close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 06 09


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 06 09
ലക്കം 508
മുൻലക്കം 1985 06 02
പിൻലക്കം 1985 06 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

​​

മോസ്കോയിൽ പോയിട്ടു തിരിച്ച് ഇവിടെയെത്തിയ ഒരു കൂട്ടുകാരനോട് ഞാൻ ചോദിച്ചു: “മോസ്കോ എങ്ങനെയിരിക്കുന്നു?” ഉടനെ അദ്ദേഹം മറുപടി നൽകി: “ഓ ജറ്റിലായിരുന്നു യാത്ര. എന്തൊരു വേഗം!” മോസ്കോയിലെ കൊമ്യൂനിസം എങ്ങനെയെന്നാണ് ഞാൻ ചോദിച്ചത്. വേഗത്തിനു മാത്രം പരമപ്രാധാന്യം കല്പിച്ച സ്നേഹിതൻ വർഗ്ഗരഹിത സമുദായത്തിന്റെ സാക്ഷാത്കാരം കൊതിക്കുന്ന തത്ത്വചിന്തയുടെ സവിശേഷത കണ്ടില്ല.

അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ വായനശാലയുടെ വാർഷിക സമ്മേളനം. അദ്ധ്യക്ഷനായിരുന്ന വള്ളത്തോളിനോട് “ചൈന എങ്ങനെ?” എന്നു ചോദ്യം. അദ്ദേഹം ചൈന കണ്ടിട്ടു തിരിച്ചെത്തിയിരിക്കുകയാണ്. “കോഴി! ഒന്നാന്തരം കോഴി!” എന്ന് വള്ളത്തോളിന്റെ മറുപടി. ചോദ്യകർത്താവ് ചൈനയിലെ കൊമ്യൂനിസത്തെക്കുറിച്ച് ചോദിച്ചപ്പോൾ കോഴിയിറച്ചിയിൽ മാത്രം തല്പരനായ കവി അവിടത്തെ ചിക്കൻ ഫ്രൈയുടെ സ്വാദിനെക്കുറിച്ചാണ് സ്തുതിഗീതം ഉതിർത്തത്. ഏതെങ്കിലും ഒരു ചിന്തയ്ക്കോ വികാരത്തിനോ പ്രാധാന്യം വന്നാൽ മറ്റെല്ലാ ചിന്തകളും വികാരങ്ങളും അവഗണിക്കപ്പെടും. ഈ സത്യം സ്പഷ്ടമാക്കിത്തരുന്നു കൂട്ടുകാരന്റെയും കവിയുടെയും മറുപടികൾ.

“നാഗപ്പൂരു വരെ പോകുന്നോ? അയ്യോ രണ്ടായിരം കിലോമീറ്റർ സഞ്ചരിക്കണമല്ലോ!” എന്ന് അദ്ഭുതം കൂറുന്ന ആളും “അതേ രണ്ടായിരം കിലോമീറ്റർ” എന്ന് സമ്മതഭാവത്തിൽ പറയുന്ന വ്യക്തിയും ദീർഘത മാത്രമേ കാണുന്നുള്ളൂ; രണ്ടു ടെലിഫോൺ പോസ്റ്റുകൾക്കിടയിലുള്ള സൗന്ദര്യവും അദ്ഭുതവും കാണുന്നില്ല. ലോഹനിർമ്മിതങ്ങളായ രണ്ടു തൂണുകൾക്കിടയിൽ ചോളവയൽ. അതിൽ ഹരിതവർണ്ണത്തിന്റെ സമ്പന്നത. ആ സമ്പന്നതയ്ക്കു നടുവിൽ സുന്ദരിയായ പെൺകുട്ടി. “കുനുകുറുനിര കൈത്താരുകൊണ്ടു” മാറ്റി അവൾ തീവണ്ടിയെ പകച്ചു നോക്കുന്നു; കടാക്ഷശാസ്ത്ര പഠിപ്പു നേടാത്ത വിടർന്ന കണ്ണാൽ” ആ ചോളച്ചെടിയിൽ നിൻ ഒരില അടർത്തിയെടുക്കുക. അതിൽ നിന്ന് ഒരു ‘സ്ലൈസ്’ എടുക്കൂ. സൂക്ഷ്മദർശിനിയുടെ താഴെവച്ചു നോക്കൂ. ജീവകോശങ്ങളുടെ സംവിധാനം കണ്ട് നിങ്ങൾ വിസ്മയിക്കും.

ഏക്കർ കണക്കിനല്ല, മൈലുകൾ കണക്കിനു നിലങ്ങളും പുരയിടങ്ങളും സമ്പാദിച്ചു കൂട്ടുന്ന സാഹിത്യകാരൻ ജീവിതത്തിന്റെ ഒരു നിമിഷത്തിലടങ്ങിയ പ്രൗഢതയും സമ്പന്നതയും ദർശിക്കുന്നില്ല. അങ്ങനെയുള്ള സാഹിത്യകാരൻ ആയിരം പുറങ്ങളുള്ള നോവലെഴുതുമ്പോൾ ഓരോ വാക്യത്തിലും സമ്പന്നത വരുത്താൻ കഴിവില്ലാത്തവനായിത്തീരുന്നു. അതല്ല കാളിദാസന്റെ രീതി. ‘രഘുവംശ’വും ‘കുമാരസംഭവ’വും സാകല്യാവസ്ഥയിൽ മനോഹരങ്ങൾ. അതേ സമയം ഓരോ പാദത്തിലും മനോഹാരിത തുളുമ്പുന്നു. അവരുടെ വിവാഹം കഴിഞ്ഞു. രാത്രി. മരങ്ങൾക്കു താഴെ, ഇലകളിലൂടെ കടന്നു വരുന്ന നിലാവ് ചെറിയ തുണ്ടുകളായി നിലത്തു ചിതറിക്കിടക്കുന്നു. അവ പൂക്കൾ പോലെയാണ്. വിരലുകൾകൊണ്ട് അവയെ ഉയർത്തിയെടുത്ത് ഭാര്യയുടെ തലമുടിയിൽ ചൂടിക്കാമെന്നാണ് ഭർത്താവ് പറയുന്നത് (കുമാരസംഭവം സർഗ്ഗം എട്ട്, ശ്ലോകം 72). ഇതാണ് അനന്തമായ കാലത്തിലെ തേജോമയമായ ഒരു ബിന്ദു.

യുണാനിമിസം

ബിന്ദുവിനല്ല പ്രാധാന്യം എന്നു വാദിച്ച ഒരു സാഹിത്യകാരനുണ്ട്. ഷ്യൂൾ റോമാങ് എന്നാണ് ആ ഫ്രെഞ്ചെഴുത്തുകാരന്റെ പേര്. അദ്ദേഹം പ്രചരിപ്പിച്ച Unanimism എന്ന തത്ത്വചിന്തയ്ക്ക് യൂറോപ്പിൽ പ്രാധാന്യമുണ്ട്. Men of Good Will എന്ന ദീർഘമായ നോവലെഴുതിയ ഈ സാഹിത്യകാരന്റെ മാസ്റ്റർപീസാണ് Mort de Quelqu’un എന്ന കൊച്ചു നോവൽ. ഷാക്ക് ഗോദേർ (Jacques Godard) എന്നൊരു ജോലിക്കാരൻ മരിച്ചു. പ്രായം കൂടിയ അയാളുടെ അച്ഛൻ ജീവിച്ചിരിക്കുന്നു. അയാൾ മകന്റെ മൃതദേഹത്തിനടുത്തു വന്നു നിന്നു. ആ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റുള്ളവർ പണം പിരിച്ചെടുത്ത് പുഷ്പചക്രം വാങ്ങുന്നു. പാൽക്കാരിയും മാംസവില്പനക്കാരനും ആ ശരീരത്തിനടുത്തുണ്ട്. എല്ലാവരും ഒരേ വികാരത്താൽ മരിച്ചയാളിനോടു ബന്ധപ്പെടുന്നു. ഒരു വർഷം കഴിഞ്ഞു. ഒരു ചെറുപ്പക്കാരൻ നാലുംകൂടുന്ന വഴിയിലെത്തിയപ്പോൾ കഴിഞ്ഞ കൊല്ലം താനാരുടെയോ ശവസംസ്കാരകർമ്മത്തിൽ പങ്കുകൊണ്ടല്ലോ എന്ന് വിചാരിക്കുകയായി. അയാളുടെ പേര് യുവാവിന് ഓർമ്മയില്ല. എങ്കിലും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ആലോചിക്കുന്നു അയാൾ. ഇങ്ങനെ മരണത്തെസ്സംബന്ധിച്ച ഒറ്റവികാരം എല്ലാവരെയും ബന്ധിപ്പിക്കുന്നു. ഇതാണ് Unanimism. ഏഴരയ്ക്ക് എത്തുന്ന ബസ്സു കാത്ത് ഒരുത്തൻ റോഡിൽ വന്നു നിൽക്കുന്നു. പക്ഷേ, ബസ്സ് നിറുത്തുന്നില്ല. ക്രമേണ ആ ബസ്സ് കാത്തു നിൽക്കുന്നവരുടെ സംഖ്യ കൂടുന്നു. പഴയ രീതിയിൽ തന്നെ ഡ്രൈവർ അതു നിറുത്താതെ കൊണ്ടു പോകുന്നു. ഒരു ദിവസം അയാൾ ഉറങ്ങിപ്പോയി. ഒൻപതരയ്ക്കുള്ള ബസ്സിൽ പോകാമെന്നു വിചാരിച്ച് അയാൾ റോഡിലെത്തിയപ്പോൾ അറിഞ്ഞു ഏഴരയ്ക്കുള്ള ബസ്സ് അന്ന് അവിടെ നിറുത്തിയെന്നും എല്ലാവരെയും അതിൽ കയറ്റിക്കൊണ്ടു പോയിയെന്നും. വിധിയുടെ യാദൃച്ഛികതയെ, ആകസ്മികസ്വഭാവത്തെ എം.ആർ. മനോഹരവർമ്മ ‘ഏഴരവണ്ടി’ എന്ന് ചെറുകഥയിലൂടെ ചിത്രീകരിക്കുന്നു (കലാകൗമുദി, ലക്കം 506). വിഷയത്തിനു യോജിച്ച ആഖ്യാനവും ശൈലിയുമാണ് ഇക്കഥയ്ക്ക്.

​​

* * *

​​ യുണാനിമിസത്തിനു നിത്യജീവിതത്തിൽ പല ഉദാഹരണങ്ങളുമുണ്ട്. നമ്മൾ ബസ്സ് കാത്തു നിൽക്കുന്നു. ഒന്നും നിറുത്തുന്നില്ല. ഒടുവിൽ ഭാഗ്യം കൊണ്ട് ഒരു ബസ്സ് നിറുത്തി. അതിൽ എല്ലാവരും ചാടിക്കയറി. ആ ബസ്സ് അടുത്ത സ്റ്റോപ്പിൽ നിറുത്താനായി ഡ്രൈവർ ഭാവിച്ചാൽ യാത്രക്കാരായ നമ്മൾക്ക് ഇഷ്ടപ്പെടില്ല. “രണ്ട് ബെല്ല് കൊടുത്തു പോയ്ക്കൂടേ” എന്ന് ചോദിക്കും നമ്മൾ. അല്പനേരത്തെ യാത്ര കൊണ്ട് യാത്രക്കാരുടെ വികാരം ഒന്നായിത്തീരുന്നു. ഇതാണ് യുണാനിമിസം.

ഈ ചിന്താഗതി ശരിയല്ലെന്ന് ഒരു റഷ്യൻ നിരൂപകൻ പറഞ്ഞത് ഇപ്പോൾ ഞാനോർമ്മിക്കുന്നു. റിയലിസത്തെക്കുറിച്ച് ഉജ്ജ്വലമായ ഗ്രന്ഥമെഴുതിയ ബൂക്കേഫ് ആണെന്നാണ് എന്റെ ഓർമ്മ. ഗ്രന്ഥം പ്രഭാത് ബുക്ക് ഹൗസിൽ നിന്നു വാങ്ങിയെങ്കിലും ഇപ്പോൾ കൈയിലില്ല. ഒരു കോപ്പികൂടെ വാങ്ങാമെന്നു കരുതി. പക്ഷേ ഔട്ട് ഒഫ് പ്രിന്റ്. അതുകൊണ്ട് പരിപൂർണ്ണമായും ഓർമ്മയെ അവലംബിച്ച് എഴുതട്ടെ. തൊഴിലാളികൾ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒറ്റക്കെട്ടായി പോകുന്നു. ചൂഷണവും അനീതിയും അവസാനിപ്പിക്കണമെന്ന അഭിലാഷത്തോടു കൂടി പോകുന്ന അവർക്ക് ഒരു വികാരമേ ഉള്ളൂ. അവരെ വെടിവച്ചു കൊല്ലാനായി കുറെ പട്ടാളക്കാർ വേറൊരു റോഡിലൂടെ മാർച്ച് ചെയ്യുകയാണെന്നു വിചാരിക്കൂ. അവർക്കും ഒരു വികാരമേ ഉള്ളൂ. രണ്ടും യുണാനിമിസമാണ്. ഇതിൽ ഏതു നമ്മൾ അംഗീകരിക്കും? സമഷ്ടിയായ വികാരം അർദ്ധസത്യമാണെന്നു വന്നു കൂടുന്നില്ലേ?

കാസ്ട്രേഷൻ

വീണ്ടും നമ്മൾ വ്യക്തിഗതമായ വികാരത്തിലേക്കു വരികയാണ്. അവിവാഹിതനായ അമ്മാവൻ മരിച്ചു അനന്തരവനായ ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ പഴ്‌സ് തുറന്നു നോക്കിയപ്പോൾ സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടൊ ഇരിക്കുന്നതുകണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ മരിച്ച അമ്മാവൻ വന്നു ഫോട്ടോ എടുത്തു കൊണ്ടുപോയി. അദ്ദേഹത്തിന്റെ നയനങ്ങളിൽ കൃഷ്ണമണികൾ മാത്രകേയുള്ളൂ. വെളുത്ത ഭാഗം ഒട്ടുമില്ല. രഘുനാഥ് പലേരി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘അവരെന്നും വരാറുണ്ട്’ എന്ന ഇക്കഥ ഫാന്റസിയാണ്.

ഫാന്റസികൾ ഞാൻ ഏറെക്കണ്ടിട്ടുള്ളത് ലാറ്റിനമേരിക്കൻ സാഹിത്യത്തിലാണ്. ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ട ഒരു പാതിരി കാരാഗൃഹത്തിൽ കിടന്നുരുണ്ട് ആ കാരാഗൃഹത്തെ ഇടിച്ചു പൊളിക്കുന്നതും പിന്നീട് അയാൾ ഉരുണ്ട് മാഡ്രിഡ് പട്ടണത്തെയാകെ തകർക്കുന്നതുമായ ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്. സമഗ്രാധിപത്യമാണ് മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും. അതുകൊണ്ട് യഥാതഥ്യത്തെ അതുപോലെ ആവിഷ്കരിച്ചാൽ അതു ചെയ്യുന്നവന്റെ തല കഴുത്തിലിരിക്കില്ല. അക്കാര്യം മനസ്സിലാക്കിയ സാഹിത്യകാരന്മാർ നിത്യജീവിത യാഥാതഥ്യത്തിനു പകരം ഫാന്റസിയുടെ യാഥാതഥ്യം സ്വീകരിച്ചു. അത് പ്രതിപാദിച്ചു. കേരളത്തിൽ ഫാന്റസിയില്ലാതെ തന്നെ കഥകളെഴുതാം, കാവ്യങ്ങൾ രചിക്കാം. എങ്കിലും രഘുനാഥും അദ്ദേഹത്തെപ്പോലെയുള്ളവരും റിയാലിറ്റിയെ വിട്ടിട്ട് ഫാന്റസിയിലേക്കു വരുന്നു. ഫാന്റസിക്കു വേണ്ടിയുള്ള ഫാന്റസിയാണ് അവരുടേത്. പക്ഷേ അവയ്ക്ക് ഭംഗി ഒട്ടുമില്ല താനും.

ഫാന്റസികൾ സമാഹരിച്ച ഒരു നിരൂപകൻ ആ സമാഹാര ഗ്രന്ഥത്തിനെഴുതിയ അവതാരികയിൽ ആ കലാരൂപത്തിന്റെ സ്വഭാവം ഹൃദയഹാരിയായ വിധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ അന്തരീക്ഷം നൽകി അതുഞാൻ മാരി എഴുതുകയാണ്. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കു വരുന്ന തീവണ്ടിയിലെ യാത്രക്കാർക്കൊക്കെ ദു:ഖം. എന്താണ് വിഷാദത്തിനു കാരണം? കൊല്ലം കഴിഞ്ഞാൽ വർക്കല, വർക്കല കഴിഞ്ഞാൽ പേട്ട. പേട്ട കഴിഞ്ഞാൽ തിരുവനന്തപുരം. ഇതെല്ലാവർക്കും അറിയാം. അതു തന്നെയാണ് സങ്കടത്തിനു ഹേതു. നേരെമറിച്ച് കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോരുന്ന തീവണ്ടി വർക്കല ചെന്നു നിൽക്കുന്നതിനു പകരം മദ്രാസിൽ ചെന്നു നിന്നാലോ? അദ്ഭുതമായിരിക്കും ഫലം. ഫാന്റസി, സത്യത്തോട് ബന്ധപ്പെട്ട ഈ അദ്ഭുതം ജനിപ്പിക്കണം. രഘുനാഥ് പലേരിക്ക് അതിനു കഴിവില്ല. പുരുഷനെ വൃഷണച്ഛേദം ചെയ്താൽ നപുംസകമേ ഉണ്ടാകൂ. പെണ്ണാവില്ല. സത്യത്തെ കാസ്ട്രേറ്റ് ചെയ്താൽ ഫാന്റസിയാവില്ല.

* * *

​​ സ്വർണ്ണമയമായ ഇരുമ്പ്, വൃത്താകൃതിയുള്ള ചതുരം, കലാത്മകമായ പൈങ്കിളിക്കഥ, ചൂടുള്ള നിലവ് — ഇവപോലെ കേരളത്തെ മാത്രം സംബന്ധിച്ച ഒരു ‘അസാദ്ധ്യത’ പറയൂ. ഉത്തരം: കലാത്മകങ്ങളായ ഫാന്റസികൾ.

സിംഹവും കാടും

പുല്ല് ഈ പച്ചനിറത്തോടെ തഴച്ചു വളരുന്നത് എന്തുകൊണ്ടാണ്? അതു നിൽക്കുന്നയിടത്തെ കാഠിന്യം കൊണ്ട്. ഇളകിയ മണ്ണിലാണെങ്കിൽ പുല്ലിന് വളർച്ചയില്ല. സിംഹത്തിന് ഈ ഔജ്ജല്യം എങ്ങനെ വന്നു? കൊടുംകാടിന്റെ ക്രൂരതയും സാന്ദ്രതയും കൊണ്ട്. മാർക്കോസില്ലെങ്കിൽ ആക്വിനോ ഇല്ല. കീലിട്ട റോഡിന്റെ കാഠിന്യാമാണ് മോട്ടോർ സൈക്കിളിന്റെ ലംബതയ്ക്ക് ഹേതു. ഒ.വി. വിജയന്റെയും പി.സി. കുട്ടികൃഷ്ണന്റെയും ചെറുകഥകൾ മനോഹരങ്ങളാവുന്നത് മുകുന്ദൻ കാരാണി മനോരാജ്യത്തിൽ എഴുതിയ ‘കളങ്കമില്ലാത്ത ദു:ഖം’ എന്ന ചെറുകഥയുടെ അസ്തിത്വത്താലാണ്. ഒരു കുട്ടിക്ക് ഒരാനയോട് അകാരണമായി സ്നേഹം. ആന നഷ്ടപ്പെടുമ്പോൾ കുട്ടിക്ക് ദു:ഖം. ടാഗോർ ‘കാബൂളിവാല’യിലും ‘പോസ്റ്റ്മാസ്റ്ററി’ലും ഹൃദ്യമായി കുട്ടികളുടെ മാനസിക വ്യാപാരങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. അക്കഥകളിലെ ഉൾക്കാഴ്ചയുടെ ആയിരത്തിലൊരംശമെങ്കിലും പ്രദാനം ചെയ്യാൻ കഴിയാത്ത ഇത്തരം കാരാണിക്കഥകൾ തികച്ചും വ്യർത്ഥങ്ങളായ രചനകളാണ്.

ഗോഡ്സെയിലൂടെ ഗാന്ധിജിയെ, ആഗ്കയിലൂടെ പോപ്പിനെ ഞാനറിയുന്നു. ‘കളങ്കമില്ലാത്ത ദു:ഖ’ത്തിലൂടെ ‘മരപ്പാവ’കളെ ഞാനറിയുന്നു (മരപ്പാവകൾ, കാരൂരിന്റെ കഥ).

പീറക്കഥ

സി. അച്യുത മേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നോൺ ഗസറ്റഡ് ഓഫീസേഴ്സിന്റെ പണിമുടക്കുണ്ടായി. അനുരഞ്ജനത്തിനുള്ള വഴികളെല്ലാം മുടങ്ങിയപ്പോൾ, ബഹുജനം സ്ട്രൈക്ക് നിമിത്തം വല്ലാതെ കഷ്ടപ്പെടുന്നുവെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി പണിമുടക്കിയവരോട് ഇങ്ങനെ പറഞ്ഞുവെന്നാണു കഥ. “നിങ്ങൾ സ്ട്രൈക്ക് അവസാനിപ്പിച്ച് ഓഫീസുകളിൽ കയറിയില്ലെങ്കിൽ …ക്കൊണ്ട് പ്രസംഗിപ്പിക്കും.” ശമ്പളം കൂട്ടിയില്ലെങ്കിലും വേണ്ടില്ല ആ പണ്ഡിതന്റെ പ്രസംഗം കേൾക്കാൻ വയ്യെന്ന് കരുതി ഉദ്യോഗസ്ഥന്മാർ ഓഫീസുകളിൽ ഓടിക്കയറി പോലും. (ഞാനും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടുണ്ട്. പ്രസംഗം കഴിയുമ്പോൾ ശ്രോതാക്കളുടെ എല്ലും തൊലിയും മാത്രമേ മിച്ചം കാണൂ. ശേഷമുള്ളതെല്ലാം അദ്ദേഹം ഭക്ഷിച്ചിരിക്കും. പാവം! മരിച്ചുപോയി. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി). ഡി.ഐ.ജി. എൻ. കൃഷ്ണൻ നായർ ഐ.പി.എസ് എഴുതിയ ഒരു കഥ ഓർമ്മയിലെത്തുന്നു. ശസ്ത്രക്രിയ നടത്താൻ വേണ്ടി രോഗിയെ ബോധം കെടുത്താൻ ശ്രമിക്കുകയാണ് ഡോക്ടർ. എന്തു ചെയ്തിട്ടും ബോധം കെടുന്നില്ല. അപ്പോൾ കഥാകാരൻ കൂടിയായ ഡോക്ടറുടെ ഒരു ചെറുകഥയെടുത്ത് രോഗിയെ വായിച്ചു കേൾപ്പിച്ചു. അയാൾ ബോധം കെട്ടു വീഴുന്നു. നീറോ ചക്രവർത്തിക്ക് പാടാൻ അറിഞ്ഞുകൂടായിരുന്നു. എങ്കിലും താൻ വലിയ പാട്ടുകാരനാണെന്ന് അദ്ദേഹം കരുതി. തിയറ്റർ വാടകയ്ക്കെടുത്ത് അദ്ദേഹം ദിവസങ്ങളോളം പാടും. പട്ടാളക്കാരാണ് ശ്രോതാക്കൾ. ഓരോ പാട്ടു കഴിയുമ്പോഴും അവർ കൈയടിക്കണമെന്നാണ് ചക്രവർത്തിയുടെ കല്പന. ഇറങ്ങിപ്പോകാൻ പറ്റുമോ? അതുകൊണ്ട് ചില പട്ടാളക്കാർ ചത്തു വീഴുന്നതായി അഭിനയിച്ചു. അവരെ പരിചാരകർ തൂക്കിയെടുത്ത് വെളിയിൽ കൊണ്ടുപോകുമായിരുന്നു. തുടർച്ചയായി വളരെ ദിവസം നീറോ പാടിയിരുന്നതുകൊണ്ട് സ്ത്രീകൾ തീയറ്ററിനകത്തു തന്നെ പ്രസവിച്ചിരുന്നു. അന്തരിച്ച പ്രഭാഷകനും നീറോ ചക്രവർത്തിയും സുജ ജയിംസിനെക്കാൾ എത്രയോ ഭേദപ്പെട്ടവർ. ആരാണ് സുജ ജയിംസ് എന്നല്ലേ? മനോരമ ആഴ്ചപ്പതിപ്പിൽ ‘നീലിമയുടെ രഹസ്യം’ എന്ന കഥയെഴുതിയ സ്ത്രീ. എന്നും ഉച്ചയ്ക്കുശേഷം നീലിമയ്ക്ക് സ്കൂളിൽ നിന്ന് വീട്ടിൽ പോകണം. അദ്ധ്യാപകന് അതു രസിക്കുന്നില്ല. അവൾ പോകുന്നത് കഥയെഴുതാനാണെന്ന് അറിയുമ്പോൾ ആ നീരസം മാറുന്നു. ഇത്തരം പീറക്കഥകൾ വായിക്കാതെ കാട്ടിൽ കഴിഞ്ഞു കൂടിയ നമ്മുട പൂർവികർ എത്ര ഭാഗ്യവാന്മാർ!

ഐറണി

ചെറുകഥയ്ക്കു സങ്കീർണ്ണമായ ഇതിവൃത്തം വേണ്ട. എൻ.പി. രാജശേഖരൻ കുങ്കുമം വാരികയിലെഴുതിയ ‘ഗോളി’ എന്ന കഥയിൽ സങ്കീർണ്ണമായ പ്ലോട്ടില്ല. കഥ എപ്പോഴും ചെറുതാണ്. അതുകൊണ്ട് ചിത്തവൃത്തിപരങ്ങളായ പോരാട്ടങ്ങളോ അവയോടു ബന്ധപ്പെട്ട ഗഹനതകളോ ചിത്രീകരിക്കാൻ വയ്യ. സത്യം. രാജശേഖരന്റെ കഥയിൽ അവയൊന്നും ഞാൻ അന്വേഷിക്കുന്നില്ല. ഒരു സാധാരണ സംഭവത്തെ ‘ഐറണി’യുടെ പരിവേഷത്തിനകത്തു നിറുത്തുകയാണ് അദ്ദേഹം. വിവാഹം ഏർപ്പാടു ചെയ്തുകൊടുക്കുന്നവനെ വിവാഹത്തിനു ശേഷം ദമ്പതികൾ അവഗണിക്കുന്നതാണ് പ്രമേയം. പരിഹാസത്തിന്റെയും വിപരീതലക്ഷണയുടെയും പ്രകാശം കഥയിൽ വീണിരിക്കുന്നു.

​​

* * *

​​ എല്ലാ ദാമ്പത്യജീവിതങ്ങളും പരാജയങ്ങളാണ്. അതുകൊണ്ട് ഭാര്യയും ഭർത്താവും ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് തങ്ങളുടെ വിവാഹം ഏർപ്പാടു ചെയ്തവനെയാണ്. “ഇവനാണല്ലോ എന്റെ ജീവിതം തുലച്ചത്. ദ്രോഹി.” എന്നായിരിക്കും അയാളെ കാണുമ്പോൾ അവളും അവനും വിചാരിക്കുക.

ചെറിയ കാര്യം

ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ഭവത്രാതൻ നമ്പൂതിരിപ്പടിന്റെ ചേതോഹരമായ നോവൽ (അപ്ഫന്റെ മകൾ) വായിച്ചത്. “നാളും തീയതിയും ഓർമ്മ വയ്ക്കണമെന്ന് ആരും കരുതിയില്ല” എന്നാണെന്നു തോന്നുന്നു അതിന്റെ തുടക്കം. അതുപോലെ പറയുകയാണ്. നാളും തീയതിയും ഓർമ്മയില്ല. അതുകൊണ്ട് ഒക്ടോബർ പതിനഞ്ചാം തീയതിയായിരുന്നു എന്റെ മകളുടെ വിവാഹമെന്നു പറയട്ടെ. വിവാഹത്തിന് തിരുവനന്തപുരം നഗരത്തിന്റെ വടക്കുഭാഗത്തു താമസിക്കുന്ന ഒരു പ്രശസ്തനായ സാഹിത്യകാരനെ ക്ഷണിച്ചിരുന്നു. അദ്ദേഹം സെപ്റ്റംബർ പതിനഞ്ചാം തീയതി എന്റെ വീട്ടിൽ വന്നു. ഒന്നു പരുങ്ങി. ജീവിതത്തിൽ ആദ്യമായിട്ടാണ് അദ്ദേഹം എന്റെ വീട്ടിലെത്തുന്നത്. പരുങ്ങൽ കണ്ട് എന്താണ് കാര്യമെന്ന് ഞാൻ വിനയത്തോടെ ചോദിച്ചു. അദ്ദേഹം ഇങ്ങോട്ടൊരു ചോദ്യം. “ഇന്നല്ലേ മകളുടെ വിവാഹം?” ഞാൻ പറഞ്ഞു: “സാർ അടുത്ത മാസം പതിനഞ്ചാം തീയതിയാണ്. ശ്രീമൂലം ക്ലബ്ബിൽ വച്ച്”. അദ്ദേഹം എഴുന്നേറ്റു. “ഈ അബദ്ധം പറ്റിയതായി ആരോടും പറയരുതേ” എന്ന് അഭ്യർത്ഥന. അതു മാനിച്ചാണ് ഇവിടെ പേരു പറയാത്തത്. അദ്ദേഹം അടുത്ത പതിനഞ്ചിനു ശ്രീമൂലം ക്ലബ്ബിൽ വന്നിരുന്നു.

ഇതോർമ്മിച്ചത് ഡി.സി.യുടെ ലേഖനം വായിച്ചതുകൊണ്ടാണ്. സി.ജെ. തോമസ് ഒരു പതിമൂന്നാം തീയതി കോഴിക്കോട് റേഡിയോ സ്റ്റേഷനിൽ കയറിച്ചെന്ന് “പ്രഭാഷണത്തിന്റെ റിക്കോഡിങ്ങുണ്ട്. ഇതൊക്കെ കുറെ നേരത്തേ അറിയിച്ചുകൂടേ?” എന്നു ചോദിച്ചു. ഉദ്യോഗസ്ഥൻ പരിഭ്രമിച്ചു. അദ്ദേഹം ഫയലെടുത്തു നോക്കിയിട്ടു പറഞ്ഞു: മൂന്നുമണിക്കു തന്നെ. പക്ഷേ അടുത്തമാസം 13-ആം തീയതിക്കാണ് എന്നു മാത്രം”. ഓർമ്മക്കുറവ് കോളേജ് പ്രൊഫസർമാർക്കു മാത്രമല്ല, സാഹിത്യകാരന്മാർക്കുമുണ്ട് (എന്റെ വീട്ടിൽ വന്ന സാഹിത്യകാരൻ പ്രൊഫസറുമാണ്). ഡി.സി. എഴുതിയത് ചെറിയ കാര്യം തന്നെ. നർമ്മഭാസുരമായ ചെറിയ കാര്യം (കുങ്കുമം, ലക്കം 38).

​​

* * *

​​ വർഷങ്ങൾക്കു മുൻപ് പവനനോടു കൂടി പുനലൂര് ഒരു സമ്മേളനത്തിന് ഞാൻ പോയി. മീറ്റിങ്ങ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ അദ്ദേഹം ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞു: “സുന്ദരിയായ ചെറുപ്പക്കാരി അണിഞ്ഞൊരുങ്ങി നൃത്തം ചെയ്യാൻ വേദിയിൽ നിൽക്കുകയായിരുന്നു. പ്രഖ്യാതനായ ഒരു നോവലിസ്റ്റ് ആ പ്രദേശത്തെ ലഹരിക്കു വിധേയനായി അവളുടെ അടുക്കലെത്തി. പുരുഷൻ സ്ത്രീ വേഷം കെട്ടിയാൽ ഇത്ര നന്നാകുമോ? എന്നു ചോദിച്ചുകൊണ്ട് ആദ്യം അവളുടെ കവിളിൽ തലോടി. രണ്ടാമത്…” അപ്പോഴേക്കും ആളുകൾ ഇളകി. നോവലിസ്റ്റിന് എന്തു പറ്റിയെന്ന് പവനൻ പറഞ്ഞില്ല.

വിരലുകൾ

“താരുണ്യവേഗത്തിൽ വധൂജനങ്ങൾ പിന്നിടുന്നൂ പുരുഷവ്രജത്തെ” എന്ന കവിവാക്യം സാർത്ഥകമാക്കിക്കൊണ്ടുള്ള ഒരു ബംഗാളിക്കഥ (സ്വരാജ് ബന്ദ്യോപാധ്യായ, പരിഭാഷ: തിരുനല്ലൂർ രവിയുടേത്) വായിച്ചുകൊണ്ടാണ് ആ കഥ പോലെ ഭാവാത്മകത്വമുള്ള തരുണിയെ ഞാൻ കുങ്കുമം വാരികയുടെ 38-ആം പുറത്തു കണ്ടത്. അവളും അവനും നാലു ദിവസമായി തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു. ഇനി പിരിയാൻ വയ്യ. വിവാഹം കഴിക്കാമെന്ന് അവളുടെ നിർദ്ദേശം. അപ്പോൾ കൃഷ്ണന്റെ തത്ത്വചിന്തകൻ പറയുന്നു: “ശരിയാണ്. കാലം ചങ്ങല വലിക്കും. വണ്ടി നില്ക്കും” ചിന്തോദ്ദീപകവും സുന്ദരവുമായ ചിത്രം. പക്ഷേ കാലമാണോ ഇക്കാര്യത്തിൽ ചങ്ങല വലിക്കുന്നതെന്ന കാര്യത്തിൽ മാത്രം എനിക്കു സംശയം. ചിത്രത്തിലെ സുന്ദരിയുടെ കൈകൾ കാണാനില്ല. മനോഹരങ്ങളായ വിരലുകളായിരിക്കും അവളുടേത്. ഈ ഭംഗിയുള്ള ചെറുപ്പക്കാരിയുടെ വിരലുകൾക്കും കാണും ഭംഗി. നീണ്ട വിരലുകൾ. നെയിൽ പോളീഷ് ഇട്ട ആ വിരലുകൾ കാമുകനെ തലോടും. പാവങ്ങൾക്കു പണം വാരിക്കൊടുക്കും. ചിത്രം വരയ്ക്കും. കവിതയെഴുതും. പക്ഷേ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകങ്ങളായ ആ വിരലുകളാണ് ദേവയാനിയുടെ പൂഞ്ചേലയെടുത്ത് ഉടുത്തത്. ആ വിരലുകളാണ് ദേവയാനിയെ പൊട്ടക്കിണറ്റിൽ തള്ളിയത്. ആ വിരലുകളാണ് സ്വന്തം കുഞ്ഞുങ്ങളുടെ കഴുത്തുഞെരിച്ചു കൊന്നത് (മീഡിയയുടെ കഥ). ജോണിനെ മുറിച്ചെടുത്ത ശിരസ്സ് സ്പർശിച്ചതും ആ വിരലുകൾ തന്നെ (സലോമിയുടെ കഥ). ജോലിക്കു വേണ്ടി, കിട്ടിയ ജോലിയിൽ നിന്ന് കയറ്റം കിട്ടാൻ വേണ്ടി, മാർക്കിനു വേണ്ടി, പരീക്ഷയിൽ ക്ലാസ്സിനു വേണ്ടി, അഭിലാഷസാഫല്യത്തിനു വേണ്ടി ഹാർമ്മോണിയത്തിന്റെ കട്ടകളിൽ വിരലോടിക്കുന്നതു പോലെ പുരുഷനെ സ്പർശിക്കുന്നതും ആ വിരലുകൾ തന്നെ. കൃഷ്ണനെന്തേ വിരലുകൾ വിട്ടുകളഞ്ഞു?

വിവിധ വിഷയങ്ങൾ

കാലു നഷ്ടപ്പെട്ടവർ, കൈ നഷ്ടപ്പെട്ടവർ ഇവരുള്ള ഒരാശുപത്രിയും ഒരു ശവകുടീരവും കൊണ്ട് അഹമ്മദ് അബ്ബാസ് രൂപം കൊടുത്ത രചനയാണ് The Miracle of Haji Ali. കഥയുളവാക്കുന്ന അനുഭവം കലാപരമാണെങ്കിൽ ഇതു വെറും ജർണ്ണലിസമാണ്. സൂപർ ജർണ്ണലിസം പോലുമല്ല (കഥ Illustrated Weekly-യിൽ).

കാമുകിക്കു വേറൊരു കാമുകനുണ്ടെന്നു യഥാർത്ഥ കാമുകൻ തെറ്റിദ്ധരിക്കുന്നു. കാമുകി കരഞ്ഞപ്പോൾ തെറ്റിദ്ധാരണ മാറുന്നു. എല്ലാം ശുഭം. ഐഷ വി. തയ്യിൽ ചന്ദ്രിക വാരികയിലെഴുതിയതാണ് ഇക്കഥ. പേപ്പട്ടി കടിക്കാൻ വന്നാൽ ഓടി രക്ഷപ്പെടുന്നതു പോലെ ഞാൻ ഇക്കഥയിൽ നിന്ന് ഓടി രക്ഷപ്പെടുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ശബ്ദങ്ങൾ’ എന്ന കൊച്ചു നോവലിനെക്കുറിച്ച് 1948-ൽ എസ്. ഗുപ്തൻ നായർ പറഞ്ഞ പ്രതികൂലാഭിപ്രായങ്ങളെ എടുത്തെഴുതിക്കൊണ്ട് ഇന്നും അദ്ദേഹത്തിന് ഇതേ അഭിപ്രായമായിരിക്കാമെന്ന് മലയാറ്റൂർ രാമകൃഷ്ണൻ ജനയുഗം വാരികയിൽ എഴുതുന്നു. ആയിരിക്കാം. പക്ഷേ, ബഷീറിന്റെ ശബ്ദങ്ങൾ ചേതോഹരമായ കലാശില്പമാണ്. കലാപരമായ ആവശ്യകതയ്ക്കുമതീതമായി ഒരശ്ലീലവർണ്ണനയും അതിലില്ല.

“ഇപ്രപഞ്ചത്തിൽജ്ജീവകലികവിടർന്നൊരാ-
സുപ്രഭാതത്തിൽ നിന്റെ നൃത്തവുമാരംഭിച്ചു”

കോന്നിയൂർ രാധാകൃഷ്ണൻ പൗരധ്വനി വാരികയിലെഴുതിയ ‘സർഗ്ഗപൂജ’ എന്ന കാവ്യത്തിലെ രണ്ടു വരികളാണിവ. ഇതുപോലെ തന്നെയാണ് മറ്റു വരികളും. നവീന കവിത വായിച്ചു ജീവനറ്റിരിക്കുന്ന ഞങ്ങളെ രാധാകൃഷ്ണൻ ക്ലീഷേയുടെ ഏകസ്വരത കൊണ്ട് ഇങ്ങനെ കഷ്ടപ്പെടുത്തരുത്. പണ്ടൊരാൾ മോട്ടോർ സൈക്കിളിൽ നിന്ന് വീണു മരിച്ചു. അയാളുടെ മൃതദേഹത്തിൽ മോട്ടോർ സൈക്കിൽ ഉയരുകയും താഴുകയും ചെയ്യുന്നത് ഞാൻ കണ്ടു. രാധാകൃഷ്ണന്റെ ‘സർഗ്ഗപൂജ’ വീണു കിടന്നു പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളാണ്. അതിന്റെ അടിയിൽ കിടക്കുന്നത് വായനക്കാരനും.

​​

* * *

പർവ്വതത്തിനു പിറകിൽ നിന്ന് സൂര്യൻ ഉയർന്നു കഴിയുമ്പോൾ ആ പർവ്വതമാകെ തിളങ്ങും. ‘വാർ ആൻഡ് പീസ്’, ‘മാജിക് മൗണ്ടൻ’, ‘മോബി ഡിക്ക്’, ‘ഡെത്ത് ഒഫ് വെർജിൽ’ ഈ നോവലുകൾ വായിക്കുമ്പോൾ നമ്മുടെ മനസ്സ് പ്രകാശത്തിൽ മുങ്ങും. അതുകൊണ്ട് മഹനീയങ്ങളായ കൃതികൾ മാത്രം വായിക്കുക.