close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 09 19


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 09 19
മുൻലക്കം 1997 09 12
പിൻലക്കം 1997 09 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സിറിയയിലെ മഹാകവിയാണു നീസ്സാർ കബ്ബാനീ (Nizar Qabbani-b. March 21, 1923) അടുത്ത കാലത്താണ് ഞാൻ അദ്ദേഹത്തിന്റെ കാവ്യങ്ങളുമായി പരിചയം നേടിയത്. പ്രായക്കൂടുതൽ കൊണ്ട് ആറിത്തണുത്തുപോയ എന്റെ ഞരമ്പുകളിലെ ചോരയ്ക്ക് അതോടെ ചൂടുണ്ടായി. രക്തപ്രവാഹത്തിനു വേഗം കൂടി. പ്രചാരണത്തിന്റെ അരുണിമ കണ്ടാണോ എനിക്കു ഇതൊക്കെ ഉണ്ടായത്? അല്ലേയല്ല. ലെനിൻ “What is to be done” എന്ന പ്രബന്ധത്തിൽ പറഞ്ഞത് ഈ സന്ദർഭത്തിൽ ഞാൻ ഓർമ്മിക്കുന്നു. അമൂർത്തമായ കോപമല്ല ഉത്കൃഷ്ടമായ കല പ്രതിപാദിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ അത് അമൂർത്തമാകും, പ്രബോധനപരമാകും. സവിശേഷമായ അനുഭവം സവിശേഷമായ വികാരം ഉളവാക്കുമ്പോഴാണ് കല ശ്രേഷ്ഠമായിബ്‌ഭവിക്കുന്നത്. ആ വികാരം സവിശേഷ നിമിഷത്തിൽ സവിശേഷതയാർന്ന സ്ഥലത്തു ഉണ്ടാകണം. അപ്പോൾ തുല്യമായ അനുഭവം മറ്റു സ്ഥലങ്ങളിലെയും കാലങ്ങളിലെയും ജനങ്ങൾക്ക് ഉണ്ടാവുകയും അതു തങ്ങളുടെ അനുഭവം തന്നെയണെന്നു അവർക്കു മനസ്സിലാവുകയും ചെയ്യും.

ലെനിൻ പറഞ്ഞ ഈ അനുഭൂതിയാണ് കബ്ബാനിയുടെ ‘Footnotes to the Book of the Setback’ എന്ന കാവ്യം വായിച്ചപ്പോൾ എനിക്കുണ്ടയത്. 1967-ൽ‌ ഇസ്രായേൽ സൈന്യം സിറിയ സൈന്യത്തെ തോല്പിച്ചു. അറബി രാജ്യങ്ങൾ ആ പരാജയം കണ്ടു ഞെട്ടി. ആ ഞെട്ടലിന്റെ ആവിഷ്‌കാരമാണ് കബ്ബാനിയുടെ കാവ്യത്തിലുള്ളത്. അതു ജനതയെ ചലനം കൊള്ളിക്കുന്നുവെന്നു കണ്ടപ്പോൾ സർക്കാർ അതു നിരോധിച്ചു. എങ്കിലും മറ്റെല്ലാ അറബി രാജ്യങ്ങളിലും അതു പ്രചരിക്കുകയും അവിടെയുള്ളവർ അതു ഹൃദിസ്ഥമാക്കുകയും ചെയ്തു. പരിതഃസ്ഥിതികൾ വിഭിന്നങ്ങളാണെങ്കിലും കബ്ബാനിയുടെ ഈ കാവ്യം എന്റെ രാജ്യത്തെയും സംബന്ധിക്കുന്നതാണെന്ന് എനിക്കു തോന്നി. അതാണു കവിതയുടെ സാർവജനീന സ്വഭാവം.

We went to war
And lost

എന്നു കവിയുടെ പരിദേവനം. പ്രേമകാവ്യങ്ങൾ രചിച്ചിരുന്ന കവി അതോടെ കത്തി കൊണ്ടു കാവ്യങ്ങൾ രചിക്കുന്നവനായി മാറി. 1967‌-ൽ സിറിയ ആറു ദിവസത്തെ യുദ്ധമേ ഇസ്രായേലുമായി നടത്തിയുള്ളൂ. പക്ഷേ പ്രതിയോഗികൾ സിറിയയുടെ പ്രദേശങ്ങൾ പിടിച്ചെടുത്തു. എന്തുകൊണ്ട്? കവി കുറ്റപ്പെടുത്തുന്നു:

നമ്മുടെ പ്രവർത്തനങ്ങളെക്കാൾ
ശബ്ദം കൂടിയിരുന്നു നമ്മുടെ ആക്രോശങ്ങൾക്ക്. നമ്മളെക്കാൾ
ദീർഘങ്ങളായിരുന്നു നമ്മുടെ
വാളുകൾ. പുല്ലാങ്കുഴൽ
കൊണ്ടു യുദ്ധം ജയിക്കാനാവുമോ?

പ്രഭാതത്തിൽ വാർത്തകൾ കേൾക്കുന്നത് വേദനാജനകം. നായ്ക്കളുടെ കുര കേൾക്കുന്നത് വേദനാജനകം. നമ്മുടെ ശത്രുക്കൾ അതിരുകൾ കടന്നു വരികയല്ല ചെയ്തത്. നമ്മുടെ ദൗർബല്യങ്ങളിലൂടെ അവർ എറുമ്പുകളെപ്പോലെ പതുങ്ങി നീങ്ങുകയായിരുന്നു.

സുൽ‌ത്താൻ എന്നെ ഉപദ്രവിക്കുകയില്ലെന്നു ഉറപ്പുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തെക്കണ്ടു പറയുമായിരുന്നു:

‘Sulthan,
your wild dogs have torn my clothes
Your spies hound me
Their eyes hound me
Their noses hound me
They hound me like fate
Interrogate my wife
And take down the names of my friends

പ്രത്യാശയോടു കൂടി കവി പറയുന്നു:

We want a new generation
That does not forgive mistakes
That does not bend.
We want a generation
Of giants.

കവിയുടെ ഭാവനയാകുന്ന ത്രിഭുജകാചത്തിലൂടെ വന്നു വീഴുന്ന വർണ്ണങ്ങൾ കവിതയുടെതാണ്. പ്രചാരണത്തിന്റേതല്ല. സ്വന്തം രാജ്യത്തിന്റെ ദുഃസ്ഥിതി ജനിപ്പിച്ച അന്യവത്കരണബോധം കബ്ബാനിയുടെ ഏതു കാവ്യത്തിലുമുണ്ട്.

കവി വിഷാദത്തിന്റെ തീവണ്ടിയാണ്. അദ്ദേഹം ആയിരമായിരം തീവണ്ടികളിൽ സഞ്ചരിക്കുന്നു. പെട്ടിയിൽ ഭൂതകാലത്തെ പ്രേമഭാജനങ്ങളുടെ മേൽവിലാസങ്ങളുണ്ട്. ദൂരത്തിന്റെ മാംസങ്ങളെ ചവച്ചരച്ചുകൊണ്ട്, വയലുകളെ കൊള്ളയടിച്ചുകൊണ്ട്, വൃക്ഷങ്ങളെ വിഴുങ്ങിക്കൊണ്ട് തടാകങ്ങളുടെ അരികുകളെ നക്കിക്കൊണ്ട് തീവണ്ടി വേഗം വേഗം സഞ്ചരിക്കുന്നു. ഇൻസ്പെക്ടർ കവിക്കു പോകേണ്ട സ്ഥലമന്വേഷിച്ചു കൊണ്ട് ടിക്കറ്റ് ചോദിക്കുന്നു. ലക്ഷ്യസ്ഥലമെന്ന് ഒന്നുണ്ടോ? ഈ ലോകത്തെ ഒരു ഹോട്ടലിനും കവിയെ അറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ പ്രേമഭാജനങ്ങളുടെ മേൽവിലാസങ്ങളുമറിഞ്ഞുകൂടാ.

കവി വിഷാദത്തിന്റെ തീവണ്ടിയാണ്. കവിക്ക് ഇറങ്ങാനായി പ്ലാറ്റുഫോമുകളില്ല. യാത്രകളിലെല്ലാം പ്ലാറ്റ്ഫോമുകൾ വഴുതിപ്പോകുന്നു. തീവണ്ടിയാാപ്പീസുകളൂം അദ്ദേഹത്തിൽ നിന്ന് വഴുതിപ്പോകുന്നു. പ്രതിപാദ്യ വിഷയം ചൈതന്യധന്യമാകുന്നു, കബ്ബാനിയുടെ കവിതയിൽ; വസ്തുനിഷ്ഠത്വം കർതൃനിഷ്ഠത്വമാകുന്നു. എങ്കിലും അതിന് സാർവകാലിക സ്വഭാവം കൈവരുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png ഭാര്യയുടെ ഏറ്റവും വലിയ ശത്രു ഭർത്താവാണെന്ന് എന്റെ ഒരു കൂട്ടുകാരി പറയുന്നു. ശരിയാണോ?

ഭാര്യ എന്ന വാക്ക് കളയൂ. സ്ത്രീയുടെ വലിയ ശത്രു പുരുഷനല്ല. കാലമാണ്. ഇന്ന് അതിസുന്ദരിയായി കണപ്പെടുന്നവൾ ഒരാഴ്ച കൊണ്ട് തികഞ്ഞ വൈരൂപ്യമുള്ളവളായി മാറും.

Symbol question.svg.png എനിക്ക് പരിചയമുള്ള ചില സ്ത്രീകൾ ഒറ്റയ്ക്കുകണ്ടാൽ ചിരിക്കും, സംസാരിക്കും. റോഡിൽ വച്ചാണെങ്കിൽ കാണാത്ത മട്ടിൽ പോകും. എന്താ കാരണം?

കാരണം അറിഞ്ഞുകൂടാ. ‘They will hardly dare to greet/Their acquintance in the street’ എന്ന് ഷെല്ലി പറഞ്ഞിട്ടുണ്ട്.

Symbol question.svg.png എനിക്ക് നല്ല മനുഷ്യനായി വളരണമെന്നുണ്ട്. എന്തെല്ലാം ചെയ്യണം ഞാൻ?

ബാങ്കിൽ പണാമടയ്ക്കാൻ വരിയായി നിൽക്കുമ്പോൾ നിൽക്കുന്നവന്റെ തോളിന്റെ മുകളിലൂടെ കൈയിട്ട് കാഷ്യറുടെ മുൻപിൽ കറൻസി നോട്ടുകൾ വയ്ക്കണം. വേണമെങ്കിൽ മുൻപിൽ നിൽക്കുന്ന ആളിനെ തള്ളിമാറ്റുകയും ചെയ്യാം. ബസ്സിൽ കയറി സീറ്റിലിരുന്നാൽ വേറൊരാൾ ഇരിക്കാതിരിക്കൻ വേണ്ടി കാലുകൾ കവച്ചു വയ്ക്കണം. നിങ്ങൾ പുസ്തകമെഴുതുന്നവനാണെങ്കിൽ കേരളത്തിലുള്ള എല്ലാ നിരൂപകന്മാരെയും കണ്ട് നല്ല വാക്കു പറഞ്ഞ് അവരെക്കൊണ്ട് പ്രശംസ കലർന്ന ലേഖനങ്ങൾ എഴുതിക്കണം. പത്രാധിപരുടെ കാൽക്കൽ വീണ് അവ പ്രസിദ്ധപ്പെടുത്താൻ അപേക്ഷിക്കണം. എന്നിട്ട് അവ അച്ചടിച്ചു വരുമ്പോൾ നിരൂപകരോട് നന്ദി പറയണം. പിന്നീട് അഭിമുഖ സംഭാഷണങ്ങളിൽ കേരളത്തിൽ നിരൂപകന്മാരില്ലെന്ന് പത്രക്കാരോട് പറായണം. വല്ല വീട്ടിലും ചെന്നാൽ ഡോർബെല്ലടിക്കാതെ പാഞ്ഞ് അകത്തേക്ക് കയറണം. കഴിയുമെങ്കിൽ അടുക്കളയിൽ കയറി ഗൃഹനായികയെ ‘പെങ്ങളേ’ എന്നു വിളിച്ച് അവരെ ഞെട്ടിക്കണം. ടെലിവിഷൻ, റേഡിയോ ഈ മർദ്ദനോപകരണങ്ങൾ കഴിയുന്നിടത്തോളം ഉച്ചത്തിൽ പ്രവർത്തിപ്പിക്കണം. അപ്പോൾ അതിഥി വന്നാൽ അത് അടച്ചു വയ്ക്കരുത്. അതിന്റെ വലിയ ശബ്ദത്തിനും മുകളിലായി വന്നവൻ തൊണ്ട പൊട്ടുമാറ് സംസാരിക്കണം.

Symbol question.svg.png എനിക്ക് കാമുകിയോട് സ്നേഹം കൂടുമ്പോൾ ഞാൻ അവളെ പൊക്കിയെടുക്കാറുണ്ട്. അപ്പോൾ അവൾക്ക് ഭാരമൊട്ടുമില്ല. എന്താണിതിന് കാരണം?

കാമുകിയെ ഉയർത്തിയെടുക്കുമ്പോൽ ഭാരം തോന്നുകില്ല. ഫിസിക്സിലെ നിയമമൊന്നും അപ്പോൾ പ്രവർത്തിക്കില്ല. ഭാര്യയെയാണ് പൊക്കിയെടുക്കുന്നതെങ്കിൽ വലിയ ഭാരം അവൾക്കുണ്ടെന്ന് തോന്നും. സൂക്ഷിക്കണം. പണ്ട്, ചിറ്റൂര് ഒരു മുൻസിഫ് പ്രേമാതിരേകം കൊണ്ട് ഭാര്യയെ ഉയർത്തിയെടുത്തു. അദ്ദേഹത്തിന് ഉടനെ ഹെർണിയ വന്നു. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പോകുകയും ചെയ്തു.

Symbol question.svg.png ഷേക്സ്പ്പിയറിന്റെ കവിത ഇഷ്ടപ്പെടാത്ത ആളുകളുണ്ടോ?

മഹാകവി രവീന്ദ്ര നാഥ ടാഗോറിന് ഷേക്സ്പിയറിന്റെ കവിത ഇഷ്ടമില്ലായിരുന്നു.

Symbol question.svg.png പല്ലുകളെല്ലാം ശരിയായുണ്ടോ നിങ്ങളുടെ വായ്ക്കകത്ത്?

ഇപ്പോഴുണ്ട്. ചില എഴുത്തുകാർ അവ ഇളക്കുന്നതിനുമുൻപ് ഇവിടം വിട്ട് പോകണമെന്നുണ്ട്.

Symbol question.svg.png സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങിയാൽ?

റോസാപ്പൂവിൽ മൃദുത്വമെന്നപോലെ, താമരപ്പൂവിൽ പരിമളമെന്നപോലെ സ്ത്രീക്ക് പ്രകൃതി നൽകിയ മൃദുത്വവും പരിമളവുമാണ് സ്ത്രീത്വം. സ്ത്രീകൾ രാഷ്ട്രവ്യവഹാരത്തിൽ പ്രവേശിക്കുമ്പോൾ സ്ത്രീത്വം ഇല്ലാതാവും.

കുമ്മായമടിക്കൽ

സവിശേഷമായ അനുഭവം സവിശേഷമായ വികാരം ഉളവാക്കുമ്പോഴാണ് കല ശ്രേഷ്ഠമായി ഭവിക്കുന്നത്.

പണ്ടൊക്കെ പെണ്ണിന്റെ സൗന്ദര്യം നോക്കിയാണ് ‘ചെറുക്കനും’ ബന്ധുക്കളും വിവാഹം ഉറപ്പിച്ചിരുന്നത്. ഇപ്പോളതുവേണ്ട. കാരണം വൈരൂപ്യമുള്ള ഒരുപെണ്ണും ഇക്കാലത്തില്ല എന്നതു തന്നെ. പ്രിയപ്പെട്ട വായനക്കാർക്ക് തോന്നും ഞാൻ അസത്യം പറയുകയാണെന്ന്; സ്ഥൂലീകരിക്കുകയാണെന്ന്. അല്ല, ബ്യൂട്ടി പാർലറുകൾ ഏറെ വന്നു കഴിഞ്ഞു. ഇപ്പോൾ ‘കലോക്വീയൽ’ (Calloquial) ഇംഗ്ലീഷിൽ (facial) എന്നു പറയുന്ന ഒരു സൂത്രപ്പണി കൊണ്ട് സ്ത്രീവദനത്തിന് ചാരുത വരുത്തും. പെണ്ണുകാണാൻ ചെറുക്കൻ വരുന്നതിന് മുൻപ് ഭാവിവധു ബ്യൂട്ടി പാർലറിൽ ഒന്നു ചെന്നാൽ മതി ഫേഷ്യൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കുമ്മായമടിക്കൽ മുഖത്തു നടത്തി പെണ്ണിനെ സുന്ദരിയാക്കി വിടും അവിടെ നിന്ന്. ആ പെണ്ണിനെ കാണുന്ന ചെറുക്കൻ ‘എനിക്കിവളെയല്ല്ലാതെ വേറെയാരും വേണ്ടാ’ എന്ന് ഉദ്ഘോഷിച്ചുകളയും.

പണ്ടും നമ്മുടെ ചെറുകഥകൾക്ക് സെക്സിന്റെ ഫേഷ്യൽ നടത്തി സൗന്ദര്യം വരുത്തിയിരുന്നു, കഥാകാരന്മാർ. എങ്കിലും ആ ഫേഷ്യലിന് വേറെ ചില നന്മകളും അവരുടെ കഥകളിൽ ഉണ്ടായിരുന്നു. തകഴിയുടെ ‘പതിതപങ്കജം’ ‘ത്യാഗത്തിന് പ്രതിഫലം’ ഈ നീണ്ട കഥകളിൽ വെറും വദനമസ്സാജ് (massage) മാത്രമല്ല ഉണ്ടായിരുന്നത്. കാരൂരിന്റെ ‘പൂവമ്പഴം’ എന്ന കഥയിൽ ഫേഷ്യലുണ്ടെങ്കിലും ഉത്കട വികാരത്തിന്റെ പ്രച്ഛന്ന പ്രവാഹമുണ്ട്.പോലീസ് അറസ്റ്റ് ചെയ്ത ഒരു സ്ത്രീയെ മോചിപ്പിച്ച് സ്വന്തം ഇച്ഛയ്ക്ക് വിധേയയാക്കാൻ വേണ്ടി കൊണ്ടു പോകുന്ന ഒരുത്തനെ ചിത്രീകരിക്കുന്ന ശ്രീ. പി. കെ. ശ്രീനിവാസന്റെ ‘നഷ്ടമാകുന്ന സമതലങ്ങൾ’ എന്ന കഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഫേഷ്യലേയുള്ളൂ. ആ സ്ത്രീയുടെ personal tragedy വ്യക്തിനിഷ്ഠമായ ദുരന്തസ്വഭാവം - ഇല്ല. ശ്രീനിവാസന് കഥ പറയാനറിയാം. സന്ദർഭങ്ങൾ നിവേശിപ്പിക്കാനറിയാം. എവിടെയാണ് കഥ നിറുത്തേണ്ടതെന്ന് അറിയാം. കഥയ്ക്ക് സാർഥകത്വം വരുത്തി ഉത്കട വികാരപ്രദർശനത്തിലൂടെ ജീവിതവബോധം വായനക്കാർക്ക് ഉളവാക്കാൻ അറിഞ്ഞുകൂടാ.

* * *

ലണ്ടനിലെ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ സണ്ണി പറഞ്ഞത്: ടീച്ചറിന്റെ പുറകിലായി ഞാൻ കോണിപ്പടി ഇറങ്ങുകയായിരുന്നു. ഞാൻ താഴെ എത്തിയപ്പോൾ അധ്യാപിക അടുത്തെത്തി പറഞ്ഞു.

‘നീ അതു ചെയ്തു.’

ഞാൻ ചോദിച്ചു: ‘എന്തു ചെയ്തു?’

റ്റീച്ചർ: ‘എന്താണെന്നു നിനക്കറിയാമല്ലോ ചെയ്തതു സമ്മതിക്കൂ. നീ അതു ചെയ്തു സംശയമില്ല’ എന്നിട്ടു റ്റീച്ചർ നടന്നുപോയി. ഞാൻ എന്താണു ചെയ്തതെന്ന് ആലോചിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു.

നാലും മൂന്നും എത്ര?

ഭാര്യയുടെ ഏറ്റവും വലിയ ശത്രു ഭർത്താവാണെന്ന് എന്റെ ഒരു കൂട്ടുകാരി പറയുന്നു. ശരിയാണോ? ഭാര്യ എന്ന വാക്ക് കളയൂ. സ്ത്രീയുടെ വലിയ ശത്രു പുരുഷനല്ല കാലമാണ്. ഇന്ന് അതിസുന്ദരിയായി കാണപ്പെടുന്നവൾ ഒരാഴ്ചകൊണ്ട് തികഞ്ഞ വൈരൂപ്യമുള്ളവളായി മാറും

നൃത്തവും നർത്തകിയും ഒന്നാണെന്ന് ഡബ്‌ള്യു. ബി. യേറ്റ്‌സ് പറഞ്ഞിട്ടുണ്ടെങ്കിലും ഫ്രഞ്ച് കവി മലാർ മേ അതിനു മുൻപ് അഭിപ്രായപ്പെട്ടത് നൃത്തം നർത്തകിയെ വേറൊരാളായി മാറ്റുന്നുവെന്നാണ്. ശരി തന്നെ. കല്യാണ മണ്ഡപത്തിലേക്കു കാലെടുത്തു വയ്ക്കുന്ന ചെറുപ്പക്കാരി അല്‌പം മുൻപുള്ള ചെറുപ്പക്കാരിയല്ല. അതുകൊണ്ടാണ് റ്റാഗോർ എഴുതിയത് ആഹ്‌ളാദത്തിന്റെ പാൽക്കടലിൽ നിന്ന് ഉയർന്നുവരുന്ന ലക്ഷ്മീദേവിയാണ് അവളെന്ന്. വധുവിന്റെ ബാഹ്യാകൃതിക്ക് ഒരു മാറ്റവുമില്ല. എന്നാൽ ആന്തരമായ തേജസ്സ് അവളെ ലക്ഷ്‌മീദേവിയാക്കുന്നു.

മലാർമ സാധാരണ രചനയെ കണക്കിനോട്(arithmatic) ഉപമിച്ചുവെന്ന് എവിടെയോ വായിച്ചതായി ഓർമ്മയുണ്ട് എനിക്ക്. നാലും മൂന്നും എത്ര? ഏഴ് എന്ന് ഉത്തരം. ഇതിൽ തത്വവും ഉദാഹരണവും ഒന്നായിത്തീരുന്നു. പക്ഷേ ഉത്കൃഷ്ഠമായ രചന a+b എന്നതാണ്. ഭാഷകളുടെ അനന്തങ്ങളായ സാധ്യതകളെയാണ് മലാർമേ ലക്ഷ്യമാക്കിയത്. നാലും മൂന്നും ഏഴ് എന്നു പറയുന്നവൻ സാധാരണക്കാരനിൽ കവിഞ്ഞ് വേറെ ഒരാളുമല്ല. എന്നാൽ നാല് ഗുണം മൂന്ന് സമം പന്ത്രണ്ട് എന്നു പറയുന്നവൻ കലാകാരനാണ്. ഒന്നും ഒന്നും കുറച്ച് വലിയ ഒന്ന് എന്ന് പറഞ്ഞ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം വിഡ്ഢിയല്ല, കലാകാരനാണ്.

നാലും മൂന്നും ഏഴ് എന്നു പറയാൻ മാത്രം കെല്‌പുള്ള എഴുത്തുകാരിയാണ് ദേശാഭിമാനി വാരികയിൽ ‘നാണിയുടെ ലോകം’ എന്ന കഥയെഴുതിയ ശ്രീമതി പദ്‌മ. സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഉപ്പുമാവ് വിതരണം ചെയ്തിരുന്ന നാണി ബന്ധുക്കളുടെ മരണത്തിനുശേഷം ഒരാശ്രമത്തിൽ പ്രവേശിക്കുന്നു. അവിടെ എത്തുന്ന ധനികരുടെ തിളക്കം കണ്ട് അവർ അങ്ങനെ കഴിഞ്ഞുകൂടുന്നു. പാവങ്ങൾ എപ്പോഴും തടവറയ്ക്കുള്ളിലാണ്. ഉപ്പുമാവ് പങ്കുവച്ച് കൊടുക്കുമ്പോൾ വൈരുദ്ധ്യമോ വൈജാത്യമോ ഇല്ലാതെ ഒരേ തരത്തിൽ നീങ്ങുന്ന ജീവിതത്തിന്റെ കാരാഗൃഹത്തിൽ കിടക്കുന്നു അവൾ. ഭർത്താവ് തെങ്ങിന്റെ മുകളിൽ നിന്നു വീണു മരിക്കുന്നതുവരെ അവൾ പരിചരണമെന്ന തടവറയ്‌ക്കകത്ത്. ആശ്രമത്തിൽ പണമുള്ളവരെ മാത്രം കുറുക്കു വഴിയിലൂടെ സ്വാമിജിയുടെ അടുക്കലെത്തിക്കുന്ന അവൾ വേറൊരു തടവറയിൽ എല്ലാം കൊള്ളാം. പക്ഷേ കഥ നാലും മൂന്നും ഏഴ് എന്ന തത്ത്വത്തിൽ മാത്രം അടിയുറച്ചിരിക്കുന്നു. അതിനെ പന്ത്രണ്ടായി കാണാൻ പദ്‌മയ്‌ക്കു കഴിയുകയില്ല.എനിക്കു പരിചയമുള്ള ജാനകി എന്ന സാധാരണക്കാരിയായ പെണ്ണ് കല്യാണ മണ്ഡപത്തിൽ കയറുമ്പോൾ ആഹ്ലാദത്തിന്റെ പാൽക്കടലിൽ നിന്ന് ഉയർന്നു വരുന്ന ലക്‌മീദേവിയാകും. ആ മാറ്റം ഇക്കഥയിലില്ല.

നിരീക്ഷണങ്ങൾ

ആദിപാപമെന്നത് ഏദൻ തോട്ടത്തിൽ വച്ചുണ്ടായതല്ല. ചില സാഹിത്യകാരന്മാർ അതു നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. മലയാളത്തിൽ നാരായണക്കുരുക്കൾ എഴുതിയ ‘പാറപ്പുറം’ എന്ന നോവലിൽ ആ പാപമുണ്ട്. അക്കാലത്തെ മഹാരാജാവിനെ വഴിതെറ്റിച്ചിരുന്ന ഒരുദ്യോഗസ്ഥനെ അതിൽ ചിത്രീകരിച്ചിട്ടുണ്ട്. കപ്പാഴം രാമൻപിള്ള എന്ന പ്രസിദ്ധനായ ഉദ്യോഗസ്ഥനെ സി. വി. രാമൻപിള്ള ‘പ്രേമാമൃത’മെന്ന അഖ്യായികയിൽ ദുഷ്ടകഥാപാത്രമാക്കിക്കൊണ്ടുവന്നു. വയലാർ രാമവർമ്മയുടെ രണ്ടാമത്തെ വിവാഹത്തെ നീചമാക്കി വർണ്ണിച്ച് ഇവിടെയൊരാൾ നോവലെഴുതി. ഞാൻ ചെയ്യാത്ത കുറ്റം ചെയ്തുവെന്ന് ധരിച്ച് പി.കെ. ബാലകൃഷ്ണൻ എന്നെ അസഭ്യങ്ങളിൽ മുക്കി നോവലെഴുതി.സൊമർ മോമിന്റെ Cakes and Ale എന്ന നോവലിലെ ഒരു കഥാപാത്രം (Kear എന്നാണെന്നു തോന്നുന്നു പേര്) പ്രസിദ്ധനായ നോവലിസ്‌റ്റ് Sir Huge Walpole-ന്റെ പ്രതിരൂപമാണ്. റ്റോമസ് മാനിന്റെ Joseph and His Brothers എന്ന നോവലിലെ ബൻയമിൻ, മാനിന്റെ തന്നെ സഹോദരനാണ്. കെ. സുരേന്ദ്രന്റെ പല നോവലുകളും ഇന്നു ജീവിച്ചിരിക്കുന്നവരെ കൊണ്ടുവന്നിട്ടുണ്ട്. മോശമായും അല്ലാതെയും.

ഇതൊന്നും ശരിയല്ല. ജീവിച്ചിരിക്കുന്നവരെ കഥാപാത്രങ്ങളാക്കുമ്പോൾ ഫിക്ഷന്റെ തലത്തിലേക്ക് ഉയർത്തിയാൽ വലിയ ദോഷമില്ല. അതല്ല ഇന്നത്തെ സ്ഥിതി. പ്രതികാരം ചെയ്യലാണ് പലരുടെയും ലക്ഷ്യം. അരുന്ധതി റോയിയുടെ നോവലിൽ ശ്രീ. ഇ. എം. എസ്സിനെ അപകർഷപ്പെടുത്തി ആലേഖനം ചെയ്തത് ആദിപാപവും സമകാലിക പാപവുമാണ്. ആവിഷ്കാര ശക്തിയുള്ള നോവലാണ് അരുന്ധതിയുടേത്. പക്ഷേ ഒരു മഹാവ്യക്തിയെ അപാകീർത്തിപ്പെടുത്തിയത് ശരിയല്ല. ഇ. എം. എസ്സ് Defamation Act അനുസരിച്ച് കോടതിയിൽ പോകാത്തത് അദ്ദേഹത്തിന്റെ മഹാമനസ്‌കത കൊണ്ടു മാത്രമാണെന്നു നമ്മൾ ധരിച്ചാൽ മതി.

2. നൈജീരിയൻ നോവലിസ്റ്റും കവിയുമൊക്കെയായ ബെൻ ഓക്രി (Ben Ori b. 1959) The Famished oad എന്ന നോവലിന്റെ പേരിൽ ബുക്കർ സമ്മാനം നേടിയ ആളാണ്.1991-ലാണ് അദ്ദേഹത്തിന് അതുകിട്ടിയതെന്ന് ഓർമ്മ പറയുന്നു.പിന്നീട് അദ്ദേഹത്തിന്റെ Dangerous എന്ന നോവൽ വായിച്ചപ്പോൾ സുപ്രധാനമായ ആഫ്രിക്കനെഴുത്തുകാരനാണ് ഓക്രിയെന്ന് എനിക്കു തോന്നി. ഇന്ന് അദ്ദേഹത്തിന്റെ A Way of Being Free എന്ന പ്രബന്ധ സമാഹാരം വായിച്ചു കഴിഞ്ഞപ്പോൾ (Phoenix House, London- pages 133- Rs. 548=10) മഹത്ത്വത്തിലേക്കു കുതിച്ചു ചെല്ലുന്ന പ്രതിഭാശാലിയാണ് അദ്ദേഹമെന്ന് എനിക്ക് എഴുതേണ്ടിയിരിക്കുന്നുവെന്നു തോന്നി.ഭാവാത്‌മകവും അപഗ്രഥനാത്‌മകവുമായ പത്തു രചനകൾ ഇപ്പുസ്തകത്തിലുണ്ട്. ഗ്രന്ഥത്തിന്റെ സ്വഭാവം വായനക്കർക്കു മനസ്സിലാക്കിക്കൊടുക്കാനായി ചില ഭാഗങ്ങൾ ഞാനെടുത്തു കാണിക്കുന്നതേയുള്ളൂ. മഹാനായ ഓക്രിയെ നിരൂപണം ചെയ്യാനോ വിമർശിക്കാനോ എനിക്കെന്ത് അധികാരം? ഭാഷാന്തരീകരണം കലാകൊലപാതകമായതുകൊണ്ട് ഓക്രി എഴുതിയതു തന്നെ ഞാൻ ഉദ്ധരിക്കുന്നു. മലയാളം മാത്രം വായിക്കുന്നവർ ദയാപൂർവം ക്ഷമിക്കണം.

1. Region touches at the place where imagination blends into the divine. Poetry touches us where religion is inseperable from the wholly human. In heaven there could be no poetry. The same is true of hell. It is only on a sphere where heaven and hell are mixed into the fabric of the mortal frame that poetry, is possible(While the world sleeps)

2. With the greatest writers, you continue to be come more of the story long after you have finished it. If the two joys, the first teaches us humility while the second deepens our humanity (The joys of Storytelling-1)

3. The greater the visible order, the greater the hidden disorder

(The Human Race is not yet free - For Salman Rushdie)

4. The Cubists were excited by the fourth dimension in art. The African Sculptors bore testament to a fifth dimension, a world of sprits (Among the Silent Stones)

5. There are some things on earth that are stranger than death. One of these in the eternal human quest for justice; a people cannot live without it and in due course they will be prepared to die to make it possible for their children (Fables are made of this - For Ken Saro - Wiwa)

6. Politics is the art of possible; creativity is the art of the impossible (The Joys of Story telling - 3)

മഹാനായ ഒരു മനുഷ്യസ്നേഹിയെയും മഹാനായ ഒരു സാഹിത്യകാരനെയും ഞാൻ ഈ ഗ്രന്ഥത്തിൽ കാണുന്നു.

കഥ എങ്ങനെ എഴുതണം

1920-ൽ നോബൽസ്സമ്മാനം നേടിയ ക്നുട്ട് ഹാംസുൺ ഈ ശതാബ്ദത്തിലെ giant ആയി വിശേഷിപ്പിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ Lecture Tour എന്ന ചെറുകഥ മൗലികത കൊണ്ടും ഭാവനാദീപ്തി കൊണ്ടും അദ്വിതീയമാണ്. സംക്ഷേപിച്ചു പറയുമ്പോൾ കലയുടെ ശോഭ നഷ്ടപ്പെടുന്ന ഭീതിയോടെ ഞാൻ അതിനു തുനിയുന്നു.

“ഞാൻ ആധുനിക സാഹിത്യത്തെക്കുറിച്ച് പ്രഭാഷണം നിർവഹിക്കാൻ ദ്രാമൻ നഗരത്തിലേക്കു പോയി. കൈയിൽ പണമില്ലെങ്കിലും ഞാൻ ആ പട്ടണത്തിൽ ചെല്ലാനായി തീവണ്ടിയിൽ കയറി. തീവണ്ടിയിലിരുന്നു ഞാൻ പ്രഭാഷണം പഠിച്ചു. ഞാൻ ആ പട്ടണത്തിലെ പ്രമുഖനായ ഒരു പത്രാധിപരെ കണ്ടു. ‘ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു. ഉള്ള പണം നഷ്ടപ്പെടും നിങ്ങൾക്ക്. ഇവിടെയുള്ളവർക്ക് ഇത്തരം കാര്യങ്ങളിൽ താല്പര്യമേയില്ല’ എന്നാണു പത്രാധിപർ പറഞ്ഞത്. ഞാൻ ഒരു ഹോൾ വാടകയ്ക്ക് എടുത്തു. പ്രഭാഷണമുണ്ടെന്നു പരസ്യം കൊടുത്തു പത്രങ്ങളിൽ. ഞാൻ അനുഷ്ഠിക്കാൻ പോകുന്ന കൃത്യത്തിന്റെ മഹനീയതയോർത്ത് എനിക്കു മാനസികോന്നമനമുണ്ടായി. സമയമായി. റ്റിക്കറ്റ് വില്പനക്കാരൻ സന്നദ്ധൻ. പക്ഷേ എത്ര കാത്തിരുന്നിട്ടും ആരും പ്രസംഗം കേൾക്കാൻ വന്നില്ല. അന്നേ ദിവസം മൃഗങ്ങളെയും കൊണ്ട് ഒരുത്തൻ വന്നിട്ടുണ്ട് അവിടെ. കുരങ്ങുകൾ, കരടി, രണ്ടു ചെന്നായ്ക്കുട്ടികൾ. ഒരു നിലക്കരടി, ഒരു കഴുതപ്പുലി ഇവയാണു മൃഗങ്ങൾ. ഞാൻ കഴുതപ്പുലിയെക്കുറിച്ച് ഒരു പ്രഭാഷണമങ്ങു കാച്ചി ഡയക്ടറുടെ നിർദ്ദേശമനുസരിച്ച്. “ഞാൻ ഇതുപോലെയൊരു പ്രസംഗം മുൻപ് കേട്ടിട്ടേയില്ല” എന്നാണു ഡയറക്ടർ പറഞ്ഞത്. “മനുഷ്യന്റെ മനസ്സിനെ ചലനം കൊള്ളിക്കാൻ സാഹിത്യത്തിനു ശക്തിയുണ്ടെന്നു തെളിഞ്ഞില്ലേ” എന്നു ഞാൻ അയാളോടു ചോദിച്ചു. ഉച്ചയ്ക്കു ശേഷം നാട്ടിലേക്കു വരാൻ ഞാൻ തീവണ്ടിയിൽ കയറി.”

സാഹിത്യത്തിന്റെ സൗന്ദര്യത്തെ അവഗണിച്ച് മൃഗീയതയെ അംഗീകരിക്കുന്ന ലോകജനതയുടെ നേർക്കുള്ള അതിശക്തമായ ആഘാതമാണ് ഇക്കഥ. വന്ധ്യമായ ഈ ലോകത്ത് മൃഗീയത വിരാജിക്കുന്നു. മനുഷ്യനെ ഉയർത്തുന്ന സാഹിത്യത്തിന് ഒരു സ്ഥാനവുമില്ല എന്നു ഭംഗ്യന്തരേണ പറയുകയാണ് ക്നുട്ട് ഹാംസുൺ. ഇദ്ദേഹം ഇക്കാലത്തു കേരളത്തിൽ ജനിച്ചില്ലല്ലോ, മലയാളത്തിൽ കഥകളെഴുതിയില്ലല്ലോ എന്നെനിക്കു ദുഃഖം.