close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 08 07


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 08 07
പുസ്തകം 673
മുൻലക്കം 1988 07 31
പിൻലക്കം 1988 08 14
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കേന്ദ്ര ക്രൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരില്‍ ചിലരുടെ പാരായണം കേള്‍ക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ചെമ്പുകിടാരത്തിലെ തിളപ്പിച്ച വെളിച്ചെണ്ണയില്‍ എന്നെ ജീവനോടെയിട്ടു പൊരിക്കുന്നതാണ്.

“പഞ്ചാബില്‍ ഇന്നു മുപ്പതുപേര്‍ വധിക്കപ്പെട്ടു” — ഈ വാര്‍ത്ത ടെലിവിഷന്‍ സെറ്റില്‍നിന്നു കേട്ട് ഞാന്‍ ദുഃഖിച്ചിരിക്കുമ്പോള്‍ മരിച്ചവരുടെ ശരീരങ്ങള്‍ കാണുന്നു. അവരുടെ ബന്ധുക്കള്‍ നെഞ്ചിലിടിച്ചു കരയുന്നതു കേള്‍ക്കുന്നു. വെടിയുണ്ടയേറ്റ കൊച്ചു കുഞ്ഞുങ്ങല്‍ ചത്തുമലര്‍ന്നു കിടക്കുന്നതു കാണുന്നു. പിന്നീടുള്ള ഒരു വാര്‍ത്തയിലും ഒരു ദൃശ്യത്തിലും താല്‍പര്യമില്ലാതെ തലതാഴ്ത്തിയിരിക്കുന്ന എന്റെ മുന്‍പില്‍ അതാ അധികാരത്തിന്റെ പ്രതിരൂപം ആവിര്‍ഭവിക്കുന്നു. ആ പ്രതിരൂപം മൊഴിയാടുകയാണ്: “സ്റ്റെപ്സ് വില്‍ ബി ടേക്കന്‍…” — “നടപടികളെടുക്കും.” കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഞാന്‍ ഈ ദാരുണവധങ്ങളെക്കുറിച്ചു കേള്‍ക്കുന്നു. അപ്പോഴൊക്കെ സ്റ്റെപ്സ് വില്‍ ബി ടേക്കന്‍ എന്ന ഇംഗ്ലീഷ് വാക്കുകളും കേള്‍ക്കുന്നു. എന്തേ സ്റ്റെപ്സ് എടുക്കാത്തത് ഇതുവരെ?

കഴി‍ഞ്ഞയാഴ്ച വീണ്ടും കേട്ടു ഈ അര്‍ത്ഥരഹിതങ്ങളായ വാക്കുകള്‍. ഐലന്‍ഡ് എക്സ്പ്രസ്സ് തീവണ്ടി, പാലത്തിലെത്തി. പല ബോഗികളും കായലില്‍ വീണു. നൂറ്റുക്കണക്കിന് ആളുകള്‍ മരിച്ചു. എന്റെ സുഹൃത്തായ പ്രൊഫസര്‍ പദ്മനാഭന്‍നായരും ഈ ലോകം വിട്ടുപോയി. ഇതൊക്കെ പത്രത്തില്‍ വായിച്ച്, നിറഞ്ഞ കണ്ണുകളോടെ ഇരുന്ന എന്റെ മുന്‍പില്‍ വേറൊരു പത്രവാര്‍ത്ത. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി പറയുന്നു: “സ്റ്റെപ്സ് വില്‍ ബി ടേക്കന്‍റ്റു അവേര്‍ട് സച്ച് ട്രാജഡീസ് ഇന്‍ഫ്യൂച്ചര്‍.” ഈ വാക്യവും ഞാന്‍ അനേകം വര്‍ഷങ്ങളായി കേള്‍ക്കുന്നു. കേട്ടുകേട്ട് ഇതിന് അര്‍ത്ഥമില്ലാതെയായി തീര്‍ന്നിരിക്കുന്നു.

ദുരന്തത്തില്‍ ഹൃദയംനൊന്ത് കേരളത്തിലെ ഒരു മന്ത്രി പറ‍ഞ്ഞു, പാളം നേരത്തേ നോക്കി അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതുകൊണ്ടാവാം അപകടമുണ്ടായതെന്ന്. അതുകേട്ട കേന്ദ്രമന്ത്രിക്കു രസിച്ചില്ല. കേരളത്തിലെ മന്ത്രിക്കു സ്പോര്‍ട്സ് കാര്യങ്ങളില്‍ മാത്രമല്ല അവഗാഹം, റെയില്‍വേയെ സംബന്ധിക്കുന്ന വിഷയങ്ങളിലും അതുണ്ടെന്ന് അദ്ദേഹം പുച്ഛിച്ചു പറഞ്ഞുകളഞ്ഞു. എന്തൊരു നൃശംസതയാണിത്? സ്വന്തം സഹോദരങ്ങള്‍ തലയിടിച്ചും വെള്ളത്തില്‍ മുങ്ങിയും മരിച്ചു വെന്നു കേട്ടു ദുഃഖിച്ച് കേരളത്തിലെ ഒരു മന്ത്രി ഒരഭിപ്രായം പറഞ്ഞപ്പോള്‍ മൗനം അവലംബിക്കാനുള്ള വിവേകംപോലും കേന്ദ്രമന്ത്രിക്കുണ്ടായില്ല. മാത്രമല്ല, പുച്ഛത്തോടെ അദ്ദേഹം സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയമായ പരിഗണനകളല്ലേ ഈ ആക്ഷേപത്തിനു ഹേതുവെന്ന് ബുദ്ധിമാനായ ഒരു പത്രപ്രതിനിധി ചോദിച്ചപ്പോള്‍ വീണ്ടും പുച്ഛത്തിന്റെ വാക്കുകള്‍. “അല്ലേയല്ല.” നാടാകെ ഒരു ദുരന്തത്തിന്റെ മുന്‍പില്‍ ഞെട്ടിനിൽക്കുമ്പോള്‍ മനുഷ്യത്വമുള്ള ഒരാളിന്റെ നാവില്‍നിന്നും അന്യനെ ആക്ഷേപിക്കുന്ന വാക്കുകള്‍ വരില്ല. വരുന്നുണ്ടെങ്കില്‍ ആ മനുഷ്യന്‍ സ്റ്റെപ്സ് വില്‍ ബി ടേക്കന്‍… എന്ന അര്‍ത്ഥരഹിതങ്ങളായ പദങ്ങൾ ആവര്‍ത്തിക്കുന്ന ആള്‍ മാത്രമായിരിക്കും.

അടുത്തകാലത്ത് ഞാന്‍ തീവണ്ടിയാത്രക്കാരനായി മാറിയിട്ടുണ്ട്. ഐലന്‍ഡ് എക്സ്പ്രസ്സ് ട്രെയിനില്‍ത്തന്നെയാണ് ഞാന്‍ വടക്കോട്ടു പോകുന്നതും തിരിച്ചുവരുന്നതും. ഞാന്‍ പോകുകയോ വരികയോ ചെയ്യുമ്പോള്‍ തീവണ്ടിയില്‍ ഞാന്‍ റിസര്‍വ്ചെയ്ത സീറ്റില്‍ ട്രെയിന്‍ ടിക്കറ്റ് എക്സാമിനറുടെ അനുവാദത്തോടെ വേറൊരാള്‍ ഇരിക്കുന്നുണ്ടായിരിക്കും. ഞാന്‍ ഗത്യന്തരമില്ലാതെ വേറെ ഒരിടത്ത് ഞെരുങ്ങിയിരിക്കും. യാചകര്‍ എന്നെ നിരന്തരം ശല്യം ചെയ്യും. സ്റ്റീല്‍ പ്ലേറ്റില്‍ വൃത്തികെട്ട ചോറും കൂട്ടാനും എനിക്കു കിട്ടും. കുഷ്ഠരോഗി വാവച്ചു കുടിച്ചകപ്പ് കഴുകാതെ കാപ്പി വില്പനക്കാരന്‍ അതില്‍ എനിക്കു കാപ്പിയൊഴിച്ചുതരും. ദാഹം സഹിക്കാനാവാതെ ഞാനതു വാങ്ങിക്കുടിക്കും. ഈച്ചയരിക്കുന്ന വട ഞാന്‍ പ്ലാറ്റ്ഫോമില്‍നിന്നു വാങ്ങിക്കഴിക്കും. മുഖമൊന്നു കഴുകാനായി വാഷ്ബേസിനടുത്തു ചെന്നാല്‍ തീവണ്ടിയുടെ കുലുക്കംകൊണ്ട് തുറന്നുകിടക്കുന്ന വാതില്‍വഴി ഞാന്‍ തെറിച്ചു വെളിയില്‍ വീഴുമെന്നു പേടിക്കും. ട്രെയിന്‍ ഏതെങ്കിലും പാലത്തില്‍ കയറുമ്പോള്‍ താഴെയുള്ള കായല്‍നോക്കി ഞാന്‍ ഞെട്ടും. ഇതൊക്കെ സംഭവിക്കും. കാരണം, ‘സ്റ്റെപ്സ് വില്‍ ബി ടേക്കന്‍’ എന്നു മാത്രം പറയുന്ന അധികാരികളുള്ള ഒരു രാജ്യത്ത് ജീവിക്കുന്നവനാണ് ഞാന്‍.

സംഭവിച്ച അപകടത്തിന്റെ വിശദവിവരങ്ങള്‍ മാന്യവായനക്കാര്‍ക്ക് അറിയാന്‍ താല്പര്യം കാണുമല്ലോ. അവര്‍ക്ക് കലാകൗമുദിയിലെ 27 പുറങ്ങളോളമുള്ള റിപോര്‍ട്ട് പ്രയോജനപ്രദമാണ്. ഇതെഴുതിയ കെ.ബാല ചന്ദ്രന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

* * *

കലാകൗമുദിയുടെ അഞ്ചാംപുറത്തില്‍ എഞ്ചിന്‍ പാളത്തില്‍ നിൽക്കുന്ന ചിത്രമുണ്ട്. അതിന്റെ മുന്‍പിലുള്ള ‘സ്ലീപ്പേഴ്സാ’കെ പാളത്തില്‍നിന്നു വേര്‍പെട്ടു കിടക്കുന്നു. ബോഗികള്‍ മറിഞ്ഞപ്പോള്‍ ഇവയ്ക്കു സ്ഥാന ചലനം സംഭവിച്ചതാണോ? അതോ നേരത്തേ തന്നെ ഇളകിക്കിടന്നോ?

മുതല വരുന്നു

ഞാന്‍ ശാസ്താംകോട്ടെ പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ചിട്ടുണ്ട്. രണ്ടാംക്ലാസ്സിലായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ശുദ്ധജലതടാകത്തിനടുത്തായിരുന്നു ഞങ്ങളുടെ താമസം. വിദ്യാലയത്തില്‍നിന്നു വന്നാല്‍ തടാകത്തില്‍ കുളിക്കാന്‍ പോകും. കുളികഴിഞ്ഞാല്‍ കരയിലിരുന്നു കായല്‍ നോക്കിക്കൊണ്ടിരിക്കും. മറ്റാരുംകൂടാതെ കുളിക്കാന്‍ പോകുന്നതും ഒറ്റയ്ക്കു കായല്‍ക്കരയിലിരിക്കുന്നതും ആപത്താണെന്നു പലരും എന്നോട് അക്കാലത്തു പറഞ്ഞിട്ടുണ്ട്. കായലിലാകെ മുതലകളാണത്രേ. മീന്‍ തേടിവരുന്ന മുതലകള്‍ അതു കിട്ടാതെയാകുമ്പോള്‍ കരയിലേക്കു വരും, കുളിക്കുന്നവരെയും കരയിലിരിക്കുന്നവരെയും കടിച്ചെടുത്തു കൊണ്ടുപോകും. ഇരയായി കിട്ടിയ മനുഷ്യനെ മുതല ചവച്ചരയ്ക്കുന്ന ശബ്ദംപോലും ചിലര്‍ കേട്ടിട്ടുണ്ടു പോലും. ഇങ്ങനെ, എനിക്കു മുന്നറിയിപ്പു കിട്ടിയെങ്കിലും തടാകത്തില്‍ത്തന്നെ ഞാന്‍ പതിവായി കുളിച്ചിരുന്നു. അതിന്റെ കരയില്‍ എന്നും ഇരിക്കുമായിരുന്നു. ഒറ്റ മുതലയെപ്പോലും ഞാന്‍ ശാസ്താംകോട്ടയില്‍നിന്നു പോരുന്നതുവരെ കണ്ടിട്ടേയില്ല. പക്ഷേ, പകുതി ശതാബ്ദം കഴിഞ്ഞ ഈ വേളയില്‍ മുതലയുടെ വരവ് ഞാന്‍ കാണുന്നു. കുങ്കുമം എന്ന ശുദ്ധജലതടാകത്തിലൂടെ നീന്തിവന്ന് അത് കരയിലിരിക്കുന്ന സഹൃദയനെ കടിച്ചെടുത്തു കൊണ്ടുപോയി ചവയ്ക്കുന്നു. ആ പാവപ്പെട്ടവന്റെ കാലുകള്‍ പിടച്ചടിക്കുന്നതു ഞാന്‍ ദര്‍ശിക്കുന്നു. മുതലയുടെ പേരെന്ത്? “അഭിലാഷം.” അതിനെ അയച്ചതാര്? കെ. കവിത. ഈ ദ്രോഹം കെ. കവിത എന്തിനു ചെയ്യുന്നുവെന്നു ചോദിക്കാന്‍ എനിക്കധികാരമില്ല. എങ്കിലും ഇതു ദ്രോഹംതന്നെയാണെന്ന് എനിക്കു പറയാം. കൊച്ചു റോസേടത്തി എന്നൊരു കിഴവി ചാകാന്‍ കിടക്കുന്നു. അവര്‍ക്കു വേറൊരുത്തി മകളുടെ കൈയില്‍ ചോറും മീന്‍കറിയും കൊടുത്തയയ്ക്കുന്നു. റോസേടത്തിക്ക് ‘ആര്‍ത്തി’യുണ്ടെങ്കിലും അതു വേണ്ടപോലെ കഴിക്കാനാവുന്നില്ല. ഒടുവിലങ്ങു ചാകുകയും ചെയ്യുന്നു. ഈ “അഭിലാഷം” ക്രോക്കഡൈല്‍ അല്ലെങ്കില്‍ പിന്നെന്താണ്?

ബുദ്ധിശൂന്യങ്ങളായ ചോദ്യങ്ങള്‍

ഗ്രിഗറി സ്റ്റോക്കിന്റെ ‘The Book of Questions’. എന്ന പുസ്തകത്തെക്കുറിച്ച് ഞാനെഴുതിയിരുന്നു. ഇപ്പോള്‍ ആ വിഭാഗത്തില്‍പ്പെടുന്ന വേറൊരു പുസ്തകം എത്തിയിരിക്കുന്നു; ടോം വെല്ലര്‍ എഴുതിയ The Book of Stupid Questions. പുസ്തകത്തിന്റെ സ്വഭാവം കാണിക്കാന്‍ ചില ചോദ്യങ്ങള്‍ തര്‍ജ്ജമചെയ്ത് എഴുതാം.

 1. ഈ പുസ്തകം വാങ്ങിയത് ഒഴിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നൈരാശ്യമേത്?
 2. 1977 നവംബര്‍ 15-ആം തീയതി രാത്രി നിങ്ങള്‍ എവിടെയായിരുന്നു?
 3. നിങ്ങള്‍ എഴുന്നേൽക്കുമ്പോള്‍ നിങ്ങളുടെ മടിത്തട്ട് (lap) എവിടെപ്പോകുന്നു?
 4. ഉള്ളിലുള്ള അവയവങ്ങളില്‍ ഏതിനോടാണ് നിങ്ങള്‍ക്കു കൂടുതലിഷ്ടം?
 5. ചൊവ്വ എന്ന ഗ്രഹത്തിന്റെ തലസ്ഥാന നഗരമേത്?

എ.എസ്സ്

ഈ ലോകത്തുള്ള ഒന്നും ഇനി അനുഗൃഹീതനായ കലാകാരന്‍ എ.എസ്സിനെ സ്പര്‍ശിക്കില്ല. മിത്രങ്ങളെന്നു ഭാവിക്കുന്ന ശത്രുക്കളുടെ കപടമായ പുഞ്ചിരി, ‘അകവും പുറവും’ എന്ന ഹാസ്യചിത്രങ്ങളെ നോക്കിയുള്ള സാഹിത്യ വാരഫലക്കാരന്റെ അധിക്ഷേപം, മറ്റുള്ളവന്റെ കുതികാല്‍വെട്ട്, തന്റെ ജീവിതദുരന്തത്തെച്ചൊല്ലിയുള്ള അന്യന്റെ വ്യാജമായ സഹതാപവചനങ്ങള്‍ ഇവയിലൊന്നു പോലും അദ്ദേഹത്തെ സ്പര്‍ശിക്കില്ല. അദ്ദേഹം ചിത്രീകരിച്ച തരുണികളുടെ സൗന്ദര്യം, പ്രകൃതിയുടെ ഭംഗി, സൂര്യന്റെ പ്രചണ്ഡത, ചന്ദ്രന്റെ രാമണീയകം ഇവയും അദ്ദേഹത്തില്‍ ഒരനുഭൂതിപോലും ഉളവാകയില്ല. ഇവയ്ക്കെല്ലാം അതീതമായ മണ്ഡലത്തില്‍ അദ്ദേഹം എത്തിക്കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഒരേയൊരു മകള്‍ സുധയുടെ ദുഃഖം ആ ആത്മാവിനെ സ്പര്‍ശിക്കും. കാരണം, ആ കൊടുംവിഷാദം സത്യാത്മകമാണ് എന്നതാണ്. തിക്കോടിയനും ജി.എന്‍.പിള്ളയും മാതൃഭൂമിയില്‍ എഴുതിയ ലേഖനങ്ങളിലെ സ്നേഹവായ്പും എ.എസ്സിന്റെ ആത്മാവു കണ്ടറിയും. അത്രയ്ക്ക് ആര്‍ജ്ജവമുണ്ട് അവയ്ക്ക്. വ്യക്തി മരിക്കുമ്പോള്‍ അര്‍ത്ഥമില്ലാത്ത അനുശോചനവാക്യങ്ങൾ പറയുന്നതിനെക്കാള്‍ നല്ലത് ആ വ്യക്തിയോടു സ്നേഹബഹുമാനങ്ങള്‍ ഉള്ളവര്‍ ഇങ്ങനെ ഉള്ളില്‍ത്തട്ടുമാറ് എഴുതുന്നതുതന്നെയാണ്. ഈ രണ്ടുപേരോടും എനിക്കുള്ള നന്ദി പ്രകാശിപ്പിക്കട്ടെ. എ.എസ്സ്, താങ്കളുടെ രേഖാചിത്രങ്ങള്‍കണ്ട് കേരളീയര്‍ താങ്കളെ സ്നേഹിച്ചു. ആ സ്നേഹത്തിനു മരണമില്ല. ഉജ്ജ്വലമായ ആ വികാരത്തിലൂടെ താങ്കള്‍ അനുനിമിഷം ഉയിര്‍ത്തെഴുന്നേൽക്കുന്നുണ്ട്.

വിമര്‍ദ്ദന തന്തു

എനിക്കു പാര്‍ക്കിന്‍സണ്ണിന്റെ പുസ്തകങ്ങള്‍ ഇഷ്ടമാണ്. പത്തുകൊല്ലംമുന്‍പുവരെ ഈ ധിഷണാശാലിയെക്കുറിച്ച് എനിക്ക് ഒന്നും അറിയാന്‍ പാടില്ലായിരുന്നു. ഒരുദിവസം ഒരു സമ്മേളനത്തിനു പോയപ്പോള്‍ അഭിവന്ദ്യനായ ബിഷപ്പ് മാര്‍ ഗ്രിഗോറിയസാണ് എനിക്കു പാര്‍ക്കിന്‍സണ്ണിനെക്കുറിച്ചു പറഞ്ഞുതന്നത്. അദ്ദേഹത്തിന്റെ ഒരു നിയമത്തെക്കുറിച്ചും ബിഷപ്പ് അവര്‍കള്‍ എന്നോടു പറഞ്ഞു. അത് ഇതാ: Work expands to fill the time available for its completion. ശരിയാണല്ലോ. വീട്ടിലുള്ള പുസ്തകങ്ങള്‍ ഒരുമണിക്കൂര്‍കൊണ്ട് അടുക്കിവയ്ക്കാം. അത്രയും പുസ്തകള്‍ ഒരുമാസംകൊണ്ടും അടുക്കി വയ്ക്കാം. പാര്‍ക്കിന്‍സണ്ണിന്റെ മറ്റൊരു നിയമം ഞാന്‍ പുസ്തകം വായിച്ചു ഗ്രഹിച്ചതാണ്: Expenditures rise to meet income. ഇതും ശരിതന്നെ. എനിക്ക് ഇന്നുള്ള വരുമാനത്തിന്റെകൂടെ ആയിരംരൂപകൂടി കിട്ടിയാല്‍ അതനുസരിച്ച് എന്റെ ചെലവുകൂടുകയേയുള്ളു. ആ തുക ബാങ്കില്‍ പോകുകയില്ല. പാര്‍ക്കിന്‍സണ്ണിന്റെ ആദ്യത്തെ നിയമം — ജോലി പൂര്‍ണ്ണമാക്കുന്നതിന് എത്ര സമയമുണ്ടോ അതനുസരിച്ച് ആ ജോലി വികാസംകൊള്ളുന്നു എന്ന നിയമം — ഹാസ്യത്തെസ്സംബന്ധിച്ചും ശരിയാണ്. ഭാര്യാദാസനായ ഒരുത്തന്‍ ഭാരം അറിയാനുള്ള യന്ത്രത്തില്‍ കയറി നാണയമിട്ടു ഒരു ചെറിയ ശബ്ദത്തോടെ ഒരു ചെറിയ കാര്‍ഡ് കിട്ടി. ഒരുവശത്ത് ചില വാക്യങ്ങള്‍. മറുവശത്ത് ഭാരമെത്രയെന്നും. “നിങ്ങള്‍ ധീരനാണ്, ശക്തനാണ്, ഉടനെ തീരുമാനത്തില്‍ എത്തുന്നവനാണ്. വിജയം എപ്പോഴും നിങ്ങളെ കാത്തുനിൽക്കുന്നു.” ഭാര്യ ഇതുവായിച്ചിട്ടു പറഞ്ഞു: “ഇതുപോലെതന്നെ കള്ളമായിരിക്കും നിങ്ങളുടെ ഭാരം കാണിക്കുന്ന അക്കവും.” ഈ നേരമ്പോക്കിനെ എനിക്കു വലിച്ചുനീട്ടി ചെറുകഥയാക്കാം. റബ്ബര്‍ബാന്‍ഡ് വലിച്ചാല്‍ നീളും. പക്ഷേ, അപ്പോഴും റബ്ബറിന്റെ സ്വഭാവം പോകില്ല. കൊച്ചു നേരമ്പോക്കു വലിച്ചുനീട്ടിയാലും ഹാസ്യത്തിന്റെ ധര്‍മ്മം നശിക്കില്ല. വലിച്ചു നീട്ടുന്നത് പൊട്ടിപ്പോകലില്‍ കലാശിക്കരുതെന്നേയുള്ളു. ഇങ്ങനെ ഹാസ്യധര്‍മ്മം നശിപ്പിക്കാതെ ഒരുവാക്യത്തിലൊതുങ്ങുന്ന നേരമ്പോക്കിനു വര്‍ദ്ധനക്ഷമത വരുത്താന്‍ ഗൗതമന്‍ പ്രഗൽഭനാണ്. അദ്ദേഹത്തിന്റെ “പുറകില്‍ ആരുമില്ല” എന്ന കഥ ഇതിന് ഉദാഹരണം. ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തിക്കണമെന്ന നിര്‍ദ്ദേശം വിതരണക്കാരനു നൽകി കുറെയാളുകള്‍. അതനുസരിച്ച് നേതാവായ അയാള്‍ വീട്ടില്‍ കാത്തിരുന്നു. പക്ഷേ, നിര്‍ദ്ദേശം നൽകിയ മറ്റാളുകള്‍ കടയില്‍ച്ചെന്ന് സിലിണ്ടര്‍ വാങ്ങിക്കൊണ്ടു പോയി. കഥ രണ്ടു വാക്യങ്ങള്‍കൊണ്ടു സംഗ്രഹിച്ചപ്പോള്‍ അതിന്റെ ഹാസ്യം ചോര്‍ന്നുപോയി. അതുകൊണ്ടു ഗൗതമന്റെ കഥ തന്നെ വായിക്കൂ. നിങ്ങള്‍ പുഞ്ചിരിപൊഴിക്കാതിരിക്കില്ല. കഥാകാരന്‍ വിമര്‍ദ്ദനതന്തു (റബ്ബര്‍ ബാന്‍ഡ്) വലിച്ചുനീട്ടിയിട്ടും അതു വിമര്‍ദ്ദനതന്തുതന്നെയാണ്.

പുതിയ നോവല്‍

Song of Solomon എന്ന നോവലിന്റെ രചനകൊണ്ട് വിശ്വവിഖ്യാതയായ ടോണി മോറിസണ്‍ എഴുതിയ Beloved എന്ന നോവല്‍ അവരുടെ യശസ്സിന്റെ വെണ്‍മ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പത്തൊന്‍പതാം ശതാബ്ദത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണ് കഥ നടക്കുന്നത്. കെന്‍റ്റക്കിയില്‍ ഒരുത്തന്റെ അടിമയായി കഴിഞ്ഞുകൂടിയ സേത്തി അവിടെ നിന്ന് ഒളിച്ചോടി സിന്‍സനറ്റീയില്‍ എത്തുന്നു. അവള്‍ക്കു മൂന്നു കുഞ്ഞുങ്ങളുണ്ട്. ഒളിച്ചോടുമ്പോള്‍ നാലാമത്തേത് ഗര്‍ഭാശയത്തിലും. മാര്‍ഗ്ഗമദ്ധ്യേ അവള്‍ പ്രസവിക്കുന്നു. പതിനെട്ടു കൊല്ലം കഴിഞ്ഞു. അവളുടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു പോയിട്ടും അത്രയും വര്‍ഷമായി. ഇതിനിടയില്‍ അവളുടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ ഒളിച്ചോടിപ്പോയി. മൂന്നാമത്തെ മകള്‍ മരിച്ചു. നാലാമത്തെ മകള്‍ ഡെന്‍വര്‍ അവളോടൊരുമിച്ചുണ്ട്. അപ്പോഴാണ് മറ്റൊരു അടിമ അവളെ കാണാനെത്തുക. സിന്‍സനറ്റീയില്‍ എത്തിയ അവള്‍ പരതന്ത്രയാണ്. ഏതോ ഒരു സംഭവം അവളെ ഒഴിയാബാധപോലെ പിടികൂടിയിരിക്കുന്നു. ആ സംഭവത്തിന്റെ സ്തോഭജനകമായ വിവരണമാണ് ഈ നോവലില്‍. എന്താണത്? നോവലിന്റെ അറുപതു പുറങ്ങളോളം കഴിയുമ്പോള്‍ Beloved എന്നു പേരുള്ള ഒരു തരുണി രംഗപ്രവേശം ചെയ്യുന്നു. എവിടെ നിന്നാണ് അവള്‍ സേത്തിയുടെ മുന്‍പിലെത്തിയത്? അറിഞ്ഞുകൂടാ. Sometimes, when Beloved lay dreamy-eyed for a very long time, saying nothing, licking her lips and heaving deep sights, Denver panicked. “What is it?” She would ask.

“Heavy” murmured Beloved. “This place is heavy.

ഈ കനമാര്‍ന്ന അന്തരീക്ഷമാണു നോവലിലാകെ. സേത്തിയുടെ മരിച്ച മകളുടെ പേര് Beloved എന്നായിരുന്നു. അവളുടെ സ്പിരിറ്റാണ് അവിടെ എത്തിയിരിക്കുന്നത്. അവളെ അറുത്തുകൊന്നതും അവളുടെ അമ്മതന്നെ. ബിലവ്ഡിന്റെ ആഗമനം ജനിപ്പിക്കുന്ന അ‍ജ്ഞേയ ഭീകരമായ അന്തരീക്ഷം നോവലിനു സവിശേഷത നൽകുന്നു. ഈ സവിശേഷതയോ അസാധാരണത്വമോ ടോണി മോറിസണിന്റെ ആവിഷ്കാരരീതികൊണ്ടാണ് ഉണ്ടാവുക.

A masterpiece…magnificent…astounding…over powering എന്നൊക്കെ ന്യൂസ് വീക്ക് വാരിക ഇതിനെ പ്രശംസിച്ചു. മഹായശസ്കയായ നോവലിസ്റ്റ് മര്‍ഗററ്റ് അറ്റ്‌വുഡ് (ക്യാനഡ) “A triumph” എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ബിലവഡ് രംഗപ്രവേശം ചെയ്യുന്നതുവരെ നോവല്‍ യഥാതഥമായ രീതിയില്‍ രചിക്കപ്പെട്ടിരിക്കുന്നു. അതിനു ശേഷം ഫാന്റസിയുടെ രീതിയിലും നിരൂപകര്‍ ഏറെ വാഴ്ത്തിയെങ്കിലും ഈ രണ്ടംശങ്ങളും വേണ്ടപോലെ യോജിക്കുന്നില്ല എന്നാണ് എന്റെ പക്ഷം.

മൂകസന്ദേശം

പ്രാചീനകാലത്ത് വിഷകന്യകകള്‍ ഉണ്ടായിരുന്നു. പെണ്‍കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ ദിവസന്തോറും അല്പാല്പമായി വിഷം അതിനു കൊടുക്കും. പ്രായമെത്തുമ്പോള്‍ അവള്‍ വിഷകന്യകയായി മാറിയിരിക്കും. അവള്‍ ചുംബിക്കേണ്ടതില്ല. ദൂരെനിന്ന് ശ്വാസംവിട്ടാല്‍ മതി. അതേൽക്കുന്ന മറ്റുള്ളവര്‍ മരിക്കും. ഇത്തരം വിഷകന്യകകളെ ശത്രുരാജാക്കന്മാരെ കൊല്ലുന്നതിന് ഉപയോഗിച്ചിരുന്നു. അലക്സാണ്ടര്‍ച്ചക്രവര്‍ത്തിയെ കൊല്ലാന്‍ ഒരു വിഷകന്യകയെ അയച്ചു വെന്നും അദ്ദേഹം അതു നേരത്തേ മനസ്സിലാക്കി അവളെ കൊന്നുകളഞ്ഞുവെന്നും ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്. ഈ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം ഞാന്‍ മുന്‍പ് വായിച്ചു. Poison Damsles and the Romance of betal chewing എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്. കഥാസരിത്സാഗരത്തിന്റെ ഒടുവിലത്തെ വാല്യത്തില്‍ അനുബന്ധമായി Poison Damsels ചേര്‍ത്തിട്ടുണ്ടെന്ന് എനിക്കൊരു ഓര്‍മ്മയുണ്ട് (ഇംഗ്ലീഷ് പ്രസാധനം). അതിരിക്കട്ടെ. വിഷം അല്പമായി അല്പമായി കൊടുത്ത് ഇംമ്യൂനൈസേഷന്‍ — മുക്തി — ള്ളവാക്കുക എന്നതാണ് ഈ സമ്പ്രദായം. ഇതുതന്നെയാണ് വൈദ്യശാസ്ത്രത്തിലും കാണുന്നത്. രോഗമുണ്ടാക്കുന്ന അണുവിനെ ദുര്‍ബ്ബലപ്പെടുത്തിയ രൂപത്തില്‍ മനുഷ്യശരീരത്തില്‍ കടത്തിയാല്‍ പിന്നീട് അതിന്റെ ശക്തിയാര്‍ന്ന രൂപത്തിന് ഒന്നും ചെയ്യാനാവില്ല. പോളിയോ, വില്ലന്‍ചുമ, അഞ്ചാംപനി ഇവ വരാതിരിക്കാനായി ആന്റിജെന്റെ (antigen — രോഗമുണ്ടാക്കുന്ന ബാക്ടീരിയ, വൈറസ് ഇവ) ദുര്‍ബ്ബലരൂപം മനുഷ്യരില്‍ കുത്തിവയ്ക്കുന്നു. ചിക്കന്‍പോക്സ് ഒരിക്കല്‍ വന്നാല്‍ അതുതന്നെ മുക്തി ഉണ്ടാക്കും.

തെറിക്കത്തുകള്‍ ഇതുപോലുള്ള മുക്തി എനിക്കുണ്ടാക്കിയിട്ട് കാലമേറെയായി. ഇന്നു പച്ചത്തെറി എഴുതിയ കത്തുകള്‍ കിട്ടുമ്പോഴോ ടെലിഫോണില്‍ക്കൂടി തെറിവാക്കുകള്‍ കേള്‍ക്കുമ്പോഴോ എനിക്ക് ഒരു ക്ഷോഭവും ഉണ്ടാകാറില്ല. ചിലരെല്ലാം ഫോണിലൂടെ അസഭ്യം കേള്‍ക്കുമ്പോള്‍ ഉടനെതന്നെ ഫോണ്‍ താഴെ വച്ചുകളയാറുണ്ട്. ഞാനങ്ങനെയല്ല പറയുന്നതു മുഴുവനും കേള്‍ക്കും. ‘എന്റെ പേരില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം’ എന്നു ശാന്തതയോടെ മറുപടി നൽകുകയും ചെയ്യും. എഴുതുന്നവരെ പരിഷ്കരിച്ചെടുക്കാനാണ് തെറിക്കത്തുകള്‍ അയയ്ക്കുന്നതെങ്കില്‍ അതുകൊണ്ടു പ്രയോജനമില്ല. മിക്ക എഴുത്തുകാര്‍ക്കും മുക്തി വന്നുപോയിട്ടുണ്ട്. അവരെ വേദനിപ്പിക്കാനാണെങ്കില്‍ അതും പ്രയോജ നരഹിതം. കത്തുകള്‍ വളരെക്കാലമായി വായിക്കുന്നവര്‍ക്ക് വേദനയുമില്ല, ക്ഷോഭവുമില്ല. ഈ പ്രവൃത്തിയെക്കാള്‍ നല്ലത് എഴുത്തുകാരന്റെ ദോഷവശങ്ങളെ മാന്യമായ രീതിയില്‍ ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നതാണ്. അങ്ങനെയുള്ള കത്തുകളനുസരിച്ച് ഞാന്‍ എന്റെ ദോഷങ്ങള്‍ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ആ ചൂണ്ടിക്കാണിക്കല്‍ ശരിയായ മാര്‍ഗ്ഗത്തിലേക്കു പോകാന്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. ഇവിടെ ഇത്രയും എഴുതിയത് സി.പി. നായര്‍ മനോരാജ്യം വാരികയില്‍ എഴുതിയ ‘മൂകസന്ദേശം’ എന്ന ലേഖനം വായിച്ചതുകൊണ്ടാണ്. മൂകസന്ദേശം ഊമക്കത്തുകളിലൂടെ ലഭിക്കുന്നതാണ്. നിര്‍ദ്ദോഷമായ ഹാസ്യം എഴുതുന്ന അദ്ദേഹത്തിനും ഊമക്കത്തുകള്‍, തെറിക്കത്തുകള്‍ കിട്ടുന്നു. അപ്പോള്‍ പാരുഷ്യത്തോടെ രചനകളെ വിമര്‍ശിക്കുന്ന എനിക്ക് അത്തരം കത്തുകള്‍ കിട്ടുന്നതില്‍ എന്തേ അദ്ഭുതം?

“പിന്നെ നിങ്ങള്‍ മറുപടിയെഴുതുന്നതെന്തിന്?” എന്നു ചിലര്‍ എന്നോടു ചോദിച്ചേക്കും. ബഹുജനത്തിന്റെ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ വേണ്ടിയാണ് ആ മറുപടി. അല്ലാതെ ക്ഷോഭംകൊണ്ടല്ല. വേദനകൊണ്ടല്ല.

* * *

കവിത അതിന്റെ സ്വഭാവം കൊണ്ടും വാക്കുകള്‍ കൊണ്ടും ചരിത്രത്തെ റദ്ദാക്കുന്നു. അത് ചരിത്രത്തെ കവിത പുച്ഛിക്കുന്നതു കൊണ്ടല്ല, ചരിത്രത്തെ അതിലംഘിക്കുന്നു എന്നതു കൊണ്ടാണ്. വിപ്ലവ കവി നെറൂതയുടെ കാവ്യങ്ങളെ സംബന്ധിച്ചും ഇതു ശരിയാണ്. ഈ സത്യം മനസ്സിലാക്കാതെയാണ് ഇവിടെയുള്ള കവികള്‍ പടപ്പാട്ടു പാടുന്നത്.

 1. വര്‍ണ്ണനയുടെ കലാത്മകത്വം:‘മാര്‍ത്താണ്ഡവര്‍മ്മ’യില്‍ മാങ്കോയിക്കല്‍ ഭവനം തീപിടിക്കുന്നതിന്റെ വര്‍ണ്ണന; ‘രാമരാജാബഹദൂ’റില്‍ മല്ല യുദ്ധത്തിന്റെ വര്‍ണ്ണന. യഥാര്‍ത്ഥമായ കലാപ്രചോദനമുള്ളവര്‍ക്കേ ഇങ്ങനെ വര്‍ണ്ണിക്കാനാവൂ.
 2. സംഭാഷണം മഹത്ത്വത്തിലേക്ക് ഉയരുന്നത്: ഹെര്‍മാന്‍ ബ്രോഹിന്റെ ‘വെര്‍ജിലിന്റെ മരണം’ എന്ന നിസ്തുലമായ നോവലില്‍ ‘ഇനീഡി’ന്റെ കൈയെഴുത്തുപത്രി നശിപ്പിക്കുന്നതിനെക്കുറിച്ച് ചക്രവര്‍ത്തിയും വെര്‍ജിലും നടത്തുന്ന സംഭാഷണം.
 3. ബോധധാരകലയുടെ അധിത്യകയിലേക്ക് ഉയരുന്നത്:ടോള്‍സ്റ്റോയിയുടെ അന്നാകരേനിന’ എന്ന നോവലില്‍ ആത്മഹത്യയ്ക്കു തീരുമാനിച്ച അന്ന വണ്ടിയിലിരുന്നുകൊണ്ട് വിചാരങ്ങളെ സ്വയം ആവിഷ്കരിക്കുന്നത്.
 4. വര്‍ണ്ണന കലയുടെ പരകോടിയില്‍ ചെല്ലുന്നത്:അന്നാകരേനീനയില്‍ ‘കുതിരപ്പന്തയം’ നോവലിസ്റ്റ് വര്‍ണ്ണിക്കുന്ന ഭാഗം. അന്യാദൃശം, അസാധാരണം എന്നേ ഇതിനെക്കുറിച്ചു പറയാനാവൂ.
 5. കവിത സുപ്രീം പൊയറ്റിക് അട്ടറന്‍സ് — ശ്രേഷ്ഠമായ കാവ്യഭാഷണമാകുന്നത്: ഷേക്സ്പിയറിന്റെ മക്ബത്തില്‍ Out, out brief candle എന്ന് ആരംഭിക്കുന്ന ഭാഗം.

കല്ല് എവിടെ?

ഒരു കൂട്ടുകാരനെ അന്വേഷിച്ച് — തിരുത്തിപ്പറയട്ടെ, ഒരു പരിചയക്കാരനെ അന്വേഷിച്ച് (സാഹിത്യവാരഫലമെഴുതുന്നയാളിനു കൂട്ടുകാരനെവിടെ? കണ്ടാല്‍ വിനയപൂര്‍വം കൈകൂപ്പും, ചിരിക്കും. ഞാന്‍ പൊയ്ക്കഴിഞ്ഞാല്‍ തെറി പറയും) — ഒരു വീട്ടില്‍ ചെന്നപ്പോള്‍ കടുവയ്ക്കു സദൃശനായ ഒരു നായ് എന്റെ നേര്‍ക്കു ചാടിവന്നു. അവന്‍ കടിച്ചാല്‍ മരണം തീര്‍ച്ച. അതുകൊണ്ട് അടുത്തുകിടന്ന ഒരു കരിങ്കല്ലു ഞാന്‍ പൊക്കിയെടുത്തു. അടുത്ത് അവന്‍ വന്നാല്‍ അതുകൊണ്ട് അവന്റെ തലതകര്‍ക്കണം. പക്ഷേ, വേണ്ടിവന്നില്ല. പൊടുന്നവേ ഒരു സുന്ദരിയായ യുവതി പ്രത്യക്ഷയായി ‘ഷീജി ഇവിടെ വാ’ എന്നു വിളിച്ചു. നായ് തിരിഞ്ഞുപോയില്ല. എന്നെനോക്കി വീരപ്പല്ലുകള്‍ കാണിച്ചുകൊണ്ടു നിന്നു. കല്ലു ഞാന്‍ ഉടനെ താഴെയിട്ടത് പട്ടി കടിക്കാന്‍ വരില്ല എന്ന വിചാരംകൊണ്ടല്ല. നടയില്‍ വന്നുനിന്ന ചെറുപ്പക്കാരിയുടെ സൗന്ദര്യത്തിനുള്ള ‘കോംപ്ലിമെന്റ്’ എന്ന നിലയിലാണ്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍നിന്ന് ‘വയലാര്‍ ലജ്ജിക്കുന്നു’ എന്നൊരു കാവ്യം എന്റെനേര്‍ക്കു ചാടുന്നു. അതിനെ കരുതിക്കൂട്ടി അഴിച്ചുവിട്ടതല്ല ബി. മാണിക്യം. ഏണശാബമാണ് തന്റെ കാവ്യമെന്നേ അദ്ദേഹത്തിനു വിചാരമുള്ളു. കാവ്യമെഴുതുന്ന ആളെന്ന നിലയില്‍ മാണിക്യം എന്റെ പരിചയക്കാരനാണ്. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും പക്ഷേ, അദ്ദേഹത്തിന്റെ മാന്‍കുട്ടി എന്നെസ്സംബന്ധിച്ചിടത്തോളം ബുള്‍ഡോഗാണ്. അത് ആക്രമിക്കാതിരിക്കാനായി ഞാന്‍ വിമര്‍ശനത്തിന്റെ കരിങ്കല്ലു പൊക്കിയെടുത്തതാണ്. പക്ഷേ, ചന്ദ്രിക ആഴ്ചപ്പതിപ്പെന്ന സുന്ദരി ‘ഷീജി ഇവിടെ വാ’ എന്നു വിളിക്കുന്നു. അവളുടെ സൗന്ദര്യത്തിനു കോംപ്ലിമെന്റ് എന്ന നിലയില്‍ ഞാന്‍ ആ കരിങ്കല്‍ക്കഷണം ദൂരെയെറിയുന്നു. എങ്കിലും രുതം അല്പം കേട്ടാലും:

“വന്നു ഞാനിതു സത്യം എന്നാണെലെനിനാണെ
മാര്‍ക്സാണെ ആംഗല്‍സാണെ മാനവപ്പടയാണെ
പിന്നെ ഞാന്‍ വരുകില്ല വിപ്ലവം വരുംവരെ.

സൂക്തങ്ങള്‍

 1. ജീവിതവേദനയുള്ളവരാണ് കൂടക്കൂടെ ജ്യോത്സ്യനെ കാണാന്‍ പോകുന്നത്.
 2. റിസ്റ്റ് വാച്ചിന്റെ സ്പ്രിങ് കൂടുതലായി മുറുക്കിയാല്‍ അതു പൊട്ടും. സ്നേഹത്തിന്റെ ചുറ്റുകമ്പി ഓവര്‍വൈന്‍ഡ് ചെയ്താല്‍ അതും പൊട്ടും.
 3. കേന്ദ്ര ക്രൂരദര്‍ശന്‍ കേന്ദ്രത്തിന്റെ ഇംഗ്ലീഷ് ന്യൂസ്വായനക്കാരില്‍ ചിലരുടെ പാരായണം കേള്‍ക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ചെമ്പുകിടാരത്തിലെ തിളപ്പിച്ച വെളിച്ചെണ്ണയില്‍ എന്നെ ജീവനോടെയിട്ടു പൊരിക്കുന്നതാണ്. [ക്രൂരദര്‍ശന്‍ എന്നത് അച്ചടിപ്പിശകല്ല. എന്റെ പേനയിലൂടെ ഒഴുകിവന്ന പരകീയ പ്രയോഗമാണ്.‍]
 4. പൊതുസ്ഥലങ്ങളില്‍വച്ച് തലമുടി കൈകൊണ്ടു മിനുസപ്പെടുത്തുന്നതും ട്രൗസേഴ്സിന്റെ ചന്തിപ്പോക്കറ്റില്‍നിന്നു ചീപ്പെടുത്തു കോതുന്നതും മാന്യതയുടെ ലക്ഷണമല്ല.

കവിതയുടെ സ്വഭാവം

“Poetry, by its very nature, and by the nature of its instruments, words, always tends to abolish history, not because it disdains it but because it transcends it. To reduce poetry to its reflections of historical events and movements would be like reducing the poet’s words to their logical or grammatical connotations. Poetry transcends both history and language although they are its necessary food.” ഇതു പറഞ്ഞത് മഹാനായ ഒക്ടോവ്യാ പാസ്സാണ് (Ocatavio Paz, The Labyrinth of solitude, അത്യുജ്ജ്വലമായ പുസ്തകമാണിത്). കവിത അതിന്റെ സ്വഭാവംകൊണ്ടും വാക്കുകള്‍കൊണ്ടും ചരിത്രത്തെ റദ്ദാക്കുന്നു. അത് ചരിത്രത്തെ കവിത പുച്ഛിക്കുന്നതുകൊണ്ടല്ല. ചരിത്രത്തെ അത് അതിലംഘിക്കുന്നു എന്നതുകൊണ്ടാണ് — ഇതാണ് പാസ്സിന്റെ അഭിപ്രായം. വിപ്ലവകവി നെറൂതയുടെ കാവ്യങ്ങളെസ്സംബന്ധിച്ചും ഇതു ശരിയാണ്. ഈ സ്ത്യം മനസ്സിലാക്കാതെയാണ് ഇവിടെയുള്ള കവികള്‍ പടപ്പാട്ടു പാടുന്നത്. എം.പി. നാരായണപിള്ളയുടെ മൗലികചിന്തയും ഈ നാദംതന്നെ കേള്‍ക്കുന്നു. “അതിനു തയ്യാറാകുന്ന നിമിഷം കവി തന്റെ മാനസികമായ അടിമത്വത്തിന്റെ ചങ്ങലകളാണ് പൊട്ടിച്ചെറിയുന്നത്. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ പരമാനന്ദം അപ്പോള്‍ കവിക്ക് അനുഭവിക്കാം.” (ട്രയല്‍ വാരിക, ലക്കം 182.) പസ്തര്‍നക്ക്, യെവ്തുഷങ്കോ, സോള്‍ ഷെനിറ്റ്സ്യന്‍ ഇവരെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്ന സോവിയറ്റ് സര്‍ക്കാരും ഈ തത്ത്വമല്ലേ വിളംബരം ചെയ്യുക?

പ്രയോഗദീപിക

മലയാളഭാഷയിലെ പാണ്ഡിത്യമെന്നതു സംസ്കൃതഭാഷയിലെ പാണ്ഡിത്യംതന്നെയാണ്. സംസ്കൃതവും അതിന്റെ വ്യാകരണവും അറിയാതെ ശുദ്ധമായ മലയാളമെഴുതാന്‍ കഴിയുകയില്ല. ഒരുദാഹരണം നൽകട്ടെ. “അയാള്‍ അവള്‍ക്ക്, അനുയോജ്യനായ വരനാണ്” എന്നു പലരും എഴുതിക്കണ്ടിട്ടുണ്ട്. അനുയോഗമെന്നാല്‍ ചോദ്യം എന്നര്‍ത്ഥം. അനുയോജ്യന്‍ അങ്ങനെ ചോദ്യം ചെയ്യപ്പെടേണ്ടവനായി മാറുന്നു. സംസ്കൃതമറിയുന്നവന്‍ “അനുരൂപനായ വരന്‍” എന്നേ എഴുതൂ. അനുയോജ്യന്‍ മലയാളഭാഷയിലെ പ്രയോഗമാണെന്നു പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല.

വ്യാകരണത്തെറ്റുകൂടാതെ ശുദ്ധമായ മലയാളമെഴുതുന്നതിനു നമ്മെ സഹായിക്കുന്ന വ്യാകരണഗ്രന്ഥമാണ് സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ളയുടെ “പ്രയോഗ ദീപിക.” ഈ ഉത്കൃഷ്ടമായ ഗ്രന്ഥത്തിന്റെ സംശോധിത സംസ്കരണം നമുക്കു കിട്ടിയിരിക്കുന്നു. ഡോക്ടര്‍ എന്‍.വി.പി. ഉണിത്തിരി സംശോധകനായ ഈ പുസ്തകം കേരളസര്‍ക്കാരിന്റെ “സാംസ്കാരിക വകുപ്പാ”ണ് പ്രസാധനം ചെയ്തിട്ടുള്ളത്. ഗ്രന്ഥത്തിന്റെ ഉള്ളടക്കം പ്രൗഢം; ആകാരം മനോഹരം (വില 30 രൂപ).

* * *

നമ്മുടെ ഒരു പ്രശസ്തനായ സാഹിത്യകാരന്‍ പ്രഭാഷണം നിര്‍വഹിക്കുന്ന വേളയില്‍ ഇങ്ങനെ “കാച്ചിവിട്ടു” “ഭുജഗമെന്നാല്‍ പാമ്പ് എന്നര്‍ത്ഥം. ഭൂതംകൊണ്ടു ഗമിക്കുന്നതു ഭുജഗം.” ഇതു കേട്ടപ്പോള്‍ പാമ്പിനു ഭുജമെവിടെയെന്ന് എനിക്കു ചോദിക്കാന്‍ തോന്നി. ചോദിച്ചില്ല. കവി പറഞ്ഞതു ശരിയല്ല. വളഞ്ഞ ഗമനമുള്ളതാണ് ഭുജഗം. ഭുജ കൗടില്യേ. പ്രയോഗദീപികയുടെ ഒരു പ്രതി ഈ സാഹിത്യകാരന്‍ കൈയില്‍ വയ്ക്കുന്നതു നന്ന്.