close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 06 14


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 06 14
ലക്കം 874
മുൻലക്കം 1992 06 07
പിൻലക്കം 1992 07 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സംഭവങ്ങള്‍

  1. കലാനിരൂപകനെന്നു തനിയെയങ്ങു വിചാരിച്ച പ്രഭാഷകന്‍ പ്രഭാഷണം തകര്‍ക്കുകയായിരുന്നു. പാവം ഇപ്പോഴില്ല. ‘മരിച്ചവരെക്കുറിച്ച് വല്ലതും പറയുന്നതെങ്കില്‍ നല്ലതു പറയൂ; ഇല്ലെങ്കില്‍ മിണ്ടാതിരിക്കൂ’ എന്നു പണ്ടാരോ ഉദ്ബോധിപ്പിച്ചതു മറന്നല്ല ഞാനിത് എഴുതുന്നത്. വായനക്കാര്‍ സദയം ക്ഷമിക്കണം. സദസ്സ് എന്നു പറയുന്നത് സമ്മേളനത്തിനുശേഷമുള്ള ഡാന്‍സ് എന്ന ഉഡാന്‍സ് കാണാനെത്തിയ കുറെ വിവരമില്ലാത്ത പെണ്ണുങ്ങള്‍. ഏറിയകൂറും മധ്യവയസ്കകളും വൃദ്ധകളും. പനയോലപ്പായ് വിരിച്ച് അതില്‍ കിടന്നു കൊത്തമ്പാലു ചാക്കുപോലെ നീണ്ട മുലകള്‍ പ്രഭാഷകരായ ഞങ്ങളെയും കാണിച്ച് തടിപോലെയായ മക്കള്‍ക്കു പാലുകൊടുക്കുന്നവരാണ് മിക്ക സ്ത്രീകളും. അകലെ കുറെ ആണുങ്ങള്‍ കൂടിനില്ക്കുന്നുണ്ട്. കലയുടെ ഏതടിസ്ഥാനതത്ത്വം എത്ര ലളിതമായി പറഞ്ഞാലും അവിടെ കൂടിയിരുന്ന ഒരാളിനുപോലും മനസ്സിലാവില്ല. അവരെ നോക്കിക്കൊണ്ടു കലാനിരൂപകന്‍ കാച്ചുകയാണ്: “അനലിറ്റിക്കല്‍ ക്യൂബിസമുണ്ട്, സിന്തറ്റിക് ക്യൂബിസമുണ്ട്. അവ രണ്ടും പ്രചാരത്തിരുന്നപ്പോള്‍ കൊളാഷ് വന്നു. നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളെ ചിത്രകലയിലേക്ക് ആനയിച്ച കൊളാഷ് അവയുടെ പ്രാഥമികസത്യങ്ങളില്‍നിന്നു വേര്‍പെട്ട രീതിയിലാണ് ചിത്രങ്ങളില്‍ ആവിര്‍ഭവിച്ചത്…” ഇങ്ങനെ കുറെനേരം പോയപ്പോള്‍ പുരുഷസമൂഹത്തില്‍ നിന്ന് ഒരു വിളി. “നിറുത്തെടാ.” പ്രഭാഷകന്‍ അതു കേട്ടില്ല ശരിയായി. “What is it? what is it?” എന്നു എന്നോടു ചോദിച്ചു. “വേഗമങ്ങു നിറുത്തു പ്രസംഗം” എന്നു ഞാന്‍ പറഞ്ഞു. അദ്ദേഹമുണ്ടോ അതനുസരിക്കുന്നു! പ്രഭാഷകന്‍ തുടര്‍ന്നു: “നാച്ചുറലിസത്തെ നിരാകരിച്ച് കാന്‍ഡിന്‍സ്കി കാലത്തിന്റെ സ്പിരിറ്റിനെ പ്രകടിപ്പിച്ചപ്പോള്‍ മാര്‍ക് മൃഗങ്ങളെക്കാള്‍ സൗന്ദര്യം മനുഷ്യര്‍ക്കില്ലെന്ന് ഉദ്ഘോഷിച്ചപ്പോള്‍ പോയിന്റിലിസത്തിലേക്ക്…” ശബ്ദം സദസ്സിന്റെ പിറകില്‍നിന്ന് “ഛീ നിറുത്തെടാ കഴുതേ.” പ്രഭാഷകന്റെ ചോദ്യം എന്നോട് “What is it? what is it?” വേഗം നിറുത്തു” എന്നു ഞാന്‍. നിറുത്തിയില്ല അദ്ദേഹം. തുടര്‍ന്നു: “റുഡോള്‍ഫ് സ്റ്റൈനറുടെ ഡിമിത്തൊളൊജെസ്ഡ് തിങ്കിങ്ങ് കാന്‍ഡിന്‍സ്കിക്കു പ്രചോദനം നല്കിയോ പികാസ്സോയുടെ മാസ്റ്റര്‍പീസായ ‘എവീന്യോങ്ങിലെ സ്ത്രീകള്‍ ’ ബഹുജനത്തെ ഇളക്കിമറിച്ചോ…” ഇത്യാദി. സദസ്സിന്റെ പിറകില്‍നിന്ന് അപ്പോഴുണ്ടായ നിര്‍ദ്ദേശം അച്ചടിക്കാന്‍ വയ്യ. പ്രഭാഷകന്‍ തുടരുന്നു: “ഫ്രഞ്ച് ഇംപ്രെഷനിസം മൃഗീയമായ കലയാണെന്നു കരുതുന്ന ഞാന്‍…” ഒരാള്‍ സദസ്സില്‍നിന്ന് പ്ലാറ്റ് ഫോമിലേക്കു ചാടിക്കയറി കലാനിരൂപകനെ തള്ളിമാറ്റി. തുടര്‍ന്നു പലരും തങ്ങളുടെ ശരീരങ്ങള്‍ ശക്തിയോടെ അവിടെ പ്രവേശിപ്പിച്ചു. കാര്യം കുഴപ്പമാണെന്നു കണ്ട് ഞാന്‍ എഴുന്നേറ്റ് ഓടി. എന്റെ പിറകേ വണ്ണംകൂടിയ എന്‍.കൃഷ്ണപിള്ളസാറും ഓടി. ഞങ്ങള്‍ കാറിനകത്തുകയറി ഡോറടച്ച് ഗ്ലാസ്സ് ഉയര്‍ത്തിവച്ച് പേടിച്ച് ഇരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലാനിരൂപകന്‍ ക്ഷീണിച്ച്, പരവശനായി, വിയര്‍ത്ത് അംഗരക്ഷകരാല്‍ സംരക്ഷിക്കപ്പെട്ടു കാറില്‍ വന്നുകയറി. ഡോര്‍ തുറക്കാതെ ഞാന്‍ വിന്‍ഡോ ഗ്ലാസ്സാണ് താഴ്ത്തിക്കൊടുത്തത്. പ്രശാന്തതകൂടിയ കൃഷ്ണപിള്ളസ്സാര്‍ അദ്ദേഹത്തിനു പ്രവേശിക്കാന്‍ മാത്രം ഇടമുണ്ടാക്കി ഡോർ തുറന്നു.
  2. പ്രഭാഷണത്തിനു പ്ലാറ്റ് ഫോമില്‍ കയറിയാല്‍ ഒരിക്കലും അവിടെനിന്ന് ഇറങ്ങാത്ത ഒരു പരിചയക്കാരനുണ്ട് എനിക്ക്. ഒരിക്കല്‍ ഞാനും അദ്ദേഹവും ഒരു സമ്മേളനത്തിനു പോയി. മീറ്റിങ്ങിനുശേഷം തുള്ളലുണ്ടായിരുന്നതുകൊണ്ട് അതു കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഞാന്‍ അഞ്ചുമിനിറ്റ് പ്രസംഗിച്ചിട്ട് ഇരുന്നു. മറ്റേയാള്‍ അങ്ങോട്ടു കയറി. അരമണിക്കൂറായി, ഒരു മണിക്കൂറായി, ഒന്നര മണിക്കൂറായി. ഇറങ്ങുന്ന മട്ടില്ല. തുരുതുരാ കുറിപ്പുകള്‍ പ്രഭാഷകനു കിട്ടുന്നുണ്ട്. എങ്കിലും അദ്ദേഹം വകവച്ചില്ല. യോഗത്തിന്റെ സംഘാടകര്‍ എന്റെ അടുക്കലെത്തി “ഒന്നു പറയൂ നിറുത്താന്‍” എന്ന് അപേക്ഷിച്ചു. “ഞാന്‍ പറഞ്ഞാലും ഫലമില്ല. പിന്നെ ഒരു കാര്യം ചെയ്യാം. എന്‍. കൃഷ്ണന്‍നായര്‍ ഐ.പി.എസ്സിനെ എനിക്കു പരിചയമുണ്ട്. അദ്ദേഹത്തിനു ഫോണ്‍ചെയ്ത് നാലു പൊലിസ് കണ്‍സ്റ്റബിള്‍സിനെ വരുത്താം’’ എന്നു ഞാന്‍ അവരെ അറിയിച്ചു. പൊലിസ് വരാനും താമസമുണ്ടാകുമല്ലോ എന്നു കരുതിയാവാം പ്രവര്‍ത്തകര്‍ വേദിയിലേക്കു പാഞ്ഞുചെന്നു പ്രഭാഷകനെ പിടികൂടി വലിച്ചെടുത്തു കസേരയില്‍ കൊണ്ടിരുത്തി. നന്ദിപറയലും മറ്റും ഉണ്ടായില്ല. മര്യാദകെട്ടവര്‍ക്കു കാറു കിട്ടുമോ തിരിച്ചുപോരാന്‍? അന്ന് ഓട്ടോറിക്ഷയില്ല തിരുവനന്തപുരത്ത് ഞാന്‍ ഒന്നര മണിക്കൂര്‍ നേരം നടന്നു വീട്ടിലെത്തി.
  3. ഒരു സാഹിത്യനായകന്റെ കൂടെ കുമാരനാശാന്റെ ജന്മദിനാഘോഷത്തിനു പ്രസംഗിക്കാന്‍ ഞാന്‍ പോയി കുറെക്കാലം മുന്‍പ്. വേറെ ചില പ്രഭാഷകരും ഉണ്ടായിരുന്നു. സംഭാഷണം കുമാരാനാശാന്റെ കവിതയിലേക്കു തിരിഞ്ഞു. സാഹിത്യനായകന്‍ പറയുകയായി: — “കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ ഇവരില്‍ കവിത കൂടുതലുള്ളത് വള്ളത്തോലിനാണ്. ആശാന്റേത് ലേബേഡ് പൊയട്രിയാണ്. ആശയങ്ങള്‍ ആശയങ്ങളായി നില്ക്കുന്നതല്ലാതെ അവ കാവ്യബിംബങ്ങളാവുന്നില്ല. Philosophical poetry is bad poetry. ഈ ദുഷ്കവിയെയാണ് പൊക്കിക്കൊണ്ടു നടക്കുന്നത്.” സമ്മേളനം തുടങ്ങി. സാഹിത്യനായകന്‍തന്നെയായിരുന്നു അധ്യക്ഷന്‍. അദ്ദേഹം പ്രഭാഷണം ആരംഭിച്ചത് ഇങ്ങനെ: “മഹാകവിത്രയത്തില്‍ അദ്വിതീയന്‍ കുമാരനാശാനാണ്. അദ്ദേഹത്തിന്റെ ആധ്യാത്മിക സൗരഭ്യം വീശുന്ന കവിതയുടെ അടുത്ത് വള്ളത്തോലിന്റെ വൈഷയികദുര്‍ഗന്ധം വമിക്കുന്ന കവിത കൂടുതല്‍ ദുര്‍ഗന്ധമുള്ളതായി തോന്നുന്നു. മലയാളഭാഷയിലെ കവി എഴുത്തച്ഛനാണ്. കുമാരനാശാന്‍ എഴുത്തച്ഛനെക്കാള്‍ വലിയ കവിയാണ് എന്നതില്‍ ഒരു സംശയവും വേണ്ട.” (കൈയടി).

ചങ്കൂറ്റം

“കേരളത്തിലെ സാഹിത്യകാരന്മാരെ പിടികൂടിയ രോഗമെന്ത്?” “രണ്ട് ഇംഗ്ലീഷ് വാക്കുകള്‍ പറയാം. തര്‍ജ്ജമ നിങ്ങള്‍തന്നെ നടത്തിക്കൊള്ളു. self-conceit, arrogance.”

സ്വപ്നങ്ങള്‍ മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കുന്നതിനെക്കാള്‍ വൈരസ്യദായകമായ പ്രവൃത്തി വേറൊന്നുമില്ല. അതറിഞ്ഞുകൊണ്ട് വായനക്കരുടെ സദയാനുമതിയോടെ ഞാന്‍ എന്റെ ഒരു സ്വപ്നത്തെക്കുറിച്ചു എഴുതിക്കൊള്ളട്ടെ. കോഴികളെ വീട്ടില്‍ വളര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ലെങ്കിലും എന്റെ സ്വപ്നത്തില്‍ ഒരു പിടക്കോഴി ആവിര്‍ഭവിച്ചു കളഞ്ഞു. എവിടെയോ ചെന്നു മുട്ടയിട്ടതിനുശേഷം അത് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു വീട്ടുമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. പെട്ടെന്ന് അതിന് അദ്ഭുതാവഹമായ മാറ്റം വന്നു. തടിച്ച പിടക്കോഴി കോഴിക്കുഞ്ഞായി. അതു മുറ്റത്തു നിന്നു വീട്ടിനകത്തേക്കു കയറി എന്റെ മുറിയിലെത്തി കട്ടിലിലേക്കു വന്ന് എന്റെ മുഖത്തു കാഷ്ഠിച്ചപ്പോള്‍ മുഖം തുടച്ചുകൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു. മുഖത്ത് ഒന്നുമില്ലായിരുന്നു. സ്വപ്നം. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ “ഒരു ഹാങ്ങോവറില്‍ ഇരുന്ന്’’ എന്ന ചെറുകഥ വായിച്ചപ്പോഴാണ് എനിക്ക് സ്വപ്നത്തെക്കുറിച്ച് എഴുതണമെന്നു തോന്നിയത്. കൃഷ്ണന്‍കുട്ടിയുടെ “മൂന്നാമതൊരാള്‍’’ എന്ന ചെറുകഥ മുട്ടയിടുന്ന പിടക്കോഴിയാണ്. അത് പെട്ടെന്നു കലാകൗമുദിയിലെ കോഴിക്കുഞ്ഞായി മാറുന്നു. ഉറങ്ങുന്ന അനുവാചകന്റെ മുഖത്തു കയറിയിരുന്നു കാഷ്ഠിക്കുകയും ചെയ്യുന്നു. സ്റ്റാലിന്റെ പടംവച്ച് ആരാധിച്ചിരുന്ന ഒരുത്തന്‍ മോഹഭംഗത്താല്‍ ആ പടമെടുത്തു മാറ്റുന്നതാണ് കഥയുടെ പ്രതിപാദ്യം. കഥ പറയുന്നു എന്ന പ്രക്രിയയില്ല; ജീവിതമില്ല, ജീവിതവീക്ഷണമില്ല, ആകെയുള്ളത് ഉപന്യാസത്തിന്റെ രീതി മാത്രം. ഇമ്മാതിരി ഒരു ‘എസ്സേ’ എഴുതിയിട്ട് അതിനു ഷോര്‍ട് സ്റ്റോറി എന്നു പേരിട്ട് വാരികയ്ക്ക് അയയ്ക്കണമെങ്കില്‍ അസാധാരണമായ ചങ്കൂറ്റം വേണം. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ ആ ചങ്കൂറ്റത്തിന്റെ മുന്‍പില്‍ ഞാന്‍ തലകുനിച്ചു നില്ക്കുന്നു. Yours truly എന്നു അദ്ദേഹത്തോടു പറയുകയും ചെയ്യുന്നു.

* * *

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയില്‍ ‘സൈദ്ധ്യാന്തികന്‍’ എന്ന് ഒന്നില്‍ക്കൂടുതലായ പ്രയോഗം കണ്ടു. അച്ചടിത്തെറ്റാവാം. സിദ്ധമായ അന്തത്തോടുകൂടിയതു സിദ്ധാന്തം. അതില്‍നിന്നു സൈദ്ധാന്തികന്‍ എന്ന രൂപം. (സിദ്ധാന്ത+ക്) സ്ത്രീലിംരൂപം സൈദ്ധാന്തികീ എന്ന്.

ചോദ്യം, ഉത്തരം

എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഭാര്യ, അതിരുകടന്ന പുകവലി, പറഞ്ഞാല്‍ കേള്‍ക്കാത്ത മക്കള്‍. എണ്‍പതു വയസ്സുവരെ ജീവിച്ചിരിക്കേണ്ട പുരുഷന്‍ ഇവയുണ്ടെങ്കില്‍ നാല്പതാമത്തെ വയസ്സില്‍ മരിക്കും.

Symbol question.svg.png പണ്ട് എന്‍. ഗോപാലപിള്ള കായിക്കരയില്‍ച്ചെന്നു പ്രസംഗിച്ചിട്ടു വന്നതിനുശേഷം ആളുകള്‍ കൈയടിച്ചില്ല എന്നു പരാതി പറഞ്ഞതായി ചിറയിന്‍കീഴ് കെ. സുധീന്ദ്രന്‍ എന്നോടു പറഞ്ഞു. നിങ്ങള്‍ ഇത്തവണ അവിടെ വന്നു നല്ലപോലെ പ്രസംഗിച്ചിട്ടും ആളുകള്‍ കൈയടിച്ചില്ലല്ലോ. ഗോപാലപിള്ളയുടെ പരാതി നിങ്ങള്‍ക്കുമില്ലേ?

ഗോപാലപിള്ളസ്സാറിന്റെ കാര്യം എനിക്കറിഞ്ഞുകൂടാ. എന്റെ കാര്യം പറയാം. ശ്രോതാക്കള്‍ കൈയടിക്കാത്തതു നന്നായി എന്നാണ് എന്റെ പക്ഷം. കൈയടിച്ചെങ്കില്‍ അതിന്റെ ശബ്ദം ചെന്നിടിച്ചു തൊട്ടപ്പുറത്തുള്ള തകര്‍ന്ന സ്മാരകമന്ദിരം നിലംപതിക്കുമായിരുന്നു. കായിക്കരെ വന്നുകൂടിയവര്‍ ഔചിത്യമുള്ളവര്‍.

Symbol question.svg.png പുരുഷന്മാരെ വൈദ്യുതിശ്മശാനത്തിലേക്കു കൊണ്ടുച്ചെല്ലുന്നത് എന്താണ്?

ഒന്നല്ല, പലതുണ്ട്. എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഭാര്യ, അതിരുകടന്ന പുകവലി, പറഞ്ഞാല്‍ കേള്‍ക്കാത്ത മക്കള്‍, എണ്‍പതുവയസ്സുവരെ ജീവിച്ചിരിക്കേണ്ട പുരുഷന്‍ ഇവയുണ്ടെങ്കില്‍ നാല്പതാമത്തെ വയസ്സില്‍ മരിക്കും.

Symbol question.svg.png കേരളത്തിലെ സാഹിത്യകാരന്മാരെ പിടികൂടിയ രോഗമെന്ത്?

രണ്ട് ഇംഗ്ലീഷ് വാക്കുകള്‍ പറയാം. തര്‍ജ്ജമ നിങ്ങള്‍തന്നെ നടത്തിക്കൊള്ളൂ. self-conceit, arrogance.

Symbol question.svg.png സ്വഭാവമേന്മയുള്ള അതിസുന്ദരികളെ കാണുമ്പോള്‍ പുരുഷന്മാര്‍ക്ക് എന്തു തോന്നും?

ലൈഗിംകവികാരം ഉണ്ടാവുകയേയില്ല. അവരോടുള്ള ബഹുമാനകൊണ്ട് അയാള്‍ ഒന്നു നോക്കിയിട്ടു സ്വന്തം കാര്യം നോക്കി പോകും’’

Symbol question.svg.png പ്രായമേറെയായില്ലേ? ഈ കച്ചവടം നിറുത്തിക്കൂടേ?

ഏതു കച്ചവടം? ഈ കോളമെഴുത്താണോ? പ്രായമേറെയായാൽ ഇതു നിറുത്തണമെന്നുണ്ടോ? ഞാനിതു എഴുതാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. നിങ്ങളുടെ മേൽവിലാസത്തിൽനിന്നു മനസ്സിലായി നിങ്ങൾക്കു ഇരുപതു വയസ്സോളമേ പ്രായമുള്ളുവെന്ന്. നിങ്ങൾ എന്റെ പ്രായത്തിൽ എത്തുമോ? എത്തിയാലും ഇതെഴുതാനാവുമോ?

Symbol question.svg.png നിങ്ങൾ ഏറ്റവും വെറുക്കുന്ന സ്ത്രീയാര്?

ജാക്വലിൻ കെന്നഡി ഒനാസിസ്സ്.

Symbol question.svg.png ‘സർവ്വരാജ്യതൊഴിലാളികളേ, സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ കൈചങ്ങലകളല്ലാതെ മറ്റൊന്നുമില്ല’ എന്നതിനെക്കാൾ ശക്തിയുള്ള വേറൊരു സൂക്തം ഉണ്ടോ?

ഇല്ല. എങ്കിലും മവോ സെതുങ്ങ് 1964-ൽ ചെയ്ത ഒരു പ്രസ്താവം തികച്ചും ശക്തമാണ്. ‘People of the world, unite and defeat the US aggressors and all their running dogs’ എന്നതാണ് അത്. അതിന്റെ സാംഗത്യം ഇന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല വർദ്ധിച്ചിട്ടുമുണ്ട്.

Symbol question.svg.png മരണത്തെക്കുറിച്ച് എന്തു പറയുന്നൂ നിങ്ങള്‍?

അത് ഒരു കോമയാണെന്നു ഭാരതീയ തത്ത്വചിന്ത്. ഫുള്‍സ്റ്റോപ്പാണെന്നു സാഹിത്യവാരഫലക്കാരന്‍.

Symbol question.svg.png വയസ്സന്‍ എന്നാരെയാണ് വിളിക്കേണ്ടത്?

നിങ്ങളെക്കാള്‍ ഒരുദിവസം പ്രായംകൂടിയ ആരും വയസ്സന്‍.

രണ്ടു മുഖങ്ങള്‍

ഇന്‍ഡ്യയുടെ മധ്യഭാഗം. അവിടെ ഒരു കാട്ടില്‍ ഞാന്‍ കുറച്ചുകാലം കഴിഞ്ഞുകൂടിയിരുന്നു. കാട്ടിന്റെ നടുവിലൂടെയുള്ള പാതയിലൂടെ നടന്ന് ബസ്സ് പോകുന്ന റോഡില്‍ ചെല്ലാനാണ് ഞാന്‍ തീരുമാനിച്ചത്. താമസിക്കുന്നിടത്തുനിന്നു സായാഹ്നത്തില്‍ ഇറങ്ങിയപ്പോള്‍ അന്തരീക്ഷം തെളിച്ചമുള്ളതായിരുന്നു. റോഡില്‍ എത്തിയപ്പോള്‍ പെട്ടെന്ന് ആകാശം കറുത്തു. കാര്‍മ്മേഘങ്ങള്‍ ഉരുണ്ടുകൂടി. പേമാരി ആരംഭിക്കാന്‍ ഒട്ടും വൈകിയില്ല. അതോടൊരുമിച്ച് പ്രചണ്ഡവാതവും. അതുപോലൊരു മഴ അതിനു മുന്‍പും പിന്‍പും ഞാന്‍ കണ്ടിട്ടില്ല. മഴ നനഞ്ഞു ഞാന്‍ വിറച്ചു. കാറ്റ് എന്നെ അടിച്ചെടുത്തു കൊണ്ടു പോകുമെന്നു വിചാരിച്ചു പേടിച്ചു. അപ്പോഴുണ്ട് 20 നാഴിക അകലെയുള്ള കോളേജില്‍ പോയിട്ട് അവിടെ ഒരു പെണ്‍കുട്ടി ബസ്സില്‍നിന്നിറങ്ങുന്നു. അവളെ എനിക്കു നേരത്തേ പരിചയമുണ്ട്. അന്നു കോളേജിലെ അധ്യാപകനായിരുന്ന എന്നെ അവള്‍ ബഹുമാനിച്ചിരുന്നു. കുടനിവര്‍ത്തി ബസ്സില്‍നിന്നിറങ്ങിയ അവള്‍ മഴയില്‍ കുതിര്‍ന്നു റോഡിനരികെ ആടിയാടി നില്ക്കുന്ന എന്നെ കണ്ടു. പെണ്‍കുട്ടിയായതുകൊണ്ട് എന്നെ കുടയില്‍ നിന്നുകൊള്ളാന്‍ അവള്‍ക്കു ക്ഷണിക്കാന്‍ വയ്യ. എന്നാല്‍ എന്റെ സ്ഥിതിയില്‍ സഹതാപവും. ഒരു കണ്ണില്‍ ഞാന്‍ നിങ്ങളെ കുടയില്‍ കയറ്റില്ല എന്ന ക്രൂരത കലര്‍ന്ന ഭാവം. മറ്റേക്കണ്ണില്‍ നിങ്ങള്‍ വെറുങ്ങലിച്ചു മരിക്കുമല്ലോ, അതില്‍ എനിക്കു ദുഃഖമുണ്ട് എന്ന മട്ട്. മുന്‍പൊരിക്കല്‍ സ്വന്തം കാറില്‍ കയറ്റി എന്നെ വീട്ടില്‍ കൊണ്ടാക്കിയ അവള്‍ അന്നു മിണ്ടാതെ പോയി. രണ്ടു കണ്ണുകളെക്കുറിച്ചു ഞാന്‍ പറഞ്ഞല്ലോ. രണ്ടു മുഖങ്ങള്‍ എന്നു വേണം പറയാന്‍. ആ രണ്ടു മുഖങ്ങള്‍ അകലെ അപ്രത്യക്ഷങ്ങളായപ്പോള്‍ മഴ തീര്‍ന്നു. ഞാന്‍ വേച്ചുവേച്ചു വീട്ടിലേക്കു പോയി.

മലയാളത്തില്‍ ആവിര്‍ഭവിക്കുന്ന ചെറുകഥകള്‍ കാണുമ്പോഴൊക്കെ ഞാന്‍ രണ്ടു മുഖങ്ങള്‍ ദര്‍ശിക്കുന്നു. ഒന്നു പടിഞ്ഞാറന്‍ സാഹിത്യത്തെ നോക്കുന്ന മുഖം. മറ്റേതു നമ്മുടെ നാട്ടിലേക്കു നോക്കുന്നത്. നൂറിനു തൊണ്ണൂറ്റിയൊന്‍പതും കഥകള്‍ ഇങ്ങനെ ഇരട്ടമുഖങ്ങള്‍ കാണിക്കുന്നു. അതു ചൂണ്ടിക്കാണിച്ചാല്‍ ചിലര്‍ വഴക്കിനു വരും. ഈ സ്ഥിതി നിലവിലിരിക്കുമ്പോള്‍ നമ്മുടെ നാട്ടിലേക്കു നോക്കുന്ന മുഖം മാത്രമുള്ള കഥ കണ്ടാലോ? ഒരു ഉള്‍ക്കുളിരുണ്ടാകും. ആ ഉള്‍ക്കുളിരാണ് ബാലകൃഷ്ണന്‍ മാങ്ങാടിന്റെ “ഋതുഭേദങ്ങള്‍’’ എന്ന ചെറുകഥ വായിച്ചപ്പോള്‍ എനിക്കുണ്ടായത്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) കറകളഞ്ഞ മലയാളശൈലിയില്‍ ഒരു ഉള്‍നാടന്‍ ദേശത്തിന്റെ കഥ പറയുന്നു അദ്ദേഹം. തൂങ്ങിമരിച്ച വല്യച്ഛന്റെ വീട്ടിലെത്തിയ അവള്‍ ജീവിക്കാന്‍വേണ്ടി ഓരോ പുരുഷന്റെകൂടെ പോകുന്നു. ഈ സര്‍വസാധാരണ സംഭവം ഹൃദ്യമായ രീതിയില്‍ വര്‍ണ്ണിച്ചിരിക്കുന്നു ബാലകൃഷ്ണന്‍ മാങ്ങാട്. കഥയുടെ അന്തരീക്ഷ സൃഷ്ടി ഒന്നാന്തരം ആ പ്രദേശത്തെ ക്ഷുദ്രങ്ങളായ പകപോക്കലുകളെ കൃത്രിമത്വത്തിന്റെ പാടുപോലും വീഴാതെ കഥാകാരന്‍ ആലേഖനം ചെയ്യുന്നു. കാലത്ത് ഉറക്കത്തില്‍നിന്നു മോചനം നേടി വേറൊരു വിചാരവും കൂടാതെ മുറ്റത്തേക്കു നോക്കുമ്പോള്‍ തലേദിവസം അവിടെ ഇല്ലാതിരുന്ന ഒരു പൂവ് വിടര്‍ന്നുനില്ക്കുന്നതു കണ്ടാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും? എന്തു തോന്നുമോ അതുതന്നെയാണ് ഇക്കഥ വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.

ഇ. എം. എസ്സ്

മലയാളത്തില്‍ ആവിര്‍ഭവിക്കുന്ന ചെറുകഥകള്‍ കാണുമ്പോഴൊക്കെ ഞാന്‍ രണ്ടു മുഖങ്ങള്‍ ദര്‍ശിക്കുന്നു. ഒന്നു പടിഞ്ഞാറന്‍ സാഹിത്യത്തെ നോക്കുന്ന മുഖം. മറ്റേതു നമ്മുടെ നാട്ടിലേക്കു നോക്കുന്നത്. നൂറിനു തൊണ്ണൂറ്റിയൊന്‍പതും കഥകള്‍ ഇങ്ങനെ ഇരട്ടമുഖങ്ങള്‍ കാണിക്കുന്നു.

പറയാനുള്ളത് സരളമായി. സ്പഷ്ടമായി പറയുന്ന രണ്ടു രാഷ്ട്രീയ നേതാക്കന്മാരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ഒരാള്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍. രണ്ടാമത്തെയാള്‍ ഇ. എം. എസ്സ്. നമ്പൂതിരിപ്പാട്. രണ്ടുപേരും ജനങ്ങളുടെ സ്ഥാനത്തു തങ്ങളെ പ്രതിഷ്ഠിക്കുന്നു. രണ്ടുപേരുടെയും അഭിപ്രായങ്ങളോടു നമുക്കു സമ്പൂര്‍ണ്ണമായി യോജിക്കാം; അല്ലെങ്കില്‍ ഭാഗികമായി യോജിക്കാം; അതുമല്ലെങ്കില്‍ പരിപൂര്‍ണ്ണമായി യോജിക്കാതിരിക്കുകയും ചെയ്യാം. പക്ഷേ സാമാന്യജനതയുടെ വിചാരവികാരങ്ങളോടു താദാത്മ്യം പ്രാപിച്ചിട്ടു സ്വന്തം വ്യക്തിത്വത്തിന്റെ വര്‍ണ്ണം കലര്‍ത്തി അവര്‍ ആവിഷ്കാരം നിര്‍വഹിക്കുമ്പോള്‍ നമുക്കു അവരെ ബഹുമാനിക്കാതിരിക്കാന്‍ സാധ്യമല്ല. ദുര്‍ഗ്രഹമായി ആരെങ്കിലും എഴുതിയാല്‍ വായനക്കാരനു ക്ലേശമുണ്ടാകും. ആ ക്ലേശം എഴുത്തുകാരനോടുള്ള വിരോധമായി മാറുകയും ചെയ്യും. എന്നാല്‍ സ്പഷ്ടതയോടെ എഴുതുന്നവരും പ്രസംഗിക്കുന്നവരും യഥാക്രമം വായനക്കാരെയും ശ്രോതാക്കളെയും ബഹുമാനിക്കുന്നവരാണ്. ഇതുകൊണ്ടാണ് പനമ്പിള്ളിയേയും ഇ.എം.എസ്സിനെയും എഴുത്തുകാരെന്ന നിലയില്‍, പ്രഭാഷകരെന്ന നിലയില്‍ കേരളീയരും കേരളത്തിനു പുറത്തുള്ളവരും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതും. ദേശാഭിമാനി വരികയില്‍ ഇ.എം.എസ്സ്. “അക്കാദമി നേതാക്കളുടെ അല്പത്വം” എന്ന പേരില്‍ എഴുതിയ ലേഖനം വായിക്കുക. വായനക്കാര്‍ക്ക് അതിലെ ആശയങ്ങളോടു പ്രതിപത്തി വരാം. വിപ്രതിപത്തിയും വരാം. എന്നാല്‍ അടിത്തട്ടു കാണാവുന്ന പുഴപോലെ ഒഴുകുന്ന ആ ശൈലിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുകയില്ല. മനസ്സിന്റെ സ്പഷ്ടതയാണ് ശൈലിയുടെ സ്പഷ്ടതയായി പ്രത്യക്ഷമാകുന്നത്. ഇ.എം.എസ്സിനെപ്പോലെ ഋജുവായി, വ്യക്തമായി എഴുതാനാണ് എനിക്കും ആഗ്രഹം.

* * *

രണ്ടുപേര്‍. ഒരാള്‍ ഹൃദയത്തിന്റെ സത്യസന്ധതയില്ലാതെ ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു. രണ്ടാമത്തെയാള്‍ അനന്തമായ അഭിലാഷത്തിന്റെ എല്ലാ ഉത്കടവികാരങ്ങളോടുംകൂടി ഈശ്വരവിഗ്രത്തോടു പ്രാര്‍ത്ഥിക്കുന്നു. ഇവരില്‍ ആദ്യത്തെയാള്‍ യഥാര്‍ത്ഥത്തില്‍ വിഗ്രഹത്തോടാണ് പ്രാര്‍ത്ഥന നടത്തുക. രണ്ടാമത്തെയാളാകട്ടെ സത്യാത്മകതയോടെ ഈശ്വരനോടുതന്നെ പ്രാര്‍ത്ഥിക്കുന്നു — കീര്‍ക്കെഗോര്‍.

സാഹ്നി

ആളുകള്‍ വീടുവയ്ക്കുമ്പോള്‍ പറമ്പിനു ചുറ്റും മതിലുകെട്ടി വ്യവസ്ഥയുണ്ടാക്കുന്നു. കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസം നല്‍കി അവരുടെ ജീവിതത്തിനു വ്യവസ്ഥ നല്‍കുന്നു. അതുപോലെ രൂപരഹിതമായ അനുഭവത്തിനു വ്യവസ്ഥയുണ്ടാക്കുമ്പോഴാണ് കലയുടെ ഉദയം.

ഇന്നത്തെ കഥയ്ക്കു പഴയ പാരമ്പര്യമല്ല, പുതിയ പാരമ്പര്യമാണുള്ളതെന്ന് ചിലര്‍ പറയുന്നു. വാദത്തിനുവേണ്ടി ഞാനതു സമ്മതിക്കുന്നു. പക്ഷേ ആ പുതിയ പാരമ്പര്യത്തില്‍നിന്ന് നൂതന പാരമ്പര്യം സൃഷ്ടിക്കുന്നവനെയാണ് മൗലികത്വമുള്ള കലാകാരനായി വായനക്കാര്‍ കാണുന്നത്. മലയാളത്തില്‍ അങ്ങനെയൊരു പാരമ്പര്യം സൃഷ്ടിച്ച എഴുത്തുകാര്‍ നവീനകാലത്ത് ഇല്ലേയില്ല. ലാറ്റിനമേരിക്കയില്‍ റോആബാസ്തോസ്, മാര്‍കേസ്, യോസ ഫ്രാന്‍സില്‍ കമ്യു, റോബ് ഗ്രീയേ ഇവരൊക്കെ അമ്മട്ടില്‍ നവീനപാരമ്പര്യത്തിന്റെ സ്രഷ്ടാക്കളാണ്. മലയാളസാഹിത്യത്തില്‍ മാത്രമല്ല ഭാരതീയ സാഹിത്യത്തിലും ആ വിധത്തിലുള്ള സൃഷ്ടികര്‍ത്താക്കളില്ല. പ്രാചീനപാരമ്പര്യത്തില്‍ അഭിരമിച്ചുകൊണ്ട് അവര്‍ കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നു. അവ വായിക്കുമ്പോള്‍ ‘തരക്കേടില്ല’ എന്നു മാത്രം നമ്മള്‍ പറയും. നമ്മുടെ അന്തര്‍മണ്ഡലത്തെ പ്രകാശപൂര്‍ണ്ണമാക്കാന്‍ അവയ്ക്കു കഴിയുകയില്ല. മേ 16-22-ലെ Illustrate Weekly-യില്‍ ഭിഷം സാഹ്നിയുടെ ഒരു ചെറുകഥ തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഭൂമി വിട്ടു കിട്ടാന്‍വേണ്ടി കോടതിയില്‍ കെയ്സിനു പോയ ഒരു വൃദ്ധന് എഴുപതാമത്തെ വയസ്സില്‍ അതു തിരിച്ചുകിട്ടാനുള്ള ‘വിധി’ ലഭിക്കുന്നു. ‘കൈവശാവകാശ’ത്തിനുവേണ്ടി പിന്നെയും ശ്രമിക്കേണ്ടതുണ്ട്. കെയ്സ് നടത്തിയ എണ്‍പതുവയസ്സായ വക്കീലിന് വസ്തുവിന്റെ മൂന്നിലൊരു ഭാഗം കൊടുക്കാമെന്നും അതിന്റെ കൈവശാവകാശത്തിനുവേണ്ടി അയാള്‍ ശ്രമിക്കണമെന്നും എഴുപതു വയസ്സുകാരന്‍ നിര്‍ദ്ദേശിച്ചു. വക്കീലിന്റെ സഹായമുണ്ടെങ്കിലേ വസ്തു വിട്ടുകിട്ടുകയുള്ളു. നാലുലക്ഷം രൂപ വിലയുള്ള വസ്തുവാണ് അയാള്‍ വക്കീലിനു പ്രതിഫലമായി കൊടുക്കാമെന്ന് സമ്മതിച്ച് മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ടുകൊടുത്തത്. ഒരു ദുര്‍ബ്ബലനിമിഷത്തില്‍ അങ്ങനെയൊരു ബുദ്ധിശൂന്യത കാണിച്ചതില്‍ പശ്ചാത്തപിച്ചു ഹൃദയാഘാതത്താല്‍ അയാള്‍ മരിക്കുന്നു. നീതിനിര്‍വഹണത്തിലുള്ള താമസം, വക്കീലന്മാരുടെ വിദ്യകള്‍, ബ്യൂറോക്രസിയുടെ നൃശംസത ഇവയൊക്കെ കാണിച്ച് ഒരു പാവം അവയ്ക്ക് ഇരയാകുന്നതിന്റെ ചിത്രം വരയ്ക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിലെവിടെയാണ് കലയുടെ മാന്ത്രികത്വം? സര്‍വസാധാരണമായ ഒരു കഥ. പാരമ്പര്യത്തില്‍ നൂതന പാരമ്പര്യം സൃഷ്ടിക്കാന്‍ സാഹ്നിക്കു കഴിയുന്നില്ല. പെരുമ്പാമ്പുപോലെ ഇഴയുന്ന കഥാഗതി. അനാകര്‍ഷകമായ തര്‍ജ്ജമ. വിമര്‍ശനവും അതിരുകടക്കരുതല്ലോ. അതുകൊണ്ടു നിറുത്തട്ടെ.

കമന്റുകള്‍

  1. മഹാകവി ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം സമ്മാനം കിട്ടിയപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ സമ്മേളനം കൂടി. കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ഒരു പ്രഭാഷകനായിരുന്നു ആ സമ്മേളനത്തില്‍. അദ്ദേഹം പലതവണ ജിയെ ഭാഗ്യവശാല്‍, ഭാഗ്യവാന്‍ എന്നു വിശേഷിപ്പിച്ചു — ഭാഗ്യംകൊണ്ടാണു സമ്മാനം കിട്ടിയതെന്നു സൂചന. നമുക്കിഷ്ടമില്ലാത്തവര്‍ക്ക് ഉയര്‍ച്ച വരുമ്പോള്‍ നിര്‍ല്ലോപം പ്രയോഗിക്കുന്ന വക്കാണിത്. അഭ്യസൂയയില്‍നിന്നാണ് അതിന്റെ ഉദയം.
  2. അന്തരിച്ചുപോയ ഒരു സുഹൃത്ത് കൊട്ടാരക്കരയ്ക്കടുത്തുള്ള ഒരു സ്ഥലത്ത് ഒരു സ്ക്കൂള്‍ വാര്‍ഷികത്തിന് പ്രസംഗിച്ചു. ആളു കിട്ടാത്തതുകൊണ്ടാവണം അടുത്ത വര്‍ഷവും അദ്ദേഹത്തെ ക്ഷണിച്ചു പ്രവര്‍ത്തകര്‍. സുഹൃത്ത് തലേവർഷം ചെയ്ത പ്രസംഗംതന്നെ അതേരീതിയില്‍ ആവര്‍ത്തിച്ചു. ബുദ്ധിമാന്മാരായ അധ്യാപകര്‍ അതുകേട്ടു പുച്ഛിച്ചു ചിരിച്ചെങ്കിലും പ്രഭാഷകനോട് ഒന്നും അപമര്യാദയായി പറഞ്ഞില്ല. സമ്മേളനത്തിനുശേഷം കാപ്പികുടിക്കാനിരുന്നപ്പോള്‍ പുഴുത്ത (പഴുത്തതല്ല) പഴവും കണ്‍ട്രിബിസ്ക്കറ്റും മാത്രം മേശമേല്‍ നിരന്നു. അതുകണ്ട് കോപിച്ച പ്രഭാഷകന്‍ സംഘാടകരോടു കയര്‍ത്തു. ‘ഇവിടെ പുഴുങ്ങിയ മരച്ചീനിയെങ്കിലും കിട്ടില്ലേ?’ എന്നാണ് അദ്ദേഹം ദേഷ്യത്തോടു ചോദിച്ചത്. അപ്പോള്‍ ഒരദ്ധ്യാപകന്‍ മെല്ലെ ചോദിച്ചു:“സാര്‍ കഴിഞ്ഞ വര്‍ഷം ഇവിടെ വന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇത്തവണയും പറഞ്ഞു. സാറിന്റെ ആശയങ്ങള്‍ക്ക് ഒരു പുരോഗമനവും ഉണ്ടാവുകയില്ലേ” — അധ്യാപകന്റെ ആ പ്രച്ഛന്നമായ പരിഹാസം എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ വിചാരിച്ചു, നിരൂപകന് ആശയസ്ഥിരത വേണം. രാഷ്ട്രീയക്കാരനു പ്രത്യയസ്ഥിരത വേണം.

    പ്രഭാഷകര്‍ക്കും ആശയസ്ഥിരത വേണമല്ലോ. അതുകൊണ്ടാണ് അവര്‍ പറഞ്ഞതുതന്നെ പിന്നെയും പറയുന്നത്.

  3. “സ്നേഹസമ്പന്നമായും വിനയാന്വിതമായും എളിയവരായ അസ്‌മാദൃശരോടു പെരുമാറുന്ന ഒരു വലിയ മനുഷ്യനെ, എം. കൃഷ്ണന്‍നായരെ പരിചയപ്പെട്ട ദിവസം മുതല്‍ ഞാന്‍ മനസ്സില്‍ കൂടിവച്ചിട്ടുണ്ട്” എന്ന് എം. കുട്ടികൃഷ്ണന്‍ ദേശാഭിമാനിവാരികയില്‍. — മനസ്സിനു ഉന്നമനം ഉള്ളവര്‍ നിന്ദനത്തില്‍, അപമാനനത്തില്‍ ക്ഷോഭിക്കില്ല. നിന്ദനവും അപമാനനവും കുട്ടികൃഷ്ണനില്‍നിന്ന് ഉണ്ടായില്ലെങ്കിലും മാനസികോന്നമനം ഇല്ലാത്ത ഞാന്‍ നേരത്തേ ക്ഷോഭിച്ചു. കുട്ടികൃഷ്ണന്‍ ക്ഷോഭിച്ചില്ല എന്നതിനു തെളിവാണ് ഈ വാക്യങ്ങള്‍. അദ്ദേഹത്തിന്റെ ഉയര്‍ന്ന മനസ്സിനു മുന്‍പില്‍ ഞാന്‍ ആദരാവനതനായി നില്ക്കുന്നു.

പുതിയ പുസ്തകം

സ്റ്റീവന്‍ ഹോക്കിങ്ങിന്റെ “A Brief History of Time” എന്ന പുസ്തകത്തിലും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ആരോ എഴുതിയ പുസ്തകത്തിലും (പേരു ഞാന്‍ മറന്നുപോയി) അദ്ദേഹത്തിന്റെ Theories of Everything (TOEs) എന്നതിനെക്കുറിച്ച് പ്രതിപാദനങ്ങളുണ്ട്. ലോകത്തെക്കുറിച്ച് ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ നിയമങ്ങളെയും ഒറ്റ നിയമത്തില്‍ ഒതുക്കാമെന്നും അതു കണ്ടുപിടിക്കലാണ് ശാസ്ത്രകാരന്റെ കര്‍ത്തവ്യമെന്നും ഹോക്കിങ് വിശ്വസിക്കുന്നു. ഐന്‍ഷ്‌ടൈന്‍ ജീവിതത്തിന്റെ നല്ലഭാഗം ഇതു കണ്ടുപിടിക്കുന്നതിനുവേണ്ടി ശ്രമിച്ചു; പരാജയപ്പെട്ടു. ഈ സ്പെക്യുലേയ്ഷന്‍ — ഊഹം — ശരിയല്ലെന്നാണ് എഡിങ്റ്റൈന്റെയും ജീന്‍സിന്റെയും “ശിഷ്യ”നായ John D.Barrow-യുടെ പക്ഷം. അദ്ദേഹം Theories of everything” എന്ന പുസ്തകത്തില്‍ ഇത് വ്യക്തമാക്കിയിരിക്കുന്നു.“Ofcourse, we must be circumspect in our use of such a loaded term as ‘Everything’. Does it really mean everything: the works of shakespeare, the Taj Mahal, the Mona Lisa? No it doesn’t” എന്നു ഗ്രന്ഥകാരന്‍ എഴുതുന്നു. നമ്മുടെ പ്രപഞ്ചത്തിന്റെ സൂക്ഷ്മാംശങ്ങള്‍ മനസ്സിലാക്കാന്‍ ഈ ഒറ്റസിദ്ധാന്തത്തിനു സാധിക്കുകയില്ലെന്നും അതിനുവേണ്ടിയുള്ള ശ്രമം പാഴ്‌വേലയാണെന്നും വാദിക്കുകയാണ് അദ്ദേഹം.“There is no formula that can deliver all truth, all harmony, all simplicity” എന്നു ഗ്രന്ഥകാരന്‍ അസന്ദിഗ്ദ്ധനായി പ്രസ്താവിക്കുന്നു. Speculator എന്നു വിളിച്ച് അദ്ദേഹം പരിഹസിക്കുന്നത് ഹോക്കിങ്സിനെയാവാം. ഇപ്പുസ്തകം മുഴുവനും എനിക്കു മനസ്സിലായി എന്ന നാട്യമില്ല ഇവിടെ. എങ്കിലും വേറൊരു സ്പെക്യൂലേയ്ഷനിലൂടെ യാത്ര ഒരു കണക്കില്‍ പ്രയോജനപ്രദമാണ് (Vintage Book. £ 6.99; Spl. Price £ 2.00).


സ്യൂഡോ ആര്‍ട്

പറയാനുള്ളത് സരളമായി, സ്‌പഷ്‌ടമായി പറയുന്ന രണ്ടു രാഷ്ട്രീയ നേതാക്കന്മാരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. ഒരാള്‍ പനമ്പിള്ളി ഗോവിന്ദ മേനോന്‍. രണ്ടാമത്തെയാള്‍ ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്. സാമാന്യജനതയുടെ വിചാരവികാരങ്ങളോടു താദാത്മ്യം പ്രാപിച്ചിട്ടു സ്വന്തം വ്യക്തിത്വത്തിന്റെ വര്‍ണ്ണം കലര്‍ത്തി അവര്‍ ആവിഷ്കാരം നിര്‍വഹിക്കുമ്പോള്‍ നമുക്ക് അവരെ ബഹുമാനിക്കാതിരിക്കാന്‍ സാദ്ധ്യമല്ല.

കലാനിരൂപകര്‍ കലയുടെ പ്രതിപാദ്യവിഷയത്തെ നാലായി വിഭജിച്ചിട്ടുണ്ട്. 1) നമ്മള്‍ കാണുന്ന ലോകത്തിന്റെ സത്യം; 2) ആശയ ലോകത്തിന്റെ സത്യം; 3) അനുഭവമുണ്ടാകുമ്പോള്‍ ജനിക്കുന്ന പ്രതികരണം; 4) വ്യവസ്ഥയുടെ പകര്‍ന്നുകൊടുക്കല്‍. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ “പ്രതിമയുടെ മകന്‍” എന്ന കഥയില്‍ (കുങ്കുമം) അച്ഛനും മകനും ആദ്യത്തെ സത്യത്തിന്റെ പ്രതീതിയുളവാക്കുന്നു. പക്ഷേ അവര്‍ നിശ്ചേതനരൂപങ്ങളായി വര്‍ത്തിക്കുന്നതേയുള്ളു. എന്താണ് കഥാകാരന്‍ ആവിഷ്‌കരിക്കുന്ന ആശയമെന്ന് സാമാന്യബുദ്ധിയുള്ള ഒരു വായനക്കാരനും പിടികിട്ടുകില്ല. അതിനാല്‍ രണ്ടാമത്തെ സത്യം ഇക്കഥയില്‍ ഇല്ല. കഥയെഴുതിയ ആളിനു തീക്ഷ്ണമായ എന്തനുഭവമാണുണ്ടായത്? ഒന്നുമില്ല. അതുകൊണ്ട് അദ്ദേഹത്തിനു പ്രതികരണമില്ല; അനുഭവം വായനക്കാര്‍ക്കു പകര്‍ന്നുകിട്ടാത്തതുകൊണ്ട് അവര്‍ക്കും പ്രതികരണമില്ല. കലാലോകം ക്രമമുള്ളതാണ്; അല്ലെങ്കില്‍ വ്യവസ്ഥയുള്ളതാണ്. ഈ വ്യവസ്ഥ എഴുത്തുകാരന്‍ ഉണ്ടാക്കുന്നതുമാണ്. ആളുകള്‍ വീടുവയ്ക്കുമ്പോള്‍ പറമ്പിനു ചുറ്റും മതിലുകെട്ടി വ്യവസ്ഥയുണ്ടാക്കുന്നു. കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസം നല്കി അവരുടെ ജീവിതത്തിനു വ്യവസ്ഥ നല്കുന്നു. അതുപോലെ രൂപരഹിതമായ അനുഭവത്തിനു വ്യവസ്ഥയുണ്ടാക്കുമ്പോഴാണ് കലയുടെ ഉദയം. ആ വിധത്തിലുള്ള വ്യവസ്ഥ ഇക്കഥയ്ക്കു ഇല്ല; ഇല്ലാത്തതുകൊണ്ട് അതു പകര്‍ന്നുകൊടുക്കാനും കഥാകാരനു കഴിയുന്നില്ല. ഇതു സ്യൂഡോ ആര്‍ടാണ്.