close
Sayahna Sayahna
Search

സാഹിത്യവാരഫലം 2001 07 20


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2001 07 20
മുൻലക്കം 2001 07 13
പിൻലക്കം 2001 07 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സമൂഹസ്ഥിതിപരിവർത്തകരിൽ തന്നെ ജയിക്കാൻ ആരുമില്ലെന്നു ദൃഢമായി വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്നെക്കാണാൻ കൂടക്കൂടെ വരുമായിരുന്നു, വളരെപ്പണ്ട്. സ്ഥിതിസമത്വത്തിന്റെ ആവശ്യകത, വിപ്ലവങ്ങളുടെ അനിവാര്യത ഇവയെക്കുറിച്ച് അദ്ദേഹം വാതോരാതെ സംസാരിക്കും. ഒരു ദിവസം സംഭാഷണമൊക്കെക്കഴിഞ്ഞ് ഞാനും ആ വിപ്ലവകാരിയും നാലുംകൂടുന്ന മുക്കിൽ വന്നുനിന്നു ബസ്സ് കാത്ത്. അപ്പോൾ എന്റെ വീട്ടിൽ തെങ്ങുകൾക്ക് തടമെടുക്കാനായി മുൻപ് വന്നിരുന്ന ഒരുവനെ ഞാൻ കണ്ടു. വിനയം ഭാവിച്ച് അയാൾ തൊഴുതപ്പോൾ അതിന്റെ പിന്നിലുള്ള ചിന്തയെന്തെന്ന് മനസ്സിലാക്കിയ ഞാൻ മൂന്നു രൂപ അയാൾക്ക് കൊടുത്തു. സമൂഹസ്ഥിതിപരിവർത്തകന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ക്ഷോഭിച്ച് പറഞ്ഞു: “കൂലിക്കാരോടും പരിചാരകന്മാരോടും ഈ ദയ പാടില്ല, അതുകാണിച്ചാൽ അവർ തലയിൽ കയറും. സമന്മാരെപ്പോലെ പെരുമാറുകയും ചെയ്യും”. വിപ്ലവവീര്യത്തിലും ബൂർഷ്വാ ചിന്താഗതി എന്ന് ഞാനങ്ങു വിചാരിച്ചുപോയി. കാലം ഇപ്പോൾ മാറിയിരിക്കുന്നു. സേവ്യസേവകഭാവം ഇന്നില്ല. യജമാനൻ അതുകാണിച്ചാൽ പരിചാരകൻ മുഖത്തു കാർക്കിച്ചു തുപ്പിയിട്ട് പാട്ടിനു പോകും. അവർക്ക് മാസന്തോറും കൊടുക്കുന്ന ശമ്പളത്തിന് വന്ന വ്യത്യാസം നോക്കുക. എഴുപതു കൊല്ലം മുൻപ് വീടുകളിൽ വേലക്കാരിയായി വരുന്ന ചെറുപ്പക്കാരിക്ക് ശമ്പളം രണ്ടു രൂപയായിരുന്നു പ്രതിമാസം. അവൾ പിഞ്ഞാണമോ ഗ്ലാസോ പൊട്ടിച്ചാൽ അതിന്റെ വില രണ്ടു രൂപയിൽ നിന്നു പിടിച്ചെടുക്കും കൊച്ചമ്മ. ഇപ്പോൾ കാലത്ത് ഒൻപതുമ ണിക്കു വീട്ടിലെത്തി ചൂലു മുറ്റത്തോടിച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ വെള്ളത്തിൽ മുക്കി മുറ്റത്തെ കയറിൽ തൂക്കിയിട്ട് രണ്ടുമ ണിക്കൂരിനകത്ത് സ്ഥലം വിടുന്ന പരിചാരികയ്ക്ക് രണ്ടായിരം രൂപയാണ് മാസന്തോറുമുള്ള ശമ്പളം. അവൾ ആഴ്ചയിൽ മൂന്നു ദിവസം വരികയുമില്ല. കൊച്ചമ്മ പരിചാരികയും പരിചാരിക കൊച്ചമ്മയുമായി മാറിയിരിക്കുന്ന അവസ്ഥാവിശേഷമാണിത്. ചില വീടുകളിൽ വേലക്കാരി തന്നെയാണ് ഗൃഹനായിക. തിരുവനന്തപുരത്തു നിന്ന് ഇരുപതു കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് ഞാൻ ഒരു മീറ്റിങ്ങിനു പോയിരുന്നു. സമ്മേളനം കഴിഞ്ഞ് “സ്ഥലത്തെ പ്രധാന ദിവ്യ”ന്റെ വീട്ടിൽ കാപ്പികുടി. പലഹാരം കൊണ്ടുവെക്കുന്നതും കാപ്പി ഒഴിച്ചു കൊടുക്കുന്നതും വീട്ടിലെ ജോലിക്കാരി. ചലച്ചിത്രതാരം പോലെയുള്ള നിതംബചലനത്തോടെ, മന്ദസ്മിതത്തോടെ അതിഥികളിരിക്കുന്നിടത്തു വരുമ്പോൾ ഗൃഹനാഥൻ ‘കണ്ണുകൾകൊണ്ട് അവളെ പാനം ചെയ്യുന്നത്” ഞാൻ എന്റെ കണ്ണുകളാൽ കണ്ടു. കമലം! കമലം! എന്ന് അയാൾ പ്രേമാതിരേകത്തോടുകൂടി വിളിക്കുന്നത് അങ്ങു ദൂരെ “കദനമൊരു രൂപമെടുത്ത പോലങ്ങനെ” നിന്ന ഒരു സ്ത്രീയും കേട്ടു. അവൾ അയാളുടെ ഭാര്യയാണ്. ആ പാവപ്പെട്ട സ്തീയെനോക്കി ഞാൻ ദു:ഖിച്ചു. ഇമ്മട്ടിൽ എത്രയെത്ര വീടുകളാണ് ഈ കേരളത്തിലുള്ളത്! ഗൃഹനായകൻ എന്തുവേണമെങ്കിലും ആ വേലക്കാരിയെ ചെയ്യട്ടെ. അത് ഞങ്ങളെക്കൂടി അറിയിക്കേണ്ടതുണ്ടോ എന്നു ഞാൻ വിചാരിച്ചു. ഇതെത്രഭേദം ഞാൻ ഒരു ബന്ധുഗൃഹത്തിൽ കണ്ട കാഴ്ചയുമായി താരതമ്യപ്പെടുത്തിയാൽ! കാപ്പിയൊക്കെ മേശപ്പുറത്ത്. ഞങ്ങൾ അതിഥികൾ ഇരുന്നു. ഗൃഹനായകനുമിരുന്നു. പെട്ടെന്ന് അയാൾക്ക് അസ്വസ്ഥത. “എവിടെ സരോജം?” എന്ന് അയാൾ ചോദിച്ചു. ഈ ചോദ്യം കേട്ട് സരോജം കുണുങ്ങിക്കുണുങ്ങി വന്നു. യജമാനന്റെ അടുത്തിട്ട ഒഴിഞ്ഞ കസേരയിൽ അവൾ ഇരുന്നു. അയാളുടെ ഭാര്യ അമാവാസിയിലെ ഇരുട്ടോടുകൂടിയ മുഖവുമായി അകലെ നിൽക്കുകയാണ്. അവരോട് ഇരിക്കാൻ പോലും പറയാതെ അയാൾ “ഇനി കാപ്പി കുടിക്കരുതോ?” എന്ന ചോദ്യവുമായി ഇഡ്ഡലി മുറിച്ച് ചമ്മന്തിയിൽ മുക്കി വായ്ക്കകത്തേക്ക് ഇട്ടു. വ്രീളാവിവശയായ പരിചാരികയും ഗൃഹനാഥനെ അനുകരിച്ചു. ഈ കാപ്പികുടിക്കു ശേഷം അയാളുടെ ഭാര്യ തൂങ്ങിച്ചാകാൻ കയർ എടുത്തിരിക്കും എന്നു ഞാൻ വിചാരിച്ചു. ഇല്ല. അങ്ങനെ വിചാരിച്ച ഞാൻ മണ്ടൻ. ആ ഗൃഹനായകൻ വേറൊരു ദേശത്തു ജോലി നോക്കുന്നു. ആ പാവം ഭാര്യയും അവിടെ കാണും. നമ്മുടെ നാട്ടിലെ സ്ത്രീകൾ എത്ര ദൗർഭാഗ്യമുള്ളവരാണ്. വിവാഹം കഴിച്ചുകൊടുത്ത സ്ഥിതിക്ക് “നീ ഭർത്താവിനോടു കൂടി താമസിക്കണം. വിട്ടുവീഴ്ചകൾ നടത്തണം” എന്നു പറഞ്ഞ് തോരാക്കണ്ണീരുമായി ചെല്ലുന്ന അവളെ ബന്ധുക്കൾ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയയ്ക്കും. അയാളുടെ വ്യഭിചാരം കണ്ടുനീറുന്ന മനസ്സോടെ അവൾ അവിടെ കഴിഞ്ഞുകൂടും. മറ്റു മാർഗ്ഗമില്ലാതെ വരുമ്പോഴാണ് അവൾ കയർ അന്വേഷിക്കുന്നത്, വിഷം കൈയിലെടുക്കുന്നത്, കടലിലേക്കു ചാടുന്നത്, മണ്ണെണ്ണ സാരിയിലൊഴിച്ച് തീ കത്തിക്കുന്നത്.

കമുകറ എന്നു കേട്ടാലുടനെ ആത്മവിദ്യാ…ലയമേ എന്ന് ഞാൻ പറയും. ലയം തീരെയില്ലാത്ത ദാരുമയമായ പാട്ടുകൾ പാടിയ ആളാണ് അദ്ദേഹം.

ആംഗ്ലോ-അമേരിക്കൻ കവി തോം ഗന്നിന്റെ (Thom Gunn) ഒരു കാവ്യത്തിലെ പരിചാരികയുടെ പരിദേവനം കേൾക്കുക:

“My little breasts, my face, my hips
My legs they study while they feed
Are not found on the list they read
While wiping gravy off their lips”

ഇവിടെ പറഞ്ഞവരിൽനിന്നെല്ലാം വിഭിന്നയായ ഒരു പരിചാരികയെയാണ് മൃണാൾ പാണ്ഡേയുടെ Bibbo എന്ന ചെറുകഥയിൽ നമ്മൾ കാണുന്നത്. (ഏത് ഇംഗ്ലീഷ് പ്രസാധനത്തോടും സാദൃശ്യം വഹിക്കുന്നതും Antara Dev Sen എഡിറ്റ് ചെയ്യുന്നതുമായ The Little Magazine, May 2000 നോക്കുക, Noam Chomski, Jhumpa Lahiri, Ashis Nandi, Martha Nussbaun, Amartya Sen, ഇവരൊക്കെയാണ് ഇതിലെ മറ്റെഴുത്തുകാർ, വില 75 രൂപ.) മനുഷ്യത്വത്തിനു പ്രാധാന്യം നൽകിയാണ് ആ പരിചാരികയോട് അവളുടെ കൊച്ചമ്മയും യജമാനനും പെരുമാറുന്നത്. വെണ്ണ, മുട്ട, പാൽ, പഴങ്ങൾ, പാൽക്കട്ടി ഇവയൊക്കെയാണ് അവളുടെ ആഹാരം. വീട്ടുകാർ കഴിക്കുന്നതെന്തും അവൾക്കും അവർ കൊടുക്കും. വലിയ സ്വാതന്ത്ര്യമാണ് ആ പരിചാരികയ്ക്ക് ആ വീട്ടിൽ. മണിക്കൂറുകൾ കൊണ്ട് പഴങ്ങളും ജാമും അപ്രത്യക്ഷമാകും അവിടെ. കൊച്ചമ്മയുടെ അമ്മ കൊടുത്തയക്കുന്ന പഴവർഗ്ഗങ്ങൾ വീട്ടിലെത്തിയാലുടൻ പകുതിയാകും. കാലത്തെ കൊച്ചമ്മയ്ക്ക് കാപ്പി സമയത്തിനുകിട്ടാറില്ല. അപ്പോൾ പരിചാരിക സുഖനിദ്രയിലായിരിക്കും. കഥാകാരി ഏതാനും വാക്യങ്ങൾകൊണ്ട് ജീവനുള്ള ആ കഥാപാത്രത്തെ നമ്മുടെ മുൻപിൽ കൊണ്ടുവരുന്നു. അങ്ങനെയിരിക്കെ അവളുടെ വീട്ടുകാർ അവൾക്ക് വിവാഹം നിശ്ചയിച്ചു. വീട്ടിൽ സ്വേച്ഛാധിപത്യം പുലർത്തുന്ന പരിചാരിക പോകുന്നതിൽ ഗൃഹനായികയ്ക്ക് സന്തോഷവും ആശ്വാസവും. ഒരുദിവസം കാറിൽ കയറി അവളങ്ങുപോയി. വൾരെ വൈകാതെ വീട്ടുകാർ അവളെ വിസ്മരിക്കുകയും ചെയ്തു. കോടിക്കണക്കിന് വേലക്കാരികളുണ്ട് ഈ ലോകത്തിൽ, പക്ഷേ മൃണാൾ പാണ്ഡേ ചിത്രീകരിക്കുന്ന പരിചാരിക അവരുടെ കഥയിൽ മാത്രമേയുള്ളൂ എന്നു പറഞ്ഞാലോ? താൻ ആലേഖനം ചെയ്യുന്ന പരിചാരികയെ നൂതനമായി കഥാകാരി കാണുന്നു. എന്നതുതന്നെ, ഇതാണ് കലയുടെ ധർമ്മം, കഥയുടെ ധർമ്മം.

* * *

​​ ഭീകരമായ ശമ്പളം ചോദിക്കുന്നു പരിചാരകർ എന്നതു മാത്രമല്ല ഇന്നത്തെ ശോചനീയമായ അവസ്ഥ. ഏതു പരിചാരിക വന്നാലും വാഷിങ്ങ് മെഷ്യനുണ്ടോ, ഗ്രൈൻഡറുണ്ടോ, വാക്വം ക്ലീനറുണ്ടോ എന്നു ചോദിക്കും. ഇവയിൽ ഏതെങ്കിലും ഒന്നില്ലെന്നു പറഞ്ഞാൽ അവൾ തല വെട്ടിച്ചു പോകും.

എനിക്ക് സീമോൻ വീൽ (Simone Weil) എന്ന ഫ്രഞ്ച് എഴുത്തുകാരിയുടെ രചനകൾ ഇഷ്ടമാണ്. അവരുടെ Oppression and Liberty (Routledge Classics, Indian price Rs. 295) ഈയിടെയാണ് ഞാൻ വായിച്ചത്. സീമോൻ പറയുന്നു അതിൽ: “To the conflict set up by money between buyers and sellers of labour has been added another conflict, set up by the very means of production, because those who have the machine at their disposal and those who are at the disposal of the machine.”

ചോദ്യം, ഉത്തരം

Symbol question.svg.png കാപട്യം ഏറ്റവും വലിയ തോതിൽ എവിടെക്കാണാം?

മൃതദേഹദർശനത്തിൽ ഓരോ വ്യക്തിയുടെയും മുഖത്ത് അതു കാണാം.

Symbol question.svg.png കടപ്പുറത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമറിഞ്ഞാൽ കൊള്ളാം.

ഒറ്റയ്ക്കിരുന്നാൽ പേടിയാകുന്ന സ്ഥലം. കാമുകിയുമായി ഇരുന്നാൽ സ്വർഗ്ഗം പോലെ തോന്നുന്ന സ്ഥലം.

Symbol question.svg.png വ്ലാഡിമിർ നബോക്കോവിന്റെ ‘ലോലിത’ എന്ന നോവൽ മാസ്റ്റർ പീസല്ലേ?

നബോകെഫിന്റെ ‘ലോലീറ്റ’ disgusting ആയ കൃതിയാണ്. അത് നോവലല്ല. വ്ലാഡിമർ എന്നല്ല ഉച്ചാരണം. അതെഴുതിക്കാണിക്കാൻ വയ്യ.

Symbol question.svg.png കമുകറ പുരുഷോത്തമന്റെ പാട്ടിനെക്കുറിച്ച് എന്താണഭിപ്രായം?

കമുകറ എന്നു കേട്ടാലുടനെ ആത്മവിദ്യാ… ലയമേ എന്ന് ഞാൻ പറയും. ലയം തീരെയില്ലാത്ത ദാരുമയമായ പാട്ടുകൾ പാടിയ ആളാണ് അദ്ദേഹം.

Symbol question.svg.png കുമാരനാശാന്റെ ‘പ്രരോദനം’ എങ്ങനെ?

വിലാപകാവ്യമെന്നാണ് വയ്പ്. വിലാപമേയില്ല അതിൽ. ഇഞ്ചിക്കറി തൊട്ടുനക്കാറില്ല. നിങ്ങൾ വിവാഹസദ്യയിൽ പായസം നാലും കഴിച്ചിട്ട്. അതുപോലെ ചങ്ങമ്പുഴക്കവിത വായിച്ചിട്ട് അതിന്റെ ദോഷം തീർക്കാൻ ‘പ്രരോദന’മെന്ന ഇഞ്ചിക്കറി തൊട്ട് നാക്കിൽ വയ്ക്കാം. മുഴുവൻ കഴിച്ചാൽ കുടലിന്റെ lower extremity വല്ലാതെ നീറും.

Symbol question.svg.png ഭർത്താവാര്?

ഭാര്യ പ്രഭാത ഭക്ഷണവേളയിൽ പറയുന്നതൊക്കെ കേൾക്കുന്നുവെന്ന് ഭാവിക്കുന്നവൻ. എന്നാൽ ഒരക്ഷരം പോലും കേൾക്കുന്നുമില്ല. ആ സമയത്തൊക്കെ ഓഫീസിലെ സുന്ദരിയെ വിചാരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ.

Symbol question.svg.png അതിരുകടന്ന വിനയം അംഗീകരിക്കാമോ?

വികലാംഗനെക്കണ്ടാലുണ്ടാകുന്ന അസ്വസ്ഥത എനിക്ക് അതിവിനയം കണ്ടാലുമുണ്ടാകും.

Symbol question.svg.png കാപട്യം ഏറ്റവും വലിയ തോതിൽ എവിടെക്കാണാം?

മൃതദേഹദർശനത്തിൽ ഓരോ വ്യക്തിയുടെയും മുഖത്ത് അതുകാണാം.

ഡീജെനറെയ്ഷൻ

ഹംഗറിയിൽ ജനിച്ച ജർമ്മൻ ഡോക്ടറും ഗ്രന്ഥകാരനുമായ മാക്സ് നൊർഡൗവിനെക്കുറിച്ച് (Max Nordau) അദ്ദേഹത്തിന്റെ Degeneration എന്ന പുസ്തകത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത് പ്രഫെസർ എസ്. ഗുപ്തൻ നായരാണ്. അതിലെ ചില വാക്യങ്ങൾ കേട്ടാലും: “Degenerates are not always criminals, prostitutes, anarchists, and pronounced lunatics, they are often authors and artists… Some among these degenerates in literature, music and painting have in recent years come into extraordinary prominence, and are revered by numerous admirers as creators of a new art, and heralds of the coming centuries.” മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘തട്ടിൻപുറം’ എന്ന കഥയെഴുതിയ പി. സുധാകരനും ‘ചില സ്വപ്നങ്ങളിൽ സീതാലക്ഷ്മിയുടെ കറുത്ത മുടിയിഴ’ എന്ന കഥയെഴുതിയ ഇന്ദു മേനോനും യഥാക്രമം കഥാകാരനല്ല, കഥാകാരിയുമല്ല. ‘ഡീജെനെറെയ്റ്റ്സു’കളാണ് (കലയുടെ അപകൃഷ്ടാവസ്ഥയിൽ എത്തിയവരാണ്). മാന്യവായനക്കാർ ആ രചനകളിലൂടെ കണ്ണോടിച്ചാൽ മതി. ഞാനിപ്പറഞ്ഞത് സത്യമാണെന്ന് ഗ്രഹിക്കാനാവും.

ഇപ്പോഴാണ് ആകാശവാണിയിൽ റിക്കാർഡിങ്ങ് ഉള്ളത്. പണ്ടൊക്കെ മൈക്കിന്റെ അടുത്തിരുന്ന് സ്ക്രിപ്റ്റ് അങ്ങ് വായിക്കുകയാണ്. അപ്പോൾ ഇസ്പീഡ് ഗുലാനെപ്പോലെ, ക്ലാവർ റാണിയെപ്പോലെ ഒരാളിരിക്കും. സമയത്തിനുള്ളിൽ വായിച്ചു തീർക്കണമല്ലോ. അതിനുവേണ്ടി പാരായണത്തിന്റെ വേഗം കൂട്ടണമെങ്കിൽ ഗുലാനോ റാണിയോ വിരലുകൾ അഞ്ചും ഒന്നിച്ച് മുകളിലോട്ട് ഉയർത്തും. അവ ചലിപ്പിക്കും. വായന മന്ദഗതിയിലാക്കണമെങ്കിൽ കൈ കടുത്ത വാതം പിടിച്ച മട്ടിൽ പതുക്കെ ചലിപ്പിക്കും. എൻ. ഗോപാലപിള്ള ശൃംഗാര രസത്തെക്കുറിച്ച് പ്രഭാഷണം നിർവഹിക്കാൻ ആകാശവാണിയിൽ ചെന്നു. മൈക്ക് അദ്ദേഹത്തിന്റെ മുൻപിൽ. അതിനടുത്ത് വൈരൂപ്യത്തിന് ആസ്പദമായ ഒരു പെണ്ണ്. അവളാണ് അനൗൺസ് ചെയ്യുന്നത്. ഗോപാലപിള്ള സ്ക്രിപ്റ്റ് മേശപ്പുറത്തിട്ട് പൊടുന്നനെ എഴുന്നേറ്റു. മുറിക്ക് പുറത്തു ചെന്നിട്ട് നാഗവള്ളി ആർ.എസ്. കുറുപ്പിനെ വിളിച്ചുപറഞ്ഞു: ‘കുറുപ്പേ, ഇവൾ എന്റെ മുൻപിലിരുന്നാൽ എനിക്ക് ശൃംഗാര രസത്തെക്കുറിച്ച് പ്രസംഗിക്കാനാവില്ല. ബീഭത്സ രസത്തെക്കുറിച്ചേ സംസാരിക്കാൻ കഴിയൂ.” കലാമണ്ഡലം ദേവകിയുടെ നവരസാഭിനയത്തിന്റെ പടങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കാണാം. അതിൽ ശൃംഗാരം എന്ന് അച്ചടിച്ചിരിക്കുന്നതിനു പകരം ബീഭത്സം എന്ന് അച്ചടിക്കേണ്ടിയിരിക്കുന്നു. ബീഭത്സം എന്ന് അച്ചടിച്ചിടത്ത് ശൃംഗാരമെന്നും.

ബീഭത്സം ഒരു രസമാണല്ലോ. അതിന്റെ സ്ഥായീഭാവം ജുഗുപ്സ. ആ സ്ഥായിഭാവം കാണണമെങ്കിൽ മലയാളം വാരികയിൽ സമദ് പനയപ്പിള്ളി എഴുതിയ ‘പ്രണയമായ് ഒരു പുഴ’ എന്ന ‘കഥ’ വായിച്ചാൽ മതി. പുഴയോട് പെൺകുട്ടി പതിവായി സംസാരിക്കുന്നു. അതുകണ്ട ഒരുത്തൻ നാടാകെ അതു പറഞ്ഞു പരത്തുന്നു. പെൺകുട്ടി പിന്നെ പുഴയുടെ അരികിൽ വരാതെയായി. കാലം കഴിഞ്ഞ് ചെന്നപ്പോൾ പുഴ മിണ്ടുന്നില്ല അവളോട്. എത്രയൊക്കെ അവൾ അഭ്യർത്ഥിച്ചിട്ടും പുഴ നിശ്ശബ്ദം. പെൺകുട്ടി അതിൽ ചാടിച്ചാവുന്നു. ഞാൻ സെക്രട്ടേറിയറ്റിൽ ഗുമസ്തനായിരുന്ന കാലത്ത് ഫയലിൽ എന്തോ എഴുതിയത് വലിയ ബുദ്ധിമാനായിരുന്ന അസിസ്റ്റന്റ് സെക്രട്ടറി എം.സി. തോമസിന് രസിച്ചില്ല. അദ്ദേഹം എന്റെ നോട്ടെഴുത്തിനെ unlimited stupidity എന്ന് വിശേഷിപ്പിച്ചു. ഇക്കഥയും അതിരറ്റ ബുദ്ധിശൂന്യതയാണ്. ജി. ശങ്കരക്കുറുപ്പിന്റെ പ്രതിരൂപാത്മകങ്ങളായ കവിതകൾ വായിച്ച് വായിച്ച് സൂര്യനെ കണ്ടാൽ പരമാത്മാവാണെന്ന മട്ടിൽ ഞാൻ നോക്കിത്തുടങ്ങി. താമരയെ കണ്ടാൽ ജീവാത്മാവെന്നും കരുതി. ഭാഗ്യം കൊണ്ട് എന്റെ വീട്ടിനടുത്തുകൂടി പുഴയില്ല. ഈ രചനയുടെ ‘ഗുട്ടൻസ്’ എന്തെന്ന് മനസ്സിലാക്കാൻ ഞാൻ പല പരിവൃത്തി അതു വായിച്ചുനോക്കി. ഏറെച്ചിന്തിച്ചു. ഇപ്പോൾ പുഴ കണ്ടാൽ ഞാനും ആ പെണ്ണിനെപ്പോലെ അതിൽ ചാടുമെന്ന് തീർച്ച.

വായനക്കാരന്റെ കൗതുകം വളർത്തുന്ന മട്ടിൽ നമ്പൂതിരി എന്ന അനുഗൃഹീത കലാകാരൻ ഇതിൽ ഒരു സ്ത്രീരൂപം വരച്ചുചേർത്തിട്ടുണ്ട്. എനിക്ക് ഒരുപാട് പ്രായമായിപ്പോയി. ഇരുപത്തഞ്ചു വയസ്സുള്ള ഒരു നവയുവാവായിരുന്നെങ്കിൽ ഞാൻ എന്ന് അഭിലഷിച്ചു പോകുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ ഇവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നമ്പൂതിരിയോട് പറയുമായിരുന്നു.

ചെന്നായ്

ജോവാന്നീ വേർഗാ (Giovanni Verga, 1840–1922) എന്ന ഇറ്റാല്യൻ നോവലിസ്റ്റിന്റെ ചെറുകഥകൾ വായിച്ചിട്ടുണ്ടോ എന്റെ വായനക്കാർ. ഇല്ലെങ്കിൽ വായിക്കണം. ഒരു കഥയെക്കുറിച്ച് ഞാൻ പറഞ്ഞുകൊള്ളട്ടെ. The Wolf എന്ന് ചെറുകഥയുടെ പേര്. ചെന്നായ് പൊക്കമുള്ള മെലിഞ്ഞ സ്ത്രീയാണ്. ചെറുപ്പം കഴിഞ്ഞെങ്കിലും ശക്തങ്ങളായ ഉറച്ച മുലകളും കറുത്ത തലമുടിയും അവൾക്കുണ്ട്. തണുത്ത, ചുവന്ന ചുണ്ടുകൾ. അവളുടെ വലിയ കണ്ണുകൾ നിങ്ങളെ വിഴുങ്ങും. ആർക്കും അവളെ തൃപ്തിപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട് ഗ്രാമത്തിലുള്ളവർ അവളെ ചെന്നായ് എന്നു വിളിച്ചു. അവൾ കടന്നു പോകുമ്പോൾ അവർ കുരിശു വരയ്ക്കും. ഇമ ചിമ്മുന്ന സമയം കൊണ്ട് അവൾ അവരുടെ ആൺ മക്കളെയും ഭർത്താക്കന്മാരെയും പിടിച്ചെടുക്കും.

യോഗ്യതയുള്ളവളായിരുന്നു അവളുടെ മകൾ. ചെന്നായുടെ മകളായതുകൊണ്ട് തന്നെ ആരും വിവാഹം കഴിക്കില്ലെന്നു വിചാരിച്ച് അവൾ ആരും കാണാതെ കരഞ്ഞു. പട്ടാളത്തിൽ നിന്ന് തിരിച്ചു വന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനെക്കണ്ട് ചെന്നായ് പ്രേമത്തിൽ വീണു. “അമ്മേ നിങ്ങൾക്കെന്തു വേണം?” എന്ന് അവൻ ഉപദ്രവം സഹിക്കാനാവാതെ ചോദിച്ചു. അവൾ പറഞ്ഞു: “എനിക്ക് നിന്നെ വേണം. സൂര്യനെപ്പോലെ നീ സുന്ദരൻ. തേൻ പോലെ നിനക്കു മാധുര്യം. എനിക്ക് നിന്നെ വേണം.” പുഞ്ചിരി പൊഴിച്ചുകൊണ്ട് അവൻ പറഞ്ഞു: “നിങ്ങളുടെ മകളെ എനിക്കും വേണം” ക്രിസ്മസ്സിനു ശേഷം വിവാഹം നടത്താമെന്ന് ചെന്നായ് സമ്മതിച്ചു. അവൾക്ക് രോഗം വന്നതുപോലെയായി. എങ്കിലും അവൾ മരുമകനെ വേട്ടയാടിക്കൊണ്ടിരുന്നു. മകൾ പോലീസിനോട് പരാതിപ്പെട്ടു. അവർ വന്ന് അവളെ (ചെന്നായെ) ഭീഷണിപ്പെടുത്തി. “കൊല്ലൂ. നീയില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ” എന്നായിരുന്നു അവളുടെ മറുപടി. വയലിലൂടെ അവൾ നടന്നു വരുന്നതു കണ്ട അവൻ കോടാലിയുമായി അവളുടെ നേർക്ക് ചെന്നു. പക്ഷേ അവൾ ഒരടിപോലും പിറകോട്ടു പോയില്ല. കറുത്ത കണ്ണുകളാൽ അവനെ ഗ്രസിച്ചുകൊണ്ട് അവൾ മുന്നോട്ടു തന്നെ നടന്നു. “നിന്റെ ആത്മാവ് ശപിക്കപ്പെടട്ടെ” എന്ന് അവൻ ഉറക്കെപ്പറഞ്ഞു.

ചെന്നായ്ക്ക് യുവാവിനോട് തോന്നിയ കാമം തന്നെയല്ലേ ശൂർപ്പണഖയ്ക്ക് ശ്രീരാമനെ കണ്ടപ്പോഴുണ്ടായത്? അതേ എന്ന് The Little Magazine ന്റെ മാർച്ച്-എപ്രിൽ 2001 ലക്കത്തിൽ ശൂർപ്പണഖ എന്ന കഥയെഴുതിയ അമിത് ചൗധരി പറയുന്നു. കാമവും അദമ്യങ്ങളായ രണ്ടുവികാരങ്ങളെന്ന് മന:ശ്ശാസ്ത്രജ്ഞൻ വിളംബരം ചെയ്യുന്നുണ്ട്. ഇവയിൽ കാമത്തിനാണ് അധീശത്വം. വിശപ്പും സഹിക്കും മനുഷ്യൻ. കാമത്തിന് സാഫല്യമുണ്ടായില്ലെങ്കിൽ അവന് സഹിക്കാനാവില്ല. ചെന്നായുടെ അനിയതമായ ലൈംഗികത്വത്തെ അവളുടെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രതിപ്രവർത്തനവും കൊണ്ട് വേർഗാ വിശദമാക്കിത്തരുന്നു. കാമവികാരമിളകിയ ആ സ്ത്രീക്ക് മൂല്യാധിഷ്ഠിതമായ വിലയിരുത്തൽ സാദ്ധ്യമല്ല. കാമമെന്ന പ്രവാഹം കൂലം തകർത്തു മുന്നേറുന്നു. ഫലമോ? ട്രാജഡി. രാമായണത്തിലെ ശൂർപ്പണഖയെസ്സംബന്ധിച്ച കഥയ്ക്ക് മിത്തിന്റെ (myth) യാഥാതഥ്യമുണ്ട്. അതിനെ പുനരാഖ്യാനം ചെയ്യുന്ന അമിത് ചൗധരി ആ യാഥാതഥ്യത്തെ ഗളഹസ്തം ചെയ്തിട്ട് വൈരസ്യമുളവാക്കുന്നു. മിത്തിന്റെ വീണ്ടും ആവിഷ്കരിക്കുമ്പോൾ നൂതനമായ ഇൻസൈറ്റ് (അന്തർവീക്ഷണം) വേണം. അമിത് ചൗധരിയുടെ കഥയിൽ അതില്ല, ദുർബ്ബലമായ രചന.

പല വിഷയങ്ങൾ

  1. രാഷ്ട്രവ്യവഹാരമണ്ഡലത്തിലെ സുപ്രധാനനായ ഒരു നേതാവിനെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം കൂടക്കൂടെ എന്നെ വീട്ടിലേക്ക് വിളിക്കും. സ്വന്തം കാര്യങ്ങൾ പറയാൻ. സ്വാർത്ഥ താല്പര്യമേറിയ നേതാക്കന്മാർ പൊങ്ങച്ചം പറയുമ്പോൾ അത് ക്ഷമയോടെ കേൾക്കാൻ ആരെങ്കിലും വേണമല്ലോ. നേതാവിനെക്കരുതി ഞാൻ കൂടക്കൂടെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് നിശ്ശബ്ദനായി ഇരുന്നുകൊടുക്കും. വൈരസ്യം മറച്ച്. ഒരിക്കൽ അദ്ദേഹം പറഞ്ഞു: കൃഷ്ണൻ നായരേ ഞാൻ ഒരു അതിസുന്ദരിയെയാണ് വിവാഹം കഴിച്ചത്. പക്ഷേ മധുവിധു ആഘോഷിക്കാനൊന്നും പറ്റിയില്ല. എന്നല്ല വിവാഹം കഴിഞ്ഞ് 72 മണിക്കൂർ ആയില്ല. അതിനുമുൻപ് സി.പി. രാമസ്വാമി അയ്യർ എന്നെ ജയിലിൽ അടച്ചു. കൃഷ്ണൻ നായരേ എനിക്ക് ആ ബ്യൂട്ടി ക്വീനിനെ വിട്ടുപോകേണ്ടതായി വന്നു. അവളുടെ ശരീരത്തിൽ എവിടെ ഉമ്മ വച്ചാലും ചെമ്പരത്തിപ്പൂപോലെ അവിടം ചുവപ്പുനിറമാകും. ‘സാറ് എത്രതവണ ചുവപ്പുനിറം ശ്രീമതിയുടെ ശരീരത്തിൽ വരുത്തി ദിവസം തോറും’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. ചോദിച്ചില്ല (ആ സ്ത്രീ മരിച്ചുപോയിരുന്നു).
  2. മുകളിൽ പറഞ്ഞ നേതാവുതന്നെ വേറൊരു ദിവസത്തെ സംഭാഷണത്തിനിടയിൽ പറഞ്ഞു: ‘ഞാൻ ഇന്ന കമ്മറ്റിയുടെ ചെയർമാൻ. എനിക്കാണ് സർവ്വാധികാരവും. പക്ഷേ മന്ത്രി കൈകടത്താൻ വന്നു കമ്മറ്റി പ്രവർത്തനങ്ങളിൽ.’ മന്ത്രിയുടെ പ്രവൃത്തി ശരിയായിരുന്നില്ല എന്നു വരുത്താൻ അദ്ദേഹം ഒരലങ്കാരപ്രയോഗം നടത്തി എന്നെ നോക്കിക്കൊണ്ട്; “കൃഷ്ണൻ നായരേ, എന്റെ ഇപ്പോഴത്തെ ഭാര്യയുടെ കൂടെ കിടക്കാൻ എനിക്കണോ അധികാരം? അതോ കൃഷ്ണൻ നായർക്കോ?” ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി. അവരുടെ ആകൃതിവൈരൂപ്യമോർത്ത് “താങ്കൾക്ക് തന്നെയാണ് അധികാരം എന്നു പറയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ പറഞ്ഞില്ല. ഞാൻ അന്ന് തടിയനായിരുന്നു. എന്നാൽ നേതാവിനായിരുന്നു ആരോഗ്യക്കൂടുതൽ. അതിനാൽ ചിന്ത മനസ്സിലടക്കി വെക്കേണ്ടിവന്നു.
  3. മഹാപണ്ഡിതൻ എന്നാണ് അദ്ദേഹത്തെ ബഹുജനം വിളിച്ചിരുന്നത്. ഒരു ദിവസം ഞാൻ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ട് വഴുതയ്ക്കാട്ട് റോഡിലൂടെ നടക്കുകയായിരുന്നു. ഒരാളിന്റെ ബുദ്ധിശൂന്യമായ പ്രവൃത്തിയെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ മഹാപണ്ഡിതൻ മൊഴിയാടി: “Then he must be the foolest of fools” ആ degree of comparison നോക്കണേ. good, better, best എന്നു പറയുന്നതുപോലെ fool, fooler, foolest. Adjective, adverb ഇവയ്ക്ക് ഡിഗ്രിയാകാം. നാമത്തിനുമാകാമെന്നല്ലേ മഹാപണ്ഡിതൻ സ്പഷ്ടമാക്കിയത്. ഞാൻ തർക്കിക്കാൻ പോയില്ല. അദ്ദേഹം എം.എ. പരീക്ഷാ ബോർഡിൽ വന്നാലോ? ഞാൻ വിദ്യാർത്ഥി.

    ഇപ്പോൾ ആരെന്ത് എഴുതിയാലും abstraction ആയിവരും. സാഹിത്യത്തിലെ ഈ വിഗത ചേതനത്വം abstraction നമ്മളെ സത്യത്തിലേക്ക് നയിക്കുകയില്ല.

  4. സാന്തായാന എന്ന തത്ത്വചിന്തകന്റെ The Sense of Beauty എന്ന പുസ്തകം വായിച്ചിട്ട് ഇരുപത്തിയഞ്ചുവർഷത്തിലേറെയായിരിക്കുന്നു. അതിൽ സ്വകാര്യ സിംബലുകളെക്കുറിച്ച് പറഞ്ഞത് ഓർമ്മയിൽ നിന്നു കുറിക്കാം. ഒരു ഋജുരേഖ വരച്ചിട്ട് നേരെ യാത്ര ചെയ്യുന്നതിന്റെ അനുഭൂതിയാണ് അത് ജനിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെടാം. ആ സ്റ്റ്രൈയ്റ്റ് ലൈൻ കണ്ടിട്ട് ‘ഹാ കന്യാകുമാരി റോഡി’ൽ തിരുവനന്തപുരത്തു നിന്ന് യാത്ര ചെയ്താൽ ഉണ്ടാകുന്ന ആഹ്ലാദമാണ് ഇത് ഉളവാക്കുന്നതെന്ന് പ്രഖ്യാപിക്കാം. വളഞ്ഞ വര വരച്ചുവെച്ചിട്ട് കോട്ടയം-പെരുമ്പാവൂർ റോഡിലൂടെ പോയാലുള്ള തലകറക്കമാണ് ഇത് സൂചിപ്പിക്കുന്നതെന്നും പറയാം. ഇവിടെ ഋജുരേഖയും വക്രരേഖയും സ്വകാര്യ പ്രതിരൂപങ്ങളാണ്. എന്നാൽ സൂര്യനും താമരയും തമ്മിലുള്ള ബന്ധം പരമാത്മാവിന്റെയും ജീവാത്മാവിന്റെയും ബന്ധത്തെ സ്പഷ്ടമാക്കുന്നു എന്നു പറഞ്ഞാൽ അവിടെ സൂര്യനോ താമരയോ സ്വകാര്യ സിംബലുകളല്ല. ശതാബ്ദങ്ങളായി അവ യഥാക്രമം പരമാത്മാവിന്റെയും ജീവാത്മാവിന്റെയും പ്രതിരൂപങ്ങളായി സ്വീകരിക്കപ്പെട്ടു പോരുന്നു.

നവീന സാഹിത്യത്തിൽ വ്യക്തിയുടെ സ്വന്തം പ്രതീകങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് അത് ദുർഗ്രഹമായി മാറുന്നു. ചോദ്യക്കടലാസ് തേടിവരുന്ന പെൺകുട്ടിയെക്കുറിച്ച് എം.ആർ. മനോഹര വർമ്മ മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ‘പഴയ ചോദ്യങ്ങൾ’ എന്ന കഥയുടെ അർത്ഥം എനിക്ക് പിടികിട്ടാത്തത് സ്വകാര്യ പ്രതിരൂപങ്ങൾ അതിൽ നിറച്ചു വച്ചിരിക്കുന്നതുകൊണ്ടാണ്. സ്വകാര്യ പ്രതീകങ്ങൾ പ്രയോഗിക്കുമ്പോൾ ചില സൂചകപദങ്ങൾ എഴുത്തുകാർ നിവേശിപ്പിക്കാറുണ്ട്. തോമാസ് മന്നിന്റെ The Black Swan എന്ന നോവലിൽ അർബ്ബുദം വന്നു മരിക്കുന്ന ഒരു സ്ത്രീയെ ചിത്രീകരിക്കുന്നു. പക്ഷേ പടിഞ്ഞാറൻ സംസ്കാരത്തിന്റെ ജീർണ്ണതയെയാണ് നോവലിസ്റ്റ് ആലേഖനം ചെയ്യുന്നതെന്ന് നോവൽ വായിച്ചാലുടനെ ഗ്രഹിക്കാം. അതിനു സഹായിക്കുന്ന സൂചകപദങ്ങൾ അതിലുണ്ട്. മനോഹര വർമ്മയുടെ കഥയിൽ അവയില്ല.

* * *

​​ കടമ്മനിട്ടയുടെ ഒരു കാവ്യസമാഹാരഗ്രന്ഥത്തിന് നരേന്ദ്ര പ്രസാദ് എഴുതിയ അവതാരിക വളരെ നന്നായിയെന്ന് ഞാൻ കടമ്മനിട്ടയോട് പറഞ്ഞു. അതുകേട്ട് കവി അറിയിച്ചു: “ങ്ഹ. എഴുതുകയാണെങ്കിൽ abstraction പാടില്ല എന്ന് ഞാൻ പ്രസാദിനോട് പറഞ്ഞു. അതനുസരിച്ച് അദ്ദേഹം എഴുതിയ അവതാരികയാണത്”. കടമ്മനിട്ടയുടെ ഈ ഉപദേശം എല്ലാവരും സ്വീകരിച്ചാൽ നന്ന്. ഇപ്പോൾ ആരെന്ത് എഴുതിയാലും abstraction ആയിവരും. സാഹിത്യത്തിലെ ഈ വിഗത ചേതനത്വം abstraction നമ്മളെ സത്യത്തിലേക്ക് നയിക്കുകയില്ല.