close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 06 12


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 06 12
മുൻലക്കം 1998 06 05
പിൻലക്കം 1998 06 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇരുപതാം ശതാബ്‌ദത്തിലെ മഹത്തമങ്ങളായ നോവലുകളിൽ ഒന്നെന്നു വാഴ്ത്തപ്പെടുന്ന ‘life a User’s Manual’എഴുതിയ ഷൊർഷ് പെരക്കിന്റെ (Georges Perec 7-3-1936-3-1982)വേറൊരു വിശിഷ്ടമായ നോവലാണ് ‘W or The Memory of childhood’ എന്നത്. Spellbinding, Haunting, Compelling, Chilling എന്നൊക്കെയാണു നിരൂപകർ അതിനെ വിശേഷിപ്പിച്ചത്. പെരക്ക് നോവൽ പ്രസ്ഥാനത്തിലെ നവരീതിയുടെ സ്ഥാപകനുമാണ്.നൂതനരീതിയുടെ ഉപജ്ഞാതാവാണ് അദ്ദേഹമെങ്കിലും ഓരോ നോവലിലും ഓരോ കലാസങ്കേതമാണ് പ്രയോഗിക്കപ്പെട്ടത്. ഈ പ്രതിഭാശാലി ഇടവിടാതെ സിഗരറ്റ് വലിച്ചിരുന്നുവെന്നും അതുകൊണ്ട് കാൻസർ വന്നുവെന്നും അദ്ദേഹത്തിന്റെ ആപ്‌തമിത്രമായ ഷുവെ എന്നോടു പറഞ്ഞു. അകാലചരമം പ്രാപിച്ച അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പ്രതിഭയുടെ പരകോടി പ്രദർശിപ്പിക്കുന്ന എത്രയെത്ര നോവലുകൾ നമുക്കു കിട്ടുമായിരുന്നു.

ഫ്രഞ്ച് ഭാഷയിൽ എഴുതിയ ‘W’ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത ഡേവിഡ് ബെലോസ് പറയുന്നു. “ഇംഗ്ലീഷിലെന്ന പോലെ ഫ്രഞ്ചിലും അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ അക്ഷരം ഇരട്ട ‘വി’ യായി (double V)എഴുതപ്പെടുന്നു. ഒളിമ്പിക് ആദർശത്തിന്റെയും നഷ്ടപ്പെട്ട ശൈശവത്തിന്റെ കണ്ടുപിടുത്തത്തിന്റെയും ഇരട്ടക്കഥകളെ സൂചിപ്പിക്കുന്ന നോവലിന്റെ പേരിന് ’യു’ (U) എന്ന അക്ഷരത്തിന്റെ ശബ്‌ദവുമായി ഒരു ബന്ധവുമില്ല. അതു ഡബ്ൾ യു എന്നല്ല ഡബ്ല് വി എന്നാണ്” വായനക്കാർക്ക് അർത്ഥഗ്രഹണത്തിന് ക്‌ളേശം ഉണ്ടാകുന്നുണ്ടോ? എങ്കിൽ ഒന്നുകൂടെ സ്‌പഷ്ടമാക്കാൻ ശ്രമിക്കാം. ഡ്ബ്‌ൾ വി (Double-Ve)ശ്ലേഷാർത്ഥത്തിലുള്ള പ്രയോഗമാണ്. ഫ്രഞ്ചിൽ (Double Vie)എന്നതിന് ഇരട്ടജീവിതമെന്നാണ് അർഥം. പെരക്ക് ഒന്നിടവിട്ട അദ്ധ്യായങ്ങളിൽ രണ്ടുകഥകൾ പറയുന്നു. ഒന്നു തന്റെ നഷ്ടമായിപ്പോയ ജീവിതത്തിന്റെ കഥ. രണ്ട് തെക്കേയമേരിക്കയുടെ തെക്കേയറ്റത്തുള്ള തീയറഡെൽ ഫ്യൂയാഗ്ഗോ ((Tierrdel Fuego) എന്ന അനേകം ദ്വീപുകളിലെ W എന്ന സാങ്കല്‌പിക ദ്വീപിൽ നടക്കുന്ന ഹൃദയഭേദകമായ കഥ.

കഥപറയുന്ന ആൾ ഗസ്‌പാർഡ് വിങ്ക്‌ളെറാണ്(Gaspard Winkler)പതിനാറാമത്തെ വയസ്സിൽ നാടുവിട്ടുപോയ അയാൾ പട്ടാളത്തിൽ ചേർന്നു. അവധിക്കാലത്ത് അയാൾ ഒളിച്ചോട്ടം നടത്തി. അധികാരികളുടെ പിടിയിൽ പെടാതെ അയാൾ ജർമ്മനിയിലെത്തി കഴിഞ്ഞുകൂടുകയാണ് ഗസ്‌പാർ വിങ്ക്‌ളെർ എന്ന കള്ളപ്പേരിൽ. അങ്ങനെ പാർക്കുമ്പോൾ അയാൾക്കു പരിചയമൊട്ടുമില്ലാത്ത ഓറ്റോ എന്നൊരാൾ അയാളെക്കണ്ടു ചോദിച്ചു: “നിങ്ങൾക്ക് ഈ പേരുതന്ന ആളിനു എന്തു സംഭവിച്ചുവെന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?” ഈ ചോദ്യം കേട്ട് വിങ്ക്‌ളർ അമ്പരന്നു. ഓറ്റോ വിശദീകരണം നല്‌കി. മൂകനും ബധിരനും ആയ എട്ടുവയസ്സുള്ള ഗസ്‌പാർഡ് വിങ്ക്‌ളെർ എന്നൊരു കുട്ടി അവന്റെ അമ്മയും മറ്റുള്ളവരുമായി യാനപാത്രത്തിൽ പോകുമ്പോൾ തീയറഡെൽ ഫ്യൂയാഗോ ദ്വീപുകൾക്കടുത്തുവച്ച് കടലിൽ മുങ്ങിപ്പോയി. ഗസ്‌പാർഡ് വിങ്ക്‌ളെർ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അയാൾ പോയി അറിയണം എന്നാണ് ഓറ്റോയുടെ നിർദ്ദേശം. അങ്ങനെ പട്ടാളത്തിൽ നിന്ന് ഒളിച്ചോടി ജർമ്മനിയിൽ കഴിഞ്ഞുകൂടുന്ന വിങ്ക്‌ളെർ W എന്ന ദ്വീപിൽ എത്തുന്നു. കടലിൽ മുങ്ങിപ്പോയ കുട്ടി വിങ്ക്‌ളറെക്കുറിച്ചുള്ള അന്വേഷണം അതോടെ തീരുന്നു. കഥ പറയുന്ന വിങ്ക്‌ളെർ ദ്വീപിന്റെ രീതികളും അവിടത്തെ ഭരണക്രമങ്ങളുമാണ് പിന്നീട് വിശദീകരിക്കുന്നത്.

കായികവിനോദമാണ് ‘W’ദ്വീപിൽ പ്രധാനമായും നടക്കുന്നത്. വർഷത്തിലൊരിക്കൽ ഒളിമ്പിയഡ്‌സ്, മൂന്നു മാസത്തിലൊരിക്കൽ സ്‌പാർടകിയഡ്‌സ്. മാസത്തിലൊരിക്കൽ അറ്റ്‌ലാന്റിയഡ്‌സ്. മത്സരബുദ്ധിയെ വർദ്ധിപ്പിക്കാനോ വിജയത്തെ പ്രകീർത്തിക്കാനോ ആണ് ‘W’ദ്വീപിൽ കായിക വിനോദങ്ങൾ സർക്കാർ നടത്തുക. വിനോദത്തിനു വേണ്ടിയുള്ള നേട്ടമാണു സർക്കാരിന്റെ ലക്ഷ്യം. കായികാഭ്യാസി തോറ്റാൽ പ്രേക്ഷകർ മാപ്പുകൊടുക്കില്ല. അവർക്കു വിജയമില്ലാതെ വേറൊന്നും സങ്കല്‌പിക്കാൻ വയ്യ. തോറ്റവരെ ‘പട്ടിണിക്കിട്ട്’ ശിക്ഷിക്കുകയും ചെയ്യും.

‘W’ദ്വീപിലെ യുക്‌തിക്കു യോജിച്ച വിധത്തിലാണു സംജ്ഞാനാമങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. കായികാഭ്യാസി വിജയം മാത്രമാണ്. അയാൾക്കു പേരുവേണ്ട. അയാൾ പരാജയപ്പെട്ടാൽ പ്രേക്ഷകർ കല്ല്, പൊട്ടിയ കുപ്പി, ഇരുമ്പു കഷണം ഇവയൊക്കെ അയാളുടെ നേർക്ക് എറിയും. വിനോദം ക്രൂരതയിലേക്കു ചെല്ലുന്നതു നോക്കുക:

Or again when a race is in full swing, a deceptive Referee may sometimes shout ‘STOP’: the conpetitors must then stand stock still, freeze, usually in an unbearable posture, and the one who holds still longest will probably be declared the winner.

‘W’ ദ്വീപിലെ നിയമം ഒടുങ്ങാപ്പകയാർന്നതാണ്. ബദ്ധവൈരമാർന്നതാണ്. പക്ഷേ എങ്ങനെ പ്രയോഗിക്കപ്പെടുമെന്നും പറയാൻ വയ്യ. കായിക വിനോദത്തിൽ പങ്കുകൊള്ളുന്നവൻ ജയിച്ചേ മതിയാവൂ. ജയിച്ചാൽ അഭിനന്ദിക്കും. തോറ്റാൽ ശിക്ഷ കൊടുക്കും. പക്ഷേ ഓട്ടത്തിൽ ഏറ്റവും പിറകേ എത്തുന്നവനെ ചിലപ്പോൾ വിജയിയായി പ്രഖ്യാപിച്ചേക്കും. അന്ന് ആ രീതിയിലായിരിക്കും തീരുമാനിക്കുന്നത് അധികാരികൾ.

‘W’ ദ്വീപിലെ സ്ത്രീകളെ താമസിപ്പിച്ചിരിക്കുന്നതു സവിശേഷമായ രീതിയിലാണ്. അവർക്കായുള്ള വാസസ്ഥലങ്ങളുണ്ട്. എപ്പോഴും അധികാരികൾ അവരെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾ ഓടിപ്പോകുമെന്ന പേടിയാലല്ല ആ സൂക്ഷിപ്പ്. അവിടത്തെ പെണ്ണുങ്ങൾ അടക്കമുള്ളവരാണ്. ബാഹ്യലോകത്തെക്കുറിച്ചു അവർക്കു പേടിയുമുണ്ട്. കർശനനിയമങ്ങളുണ്ടെങ്കിലും കായികാഭ്യാസികൾ സ്ത്രീകളുടെ വസതികളിൽ കടന്നു ചെല്ലാൻ ശ്രമിക്കാറുണ്ട്. വീടുകളുടെ ചുറ്റുമായി വിദ്യുച്ഛക്തി പ്രവഹിപ്പിച്ച വേലിയുണ്ട്. അതിനടുത്തുവച്ചാണ് സ്പോർട്സ്‌മാൻ-കളിക്കാരൻ-അറസ്റ്റ് ചെയ്യപ്പെടുന്നതെങ്കിൽ അയാളെ ഉടനെ വധിക്കും. അതിനു പിറകിലുള്ള Patrol Zone കടന്നെന്നിരിക്കട്ടെ അയാൾ. എങ്കിൽ ഏതാനുമാഴ്ചത്തെ ഏകാന്തത്തടവേ കിട്ടൂ. അകത്തെ ഭിത്തി താണ്ടിയാൽ ചൂരൽ വടി കൊണ്ടുള്ള അടിയാവും ശിക്ഷ. അതല്ല സ്ത്രീകൾ താമസിക്കുന്നിടത്തു തന്നെ കടന്നു ചെല്ലാൻ കളിക്കാര കഴിഞ്ഞാൽ സെൻട്രൽ സ്റ്റേഡിയത്തിൽ അയാളെ കൊണ്ടുവന്നു Honorary Casanova എന്ന ബിരുദം നൽകി മാനിക്കും. (കാസാനോവാ ഇറ്റലിയിലെ കുപ്രസിദ്ധനായ വ്യഭിചാരി. കാലം 1725-1798-ലേഖകൻ) ദ്വീപിൽ അഞ്ഞൂറു സ്ത്രീകളിലധികം പാടില്ലെന്നാണു സർക്കാർ നിയമം. അഞ്ചുപെൺകുട്ടികൾ ജനിച്ചാൽ ഒരെണ്ണം മാത്രമേ ജീവനോടെ കഴിയൂ. മറ്റുള്ളവയെ കൊന്നു കളയും.

മർദ്ദനമുറകൾ ഭയജനകങ്ങളാണ് “…they see them (Athletes) collapse on to the ground, where they lie with their mouths open…” “Very few attempt suicide, very few go really mad. Some never stop howling, but most of them keep silent, obstinately”

എന്തൊരുഭീതിദമായ ദ്വീപാണു ‘W’.

ഒന്നിടവിട്ട് അധ്യായങ്ങളിൽ പെരക്ക് ആത്മകഥ പറയുകയാണെന്നു് മുൻപ് എഴുതിയല്ലോ. അതിലെ ശ്രദ്ധേയങ്ങളായ വസ്തുതകൾ പോലും ഇവിടെ എടുത്തു കാണിക്കാൻ സ്ഥലമില്ല. പോളണ്ടിലെ ഔഷ്‌വിറ്റ്സ് (Auschwitz) തടങ്കൽപ്പാളയത്തിൽ വച്ചാണ് രണ്ടര ദശലക്ഷം ജൂതന്മാരോടൊപ്പം പെരക്കിന്റെ അമ്മയും കൊല്ലപ്പെട്ടത്. ആ അമ്മയുടെ മകനെഴുതുന്ന ആത്മകഥ എത്രത്തോളം ഹൃദയഭേദകമായിരിക്കുമെന്നു വായനക്കാർക്കു ഊഹിക്കാവുന്നതേയുള്ളൂ. വിശ്രുതനായ ഫ്രഞ്ച് സാഹിത്യകാരൻ റെമോങ് കെനോ (Raymond Queneau 1903-1976) പറഞ്ഞ ഒരു വാക്യം നോവൽ തുടങ്ങുന്നതിനു മുൻപ് പെരക്ക് ഉദ്ധരിച്ചിട്ടുണ്ട്. “That mindless mist where shadows swirl, how could I pierce it?” നിഴലുകൾ ചുഴറ്റുന്ന മൂടൽമഞ്ഞിനെ കുത്തിക്കീറുന്നതെങ്ങനെയെന്നു പെരക്ക് സംശയിക്കുന്നെങ്കിലും സുവ്യക്തങ്ങളായ ജീവിതചിത്രങ്ങൾ ഈ ആത്മകഥാഭാഗത്തുണ്ട്.

‘W’ ദ്വീപ് നാസ്തികളുടെ പ്രദേശമാണെന്നതു വ്യക്തം. അവരുടെ ക്രൂരതകളെയും കൊലപാതകങ്ങളെയും കായിക വിനോദങ്ങളുടെ സവിശേഷതകളിലൂടെ പെരക്ക് ആവിഷ്കരിക്കുന്നു. രണ്ടിനെയും അദ്ദേഹം വിദഗ്ദ്ധമായി കൂട്ടിയിണക്കി തന്റെ ജീവിതകഥ തന്നെയാണ് ദ്വീപിലെ ആളുകളുടെയും ജീവിതകഥയെന്നു വ്യക്തമാക്കുന്നു. രണ്ടു V അക്ഷരങ്ങളുടെ മുനയുള്ള ഭാഗങ്ങൾ കൂട്ടിവച്ചാൽ X (എക്സ്) എന്ന അക്ഷരമാകും. X അക്ഷരത്തിന്റെ അറ്റങ്ങൾ ലേശം ദീർഘിപ്പിച്ചാൽ നാസ്തികളുടെ സ്വസ്തികയായി. Double Vie ഇരട്ടജീവിതമാണല്ലോ. നോവലിലെ ആത്മകഥയും ദ്വീപിലെ കഥയും ദ്വന്ദ്വഭാവങ്ങൾ ഉള്ളതാണെങ്കിലും ഒന്നുതന്നെ. അതിനെ നാസ്തികളുടെ സ്വസ്തിക അടയാളത്തോടു ബന്ധപ്പെടുത്തി തന്റെ കാലത്തിന്റെ ഭയങ്കരത്വത്തെ പെരക്ക് ചിത്രീകരിക്കുന്നു. ഇത്തരം കൃതികൾ വായിക്കുമ്പോഴാണ് നമ്മൾ ഉത്കൃഷ്ട സാഹിത്യത്തെക്കുറിച്ച് അറിയുന്നത്.

ചോദ്യം, ഉത്തരം

Symbol question.svg.png യൗവനമോ വാർദ്ധക്യമോ കൂടുതൽ കാലം നിൽക്കുന്നത്?

വാർദ്ധക്യം എന്നൊരവസ്ഥയേയില്ല. എൺപതു വയസ്സായവന്റെ മനസ്സും യൗവനത്തിന്റേതാണ്.(യൗവനമെന്നേ എഴുതാവൂ. യൗവ്വനം തെറ്റ്.)

Symbol question.svg.png ഞാൻ ഡോക്ടറാണ്. എന്റെ ജോലിക്കു ചേർന്ന ഒരു ഉപദേശം തരാമോ?

മരിക്കാൻ ആഗ്രഹിക്കുന്ന ആളിനെ താങ്കൾ ജീവിപ്പിക്കരുത്. മരണം സുനിശ്ചിതമാണെന്നു കണ്ടാൽ രക്തം കൂടെക്കൂടെ മാറ്റിയും ഡയാലിസിസ് നടത്തിയും കഷ്ടപ്പെടുത്തരുത്. പാവം ജയപ്രകാശ് നാരായണനെ ഡോക്ടർമാർ എത്രമാത്രം ഉപദ്രവിച്ചു.

Symbol question.svg.png ഇംഗ്ലിഷ് ഭാഷയെ ഗളഹസ്തം ചെയ്യേണ്ടതല്ലേ?

ഈസ്റ്റിൻഡ്യ കമ്പനിയും പീന്നിട് വിക്ടോറിയ രാജ്ഞിയും ഇംഗ്ലിഷ് ഭാഷ ഇന്ത്യയിൽ അടിച്ചേൽപ്പിച്ചതാണെങ്കിലും അത് ഉപകാരപ്രദമായതേയുള്ളൂ. സമ്പന്നതയും ഭംഗിയും ഉള്ളതാണ് ആ ഭാഷ. അതാണ് നമ്മളെ സംസ്കാരമുള്ളവരാക്കിയത്. മലയാളം മാത്രം പഠിച്ചാൽ നമ്മൾ കാടത്തത്തിലേക്കു പോകും. ഇംഗ്ലീഷ് വിദേശിയുടെ ഭാഷയല്ല. നമ്മുടെ ‘മാതൃഭാഷ’ തന്നെയാണ്. ലോകമാകെ ഇംഗ്ലീഷ് ഭാഷയ്ക്കാണു പ്രാധാന്യം.

Symbol question.svg.png അസാധാരണമായ ബുദ്ധിശക്തി. അസാധാരണമായ നിഷ്കളങ്കത-ഇവയിൽ നിങ്ങൾ ഏതിനെ ആരാധിക്കുന്നു?

ബുദ്ധി കൂടിയവൻ എപ്പോഴും ദുഷ്ടനായിരിക്കും. പൊലീസുകാരന്റെ കൈയിൽ അകപ്പെട്ട കുഞ്ഞ് പലഹാരക്കടയിലേക്കു വിരൽ ചൂണ്ടുന്നുവെന്ന ജാപ്പാനീസ് പഴഞ്ചൊല്ലിലെ നിഷ്കളങ്കതയാണ് എനിക്കിഷ്ടം

Symbol question.svg.png ബഹുമാനിക്കേണ്ട ഉദ്യോഗസ്ഥനാര്?

ഹെഡ്‌മാസ്റ്റർ. കോളേജ് പ്രിൻസിപ്പലിനെക്കാൾ ഞാൻ ബഹുമാനിക്കുന്നത് സ്ക്കൂൾ ഹെഡ്‌മാസ്റ്ററെയാണ്. കൈനിക്കര കുമരപിള്ള. രാമൻ നമ്പീശൻ (പിന്നീട് കൊട്ടാരത്തിലെ സർവാധികാര്യക്കാരായി) ഇവർ ഏതു പ്രിൻസിപ്പലിനെക്കാളും ഉന്നതരാണ്.

Symbol question.svg.png നിങ്ങളുടെ ഒരു പുസ്തകത്തെയും നിങ്ങളെയും വിമർശിച്ചിരിക്കുന്നല്ലോ ഒരു വാരികയിൽ. എന്താണ് അഭിപ്രായം?

ഞാൻ ആ വാരിക നോക്കാതെയായിട്ടു കാലമേറെയായി. നിങ്ങളുടെ ചോദ്യം കിട്ടിയതിനുശേഷം ഞാൻ അതു തേടിപ്പിടിച്ചു വായിച്ചു. അതിലെ ലേഖനം വിമർശനമല്ല. ആണുങ്ങൾ അന്തസ്സായി നിർവഹിക്കുന്നതാണ് വിമർശ


നം. പണ്ട് വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയെ ആക്ഷേപിച്ച് ശ്രീധരൻ (പേരു ഇതല്ല) മംഗളോദയം മാസികയിലെഴുതി. മുണ്ടശ്ശേരിയായിരുന്നു അതിന്റെ എഡിറ്റർ. മര്യാദകെട്ട ആ ലേഖനം വായിച്ച വൈലോപ്പിള്ളി പറഞ്ഞു: ‘ശ്രീധരനു തൃശ്ശൂരു വന്നപ്പോൾ അപ്പിയിടണമെന്നു തോന്നി. അടക്കാൻ വയ്യാതെയായപ്പോൾ അയാൾ പബ്ലിക് റോഡിൽ അതു ചെയ്യാൻ തയ്യാറെടുത്തു. അതുകണ്ട മുണ്ടശ്ശേരി അയാളോടു പറഞ്ഞു: “ശ്രീധര, റോഡിൽ അപ്പിയിടേണ്ടതില്ല. മംഗളോദയമുണ്ടല്ലോ. അവിടെക്കയറിയിരുന്ന് അപ്പിയിട്ടോ” ശ്രീധരൻ മുണ്ടശ്ശേരി മാഷ് പറഞ്ഞതുപോലെ പ്രവർത്തിച്ചു. ‘ശ്രീധരൻ നിർവഹിച്ച ആന്ത്രശുദ്ധീകരണം പോലുള്ള ഒരാന്ത്രശുദ്ധീകരണത്തെയാണോ നിങ്ങൾ വിമർശനമെന്നു വിളിക്കുന്നത്?’

എം. പി. നാരായണപിള്ളയുടെ കത്ത്

പ്രൊഫസർ എം. കൃഷ്ണൻ നായർ

തിരുവനന്തപുരം

17.1.1998

പ്രിയപ്പെട്ട കൃഷ്ണൻനായർ സാറിന്.

ഇതോടൊപ്പം ഒരു പുസ്തകം വയ്ക്കുന്നു.

കിഴക്കേമുറി ‘സർക്കാരുകാര്യം മുറപോലെ’ എന്ന കണക്കിന് പത്ത് പുസ്തകം അയച്ചു തന്നപ്പോൾ ആദ്യമൊരെണ്ണം സാറിനയയ്ക്കാൻ തോന്നി.

ഇതൊരു കടം വീട്ടാനാണ്

ആദ്യം സാറിനെ കാണാൻ വന്ന ദിവസം. പോരാൻ നേരത്ത് സാറ് ഒരു പുസ്തകം എടുത്ത് എന്റെ കയ്യിൽ തന്നു. പന്തളത്തുകാർ ഏതോ കുട്ടികൾ ഡി. ഡി. കൊസാംബിയുടെ ചില ലേഖനങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഞാനിങ്ങോട്ടു കൊണ്ടുവന്നു. മലയാളത്തിൽ വായിച്ചു തുടങ്ങിയപ്പോഴാണ് എനിക്ക് കൊസാംബിയുടെ ആഴം ഉള്ളിൽ തട്ടുന്നത്. തൽഫലമായി കൊസാംബിയുടേതായി അച്ചടിച്ചിറങ്ങിയ തൊട്ടുമുക്കാലും ഞാൻ വായിച്ചു കഴിഞ്ഞു. ഇന്ത്യാ ചരിത്രത്തിൽ പലതും ഞാൻ കാച്ചുന്നത് ഈ പ്രക്രിയയുടെ ഫലമായി നേടിയ ഉൾക്കാഴ്ചയിൽ നിന്നാണ്.

അതുകൊണ്ടീ പുസ്തകം ആ പഴയ കടംവീട്ടാനായിട്ടയച്ചു തരുന്നു- ആദരപൂർവം

എം. കൃഷ്ണൻനായർ എന്ന എഴുത്തുകാരനല്ല ഇത് സ്വീകരിക്കേണ്ടത്; എം. കൃഷ്ണൻനായർ എന്ന കൈപ്പുണ്യമുള്ള അദ്ധ്യാപകനാണ്.

അളക്കാൻ വയ്യാത്ത ഒരു ബ്രാഹ്മണ്യമാണല്ലോ അദ്ധ്യാപകവൃത്തി.

ആദരപൂർവം

സ്വന്തം

(ഒപ്പ്)

ps:മൂന്നാഴ്ചയോളമായി ഞാനൊരു മൗനവ്രതത്തിൽ സുഖിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടു വീട്ടിലെ ഫോൺ ഫാക്സ് ആയി മാറി. ‘വാമൊഴി’ ഒഴിവാക്കിയാലും ആപത്തൊന്നുമില്ല. ഞാൻ എഴുതുന്ന പുസ്തകം ഇതുവരെ ആർക്കും അയച്ചു കൊടുത്തിട്ടില്ല. വീട്ടിവരുന്നവരാരെങ്കിലും പൊക്കാറാണ് പതിവ്.

കുട്ടികൃഷ്ണമാരാർ ഒരിക്കൽ എന്നോടിങ്ങനെ പറഞ്ഞു: “നിങ്ങൾ ഒരു കത്തെഴുതിയാലും അതിൽ നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കണം.” എം. പി. യുടെ കത്തിന്റെ സവിശേഷത ഇതാണ്. അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വം ഈ കത്തിൽ പ്രതിഫലിക്കുന്നു. ഈ വ്യക്തിത്വം ഏതും കാണുന്ന, ഏതും ഉൾക്കുള്ളുന്ന തുറന്ന മനസ്സിന്റേതുമാണ്. അടഞ്ഞ മനസ്സ് ഒറ്റപ്പെട്ടിരിക്കുന്നു. വൈരുദ്ധ്യങ്ങൾ അതിലേറെക്കാണും. തന്റെ ഉറച്ച വിശ്വാസത്തിനോടു ചെർത്തു മാത്രമേ അടഞ്ഞ മനസ്സുള്ളയാൾ ജീവിതസംഭവങ്ങളെ വ്യാഖ്യാനിക്കൂ. അപഗ്രഥിക്കൂ. ഇവിടെയാണ് എം. പി. നാരായണപിള്ള ലക്ഷക്കണക്കിനുള്ള മറ്റെഴുത്തുകാരിൽ നിന്ന് വിഭിന്നനായി മാറി നിൽക്കുന്നത്. മാറി മാറി വരുന്ന യാഥാർത്ഥ്യങ്ങൾക്ക് അനുരൂപമായി അദ്ദേഹം മനസ്സിനെ പ്രകാശിപ്പിക്കുന്നു. നിക്ഷിപ്ത താല്പര്യങ്ങളെന്നും പക്ഷപാതങ്ങളെന്നും വിളിക്കുന്ന ദോഷങ്ങൾ എം. പി. നാരായണപിള്ളയ്ക്കു ഇല്ലായിരുന്നു. അതുകൊണ്ടാണ് ധിഷണാവിലാസം കാണിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ കേരളീയർക്ക് അഭിമതങ്ങളായത്. ധിഷണാ വൈഭവമുള്ളവർ സർഗ്ഗപ്രക്രീയയിൽ വ്യാപരിക്കണമെന്നില്ല. ഇവിടെയും അദ്ദേഹം വിഭിന്നനായി വർത്തിക്കുന്നു. അദ്ദേഹത്തിന്റെ ചെറുകഥകൾ അനുധ്യാനത്തിന്റെയും നൂതന മൂല്യ നിർമ്മിതിയുടെയും വികാരസ്ഫുടീകരണത്തിന്റെയും ഉത്തമങ്ങളായ ഉദാഹരണങ്ങളാണ്. ഒരു ധിഷണാശാലി പോയി. ഒരു നല്ല മനുഷ്യൻ പോയി.

ഒ. എൻ. വി. കുറിപ്പ്

ആശയങ്ങളെ ബിംബങ്ങളാക്കി ലയാനുവിദ്ധതയോടെ ശ്രീ. ഒ. എൻ. വി. കുറിപ്പ് കാവ്യം രചിക്കുമ്പോൾ അതു വായിക്കുന്ന എനിക്ക് ആഹ്ലാദം. ആ ആഹ്ലാദമാണ് അദ്ദേഹത്തിന്റെ ‘പകലറുതിയിൽ’ എന്ന മനോജ്ഞമായ കാവ്യം വായിച്ചപ്പോൾ എനിക്കുണ്ടായത്.

നായാട്ടുകാർ വേട്ടനായ്ക്കളെക്കൊണ്ടു മുയലുകളെ പിടിക്കുന്നതുപോലെ പദശ്വാനന്മാരെക്കൊണ്ട് ആശയങ്ങളെ നവീന കവികൾ പിടിപ്പിക്കുന്ന കാലയളവാണിത്. ഈ കാലയളവിൽ ആശയങ്ങളെ നവീനകവികൾ പിടിപ്പിക്കുന്ന് കാലയളവാണിത്. ഈ കാലയളവിൽ ആശയങ്ങളെ ബിംബങ്ങളാക്കി ലയാനുവിദ്ധതയോടെ ശ്രീ. ഒ. എൻ. വി. കുറിപ്പ് കാവ്യം രചിക്കുമ്പോൾ അതു വായിക്കുന്ന എനിക്ക് ആഹ്ലാദം. ആ ആഹ്ലാദമാണ് അദ്ദേഹത്തിന്റെ ‘പകലറുതിയിൽ’ എന്ന മനോജ്ഞമായ കാവ്യം വായിച്ചപ്പോൾ എനിക്കുണ്ടായത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്).

ജീവിതമാരംഭിക്കുകയാണ് അവർ. പ്രേമം മാത്രമേ അവർക്കു സമ്പത്തായുള്ളൂ. ജീവിതഭാരം ചുമന്നു മുന്നേറുമ്പോൾ അവർക്കു രസിക്കാൻ സമയമെവിടെ? എങ്കിലും ആ ക്ലേശങ്ങളിലൂടെ പ്രേമഭാജനത്തിന്റെ പ്രേമവും സൗന്ദര്യവും അനുഗ്രഹീതനായ കവി പ്രകാശിപ്പിക്കുന്നതിന്റെ ചാരുത കാണുക:

“അന്നു നിലാവിന്റെ ഭംഗിയെപ്പറ്റി നാം
ഒന്നും പറഞ്ഞില്ല. പൂത്തിരുവോണത്തി-
നൊന്നിച്ചു പുത്തരിപ്പായസമുണ്ടില്ല.
പിന്നെ നിൻ കൈകൾ തെറുത്തൊരു വെറ്റില
തിന്നെന്റെ ചുണ്ടു തുടുത്തില്ലൊരുഞ്ഞാലിൽ
ഒന്നിച്ചിരുന്നാടിയില്ലാ. നുണക്കുഴി
ചന്തം തെളിയാൻ കളിവാക്കു ചൊല്ലി ഞാൻ
നിന്നെ ചിരിപ്പിച്ചുമില്ല…”

ദൗർഭാഗ്യങ്ങളുടെ പരുക്കൻ വസനം. എങ്കിലും അതിൽ പ്രേമത്തിന്റെ കസവ് പൊന്നൊളി ചാർത്തുന്നു. അതിന്റെ തിളക്കം കണ്ടു കണ്ണഞ്ചി രണ്ടുപേരും മുന്നോട്ടു പോകുമ്പോൾ കൂടെപ്പിറപ്പുകളും കഞ്ഞുങ്ങളും അവരുടെ ജീവിതപഥത്തിലൂടെ സഞ്ചരിക്കുന്നു. അവരുടെ സുശോഭവമായ ജീവിതം രണ്ടുപേർക്കും പുളകപ്രദം. എന്നാലും അവരുടെ സാന്നിദ്ധ്യമില്ല. ഒരു ഇംഗ്ലീഷ് കവി പറഞ്ഞതുപോലെ അവരിടെ മുഖങ്ങളിൽ വിഷാദത്തിന്റെ ശോഭ. ആ ശോഭയോടെ അവർ പ്രാവുകളെ നന്മണി കൊടുത്ത് തങ്ങളോട് അടുപ്പിക്കുന്നു. അവർ അത് കൊത്തിത്തിന്നുകൊണ്ട് കൃതജ്ഞത കാണിക്കുന്നു. പക്ഷേ പണ്ടു പ്രേമഭാജനം നെഞ്ചോടു ചേർത്തു മാമൂട്ടിയ പൊന്നുംകുടങ്ങളെപ്പോലെ അകന്നുപോകാൻ അവ സന്നദ്ധരായിരിക്കുന്നു. അവയെ പറത്താൻ അവർക്കു കൗതുകം. എന്നാൽ ‘വയ്യ വയ്യാ നമുക്കൊന്നും പറക്കുവാൻ’ ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരാവസ്ഥയും മനുഷ്യന്റെ നിസ്സഹായാവസ്ഥ

യും ഓ. എൻ. വി. ഈ അഞ്ചു വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. ഇതു വായിച്ചപ്പോൾ എന്റെ ജീവിതാവബോധത്തിന് തീക്ഷ്ണതയുണ്ടായി. ധന്യാത്മകമായ കാവ്യമാണിത്. മനോഹരമായ പദസന്നിവേശം. അത് ലയാത്കമായ രീതിയിലും. നക്ഷത്രത്തിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ കോടാനുകോടി പ്രകാശവർഷങ്ങൾക്ക് ശേഷമേ ഭൂമിയിലെത്തൂ. ഈ കാവ്യനക്ഷത്രത്തിൽ നിന്ന് വരുന്ന സൗന്ദര്യത്തിന്റെ മയൂഖങ്ങൾ പൊടുന്നനെ നമ്മളെ തഴുകുന്നു.

എന്നോട് അവർ പറഞ്ഞു

1. ആരുവാങ്ങുമിന്നാരുവാങ്ങുമിയാരാമത്തിന്റെ രോമാഞ്ചം? രോമാഞ്ചം മുറിച്ച് ഇലയിൽ വച്ചുകൊണ്ട് നടക്കുകയാണോ പെണ്ണ് — ഡോ. എ. ജി. കൃഷ്ണവാരിയർ (യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസ്സറായിരുന്നു).

2. The driest fellow in the world — ഡോ. എ. ജി. കൃഷ്ണവാരിയരെക്കുറിച്ച് പ്രൊഫ. എൻ. കൃഷ്ണപിള്ള.

3. ജി. ശങ്കരക്കുറുപ്പിന്റെ കവിത കവിതയല്ല, അതൊരു ടെക്നിക്കാണ് — എൻ. ഗോപാലപിള്ള

4. നിങ്ങൾ നാട് നന്നാക്കാൻ ശ്രമിക്കണം — പട്ടം താണുപിള്ള മരണശയ്യയിൽ കിടന്നുകൊണ്ട്

5. വേദനയ്ക്ക് പീഡ, ദുഃഖം എന്ന അർഥമില്ല. അറിവ് അല്ലെങ്കിൽ അനുഭവം എന്നാണ് ആ വാക്കിന്റെ അർഥം — പ്രൊഫ. എം. എച്ച്. ശാസ്ത്രികൾ ‘വേദനാജനകം’ എന്ന് ഞാനെഴുതിയത് വായിച്ചിട്ട്.

6. കുമാരനാശാന്റെ ‘നളിനി’യിലെ സന്ന്യാസിയെ ദിവാകരൻ എന്നു വിളിക്കുന്നത് തെറ്റാണ് — പ്രൊഫ. ബാലരാമപ്പണിക്കർ.

7. അയാൾക്കൊരു പത്രമുണ്ടെന്ന് വിചാരിച്ച് എനിക്ക് പറയാനുള്ളത് പറയാതിരിക്കനൊക്കുമോ? കൃഷ്ണൻ നായരേ നിങ്ങളൂം ഈ തത്വമനുസരിച്ച് ജീവിക്കണം. പറയാനുള്ളത് പറയണം – സി. എൻ. ശ്രീകണ്ഠൻ നായരെ ഒരു സദസ്സിൽ വച്ച് ആക്ഷേപിച്ച് എൻ. ഗോപാലപിള്ള ഏതാണ്ട് വൾഗറായ ഒരു ലേഖനമെഴുതി. ശ്രീകണ്ഠൻ നായർ പ്രതികാര നിർവ്വഹണം നടത്തി. അതു വായിച്ച എൻ. ഗോപാലപിള്ള പറഞ്ഞതാണിത്.

വിചാരങ്ങൾ

1. ദശരഥന്റെ ഭാര്യമാരായിരുന്നു, കൗസല്യയും കൈകേയിയും, സുമിത്രയും എന്ന് എഴുതുന്നവരെ ഒരു നിരൂപകൻ പരിഹസിച്ചിട്ടുണ്ട്. മലയാള ഭാഷ പറയേണ്ടതെങ്ങനെ, എഴുതേണ്ടതെങ്ങനെ എന്ന് അറിവില്ലാത്തവരാണ് ഈ ‘വാതുറക്കലുകൾ’ നടത്തുന്നത്. വായനാശീലം എന്നത് ഇതുപോലെയൊരു പ്രയോഗമാണ്. അടുത്ത കാലത്ത് ഒരു വാരികയിൽ ഇങ്ങനെയൊരു പ്രയോഗം കണ്ടു: ‘വായനാമുറി’ അങ്ങനെയുമുണ്ടോ ഒരു മുറി? ഇത് വെറുമൊരു വാതുറക്കലല്ല. അണ്ണാക്ക് അന്യൻ കാണൂന്ന മട്ടിലുള്ള വാപൊളിക്കലാണ്.

2. ശാസ്ത്രീയങ്ങളായ കണ്ടുപിടിത്തങ്ങളെ ഭദ്രതരമാക്കാം. ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടികൾക്ക് ആ മാറ്റം വരുത്താനൊക്കുകയില്ലെന്ന് ഐസക് ബാഷേവീസ് സിങ്ങർ പറഞ്ഞിട്ടുണ്ട്. ഗീതങ്ങളൂടെ ഗീതങ്ങളെയോ (Song of songs) ഹോമറിന്റെ ഇലിയഡിനെയോ ദസ്തയെവ്സ്കിയുടെ Crime and Punishment – നെയോ മൈക്കലാഞ്ചലോയുടെ ‘മോസസി’നെയോ ആർക്കും ഉത്കൃഷ്ടതരമാക്കാൻ സാധിക്കില്ല. ‘മേഘസന്ദേശ’ത്തെ, ‘രഘുവംശത്തെ’ കൂടുതൽ മോടി പിടിപ്പിക്കാൻ ആർക്കാവും. ഈ സത്യം മാനദണ്ഡമോ ഉരകല്ലോ ആയി സ്വീകരിക്കാം. നമ്മുടെ മഹാകവികളൂടെ കാവ്യങ്ങൾ വേറൊരു പ്രതിഭാശാലിക്ക് ഇംപ്രൂവ് ചെയ്യാൻ കഴിയും എന്നത് അവയുടെ അപ്രധാനതയെയാണ് കാണിക്കുന്നത്.