close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 07 10


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 07 10
ലക്കം 982
മുൻലക്കം 1994 07 03
പിൻലക്കം 1994 07 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തെക്കേയമേരിക്കയുടെ മദ്ധ്യഭാഗത്തുള്ള റിപബ്ലിക്കായ പരഗ്വേയിലെ ഒരുഗ്രാമം. ബോർഹ (Borja) നഗരത്തിലേക്കു പോകുന്ന പാത ശൂന്യമാണ്. അതിന്റെ ദീർഘതയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചില കുടിലുകൾ, സമതലത്തിൽ വ്യാപിച്ച ചൂടിന്റെ അവ്യക്തതയിൽ ഒഴുകുന്ന പ്രേതസാൻദ്രമായ വണ്ടി ഇവയൊഴിച്ചാൽ എല്ലാം ശൂന്യം. ഗ്രാമത്തിൽനിന്ന് അല്പമകലെയായി ഒരു കുന്നുണ്ട്. ആ കുന്നിന്റെ മുകളിൽ അന്തരീക്ഷത്തിന്റെ പാടലവർണ്ണത്തിന്റെ ധവളോജ്ജ്വലതയിൽ നിഴൽരൂപംപോലെ ക്രിസ്തുവിന്റെ രൂപം. കറുത്ത കുരിശിൽ തറയ്ക്കപ്പെട്ട ആ ക്രിസ്തു എപ്പോഴും അവിടെയുണ്ട്. ദുഃഖവെള്ളിയാഴ്ചയിലെ തിരുവത്താഴശുശ്രൂഷ കഴിഞ്ഞാൽ ജനങ്ങൾ വിറയ്ക്കുന്ന കൈകൾകൊണ്ടു ക്രിസ്തുരൂപത്തെ പിടിച്ചെടുക്കും. പരുക്കൻരീതിയിൽ ഒരുതരം കോപസമ്മിശ്രമായ ക്ഷമയില്ലായ്മയോടുകൂടി അതിനെ താഴത്തേക്കു കൊണ്ടുവരും. ഇവരുടെ നിലവിളികൾ ദേഷ്യത്തോളം ഉയരും. കുറച്ചുനേരം കഴിഞ്ഞ് അവർ ആ രൂപത്തെ കുന്നിന്മുകളിലേക്കു കൊണ്ടുപോയി അതിരുന്നിടത്തു വയ്കും. ഈ പ്രക്രിയ ഗ്രാമീണരുടെ വിപ്ലവാത്മകചൈതന്യത്തിന്റെ ആവിഷ്കാരമാണ്.

1811-ലാണ് പരഗ്വേ സ്വാതന്ത്ര്യം നേടിയത്. ആ രാജ്യത്തിന്റെ ആദ്യത്തെ ഡിക്റ്റേറ്ററായിരുന്നു ഹോസ ഗാസ്‌പാർ റോദ്രിഗാസ് ഫ്രാൻസിയ (Dr. Jose Gasper Rodriguez Francia) അയാൾക്ക് ഒരടിമസ്ത്രീയിൽ ജനിച്ച മക്കാറിയോയുടെ അനന്തരവനും കുഷ്ഠരോഗിയുമായ ഗാസ്പാറാണ് ക്രിസ്തുവിന്റെ രൂപമുണ്ടാക്കിയത്. അയാൾ മരിച്ചുകഴിഞ്ഞപ്പോൾ ജനത ആ ക്രിസ്തുരൂപം കണ്ടെത്തി. അവർ അതു ചുമന്നു കുന്നിൽ കൊണ്ടുവന്നു. കുഷ്ഠരോഗത്തിന്റെ അണുക്കൾ അതിനെ മലിനമാക്കില്ല എന്നായിരുന്നു അവരുടെ വാദം. അവർ അതു ചുമന്നു കൊണ്ടുവരുമ്പോൾ പെയ്ത മഴയേറ്റ് അതിന്റെ മാലിന്യങ്ങൾ കഴുകിപ്പോയി. ഒരാൾ പറഞ്ഞു. “കേൾക്കൂ. ഗാസ്പാർ ക്രിസ്തുരൂപത്തിനകത്തുണ്ട് ഗാസ്‌പാറിനു നമ്മളോട് എന്തോ പറയാനുണ്ട്.

“ I The Supreme” എന്ന അത്യുൽകൃഷ്ടമായ നോവലെഴുതിയ പരഗ്വേയിലെ സാഹിത്യകാരൻ റോആബസ്‌തൊസിന്റെ (Roa Bastos) മറ്റൊരു നോവലായ “Son of Man” (മനുഷ്യപുത്രൻ)മുകളിൽ എഴുതിയ രീതിയിലാണ് ആരംഭിക്കുന്നത്. ഈ നോവലും ബാസ്‌തൊസിന്റെ വേറൊരു മാസ്റ്റർപീസാണ്. ചിലിയിലെ നോവലിസ്റ്റ് ഏരിയൽ ദോർഫ്‌മാൻ ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:“അതു Son of Man” എന്ന നോവലായിരുന്നു. ഞാനതു തുറന്നു വായിക്കാൻ തുടങ്ങി. നേരം വെളുക്കുന്നതുവരെ താഴെ വച്ചതുമില്ല. എണ്ണമറ്റ വായനക്കരുടെ ജീവിതങ്ങളിലേക്ക് നോവൽ ഒഴുകിച്ചെല്ലട്ടെ.”

ദാന്തെ കാട്ടിൽ വച്ച് വന്യമൃഗങ്ങളെ കണ്ടപ്പോൾ പേടിച്ചോ? പേടിച്ചാലുമില്ലെങ്കിലും അദ്ദേഹത്തിന് മാർഗ്ഗം കാണിച്ചുകൊടുക്കൻ റോമൻ കവിയായ വെർജിൻ എത്തി. അദ്ദേഹം ദാന്തെയെ കൂട്ടിക്കൊണ്ടുപോയി. മലയാള ചെറുകഥയുടെ കൊടുങ്കാട്ടിലകപ്പെട്ട എന്നെ പേടിപ്പിക്കാൻ വന്യമൃഗങ്ങൾ വന്നുനിൽക്കുന്നു. പക്ഷേ സഹായിക്കാൻ ആരുമില്ലതാനും

ഡോക്‌റ്റർ ഫ്രാൻസിയ ഡിക്റ്റേറ്ററായിരുന്നെങ്കിലും രാജ്യത്തെ അഭിവൃദ്ധിയിലേക്കു നയിച്ചവനാണ്. അയാൾക്കുശേഷം രണ്ടു ഡിക്റ്റേറ്റർമാർ കൂടി പരഗ്വേ ഭരിച്ചു. സമൂഹികമായും രാഷ്ട്ര വ്യ‌വഹാരപരമായും ഔന്നത്യം പ്രാപിച്ച ആ രാജ്യത്തിനു 1932-ൽ ഒരു മഹായുദ്ധത്തിൽ ഏർപ്പെടേണ്ടതായി വന്നു. തെക്കേയമേരിക്കയിലെ വേറൊരു റിപ്പബ്ലിക്കായ ബൊലീവിയയുമായി ഉണ്ടായ യുദ്ധം 1935 വരെ നീണ്ടു. ചാക്കോയുദ്ധം (Chaco War) എന്നു വിളിക്കപ്പെട്ട ഈ സമരത്തിൽ പങ്കെടുത്ത ആളാണ് ബാസ്‌തൊസ്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പ്രാദേശിക നോവലാണ് (regioa novel) “Son of Man”. ബൊലീവിയയ്ക്ക് എണ്ണയെസ്സംബന്ധിച്ച താല്പര്യങ്ങൾ ഏറെയുണ്ടായിരുന്നതുകൊണ്ട് ആ രാജ്യത്തെ ഇംപീരിയലിസത്തിന്റെ ഏജന്റായിട്ടാണ് സ്വാതന്ത്ര്യരാഷ്ട്രങ്ങൾ കണ്ടത്. ദേശീയതയ്ക്കും സ്വാതന്ത്ര്യത്തിനും ഊന്നൽ നൽകിയ പരഗ്വേ ബൊലീവിയയുമായി യുദ്ധം ചെയ്തപ്പോൾ അതു ഇമ്പീരിയലിസത്തിന്റെയും ദേശീയതുടെയും സംഘട്ടനമായി നിഷ്പക്ഷ ചിന്താഗതിയുള്ളവർ ദർശിച്ചു. ഈ ദേശീയതയുടെ പ്രതീകമായി നോവലിൽ പ്രത്യക്ഷനാകുന്ന കഥാപാത്രം മിഗേൽ ബിറയാണ് (Miguel Vera). വിപ്ലവാഭിലാഷ്മുള്ള വിപ്ലവകാരിയാണ് അയാൾ. എങ്കിലും യഥാർത്ഥ വിപ്ലവകാരിയല്ല. ശരിയായ വിപ്ലവകാരി ക്രിസ്റ്റോവൽ ഹാറയാണ് (Christobal Jara). ബിറ ധിക്ഷണാശാലി; ഹാറ ധിക്ഷണാശാലിയല്ല. സമരമുഖത്തുള്ള ഭടന്മാർക്കു വെള്ളം കൊണ്ടു കൊടുക്കാനായി ശത്രുനിരകളുടെ ഇടയിലൂടെ ട്രക്ക് ഓടിച്ചുചെന്ന ഈ യുദ്ധവീരൻ പ്രമാദത്താൽ ബിറയാൽ കൊല്ലപ്പെട്ടു. ആത്മഹത്യയാണോ യാദൃച്ഛികമാണോ എന്നു നിർണ്ണയിക്കാൻ വയ്യാത്തവിധത്തിൽ ബിറ ഈ ലോകം വിട്ടുപോയി. അനവധാനതയിൽ നിഗ്രഹിക്കപ്പെട്ട ഹാറയാണ് Son of Man- മനുഷ്യപുത്രൻ എന്നാണ് ബാസ്തൊസിന്റെ സങ്കൽപ്പം. ഈ സങ്കൽപ്പത്തിന് ഊന്നൽ നല്കാനാണ് ഗ്രന്ഥകാരൻ കുന്നിൻമുകളിലെ യേശുരൂപത്തെ നോവലിൽ കൊണ്ടുവരുന്നത്. ഇടതുപക്ഷചിന്താഗതിക്കാരനും മാവോ സിദ്ധാന്തത്തിന്റെ ഉദ്ഘോഷകനുമാണ് ബാസ്തൊസ്. അതു ഗ്രഹിച്ചാൽ അദ്ദേഹത്തിന്റെ മതസംബന്ധിയായ ചിന്തയെ കടുത്ത വാക്കുകൾകൊണ്ടു വലതുപക്ഷക്കാർക്കും എറ്റേണ്ടതായി വന്നില്ല. രക്ഷകൻ-റിഡീമർ-ഹാറയാണെന്നു ബാസ്തൊസ് പരോക്ഷമായിട്ടല്ല ഏതാണ്ടു പ്രത്യക്ഷമായിട്ടുതന്നെ പ്രഖ്യാപിക്കുന്നു. ഗുവേരയുടെയും ഫ്രഞ്ച് വെസ്റ്റ് ഇൻഡ്യൻ സോഷൽ ഫിലോസഫറായ ഫനോങ്ങിന്റെയും (Frantz Fanon 1925-1961) ലിബറേഷൻ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ബാസ്തൊസ് നോവലിന്റെ സാരാംശത്തിലേയ്ക്കു ഇങ്ങനെ കൈ ചൂണ്ടുന്നു: “മനുഷ്യനു രണ്ടു ജന്മങ്ങളുണ്ട്. ഒന്ന് അവൻ ജനിക്കുമ്പോൾ. രണ്ട് അവൻ മരിക്കുമ്പോൾ. അവൻ മരിക്കുന്നു; പക്ഷേ മറ്റുള്ളവരിൽ അവൻ ജീവിച്ചിരിക്കുന്നു, അയൽക്കാരോട് അവൻ ദയാപൂർവ്വം പെരുമാറിയിട്ടുണ്ടെങ്കിൽ മരിക്കുമ്പോൾ ഭൂമി അവനെ വിഴുങ്ങും. പക്ഷേ സ്വന്തം ജീവിതകാലത്ത് അവൻ മറ്റുള്ളവരെ സഹായിച്ചിട്ടിണ്ടെങ്കിൽ അവനെക്കുറിച്ചുള്ള സ്മരണ നിലനിൽക്കും.” (ഒരു കഥാപാത്രം പറയുന്നത്) കൃഷിക്കാരുടെ പ്രതിനിധിയായ വിപ്ലവകാരി ക്രിസ്റ്റോവൽ ഹാറ ജനതയുടെ സ്മരണമണ്ഡലത്തിൽ ജീവിച്ചിരിക്കും, സ്യൂഡോ ഇന്റലക്വച്ചലായ മീഗേൽ ബിറ വിസ്മരിക്കപ്പെടും.

“ചെറുപ്പകാലത്തെ നിരീശ്വരന്മാർ വൃദ്ധരാകുമ്പോൾ ഈശ്വര വിശ്വാസികളാകുന്നതെങ്ങനെ?” “വാർദ്ധക്യത്തിൽ രോഗങ്ങൾ പലതും വരും. മരണം അടുത്തുവെന്നു കണ്ടാൽ പേടിച്ച് ആശ്രയസ്ഥാനം തേടും. ആ ആശ്രയസ്ഥാനമാണ് ഈശ്വരൻ. ബർട്രൻഡ് റസ്സൽ, സാർത്ര് ഇവർപോലും ജീവിതാന്ത്യത്തിൽ ഒരതീത സത്യത്തിൽ വിശ്വസിച്ചു.”

മരത്തിൽ കൊത്തിയെടുത്ത യേശു ഒരു പ്രതീകമായിരിക്കുന്നതുപോലെ തീവണ്ടിയും എതിലെ ഒരു പ്രതീകമത്രേ. അവികസിത രാജ്യങ്ങളിൽ തീവണ്ടി ഓടാൻ തുടങ്ങുമ്പോൾ ധനികർ കൂടുതൽ ധനികരാകും, കൃഷിക്കാർ നശിക്കും എന്നാണ് എല്ലാ ലാറ്റിനമേരിക്കൻ നോവലിസ്റ്റുകളും വിശ്വസിക്കുക. ആ വിശ്വാസം ബാസ്തൊസിനിമുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു തീവണ്ടി നോവലിന്റെ പുറങ്ങളിലൂടെ പാഞ്ഞുപോകുന്നുണ്ട്. അതിന്റെ കൃത്യം വിപ്ലവകാരികൾ സഞ്ചരിക്കുന്ന മറ്റൊരു തീവണ്ടിയെ തകർക്കുക എന്നതാണ്. തീവണ്ടി സാമ്പദിക പാരതന്ത്ര്യത്തിന്റെ മാത്രമല്ല മുതലാളിത്തത്തിന്റെയും പ്രതീകമാണ് ഈ നോവലിൽ. Then the railway came. Work began onthe line to Encarnacion, Giving employment to the villagers. Many of them were buried under the quebracho sleepers which rang like metal ingots against their spades എന്നു ബാസ്തൊസ്. മർദ്ദകർ ഒരു വശത്ത; മർദ്ദിതർ മറുവശത്ത്. ഒരു വശത്ത് രാജ്യദ്രോഹികൾ, മറുവശത്ത് രക്തസാക്ഷികൾ. ഇവരുടെ പോരാട്ടം നിരന്തരമായി നടക്കുന്നു. “In Paraguay we have no literature, so I have no tradition behind me, no design to take off from. I have to be my own magician everyday എന്നു ബാസ്തൊസ് പറഞ്ഞു. മാന്ത്രികനായ അദ്ദേഹം മാജിക് കൊണ്ടു നിർമ്മിച്ച ഒരദ്ഭുത ദർശനമാണ് ഈ നോവൽ. Son of Man-Translated by Rachel Caffyon-Monthly Review Press- New York- $ 7 = Pages 279.

ചൂട്ട് എരിഞ്ഞുതീർന്നാൽ?

ശിവപ്രസാദ് വേലുകുട്ടി ‘കരുണ’യിലെ വാസവദത്തയായി വേഷംകെട്ടി നാടകവേദിയിൽ നിൽക്കുന്നതു കണ്ടു വിസ്മയാധീനനായിപ്പോയ ഞാൻ അദ്ദേഹത്തെ വേഷം കെട്ടാത്ത അവസ്ഥയിൽ കാണാനായി താമസസ്ഥലത്തു പോയതും കണ്ടതിനുശേഷം മോഹഭംഗത്തിൽ വീണുപോയതും മറ്റും മുൻപെഴുതിയിട്ടുണ്ട്. എന്തൊരന്തരം! നാടകവേദിയിലെ വാസവദത്ത നിത്യജീവിതത്തിൽ നമ്മൾ കാണുന്ന ഏതു സുന്ദരിയെക്കാളും സുന്ദരി. വേലുക്കുട്ടിയെ നേരിട്ടു കണ്ടപ്പോൾ അദ്ദേഹത്തിന് വൈരൂപ്യം ഒട്ടുമില്ലെങ്കിലും സൗന്ദര്യം തീരെയില്ല.

പീറാന്തെല്ലോ എന്ന മഹാനായ സാഹിത്യകാരൻ നൽകിയ ഉദാഹരണം Malcolm Bradbury തന്റെ The Modern World-Ten Great Writers എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. പീറാന്തെല്ലോ കാണാനിടയായ ഒരു വൃദ്ധ തലമുടിയാകെ കറുപ്പിച്ചിരുന്നു. എന്നിട്ട് അസഹ്യമായ ഏതോ കുഴമ്പും തേച്ചിരുന്നു. റൂഷ് പുരട്ടി കവിളുകൾ ചുവപ്പിച്ച് അവരൊരു കൊച്ചുപെൺകുട്ടിയെപ്പോലെ അദ്ദേഹത്തിന്റെ മുൻപിലിരുന്നു. പീറാന്തെല്ലോക്കു ചിരിക്കാൻ തോന്നി. പക്ഷേ പിന്നീടൊന്ന് ആലോചിച്ചപ്പോൾ മറ്റൊരു മാനസിക നിലയായിരുന്നു അദ്ദേഹത്തിന്. തന്നെക്കാൾ പ്രായം വളരെക്കുറഞ്ഞ ഭർത്താവ് അവൾക്കുണ്ടെന്നിരിക്കട്ടെ. അയാൾ കൈവിട്ടുപോകാതിരിക്കാനാണ് കിഴവിയുടെ ‘മെയ്ക്കപ്പ്’ എന്നാണെങ്കിലോ? ആ വിചാരമുണ്ടായപ്പോൾ പീറാന്തെല്ലോയുടെ ഹാസ്യമനോഭാവം പോയി. പകരം സഹതാപം.

പുഷ്കിന്റെ Queen of Spades എന്ന കഥയിൽ ഏതാണ്ട് ഇതിനു സദൃശമായ ഒരു സംഭവമുണ്ടെന്നും ഓർമ്മ വന്നു. ചീട്ടുകളിയെസ്സംബന്ധിച്ച രഹസ്യം ഒരു വൃദ്ധയിൽനിന്നു മനസ്സിലാക്കാനായി ഒരുത്തൻ അവരറിയാതെ അവരുടെ വീട്ടിൽ കയറി. വൃദ്ധ എവിടെയോ പോയിട്ടു തിരിച്ചുവന്നു കണ്ണാടിയുടെ മുൻപിൽനിന്നു മെയ്‌ക്കപ്പ് മാറ്റുകയായിരുന്നു. തലമുടിയിൽ തിരുകിയിരുന്ന പല പിന്നുകൾ താഴെ വന്നു വീണു. അപ്പോൾ അവർക്കുണ്ടായിരുന്നത് ഭീകര രൂപം മാത്രം.

അടുത്തകാലത്ത് ഞാൻ കീർക്കെഗോറിന്റെ Fear and Trembling എന്ന പുസ്തകം വായിച്ചു. ഒരുത്തൻ മെയ്‌ക്കപ്പ് നടത്തി വിഗ് വച്ച് നിന്നപ്പോൾ സ്ത്രീക്കു വല്ലാത്ത താല്പര്യം അയാളെസ്സംബന്ധിച്ച്. ആ കൃത്രിമ വേഷത്തിന്റെ ആകർഷകത്വത്താൽ അയാൾ പെണ്ണിനെ പാട്ടിലാക്കി. കീർക്കെഗോർ ചോദിക്കുന്നു. ഈ ചതി അയാൾ അവളോടു ഏറ്റുപറഞ്ഞാൽ, കഷണ്ടികാരനാണ് താനെന്നു വിഗ് മാറ്റി അവളെ ഗ്രഹിപ്പിച്ചാൽ ആകർഷകത്വം അതോടെ ഇല്ലാതാവുകയില്ലേ? ഇല്ലാതാകും എന്നുതന്നെയാണു് നമ്മുടെ ഉത്തരം. ശ്രീ. വി. പി. മനോഹരൻ കലാകൗമുദിയിൽ എഴുതിയ ‘കളിയാട്ടം’ എന്ന ചെറുകഥ വായിച്ചപ്പോൾ ഇങ്ങനെയൊക്കെ കുറിക്കാനാണ് എനിക്കു തോന്നിയത്. ഈ പംക്തിയുടെ സ്വഭാവവും അതുതന്നെയാണല്ലോ. രചനയെ സുന്ദരമാക്കാൻ സകലാ മെയ്‌ക്കപ്പുകളും കഥാകാരൻ നടത്തുന്നു. വൃദ്ധയായെങ്കിലും ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെടാത്ത അമ്മ. അവർ മൂത്തമകന്റെ ജോലിസ്ഥലത്തു പോയി സകല സൗഭാഗ്യങ്ങളും ആസ്വദിച്ചിട്ട് ഇളയമകന്റെ വീടിലെത്തിയിരിക്കുകയാണ്. കാവിലെയോ മറ്റൊ ഉത്സവം കാണാൻ. ആ മകൻ ദരിദ്രൻ. എങ്കിലും അമ്മ താൽക്കാലിക വാസത്തിനു തിരിച്ചു വരുന്നതുകൊണ്ടു റ്റെലിവിഷൻ സെറ്റ് വാങ്ങിവച്ചിരിന്നു. കാവിലെ ഉത്സവം തുടങ്ങാറായപ്പോൾ അവരെ ആരോ അതു കാണാൻ ക്ഷണിച്ചു. പക്ഷേ അവർ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റില്ല. കിഴവിക്കു റ്റെലിവിഷനിലെ ദൃശ്യങ്ങൾ കണ്ടാൽ മതി. ഈ പര്യവസാനത്തിൽ എത്താൻ എന്തെല്ലാം മെയ്‌ക്കപ്പാണ് വി.പി. മനോഹരൻ നടത്തുന്നത്! അതു കൊള്ളാന്താനും. പക്ഷേ ഒരു മുന്നറിയിപ്പുമില്ലാതെ മെയ്ക്കപ്പ് മാറ്റി സാക്ഷാൽ രൂപത്തിൽ കഥാവൃദ്ധ നിൽക്കുന്നു. അപ്പോൾ അനുവാചകന് വെറുപ്പ്. അലംകാരവും അംഭവവർണ്ണനയുമൊക്കെ വിട്ടു പറയാം. കഥയുടെ മുക്കാൽഭാഗത്തും വർണ്ണിച്ച കാര്യങ്ങളുടെ സ്വാഭാവിക പരിണാമമല്ല അതിന്റെ പര്യവസാനം. ക്ലൈമാക്സിലേക്കല്ല, ആന്റിക്ലൈമാക്സിലേക്കാണ് കഥയുടെ പോക്ക്. ചൂട്ടെരിഞ്ഞുതീരുന്നതുപോലെ കഥ എരിഞ്ഞു തീരുന്നു. ഇരുട്ടിൽ അതുവരെ വഴികാണിച്ചുതന്ന ചൂട്ടു കത്തിത്തീരുമ്പോൾ യാത്രക്കാരന് നിരാശതയും വിഷാദവുമാണല്ലോ. ആ വികാരങ്ങൾ ജനിപ്പിക്കുന്നു ഇക്കഥയും.

ഏഴാച്ചേരി

മാനവചരിത്രത്തിൽ പ്രതികൂലമായും അനുകൂലമായും ഏതു മാറ്റവുമുണ്ടാകട്ടെ. തന്റെ വിശ്വാസത്തിൽനിന്നു അൽപമ്പോലും വ്യതിചലിക്കാൻ കവി ശ്രീ. ഏഴാച്ചേരി രാമചന്ദ്രന് സമ്മതമില്ല. അതിനുദാഹരണമാണ് കലാകൗമുദിയിൽ അദ്ദേഹമെഴുതിയ ‘ശിവം’ എന്ന കാവ്യം.

മാനവചരിത്രത്തിൽ പ്രതികൂലമായും അനുകൂലമായും ഏതു മാറ്റവുമുണ്ടാകട്ടെ. തന്റെ വിശ്വാസത്തിൽനിന്നു അൽപമ്പോലും വ്യതിചലിക്കാൻ കവി ശ്രീ. ഏഴാച്ചേരി രാമചന്ദ്രന് സമ്മതമില്ല. അതിനുദാഹരണമാണ് കലാകൗമുദിയിൽ അദ്ദേഹമെഴുതിയ ‘ശിവം’ എന്ന കാവ്യം. സോവിയറ്റ് റിപ്പബ്ലിക്കിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും രാഷ്ട്രവ്യവഹാരപരമായി വന്ന പരിവർത്തനങ്ങൾ താൽക്കാലികമാണെന്നും അവ കാലം കഴിയുമ്പോൾ സ്വയം നിർമാർജ്ജനം ചെയ്യപ്പെട്ട് പൂർവാവസ്ഥ സംജാതമാകുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് കാവ്യത്തിന്റെ സമാരംഭം. ‘പാൽക്കടൽ വിട്ടു പരാപരനെൻ പെരുമാൾ വരുമെന്ന്’ കവി കൊതിച്ചു. അതു സംഭവിക്കുകയും ചെയ്തു. പക്ഷേ പാപത്തുടലികൾ നേരത്തെ വിതച്ച മുത്തുകൾ നക്കിയുണക്കുകയും വിളവുകൾ പാഴാക്കുകയും ചെയ്തു. കവിക്ക് അനുഗ്രഹദായകമായ വർഷാമേഘത്തോട് ഒരപേക്ഷയേയുള്ളൂ. ‘പാലയമാം’.

തന്റെ രാഷ്ട്രവ്യവഹാരപരമായ വിശ്വാസത്തിൽനിന്ന് കവി ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന അമേരിക്കൻ കാളസർപ്പതിന്റെ ഭീകരതിയിലേക്കു വരുന്നു. അതിനെയൊക്കെ പ്രതിരൂപാത്മകമായി ആവിഷ്കരിച്ചിട്ട് പൂർവകാല സൗഭാഗ്യങ്ങളിലേക്കും ആധുനികകാല ദൗർഭാഗ്യങ്ങളിലേക്കും വരുന്നു. ഔത്തരാഹന്‌മാരുടെ ക്രൂരത ദാക്ഷിണത്യരുടെമേൽ വന്നുവീഴുന്നതിനെ ചിത്രീകരിക്കുന്നു അദ്ദേഹം. സത്യത്തിനു പല തലങ്ങളുണ്ടല്ലോ. ആ തലങ്ങളെ കൂട്ടിയിണക്കുന്നത് ലയമാണ്. കടൽ സത്യത്തിന്റെ ഒരുതലം. കാട്ടിൽ മേയാൻ പോകുന്ന ആട്ടിൻകൂട്ടം സത്യത്തിന്റെ വേറൊരു തലം. രണ്ടിനും സാദൃശ്യമില്ലെങ്കിലും കടലിന്റെ ഉപരിതലത്തെ ലയാത്മകചലനവും ആട്ടിങ്കൂട്ടത്തിന്റെ മുകൾ ഭാഗത്തെ ലയാത്മകചലനവും തുല്യം. ഇവയെ അവലംബിച്ച് അജഗമനത്തെ തരംഗചലനവുമായി ബന്ധിപ്പിക്കാം. (ആശയം പരകീയം) അങ്ങനെ ബന്ധിപ്പിക്കുമ്പോൾ ആ സമാന ലയത്തെ കാണാൻ പലർക്കും സാധിച്ചില്ലെന്നു വരും. ഏഴാച്ചേരിയുടെ കാവ്യത്തിനും ആ ദോഷമുണ്ട്; അത് ദോഷമാണെങ്കിൽ. എങ്കിലും ലക്ഷ്യവേധിതന്നെ ‘ശിവം’. ലക്ഷ്യവേധിയായതുകൊണ്ട് പ്രചരണത്തിന് ഊന്നൽ നല്കിയെന്നു കരുതാൻ വയ്യ. ‘വാനാർത്ഥാവിവ സപൃക്തൗ വാടിയ വനമാലതികൾ വിളിക്കേ’ എന്നും മറ്റുമുള്ള ഭാഗങ്ങളിൽ കവിതയ്ക്കുതന്നെയാണ് പ്രാധാന്യം.

വെർജിലേ വരൂ

ദാന്തെ കാട്ടിൽവച്ച് വന്യമൃഗങ്ങളെ കണ്ടപ്പോൾ പേടിച്ചോ? പേടിച്ചാലുമില്ലെങ്കിലും അദ്ദേഹത്തിനു മാർഗ്ഗം കാണിച്ചുകൊടുക്കാൻ റോമൻ കവിയായ വെർജിൽ എത്തി. അദ്ദേഹം ദാന്തെയെ കൂട്ടിക്കൊണ്ടുപോയി. മലയാളചെറുകഥയുടെ കൊടുങ്കാട്ടിലകപ്പെട്ട എന്നെ പേടിപ്പിക്കാൻ വന്യമൃഗങ്ങൾ വന്നു നിൽക്കുന്നു. പക്ഷേ സഹായിക്കാൻ ആരുമില്ലതാനും. അങ്ങനെയൊരു ക്രൂരമൃഗമാണ് ശ്രീ. പി. ആർ. നാഥന്റെ ‘അളകനന്ദ’ എന്ന ചെറുകഥയെന്നു പറയാൻ എനിക്കു വൈഷമ്യമില്ലാതില്ല. കാരണം അതിന്റെ രചയിതാവ് എന്റെ പഴയ സുഹൃത്താണെന്നതാണ്. അദ്ദേഹം തിരുവനന്തപുരത്ത് ജോലിയായിരുന്നപ്പോൾ ഞാനും അദ്ദേഹവും നോവലിസ്റ്റ് ശ്രീ. കെ. സുരേന്ദ്രനും ഒരുമിച്ചു സായാഹ്നസവാരികൾ നടത്താറുണ്ടായിരുന്നു. ഒരിക്കൽ സുരേന്ദ്രനും നാഥനും കൂടി എന്റെ വീട്ടിലേക്കു വരുമ്പോൾ ഞാൻ വഴിയിൽ വച്ച് അവരെക്കണ്ടതും പിന്നീട് ഞങ്ങൾ ഒരുമിച്ചു നടന്നതും ഓർമ്മയിലെത്തുന്നു. അങ്ങനെ മനസ്സു കൊണ്ടടുത്ത ഒരു നല്ല മനുഷ്യന്റെ രചനയെ സിംഹമായോ പുലിയായോ ചെന്നായായോ കാണുന്നത് മനുഷ്യത്വമല്ലല്ലോ. എങ്കിലും സത്യം മനുഷ്യത്വത്തിനും മുകളിൽ നിൽക്കുന്നതുകൊണ്ട് പി. ആർ. നാഥന്റെ കഥ ദംഷ്ട്രകൾ കാണിച്ചു നിൽക്കുന്ന ഒരു ഹിംസ്രജന്തുവാണെന്നു പറയേണ്ടിയിരിക്കുന്നു. അച്ഛന്റെ വാത്സല്യം അനുഭവിക്കാത്ത ഒരു തന്റേടക്കാരിയായ പെൺകുട്ടി അച്ഛനെപ്പോലെ കരുതി ഒരു വയസ്സൻ ഡ്രൈവറുടെ കാലിൽ തൊട്ടു വന്ദിച്ചതിനെ ലൈംഗികാക്രമണമായി പ്രിൻസിപ്പലും ഹോസ്റ്റൽ മേട്രനും കരുതിപോലും. തള്ള അതു കേട്ടയുടനെ മോളെ കണ്ടമാനം അടിച്ചുപോലും. പിന്നീട് യാഥാർത്ഥ്യം ഗ്രഹിച്ച് അവർ (അമ്മ) പശ്‌ചാത്തപിച്ചുപോലും. ഏതു വെള്ളരിക്കാപ്പട്ടണത്തിലാണ് ഈ സംഭവം നടക്കുന്നത്? നിത്യജീവിത സത്യമില്ല ഇതിൽ. നിത്യജീവിതത്തിലെ സത്യമില്ലായ്മയെ കലയുടെ സത്യമാക്കി മാറ്റാൻ കഴിയും പ്രതിഭാശാലികൾക്ക്. അതിനും കഴിയുന്നില്ല പി. ആർ. നാഥന്. ഈ രചന മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ക്രൂരതയാർന്നു നില്ക്കുന്നത്. പേടിച്ചുനിൽക്കുന്ന എന്നെ രക്ഷിക്കാൻ വെർജിലുണ്ടോ? ഉണ്ടെങ്കിൽ വെർജിലേ വേഗം വരൂ.

1989 ഒക്റ്റോബറിൽ അർബുദത്താൽ മരിച്ച ദാനീലോ കീഷ് (Danilo Kis) എന്ന യുഗേസ്ലാവിയയിലെ സാഹിത്യകാരൻ എല്ലാ അർത്ഥത്തിലും ‘ഗെയിറ്റാ’യിരുന്നു. അദ്ദേഹത്തിന്റെ Hour Glass എന്ന നോവലിനും The Encyclopedia of the Dead എന്ന കഥാസമാഹാരത്തിനും സാദൃശ്യമായി ആധുനിക സാഹിത്യത്തിൽ ഒന്നുമില്ല.

ചോദ്യം, ഉത്തരം

താമരപ്പൂവിന്റെ സൗരഭ്യം വർദ്ധിപ്പിക്കാൻ നിങ്ങൾ അതിൽ സെന്റ് ഒഴിക്കാറുണ്ടോ?

Symbol question.svg.png നിങ്ങൾ ചെറുകഥകളെക്കുറിച്ചേ എഴുതുന്നുള്ളൂ. കവിതകളെ അവഗണിക്കുന്നു. ഇതു ശരിയാണോ?

ചെറുകഥകൾ മീറ്റിങ്ങ് സംഘടിപ്പിക്കുന്നവർ സമ്മേളനത്തിനുശേഷം മേശപ്പുറത്തു കൊണ്ടുവയ്ക്കുന്ന ഭക്ഷണസാധനങ്ങളിപ്പെട്ട വെള്ള മുന്തിരിങ്ങപോലെയാണ്. കാണാൻ ചന്തമുണ്ട്. പക്ഷേ ഒന്ന് അടർത്തിയെടുത്ത് തിന്നാൽ വല്ലാതെ പല്ലു പുളിക്കും. പിന്നെ റ്റൂത്ത് ബ്രഷ് തൊടാനാവില്ല പല്ലിൽ. കവിതകൾ വാളൻപുളിപോലെയാണ്. കാണാനും ചന്തമില്ല. വായ്ക്കകത്തേക്കു ഇടാനും വയ്യ.

Symbol question.svg.png ചെറുപ്പകാലത്തെ നിരീശ്വരന്മാർ വൃദ്ധരാകുമ്പോൾ ഈശ്വരവിശ്വാസികളാകുന്നതെങ്ങനെ?

വാർദ്ധക്യത്തിൽ രോഗങ്ങൾ പലതും വരും. മരണം അടുത്തുവെന്നു കണ്ടാൽ പേടിച്ച് ആശ്രയസ്ഥാനം തേടും. ആ ആശ്രയസ്ഥാനമാണ് ഈശ്വരൻ. ബർട്രൻഡ് റസ്സൽ, സാർത്ര് ഇവർ പോലും ജീവിതാന്ത്യത്തിൽ ഒരതീതസത്യത്തിൽ വിശ്വസിച്ചു.

Symbol question.svg.png സത്യം പറയണം. നിങ്ങൾക്കു ആശാന്റെ കവിത ഇഷ്ടമോ അതോ വള്ളത്തോളിന്റെ കവിതയോ?.

Symbol question.svg.png സത്യം പറയണം. നിങ്ങൾക്കു ഷെല്ലിയുടെ കവിത ഇഷ്ടമോ അതോ കീറ്റ്സിന്റെ കവിതയോ?

Symbol question.svg.png സ്ത്രീപുരുഷന്റെ വസ്ത്രങ്ങൾ ധരിച്ചാൽ?

സ്ത്രീ സുന്ദരിയണെങ്കിൽ അവളുടെ സൗന്ദര്യം പുരുഷവേഷം ധരിക്കലിൽ ഇരട്ടിയാകും. സുന്ദരനായ പുരുഷൻ സാരിയും ബ്ലൗസും ധരിപ്പിച്ചാൽ കാണുന്നവർക്കു ഛർദ്ദിക്കാൻ തോന്നും.”
“കുമാരാ നിനക്കച്ഛനാരമ്മയാരെന്ന് അമന്ദ പ്രമോദേന ചോദിക്കട്ടെ ഞാൻ.”“മധുദ്വേഷിയെയും മഹാലക്ഷ്മിയേയും തൊട്ടുകാണിക്കാൻ വയ്യാത്തതുകൊണ്ട് ഞാൻ ഖേദിക്കുന്നു.”
“ചെറുപ്പക്കാരികൾ ഗൾഫിൽനിന്ന് വരുന്ന പെർഫ്യും തേക്കുന്നത് നന്നോ?”
“താമരപ്പൂവിന്റെ സൗരഭ്യം വർദ്ധിപ്പിക്കാൻ നിങ്ങൾ അതിൽ സെന്റ് ഒഴിക്കാറുണ്ടോ?”
* * *

1989 ഒക്റ്റോബാറിൽ അർബുദത്താൽ മരിച്ച ദനീലോ കീഷ് (Danilo Kis) എന്ന യുഗോസ്‌ളാവിയയിലെ സാഹിത്യകാരൻ എല്ലാ അർത്ഥത്തിലും ’ഗ്രെയ്‌റ്റാ’യിരുന്നുൻ. അദ്ദേഹത്തിന്റെ Hourglaas എന്ന നോവലിനും The Encyclopedia of the Dead എന്ന കഥാസമാഹാരത്തിനും സദൃശമായി ആധുനിക സാഹിത്യത്തിൽ ഒന്നുമില്ല. കലകൊണ്ടു മരണത്തോടു സമരം ചെയ്തകലാകാരനായിട്ടാണ് നിരൂപകർ അദ്ദേഹത്തെ കാണുന്നത്. പ്രിയപ്പെട്ട വായനക്കാർ കീഷിന്റെ കൃതികൾ വായിക്കണം.