close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 02 12


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1999 02 12
മുൻലക്കം 1999 02 05
പിൻലക്കം 1999 02 19
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തെക്കൻ കൊറിയയിൽ 1948-ൽ ജനിച്ച യീ മൂൻ-യൊൽ (Yi Mun-Yol) ഇന്ന് ലോകവിശ്രുതനായ നോവലിസ്റ്റാണ്. വടക്കൻ കൊറിയയിൽ അദ്ദേഹത്തിന്റെ നോവലുകൾക്ക് പ്രവേശമില്ല. എങ്കിലും മൂൻ-യൊല്ലിന്റെ കൃതികൾക്ക് ഫ്രാൻസിൽ പ്രചാരമുണ്ട്. മുപ്പതോളം ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിക്കഴിഞ്ഞു. തെക്കൻ കൊറിയയിൽ ആ കൃതികളുടെ ആറു ദശലക്ഷം പ്രതികൾ വിറ്റുപോയി. മൂൻ-യൊല്ലിന്റെ ‘The Poet’ എന്ന നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ ഇംഗ്ലണ്ടിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു (The Poet - Yi Mun-Yol - Translated from the Korean and with notes by Chong-Whachung and Brother Anthoney of Taize - The Harvill Press, London, Pages 207, £ 6.95).

പത്തൊൻപതാം ശതാബ്ദത്തിൽ തെക്കൻ കൊറിയയിലെ സോൽ നഗരത്തിൽ (Seoul) ജനിച്ച കീം പ്യോങ്-യൊൻ (Kim Pyong-Yon) എന്ന കവിയുടെ ജീവിതത്തെ ഭാവനാത്മകമായി ചിത്രീകരിക്കുന്ന മനോഹരമയ നോവലാണ് The Poet. കവി അങ്ങനെ അലഞ്ഞുതിരിയുമ്പോൾ വജ്രപർവ്വതത്തിൽ വച്ച് ‘വൃദ്ധമദ്യപനെ’ (Old Drunkard എന്നു നോവലിൽ) കാണുന്നു. അദ്ദേഹം കവിയോടു ചോദിച്ചു: “പൂക്കൾ വിടരുന്നത് രാജാവിനു വേണ്ടിയാണോ? പക്ഷികൾ പാടുന്നത് ആചാര്യന്മാരുടെ മേന്മകളെ വാഴ്ത്താനാണോ? ഭരണകർത്താക്കൾ തെറ്റു ചെയ്യുന്നതുകൊണ്ടാണോ മേഘങ്ങൾ ഒരുമിച്ചുകൂടുന്നത്? പ്രജകളുടെ പരാതികൾ കേട്ടിട്ടാണോ മഴ പെയ്യുന്നത്? നീതിയെ ബഹുമാനിക്കാനാണോ സൂര്യാസ്തമയം സുന്ദരമാകുന്നത്? ദലങ്ങൾ ഊർന്നുവീണുകൊണ്ടിരിക്കുന്ന വസന്തകാല ദിനത്തിന്റെ വിഷാദം രാഷ്ട്രത്തിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ഉത്കണ്ഠയാലാണോ ഉണ്ടാകുന്നത്? ഇലകൾ പൊഴിയുന്ന ശരൽകാല നിശീഥിനിയുടെ വിഷാദം അച്ഛനമ്മമാരുടെ സങ്കടത്താലാണോ ഉണ്ടകുന്നത്?” ഈ ചോദ്യം കേട്ട് കവി വൃദ്ധമദ്യപനോട് ചോദിച്ചു: “അങ്ങനെയാണെങ്കിൽ സർ അങ്ങയുടെ അഭിപ്രായത്തിൽ യഥാർത്ഥമായ കവിതയെന്താണ്?” വൃദ്ധമദ്യപൻ മറുപടി നൽകി: “യഥാർത്ഥമായ കവിത അതിന്റെ മേന്മ കൊണ്ടുമാത്രം നിൽക്കുന്നു. അതിന് അധികാരികളുടെ അടിമപ്പണി ചെയ്യേണ്ടതില്ല. ധനികരുടെ വികാരങ്ങളെ അതിനു നോക്കേണ്ടതില്ല. ദരിദ്രരുടെ വെറുപ്പിനെ അതിനു പേടിക്കേണ്ടതില്ല. ശരി എന്നതിന്റെ അളവുകോൽ കൊണ്ട് അതിനെ അളക്കേണ്ടതില്ല. സത്യത്തിന്റെ ത്രാസ്സിൽ അതിനെ വച്ചു തൂക്കേണ്ടതുമില്ല. അതു ആത്മനിയന്ത്രണവിധേയമാണ്. അതു സ്വയം പര്യാപ്തത ഉള്ളതാണ്.”

കവിക്ക് ഈ മതങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം അവിടം വിട്ടുപോകുമ്പോൾ വൃദ്ധമദ്യപൻ അവിടെയിരിക്കുന്നതു കാണുകയുണ്ടായി. പ്രകൃതിദൃശ്യങ്ങളും അദ്ദേഹവും തമ്മിൽ സമ്പൂർണ്ണമായ ഐക്യമുണ്ടെന്നു കവിക്കു തോന്നി.

കവി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് അലയുകയാണല്ലോ. അമ്മയുടെ അടുക്കലേക്ക് അച്ഛനെ കൊണ്ടുപോകാൻ മകൻ അവിടെയെത്തി. അച്ഛനെ വിടാതെ പിൻതുടർന്നു മകൻ. ഉറങ്ങുമ്പോഴും അവൻ സ്വന്തം വസ്ത്രം അച്ഛന്റെ വസ്ത്രവുമായി കൂട്ടിക്കെട്ടി. “അച്ഛന് എല്ലാം കൊള്ളാം. ജീവിതകാലം മുഴുവൻ അലഞ്ഞുതിരിഞ്ഞു ആഹ്ലാദിക്കുന്നു അങ്ങ്. പക്ഷേ എന്റെ കാര്യം എന്ത്? അമ്മയുടെ കാര്യമെന്ത്?” എന്ന് അവൻ ദുഃഖത്തോടെ കവിയോടു ചോദിച്ചു. അമ്പത്തിമൂന്നു വയസ്സായ അച്ഛൻ ഇനിയും അലഞ്ഞു തിരിയുന്നതു ശരിയല്ലെന്നു മകൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് അവർ വീട്ടിലേക്ക് യാത്രയായി. ഒരു മലയിടുക്കിലെത്തി അച്ഛനും മകനും. അഞ്ചടി അകലെയുള്ള ഒരു പൈൻമരത്തിന്റെ നിഴലിൽ ഇരിക്കുകയായിരുന്നു അച്ഛൻ. അദ്ദേഹത്തെ കാണുന്നില്ല. അച്ഛൻ ഒളിച്ചിരിക്കുന്നത് എവിടെയെന്ന് മകൻ സംഭ്രമത്തോടു നോക്കിയപ്പോൾ “നീ എന്തുചെയ്യാൻ പോകുന്നു? വല്ലതും നഷ്ടപ്പെട്ടോ? എന്നൊരു ചോദ്യം കേൾക്കാറായി. മകൻ നോക്കിയപ്പോൾ അച്ഛൻ എനിടെയിരുന്നുവോ അവിടെത്തന്നെ ഇരിക്കുന്നു. ഇതുതന്നെ വീണ്ടുമുണ്ടായി. അരുവിയിൽ കാലുനനയ്ക്കാമെന്ന് പറഞ്ഞ് അതിലേക്ക് കാല് താഴ്ത്തിയ അച്ഛനെ പെട്ടെന്നു കാണാതെയായി. മകനു പേടി. അവൻ അങ്ങനെ ഭയന്നിരിക്കുമ്പോൾ കവിയുടെ ശബ്ദം: “നീ എന്തു ചെയ്യാൻ പോകുന്നു? വല്ലതും നഷ്ടപ്പെട്ടോ?” ഇങ്ങനെ പല തവണ അപ്രത്യക്ഷനാവുകയും പ്രത്യക്ഷനാവുകയും ചെയ്തിട്ട് കവി മകനിൽ നിന്ന് നടന്നകന്നു. “അച്ഛാ” എന്ന് മകൻ വിളിച്ചു. അന്ധകാരത്തിലേക്കു നടന്നു പോകുന്ന ആൾ തന്റെ പിതാവല്ലെന്ന് അവനു തോന്നി. കവിയാണ് ആ മനുഷ്യൻ. ലോകത്ത് ഒന്നിനോടും ബന്ധമില്ലാത്ത കവി. ആ കവി അപ്രത്യക്ഷനായി ഒരു പാടുപോലും അവശേഷിപ്പിക്കാതെ “അദ്ദേഹം മരമായി മാറിപ്പോയോ? പാറയായി മാറിയോ? അതോ വെളുത്ത പനിനീർപ്പൂവായി മാറിയോ? അതോ അപ്പോൾ കട്ടി പിടിച്ചുവരുന്ന പ്രഭാതകാലത്തെ മഞ്ഞായി മാറിയോ?’’ എന്നു മകൻ തന്നോടുതന്നെ ചോദിച്ചു. അവൻ പറഞ്ഞു:’’മംഗളം ഭവിക്കട്ടെ. അങ്ങു കവിതയിൽ ശാന്തിയും സമൃദ്ധിയും എപ്പോഴും കാണൂ” അതായിരുന്നു അച്ഛന്റെയും മകന്റെയും ഒടുവിലത്തെ വേർപെടൽ. മഹാനായ കവി പ്രകൃതിയുമായി താദാത്‌മ്യം പ്രാപിക്കുന്നു എന്ന ആശയമാണ് നോവലിസ്‌റ്റ് ഇവിടെ സ്‌ഫുടീകരിക്കുന്നത്. വൃദ്ധമദ്യപൻ പ്രകൃതിയിൽ വിലയം കൊണ്ടു. തന്നെ മറന്ന് ഇരുന്നതുപോലെ പ്യോങ് യൊൻ എന്ന കവിയും പ്രകൃതിയുമായി താദാത്‌മ്യം പ്രാപിക്കുന്നു.

ക്രിസ്തുമതത്തിലെ ആദിപാപമെന്നപോലെ കിം പ്യോങ്-യൊൻ എന്ന കവിക്കും ഒരു പാപഭാരമുണ്ട്. കവിയുടെ മുത്തച്ഛൻ ഒരു നഗരത്തിന്റെ ഭരണാധികാരിയായിരുന്നു. അദ്ദേഹത്തെ വിപ്ലവകാരികൾ തടവിലാക്കി. തടവിലായ അദ്ദേഹം അവരോടു സഹകരിച്ചു പ്രവർത്തിച്ചു തുടങ്ങി. സർക്കാർ പിന്നീട് വിപ്ലവകാരികളെ കീഴടക്കിയപ്പോൾ കവിയുടെ മുത്തച്ഛനേയും പിടികൂടി.രാജ്യദ്രോഹി എന്നു മുദ്രയടിച്ചു അദ്ദേഹത്തെ അവർ വധിച്ചു. അവിടം കൊണ്ടും തീരുന്നില്ല. രാജ്യദ്രോഹിയുടെ സന്തതികൾക്കും അവരുടെ സന്തതിപരമ്പരയ്‌ക്കും മാന്യപൗരൻമാരായി കഴിയാനൊക്കുകയില്ല. രാജ്യനിയമമനുസരിച്ച് അവരും രാജ്യദ്രോഹികൾ തന്നെ. സമുദായം അവർക്കു ഭ്രഷ്ടു കല്‌പിക്കും. സന്തതിപരമ്പരയെ രാജ്യദ്രോഹികളായി കരുതുന്ന നിയമം പിന്നീട് സർക്കാർ റദ്ദാക്കിയെങ്കിലും പ്യോങ്-യൊൻ ആ പാപബോധത്തോടു കൂടിത്തന്നെ ജീവിച്ചു. മനുഷ്യരുടെ മുഖത്തു നോക്കാതിരികാനായി അദ്ദേഹം മുളയുടെ ചീളുകൾ കൊണ്ടുണ്ടാക്കിയ തൊപ്പി ധരിക്കുകയും അതു കണ്ണുകളോളം താഴ്ത്തിവയ്‌ക്കുകയും ചെയ്തു. ഈ തൊപ്പിയെ കൊറിയൻ ഭാഷയിൽ ‘സക്കാത്ത്’എന്നാണ് പറയുക. അങ്ങനെ കവി കിം സക്കാത്ത് എന്നറിയപ്പെട്ടു.

പാപചിന്തയോടെ നടന്ന ഈ മുളംതൊപ്പിക്കാരന്റെ ജീവിതകാലയളവുകൾ വിദഗ്ദ്ധമായി ചിത്രീകരിച്ച് അയാൾ മിസ്റ്റിസിസത്തിലേക്കു പോയതെങ്ങനെയെന്നു പ്രതിപാദിക്കുന്ന ഈ നോവലിന് അന്യാദൃശസ്വഭാവമുണ്ട്. നൂറുകൊല്ലം മുൻപ് സോൽ നഗരത്തിൽ ജനിക്കുകയും പൈയങ്ചാങ് (Pyongchang) പട്ടണത്തിൽ യൗവനകാലം നയിക്കുകയും ആൻദൊങ്ങ് നഗരത്തിൽ വച്ചു മകനെ കാണുകയും(Andong)ഹ്വാസൂൻ പട്ടണത്തിൽ വച്ചു മരിക്കുകയും ചെയ്ത ഈ കവിയുടെ ചരിത്രം. ചരിത്രമായിട്ടല്ല കലാസൃഷ്ടിയായി പ്രദർശിപ്പിക്കുകയാണ് കൊറിയൻ നോവലിസ്റ്റായ യീമുൻ-യൊൽ.

The gruel in the bowl on this little four-legged table
Is so thin it reflects the pale azure clouds
Please don’t be ashamed, mster of the hourse
Why, I love to see green hills reflected in water

നേർത്ത കഞ്ഞിവെള്ളത്തിൽ കുന്നുകൾ പ്രതിഫലിച്ചുകാണുന്നതുപോലും ഇഷ്ടപ്പെടുന്ന പ്യോങ്-യൊൻ എന്ന കവി പ്രകൃതിയുമായി താദാത്‌മ്യം കൊണ്ട് അപ്രത്യക്ഷനായതിൽ എന്തേ അദ്‌ഭുതമിരിക്കുന്നു? നോവൽ വിപഞ്ചികയാണ്. ഓരോ നോവലിസ്‌റ്റും ഓരോ തന്ത്രി മീട്ടുന്നു. ഒരദൃശ്യതന്ത്രി മീട്ടി ആധ്യാത്‌മികതയുടെ നൂതനാദം കേൾപ്പിക്കുന്നു ഈ നോവൽരചയിതാവ്.

നോവൽ വിപഞ്ചികയാണ്. ഓരോ നോവലിസ്‌റ്റും ഓരോ തന്ത്രി മീട്ടുന്നു

വസ്‌തുത മാത്രം

ചാൾസ് ഡിക്കിൻസിന്റെ ‘Hard Times’ എന്ന നോവൽ അടുത്തകാലത്ത് വീണ്ടും വായിക്കേണ്ടിവന്നു എനിക്ക്. എം. എ. ക്ലാസ്സിൽ പഠിക്കുന്ന പേരക്കുട്ടിക്ക് അത് പഠിപ്പിച്ചുകൊടുക്കാനായിരുന്നു വീണ്ടുമുള്ള പാരായണം. സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഡിക്കെൻസിന്റെ ആ നോവൽ ഞാൻ വായിച്ചത്. അക്കാലത്ത് കാണാൻ കഴിയാത്ത പല സവിശേഷതകളും ഇക്കാലത്ത് എനിക്കു കാണാൻ കഴിഞ്ഞു. നോവൽ വായിച്ചുതീരുന്നതുവരെ ഞാനതു താഴെ വച്ചില്ല എന്ന ‘പ്ലാറ്റിറ്റ്യൂഡ്’ കൂടി ഇവിടെ പറഞ്ഞുകൊള്ളട്ടെ. ഇനി ‘ഹാർഡ് റ്റൈംസി’ലേക്കു്.

കുട്ടികളെ വസ്തുതകൾ മാത്രമേ പഠിപ്പിക്കാവൂ എന്നു വിശ്വസിക്കുന്ന അധ്യാപകൻ. രണ്ടും രണ്ടും നാലെന്നല്ലാതെ അതിൽക്കവിഞ്ഞ് വേറൊന്നുമില്ലെന്ന വിശ്വാസക്കാരനാണ് അയാൾ. മുൻപിലിരിക്കുന്ന കുട്ടികളാകുന്ന ഭരണികളിൽ വസ്തുതകൾ നിറയ്ക്കാനായി അയാൾ “ഇരുപതാം നമ്പർ പെൺകുട്ടി” എന്നു വിളിച്ചു. അവൾ ബഹുമാനപൂർവം എഴുന്നേറ്റ് നിന്നപ്പോൾ അയാൾ ആവശ്യപ്പെട്ടു: “കുതിരയുടെ നിർവ്വചനം നല്‌കൂ.” അവൾക്കു നിർവ്വചനം നല്‌കാൻ കഴിഞ്ഞില്ല. അപ്പോൾ അയാൾ വേറൊരു കുട്ടിയോടു അതു തന്നെ ആവശ്യപ്പെട്ടു. അവൻ ഉത്തരം നൽകി: “നാല്‌ക്കാലി മൃഗം.തൃണഭോജി, നാല്പതു പല്ലുകൾ. എന്നുപറഞ്ഞാൽ ഇരുപത്തിനാലു അണപ്പല്ലുകൾ. നാലു മേൽക്കടവായ്‌പ്പല്ലുകൾ. പന്ത്രണ്ട് ഉളിപ്പല്ലുകൾ. വസന്തകാലത്ത് രോമപാളികഴറ്റും.ചതപ്പു പ്രദേശങ്ങളിൽ കുളമ്പുകളും. കളമ്പുകൾ കാഠിന്യമുള്ളവ. പക്ഷേ ഇരുമ്പ് കൊണ്ടു ലാടം തറയ്‌ക്കണം. വായിലെ അടയാളങ്ങൾ കൊണ്ട് പ്രായമറിയാം.” ഇതുകേട്ട് അധ്യാപകൻ ഇരുപതാം നമ്പർ പെൺകുട്ടിയോടു പറഞ്ഞു. “ഇപ്പോൾ കുതിരയെന്താണെന്നു നിനക്കു മനസിലായല്ലോ?” വസ്തുത. വസ്തുത. വസ്തുത എന്നു പറഞ്ഞ് അയാൾ ആവർത്തിച്ച് പറഞ്ഞു. കാർപെറ്റുകളിൽ പൂക്കളുടെ ചിത്രങ്ങൾ പാടില്ലെന്നണ് അയാളുടെ അഭിപ്രായം. ‘You cannot be allowed to walk upon flowers in crpet’ എന്നതാണ് വസ്തുതയുടെ ഉദ്‌ഘോഷകൻ ഉദ്‌ഘോഷിച്ചത്. സാഹിത്യവും സാഹിത്യനിരൂപണവും ഇന്ന് വസ്തുതയുടെ ചിത്രീകരണമായി മാറിയിരിക്കുന്നു. ക്ലിയൻത് ബ്രൂക്ക്‌സ്(Cleanth Brooks) The Well-Wrought Urn എന്ന പുസ്തകത്തിൽ രണ്ടു വിരുദ്ധാംശങ്ങളുടെ ഐക്യമാണ് കവിതയെന്നു വാദിക്കുമ്പോൾ കവിതയുടെ മാന്ത്രികശക്‌തിയെയാകെ ഹനിച്ച് അതിനെ മണൽത്തരിയെന്നപോലെ ചെറുതാക്കുകയാണ്. മുണ്ടശ്ശേരി ‘നാടകാന്തം കവിത്വം’ എന്ന പുസ്തകത്തിൽ ചെയ്തതും ഇതുതന്നെയാണ്. സാഹിത്യവും വസ്തുതാപ്രധാനമായിരിക്കുന്നു. ആനന്ദിന്റെ നോവലുകൾ ഭാവനയുടെ സന്തതികളല്ല. വസ്തുതകളിൽ നിന്ന് നിഷ്പന്നമായവയത്രേ.

‘മധ്യമം’ ആഴ്ചപ്പതിപ്പിൽ ഫോബിൻ എഴുതിയ ‘കാളബലി’ എന്ന കഥ ഭാവനീശൂന്യവും വസ്തുതാപ്രധാനവുമായ അലിഗറിയാണ്-ലാക്ഷ്ണണികകഥയാണ്. നഗരത്തിൽ നിന്ന് കുറെ കാളകളെ പാവങ്ങൾ പാർക്കുന്ന ഗ്രാമപ്രദേശത്തേക്കു കൊണ്ടുവരുന്നു. അവയെ കൊന്നുതിന്നുന്നു ഗ്രാമീണർ. എന്താണ് കഥാകാരൻ ലക്ഷ്യമാകുന്നതെന്നു സ്പഷ്ടമല്ല. ഇത്തരം സാഹസിക്യങ്ങൾ കാണിക്കുന്നവർ അർത്ഥം പകർന്നുകൊടുക്കാൻ അങ്ങിങ്ങായി സൂചകപദങ്ങൾ ചേർക്കറുണ്ട്. ഈ രചനയിൽ അതൊന്നുമില്ല. കാളകളെ കൊല്ലുന്നതിൽ പ്രതിഷേധമുള്ള ചെറുപ്പക്കാർ കാളച്ചോരയിൽ മൂനുതവണ മുങ്ങിയെന്നും അവർ പിന്നീട് കാട്ടിലേക്കു ഓടിയെന്നും പറഞ്ഞു ഫോബിൻ രചന പര്യവസാനത്തിലെത്തിക്കുന്നു. ‘ഹാർഡ് റ്റൈംസി’ലെ അധ്യാപകനെപ്പോലെ ഏതോ വസ്തുതയിൽ അഭിരമിക്കുന്നതേയുള്ളൂ രചയിതാവ്. ആ വസ്തുതയെ ചൈതന്യധന്യമാക്കി പ്രത്യക്ഷപ്പെടുത്താൻ അദ്ദേഹത്തിനറിഞ്ഞുകൂടാ.

ചോദ്യം,ഉത്തരം

Symbol question.svg.png സ്ത്രീസമത്വവാദവുമായി നടക്കുന്ന സ്ത്രീകളെക്കുറിച്ച് നിങ്ങളെന്തു പറയുന്നു?

പാവങ്ങളാണ് അവർ ഒന്നുകിൽ പുരുഷന്മാരായ ബന്ധുക്കൾ, അല്ലെങ്കിൽ ഭർത്താവ്, അതുമല്ലെങ്കിൽ മകൻ അവരോട് ക്രൂരമായി പെരുമാറുന്നുണ്ടാകും. അതിൽ നിന്ന് ജനിക്കുന്ന വിദ്വേഷമാണ് പുരുഷന്മാരോടാകെയുള്ള വിദ്വേഷമായി മാറുന്നത്. ബന്ധുക്കളാൽ ആദരിക്കപ്പെടുന്ന, ഭർത്താവിനാൽ സ്നേഹിക്കപ്പെടുന്ന, പുത്രനാൽ ബഹുമാനിക്കപ്പെടുന്ന സ്ത്രീ ഭവനത്തിൽ ലക്ഷ്മീദേവിയെപ്പോലെ വിരാജിക്കും. അങ്ങനെ ഭാഗ്യം സിദ്ധിച്ച ഒരു സ്ത്രീയും ഫെമിനിസമെന്ന് പറഞ്ഞ് ഒരു പുരുഷന്റെയും കണ്ണിൽ കുത്താൻ വരില്ല.

Symbol question.svg.png സ്വദേശസ്നേഹം മൂല്യമല്ലേ?

ഒരളവുവരെ മാത്രം. ആ പരിധി ലംഘിച്ചാൽ രാജ്യം തകരുമെന്നതിന് ഇന്ത്യ തെളിവു തരുന്നു.

Symbol question.svg.png സ്ത്രീകളില്ലാത്ത ഒരു ദ്വീപിൽ ഞാൻ അകപ്പെട്ടുപോയാൽ?

നിങ്ങൾക്ക് ചിറകുകൾ ഉണ്ടാകും. അവ വീശി നിങ്ങൾ സ്ത്രീകളുടെ അടുത്തേക്ക് പറന്നു പോകും.

Symbol question.svg.png കടൽ കണ്ടാൽ എന്തുമാതിരി വികാരം നിങ്ങൾക്കുണ്ടാകും?

ഞാൻ കടൽ കാണാൻ പോകില്ല. എനിക്ക് അക്കാഴച പേടിയുണ്ടാക്കും. ശംഖുംമുഖം കടൽ ഒരു മീറ്റർ ഉയർന്നാൽ മതി, തിരുവനന്തപുരം നഗരം പിന്നെ കാണില്ല. അതുസംഭവിക്കാതെയിരിക്കുന്നത് ഒരു ശക്തിവിക്ഷേഷം ഈ ലോകത്തെ ഭരിക്കുന്നതുകൊണ്ടാണ്.

Symbol question.svg.png അയ്യപ്പന് ശക്തിയുണ്ടെങ്കിൽ ശബരിമല ദുരന്തം ഉണ്ടാകുമായിരുന്നോ?

ശ്രീരാമകൃഷ്ണപരമഹംസന് തൊണ്ടയിൽ ക്യാൻസർ വന്നു. അങ്ങനെ അദ്ദേഹം ചരമം പ്രാപിച്ചു. ശ്രീരാമകൃഷ്ണൻ പ്രസംഗം കഴിഞ്ഞുവന്ന് തൊണ്ട ചൂടായിരിക്കുമ്പോൾ ഐസ്ക്രീം കഴിക്കുമായിരുന്നു. അതും ധാരാളമായി. ‘Irritation theory of cancer’ അനുസരിച്ച് അദ്ദേഹത്തിന് തൊണ്ടയിൽ അർബുദമുണ്ടായി. ഏതെങ്കിലും ഭാഗത്തെ അതിരുകടന്ന് പീഡിപ്പിച്ചാൽ ക്യാൻസറുണ്ടാകുമെന്നത് ഈശ്വരന്റെ നിയമമാണ്. ‘ഭഗവാനേ സത്യസായിബാബേ രക്ഷിക്കണേ’ എന്നു പറഞ്ഞ് തീവണ്ടിയുടെ മുൻപിൽ ചാടുന്നയാൾ ചതഞ്ഞരഞ്ഞുപോകും. ഓടി വരുന്ന ട്രെയിനിന്റെ മുൻപിൽ ചാടുന്നയാൾ കഷണം കഷണമായി ചിതറുമെന്നതും ഈശ്വരനിയമമാണ്. ശബരിമലയിൽ എന്തുണ്ടായി എന്ന് എനിക്കറിഞ്ഞുകൂടാ. ആളുകൾ പേടിച്ചോടിയാൽ താഴെ ചിലർ വീഴുമെന്നും, വീണവരെ ഓടുന്നവർ ചവിട്ടുമെന്നും, ചവിട്ടേൽക്കുന്നവർ മരിക്കുമെന്നും എല്ലാവർക്കുമറിയാം. അത് ലോകനിയമമാണ്. ഈശ്വരനിയമമാണ്. ആപത്ത് സംഭവിക്കുമെന്ന് ഉറപ്പുള്ളിടത്ത് രാജീവ് ഗാന്ധി പോയാൽ മരണം സുനിശ്ചിതം. പോകാതിരുന്നാൽ മരണമുണ്ടാകുകില്ല എന്നതും ഈശ്വരനിയമമാണ്. ഈ നിയമങ്ങളിൽനിന്ന് ഈശ്വരനുപോലും മാറി നിലക്കാൻ കഴിയില്ല. റോസാച്ചെടിയിൽ താമരപ്പൂ വിടർത്താൻ ഈശ്വരന് സാധിക്കുകയില്ല. ‘I am compelled to utter a truism in asserting that physical calastrophes have their inevitable and exclusive origin in certain combinations of physical facts’ എന്ന് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഓർമ്മിക്കുക” (‘Our master himself has joyfully taken upon him the bonds of creation’ :Tagore)

Symbol question.svg.png നിങ്ങൾ മണ്ടനല്ലേ?

നമ്മളെല്ലാവരും മണ്ടന്മാരാണ്. ടോൾസ്റ്റോയി പറഞ്ഞു മണ്ടന്മാർ രണ്ടു തരത്തിലുണ്ടെന്ന്. ആക്റ്റീവ് ഫൂൾസ്. ഇനാക്ടീവ് ഫൂൾസ്. ചോദ്യം ചോദിക്കൽ ഒരുതരം ആക്റ്റിവിറ്റിയാണ്. അതിനാൽ നിങ്ങൾ ആക്ടീവ് ഫൂളാണ്.

Symbol question.svg.png ഷെല്ലിയോ, റ്റി. എസ്സ്. എല്യറ്റോ?

ഷെല്ലി. അദ്ദേഹത്തിന്റെ കവിത ഈശ്വരശക്തിയുള്ളതാണ്. എല്യറ്റിന്റെ കവിതയ്ക്ക് അതില്ല. മസ്തിഷ്കജാതമാണ് അത്. ഷെല്ലി ഓർമ്മിക്കപ്പെടും. എല്യറ്റ് വിസ്മരിക്കപ്പെടും.


കാപട്യം – ബഹുമാനത്തിലൂടെ

ഷെല്ലി. അദ്ദേഹത്തിന്റെ കവിത ഈശ്വരശക്തിയുള്ളതാണ്. എല്യറ്റിന്റെ കവിതയ്ക്ക് അതില്ല. മസ്തിഷ്കജാതമാണ് അത്.

1.നമ്മുടെ സമുദായം രണ്ടു തരത്തിലാണ്. ഒന്ന്: പാരമ്പര്യത്തെ ആദരിക്കുന്നത്. രണ്ട്: നവീനതയെ അംഗീകരിക്കുന്നത്. ഒരിക്കൽ ഞാൻ പി. കുഞ്ഞിരാമൻ നായരുടെ കവിതയ്ക്ക് വളർച്ചയില്ലെന്നു തൃശ്ശൂരെ മലയാളം എക്സ്പ്രസ്സ് ദിനപ്പത്രത്തിൽ എഴുതി. കവി ബാല്യകാലം തൊട്ടേ ചില ആശയങ്ങൾ തന്നിൽ ഉറപ്പിച്ചു വയ്ക്കുമെന്നും, ക്രമേണ അതിന് വികാസം വരുത്തുമെന്നും, കുഞ്ഞിരാമൻ നായർക്ക് അതിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എന്റെ വാദം. ആ ലേഖനം വായിച്ച ജോസഫ് മുണ്ടശ്ശേരി “ഒന്നാന്തരമായി” എന്ന് അഭിപ്രായപ്പെട്ടു. പക്ഷേ കവിയുടെ പ്രതികരണം വേറൊരു വിധത്തിലായിരുന്നു. അദ്ദേഹം എനിക്ക് കത്തെഴുതി. അതിൽ ഇങ്ങനെ, “എന്റെ ഷഷ്ടിപൂർത്തി വേളയിൽ അനുജൻ എറിഞ്ഞ കല്ലുകൊണ്ട് എന്റെ നെറ്റി പൊട്ടി ചോര ഒലിച്ചു.” കുഞ്ഞിരാമൻ നായർ സംസ്കാര ഭദ്രമായ പാരമ്പര്യത്തെ ആദരിച്ച കവിയാണെന്ന് ഇതു തെളിയിച്ചു. നവീന സമുദായത്തിന്റെ പ്രതിനിധികളായ സാഹിത്യകാരന്മാർ ഇങ്ങനെയാവുകയല്ല പെരുമറുക.

2. പിതാപുത്രബന്ധം പാവനമായിരുന്നു പാരമ്പര്യാധിഷ്ഠിതിമായ സമുദായത്തിൽ. ഗ്രാമപ്രദേശങ്ങളിൽ ഇന്നും അത് അങ്ങനെ തന്നെ. നവീനമായ നാഗരിക സംസ്കാരത്തിൽ ആ പവിത്രത ഇല്ലാതെയായിരിക്കുന്നു. അച്ഛൻ എവിടെയെങ്കിലും പോയിട്ട് തിരിച്ച് വീട്ടിലെത്തുന്നുവെന്ന് മകൻ മനസ്സിലാക്കിയാൽ ഉടനെ അവൻ സ്വന്തം മുറിയിലേക്ക് പോകും. മകൻ പൂമുഖത്ത് ഇരിക്കുമ്പോൾ അവനറിയാതെ അച്ഛൻ വന്നു കയറിയാൽ അവൻ ഭയഭക്തിബഹുമാനങ്ങളോടെ എഴുന്നേറ്റുനിൽക്കും. നവീനസമുദായ്ത്തിൽപ്പെട്ട മകൻ ‘Daddy, why are you so late’ എന്ന് ഇരുന്നുകൊണ്ടു തന്നെ ചോദിക്കും. മകനെ പേടിച്ച് അയാൾ ‘Sorry’ എന്നു പറഞ്ഞ് അവിടെ നിന്ന് പതുക്കെ പോകും. കുടിക്കാൻ പണം കൊടുക്കാത്ത അമ്മയെ പതിവായി ഇടിക്കുന്ന ഒരു മകനെ എനിക്കറിയാം.

3. ഔപനിഷദീയ സംസ്കാരമനുസരിച്ച് അമ്മയ്ക്കും അച്ഛനും അതിഥിക്കും ഈശ്വര സാദൃശ്യമുണ്ട്. അത് പാരമ്പര്യ സംസ്കാരത്തിന്റെ സവിശേഷത. നവീനസംസ്കാരത്തിൽ പ്രായം കൂടിയ മക്കൾക്ക് അച്ഛനുമമ്മയും കഴിയുന്നതും വേഗത്തിൽ ഒഴിവാക്കപ്പെടേണ്ടവരാണ്. മാരകമായ രോഗം പിടിച്ച് നരകിക്കുന്ന അച്ഛനെയോ അമ്മയേയോ നോക്കി ‘The sooner the worries are over the better’ എന്ന് മക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മാതാവോ പിതാവോ മരിക്കുമ്പോഴാണ് ഈ കാപട്യം ഉച്ചകോടിയിലെത്തുന്നത് മകന് വടക്കേയിന്ത്യയിൽ ജോലി. അവന് അവധിയില്ലെന്ന് കമ്പി സന്ദേശം വരുന്നു. മകൾ ഭർത്താവിനോടൊരുമിച്ച് വന്നാൽ ‘സഞ്ചയനം വരെയൊന്നും നിൽക്കാനൊക്കുകയില്ല. ചേട്ടന് (ഭർത്താവിന്) ലീവില്ല. കുട്ടികളുടെ സ്കൂൾ മുടങ്ങും.’ എന്നൊക്കെ പറയും. ഉടനെയങ്ങു തിരിച്ചുപോവുകയും ചെയ്യും. എം. ആർ.മനോഹരവർമ്മയുടെ ‘ആഘോഷം’ എന്ന കഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പിൽ) മക്കളുടെ ഈ ക്രൂരതയേയും കാപട്യത്തേയും ഉപഹാസാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. മക്കളുടേയും ബന്ധുക്കളുടേയും സത്യസന്ധ്യമല്ലാത്ത ബഹുമാന പ്രദർശനത്തിലൂടെയാണ് ആ ഉപഹാസത്തിന്റെ പ്രകാശനം. അത്രയും നന്ന്.

നിരീക്ഷണങ്ങൾ

പിതാപുത്രബന്ധം പാവനമായിരുന്നു പാരമ്പര്യാധിഷ്ഠിതമായ സമുദായത്തിൽ. ഗ്രാമപ്രദേശങ്ങളിൽ ഇന്നും അത് അങ്ങനെതന്നെ. നവീനമായ നാഗരിക സംസ്കാരത്തിൽ ആ പവിത്രത ഇല്ലാതെയായിരിക്കുന്നു.

താൻ ജീവിച്ച സമുദായത്തിന്റെ യാഥാതഥ്യത്തെ ഭാവനാത്മകമായി ചിത്രീകരിച്ചു എന്നതിലാണ് ടോൾസ്റ്റോയിയുടെ വൈശിഷ്ട്യമിരിക്കുന്നത്. പ്രഗൽഭന്മാർക്ക് വേണമെന്നുണ്ടെങ്കിൽ ടോൾസ്റ്റോയിയെ അനുകരിച്ചു നോവലുകൾ എഴുതാം. വിഭിന്നമാണ് ആധുനിക ലാറ്റിനമേരിക്കൻ നോവസലിസ്റ്റുകളുടെ സ്ഥിതി. അവർ തങ്ങൾ വസിക്കുന്ന രാജ്യങ്ങളുടെ യാഥാതഥ്യത്തെ അതുപോലെ ആവിഷ്കരിക്കുകയല്ല ചെയ്യുന്നത്. അങ്ങനെ ചെയ്താൽ നോവലിസ്റ്റുകൾ തടവറകളിലാകും. അതുകൊണ്ട് നിലവിലുള്ള യാഥാതഥ്യത്തിനു പകരം മറ്റൊരു യാഥാതഥ്യത്തെ അവർ പ്രകാശിപ്പിക്കുന്നു. ആ പ്രകാശനം അവരുടേതു മാത്രമാണ്. നമുക്ക് അതു യാഥാതഥ്യമല്ല. അക്കാരണത്താൽ ലാറ്റിനമേരിക്കൻ നോവലുകളുടെ മാതൃകകളിൽ ഇവിടെ നോവലുകൾ രചിക്കാൻ വയ്യ. ലാറ്റിനമേരിക്കൻ കവിതയുടെ സ്വഭാവം ഇതു തന്നെ. കേരളീയതയെ ഉപേക്ഷിച്ച് ലാറ്റിനമേരിക്കൻ കവിത പോലെ ഇവിടെ കവിതകളെഴുതുന്നവർ ഇവിടെ പരിഹസിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ.

2. മഹാനായ ചിന്തകനും മഹാനായ ഭൗതികശാസ്ത്രജ്ഞനുമാണ് David Bohm. ബോമും ജെ. കൃഷ്ണമൂർത്തിയും തമ്മിൽ നടത്തിയ സംഭാഷണം The Future of Humanity എന്ന പേരിൽ Harper and Row പ്രസാധകർ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആ ഗ്രന്ഥപാരായണം ജനിപ്പിച്ച ചിത്തസമുന്നതി ബോമിന്റെ മറ്റു ഗ്രന്ഥങ്ങൾ വായിക്കാൻ എനിക്കു പ്രേരണ നല്കി. എല്ലാ ഗ്രന്ഥങ്ങളും ഉത്കൃഷ്ടങ്ങൾ. ഒന്നിൽ അദ്ദേഹം പറയുന്നു; ‘…ഉദാഹരണത്തിന് ഒരു വീടാകട്ടെ അതിൽ അടിസ്ഥാനപരമായി സാദൃശ്യമുള്ള അംശങ്ങൾ ചുടുകട്ടകളാണ്. അവ സവിശേഷമായ ക്രമത്തിൽ അടുക്കിവയ്ക്കുമ്പോൾ ചുവരായി. ചുവര് (ചുടുകട്ടകളെക്കാൾ) ഉയർന്ന ക്രമത്തിലാണ് (order). അനുരൂപങ്ങളായ സദൃശ്യങ്ങളിൽ അവയെ സംവിധാനം ചെയ്യുമ്പോൾ മുറികളായി. മുറികൾക്കു ക്രമം വരുത്തുമ്പോൾ - order ഉണ്ടാക്കുമ്പോൾ - വീടായി. വീടുകൾ തെരുവുകൾക്കു കാരണങ്ങൾ. തെരുവുകൾ നഗരങ്ങൾ നിർമ്മിക്കുന്നു.’

ഇവിടെ ക്രമങ്ങളുടെ പടിപടിയായുള്ള ശ്രേണിയാണുള്ളത്. ഇതു സാർവലൗകികമാണുതാനും. ഇലക്ട്രോണുകളും ന്യൂക്ലിയർ കണങ്ങളും ക്രമപ്പെടുത്തുമ്പോൾ പരമാണുക്കൾ (atoms) ഉണ്ടാകുന്നു. പരമാണുക്കളെ ക്രമമായി വിന്യസിക്കുമ്പോൾ ദ്രവ്യമായി (matter). ഈ തത്ത്വം തന്നെയാണ് ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും താരാപംക്തികളിലും (galaxy) പ്രവർത്തിക്കുന്നത്. അതുപോലെ പ്രൊട്ടീൻ മോളിക്യൂളുകൾക്ക് ക്രമം വരുത്തിയാൽ സെൽ (Cell) ഉണ്ടാകും. സെല്ലുകൾക്ക് വരുത്തുന്ന ക്രമമാണ് അവയവങ്ങളുടെ ഉല്പത്തിക്കു ഹേതു. ഇവയ്ക്ക് ക്രമം നൽകുമ്പോൾ ജീവി (organism) ഉണ്ടാകുന്നു. അവയ്ക്ക് ക്രമമുണ്ടാകുമ്പോൾ ജീവികളുടെ സമൂഹം ആവിർഭവിക്കുന്നു. ഭൂമിയിലെ ജീവികളാകെ ഇങ്ങനെയാണ് സംജാതമാവുക. വേണമെങ്കിൽ മറ്റു ഗ്രഹങ്ങളിലേക്കും ഈ തത്ത്വം കൊണ്ടുചെല്ലാം (അർത്ഥ ക്ലേശമൊഴിവാക്കാനായി പല വാക്കുകളും വിട്ടുകളഞ്ഞ സ്വതന്ത്രതർജ്ജമയാണിത്). ഇതുപോലെയുള്ള സമുന്നത ചിന്തകൾ പ്രദർശിപ്പിച്ച് വായനക്കാരെ ഉദ്ബുദ്ധരാക്കുകയാണ് പത്രങ്ങളുടെയും വാരികകളുടെയും ജോലി. അവ അതു ചെയ്യുന്നില്ല. പല വാരികകളും പതിനാറാം ശതാബ്ദത്തിലെ ചിന്താമണ്ഡലത്തിലേക്കു കവാടം തുറന്നുകൊടുക്കുകയാണ് വായനക്കാർക്ക്. എച്ച്. ജി. വെൽസിന്റെ റ്റൈം മെഷ്യനിൽ കയറി പിറകോട്ടു പോകേണ്ട കാര്യമില്ല. ചില ആഴ്ചപ്പതിപ്പുകൾ തുറന്നു നോക്കിയാൽ മതി അവർ. ചെന്നു നിൽക്കുന്നത് പതിനാറാം ശതാബ്ദത്തിലായിരിക്കും.

3. നമ്മുടെ ഇന്നത്തെ കാവ്യഭാഷയുടെ ന്യൂനത അപകൃഷ്ടതയാണ്. ഇതു പറയുന്നവനെ കവികൾ റൊമാന്റിക് എന്ന വിശേഷണം നൽകി പുച്ഛിച്ചുകളയും. പുച്ഛിക്കട്ടെ. എങ്കിലും സത്യം പറയാതിരിക്കുന്നതെങ്ങനെ? പറയുമ്പോൾ പുച്ഛമല്ല കല്ലേറുമുണ്ടാകും. അതു സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് എഴുതുന്നു. ഇന്നത്തെ കാവ്യഭാഷ ഒരുതരം Vulgarization ആണെന്ന്. രവീന്ദ്രനാഥ റ്റാഗോർ ഷേക്സ്പിയറിനെക്കുറിച്ചു പറഞ്ഞതിങ്ങനെ:

Then gradually, at eternity’s silent beckoning
You left the horizon’s lap and through centuries ascended
To the zenith for which you were intended,
your radiant throne at the centre of heaven,
Illuminating all minds; …

ഷേക്സ്പിയറിനെയും ഇവിടത്തെ കവികളെയും താരതമ്യപ്പെടുത്തുകയല്ല ഞാൻ. എങ്കിലും പറയട്ടെ. ചങ്ങമ്പുഴയ്ക്കും വൈലോപ്പിള്ളിക്കും ശേഷം പാരായണയോഗ്യങ്ങളായ പല കാവ്യങ്ങളും വന്നിട്ടുണ്ട്. പക്ഷേ ഏതു കവിയാണ് ഉക്തികൊണ്ട് അനുവാചകമനസ്സിന് ഉജ്ജ്വലനം നൽകിയത്?

* * *

ചില അക്ഷരങ്ങളുടെ മുകളിൽ ‘ർ’ എന്നതിന്റെ പകുതിയുച്ചാരണം കാണിക്കാൻ കുത്തു മത്രമേ ഇടാൻ പാടുള്ളു എന്നു ഞാൻ മുൻപ് എഴുതിയിരുന്നു. പക്ഷേ കുത്ത് കമ്പ്യൂട്ടറിൽ വരാത്തതുകൊണ്ട് ‘ർ’ ചേർത്തുതന്നെ അച്ചടിക്കേണ്ടിവന്നു. അതു എന്റെ കുറ്റമല്ലെന്ന് വായനക്കാർ ഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു. ഇനിയും വർഷം. ഹർഷം എന്നൊക്കെ ‘ർ’ ചേർത്ത് ആ വാക്കുകൾ അച്ചടിച്ചുവരും. എന്റെ കൈയെഴുത്തുപ്രതിയിൽ ‘ർ’ ഒഴിവാക്കി ‘ഷ’യുടെ മുകളിൽ കുത്തിട്ട രൂപമേ കാണൂ.

* * *

ജനസംഖ്യ കൂടി. അതിനാൽ വായനക്കാർ കൂടി. എന്നാൽ ഉത്കൃഷ്ടസാഹിത്യം ജനതയ്ക്കു നൽകുന്ന പ്രതിഭാശാലികൾ കൂടിയിട്ടില്ല. സാമ്പത്തികശാസ്ത്രത്തിലെ demand and supply എന്ന തത്ത്വമനുസരിച്ച് ഭാഷ അറിയാത്തവർ പ്രതിഭയില്ലാത്തവർ supply നടത്താൻ രംഗപ്രവേശനം ചെയ്യുന്നു (അൽഡസ് ഹക്സിലിയുടെ ഏതോ പ്രബന്ധത്തിൽ വായിച്ചതാണിത്). ഇൻഡോ-ആംഗ്ലിയൻ നോവലുകൾ ധാരാളമുണ്ടാകുന്നതിനു കാരണമിതാണ്. ‘The Everest Hotel’ എന്ന നോവലും അതുപോലുള്ള രണ്ടോ മൂന്നോ നോവലുകളുമൊഴിച്ചാൽ ശേഷമുള്ളവയെല്ലാം കൊള്ളരുതാത്തവയാണ്. അടുത്തകാലത്ത് ഞാൻ വായിച്ച മൂന്നു പുസ്തകങ്ങൾ.

1. Freedom Song - Amit Chaudhuri - An Elegant lyrical mediation എന്നൊരാൾ. ബിബ്ലിയോയിൽ നീലാഞ്ജന എസ്. റോയി പറഞ്ഞത് ഇങ്ങനെ: Sublime novel - Quiet triumph - സത്യത്തിൽ ഇത് ബോറിങ് ട്രാഷാണ്.

2. The Revised Kama Sutra - Avtar Prabhu - Exuberant എന്നൊരാൾ - ശൈലി തരക്കേടില്ലെങ്കിലും തികച്ചും platitudinous (അതിസാധാരണമായത്).

3. Listening Now - Anjana Appachana - inviting, absorbing and satisfying എന്നൊരാൾ - സത്യത്തിൽ റബിഷ് (ചവറ്).

ഞാൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം വ്യർത്ഥവ്യയം ചെയ്യുന്നു. വായനക്കാർക്ക് ആ ദൗർഭാഗ്യം ഉണ്ടാകാതെയിരിക്കട്ടെ. ഇൻഡോ-ആംഗ്ലിയൻ നോവലുകളെസ്സംബന്ധിച്ച് നമ്മുടെ നയം അവ വായിക്കാതിരിക്കുക എന്നതാവണം.