close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 05 15


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 05 15
ലക്കം 974
മുൻലക്കം 1994 05 08
പിൻലക്കം 1984 05 22
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഫ്രഞ്ചെഴുത്തുകാരൻ ബൽസാക്കിന്റെ ‘കൂസങ് ബെത്’ എന്ന നോവലിൽ അസൂയയെക്കുറിച്ച് പല ഭാഗങ്ങളിലും പറഞ്ഞിട്ടുണ്ട്. “തന്റെ കസിനോട് മത്സരിക്കാനോ അവളേ എതിർക്കാനോ ഉള്ള എല്ലാ ആശയങ്ങളും അവൾ ഉപേക്ഷിച്ചു. കാരണം കസിന്റെ എല്ലാ ഉത്ക്രിഷ്ടതകളും അവൾ അംഗീകരിച്ചു എന്നതു തന്നെ. പക്ഷേ അസൂയ അവളുടെ ഹൃദയത്തിൽമറഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു; പ്ലേഗിന്റെ അണുക്കൾ സജീവങ്ങളായി ഒരു നഗരത്തെയാകെ നശിപ്പിക്കുമെന്നതുപോലെ.” ഇത് ഒരിടത്ത്. അസൂയ, അതിനെ അതിശയിച്ച് ദുശ്ശങ്ക. അതിനെയും അതിശയിച്ച് ദുരന്തദുശ്ശങ്ക എന്നിവയെക്കുറിച്ചറിയണമെങ്കിൽ ബൽസാക്കിന്റെയും പ്രൂസ്തിന്റെയും ഷെയ്ക്സ്പിയറിന്റെയും കൃതികൾ വായിക്കണം.

പലപ്പോഴും വിഷാദം അസൂയയോട് ബന്ധപ്പെട്ടാണ് കാണുക, “എല്ലാം നഷ്ട്ടപ്പെട്ടവന്റെ ദുഃഖം, മകൻ കൊല്ലപ്പെട്ടവന്റെ ദുഃഖം, ഭർത്താവ് അപഹരിക്കപ്പെട്ട ഭാര്യയുടെ ദുഃഖം രാജാവ് അക്രമിച്ച് കീഴടക്കിയവന്റെ ദുഃഖം, കുഞ്ഞില്ലാത്ത സ്ത്രീയുടെ ദുഃഖം, കടുവയുടെ നാറ്റം വന്നു പതിച്ചവന്റെ ദുഃഖം, (കടുവയാൽ ഓടിക്കപ്പെടുന്നവന്റെ ദുഃഖം –ലേഖകൻ. കടുത്ത വായുള്ളതാണ് കടുവായെങ്കിൽ വാ തുറക്കാതെ കടുവയെന്നു പറഞ്ഞാൽ മതി – ലേഖകൻ) ഭർത്താവ് മറ്റൊരു സ്ത്രീയെ സ്വീകരിക്കുമ്പോൾ ഭാര്യക്കുണ്ടാകുന്ന ദു:ഖം ഇവയെല്ലാം ഒരേ മട്ടിലാണെന്നു വ്യാസൻ പറഞ്ഞിട്ടുണ്ടെങ്കിലും ഒടുവിൽപ്പറഞ്ഞ ദുഃഖത്തിൽ – അസൂയ കലർന്നിട്ടുണ്ട്. She shall begin to give her maidens to her husband, delighting in his delight എന്നു കവി ബ്ളേക്ക് പറഞ്ഞത് വെറൂം കള്ളം.

സ്ത്രീകൾക്കുള്ള അസൂയ അതേ അളവിലോ കൂടിയ അളവിലോ പുരുഷന്മാർക്കുമുണ്ട്. ഈ വികാരമാണു അപവാദക പ്രസ്താവങ്ങൾക്കു കാരണമായിത്തീരുന്നത്. ഈ ലോകത്ത് ഒരു മനുഷ്യനും അന്യൂനസ്വഭാവമുള്ളവനല്ല. നന്മയും തിന്മയും എല്ലാ വ്യക്തികളിലും സങ്കലനം ചെയ്തിരിക്കുന്നു

സ്ത്രീകൾക്കുള്ള അസൂയ അതേ അളവിലോ കൂടിയ അളവിലോ പുരുഷന്മാർക്കുമുണ്ട്. ഈ വികാരമാണു അപവാദകപ്രസ്താവങ്ങൾക്കു കാരണമായിത്തീരുന്നത്. ഈ ലോകത്ത് ഒരു മനുഷ്യനും അന്യൂനസ്വഭാവമുള്ളവനല്ല.നന്മയും തിന്മയും എല്ലാ വ്യക്തികളിലും സങ്കലനം ചെയ്തിരിക്കുന്നു. തിന്മ കൂടിയവനെ ചീത്തയാളെന്നും നന്മ കൂടിയവനെ നല്ലയാളെന്നും നമ്മൾ പറയുന്നു. വി. കെ. കൃഷ്ണമേനോൻ രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച ധിഷണാശാലിയായിരുന്നു. അദ്ദേഹത്തിന്റെ ആ സവിശേഷതയെ നിരാകരിച്ചിട്ട് അദ്ദേഹത്തിന്റെ ദോഷങ്ങളെ മാത്രം എടുത്തുപറയുമ്പോൾ തിന്മയാർന്ന ഒരു വികാരത്തിന്റെ അതിപ്രസരമുണ്ടാകുന്നോ എന്ന സംശയം ആർക്കുമുണ്ടാകാം. അഖിലഭാരതപ്രശസ്തിയുള്ള ജേണലിസ്റ്റാണു ഖുശ്വന്ത് സിങ്. അദ്ദേഹത്തിന്റെ “The Best of Khushwant Singh” എന്ന പുസ്തകത്തിൽ (Penguin Books, Rs 95) My Days with Krishna Menon എന്നൊരു ഉപന്യാസമുണ്ട്. കൃഷ്ണമേനോനുമായി ഹൈക്കമിഷണറാഫീസിൽ കഴിഞ്ഞുകൂടിയ ദിനങ്ങളിലാണു ഊന്നലെങ്കിലും ആ മഹാനെക്കുറിച്ച് പ്രബന്ധകാരനു ഒരു നല്ലവാക്കും പറയാനില്ല. സൂത്രശാലിത്വവും വിദഗ്ദ്ധതയും ഒരുമിച്ചു ചേരുമ്പോൾ അതിനെ വാഴ്ത്താനായി ആളുകളുണ്ടാകുമെന്നും അതു മാത്രമേ കൃഷ്ണമേനോനുണ്ടായിരുന്നുള്ളൂ എന്നും ഖുശ്വന്ത് സിങ് പറയുന്നു. ആ പ്രസ്താവത്തിനു മകുടം ചാർത്തിക്കൊണ്ട് ഇങ്ങനെയും: ‘There never was any creative ability in Menon’ ( page 77). ഓഫീസിൽ സമത്ത് എത്താതിരിക്കുകയും വൈകിവന്നതിനുശേഷം ജോലിചെയ്യാതിരിക്കുകയും ധിക്കാരത്തോടെ പെരുമാറുകയും ചെയ്ത രണ്ടു സ്ത്രീകളെ അവർ കമ്മ്യൂണിസ്റ്റുകളായതുകൊണ്ട് മേനോൻ ശിക്ഷിച്ചില്ലെന്നു മാത്രമല്ല മറ്റു പലരുടെയും മുകളിലായി ജോലിക്കയറ്റം കൊടുത്തു പ്രതിഷ്ഠിക്കുകയും ചെയ്തു. കൃഷ്ണമേനോനു ഒരു മിസ്. സിങ്ങിനോട് അടുപ്പമുണ്ടായിരുന്നത്രേ. ഖുശ്വന്ത് സിങ് ആ സ്ത്രീയോടു കയർത്തപ്പോൾ H.E-യോട് (His Excellency) പരാതി പറഞ്ഞു അവർ. മിസ്. സിങ്ങിനോട് മാപ്പുപറയണം ഖുശ്വന്ത് സിങ് എന്നു മേനോൻ.കോപാകുലനായ സിങ് അദ്ദേഹത്തിന്റെ മേശയുടെ പുറത്ത് രാജിക്കത്ത് ശബ്ദത്തോടെ അടച്ചുവെച്ചിട്ട് ഇറങ്ങിപ്പോന്നു. കൃഷ്ണമേനോൻ കൈക്കൂലിക്കാരനായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അനുചരന്മാർ അത് വാങ്ങിയിരുന്നുവെന്നും ജവാഹ്ർലാലിനോടു വിജയലക്ഷ്മി പണ്ഡിറ്റ് സത്യം പറയാതിരിക്കൻ വേണ്ടി അവരെ ‘മാന്യുപുലേറ്റ്’ ചെയ്തുവെന്നുമൊക്കെ ഖുശ്വന്ത്സിങ് എഴുതിയിരിക്കുന്നു. ഇതൊക്കെ സത്യമാവട്ടെ; അല്ലെങ്കിൽ അസത്യമാകട്ടെ. എന്നാൽ ഒരു മഹാവ്യക്തിയെക്കുറിച്ചെഴുതുമ്പോൾ ദോഷാരോപണം മാത്രം നിർവഹിച്ചാൽ വായനക്കാരനു തന്നെ തരംതാഴ്ത്തിയല്ലോ എന്ന തോന്നലുണ്ടാകും. ഈ തരംതാഴ്ത്തൽ ഒരു വിധത്തിൽ ദുരിതാനുഭവത്തിനു കാരണമാകും.

മഹാനായ ജവാഹർലാലിനെക്കുറിച്ചു മത്തായിയെന്നൊരാൾ എഴുതിപ്പിടിപ്പിച്ച അസഭ്യങ്ങളെക്കുറിച്ച് എഴുതുന്ന ഖുശ്വന്ത്സിങ് പ്രത്യക്ഷമായി നെഹ്രുവിന്റെ നിന്ദിക്കുന്നില്ലെങ്കിലും വരികൾക്കിടയിലൂടെ വായിച്ചാൽ അദ്ദേഹം എന്താണു ലക്ഷ്യമാക്കുന്നതെന്ന് കൊച്ചുകുഞ്ഞിനുപോലും മനസ്സിലാകും.(read between the lines = to comprehend the implied meaning of something written) കാളിയുടെ അവതാരമെന്നു സ്വയം കരുതിയ ശ്രദ്ധാമാതാവിനെയും നെഹ്രുവിനെയും കുറിച്ചാണല്ലോ മത്തായി എന്തോ പറഞ്ഞത്. അതിനെക്കുറിച്ച് ശ്രദ്ധാമാതാവിനോട് ഖുശ്വന്ത്സിങ്ങിന്റെ ചോദ്യം platonic love -നു അപ്പുറത്തായി വല്ലതുമുണ്ടോ? എന്ന്. “With some hesitation I asked her if the relationship, as stated by Mathai had gone beyond the platonic. She replied in two words spoken with considerable feeling. ‘Asat hai’ -it is not true.” ഈ പ്രബന്ധത്തിലൂടെ രൂപംകൊള്ളുന്ന ജവാഹർലാൽ നെഹ്രു വായനക്കാർക്ക് ആദരണീയനല്ലതെയായിബ്ഭവിക്കുന്നു. വായനക്കാർക്ക്- വിശാലമായ അർത്ഥത്തിൽ ഭാരതീയർക്ക്- നെഹ്രുവുമായുള്ള ബന്ധത്തിനു ന്യൂനത്വം വരുന്നു. വായനക്കാരെ ഇങ്ങനെ സത്യത്തിൽനിന്നും നിഷ്പക്ഷതയിൽനിന്നും അകറ്റിയകറ്റി അസത്യത്തിലേക്കും ഏകപക്ഷീയതയിലേക്കും കൊണ്ടുചെല്ലുന്നവയാണു് ഖുശ്വന്ത്സിങ്ങിന്റെ പ്രബന്ധങ്ങൾ. ഇന്ത്യയെ വിറ്റുകൊണ്ടിരിക്കുന്ന നീരദ് ചൗദ്രിയെ അദ്ദേഹം വാഴ്ത്തുന്നു. ബേനസീർ ഭൂട്ടോ ആത്മകഥയിൽ പിതാവിന്റെ വധത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങളിൽനിന്നു തികച്ചും വിഭിന്നമായി ഖുശ്വന്ത്സിങ് പലതും പറയുന്നു.പഴഞ്ചൻ നേരമ്പോക്കുകൾ പുസ്തകത്തിന്റെ അവസാനത്തിൽ ചേർക്കുന്നു. എല്ലാംകൊണ്ടും ഗ്രന്ഥനിർമ്മിതിയുടെ സദാചാരങ്ങളായ പ്രാഥമിക നിയമങ്ങളെ ബഹുമാനിക്കാത്ത ഒരു പുസ്തകമാണിത്. ‘Not a Nice Man to Know’ എന്നും ഗ്രന്ഥത്തിനു പേരുണ്ട്. ഈ പേരിൽമാത്രം സത്യമുണ്ട്.

നാഴികമണി, നോവൽ

“നാഴികമണിയിൽ സമയമില്ലാത്തതുപോലെ പുസ്തകത്തിലും യാഥാർത്ഥ്യമില്ല. പുസ്തകം യഥാതഥ്യമെന്നു വിളിക്കുന്നതിനെ അളക്കുന്നുണ്ടാവാം; സമയമെന്നു വിളിക്കുന്നതിനെ നാഴികമണി അളക്കുന്നതുപോലെ. പുസ്തകം യഥാതഥ്യത്തിന്റെ വ്യാമോഹം ഉളവാക്കിയെന്നു വരാം; നാഴികമണി സമയത്തിന്റെ വ്യാമോഹമുളവാക്കുന്നതുപോലെ. പുസ്തകം യഥാർത്ഥമായിരിക്കാം; നാഴികമണി യഥാർത്ഥമായിരിക്കുന്നതുപോലെ. നാഴികമണിയിൽ ആകെയുള്ളതു ചക്രങ്ങളും ചുറ്റുകമ്പികളും മാത്രം. പുസ്തകത്തിലാകെയുള്ളത് വാക്യങ്ങൾ മാത്രം.” എനിക്കിഷ്ടമുള്ള അമേരിക്കൻ ബീറ്റ് നോവലിസ്റ്റ് റ്റോം റോബിൻസ് പറഞ്ഞതാണിത്. ക്ലോക്കിൽ റ്റൈം ഇല്ലെങ്കിലും നോവലിൽ റിയാലിറ്റി ഇല്ലെങ്കിലും ക്ലോക്ക് കാലത്തിന്റെ പ്രയാണത്തെ നമുക്കു മനസ്സിലാകിത്തരുന്നു. നോവലിൽ യാഥാർത്ഥ്യമില്ലെങ്കിലും, വാക്യങ്ങൾ മാത്രമേയുള്ളുവെങ്കിലും ജീവിതാനുഭൂതിയും നൽകുന്നു അത്. എല്ലാവരും പറയുന്ന യാഥാതഥ്യം ശ്രീ. എ. ജയകുമാറിന്റെ ‘ഞങ്ങൾ’ എന്ന കഥയിലില്ല. (കലാകൗമുദി) വിരസമായ ദാമ്പത്യജീവിതം. ഭർത്താവ് രാത്രിയിൽ ഇറങ്ങിനടക്കുന്നു. അതേ മട്ടിൽ നടക്കുന്നു ഒരു സ്ത്രീ. മറ്റാരുമില്ലാത്ത തെരുവിൽ ഒരു പുരുഷനും ഒരു സ്ത്രീയും. സ്വാഭാവികമായി അയാൾ പേടിച്ചു. പക്ഷേ യാദൃച്ഛികമായി സ്ത്രീയുടെ മുഖം കണ്ടപ്പോഴാണു അയാൾ അമ്പരന്നത്. അവൾ അയാളുടെ ഭാര്യതന്നെ. ദാമ്പത്യജീവിതത്തിന്റെ വൈരസ്യത്തെ ഫാന്റസിയുടെ മട്ടിൽ ചിത്രീകരിക്കുന്ന ഇക്കഥയ്ക്കു ഭംഗിയുണ്ട്. ചക്രങ്ങളും ചുറ്റുകമ്പികളും കാലത്തിന്റെ ഗതിവേഗത്തെ അനുഭവപ്പെടുത്തുന്നതുപോലെ കഥയിലെ വാക്യങ്ങൾ ഒരു നൂതനലോകത്തിന്റെ പ്രതീതി ഉളവാക്കിത്തരുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png ഉച്ചാരണത്തിലുള്ള പിടിവാശി നിങ്ങൾ ഉപേക്ഷിച്ചോ?

പിടിവാശിയൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. ഏതുച്ചാരണവും approximation ആണു. lonesco എന്ന നാടകകർത്താവിന്റെ പേർ അയനസ്കൊ എന്നെഴുതുമ്പോൾ അതു ശരിയല്ലെന്നും യൊനസ്കൊ എന്നാണു വേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. അയൊനസ്കൊ എന്ന ഉച്ചാരണംതന്നെ approximate -അടുത്ത് എത്തുന്നത് എന്നേ പറയാനാവൂ. ഏതു ഭാഷയിലും ഉച്ചാരണം മാറിക്കൊണ്ടിരിക്കും. ചോസറുടെ കാലത്ത് വീടിനു hawm എന്നും ഷെയ്ക്സ്പിയറുടെ കാലത്ത് ho-om എന്നും പറഞ്ഞിരുന്നു. ഇന്ന് അത് ഹോം (hom) എന്നാണു.

Symbol question.svg.png ഒരു വികാരവും ശാശ്വതമല്ല. സ്നേഹവും ശത്രുതയും കാലമേറെച്ചെല്ലുമ്പോൾ ഇല്ലാതാവുമെന്നു ബർനാർഡ് ഷാ പറയുന്നത് ശരിയോ?

ഷാ പറഞ്ഞതിനെ ഞാൻ എതിർക്കുന്നതെങ്ങനെ? വ്യക്തിയെ ആശ്രയിച്ചിരിക്കും വികാരത്തിന്റെ ശോഷണം. എന്നാൽ ചില ബന്ധുക്കളുടെ വിരോധം വർദ്ധിക്കുന്നതായും കണ്ടിട്ടുണ്ട്. ശത്രുത പരകോടിയിലെത്തുമ്പോൾ എന്തിനു നിങ്ങൾ ബന്ധുവിനോടു പിണങ്ങി എന്നു ചോദിച്ചാൽ ഉത്തരം നൽകാനാവില്ല അയാൾക്ക്.ശത്രുത കൂടുമ്പോൾ കാരണം വിസ്മരിക്കപ്പെടും.”

Symbol question.svg.png “മലയാളം ഡിപ്പാർട്മെന്റിൽ ഗവേഷണം നടത്തുന്ന പെൺകുട്ടികൾ സാഹിത്യത്തെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുമ്പോൾ നിങ്ങൾക്കെന്തു തോന്നും?”

“ഒരു മണൽത്തരിയെടുത്തുവച്ച് ഇതാ ഹിമാലയപർവ്വതം എന്ന് അവർ പറയുന്നതായി തോന്നും.”

ശത്രുത കൂടുമ്പോൾ കാരണം വിസ്മരിക്കപ്പെടും.”

Symbol question.svg.png “സുന്ദരി എപ്പോഴും സുന്ദരിയാണോ?”

“സുന്ദരി കുളികഴിഞ്ഞ് കുളിമുറിയിൽനിന്ന് ഇറങ്ങുമ്പോൾ ഒന്നു നോക്കൂ. അവൾ വൈരൂപ്യത്തിനു ആസ്പദമായിരിക്കും.”

Symbol question.svg.png “മലയാളം ഡിപ്പാർട്മെന്റിൽ ഗവേഷണം നടത്തുന്ന പെൺകുട്ടികൾ സാഹിത്യത്തെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുമ്പോൾ നിങ്ങൾക്കെന്തു തോന്നും?”

“ഒരു മണൽത്തരിയെടുത്തുവച്ച് ഇതാ ഹിമാലയപർവ്വതം എന്ന് അവർ പറയുന്നതായി തോന്നും.”

Symbol question.svg.png “വിരൂപങ്ങളും സുന്ദരങ്ങളുമായ ചിലതിന്റെ പേരുകൾ പറയാമോ?”

“ആദ്യമായി വൈരൂപ്യമാകട്ടെ: തിരുവനന്തപുരത്തെ കമ്പിയാപ്പീസ്, (ഹജൂർ കച്ചേരിക്ക് എതിരേയുള്ളത്) കോഴിക്കോട് നഗരം, ടെലിവിഷനിൽ വരുന്ന തപ്പും തുടിയും, മ്യൂസിക് പ്രഫസർമാരുടെ പാട്ട്.”
“ഇനി സൗന്ദര്യം: തിരുവനന്തപുരത്തെ മ്യൂസിയം, ആൽഡസ് ഹക്സിലിയുടെ ഇംഗ്ലീഷ്, ചങ്ങമ്പുഴയുടെ ‘മനസ്വിനി’ എന്ന കാവ്യം, കാവാബാത്തയുടെ നോവലുകൾ.”

Symbol question.svg.png “മഹാപാപങ്ങൾ ഏതെല്ലാം?”

“വീട്ടിന്റെ വാതിലിൽതട്ടി ശബ്ദമുണ്ടാക്കാതെ പൂച്ചയെപ്പോലെ പതുങ്ങിക്കയറി നമ്മളിരിക്കുന്ന മുറിയുടെ വാതിലിൽവന്ന് ഇസ്പീട് ഗുലാനെപ്പോലെ നിൽക്കുന്നത് മഹാപാപം. ബാങ്കിൽ ചെക്ക് മാറാൻ നിൽക്കുമ്പോൾ പിറകിൽ നിൽക്കുന്നവൻ കായികാഭ്യാസിയായി ഭാവിച്ച് നമ്മുടെ മുൻപിൽ കയറി ടൊക്കൺ കൊടുത്തു പണം വാങ്ങിക്കൊണ്ടു പോകുന്നതു മഹാപാപം. ഇനിയുമുണ്ട്. തൽക്കാലം ഇത്രയും മതി.”

പ്രളയത്തിനു മുൻപ്

എന്നെ മറ്റുള്ളവർ തേജോവധം ചെയ്യുന്നു’ എന്ന് ഓരോ ആളും ധരിച്ചുവെക്കുന്നു. ആ ധാരണയ്ക്കു യോജിച്ച വിധത്തിൽ ആത്മപ്രശംസ നടത്തുന്നു. Know thyself എന്ന് പണ്ടൊരു മഹാൻ പറഞ്ഞത് ഇക്കൂട്ടർ ഓർമ്മിക്കുന്നില്ലല്ലോ

ഈ കോളം ‘മലയാളനാടു’ വാരികയിലായിരുന്ന കാലത്ത് കഥാകാരനെന്ന നിലയിൽ അല്പം പേരുകേട്ട ഒരാളിന്റെ രചനയെക്കുറിച്ച് പ്രതികൂലമായി എനിക്ക് എന്തോ എഴുതേണ്ടതായി വന്നു. ഉടനെ വരുന്നു ഒരു കത്ത്. ആശയമേതാണ്ടിങ്ങനെ: എസ്. കെ. നായരും വി. ബി. സി. നായരും ആ ജ്യോത്സ്യനുംകൂടി (ജ്യോത്സ്യൻ സാഹിത്യവാരഫലക്കാരനാണു- ലേഖകൻ) എന്നെ ഹിംസിക്കാൻ ഒരുമ്പെട്ടിരിക്കുകയാണെന്ന് എനിക്കറിയാം.അവരുടെ കൂടെ വേറെ ചില ഏഭ്യന്മാരുമുണ്ടെന്ന് എനിക്കറിയാം. ഇവന്മാർ എത്ര ശ്രമിച്ചാലും എന്നെ മലയാളസാഹിത്യത്തിൽനിന്ന് പറഞ്ഞയക്കാൻ സാധിക്കില്ലെന്നു ധരിച്ചുകൊള്ളൂ -ഇത്യാദി. അക്കാലത്തെന്നല്ല, ഇക്കാലത്തും സുപ്രതിഷ്ഠിതനല്ലാത്ത ഈ കഥാകാരൻ തന്റെ കഴിവിനെ പർവ്വതീകരിച്ചു കാണുകയായിരുന്നു. ഇത് എഴുത്തുകാരുടെ മാത്രമല്ല, ഓരോ വ്യക്തിയുടെയും വ്യാമോഹമാണു്. ‘എന്നെ മറ്റുള്ളവർ തേജോവധം ചെയ്യുന്നു’ എന്ന് ഓരോ ആളും ധരിച്ചുവെക്കുന്നു. ആ ധാരണയ്ക്കു യോജിച്ച വിധത്തിൽ ആത്മപ്രശംസ നടത്തുന്നു. Know thyself എന്ന് പണ്ടൊരു മഹാൻ പറഞ്ഞത് ഇക്കൂട്ടർ ഓർമ്മിക്കുന്നില്ലല്ലോ. ഇന്നു കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏതു കവിയോടും ഏതു നോവലിസ്റ്റിനോടും ഏതു കഥാകാരനോടും എനിക്കു കവിവാക്യത്തിലൂടെ പറയാനുള്ളത് ഇതാണ്: ‘ഒരു ദിനം നിന്റെ കണ്ണൊന്നടയുകിൽ അതുമതി നിന്നെ ലോകം മറക്കുവാൻ.”

ദാമ്പത്യജീവിതതിൽ ഇതിന്റെ മറ്റൊരുവശമാണുള്ളത്. ഭർത്താവ് ആയിരം നന്മകൾ ഭാര്യയെക്കുറിച്ചു പറഞ്ഞിട്ട് ആയിരത്തിയൊന്നാമതായി ഒരു ദോഷം പറഞ്ഞാൽ ശണ്ഠ പരകോടിയിലെത്തുകയായി. ഭാര്യ ഭർത്താവിനുവേണ്ടി ജീവരക്തം വെള്ളമാക്കി പ്രയത്നിച്ചിട്ട് ഒരു പരിഭവവാക്കു പറഞ്ഞാൽ മതി, അയാൾ വീട്ടിൽനിന്നിറങ്ങിപ്പോകും. കുറേ ദിവസം തിരിച്ചുവന്നില്ലെന്നും വരും. ഫെമിനിസത്തിന്റെ അടിത്തറ ഈ അനുരഞ്ജനമില്ലായ്മയാണു്. പുരുഷൻ പീഡിപ്പിക്കുന്നേ എന്നു സ്ത്രീ നിലവിളിക്കുന്നു. സ്ത്രീയും പുരുഷനും വ്യക്തിത്വങ്ങൾ സമാദരിച്ച് അനുരഞ്ജനത്തോടെ കഴിഞ്ഞാൽ സ്ത്രീസമത്വവാദത്തിനു പ്രസക്തിയുണ്ടാവില്ല. ഗർഭധാരണം, പ്രസവം, ശിശുപാലനം ഇവയ്ക്കെല്ലാംവേണ്ടി പ്രകൃതി സ്ത്രീക്ക് ശക്തികൊടുത്തിരിക്കുന്നു. ആ ശക്തിയാണു് ഏതു കഠിനജോലിചെയ്യാനും സ്ത്രീക്കു സഹായമരുളുന്നത്. (റ്റേം റോബിൻസിന്റെ ആശയം) പുരുഷനു അത്രത്തോളം ശക്തി അക്കാര്യത്തിൽ കൊടുത്തിട്ടില്ല പ്രകൃതി. ഈ സത്യം മറന്ന് “ഞങ്ങളെക്കൊണ്ടു പുരുഷന്മാർ കഠിനാദ്ധ്വാനം ചെയ്യിക്കുന്നേ.. ഞങ്ങൾക്കു സ്വാതന്ത്ര്യം വേണേ” എന്നു സ്ത്രീകൾ നിലവിളിക്കുന്നു. അതിന്റെ ഫലമായി ഇബ്സന്റെ Doll’s House പോലുള്ള നാടകങ്ങളും ശ്രീമതി വത്സലയുടെ ‘മാഡം സുമയ്യ’ പോലുള്ള ചെറുകഥകളും ഉണ്ടാകുന്നു. ഇവയൊക്കെ റിഡക്ഷനിസത്തിലാണു വന്നുവീഴുന്നത്. ഞാൻ ഇബ്സന്റെ നാടകത്തെയും എൻ. കൃഷ്ണപിള്ളയുടെ കന്യക എന്ന നാടകത്തെയും വത്സലയുടെ ഈ ചെറുകഥയേയും അംഗീകരിക്കുന്നില്ല. ഇത് ഈ രചനകളിലുള്ള ആശയസാമ്രാജ്യത്തെക്കുറിച്ചു മാത്രം. വത്സലയുടെ കഥയാകട്ടെ ഒരാന്റി ഡിലവ്യൻ വിഷയമാണു കൈകാര്യം ചെയ്യുന്നത്. പ്രളയത്തിനു മുൻപുള്ള വിഷയങ്ങളും സാഹിത്യകാരന്മാർക്കു സ്വീകരിക്കാം. അവയെ ഒരു പുതിയ പ്രകാശത്തിൽ നിറുത്തിയാൽ മതി. അതിനു വത്സലയ്ക്കു കഴിയുന്നില്ല. ഒരറുപഴഞ്ചൻ വിഷയത്തെ ഒരറുപഴഞ്ചൻ രീതിയിൽ ശ്രീമതി പ്രതിപാദിച്ചിരിക്കുന്നു. ( വത്സലയുടെ കഥ കർപ്പൂരം വാരികയിൽ)

ഈ കവിയെ കാണുക

നോബൽ (നൊബേൽ എന്ന ഉച്ചാരണം തെറ്റ്) സമ്മാനം നേടിയ നെറുദാ (Pablo Neruda 1904-1973) അലക്കുകാരിയെക്കുറിച്ച് ഒരു കാവ്യം രചിച്ചിട്ടുണ്ട്. പ്രതിഭാശാലി ഏതു വിഷയം പ്രതിപാദിച്ചാലും സൗന്ദര്യം സൃഷ്ടിക്കപ്പെടുമെന്നതിനു ആ കാവ്യം നിദർശകമാണു

1971-ൽ സാഹിത്യത്തിനു നോബൽ (നൊബേൽ എന്ന ഉച്ചാരണം തെറ്റ്) സമ്മാനം നേടിയ നെറുദാ (Pablo Neruda 1904-1973) അലക്കുകാരിയെക്കുറിച്ച് ഒരു കാവ്യം രചിച്ചിട്ടുണ്ട്. പ്രതിഭാശാലി ഏതു വിഷയം പ്രതിപാദിച്ചാലും സൗന്ദര്യം സൃഷ്ടിക്കപ്പെടുമെന്നതിനു് ആ കാവ്യം നിദർശകമാണ്. അലക്കുകാരി വിഷാദാത്മകമായ സത്യമാണെന്നു കവി പറയുന്നു. ഇക്വഡോറിലും ബലീവിയയിലും വെനസ്വാലയിലും ( അദ്ദേഹത്തിന്റെ നാട്ടിലെന്നപോലെ) അതേ മെഴുകുതിരികൾ അതേസമയത്ത് മഞ്ഞുകാലമായാലും ഉഷ്ണകാലമായാലും ഒരമ്മയുടെ കഠിനാദ്ധ്വാനങ്ങളെ പ്രകാശിപ്പിക്കുകയായിരിക്കും. ഓറനാക്കോ തൊട്ട് പറ്റഗോന്യ വരെ, പ്രകൃതിയുടെ സമ്മാനമായ ആഡംബര സമന്വിതമായ അഗ്നിപർവ്വതങ്ങൾ തൊട്ട് മെക്സിക്കയിലെ പീഠഭൂമിയിലെ മുള്ളുകളാർന്നതും ഭീമാകാരങ്ങളുമായ കള്ളിച്ചെടികൾ നിൽകുന്ന സ്ഥലംവരെ ആ അലക്കുകാരി, ആ രാത്രിയിലെ സ്ത്രീ സ്വന്തം കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ വസ്ത്രങ്ങൾ അലക്കുകയാണു്. കവിയുടെ ജനങ്ങൾക്ക് അവൾ ധീരവനിതയാണു്.കവി അവളെ കണ്ടില്ല. തന്റെ ഭവനത്തിന്റെ അന്ധകാരത്തിൽനിന്നുകൊണ്ട് കവി അവളെ നോക്കുന്നത് അവൾ അറിഞ്ഞിരിക്കില്ല. അവൾക്കു നെറുദ സമർപ്പിച്ച കാവ്യത്തിലെ ചില വരികൾ- ഇംഗ്ലീഷിൽ.

From the garden, high above
I watched the washer woman,
It was night
She washed, she splashed
she scrubbed,
for a moment her hands
glittered in the suds
then
disappeared in shadow.
Seen from above
in the light of her candle
she was the only living thing
in the night,
the only thing alive:
………
From time to time
the nocturnal
washer woman
lifts
her head
and stars blaze
in her hair
………
I couldn’t hear
couldn’t hear
the whisper
of the clothing in her hands.
My eyes
in the night
saw only her,
alone
a planer
………
washing in nocturnal winter silence,
washing, washing,
poor
washer woman

അങ്ങിങ്ങായി കാവ്യത്തിലെ വരികൾ ഞാൻ വിട്ടുകളഞ്ഞതുകൊണ്ട് കാവ്യം സാകല്യാവസ്ഥയിലുളവാക്കേണ്ട ഫലപ്രാപ്തി ഇവിടെ സംജാതമായില്ല. സ്ഥലപരിമിതികൊണ്ട് ഇതിനേ കഴിയൂ. ഒരു അലക്കുകാരിയിലൂടെ കവി പാവപ്പെട്ട ഒരു വർഗ്ഗത്തിന്റെ യാതന മുഴുവൻ ആവിഷ്കരിച്ചതിന്റെ ചാരുത കണ്ടാലും. മനുഷ്യർ അവഗണിച്ചാലെന്ത്? നക്ഷത്രങ്ങൾ അവളുടെ തലമുടിയിൽ ജ്വലിക്കുന്നല്ലോ. കവേ, അങ്ങയുടെ മനുഷ്യസ്നേഹവും പ്രതിഭയും അന്യാദൃശ്യം തന്നെ.

ലാലാജലം കണ്ട്

1969- ൽ, ഇരുപത്തഞ്ചുകൊല്ലം മുൻപ് എഴുതിയതാണിത്. പലരും വായിച്ചിരിക്കാനിടയില്ല എന്നതുകൊണ്ടു വീണ്ടും എഴുതുന്നു… കൊട്ടാരത്തിലെ ഒരുതമ്പുരാട്ടിയെ ഒരു തമ്പുരാൻ വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടു പോകാഞ്ഞതുകൊണ്ട് അവർ വിവാഹബന്ധത്തിൽനിന്നു മോചനം നേടി. വർഷങ്ങൾ കഴിഞ്ഞു. തനിക്കിനി വിവാഹം വേണ്ടെന്നു തമ്പുരാട്ടി നിർബന്ധപൂർവം പറഞ്ഞെങ്കിലും ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവർ രണ്ടാമത്തെ പള്ളിക്കെട്ടിനു സമ്മതം മൂളി. വരൻ പന്തളത്തെ ഒരു തമ്പുരാനായിരുന്നു. കല്യാണം കഴിഞ്ഞു പ്രഥമരാത്രിയിൽ നവവരൻ നവവധുവിനെ ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. രണ്ടുമണീയായിട്ടും തമ്പുരാട്ടി എത്തിയില്ല. അവർ മറ്റുപുരുഷന്മാരോടുകൂടി ചതുരംഗം കളിച്ച് ഇരിക്കുകയായിരുന്നു. അവരെ കാത്തിരുന്നു മുഷിഞ്ഞ പന്തളത്തെ തമ്പുരാൻ താനറിയാതെ ഉറക്കത്തിൽ വീണുപോയി. രണ്ടുമണീയോടു അടുപ്പിച്ച് തമ്പുരാട്ടി ശയനമുറിയിലെത്തിയപ്പോൾ വായുടെ ഒരറ്റത്തുകൂടി ‘ചാളുവ’(ലാലാജലം) ഒലിപ്പിച്ച് തമ്പുരാൻ ഉറങ്ങുന്നതാണു അവർ കണ്ടത്. തുടയുടെ പകുതിയോളം കാണത്തക്കവിധത്തിൽ ഉടുമുണ്ടു മാറിക്കുടക്കുന്നു. രസികത്വമുള്ള തമ്പുരാട്ടിക്ക് അക്കാഴ്ച ഒട്ടും പിടിച്ചില്ല. ‘ഹായ് ഇയാളെ എനിക്കു വേണ്ട’ എന്നു പറഞ്ഞ് അവർ അവിടെനിന്ന് ഇറങ്ങിപ്പോയി. നേരം വെളുത്തപ്പോൾ തമ്പുരാട്ടി കല്പിച്ചു: “അയാളോടു പോയ്ക്കൊള്ളാൻ പറയൂ. എനിക്ക് അയാളെ കാണുകയും വേണ്ട.” പാവപ്പെട്ട തമ്പുരാൻ പന്തളത്തേക്കു കെട്ടുകെട്ടി. മഹാപണ്ഡിതനും സത്യവാദിയുമായ ശ്രീ. എം. എച്ച്. ശാസ്ത്രികൾ എന്നോടു പറഞ്ഞതാണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ടി. കെ. കൊച്ചുനാരായണൻ

​​​

എഴുതിയ ‘ചെവിയിൽ മന്ത്രിച്ച മരണം’ എന്ന കഥ വായിച്ചപ്പോൾ അതൊരു ചാളുവക്കഥയാണല്ലോ എന്നെനിക്കു തോന്നിപ്പോയി. കഷ്ടിച്ചു രണ്ടുപുറം അതിക്ലേശം സഹിച്ചു ഞാൻ വായിച്ചു. ആഖ്യാനത്തിന്റെ പ്രാഥമികപാഠങ്ങളറിഞ്ഞുകൂടാതെ പലതും എഴുതി സങ്കീർണ്ണത സൃഷ്ടിക്കുന്ന ആ രചനയുടെ അന്ത്യംവരെപോകാൻ എനിക്കു കഴിഞ്ഞില്ല. തമ്പുരാട്ടി തമ്പുരാന്റെ ചാളുവകണ്ട് അയാൾ അയോഗ്യനാണെന്നു ശരിയായി തീരുമാനിച്ചതുപോലെ പര്യവസാനംവരെ ചെന്നാലും ഗുണമൊന്നും കാണുകില്ല എന്നു തീരുമാനിച്ച് ഞാൻ പാരായണം നിറുത്തി. കഥ മുഴുവൻ വായിക്കാതെ ഇങ്ങനെ പരിഹസിക്കുന്നതു ശരിയോ എന്ന ചോദ്യമുണ്ടാകാം. ആ ചോദ്യം ചോദിക്കുന്നവരോട് ഭർത്താവിന്റെ ഒഴുകുന്ന ഉമിനീരുകണ്ട് വെറുപ്പുകാണിച്ച തമ്പുരാട്ടിയെ നോക്കാൻ ഞാൻ സവിനയം അഭ്യർത്ഥിക്കുന്നു.

മാർകേസ്

ദുബായിൽ ജോലിനോക്കുന്ന ശ്രീ. കെ. എസ്. നായർ എനിക്കു ദയാപൂർവം അയച്ചുതന്ന ഒരു ലേഖനത്തിൽ മാർകേസിന്റെക്കുറിച്ച് അറിയേണ്ട പല കാര്യങ്ങളുമുണ്ട്. David Streitfeld എഴുതിയ The Intricate Solitude of Marquez എന്നതാണു ദൈർഘ്യമാർന്ന ആ ലേഖനം. സാഹിത്യകാരന്മാർ പലപ്പോഴും തങ്ങളുടെ രചനകളിലേ മനുഷ്യസ്നേഹികളായിരിക്കുകയുള്ളൂ. മാർകേസ് അങ്ങനെയല്ല. ഫിക്ഷനിലെന്നപോലെ പ്രായോഗികജീവിതത്തിലും അദ്ദേഹം സഹാനുഭൂതിയുള്ള ആളാണു~. ക്യൂബയിലെ രണ്ടു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്തു. “രണ്ടായിരത്തിലധികം രാഷ്ട്രീയ തടവുകാരെ എന്റെ ശ്രമംകൊണ്ട് ഞാൻ മോചിപ്പിച്ചു. ഞാൻ അതു നിശ്ശബ്ദനായി അനുഷ്ഠിക്കുകയും ചെയ്തു.” കാസ്റ്റ്രോയുമായുള്ള സ്നേഹബന്ധമാവാം മാർകേസിനെ ഇതിനു സഹായിച്ചത്. (സാ. വാ. ഫലക്കാരൻ)

മാർകേസിന്റെ ഭാര്യയാണു അദ്ദേഹത്തെ കടന്നുകയറുന്നവരിൽനിന്നു രക്ഷിച്ചുപോരുന്നത്. കടലാസ്സും സിഗരറ്റും വരെ അവരാണു വാങ്ങിവെക്കുക. സഹധർമ്മിണി ഇല്ലായിരുന്നെങ്കിൽ solitude താനെഴുതുമായിരുന്നില്ല എന്നാണു അദ്ദേഹം പറയുന്നത്. 15 വർഷം ആലോചിച്ചതിനുശേഷമാണു ഒരുദിവസം ആ നോവലിനെക്കുറിച്ച് ‘വിഷൻ’ ലഭിച്ചത് മാർകേസിന്. 18 മാസംകൊണ്ട് അത് എഴുതിത്തീർത്തു. അപ്പോൾ പണമില്ലാതെയായി. മാർകേസ് കാർ പണയം വച്ചു. ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നവനോടും വീട്ടുടമസ്ഥനോടും കടം പറഞ്ഞു, ഭാര്യ. പൂർണ്ണമായ നോവലിന്റെ പകുതിഭാഗം മാത്രം പ്രസാധകനു് അയക്കാനേ പണമുണ്ടായിരുന്നുള്ളൂ. ബാക്കിഭാഗമയക്കാൻ 80 Pesos വേണം. അതിനുവേണ്ടി മാർകേസ് വീട്ടിലെ mix master-ഉം ഭാര്യയുടെ hair dryer-ഉം പണയം വച്ചു. കെട്ടുകഥയെന്നു തോന്നുന്നുണ്ടോ? അല്ല. മാർകേസിന്റെ ജീവചരിത്രമെഴുതുന്ന Gerald Martin എന്ന ഇംഗ്ലീഷ് നിരൂപകൻ ഇതൊക്കെ ശരിയാണെന്നു കണ്ടുപിടിച്ചിരിക്കുന്നു. സ്പാനിഷേ മാർകേസ് സംസാരിക്കൂ. അദ്ദേഹത്തിനു ഇംഗ്ലീഷ് അറിഞ്ഞുകൂടാ. മാസങ്ങളോളം ശ്രമിച്ചാലേ അദ്ദേഹവുമായി അഭിമുഖസംഭാഷണം ഏർപ്പാടുചെയ്യാൻ കഴിയൂ. അതിനു പലരുടേയും സഹായം വേണം. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്തതിനാൽ ദു:ഖിക്കുന്ന ഈ മഹാനായ നോവലിസ്റ്റ് പറയുന്നു: “ഞാൻ മരണത്തെ പേടിക്കുന്നതുകൊണ്ടാണു് എഴുതുന്നത്. എഴുതിയില്ലെങ്കിൽ ഞാൻ മരിച്ചുപോകും.” (ലേഖനം ലോസാഞ്ചലസ് വാഷിങ്ടൺ പോസ്റ്റിൽ.)