയേ ഉള്ളു വ്യക്തിത്വമെന്നതു്. സച്ചിദാനന്ദന്‍ എന്ന പേരുള്ള ആയിരക്കണക്കിനു് ആളുകള്‍ ഡല്‍ഹിയില്‍ത്തന്നെ കാണും. ഭാരതമാകെ നോക്കിയാല്‍ ലക്ഷം സച്ചിദാനന്ദന്മാര്‍ ഉണ്ടായിരിക്കും. ഔന്നത്യത്തിന്റെ മായയ്ക്കു വിധേയനായി താന്‍ കേമനാണെന്നു് ആരും തെറ്റിദ്ധരിക്കരുതു്. ഓരോ വ്യക്തിക്കും സ്വത്വമുണ്ടു്. അവര്‍ അതു പരിപാലിച്ചു ജീവിക്കുന്നു. ആരും ആരെക്കാളും കേമനല്ല. ‘ഒരുദിനം നിന്റെ കണ്ണൊന്നടയുകിലതുമതി നിന്നെ ലോകം മറക്കുവാന്‍’ എന്നു കവി.

ലയം

എം.എസ് സുബ്ബലക്ഷ്മിയുടെ പാട്ടുകേട്ടുകൊണ്ടിരുന്ന ജവാഹര്‍ലാല്‍ നെഹ്റു ഗാനമവസാനിച്ചപ്പോള്‍ ഓടി അവരുടെ അടുത്തു ചെന്നു് പറഞ്ഞു: “You are the queen of music. Who am I? A mere prime minister.” നെഹ്റുവിനെ ഇതു പറയിച്ചതു് സുബ്ബലക്ഷ്മിയുടെ പാട്ടിന്റെ ആധ്യാത്മികത്വവും അവരെയും നെഹ്റുവിനെയും മറ്റു ശ്രോതാക്കളെയും ഒറ്റക്കെട്ടാക്കിയ ലയവുമാണു്. ഈ ലയത്തിന്റെ അഭാവത്തില്‍ ഐക്യമില്ല. സമാനതാല്‍പര്യങ്ങള്‍ ജനിപ്പിക്കുന്ന ദാര്‍ഢ്യമില്ല. സമീകരിച്ചു പറയുകയാണെന്നു് തെറ്റിദ്ധരിക്കരുതു വായനക്കാര്‍. ‘മലയാളനാടു് എഡിറ്റര്‍ എസ്.കെ. നായരുടെ അമ്മയുടെ ശതാഭിഷേകവേളയില്‍ സുകുമാരി നരേന്ദ്രമേനോന്റെ പാട്ടുകച്ചേരിയുണ്ടായിരുന്നു. മുന്‍നിരയില്‍ ഇരുന്ന ഞാന്‍ ശ്രീമതിയുടെ ഗാനമാധുര്യം ആസ്വദിച്ചു് തലയാട്ടിപ്പോയി. ഉത്തരക്ഷണത്തില്‍ ‘ഞാനാരു്? ഒരനുഗൃഹീതയുടെ പാട്ടുകേട്ടു് തലയാട്ടാന്‍?’ എന്നു എനിക്കു തോന്നി. അറിയാതെയുള്ള ആ തലയാട്ടലുണ്ടല്ലോ അതു് ഗായികയും ഞാനും മറ്റു ശ്രോതാക്കളും ലയത്താല്‍ ബന്ധനസ്ഥരായതു കൊണ്ടുണ്ടായതാണു്.

ലയം കൊണ്ടുള്ള ഈ ബന്ധനം മഹാകവിത്രയത്തിന്റെ കാര്യത്തിലുമുണ്ടായിരുന്നു. അവരുടെ കാവ്യങ്ങള്‍ വിഭിന്നങ്ങള്‍. പക്ഷേ മൂന്നുപേരും ഒന്നാണെന്നു നമുക്കു തോന്നല്‍, തകഴി, ദേവ്, ബഷീര്‍ ഇവരുടെ കഥകളിലെ പ്രതിപാദ്യവിഷയങ്ങള്‍ വൈവിധ്യവും വൈജാത്യവുമുള്ളവ. പക്ഷേ അവരെ വിഭിന്നരായി കാണാന്‍ ആവുമായിരുന്നില്ല നമുക്കു്. ലയത്തിന്റെ ഫലം ‘പാട്ടുകേള്‍ക്കുമ്പോള്‍ പാദം കൊണ്ടു താളം പിടിക്കുന്നതുപോലെ ആ മൂന്നു കഥാകാരന്മാരുടെയും രചനകളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ ഹൃദയം കൊണ്ടു താളം പിടിച്ചിരുന്നു.

അതില്ല നവീനകവികളുടെ പദ്യങ്ങള്‍ വായിക്കുമ്പോള്‍. കഥാകാരന്മാരുടെ രചനകള്‍ പാരായണം ചെയ്യുമ്പോഴും അതില്ല. ജേക്കബ് എബ്രഹാമിന്റെ ‘പിതാക്കന്മാരും പുത്രന്മാരും’ എന്ന കഥയില്‍ (മലയാളം വാരിക) യുവതലമുറയുടെ ജീര്‍ണ്ണതയുണ്ടു്. പഴയ തലമുറയുടെ സംസ്കാരസ്നേഹമുണ്ടു്. പക്ഷേ കഥ വിശ്വസനീയമായി ഭവിക്കുന്നില്ല. കാരണം സ്പഷ്ടം. ലയത്തിന്റെ ഇല്ലായ്മ കുറെവാക്യങ്ങളെഴുതി സമാഹരിച്ചാല്‍ കഥയാവുമോ? കലാശില്പമാവുമോ? ആകുമെന്ന് ജേക്കബ് എബ്രഹാം. പല വിശിഷ്ടങ്ങളായ ചെറുകഥകളും വായിച്ച എനിക്കു് അദ്ദേഹത്തോടു യോജിക്കാന്‍ വയ്യ.

ചോദ്യം, ഉത്തരം

Symbol question.svg.png “സ്ത്രീകള്‍ കരയുന്നതു കണ്ടാലെന്തു തോന്നും?”

“കണ്ണീരിന്റെ ഉറവിടം ദുഃഖമല്ല എന്നു തോന്നും”

Symbol question.svg.png “നിങ്ങള്‍ ഗ്രന്ഥവിമര്‍ശനം കൂടി നടത്താത്തതെന്തു് പതിവായി?”

“കഴിയുന്നിടത്തോളം സത്യമേ പറയാവൂ എന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നതുകൊണ്ടാണു് ഗ്രന്ഥവിമര്‍ശം ഒഴിവാക്കിയതു്”

Symbol question.svg.png “പെട്ടെന്നു പ്രസംഗിക്കുന്നവര്‍ മിടുക്കന്മാരല്ലേ?”

“അതേ. കുറഞ്ഞതു് ഒരു മാസം വേണം അതു് ഹൃദിസ്ഥമാക്കാന്‍ കണ്ണാടിയുടെ മുന്‍പില്‍ നിന്നു് റിഹേഴ്സല്‍ നടത്താനും സമയം ഏറെയെടുത്തിരിക്കും”

Symbol question.svg.png “സ്ത്രീകളെക്കാള്‍ അസൂയയുള്ളവര്‍ ആരെങ്കിലുമുണ്ടോ?”

“കവിതയെഴുതുന്ന പുരുഷന്മാരോളം അസൂയ സ്ത്രീകള്‍ക്കില്ല. ഒരു കവി നല്ല കവിതയെഴുതിയാല്‍ വേറൊരു കവിക്കു ഉറക്കം വരില്ല അസൂയയാല്‍”

Symbol question.svg.png “ആരുടെ വിരോധമാണു് ഭീതിദം?”

“ശിഷ്യന് ഗുരുവിനോടു വിരോധം വരുമ്പോള്‍ അതു ഭയം ജനിപ്പിക്കുന്ന തരത്തിലാവും”

Symbol question.svg.png “സമയനിഷ്ഠയുള്ളവരുണ്ടോ?”

“ജര്‍മ്മന്‍ തത്ത്വചിന്തകന്‍ കാന്റ് കൃത്യം എട്ടുമണിക്കു് റോഡില്‍ പ്രത്യക്ഷനാകമായിരുന്നു. അതനുസരിച്ചു്, നിന്നുപോയ റിസ്റ്റ് വാച്ച് ആളുകള്‍ തിരുത്തിയിരുന്നു. സൂര്യന്‍ പോലും കാന്റിനെ പേടിച്ചിരിക്കണം. ആറുമണിക്കു തെറ്റാതെ ഉദിക്കാന്‍ അയാള്‍ക്കു പ്രേരണ നല്കിയതു കാന്റ് ആണെന്നാണു് എന്റെ വിചാരം”

Symbol question.svg.png “എഴുപതു വയസ്സുകഴിഞ്ഞ പുരുഷനു് ഇരുപതു വയസ്സുള്ള പെണ്ണിനോടു പ്രേമമുണ്ടായാല്‍?”

“അതിനെ മഹാരോഗമായി കരുതണം. കഷ്ഠം, പ്ലേഗ്, കോളറ ഇവയെക്കാള്‍ വലിയ രോഗമാണു് ആ പ്രേമം”

കലാഭാസം

തിരുവനന്തപുരത്തെ ഒരു പ്രമുഖ ബുക്ക് സ്റ്റാളിന്റെ മാനേജര്‍ എന്നോടൊരിക്കല്‍ ചോദിച്ചു. ‘സാറ് എപ്പോഴെങ്കിലും കൂവിയിട്ടുണ്ടോ പ്രതിഷേധം അറിയിക്കാനായി?’ ‘ഇല്ല’ എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം അറിയിച്ചു് -‘ഞാനും ജീവിതത്തില്‍ കൂവിയിട്ടില്ല. പക്ഷേ കഴിഞ്ഞയാഴ്ച കൂവിപ്പോയി. അത്രയ്ക്കു പ്രതിഷേധം എനിക്കുണ്ടായി. ശുദ്ധ തെമ്മാടിത്തരം’ ഞാന്‍ സംഭവമെന്താണെന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു മീറ്റിങ്ങിനു പോയി. മന്ത്രി അധ്യക്ഷ. ഞാന്‍ ഹോളില്‍ ചെന്നു കയറിയപ്പോള്‍ ഒരു സ്പീക്കര്‍ പ്രസംഗം അവസാനിപ്പിച്ചു. അടുത്ത പ്രഭാഷകന്റെ പേരു വിളിച്ചു. അയാള്‍ ആടിയാടി മൈക്കിന്റെ മുന്‍പില്‍ വന്നു. എന്നിട്ടു പറഞ്ഞു: “എനിക്കു പ്രസംഗിക്കാന്‍ അറിയാം. പക്ഷേ ഇപ്പോള്‍ വയ്യ. കാരണമുണ്ട്. എനിക്കു തൂറാന്‍ മുട്ടുന്നു” കേരളത്തിലെന്നല്ല ഈ പ്രദേശത്തിനു പുറത്തും അറിയപ്പെടുന്ന ഒരു ചലച്ചിത്ര സംവിധായകനാണു് ആ മനുഷ്യന്‍. സദസ്സു് ചിരിച്ചു. മന്ത്രി (സ്ത്രീ) ചിരിച്ചു. അവര്‍ ചിരിക്കുന്നതുകണ്ടു് പ്രഭാഷകന്‍ ചോദിച്ചു - “എന്താ ചിരിക്കുന്നതു്? നിങ്ങള്‍ തൂറാറില്ലേ?” സദസ്സാകെ ഇളകി ഞാന്‍ എന്റെ അടുത്തിരുന്ന മാന്യനോടു ചോദിച്ചു. “കൂവിയിട്ടുണ്ടോ താങ്കള്‍?” “ഇല്ല” എന്നു മറുപടി. “കൂവാമോ?” എന്നു് എന്റെ ചോദ്യം. “വയ്യ” എന്നു മറുപടി. “എന്നാല്‍ ഞാന്‍ കൂവാന്‍ പോകുന്നു. ജീവിതത്തില്‍ ഇന്നുവരെ ചെയ്തിട്ടില്ലാത്ത പ്രവൃത്തി. ഞാന്‍ വലതു കൈകൊണ്ടു് ചുണ്ടുകളുടെ ഒരു വശം മറച്ചു. എന്നിട്ടു് നിരന്തരം കൂവി. അതുകേട്ടു മറ്റുള്ളവരും കൂവി. സ്പീക്കര്‍ പ്രസംഗം അവസാനിപ്പിച്ച് കസേരയില്‍ ചെന്നു് ഇരുന്നു. പ്രസംഗം അവസാനിപ്പിച്ചിട്ടും കൂവല്‍ തുടര്‍ന്നുകൊണ്ടിരുന്നു. മീറ്റിങ് അലങ്കോലപ്പെടുന്നതുകണ്ടു് മന്ത്രി എഴുന്നേറ്റുപോയി. സദസ്സും പിരിഞ്ഞു” ബുക്ക് സ്റ്റാളിന്റെ മാനേജര്‍ എഞ്ചിനീയറിങ് ഡിഗ്രിയുള്ളയാളാണു്. ആധുനിക യൂറോപ്യന്‍ സാഹിത്യത്തില്‍ അവഗാഹമുള്ള വ്യക്തിയാണു്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കൂട്ടുകാരനായിരുന്നു. എന്നിട്ടും വേണ്ടിവന്നപ്പോള്‍ അദ്ദേഹം കൂവി. വ്യക്തികള്‍ ഒരുമിച്ചുകൂടി mob ആകുമ്പോള്‍ ആ സമൂഹത്തില്‍ നിന്നു് ഒരുതരം വിഷമുണ്ടാകുമെന്നു് ആല്‍ഡസ് ഹക്സിലി Brave New World Revisited എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടു്. ആ വിഷം മനസ്സാകെ വ്യാപിച്ചപ്പോഴാണു് ഫിലിം സംവിധായകന്റെ നേര്‍ക്കു ഓരിയിടല്‍ നടത്തിയതു്. മാന്യരില്‍ മാന്യനാണു് അദ്ദേഹം (കൂവിയ ആള്‍) എങ്കിലും mob ജനിപ്പിക്കുന്ന വിഷം അദ്ദേഹത്തെ ഓരിയിടലിനു പ്രേരിപ്പിച്ചു.

സാഹിത്യത്തെക്കുറിച്ച് നിഷ്പക്ഷമായി അഭിപ്രായം പറയുന്നവര്‍ ഏറെയുണ്ടു് ഭാരതത്തില്‍. അവരോടു ശശിതരൂര്‍, വിക്രം സേത്ത്, പങ്കജ് മിശ്ര, അനിതാ ദേശായി, അനിതാ നായര്‍ ഇവരുടെ രചനകളെക്കുറിച്ചു ചോദിച്ചു നോക്കൂ. ‘ബോറിങ് എന്ന മറുപടിയേ’കിട്ടൂ. പക്ഷേ അവരോടു പത്രപ്രതിനിധികള്‍ സംഭാഷണത്തിനു ചെന്നാല്‍ മോബിലെ (mob) വ്യക്തികളായി മാറും. ജനക്കൂട്ടത്തില്‍ നിന്നു ഉത്പാദിപ്പിക്കപ്പെടുന്ന വിഷം കുടിച്ചു് അവര്‍ ഈ എഴുത്തുകാരെക്കുറിച്ചു പ്രശംസാവചനങ്ങള്‍ ഉതിര്‍ക്കും. ഞാനിതെഴുതിയതു് ‘കലാകൗമുദി’യില്‍ എസ്. ബിജൂരാജ്, അനിതാനായരെക്കുറിച്ചു് എഴുതിയ ഗുണോത്കീര്‍ത്തനം വായിച്ചുപോയതുകൊണ്ടാണു്, അനിതാനായരുടെ ഒരു കഥയുടെ - പറട്ടക്കഥയുടെ - തര്‍ജ്ജമ വായിച്ചുപോയതുകൊണ്ടാണു്. പ്രായക്കൂടുതലുണ്ടെങ്കിലും ചെറുപ്പക്കാരിയുടെ രതിയെ വര്‍ണ്ണിക്കുന്ന ഇക്കഥ ലേശം പോലും കലാത്മകമല്ല. ഒരു വിചാരത്തെയും അതു സുനിശ്ചിതത്വത്തോടുകൂടി അനുവാചകനു പകര്‍ന്നു കൊടുക്കുന്നില്ല. കഥയെഴുതുന്നവര്‍ ബോധമണ്ഡലം കൊണ്ടാണു് വിചാരവികാരങ്ങള്‍ അനുവാചകര്‍ക്കു് പകര്‍ന്നുകൊടുക്കുന്നതു്. വാക്കുകള്‍ കൊണ്ടല്ല ആ പ്രക്രിയ നടത്തുക. ബോധമണ്ഡലം പകരുമ്പോള്‍ വാക്കുകള്‍ അപ്രത്യക്ഷങ്ങളാവും. അനിതാ നായരുടെ കഥയില്‍ പരുക്കന്‍ വാക്കുകള്‍ മുഴച്ചു നില്ക്കുന്നു. ഇതു കലയല്ല, കലാഭാസമാണു്. പ്രശാന്തിന്റെ തര്‍ജ്ജമയും വികലം. ഒരുതരം heavy മലയാളത്തിലാണു് അദ്ദേഹം ഭാഷാന്തരീകരണം നടത്തുന്നതു്.

ദാന്തേയുടെ ഡിവൈന്‍ കോമഡിയിലെ ഒരു ഭാഗം. ദാന്തേയും വെര്‍ജിലും നരകത്തിലൂടെ സഞ്ചരിച്ചു് ഏഴാമത്തെ വലയത്തിലെത്തി. അവിടെ അനേകം മരങ്ങള്‍. വെര്‍ജില്‍ ദാന്തയോടു പറഞ്ഞു: “ഈ മരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നു് ഒരു ചെറിയ ഭാഗമെങ്കിലും അടര്‍ത്തിയെടുത്താല്‍ താങ്കളുടെ ചിന്തകള്‍ ന്യൂനതയുള്ളതാവും. ഇതുകേട്ടു് ദാന്തെ ഒരു മരത്തില്‍ നിന്നു ഒരു ചെറിയ ശാഖ പൊട്ടിച്ചെടുത്തു. ഉടനെ മരം നിലവിളിച്ചു. “എന്നെ മുറിവേല്പിക്കുന്നതു് എന്തിനു്?” ചോരകൊണ്ടു് അതാകെ ഇരുണ്ടപ്പോള്‍ വീണ്ടും പരിദേവനം. “താങ്കള്‍ എന്തിനാണു് എന്നെ കീറുന്നതു്? ദയയില്ലേ താങ്കള്‍ക്കു്? ഞങ്ങള്‍ മനുഷ്യരായിരുന്നു. ഇപ്പോള്‍ മരങ്ങളായി മാറിയിരിക്കുന്നു. താങ്കളുടെ കൈ ദയയോടുകൂടി പ്രവര്‍ത്തിക്കണം” രക്തവും വാക്കുകളും മരത്തിന്റെ ക്ഷതമേറ്റ ഭാഗത്തുനിന്നു വന്നു. ഇംഗ്ലീഷിലെഴുതുന്ന ഇന്ത്യനെഴുത്തുകാര്‍ എന്നാണു് നരകത്തിലെ മരങ്ങളായി മാറുക?

രചനകള്‍ രണ്ടുവിധത്തില്‍

മലയാളത്തിലെ ചെറുകഥകളെ അധികൃതകത്സിതത്വമെന്നും അനധികൃത കത്സിതത്വമെന്നും വിഭജിക്കാം. അധികൃതമെന്നാല്‍ authorized എന്നര്‍ത്ഥം. പത്രാധിപര്‍ നീലപ്പെന്‍സില്‍ കൊണ്ടു് publish എന്നെഴുതുകയും അദ്ദേഹത്തിന്റെ കീഴ്ജീവനക്കാര്‍ അച്ചുനിരത്തുകയും ചെയ്യുന്നതു അധികൃത കത്സിതത്വം. അനധികൃത കത്സിതത്വം പത്രാധിപര്‍ തിരിച്ചയച്ച രചനകളാണു്. അവ വായിക്കേണ്ടതു് ഞാനും എന്നെപ്പോലെ കോളമെഴുതുന്നവരുമാണു്. കാലത്തു് ഏഴുമണിക്കേ ഞാന്‍ ഉണര്‍ന്നെഴുന്നേല്ക്കുകയുള്ളു ആറുമണിക്കേ ഒരുത്തന്‍ ഡോര്‍ബെല്ലടിക്കുന്നു. അതുകേട്ടു് അനങ്ങാതെ കിടക്കുന്ന എന്നെ അടുക്കളയില്‍ ജോലി ആരംഭിച്ചുകഴിഞ്ഞ സഹധര്‍മ്മിണി അറിയിക്കുന്നു: “ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു.” മര്യാദ ലംഘിക്കരുതല്ലോ എന്നു വിചാരിച്ചു് തിടുക്കത്തില്‍ കോണിപ്പടികള്‍ ഇറങ്ങിച്ചെല്ലുന്നു മുന്‍വശത്തേക്കു്. പണ്ടത്തെപ്പോലെ അനായാസമായി പടികള്‍ ഇറങ്ങാന്‍ വയ്യെനിക്കു്. എണ്‍പതു വയസ്സായി. പലപ്പോഴും വീഴും. വീഴുന്ന ശബ്ദം കേട്ടു് വീട്ടുകാര്‍ ‘അയ്യോ’ എന്നു വിളിച്ചുകൊണ്ടു് ഓടിയെത്തും. എന്നെ പിടിച്ചെഴുന്നേല്പിക്കും. മുട്ടിടിച്ചാണു് വീഴുക. ക്ഷതം പറ്റിയ മുട്ടു തടവിക്കൊണ്ടു് മുന്‍വശത്തേക്കു ചെല്ലുമ്പോള്‍ ഒരു ബാഗ് നിറയെ കൈയെഴുത്തുപ്രതികളുമായി ഒരുത്തന്‍ കസേരയില്‍ ഇരിക്കുന്നു. എന്നെക്കണ്ടയുടനെ ചന്തി ഒന്നുയര്‍ത്തി എഴുന്നേല്ക്കാന്‍ പോകുന്ന മട്ടു കാണിക്കുന്നു. ഞാന്‍ ഒട്ടും സത്യസന്ധതയില്ലാതെ, ആര്‍ജ്ജവമില്ലാതെ (Sincerity) ‘ഇരിക്കു, ഇരിക്കു്’ എന്നു പറയുന്നു. വന്നയാള്‍ ഭീമമായ കടലാസ്സുകെട്ടു വലിച്ചെടുത്തിട്ടു്’ എന്റെ കഥകള്‍. ഇവയൊന്നു വായിച്ചുനോക്കിയിട്ടു് സാര്‍ അഭിപ്രായം പറയണം. എസ്. ജയചന്ദ്രന്‍നായരോടു ശുപാര്‍ശ ചെയ്തു ഓരോന്നായി വാരികയില്‍ ഇടീക്കണം. ‘ഉറക്കം മതിയാകാത്ത ദേഷ്യവും പലതവണ ഡോര്‍ബെല്ല് കേള്‍പ്പിച്ചതുകൊണ്ടു് ഈയര്‍ ഡ്രമ്മിനുണ്ടായ വേദനയും അടക്കിക്കൊണ്ടു് ‘വായിക്കാം. പത്രാധിപരോടു് പറയാം എന്നു മുഴുക്കള്ളം ഞാന്‍ പറയുന്നു. വഴങ്ങുന്നു എന്നു കണ്ടാലുടന്‍ ആഗതന്‍ പന്ത്രണ്ടു പുറമുള്ള കൈയെഴുത്തുപ്രതി മെല്ലെയെടുത്തു് ‘ഞാന്‍ വായിക്കാം. സാറൊന്നു കേള്‍ക്കണം’ എന്നറിയിക്കുന്നു. സാക്ഷാല്‍ ടോള്‍സ്റ്റോയി കഥയെഴുതിക്കൊണ്ടുവന്നു വായിച്ചുകേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ‘നിറുത്തു ഹേ’ എന്നു് പറയുന്നവനാണു് ഞാന്‍. മര്യാദയുടെ പേരില്‍ ‘ഞാന്‍തന്നെ വായിക്കാം. മുഴുവന്‍ കഥകളും ഇങ്ങു തന്നേക്കു’ എന്നുപറഞ്ഞു വാങ്ങിവയ്ക്കുന്നു. ഒരുമാസം കഴിഞ്ഞു കഥാകാരന്‍ വരുമ്പോള്‍ ‘ഒന്നാന്തരം കഥകള്‍’ എന്നുപറഞ്ഞു് ആ കെട്ടു തിരിച്ചെടുത്തു കൊടുക്കുന്നു. ‘സാര്‍ പബ്ളിഷ് ചെയ്യിക്കാമെന്നു പറഞ്ഞല്ലോ’ എന്നാഗതന്‍. ‘താങ്കള്‍തന്നെ ഓരോന്നായി അയച്ചുകൊടുക്കു പത്രാധിപര്‍ക്കു്. അച്ചടിച്ചു വന്നില്ലെങ്കില്‍ അപ്പോള്‍ പത്രാധിപരോടു് ഞാന്‍ ശുപാര്‍ശ ചെയ്യാം. ആദ്യമേ ശുപാര്‍ശ ചെയ്താല്‍ താങ്കള്‍ക്കു കഴിവില്ലെന്നു് അദ്ദേഹം തെറ്റിദ്ധരിക്കില്ലേ” ആഗതനു സമാധാനമായി. അദ്ദേഹം അല്പം കൂടെയിരിക്കുന്നു. അതിനകം ഞാന്‍ പത്തു കോട്ടുവായിടുന്നു. കോട്ടുവാ പകരും. പക്ഷേ കഥാകാരനു് അതു പകരുന്ന ലക്ഷണമില്ല.അദ്ദേഹം നിരപരാധരെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ചവനല്ലേ. ഒരുവിധത്തില്‍ അയാളെ പറഞ്ഞയച്ചശേഷം ഞാന്‍ കോട്ടുവായിട്ടുകൊണ്ടു് കോണിപ്പടികള്‍ കയറുന്നു. ഒച്ചയോടുകൂടി വീഴുന്നു. ‘ഓരോരുത്തന്മാര്‍ നേരം വെളുക്കുന്നതിനു മുന്‍പു് കഥകളുമായി വന്നുകയറും. ശല്യങ്ങള്‍’ എന്നു് എന്റെ അടുക്കലെത്തിയ സഹധര്‍മ്മിണി ധര്‍മ്മരോഷം പ്രകടിപ്പിക്കുന്നു. ‘അയാള്‍ കേള്‍ക്കും പതുക്കെപ്പറ’ എന്നു് ഞാന്‍ ഏഴാമെടത്തിനു് മുന്നറിയിപ്പു് നല്കുന്നു. ഇതു അനധികൃത രചയിതാക്കളുടെ രീതി. അധികൃത രചയിതാക്കള്‍ പലതവണ വാരികകളില്‍ പേരച്ചടിച്ചുവന്നതിന്റെ പേരില്‍ പത്രാധിപര്‍ക്കു കഥാസാഹസിക്യം അയച്ചുകൊടുക്കുന്നു. പത്രാധിപര്‍ക്കു് കഥ ട്രാഷാണെന്നറിയാം. എങ്കിലും ടി.കെ. ശങ്കരനാരായണന്‍ എഴുതിയതല്ലേ. അച്ചടിക്കാതിരിക്കുന്നതെങ്ങനെ? പ്രസിദ്ധനല്ലേ ഈ കഥാകാരന്‍ എന്നൊക്കെ വിചാരിച്ചു് ബ്ലൂ പെന്‍സില്‍ കൊണ്ടു publish എന്നു് കീഴ്ജീവനക്കാരനു് നിര്‍ദ്ദേശം നല്കുന്നു.അങ്ങനെ മാതൃഭൂമിയില്‍ വന്ന അധികൃത രചനയാണു് ‘ഭയം കൊണ്ടുള്ള ലാഭങ്ങള്‍’ എന്ന വൈരൂപ്യം. കഥയെന്താണെന്നു് ഞാന്‍ പറയുന്നില്ല. ഈ കോളത്തിനു് വിശുദ്ധിയുണ്ടു്. അതില്‍ മാലിന്യം കോരിയെറിയാന്‍ എന്റെ മനസ്സു് സമ്മതിക്കുന്നില്ല.

അടുത്തകാലത്തു് ഞാന്‍ വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് Andre Comte- Sponville എഴുതിയ “A Short Treatise On The Great Virtue” എന്നതു്. (Translated by Catherine Temerson -William Heinmann London - 9=60 (Indian price) ഇരുപത്തിനാലു ഭാഷകളിലേക്കു അതു തര്‍ജ്ജമ ചെയ്തുകഴിഞ്ഞു. പ്രഫെസറാണു് ഗ്രന്ഥകാരന്‍. നന്മ - virtue- എന്താണെന്നു ചോദിച്ചിട്ടു് അദ്ദേഹം തന്നെ മറുപടി പറയുന്നു. ഫലപ്രാപ്തി ഉണ്ടാക്കുന്ന ശക്തിയാണു് നന്മ. നല്ല പേനാക്കത്തി മുറിക്കുന്നതില്‍ സവിശേഷത കാണിക്കണം. നല്ല മരുന്നു് രോഗമില്ലാതെയാക്കണം. നല്ല വിഷം കൊല്ലണം. കൊലപാതകിയുടെ കൈയില്‍ ഇരിക്കുന്ന കത്തിക്കു് പാചകക്കാരന്റെ കൈയിലെ കത്തിയെക്കാള്‍ നന്മ കുറവൊന്നുമില്ല. രോഗം ഭേദമാക്കുന്ന സസ്യത്തിനു് വിഷമയമായ സസ്യത്തെക്കാള്‍ കൂടുതല്‍ നന്മയില്ല.

Politeness, Fidelity, Prudence, Temperance, Courage, Justice, Generosity, Compassion, Mercy, Gratitude, Humility, Simplicity, Tolerance, Purity, Gentleness, Good faith, Humour, Love ഈ പതിനെട്ടു നന്മകളെക്കുറിച്ചു് ഗ്രന്ഥകാരന്‍ ഉപന്യസിക്കുന്നു. ഓരോ പ്രബന്ധവും മൗലികങ്ങളായ ആശയങ്ങളാല്‍ സമ്പൂര്‍ണ്ണം. പാരമ്പര്യത്താല്‍, യഥാസ്ഥിതികത്വത്താല്‍ ബന്ധനസ്ഥനല്ല ഗ്രന്ഥകാരന്‍. അദ്ദേഹത്തിന്റെ ഒരു സ്നേഹിതന്‍ വിവാഹമോചനം നേടിയ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അദ്ദേഹത്തെ അറിയിച്ചുപോലും. ഒരര്‍ത്ഥത്തില്‍ അവള്‍ ആദ്യത്തെ ഭര്‍ത്താവിനോടു faithful ആണെന്നു്. “I mean to our life together, to our history, our love. I do not want to disown all that” എന്നാണു് അവള്‍ ഗ്രന്ഥകാരന്റെ സുഹൃത്തിനോടു പറഞ്ഞതു് (page 28) നന്മയുടെ സ്വഭാവമെന്തെന്നു ഗ്രഹിച്ചു് അതു സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ കൊതിയുള്ളവര്‍ ഇപ്പുസ്തകം വായിക്കണം.