close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 03 01


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 03 01
മുൻലക്കം 2002 02 22
പിൻലക്കം 2002 03 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്റെ വീട്ടില്‍ രണ്ടുതവണ മരണമുണ്ടായി. രണ്ടാമത്തെ മരണം കഴിഞ്ഞപ്പോള്‍ ജി. ശങ്കരക്കുറുപ്പ് എനിക്ക് എഴുതി അയച്ചു: “നിങ്ങളുടെ വീട്ടില്‍ കൂടെകൂടെ മരണം കയറിവരുന്നു. അതില്‍ എനിക്കു ദു:ഖമുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ തത്ത്വചിന്തകൊണ്ടോ ആശ്വാസദായകങ്ങളായ വാക്കുകള്‍കൊണ്ടോ ദുഃഖത്തെ അണകെട്ടി നിറുത്താല്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമാണ്.” മാധവിക്കുട്ടിയും എനിക്കു കത്തയച്ചു. “രോഗം ഭേദമാക്കുന്നതിന് നിശ്ചിതദിനങ്ങള്‍ വേണം. അതുപോലെയാണ് മരണമൂളവാക്കുന്ന ദുഃഖവും. നിശ്ചയിക്കപ്പെട്ട ദിവസങ്ങള്‍ കഴിഞ്ഞാലേ അതിനു ശമനം വരൂ.” രണ്ടു പ്രതിഭാശാലികളും പറഞ്ഞതു ശരി. കഥയെഴുതി അനുവാചകരോട് ബന്ധപ്പെടാന്‍ ശ്രമിക്കുകയും ആ ശ്രമം നിഷ്ഫലമാവുകയും ചെയ്താല്‍ ദുഃഖം വായനക്കാരായ നമുക്കാണ്. ഇങ്ങനെയാണ് എന്‍.പി. മുഹമ്മദിന്റെ “ഒരു തവണ വന്ന അതിഥി” എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച എനിക്കു തോന്നിയത്. ആരോഗ്യമല്ല രോഗമാണ് അക്കഥ. പേര് അച്ചടിച്ചുകാണാനുള്ള ആഗ്രഹം ഏഴു വയസ്സുതൊട്ട് ഇരുപത്തിയഞ്ചു വയസ്സുവരെയുള്ളവര്‍ക്കു ഉണ്ടാകാം. അതു സ്വാഭാവികം പക്ഷേ വാര്‍ധക്യത്തിലെത്തിയ എന്‍.പി മുഹമ്മദിന് ആ അഭിലാഷം ഉണ്ടാവുകയില്ല. തീര്‍ച്ച. തീര്‍ച്ചയായതുകൊണ്ട് വിചാരിച്ചിരിക്കാതെ പിടികൂടുന്ന രോഗമാണ് ഈ രചനാസാഹസിക്യമെന്നു കരുതാം. ഇതു സാഹിത്യസിദ്ധാന്തങ്ങളുടെ ഉദ്ബോധനം കൊണ്ടോ ശരിയായ മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കല്‍ കൊണ്ടോ മാറുകയില്ല. മാധവിക്കുട്ടി പറഞ്ഞതു പോലെ നിശ്ചിത ദിനങ്ങള്‍ കഴിയണം. മുഹമ്മദിന്റെ കാര്യത്തില്‍ അതുകൊണ്ടും ഫലമില്ലെന്നു തോന്നുന്നു. പ്രതിഭാദാരിദ്യം അങ്ങനെ ഭേദമാകുന്ന രോഗമല്ലല്ലോ.

ജര്‍മ്മന്‍ ഫീല്‍ഡ് മാര്‍ഷലായിരുന്ന എര്‍വീന്‍ റോമലിന്റെ (Erwin Rommel, 1891–1944) ജീവിതകഥയാണ് എന്‍.പി. മുഹമ്മദ് ചുരുക്കിപ്പറയുന്നത്. ആദ്യ കാലയളവുകളില്‍ ഹിറ്റ്‌ലര്‍ക്ക് അനുകൂലനായി നിന്ന റോമലിന് 1944-ല്‍ മോഹഭംഗമൂണ്ടായി. ഡിക്റ്റേററെ വധിക്കാനുള്ള ഒരു ഉപജാപസംഘത്തിലെ പ്രമുഖാംഗമായി അയാള്‍. ജര്‍മ്മന്‍ സൈന്യത്തിലെ കേണലായിരുന്ന ഷ്ടൗഫന്‍ബര്‍ക്ക് (Staufenberg, 1907–1944) ഹിറ്റ്‌ലറെ കൊല്ലാന്‍ തീരുമാനിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഉപജാപം ഹിറ്റ്‌ലര്‍ കണ്ടുപിടിച്ചു. 1944 ജൂലൈ 20-ആനു രാത്രി തന്നെ അയാളെ ഹിറ്റ്‌ലര്‍ വധിച്ചു. റോമിന് ഹിറ്റ്‌ലറെ കൊന്നതിനു ശേഷം അയാളുടെ സ്ഥാനത്ത് വരാനായിരുന്നു ആഗ്രഹം. ഹിറ്റ്‌ലര്‍ക്കു റോമലിന്റെ സ്വാധീനതയെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. അതിനാല്‍ അയാള്‍ റോമലിന്റെ അടുത്തേക്കു രണ്ടു ജനറല്‍മാരെ അയച്ചു ഒന്നുകില്‍ റോമന്‍ വിഷം കുടിച്ചു മരിക്കണം. അല്ലെങ്കില്‍ വിചാരണയ്ക്കു വിധേയനാകണം. രണ്ടാമത്തെ ഉപാധിയാണ് സ്വീകരിക്കുന്നതെങ്കില്‍ റോമലിന്റെ കുടുംബത്തെയും കൊല്ലും. റോമല്‍ വിഷം കുടിച്ചു. നേരത്തെയുണ്ടായ കാറപകടത്തില്‍പ്പെട്ട് അയാള്‍ ചികിത്സയിലായിരുന്നു. ആ മുറിവുകളുടെ ഫലമായി റോമല്‍ മരിച്ചുവെന്നു ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായ സൈനിക ബഹുമതികളോടുകൂടി അയാളുടെ മൃതദേഹം നാത്സികള്‍ സംസ്കരിച്ചു.

ഈ ചരിത്രസംഭവത്തെ അതേ രീതിയില്‍ എന്‍.പി. മുഹമ്മദ് വീണ്ടും ആവിഷ്കരിക്കുന്നു. അതുകൊണ്ട് എന്തേ പ്രയോജനമെന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. ചരിത്രസംഭവത്തെ ഫിക്ഷന്‍ ആക്കുമ്പോള്‍ ആദമ്യശക്തികള്‍ക്ക് അടിമപ്പെട്ട് വ്യക്തി ഭവിതവ്യയുടെ ആഘാനത്തിന് വിധേയനാവുന്നതു ചിത്രീകരിക്കണം. എങ്കിലേ ആ പ്രതിപാദനം സാഹിത്യമാകൂ. ഇതൊന്നും ഇവിടെ സംഭവിക്കുന്നില്ല. താടിരോമം നെഞ്ചുവരെ വളര്‍ത്തിയ ചില കിഴവന്മാര്‍ അതില്‍ വിരലുകള്‍ കടത്തി താഴോട്ടും മേലോട്ടും ഓടിച്ചു കൊന്റിരിക്കും. എന്തിനതു ചെയ്യുന്നുവെന്ന് അവരോടു ചോദിച്ചാല്‍ മറുപടി കാണില്ല. എന്‍.പി. മുഹമ്മദ് നീണ്ട കഥാതാടിരോമങ്ങളില്‍ വിരലുകള്‍ ഓടിക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png “നിങ്ങള്‍ മുഹമ്മദ് ഇഖ്ബാലിനെപ്പറ്റി മാത്രം കോളത്തില്‍ ഇന്നുവരെ എഴുതിയിട്ടില്ല. അദ്ദേഹം കവിയല്ലെന്ന് അഭിപ്രായമുണ്ടോ?”

“താങ്കള്‍ എഴുതാത്ത പുറം വായിക്കുന്നതെന്തിന്? ഇഖ്ബാല്‍ മഹാകവിയാണ്. ഒളപ്പമെണ്ണയെയും മറ്റും മഹാകവികള്‍ എന്നു വിശേഷിപ്പിക്കുന്നതുപോലെയല്ല. സാക്ഷാല്‍ മഹാകവി. അദ്ദേഹത്തിന്റെ ചില വരികള്‍ ഇതാ:

Thou didst create the night,
but I made the lamp
Thou didst create the deserts
mountains and forest.

I produced the orchards
Gardens and groves.
It is who made the glass out of stone.
And it is I who turn poison into an antidote.”

Symbol question.svg.png  :“ഇടതുവശത്ത് ഭാര്യയെ ഇരുത്തിക്കൊണ്ട് കാര്‍ ഓടിക്കുന്നവനെ താങ്കള്‍ കണ്ടിട്ടില്ലേ? അങ്ങനെ ഇരിക്കുന്ന സ്ത്രീ പലപ്പോഴും വൈരൂപ്യമുള്ളവളായി കാണപ്പെടുന്നത് എന്തുകൊണ്ട്?”

“കാറോടിക്കുന്നവന്‍ പെണ്ണിനെയല്ല വിവാഹം കഴിച്ചത്. കാറിനെയാണ്. ഫാദര്‍ ഇന്‍ ലാ കാര്‍ കൊടുക്കുന്നതിനു വേണ്ടി അയാള്‍ അവളുടെ കഴുത്തില്‍ താലികെട്ടുന്നു”

Symbol question.svg.png “സ്നേഹിതന്‍?”

“യഥാര്‍ത്ഥ സുഹൃത്ത് എന്നൊരാള്‍ ഇല്ല. രണ്ടുപേര്‍ വലിയ കൂട്ടുകാരാണ് എന്ന് നമുക്കു തോന്നും. രണ്ടാളുകള്‍ക്കും അന്യോന്യം അസൂയയായിരിക്കും. ഒരാളിന് ഉയര്‍ച്ച വന്നാല്‍ അതില്‍ അസഹിഷ്ണുത കാണിക്കുന്നത് അയാളുടെ കൂടെ നടക്കുന്ന സ്നേഹിതന്‍ മാത്രമായിരിക്കും.”

Symbol question.svg.png “ജീവിതം അസഹനീയമായി മാറുന്നത് എപ്പോള്‍?

“വീട്ടിലുള്ള ഒരുത്തനോ ഒരുത്തിയോ എല്ലാ സമയത്തും ആരോഗ്യപരിപാലനത്തില്‍ മനസ്സിരുത്തിയാല്‍ മറ്റുള്ളവര്‍ക്കു സ്വസ്ഥത ഇല്ലാതാവും.”

Symbol question.svg.png “പദ്മാ സുബ്രമണ്യം നല്ല നര്‍ത്തകിയല്ലേ?”

“ശ്രീമതി ഡാന്‍സ് ചെയ്യുന്നതുനെക്കാള്‍ വേറൊരു സ്ത്രീയുമായി ഗുസ്തി പിടിച്ചിരുന്നെങ്കില്‍ അതു കാണാന്‍ രസമുണ്ടാകുമായിരുന്നു. ഇന്നത്തെ നിലയില്‍ അവരുടേതു ഡാന്‍സല്ല, ഉഡാന്‍സാണ്.”

Symbol question.svg.png “ചെറുപ്പക്കാരായ എഴുത്തുകാരെ നിങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നു. അതിനു പകരമായി ഉപദേശം കൊടുത്തുകൂടേ?”

“ഉപദേശം കൊണ്ട് ഒരെഴുത്തുകാരനും നന്നായിട്ടില്ല. ജന്മനാ എഴുത്തുകാരന്‍ എഴുതുന്നു പരപ്രേരണയില്ലാതെ, റ്റാഗോര്‍ ഏഴു വയസ്സുള്ളപ്പോള്‍ ഭാവഗീതങ്ങള്‍ രചിച്ചു. ആരുടെ ഉപദേശമാണ് അദ്ദേഹത്തിന് കിട്ടിയത്?”

Symbol question.svg.png “ഞാന്‍ ഈയിടെ വിവാഹം കഴിച്ചു. എനിക്കു താങ്കളുടെ ഒരുപദേശം വേണം.”

“മധുവിധു കഴിഞ്ഞിട്ട് ഭാര്യ സ്നേഹത്തോടെ ആലിംഗനം ചെയ്താല്‍ തീപ്പൊള്ളല്‍ ഏറ്റതുപോലെ തോന്നും നിങ്ങള്‍ക്ക് അപ്പോള്‍ അവളെ തള്ളിമാറ്റരുത്. ശകാരിക്കയുമരുത്. ആ പൊള്ളല്‍ സഹിക്കണം. അവള്‍ ഇല്ലാത്ത സമയം നോക്കി ബര്‍നോള്‍ ശരീരത്തില്‍ പുരട്ടിയാല്‍ മതി. നീറ്റല്‍ മാറും.”

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വര്‍ഷം 1933 അല്ലെങ്കില്‍ 1934. ഞാന്‍ ആലപ്പുഴെ സനാതന ധര്‍മ്മവിദ്യാലയത്തില്‍ സെക്കന്‍ഡ് ഫോമില്‍ പഠിക്കുകയാണ്. ഗ്രെയ്റ്റ് എന്നു സംശയലേശം കൂടാതെ വിശേഷിപ്പിക്കാവുന്ന മഞ്ചേരി രാമകൃഷ്ണയ്യര്‍ ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍. സാഹിത്യത്തില്‍ തല്‍പരനായിരുന്നു അദ്ദേഹം. സാറ് വള്ളത്തോള്‍ക്കവിതയെക്കുറിച്ച് മനോഹരമായി പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ശാസ്ത്രത്തിലും സാറിന് താല്പര്യമുണ്ടായിരുന്നതുകൊണ്ടാവാം സ്കൂള്‍ കോംപൗണ്ടില്‍ ഒരിടത്ത് അദ്ദേഹം Sundial നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. നാഴിക മണികളും റിസ്റ്റ് വാച്ചുകളും ധാരാളമുള്ള കാലത്ത് സൂര്യഘടികാരം എന്തിന് എന്ന് എനിക്കൊരു സംശയം. മഞ്ചേരി സാറിനോട് അതു ചോദിക്കാന്‍ എനിക്കു ഭയം. മഞ്ചേരി സാറിനു മുന്‍പ് ഹെഡ് മാസ്റ്ററായിരുന്ന ധര്‍മ്മരാജയ്യര്‍ സ്സാറ് സ്കൂള്‍ വളപ്പില്‍ത്തന്നെ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അമ്പിസ്സാറ് എന്റെ ഗുരുനാഥന്‍. (പില്ക്കാലത്ത് അദ്ദേഹം ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ എ.ഡി.സി. ആയി തിരുവനന്തപുരത്ത് വന്നു.) ഞാന്‍ അമ്പിസ്സാറിനെക്കണ്ട് ചോദിച്ചു: “സാര്‍ ഈ ഡണ്‍ഡയലെന്തിന് ധാരാളം ക്ലോക്കുകലും വാച്ചുകളുമുള്ളപ്പോള്‍?” “അദ്ദേഹത്തിന്റെ ഫാന്‍സി” എന്ന് സാറ് മറുപടി പറഞ്ഞു. സൂര്യഘടികാരം രണ്ടാഴ്ച കൊണ്ട് രൂപം കൊണ്ടു. റോമന്‍ ന്യൂമറലില്‍ ചില രേഖപ്പെടുത്തലുകള്‍. നിഴല്‍ വീഴുന്നതനുസരിച്ച് സമയം കണക്കാക്കാം. വാച്ചുള്ള ഞാന്‍ ആ സണ്‍ ഡയലിന്റെ അടുത്തു നിന്ന് വേറൊരിടത്തു പോകതെയായി. പ്രാചീനതയുടെ സിംബലായ ആ സൂര്യഘടികാരത്തെ ഞാന്‍ സ്നേഹിച്ചു. അതിന്റെ നിര്‍മ്മിതിക്കു കാരണക്കാരനായ മഞ്ചേരി സാറിനെ ബഹുമാനിച്ചു. കൂടുതല്‍ സ്നേഹിച്ചു. ഈ മാനസികനില പ്രത്യാനയിക്കപ്പെട്ടത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് രചിച്ച “ജീവിതം അതൊന്നു മാത്രം” എന്ന നല്ല കഥ വായിച്ചപ്പോഴാണ്. (ഭാഷാ പോഷിണി ലക്കം 9) എത്ര ലാളിത്യത്തോടെയാണ് കഥാകാരന്‍ ഒരു സൗഹൃദത്തിന്റെ കഥ പറയുന്നത്! യുക്ത്യതീതമെന്നു നമുക്കു തോന്നിയേക്കാവുന്ന സംഭവങ്ങള്‍ സന്നിവേശം ചെയ്ത് കഥാകാരന്‍ ഒരു നിരക്ഷരന്റെ ഉയര്‍ച്ചയെ ആലേഖനം ചെയ്യുന്നു. യുക്തിഭംഗം ഇല്ലതാനും. അയാളുടെ കൂട്ടുകാരന്‍ എന്തുകൊണ്ടും ആ അക്ഷരശൂന്യനെക്കാള്‍ മികച്ചവന്‍. പക്ഷേ മികവുകൊണ്ട് ഫലമില്ല. വിധി പാവത്തിന് അനുകൂല്യമരുളുന്നു. അയാള്‍ ഉയര്‍ന്നുയര്‍ന്നു പോകുന്നു. അതാവിഷ്കരിച്ച് ശിഹാബുദ്ദീന്‍ ജീവിതത്തിന്റെ സ്വഭാവം നമ്മെ ഗ്രഹിപ്പിക്കുന്നു. കൃത്രിമത്വം ഒട്ടുമില്ലാതെ ഋജുവായി, ലളിതമായി ശിഹാബുദ്ദീന്‍ കഥ പറയുന്നു. ഗ്രാമീണ ലാളിത്യവും സൗന്ദര്യവും അദ്ദേഹത്തിന്റെ കഥയ്ക്കൂണ്ട്.

ഹൃദയം ഹൃദയത്തോടു സംസാരിക്കുന്ന മട്ടിലെഴുതാന്‍ പലര്‍ക്കും കെല്പില്ല. കവി എ. അയ്യപ്പന് അതിനുള്ള പ്രാഗല്ഭ്യമുണ്ടെന്നു തെളിയിക്കുന്നു അദ്ദേഹത്തിന്റെ ആത്മകഥ (ഭാഷാപോഷിണി, ലക്കം 9). ഞാന്‍ കൗതുകത്തോടെയാണ് അത് വായിച്ചത്.

സി.വി. ശ്രീരാമന്‍

“യഥാര്‍ത്ഥ സുഹൃത്ത് എന്നൊരാള്‍ ഇല്ല. രണ്ടുപേര്‍ വലിയ കൂട്ടുകാരാണ് എന്ന് നമുക്കു തോന്നും. രണ്ടാളുകള്‍ക്കും അന്യോന്യം അസൂയയായിരിക്കും.”

അരൂക്കൂറ്റി തേവര്‍ വീട്ടില്‍ ഭാസ്കരപ്പണിക്കരുടെ സംരക്ഷണത്തിലാണ് ഞാന്‍ വേമ്പനാട്ടു കായല്‍ കടന്നു ദിവസവും അരൂരുള്ള സെന്റ് ഒഗസ്റ്റീന്‍സ് ഇംഗ്ലീഷ് സ്കൂളില്‍ പോയത്. ഒരു ദിവസം എക്സൈസുകാരുടെ ചവുക്കയ്ക്ക അടുത്തു നിന്നു കടത്തുവള്ളത്തില്‍ കയറി ഞാന്‍. ഒരുപാട് ആളുകള്‍. ചിലര്‍ വള്ളത്തിന്റെ വശത്തു ഇരിപ്പായി. അവര്‍ ഇരിക്കുന്ന ഭാഗം വെള്ളത്തിലേക്കു തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ താണു. ഏതു സമയവും വള്ളം മുങ്ങുമെന്ന് എനിക്കു പേടി. ഭയത്താല്‍ ഞാന്‍ നിലവിളിച്ചു. ഭാസ്കരപ്പണിക്കരുടെ ആശ്വാസവചനങ്ങളും മറ്റു യാത്രക്കാരുടെ പുച്ഛച്ചിരിയും എന്റെ പേടി കുറച്ചില്ല. രോദനം വഞ്ചിയിലുള്ളവര്‍ക്ക് അസഹനീയമായപ്പോള്‍ ‘ഇവനെ തിരിച്ചു കരയിലെത്തിച്ച് ഇറക്കിവിട്’ എന്ന് അവര്‍ വഞ്ചിക്കാരനോടു പറഞ്ഞു. ആ നിര്‍ദ്ദേശം വഴങ്ങാതെ നിവൃത്തിയില്ലെന്നായി. അയാള്‍ തിരിച്ചു തുഴഞ്ഞു. ഞാന്‍ അരൂക്കുറ്റിയില്‍ ഇറങ്ങി. സംരക്ഷകന്‍ ഭാസ്കരപ്പണിക്കര്‍ എന്നെ വീട്ടില്‍ കൊണ്ടാക്കി. ഞാന്‍ കാരണം അദ്ദേഹത്തിനും അന്നു സ്ക്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞു. ഞാന്‍ നന്നേ പ്രഭാതത്തില്‍ കായല്‍ തീരത്തു നില്ക്കുകയാണ്. അവിടെയെത്തിയ പിതാവ് എന്നെ നോക്കി കൂട്ടുകാരനോടു പറഞ്ഞു: “ഇവന്റെ പേടിയില്ലാതാക്കണമല്ലോ. വള്ളമിറക്ക്” എക്സൈസ് ഡിപാര്‍ട്മെന്റിന്റെ വഞ്ചി വേമ്പനാട്ടു കായലിലേക്കിറക്കി. വഞ്ചിക്കാരന്‍ തുഴഞ്ഞു. വള്ളത്തില്‍ പിതാവും കൂട്ടുകാരനും ഞാനും മാത്രം.” രാവിന്റെ വീര്‍പ്പാം കുളിര്‍മാരുതന്‍ വന്നെന്നോടു യാത്രാകുശലോക്തി ചൊല്ലി” കായല്‍ തിരമാല ഉയര്‍ത്തിയെറിഞ്ഞു. ജലത്തിന്റെ ഉപരിതലം ലളിതം. അതില്‍ നിന്ന് ഉയര്‍ന്നു വന്ന തിരകള്‍ സങ്കീര്‍ണ്ണം. മനോഹരമായ നീലാന്തരീക്ഷം എന്നെ സഹതാപത്തോടെ നോക്കി. ‘പേടിക്കരുത്’ എന്ന് അത് എന്നോടു പറഞ്ഞു. യഥാര്‍ത്ഥമായ ആഹ്ലാദം.

ഭാരമാര്‍ന്ന കടത്തുവഞ്ചി ഏതു സമയവും മുങ്ങുമെന്ന പേടിക്കു സദൃശ്യമായ പേടിയോടുകൂടിയാണ് ഞാന്‍ ആധുനികരുടെ കഥകള്‍ വായിക്കുന്നത്. സി.വി. ശ്രീരാമന്‍ ഇന്ത്യാ റ്റുഡേയില്‍ (സാഹിത്യ വാര്‍ഷികപ്പതിപ്പ്) എഴുതിയ ‘ഇനിയും വരാന്‍’ എന്ന സുന്ദരമായ കഥ വായിക്കുമ്പോള്‍ പ്രഭാതത്തില്‍ ഡിപാര്‍ട്മെന്റ് വള്ളത്തില്‍ കയറി സഞ്ചരിച്ച പ്രതീതി. അപ്പോള്‍ വൈകാരിക പ്രതികരണത്തിന് സ്വാതന്ത്ര്യം, അയവ്. ദുഃഖ സംഭവമാണ് ശ്രീരാമന്‍ വര്‍ണ്ണിക്കുന്നത്. എങ്കിലും കഥയുടെ സ്പഷ്ടതയും അതിന്റെ രൂപശില്പവും ഏതു സഹൃദയനെയും ആകര്‍ഷിക്കും. കോളേജില്‍ ഫ്രഫെസറായിരുന്ന ആനന്ദവല്ലി രോഗബാധിതയായി ആശുപത്രിയില്‍. അവരെ പരിചരിക്കുന്ന മേദിനിയോട് അവര്‍ക്ക് ആത്മബന്ധം. മേദിനിയുടെ പരിചരണം തീരുമ്പോള്‍ അവള്‍ പോകുന്നു. പകരം വേറൊരു സ്ത്രീ വരും. ഉപരിതലജീവിതം വര്‍ണ്ണിച്ച് ആന്തരങ്ങളായ സങ്കീര്‍ണ്ണതകളെയും സംഘട്ടനങ്ങളെയും ശ്രീരാമന്‍ ഒന്നാന്തരമായി ചിത്രീകരിക്കുന്നു. കാമുകി രഹസ്യമായി പലതും കാമുകന്റെ കാതില്‍ മന്ത്രിക്കുന്നതുപോലെ ഇക്കഥ ജീവിതരഹസ്യം നമ്മുടെ കാതിലോതുന്നു.

പുതിയ പുസ്തകം

സാഹിത്യത്തില്‍ തല്‍പരത്വമുള്ളവര്‍ വായിച്ചിരിക്കേണ്ടതാണ് ആല്‍ഡസ് ഹസ്കിലിയുടെ Text and Pretexts എന്ന പുസ്തകം. ഓരോ വിഷയമെടുത്ത് അതിനുചേര്‍ന്ന ഉപന്യസ്തവചനങ്ങള്‍ (quotations) ഗ്രന്ഥകാരന്‍ നല്കുന്നു. എനീട്ട് അതിനു അന്യാദൃശ്യമായ വ്യാഖ്യാനം ചേര്‍ക്കുന്നു. അതു വായിക്കുമ്പോള്‍ നമുക്ക് എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടാകുന്നു. ഹസ്കിലി സാഫോ എന്ന കവിയുടെ (സ്ത്രീ) ഒരു കാവ്യഖണ്ഡം ഉദ്ധരിച്ചിട്ട് വിവൃതി നല്കുന്നതാണ് എന്റെ ഓര്‍മ്മയില്‍ ഇപ്പോള്‍ വരുന്നത്. പുസ്തകം കൈയിലില്ല; സാഫോയുടെ കവിതയ്ക്കുള്ള ഇംഗ്ലീഷ് തര്‍ജ്ജമയുടെ ഏതാനും വാക്കുകളേ സ്മരണയില്‍ വരുന്നുള്ളു. അതു മനസ്സില്‍ വച്ചു കൊണ്ട് മലയാളത്തില്‍ എഴുതട്ടെ. “ചന്ദ്രന്‍ അസ്തമിച്ചു. സപ്തര്‍ഷികളും. അര്‍ദ്ധരാത്രിയാണിപ്പോള്‍. ഞാന്‍ ഏകാകിനിയായി കിടക്കുന്നു. ഏകാകിനിയായി കിടക്കുന്നു.” ഹസ്കിലി ഇതിനു നല്കുന്ന വ്യാഖ്യാനത്തിന്റെ ഒരു ഭാഗവും ഓര്‍മ്മയില്‍ നിന്നു കുറിച്ചിടട്ടെ. ചന്ദ്രനും സപ്തര്‍ഷികളും അപ്രത്യക്ഷമായപ്പോള്‍ ഇരുട്ട് പരന്നു. അതുപോലെ കവിയുടെ പ്രേമപ്രകാശവും അന്തര്‍ദ്ധാനം ചെയ്തു. കവി ഏകാന്തതയുടെ ദുഃഖമനുഭവിച്ചുകൊണ്ട് കിടക്കുന്നു. And I lie alone എന്നാണെന്നു തോന്നുന്നു ഇംഗ്ലീഷ്. ഇതു വായിച്ച നാള്‍ മുതല്‍ സാഫോയുടെ കവിതകള്‍ വായിക്കണമെന്ന് എനിക്കാഗ്രഹം. 1950-ല്‍ ഉണ്ടായ ആശ 2002-ലേ സാഫല്യത്തിലെത്തുന്നുള്ളൂ. Margaret Reynolds-ന്റെ “The Sappho Companion” എന്ന വിശിഷ്ടമായ പുസ്തകം എനിക്കി കിട്ടി. അതില്‍ സാഫോയുടെ കവിതാഖണ്ഡങ്ങളാകെയുണ്ട്. സാഫോയെ അവലംബിച്ച് വിഖ്യാതനായ സാഹിത്യകാരന്മാര്‍ എഴുതിയതെല്ലാമുണ്ട്. വായിച്ചു വായിച്ച് ആഹ്ലാദാനുഭൂതിക്കു വിധേയനായ ഞാന്‍ കൊച്ചുകുഞ്ഞിനെ എന്നപോലെ പുസ്തകം നെഞ്ചോടു ചേര്‍ത്തു (The Sappho Companion, Margaret Reynolds, Vintage, 2001, U.K., Pages 422). സാഫോയെക്കൂറിച്ച് വില്‍ ഡ്യൂറന്റ് ‘The Life of Greece’ എന്ന പുസ്തകത്തില്‍ പറഞ്ഞതിന്റെ സംഗ്രഹം ഞാന്‍ നല്കട്ടെ.

അഞ്ഞൂറിലധികം ഗ്രീക്ക് ഗ്രന്ഥകാരന്മാരുടെ രചനകളെ സമാഹരിച്ച സ്റ്റോബൈഓസ് (Stobaios, AD 5-ആം ശതാബ്ദം. അദ്ദേഹത്തിന്റെ ലാറ്റിന്‍ പേരു Stobaeus എന്നാണ്. അതാണ് വില്‍ ഡ്യൂറന്റ് നല്കുന്നത്) പറയുന്നു: (ഏതന്‍സിലെ) സോലോന്റെ (Solon) അനന്തവരനായ അഗ്സീസിയസ് (Execestides) സാഫോയുടെ ഒരു ഗാനം പാടി. അമ്മാവന് അതു വളരെ രസിച്ചു. അനന്തരവനോട് ആ പാട്ട് തന്നെ പഠിപ്പിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഒരാള്‍ ചോദിച്ചു:“എന്തിന്?” അമ്മാവന്‍ മറുപടി പറഞ്ഞു. “എനിക്കതു പഠിച്ചിട്ട് മരിക്കണം.” പ്ലേറ്റോ സാഫോയെക്കൂറിച്ചു പറഞ്ഞത് അറിയേണ്ടേ?

“Some asy there Nine Muses
How careless they are!
Behold, Sappho of Lesbos is the tenth”

കവിയെന്നു പറഞ്ഞാല്‍ ഗ്രീസിലുള്ളവര്‍ക്കെല്ലാം ഹോമറിനെയാണ് ഉദ്ദേശിക്കുന്നതെന്ന് അറിയാം. ‘കവയിത്രി’ എന്നുപറഞ്ഞാല്‍ ലോകത്തിനാകെ അറിയാം സാഫോയാണ് ലക്ഷ്യമാക്കുന്നതെന്ന്.

ഭാവാത്മക കവിയായ അല്‍സീയസ് (Alccaeus, 620–580 BC) ആകര്‍ഷകത്വമുള്ള സാഫോയെക്കണ്ട് കാമവിവശനായിരിക്കണം. അദ്ദേഹം എഴുതി അവര്‍ക്ക്: “If thy wishes were fair and noble, and thy tongue designed not to utter what is base, shame would not could thine eyes, but thou wouldst speak thy just desires”

വാക്കുകളില്‍ തീ കലര്‍ത്തിയ സാഫോയുടെ പ്രിയപ്പെട്ട ശിഷ്യയായിരുന്നു അത്തീസ് (Atthis) അവര്‍ തമ്മിലുള്ള ഉല്‍കടപ്രേമത്തെ ലെസ്ബിയന്‍ പ്രേമമെന്നു വിളിക്കുന്നു (ലെസ്ബോസിലാണ് സാഫോ ജനിച്ചത്).

“വീട്ടിലുള്ള ഒരുത്തനോ ഒരുത്തിയോ എല്ലാ സമയത്തും ആരോഗ്യ പരിപാലനത്തില്‍ മനസ്സിരുത്തിയാല്‍ മറ്റുള്ളവര്‍ക്കു സ്വസ്ഥത ഇല്ലാതാവും.”

Love shakes my heart like the wind rushing down on the mountain oaks എന്നും I loved thee once, Atthis, long ago എന്നും സാഫോ പറയുന്നതില്‍ നിന്ന് അവരുടെ അദമ്യമായ രാഗത്തിന്റെ സ്വഭാവം നമുക്കറിയാം. അത്തീസിന്റെ അച്ഛനമ്മമാര്‍ അവളെ സ്കൂളില്‍ നിന്ന് തിരിച്ചുവിളിച്ചു. “I shall never see Atthis again, and indeed I might as well be dead എന്ന് പരിവേദനം ചെയ്തുകൊണ്ട് സാഫോ വീണു. ഒരു ദ്വീപിലെ കുന്നിന്റെ അഗ്രത്തില്‍ കയറി നിന്നുകൊണ്ട് സാഫോ താഴെയുള്ള കടലിലേക്കു ചാടിയെന്നാണ് രേഖപ്പെടുത്തിയത്. സൂയിദസ് എന്ന നിഘണ്ടുകാരന്‍ (AD 970). പനിനീര്‍പ്പൂവിന്റെ ഭംഗിയുള്ള പ്രഭാതം ഭൂമിയില്‍ അന്ധകാരം കൊണ്ടുവരുന്നതുപോലെ മരണം ജീവനുള്ള സകലതിനെയും സമാക്രമിക്കുന്നു. എന്റെ ത്വക്ക് കാലം കൊണ്ടു പുളിവാര്‍ന്നിരുന്നു. എന്റെ തലമുടി കറുപ്പില്‍ നിന്ന് വെളുപ്പിളേക്കു പോയിരിക്കുന്നു എന്ന് സഫോ അവസാനമായി പറഞ്ഞു. അത്തീസിന്റെ തിരോധാനം സാഫോയെ വിഷാദത്തിലേക്ക് എറിഞ്ഞിരിക്കാം. പക്ഷേ ഒരു പുരുഷന്‍ അവരുടെ പ്രേമാഭ്യര്‍ത്ഥനയെ നിരാകരിച്ചതുകൊണ്ടാണ് കടലിലേക്ക് അവര്‍ സ്വന്തം ശരീരത്തെ എറിഞ്ഞത്.

രണ്ടായിരത്തിയറുന്നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു സാഫോ മരിച്ചിട്ട്. പക്ഷേ അവരുടെ കവിത ഇന്നും സഹൃദരെ ‘ഹോണ്‍ട്’ ചെയ്യുന്നു. ധാരാളമെഴുതി സാഫോ പക്ഷേ ഇരുന്നൂറിനു താഴെയുള്ള കവിതാഖണ്ഡങ്ങളേ നമുക്കു കിട്ടിയിട്ടുള്ളൂ. എങ്ങനെ നശിച്ചു പോയി ഈ മനോഹര കാവ്യങ്ങള്‍ എന്നു നമുക്കറിഞ്ഞുകൂടാ. പ്രതിലോമകാരികള്‍ അവയെ തീകത്തിച്ചു കളഞ്ഞു എന്ന് ഒരു അഭിപ്രായം. അപരിഷ്കൃതര്‍ വായനശാല കൂടെക്കൂടെ ആക്രമിച്ച് കവിതകള്‍ രേഖപ്പെടുത്തിയെന്നോ നശിപ്പിച്ചെന്നോ അഭ്യൂഹം എന്തായാലും നമുക്കു ഇന്നുകിട്ടിയ കവിതാഖണ്ഡങ്ങളാകെ രത്നങ്ങളാണ്. രണ്ടെണ്ണത്തിന്റെ ഭംഗി കണ്ടാലും:

1. Most beautiful of all the starts
O Hesperus, bringing everything
the bright dawn scattered
You bring the sheep, you bring the goat
You bring the child back to her mother

2. Like the sweet apple which
Reddens upon the topmost bough
A-top on the top-most twig
Which the pluckers forgot somehow
Forget it not, may, but got it
not, for none could get it till now.
Like the wild hyacinth flower
which on the hills is found
Which the passing feel of
shepherds for ever tear and wound
Until the purple blossom
is trodden into the ground.

ഭാവാത്മകത്വത്തില്‍ സഫോയെ അതീശയിച്ച് വേറൊരു കവി ഇന്നുവരെ ഈ ലോകത്തു ജനിച്ചിട്ടില്ല. പ്രതിപാദിക്കാന്‍ കവി ഉദ്ദേശിക്കുന്ന വികാരത്തില്‍ പല വികാരങ്ങള്‍ കലര്‍ന്നിരിക്കും. പ്രമൂഖ വികാരത്തില്‍ നിന്ന് അവയെയെല്ലാം ദൂരീകരിച്ച് ആ പ്രധാന വികാരത്തെ സ്വര്‍ണ്ണശലാക പോലാക്കി ദൃശ്യമാക്കുന്നതാണ് സാഫോയുടെ ഭാവഗാനത്തിന്റെ സവിശേഷത.

പുസ്തകത്തിന്റെ 66 പുറങ്ങളിലായി സാഫോയുടെ നൂറ്റമ്പതോളം കാവ്യഖണ്ഡങ്ങള്‍ അച്ചടിച്ചിരിക്കുന്നു. ശേഷമുള്ള മുന്നൂറ്റി ഇരുപതു പുറങ്ങളില്‍ സാഫോയുടെ മഹത്വത്തെ വിശദീകരിക്കുന്ന രചനകളാണുള്ളത്. അവ മഹാന്മാരുടെയും മഹതികളുടെയും ലഘുപ്രബന്ധങ്ങളും കവിതകളുമാണ്. ഓരോന്നും അനുഭൂതിജനകം.

Someone I say to you
will think of us
in some future time

എന്നു സാഫോ പറഞ്ഞു (Fragment 147, ഈ വര്‍ത്തമാനകാലത്ത് സാഫോ സൂചിപ്പിച്ച ഭാവികാലം). ഹെലാസില്‍ (Hellas = ഗ്രീസ്) നിന്ന് ഉയര്‍ന്ന മധുര ഗാനങ്ങള്‍ നമ്മളെ എങ്ങനെ കോരിത്തരിപ്പിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഈ വിശിഷ്ടമായ ഗ്രന്ഥം വായിക്കണം.

നിരീക്ഷണം

“ഹൃദയം ഹൃദയത്തോടു സംസാരിക്കുന്ന മട്ടിലെഴുതാന്‍ പലര്‍ക്കും കെല്പില്ല. കവി എ. അയ്യപ്പന് അതിനുള്ള പ്രാഗല്ഭ്യമുണ്ടെന്നു തെളിയിക്കുന്നു അദ്ദേഹത്തിന്റെ ആത്മകഥ.”

ഒരിക്കല്‍ ‘മലയാളനാട്’ പത്രാധിപന്‍ എസ്.കെ. നായരുമായി ഞാന്‍ കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോരികയായിരുന്നു. അദ്ദേഹം പറഞ്ഞു: “നമുക്കു പാറപ്പുറത്തിന്റെ വീട്ടില്‍ ഒന്നു കയറിയിട്ടു പോകാം. അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണിന്ന്. കാലത്ത് വിവാഹം. അതിനു പോകാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് വീട്ടിലെങ്കിലും ചെന്നിട്ടു പോരാം.” അര മണിക്കൂര്‍കൊണ്ടു കാര്‍ പാറപ്പൂറത്തിന്റെ വീട്ടിന്റെ മുന്‍പില്‍ച്ചെന്നു. എസ്.കെ. നായര്‍ കാറില്‍ നിന്നിറങ്ങി. അനങ്ങാതെ കാറിലിരുന്ന എന്നെ നോക്കി അദ്ദേഹം ചോദിച്ചു. “എന്താ വരുന്നില്ലേ?” എസ്.കെ. പറഞ്ഞു: “അങ്ങനെ വല്ലതുമുണ്ടോ സാര്‍? പാറപ്പുറം വിട്ടുപോയിരിക്കാം. വരൂ അദ്ദേഹത്തിന് വലിയ സന്തോഷമായിരിക്കും.” ഞാന്‍ കൂടെച്ചെന്നു വിളിക്കാതെ ഞാന്‍ ചെന്നു കയറിയതില്‍ പാറപ്പുറത്തിനു വലിയ ആഹ്ലാദം. അതിനോടൊപ്പം പശ്ചാത്താപവും. പാറപ്പുറത്തിന്റെ വാക്കുകള്‍ ആ രണ്ടു വികാരങ്ങളെയും സ്പഷ്ടമാക്കി. അവിടെ മുട്ടത്തു വര്‍ക്കി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹമറിയിച്ചു. “ഞാന്‍ കൂടെ വരുന്നു. വഴിക്ക് ഞാന്‍ ഇറങ്ങിക്കോള്ളാം.” ഞങ്ങള്‍ മൂന്നുപേരും യാത്രയായി. എസ്.കെ. നായര്‍ എന്നെ ചൂണ്ടിക്കാണിച്ചു വര്‍ക്കിയോടു ചോദിച്ചു: “അറിയില്ലേ?” അദ്ദേഹം ഉടനെ പറഞ്ഞു: “എന്നെ നിരന്തരം ചീത്ത പറയുന്ന ആള്‍.” മുട്ടത്തു വര്‍ക്കി മാന്യനാണ്. എത്ര വിമര്‍ശിച്ചാലും അദ്ദേഹം അഹിതമായി ഒന്നും പറയുകയില്ല. അന്നും പറഞ്ഞില്ല. പക്ഷേ ‘റ്റോണ്‍’ കൊണ്ട് പ്രതിഭാശാലിയായ എന്നെ കാരണമൊന്നുമില്ലാതെ തെറിപറയുന്ന ആള്‍” എന്ന ധ്വനി ആ വാക്യത്തില്‍ ഉണ്ടായിരുന്നു. ടോള്‍സ്റ്റോയിയെപ്പോലെ, ദസ്തെയേവ്സ്കിയെപ്പോലെ പ്രതിഭാശാലിയായ എന്നെ ഇയാള്‍ അനവരതം കുറ്റപ്പെടുത്തുന്നു” എന്ന് വര്‍ക്കിയുടെ ആ വാക്യത്തിലെ ധ്വനി എനിക്കു മനസ്സിലായി. ഞാന്‍ മറുപടി പറഞ്ഞില്ല. ഏതോ സ്ഥലത്ത് എത്തിയപ്പോള്‍ വര്‍ക്കി എസ്.കെ. നായരോടു മാത്രം യാത്ര പറഞ്ഞിട്ട് കാറില്‍ നിന്ന് ഇറങ്ങിപ്പോയി. നമ്മുടെ എഴുത്തുകാര്‍ക്കുള്ള പ്രധാനപ്പെട്ട ദോഷമിതാണ്. തന്റെ ‘സംഭാവനകള്‍’ (സംഭാവന എന്ന പദത്തിന് contribution എന്ന അര്‍ത്ഥമില്ല, എങ്കിലും പ്രയോഗിക്കുന്നു) നിസ്തുലങ്ങളാണെന്നും താന്‍ ടോള്‍സ്റ്റോയിക്കോ പസ്ത്യര്‍നക്കിനോ സദൃശനാണെന്നും കേരളത്തിലെ നോവലിസ്റ്റ് വിചാരിക്കുന്നു. ആ വിചാരത്തിന് യോജിച്ച വിധത്തില്‍ പെരുമാറുന്നു. സംസാരിക്കുന്നു. എന്റെ വായനക്കാരികള്‍ സദയം ക്ഷമിക്കണം. എഴുത്തുകാരികള്‍ക്ക് ഈ അഹങ്കാരം വളരെ കൂടുതലാണ്. അവര്‍ നോട്ടത്തില്‍, നടത്തത്തില്‍, അംഗവിക്ഷേപത്തില്‍ ഇല്ലാത്ത മേന്മ പ്രകടിപ്പിക്കുന്നു. നടത്തില്‍, കൈവീശലില്‍, റ്റെലിവിഷനിലെ അഭിമുഖസംഭാഷണത്തിൽ, പത്രപ്രതിനിധിയോടുള്ള അഭിപ്രായാവിഷ്ക്കാരത്തിൽ അന്യനോട് നേരിട്ടുള്ള സംസാരത്തിൽ ‘എന്നെപ്പോലെ ഒരു പ്രതിഭാശാലിനി വേറെയുണ്ടോ?’ എന്ന മട്ടു കാണിക്കുന്നു ഒരെഴുത്തുകാരി. ശബ്ദത്തിലും പരപുച്ഛത്തിലും അഹങ്കാരം. രണ്ടോ മൂന്നോ ഉണക്കക്കഥകൾ എഴുതിക്കൊണ്ട് ‘ബഹുമാനിയാ ഞാൻ ആരെയും തൃണവൽ’ എന്ന ഭാവം. തേങ്ങ പൊതിക്കത്തക്ക വിധത്തിൽ ചന്തിയിലെ എല്ലുകൾ ഉന്തിക്കൊണ്ട് ചടച്ച പശു തൊഴുത്തിൽ നിൽക്കുന്നതു വായനക്കാർ കണ്ടിരിക്കും. കാലത്തു കറക്കാൻ ചെന്നാൽ ഒരു തുള്ളി പാലു പോലും കിട്ടില്ല. പക്ഷേ കറവക്കാരനെ തോക്കി തല കുലുക്കുന്നതു കണ്ടാൽ ‘രണ്ടിടങ്ങഴിപ്പാലു് എന്റെ അകിട്ടിലുണ്ട്’ എന്ന ഭാവവും. ഇതുപോലെ മെലിഞ്ഞ രണ്ട് കഥാസമാഹാരഗ്രന്ഥങ്ങൾ വീട്ടിലെ ഷെൽഫെന്ന തൊഴുത്തിൽ കാണും. റബേക്ക വെസ്റ്റാണു ഞാൻ, വെർജീനിയ വുൽഫാണു ഞാൻ, സീമോൻ ദ് ബോവ്വാറാണു ഞാൻ എന്ന നാട്യവും സംസാരവും. മുട്ടത്തു വർക്കിയുടെ നോവലുകൾ പൈങ്കിളികളാണെങ്കിലും അമ്പതോളമുണ്ട് അവ. ഈ എഴുത്തുകാരിക്ക് അതുമില്ല. എങ്കിലും ‘ഞാൻ ഞാൻ’ എന്ന മട്ടും ഭാവവും.

ഒ.വി. വിജയനോടു സംസാരിക്കൂ, വിനയമില്ലാതെ ഒരു വാക്കു പോലും വരില്ല അദ്ദേഹത്തിൽ നിന്നു്. വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻ പിള്ള, ഈ പ്രതിഭാശാലികളോട് ഞാൻ പല തവണ സംസാരിച്ചിട്ടുണ്ട്. വിനയമാണ് അവരുടെ സ്വഭാവത്തിലെ സവിശേഷത. ഉദ്ധതനായി രചനകളിൽ പ്രത്യക്ഷനാകുന്ന കുട്ടിക്കൃഷ്ണമാരാർ, ആരെയും വകവെയ്ക്കാത്ത മുണ്ടശ്ശേരി, ഇവരിൽ നിന്നു് സുജനമര്യാദയെ ലംഘിക്കുന്ന ഒരു വാക്കു പോലും വരില്ല. കുട്ടിക്കൃഷ്ണമാരാർ കുഞ്ഞിനെപ്പോലെ നിഷ്ക്കളങ്കനാണ്. ധിഷണാവിലാസം കാണിക്കുന്ന ആളുകൾ അങ്ങനെയാണ്. അല്പജ്ഞരും അല്പജ്ഞകളുമാണ് ‘ഞാൻ കവി’, ‘ഞാൻ കഥാകാരി’ എന്ന വീമ്പടിക്കുന്നത്. ഒന്നേ നമുക്കു ചെയ്യാനുള്ളു, ഇക്കൂട്ടർ റ്റെലിവിഷനിൽ വരുമ്പോൾ സ്വിച്ചോൺ ചെയ്തിരിക്കുന്ന സെറ്റ് സ്വിച്ചോഫ് ചെയ്യണം. അല്പക്കൂട്ടങ്ങൾ!

* * *

ഫ്വേന്തേസ് എന്ന ലാറ്റിൻ അമേരിക്കൻ നോവലിസ്റ്റ് കാറിൽ എവിടെയോ പോകുകയായിരുന്നു. മാർഗ്ഗമദ്ധ്യേ അദ്ദേഹം വാഹനം നിറുത്തി റോഡിൽ കണ്ട കർഷകനോട് ചോദിച്ചു “ഇന്ന സ്ഥലത്തേയ്ക്ക് ഇവിടെ നിന്ന് എത്ര മൈൽ വരും”. കൃഷിക്കാരന്റെ മറുപടി വിചിത്രമായിരുന്നു. “നിങ്ങൾ സൂര്യനുദിച്ചപ്പോൾ വീട്ടിൽ നിന്ന് തിരിച്ചിരുന്നുവെങ്കിൽ ഈ സമയം കൊണ്ട് അവിടെ ചെന്ന് ചേരുമായിരുന്നു.” ഈ കൃഷിക്കാരനെപ്പോലെയാണ് നമ്മുടെ ആധുനിക കവികൾ കവിത എഴുതുന്നത്. ഒരാളും ഋജുവായി ഒന്നും പറയുന്നില്ല. എന്തെങ്കിലും കണ്ടാൽ അവർക്ക് വക്രദൃഷ്ടി ഉണ്ടാകുന്നു. ഉടനെ വക്രമായി, കുടിലമായി അതാവിഷ്ക്കരിക്കുന്നു. അവരുടെ ആരാധകർ അഹോരൂപം! അഹോരൂപം!! എന്ന് ഉദ്ഘോഷിക്കുന്നു. ഋജുവായി കാര്യങ്ങൾ പ്രതിപാദിക്കുന്ന രീതി കഥയിലും കവിതയിലും വന്നെങ്കിൽ എന്നാണ് എന്റെ ആഗ്രഹം.