സാഹിത്യവാരഫലം 1998 09 18
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര് | |
പ്രസിദ്ധീകരണം | സമകാലിക മലയാളം |
തിയതി | 1998 09 18 |
മുൻലക്കം | 1998 09 11 |
പിൻലക്കം | 1998 09 25 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ നൽകുക |
ലോകമാകെ അറിഞ്ഞ അബോധവിശ്ലേഷകനാണു് ന്യയോർക്കിലെ റൊലൊ മേ (Rollo May). അമേരിക്കയിലെ കൊലറാഡോ സ്റ്റെയ്റ്റിൽ താമസിക്കുന്ന കെൻ വിൽബറിനെക്കുറിച്ച് (ken Wilber) അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “വിൽബറിന്റെ ഗ്രന്ഥങ്ങൾ വായിക്കാൻ ഭാഗ്യം കിട്ടിയവർക്ക് മനസ്സും ഭാവനയും ഉണരും; അവ പ്രചോദനാത്മകമാകും”. “മൂന്നുപേരെ മാത്രമേ ഇരുപത്തിയൊന്നാം ശതാബ്ദത്തിലെ ലോകജനതയ്ക്കു തിരഞ്ഞെടുക്കാനാവൂ” എന്നു ഒരു നിരൂപകൻ. “അവർ അരിസ്റ്റോട്ടൽ, നീച്ച അല്ലെങ്കിൽ വിൽബർ.” പരിണാമത്തെസ്സംബന്ധിച്ചു് വിൽബറിനുള്ള കാഴ്ചപ്പാട് കിഴക്കുദിക്കിൽ അരവിന്ദോക്കും പടിഞ്ഞാറുദിക്കിൽ ഹേഗലിനും മാത്രമേയുള്ളു എന്നു വേറൊരു നിരൂപകൻ. ഈ ലേഖനമെഴുതുന്ന ആൾ വിൽബറിന്റെ പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ധൈഷണികാഹ്ലാദത്തിനു വേണ്ടി വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ The marriage of Sense and Soul ഇപ്പോൾ വായിച്ചു തീർത്തു. ചിന്താരത്നങ്ങളുടെ മയൂഖമാലകളാണ് ഇതിലാകെ. അതിൽ വിലയം കൊണ്ട് ഞാനിതു കുറിക്കുന്നു.
ശാസ്ത്രവും മതവും വിഭിന്നങ്ങളാണ്. ശാസ്ത്രം മൂല്യങ്ങളിൽനിന്നു മുക്തിനേടി സത്യം മാത്രം പ്രദർശിപ്പിക്കുന്നു. നന്മയേത് തിന്മയേത് വിവേകപൂർണ്ണമായത് ഏത് വിവേകരഹിതമായത് ഏത് എന്നു വേർതിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നില്ല ശാസ്ത്രം. സൗരയൂഥത്തിനു നന്മയില്ല, തിന്മയുമില്ല. സത്യം മാത്രമാണ് ശാസ്ത്രം കാണാൻ ശ്രമിക്കുന്നത്. നേരെ മറിച്ചാണ് മതം. ജീവിതത്തിന്റെ അടിസ്ഥാനപരമായ മൂല്യത്തിലേക്കാണ് അതിന്റെ നേട്ടം. മതം വിവേകത്തിലേക്കു നമ്മളെ കൊണ്ടുചെല്ലുന്നു. പരസ്പരവിരുദ്ധങ്ങളായ ഇവയെ- ശാസ്ത്രത്തെയും മതത്തെയും- എങ്ങനെ സമന്വയിപ്പിക്കാം എന്നു സ്പഷ്ടമാക്കിത്തരികയാണ് കെൻ വിൽബർ. ഈ അനുരഞ്ജനത്തിനുള്ള മാർഗ്ഗങ്ങൾ ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നതു വായനക്കാർ തന്നെ കണ്ടുകൊള്ളാനാണ് എന്റെ വിനയാന്വിതമായ നിർദ്ദേശം. എനിക്ക് ഇപ്പോൾ കൗതുകമുള്ളത് വിശിഷ്ടമായ ഈ ഗ്രന്ഥത്തിലെ മറ്റാശയസാമ്രാജ്യങ്ങളിലേക്കു വായനക്കാരെ നയിക്കാനാണ്.
ആദ്യം മോഡേണിറ്റി (modernity- ആധുനികത) ആകട്ടെ. ഈശ്വരൻ മരിച്ചു എന്നതു പ്രാഥമികാശയം. പിന്നീട് ജീവിതത്തെ വാണിജ്യവസ്തുവാക്കൽ. വ്യത്യസ്തഗുണങ്ങളുള്ളവയെ ഒരുപോലെയാക്കൽ. മുതലാളിത്തത്തിന്റെ ക്രൂരത. ഗുണങ്ങൾക്കു പകരമായി സംഖ്യാവലിപ്പം, മൂല്യരാഹിത്യവും അർത്ഥനഷ്ടവും, ജീവിതത്തെ ശകലിതമാക്കൽ, അസ്തിത്വവാദസംബന്ധിയായ സന്ത്രാസം, ഗ്രാമ്യമായ ഭൗതികത്വം ഇവയൊക്കെ. എല്ലാം ദോഷങ്ങൾ. പക്ഷേ ആധുനികതയ്ക്കു ഗുണങ്ങളുമുണ്ട്. മധ്യകാലയളവിൽ ഗലീലിയോക്ക് ദൂരദർശിനിക്കുഴലിലൂടെ നോക്കി വസ്തുതകൾ ഉറക്കെപ്പറയാൻ കഴിയുമായിരുന്നില്ല. പള്ളിയുടെ അധികാരത്തിൻകീഴിൽ കലയും ശാസ്ത്രവും സന്മാർഗ്ഗവും ഒരുമിച്ചുചേർന്നു വർത്തിച്ചിരുന്നു എന്നതാണ് അതിനു ഹേതു. പള്ളിയുടെ സന്മാർഗ്ഗചിന്ത ഉദ്ഘോഷിച്ചിരുന്നു ശാസ്ത്രത്തിനു ഇന്നതു ചെയ്യാം. ഇന്നതു ചെയ്തുകൂടായെന്ന്. സൂര്യൻ ഭൂമിക്കുചുറ്റും കറങ്ങുന്നുവെന്നു ബൈബിൾ പറഞ്ഞു. അതോടെ ചർച്ച അവസാനിക്കുകയും ചെയ്തു. ആധുനികതയിൽ മൂല്യമണ്ഡലങ്ങളുടെ വേർതിരിക്കലുണ്ടായി. അപ്പോൾ രാജ്യദ്രോഹി എന്ന മുദ്ര ശരീരത്തിൽ പതിയാതെ തന്നെ ഗലീലിയോക്ക് റ്റെലിസ്കോപ്പിലൂടെ നോക്കാമെന്നായി. കലയിലും സന്മാർഗ്ഗചിന്തയിലും ഇതുതന്നെ സംഭവിച്ചു. മതപരങ്ങളല്ലാത്ത വിഷയങ്ങൾ ചിത്രീകരിക്കാൻ കലാകാരന്മാർക്കു കഴിഞ്ഞു. ബൈബിളിനോടു യോജിക്കാതെ തന്നെ അവർക്കു നന്മയാർന്ന ജീവിതത്തെ അപഗ്രഥിക്കാം. വ്യാഖ്യാനിക്കാം എന്നായി.
ജനാധിപത്യത്തിന്റെ സ്ഥാപനം, അടിമത്തത്തിന്റെ ദുരീകരണം, സ്ത്രീസമത്വവാദത്തിന്റെ വികാസം ഇവയെല്ലാം ആധുനികതയുടെ ഫലങ്ങളാണ്. പക്ഷേ വേർതിരിക്കൽ വിയോജനാവസ്ഥയിൽ എത്തി (The wonderful differentiation of modernity went too far into actual dissociation) അതോടെ ശകലീകൃതാവസ്ഥ വന്നു. അന്യവത്കരണം സംഭവിച്ചു. വളർച്ച അർബ്ബുദമായി മാറി. ജഡവസ്തുവിൽനിന്നു മനുഷ്യശരീരത്തിലേക്കും അതിൽനിന്ന് മനസ്സിലേക്കും അതിൽനിന്നു ആത്മാവിലേക്കും അതിൽനിന്നു പരമാത്മാവിലേക്കുമുള്ള വികാസം ലോകത്തുള്ള എല്ലാ മതങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇതിനെ Great Chain of Being എന്നു വിളിക്കുന്നു. ആധുനികതയുടെ ഭൗതികത്വം ഈ ശൃംഖലയെ നശിപ്പിച്ചു.
ആധുനികത അപ്രത്യക്ഷമായപ്പോൾ പോസ്റ്റ് മോഡേണിറ്റി വന്നു. സത്യമെന്നതു ഇല്ല, വ്യാഖ്യാനമേയുള്ളൂ എന്നു പുതിയ പ്രസ്ഥാനം ഉദ്ഘോഷിച്ചു. സാമൂഹികമായി സൃഷ്ടിക്കപ്പെടുന്നതാണ് എല്ലാ വ്യാഖ്യാനങ്ങളും എന്നായി അതിന്റെ വാദം. ഇതിനെ post modernism എന്നല്ല extreme post modernism , എന്നാണ് കെൻ വിൽബർ വിളിക്കുക. ഇനി അദ്ദേഹത്തിന്റെ വാക്കുകൾ തന്നെയാവട്ടെ: “If Descartes is modern, Dernda is post modern, if perspectival rationality is modern, aperspectival network- logic is postmodern… If representation is modern, non representation is postmodern. If the internal combustion engine is modern, the Internet is postmodern”.
പോസ്റ്റ് മോഡേണിസത്തിലെത്തിയപ്പോൾ ഭാഷ വിശ്വസിക്കാൻ കൊള്ളാവുന്ന ഉപകരണമല്ലാതെയായി. ലോകത്തെ നിഷ്കളങ്കതയോടെ നോക്കാനുള്ള ജന്നലല്ല ഭാഷ
പോസ്റ്റ് മോഡേണിസത്തിലെത്തിയപ്പോൾ ഭാഷ വിശ്വസിക്കാൻ കൊള്ളാവുന്ന ഉപകരണമല്ലാതെയായി. ലോകത്തെ നിഷ്കളങ്കതയോടെ നോക്കാനുള്ള ജന്നലല്ല ഭാഷ. ഭാഷ പോസ്റ്റ് മോഡേണിസ്റ്റുകൾക്കു അവരുടെതായ ലോകം സൃഷ്ടിച്ചുകൊടുക്കുന്നു. ‘എന്റെ ഭാഷയുടെ അതിരുകൾ എന്റെ ലോകത്തിന്റെ അതിരുകളാണെ’ന്ന് വിറ്റ്ഗൻഷ്ടൈൻ പറഞ്ഞത് ഓർമ്മിക്കുക.
മനുഷ്യൻ മരിച്ചു. ഗ്രന്ഥകാരൻ മരിച്ചു. പ്രതിപാദ്യവിഷയം മരിച്ചു എന്നൊക്കെ പോസ്റ്റ് മോഡേണിസ്റ്റുകൾ ഉദ്ഘോഷിച്ചു. അപ്പോൾ കെൻ വിൽബറല്ല പുസ്തകമെഴുതിയത്. ഭാഷയാണ് എല്ലാ കൃത്യങ്ങളും അനുഷ്ഠിക്കുന്നത്. ഇവിടെ വിൽബറിന്റെ നേരമ്പോക്ക് “…although this did not prevent I, Ronald Barthes, or I, Michel Foucault, from accepting the royalty cheques written to the author that supposedly did not exist.”
‘എല്ലാ മൂല്യങ്ങളെയും നശിപ്പിക്കൂ. എല്ലാ ഗുണവിശേഷങ്ങളെയും നശിപ്പിക്കൂ. എല്ലാ അർത്ഥങ്ങളെയും നിഗ്രഹിക്കൂ.’ എന്നു പോസ്റ്റ് മോഡേണിസം ആവശ്യപ്പെടുന്നു. ഉപരിതലത്തെ വാഴ്ത്തുകയും അഗാധതയെ നിന്ദിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണിത്.
കെൻ വിൽബറിന്റെ കലാവിഭജനം യുക്തിഭദ്രമാണ്. 1. വസ്തുനിഷ്ഠമായ കല അല്ലെങ്കിൽ പ്രതിച്ഛായാപരമായ കല (objective art or representational art) ‘മാംസചക്ഷുസ്സുകൊണ്ട് (eye of flesh) കാണുന്നതാണിത്. ഭാജനങ്ങളിൽ വച്ച പഴങ്ങൾ, ഭൂവിഭാഗങ്ങൾ, വൈയവസായിക നഗരങ്ങൾ, നഗ്നർ, തീവണ്ടിപ്പാളങ്ങൾ, മലകൾ, നദികൾ ഇവയെല്ലാം ബാഹ്യചക്ഷുസ്സ് കാണുന്നു. റിയലിസ്റ്റുകൾ,ഇംപ്രഷനിസ്റ്റുകൾ, നാച്ചുറലിസ്റ്റുകൾ ഇവർ ഈ വിഭാഗത്തിൽപെടും. 2. മാനസികമണ്ഡലത്തിന്റെ കല. മനസ്സിന്റെ നേത്രം കാണുന്നവ സറയലിസം. അമൂർത്തകല, അമൂർത്തമായ എക്സ്പ്രഷനിസം. മർസൽ ദ്യൂഷാങ് (Marcel Duchamp 1887- 1968. French artist) പറഞ്ഞു: “I wanted to get away from the physical aspect of painting I was much more interested in recreating ideas in painting. I wanted to put painting once again at the service of the mind”. ‘മാംസചക്ഷുസ്സ്’ ജനിപ്പിക്കുന്ന പ്രതീതിയല്ല കലയ്ക്കു ആധാരമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. 3. സൂക്ഷ്മതലത്തിലുള്ള കല. പലതരത്തിലുള്ള പ്രകാശനങ്ങൾ (illuminations), ദർശനങ്ങൾ (visions) പ്രാക്തരൂപങ്ങൾ (archetypal forms) ഇവയെ അനുധ്യാനത്തിന്റെ കണ്ണുകൊണ്ട് കാണുകയും കണ്ടതിനെ ആവിഷ്കരിക്കുകയും ചെയ്യുന്നത്.
പ്രമുഖവിഷയത്തെ ഉപേക്ഷിച്ച് ഞാൻ ഇവയെക്കുറിച്ച് പറഞ്ഞത് ഗ്രന്ഥകാരന്റെ മൗലികാശയങ്ങൾ വായനക്കാരും കൂടി അറിയട്ടെ എന്നു കരുതിയാണ്. പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചുപറഞ്ഞാൽ സ്ഥലപരിമിതിയാൽ ഇവയെ സൂചിപ്പിക്കാൻ പോലും ഒക്കുകയില്ല. ഈ കാലയളവിലുണ്ടായ സമുജ്ജ്വലമായ ഗ്രന്ഥമാണിത്. (New Leaf Publication- Published 1998- Pages 223- Rs 480=25)
Contents
ഉഷാനമ്പ്യാർ
അടിമുടി പൂത്തുനിൽക്കുന്ന മുല്ലവള്ളിയിൽ നിലാവുവന്നുവീണാൽ എങ്ങനെയിരിക്കും? മഴയിൽ കുതിർന്നു നിൽക്കുന്ന മാമരത്തിൽ രാത്രിസമയത്തു മിന്നൽ വന്നുപതിച്ചാൽ എങ്ങനെയിരിക്കും? പൂത്ത മുല്ലവള്ളിയും നനഞ്ഞ മരവും കൂടുതൽ സുന്ദരമാവും. ഒരു സ്ത്രീയുടെയും പുരുഷന്റെയും പ്രശാന്തമായ ദാമ്പത്യജീവിതത്തിൽ സ്ത്രീയുടെ പൂർവകാലപ്രേമം താൽകാലികമായി മിന്നലൊളി പരത്തുന്നത് ശ്രീമതി ഉഷാനമ്പ്യാർ ‘ചങ്ങാതി’ യെന്ന ചെറുകഥയിൽ ആകർഷകമായി ആലേഖനം ചെയ്യുന്നു. രണ്ടുപേരുടെയും ‘ഹൃദയവേഗ’ത്തിനു അനുരൂപമായ ചടുലതയാർന്ന ആഖ്യാനം. ആ ചടുലതയിൽ കൃത്രിമത്വമില്ല. സെക്സിന് അന്തർജ്ജാതമായ ശക്തിവിശേഷമുണ്ടല്ലോ. അതു പൂർവകാമുകനിൽനിന്ന് ഊറ്റത്തോടെ പ്രവഹിക്കുന്നുവെങ്കിലും വേറൊരുത്തന്റെ ഭാര്യയായി ജീവിക്കുന്ന, അമ്മയായിക്കഴിഞ്ഞ അവൾക്ക് അതിന് ബഹി:പ്രകാശം നൽകാൻ കഴിയുകയില്ല. ഉഷാനമ്പ്യാർ ഈ അംശങ്ങളെ സമഞ്ജസമായി സ്ഫുടീകരിക്കുന്നു. (കഥ ദേശാഭിമാനി ഓണം വിശേഷാൻപ്രതിയിൽ).
ചോദ്യം, ഉത്തരം
എനിക്കൊരു വിവാഹപ്പരസ്യം കൊടുക്കണമെന്നുണ്ട്. എങ്ങനെയെഴുതണമത്?
- പരസ്യം ഇങ്ങനെയാവാം. സുന്ദരിയായ യുവതി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു. വരനായി വരുന്നയാൾ സുന്ദരനായിരിക്കണം. മദ്യപാനം അരുത്. സിഗ്ററ്റ് ദിവസം ആറെണ്ണം വലിക്കാം. പ്രതിമാസം ഇരുപതിനായിരം രൂപയെങ്കിലും ശംബളം വേണം. ഏറ്റവും പ്രധാനമായത് അയാൾക്ക് അമേരിക്കൻ പ്രസിഡന്റ് ക്ലിന്റൻ എന്ന മധ്യവയസ്കന്റെ സ്വഭാവമുണ്ടായിരിക്കരുത്.
നിങ്ങൾ വാദപ്രതിവാദങ്ങളിൽനിന്ന് അകന്നു നിൽകുകയാണോ?
- അതേ. ഒഴിച്ചുകൂടാൻ വയ്യാത്ത സന്ദർഭങ്ങളിലേ ഞാൻ മറുപടി പറയാൻ ചെല്ലൂ. നമ്മുടെ പത്രങ്ങളിൽ നടക്കുന്നതെല്ലാം വാദപ്രതിവാദങ്ങളല്ല. ഒരുതരം വൈകാരിക നാടകങ്ങളാണ് അവ. അതിൽ കരുതിക്കൂട്ടി അഭിനയിക്കുകയാണ് ചില വ്യക്തികൾ. അഭിനയം കഴിഞ്ഞാൽ അവർ ചങ്ങാതികളുമാണ്.
അപകർഷതാബോധമുള്ളവരെ എങ്ങനെ തിരിച്ചറിയാം?
- അപകർഷതാബോധമുള്ളവർ അല്ലെങ്കിൽ ന്യൂനതാബോധമുള്ളവർ കാറിന്റെ ഒരുവശത്തു പൊടിപുരണ്ടിരുന്നാൽ അതിൽ സ്വന്തം പേരെഴുതും. കോവളം കടപ്പുറത്തുപോയാൽ അവിടത്തെ പാറയിൽ പേരുകൊത്തിവയ്ക്കും. ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ആവികൊണ്ട് കുളിമുറിയിലെ കണ്ണാടിയിൽ മങ്ങലുണ്ടായാൽ അതിലും സ്വന്തം പേര് എഴുതും.
ദിവസങ്ങൾ ദീർഘങ്ങളോ ഹ്രസ്വങ്ങളോ?
- പണം ധാരാളമുണ്ടെങ്കിൽ ദിനങ്ങൾ ഹ്രസ്വങ്ങൾ. പണമില്ലെങ്കിൽ ഒരോ ദിനവും ശതാബ്ദം.
- എനിക്ക് എത്ര വയസ്സുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുവോ അത്രയും വയസ്സുണ്ട് എനിക്ക്. ഒരു ദിവസം പോലും കൂടുതലായി ഇല്ല. ഒരു ദിവസം പോലും കുറവായുമില്ല.
ഞാൻ വീട്ടമ്മയാണ്. എന്റെ ഭർത്താവിന്റെ മനസ്സിൽ എന്തുമാതിരി സ്ഥാനമാണ് എനിക്ക്?
- ഭർത്താവിന്റെ മനസ്സിൽ ഒരു സ്ഥാനവുമില്ല. അദ്ദേഹം എപ്പോഴും വിചാരിക്കുന്നത് നിങ്ങൾ അടുക്കളയിൽ നിൽക്കുന്നുവെന്നാണ്. അതുകൊണ്ട് നിങ്ങൾ വീട്ടുമുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുമ്പോഴും ഭർത്താവ് അടുക്കളയിലേക്കുനോക്കിയാണ് നിങ്ങളുടെ പേരുവിളിക്കുന്നത്.
തിരുവനന്തപുരത്ത് വിമർശകർ കൂടുതലാണോ?
- ഇപ്പോൾ കൊതുകാണ് കൂടുതൽ.
ഗ്രേസിയുടെ കഥ
പ്രാഗൽഭ്യമുള്ളവർക്ക് ഏതു സർവസാധാരണമായ വിഷയവും ചേതോമനോഹരമാക്കാൻ കഴിയും. ഇപ്പോൾ എന്റെ ഓർമ്മയിലെത്തുന്നത് അമേരിക്കൻ നോവലിസ്റ്റ് ഓറ്റ്സിന്റെ (Joyce Carol Oates- b 1938) ഒരു ചെറുകഥയാണ്. അതിന്റെ പേരും മറ്റും എന്റെ സ്മരണ മണ്ഡലത്തിൽ ഇല്ല. ഒരു ചെറുപ്പക്കാരി അച്ഛനമ്മമാരെ കാണാൻ കാറോടിച്ചുപോകുന്നു. വളരെ ദൂരെയാണ് അവരുടെ താമസം. അവിടെച്ചെന്നപ്പോൾ ടെലിവിഷൻ സെറ്റ് ഉച്ചത്തിൽ ശബ്ദിക്കുന്നു. മകൾ വന്നതുകൊണ്ട് അതിന്റെ ശബ്ദം കുറക്കേണ്ടതല്ലേ അമ്മ? അവരതുചെയ്യുന്നില്ല. ഭക്ഷണസമയം. അച്ഛന്റെയും അമ്മയുടെയും പ്രായത്തിനുയോജിച്ച മട്ടിലല്ല അവരുടെ അന്യോന്യമുള്ള സംസാരവും പ്രവൃത്തികളും. മകൾ കിടപ്പുമുറിയിൽ കയറി കതകടച്ചു. അച്ഛനമ്മമാർ കിടക്കുന്ന മുറിയിൽനിന്നു ലൈംഗികകേളിയുടെ ശബ്ദം. അതോ അത് ടെലിവിഷൻസെറ്റിൽനിന്നു വരുന്നതോ? ടെലിവിഷനിൽനിന്ന് ഉദ്ഭവിക്കുന്നതാണോ ശബ്ദമെന്ന സംശയം നിവേശിപ്പിച്ചിട്ടുണ്ടെങ്കിലും മാതാപിതാക്കന്മാരുടെ മുൻപുള്ള പെരുമാറ്റവും വർത്തമാനവും ആ സംശയം ഇല്ലാതാക്കുന്നുണ്ട് മകൾക്ക്. വായനക്കാർക്കും. തികച്ചും സാധാരണമായ വിഷയമാണ് ഇക്കഥയിൽ. പക്ഷേ ഓറ്റ്സിന്റെ പ്രതിപാദനരീതിയുടെ വൈശിഷ്ട്യം കഥയ്ക്കു നവീനതനൽകുന്നു. ഇത്തരത്തിലുള്ള വൈദഗ്ധ്യമാണ് ശ്രീമതി ഗ്രേസി ‘നായയുണ്ട് സൂക്ഷിക്കുക’ എന്ന കഥയുടെ രചനയിൽ കാണിക്കുന്നത്. (കഥ ദേശാഭിമാനി ഓണം വിശേഷാൽപ്രതിയിൽ). ആളൊഴിഞ്ഞ വീട്ടിൽ ചെന്നുകയറുന്നു ഒരു ചെറുപ്പക്കാരി. ആരുമില്ലെന്നു മനസ്സിലാക്കി അവൾ അത്ഭുതപ്പെട്ടുനിൽക്കുമ്പോൾ ‘ഒരു വൃത്തികെട്ട കൈപ്പടം അവളുടെ’ വായ്ക്കുമുകളിലായി അമരുന്നു. ‘അതു വീട്ടുകാവൽക്കാരന്റെതായിരുന്നു’. യുവതിക്കുണ്ടാകുന്ന ഞെട്ടൽ അനുവാചകനും ഉണ്ടാകുന്ന രീതിയിൽ ഗ്രേസി കഥ പറഞ്ഞിരിക്കുന്നു. ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഥാകാരിക്കു ഏതാനും വാക്കുകളേ വേണ്ടൂ. ഇക്കഥ ദേശാഭിമാനി വാർഷികപ്പതിപ്പിന് ഒരു അപൂർവ ശോഭ നൽകിയിരിക്കുന്നു.
എന്റെ സംശയങ്ങൾ
രാമചരിതകർത്താവുതൊട്ടു ചങ്ങമ്പുഴ വരെയുള്ള കവികളുടെ കാവ്യങ്ങളിൽ പൂമാലയിൽ വാഴനാരെന്നപോലെ ഒരു സാമാന്യഘടകമുണ്ടോ? ചങ്ങമ്പുഴയ്ക്കു ശേഷം കവിതാപ്രവാഹത്തിൽ ഒരു വിച്ഛേദനാവസ്ഥ വന്നു പോയിട്ടില്ലേ?
ഫെമിനിസ്റ്റുകൾ തങ്ങളുടെ രചനകളിൽ പുരുഷന്മാരെ പുലഭ്യം പറയാൻ ഉപയോഗിക്കുന്ന ശക്തി പയ്യൻ താക്കോലിൽ പ്രയോഗിക്കുന്ന ശക്തിയെക്കാൾ കൂടുതലല്ലേ?
2. വീട്ടിലുള്ളവരെല്ലാം സിനിമ കാണാൻ പോയി. ഞാൻ വൈകുന്നേരത്ത് പട്ടണത്തിലേക്കുപോകാനായി വീട്ടിൽനിന്നിറങ്ങി. വാതിൽ താക്കോലുകൊണ്ടുപൂട്ടി. അപ്പോഴാണ് പണമെടുക്കാൻ മറന്നുപോയിയെന്നു തോന്നിയത്. ഞാൻ താക്കോൽ വീണ്ടും കതകിലെ ദ്വാരത്തിലേക്കുകടത്തി തിരിച്ചുതുടങ്ങി. വാതിൽ തുറക്കുന്നില്ല. റോഡിലൂടെ പോയ ഒരു യുവാവിനെ വിളിച്ചു സഹായിക്കാൻ അപേക്ഷിച്ചു ഞാൻ. അയാൾ താക്കോൽ തിരിച്ചിട്ടും തിരിച്ചിട്ടും തിരിഞ്ഞില്ല. അപ്പോൾ ഒരു കമ്പി താക്കോലിന്റെ പിടിയിലുള്ള ദ്വാരത്തിൽ കടത്തി അയാൾ ആ കമ്പിയുടെ രണ്ടറ്റവും പിടിച്ചുതിരിച്ചുതുടങ്ങി. വാതിൽ തുറന്നില്ലെന്നു മാത്രമല്ല, താക്കോൽ വല്ലാതെ വളയുകയും ചെയ്തു. ഉടനെ എന്റെ ആത്മഗതം. ഫെമിനിസ്റ്റുകൾ തങ്ങളുടെ രചനകളിൽ പുരുഷന്മാരെ പുലഭ്യം പറയാൻ ഉപയോഗിക്കുന്ന ശക്തി പയ്യൻ താക്കോലിൽ പ്രയോഗിക്കുന്ന ശക്തിയെക്കാൾ കൂടുതലല്ലേ? എന്റെ ചോദ്യം ശരിയാണോ?
3. ‘എല്ലാ ചെറുകഥകളെയും കവിതകളെയും കുറ്റം പറയുന്ന തനിക്ക് ഒരു ചെറുകഥയോ കവിതയോ എഴുതാൻ അറിയാമോ?’ പതിവായി എനിക്കു കിട്ടുന്ന കത്തുകളിലെ ചോദ്യമാണിത്. ഒരിന്ത്യൻ പേനയും എഴുതാൻ കൊള്ളുകില്ല. അഞ്ഞൂറുരൂപകൊടുത്തു ഞാൻ വാങ്ങിച്ച ഫൗണ്ടൻ പേനയും ശരിയായി എഴുതുകയില്ല. അതുകൊണ്ട് ഇന്ത്യയിലുണ്ടാക്കുന്ന ഫൗണ്ടൻപേനകൾ എഴുതാൻ കൊള്ളാവുന്നവയല്ല എന്നു ഞാൻ പറഞ്ഞാൽ ‘എന്നാൽ താനൊരു ഫൗണ്ടൻപേന ഉണ്ടാക്കിക്കാണിക്കൂ’ എന്നാരെങ്കിലും പറയുമോ? പറയുന്നവരുണ്ട് എന്നതിനു തെളിവാണ് കഥാരചനയെക്കുറിച്ചും കാവ്യനിർമ്മിതിയെക്കുറിച്ചുമുള്ള ചോദ്യം. പ്രിയപ്പെട്ട വായനക്കാരേ, ഫൗണ്ടൻപേന നിർമ്മിക്കാൻ കഴിയുമെങ്കിലേ ഞാനതിനെ കുറ്റപ്പെടുത്താൻ പാടുള്ളൂ എന്ന അഭിപ്രായം ശരിയോ?
എൻ. പി മുഹമ്മദ്
അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും പാണ്ഡിത്യമുള്ള ആളാണ്. അദ്ദേഹത്തോടൊരുമിച്ച് ഞാൻ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സമ്മേളനത്തിനുപോയി. കൂടെ ശ്രീ. പവനനുമുണ്ട്. അന്ന് പവനൻ തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. പണ്ഡിതൻ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്നുവെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. അധ്യക്ഷസ്ഥാനത്തിരുന്നാൽ അദ്ദേഹം ഡിസ്റ്റ്രിക് മജിസ്റ്റ്രേറ്റിന്റെ അധികാരങ്ങൾ പ്രയോഗിച്ചുകളയും. ഞാൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ‘കൃഷ്ണൻ നായർ റ്റെൻ മിനിറ്റ്സ്’ എന്നു പറഞ്ഞു. പത്തുമിനിറ്റ് കഴിഞ്ഞു മൂന്നുമിനിറ്റുകൂടി ആയപ്പോൾ അദ്ദേഹം എന്നോട് പ്രസംഗം നിറുത്താൻ ആജ്ഞാപിച്ചു. എനിക്കു കല്പന അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിന്നെ രണ്ടോ മൂന്നോ പ്രഭാഷകന്മാക്കുകൂടി അദ്ദേഹം സമയപരിധി കല്പിച്ചു. അതിനുശേഷമാണ് പവനൻ പ്രഭാഷണത്തിനായി എഴുന്നേറ്റത്. അധ്യക്ഷൻ മൊഴിയാടി; ‘പവനൻ ഫിഫ്റ്റീൻ മിനിറ്റ്സ്’. പവനനുണ്ടോ അനുസരിക്കുന്നു. അദ്ദേഹം നാല്പത്തിയഞ്ചുമിനിറ്റ് പ്രസംഗിച്ചു. ഉപസംഹാരപ്രഭാഷണത്തിൽ അധ്യക്ഷൻ ഞങ്ങളെയെല്ലാവരുടെയും പ്രസംഗങ്ങളെ വിമർശിച്ചു. തിരിച്ചുപോരാൻ കാറിൽകയറിയിട്ടും അദ്ദേഹം വിമർശനം നിറുത്തിയില്ല. അപ്പോൾ പവനൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു: അധ്യക്ഷൻ ഉപസംഹാരപ്രസംഗം നടത്തിക്കൊണ്ടേയിരിക്കുന്നു’. അധ്യക്ഷന്റെ വീടെത്തി. അദ്ദേഹം ഗെയ്റ്റ് കടന്നു വീട്ടിന്റെ അടച്ചവാതിലിന്റെ മുൻപിൽനിന്നു. ഭാര്യയെ വിളിക്കാൻ ധൈര്യപ്പെട്ടില്ല. കതകിൽതട്ടാതെ, ഭാര്യയെ വിളിക്കാതെ ഞങ്ങളോട് പോകാൻ ആംഗ്യം കാണിച്ചു. പെട്രോളിൽ പൊടിയോ മറ്റോ ഉണ്ടായിരുന്നതുകൊണ്ടാവണം കാർ സ്റ്റാർട്ടായില്ല. ഡ്രൈവർ വാ കൊണ്ടു പെട്രോൾ വലിച്ചെടുക്കുന്ന സമയംവരെ അധ്യക്ഷൻ കതകിനടുത്തുനിന്നു. അദ്ദേഹം എന്തേ ഭാര്യയെ വിളിക്കുന്നില്ല എന്നു പവനനു സംശയം തോന്നിയെങ്കിലും എനിക്ക് ഒരു സംശയവും ഉണ്ടായില്ല. ഞങ്ങൾ അവിടെ നിൽക്കുമ്പോഴാണ് കതക് ഭാര്യ തുറന്നതെങ്കിൽ രാത്രി രണ്ടുമണിക്ക് വൈകിയെത്തിയതിന് അവർ വിളിക്കുന്ന പുളിച്ച തെറി ഞങ്ങൾ കേൾക്കുമെന്ന് ഭയന്നാണ് അധ്യക്ഷൻ മിണ്ടാതെ നിന്നതെന്ന് എനിക്ക് മനസ്സിലായി. കാറ് വന്നുനിന്നതിന്റെ ശബ്ദം കേട്ടിട്ടാവണം രണ്ടാമത്തെ നിലയിൽനിന്നു അരത്തമ്മപ്പിള്ളത്തങ്കച്ചി ഇറങ്ങിവന്നു കതകുതുറന്നു. അപ്പോൾതന്നെ കാർ സ്റ്റാർട്ടായി. പൊടുന്നനെ ദിഗന്തങ്ങളെ ഭേദിച്ചുകൊണ്ട് ‘ഫ.. ഉറങ്ങാൻ സമ്മതിക്കാതെ ശല്യപ്പെടുത്തുന്നു, നേരത്തെ വന്നുകൂടായിരുന്നോ’ എന്ന ഗ്രാമ്യശകാരം ഉയർന്നു. ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരൻ അധ്യക്ഷൻ പരുങ്ങലോടെ ഞങ്ങളെ നോക്കി. അതുകേട്ടില്ലെന്നു ഭാവിച്ച് ഞങ്ങളങ്ങു പോവുകയും ചെയ്തു. ‘അച്ചിക്കു ദാസ്യപ്രവൃത്തി ചെയ്യുന്നവൻ കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം’ എന്ന കവിവാക്യം ഞാൻ അപ്പോൾ ഓർമ്മിച്ചു. ഏതു പുരുഷന് വീട്ടിൽ ആധിപത്യം പുലർത്താൻ കഴിയുന്നില്ലയോ അയാൾ കൊച്ചിക്കു പോകേണ്ടതുതന്നെയാണ്. വേലക്കാരും വീട്ടിലെ പട്ടിയും അയാളെ നിന്ദിക്കും തന്റേടമില്ലാത്ത ഇക്കൂട്ടർ ഗവേഷണം നടത്തുന്നു എന്ന മട്ടിൽ വയസ്സുകാലത്തു ലൈബ്രറിയിൽചെന്ന് ഇരുന്നു പുസ്തകങ്ങൾ വായിക്കുന്നുവെന്നു നടിക്കും.
സാഹിത്യകാരൻ തന്റെ കലാസൃഷ്ടിയിൽ ആധിപത്യം സ്ഥാപിക്കണം. ഉറൂബിന്റെ, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ വായിക്കൂ. രണ്ടുപേരും പദങ്ങളോട് ആജ്ഞാപിച്ചതനുസരിച്ച് അവരുടെ സ്ഥാനങ്ങളിൽ ചെന്നിരുന്നുവെന്നേ തോന്നൂ. ശ്രീ. എൻ. പി മുഹമ്മദിന്റെ ‘കാലില്ലാക്കുട്ടി’ എന്ന ചെറുകഥ വായിക്കുക. (മാതൃഭൂമി ഓണപ്പതിപ്പ്- ഒന്നാം ഭാഗം). ഒരു നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കാലില്ല. അതിന്റെ പേരിൽ യുക്തിവാദിയും അധ്യാത്മവാദിയും സംഘട്ടനം. പഞ്ചായത്ത് പ്രസിഡന്റ് വേലപ്പൻ ഇവർക്കു നടുവിൽ തിരമാലയിൽ ചാഞ്ചാടുന്ന ഒതളങ്ങപോലെ ചാഞ്ചാടുന്നു. കുഞ്ഞുങ്ങൾ അംഗവൈകല്യമില്ലാതെ ജനിക്കണമെങ്കിൽ മനുഷ്യക്കുരുതി വേണമെന്ന് നാട്ടിലെ സന്ന്യാസിശ്രേഷ്ഠൻ വിധിക്കുന്നു. ആരും മരിക്കാൻ തയ്യാറായി മുന്നോട്ടുവരാത്തതുകൊണ്ട് പഞ്ചായത്തുപ്രസിഡന്റ് തന്നെ അതിനു തയ്യാറാവുന്നു. അലിഗറിയുടെ മട്ടിലുള്ള സറ്റയറാണിത്. കഥയുടെ മുക്കാൽഭാഗത്തോളം കഥാകാരൻ ആധിപത്യം പുലർത്തിനിൽക്കുന്നു. പക്ഷേ ശേഷമുള്ള ഭാഗമാകെ അശക്തം. ഒടുവിൽ ഒരാന്റി ക്ലൈമാക്സ്. അതിലെത്തുന്നതിനുമുൻപുതന്നെ എൻ. പി മുഹമ്മദിന് കഥയിലുള്ള പിടി വിട്ടുപോകുന്നു. ആന്റി ക്ലൈമാക്സിലെത്തുമ്പോൾ അനുവാചകന് കഥ പരിണാമ രമണീയമായില്ലല്ലോ എന്ന വിചാരത്താൽ നൈരാശ്യം.
നിങ്ങൾ രാത്രിയിൽ ഉറങ്ങുകയാണ്. മൃദുലവും ശീതളവുമായ കൈ നെറ്റിയിലമരുമ്പോൾ നിങ്ങൾ കണ്ണുതുറക്കുന്നു. പ്രിയതമയെ കാണുന്നു. അവൾ വിളിക്കുന്നു. ‘വരൂ.. അമ്പലത്തിലെ കമ്പക്കെട്ട്’. അവൾ വിളിച്ചതുകൊണ്ടുമാത്രം നിങ്ങൾ നീരസം മറച്ച് ജന്നലിന്റെ അരികിൽച്ചെന്ന് അന്തരീക്ഷത്തിലേക്കു നോക്കുന്നു. ഒരമിട്ട് ഉയരുകയാണ്. അത് പൊട്ടിച്ചിതറി വിവിധ വർണ്ണോജ്ജ്വലങ്ങളായ കൊച്ചുഗോളങ്ങൾ ഉണ്ടാകുമെന്നുകരുതി നിൽകുമ്പോൾ ആരവത്തോടെ ഉയർന്ന അമിട്ട് ‘ശൂ’ എന്ന ശബ്ദം മാത്രം കേൾപിച്ചുകൊണ്ട് കെട്ടുപോകുന്നു. എൻ. പി. മുഹമ്മദിന്റെ കഥ ‘രസക്കുടുക്കകൾ’ ചിതറുന്നില്ല. അത് ‘ശൂ’ എന്ന ശബ്ദം കേൾപ്പിക്കുന്നതേയുള്ളൂ.
‘ആക്ഷൻ എടുക്കൂ’
തിരുവിതാംകൂർ സെക്രട്ടേറിയേറ്റിൽ ഞാൻ കുറെക്കാലം ജോലിനോക്കിയിരുന്നുവെന്ന് പലതവണ എഴുതിയിട്ടുണ്ട്. അക്കാലത്ത് ഞങ്ങളെല്ലാം പതിവായി പറയുകയും ചെയ്യുന്ന ചില വാക്കുകളുണ്ട്. ‘ആ ലറ്ററിൽ ഒന്നു ആക്ഷൻ എടുക്കണമല്ലോ’ എന്നു ഞാൻ കൂട്ടുകാരനോട്. ‘ആക്ഷൻ എടുക്കാം’ എന്നു കൂട്ടുകാരൻ. ‘നിങ്ങളെന്താണ് ഐ. ജിയുടെ ലറ്ററിൽ ആക്ഷൻ എടുക്കാത്തത്’ എന്ന് ചീഫ് സെക്രട്ടറി ജി. എൻ തമ്പി എന്നോട്. ‘ആക്ഷൻ എടുക്കാം സാർ’ എന്നു എന്റെ മറുപടി. ഞാൻ ഒരാക്ഷൻ എടുത്ത് സെക്രട്ടറിയേറ്റിൽനിന്നു മാറി സർവകലാശാലയിലേക്കു പോയി. പിന്നിടാണ് ഞാൻ ഹെന്റിഹ് ബോയ്ലിന്റെ Action will be taken എന്ന ചെറുകഥ വായിച്ചത്. ജോലിക്ക് അപേക്ഷയുമായിച്ചെന്ന ഒരു യുവാവിന് അധികാരികൾ ചോദ്യാവലി നൽകി, ഉത്തരങ്ങൾ എഴുതാൻ. ‘മനുഷ്യന് രണ്ടു കൈയും രണ്ടു കാലും രണ്ടു കണ്ണും രണ്ടു ചെവിയും മതിയോ? ഉദ്യോഗാർത്ഥി ഉത്തരം എഴുതി. ‘നാലു കൈയും കാലുകളും കണ്ണും ചെവിയും തന്നെ പോരാ’ രണ്ടാമത്തെ ചോദ്യം: ‘ഒരേ സമയം നിങ്ങൾക്ക് എത്ര ടെലഫോൺ കൈകാര്യം ചെയ്യാം?’ മറുപടി ‘ഏഴെണ്ണം എനിക്കു പോരാ. ഒൻപതെണ്ണം വേണം’. അയാൾക്കു ജോലി കിട്ടി. ഫോണുകളിലൂടെ അയാൾ അട്ടഹസിച്ചു. ‘ഉടൻ ആക്ഷൻ അടുക്കൂ’ ‘ആക്ഷൻ എടുക്കും’ ‘ ആക്ഷൻ എടുത്തുകഴിഞ്ഞു’ ആക്ഷൻ എടുത്തേ തീരൂ’. ഒരു ദിവസം ഫാക്ടറി ഉടമസ്ഥൻ അയാളുടെ അടുത്ത് ഓടിവന്നു പറഞ്ഞു. നമുക്കു ആക്ഷൻ എടുക്കാം’ അയാൾ മറുപടി പറഞ്ഞു; ‘ആക്ഷൻ എടുക്കും, തീർച്ച’. ഫാക്ടറിയുടമസ്ഥൻ ഉടനെ മറിഞ്ഞുവീണു മരിച്ചു. അയാൾ ഫാക്ടറിയിലെ ഒരധികാരിയുടെ അടുത്തെത്തി അറിയിച്ചു: ‘നമുക്കു ആക്ഷൻ എടുക്കേണ്ടിയിരിക്കുന്നു’. അധികാരി: ‘എന്ത്?’ അയാൾ: ‘ഉടമസ്ഥൻ മരിച്ചു. വന്നുനോക്കൂ. ശവസംസ്കാരം എന്ന ആക്ഷനെടുത്തു. അയാൾക്കു ടെലിഫോൺ അറ്റൻഡന്റ് എന്ന ജോലി ചെയ്യേണ്ടതില്ല ഇനി. മരണത്തിൽ വിലപിക്കുന്നവനായി അഭിനയിച്ചാൽ മതി. കൂടെക്കൂടെ ഉടമസ്ഥന്റെ ശവക്കുഴി സന്ദർശിക്കേണ്ടതേയുള്ളൂ അയാൾക്ക്. ജന്മനാ മടിയനായ അയാൾക്കു പറ്റിയ ജോലി. ആക്ഷൻ എടുക്കും’ എന്ന അയാളുടെ മുൻപുള്ള വിളികളെല്ലാം കള്ളം. ഫാക്ടറിയിൽ എന്തു സാധനമാണ് ഉണ്ടാക്കിയിരുന്നതെന്നുപോലും അയാൾക്ക് അറിയില്ലായിരുന്നു. ഒരുപക്ഷേ സോപ്പ് ആവാം അവിടെ നിർമ്മിച്ചിരുന്നത്.
മനുഷ്യൻ യന്ത്രങ്ങളെപ്പോലെയാണ് ജീവിക്കുന്നത്. അവന് കലാപരമോ, സന്മാർഗ്ഗികമോ ആയ ഒരു ചിന്ത പോലുമില്ല എന്നാവാം ബോയ്ൽ ഇക്കഥയിലൂടെ പറയുന്നത്. ഒന്നംതരം പരിഹാസകഥ.
|
|