close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 11 29


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 11 29
ലക്കം 898
മുൻലക്കം 1992 11 22
പിൻലക്കം 1992 12 06
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഒരു കാചത്തിലൂടെ കടക്കുന്ന രശ്മികള്‍ ഒരു സ്ഥലത്ത് ഒരുമിച്ചു ചേര്‍ന്നു തിളക്കമുള്ള ബിന്ദുവായി പരിണമിക്കുമ്പോള്‍ അതിനെ ഫോക്കസ് എന്നു നമ്മള്‍ വിളിക്കുന്നു. വസ്തുതകളുടെ രശ്മികളെ ബുദ്ധിയുടെ കാചത്തിലൂടെ കടത്തിവിട്ട് ഒരു ബിന്ദുവില്‍ അതിനെ കൊണ്ടുചെല്ലുമ്പോള്‍ അവിടം തേജോമയമാകും. തേജസ്സാര്‍ന്ന ആ ബിന്ദുവിനെയാണ് നമ്മള്‍ സത്യം എന്നു വിളിക്കുന്നതു്.

ഡിസെംബര്‍ 23-ആം തീയതിയിലെ ക്രിസ്മസ് കെയ്ക് പുതുമയുള്ളതാണ്. അതിനു വേണ്ടി പണം മുടക്കുന്നതും നന്ന്. എന്നാല്‍ 24-ആം തീയതിയാകുമ്പാള്‍ അതിനു പഴക്കം വരും. 25-ആം തീയതി കഴിഞ്ഞാല്‍ അതു വളരെ പഴകിപ്പോകും. ആര്‍ക്കും അതു വേണ്ടാതെയാകുകയും ചെയ്യും. ജപ്പാനിലെ സ്ത്രീകളെക്കുറിച്ചു അവിടെയുള്ള പുരുഷന്മാര്‍ വിചാരിക്കുന്നത് ഇങ്ങനെയാണ്. ഇരുപത്തിമൂന്നു വയസ്സ് നന്ന്. ഇരുപത്തിനാല് ‘മരണരേഖ’യോട് (dead line) കൂടതല്‍ അടുത്തുപോയി. ഇരുപത്തഞ്ചു കഴിഞ്ഞാലോ? അതു മറന്നേക്കൂ. റ്റൈം വാരികവഴി പ്രശസ്തനായ പീകോ അയ്യര്‍ എഴുതിയ ‘The Lady and the Monk — Four Seasons in Kyoto’ എന്ന പുസ്തകത്തിലെ പ്രസ്താവമാണിത്. അന്യന്റെ ഭാര്യയായിപ്പോയതുകൊണ്ടു പഴകിപ്പോയ സാചീകോ എന്ന കെയ്ക് ആസ്വദിച്ചിട്ട് ആ ആസാദനത്തിന്റെ സ്വഭാവം നമ്മെ ഗ്രഹിപ്പിക്കുന്നതാണ് ഇപ്പുസ്തകം. 1987-ല്‍ അദ്ദേഹം ജപ്പാനിലെ കിയോറ്റോ നഗരത്തില്‍ ചെന്നു. അവിടത്തെ ഒരു ദേവാലയത്തില്‍ താമസിച്ച് ആധ്യാത്മികതയില്‍ വിലയം കൊള്ളാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മുണ്ഡനം ചെയ്ത ശിരസ്സുമായി ഒരു സന്ന്യാസി അദ്ദേഹത്തിന്റെ മുന്‍പിലെത്തി. ‘ഒരു രാത്രിയിലേക്കു മൂവായിരത്തിയഞ്ഞൂറ്; പ്രഭാതഭക്ഷണം വെറുതേ’ എന്ന് അയാള്‍ അറിയിച്ചു. സന്ന്യാസിക്ക് എത്രയെത്ര സൈക്കിള്‍, മോട്ടര്‍ സൈക്കിള്‍, മോപഡ്! അവ ശേഖരിക്കലാണ് അയാളുടെ വിനോദവൃത്തി അങ്ങനെ സന്ന്യാസിമാരുള്ള നാട്ടില്‍ അയ്യര്‍ ആധ്യാത്മികതയില്‍ വിലയം കൊള്ളാതെ സാചികോ എന്ന പഴയ ക്രിസ്മസ് കെയ്ക് രുചിക്കാന്‍ ഒരുങ്ങിയതില്‍ എന്തേ തെറ്റ്? ഒരു തെറ്റുമില്ല. പക്ഷേ ഇതില്‍ എനിക്കൊരു സംശയം ഭര്‍ത്താവെന്ന തടിമാടന്‍ ജീവിച്ചിരിക്കുമ്പോള്‍ ഭാര്യ അന്യപുരുഷനുമായി — അതും ഒരിന്‍ഡ്യാക്കാരനുമായി — വേഴ്ചയ്ക്കു ഒരുങ്ങുമോ? വാദത്തിനുവേണ്ടി അവള്‍ അതിനു സന്നദ്ധയായിയെന്നു സമ്മതിച്ചാലും അദ്ദേഹം അത് ഗ്രന്ഥത്തിലൂടെ ലോകമാകെ അറിയിക്കുമോ! അറിഞ്ഞാല്‍ സാചീകോയുടെ ഭര്‍ത്താവ് അവളെ വെറുതേ വിടുമോ? സാചികോ എന്നതു വ്യാജനാമമാണെങ്കിലും ഭര്‍ത്താവിന് കുറ്റക്കാരിയെ കണ്ടു പിടിക്കാന്‍ എന്തെങ്കിലും പ്രയാസം വന്നുകൂടുമോ’ അതുകൊണ്ട് എന്റെ സംശയം — വെറും സംശയമാണേ — അയ്യര്‍ ഒരു സാങ്കല്പിക റൊമാന്‍സില്‍ സ്വൈരവിഹാരം നടത്തുന്നുവെന്നാണ്. അതു പോകട്ടെ. വിദേശത്തു ‘ചെല്ലുന്നവന്‍ അവിടത്തെ ഓരോ മണ്‍വാരിയുടെയും സവിശേഷത കണ്ട് അനുഭൂതികള്‍ക്കു വിധേയനാവുകയില്ലേ? അവ വായനക്കാര്‍ക്കു പകര്‍ന്നുകൊടുക്കില്ലേ? യാത്രാവിവരണങ്ങള്‍ ആസ്വാദ്യമായി ബ്ഭവിക്കുന്നത് ആ തീതിയിലാണല്ലോ! പികോ അയ്യര്‍ക്ക് അനുഭൂതികളില്ല അദ്ദേഹം കുറെ purple passages എഴുതിവയ്ക്കുന്നു എന്നിട്ട് “Walden’ എഴുതിയ തോറോ (Thoreau) ആണ് താനെന്നു പരോക്ഷമായി ഭാവിക്കുകയും ചെയ്യുന്നു. ഈ വിരസമായ ഗ്രന്ഥമെഴുതിയ സമയംകൊണ്ട് അയ്യര്‍ ഓക്കിനാവ ദ്വീപില്‍ (Okinawa) വികാസംകൊണ്ട കരാട്ടി (Karate) എന്ന അടിമുറ പഠിച്ചാല്‍ മതിയായിരുന്നു. കൈകളും കാലുകളും കാല്‍മുട്ടുകളും മാത്രം പ്രയോഗിച്ചുള്ള ഒരടിമുറയാണല്ലോ കരാട്ടി. സാചീകോയുടെ ഭര്‍ത്താവ് ഒരുപക്ഷേ അയ്യരെ നേരിടാന്‍ വന്നാല്‍ ഈ അടിമുറ അദ്ദേഹത്തിന്റെ തടിക്കു കേടുപാടുകള്‍ വരുത്താതെ സംരക്ഷിക്കുകയും ചെയ്യും (Black Swan, Rs. 205).

ചോദ്യം, ഉത്തരം

“ആപേക്ഷികമാണ് എന്തും. വസ്ത്രം ധരിച്ചു നടക്കുന്നവരുടെ നാട്ടില്‍ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ പൊലീസ് പിടികൂടും. നഗ്നരായി എല്ലാവരും നടക്കുന്ന നാട്ടില്‍ വസ്ത്രധാരണം ചെയ്തു നടന്നാല്‍ പൊലീസ് പിടികൂടും.”

Symbol question.svg.png “ഇരുപത്തിമൂന്നു കൊല്ലമായി നിങ്ങള്‍ ഈ പംക്തി എങ്ങനെ എഴുതുന്നു?”

“ഏതു പ്രവൃത്തിയിലും ഹൃദയവും മനസ്സും വ്യാപരിച്ചാല്‍ വൈഷമ്യം ഉണ്ടാവുകയില്ല. ഈ ജോലി മെനക്കേടാണല്ലോ എന്ന തോന്നലുണ്ടായിപ്പോയാല്‍ ഒരു പുറംപോലും എഴുതിത്തീര്‍ക്കാന്‍ ഒക്കുകയില്ല. ‘‍ഞാന്‍ പൂന്തോട്ടമുണ്ടാക്കുകയാണ്’ എന്നു വിചാരിച്ചു മണ്‍വെട്ടികൊണ്ടു ഭൂമി കിളച്ചുമുറിച്ചാല്‍ ക്ഷീണം തോന്നുകില്ല. ‘ഞാന്‍ ഈ തറയില്‍ മണ്‍വെട്ടികൊണ്ടു വെട്ടുകയാണെ’ന്നു വിചാരിച്ചാല്‍ അരമണിക്കൂര്‍കൊണ്ടു തളരും.”

Symbol question.svg.png “കടപ്പുറത്തെ മണ്ണു വാരിക്കോട്ടോ?”

“വേണ്ട. (അനുമതി ചോദിച്ചാല്‍ ഇതാവും ഉത്തരം. ഒരു സംഭവംകൂടി എഴുതാം ഞാനിവിടെ കാറ് പാര്‍ക്ക് ചെയ്യട്ടോ എന്നു ഒരാളുടെ ചോദ്യം പൊലീസുകാരനോട്. ‘വേണ്ട’ എന്ന് ഉത്തരം ‘പിന്നെങ്ങനെ ഇത്രയും കാറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നു എന്നു വീണ്ടും ചോദ്യം. ‘അവരാരും ചോദിച്ചില്ല’ എന്നു പൊലീസുകാരന്റെ ഉത്തരം”

Symbol question.svg.png “നിങ്ങള്‍ ഇവിടെ ഷര്‍ട്ടും മുണ്ടും ധരിച്ചു നടന്നു. പൊലീസിന്റെ നന്മകൊണ്ടു നിങ്ങള്‍ അറസ്റ്റു ചെയ്യപ്പെട്ടില്ല മനസ്സിലായോ?” (മസ്കറ്റില്‍നിന്ന് ചോദ്യം)

“ഷെര്‍ട്ടും മുണ്ടും ധര്‍ച്ച നടന്നപ്പോള്‍ കുറെ പെണ്‍പിള്ളേര്‍ — എന്നെ നോക്കി ആക്ഷേപിച്ചു പിരിച്ചു. ഒരു കൊച്ചുപെണ്‍കുട്ടിയോടു ചിരിക്കുന്നത് എന്തിനെന്നു ഞാന്‍ ചോദിച്ചു. ‘You are not properly dressed’ എന്ന് അവള്‍ മറുപടി പറഞ്ഞു. അറസ്റ്റ് ചെയ്താലും തരക്കേടില്ല. ട്രൗസേഴ്സ് ധരിക്കാന്‍ വയ്യ”

Symbol question.svg.png “നഗ്നതാപ്രസ്ഥാനം നല്ലതാണോ?”

“ആപേക്ഷികമാണ് എന്തും. വസ്ത്രം ധരിച്ചു നടക്കുന്നവരുടെ നാട്ടില്‍ നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ പൊലീസ് പിടികൂടും. നഗ്നരായി എല്ലാവരും നടക്കുന്ന നാട്ടില്‍ വസ്ത്രധാരണം ചെയ്തു നടന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യും.”

Symbol question.svg.png “ഈശ്വരന്റെ പ്രവൃത്തികളെ തടയാന്‍ സാദ്ധ്യമോ?”

“ലൈറ്റ്നിങ് റോഡ്കൊണ്ടു മിന്നലിന്റെ ആക്രമണത്തെ തടയുന്നത് ഈശ്വരന്റെ പ്രവൃത്തിയെ നിഷ്ഫലമാക്കുകയാണെന്ന് ഒരിറ്റാലിയന്‍ ഹാസ്യ സാഹിത്യകാരന്‍ പറഞ്ഞിട്ടുണ്ട്.”

Symbol question.svg.png “ഭര്‍ത്താവ് എന്നു പറഞ്ഞാല്‍ എന്തര്‍ത്ഥം?”

“ഒരു ചൊറി ശരീരത്തിലെവിടെയെങ്കിലും വന്നാല്‍ അത് കാന്‍സറസ് റ്റ്യൂമറാണെന്ന് ഭാര്യയോടു പറയുന്ന ആള്‍ ഭര്‍ത്താവ്. ശരീരത്തില്‍ എവിടെയെങ്കിലും അര്‍ബ്ബുദത്തിന്റെ മുഴ വന്നാല്‍ ‘സാരമില്ല. രണ്ടുദിവസത്തിനകം ഇതങ്ങു പോകും’ എന്നു ഭര്‍ത്താവിനോടു പറഞ്ഞ് അയാള്‍ക്കു സ്വസ്ഥത നല്കുന്നവള്‍ ഭാര്യ.”

Symbol question.svg.png “തനിക്കു ധൈര്യമുണ്ടോ എന്റെ നാട്ടില്‍ വരാന്‍?”

“ഞാന്‍ വന്നാല്‍ കോടിപ്പോകുന്ന നിങ്ങളുടെ മുഖം നേരെയാക്കാന്‍ ധാന്വന്തരം കുഴമ്പ് വാങ്ങിച്ചുവച്ചിട്ട് എന്നെ അറിയിക്കു. വരാം.”

Symbol question.svg.png “എറണാകുളം എങ്ങനെ?”

“രണ്ടുവര്‍ഷം ഞാന്‍ അവിടെ താമസിച്ചു. ഒരുദിവസം ഉച്ചയ്ക്കു മാത്രം വെറും ചോറു കിട്ടി. പന്നെ കറികള്‍ക്കു വര്‍ണ്ണോജ്വലതയുണ്ട്. പച്ചത്തോരന്‍‍, മഞ്ഞ അവിയല്‍, നീല മെഴുക്കു പുരട്ടി — ഇവയൊക്കെ നിങ്ങളുടെ പട്ടണത്തിലേ ഉള്ളു.”

Symbol question.svg.png “ഭാഗ്യം എന്നാല്‍ എന്താണു സാറേ?”

“പ്രതിഭാശാലിക്കു അവാര്‍ഡ് (എവോഡ് എന്നു ശരിയായ ഉച്ചാരബം) കിട്ടുമ്പോള്‍ പ്രതിയോഗിയായ സാഹിത്യകാരന്‍ പ്രയോഗിക്കുന്ന വാക്ക്.”

Symbol question.svg.png “നിങ്ങളെ മന്ത്രിയാക്കിയാല്‍?”

“ചീമുട്ടകള്‍ ശരീരത്തില്‍ കൊള്ളാതിരിക്കാന്‍ വേണ്ടി സ്ഫടികക്കൂട്ടിനകത്ത് എപ്പോഴുമിരിക്കും ഞാന്‍.”

സത്യത്തിന്റെ മുഖം

ദസ്തെയെവ്സികിയുടെ Brothers Karamazov എന്ന നോവലിലെ അഞ്ചാമധ്യായമായ The Grand Inquisitor എന്നത് അത്യുജ്ജ്വലമാണ്. അതിനു തുല്യമായി വിശ്വസാഹിത്യത്തില്‍ ഞാന്‍ വേറൊന്നും കണ്ടിട്ടില്ല. പതിനാറാം ശതാബ്ദത്തില്‍ ‘ഇന്‍ക്വിസിഷന്‍’ നടക്കുന്ന കാലം. റോമന്‍ കത്തോലിക്കാസഭയില്‍ ക്രിസ്തുമതവിശ്വാസത്തിന് വിരുദ്ധമായ പ്രവൃത്തികളുണ്ടായാല്‍ അത് വിചാരണചെയ്തു കുറ്റക്കാരെ കുറ്റിയില്‍ക്കെട്ടി എരിക്കുന്നതാണ് ഇന്‍ക്വിസിഷന്‍ നോവലിലെ കഥാപാത്രമായ ഐവാനാണ് കഥ പറയുന്നത്. സ്പെയിനിലെ സെറ്റില്‍ നഗരത്തില്‍ യേശു പ്രത്യക്ഷനായി. അതു യേശുവിന്റെ രണ്ടാമത്തെ ആഗമനമായിരുന്നില്ല. കിഴക്കുനിന്നു മിന്നലുണ്ടായി പടിഞ്ഞാറിനെയും പ്രകാശിപ്പിക്കുന്നതുപോലെ താന്‍ വരുമെന്നായിരുന്നല്ലോ അദ്ദേഹം പറഞ്ഞത്. ആ വരവായിരുന്നില്ല അത്. Grand Inquisitor — Cardinal നൂറ്റുകണത്തിന് മതവിരോധികളെ ചുട്ടുകരിക്കുന്ന സമയം. യേശു തെരുവിലൂടെ നടന്നു. ഹൃദയത്തില്‍ സ്നേഹസൂര്യനോടുകൂടി കണ്ണുകളില്‍ പ്രകാശപ്രവാഹത്തോടുകൂടി യേശു നടന്നു. ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അദ്ദേഹം അന്ധനു കാഴ്ച നല്കി; മരിച്ച കുഞ്ഞിനെ ജീവിപ്പിച്ചു. ഇന്‍ക്വിസിറ്റര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. രാത്രിയായപ്പോള്‍ അയാള്‍ കാരാഗൃഹത്തില്‍ച്ചെന്ന് യേശുവിനോടു സംസാരിച്ചു. സുദീര്‍ഘമായ ആ പ്രഭാഷണം സംക്ഷേപിച്ചെഴുതാന്‍ പ്രയാസമാണ്. എങ്കിലും ഞാനതിനു ശ്രമിക്കട്ടേ. യേശു ആദ്യമായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ ചെകുത്താന്‍ — സാത്താന്‍ — അദ്ദേഹത്തോട് ആവശ്യപ്പെട്ടു — ‘ഈ കരിങ്കല്ലുകളെ അപ്പങ്ങളാക്കൂ.’ ‘മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്’ എന്നായിരുന്നു യേശുവിന്റെ മറുപടി. ഈശ്വര പുത്രനാണെന്നു തെളിയിക്കാന്‍ ഔന്നത്യത്തില്‍ നിന്നു താഴെ വീഴാന്‍ ചെകത്താന്‍ അദ്ദേഹത്തോടു പറഞ്ഞു മഹാദ്ഭുതങ്ങള്‍ കാണിക്കാന്‍ താന്‍ സന്നദ്ധനല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഈശ്വരനെ ഉപേക്ഷിച്ചു തന്നെ ആരാധിക്കൂ’ എന്നു ചെകുത്താന്‍ ആവശ്യപ്പെട്ടു യേശുവിനോട്, അദ്ദേഹം അതും തള്ളിക്കളഞ്ഞു പക്ഷേ കാലമേറേച്ചെന്നപ്പോള്‍ Rome and the Sword of Caesar എന്ന രൂപത്തില്‍ ‘പള്ളി ചെകുത്താന്റെ ഉപദേശം സ്വീകരിച്ചു. യേശു മൂന്ന് അഭ്യര്ത്ഥനകളെയും നിരാകരിച്ചത് തെറ്റായിപ്പോയിയെന്ന് ഇന്‍ക്വിസിറ്റര്‍ ചൂണ്ടിക്കാണിച്ചു. പള്ളി — രാഷ്ട്രത്തിന്റെ [Church State] അധീശത്വത്തില്‍ ജനത വരുമ്പോഴാണ് സ്വര്‍ഗ്ഗം സമാഗതമാകുന്നതെന്നും അയാള്‍ യേശുവിനോടു പറഞ്ഞു. ഇതു കേട്ടു ഈശ്വരപുത്രന്‍ ഇന്‍ക്വിസിറ്ററുടെ ചുണ്ടുകളില്‍ ചുംബിച്ചിട്ട് കാരാഗൃഹത്തില്‍നിന്ന് ഇറങ്ങി നടന്നു. Go and return no more-never, never എന്നായിരുന്നു ഇന്‍ക്വിസിറ്ററുടെ വാക്കുകള്‍. ഇന്നത്തെ (ഇന്‍ക്വിറ്റിഷന്‍ നടക്കുന്ന കാലത്ത്) കാലത്ത് ക്രിസ്തുവിനു സ്ഥാഥമില്ല എന്നാണു അയാള്‍ സൂചിപ്പിച്ചത്.

നോലിലെ ഈ ഭാഗം അതിന്റെ സമ്പൂര്‍ണ്ണരൂപത്തില്‍ വായിച്ചു കഴിഞ്ഞാല്‍ ഡോക്ടര്‍ ജോര്‍ജ് ഓണക്കൂര്‍ കലാകൗമുദിയില്‍ എഴുതിയ ‘സത്യത്തിന്റെ മൂലം’ എന്ന ലേഖനത്തിനു സാംഗത്യവും ഔചിത്യവും ഉണ്ടെന്നു വായനക്കാര്‍ക്കു ബോധപ്പെടും. ഇതില്‍ക്കൂടുതലായി ഈ വിഷയത്തെക്കുറിച്ചെഴുതാന്‍ ഞാന്‍ ഒരുങ്ങുന്നില്ല. മഹാത്മാഗാന്ധിയെ നിന്ദിക്കുന്നവരെയും അവരുടെ യാഥാര്‍ത്ഥ വര്‍ണ്ണത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് ലേഖകന്‍. അതും ഉചിതമായി. യുധിഷ്ഠിരന്റെ തേര് ഭൂമിയില്‍ തൊടാതെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. അദ്ദേഹം ഒരു കള്ളം പറഞ്ഞപ്പോള്‍ തേരിന്റെ ആ സവിശേഷത പോയി. അതിനുശേഷം ചക്രങ്ങള്‍ ഭൂമിയില്‍ തൊട്ട് ഉരുളാന്‍ തുടങ്ങി. മരിക്കുന്നതുവരെയും മരിച്ചതില്‍പ്പിന്നീടും ഗാന്ധിജിയുടെ രഥം ഭൂമിയില്‍ നിന്നുയര്‍ന്നേ സഞ്ചരിച്ചിട്ടുള്ളു. സഞ്ചരിക്കുന്നുള്ളു.

നിരീക്ഷണങ്ങള്‍

 1. ഞാന്‍ ദ്വിതീയാക്ഷര പ്രാസവാദിയാണ് രണ്ടു കാളകളെ കലപ്പയില്‍ ചേര്‍ത്തുകെട്ടി നിലം ഉഴുതുമറിക്കുന്നതുപോലെ സജാതീയങ്ങളായ വൃഷഭാക്ഷരങ്ങളെ ഛന്ദസ്സില്‍ കെട്ടിവച്ച് അനുഭവക്ഷേത്രത്തിലൂടെ ഉഴുതുമറിക്കല്‍ നടത്തുന്നവനാണ് കവി. കാളകള്‍ ഒരേ നിറമാണെങ്കില്‍, ഒരേ വലിപ്പമുള്ളവയാണെങ്കില്‍, ഏറെ നന്ന്. അതുപോലെ സ്വരവ്യഞ്ജനങ്ങളുടെ ഐക്യം പ്രാസത്തിനു വരുന്നതും ഏറെ നന്ന്.
 2. കെ .സി. കേശവപിള്ളയുടെ ഒരു ശ്ളോകം. നല്ല ഓര്‍മ്മയില്ല. എങ്കിലും എഴുതാം. പാമ്പിന്റെ രത്നം കൊതിയന്റെ വിത്തം/സതീകുചാകേസരി തന്റെ കേശം/ഇവറ്റിലന്യന്റെ കര പ്രചാരം/മരിക്കിലല്ലാതെ ഭവിക്കയില്ല. ശരിയാണോ? സംശയം പാമ്പിന്റെ രത്നം കവി സങ്കല്പമല്ലെന്നുതന്നെ ഇരിക്കട്ടെ എത്രയെത്ര പാമ്പുപിടിത്തക്കാര്‍ അവയുടെ രക്തമെടുത്തിരിക്കും. കൊതിച്ചന്റെ വിത്തം കുടിയനായ മരുമകനു കൊടുക്കാന്‍വേണ്ടി അമ്മായി അവരുടെ കൊതിയനായ ഭര്‍ത്താവറിയാതെ പണമെടുത്തു മകള്‍ക്കു കൊടുക്കും സതീകൃപം — മിക്ക ഡോക്ടര്‍മാരും പറയും കെ.സി. കേശവപിള്ളയ്ക്കു തെറ്റു പറ്റിയെന്ന്. കേസരി തന്റെ കേശം — കൈകൊണ്ടല്ലെങ്കിലും മൃഗശാലയിലെ സൂക്ഷിപ്പുകാരന്‍ കേസരി തന്റെ കേശം തൊടുന്നുണ്ട്; വടികൊണ്ട്.
 3. നീലക്കണ്ണുകളുള്ള ഒരു ഭീമാകാരന്‍ തീരെക്കൊച്ചായ ഒരു പെണ്ണിനെ സ്നേഹിച്ചു. കൊച്ചുപെണ്ണിന്റെ ആഗ്രഹം ഒരു കൊച്ചു വീടു വേണമെന്നതായിരുന്നു. വര്‍ണ്ണോജ്ജ്വലതയാര്‍ന്ന പൂക്കളോടുകൂടി ഹണിസക്ക്ള്‍ വളരുന്ന ഉദ്യാനത്തോടുകൂടിയ ഭവനം.

  ഭീമാകാരന്‍, ഭീമാകാരനെപ്പോലെ അവളെ സ്നേഹിച്ചു. വലിപ്പമാര്‍ന്ന കാര്യങ്ങള്‍ ചെയ്യാനേ അയാളുടെ കൈകള്‍ക്കു ശീലമുള്ളു. ഭവനം നിര്‍മ്മിക്കാനോ വര്‍ണ്ണോജ്ജ്വലതയാര്‍ന്ന പൂക്കളോടുകൂടി ഹണിസക്ക്ള്‍ വളരുന്ന ഉദ്യാനത്തിന്റെ വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കാനോ അയാളുടെ കൈകള്‍ക്കു കഴിയുമായിരുന്നില്ല.

  നീലക്കണ്ണുകളുള്ള ഭീമാകാരനായിരുന്നു അയാള്‍. ഒരു കൊച്ചുപെണ്ണിനെയാണ് അയാള്‍ സ്നേഹിച്ചത്. കൊച്ചു കൊച്ചുപെണ്ണ് അവള്‍ക്കു സുഖങ്ങളില്‍ കൊതി. ഭീമാകാരന്റെ നീണ്ട കാല്‍വയ്പൂകള്‍ കണ്ട് അവള്‍ക്ക് അസ്വസ്ഥതയുണ്ടായി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവള്‍ സമ്പന്നനായ ഒരു ഹ്രസ്വകായന്റെ ആശ്ളേഷത്തില്‍ അമര്‍ന്നു. അയാള്‍ക്കു വര്‍ണ്ണോജ്ജ്വലതയാര്‍ന്ന പൂക്കളോടുകൂടി ഹണിസക്ക്ള്‍ വളരുന്ന ഉദ്യാനമുള്ള ഭവനമുണ്ട്. ഈ കവിതയുടെ അവസാനമിങ്ങനെ —

  Now the blue-eyed giant realizes,
  a giant is it even a graveyard for love
  in the garden where the honeysuckle grows
  in a riot of colours
  that sort of house

  (Nazm Hikmel 1902–63 എന്ന ടര്‍ക്കിഷ് കമ്മ്യൂണിസ്റ്റ് കവിയുടെ കാവ്യം)

  സ്ത്രീപുരുഷബന്ധത്തിന്റെ ചേര്‍ച്ചയില്ലായ്മയെ എത്ര മനോഹരമായി ഈ മഹാകവി ആവിഷ്കരിക്കുന്നുവെന്നു നോക്കുക, പ്രേമം പുഷ്പിക്കണമെങ്കില്‍ സമാനഘടകങ്ങള്‍ ഉണ്ടായിരിക്കണം.

ഏഴാച്ചേരി

എം. എസ്. സുബ്ബലക്ഷ്മി പാടുന്നതുകൊണ്ട് വേറെ ആര്‍ക്കും പാടാന്‍ പാടില്ലേ എന്ന ചോദ്യമുണ്ടാകാം. പാടാം. പാടേണ്ടതുമാണ്. പക്ഷേ തീവണ്ടിയില്‍ കയറിനിന്ന് മുഷിഞ്ഞ സാരിയുടെ നാറ്റം പരത്തി തൊണ്ടകീറുന്ന സ്ത്രീയെ സുബ്ബലക്ഷ്മി എന്നു വിളിച്ചുകൂടല്ലോ.

നീ പോയതില്‍പ്പിന്നെ നെയ്യാറിടംപിരി-
ശ്ശംഖു നീട്ടാറില്ല കാര്‍ത്തികനിലാവില്‍
മകരമഞ്ഞൊഴുകുന്ന രാവുകളില്‍ നിഴലുകള്‍
വാസനിക്കാറില്ല വഴിയമ്പലത്തില്‍.
വാകകള്‍ വന്ധ്യതയകറ്റാന്‍ ഘനാഘന
ധ്യാനം നടത്തിക്കരിനിഴല്‍ ഹോമിച്ചു
വാഴും മലയടിവശങ്ങളില്‍, വെയില്‍
കാഞ്ഞു കുംഭം തുടുക്കുന്ന നട്ടുച്ചയില്‍
എണ്ണക്കറുമ്പിയാം നിന്നെത്തിരയുന്നു
സപദളിലിണങ്ങാച്ചവറ്റിലപ്ലക്ഷികള്‍

കവിതാമയങ്ങളായ ഈ വരികള്‍ ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ കലാകൗമുദിയില്‍ എഴുതിയ ‘നീലി’ എന്ന കാവ്യത്തിലുള്ളതാണ്. ആരാണ് “നീലി?” അവള്‍ കണ്ണുകളില്‍ തീനാളമുള്ള കള്ളിയങ്കാട്ടു നീലിയാണ്: ഒറ്റച്ചിലമ്പൂരി വിറ്റ സ്ത്രീരത്നമാണ്. പക്ഷേ അവരിലൊക്കെയുണ്ടായിരുന്ന വീരധര്‍മ്മാത്മകത്വം ഇന്നില്ല. ഇന്നു കുന്തി എച്ചിലില നക്കിത്തുടയ്ക്കുന്നു. ഒക്കത്തിരുന്നു വാ കീറുന്ന കര്‍ണ്ണനെ കൊത്താന്‍ വരുന്ന ബലിക്കാക്കയെ പായിക്കുന്ന അര്‍ദ്ധനഗ്നയായ പാണ്ടിക്കുറത്തിയാണ് അവള്‍. അമ്മി കൊത്തുന്ന വില്ലുപൂരംകാരി മീനാച്ചിയാണ്. ഇന്നു മല്ലാരി പ്രിയയായ ഭാമയില്ല, തേര്‍തെളിക്കുന്ന സുഭദ്രയില്ല, ഝാന്‍സി റാണിയില്ല. സ്ത്രീക്ക് എന്തേ ഈ അധഃപതനം? അതിന്റെ കാരണം കവി തേടുന്നില്ല, അതു കവി അനുഷ്ഠിക്കേണ്ട കര്‍മ്മവുമല്ല. സ്ത്രീത്വത്തിനു സംഭവിച്ച ജീര്‍ണ്ണതയിലേക്കു കൈചൂണ്ടി സ്ത്രീയെയും പുരുഷനെയും ഉദ്ബുദ്ധരാക്കാനേ അദ്ദേഹത്തിന് ഉദ്ദേശ്യമുള്ളു. അത് ഏഴാച്ചേരി ഭംഗിയായി അനുഷ്ഠിക്കുന്നുണ്ടുതാനും. ആയിരമായിരം ഫെമിനിസ്റ്റുകള്‍ തൊണ്ടകീറി വാദിച്ചാലുണ്ടാകുന്നതിന്റെ ശക്തിയുടെ പതിനായിരം മടങ്ങ് ശക്തി ഈ കാവ്യത്തിനുണ്ട്. പ്രതിരൂപാത്മകതലത്തില്‍ക്കൂടി, ഇന്നത്തെ സ്ത്രീക്കു സംഭവിച്ചിരിക്കുന്ന വൈകാരികാഘാതം പൂര്‍വകാലത്തെ വീരതരുണികളില്‍ക്കൂടി ആവിഷ്കരിക്കുന്നു ഏഴാച്ചേരി. സ്ത്രീയുടെ പൂര്‍വകാല സൗഭാഗ്യം, നവീനകാലദുര്‍ദ്ദശ ഇവയെ അദ്ദേഹം വിദഗ്ദ്ധമായി ആലേഖനം ചെയ്യുന്നു. ഉത്കടവികാരങ്ങളും അവയെ പ്രകടിപ്പിച്ച മഹാനാടകങ്ങളും ഈ കാവ്യത്തിലുണ്ട്. ഐറണിയോടുകൂടി. എന്നാല്‍ കലാത്മകതയോടുകൂടി ഏഴാച്ചേരി കാവ്യം അവസാനിപ്പിക്കുന്നു.

കള്ളിയങ്കാട്ടെ കറുത്ത നീലി നിന്റെ
കണ്ണുകളിലിപ്പൊഴും തീനാളമുണ്ടെന്നു
കാടു പറയുന്നതും കാറ്റു പറയുന്നതും
കവിത പറയുന്നതും കള്ളം.

മുറ്റത്തെ മുല്ല

ദസ്തെയെവ്സ്കിയുടെ Brothers Karamazov എന്ന നോവലിലെ അഞ്ചാമധ്യായമായ The Grand Inquisitor എന്നത് അത്യുജ്ജ്വലമാണ്. അതിന് തുല്യമായി വിശ്വസാഹിത്യത്തില്‍ ഞാന്‍ വേറൊന്നും കണ്ടിട്ടില്ല.

ഗ്രീക്ക് പുരാവൃത്തത്തിലെ ഒര്‍ഫിയസ് (Orpheus — ഒര്‍ഫ്യൂസ് എന്നും പറയും) വിപഞ്ചിക വായിക്കുമ്പോള്‍ മരങ്ങള്‍ നൃത്തം ചെയ്യും. നദികള്‍ ചലനരഹിതങ്ങളാവും മണല്‍ക്കാടുവരെ മരങ്ങള്‍ ഒര്‍ഫീയസിന്റെ പിറകേ ചെന്ന് തോട്ടങ്ങളായി മാറും. ഗ്രീക്ക് പുരാവൃത്തത്തിലെ മറ്റൊരു കഥാപാത്രമായ അംഫീയന്‍ (Amphion) വിപഞ്ചിക മീട്ടുമ്പോള്‍ തീബ്സിലെ കല്ലുകള്‍ സ്വന്തം ഇച്ഛാശക്തിക്ക് അനുരൂപമായി ചലനംകൊള്ളുമായിരുന്നു. സംഗീതത്തിന്റെ ശക്തി. നാദത്തിന്റെ ഈ ശക്തിയെക്കാള്‍ വലിയശക്തിയാണ് വാക്കുകള്‍ക്ക്. യേശുദാസന്‍ നാദംകൊണ്ടു സ്വര്‍ണ്ണഗോപുരങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ചങ്ങമ്പുഴ വാക്കുകള്‍കൊണ്ട് ഗാനസ്രോതസ്വിനികള്‍ നിര്‍മ്മിക്കുന്നു. വെര്‍ജീനിയ വുള്‍ഫിന്റെ ഓരോ ചെറുകഥയും വാക്കുകള്‍കൊണ്ടു നിര്‍മ്മിച്ച ഗാനപ്രവാഹമാണ്. ചങ്ങമ്പുഴ ചെന്നെത്തിയ അധിത്യകയില്‍ ചെല്ലാന്‍ നമുക്കു മറ്റു കവികളില്ല. ടോള്‍സ്റ്റോയി ‘അന്ന കരേനിന’യില്‍ Horse race വര്‍ണ്ണിക്കുമ്പോള്‍. War and Peace-ല്‍ ഒരു പ്രഭുവിന്റെ മരണം വര്‍ണ്ണിക്കുമ്പോള്‍ താജ്‌മഹലുകളാണു സൃഷ്ടിക്കപ്പെടുന്നത്. ഇതിനു കഴിവുള്ള കഥാകാരന്മാര്‍ നോവലിസ്റ്റുകള്‍ നമുക്കില്ല. എം.എസ്. സുബ്ബലക്ഷ്മി പാടുന്നതുകൊണ്ട് വേറെ ആര്‍ക്കും പാടാന്‍ പാടില്ലേ എന്ന ചോദ്യമുണ്ടാകാം. പാടാം പാടേണ്ടതുമാണ്. പക്ഷേ തീവണ്ടിയില്‍ കയറി നിന്ന് മുഷിഞ്ഞ സാരിയുടെ നാറ്റം പരത്തി തൊണ്ടകീറുന്ന സ്ത്രീയെ സുബ്ബലക്ഷ്മി എന്നു വിളിച്ചുകൂടല്ലോ. നമ്മുടെ എഴുത്തുകാര്‍ക്കു കഴിവില്ലെന്നു ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ അവര്‍ റ്റോമസ്മന്‍ ഹെര്‍മന്‍ ബ്രോഹ്, ഗാര്‍സിആ മാര്‍കേസ്, ഇവോ ആന്‍ഡ്രീച്ച്, റോആ ബാസ്തോസ്, യോസ ഇവര്‍ക്കു തുല്യമാണെന്ന മട്ടില്‍ പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ആ പടിഞ്ഞാറന്‍ സാഹിത്യകാരന്മാര്‍ കലയുടെ അധിത്യകയില്‍ നില്ക്കുന്നു. ഇവിടെയുള്ളവര്‍ ഉപത്യകയില്‍ നില്ക്കുന്നു എന്നു പറയേണ്ടതായി വരും. അതു സത്യവുമാണ്. അതിനാല്‍ കോവിലന്‍ “ആത്മാഭാവങ്ങളില്‍നിന്ന് പാടേവ്യതിചലിച്ചുവോ? ഇല്ലേ ഇല്ല. സാഹിത്യകാരന്‍ അയാളുടെ ജനുസ്സിന്റെ — ജീന്‍ എന്നും — പരിവട്ടത്തില്‍ ഭ്രമണപഥത്തില്‍ മാത്രമെ ഉണ്‍മയെ സാക്ഷാത്കരിക്കുന്നുള്ളു. മറുകണ്ടം ചാടുമ്പോഴൊക്കെ അയാള്‍ ലിറ്റററി ജേര്‍ണലിസ്റ്റായിത്തീരുന്നു. എന്തുചെയ്യാം, പടിഞ്ഞാറുനോക്കികള്‍ മുറ്റത്തെ മുല്ലയുടെ മണമന്വേഷിക്കുകയും ഇല്ല.” എന്നു പറയുന്നതില്‍ യുക്തിയില്ല. മുറ്റത്തെ മുല്ലയുടെ മണം ഇവിടെയുള്ളവര്‍ ആസ്വാദിക്കുന്നുണ്ട് മുല്ലയെക്കാള്‍ പരിമളം പരത്തുന്ന പൂക്കള്‍ മറ്റു ദേശങ്ങളിലുണ്ട് എന്നേ അവര്‍ പറയുന്നുള്ളു (കോവിലന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍)

ഇ.എം.എസ്

ഹേഗല്‍ പറഞ്ഞു: “The great man of the age is the one who can put into words the will of his age, tell his age what its will is and accomplish it. What be does in the heart and essence of his age, he actualizes his age.” ഇതാണു ഗാന്ധിജി ചെയ്തത്. തന്റെ കാലയളവിലെ ഇച്ഛാശക്തിയെ വാക്കുകളിലൂടെ പ്രത്യക്ഷീകരിച്ചു മഹാത്മാഗാന്ധി, കാലയളവിന്റെ ഇച്ഛാശക്തിയെന്തെന്ന് അതിനോടു (കാലയളവിനോടു) പറയുകയും അതിനെ സാക്ഷാത്കരിക്കുകയും ചെയ്തു. തന്റെ കാലയളവിന്റെ ഹൃദയവും സാരാംശവുമാണ് ആ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നത്. കാലയളവിനെ അദ്ദേഹം യാഥാര്‍ത്ഥികരിക്കുന്നു. ഇതൊക്കെ പ്രവര്‍ത്തിക്കുന്നവനാണ് മഹാന്‍. ആ നിലയിലാണ് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി നമ്മള്‍ കാണുന്നത്. ലെനിന്‍, ബിസ്മാര്‍ക്ക്, ഗാരിബാള്‍ഡി, മവോ സെതൂങ്ങ്, ഹോചീമിന്‍ ഇവരും ഈ അര്‍ത്ഥത്തില്‍ രാഷ്ട്രപിതാക്കളാണ്.

ഹേഗലിന്റെ വാക്യങ്ങള്‍ എടുത്തെഴുതി ഞാന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന ഈ വസ്തുത തന്റേതു മാത്രമായ യുക്തിചിന്തയില്‍ക്കൂടി ശ്രീ ഇ.എം.എസ്. സമര്‍ത്ഥിച്ചിരിക്കുന്നു (ദേശാഭിമാനി വാരികയിലെ ‘രാഷ്ട്ര പിതാവാദം’ എന്ന ലേഖനം).

ഒരു കാചത്തിലൂടെ കടക്കുന്ന രശ്മികള്‍ ഒരുസ്ഥലത്ത് ഒരുമിച്ചു ചേര്‍ന്നു തിളക്കമുള്ള ബിന്ദുവായി പരിണമിക്കുമ്പോള്‍ അതിനെ ഫോക്കസ് എന്നു നമ്മള്‍ വിളിക്കുന്നു. വസ്തുതകളുടെ രശ്മികളെ ബുദ്ധിയുടെ കാചത്തിലൂടെ കടത്തിവിട്ട് ഒരു ബിന്ദുവില്‍ അതിനെ കൊണ്ടു ചെല്ലുമ്പോള്‍ അവിടെ തോജാമയമാകും. തേജുസ്സാര്‍ന്ന ആ ബിന്ദുവിനെയാണ് നമ്മള്‍ സത്യം എന്നു വിളിക്കുന്നത് അങ്ങനെയുള്ള സത്യത്തിന്റെ പ്രകാശം ഇ.എം.എസ്സിന്റെ ലേഖനത്തിലുണ്ട്. നിഷ്പക്ഷതയും യുക്തിചിന്തയുമാണ് ഇതിന്റെ മുദ്രകള്‍.

നിര്‍വ്വചനങ്ങള്‍

തന്റെ കാലയളവിലെ ഇച്ഛാശക്തിയെ വാക്കുകളിലൂടെ പ്രത്യക്ഷീകരിച്ചു മഹാത്മാഗാന്ധി കാലയളവിന്റെ ഇച്ഛാശക്തിയെന്തെന്ന് അതിനോടു (കാലയളവിനോടു) പറയുകയും അതിനെ സാക്ഷാത്ക്കരിക്കുകയും ചെയ്തു.

പ്രഫെസര്‍
അക്ഷരങ്ങള്‍ എല്ലാമറിഞ്ഞുകൂടെങ്കിലും ആര്‍ക്കും പ്രാപിക്കാവുന്ന ഒരു സ്ഥാനം.
സിറ്റി ബസ്
‘വാസുദേവവിലാസ’ത്തിലോ ‘കോട്ടയ്ക്ക’ലോ പോയി പിഴിച്ചില്‍ കഴിക്കാതെ അതു നടത്താവുന്ന ഒരിടം.
പഴയ തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ ഒരുദ്യോഗസ്ഥന്‍
‘മാര്‍ത്താണ്ഡവര്‍മ്മ’യിലെ തിരുമുഖത്തുപിള്ളയായി നാടകവേദിയില്‍ വന്നപ്പോള്‍ സ്വാഭാവികതയുള്ള മനുഷ്യന്‍. ഓഫീസിലെ കസേരയിലിരിക്കുമ്പോള്‍ നല്ല അഭിനേതാവ്.
ലേഡീസ് ആന്‍ഡ് ജെന്റല്‍മെന്‍
പ്രഭാഷകന്റെ മനസ്സിലുള്ളതു പറഞ്ഞാല്‍ ആപത്തുണ്ടാകുമെന്നതിനാല്‍ അതു മറച്ചു പ്രയോഗിക്കുന്ന സംബോധന.
തെറിക്കത്തുകള്‍
ഈശ്വരന്‍, ഗുരുനാഥന്‍, അച്ഛന്‍ ഇവരെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ആളുകള്‍ അയയ്ക്കുന്ന വ്യർത്ഥലേഖനങ്ങള്‍.
ഇന്‍ഡ്യ
എന്റെ രാജ്യത്തെ രക്ഷിക്കേണമേ എന്നു ഞാന്‍ ഈശ്വരനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നോടുകൂടി മറ്റുള്ളവരും ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്ന സ്ഥലം.

എംഗല്‍സും ദേവും

കെ ദാമോദരന്‍ (കേരളകൌമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്റെ സഹോദരന്‍) എന്നോട് ഒരിക്കല്‍ പറഞ്ഞു. ചില ദോഷങ്ങളെ അകറ്റിക്കൊണ്ട് മുതലാളിത്തം നിലനിറുത്തണമെന്നു വാദിച്ച പിന്തിരിപ്പനായ ജര്‍മ്മന്‍ തത്തഃചിന്തകനായിരുന്നു ഡൂറിങ് (Duhring) അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കു എംഗല്‍സ് മറുപടി നല്കിക്കൊണ്ടു ‘ആന്റി ഡൂറിങ്’ എന്ന പുസ്തകമെഴുതി. അതിനു ഡൂറിങ് മറുപടി എഴുതിയതായി എംഗല്‍സ് അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞുപോലും: “എന്നാല്‍ ഡൂറിങ്ങിന്റെ ആ പ്രത്യാഖ്യാനം വായിക്കാതെതന്നെ ഞാന്‍ മറുപടി എഴുതിക്കളയാം.”

പണ്ടു കേശവദേവും മറ്റൊരു പ്രഭാഷകനും തമ്മില്‍ ശണ്ഠ. തനിക്കു രണ്ടാമതായേ പ്രസംഗിക്കാനാവു എന്നു ദേവ്, മറ്റേയാളും അതിനു വേണ്ടി ശാഠ്യംപിടിച്ചു. ഒടുവില്‍ സമ്മേളന സംഘാടകരുടെ നിര്‍ബ്ബന്ധംകൊണ്ടു ദേവ് വഴങ്ങി ആദ്യം പ്രസംഗിച്ചു. അതിനുമുന്‍പ് ആദ്യമായി ദേവ് പറഞ്ഞു: മി… എനിക്കുശേഷം പ്രസംഗിക്കും, അതിന്റെ ഒരു ചുരുക്കം ഞാന്‍ സദസ്സിനു തരാം. ചുരുക്കത്തിലെ ആശയങ്ങളെ ദേവ് വിമര്‍ശിച്ചു പ്രഭാഷകനെ കളിയാക്കുകയും ചെയ്തു. അദ്ദേഹം രണ്ടാമത്തെ ആളായി പ്രഭാഷണം നടത്തിയപ്പോള്‍ ദേവ് നല്കിയ സംക്ഷിപ്തരൂപത്തിനും അതിനും ഒരു വ്യത്യാസവുമില്ലെന്നു സദസ്സുഗ്രഹിച്ചു. കാണാപ്പാഠം പഠിച്ചു പ്രഭാഷണം ആവര്‍ത്തിക്കുന്നവന്റെ ഗതികേട്.

കുങ്കുമം വാരികയില്‍ ശ്രീ. വേണുനമ്പ്യാര്‍ എഴുതിയ ‘ശേഖരം’ എന്ന ചെറുകഥ കണ്ടപ്പോള്‍ എംഗല്‍സിനെപ്പോലെ, ദേവിനെപ്പോലെ അതു വായിക്കാതെ ‘ട്രാഷ്’ എന്നു പറഞ്ഞാല്‍ തെറ്റില്ല എന്ന് എനിക്കു തോന്നി. എങ്കിലും സത്യസന്ധതയില്ലാതെ വരുമെന്നു പേടിച്ച് ഞാന്‍ അതു വായിച്ചു. എംഗല്‍സിനും കേശവദേവിനും സ്തുതി.