close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 05 11


സാഹിത്യവാരഫലം
Mkn-10.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 05 11
ലക്കം 556
മുൻലക്കം 1986 05 04
പിൻലക്കം 1986 05 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​

ജനപ്പെരുപ്പം സംഭവിച്ചതോടെ വായനക്കാർ കൂടി. ആ സംഖ്യാബലത്തിനു യോജിച്ചവിധത്തിൽ പാരായണത്തിനുള്ള ഗ്രന്ഥങ്ങൾ നൽകാൻ പ്രഗൽഭരില്ല. അതിനാൽ ഡിമാൻഡിനെ തൃപ്തിപ്പെടുത്താൻവേണ്ടി അപ്രഗൽഭർ കഥകളും കാവ്യങ്ങളും പ്രബന്ധങ്ങളും രചിച്ചുതുടങ്ങി…

തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗണപതിക്കോവിലിന്റെ തെക്കുവശത്തുള്ള ഭാഗം ഒരുകാലത്ത് ഒരു ചെറിയ മൈതാനമായിരുന്നു. അവിടെയാണു രാഷ്ട്രീയകക്ഷികൾ സമ്മേളനങ്ങൾ നടത്തിയിരുന്നത്. പട്ടംതാണുപിള്ള പ്രസംഗിക്കുന്നുവെന്നറിഞ്ഞ് ആളുകൾ വന്നുകൂടിയ ദിവസം. അദ്ദേഹം പ്രഭാഷണം തുടങ്ങി. നേരത്തെ മഴപെയ്തതുകൊണ്ട് നനഞ്ഞുപോയ തറയിലിരിക്കാൻ മടിച്ച് ആളുകൾ നിൽകുകയായിരുന്നു. അപ്പോൾ ചില കുട്ടിനേതാക്കൾ അവരെ ഇരുത്താനുള്ള ശ്രമമായി. അതിന്റെ ഫലം ബഹളം. താണുപ്പിള്ളസ്സാർ അതു മനസ്സിലാക്കിയിട്ടു പറഞ്ഞു: “ആരും ആരെയും ഇരുത്തേണ്ട കാര്യമില്ല. രാഷ്ട്രീയത്തിലും പരിപാലിക്കേണ്ട സത്യമാണിത്.” അദ്ദേഹം അതു പറഞ്ഞെങ്കിലും ഒരുത്തൻ മറ്റൊരുത്തനെ ഇരുത്തുന്നതാണു് നമ്മൾ കാണുന്നതു്. സമൂഹം മറ്റൊരു സമൂഹത്തെ ഇരുത്താൻ ശ്രമിക്കുന്നു. രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ഇരുത്താൻ ശ്രമിക്കുന്നു. ലോകമാരംഭിച്ച നാൾമുതൽ ഇതു തുടങ്ങിയതാണു്. ഇരുത്തുക എന്നു പറഞ്ഞാൽ വധം വരെ എത്താമല്ലോ. ഒരാൾ വേറൊരാളെ വധിച്ചാൽ, വധകർമ്മം തെളിഞ്ഞാൽ അതു ചെയ്തവൻ ജയിലിലാകും. അല്ലെങ്കിൽ തൂക്കുമരത്തിലേറും. അവനെ കൊലപാതകിയെന്നാണു് ആളുകൾ വിളിക്കുക. എന്നാൽ ലക്ഷക്കണക്കിനു് ആളുകളെക്കൊന്ന അലക്സാണ്ടറെയും നെപ്പോളിയനെയും ഹിറ്റ്ലറെയും കൊലപാതകികളായി അവർ കാണാത്തതെന്ത്? ഭാര്യയുടെ വ്യഭിചാരംകണ്ട് അവളെ പെട്ടെന്നുണ്ടായ കോപത്താൽ കുത്തിക്കൊന്നവൻ കൊലപാതകി. അനേകം കൊലപാതകങ്ങൾ “രക്തഹീന”മായി നടത്തിയ ശോഭരാജ് ഹീറോ. അയാളെ പ്രേമിക്കാനും പെണ്ണുങ്ങൾ. എവിടെയാണു് മാന്യമായ കൊലപാതകവും അമാന്യമായ കൊലപാതകവും തമ്മിലുള്ള അതിർത്തിരേഖ?

പട്ടം താണുപിള്ളയുടെ വാക്കുകൾ ഓർമ്മിച്ചാലും. ആരും ആരെയും ഇരുത്തെണ്ടതില്ല.

സാഹിത്യ വിമർശനത്തിലൂടെ നടക്കുന്ന “വധമോ?” അതിനു നീതിമത്കരണമുണ്ട്. ജനപ്പെരുപ്പം സംഭവിച്ചതോടെ വായനക്കാർ കൂടി. ആ സംഖ്യാബലത്തിനു യോജിച്ചവിധത്തിൽ പാരായണത്തിനുള്ള ഗ്രന്ഥങ്ങൾ നൽകാൻ പ്രഗൽഭരില്ല. അതിനാൽ ഡിമാൻഡിനെ തൃപ്തിപ്പെടുത്താൻവേണ്ടി അപ്രഗൽഭർ കഥകളും കാവ്യങ്ങളും പ്രബന്ധങ്ങളും രചിച്ചുതുടങ്ങി. കലാമൂല്യമില്ലാത്ത രചനകൾ സമുദായത്തെ നശിപ്പിക്കും. അക്കാരണത്താൽ ക്ഷുദ്രങ്ങളായ കൃതികളെ നശിപ്പിച്ചുകളയേണ്ടതാണു്. സാഹിത്യത്തിന്റെ മണ്ഡലത്തിൽ ആളിരുത്തുക തന്നെവേണം.

ഉപദ്രവം

വായുവില്ലെങ്കിൽ പക്ഷിക്കു പറക്കാനാവില്ല. ചിറകു വീശുമ്പോൾ വായുവിന്റെ പ്രതിരോധമുണ്ടാകുന്നതിനാലാണു പക്ഷി പറക്കുന്നത്. ഇതുപോലെ വെണ്ണക്കല്ലിനും കാൻവാസിനും വാക്കിനും രോധിത്വമുണ്ട്. ഇതിനെ യഥാക്രമം ഉളികൊണ്ടും ചായം തേച്ച ബ്രഷ്കൊണ്ടും തൂലികകൊണ്ടും ജയിച്ചടക്കി അതിലൂടെ കലാകാരന്റെ വികാരം സംക്രമിപ്പിക്കുമ്പോൾ കലാസൃഷ്ടിയുടെ ഉദയമായി. മയ്യനാട് കെ. സി. ഈപ്പൻ ‘മനോരാജ്യം’ വാരികയിലെഴുതിയ ‘മൃത്യു’ എന്ന കഥയിൽ വെറും വാക്കുകൾക്ക് പ്രതിരോധശക്തിയില്ല. ഉണ്ടെങ്കിൽ അതിനെ ജയിച്ചടക്കുന്നുമില്ല.

ഒരു വൃദ്ധയുടെ സാധാരണമായ മരണമാണു് കഥയിലെ വിഷയം. ആ മരണം ഒരുത്തൻ വന്നു ബന്ധുവിനെ അറിയിക്കുന്നു. വൃദ്ധയുടെ നിശ്ചേതന ശരീരം മഞ്ചത്തിൽക്കിടത്തി എടുത്തുകൊണ്ടുപോകുന്നു. വികാരം കൊടുമ്പിരികൊള്ളേണ്ട സന്ദർഭം. പക്ഷേ കഥ വായിക്കുമ്പോൾ ഉമിക്കരി ചവച്ചാലുള്ള പ്രതീതി. കാരണം ഒരു വികാരത്തിനും കഥാകാരൻ വിധേയനല്ല എന്നതു തന്നെ.

യുക്തിചിന്ത കൂടാതെ, യുക്തി നൽകുന്ന തെളിവില്ലാതെ അനുവാചകൻ അല്ലെങ്കിൽ ദൃഷ്ടാവ് കലാസൃഷ്ടിയെ അംഗീകരിക്കും. ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥ യുക്തിക്കു യോജിച്ചതല്ല. പക്ഷേ കഥ വായിച്ചുതീരുമ്പോൾ വായനക്കാരൻ അതു അംഗീകരിക്കുന്നു. കാഫ്കയുടെ ‘രൂപാന്തരപ്രാപ്തി’ എന്ന നീണ്ടകഥയിൽ ഒരു ഇൻഷ്വറൻസ് ജോലിക്കാരൻ ഒരു വലിയ മൂട്ടയായി മാറുന്നതു വർണ്ണിച്ചിരിക്കുന്നു. അതു വായിച്ചുകഴിയുമ്പോൾ ഇതുതന്നെയാണു മനുഷ്യജീവിതമെന്നു പറഞ്ഞ് നമ്മൾ അതിനെ അംഗീകരിക്കുന്നു. മയ്യനാട് കെ. സി. ഈപ്പനു ഈ പ്രാഥമികതത്ത്വങ്ങളിൽ ഒന്നുപോലും അറിവില്ലെന്നു തോന്നുന്നു. അറിവുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇമ്മട്ടിലൊരു രചനയെ മനോരാജ്യത്തിന്റെ താളുകളിൽ എടുത്തുവച്ച് പണം ചെലവാക്കി വാരിക വാങ്ങുന്നവനെ ഉപദ്രവിക്കില്ലായിരുന്നു. (ഫ്രഞ്ചെഴുത്തുകാരൻ ആലങ്ങിന്റെ കലാസിദ്ധാന്തമാണു മുകളിൽ പറഞ്ഞത്. ഇരുപതാം ശതാബ്ദം കണ്ട ഉജ്ജ്വല പ്രതിഭാശാലികളിൽ ഒരാളായിരുന്നു ആലങ്ങ് (Alain). അത് അദ്ദേഹത്തിന്റെ തൂലികാനാമമാണു്. ശരിയായ പേരു ഏമിൽ ഒഗസ്റ്റ്ഷാർതിയേ. Emile Auguste Chartier 1868-1951. ഇദ്ദേഹത്തിന്റെ ഒരു ഗ്രന്ഥം തിരുവനന്തപുരത്തെ പബ്ലിക്‌ലൈബ്രറിയിൽ ഉണ്ട്.)

* * *

​​ രാഗവും താളവും ഒപ്പിച്ച് ചിട്ടപ്പടിയായി പാടുന്ന ചില മ്യൂസിക് പ്രൊഫസർമാരുണ്ട്. പക്ഷേ സംഗീതത്തിന്റെ ആത്മാവുമാത്രം ആ പാട്ടിൽ കാണുകയില്ല. വാക്കുകൾ ചേർത്തുവച്ച് വാക്യങ്ങളുണ്ടാക്കി ആ വാക്യങ്ങളെ സമാഹരിച്ച് കഥയെന്ന പേരിൽ നമുക്ക് നൽകുന്ന എഴുത്തുകാരുണ്ട്. അതിലും കലയുടെ ആത്മാവു കാണില്ല.

പാഴ്‌വേല

‘പുരപ്പുറത്തെ ഭ്രാന്തൻ’ എന്നോ മറ്റോ പേരുള്ള ഒരു ജപ്പാനീസ് നാടകം ഞാൻ വായിച്ചിട്ടുണ്ട്. നാടകകർത്താവിന്റെ പേരു് ഓർമയില്ല. യോഷി എന്നൊരു ചെറുപ്പക്കാരൻ എപ്പോഴും സ്വന്തം വീട്ടിന്റെ മുകളിൽ കയറിയിരിക്കും. മുതുകുപൊളിക്കുന്ന വെയിലുള്ളപ്പോഴാണു് അവന്റെ ഇരിപ്പ്. സൂര്യതാപമേറ്റ് അവൻ വീഴുമെന്നാണു് അച്ഛനമ്മമാരുടെ പേടി. ഒരിക്കൽ അവൻ താഴെ വീണു, കാൽ ഒടിയുകയും ചെയ്തു. എന്തു പറഞ്ഞാലും അവൻ കേൾക്കില്ല. ആരു പിടിച്ചിറക്കിയാലും അവൻ വീണ്ടും കേറും പുരപ്പുറത്ത്. ജനിച്ചു വളരെ നാളാകുന്നതിനുമുൻപ് തുടങ്ങിയതാണു അവന്റെ ഈ ശീലം. നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അവൻ ബുദ്ധവിഗ്രഹത്തിന്റെ മുകളിൽ കയറി. ഏഴു വയസ്സായപ്പോൾ മരംകയറിത്തുടങ്ങി. പതിനഞ്ചുവയസ്സയപ്പോൾ പർവതാഗ്രത്തിൽ കയറി അവിടെതന്നെ ഇരിപ്പായി. സ്വർഗ്ഗത്തിലെ മാലാഖമാരുമായി, പൊക്കത്തിലുരുന്നാൽ സംസാരിക്കാമെന്നാണു അവൻ പറഞ്ഞത്. ഒരാഭിചാരിണിയെ കൊണ്ടുവന്ന് അവനെ പുകച്ചുചാടിക്കാൻ അച്ഛൻ ശ്രമിച്ചു. പറ്റിയില്ല. ദൂരെയുള്ള മേഘത്തിൽ സുവർണ്ണശോഭയാർന്ന കൊട്ടാരം കാണുന്നുവെന്നും അവിടെനിന്ന് പുല്ലാങ്കുഴലിന്റെ നാദമുയരുന്നതു കേൾകുന്നുവെന്നും പറഞ്ഞ് അവൻ പുരപ്പുറത്തുതന്നെയിരുന്നു. ഭ്രാന്തനായ യുവാവ് പുരപ്പുറത്തിരുന്നു. അയാളുടെ അനിയൻ താഴെനിന്ന് സ്വർണ്ണനിറമുള്ള അസ്തമയത്തെ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ നാടകം അവസാനിക്കുന്നു. ഈ ഭ്രാന്തൻ യഥാർത്ഥത്തിൽ ഭ്രാന്തനല്ല. ഔന്നത്യത്തിലിരുന്ന് ഉജ്ജ്വലസ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന മിസ്റ്റിക്കാണു്. ഏതാനും വാക്യങ്ങൾ മാത്രമുള്ള ഈ കൊച്ചുനാടകം അതിന്റെ മനോഹരമായ സിംബലിസംകൊണ്ട് അർത്ഥാന്തരങ്ങളെ വ്യഞ്ജിപ്പിക്കുന്നു. സിംബലിസം കലയാണു്. പക്ഷേ, അലിഗറി- ലാക്ഷണീകത്വം- രസശുഷ്കമാണു്, അതുകൊണ്ടു കലയല്ല.

രക്ഷകരെന്നു സ്വയം പറഞ്ഞുകൊണ്ട് എട്ടുപേർ ഒരു ഗ്രാമത്തിലെത്തുന്നു. ഗ്രാമത്തെ രക്ഷിക്കാൻ എത്തിയ അവർ തമ്മിൽത്തല്ലു നടത്തുന്നു. അതിനാൽ ഗ്രാമവാസികൾ അവരെ കടുവകൾക്ക് ആഹാരമായി വലിച്ചിടുന്നു. കടുവകളെ പിന്നീട് ഗ്രാമവാസികൾ കൊല്ലുന്നു. രാഷ്ട്രത്തിലെ നേതൃമ്മന്യന്മാരാണു എട്ടു രക്ഷകരും. ദൗഷ്ട്യംകണ്ട് അവരെ ശിക്ഷിക്കുന്നു ഗ്രാമത്തിലുള്ളവർ. പിന്നീട് വധകർത്താക്കളെയും അവർ കൊല്ലുന്നു. ഇതിൽക്കൂടുതലായി ഈ വിരസമായ അലിഗറിക്ക് അർത്ഥമൊന്നുമില്ല. ധൈര്യമുള്ള യുവാവ് വരുമ്പോൾ “സിംഹം വരുന്നു” എന്നുപറഞ്ഞാൽ ബുദ്ധിയുടെ വ്യാപാരംകൊണ്ട് സിംഹം ധീരനായ യുവാവാണെന്നു ഗ്രഹിക്കുമല്ലോ. അതോടെ ബുദ്ധിയുടെ പ്രവർത്തനം അവസാനിക്കുന്നു. ഭാവനയുടെ വ്യാപാരം അതിൽ ഇല്ലേയില്ല. ഇതുതന്നെയാണു കെ. ബി. ശ്രീദേവി എഴുതിയ ‘എട്ടു രക്ഷകരു’ ടെയും സ്ഥിതി ( മാതൃഭൂമി ആഴ്ചപ്പതിപ്പ്). ഭ്രാന്തൻ യുവാവ് പുരപ്പുറത്തുകയറിയിരുന്ന് സ്വർണ്ണക്കൊട്ടാരം കാണുന്നു; ദിവ്യസംഗീതം ശ്രവിക്കുന്നു. ശ്രീദേവി വാകുകളാകുന്ന ഇഷ്ടികകൾ അടുക്കിവച്ച ഭവനത്തിന്റെ മുകളിൽകയറിയിരുന്നു് ശൂന്യമായ ആകാശം നോക്കിക്കൊണ്ടിരിക്കുന്നു. പാഴ് വേല…

* * *

​​ നേരെ ചൊവ്വേ പറയാനുള്ളത് അങ്ങു പറഞ്ഞാൽ മതി. അപ്പോൾ ചാരുത കൈവന്നുകൊള്ളും. കൃത്രിമത്വം എവിടെ വരുമോ അവിടെ വൈരൂപ്യം എത്തും. മിനുവും മൃണാളിനിയും നീതിയും ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നതു കേട്ടിട്ടില്ലേ. അവരുടെ രൂപങ്ങൾ ടെലിവിഷനിൽ കണ്ടിട്ടില്ലേ? എന്തൊരന്തസ്സ്! എന്നാൽ ഹിന്ദി ന്യൂസ് വായിക്കുന്ന ചിലർ പുരികം വടിച്ചിറക്കി കരികൊണ്ട് അത് വീണ്ടും എഴുതി ഉണ്ടാക്കിയും കൺപോളകളിൽ എന്തോ കറുത്തതു തേച്ചും സാരികൊണ്ട് ഉടലാകെ മൂടിയും നാട്യത്തോടെ ന്യൂസ് വായിക്കുന്നതു കേൾക്കുമ്പോൾ, അവരെ കാണുമ്പോൾ നമുക്കുണ്ടാകുന്നത് ബഹുമാനമാണോ? അതോ പുച്ഛമോ? നേരെ നടന്നാലും പൊയ്ക്കാലിൽ കയറിനടന്നാലും നടത്തങ്ങൾ തന്നെ. പക്ഷേ പൊയ്ക്കാലിൽ കയറിയുള്ള നടത്തം കൃത്രിമമാണു്. അലിഗറി പൊയ്ക്കാലിലെ നടത്തമാണു്.

വൈലോപ്പിള്ളി

നമ്മൾ സ്വന്തം തീരുമാനത്തിലെത്തണം.അന്യരുടെ അഭിപ്രായങ്ങൾ അന്വേഷിക്കാൻ പോയാൽ ഓരോ അഭിപ്രായമാകും നമ്മൾ കേൾക്കുക. നമ്മൾ നമ്മളെ അറിയുന്നതുപോലെ മറ്റാരും നമ്മളെ അറിയുന്നില്ല. അതിനാൽ തെറ്റായാലും ശരിയായാലും സ്വന്തം തീരുമാനമനുസരിച്ചു പ്രവർത്തിച്ചുകൊള്ളൂ. സ്വന്തം സ്വത്വത്തിന്റെയും സ്വന്തം സ്വഭാവത്തിന്റെയും രീതിയനുസരിച്ച് മറ്റുള്ളവരെ കാണുകയും അവരോടു സംസാരിക്കുകയും അവരെപ്പറ്റി മൂല്യനിർണ്ണയം നടത്തുകയും ചെയ്ത വ്യക്തിയായിരുന്നു വൈലോപ്പിള്ളി. അതുകൊണ്ടാണു അന്യർക്കു പരുക്കനെന്നു തോന്നിയ പെരുമാറ്റങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായത്. ആർജ്ജവമുള്ള ഈ കവിയുടെ സ്വഭാവത്തിന്റെ സവിശേഷതകൾ കെ. വി. രാമനാഥൻ ഹൃദ്യമായി വ്യക്തമാക്കിയിരിക്കുന്നു ജനയുഗം വാരികയിൽ. ഒരു സംഭവം ലേഖകന്റെ വാക്കുകളിൽത്തന്നെ. കേട്ടാലും:

ക്ലാസ്സിൽ കുട്ടികളുടെ ആരവം. ജനാലയ്ക്കൽ ഹെഡ് മാസ്റ്റരുടെ മുഖം. കണ്ണടയ്ക്കുള്ളിലൂടെ രൂക്ഷമായ നോട്ടവും ചുണ്ടിൽ അവ്യാഖ്യേയമായ പുഞ്ചിരിയുമായി ഹെഡ് മാസ്റ്റർ വാതിൽക്കലേക്കു നീങ്ങുന്നു. ക്ലാസ്സിൽ നിശ്ശബ്ദത. ക്ലാസ്സെടുത്തുകൊണ്ടിരുന്ന അദ്ധ്യാപികയെ വാതിൽക്കലേക്കു വിളിപ്പിച്ച് കുട്ടികളാരും കേൾക്കാത്ത സ്വരത്തിൽ ഹെഡ് മാസ്റ്ററുടെ ചോദ്യം: “എന്താണിങ്ങനെ? നിങ്ങളുടെ ക്ലാസ്സെപ്പോഴും ബഹളത്തിന്റെ കൂടാണല്ലോ! കുറച്ചൊക്കെ അച്ചടക്കം പാലിക്കാൻ കഴിയണ്ടേ?”

അദ്ധ്യാപികയുടെ മുഖം ചുവന്നു. അപമാനിതഭാവമോ കുറ്റബോധമോ?

“മാസ്റ്റർക്ക് എന്നോടെന്തോ അലോഗ്യണ്ട്. അതാ ഇങ്ങനെയൊക്കെ പറേണത്.”

അല്പനിമിഷങ്ങളിലെ അർത്ഥപൂർണ്ണമായ മൗനം. ഹെഡ് മാസ്റ്റർ പറഞ്ഞു: “ എനിക്ക് നിങ്ങളോട് ഒരലോഗ്യവുമില്ല. പക്ഷേ-” വീണ്ടും നിമിഷങ്ങളിൽ നിറഞ്ഞുനിന്ന മൗനം- “എനിക്കു നിങ്ങളോട് ലോഗ്യവും ഒട്ടും ഇല്ലാട്ടോ.” സ്വന്തം നന്മയെക്കുറിച്ച് നല്ല വിശ്വാസമുള്ളവർക്കേ ഇങ്ങനെ ഒരു സ്ത്രീയോടു പറയാൻ പറ്റൂ.

പാവം മാനവഹൃദയം

ഗോയ്ഥേയുടെ ഫൗസ്റ്റ് ഒരു യുവതിയോടു പറയുന്നു: “ഓമനേ, നിന്റെ ഒറ്റനോട്ടത്തിൽനിന്ന് അല്ലെങ്കിൽ നിന്റെ ഒറ്റവാക്കിൽനിന്ന് ജനിക്കുന്ന ആഹ്ലാദം സാർവ്വലൗകികജ്ഞാനം ലഭിച്ചാലുണ്ടാകുന്ന ആഹ്ലാദത്തെക്കാൾ കൂടിയതായിരിക്കും.” ( ഓർമ്മയിൽനിന്ന് എഴുതുന്നത്). അവളും അയാളും കടപ്പുറത്തിരിക്കുന്നു. അയാൾ തത്ത്വചിന്തകളെക്കുറിച്ച് പറയുന്നു. ആ വാക്കുകൾ കടലിലെ തിരമാലകളിലേക്കു പ്രവഹിക്കുന്നു. അവൾ താനന്നു വാങ്ങിയ കമ്മലുകളെക്കുറിച്ചാണു പറയുക. അയാളുടെ ഗഹനങ്ങളായ ആശയങ്ങളെക്കാൾ പ്രാധാന്യമുണ്ട് അവളുടെ സ്വർണ്ണാഭരണത്തെക്കുറിച്ചുള്ള വാക്കുകൾക്ക്. ഇങ്ങനെ പറഞ്ഞതു ബൽജിയൻ നാടകകർത്താവായ മോറീസ് മതേർലങ്ങാണു ( മേറ്റർലിങ്ക്) (ഇതും ഓർമ്മയിൽനിന്നെഴുതുന്നു). സുന്ദരിയായ ചെറുപ്പക്കാരിയുടെ ശക്തിയെ ഈ രണ്ടു സാഹിത്യനായകന്മാരും അംഗീകരിച്ചിരിക്കുന്നു. ഇമ്മട്ടിൽ സ്നേഹിക്കുന്ന പുരുഷനും സ്ത്രീയും വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ഒരടിമപോലും സമ്മതിച്ചുകൊടുക്കാത്ത പാരതന്ത്ര്യത്തിനു സമ്മതം മൂളുകയാണു രണ്ടുപേരും എന്നാണു പ്ലേറ്റോ പറയുന്നത്. ഈ പാരതന്ത്ര്യം ഏതാനും ദിവസംകൊണ്ട് ദുസ്സഹമായിത്തീരുന്നു. അതു വെറുപ്പിലേക്കു ചെല്ലുന്നു. വെറുപ്പുണ്ടെങ്കിലും കൂടെക്കൂടെ ലൈംഗീകവേഴ്ച. സ്ത്രീക്കു മാത്രമല്ല, പുരുഷനും ഈ ശക്തിയുണ്ട്. പുരുഷന്റെ ശക്തി സൗന്ദര്യത്തിലല്ല ഇരിക്കുന്നത്. സ്ത്രീയുടെ ഭാവനയെ ഉദ്ദീപിപ്പിക്കാമെങ്കിൽ അവൾ പുരുഷനു കീഴടങ്ങുമെന്ന് “സ്റ്റോറി ഒഫ് സാൻ മീക്കേലി” എന്ന അതിസുന്ദരമായ ഗ്രന്ഥമെഴുതിയ അക്സൽമുന്തേ പറഞ്ഞിട്ടുണ്ട്. (ഓർമ്മയിൽനിന്നെഴുതുന്നത്. എല്ലാ ഡോക്ടർമാരും വായിച്ചിരിക്കേണ്ടതാണു് ഈ പുസ്തകം) സുന്ദരനല്ലായിരുന്നു റഷ്യൻ “വിശുദ്ധമനുഷ്യ” നായ റസ്പുത്തിൻ. ( Rasputin 1872-1916. റഷ്യനുച്ചാരണം അതേ രീതിയിൽ എഴുതാൻ പ്രയാസം.എങ്കിലും റാസ്പുട്ടിൻ എന്നു പറയുന്നതിനെക്കാൾ എത്രയോ ഭേദം റസ്പുത്തിൻ എന്നു പറയുക) എന്നാലും അയാൾ യുവതികളെ അനായാസമായി വീഴ്ത്തിയിരുന്നു. രഹസ്യമായി വച്ചിട്ടുള്ള ക്രെമ്‌ലിൻ ഫയലുകൾ നോക്കി റെനെ ഫുളോപ് മില്ലർ ജർമ്മൻ ഭാഷയിലെഴുതിയ റസ്പുത്തിന്റെ ജീവചരിത്രത്തിൽനിന്ന് ഒരു ഭാഗം. (Rasputin- The Holy Devil, Translated by F. S. Flint and D. F. Tait) റസ്പുത്തിന്റെ അടുത്തെത്തിയ ഒരു ചെറുപ്പക്കാരിയുടെ അനുഭവമാണിത്: “അദ്ദേഹത്തിന്റെ മൃദുലവും സന്ന്യാസിയുടെതുമായ നോട്ടവും ലളിതമായ മുഖവും ആദ്യം അവളിൽ വിശ്വാസം ജനിപ്പിച്ചു. പക്ഷേ, അദ്ദേഹം കൂടുതലായി അവളുടെ അടുത്തെത്തിയപ്പോൾ നന്മയും മൃദുത്വവും പ്രസരിപ്പിച്ച ആ കണ്ണുകളുടെ പിറകിൽനിന്ന് അത്ഭുതപ്പെടുത്തുന്ന, ദുഷിപ്പിക്കുന്ന മറ്റൊരു വിഭിന്നനായ മനുഷ്യൻ നോക്കുന്നുവെന്ന് അവൾക്കുതോന്നി. അദ്ദേഹം അവളുടെ എതിർവശത്ത് ഇരുന്നു;തൊട്ടുകൊണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ ഇളം നീലനിറമാർന്ന കണ്ണുകളുടെ നിറം മാറി. അവ വിചിത്രമായ മട്ടിൽ അഗാധവും ഇരുണ്ടതുമായിത്തീർന്നു. അദ്ദേഹത്തിന്റെ തീക്ഷ്ണവീക്ഷണം അവളിൽ ചുഴിഞ്ഞിറങ്ങി. അത് അവളെ വല്ലാതെ ആകർഷിച്ചു..”

പുരുഷന്റെ ഈ മാന്ത്രികശക്തിയും സ്ത്രീയുടെ വിശ്വവശ്യമായ സൗന്ദര്യവും ചിത്രീകരിച്ച് ദാമ്പത്യജീവിതത്തിന്റെ വൈരസ്യത്തെ സ്ഫുടീകരിക്കുന്നു ഇ. വി. ശ്രീധരൻ. ഈ വൈരസ്യത്തിനിടയിലും ഉളവാകുന്നു Pro-creative coition എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. (‘പാവം മാനവഹൃദയം’ എന്ന കഥ- കലാകൗമുദി) മനുഷ്യഹൃദയത്തിനു ഇങ്ങനെ സ്നേഹിക്കാനും വെറുക്കാനുമല്ലാതെ വേറെന്തു കഴിയും? പാവം, മാനവഹൃദയം!

നിരീക്ഷണങ്ങൾ

കണ്ണമ്മൂലയില്‍ നിന്നു് കബന്ധവും മണ്ണടിയില്‍നിന്നു് തലയും ഒന്നുചേര്‍ന്നു് വേലുത്തമ്പി തിരുവനന്തപുരത്തു് വരാറായി… കുമാരനാശാന്‍ പല്ലനയില്‍നിന്നു് എഴുന്നേററു വരാറായി… ഇടപ്പള്ളി രാഘവന്‍പിള്ള കൊല്ലത്തെ ഒരു ഭവനത്തിലെ കഴുക്കോലില്‍ കെട്ടിയിട്ട കയറില്‍നിന്നു മോചനം നേടിവരാറായി…

കണ്ണമ്മൂലയിൽ കഴുമരത്തിൽ തൂക്കിയിട്ട വേലുത്തമ്പിയുടെ കബന്ധവും മണ്ണടി ക്ഷേത്രത്തിൽവച്ച് അനിയൻ വെട്ടിയെടുത്ത തലയും യോജിച്ച് ജീവനോടുകൂടി അദ്ദേഹം തിരുവനന്തപുരത്ത് വരാറായി. വന്നുകഴിഞ്ഞാൽ ഇവിടത്തെ സകല അഴിമതികളും കണ്ടു നിൽക്കുന്ന തന്റെ പ്രതിമയെ അദ്ദേഹം തല്ലിത്തകർക്കും. പിന്നീട് പലരുടെയും കൈവിരലുകൾ മുറിച്ചുകളയും.

കുമാരനാശാൻ പല്ലനയിൽനിന്ന് എഴുന്നേറ്റ് വരാറായി. തന്റെ കവിതയെക്കുറിച്ച് തോന്നയ്ക്കലും പല്ലനയിലും കായിക്കരയിലും പ്രസംഗങ്ങൾ ചെയ്യുന്നവരെ അദ്ദേഹം അന്വേഷിച്ചുചെല്ലും. മഹാകവിയായതുകൊണ്ടും സാത്ത്വികനായതുകൊണ്ടും അദ്ദേഹം അവരെ ദേഷ്യത്തോടെ നോക്കുകയേയുള്ളൂ. ദേഹോപദ്രവം ഏൽപ്പിക്കില്ല.

ഇടപ്പള്ളി രാഘവൻപിള്ള കൊല്ലത്തെ ഒരു ഭവനത്തിലെ കഴുക്കോലിൽ കെട്ടിയിട്ട കയറിൽനിന്നു മോചനം നേടി വരാറായി. തന്നെ എക്സിസ്റ്റെൻഷ്യൽ ഔട്ട്സൈഡറാക്കുന്നവരെ അദ്ദേഹം കാണാൻ ചെല്ലും. “ നിങ്ങൾ ഈ നോൺസെൻസൊക്കെ എഴുതിയിട്ടും എന്റെ കവിത ജീവിക്കുന്നു” എന്ന് അവരോടു രാഘവൻപിള്ള പറയും. കഥയെഴുതുന്ന പെൺകുട്ടികളോടു കുറച്ചു കാരുണ്യം കാണിക്കണം എന്ന് എസ്. കെ. പൊറ്റെക്കാട്ട് പണ്ട് എനിക്ക് എഴുതി അയച്ചിരുന്നു. കഥയോട് കാരുണ്യം കാണിക്കാത്ത പെൺകുട്ടികളോട് എന്തിനാണു കാരുണ്യം എന്ന് എഴുതിച്ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പൊറ്റെക്കാട്ടിനോടുള്ള ബഹുമാനം കൊണ്ട് അങ്ങനെ ചോദിച്ചില്ല.

ഞാന്‍ സംസ്കൃത കോളേജില്‍ ലക്ചററായിരിക്കുന്ന കാലത്തു് ക്ലാസ്സില്‍ ചെന്നു് “ഗ്രാമത്തില്‍നിന്നു് നഗരത്തിലെത്തുന്ന ഒരു യുവാവിന്റെ ചിന്തകള്‍” എന്ന വിഷയത്തെക്കുറിച്ചു കോമ്പോസിഷന്‍ എഴുതുവാന്‍ കുട്ടികളോടു് ആവശ്യപ്പെട്ടു. കുട്ടന്‍ എന്നു പേരുള്ള വിദ്യാര്‍ത്ഥി എഴുതിത്തന്ന പ്രബന്ധം വായിച്ചു് ഞാന്‍ അദേഭുതപ്പെട്ടു. അത്രയ്ക്ക് സുന്ദരമായിരുന്നു ആ ഉപന്യാസം. ഞാന്‍ ആലോചിച്ചു, എനിക്കു അതുപോലൊരു ഉപന്യാസം എഴുതാന്‍ കഴിയുമോയെന്നു്. കഴിയുകയില്ല എന്ന തോന്നല്‍ എന്നെ ദുഃഖിപ്പിച്ചു. കുട്ടനു് ഇരുപതില്‍ ഇരുപത് മാര്‍ക്ക് കൊടുത്തിട്ടു് ഞാന്‍ ക്ലാസ്സില്‍നിന്നുപോയി. തുടര്‍ച്ചയായി ഒരാഴ്ചത്തെ കാഷ്വല്‍ ലീവ് എനിക്കു്. പിന്നീടു് ആ ക്ലാസ്സില്‍ പോകാന്‍ എനിക്കു മടി. ആ ക്ലാസ്സ് ജഗദി വേലായുധന്‍ നായര്‍ക്കോ കെ. രാമചന്ദ്രഹന്‍നായര്‍ക്കോ ഏല്പിച്ചു കൊടുത്തു. അന്ന് അധ്യാപകനായിരുന്ന ഞാൻ അന്നു വിദ്യാര്‍ത്ഥിയായിരുന്ന കുട്ടനെക്കാളും താണനിലയില്‍. (കുട്ടന്‍ ഇന്നു് ശ്രീനാരായണ കോളേജിലെ മലയാളം പ്രൊഫസറാണു്.)

ഭര്‍ത്താവു് കൊണ്ടുകൊടുക്കുന്ന മൂന്നൂറു രൂപവാങ്ങിച്ചു് കുടുംബ ബഡ്ജററ് (ബജിററ് എന്നു് ശരിയായ ഉച്ചാരണം) തയ്യാറാക്കി വീട്ടിലെ കാര്യങ്ങള്‍ ശരിയായി നടത്തുന്ന വീട്ടമ്മ പെട്രോളിനും ടൂത്ത്പേസ്ററിനും വിലകൂട്ടി മനുഷ്യരെ കഷ്ടപ്പെടുത്തുന്ന മന്ത്രിയേക്കാള്‍ ഔന്നത്യമാര്‍ജ്ജിച്ചവളാണ്.

നേരം വെളുത്താല്‍ ഇരുട്ടുന്നതുവരെ കളിച്ചും ഇരുട്ടിയാല്‍ വെളുക്കുന്നതുവരെ വ്യഭിചരിച്ചും കഴിയുന്ന പുരുഷനെക്കാള്‍ എത്രയോ മേലേക്കിടയിലാണു് അയാളോടു കണ്ണീരോടുകൂടി “കുടിക്കരുതു്; വൃത്തികേടിനു പോകരുതു്” എന്നു ഉപദേശിക്കുന്ന ചാരിത്രശാലിനിയായ ഭാര്യ.

“സ്ത്രീകളെ വേശ്യാവൃത്തിയിലേക്കു തള്ളിവിടുന്ന മുഖ്യഘടകം ദാര്ിദ്ര്യമാണു്” എന്നു് കൃഷ്ണന്റെ സുന്ദരി പറയുന്നു. (കുങ്കുമം വാരിക) അതുകേട്ടു് തത്ത്വചിന്തകന്‍: “വ്യഭിചരിക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നതും ദാരിദ്ര്യമാണു് — ലൈംഗികദാരിദ്ര്യം.” കൃഷ്ണന്റെ ഹാസ്യചിത്രം ഹാസ്യചിത്രമെന്ന നിലയില്‍നന്നു്. പക്ഷേ, അദ്ദേഹത്തിന്റെ നിരീക്ഷണത്തോടു് എനിക്കു യോജിക്കാന്‍ പ്രയാസമുണ്ടു്. അതിസുന്ദരിയായ സ്ത്രീ പുരുഷനു് കാമോല്‍സുകത ഉളവാക്കില്ല. പ്രസിദ്ധരായ ചിത്രകാരന്മാരുടെ നഗ്നചിത്രങ്ങള്‍ ഉളവാക്കുന്ന വികാരമേ ആ സ്ത്രീ ഉദ്ഭവിപ്പിക്കുകയുള്ളൂ. കാമോല്‍സുകത മററു പല ഘടകങ്ങളെയും ആശ്രീയിച്ചിരിക്കുന്നു. അതിനാല്‍ സുന്ദരിയായ സഹധര്‍മ്മിണിയുള്ള പുരുഷന്‍ “ലൈംഗികസമ്പന്നത” ഉള്ളവനാണെങ്കിലും വൈരൂപ്യമുള്ള സ്ത്രീകളെ സമീപിക്കും.

കൊഞ്ഞനം കാണിക്കല്‍

സ്ത്രീവിഷയകമായി തല്പരത്വമേറിയ ഒരു എഡ്യൂക്കേഷന്‍ സെക്രട്ടറി പെണ്‍പള്ളിക്കൂടത്തിലെ വാര്‍ഷിക സമ്മേളനത്തിലെ അദ്ധ്യക്ഷന്‍. പട്ടുമെത്തയിട്ട സിംഹാസനംപോലുള്ള കസേരയില്‍ അദ്ദേഹമിരിക്കുന്നു. അദ്ദേഹത്തിന്റെ ഇടതുവശത്തു് അതുപോലൊരു കസേരയില്‍ പ്രഭാഷകനായ ഞാന്‍. എന്റെ ഇടതുവശത്തു് മദ്ധ്യവയസ്കയെങ്കിലും സുന്ദരിയായ ഹെഡിമിസ്ട്രസ് കഷനിടാത്ത തടിക്കസേരയില്‍ ഇരിക്കുന്നു. അദ്ധ്യക്ഷന്‍ കുറെ നേരമായി അസ്വസ്ഥന്‍. പെട്ടെന്നു് അദ്ദേഹം എന്നോടു് ആജ്ഞാപിച്ചു: “നിങ്ങള്‍ അപ്പുറത്തിരിക്കൂ. ഹെഡ്മിസ്ട്രസ് ഇപ്പുറത്തിരിക്കട്ടെ.” ഞാന്‍ എഴുന്നേല്ക്കുന്നതിനുമുന്‍പു് ഹെഡ്മിസ്ട്രസ് എന്റെ കസേരയിലിരിക്കാന്‍ ചാടിയെഴുന്നേററു. “മുന്നിടമഭ്യന്നതമായ് സന്നതമായ് പിന്നിടം.” അവര്‍ ഞാനിരുന്ന കസേരയിലമര്‍ന്നു. അദ്ധ്യക്ഷനു പുളകം. ഞാന്‍ “ഒരു സിഗറററ് വലിച്ചിട്ടുവരാം” എന്നു പറഞ്ഞു വേദിയില്‍നിന്നിറങ്ങി. റോഡിലേക്കു ചെന്നു് ആദ്യം കണ്ട ടാക്സിക്കാറില്‍ കയറി വീട്ടിലേക്കു പോന്നു. ഞാന്‍ പോയിയെന്നതു് അദ്ധ്യക്ഷനും അറിഞ്ഞിരിക്കില്ല. ഹെഡ് മിസ്ട്രസും അറിഞ്ഞിരിക്കില്ല. എക്സ്പ്രസ്സ് വാരികയുടെ കഷനിട്ട നല്ല കസേരയില്‍ ടി. വി. പുരം രാജൂ കയറിയിരിക്കുന്നു. അവിടെനിന്നു് മാറിയിരിക്കൂ എന്നു ഞാന്‍ പറുയന്നില്ല. ആ അദ്ധ്യക്ഷനെപ്പോലെ അമാന്യനല്ല ഞാന്‍. എങ്കിലും ഇരിക്കുന്ന കസേരയ്ക്കു് അപകര്‍ഷം വരുത്താതെ അദ്ദേഹമിരുന്നാല്‍ കൊള്ളാമെന്നു പറഞ്ഞുകൊള്ളട്ടെ. ഭര്‍ത്താവില്ലാതെ അനാഥാലയത്തില്‍ പ്രസവിച്ച സ്ത്രീ സമുദായവിദ്വേഷം സഹിക്കാനാവാതെ ജീവിതമവസാനിപ്പിക്കാന്‍ പോകുന്നോ? പോകുന്നു എന്നാണു് “കൊതിതീരെ കാണാന്‍” എന്ന കഥയിലൂടെ രാജൂ പറയുന്നതു്. ജീവാധാരമായ ജന്മവാസനകളെ നോക്കി കൊഞ്ഞനം കാണിക്കുന്ന രചനയാണിതു്. രാജൂ എന്നെപ്പോലെ ടാക്സിക്കാറില്‍ കയറി അങ്ങു പോകരുതു്. ഇരുന്ന കസേരയില്‍ത്തന്നെ ഇരുന്നു് നല്ല പ്രഭാഷണം നിര്‍വഹിക്കു.

ടാങ്ക് യൂ

ടെലിഫോണില്‍ക്കൂടി ദീര്‍ഘനേരം സംഭാഷണം നടത്തുന്നവർ കെ. പി. ഉമ്മര്‍ ചന്ദ്രിക വാരികയിലെഴുതിയ ലേഖനം വായിക്കേണ്ടതാണു്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണിക്കു ഹൃദയാഘാതം. വേദനകൊണ്ടു് അവര്‍ നിലത്തുകിടന്നു് ഉരുളുന്നു. ഫോണ്‍ചെയ്തു് ഡോക്ടരെ വരുത്തുന്നതാണു് ഏററവും യുക്തം. പക്ഷേ, പതിനഞ്ചു മിനിററ് ശ്രമിച്ചിട്ടും ഫോണില്‍ക്കൂടെ സംസാരിക്കാന്‍ സാധിക്കുന്നില്ല. കാമുകിയും കാമുകനും കമ്പിയിലൂടെ പ്രേമസല്ലാപം നടത്തുന്നതു് ഉമ്മറിനു കേള്‍ക്കാം. അദ്ദേഹം അതു കേട്ടമാത്രയില്‍ അവരെ ശകാരിച്ചു. സല്ലാപം നിന്നു. ഡോക്ടറെത്തി. പക്ഷേ, ഫലമില്ല. ഉമ്മറിന്റെ സഹധര്‍മ്മിണി ഈ ലോകം വിട്ടുപോയിരുന്നു. സല്ലപിക്കല്‍ ഇല്ലായിരുന്നെങ്കില്‍ ഡോക്ടറെ ഫോണില്‍ കിട്ടിയേനെ. അദ്ദേഹം സമയത്തു് എത്തുമായിരുന്നു.

ഇതുപോലെ മറ്റൊരു കാര്യമുണ്ടു്. അതു് കൊച്ചുകുട്ടികളെക്കൊണ്ടു് ഫോണ്‍ എടുപ്പിക്കലാണു്. ഒരാൾക്ക് സുഖ്ക്കേടു കൂടുതലാണെന്ന് അറിയിക്കുവാന്‍ വേണ്ടി ഞാന്‍ മദ്രാസില്‍ ഒരു ബന്ധുവിനെ എസ്. ററി. ഡിയില്‍ വിളിച്ചു. ഫോണെടുത്തത് ഒരു ചെറുക്കൻ. അവൻ ഒരുവിധത്തിലും ഫോണ്‍ തന്തയുടെ കൈയില്‍ കൊടുക്കുകയില്ല. രോഗവിവരം പറഞ്ഞിട്ടു് അവനൊട്ടു മനസ്സിലായതുമില്ല. രണ്ടു തവണകൂടി ഞാന്‍ ശ്രമിച്ചു. ആ രണ്ടു തവണയും ചെറുക്കന്‍ തന്നെ ഫോണെടുത്തു. അര്‍ത്ഥമില്ലാതെ അവനെന്തോ പുലമ്പുകയും ചെയ്തു. എനിക്കു് തൊണ്ണൂറു രൂപയോളം നഷ്ടം. അതു സാരമില്ല. ആ രോഗി മരിച്ചു. ഫോണില്‍ക്കൂടെ കൊച്ചുചെറുക്കനോ കൊച്ചു പെണ്ണോ കൊഞ്ചിസ്സംസാരിക്കുന്നതു് അവരുടെ അച്ഛനമ്മമാര്‍ക്കും അപ്പൂ‌പ്പന്‍മാര്‍ക്കും അമ്മുമ്മമാര്‍ക്കും കര്‍ണ്ണാനന്ദകരമായിരിക്കും. പക്ഷേ, അതു് വലിയ ദ്രോഹമാണ്. പിള്ളേര്‍ക്കു കളിക്കാന്‍ വേറെ എന്തെല്ലാമുണ്ടു്! ഫോണ്‍ മെനക്കെടുത്തി ആളുകളെ കാലനൂര്‍ക്കു് അയയ്ക്കണമെന്നുണ്ടോ? അടുത്തകാലത്തു് ഒരു പ്രൊഫസറെ ഞാന്‍ ഫോണില്‍ വിളിച്ചു. അതു് എടുത്തതു് അദ്ദേഹത്തിന്റെ പൊന്നോമന മകന്‍. അവന്‍, ഞാനെത്ര അഭ്യര്‍ത്ഥിച്ചിട്ടും ഫോണ്‍ തന്തയ്ക്കു കൊടുത്തില്ല. മാത്രമല്ല, ഞാന്‍ നിരാശനായി സംസാരം നിറുത്താന്‍ ഭാവിച്ചപ്പോള്‍ ‘ടാങ്ക്‌യു’ എന്നു പറയുകയും ചെയ്തു. താങ്ക്സ് പറയണമെന്നു് ചെറുക്കനെ പഠിപ്പിച്ചുവച്ചിരിക്കുന്നു തന്ത. ക്ഷതമേല്പിച്ചിട്ടു് അപമാനിക്കലും.