close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 04 01


സാഹിത്യവാരഫലം
Mkn-08.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 04 01
ലക്കം 464
മുൻലക്കം 1984 03 25
പിൻലക്കം 1984 04 08
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ശാസ്ത്രീയങ്ങളായ നോവലുകളെഴുതി പ്രഖ്യാതനായ വൻ വോഗ്റ്റ് (Van Vogt) ‘ശരി മനുഷ്യൻ’ (the right man) എന്നൊരു സങ്കല്പം ആവിഷക്കരിച്ചിട്ടുണ്ട്. ഏതും ശരിയായി ചെയ്യുന്നവനല്ല അയാൾ. ശരി മനുഷ്യൻ അക്രമാസകതനായ മനുഷ്യനാണ്. താൻ എപ്പോഴും ശരിയായതേ പ്രവർത്തിക്കൂ, തനിക്ക് ഒരിക്കലും തെറ്റുപറ്റുകയില്ലെന്നാണ് അയാളുടെ വിചാരം. അയാൾ ചെയ്തതു തെറ്റാണെന്നു പറഞ്ഞു നോക്കൂ. നിങ്ങൾക്ക് അടി കിട്ടിയില്ലെങ്കിൽ ഭാഗ്യമെന്നേ കരുതേണ്ടൂ. വീട്ടിൽ അയാൾ രാക്ഷസനെപ്പോലെ പെരുമാറും. ഭാര്യയും കുഞ്ഞുങ്ങളും തന്നെ കണ്ടാൽ വിറയ്ക്കണമെന്നാണ് അയാൾ കരുതുക. ഭാര്യയോ? അവൾ അടിമയല്ലാതെ വേറെയാരാണ്? ഇതാണ് അയാളുടെ മട്ട്. ശരി മനുഷ്യൻ കുടിക്കും, വ്യഭിചരിക്കും, ഭാര്യയുടെ മുപിൽ വച്ചു തന്നെ രണ്ടും അനുഷ്ഠിക്കും. അവൾ അതിൽ പ്രതിഷേധിച്ചാൽ ചവിട്ടു കിട്ടിയതു തന്നെ. രാഷ്ട്രവ്യവഹാരത്തിന്റെയും സാഹിത്യത്തിന്റെയും മണ്ഡലത്തിൽ ശരി മനുഷ്യൻ വർദ്ധിച്ചിരിക്കുന്ന കാലമാണിത്. ധിഷണാശക്തി കൂടിയവർ, ഭാവനാശാലികൾ ഇവർക്കെല്ലാം ഒരു ചെറിയ അളവിൽ ശരി മനുഷ്യരാകാൻ പ്രവണതയുണ്ട്. എങ്കിലും അവർ സംസ്കാരം കൊണ്ട് അതിനെ നിയന്ത്രിക്കും. ജി. ശങ്കരകുറുപ്പ് കവിയല്ലെന്നും ജോസഫ് മുണ്ടശ്ശേരി നിരൂപകനല്ലെന്നും അവരോട് തന്നെ പറഞ്ഞാൽ? അവർക്കിഷ്ടമാവുകയില്ല. ഇന്നത്തെ എഴുത്തുകാരുടെ സ്ഥിതി അതല്ല. അവർ സാക്ഷാൽ ശരി മനുഷ്യരാണ്. കവിയല്ലെന്നു പറഞ്ഞവന്റെ നേർക്ക്, നിരൂപകനല്ലെന്ന് പറഞ്ഞവന്റെ നേർക്ക് അവർ അസഭ്യങ്ങൾ വാരിയെറിയും. പ്രതികാരനിർവഹണത്തിനു ചാടിക്കുതിക്കും. ഹിറ്റ്‌ലറുടെ അധികാരമുണ്ടായിരുന്നെങ്കിൽ സാഹിത്യത്തിലെ ഈ ശരി മനുഷ്യർ മറ്റുള്ളവരെ ഗ്ലാസ് ചേമ്പറിൽ അടച്ച് ശ്വാസം മുട്ടിച്ച് കൊന്നു കളയും. ശരി മനുഷ്യരിൽ പുരുഷന്മാർ മാത്രമല്ല, സ്ത്രീകളുമുണ്ട്.

ഫ്രോഡ്

സ്ത്രീകൾക്കു പൊതുവേ മൂർത്തമായവയാണ് ഇഷ്ടം. പുരുഷന്മാർക്ക് അമൂർത്തമായവയും. മൂർത്തവും അമൂർത്തവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഉദാഹരണം കൊണ്ട് ഇതു തെളിയിക്കാം. ഈ ലേഖനമെഴുതുമ്പോൾ കടലാസ്സിലേക്കു പ്രകാശം വീഴ്ത്തുന്ന ഇലക്ട്രിക് ബൾബ് മൂർത്തമാണ്. അതിന്റെ ഔജ്ജ്വല്യം അമൂർത്തവും. പുരുഷൻ മൂർത്തവും പുരുഷത്വം അമൂർത്തവുമത്രേ. നവീന ചിത്രകലയും സാഹിത്യവും അമൂർത്തമായി ഭവിച്ചിരിക്കുന്നു. അവയുടെ ഉപജ്ഞാതാക്കളും ഉദ്ഘോഷകരും പുരുഷന്മാരാണ്. സ്ത്രീകളല്ല. അതുകൊണ്ടാണ് ഈ ഖണ്ഡികയുടെ ആരംഭത്തിൽ സ്ത്രീകൾ അമൂർത്തമായതിനെ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞത്.

അമൂർത്തമായ കലയും സാഹിത്യവും ജനിപ്പിക്കുന്ന ക്ഷോഭത്തിനു ചിരസ്ഥായിത്വമില്ല. സാഹിത്യത്തിലെ മൂർത്താവിഷ്ക്കാരത്തെ ഇലക്ട്രിക് ബൾബിനെയെന്നപോലെ, മനുഷ്യനെയെന്നപോലെ നമുക്കു തൊടാനാവില്ലെങ്കിലും ആവിഷ്കരിക്കുന്നതിനെ ഘനീഭൂതമാക്കാൻ രചയിതാക്കൾക്കു കഴിയുന്നുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥയിലെ നായ് യഥാർത്ഥത്തിൽ അമൂർത്തമാണ്. പക്ഷേ കഥാകാരന്റെ ആവിഷ്കരണ വൈദഗ്ദ്ധ്യം കൊണ്ട് അത് മൂർത്തമാകുന്നു, സജീവമാകുന്നു. അതിനെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിച്ചാൽ കൊള്ളാമെന്നു വരെ നമുക്കു തോന്നുന്നതിനു ഹേതു അതാണ്. എന്നാൽ നവീനന്മാരുടെ ചെറുകഥകളിലെ ഒരു കഥാപാത്രത്തിനും ഈ സവിശേഷതയില്ല. അവ എപ്പോഴും ‘സ്കീമാറ്റി’ക്കാണ് (Schematic) – ഉപായ കല്പനാപരമാണ്; ആബ്സ്റ്റ്രാക്റ്റാണ് (abstract) – അമൂർത്തമാണ്. വിശ്വസാഹിത്യത്തിൽ നിന്നു ഉദാഹരണം നൽകാം. ഇബ്സന്റെ എല്ലാ നാടകങ്ങളും മൂർത്ത സ്വഭാവമുള്ളവയത്രേ; കൈസർ തുടങ്ങിയ എക്സ്പ്രഷനിസ്റ്റ് നാടകകർത്താക്കളുടെ എല്ലാ നാടകങ്ങളും അമൂർത്തങ്ങളാണ്. അമൂർത്തസാഹിത്യവും കലയും കുറേക്കാലത്തേക്ക് ക്ഷോഭമുളവാക്കും. പിന്നീട് അപ്രത്യക്ഷങ്ങളാവും. എക്സ്പ്രഷനിസവും ഫ്യൂച്ചറിസവും മരിച്ചു കഴിഞ്ഞു എന്നത് നമ്മളോർമ്മിക്കണം. മയകോവ്സ്കിയുടെ കോൺക്രീറ്റായ കാവ്യങ്ങൾ നിലനിൽക്കുന്നു; അദ്ദേഹത്തിന്റെ ഫ്യൂച്ചറിസ്റ്റ് നാടകമായ ‘മിസ്റ്ററി ബൂഫ്’ വിപ്ലവാത്മകമാണെങ്കിലും മരിച്ചു പോയി.

അമൂർത്ത സാഹിത്യത്തെക്കാൾ അധമങ്ങളായ ചെറുകഥകളും കാവ്യങ്ങളും മലയാള ഭാഷ കൈകാര്യം ചെയ്യുന്ന ചിലർ രചിച്ചു വിടുന്നുണ്ട്. അമൂർത്ത സാഹിത്യകാരന്മാരും അമൂർത്ത കലാകാരന്മാരും ഒരു പുതിയ മെറ്റഫിസിക്സിന്റെ – ആത്മ തത്ത്വവിചാരത്തിന്റെ – ഉദ്‌ഘോഷകരാണെന്നെങ്കിലും പറയാം. ഇവർക്കാകട്ടെ അതൊന്നുമില്ല. കുറെ വാക്കുകൾ വൈഷയികതയോടു കൂടി പ്രയോഗിച്ചാൽ സാഹിത്യമായി എന്ന് ഇക്കൂട്ടർ ധരിച്ചു വച്ചിരിക്കുന്നു. ഇവരിൽ ഒരാളാണ് മാതൃഭൂമി ആഴ്ച്ചപതിപ്പിൽ (ലക്കം 52) “ജോസഫ് നീ എവിടെയായിരുന്നു?” എന്ന ചെറുകഥ എഴുതിയ ജി. അശോക് കുമാർ കർത്താ. ഒരു മറിയയുടെയും ജോസഫിന്റെയും ശാരീരികബന്ധത്തെ വ്യാജഗാംഭീര്യത്തോടു കൂടി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഈ ചെറുകഥ വെറും ഫ്രോഡാണ് — fraud — കപടനിർമ്മിത വസ്തുവാണ്. ഫ്രോഡ് നടത്തുന്നവർ അതിപ്രവർത്തനത്തിൽ ഉത്സുകരായിരിക്കും. കലാപരമായ ആവശ്യകതയ്ക്ക് അതീതമായി വാക്കുകൾ പ്രയോഗിക്കുന്ന ഈ എഴുത്തുകാരൻ ‘ഫ്രോഡുലന്റാ’ ണെന്നതിൽ എന്തുണ്ട് സംശയും!

* * *

സംശയം കൂടാതെ പറയാം. സെക്സിന്റെ അതിപ്രസരം കൊണ്ടല്ല ഇമ്മാതിരി രചനകൾ ഗർഹണീയങ്ങളാവുന്നത്. 1954-ൽ ഫ്രാൻസിൽ പ്രസിദ്ധപ്പെടുത്തിയ The Story of O (Pauline Riage എന്ന തൂലികാനാമത്തിൽ) എന്ന നോവലിനോട് കിടപിടിക്കുന്ന ‘ഈറോട്ടിക്ക്’ നോവലുകൾ വേറെ അധികമില്ല. ‘ഒ’ എന്ന പേരുള്ള കാമുകിയെ അവളുടെ കാമുകൻ പീഡിപ്പിക്കുന്നതിന്റെയും സകലവിധത്തിലുമുള്ള ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാക്കുന്നതിന്റെയും ചിത്രങ്ങൾ ഈ കൃതിയിലുണ്ട്. എന്നിട്ടും അത് അശ്ലീലമല്ല എന്നാണ് അഭിജ്ഞമതം. ഗ്രേയംഗ്രീൻ പോലും അതിനെ വാഴ്ത്തുകയുണ്ടായി. ജീനിയസ്സ് എന്ന പദം കൊണ്ടാണ് അത് എഴുതിയ ആളിനെ നിരൂപകർ വിശേഷിപ്പിക്കുന്നത്. എന്നാൽ റോഡിൽ കരിങ്കല്ലുകൾ വാരിക്കൂട്ടുന്നതു പോലെ പദങ്ങൾ വാരിക്കൂട്ടിയാൽ അത് അശ്ലീലമായിത്തീരും.

ലാഭമോ നഷ്ടമോ

അശ്ലീലമായിത്തീരുന്ന മറ്റൊരു സന്ദർഭം കൂടിയുണ്ട്. ഗദ്യരചന അത്യുക്തിയെ ആശ്ലേഷിക്കുമ്പോഴാണത്. വായനക്കാരന്റെ പ്രജ്ഞയുടെ മുൻപിൽ പ്രതിപാദ്യ വിഷയത്തെ നിർത്തുന്നതാണ് ഗദ്യം. ഭാവനയുടെ മുൻപിൽ നിർത്തുന്നതു കവിതയും. “ഹിമവദ്വിന്ധ്യാചല മധ്യദേശത്തേ കാണൂ ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ” എന്നു ഗുരു നാഥനെ (ഗാന്ധിജിയെയാവാം) വള്ളത്തോൾ വാഴ്ത്തുമ്പോൾ അതിൽ അത്യുക്തിയുണ്ടു. പക്ഷേ ആ അത്യുക്തി ഗുരുനാഥന്റെ അപ്രമേയപ്രഭാവം എന്ന സത്യത്തിലേക്കു വായനക്കാരനെ കൊണ്ടുചെല്ലുന്നതിനാൽ ദോഷമല്ല. എന്നാൽ രണ്ടായിരം പേരുള്ള ഒരു സദസ്സിനെ ‘മനുഷ്യ മഹാസമുദ്രം’ എന്നു പത്ര റിപ്പോർട്ടർ വിശേഷിപ്പിക്കുമ്പോൾ അതു കാപട്യമായി ഭവിക്കുന്നു. അയാൾക്കു തന്നെ വഞ്ചിച്ചതിനുശേഷമേ വായനക്കാരെ വഞ്ചിക്കാൻ പറ്റൂ.

അന്തരിച്ചുപോയ സി.എം. സ്റ്റീഫൻ രാഷ്ട്രവ്യവഹാരത്തിൽ തല്പരത്വമുള്ളവർ അറിഞ്ഞിരുന്ന നേതാവായിരുന്നു. വാഗ്മിയായിരുന്നു അദ്ദേഹം. ആർജ്ജവത്തോടെ അദ്ദേഹം കാര്യങ്ങൾ ചെയ്തിരിക്കാം. നാട്ടിനു സേവനമനുഷ്ഠിക്കുന്നവരുടെ നിര്യാണം ആർക്കും ഖേദകരമാണു. ആ നിലയിൽ സ്റ്റീഫന്റെ മരണവും വേദനാജനകമാണു. ഇതിൽക്കൂടുതലായി എന്തെങ്കിലും പറഞ്ഞാൽ അതു അത്യുക്തിയാവും. പ്രൊഫസർ കെ. എം. തരകൻ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ സ്റ്റീഫനെക്കുറിച്ചെഴുതിയതിന്റെ അവസാനത്തെ ഭാഗം നോക്കുക:

“സ്റ്റീഫന്റെ പ്രസംഗങ്ങൾ ദാവീദിന്റെ കിന്നരം പോലെ ശത്രുഹൃദയത്തിലെ പ്രേതങ്ങൾ പുറത്താക്കുന്നതും, യാക്കോബിന്റെ സ്വർണനിശ്രേണി പോലെ വർത്തമാനത്തെ ഭാവിയുമായി ബന്ധിക്കുന്നതുമായിരുന്നു. അതേ സമയം മറ്റാർക്കും കഴിയാത്തവിധം വാക്കുകളെ തകർക്കുന്നതിനും, അഭിപ്രായസ്ഫോടനം സാധിക്കുന്നതിനും, ശ്രോതാക്കളെ പ്രബുദ്ധരാക്കുവാനും അമ്പരപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ ചുഴലിക്കാറ്റുകൾ പോലെ മനുഷ്യരിൽ ആശയസംഘട്ടനങ്ങളുളവാക്കി. പ്രസംഗങ്ങൾ ഒരു അഗ്നിസ്തംഭം പോലെ സമസ്ത സമൂഹത്തെയും പ്രകാശപൂരിതമായ ഭാവിയിലേക്കു നയിച്ചു. പ്രതിയോഗികൾ എന്തെല്ലാം ആരോപിച്ചാലും സ്റ്റീഫൻ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ഒരു ഗിദയോണായിരുന്നു; ആസക്തിക്കടിപ്പെടാത്ത ഒരു മാർക്കു ആന്റണിയായിരുന്നു; അതുപോലെ ആസേതുഹിമാലയം മുഴങ്ങത്തക്കവിധം ഗർജ്ജിക്കുന്ന മറ്റൊരു സിംഹത്തിനു വേണ്ടി ഇനി നാമെത്രകാലം കാത്തിരിക്കണം?”

വ്യർത്ഥവും ഹൃദയശൂന്യവുമായ അത്യുക്തിയാണിതു. ആർജ്ജവമാർന്ന ഹൃദയത്തിൽ നിന്നു ഇത്തരം വാക്യങ്ങളുണ്ടാകാൻ പ്രയാസം. രചന വായനക്കാരെ ചിന്താക്കുഴപ്പത്തിലേക്കും അവാസ്തവികതയിലേക്കുമാണു നയിക്കുന്നതെങ്കിൽ അതൊരു ഉപയോഗശൂന്യമായ രചനയല്ലേ? മണ്ണെണ്ണ ലാഭിക്കാനായി വിളക്കണച്ചുകിടക്കുന്നതു ഇരട്ട പ്രസവത്തിലാണു കലാശിക്കുന്നതെങ്കിൽ ആ ലാഭം യഥാർത്ഥത്തിൽ ലാഭമാണോ? അതോ നഷ്ടമോ?

* * *

നഷ്ടം തന്നെയാണു നീക്കോസ് കാസാൻദ്സാക്കീസിന്റെ The Greek Passion എന്ന നോവൽ വായിച്ചിട്ടില്ലെങ്കിൽ. അത്രയ്ക്കു ചേതോഹരമാണതു. പക്ഷേ അതിന്റെ ജർമ്മൻ തർജ്ജമയിൽ സർക്കാരിനെ പേടിച്ചു ഒരു ‘വൃത്തികേടു’ കാണിച്ചുവെന്നു ഞാനെവിടെയോ വായിച്ചു. കാസാൻദ്സാക്കീസ് സ്വവർഗ്ഗാനുരാഗം പ്രതിപാദിക്കുന്ന സന്ദർഭത്തിൽ സുന്ദരനായ ഒരു ബാലനെ വർണ്ണിക്കുന്നുണ്ടു. തർജ്ജമക്കാരൻ ആ ബാലനെ ബാലികയാക്കി.

നഷ്ടംതന്നെയാണു ചില്ലിയിലെ മഹാകവി പവ്‌ലോ നെറൂതയുടെ ആത്മകഥയും കാവ്യങ്ങളും വായിച്ചിട്ടില്ലെങ്കിൽ. താഴെച്ചേർക്കുന്ന വരികൾ നോക്കൂ. ഇംഗ്ലീഷ് തർജ്ജമ പോലും ഇത്ര സുന്ദരമാണെങ്കിൽ ഒറിജിനൽ എങ്ങനെയായിരിക്കും.

I no longer love her, it’s true, yet perhaps I do love her.
Love is so short, forgetting takes so long
Because on nights like this I held her in my arms
my soul is unhappy at having lost her.

Though this be the last pain that she causes me and these the last words I shall write to her.

ദു:ഖനിവേദനം

“ഞാൻ അവൾക്കു എഴുതുന്ന അവസാനത്തെ വാക്കുകളാണു ഇവ”യെന്നു പാവ്‌ലോ നെറൂത പറയുന്നു. ദു:ഖം വരുമ്പോൾ അങ്ങനെയൊക്കെ പറഞ്ഞുപോകും. ആരറിഞ്ഞു ആ മഹാകവി ഏകാന്തത്തിലിരുന്നു ആ വാക്കുകൾതന്നെ ആവർത്തിച്ചിട്ടില്ലെന്നു. ദു:ഖനിവേദനം മനുഷ്യന്റെ സ്വഭാവമാണു. ഹൃദയത്തിന്റെ ഭാരം കുറയ്ക്കാൻ — ദു:ഖം ലഘൂകരിക്കാൻ — അതു പ്രയോജനപ്പെടും. മകൻ മരിച്ചതുകൊണ്ടുണ്ടായ വിഷാദം പലരുടെയും മുൻപിൽ ആവിഷ്കരിക്കാൻ ശ്രമിച്ചു അതിൽ പരാജയപ്പെട്ട ഒരു കുതിരക്കാരൻ ഒടുവിൽ കുതിരയോടുതന്നെ ദു:ഖനിവേദനം നടത്തുന്ന കഥ ചെക്കോവു എഴുതിയിട്ടുള്ളതു ഓർമ്മിച്ചാലും. കുങ്കുമം വാരികയിൽ രണ്ടു ദു:ഖനിവേദനങ്ങളുണ്ടു. ശ്രീമതി ഉഷാറോയിയും ഭർത്താവും കാപ്പികുടിച്ചിട്ടു തിരിച്ചെത്തിയപ്പോൾ അവരുടെ കാറു നഷ്ടപ്പെട്ടതായി കണ്ടു. വില കൂടിയ കാറും അതിനകത്തുണ്ടായിരുന്ന പണവും ഒക്കെ നഷ്ടപ്പെട്ടു. മോഷ്ടിച്ചവർ തന്റെ ലേഖനം വായിക്കാനിടവന്നാൽ കാറു തിരിച്ചു കൊടുക്കുമെന്നു ശ്രീമതി അഭ്യർത്ഥിക്കുന്നു. മോഷ്ടിക്കാൻ തക്കവിധത്തിൽ ഹൃദയകാഠിന്യമാർന്നവൻ ഈ അഭ്യർത്ഥനയിൽ അലിയുമോ?

രണ്ടാമത്തെ ലേഖനം ഏ. ഡി. രാജന്റേതാണു. അദ്ദേഹത്തിന്റെ പേരക്കുട്ടി മിനി മരിച്ചുപോയതിനെക്കുറിച്ചുള്ള ലേഖനം നനഞ്ഞ മിഴികളോടെയാണു ഞാൻ വായിച്ചതു. ദു:ഖത്തിനു ചില രോഗങ്ങളുടെ സ്വഭാവമുണ്ടു. എന്തെല്ലാം മരുന്നു കഴിച്ചാലും “നിശ്ചിത കാലം” കഴിഞ്ഞേ രോഗം മാറു. ദു:ഖവും അതുപോലെയാണു. എന്നാൽ ഒരിക്കലും മാറാത്ത ദു:ഖമുണ്ടു. അതാണു രാജന്റേതു. അദ്ദേഹം മാർക്സ് ഒറീലിയസിന്റെ Meditations എന്ന പുസ്തകം വായിക്കട്ടെ. എന്തെന്നില്ലാത്ത ശാന്തി അതു പ്രദാനം ചെയ്യും. “Despite not death; smile, rather, at its coming it is among the things that Nature wills. Like youth and age, like growth and maturity, like the advent of teeth beard, and grey hairs, like be getting, pregnancy, and child birth, like every other natural process that life’s seasons bring us, so is our dissolution” എന്നു ഒറീലിയസ്.

കാഫ്ക ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഗ്രന്ഥമാണു ഒറീലിയസിന്റെ Meditations “എനിക്കു അദ്ദേഹത്തെക്കൂടാതെ [ഒറീലിയസിനെക്കൂടാതെ] ജീവിക്കാനാവുകയില്ല. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ വചനങ്ങൾ മതി, എനിക്കു ശാന്തി കിട്ടും; ഞാൻ നിയന്ത്രിക്കപ്പെടും” എന്നു കാഫ്ക പറഞ്ഞു. കാഫ്കയോടു എന്നെ ഇക്വേറ്റ്ചെയ്തു (സദൃശനാക്കി) പറയുകയല്ല. എന്റെയും അനുഭവമിതാണു. ഡച്ചു ചിത്രകാരൻ വാൻഹോഹ് (വാൻ ഗോ എന്നു ഇംഗ്ലീഷ് ഉച്ചാരണം — Van Gogh) ആത്മഹത്യ ചെയ്യുന്നതിനു് അല്പം മുൻപു് എഴുതിവച്ചു. “Misery will never end” കഷ്ടപ്പാടു് ഒരിക്കലും അവസാനിക്കില്ല. അവസാനിക്കാത്ത കഷ്ടപ്പാടുകളുടെ തീക്ഷ്ണത കുറയ്ക്കാൻ ഒറീലിയസിന്റെ ഗ്രന്ഥം വായിക്കുക എന്നു് ഒന്നുകൂടി പറയട്ടെ.(Meditations പെൻഗ്വിൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

* * *

ഒന്നുകൂടിപറഞ്ഞാൽ — ആവർത്തിച്ചാൽ — ദോഷമുണ്ടോ? ഞാൻ പ്രഭാഷണങ്ങൾ ആവർത്തിച്ചിട്ടുണ്ട്. ദോഷമാണ് ഫലം. ശ്രോതാക്കൾ വിഭിന്നരാണെങ്കിലും പ്രഭാഷകനു് സ്വയം ഒരിടിവു് സംഭവിക്കുന്നു ആവർത്തനത്തിൽ. സാഹിത്യവാരഫലത്തിൽ അറിഞ്ഞും അറിയാതെയും ആവർത്തനങ്ങൾ വരുന്നുണ്ടു്. ദോഷംതന്നെയാണതും. പക്ഷേ, പ്രകൃതിയിൽ ആവർത്തനമേയുള്ളു. നക്ഷത്രരത്നങ്ങളെ എന്നും നീലാന്തരീക്ഷത്തിൽ ഒരേ സ്ഥാനത്തു് എടുത്തു നിരത്തുന്ന പ്രകൃതി ആവർത്തനത്തിലൂടെ സ്ഥായിത്വം നേടുകയാണു്.

തത്ത്വചിന്തകരും ആവർത്തനത്തിൽ വിശ്വസിക്കുന്നുണ്ടു്. പ്രപഞ്ചത്തിന്റെ ശക്തി അതിരില്ലാത്തത് ആയതിനാൽ ഈ ഭൂമിയെപ്പോലുള്ള മറ്റുഭൂമികൾ അതു സൃഷ്ടിക്കുമെന്നു് നീച്ചേ വിശ്വാസിച്ചു. നീച്ചേയുടെ ഈ വിശ്വാസം തെറ്റാണെന്നു പ്രഖ്യാപിച്ചുകെണ്ട് റഷ്യക്കാരനായ ഊസ്പെൻസ്കി മറ്റൊരാവർത്തന സിദ്ധാന്തത്തിനു രൂപം നല്കി. നിത്യതയ്ക്കു് ആവർത്തനം കൂടാതെ കഴിയുകയില്ലെന്നാണു് അദ്ദേഹത്തിന്റെ മതം. 1984-മാർച്ച് മാസം പത്താം തീയതി കാലത്തു് എട്ടേമുക്കാൽമണിക്കു് ഞാനിതെഴുതുന്നു. ഇതേ വർഷവും ഇതേമാസവും ഇതേ തീയതിയും ഇതേ സമയവും ഇതിനുമുൻപ് പലപ്പോഴും ഒണ്ടായിട്ടുണ്ടു്. അപ്പോഴൊക്കെ എം. കൃഷ്ണൻനായർ എന്ന വ്യക്തി ഈ വാക്യങ്ങൾ എഴുതിയിട്ടുണ്ടു്. ഭാവികാലത്തും ഇമ്മട്ടിൽ അയാൾ ഇതുതന്നെ എഴുതും. 1877-ൽ ഒരുത്തൻ ജനിക്കുന്നു. 1912-ൽ മരിക്കുന്നു. മരിച്ചാൽ 1877-ൽ തന്നെ വീണ്ടും ജനിക്കും. പഴയ ജീവിതം ആവർത്തിക്കും. (This means that it a man was born in 1877 and died in 1912 then having died, he finds himself again in 1877 and must live the same life all over again — Ouspensky) ഊളമ്പാറയിൽ ഒരു മുറിയെടുക്കട്ടെ ആവർത്തനം.

ഉവേ യൊൺസ്സൺ

ആവർത്തനം കൂടാതെ എഴുതുന്നവർ വിരളം. നോബൽ സമ്മാനം നേടിയ ഫ്രാങ്സ്വമോറിയാക്കിന്റെ നോവലുകളാകെ ആവർത്തനമാണെന്നു് പലരും പറഞ്ഞിട്ടുണ്ടു്. ആവർത്തനമില്ലാതെ നോവലുകൾ രചിച്ച ഒരു സാഹിത്യകാരൻ ഉവേ യൊൺസ്സണിനെക്കുറിച്ചു് (Uwe Johnson) മനോരാജ്യം വാരികയിൽ ഒരു കുറുപ്പുകാണുന്നു.(യുവേ ജോൺസൺ എന്നു വാരികയിൽ അച്ചടിച്ചിരിക്കുന്നതു ശരിയല്ല). ഒറ്റസ്സംസ്കാരത്താൽ കെട്ടപ്പെട്ട ഒരു ജനതയെ രാഷ്ട്രവ്യവഹാരത്തിന്റെ നൃശംസത രണ്ടായി വിഭജിച്ചു. അവരാകെ വേദനയനുഭവിച്ചുകെണ്ടിരിക്കുന്നു. ഈ വേദനയെ ആവർത്തനം കൂടതെ ചിത്രീകരിച്ച മഹാനായ ജർമ്മൻ സാഹിത്യകാരനാണു് യൊൺസ്സൺ. അദ്ദേഹത്തിന്റെ മൂന്നു നോവലുകൾ — Absence, Speculations about Jokob, Anniversaries — ഈ ലേഖകൻ വായിച്ചിട്ടുണ്ടു്. ഇവയിൽ “യാക്കോബിനെക്കുറ്ച്ചുള്ള അനുമാനങ്ങൾ ” എന്ന നോവൽ അന്യാദൃശ്യമായ ഭംഗി ആവഹിക്കുന്നു. NATO-യിലെ രഹസ്യങ്ങൾ മനസ്സിലാക്കൻ പൊലിസയച്ച ഒരു റെയിൽവേ ജോലിക്കാരൻ — യാക്കോബ് — അവഗ്രഹിക്കാൻ കഴിയാതെ തിരിച്ചുവരുമ്പോൾ ദുർജ്ഞേയമായ രീതിയിൽ ട്രെയിനിന്റെ അടിയിൽപ്പെട്ടുമരിക്കുന്നു. റെയിൽവേജോലിക്കാരനു് അങ്ങനെയൊരു മരണം സംഭവിക്കാൻ പാടില്ലാത്തതാണു്. അയാളാണു് തീവണ്ടികൾ ഇന്ന സമയത്തു പോകണമെന്നു കൽപന പുറപ്പെടുവിക്കുന്നതു്. യാക്കോബിന്റെ മരണം പലവിധത്തിലുള്ള അനുമാനങ്ങൾക്കുകാരണമായിഭവിക്കുന്നു. സത്യം വെളിപ്പെടിന്നുമില്ല. Anniversaries എന്ന നോവലിന്റെ ആദ്യത്തെ ഭാഗംമാത്രമേ എനിക്കു കിട്ടിയുള്ളൂ. കിഴക്കൻ ജർമ്മനിയിൽനിന്നു ന്യൂയോർക്കിൽ വരുന്നു ഒരു ചെറുപ്പക്കാരി. അവളുടെ കൊച്ചുമകളുംകൂടിയുണ്ടു്. മകളുടെ അച്ഛൻ യാക്കോബ് ദുർജ്ഞേയമായ രീതിയിൽ മരിച്ചുപോയി. അവരുടെ ജീവിതത്തെ അസാധാരണമായ കലാവൈദഗ്ദ്ധ്യത്തോടെ ചിത്രീകരിക്കുന്ന ഈ നോവലിനെ മാർക്ക്സ്ലോനിം എന്ന നിരൂപകൻ a literary achievement എന്നു വാഴ്ത്തുന്നു. യൊൺസ്സൺ 1934-ൽ സെൻട്രൽ യൂറോപ്പിലെ പൊമെറേനിയയിൽ ജനിച്ചു.1959-ൽ പടിഞ്ഞാറൻ ജർമ്മനിയിലേക്കുപോന്നു. കുറച്ചുകാലം അമേരിക്കയിൽ കഴിഞ്ഞുകൂടിയ യൊൺസ്സൺ ഇപ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നു.

ഫ്രിറ്റ്ജോഫ് കേപ്ര, ഗാറി സുക്കാവ് മൈക്കൽപോളൻയി, സർ കാറൽപൊപ്പർ ഇവരെ ‘സയൻറിഫിക് മിസ്റ്റിക്ക്സ്’ എന്നാണു് പണ്ഡിതന്മാർ വിളിക്കുന്നത്. ഇവരിൽ മൂന്നാമതു പറഞ്ഞ ചിന്തകൻ നമ്മൾ ഏതെങ്കിലും വസ്തുവിനെ നോക്കുമ്പോൾ അതിന്റെ അർത്ഥം നമ്മിൽ നിന്നു വഴുതിപ്പോകുന്നുവെന്നു എഴുതിയിട്ടുണ്ട്. (Personal Knowledge എന്ന പുസ്തകം) പിയാനോ വായിക്കുന്നവൻ തന്റെ വിരലുകളിലേക്കു നോക്കിയാൽ അവ തളരും. ഭംഗിയായി പിയാനോ വായിക്കണമെങ്കിൽ വിരലുകളെ വിട്ടിട്ടു് ദൂരെയിരിക്കുന്ന സംഗീതത്തെ നോക്കണം അയാൾ. മേശയുടെ സത്യം കാണണമെങ്കിൽ അതിനെ നോക്കിയാൽ പോരാ. അതിൽ നിന്നു നോക്കണം. പ്രതിപാദ്യവിഷയത്തിൽ നിന്നുകൊണ്ടു് ദൂരെ നോക്കി സത്യം കാണുന്ന പ്രതിഭാശാലിയാണു് യൊൺസ്സൺ.

പ്രതിഭ – ഫലിതം

പ്രതിഭാശലികൾക്കേ നല്ല ഹാസ്യകഥകൾ രചിക്കാനാവൂ. ഫലിത ശകലങ്ങളിൽപ്പോലും

പ്രതിഭയുടെ സ്ഫുരണമുണ്ട്. “ബോധം കെട്ടാൽ ആ ആളിന്റെ നെഞ്ചു തിരുമ്മിയാൽ മതി; സ്ത്രീക്കാണ് ബോധക്കേടെങ്കിൽ ഭുജമേ തിരുമ്മാൻ പാടുള്ളൂ”. “1930-ൽ ജനനം. ആ വ്യക്തിക്കു ഇപ്പോൾ എത്ര വയസ്സ്?” എന്ന് അധ്യാപകന്റെ ചോദ്യം. കുട്ടിയുടെ മറു ചോദ്യം: ‘വ്യക്തി സ്ത്രീയോ പുരുഷനോ?’, “എല്ലാ ആളുകളേയും കുറച്ചു കാലത്തേക്കു പറ്റിക്കാമെങ്കിൽ! അതു മതി തിരഞ്ഞെടുപ്പിൽ ജയിക്കാം” ഈ നേരമ്പോക്കുകളിൽ പ്രതിഭയുടെ സ്ഫുരണമുണ്ട്. ആസ്ഫുരണം തന്നെയാണ് ശ്രീ കുഞ്ഞുണ്ണി കലാകൗമുദിക്കു നല്കുന്ന “നമ്പൂതിരി ഫലിത”ത്തിലുമുള്ളത്. ഉള്ളുകുളിർക്കെ ചിരിക്കണമെന്നുണ്ടോ? എങ്കിൽ അവ വായിക്കൂ.

* * *
ഭർത്താവ്
ഈ ഓഫീസ് സൂപ്രണ്ടിന്റെ കൊള്ളരുതായ്മ. അയാൾ ഒരു സ്ത്രീയെ ഒഴിച്ച് മറ്റുള്ള എല്ലാ സ്ത്രീകളോടും ലൈംഗികബന്ധം പുലർത്തുന്നുവെന്ന് ഞാനറിഞ്ഞു.
ഭാര്യ
അവൾ എന്റെ സീറ്റിനടുത്തിരിക്കുന്ന ടൈപ്പിസ്റ്റ് ഇലിസബത്ത് തന്നെ ഒരു സംശയവുമില്ല.

സൗന്ദര്യം

സംശയമില്ല. വിശ്വവശ്യമാണ് സ്ത്രീ സൗന്ദര്യം. സംശയമുണ്ടെങ്കിൽ കലാകൗമുദിയുടെ (ലക്കം 444) പുറംചട്ട നോക്കുക. “നടത്തത്തിലൂടെയാണ് ദേവത പ്രത്യക്ഷപ്പെടുന്നത്” എന്നു വെർജിൻ പറഞ്ഞത് ശരിയല്ലന്നു തോന്നും അതു കണ്ടാൽ. ഇരിക്കുന്ന സുന്ദരികൾ നില്ക്കുമ്പോഴും നടക്കുമ്പോഴും സുന്ദരികളല്ലെന്ന് വിക്തോർ യൂഗോ പറഞ്ഞത് (“പാവങ്ങ”ളിൽ) ശരിയാവാനിടയില്ല. ഈ തരുണി നിന്നാലും ഇരുന്നാലും നടന്നാലും സുന്ദരി തന്നെ.

സ്ത്രീക്ക് ഇത്ര സൗന്ദര്യം വരാൻ ഹേതു എന്ത്. പുരുഷനു താടിരോമവും സ്ത്രീക്ക് നീണ്ട തലമുടിയും നൽകിയ അല്ലാഹുവിനെ ആയിരത്തൊന്നു രാവുകളിൽ വാഴ്ത്തിയിട്ടുണ്ട്. പുരുഷന്റെ താടിമീശയ്ക്ക് ഭംഗിയുണ്ടോ? എനിക്കറിഞ്ഞുകൂടാ. പെണ്ണുങ്ങളോടു തന്നെ ചോദിക്കണം. പക്ഷേ ഒന്നു പറയാം. സ്ത്രീയുടെ സൗന്ദര്യത്തിനു ഒരു കാരണം അവളുടെ രോമമില്ലാത്ത മുഖം തന്നെയാണ്. ഒരു പക്ഷേ, നേരിയ മീശയുള്ള സ്ത്രീയെ സ്നേഹിക്കാനും പുരുഷനുണ്ടാവും. ബർനാർഡ് ഷായുടെ നാടകത്തിലെ ഏതോ ഒരു നായികയ്ക്ക് ചെറിയ മീശയുള്ളതായി പറഞ്ഞിട്ടുണ്ട്. സ്നേഹം തോന്നിയാൽ വൈരൂപ്യവും സൗന്ദര്യമാവും. പെണ്ണിന്റെ മുടന്തുകണ്ടും കോങ്കണ്ണുകണ്ടും പ്രേമസാഗരത്തിൽ വീണു ശ്വാസംമുട്ടിയവർ പലരുണ്ട്.

അസൂയ, സഹതാപം

പലരും കൈകാര്യം ചെയ്യുന്ന വിഷയം വിട്ട് പുതുമയുള്ള വിഷയം അംഗീകരിച്ചിരിക്കുന്നു ദേശാഭിമാനി വാരികയിൽ “ഗംഗാധരന്റെ ആന” എന്ന ചെറുകഥയെഴുതിയ ശ്രീ. സുകുമാർ കൂർക്കഞ്ചേരി. ഓഫീസിലെ പ്യൂൺ ആനയെ വാങ്ങിച്ചപ്പോൾ മറ്റു ജോലിക്കാർക്ക് അസൂയ. ശിപായിയുടെ ആനയെ വിലയ്ക്കുവാങ്ങാൻ ആരും വരില്ലെന്ന് ഒരുത്തൻ പറഞ്ഞപ്പോൾ ആനയെക്കൊന്ന് അതിന്റെ കൊമ്പെടുത്ത് വില്ക്കുമെന്ന് ശിപായി. അപ്പോൾ ആനക്കൊമ്പു തനിക്കു വേണമെന്ന് ഒരു സ്ത്രീ. പാവങ്ങൾക്കു സമ്പത്തു വരുമ്പോൾ ബൂർഷ്വാസിയിൽ പെട്ടവർക്കൂണ്ടാകുന്ന അസൂയയെ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട് കഥാകാരൻ. എങ്കിലും കഥ ആന്റിക്ലൈമാക്സിലാണ് ചെന്നുനില്ക്കുന്നത്.

ശിപായി ആനക്കൊമ്പു കരസ്ഥമാക്കാൻ പോയി പരാജയപ്പെട്ടു മടങ്ങിയതിനു ശേഷം നഷ്ടപ്പെട്ട തുക ബൂർഷ്വാസിയിൽപെട്ടവരോട് വാങ്ങിയ ഒരു യഥാർത്ഥ സംഭവം കൂടെ പറഞ്ഞേക്കാം. ഞാൻ വടക്കോരു കോളേജിൽ ജോലി നോക്കിയിരുന്ന കാലം. കുറെ ദിവസമായി ഒരു ശിപായിയെ കണ്ടില്ല. ക്യാഷ്വൽ ലീവിനുള്ള അപേക്ഷയും കിട്ടിയില്ല. ഏഴു ദിവസം കഴിഞ്ഞപ്പോൾ ചീങ്കണ്ണിക്കണ്ണീർ പൊഴിച്ചുകൊണ്ട് ശിപായി പ്രത്യക്ഷനായി. അയാൾ ദീർഘമായി പറഞ്ഞകഥ ചുരുക്കി പറയാം. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റുകാരെ പറ്റിച്ച് ആനക്കൊമ്പ് കരസ്ഥമാക്കാൻ കൂട്ടുകാരോടു കൂടി അയാൾ കാട്ടിൽ പോയി പോലും. സ്ഫോടകവസ്തു അകത്തുള്ള ഒരു ഉരുള ആന സഞ്ചരിക്കുന്ന വഴിയിൽ വയ്ക്കുമത്രേ. അതു തിന്നുന്ന ആനയുടെ ഉള്ളിൽ സ്ഫോടനമുണ്ടാകും. അതു ചത്തു വീണാൽ മാംസം ചീഞ്ഞു പോകാൻ എന്തോ മരുന്നു പുരട്ടും. എന്നിട്ട് അനായാസമായി കൊമ്പുകൾ ഊരികൊണ്ട് പോരും. അങ്ങനെ പോയ അയാൾക്ക് കൈക്കൂലിയും മറ്റും കൊടുത്ത വകയിൽ ആയിരം രൂപ ചെലവായി. ആനയെ കണ്ടതുമില്ല. കടം വാങ്ങിയ രൂപ തിരിച്ചു കൊടുക്കാൻ മാർഗ്ഗമില്ല. കൊടുത്തില്ലങ്കിൽ നാട്ടിൽ ജീവിക്കാനും വയ്യ. അതുകൊണ്ട് ഞങ്ങളെല്ലാവരും കൂടി ആ രൂപ കൊടുക്കണം. എന്തിനേറെപ്പറയുന്നു! ഞങ്ങൾ കുറെ രൂപ അയാൾക്കു കൊടുത്തു. സർക്കാരിനെ വഞ്ചിക്കാൻ പോയ തസ്കരനു രൂപ നൽകിയതു ശരിയോ എന്ന ചോദ്യമുണ്ടാകാം. ദുർബ്ബലനിമിഷത്തിൽ സഹതാപമുണ്ടായി എന്നു മാത്രം പറയട്ടെ. ബൂർഷ്വാസിയിൽപെട്ടവർക്കും ശിപായിയോട് — തൊഴിലാളിയോട് — കാരുണ്യം തോന്നും. രൂപ കൊണ്ടു പോയതിനു ശേഷം ഒരു ദിവസം അയാൾ കപട വിനയത്തോടെ എന്റെ അടുക്കലെത്തി. “സാർ ഹാജർമാർക്ക് ചെയ്തോട്ടോ?” എന്നു ചോദിച്ചു. വരാത്ത ഏഴുദിവസത്തെ കള്ളഹാജരാണ് അയാൾക്ക് വേണ്ടത്. “അതു നടപ്പില്ല” എന്നു ഞാൻ മറുപടി പറഞ്ഞു. ക്യാഷ്വൽ ലീവിനുള്ള അപേക്ഷ എഴുതി വാങ്ങുകയും ചെയ്തു. അതിനുശേഷം അയാൾ എന്നോടു മിണ്ടിയിട്ടില്ല.

* * *

മിണ്ടാതിരിക്കുന്നതുതന്നെ നല്ലത്. മിണ്ടിപ്പോയാൽ എന്തെല്ലാം സംഭിവിക്കും. നമ്മൾ മറ്റൊരാളെ കുറ്റപ്പെടുത്തും. പറയുന്നതു ശരിയാണെന്നു വരുത്താൻ അട്ടഹസിക്കും, ഭാര്യയെ പേടിപ്പിക്കും, കുട്ടികളെ വിറപ്പിക്കും, മറ്റൊരാളെ ചൂഷ്ണം ചെയ്യും, ആത്മപ്രശംസ നടത്തും, ഞാനോ ഞാനാണ് നിരൂപകൻ എന്നു പറയും, സന്മാർഗ്ഗനിരതനാണ് ഞാനെന്നു ഭാവിക്കും, സ്വന്തം ദാരിദ്ര്യത്തെക്കുറിച്ചു പറയും, സ്വന്തം സ്വത്തിനെക്കുറിച്ച് പറയും, സ്വന്തം രോഗത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും — ഇത്രയും ചെയ്താൽ ശ്രോതാവിന്റെ ജീവിതം നരക സദൃശമാകും.

സാരിമാറുന്ന സമയത്ത്

ജീവിതത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കൂ. അത് പനിനീർപ്പൂക്കളുടെ ദലങ്ങൾ വിരിച്ച പാതയാകും. പക്ഷേ പ്രതീക്ഷിക്കാതിരിക്കാൻ സാദ്ധ്യമല്ല. ചിലർക്കു അനിയതമായ പ്രതീക്ഷകളുണ്ട്. ജോലിയില്ലാതെ നടന്ന ഒരു ചെറുപ്പക്കാരന് എന്റെ ശുപാർശകൊണ്ട് ഒരു ലോഡ്ജിൽ ജോലി കിട്ടി. സ്ത്രീകൾ ഒറ്റയ്ക്കിരിക്കുന്ന മുറികളുടെ വാതിലുകൾ അയാൾ തള്ളി തുറന്നു നോക്കും. എന്നിട്ട് ‘സോറി’ എന്നു പറഞ്ഞ് തിരിച്ചു പോകും. പെണ്ണുങ്ങൾ വേഷം ധരിക്കുകയാണെങ്കിൽ നഗ്നത കാണാമല്ലോ എന്നാണ് അയാളുടെ പ്രതീക്ഷ. കുറെക്കാലം ചെന്നപ്പോൾ ചെറുപ്പക്കാരന്റെ വിദ്യ ഉടമസ്ഥനറിഞ്ഞു. അയളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

പൈങ്കിളിക്കഥകൾ രചിക്കുന്നവർ ഈ യുവാവിനെപ്പൊലെയാണ്. സ്ത്രീ പുരുഷന്മാരെ മനുഷ്യജീവികളായിട്ടല്ല അവർ കാണുന്നത്. ഒരു പാവാടയൂരി ദൂരെയെറിഞ്ഞ് മറ്റൊന്ന് ഉടുക്കുന്നതിനിടയിൽ കാണപ്പെടുന്ന ജനനകാല വേഷമാണ് അവർക്കു മാനസോല്ലാസം വളർത്തുന്നത്. തലമുടി പിന്നിയിട്ട്, നെറ്റിയിൽ പൊട്ടിട്ട്, മുഖത്തു പൗഡറണിഞ്ഞ്, മനോഹരമായ വേഷം ധരിച്ച് ദേവതയെപ്പോലെ പ്രത്യക്ഷയാകുന്ന തരുണിയെ കാണാനാണ് ഏറെയാളുകൾക്കും കൗതുകം. വസ്ത്രം മാറ്റുന്ന ചെറുപ്പക്കാരിയെയല്ല. അവൾ ആ സമയത്ത് സ്ത്രീത്വത്തിനു പ്രതിനിധീഭവിക്കുന്നവളല്ലല്ലോ. ദീപിക ആഴ്ചപ്പതിപ്പിൽ ‘വെയിൽ നാമ്പുകൾ വീണ്ടും’ എന്ന സർവ്വസാധാരണമായ പൈങ്കിളിക്കഥ എഴുതിയ ശ്രീ. ബാലകൃഷ്ണൻ പുരുഷത്വത്തെയും സ്ത്രീത്വത്തെയും മാനിക്കുന്ന രചനകൾ ഞങ്ങൾക്കു നകണമെന്നാണ് അഭ്യർത്ഥന.