close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 11 03


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 11 03
ലക്കം 842
മുൻലക്കം 1991 10 27
പിൻലക്കം 1991 11 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ആശയമെന്നതു സ്വര്‍ണ്ണക്കൂമ്പാരമാണ്. ഓരോ വ്യക്തിയോടും സംസാരിക്കുമ്പോള്‍ അതില്‍ നിന്ന് ഓരോ അംശമെടുത്ത് അയാള്‍ക്ക് നല്‍കുകയാണ്. തുടര്‍ച്ചയായി സംസാരിച്ചാല്‍ സ്വര്‍ണ്ണം മുഴുവനും മറ്റുള്ളവര്‍ കൊണ്ടു പോകും.

 1. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായിരുന്ന അരവിന്ദന്റെ മൗനത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചു നോക്കിയത് അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ്. അദ്ദേഹത്തെ­പ്പോലെ മൗനം പാലിച്ച വേറൊരാളു­മുണ്ടായിരുന്നു; കൈനിക്കര കുമാരപിള്ള. “ബുദ്ധിശൂന്യന്‍ മിണ്ടാതിരിക്കട്ടെ; അവന്‍ ജ്ഞാനിയായി കരുതപ്പെടും” എന്ന ചൊല്ല് ഇവരെ­സ്സംബന്ധിച്ചു ശരിയല്ല. കൈനിക്കരയും അരവിന്ദനും പ്രതിഭാ­ശാലിക­ളായിരുന്നു. ധൈഷണിക ജീവിതം നയിക്കുന്നവരും ഭാവനയുടെ മണ്ഡലത്തില്‍ വിഹരിക്കുന്നവരും സംഭാഷണത്തില്‍ അത്ര ഇഷ്ടമുള്ളവരല്ല. തങ്ങളുടെ സര്‍ഗ്ഗാത്മക ശക്തി സംഭാഷണ­ങ്ങളിലൂടെ ചോര്‍ന്നു പോകുമെന്നും അത് സംഭവിച്ചാല്‍ തങ്ങളുടെ കലാസൃഷ്ടികള്‍ക്കു ന്യൂനത്വം വരുമെന്നും അവര്‍ വിശ്വസിച്ചിരിക്കണം. ജര്‍മ്മന്‍ തത്ത്വചിന്തകന്‍ കാന്റ് അധികം സംസാരിച്ചി­രുന്നില്ലത്രേ. ആശയമെന്നതു സ്വര്‍ണ്ണ­ക്കൂമ്പാരമാണ്. ഓരോ വ്യക്തിയോടും സംസാരിക്കുമ്പോള്‍ അതില്‍നിന്ന് ഓരോ അംശമെടുത്ത് അയാള്‍ക്ക് നല്കുകയാണ്. തുടര്‍ച്ചയായി സംസാരിച്ചാല്‍ സ്വര്‍ണ്ണം മുഴുവനും മറ്റുള്ളവര്‍ കൊണ്ടുപോകും.

  ഇതു സാമാന്യ നിയമം. തീര്‍ച്ചയായും ഇതിനു വ്യത്യസ്തത ചൂണ്ടിക്കാണിക്കാം. ഉജ്ജ്വല പ്രതിഭാ­ശാലിയായ ചങ്ങമ്പുഴ സംഭാഷണ പ്രിയനായിരുന്നു. എത്ര ദിവസം തുടര്‍ച്ചയായി അദ്ദേഹത്തെ കണ്ടാലും പുതുതായി എന്തെങ്കിലും പറയാനു­ണ്ടായിരിക്കും ആ കവിക്ക്.

 2. അതിഥികള്‍ക്കു ചായകൊണ്ടു കൊടുത്താല്‍ ഓരോ ആളും ഓരോ തരത്തിലാവും പ്രതികരിക്കുക. ചിലര്‍ ചായ കൊണ്ടു വച്ചു എന്നതു കണ്ടതായി നടിക്കില്ല. അത് അവിടെ ഫാനിന്റെ താഴെയിരുന്ന് ഐസ് പോലെ തണുത്താലും തൊടില്ല. “എന്തേ ചായ കുടിക്കാത്തത്” എന്നു ഗൃഹനായകന്‍ ചോദിച്ചാലും അനക്കമില്ല. വളരെ നേരം കഴിഞ്ഞ് അതെടുത്ത് കുടിക്കുമ്പോള്‍ തണുപ്പു കൊണ്ട് വമനേച്ഛയുണ്ടാകും അതിഥിക്ക്. വേറെ ചിലര്‍, കൊണ്ടു വയ്ക്കുന്നതിനു മുമ്പുതന്നെ അതു വാങ്ങി മോന്തും. നാക്കും തൊണ്ടയും അന്നനാളവും പൊള്ളി ഇളിഭ്യനായി ഇരിക്കും. മറ്റു ചിലര്‍ ഈ രണ്ടു തരത്തിലും ഉള്‍പ്പെടുകയില്ല. അവരെക്കുറിച്ചു പറയണമെങ്കില്‍ ഒരു സംഭവത്തെ­ക്കുറിച്ച് എഴുതേണ്ടി വരും. സാഹിത്യ­വാരഫലം വായിക്കുന്ന ഒരാള്‍ അമ്പലപ്പുഴ പോയിട്ടു വന്നപ്പോള്‍ പാല്‍പ്പായസം കൊണ്ടു തന്നു എനിക്ക്. അത് എനിക്കും വീട്ടുകാര്‍ക്കുമായി കപ്പുകളില്‍ ഒഴിച്ചപ്പോഴാണ് ഒരപരിചിതന്‍ വീട്ടില്‍ എത്തിയത്. അയാള്‍ക്കും പാല്‍പ്പായസം കൊണ്ടു വച്ചു വീട്ടിലുള്ള ആരോ. അയാള്‍ ഉടനെ അതെടുത്തു കുടിച്ചു. തല പിറകു വശത്തേ­ക്കാക്കിയിട്ട് അവസാനത്തെ തുള്ളി വരെയും ഉള്ളിലാക്കി. അതിനു തെളിവ് തലയുടെ പിറകോട്ടുള്ള പോക്കു തന്നെ. പായസം കുടിച്ചിട്ട് അയാള്‍ കപ്പ് താഴെ വച്ചു. ഒരു നിമിഷം കഴിഞ്ഞ് കപ്പെടുത്ത് അതിന്റെ അടിയിലേക്ക് നോക്കി ഒരു തുള്ളി കൂടെ ഉണ്ടോ എന്നറിയാന്‍. ഇല്ലെന്നു കണ്ട് നൈരാശ്യ­ത്തോടെ അത് താഴെ വച്ചു. പാല്‍പ്പായസം തീര്‍ന്നു പോയി. ഇല്ലെങ്കില്‍ കുറെക്കൂടി കൊടുക്കാന്‍ ഞാന്‍ വീട്ടുകാരോട് പറയുമായിരുന്നു.

  പുസ്തകം വായിക്കുന്നവരും ഇതുപോലെയൊക്കെയാണ്. ഏതു മാസ്റ്റര്‍ പീസ് കിട്ടിയാലും ഷെല്‍ഫില്‍ കൊണ്ടു വയ്ക്കും ഒരു കൂട്ടര്‍. പത്തു വര്‍ഷം വരെ അതു പാരായണം ചെയ്യപ്പെടാതെ­യിരിക്കും. വേറൊരു കൂട്ടര്‍ പുസ്തകം കിട്ടിയ പാടേ വായിച്ചു തീര്‍ക്കും. തിടുക്കം കൊണ്ട് സമ്പൂര്‍ണ്ണമായ ആസ്വാദനം സാദ്ധ്യമല്ല അവര്‍ക്ക്. മറ്റൊരു കൂട്ടര്‍ വായിക്കും; തല പിറകോട്ടു ചരിച്ചു വച്ചു തന്നെ വായിക്കും. പുസ്തകം, പാരായണത്തിനു ശേഷം ഷെല്‍ഫില്‍ വച്ചാല്‍ വീണ്ടു­മെടുത്തു പുറങ്ങള്‍ മറിച്ചുനോക്കും. പാല്‍പ്പായസത്തിന്റെ തുള്ളിയുണ്ടോ എന്നറിയാന്‍ കപ്പെടുത്ത് പരിശോധിക്കുന്നവന്‍ വൃത്തികെട്ടവനാണ്. പുസ്തകം ആവോളം ആസ്വദിച്ചിട്ട് വീണ്ടും പുറങ്ങള്‍ മറിക്കുന്നവന്‍ സഹൃദയനാണ്.

 3. ജീവിച്ചിരുന്നവരോ ജീവിക്കുന്നവരോ ആയ മഹാവ്യക്തിക­ളെക്കാള്‍ നമ്മള്‍ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും കലാസൃഷ്ടികളിലെ വ്യക്തികളെയാണ്. ധര്‍മ്മപുത്രരെ ബഹുമാനിക്കുന്നതു പോലെ നമ്മള്‍ മഹാത്മാ ഗാന്ധിയെ ബഹുമാനിക്കുന്നില്ല (സി. രാജഗോപാ­ലാചാരിയുടെ ആശയം). യൂഗോയുടെ “പാവങ്ങള്‍” എന്ന നോവലിലെ മെത്രാനെ­ക്കുറിച്ച് വിചാരിക്കുമ്പോഴെല്ലാം എന്റെ ശിരസ് കുനിഞ്ഞു പോകുന്നു. ഇന്നത്തെ ഏതു മെത്രാനെ കണ്ടാലും എനിക്ക് ആ ചേഷ്ട ഉണ്ടാവുകയില്ല. സത്യത്തിനും അപ്പുറത്തുള്ള സത്യം കല ആവിഷ്കരിക്കുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്.

അമാന്യമായ ജേണലിസം

പാല്‍പ്പായസത്തിന്റെ തുള്ളിയുണ്ടോ എന്നറിയാന്‍ കപ്പെടുത്തു പരിശോധിക്കുന്നവന്‍ വൃത്തികെട്ടവനാണ്. പുസ്തകം ആവോളം ആസ്വദിച്ചിട്ട് വീണ്ടും പുറങ്ങള്‍ മറിക്കുന്നവന്‍ സഹൃദയനാണ്.

ഫ്രന്റ് ലൈന്‍ മാസികയില്‍ ശ്രീ. രാജീവ് ഗാന്ധി അര്‍ദ്ധനഗ്നനായി മരിച്ചു കിടക്കുന്നതിന്റെ ചിത്രം വര്‍ണ്ണോ­ജ്ജ്വലമായി അച്ചടിച്ചത് മാന്യമായ ജേണലിസമല്ല, അമാന്യമായ ജേണലിസത്തിന്റെ ഫലമാണ് അത്. ഈ ചിത്രം തന്നെയല്ലേ പല പത്രങ്ങളിലും വന്നത് എന്ന ചോദ്യമുണ്ടാകാം. അതു സത്യമാണെങ്കിലും ഒരു പടത്തിലും മാന്യനായ രാജീവിന്റെ നഗ്നത കാണിച്ചിരുന്നില്ല. ഫ്രന്റ് ലൈനിലെ പടം അങ്ങനെയല്ല. സകല സാന്മാര്‍ഗ്ഗിക ചിന്തകളെയും നിരാകരിച്ചു­കൊണ്ട് അദ്ദേഹത്തിന്റെ നഗ്നത കാണുമാറ് ചിത്രം അച്ചടിച്ചിരിക്കുന്നു, മാസികയുടെ അധികാരികള്‍.

സഹജാവബോധം കൊണ്ടാണ് കൊച്ചുകുട്ടി പോലും ഇന്നത് സാന്മാര്‍ഗ്ഗികം, ഇന്നത് അസാന്മാര്‍ഗ്ഗികം എന്നു നിര്‍ണ്ണിയിക്കുന്നത് ആ നിര്‍ണ്ണയത്തി­ലെത്തിയയാള്‍ ആശയമോ ചിത്രമോ സംഭവമോ സാന്മാര്‍ഗ്ഗിക­മാണെങ്കില്‍ അത് പ്രകാശിപ്പിക്കും. ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രം കൈയിലെടുക്കുന്ന ആര്‍ക്കും അതിന്റെ പ്രകാശനം അസാന്മാര്‍ഗ്ഗിക­മാണെന്നു തോന്നാതിരിക്കില്ല. ഈ തോന്നലിന് ആസ്പദം മുമ്പ് പറഞ്ഞ സഹജാവ­ബോധമാണ് അല്ലെങ്കില്‍ മനസ്സാക്ഷിയാണ്. ആ മനസ്സാക്ഷി നമ്മുടെ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് തിരോധാനം ചെയ്തിട്ടു കാലമേറെയായി എന്നറിയാതെയല്ല ഞാനിത് എഴുതുന്നത്. ഒന്നിനും മര്യാദയില്ലാത്ത കാലം എങ്കിലും ഇത്രത്തോളമാകാമോ?

മാസിക തുറന്നാലുടനെ പ്രതിഷേധാര്‍ഹമായ ഈ ചിത്രം വലിപ്പത്തില്‍ അച്ചടിച്ചിരിക്കുന്നതു കാണാം. അതുകൊണ്ടും തൃപ്തിയടയാതെ വേറൊരിടത്ത് അതുതന്നെ ചെറുതായും അച്ചടിച്ചിരിക്കുന്നു. എന്തേ അവിടെ നിറുത്തി­ക്കളഞ്ഞത്? അതിന്റെയും സൂക്ഷ്മാകാര­ചിത്രമാകാ­മായിരുന്നല്ലോ. ആ സൂക്ഷ്മാകാരത്തിന്റെയും സൂക്ഷ്മാകാര­മാകാമായിരുന്നു. അങ്ങനെ ‘ഇന്‍ഫിനിറ്റി’വരെ ചെല്ലാം. ഒരു പൊട്ടു പോലെ ചിത്രം അവസാനത്തെ പുറത്തില്‍ അച്ചടിച്ചാല്‍ താല്പര്യമുള്ളവര്‍ മൈക്രോ സ്കോപ്പിന്റെ താഴെ അതു വച്ചു നോക്കി രസിച്ചുകൊള്ളും.

മനുഷ്യര്‍ക്ക് ഈ ലോകത്ത് അല്ലലില്ലാതെ ജീവിക്കണമെങ്കില്‍, ശാന്തി കൈവരണമെങ്കില്‍ അന്യനെ കൊല്ലാന്‍ പാടില്ല. അതിനാല്‍ വധം പാപമെന്ന അഭിപ്രായമുണ്ടായി. അപരാധമൊന്നും ചെയ്യാത്ത ആളിനെ കൊല്ലുന്നതു മഹാപാപം. രാജീവ് ഗാന്ധിയെ വധിച്ചതു പോലെയുള്ള പ്രവര്‍ത്തനത്തെ വ്യക്തമാക്കി­ത്തരാന്‍ വേറെ വാക്കില്ല. അതിനെ മഹാപാപമെന്നു പരഞ്ഞാല്‍­പ്പോരാ. സ്ഫോടനം കൊണ്ട് കൈകളറ്റ്, മുഖം തെറിച്ചുപോയ ഒരു മഹാവ്യക്തിയുടെ വസ്ത്രങ്ങള്‍ കരിഞ്ഞു പോകുന്നതു സ്വാഭാവികം. അപ്പോള്‍ അനാച്ഛാദിതമായി ബ്ഭവിക്കുന്ന ശരീരത്തിന്റെ ഗോപനീയങ്ങളായ ഭാഗങ്ങള്‍ വര്‍ണ്ണം കലര്‍ത്തി അച്ചടിക്കുന്നത് ആ മഹാപാപ­ത്തേക്കാള്‍ തീക്ഷ്ണത കൂടിയ മഹാപാപമാണ്. വായനക്കാര്‍ ഒന്നാലോചിച്ചു നോക്കുക. പുരുഷന്റെയോ സ്ത്രീയുടെയോ നഗ്ന ചിത്രം ബഹുജനത്തിനു കാണാന്‍ കഴിയുന്ന മട്ടില്‍ വയ്ക്കാന്‍ പാടില്ല എന്നു നിയമ­മുണ്ടാക്കിയിരിക്കുന്നത് അതിന്റെ ദര്‍ശനം ദ്രഷ്ടാവിന് അസ്വസ്ഥതയുണ്ടാക്കും എന്നതുകൊണ്ടാണ് അങ്ങനെ പൗരന് അസ്വസ്ഥതയോ പിരിമുറുക്കമോ ഉണ്ടാക്കാന്‍ മറ്റൊരു വ്യക്തിക്ക് അധികാരമില്ല. ഫ്രന്റ് ലൈന്‍ മാസികയിലെ ചിത്രം വായനക്കാര്‍ക്ക് അസ്വസ്ഥത­യുളവാക്കുന്നു; ‘ടെന്‍ഷന്‍’ ഉളവാക്കുന്നു.

* * *

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു കാവ്യത്തില്‍ ‘തിമിംഗല’മെന്നു കണ്ടതു കൊണ്ടല്ല എല്ലാ ആഴ്ചപ്പതിപ്പുകളിലും ‘തിമിംഗല’മെന്ന് അച്ചടിക്കുന്നതു കൊണ്ടാണ് ഇതെഴുതുന്നത്. ‘തിമിംഗല’മെന്നല്ല വാക്ക്; ‘തിമിംഗില’മെന്നാണ് തിമിഃശബ്ദത്തിന് പെരുന്തല മത്സ്യമെന്ന് അര്‍ത്ഥം. ഗില ശബ്ദത്തിനു വിഴുങ്ങുക എന്നും പെരുന്തല മത്സ്യത്തെ മാത്രമല്ല എല്ലാ മത്സ്യങ്ങളെയും വിഴുങ്ങുന്നത് തിമിംഗിലം.

ഇച്ഛാശക്തി ജയിക്കുന്നു

കാറും കോളും. അന്തരീക്ഷമാകെ ഇരുണ്ടിരിക്കുന്നു. ആ സായാഹ്നത്തില്‍ എനിക്ക് അരൂക്കുറ്റിയില്‍ നിന്ന് അക്കരെ, അരൂരില്‍ പോകണം. കടത്തു വഞ്ചിക്കാരനോടു ഞാന്‍ പറഞ്ഞു: “എനിക്ക് പേടിയാകുന്നു വള്ളത്തില്‍ കയറാന്‍ നടുക്കായലിൽ എത്തുമ്പോള്‍ കാറ്റും മഴയു­മുണ്ടായാലോ?” അയാള്‍ മറുപടി നല്കി: “പേടിക്കാതെ കയറിക്കൊള്ളു. നമ്മള്‍ അക്കരെച്ചെന്ന് രണ്ടു നിമിഷം കഴിയുമ്പോഴേ മഴ പെയ്യു”. ഞാന്‍ വള്ളത്തില്‍ കയറി. അരൂരു ചെന്നിറങ്ങി രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ കൊടുങ്കാറ്റാടു കൂടിയ മഴയുണ്ടായി. ആ മഴ എപ്പോള്‍ അവസാനിക്കുമെന്നും വഞ്ചിക്കാരനു പറയാന്‍ കഴിയും. ചിലര്‍ക്ക് ഇതിനൊക്കെ വലിയ വൈദഗ്ദ്ധ്യമാണ്. കാസാനോവായുടെ “സ്മരണകള്‍” വായിച്ചിട്ടില്ലേ. താന്‍ അഭിലഷിക്കുന്ന സ്ത്രീ ഏതു നിമിഷത്തില്‍ വീഴുമെന്ന് കാസാനോവയ്ക്ക് അറിയാമായിരുന്നു. ആ നിമിഷം മുന്‍കൂട്ടിക്കണ്ട് അയാള്‍ അതു പ്രയോജനപ്പെടുത്തും.

ഷൊറണൂര് ഒരു വലിയ വൈദ്യനുണ്ടായിരുന്നു. അദ്ദേഹം മാസത്തി­ലൊരിക്കല്‍ തൃശ്ശൂരെത്തും രോഗികള്‍ക്കു വേണ്ടി. ഈ ഭിഷഗ്വരന്‍ ഒരുദിവസം രോഗികളെ പരിശോധിച്ചു­കൊണ്ടിരിക്കുമ്പോള്‍ റോഡിലൂടെ രണ്ടു യുവാക്കന്മാര്‍ ചുമച്ചുകൊണ്ടു പോകുന്നതു കണ്ടു. ഒരാള്‍ വലിയ ശബ്ദത്തില്‍ ചുമയ്ക്കുന്നു, മറ്റെയാള്‍ തീരെ ചെറിയ ശബ്ദത്തിലും അദ്ദേഹം അടുത്തു നിന്നയാളിനോട് ആവശ്യപ്പെട്ടു: “ആ ചുമയ്ക്കുന്ന ആളിനെ ഇങ്ങു കൂട്ടിക്കൊണ്ടു വരൂ” അയാള്‍ ഉറക്കെച്ചുമച്ച ആളിനെ വിളിച്ചു കൊണ്ടു വന്നു. വൈദ്യന്‍ പറഞ്ഞു: “ഇയാളെയല്ല, മറ്റേയാളെ” അയാള്‍ വന്നപ്പോള്‍ അദ്ദേഹം ചുമയ്ക്ക് മരുന്നു കഴിക്കണമെന്നു ഉപദേശിച്ചു. “ആകട്ടെ”യെന്നു പറഞ്ഞ് അവര്‍ പോയപ്പോള്‍ അദ്ദേഹം അവിടെ നിന്നവരോടു പറഞ്ഞു: “വേഗത്തില്‍ കൂടുന്ന ക്ഷയമാണ് (galloping consumption) ഒരു മാസത്തിനകം മരിക്കും”. അതുപോലെ അയാള്‍ മരിച്ചെന്ന് അയാളെ അറിയാമായിരുന്ന ഒരാള്‍ എന്നോട് പറഞ്ഞു.

സര്‍ഗ്ഗാത്മകത്വത്തിന്റെ നിമിഷം മാന്ത്രികത്വമുള്ള നിമിഷമാണ്. അപ്പോള്‍ എഴുതുന്നതേ കഥയാവും കലയാവൂ.

കരിച്ചല്‍ കേശവന്‍ എന്ന പ്രശസ്തനായ ജ്യോത്സ്യന്‍ എന്റെ വീട്ടില്‍ വരുമായിരുന്നു. എന്റെ ഒരനുജത്തിയുടെ ജാതകം എഴുതണമെന്ന് കാരണവരുടെ ഭാര്യ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. “അമ്മച്ചീ, മിഥുനം 22-നു കാലത്തു പത്തു മണിക്കു ശേഷം ഞാന്‍ വരാം. അന്നു ജാതകമെഴുതാം”. മിഥുനം 22-നു കാലത്ത് പത്തു മണിക്കു മുമ്പ് അവള്‍ മരിച്ചു. ഇതൊക്കെ സിദ്ധികളാണ്. ഒരളവില്‍ ഈ സിദ്ധി വിശേഷം കലാകാരന്മാര്‍ക്കുമുണ്ട്. മുമ്പ് പലപ്പോഴും പറഞ്ഞ ചെറുകഥകളെ­ക്കുറിച്ചേ എനിക്ക് ഇപ്പോഴും പറയാനുള്ളു. തകഴിയുടെ “വെള്ളപ്പൊക്കത്തില്‍”, ബഷീറിന്റെ “പൂവമ്പഴം”, ഉറൂബിന്റെ “വാടകവീടുകള്‍” ഈ കഥകളിലെല്ലാം ഇവിടെപ്പറഞ്ഞ സിദ്ധിവിശേഷം ഉണ്ട്. അതിനാലാണ് അവ ആകര്‍ഷകങ്ങ­ളായിരിക്കുന്നത്. പടിഞ്ഞാറന്‍ ദിക്കിലേക്ക് പോകാം. ടോള്‍സ്റ്റോയിയുടെ “ഐവാന്‍ ഇലീച്ചിന്റെ മരണം” എന്ന അദ്ഭുതാവഹമായ കലാസൃഷ്ടിയില്‍ ഈ സിദ്ധിവിശേഷം മൂര്‍ദ്ധന്യാ­വസ്ഥയില്‍ ദൃശ്യമാണ്. എന്നാല്‍ ഇതിന്റെ ഒരംശം പോലും ഒരു സ്ഫൂരണം പോലുമില്ല ശ്രീ. എം. സുധാകരന്റെ “അനുസന്ധാനം” എന്ന ചെറുകഥയില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). മദ്യപന്‍ തന്റെ വീടു കാണിച്ചു കൊടുക്കണമെന്ന് ഒരു വഴിപോക്കനോട് അപേക്ഷിക്കുന്നു. അയാള്‍ വീട്ടില്‍ച്ചെന്നു കയറി ഭാര്യയോട് ഒരുമിച്ചു കിടന്നു. നേരം വെളുത്തപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് അത് സ്വന്തം ഭവനമല്ലെന്ന്; അവള്‍ ഭാര്യയല്ല, ഏതോ വേശ്യയാണെന്ന്. കഥ എഴുതാന്‍ വേണ്ടി എഴുതിയ ഒരു ചതഞ്ഞ കഥ. “Willed performance” എന്ന് ഇംഗ്ളീഷില്‍ പറയാം. സര്‍ഗ്ഗാത്മകത്വത്തിന്റെ നിമിഷം മാന്ത്രികത്വമുള്ള നിമിഷമാണ്. അപ്പോള്‍ എഴുതുന്നുതേ കഥയാവും, കലയാവൂ.

ചോദ്യം, ഉത്തരം

Symbol question.svg.png “ഇംഗ്ളീഷില്‍ കസിന്‍ എന്നു പറയാറുണ്ടല്ലോ, ആരാണ് ഈ കസിന്‍?”

“കസിന്‍ എന്നല്ല ഉച്ചാരണം. അതുപോകട്ടെ. ആ വാക്കിന് ഇളയച്ഛന്റെ മകന്‍, ഇളയച്ഛന്റെ മകള്‍, മാതുല പുത്രന്‍, മാതുല പുത്രി എന്നൊക്കെ പ്രഫെസര്‍ എസ്. ഗുപ്തന്‍ നായരുടെ നിഘണ്ടുവില്‍ അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിനു തെറ്റു പറ്റി. കസിന്‍ അവരാരുമല്ല. സന്ദര്‍ശകര്‍ക്കുള്ള സമയം തെറ്റിച്ച് പെണ്‍പിള്ളേരുടെ ഹോസ്റ്റലുകളില്‍ ഏതു സമയത്തും ചെല്ലുന്ന സുന്ദരനായ യുവാവാണ് കസിന്‍. ചെന്നാല്‍ “എന്റെ കസിനെ കാണണ”മെന്ന് അയാള്‍ മേറ്റ്റണിനോടു പറയും. “എന്റെ കസിന്‍ വന്നിരിക്കുന്നു” എന്ന് പെണ്‍കുട്ടി കൂട്ടുകാരികളോടു പറയും. രണ്ടുപേരും തമ്മില്‍ രക്തബന്ധം കാണുകയുമില്ല.”

Symbol question.svg.png “ഭര്‍ത്താവും കാമുകനും എന്തേ വ്യത്യാസം?”

“വീട്ടില്‍ നിന്നു റോഡിലേക്കു പോലും പോകാന്‍ ഭാര്യ സമ്മതം നല്‍കാത്ത പുരുഷന്‍ ഭര്‍ത്താവ്. ഇതു സ്നേഹം കൊണ്ടല്ല. അയാള്‍ അത്രയും കുറച്ചല്ലേ മറ്റു സ്ത്രീകളെ കാണൂ എന്നുള്ള ആശ്വാസത്താലാണ്. വീട്ടിലെത്തിയാല്‍ കഴിയുന്നതും വേഗം ഇയാള്‍ പോയെങ്കില്‍ എന്നു കാമുകി വിചാരിക്കുന്നയാള്‍ കാമുകന്‍. ഇതു സ്നേഹക്കുറവു കൊണ്ടല്ല. ചേട്ടനോ അച്ഛനോ അമ്മാവനോ വീട്ടിലെത്തുന്നതിനു മുന്‍പ് അയാള്‍ പോകുന്നതു നല്ലതാണല്ലോ എന്ന വിചാരം കൊണ്ടാണ്.”

Symbol question.svg.png “കത്തോലിക്കാമതം ഗര്‍ഭനിരോധത്തിന് എതിരായത് എന്തുകൊണ്ട്?”

“അതിന് H.L. Mencken എന്ന പ്രശസ്തനായ അമേരിക്കന്‍ നിരൂപകന്‍ സമാധാനം നല്‍കിയിട്ടുണ്ട്. കത്തോലിക്കാ സ്ത്രീകള്‍ ഗണിതശാസ്ത്രത്തെ അവലംബിച്ച് ഗര്‍ഭധാരണം ഒഴിവാക്കുന്നതു ശരിയെന്ന് ആ മതത്തിന് അഭിപ്രായമുണ്ട്. അവള്‍ കെമിസ്ട്രിയെ അവലംബിക്കരുതെന്നേ അത് (മതം) അനുശാസിക്കുന്നുള്ളു.”

Symbol question.svg.png “ഭര്‍ത്താവാണോ ഭാര്യയാണോ ആദ്യം മരിക്കേണ്ടത്.”

“ഭര്‍ത്താവിനെക്കാള്‍ മുന്‍പേ മരിക്കുന്ന ഭാര്യ ഭാഗ്യവതി. തനിക്കു മുന്‍പേ ഭാര്യ മരിച്ചാല്‍ ആ പുരുഷന്‍ ഹതഭാഗ്യന്‍.”

Symbol question.svg.png “സുന്ദരികളോടുള്ള ബഹുമാനം ഇല്ലാതാവുന്നത് എപ്പോള്‍?”

“അവരുടെ ഭര്‍ത്താക്കന്‍മാരെ കാണുമ്പോള്‍ വിശേഷിച്ചും സ്കൂട്ടറില്‍ രണ്ടു പേരും സഞ്ചരിക്കുമ്പോള്‍ അവള്‍ സുന്ദരി അയാള്‍ ഒന്നുകില്‍ കഷണ്ടിക്കാരന്‍, അല്ലെങ്കില്‍ കിഴവന്‍, അതുമല്ലെങ്കില്‍ ‘ഗറില’യ്ക്കു സദൃശന്‍. ഏറെ സുന്ദരിമാരെക്കുറിച്ച് എനിക്കുണ്ടായിരുന്ന ബഹുമാനം ഇങ്ങനെ ഇല്ലാതായിട്ടുണ്ട്.”

Symbol question.svg.png “സെക്സ് ബുക്ക് വായിക്കുന്നതില്‍ തെറ്റുണ്ടോ?”

“ഏയ്, ഒരു തെറ്റുമില്ല. പക്ഷേ തികഞ്ഞ വൈരസ്യം ഉണ്ടാക്കുന്നതു കൊണ്ട് ഞാനവ വായിക്കാറില്ല. പിന്നെ ഒരു കാര്യം. അതിലെ നിര്‍ദ്ദേശങ്ങള്‍ ശരിയാണെന്നു വിചാരിച്ച് സ്ത്രീകളെ സമീപിക്കരുത്. ആരോഗ്യത്തിനു കേടുവരും. പാചകവിദ്യ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വായിച്ച് കറികളും മറ്റും സ്ത്രീകള്‍ ഉണ്ടാക്കുമല്ലോ. അതില്‍ ഏതെങ്കിലുമൊന്നു നാക്കില്‍ വയ്ക്കാന്‍ കൊള്ളുമോ? ഏട്ടിലപ്പടി എന്നുമാത്രം.”

Symbol question.svg.png “ചില പുരുഷന്‍മാര്‍ സ്ത്രീകളോടു ബഹുമാനം കാണിക്കും. മറ്റുചിലര്‍ ബഹുമാനം കാണിക്കില്ലെന്ന് മാത്രമല്ല സ്വന്തം കാമം പ്രകടിപ്പിക്കുകയും ചെയ്യും. എന്തുകൊണ്ട്?”

“എല്ലാ ബഹുമാനവും കള്ളത്തരമാണ്. സ്ത്രീയെ സംബന്ധിച്ച് ഒറ്റ നോട്ടമേയുള്ളു പുരുഷന്. പിന്നെ ചില കടുവകള്‍ ഇരകണ്ടാല്‍ ഉടനെ അതിന്റെ പുറത്തു ചാടിവീഴും. മറ്റു ചില കടുവകള്‍ സമയമാകട്ടെ എന്നു കരുതി കുറെ കാത്തിരിക്കും. സന്ദര്‍ഭം കിട്ടിയാല്‍ അതും ചാടി വീഴും ഇരയുടെ പുറത്ത്. ആ കാത്തിരിപ്പിനെ ബഹുമാനമെന്നു വിളിക്കുന്ന­തെങ്ങനെ?”
* * *

ആനക്കാര്യത്തില്‍ ചേനക്കാര്യം. പത്രങ്ങളിലെല്ലാം ഘാതകി എന്നാണു കാണുന്നത്. ഇവിടെ ‘പ്രയോഗ ദീപിക’യിലുള്ള ഒരു ഭാഗം എടുത്തെഴു­തേണ്ട­താണെന്ന് തോന്നുന്നു. “പതിഘാതകിയും കുലഘാതകിയുമാണ് ഭവതി’, എന്നിടത്തു ‘പതിഘാതികയും കുലഘാതികയും എന്നു വേണ്ടതാണ്” (പുറം 67). “ശബ്ദസൗഭഗം” എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ 296-ആം പുറം നോക്കുക. “ഹന് + അക = ഘാതകന്‍, ഘാതിക” എന്നുകാണാം.

ചുറ്റുകമ്പി പൊട്ടിപ്പോയി

കവി മരക്കൊമ്പില്‍ പച്ചിലച്ചാര്‍ത്തില്‍ മറഞ്ഞിരുന്നു പാടുന്ന പക്ഷിയാണ്. തീവണ്ടിയില്‍ കയറി ഒറ്റക്കമ്പിയുടെ സംഗീതോപകരണം മീട്ടി ശബ്ദം പുറപ്പെടുവിക്കുകയോ യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന ആളല്ല.

എറണാകുളം മഹാരാജാസ് കോളേജില്‍ (കോളിജ് എന്നു ശരിയായി എഴുതുന്നില്ല) എനിക്കു ജോലിയുണ്ടായിരുന്ന കാലം. എന്റെ ആപ്തമിത്രം ആയിരുന്നു പ്രഫെസര്‍ സി.കെ. മോഹന്‍ദാസ്. അദ്ദേഹം റിസ്റ്റ് വാച്ച് കെട്ടുകില്ലായിരുന്നു. ചിലര്‍, എന്‍. ഗോപാലപിള്ള­സ്സാറിനെപ്പോലെ ജൂബയുടെ കീശയില്‍ വാച്ച് ഇട്ടുകൊണ്ടു നടക്കും. ആവശ്യമുള്ളപ്പോള്‍ അതെടുത്തു നോക്കും. പിന്നെയും കീശയുടെ ഗഹ്വരത്തിലേക്ക് അതു വീഴും. മോഹന്‍ദാസിന്റെ പോക്കറ്റിലും വാച്ച് ഇല്ല. നേരേ മറിച്ചാണ് എന്റെ രീതി. ഞാന്‍ രാത്രി ഉറങ്ങുമ്പോഴും വാച്ച് കൈയില്‍ കെട്ടിക്കൊണ്ടാണ് കിടപ്പ്. ഒരു ദിവസം കാലത്ത് നോക്കിയപ്പോള്‍ കൊച്ചു ഘടികാരത്തിന്റെ സൂചികള്‍ നിശ്ചലം. വൈന്‍ഡ് ചെയ്യുന്ന ആമൊട്ട് തിരിച്ചു നോക്കി. ചുമ്മാ കിടന്നു തിരിയുന്ന­തല്ലാതെ മുറുകുന്നില്ല. എച്ച്.എം.റ്റി. വാച്ചാണ് എന്റേത്. വാച്ചില്ലാതെ നടന്നപ്പോള്‍ ഒരു ബന്ധു വെറുതെ തന്നതാണ്. അതിന്റെ ഡയല്‍ മനോഹരം, സൂചികള്‍ സുന്ദരം, കെയ്സ് അതിസുന്ദരം കൂടക്കൂടെ പെട്രോളില്‍ കഴുകുന്നതു കൊണ്ട് ചെയിനില്‍ മാലിന്യമില്ല. എങ്കിലും വാച്ച് മരിച്ചിരിക്കുന്നു. ഘടികാര ഭിഷഗ്വരനെ കാണിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: മെയ്‌ന്‍ സ്പ്രിങ് പൊട്ടിപ്പോയി. മാറ്റിയിടണം.

മെയ്‌ന്‍ സ്പ്രിങ് പെട്ടിപ്പോയ കഥാഘടികാരമാണ് ശ്രീ അയ്പ് പാറമേലിന്റെ “പ്രകാശ വര്‍ഷങ്ങള്‍ക്ക് അപ്പുറത്തു നിന്ന്” എന്നത്. തിളങ്ങുന്ന രൂപശില്പ കെയ്സ്, ജ്വലിക്കുന്ന ഡയലെന്ന ആഖ്യാനം. വാച്ച് ചെയ്‌ന്‍ പോലെ ദീര്‍ഘതയാര്‍ന്ന ശില്പം. പക്ഷേ ചൈതന്യം മാത്രമില്ല. പ്രധാനപ്പെട്ട ചുറ്റുകമ്പി മുറിഞ്ഞു പോയാല്‍ ഓട്ടം നിലയ്ക്കില്ലേ? കേടുപറ്റിയ വാച്ച് റിപ്പയറര്‍ നന്നാക്കും. പക്ഷേ കഥാഘടികാരത്തിനു കേടു പറ്റിയാല്‍ നിര്‍മ്മാതാവു തന്നെ റിപ്പയര്‍ നടത്തണം. കേടുണ്ടെന്നേ അതു നോക്കുന്ന എന്നെ­പ്പോലുള്ള­വര്‍ക്കു പറയാന്‍ പറ്റു.

ഒരു സ്ത്രീ വഞ്ചിച്ചതിനു അനേകം സ്ത്രീകളോടു പ്രതികാരം ചെയ്യുന്ന ഒരുത്തനാണ് കലാകൗമുദിയില്‍ അയ്പ് പാറമേല്‍ എഴുതിയ കഥയിലുള്ളത്. ഒടുവില്‍ അയാള്‍ വിവാഹം കഴിക്കുന്നു ഒരു മിടുക്കിയെ പക്ഷേ അയാള്‍ അവസാനമായി പറ്റിച്ച രാധയെന്ന യുവതി പ്രതികാരനീതി (നെമിസിസ്) നടത്തുന്നു. അയാളുടെ ഭാര്യ — പെണ്‍വക്കീല്‍ — കോടതിയില്‍ വാദിച്ചു കൊണ്ടിരിക്കെ മറിഞ്ഞു വീണു മരിക്കുന്നു. അതിനുശേഷം ഒരു മീഡിയത്തിലൂടെ അയാള്‍ ഭാര്യയെ കാണുന്നു. അയാളും ചാകുന്നു. രാധയെ പറ്റിച്ചതിന്റെ നെമിസിസ്.

യാഥാതഥ്യവും മതിവിഭ്രമവും ‘മനോരഥ’വുമൊക്കെ ചേര്‍ത്തുവച്ച ഈ രചന നിശ്ചലമാണ്. കേന്ദ്രസ്ഥിതമായ പ്രമേയം പൊട്ടിപ്പോയതു കൊണ്ട് സംഭവിച്ചതാണ് ആ ചലന­രാഹിത്യം. ചുറ്റുകമ്പി പൊട്ടിയ വാച്ച് വിശ്വാസ്യത എന്ന ഗുണം ആവഹിക്കുന്നില്ല. പ്രമേയത്തിന്റെ മെയ്‌ന്‍ സ്പ്രിങ് തകര്‍ന്ന ഈ കഥാഘടി­കാരത്തിനും വിശ്വാസ്യതയില്ല.

* * *

വായിച്ചില്ലെങ്കില്‍ മഹാനഷ്ടം എന്നു കരുതാവുന്ന ചില നോവലുകള്‍:

 1. ക്‌നൂട്ട് ഹാംസൂണിന്റെ Mysteries
 2. റോബര്‍ട്ട് മ്യൂസിലിന്റെ The Man without Qualities
 3. പസ്തര്‍നക്കിന്റെ Doctor Zhivago
 4. റ്റോമസ് മന്നിന്റെ The Magic Mountain
 5. ആലോസാന്ദ്രോ മാന്‍ഡ്സ്സോണിയുടെ The Betrothed
 6. ചേസ്സാറേ പാവെസേയുടെ The Moon and the Bonfires
 7. ദസ്തെയെവ്സ്കിയുടെ Crime and Punishment
 8. ഔഗൂസ്തോ റോആ ബാസ്തോസിന്റെ I The Supreme
 9. മീഗല്‍ ആങ്ഹെല്‍ ആസ്തൂറ്യാസിന്റെ The President
 10. ഹെര്‍മാന്‍ ബ്രോഹിന്റെ The Sleepwalkers.

ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ ചെറുകഥകള്‍

 1. ഗീമറാങ്ഷ് റോസയുടെ The Third Bank of The River
 2. ചേസ്സാറെ പാവെസേയുടെ Suicide
 3. ഷ്നിറ്റ്സ്ളറുടെ Flowers
 4. ഹൈന്‍റിഹ് ബോയ്ലിന്റെ The Langher
 5. യൂക്കിയോ മിഷിമയുടെ Swaddling Clothes
 6. ഷൊലെ, ഹോഫിന്റെ The Fate of Man
 7. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മരപ്പാവകള്‍
 8. ഗാര്‍ഷിന്റെ The Red Flower
 9. ചെക്കോവിന്റെ The Darling
 10. മോപസാങ്ങിന്റെ Ball of Fat

മദ്യം തന്നെ കിട്ടിയെങ്കില്‍

ജിബ്രാന്റെ ഒരു കഥ, ഒരു മദ്യശാലയില്‍ ചെന്ന് ഒരുത്തന്‍ ആവോളം കുടിച്ചു. മദ്യത്തിന്റെ വില കൊടുക്കുന്ന സന്ദര്‍ഭത്തില്‍ ഷോപ്പുടമസ്ഥന്‍ ചോദിച്ചു: നാളെയും വരുമോ? അയാള്‍ മറുപടി പറഞ്ഞു: “വരാം. പക്ഷേ എന്റെ വ്യാപാരം അഭിവൃദ്ധിപ്പെടുന്നതിനുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം ഈശ്വരനോട്” അതു കേട്ട് ഉടമസ്ഥന്‍ അറിയിച്ചു. “എപ്പോഴും പ്രാര്‍ത്ഥിക്കാം. എങ്കിലും ഞാനൊന്നു ചോദിക്കട്ടെ. എന്താണ് വ്യാപാരം?” “അതു പറയുന്നതു ശരിയല്ല. എങ്കിലും പറയാതി­രിക്കുന്നത് എങ്ങനെ? ശവം ദഹിപ്പിക്കാനുള്ള വിറകു വില്പനയാണ് എന്റെ ജോലി. അതു അഭിവൃദ്ധി­പ്പെട്ടാലേ എനിക്കു വേണ്ടുവോളം കുടിക്കാന്‍ പണം കിട്ടു. നിങ്ങളുടെ വ്യാപാരം തളരാതെ വളരണമെങ്കിലും എന്റെ ഈ പ്രവര്‍ത്തനം പുരോഗമിക്കണം. അതുകൊണ്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കു. ധാരാളം പേര്‍ മരിക്കട്ടെ.”

“ഭര്‍ത്താവും കാമുകനും എന്തേ വ്യത്യാസം?” “വീട്ടില്‍ നിന്നു റോഡിലേക്കു പോലും പോകാന്‍ ഭാര്യ സമ്മതം നല്‍കാത്ത പുരുഷന്‍ ഭര്‍ത്താവ്. ഇത് സ്നേഹം കൊണ്ടല്ല. അയാള്‍ അത്രയും കുറച്ചല്ലേ മറ്റു സ്ത്രീകളെ കാണൂ എന്നുള്ള ആശ്വാസത്താലാണ്. വീട്ടിലെത്തിയാല്‍ കഴിയുന്നതും വേഗം ഇയാള്‍ പോയെങ്കില്‍ എന്നു കാമുകി വിചാരിക്കുന്നയാള്‍ കാമുകന്‍. ഇതു സ്നേഹക്കുറവു കൊണ്ടല്ല. ചേട്ടനോ അച്ഛനോ അമ്മാവനോ വീട്ടിൽ എത്തുന്നതിനു മുന്‍പ് അയാള്‍ പോകുന്നതു നല്ലതാണല്ലോ എന്ന വിചാരം കൊണ്ടാണ്.”

മദ്യം വില്‍ക്കുന്നതിനെക്കാളും ശവം ചൂടാന്‍ വിറകു വില്‍ക്കുന്നതിനെക്കാളും അധമമായ പ്രവൃത്തിയുണ്ടോ? ഉണ്ട്. അതാണ് ശ്രീ. ഗോപി ആനയടി കുങ്കുമം വാരികയില്‍ നടത്തിയിരിക്കുന്നത്, “കൂടുമാറാത്ത പക്ഷി” എന്ന ചെറുകഥയുടെ നിര്‍മ്മാണം മകളുടെ കുഞ്ഞിനെ­ക്കൂടെ­ക്കിടത്തുന്ന അമ്മൂമ്മയെ അവരുടെ മകന്‍ തന്റെ ജോലിസ്ഥലത്തു വിളിച്ചു കൊണ്ടു പോകുന്നു. ഒരു ദിവസം രാത്രി അവര്‍ എഴുന്നേറ്റ് മകളുടെ കുഞ്ഞിനെ അടുത്ത മുറിയില്‍ അന്വേഷിക്കുന്നു.

അതു കണ്ട് മകന്‍ അവരെ തിരിച്ചു നാട്ടില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുന്നു. നിത്യജീവിത സംഭവങ്ങള്‍ കലാകാരന്റെ കര്‍ത്തൃ­നിഷ്ഠത്വത്തിലൂടെ (Subjectivity) കടന്നുവന്നു രൂപാന്തരം പ്രാപിച്ച് ഉന്നത സത്യമായി­ത്തീരുന്നതാണ് കലയെന്ന അഭിപ്രായമൊന്നും ഇവിടെ എഴുതേണ്ടതില്ല. അത്രയ്ക്ക് അധമമാണിത്.

മദ്യപന്മാരായ അഭിനേതാക്കള്‍ നാടകത്തിലോ സിനിമയിലോ മദ്യം കുടിക്കുന്നതായി അഭിനയിക്കുമ്പോള്‍ പച്ചവെള്ള­മായിരിക്കും കുപ്പിയില്‍ നിന്നു ഗ്ളാസ്സിലേക്ക് ഒഴിച്ചു കുടിക്കുന്നത്. അത് ശരിയായ മദ്യം തന്നെയായിരു­ന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കാ­തിരിക്കില്ല. കലയുടെ മദ്യമെന്ന മട്ടില്‍ എന്റെ മുന്‍പില്‍ വച്ച ഈ പച്ചവെള്ളം ഞാനെടുത്തു കുടിക്കുന്നു. മദ്യം തന്നെ കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

സര്‍വ്വസാധാരണം

ഒരിക്കല്‍ ഒരു സ്ത്രീ സ്വന്തം ചിത്രം വരയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി പീകാസോയുടെ വീട്ടിലെത്തി. മഹാനായ ആ കലാകാരന്‍ പറഞ്ഞു: “രണ്ടുതരത്തിലാകാമത്. നിങ്ങളെ ഇവിടെ ഇരുത്തിയിട്ട് കാന്‍വാസില്‍ നിങ്ങളുടെ രൂപം പകര്‍ത്താം. വരച്ചു കഴിഞ്ഞാല്‍ അതു നിങ്ങളെ­പ്പോലെയിരിക്കും. അതിനെ പെയിന്റിങ് എന്നല്ല ഫോട്ടോ എന്നാണ് ഞാന്‍ വിളിക്കുക. രണ്ടാമത്തെ രീതി നിങ്ങളെ­ക്കുറിച്ചുള്ള വിചാരവും വികാരവും നിങ്ങളുടെ സ്വത്വവും എന്റെ സ്വത്വവുമായി കൂടിക്കലരുമ്പോള്‍ ഞാന്‍ കാന്‍വാസില്‍ ചായങ്ങള്‍ തേക്കും. അതു പൂര്‍ണ്ണ­മാവുമ്പോള്‍ പെയിന്റിങ്ങാവും. നിങ്ങള്‍ക്കു ഫോട്ടോ വേണോ അതോ പെയിന്റിങ്ങോ?” “പെയിന്റിങ് മതി”യെന്ന് സ്ത്രീ മറുപടി പറഞ്ഞു. പീകാസോ ചിത്രം വരച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു: “ഇതില്‍ എന്റെ മൂക്കെവിടെ?” ചിത്രകാരനു ദേഷ്യം വന്നു. ഞാന്‍ എന്റെ ഈ പെയിന്റിങ് വില്ക്കുന്നില്ല. പൊയിക്കൊള്ളു എന്ന് അറിയിച്ചു.

ശ്രീ കലാമണ്ഡലം കേശവന്‍ ദേശാഭിമാനി വാരികയി­ലെഴുതിയ ‘പ്രതീക്ഷ’ എന്ന കാവ്യം വായിച്ചപ്പോള്‍ ഇക്കഥയാണ് ഞാന്‍ ഓര്‍മ്മിച്ചത്. ശാന്തിയുടെ പ്രതീകമായ പ്രാവിനെ കവി അന്വേഷിക്കുന്നു. ‘അധികാര ദാഹികള്‍’ ‘സ്വാര്‍ത്ഥ­ലോഭ­മദ­മാത്സര്യ­വായ്പു’ കൊണ്ട് പദ്മവ്യൂഹത്തില്‍ അഭിമന്യൂവിനെ തച്ചുകൊല്ലുന്നു. നിരപരാധരെ നിഗ്രഹിക്കുന്നു. എങ്കിലും ശാന്തിയുടെ വെണ്‍പിറാവ് പറന്നെത്തുമെന്ന് കവി പ്രതീക്ഷിക്കുന്നു. ഇവിടെ വിചാര­വികാരങ്ങള്‍ കവിയുടെ സ്വത്വത്തിലൂടെ കടന്നു ‘Super reality’ ആയി തീരുന്നില്ല. ആശയങ്ങള്‍ സര്‍വ്വസാധാരണങ്ങള്‍. പദവിന്യാസം അതിനെക്കാള്‍ സര്‍വ്വസാധാരണം.

എങ്ങു നീ ശാന്തിതന്‍ കൊഞ്ചലുതിര്‍ക്കുന്ന
മംഗല്യമൂര്‍ത്തിയാം പ്രാവേ
നിന്‍രൂപ ഭംഗിയും രജതകാന്തിയു-
മാരമ്യനാദവുമെങ്ങാം?

ഈ വരികളിലും തുടര്‍ന്നുവരുന്ന വരികളിലും ഫോട്ടോഗ്രാഫിയേ ഉള്ളു. കവിതയുടെ അഗ്നി നാളമില്ല. ആശയങ്ങള്‍ അനുവാചക ഹൃദയത്തില്‍ റോസാപ്പൂക്കളായി വിടരുന്നില്ല. കവി മരക്കൊമ്പില്‍ പച്ചില­ച്ചാര്‍ത്തില്‍ മറഞ്ഞിരുന്നു പാടുന്ന പക്ഷിയാണ്. തീവണ്ടിയില്‍ കയറി ഒറ്റക്കമ്പിയുടെ സംഗീതോ­പകരണം മീട്ടി ശബ്ദം പുറപ്പെടുവിക്കുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന ആളല്ല.

അഭ്യര്‍ത്ഥന

ഡെസ്മണ്ട് മോറിസിന്റെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. ഓരോന്നും ശുദ്ധമായ ഭോഷ്കാണെന്ന് എനിക്കു തോന്നിയെങ്കിലും അത് ഇതുവരെ സ്പഷ്ടമാക്കിയില്ല. ഇപ്പോള്‍ അതു പറയണമെന്ന് എനിക്കാഗ്രഹം. ഓരോന്നു­മെടുത്തു പരിശോധിക്കാന്‍ സ്ഥലമില്ലല്ലോ. അതുകൊണ്ട് Naked Ape എന്ന പുസ്തകം മാത്രമാവട്ടെ. മനുഷ്യന്‍ ഇപ്പോഴും നഗ്നവാനര­നാണെന്നു മോറിസ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. വേട്ടയാടുന്നതിനു പകരം അവന്‍ ജോലി ചെയ്യുന്നു. നഗ്നവാനരന്റെ ഇണയ്ക്കു പകരം ഇന്നത്തെ മനുഷ്യന് ഭാര്യയുണ്ട്. പട്ടി വിളക്കു­മരത്തിലോ മറ്റു വല്ല സ്ഥലത്തോ കാലുപൊക്കി മൂത്രമൊഴിച്ച് അടയാള­മുണ്ടാക്കുന്നതും ഗൃഹനായകന്‍ സ്വന്തം പേരെഴുതി വീട്ടിന്റെ മുന്‍പില്‍ വയ്ക്കുന്നതും സദൃശങ്ങായ പ്രക്രിയകളാണത്രേ. ശുദ്ധ അസംബന്ധമല്ലേ ഇത്? ഒരു വാനരനും ഐന്‍സ്റ്റൈനും സദൃശ്യരാണോ? മരഞ്ചാടിയും ടോള്‍സ്റ്റോയിയും തമ്മില്‍ വ്യത്യാസ­മൊന്നുമില്ലേ? വാനരന്റെ സ്വാഭാവിക പരിണാമമാണ് മനുഷ്യന്‍. മനുഷ്യന്‍ ഇനി അതിമാനുഷനാകും. പരിണാമം എവിടെച്ചെന്ന് നില്‍ക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല.

സ്ത്രീകള്‍ പൊക്കിള്‍ കാണിക്കുന്നത് ജനനേന്ദ്രിയം കാണിക്കുന്നതിനു പകരമാണെന്ന് മോറിസ് വേറൊരു പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതും നോണ്‍സെന്‍സാണ്. ഇത്തരം അസംബന്ധങ്ങള്‍ പരമ­സത്യങ്ങളാണെന്നു യുവാക്കന്‍മാര്‍ വിശേഷിച്ചും കോളേജ് വിദ്യാര്‍ത്ഥികള്‍ ധരിച്ചു വയ്ക്കുന്നു. സ്വന്തം മസ്തിഷ്ക­മുപയോഗിക്കാനും മോറിസിനെപ്പോലെ വര്‍ജ്ജിക്കേണ്ടവരെ വര്‍ജ്ജിക്കാനും ഞാന്‍ അവരോടു അഭ്യര്‍ത്ഥിക്കുന്നു.