close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 04 21


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 04 21
ലക്കം 501
മുൻലക്കം 1985 04 14
പിൻലക്കം 1985 04 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇതെഴുതാൻ തുടങ്ങുമ്പോൾ എന്റെ മനസ്സ് നീലത്തടാകം പോലെ പ്രസ്സന്നം. ഒരു ചിന്തയുടെ തിര അതിലുയർന്നാൽ കലുഷരചനയുടെ പ്രചണ്ഡരശ്മി അതിനെ തപിപ്പിക്കാനെത്തും. ചൂടാർന്ന ആ തിരകളാണ് വായനക്കാരെ സ്പർശിക്കുക. അതോടെ അവർ അസ്വസ്ഥരാകുന്നു. ആ അസ്വസ്ഥതയ്ക്കു കാരണക്കാരൻ ഞാനാണെന്നു സമ്മതിക്കുന്നു. പക്ഷേ, കുത്സിതരചനകളാണ് എന്റെ ചിന്തകൾക്ക് ഊഷ്മളത നൽകുന്നതെന്ന് വിനയപൂർവ്വം പറയട്ടെ.

ചിന്തയെ തിരയാക്കിക്കൊണ്ടുള്ള എന്റെ ഈ സമാരംഭം അത്ര ശരിയല്ലെന്നു തോന്നുന്നു ഇപ്പോൾ. അതിനെ പക്ഷിയാക്കിയാൽ മതിയായിരുന്നു. കാരണം ‘മനോരാജ്യ’ ത്തിൽ കമലാനാരായണൻ എഴുതിയ ‘ലക്ഷണം’ എന്ന ചെറുകഥയിൽ പ്രധാനകഥാപാത്രം പക്ഷിയാണ് എന്നതത്രേ. ആ പക്ഷിയെക്കൊണ്ട് കാർഡെടുപ്പിച്ച് വന്നെത്തുന്നവന്റെ പണം പിടുങ്ങി ഒരുത്തൻ ജീവിക്കുന്നു. അയാൾ ‘മുഖലക്ഷണ’ വും പറയും. പക്ഷിയുടമസ്ഥൻ മിക്കവാറും ഒരേ രീതിയിൽ ഫലം പറഞ്ഞും ഒരേ രീതിയിൽ അച്ചടിച്ചുവച്ച ചീട്ട് കിളിയെക്കൊണ്ട് എടുപ്പിച്ചും പണം സമ്പാദിക്കുന്നതു കണ്ട് ഒരു യുവാവിന് നൈരാശ്യവും വിഷാദവും. കാലം കഴിഞ്ഞ ഒരു ലോട്ടറി ടിക്കറ്റ് പക്ഷിശാസ്ത്രക്കാരനു നൽകിയിട്ട് അയാൾ ബലാൽക്കാരമായി കിളിയേയും ചീട്ടുകളേയും എടുത്തുകൊണ്ടുപോകുന്നു. രണ്ടുപേരും തങ്ങളെ വഞ്ചിക്കുന്നവരാണെന്ന് പ്രേക്ഷകർക്ക് അറിയാം. അവരൊന്നും മിണ്ടുന്നില്ല.

തിരുവനന്തപുരത്തുനിന്നു തിരിക്കുന്ന എക്സ്പ്രസ്സ്ബസ്സിൽ കയറിയാൽ അഞ്ചു മണിക്കൂർകൊണ്ട് എറണാകുളത്ത് എത്താം. ഒരുദ്ദേശ്യവുമില്ലാത്ത യാത്ര. ബസ്സ്സ്റ്റേഷനിൽ കുറേനേരം ചുറ്റിക്കറങ്ങിയിട്ട് അടുത്തബസ്സിൽക്കയറി തിരുവനന്തപുരത്ത് മടങ്ങിയെത്താം. എറണാകുളത്തുപോയി എന്നൊരു തോന്നൽ മാത്രം ജനിക്കും. എന്നാൽ തിരുവനന്തപുരത്തുനിന്ന് ഏതാനും നാഴിക മാത്രം സഞ്ചരിച്ച് തോന്നയ്ക്കൽ എന്ന സ്ഥലത്തുചെന്നു ‘കുമാരനാശാൻ സ്മാരകം’ കണ്ടിട്ടു തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്നത് സംതൃപ്തിയാണ്. ആശാന്റെ കൊച്ചുവീട്: കണ്ണാടിക്കൂട്ടിൽ വച്ചിരിക്കുന്ന കൈയക്ഷരം ഇവയൊക്കെയാണ് സംതൃപ്തി ഉളവാക്കുന്നത്. ‘തോന്നല’ ല്ല ‘സംതൃപ്തി’ യാണ് സാഹിത്യത്തിൽ പ്രധാനമായത്. അത് ഇക്കഥ ജനിപ്പിക്കുന്നില്ല എന്ന ആശയവിഹംഗമം ചിറകുവിരിക്കാൻ തുടങ്ങുമ്പോഴേക്കും പ്രതികൂല ചിന്താഗതിക്കാരുടെ കോപമാകുന്ന വർഷാപാതത്തിൽ അതിന്റെ പക്ഷങ്ങൾ കുഴയുന്നു. അവയൊതുക്കി ആ വിഹംഗമം എന്റെ മനസ്സിൽ ചേക്കേറുന്നു. പക്ഷീ, നീ അവിടിരുന്നുകൊള്ളൂ.

* * *

ചിന്തകൾ മനസ്സിനകത്തോ? ആ പഞ്ജരം ഭേദിച്ചു പുറത്തേക്കുപോരൂ. നീലാന്തരീക്ഷത്തിലേക്കു ഉയരൂ. ദൂരെ ദൂരെ സഞ്ചരിക്കൂ. തീക്ഷ്ണമയൂഖങ്ങളും ജലശീകരങ്ങളും നിന്റെ ഗതിക്കു തടസ്സം സൃഷ്ടിക്കാതിരിക്കട്ടെ.

മഹാകവി

നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റിയാൽ സഹിക്കാം. ഇരുമ്പുലക്കകൊണ്ട് ഉരുട്ടിയാൽ സഹിക്കാം. തലകീഴായികെട്ടിത്തൂക്കി ആട്ടുകയും തലയിൽ ആഞ്ഞടിക്കുകയും ചെയ്താൽ സഹിക്കാം. പക്ഷേ ഈ മഹാകവിയുടെ ടോർച്ചർ സഹിക്കാനാവുന്നില്ല.

പക്ഷേ അതുകൊണ്ടെന്തു പ്രയോജനം? എന്റെ ചിന്തകൾ എനിക്കു പരിചിതങ്ങൾ: വായനക്കാർക്കും പരിചിതങ്ങൾ. “ചിരപരിചയക്കാർക്കും മാനമില്ലാതെയാക്കും” എന്നു കവി. സത്യമാണ് ആ പ്രസ്താവം. അതുകൊണ്ട് മറ്റു സ്ഥലങ്ങൾ നോക്കാം. വൃക്ഷശിഖരത്തിലെ ഇലപ്പടർപ്പ് അനങ്ങുന്നതു കണ്ടാൽ, കുറ്റിക്കാടു് ചലനംകൊള്ളുന്നതു കണ്ടാൽ കിളിയിരിക്കുന്നുവെന്നു കരുതി നമ്മൾ ആഹ്ലാദിക്കും. പഞ്ജരത്തിനകത്തെ പക്ഷി ആ ആഹ്‌ളാദം നല്‌കില്ല. ഇതാ വാക്കുകൾകൊണ്ടുള്ള ഒരിലപ്പടർപ്പ്. വി. പി. ഷണ്മുഖത്തിന്റെ ’പകുതി’ എന്ന കാവ്യമാണു് ഇതു്. (മനോരാജ്യം) അതിന്റെ ഒരു ഭാഗം കാണിച്ചുതരാം. പക്ഷിയുടെ ചലനമുണ്ടോ എന്നു വായനക്കാർതന്നെ തീരുമാനിച്ചാൽ മതി.

“പറിച്ചെടുത്തിട്ടും പകുതി നില്‌ക്കുന്നു
പറിച്ചെറിഞ്ഞിട്ടും പകുതി നില്‌ക്കുന്നു.
ചുവട്ടിൽ ഞാനെന്റെ പകുതിയാകുന്നു.
പകുതികൊണ്ടു ഞാൻ പറിച്ചെടുക്കുന്നു
പറിച്ചെടുത്തു ഞാൻ പകുതിയാകുന്നു
പകുതി പിന്നെയും പറിച്ചെറിയുന്നു.”

അലങ്കാരമൊക്കെയങ്ങുപോകട്ടെ. മാന്യതയ്ക്കേ അലങ്കാരം പറ്റൂ. ഇതുപോലുള്ള അമാന്യമായ പ്രവർത്തനം നടക്കുമ്പോൾ കിളിയുംവേണ്ട, ഇലച്ചാർത്തും വേണ്ട. സംസ്കാരത്തെ ധ്വംസിക്കുമ്പോൾ അലങ്കാരമോ? നഖത്തിനടിയിൽ മൊട്ടുസൂചി കയറ്റിയാൽ സഹിക്കാം. ഇരുമ്പുലക്കകൊണ്ടു് ഉരുട്ടിയാൽസഹിക്കാം. തലകീഴായി കെട്ടിത്തൂക്കി ആട്ടുകയും തലയിൽ ആഞ്ഞടിക്കുകയും ചെയ്താൽ സഹിക്കാം. മഹാകവി ഷണ്മുഖത്തിന്റെ ഈ ടോർച്ചർ സഹിക്കാനാവുന്നില്ല.

* * *

“ഈശ്വരൻ ഉള്ളങ്കൈ വിടർത്തി സ്വല്പസമയം നിങ്ങളെ അതിൽ നിറുത്തി നൃത്തംചെയ്യിപ്പിച്ചിട്ട് അതു് അടച്ചുകളയുന്നതുപോലെയാണതു്. അത്രയിറുക്കി അടച്ചതുകൊണ്ട് നിങ്ങൾക്കു കരയാൻപോലും കഴിയുന്നില്ല.” — കതറിൻ മൻസ്‌ഫീൽഡ് എന്ന ബ്രിട്ടീഷ് ചെറുകഥയെഴുത്തുകാരി. അവരുടെ Journal വായിച്ച ഓർമ്മയിൽ നിന്നു്.

അന്യവത്കരണം

ഞാൻ തിരുവനന്തപുരത്തുകാരനാണു്. സേതുലക്ഷ്മിബായിയുടെ റീജൻസി തൊട്ടുള്ള ഭരണകാലം എനിക്കോർമ്മയുണ്ടു്. അന്നു പതിനാറുകാശു ഒരു ചക്രം. നാലുചക്രം ഒരുപണം. ഏഴുപണം ഒരു സർക്കാറൂപ. കൊച്ചു കാശു്, നാലുകാശു്, എട്ടുകാശു്, ഒരു ചക്രം, പണം, സർക്കാർ അര രൂപ ഇവ നാണയങ്ങളായിരുന്നു. അന്നെങ്ങാനും കൊച്ചിയിലെ നാണയമോ ഇംഗ്ലീഷുകാരന്റെ അണയോ കണ്ടാൽ ഇന്നത്തെ എക്സിസ്റ്റെൻഷ്യലിസ്റ്റുകൾ പറയുന്ന ‘അന്യവത്കരണ ബോധം’ എനിക്കുണ്ടാകുമായിരുന്നു. അഞ്ചലാപ്പീസ് എന്റേത്; പോസ്റ്റോഫീസ് മറ്റൊരാളിന്റേത്. ചിങ്ങം, കന്നി, തുലാം എന്നൊക്കെ കേൾക്കുമ്പോൾ, കൊല്ലവർഷം 1145 എന്ന് ആരെങ്കിലും പറയുമ്പോൾ എന്റെ മനസ്സ് അതിൽ വിലയം കൊണ്ടിരുന്നു. അന്ന് ജൂലൈ 1935 എന്നാരെങ്കിലും പറഞ്ഞാൽ അയാളെ വിദേശിയായിട്ടാണ് ഞാൻ കരുതിയിരുന്നത്. സമയത്തിനും വ്യത്യാസമുണ്ടായിരുന്നു. തിരുവനന്തപുരത്ത് കാലത്ത് മണി പത്താകുമ്പോൾ ഇംഗ്ലീഷുകരന്റെ ഇൻഡ്യൻ സമയം പത്ത്, ഇരുപത്തിരണ്ടാകും. 10 – 22 ന് തിരിക്കുന്ന തീവണ്ടിയിൽ കയറണമെങ്കിൽ നമ്മുടെ വാച്ച് പത്തുമണി കാണിക്കുമ്പോൾ തന്നെ തീവണ്ടിയാപ്പീസിൽ എത്തിയിരിക്കണം. കാലം കഴിഞ്ഞു. ഇൻഡ്യ ഭരിച്ച ഇംഗ്ലീഷുകാരന്റെ സമയവും തിരുവിതാംകൂർ ഭരിച്ച രാജാവിന്റെ സമയവും ഒന്നായി. കാശും ചക്രവും അപ്രത്യക്ഷമായി. പകരം അണ വന്നു. അഞ്ചലാപ്പീസിന് പകരം പോസ്റ്റാഫീസ്. കാലം പിന്നെയും കഴിഞ്ഞു. അണ പോയി, നയാ പൈസ വന്നു. റാത്തൽ പോയി, കിലോഗ്രാം വന്നു. ഔൺസ് പോയി, ലിറ്റർ വന്നു. ഇഞ്ച്, മൈൽ, ഏക്കർ ഇവയെല്ലാം അപ്രത്യക്ഷങ്ങളായി. പകരം മറ്റെന്തോ വന്നു. എനിക്ക് അന്യവൽക്കരണബോധം. ഇന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചെന്ന് നാല് ഔൺസ് ബലാഗുളുച്യാദി എണ്ണ എന്നേ എനിക്ക് പറയാനറിയൂ.

ഈ അന്യവത്കരണബോധമാണ് നവീന സാഹിത്യം കണുമ്പോൾ എനിക്കുണ്ടാവുക. അത് ഒരളവിൽ സഹിക്കാം. തീരെസ്സഹിക്കാൻ വയ്യാത്തത് സാഹിത്യത്തിന്റെ പേരിലുള്ള വ്യഭിചാര കർമ്മമാണ്. ചെറുപ്പക്കാരൻ ചെറുപ്പക്കാരിയെ കാണുന്നു, സ്നേഹിക്കുന്നു. ആ സ്നേഹം അവൾ നിരാകരിക്കുന്നു. അവൾ മറ്റൊരുത്തനെ സ്നേഹിക്കുകയാണ്. അവൻ അവളെ കൈയൊഴിയുന്നു. അപ്പോൾ അവൾ ആദ്യത്തെ ചെറുപ്പക്കാരന്റെ അടുത്തെത്തുന്നു. അയാളും അവളെ ഉപേക്ഷിക്കുന്നു. ബുന്ദു തുറവൂർ എന്ന് സ്ത്രീയുടെ പേരിൽ ‘കുമാരി’ വാരികയിൽ വന്ന ‘ഡയറി’ എന്ന കഥാഭാസത്തിന്റെ ചുരുക്കമാണിത്. കടലിൽ നിന്ന് ഒരു തുള്ളി വെളളം എടുത്തു നോക്കിയാൽ മതി കടലിന്റെയാകെയുള്ള സ്വഭാവം അറിയാം. ഈ സംക്ഷിപ്ത രൂപത്തിൽ നിന്ന് കഥയുടെ സ്വഭാവവും ഗ്രഹിക്കാം. ഇമ്മട്ടിലുള്ള കുത്സിത രചനകളും എനിക്ക് അന്യവത്കരണ ബോധം ജനിപ്പിക്കുന്നു. ഈ ലോകത്തുള്ള ഏതും നശിക്കും. സൂര്യൻ വരെ കെട്ടുപോകും എന്നാൽ ഇത്തരം പൈങ്കിളിക്കഥകൾക്ക് ഒരു കാലത്തും നാശമില്ല.

ക്ഷുദ്ര മശകം

തിരുവനന്തപുരത്തിനടുത്തുള്ള മൂക്കുന്നിമല ഹിമാലയപർവ്വതം പോലിരിക്കുന്നില്ലെന്ന് പറഞ്ഞുകൂടാ. കരമനയാറിന് ഗംഗയുടെ സൗന്ദര്യമില്ലെന്ന് പറഞ്ഞുകൂടാ. ‘എയർ ഇൻഡ്യ’യുടെ സേവന സന്നദ്ധതയ്ക്ക് പ്രതീകമായി കൊണ്ടു വച്ചിട്ടുള്ള ആ കൊമ്പൻ മീശക്കാരന്റെ പടം കണ്ടിട്ടില്ലേ? അതിന്റെ ഒരു കൊച്ചു ദാരുപ്രതിമ, ഉത്സവസമയത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻപിൽ കെട്ടി വയ്ക്കുന്ന ഭീമന്റെ പ്രതിമയ്ക്ക് തുല്യമായിട്ടില്ലെന്ന് പറയാൻ പാടില്ല. അതുപൊലെ രാജാമണിയുടെ “ഉറക്കത്തിലെ ചിരി” എന്ന കഥയ്ക്ക് ഉറൂബിന്റെ കഥയ്ക്കുള്ള ഭംഗിയില്ലെന്നും അഭിപ്രായപ്പെട്ടുകൂടാ. പക്ഷേ, മൂക്കുന്നിമലയ്ക്കും, കരമനയാറിനും, എയർ ഇൻഡ്യയുടെ കൊച്ചു പ്രതിമയ്ക്കും സ്വകീയമായ സൗന്ദര്യമുണ്ട്. കുന്നിക്കുരുവിന് അതിന്റേതായ സൗന്ദര്യമുള്ളതുപോലെ. ആ അല്പമായ സൗന്ദര്യം രാജാമണിയുടെ കഥയ്ക്കില്ല. കമ്പനിയിൽ ജോലിക്ക് പോകുന്ന വിവാഹിതനായ യുവാവ്, അവിവാഹിതയായ പദ്മാവതിയെ കാണുന്നു. അവളിൽ താത്പര്യം ഉള്ളവനായിത്തീരുന്നു. ഭർത്താവിന്റെ ആ താത്പര്യം മനസ്സിലാക്കിയ ഭാര്യ ഒരു ദിവസം അവളെക്കാണാനായി അയാളുടെ കൂടെ പോകാൻ ഭാവിക്കുന്നു. ഒരു ട്രിവിയൽ മസ്കിറ്റോ – ക്ഷുദ്ര മശകം – മാത്രമാണ് ഇക്കഥ. സാഹിത്യമെന്നത് ഭാവനാത്മകമാണെങ്കിൽ ഇതു സാഹിത്യമല്ല. മുണ്ടൻ ആറടിപ്പൊക്കമുള്ളവനെ നോക്കി പരിഹസിക്കുന്നതു പോലെ, പുൽക്കൊടി വന്മരത്തെ നോക്കി പുച്ഛിക്കുന്നതു പോലെ ഇക്കഥ ഉത്കൃഷ്ട സാഹിത്യത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു. തന്റെ പ്രാഗൽഭ്യം മറ്റു സന്ദർഭങ്ങളിൽ പ്രദർശിപ്പിച്ച രാജാമണി ഈ അവിദഗ്ദ്ധത മാതൃഭൂമിയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്നില്ല.

മാർഗറീത് ദൂറാസ്

മാർഗറീത് ദൂറാസ് (Marguerite Duras) ഫ്രാൻസിലെ നവീന സാഹിത്യകാരിയാണ്. പരീക്ഷണത്തെ അതിന്റെ അത്യന്തതയിലേക്ക് കൊണ്ടു ചെന്ന എഴുത്തുകാരിയാണ്. ‘ഇന്ത്യസോങ്ങ്’ അവരെ മഹായശസ്കയാക്കി, അതിൽ ഇതിവൃത്തമില്ല. രംഗത്തു അരുന്ന കഥാപാത്രങ്ങൾ സംസാരിക്കുന്നില്ല. സംസാരിക്കുന്നവരെ ആളുകൾ കാണുന്നുമില്ല. സാഹിത്യത്തെ സിനിമയ്ക്ക് തുല്യമാക്കുക, സിനിമയെ സാഹിത്യത്തിന് സദൃശമാക്കുക ഇതാണ് ദൂറാസിന്റെ ജോലി. അവരുടെ ചില കൃതികൾ മാത്രമേ ഈ ലേഖകൻ വായിച്ചിട്ടുള്ളൂ.

ബ്രിട്ടീഷ് നോവലെഴുത്തുകാരിയായ ഐറിസ് മർഡോക്ക് ഇവരുടെ ഒരാരാധികയാണ്. ദൂറാസിന്റെ ‘The Square’ എന്ന നോവൽ തർജ്ജമ ചെയ്തത് മാർഡോക്കാണ്. കേരളത്തിൽ ‘മ’ പ്രസാധനങ്ങൾ ഉള്ളതു പോലെ ഫ്രാൻസിലുമുണ്ട്, അവയ്ക്ക് സദൃശങ്ങളായ പ്രസാധനങ്ങൾ. ഇവിടത്തെ സ്ത്രീകൾ അവ പരസ്യമായി വായിക്കുന്നു. ഫ്രാൻസിലെ സ്ത്രീകൾ അവയ്ക്ക് പകരമായി ദൂറാസിന്റെ കൃതികളാണ് പരസ്യമായി വായിക്കുക. നോബൽ സമ്മാനത്തിനു വരെ യോഗ്യതയുണ്ടെന്ന് ആരാധകർ വാഴ്ത്തിക്കൊണ്ടിരിക്കുന്ന ഈ സ്ത്രീ, അവസരവാദ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം. സമൂഹിക മണ്ഡലത്തിലും രാഷ്ട്രവ്യവഹാരമണ്ഡലത്തിലും അവസരവാദികളുണ്ട്. സാഹിത്യമണ്ഡലത്തിലുമുണ്ട് അക്കൂട്ടർ. ദൂറാസ് ആ വിധത്തിൽ ഒരു ഓപ്പർറ്റ്യൂനിസ്റ്റത്രേ.

* * *

തനിക്ക് അർഹതയില്ലാത്തത് സന്ദർഭത്തിൽ നിന്ന്, പിടിച്ചെടുത്ത് സ്വന്തമാക്കുന്നതാണ് അവസരവാദം. പണമില്ലാത്ത സുന്ദരി തന്റെ സൗന്ദര്യം കൊണ്ട് ഒരുത്തനെ പാട്ടിലാക്കുന്നത് ഇതിനൊരുദാഹരണമാണ്. അങ്ങനെ വശത്താക്കിയാൽ അവൾ അയാളെ ഭരിച്ചു തുടങ്ങും. ചങ്ങമ്പുഴയുടേയും മാറ്റൊലിക്കവികളുടെയും കവിതകൾ വായിച്ച് ‘ചൊടിച്ച’ മലയാളികൾക്ക് പുതുമ വേണമെന്നായി. ആ സന്ദർഭത്തെയും ആഗ്രഹത്തെയും ചൂഷണം ചെയ്ത് നവീനകവികൾ ആവിർഭവിച്ചു. സുന്ദരിയെപ്പോലെ ഇവർ കുറേക്കാലം ആധിപത്യം പുലർത്തും. അതിരു ലംഘിക്കുമ്പോൾ ഭർത്താവ് അവളുടെ നേർക്ക് തിരിയുമല്ലോ. അതുപോലെ നവീന കവികളോട് എതിർപ്പിന് സന്നദ്ധരായിരിക്കുന്നു.

ടോംസ്

എല്ലാപ്പക്ഷികൾക്കും അരയന്നങ്ങളായി ജനിക്കാനാവില്ല. ചിലത് താറാവുകളായേ പറ്റൂ. പൊറ്റെക്കാടും ബഷീറും കാരൂരും കുറച്ചുപേർ മാത്രം. മറ്റുള്ളവർ വെറും പെൻപുഷേഴ്സ് — തൂലികയുന്തുന്നവർ. അവരുടെ രചനകളാണ് വാരികകളിൽ. അവ വായനക്കാർക്ക് പിരിമുറുക്കം ജനിപ്പിക്കുന്നു. എന്റെ വിമർശനം ആ പിരിമുറുക്കത്തിന് ആക്കം കൂട്ടുന്നു. അപ്പോൾ വായനക്കാർക്ക് ആശ്വാസം ഉണ്ടായേ മതിയാവൂ. ആ ആശ്വാസത്തിന് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ ടോംസിന്റെ ഹാസ്യചിത്രം നോക്കിയാൽ മതി. തീമണ്ണെണ്ണ എത്രയോപേരുടെ ജീവൻ അപഹരിച്ചു. അതിനെ അവലംബിച്ച് ടോംസ് വരച്ച ഈ ചിത്രം നോക്കി ഞാൻ ഉള്ളു കുളിർക്കെ ചിരിച്ചു. ചിരിക്കൂ, ലോകം നിങ്ങളോടൊപ്പം ചിരിക്കും. കരയൂ, നിങ്ങൾ ഒറ്റക്കു കരയും” ടോംസ് ചിരിക്കുന്നു. നമ്മളും അദ്ദേഹത്തോടൊപ്പം ചിരിക്കുന്നു.

ബഷീർ, ഡി. സി.

കുങ്കുമം വാരികയിലെ “ചെറിയ കാര്യങ്ങൾ മാത്രം” എന്ന സ്ഥിരം പംക്തിയിൽ ഡി. സി. കിഴക്കേമുറി എഴുതുന്നു:

“ബഷീറും ഞാനുമായി മൂന്നു മണിക്കൂറിലധികം സംസാരിച്ചു. ഇടക്കു ബഷീർ: ‘ആ’ കൃഷ്ണൻനായർ പറയുന്നുണ്ടല്ലൊ എന്റെ ബാല്യകാല സഖിയും പാത്തുമ്മയുടെ ആടും എല്ലാം നോർവീജിയനിൽ നിന്നോ മറ്റോ മോഷ്ടിച്ചതാണെന്ന്. കൃഷ്ണൻനായർ പറയുന്ന നോവലുകൾ ഉള്ളതാണെങ്കിൽ കണ്ടുപിടിച്ചു തർജ്ജമ ചെയ്ത് ഒന്നു പ്രസിദ്ധപ്പെടുത്താമോ?”

ബഷീറിന്റെ ഈ പ്രസ്താവനയിലും എം. കൃഷ്ണൻനായരെ ‘ആ’ കൃഷ്ണൻനായരാക്കിയതിൽ അടങ്ങിയിരിക്കുന്ന പുച്ഛത്തിലും എനിക്കു വിപ്രതിപത്തിയൊന്നുമില്ല. എന്റെ അഭിപ്രായം തെളിയിക്കാൻ ഞാൻ സന്നദ്ധനാണെങ്കിലും അത് ഇനി ചെയ്യുകയില്ലെന്ന് ഇപ്പോൾ പറയുന്നു. ഏതാണ്ട് ഇരുപത്തഞ്ചു കൊല്ലം മുൻപ് ‘കൗമുദി’ വാരികയിലൂടെ ആവിഷ്കരിച്ച ചില മതങ്ങൾ കൊല്ലത്തെ ’കാർത്തിക‘ ഹോട്ടലിലിരുന്നു ചില ചൊദ്യങ്ങൾക്ക് ഉത്തരങ്ങളായി ഞാൻ വീണ്ടും പ്രകാശിപ്പിച്ചപ്പോൾ അവ ടേപ്പിൽ പതിയുന്നതു കണ്ടു വാർദ്ധക്യത്തിലെത്തിയ ഒരു മന്യനെ, സംസ്കാരസമ്പന്നനെ വേദനിപ്പിക്കാൻ എനിക്കിഷ്ടമല്ലാത്തതുകൊണ്ട് അത് പ്രസിദ്ധപ്പെടുത്തരുതെന്ന് ഞാൻ വാരികയുടെ പ്രവർത്തകരോട് അപേക്ഷിച്ചു. മാറ്റർ approval വാങ്ങിയതിനു ശേഷമേ അച്ചടിക്കൂ എന്ന് മറുപടി കിട്ടി. പക്ഷേ എന്റെ നിർഭാഗ്യം കൊണ്ട് മാറ്റർ എന്നെ കാണിച്ചില്ല. അപ്രൂവൽ ഉണ്ടായതുമില്ല. എന്റെ അഭിപ്രായങ്ങൾ അച്ചടിച്ച വാരിക കണ്ടപ്പോൾ ഞാൻ ദുഃഖിച്ചു. ഇനി ഈ വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടുകില്ല എന്ന തീരുമാനം ബഷീറിനെ ഇനിയും വേദനിപ്പിക്കരുത് എന്നു കരുതിയതുകൊണ്ടു മാത്രമാണ്. കേശവദേവിന്റെ “ഓടയിൽ നിന്ന്” എന്ന നോവൽ വിക്തർ യൂഗോയുടെ ‘പാവങ്ങളി’ലെ കേന്ദ്ര സ്ഥിമതായ ആശയമാണെന്നു ഞാനൊരിക്കൽ പറഞ്ഞപ്പോൾ ദേവ് എന്റെ പേരിൽ കേസ് കൊടുക്കാൻ പോയി. ഹാസ്യ സാഹിത്യകാരനായ കെ. എസ്. കൃഷ്ണനാണ് ദേവിനെ അതിൽ നിന്നു പിന്തിരിപ്പിച്ചത്. ദേവ് നേരിട്ട് എന്നെ ചീത്ത വിളിക്കുകയും ചെയ്തു. എന്നാൽ ബഷീർ തന്റെ കോപം ‘ആ’ എന്നതിൽ ഒതുക്കുന്നു. സംസ്കാരമുള്ള അദ്ദേഹത്തെ ഇനി വിമർശനം കൊണ്ട് വേദനിപ്പിക്കരുത് എന്നാണ് എന്റെ ദൃഢനിശ്ചയം. ടൊട്സ്കിയെ വധിച്ച മെർകേഡർ താൻ അതിനെക്കുറിച്ച് ഒന്നും പറയുകയില്ലെന്ന് ഉദ്ഘോഷിച്ചു. ടോൾസ്റ്റോയിയുടെ The power of darkness എന്ന നാടകത്തിലെ ദുഷ്ട കഥാപാത്രം പാപനിവേദനം ചെയ്തിട്ട് ’ഞാനിനി മിണ്ടുകയില്ല‘ എന്ന് ഉദ്ഘോഷിച്ചു. പാപനിവേദനം നടത്താതെ ഇയാഗോയും അതുതന്നെ പറഞ്ഞു. മെർകേഡറെപ്പോലെ, ടോൾസ്റ്റോയിയുടെ കഥാപാത്രത്തെപ്പോലെ, ഇയാഗോയെപ്പോലെ ഞാൻ ദുഷ്ടനല്ല. അത് എന്നോട് അടുത്തിട്ടുള്ളവർക്ക് അറിയാം. ഞാനും ശപഥം ചെയ്യുന്നു: ഈ വിഷയത്തെക്കുറിച്ചു് ഞാൻ ഇനി മൗനം അവലംബിക്കുകയേയുള്ളു.

ജേർണ്ണലിസം

സാഹിത്യത്തിൽ പ്രത്യഭിജ്ഞാനം (recognition), ഉൾക്കാഴ്ച (insight) ഇങ്ങനെ രണ്ടംശങ്ങളുണ്ടെന്ന് ഒരു നിരൂപകൻ (Daiches) പറഞ്ഞിട്ടുണ്ടു്. നമ്മൾ എന്നും കാണുന്ന കടപ്പുറത്തെ അതേരീതിയിൽ വർണ്ണിച്ചുവച്ചാൽ, അല്ലെങ്കിൽ തിരശ്ശീലയിൽ നിഴലായി വീഴ്ത്തിയാൽ ആ കടപ്പുറം നമ്മൾ തിരിച്ചറിയും. അതാണു് പ്രത്യഭിജ്ഞാനം. അതു രസകരമാണെങ്കിലും കലയായില്ല. കലയാകണമെങ്കിൽ ഉൾക്കാഴ്ചയുണ്ടാകണം. കടപ്പുറത്തുള്ളതും എന്നാൽ നമ്മൾ എത്ര ശ്രമിച്ചാലും കാണാൻ കഴിയാത്തതുമായ വസ്തുതകൾ കലാകാരൻ അനാവരണം ചെയ്യുമ്പോഴാണു് ഉൾക്കാഴ്ച എന്ന അംശം ഉണ്ടാവുക. ദേശാഭിമാനി വാരികയിൽ ഖാലിദ് എഴുതിയ ‘ശേഷം തിരശ്ശീലയിൽ’ എന്ന കഥയിൽ പ്രത്യഭിജ്ഞാനമെന്ന അംശമുണ്ട്. ഉൾക്കഴ്ചയില്ല. ഗൾഫ് രാജ്യത്തിൽ പോയി തിരിച്ചെത്തിയ ഒരുത്തൻ പെട്ടി വീട്ടിൽവച്ചിട്ട് ഇറങ്ങിപ്പോകുന്നു. അയാളെ കാണാതെയായപ്പോൾ ബന്ധുക്കൾ പെട്ടി തുറന്നു നോക്കുന്നു. അതിൽ അയാൾ കടക്കാരനായിപ്പോയി എന്നതിന്റെ തെളിവുകൾ മാത്രമേയുള്ളു. വീട്ടിൽ നിന്നു പോയ അയാൾ തീവണ്ടിയുടെ മുൻപിൽ ചാടി മരിക്കുന്നു. ഇതു നിത്യജീവിത സംഭവമാകാം പക്ഷേ ആ സംഭവത്തിന്റെ — പ്രത്യക്ഷസത്യത്തിന്റെ – പിറകിലുള്ള പരോക്ഷസത്യത്തെ സ്‌ഫുടീകരിക്കാൻ കഥാകാരനു കഴിയുന്നില്ല. അദ്ദേഹത്തിന്റെതു യഥാതഥമായ വർണ്ണനമാത്രം. വർണ്ണന മാത്രമായതു ജർണ്ണലിസമാണു്, കലയല്ല.

നിർദ്ദേശങ്ങൾ

പഞ്ചാരയടി — (ഞാൻ ചിറ്റൂരിൽ ജോലിയിലായിരുന്നപ്പോൾ അവിടത്തെ കോളേജിൽ പലരും പറഞ്ഞു കേട്ട വാക്കു് കാമുകിയുടെയും കാമുകന്റെയും സല്ലാപം എന്നർത്ഥം.) ഇതു് ഏകാന്തത്തിൽ എത്രനേരം വേണമെങ്കിലും ആകാം. സ്റ്റാഫ്റൂമിനകത്തുവച്ച് അദ്ധ്യാപകനും വിദ്യാർത്ഥിനിയും ഇതു നടത്തുകയാണെങ്കിൽ മറ്റദ്ധ്യപകരോ ആൺപിള്ളേരോ വന്നുകയറുന്നതിനു് മുൻപ് നിറുത്തിക്കൊള്ളണം. റോഡിൽവച്ചാണെങ്കിൽ മൂന്നു മിനിട്ടിൽ കവിയരുതു്.

കാമഗ്നിദീപനൗഷധം — അഫ്രഡിസിയാകു് എന്ന് ഇംഗ്ലീഷ് വാക്ക്. പുരുഷന്മാർക്കു മദ്യം നല്കണം. സ്ത്രീകൾക്കു നൂറിന്റെ അനേകം കറൻസി നോട്ടുകൾ കൊടുക്കുക.

കോളേജ് യൂണിയൻ ഉദ്ഘാടനം — തലയിൽ ചീനച്ചട്ടി, നെഞ്ചത്ത് ബുള്ളറ്റ് പ്രൂഫ് കഞ്ചുകം, കാലുകളിൽ ക്രിക്കറ്റ് കളിക്കാരൻ വച്ചു കെട്ടുന്ന സാധനം. ഇത്രയും ധരിപ്പിച്ചേ അദ്ധ്യക്ഷനേയും പ്രഭാഷകരേയും പ്ലാറ്റ്ഫോമിൽ കയറ്റാവൂ. ഈയർ പ്ലഗ്ഗുകളും കൂടി കൊടുത്താൽ നന്ന്.

നിർവ്വചനങ്ങൾ

അധമന്മാർ
ആദ്യം പ്രസംഗിച്ചവരെ മൃഗീയമായി വിമർശിക്കുന്ന രണ്ടാമത്തെ പ്രഭാഷകൻ.
അലർജി
‘രോഗകാരണം എനിക്കറിഞ്ഞുകൂടാ’ എന്നു പറയുന്നതിനു പകരമായി ഡോക്ടർ ഉപയോഗിക്കുന്ന ഒരു ഇംഗ്ലീഷ് പദം.

ദൂരദർശൻ മലയാളം — ഹേമലത

“സ്രീ കരുണാകരൻ അബ്യർത്ഥിച്ചു. വിധ്യാബ്യാസ പത്തതി ലക്ഷ്യം കവിഞ്ഞു…” എന്നൊക്കെ ദൂരദർശനിലെ ശാരികപ്പൈതലുകൾ സംപ്രേക്ഷേപിക്കുമ്പോൾ ചേര ഇഴയുന്ന തോന്നൽ സി. പി. നായർക്ക് (കലാകൗമുദി, ചരിത്രരേഖകൾ). ഇതു മനസ്സിലാക്കിയ ചരിത്രരേഖകളുടെ കർത്താവ് ചോദിക്കുന്നു. “ടെലിവിഷൻ മലയാളം എന്ന ഒരു ഭാഷ രൂപപ്പെട്ടുവരുന്നതിൽ എന്തിനിത്ര അസൂയ?” സി. പി. നായർ പറഞ്ഞ സത്യത്തിൽ ധിഷണയുടെ രശ്മികൾ വീഴ്ത്തുന്നു ചരിത്രകാരൻ. ഇവിടെ എക്സെപ്ഷനുണ്ട്. അതു ചൂണ്ടിക്കാണിച്ചില്ലങ്കിൽ എന്റെ പ്രസ്താവം സത്യവിരുദ്ധമാകും. മലയാളം വാർത്തകൾ വായിക്കുന്ന ഹേമലതയ്ക്ക് ഇപ്പറഞ്ഞ ദോഷമൊന്നുമില്ല. കുലീനതയെ വിളിച്ചു പറയുന്ന മുഖഭാവം. ശ്രോതാവിന് ആഹ്ലാദം നൽകുന്ന ശബ്ദത്തിന്റെ മാധുര്യം. ഇവ ഹേമലതയുടെ സിദ്ധികളാണ്. ഉച്ചാരണത്തിലെ ശുദ്ധിയും പാരായണത്തിലെ ലയവും എടുത്തുപറയേണ്ട ഗുണങ്ങളാണ്. ദൂരദർശൻ കേന്ദ്രത്തിന് ഈ കുട്ടിയുടെ പേരിൽ അഭിമാനിക്കാം.

പലരും പലതും

ഗിരിജയുടെ “അതിർത്തിരേഖ” എന്ന ചെറുകഥ മംഗളം വാരികയിൽ. നിരുപമ പൂർവ്വകാമുകനെ — തന്റെ സന്താനത്തിന്റെ അച്ഛനെ — കണ്ടെത്തുന്നു. ആ മാറിൽ തലചായ്ക്കുന്നു. അതിഭാവികത്വമുള്ള ഒരു പൈങ്കിളിക്കഥ. മനുഷ്യവർഗ്ഗത്തിന്റെ ശത്രുക്കളാണ് ഇത്തരം കഥകൾ എഴുതുന്നവർ. ശത്രുവിന്റെ കൊച്ചുഗോവിന്ദൻ മാമാങ്കം വാരികയിൽ (ലക്കം 27). ഹാസ്യചിത്രമാണിത്. ഒന്നേ ഇതിലില്ലാതെയുള്ളൂ; ഹാസ്യം മത്രം.

40-ആം ലക്കം ദേശാഭിമാനി വാരിക തുറന്നു നോക്കി. തായാട്ട് ശങ്കരന്റെ പ്രഗൽഭങ്ങളും ചിന്തോദ്ദീപകങ്ങളുമായ കുറിപ്പുകൾ കാണുന്നില്ല. കഷ്ടം, ഇനി കാണുകയുമില്ല. സമൂഹത്തിനു പ്രയോജനമുള്ള ഒരാൾ കടന്നു പോയി. നല്ല നിരൂപകൻ, വഗ്മി, സുജനമര്യാദ പാലിച്ചു പെരുമാറുന്ന വ്യക്തി. ഇവയൊക്കെ ആയിരുന്നു തായാട്ടു ശങ്കരൻ. ഒന്നിനും ഒരർത്ഥവുമില്ല. നമ്മൾ കുറച്ചാരോഗ്യവുമായി ഇവിടെ വരുന്നു, ജീവിക്കുന്നു, പോകുന്നു. അത്രേയുള്ളൂ. അതിനിടയിൽ എല്ലാം വേദനിപ്പിക്കുന്നു.

പണ്ട് സംസ്കൃതകോളേജിലെ വിദ്യാർത്ഥികളും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളും തമ്മിൽ സംഘട്ടനമുണ്ടായി. ഒരു ദിവസം ഞാനും മറ്റു ചില അദ്ധ്യാപകരും കാപ്പികുടിക്കാനായി റോഡിലേക്കു പോയപ്പോൾ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ എന്നെയൊഴിച്ച് മറ്റുള്ള എല്ലാ അദ്ധ്യാപകരെയും തല്ലി. വിദ്യാർത്ഥികൾ ഗുരുനാഥന്മാരെ അടിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. അന്നു വൈകുന്നേരം, അക്കാലത്തു മത്രിയായിരുന്ന ഡി. ദാമോദരൻ പോറ്റിയോടൊരുമിച്ചു ഞാൻ നെയ്യാർഡാമിനടുത്ത് ഒരു മീറ്റിങ്ങിനു പോയി. എഴുത്തുകാരനായതുകൊണ്ട് കുട്ടികൾ എന്നെ ഉപദ്രവിച്ചില്ല എന്നായിരുന്നു എന്റെ വിചാരം. എന്നാൽ അടിയുടെ കാര്യം എന്നിൽ നിന്നറിഞ്ഞ ദാമോദരൻ പോറ്റി പറഞ്ഞു: “കൃഷ്ണൻനായർ പ്രീയമായ ആളായതുകൊണ്ട് തല്ലിയില്ല.” എനിക്ക് അതോടെ മോഹഭംഗം. ഗുരുനാഥന്മാർ വിദ്യാർത്ഥികളിൽ നിന്ന് അടിമേടിക്കുന്ന ഇക്കാലത്ത് മൂർക്കോത്ത് കുഞ്ഞപ്പ ഗുരുഭക്തിയെന്ന് മൂല്യത്തെ വാഴ്ത്തുന്നു (ജനയുഗം വാരിക). അദ്ദേഹത്തെ ഞാൻ സാദരം അഭിനന്ദിക്കുന്നു.

* * *

ജി. ശങ്കരക്കുറുപ്പ് ഒരിക്കൽ എന്നോടു പറഞ്ഞു “ഉത്സവസ്ഥലത്തുവച്ച് കിട്ടുന്ന സ്പർശം ആഹ്ലാദജനകമാണ്. ആ ആഹ്ലാദമല്ല സാഹിത്യത്തിൽ നിന്ന് കിട്ടേണ്ടത്.”