close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 11 23


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 11 23
ലക്കം 584
മുൻലക്കം 1986 11 16
പിൻലക്കം 1986 11 30
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വലിയ ചൂടില്ലാത്ത ദിവസമാണെങ്കില്‍ തീവണ്ടിസ്സവാരി സുഖപ്രദമാണു്. നേരിയ മഴകൂടിയുണ്ടെങ്കില്‍ സുഖം കൂടും. കണ്ണാടിയിട്ട ജന്നലില്‍ക്കൂടി നോക്കുമ്പോള്‍ ചാറ്റല്‍ മഴയേറ്റ് മരങ്ങള്‍ കുളിര്‍ത്തു നില്‍ക്കുന്നതു കാണാം. ‘കടാക്ഷശാസ്ത്ര പഠിപ്പു നേടാത്ത വിടര്‍ന്ന കണ്ണാല്‍’ പെണ്‍കൊടികള്‍ തീവണ്ടിയെപകച്ചു നോക്കുന്നതും ദര്‍ശിക്കാം. നേത്രകാചത്തിനു ചെറിയ സംവിധാനം വരുത്തി കണ്ണാടിയിലേക്കു നോക്കൂ. മുത്തുപോലുള്ള വെള്ളത്തുള്ളികള്‍ അതിലാകെ. അതുനോക്കി ഞാന്‍ തീവണ്ടിയില്‍ രസിച്ചിരിക്കുമ്പോള്‍ “ആ പത്രമിങ്ങു തരൂ” എന്നൊരു പരുഷശബ്ദം. ആ ശബ്ദത്തിന്റെ ഉടമസ്ഥന് ഞാന്‍ പത്രമെടുത്തു കൊടുത്തു. രണ്ടു മിനിറ്റ് നേരം അതങ്ങുമിങ്ങും മറിച്ചു നോക്കിയിട്ട് അയാള്‍ അതു തിരിച്ചു തന്നു. എന്നിട്ട് ഇങ്ങനെയൊരു ഉദീരണവും “എല്ലാം രാഷ്ട്രീയം തന്നെ സാംസ്കാരിക കാര്യങ്ങളില്‍ ഒരുത്തനും ഒരു താല്‍പര്യവുമില്ല.” തിരുവനന്തപുരത്ത് പ്രഭാഷണം നടത്തിയിട്ടു തൃശ്ശൂരേക്കു തിരിച്ചു പോരുന്ന ഒരു സാഹിത്യകാരനാണ് അയാളെന്നു പിന്നീടു മനസ്സിലാക്കി. തന്റെ പ്രഭാഷണം വലിയ അക്ഷരത്തില്‍ അച്ചടിക്കാത്ത പത്രക്കാരോടുള്ള നീരസം പ്രകടിപ്പിക്കുകയായിരുന്നു ആ മനുഷ്യന്‍. നേരെമറിച്ചു് പ്രസംഗത്തിന്റെ സംഗ്രഹമെങ്കിലും പത്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍ “ഈ പത്രം മാത്രമേ സംസ്കാരത്തെ പരിരക്ഷിക്കുന്നുള്ളു” എന്ന് ആഹ്ളാദത്തോടെ പ്രഖ്യാപിക്കുമായിരുന്നു. പത്രം പ്രസംഗത്തിന്റെ സംക്ഷിപ്തരൂപമെങ്കിലും കൊടുക്കുമ്പോള്‍ ഒരുവിധത്തില്‍ അയാളെ അംഗീകരിക്കുകയാണല്ലോ, പ്രശംസിക്കുകയാണല്ലോ. ആ പ്രശംസ ലഭിച്ചില്ലെങ്കില്‍ പലര്‍ക്കും ഖേദമാണ്. ചിലരുണ്ട് ലേഖനം പത്രത്തില്‍ വന്നു കഴിഞ്ഞാല്‍ നമ്മോടു ചോദിക്കും. “വായിച്ചോ?” ‘വായിച്ചു’ എന്നു നമ്മുടെ മറുപടി. “എങ്ങനെയുണ്ട് ലേഖനം?” എന്ന് വീണ്ടും ചോദ്യം. “നന്നായിരിക്കുന്നു” എന്ന് ഉത്തരം. അതുകൊണ്ടും തീരുന്നില്ല. വീണ്ടും ചോദ്യമെറിയുന്നു അയാള്‍ “അപ്പോള്‍ കുഴപ്പമൊന്നുമില്ല അല്ലേൽ?” അതിനു മറുപടി “കുഴപ്പമില്ലെന്നു മാത്രമല്ല നന്നായിരിക്കുന്നുതാനും.” അഞ്ചു മിനിട്ട് നേരത്തെ മൗനത്തിനു ശേഷം അയാള്‍ വീണ്ടും ചോദിക്കുകയായി “ലേഖനത്തില്‍ തരക്കേടൊന്നുമില്ലല്ലോ?” അതിനു മര്യാദയുടെ പേരില്‍ നമ്മള്‍ മറുപടി നല്‍കുന്നു: “തരക്കേടില്ല എന്നു പറഞ്ഞാല്‍ പോരാ. നന്നായിട്ടുണ്ടു് അത്.” നമ്മള്‍ ഇത്രയും പറഞ്ഞിട്ട് ഓടിരക്ഷപ്പെട്ടു കൊള്ളണം. ഇല്ലെങ്കില്‍ പിന്നെയും ചോദിക്കും ലേഖനമെങ്ങനെയിരിക്കുന്നുവെന്ന്. എവിടെയൊങ്കിലും ചെന്ന്, കാണാതെ പഠിച്ച പത്തു വാക്യങ്ങള്‍ ഉറക്കെപ്പറഞ്ഞതിനു ശേഷം, കാണുന്നവരോടെല്ലാം ‘എന്റെ പ്രസംഗമെങ്ങനെയിരുന്നു’ എന്നു ചോദിക്കുന്നവന്‍, ഒരു പുതിയ സാരിയുടുത്തിട്ട് ‘സാരിയെങ്ങനെ’ എന്നു ചോദിക്കുന്നവള്‍, ഒരു പാവത്തിനെ കാസര്‍ഗോട്ടേക്കു മാറ്റിയിട്ട് ‘എന്റെ ഭരണം എങ്ങനെ’ എന്നു ചോദിക്കുന്നവന്‍ — ഇവരെല്ലാം സ്തുതി അഭിലഷിച്ചു നടക്കുന്നവരാണ്. അവര്‍ക്കു ഭൂവിഭാഗം മഴയേറ്റു വിറയ്ക്കുന്നതു കാണാന്‍ കൗതുകമില്ല. നിലാവില്‍ അതു മുങ്ങി നില്‍ക്കുന്നതു കാണാന്‍ അഭിനിവേശമില്ല. ഹേമന്തത്തില്‍ അതു പുളകം കൊള്ളുന്നതു കാണാന്‍ താല്‍പര്യമില്ല. കണ്ണാടിയിലെ വെള്ളത്തുള്ളികളെ നോക്കി രസിച്ചിരിക്കുന്നവനെ വിളിച്ചുണര്‍ത്തി അവര്‍ ചോദിക്കും: “എന്റെ പ്രസംഗം അച്ചടിക്കാത്ത ഈ പത്രം എന്തു പത്രമാണു്?” മിക്ക എഴുത്തുകാരുടെയും മാനസികനില ഇതാണ്. “ഞാന്‍ വൈലോപ്പിള്ളിയെക്കുറിച്ചു ഒരു കാവ്യം രചിച്ചു. നീ അതു വായിച്ചു രസിച്ചോ? രസിച്ചില്ലെങ്കില്‍ നിന്റെ തന്തയെയും തള്ളയെയും തെറിപറഞ്ഞു ഞാന്‍ ലേഖനമെഴുതും. ആ ലേഖനം പത്രക്കാര്‍ അച്ചടിച്ചില്ലെങ്കില്‍ ഞാനതു പുസ്തകമാക്കി പ്രസാധനം ചെയ്യും.” എന്നാണ് അവരുടെ നിലപാട്. പ്രിയപ്പെട്ട വായനക്കാരേ, ആശ്വാദനം ‘കംപല്‍സറി’യായിരിക്കുന്ന കാലയളവിലാണ് നമ്മള്‍ ജീവിക്കുന്നത്.

രണ്ടു വള്ളത്തില്‍ കാല്

ഭ്രാന്താശുപത്രിയിലിരുന്ന് ഭ്രാന്തന്മാരെ പരിശോധിച്ചു കുറിപ്പുകള്‍ എഴുതി അവരെ തടവറ പേലുള്ള മുറികളില്‍ പാര്‍പ്പിക്കുന്ന ഡോക്ടര്‍ ചികിത്സാവൈദഗ്ദ്ധ്യത്തിന്റെ പ്രതീകമല്ല, ഡോക്ടര്‍ എന്ന പദവി നല്‍കുന്ന അധികാരത്തിന്റെ പ്രതീകമാണു് എന്നാണു് ഫൂക്കോയുടെ വാദം.

മനുഷ്യന്‍ പ്രയോഗിക്കുന്ന അധികാരത്തെ അപഗ്രഥിച്ച് അതിന്റെ സ്വഭാവം വിശദമാക്കിയ നവീന ചിന്തകനാണു മീഷന്‍ ഫൂക്കോ. ഭ്രാന്ത്, ഭ്രാന്താലയം, ശിക്ഷ, തടവറ ഇവയെയൊക്കെ അധികാരത്തിന്റെ അടിത്തറയില്‍ വച്ച് അദ്ദേഹം പരിശോധിച്ചു. ഫലമോ? Madness and Civilization, Discipline and Punish, History of sexuality ഈ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങള്‍. ഭ്രാന്ത്, കുറ്റം അതിലൈംഗികത്വം ഇവ അസ്വാഭാവികങ്ങളാണല്ലോ. അസ്വാഭാവികങ്ങളായി കരുതപ്പെട്ടാല്‍ ഡോക്ടറും പ്രാഡ്വിവാകനും ലൈംഗിക ശാസ്ത്രജ്ഞനും അവയോടു ബന്ധപ്പെട്ട വ്യക്തികളെ ഒറ്റപ്പെടുത്തുന്നു. ഒറ്റപ്പെടുത്തുകയെന്നു പറഞ്ഞാല്‍ പ്രത്യേകം കെട്ടിടത്തില്‍ താമസിപ്പിക്കുക എന്നതുതന്നെ. അവരെ നിയതാവസ്ഥയിലേക്കു കൊണ്ടു വരാന്‍ സമുദായത്തില്‍ നിന്നു മാറ്റി നിറുത്തുന്നു എന്നതു തന്നെ. ഇതിനുള്ള കല്പനയെ അധികാര പ്രയോഗമായി ഫൂക്കോ കാണുന്നു. ഭ്രാന്താശുപത്രിയിലിരുന്ന് ഭ്രാന്തന്മാരെ പരിശോധിച്ചു കുറിപ്പുകള്‍ എഴുതി അവരെ തടവറപോലുള്ള മുറികളില്‍ പാര്‍പ്പിക്കുന്ന ഡോക്ടര്‍ ചികിത്സാ വൈദഗ്ദ്ധ്യത്തിന്റെ പ്രതീകമല്ല. ഡോക്ടര്‍ എന്ന പദവി നല്‍കുന്ന അധികാരത്തിന്റെ പ്രതീകമാണ് എന്നാണു ഫൂക്കോയുടെ വാദം. വൈദ്യശാസ്ത്രത്തെ സംബന്ധിക്കുന്ന ജ്ഞാനമല്ല രോഗം ഭേദമാക്കുന്നത്. രോഗം ഭേദമാക്കാനുള്ള അധികാരം ഡോക്ടര്‍ക്കു നല്‍കുന്ന മാര്‍ഗ്ഗിക പ്രഭാവമാണ് അതനുഷ്ഠിക്കുക. ഫൂക്കോ പറയുന്നു: [The doctor has] absolute authority in the world of asylum… his medical practice being for a long time no more than a complement to the old rites of Order, Authority and Punishment (ഫൂക്കോയുടെ Madness and Civilization എന്ന ഗ്രന്ഥത്തിലെ രണ്ട് അദ്ധ്യായങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മുകളിലെഴുതിയ വാക്യം ബാരിസ്മാര്‍ട്ട് എഴുതിയ Michel Foucault എന്ന പുസ്തകത്തില്‍ നിന്നാണ്. ഞാന്‍ വായിച്ചഭാഗത്തില്‍ നിന്നല്ല. ഭ്രാന്താശുപത്രിയിലിരുന്ന്… എന്നാരംഭിക്കുന്ന വാക്യത്തിലും തുടര്‍ന്നു വരുന്ന വാക്യത്തിലും ഉള്ള ആശയങ്ങള്‍ സ്മാര്‍ട്ട് പ്രതിപാദിച്ചവയാണ്). ഈ അധികാരം പ്രയോഗിക്കല്‍ കൊണ്ടാവണം കാരാഗാരം പീഡനാഗാരമായി മാറുന്നതു്; ഭ്രാന്താലയം മര്‍ദ്ദനാലയമായി മാറുന്നത്. ഇമ്മട്ടില്‍ മര്‍ദ്ദനാലയമായി മാറിയ ഒരു ചിത്തരോഗാശുപത്രിയെ വര്‍ണ്ണിച്ച് അവിടെ കിടക്കുന്ന ഒരു പാവത്തിന്റെ നേര്‍ക്കു സഹാനുഭൂതിയുടെ നീര്‍ച്ചാലു ഒഴുക്കാനാണ് രഘുനാഥ് പലേരിയുടെ ശ്രമം. (കലാകൗമുദി,‘കണ്ണീരിനു മധുരം’ എന്ന കഥ). ഭ്രാന്തന്റെ അനുജത്തിക്കു വിവാഹം. പെണ്ണിന്റെ ചേട്ടന്‍ ഭ്രാന്തനാണെന്നറിഞ്ഞാല്‍ വിവാഹം നടക്കില്ല. അയാളോടു സംസാരിക്കാന്‍ പോകുന്ന ആള് ഭ്രാന്താലയത്തിലെ നൃശംസത കണ്ട് ആ ഭ്രാന്തനോടു സഹതാപമുള്ളവനായി മാറുന്നു. ആ ആശുപത്രിയില്‍ താമസിപ്പിക്കാനായി കൊണ്ടു വന്ന യുവതിയെ അയാള്‍ പറഞ്ഞയയ്ക്കുന്നു. അവള്‍ക്കു കൃതജ്ഞത. വിവാഹം നടക്കില്ല എന്ന പ്രസ്താവത്തില്‍ അനുവാചകന് ആദ്യമുണ്ടാകുന്ന ഉത്കണ്ഠയെ ഒരു കാരണവും കൂടാതെ “മറയത്തു പോ” എന്നാജ്ഞാപീച്ചിട്ട് ഭ്രാന്താലയത്തിന്റെ ക്രൂരതയിലേക്ക് ചാടിവീഴുന്നു കഥാകാരന്‍. അങ്ങനെ രണ്ടു വള്ളങ്ങളില്‍ കാലു ചവിട്ടി നില്‍ക്കുമ്പോള്‍ അവ രണ്ടുവഴിക്ക് ഒഴുകിപ്പോകുന്നു. രഘുനാഥ് പലേരി നടുക്കായലില്‍ വീണു പോകുകയും ചെയ്യുന്നു. പ്രതിപാദ്യത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി വികസിപ്പിച്ചുകൊണ്ടുവരാന്‍ നമ്മുടെ കഥയെഴുത്തുകാര്‍ എന്നാണ് പഠിക്കുക?

* * *

നാലു ടണ്‍ ഭാരമുള്ള ഇരുമ്പുകട്ടി വീട്ടിന്റെ മുന്‍പിലുണ്ടെന്നു കരുതു. അനേകമാളുകള്‍ ഒരുമിച്ചു ചേര്‍ന്നു പിടിച്ചാലും അതിനെ ഇളക്കാന്‍ പറ്റില്ല. പക്ഷേ ഒരു വിവാഹദല്ലാള്‍ വന്ന് മധുരവാക്കുകള്‍ ഒഴുക്കിയാല്‍ രതീ; ഇരുമ്പുകട്ടി അപ്പൂപ്പന്‍ താടിപോലെ പറക്കും. നമ്മുടെ കഥാകാരന്മാര്‍ അപ്പൂപ്പന്‍താടിയോടു രണ്ടു വാക്കു പറഞ്ഞാല്‍ മതി. അതിനു നാലു ടണ്‍ ഭാരം ഉടനെ ഉണ്ടാകും. ദല്ലാളന്മാര്‍ക്കു കഥാകരന്മാര്‍ ശിഷ്യപ്പെടട്ടെ.

കത്തി കൈയിലിരിക്കട്ടെ

അമേരിക്കയുടെ കൊടിറീഗന്റെ ക്രൂരതയെ ഓര്‍മ്മിപ്പിക്കുന്നു. ഇംഗ്ളണ്ടിന്റെ കൊടി താച്ചര്‍ക്കു ദക്ഷിണാഫ്രിക്കന്‍ ജനതയോടുള്ള വെറുപ്പിനെ കാണിക്കുന്നു. പാകിസ്ഥാന്റെ കൊടി സിയാ ഉള്‍ഹക്കിന്റെ നൃശംസയെ പ്രകടിപ്പിക്കുന്നു.

ഫ്രഞ്ച് സര്‍ക്കാരിന്റെ ചാരനായിരുന്നു ദേഒങ് ദ ബോമങ് (d’Ecn de Beaumont). അയാള്‍ 1755-ല്‍ റഷ്യന്‍ ചക്രവര്‍ത്തിനിയുടെ അടുത്തെത്തി. അടുത്ത വര്‍ഷം പുരുഷനായിട്ടാണ് അയാള്‍ റഷ്യയില്‍ പോയത്. പല സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചതിനു ശേഷം ഫ്രാന്‍സില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ക്കാര്‍ ആജ്ഞാപിച്ചു പെണ്ണായിത്തന്നെ അയാള്‍ നടന്നുകൊള്ളണമെന്ന്. ബോമങ് മരിച്ചപ്പോള്‍ സര്‍ക്കാര്‍ അയാളെ പരിശോധിപ്പിച്ചു. അയാള്‍ പുരുഷന്‍ തന്നെന്നു അവര്‍ക്കു ബോധപ്പെട്ടു. ഇന്ന് ബോമങിനെപ്പോലെ വേഷം മാറി നടക്കേണ്ടതില്ല. ശസ്ത്രക്രീയകൊണ്ടു ആണിനെ പെണ്ണാക്കാം. പെണ്ണിനെ ആണുമാക്കാം. ആണിനെയാണു പെണ്ണാക്കേണ്ടതെങ്കില്‍ ആദ്യം ഇസ്റ്റ്രജന്‍ എന്ന ഹര്‍മോണ്‍ കുത്തിവയ്ക്കും. അതിന്റെ ഫലമായി വൃഷണങ്ങള്‍ ചുരുങ്ങും. വക്ഷോജങ്ങള്‍ വളരും. പിന്നീടാണു ശസ്ത്രക്രിയ. മുറിക്കേണ്ട ഭാഗങ്ങള്‍ മുറിച്ചുകളഞ്ഞിട്ട് ഡോക്ടര്‍ സ്ത്രീജനനേന്ദ്രീയം ഉണ്ടാക്കുന്നു. പെണ്ണിനെയാണ് ആണാക്കേണ്ടതെങ്കില്‍ അവള്‍ക്ക് ആദ്യമായി ടെസ്റ്റോസ്റ്ററോണ്‍ എന്ന ഹര്‍മോണ്‍ കുത്തിവയ്ക്കും. അപ്പോള്‍ ആര്‍ത്തവം നില്‍ക്കും. പിന്നീടാണു ശസ്ത്രക്രിയ. ഡോക്ടര്‍ കൃത്രിമാവയവം പുരുഷനു നല്‍കുന്നു. കൂടുതലെഴുതാന്‍ വയ്യ. ശാസ്ത്രമാണ് ഇവിടെ കൈകാര്യം ചെയ്യുന്നതെങ്കിലും ഉചിതജ്ഞതയാണല്ലോ പ്രധാനം. സ്ത്രീ എല്ലാ വിധത്തിലും പുരുഷനായി മാറും എന്നു മാത്രം പറയട്ടെ. പല ഗവണ്‍മെന്റുകളും ഇങ്ങനെയുള്ള സെക്സ് മാറ്റത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സാഹിത്യവാരഫലം പെണ്ണോ ആണോ? പെണ്ണു തന്നെ. സ്ത്രൈണാംശമാണല്ലോ അതില്‍ കൂടുതലുള്ളത്. അതിനെ ആണാക്കിയേ അടങ്ങു എന്നു എം.ഡി. രാധിക. ശ്രീമതി കഥാ മാസികയില്‍ എഴുതുന്നു. “അത്രയേറെ കഥാനിരൂപകര്‍ നമുക്കുണ്ടോ? ഏതായാലും എന്റെ പരിമിതമായ അറിവില്‍ ഇല്ല. എം. കൃഷ്ണന്‍ നായരുടെ ‘സാഹിത്യവരാഫല’ത്തിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് നിരൂപണം എന്ന പേരു നല്‍കുന്നത് അധികപ്പറ്റാവും താനും. എന്നല്ല അതുമാത്രം വായിച്ച് സാഹിത്യത്തെപ്പറ്റി തങ്ങള്‍ ആധികാരികമായും ആത്യന്തികമായും അറിവു നേടി എന്നു കരുതി എളുപ്പം തൃപ്തരാവുന്ന, അഹങ്കരിക്കാന്‍ പോലും തയ്യാറാവുന്ന അല്പന്മാരുടെ ഒരുകൂട്ടത്തെ വിവേചനാശേഷി വളര്‍ന്നിട്ടില്ലാത്ത വായനക്കാര്‍ക്കിടയില്‍ ആ പംക്തി സൃഷ്ടിക്കുന്നില്ലേ എന്ന പേടിയും തോന്നുന്നു.” testosterone നിറച്ച സിറിഞ്ചുമായി ഡോക്ടര്‍ രാധിക വരേണ്ടതില്ല. സാഹിത്യവാരഫലം കൊച്ചു വര്‍ത്തമാനം പറയുന്ന പെണ്ണാണെന്നു ഞാന്‍ തന്നെ പലപ്പോഴും. പറഞ്ഞിട്ടുണ്ട്. അവള്‍ സുന്ദരിപ്പെണ്ണാണെന്ന് നയന്‍നാര സെഗാളും വൈക്കം മുഹമ്മദ് ബഷീറും അഭിപ്രായപ്പെട്ടിട്ടുണ്ട്. അത്യുക്തി കലര്‍ത്തി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അനന്തരവള്‍ പറഞ്ഞത് ഈ ലോകത്ത് ഇമ്മട്ടില്‍ ഒരു പെണ്ണു വേറെയില്ലെന്നാണ്.

പല സര്‍ക്കാരുകളും gender reassignment-ന് അംഗീകാരം നല്‍കിയെന്നു മുകളില്‍ എഴുതിയല്ലോ. ബ്രിട്ടന്‍ മാത്രം അതു അംഗീകരിക്കുന്നില്ല. പെണ്ണായി ജനിച്ചോ അവള്‍ പെണ്ണു തന്നെ. കേരളത്തിലും അങ്ങനെ തന്നെ. പതിനെട്ടു കൊല്ലം മുന്‍പ് “മലയാളനാട്ടി”ലാണ് ഈ പെണ്ണു ജനിച്ചത്. അവള്‍ നാള്‍ തോറും വളരുന്നു. നവയൗവനവും ഉദിച്ചു. അവളുടെ സെക്സ് മാറ്റാന്‍ ആരും വരേണ്ടതില്ല. അതിനുള്ള കത്തി അങ്ങ് കൈയില്‍ വച്ചേച്ചാല്‍ മതി. അതല്ല കത്തിയും കൊണ്ടു ചാടുമെങ്കില്‍ തടയാന്‍ ഞാന്‍ കാണില്ല. ലക്ഷക്കണെക്കിനുള്ള വായനക്കാര്‍ അതിനു വേണ്ടി ഉണ്ടാവും.

എ റോസ് ഇസ് എ റോസ്

വിദഗ്ദ്ധനായ ഒരു സ്കിന്‍സ്പെഷലിസ്റ്റ് തിരുവനന്തപുരത്തുണ്ടായിരുന്നു. ആമ്പാടി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുഖത്തു കറുപ്പു പറ്റാന്‍ തുടങ്ങിയ ഒരു ബന്ധുവിനെയും കൊണ്ടു ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. ഡോക്ടര്‍ പരിശോധിച്ചിട്ടുപറഞ്ഞു: ഇതൊരു രോഗമല്ല. കഷ്ടകാലം കൊണ്ടു കറുപ്പ് പറ്റുമെന്നു ചിലര്‍ പറയാറുണ്ട് അതും ശരിയല്ല. എങ്കിലും ചില ഗുളികകള്‍ തരാം. മുഖത്തു പരട്ടാന്‍ ഒരു ക്രീമും. ചിലപ്പോള്‍ പോകും. പോയില്ലെങ്കില്‍ ഡോക്ടറെ കുറ്റം പറയരുത് കേട്ടോ.” എനിക്കു നിരാശതയായി, “ഡോക്ടര്‍ ഇമ്മതിരി കറുപ്പ് പറ്റിയാന്‍ കുറെക്കാലം കഴിഞ്ഞ് അത് പാണ്ടായി മാറുമെന്നു കേട്ടിട്ടുണ്ട്. അങ്ങനെ വരുമോ ഡോക്ടര്‍?” എന്ന് എന്റെ ചോദ്യം. “ഹേയ് ഒരിക്കലുമില്ല.” എന്നിട്ട് ഇംഗ്ളീഷില്‍ “you see, in leucoderma there are patches of unpigmented skin. This is not so.” പിന്നീട് മലയാളത്തില്‍: “ചൊറിയുണങ്ങിയ പാടിനെ നിങ്ങള്‍ രോഗമായി കരുതുമോ? അതുപോലെയല്ലെങ്കിലും ഇതും രോഗമല്ല.” “പാട് ഒരിക്കലും രോഗമാവുകയില്ലേ ഡോക്ടര്‍?” എന്നു ഞാന്‍. അദ്ദേഹം മറുപടി പറഞ്ഞു: “പാടിനു ഞങ്ങള്‍ Clcatrix എന്നു പറയും. Clcatrix is a Clcatrix is a Clcatrix is a Clcatrix” എന്നു ചിരിച്ചുകൊണ്ടു പറഞ്ഞ് ഡോക്ടര്‍ നിറുത്തി. “A rose is rose is a rose is a rose” എന്നു ഞാനും. ഡോക്ടറോടു എനിക്കുള്ള ബഹുമാനം കൂടി. അദ്ദേഹം ഗള്‍ട്രൂഡ്സ് റ്റൈന്റെ പ്രസിദ്ധമായ ചൊല്ലു മനസ്സിലാക്കി വച്ചിരിക്കുന്നു. സാഹിത്യാംഗനയുടെ തൊലിപ്പുറത്തുള്ള ഒരു ‘സിക്കട്രിക്സാ’ണ് കെ.കെ. രമേഷിന്റെ “ന്യായാസനത്തില്‍ ഉറുമ്പുകള്‍” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ന്യായാസനത്തിലേക്കു ഉറുമ്പുകള്‍ അരിച്ചരിച്ചു ചെന്നുപോലും. ചുവരിലെ ഘടികാരത്തില്‍ കഥ പറയുന്ന ആളും ഒരു കിഴവനും ചത്തുകിടന്നു പോലും. നീതിപീഠം നീതിപീഠമല്ല അല്ലെങ്കില്‍ അതുപ്രയോജനശൂന്യമായിരിക്കുന്നു എന്നോ മറ്റോ ഒരാശയം തോന്നുക. ആ ആശയത്തെ റബ്ബര്‍ വലിച്ചു നീട്ടുന്നതുപോലെ വലിച്ചു നീട്ടുക. ഇതാണ് രമേഷിന്റെ പ്രവര്‍ത്തനം. റബ്ബര്‍ വലിച്ചു നീട്ടുമ്പോള്‍ അതു പൊട്ടുന്നതുവരെ മാത്രമേ ദ്രഷ്ടാവിന് ഉത്കണ്ഠയുള്ളൂ. ഇമ്മാതിരിക്കഥകള്‍ പൊട്ടുകില്ല. അതു വായിച്ചവസാനിപ്പിച്ചാലും നമുക്ക് ആകുലാവസ്ഥയാണ്. ഇത്തരത്തിലുള്ള ‘സെറിബ്രല്‍ സ്റ്റോറീസി’ ന് എന്ന് അറുതി വരുമോ അന്നു നമുക്കു നല്ലകാലം തുടങ്ങും. “കെ.കെ. രമേഷിനു വല്ലായ്മ തോന്നരുത്. താങ്കള്‍ ഞങ്ങളെ പീഡിപ്പിക്കുന്നയാണ്. എസിയാട്രിക്സ് ഇസ് എ സിയാട്രിക്സ് ഇസ് എ സിയാട്രിക്സ്. ശരി. എന്നാല്‍ കഥയെ പനിനീര്‍പ്പൂവായി കണ്ട് ‘എ റോസ് ഇസ് എ റോസ് ഇസ് എറോസ്’ എന്നു ഞങ്ങള്‍ക്കു പറയണം.”

പുസ്തകങ്ങള്‍

The Vedic Experience (മന്ത്രമഞ്ജരി): കലഫൊര്‍ന്യയ സര്‍വകലാശാലയില്‍ (California) [സന്റ ബാര്‍ബറ പട്ടണത്തില്‍] Professor of Religious Studies ആയ ഡോക്ടര്‍ റെയ്‌മുന്ദോ പണിക്കര്‍ (Dr. Ralmudo Panikkar) എഴുതിയ ഈ ഗ്രന്ഥം ഉത്കൃഷ്ടമാണ്. വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ ഇവയിലെ രത്നങ്ങളെടുത്തു പ്രകാശിപ്പിച്ചിട്ട് അവയുടെ മഹത്ത്വവും സൗന്ദര്യവും വിശദീകരിക്കുന്ന ഈ ഗ്രന്ഥം നമ്മുടെ അനുഭവചക്രവാളത്തെ വികസിപ്പിക്കുകയും നമ്മെ ഉദാത്തമണ്ഡലങ്ങളിലേക്കു നയിക്കകയും ചെയ്യുന്നു. ഇതു വായിക്കുകയും വീണ്ടും വീണ്ടും വായിക്കുകയും ചെയ്യണം. മലയാളിയായ ഈ ക്രിസ്ത്യന്‍ പുരോഹിതന്റെ മുന്‍പില്‍ ഞാന്‍ തലകുനിക്കുന്നു. How to Imagine. ജാന്‍ഫ്രാങ്കോ ബാറുകെല്ലോ (Gianfranco Baruchello) പേരു കേട്ട ഇറ്റല്യന്‍ കലാകാരനാണ് (Italian), അദ്ദേഹം ഒരമേരിക്കന്‍ ജേണലിസ്റ്റുമായി നടത്തിയ സംഭാഷണമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സര്‍ഗ്ഗാത്മകഭാവന, പ്രകൃതി, സമകാലിക കല ഇവയെക്കുറിച്ചുള്ള മൗലികങ്ങളും ആകര്‍ഷകങ്ങളുമായ ചിന്തകള്‍ ഇതിലടങ്ങിയിരിക്കുന്നു. താഴെച്ചേര്‍ക്കുന്ന ഭാഗം പുസിതകത്തിന്റെ സ്വഭാവം വ്യക്തമാക്കിത്തരും.

There is a poem I remember by Sandro Penna where he talks about taking a plss. He says something about “liberating the body in a bright white bowl of porcelain” and as far as that goes it could just as well be the subject of a report by some policeman who’d observed Sandro Penna intent on liberating his body while looking for a pick-up in a public toilet, and so what’s the difference between this policeman’s report and Sandro Penna’s poem? The difference is that it was Sandro Penna who wrote it (Page 35, 36).

ഇറ്റലിയുടെ മധ്യഭാഗത്തുള്ള പട്ടണമാണ് പെറൂജാ. അവിടെ ജനിച്ച കവിയാണ് സാന്ദ്രേ പെന്ന. അദ്ദേഹത്തിന്റെ സുന്ദരമായ ഒരു കാവ്യം കേട്ടാലും:

The little venetian square
mournful and ancient, gathers
the fragrance of the Sea. And flights
of pigeons. But memory
retains — be witching
the very light — the flying
young cyclist
turning to his friend: a melodious
whisper: ‘going alone?’

(guide to Modern World Literature എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കുന്നത്. Martin Seymour Smith എഴുതിയ ഈ പുസ്തകം വിശ്വസിക്കരുത്. വള്ളത്തോളിനെക്കുറിച്ച് ഈ സായ്പ് എഴുതുകയാണ്: [He] wrote a long epic komappan, in Sanskrit Style, page 713.

ഈ തണ്ട് എത്രകാലത്തേക്ക്?

ശത്രുക്കള്‍ നമുക്കെതിരായി ഒന്നും പ്രവര്‍ത്തിച്ചില്ലെങ്കിലും നമ്മുടെ ചോര കുടിച്ചുകൊണ്ടിരിക്കുന്നവരാണ്. യൌവനകാലത്ത് നമ്മുടെ ഉറ്റചങ്ങാതിമാരായി കഴിഞ്ഞുകൂടിയവര്‍ മത്സരപ്പരീക്ഷയില്‍ വിജയം നേടി വലിയ ഉദ്യോഗസ്ഥന്മാരായാല്‍ അവഗണനയിലൂടെ ചോരകുടിക്കും. അങ്ങനെയുള്ള ഒരാളിനെക്കുറിച്ച് പറയാം. ഇഷ്ടന്‍ — കോളേജിലെ അധ്യാപകനായിരുന്നു. അങ്ങനെയിരിക്കെ സര്‍വീസിന് ബ്രേക്ക്’ വരാറായി. പിരിഞ്ഞു പോയാല്‍ പിന്നെ കിട്ടുകയുമില്ല ജോലി. അതു മനസ്സിലാക്കിയിട്ട് പ്രിന്‍സിപ്പല്‍ എന്നെ വിളിച്ചു പറഞ്ഞു: “കൃഷ്ണന്‍ നായരുടെ ഗുരുനാഥനല്ലേ റജിസ്റ്റ്രാര്‍ പി.എസ്. എബ്രഹാം. ഇയാളെ നമുക്ക് രക്ഷിക്കണം. ഒന്‍പത് മാസം കഴിഞ്ഞാല്‍ വേക്കന്‍സി വരും. അത്രയും കാലം ഇയാളെ സൂപര്‍ന്യൂമെറ്റിയായി വയ്ക്കാന്‍ യൂണിവേഴ്സിറ്റി സമ്മതിക്കണം. എബ്രഹാമിനോട് പറഞ്ഞ് അതൊന്നു ശരിപ്പെടുത്തു.” ‘ഞാന്‍ സാറിനെക്കണ്ട് പറഞ്ഞു: “സാര്‍ എന്റേത് ഒരപേക്ഷയാണ്, ശുപാര്‍ശയല്ല.” എബ്രഹാം സാര്‍ ചോദിച്ചു: “ഒന്‍പതു മാസം ആ ലക്ചററെ സൂപര്‍ന്യൂമെററിയാക്കി വച്ചാല്‍ എന്റെ ജോലി പോകും കൃഷ്ണന്‍ നായര്‍. എങ്കിലും നോക്കട്ടെ. കൊട്ടാരക്കര ഇംഗ്ളീഷ് സ്കൂളില്‍ വച്ച് ഞാന‍് നിങ്ങളെ കെമിസ്ട്രി പഠിപ്പിച്ചു എന്നൊരു ദോഷമുണ്ടല്ലോ.” ഞാന്‍ പോയി ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ആ ലക്ചററെ ഒന്‍പതു മാസത്തേക്ക് സൂപര്‍ ന്യൂമെററിയായി കരുതിക്കൊണ്ടുള്ള ഓര്‍ഡര്‍ വന്നു. എല്ലാവിധത്തിലും ‘മീഡിയോക്കറാ’യ അയാള്‍ മത്സരപ്പരീക്ഷയില്‍ ജയിച്ചു. ശുപാര്‍ശയ്ക്ക് പുറമേ കോളേജധ്യാപകനാണ് എന്ന വസ്തുതയും പരീക്ഷയിലെ വിജയത്തിന്. സഹായിച്ചു എന്നാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ സ്വാധീനശക്തി ചെലുത്തിയ ഒരാള്‍ എന്നോട് പറഞ്ഞത്. ജയിച്ച അധ്യാപകന്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നൂറുനാഴിക സഞ്ചരിച്ച് ഞാന്‍ അവിടെ ചെന്നു. ഒരു ദിവസം താമസിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞു. അയാളുടെ വീട്ടിനു തൊട്ടടുത്ത് ഞാന്‍ ഒരു വാടകക്കെട്ടിടത്തില്‍’ താമസമായി. ഒരു ദിവസം ഉച്ചയ്ക്ക് അയാള്‍, ബസ്സ് കാത്തുനില്ക്കുന്ന എന്റെ അടുക്കലൂടെ കാറില്‍ പോയി സ്വന്തം വീട്ടിലേക്ക്. കണ്ട ഭാവം നടിച്ചില്ല. രണ്ട് മിനിറ്റ് കഴിഞ്ഞില്ല ഞാന്‍ അയാളുടെ വീട്ടിലേക്ക്ഫോണ്‍ചെയ്തു. “—രുടെ ഒരു പഴയ സ്നേഹിതന്‍ എം. കൃഷ്ണന്‍ നായരാണ് വിളിക്കുന്നത്” ഫോണിന്റെ മറ്റേവശത്ത് സ്ത്രൈണശബ്ദം. റിസീവര്‍ ഉള്ളകൈ കൊണ്ട് പൊത്തിപ്പിടിച്ചതിനു ശേഷമുള്ള അടക്കിയ സംസാരത്തിനു ശേഷം മറുപടി: “അദ്ദേഹം ഇവിടെയില്ല. വൈകുന്നേരം ചിലപ്പോള്‍ വന്നാലായി. “ഞാന്‍ ഫോണ്‍ താഴെ വച്ചു. ഈ സംഭവത്തിനു ശേഷം നാലു ദിവസം കഴിഞ്ഞ് ഒരു സന്ധ്യാവേളയില്‍ ഞാന്‍ അയാളുടെ വീട്ടിന്റെ മുന്‍പിലൂടെ വരികയായിരുന്നു. അയാളും ഭാര്യയും റോഡിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു. പൊടുന്നനവേ എന്നെക്കണ്ട അയാള്‍ തിരിഞ്ഞ് ഗേറ്റിന്റെ പൂട്ട് പരിശോധിക്കാന്‍ പോയി. “നല്ലപോലെ പൂട്ടിയല്ലെ. പിന്നെന്തിന് വീണ്ടും നോക്കുന്നു?” എന്ന് ഭാര്യ ചോദിച്ചിട്ടും ഞാന്‍ കടന്നു പോകുന്നതുവരെ അയാള്‍ പൂട്ട് തലോടിക്കൊണ്ട് നിന്നു. കൃതഘ്നനായ അയാളുടെ കരസ്പര്‍ശമേറ്റ് ഇരുമ്പ് പൂട്ട് പോലും പൊട്ടിപ്പോയിരിക്കണം. ഇനി കുങ്കുമം വാരികയില്‍ കൃഷ്ണന്‍ വരച്ച ഹാസ്യചിത്രം നോക്കുക. I.A.S. Retired എന്ന് അടയാളപ്പെടുത്തിയ പെട്ടിയെടുത്ത് ഒരു കിഴവന്‍ വരുന്നു. ‘കാണുന്നവരെയൊക്കെ നല്ല പരിചയം തോന്നുന്നു’ എന്ന് അയാളുടെ ഉദീരണം. വേറൊരാള്‍ പറയുന്നു: “റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ വരുന്ന രോഗം.” ഒരു സാമാന്യ സത്യത്തെ കൃഷ്ണന്‍ എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. വീട്ടിലിരുന്നുകൊണ്ട് ഫോണിലൂടെ ഇവിടെ ഇല്ല’ എന്ന് ഭാര്യയെക്കൊണ്ട് പറയിച്ച ആ പൂട്ട് തലോടാനും ‘കൃഷ്ണന്‍ നായര്‍ എന്നെ മറന്നോ’ എന്ന് ചോദിക്കുന്ന കാലം വരും, അന്ന് ഞാന്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍.

ഡേവിഡ് ഹ്യൂം (സ്കോട്ടിഷ് ദാര്‍ശനീകന്‍) പറഞ്ഞു: ത്രാസിലിട്ട പത്തൗണ്‍സ് മറ്റൊരു ഭാരം ഉയര്‍ത്തുമ്പോള്‍ ഇതിന് പത്ത് ഔണ്‍സിനെക്കാള്‍ കൂടുതല്‍ ഭാരമുണ്ടെന്നത് സത്യം. പക്ഷേ അത് നൂറ് ഔണ്‍സ് ആയിരിക്കണമെന്നില്ലല്ലോ. ആരുമില്ലാത്ത കൃഷ്ണന്‍ നായരുടെ പത്ത് ഔണ്‍സ് ഭാരത്തെക്കാള്‍ ഒന്നോ രണ്ടോ ഔണ്‍സ് കൂടുതലായിക്കൊള്ളട്ടെ ഉദ്യോഗസ്ഥന്. അവള്‍ക്കെന്തിന് നൂറ് ഔണ്‍സ് ഭാരം?

കമന്റുകള്‍

  1. പ്രൊഫസര്‍ എസ്. ഗുപ്തന്‍ നായരെ മലയാളി ദിനപത്രത്തിന്റെ എഡിറ്ററായി നിയമിച്ചുവെന്നു കേട്ടപ്പോള്‍ ബോധേശ്വരന്‍ എന്നോട് പറഞ്ഞു: “ഇനി പത്രത്തില്‍ വ്യാകരണത്തെറ്റു വരില്ല” ‘മാമ്പഴം’ വാരികയുടെ എഡിറ്റര്‍ ചലച്ചിത്രതാരം എം.ജി. സോമനാണ്. ഇനി വാരികയില്‍ മുഴുവന്‍ പ്രഗല്ഭമായ അഭിനയമായിരിക്കും.
  2. ദിവാന്‍ പി. രാജപോഗാലാചാരിയുടെ ഉത്കൃഷ്ടതയേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അപകൃഷ്ടതയേയും അമരം’ മാസികയിലെ ഹിസ്റ്റോറിയന്‍ എടുത്തു കാണിക്കുന്നു. ഞാന്‍ തര്‍ക്കിക്കുന്നില്ല. പക്ഷേ രാജഗോപാലാചാരിക്ക് നന്മയെക്കാള്‍ തിന്മ കൂടുതലായിരുന്നു. രാമകൃഷ്ണപിള്ളയ്ക്ക് തിന്മയെക്കാള്‍ നന്മ കൂടുതലായിരുന്നു. അതിനാല്‍ രാമകൃഷ്ണപിള്ളയാണ് ഉത്കൃഷ്ടനായ വ്യക്തി. പ്രൊഫസര്‍ എം. കൃഷ്ണന്‍ നായര്‍ അറിയുന്നതിന് എന്ന ലേഖനം. എന്നെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദി).
  3. മിസ്സിസ് റെയ്‌ച്ചല്‍ തോമസ് അമഡിയസിനെക്കുറിച്ച് (Amadeus) മനോരാജ്യം വാരികയില്‍, എഴുതുന്നു. പീറ്റര്‍ ഷഫര്‍ എഴുതിയ ‘അമിഡിയസ്’ എന്ന നാടകം കൂടി വായനക്കാര്‍ വായിക്കുന്നത് കൊള്ളാം. 1979-ലെ Evening Drama award നേടിയ ആ നാടകത്തിന് വലിയ ശക്തിയുണ്ട്.
  4. ചായക്കടയുടെ മുന്‍പില്‍ പശുവിനെ കൊണ്ടുവന്നു കെട്ടി കറക്കാറുണ്ട്. പശു പാല് ചുരത്തിക്കൊള്ളണം. ഇല്ലെങ്കില്‍ കറവക്കാരന്‍ വിഷമിക്കും. അയാള്‍ അതിന് കൊടുക്കുന്ന അടി കണ്ട് നമ്മളും വിഷമിക്കും. വയലാര്‍ രാമവര്‍മ്മയുടെ ‘കൊലപാതകികള്‍’ എന്ന കാവ്യധേനുവിനെ ജനയുഗത്തിന്റെ താളില്‍ നിറുത്തി പാണാവള്ളി സദാനന്ദന്‍ മുല പിടിച്ചു വലിക്കുകയും അതിനെ അടിക്കുകയും ചെയ്യുന്നു. ഒരു തുള്ളിപ്പാല് പോലുമില്ല. പാലില്ലാത്ത പശുവിനെ പീഡിപ്പിച്ചതു കൊണ്ടെന്തു ഫലം?
* * *

അമേരിക്കയുടെ കൊടി റീഗന്റെ ക്രൂരതയെ ഓര്‍മ്മിപ്പിക്കുന്നു. ഇംഗ്ളണ്ടിന്റെ കൊടി താച്ചര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ജനതയോടുള്ള വെറുപ്പിനെ കാണിക്കുന്നു. പാകിസ്ഥാന്റെ കൊടി സിയാ ഉള്‍ പാക്കിന്റെ നൃശംസതയെ പ്രകടിപ്പിക്കുന്നു. പക്ഷേ വിറ്റ്മാനും ഷെല്ലിയും ഇക്ബാലും എനിക്ക് സ്നേഹത്തിന്റെ സന്ദേശങ്ങള്‍ നല്കുന്നു.