close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 01 22


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 01 22
ലക്കം 436
മുൻലക്കം 1984 01 15
പിൻലക്കം 1984 01 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സ്ത്രീ നല്ല ചായയുണ്ടാക്കുന്നതു് ഭര്‍ത്താവിന്റെയോ അതിഥിയുടെയോ അഭിനന്ദനം നേടാനാണു്. ഏതു് ‘ഓടവെള്ള’വും ചായയാണെന്നു സങ്കല്പിച്ചുകൊണ്ടു കുടിക്കാന്‍ അവള്‍ക്കു പ്രയാസമില്ല. എന്നാല്‍ വേറൊരാളിനു നല്കുന്ന ചായ നന്നായിരിക്കണമെന്നു് അവള്‍ക്കു നിര്‍ബ്ബന്ധമുണ്ടു്. പുരുഷനോ? അയാള്‍ ചായ കൂട്ടുന്നതു് അന്യന്റെ അഭിനന്ദനത്തിനു വേണ്ടിയല്ല. കല കലയ്ക്കുവേണ്ടി എന്നു പറയുന്നതുപോലെ ചായ ചായയ്ക്കു വേണ്ടി എന്നാണു് അയാളുടെ മുദ്രാവാക്യം. മറ്റൊരുത്തന്‍ പ്രശംസിച്ചാലെന്തു്, ഇല്ലെങ്കിലെന്തു്? എന്നേ അയാള്‍ വിചാരിക്കു. സ്ത്രീ അങ്ങനെയല്ല. അവള്‍ ഉണ്ടാക്കുന്ന മോശമായ ചായയും നല്ലതാണെന്നു ഭര്‍ത്താവു പറഞ്ഞുകൊള്ളണം. ഇല്ലെങ്കില്‍ ദേഷ്യപ്പെടും. ‘കംപല്‍സറി’യായ അഭിനന്ദനം ‘ഡിമാന്‍ഡ്’ ചെയ്യുന്നവളാണു് സ്ത്രീ. അക്കാര്യത്തില്‍ അവളൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയാണു്. സ്ത്രീയുടെ സാമാന്യസ്വഭാവം ഇതായതുകൊണ്ടു് സാഹിത്യ നിരൂപണത്തിലും വിഭിന്നമായ നില ആരും പ്രതീക്ഷിക്കേണ്ടതില്ല. പുരുഷന്റെ കഥയോ കവിതയോ പോരായ്മയുള്ളതാണെന്നു പറയുന്ന നിരൂപകനു് ആ സംസ്ക്കാര ശൂന്യന്‍ പേരുവയ്ക്കാതെ തെറിക്കത്തയയ്ക്കും. ആ കത്തിനെക്കാള്‍ അസഹനീയമാണു് സ്ത്രീ പേരു വച്ചു് അയയ്ക്കുന്ന കത്തു്. പാരുഷ്യമാര്‍ന്ന, ഹൃദയം തുളയ്ക്കുന്ന വാക്യങ്ങള്‍ അതിലേറെയുണ്ടാവും. പുരുഷന്റെ തെറിക്കത്തു വായിച്ചാല്‍ നിരൂപകനു വൈഷമ്യമില്ല. എന്നാല്‍ സ്ത്രീയുടെ നിര്‍മ്മര്യാദങ്ങളായ വാക്യങ്ങള്‍ വായിച്ചു് അയാള്‍ തളരും. അങ്ങനെ പലപ്പോഴും തളര്‍ന്നിട്ടുള്ള ആളാണു് ഈ ലേഖനമെഴുതുന്നതു്. അതിരിക്കട്ടെ. സ്ത്രീക്കു പുരുഷനോടു തോന്നുന്ന സ്നേഹത്തിലും ഈ അഭിനന്ദനവാഞ്ഛിയുടെ ഒരംശം മറഞ്ഞിരിക്കുന്നില്ലേ? ഉണ്ടെന്നാണ് എന്റെ വിചാരം. പാറുക്കുട്ടി സുന്ദരിയല്ലെന്നു് അനന്തപദ്മനാഭന്‍ പറഞ്ഞാല്‍ അവള്‍ക്കിഷ്ടമാവുമോ? കറുത്തമ്മ ആഹ്ലാദത്തിന്റെ പരകോടിയിലെത്തിയതു് പാരീക്കുട്ടി അവളുടെ സൗന്ദര്യം അംഗീകരിച്ചതുകൊണ്ടുമാണു്. ബാങ് ഷാ മങ് കോങ്സ്റ്റാങ്ങിന്റെ (Benjamin Constant) ‘അഡോള്‍ഫ്’ എന്ന നോവലിലെ നായിക ദുഃഖംകൊണ്ടു മരിക്കുന്നതു് ഈ അംഗീകാരത്തിന്റെ അഭാവത്താലാണു്. ഏമില്‍ സൊലയുടെ (Emile Zola) ‘തേറിസ്കോങ്’ (Therese Requin) ടോള്‍സ്റ്റേയിയുടെ ‘ആനാ കാരേനിനാ’, ആങ്ദ്രേ ഷീദിന്റെ (Andre Gido) ല പോര്‍ട് ഏത്ര വാട്, (La Porte E. Troite Strait is the Gate) ഹാര്‍ഡിയുടെ ‘ടെസ്സ്’ ഇവയിലെ നായികകളും വിഭിന്ന സ്വഭാവമുള്ളവരല്ല. ഷീദിന്റെ നോവലില്‍ വൈഷയികത്വമാര്‍ന്ന സ്നേഹത്തെ നിരാകരിച്ചിട്ടുള്ളതു മറന്നുകൊണ്ടല്ല ഞാനിതെഴുതുന്നതു്. “മണ്ടന്മാര്‍ മഭിനന്ദിക്കുന്നു. വിവേകമാര്‍ന്നവര്‍ അംഗീകരിക്കുന്നു” എന്നു് പോപ്പ് (കവി) പറഞ്ഞതു ശരിയാവാം. എങ്കിലും സ്ത്രീക്കു് ആ അഭിനന്ദനം കൂടിയേ തീരൂ.

സാറാ തോമസ് കലാകൗമുദിയിലെഴുതിയ (ലക്കം 434) “കാത്തിരിപ്പു്” എന്ന ചെറുകഥ വായിക്കുക. അതി സുന്ദരിയായ മാധവിയുടെ ഭര്‍ത്താവു് കുട്ടപ്പനെ അവരുടെ വിവാഹം കഴിഞ്ഞതിന്റെ നാലാമത്തെ ദിവസം പൊലീസ് പിടിച്ചു കൊണ്ടുപോയി. കൊലക്കുറ്റം. കുട്ടപ്പന്‍ ‘ജീവപര്യന്തം’ തടവിനുശേഷം പിന്നെയും അഞ്ചു കൊല്ലം കാരാഗൃഹത്തില്‍ കിടന്നു. അയാള്‍ മോചനം നേടി വീട്ടിലെത്തിയപ്പോള്‍ മാധവി വൈരൂപ്യത്തിന്റെ ഉടലാര്‍ന്ന രൂപം. അയാള്‍ക്കു് അവളെ ഭാര്യയായി അംഗീകരിക്കാന്‍ വയ്യ. താന്‍ പ്രതീക്ഷിച്ച സ്നേഹവും ശ്ലാഘയും അവള്‍ക്കു ലഭിച്ചില്ല. കുട്ടപ്പന്‍ നടന്നകന്നു. അവള്‍ തകര്‍ന്നു വീണു. വൈഷയികമായ ഹര്‍ഷോന്മാദവും അതില്‍ നിന്നു ജനിക്കുന്ന അഭിനന്ദനവുമില്ലെങ്കില്‍ ദാമ്പത്യജീവിതത്തിനു് എന്തു പ്രകരണയോഗ്യതയിരിക്കുന്നു!

ഇതിനോടു സദൃശമല്ലെങ്കിലും ഇതിന്റെ മറുപുറം കാണിക്കുന്ന വേറൊരു കഥ (അതോ യഥാര്‍ത്ഥസംഭവമോ) എനിക്കറിയാം. മൂന്നരക്കൊല്ലത്തെ ജയില്‍വാസത്തിനു ശേഷം വിങ്കോ ബസ്സില്‍ കയറി യാത്ര ആരംഭിച്ചു. അയാളുടെ മൗനവും വിഷാദവും കണ്ടു് ബസ്സില്‍ അയാളോടൊപ്പം യാത്രചെയ്യുന്ന ഒരു പെണ്‍കുട്ടി കാരണം അന്വേഷിച്ചു. അയാള്‍ പറഞ്ഞു: “അവള്‍ക്കു വേദനയില്ലെങ്കില്‍, കുട്ടികള്‍ അച്ഛന്റെ കാരാഗൃഹവാസത്തെക്കുറിച്ചു് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെങ്കില്‍, ഞാന്‍ തിരിച്ചു ചെല്ലുന്നതില്‍ അവള്‍ക്കു വൈഷമ്യമില്ലെങ്കില്‍ വീട്ടിനു മുന്‍പുള്ള വലിയ മരത്തില്‍ ഒരു മഞ്ഞക്കൈലേസ് കെട്ടിയിരിക്കണം എന്നു് ഞാന്‍ അറിയിച്ഛിട്ടുണു്. അവള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കൈലേസ് കെട്ടേണ്ടതില്ല. ഞാന്‍ ബസ്സില്‍ നിന്നു് ഇറങ്ങാതെ അങ്ങു പോകും.” ഇത്രയും പറഞ്ഞിട്ടു അയാള്‍ വീണ്ടും മൗനം അവലംബിച്ചു. ബസ്സ് വീട്ടിനടുത്തെത്തി. മരം നോക്കി വിങ്കോ ബോധം കെട്ടുപോയിയെന്നുതന്നെ പറയാം. ഇരുപതല്ല, മുപ്പതല്ല, നൂറു മഞ്ഞക്കൈലേസുകള്‍ അതില്‍ കെട്ടിയിരിക്കുന്നു. സ്വാഗതത്തിന്റെ പതാക പോലുള്ള മാമരം. ഭാര്യയ്ക്കു ഭര്‍ത്താവിനോടുള്ള സ്നേഹത്തെ ഇതിനെക്കാള്‍ ഭംഗിയായി ചിത്രീകരിക്കുന്നതെങ്ങനെ?

ദസ്തെയെവ്സ്കിയുടെ Crime and Punishment എന്ന നോവലിനു തുല്യമെന്നു് വാഴ്ത്തപ്പെടുന്ന നോര്‍മന്‍ മേലേറുടെ The Executioner’s Song എന്ന നോവലിന്റെ ആരംഭത്തിലും ജെയില്‍ മോചനം നേടിയ ഗാമി ഭാര്യയുടെ അടുക്കലെത്തുന്നതിന്റെ ഹൃദ്യമായ ചിത്രമുണ്ടു്. ഇവ രണ്ടും ഞാനെടുത്തു പറഞ്ഞതു് സാറാ തോമസിന്റെ ചെറുകഥയ്ക്കുള്ള ‘കോമേര്‍സ്യല്‍’ സ്വഭാവം വ്യക്തമാക്കാനാണു്. ചെറുകഥ അനുധ്യാനത്തിന്റെ പ്രശാന്തതയിലേക്കു നമ്മളെ നയിക്കുമ്പോള്‍ അതു് ഉത്കൃഷ്ടമായ സാഹിത്യം. വായിച്ചു, ഇനി അതു് ആവശ്യമില്ല എന്നു കരുതി ഉടനെ വിസ്മരിക്കപ്പെടുന്നതു് കോമേര്‍സ്യല്‍ സാഹിത്യം. രണ്ടാമത്തെ വിഭാഗത്തിലേ സാറാ തോമസിനു ചെന്നു നില്ക്കാനുള്ള അര്‍ഹതയുള്ളു. ആവര്‍ത്തിച്ചു വായിക്കുന്തോറും സമ്പന്നത കൂടുതല്‍ കൂടുതല്‍ അനുഭവപ്പെടുന്നതു് ഉത്കൃഷ്ട സാഹിത്യം. ഉഭാഹരണം റ്റോമാസ് മാന്‍ എഴുതിയ Magic Mountain എന്ന നോവല്‍. ഒരു തവണ തന്നെ പ്രയാസപ്പെട്ടു വായിച്ചു തീര്‍ക്കുന്നതു് കോമേര്‍സ്യല്‍ സാഹിത്യം. ജാക്കി കോളിന്‍സിന്റെ Holly wood Wives ഉദാഹരണം.

* * *

ആ സ്ത്രീ എനിക്കു കാപ്പി കൊണ്ടുവന്നു ‘റ്റീപോയ്’യില്‍ വച്ചപ്പോള്‍ അവരുടെ അഴുക്കു പുരണ്ട സാരിയുടെ തുമ്പു് ചായയില്‍ വീണു കിടക്കുകയായിരുന്നു. അവരതു കണ്ടില്ല. ഞാന്‍ കണ്ടു. എന്തേ ചായ കുടിക്കാഞ്ഞതു്?’ എന്നു് അവര്‍ വീണ്ടും വീണ്ടും ചോദിച്ചിട്ടും എനിക്കൊന്നും പറയാന്‍ തോന്നിയില്ല. കോമേര്‍സ്യല്‍ ചെറുകഥയും നോവലും മലിനമായ സാരിത്തുമ്പു വീണ ചായ പോലെയാണു്. കുടിക്കാന്‍ വയ്യ. കുടിക്കില്ലെന്നു പറയാനും വയ്യ.

അനുഗൃഹീതന്‍

ഹാസ്യചിത്രങ്ങള്‍ക്കു് പലപ്പോഴും സമകാലികപ്രാധാന്യമേ കാണൂ. ഇന്നു നാം അവ കണ്ടു ചിരിക്കും. നാളെ — പരിതഃസ്ഥിതികള്‍ മാറുമ്പോള്‍ — ചിരിച്ചില്ലെന്നു വരും. ഇലസ്ട്രേറ്റഡ് വീക്ക്‌ലിയുടെ (ഡിസംബര്‍ 25–31) 17-ആം പുറത്തില്‍ ആര്‍.കെ. ലക്ഷ്മണ്‍ വരച്ചു Following Gandhi എന്ന ഹാസ്യചിത്രം നോക്കുക. ചെരിപ്പിട്ട ഒരു കാലു മുന്നോട്ടു നീങ്ങുന്നു! ഗാന്ധിജിയാണെന്നു സ്പഷ്ടം! കോണ്‍ഗ്രസ് എന്ന നവയുവാവു് നെഞ്ചു തള്ളി, പുഞ്ചിരിയോടെ, കൈരണ്ടും വീശി നടക്കുന്നു. ബഹുജനത്തിന്റെ പ്രതിനിധിയായ ഒരാള്‍ ആരോദ്ഭുതങ്ങളോടെ അവരെ നോക്കി നില്ക്കുന്നു. ഇത്രയും പഴയ കാലത്തെ കാര്യം. ഇന്നത്തെ അവസ്ഥയാണു് രണ്ടാമത്തെ ചിത്രത്തില്‍. ഒരു സ്ത്രീയുടെ പിന്‍ഭാഗം മാത്രം കാണാം. അവര്‍ നടക്കുകയാണു്. കോണ്‍ഗ്രസ്സെന്ന വൃദ്ധന്‍ കൈരണ്ടും കൂട്ടിപ്പിടിച്ചു്, കൂനിപ്പിടിച്ചു് ദാസ്യഭാവം പ്രകടമാക്കി നീങ്ങുന്നു. ബഹുജനത്തിന്റെ പ്രതിനിധിയുടെ മുഖത്തു് അദ്ഭുതവും കോപപവും കലര്‍ന്ന വികാരം. സ്ത്രീ ഇന്ദിരാ ഗാന്ധിയാണെന്നു് നമ്മള്‍ മനസ്സിലാക്കുന്നു. ഭാവികാലത്തെ സംഭവമാണു് മുന്നാമത്തെ ചിത്രത്തില്‍. യുവാവായ ഒരാളിന്റെ പിന്‍ഭാഗം. അയാള്‍ നടന്നു നീങ്ങുന്നു. കോണ്‍ഗ്രസ് വൃദ്ധന്റെ പൊക്കം വളരെ കുറഞ്ഞു പോയി. അയാള്‍ കരയുന്നുണ്ടു്. ബഹുജനത്തിന്റെ പ്രതിനിധിക്കു കൂടുതല്‍ അദ്ഭുതവും ദേഷ്യവും നടക്കുന്ന യുവാവു് രാജീവ് ഗാന്ധിയാണെന്നതു് എടുത്തു പറയേണ്ട കാര്യമല്ല. ഒന്നാംതരം കാര്‍ട്ടൂണ്‍. രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട സംഭവങ്ങളില്‍ ബഹുജനത്തിനുണ്ടാകുന്ന പ്രതികരണങ്ങളെ വിദഗ്ദ്ധമായി രേഖകള്‍കൊണ്ടു് ആവിഷ്കരിക്കുന്നു എന്നതിലാണു് ഈ ചിത്രത്തിന്റെ ചാരുതയിരിക്കുന്നതു്. നാളെ ഇതിലെ ‘പ്രോഫിസി’ — ദീര്‍ഘദര്‍ശനം — തെറ്റായി വന്നേക്കാം. എങ്കിലും ഇന്നു് അതു് ആളുകളെ ചിരിപ്പിക്കുന്നു; ഒരളവില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്നു. പ്രഖ്യാതങ്ങളായ സംഭവങ്ങളെ ഒട്ടും സ്ഥൂലീകരിക്കാതെ ഷോര്‍ട്ട്ഹാന്റിന്റെ മട്ടില്‍ ആലോഖനം ചെയ്യുന്ന ഈ ഹാസ്യ ചിത്രകാരന്‍ പ്രഗൽഭനാണെന്നതില്‍ ഒരു സംശയവുമില്ല.

* * *

ഞാന്‍ തീവണ്ടിയില്‍ തിരുവനന്തപുരത്തേയ്ക്കു വരുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി നാഗപ്പൂരില്‍ നിന്നു് ഞാനിരിക്കുന്ന കംപാര്‍ട്ടു്മെന്റിലേക്കു കയറി. അവള്‍ ചുറ്റും കൂടിയ യുവാക്കന്മാരോടു വാതോരാതെ സംസാരിച്ചു; ചങ്ങമ്പുഴക്കവിത പോലെ. പ്രായം കൂടിയ എനിക്കു് ആ ചെറുപ്പക്കാരോടു് അസൂയ തോന്നി; എന്റെ ചില കൂട്ടുകാര്‍ക്കു് — കവികള്‍ക്കു് — ചങ്ങമ്പുഴക്കവിതയുടെ നേര്‍ക്കുള്ള അസൂയപോലെ. തീവണ്ടി റണിഗുണ്ടയിലെത്തിയപ്പോള്‍ സില്‍ക്ക് പൈജാമയണിഞ്ഞ കാലുകളില്‍ കൈകള്‍ കെട്ടി അവള്‍ സീറ്റിലിരുന്നു് ഉറങ്ങുകയായിരുന്നു. ആ നനുത്ത കണ്‍പോളകളില്‍ നാഗപ്പൂരിലെ സ്വപ്നങ്ങള്‍ തങ്ങിനില്ക്കുന്നു; ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കവിത പോലെ. ചെറുപ്പക്കാര്‍ ഓരോരോ തീവണ്ടിയാപ്പീസുകളില്‍ ഇറങ്ങിപ്പോയപ്പോള്‍ അവള്‍ വിന്‍ഡോ സീറ്റില്‍ ഒറ്റയ്ക്കിരുന്നു മന്ദസ്മിതം പൊഴിച്ചു; പി. കുഞ്ഞിരാമന്‍ നായരുടെ കവിത പോലെ. തീവണ്ടിയിലെ ഹിഗിന്‍ബോത്തംസ് ബുക്ക്സ്റ്റാളില്‍ നല്ല പുസ്തകമുണ്ടോ എന്നറിയാന്‍ വേണ്ടി ഞാന്‍ എഴുന്നേറ്റു നടന്നപ്പോള്‍ അവള്‍ ബഹുമാനം ഭാവിച്ചു് വടി പോലെ എഴുന്നേറ്റു നിന്നു; ഉള്ളൂര്‍ പരമേശ്വരയ്യരുടെ കവിത പോലെ. “കുട്ടി എവിടെ പഠിക്കുന്നു? എന്നെ അറിയാമോ? എന്താ പേരു്? എവിടെ പോകുന്നു?” എന്റെ ചോദ്യങ്ങള്‍. നാഗപ്പൂരില്‍ കോമേഴ്സിനു പഠിക്കുന്നു. സാറിനെ ഇപ്പോള്‍ മനസ്സിലാക്കി ഇവിടെയിരുന്ന ഒരു ആണ്‍കുട്ടി പറഞ്ഞു്. പേരു ജയലക്ഷ്മി. ആലുവയിലേക്കു പോകുന്നു. നാളെ എറണാകുളം മഹാരാജാസ് കോളേജില്‍ വച്ചൊരു പരീക്ഷയുണ്ടു്.” എന്നു ഉത്തരം. എന്റെ ഒരു സ്നേഹിതന്റെ ധ്വനി പ്രധാനമല്ലാത്ത — വെറും വാച്യമായ — കവിത പോലെ. തീവണ്ടി ആലുവയിലെത്തിയപ്പോള്‍ കനത്ത ബാഗെടുത്തു തോളില്‍ തൂക്കി എന്നോടു യാത്ര പറയാതെ ഇറങ്ങിയൊരു നടത്തം. തെല്ലൊരഹങ്കാരം, മനസ്സിലാകായ്ക; നവീന കവിത പോലെ.

പാപ്പരത്തം

ബ്യൂറോക്രസി നിലവിലിരിക്കുമ്പോള്‍, അതു സമൂഹത്തെ നിയന്ത്രിക്കുമ്പോള്‍ തൊഴിലാളി സ്ത്രീകള്‍ക്കു പ്രസവസമയത്തു ഡോക്ടറുടെ സഹായം ലഭിക്കാതെ മരിക്കേണ്ടി വരുമെന്നു് ഇരിങ്ങള്‍ കൃഷ്ണന്‍ “പിറന്നാള്‍” എന്ന ചെറുകഥയിലൂടെ ഉദ്ഘോഷിക്കുന്നു (ദേശാഭിമാനി വാരിക, ലക്കം 27). നാണിക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ അവളുടെ ഭര്‍ത്താവു് ഡോക്ടറുടെ അടുത്തേക്കു് ഓടി. ബൂര്‍ഷ്വാ വിഭാഗത്തില്‍പെട്ടവര്‍ കൊണ്ടുവന്നു കൊടുക്കുന്ന ക്രിസ്സ്മസ്സ് സമ്മാനങ്ങള്‍ വാങ്ങാനേ ഡോക്ടര്‍ക്കു സമയമുള്ളൂ. അയാള്‍ നാണിയെ നോക്കാന്‍ വന്നില്ല. അവള്‍ പ്രസവത്തോടു ബന്ധപ്പെട്ട രക്തസ്രാവത്താല്‍ മരണമടഞ്ഞു. ഇത്തരം കഥകളിലുള്ള കലയുടെ പാപ്പരത്തം ഞാന്‍ പറഞ്ഞിട്ടു വേണ്ട വായനക്കാര്‍ക്കു മനസ്സിലാക്കാന്‍. വന്ധ്യത്വത്തില്‍ നിന്നു് മാര്‍ക്സിസ്റ്റ് സാംസ്കാരിക നിരൂപണത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഫ്രാങ്ക് ഫുര്‍ട്ട് സ്കൂളിലെ പ്രധാനന്മാരായിരുന്നു മാക്സ് ഹോര്‍ഹൈമറും വൊള്‍ട്ടര്‍ ബന്‍യമിനും റ്റേയോഡര്‍ അഡോര്‍നോയും ഹെര്‍ബര്‍ട്ട് മാര്‍ക്കൂസും. ഇവരില്‍ ആദ്യത്തെയാള്‍ എഴുതിയ Art and Mass Culture എന്ന പ്രബന്ധത്തില്‍ എല്ലാ മനുഷ്യരെയും ഒന്നുപോലെയാക്കുന്ന സമ്പദ്വ്യവസ്ഥയുടെ ‘പ്ലാസ്റ്റിക് സര്‍ജറി’യെ അധിക്ഷേപിച്ചിട്ടുണ്ടു്.

ബ്യൂറോക്രസിയുടെ ആധിപത്യമുള്ളപ്പോള്‍ തൊഴിലാളികള്‍ മാത്രമല്ല ഇടത്തരക്കാരും ഡോക്ടറുടെ സഹായം കിട്ടാതെ മരിക്കും. സ്കൂട്ടറില്‍ നിന്നു തെറിച്ചുവീണു ബോധംകെട്ട എന്റെ മകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ വന്നൊന്നു നോക്കാനും “എക്സ്റേ” എന്നു എഴുതാനും അര മണിക്കൂര്‍. എക്സ്റേ എടുക്കുന്ന മുറിയില്‍ച്ചെന്നു് അടച്ചിട്ട വാതിലിനു് പത്തു മിനിറ്റ് ഇടികൊടുത്തതിനു ശേഷമേ ഉറക്കച്ചടവോടുകൂടി ഒരു സ്ത്രീ അതു തുറന്നുള്ളൂ. ഫോട്ടോ കിട്ടി അതിലൊന്നു കണ്ണോടിച്ചതിനു ശേഷം വാര്‍ഡ് നമ്പര്‍ … എന്നെഴുതിയിടാന്‍ ഡോക്ടര്‍ക്കു് പിന്നെയും വേണ്ടി വന്നു പത്തു മിനിറ്റ്. “സീരിയസ്സാണോ ഡോക്ടര്‍?” എന്ന എന്റെ ചോദ്യത്തിനു് വാര്‍ഡ് നമ്പര്‍… ലേക്കു കൊണ്ടുപോകൂ എന്നു ദയാശൂന്യമായ മറുപടി. ലിഫ്റ്റില്‍ കയറ്റി അവിടെ കൊണ്ടു ചെന്നു. മൂന്നു മണിക്കൂറോളം മകന്‍ ആരും നോക്കാതെ അവിടെക്കിടന്നു. എന്തുചെയ്യേണ്ടു എന്നറിയാതെ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. നൈറ്റ്ഡ്യൂട്ടി ഡോക്ടറെ വീട്ടില്‍ നിന്നു് ആരോ വിളിച്ചുകൊണ്ടു വന്നപ്പോള്‍ എന്റെ മകന്‍ മരണത്തെ സമീപിച്ചു കഴിഞ്ഞു. പിന്നെ ഫലമില്ലാത്ത ശസ്ത്രക്രിയ. മരണം. ഇരിങ്ങല്‍ കൃഷ്ണന്‍, ആശയത്തെ സംബന്ധിച്ചു് എനിക്കു താങ്കളോടു് യോജിപ്പുണ്ടു്. എന്നാല്‍ കലയുടെ കാര്യത്തില്‍ നമ്മള്‍ക്കു തമ്മില്‍ യോജിപ്പില്ല.

* * *

സി.ഒ. കരുണാകരനോടൊരുമിച്ചു് ഒരു മീറ്റിങ്ങിനു ഞാന്‍ പോയപ്പോള്‍കൂടെ പേരുകേട്ട ഒരു കവിയുമുണ്ടായിരുന്നു. അക്കാലത്തു് കരുണാകരനും എന്‍. ഗോപാലപിള്ളയുമായി ഉണ്ടായ ഒരു വാദപ്രതിവാദത്തെക്കുറിച്ചു് കവി സംസാരിക്കാന്‍ തുടങ്ങി. കരുണാകരന്റെ വാദങ്ങള്‍ തെറ്റാണെന്നു് അദ്ദേഹം തുറന്നു പറഞ്ഞു. കരുണാകരന്‍ കോപിച്ചു. കാറിന്റെ നാലു വശവുമടഞ്ഞ സ്ഥലത്തിരിക്കുന്നവര്‍ സമന്മാരാണെന്നു കവി തെറ്റിദ്ധരിച്ചു. അങ്ങനെയല്ലെന്നു സി.ഒ. കരുണാകരന്‍ കോപത്തിലൂടെ വ്യക്തമാക്കി. ചെറുകഥ സമ്മേളനമെന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന മോട്ടോര്‍ കാറാണു്. അതിലിരിക്കുന്ന കഥാകാരനും വായനക്കാരും ഒന്നുപോലെയാണെന്നു് വായനക്കാര്‍ക്കു തോന്നണം.

ഹാസ്യകഥ

“പ്ലേബോയ് ജോക്കു”കളെ കഥയായും കവിതയായും മലയാളത്തിന്റെ മണ്ണില്‍ കൊണ്ടു നേടുന്നവര്‍ ധാരാളം. ഹാസ്യകഥയോ ഹാസ്യകാവ്യമോ എഴുതാത്ത എനിക്കതിന്റെ അവശ്യമില്ല. ഒരിക്കലോ, മറ്റോ ജോര്‍ജ്ജ് മൈക്ക്സിന്റെ ഒരു ഹാസ്യകഥയെ കേരളത്തിന്റെ അന്തരീക്ഷം നല്കി സാഹിത്യവാരഫലത്തില്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ടു്. ആ കടപ്പാടു് ഞാനതില്‍ വ്യക്തമാക്കിയിരുന്നു താനും. ഇപ്പോഴും ഒരു ‘പ്ലേബോയ്’ നേരമ്പോക്കു മലയാളത്തിലേക്കു കൊണ്ടുവരുന്നു.

ഒരുത്തന്‍ പറഞ്ഞു: “എന്റെ ലൈംഗികജീവിതത്തിന്റെ തകരാറുകള്‍ എനിക്കും ഭാര്യയ്ക്കും രാത്രി കിടക്കാന്‍ രണ്ടു കിടക്കള്‍ ഒരുക്കിയതോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു.” ഇതുകേട്ട അയാളുടെ കൂട്ടുകാരന്‍ ചോദിച്ചു: “അതെങ്ങനെ?” അയാള്‍ മറുപടി പറഞ്ഞു: “ഭാര്യ നെടുമങ്ങാട്ടുള്ള അവളുടെ കിടപ്പു മുറിയില്‍ ഉറങ്ങുന്നു; ഞാന്‍ തിരുവനന്തപുരത്തുള്ള ലോഡ്ജിലെ മുറിയിലും ഉറങ്ങുന്നു.”

ദാമ്പത്യജീവിതത്തിന്റെ വൈരസ്യത്തെ ഈ നേരമ്പോക്കു ചിരി കലര്‍ത്തി ആവിഷ്കരിക്കുന്നു. മധുവിധു കഴിഞ്ഞാല്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തമ്മില്‍ അകൽച്ചയായി. നിരാകാരണം, ആശ്രതത്വം, പാരതന്ത്ര്യം, ദുശ്ശങ്ക, അസൂയ ഇവയാണു് ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നതു്. ദുശ്ശങ്കയ്ക്കാണു് ഇവയില്‍ പ്രധാന സ്ഥാനം. ഉറച്ച “ആത്മബോധ”ത്തിന്റെ കുറവാണു് ദുശ്ശങ്കയ്ക്കു ഹേതു. സ്ത്രീ (പുരുഷനും) ഇല്ലാത്ത ദുര്‍ഭൂതത്തെ സൃഷ്ടിച്ചു വയ്ക്കുന്നു. അയാള്‍ ആകാശത്തേയ്ക്കു നോക്കിയതു് അടുത്ത വീട്ടിലെ രണ്ടാമത്തെ നിലയില്‍ നില്ക്കുന്ന അതിസുന്ദരിയെ കാണാനാണെന്നു് അവള്‍ തീരുമാനിക്കുന്നു. അതോടെ അസ്വസ്ഥതയായി, വഴക്കായി അതിസുന്ദരി ദുര്‍ഭൂതമായി മാറുകയാണിവിടെ. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ സുന്ദരമായ ‘വാലില്ലാത്ത നക്ഷത്രം’ എന്ന ഹാസ്യകഥയില്‍ (മനോരമ ആഴ്ചപ്പതിപ്പു്) ദുശ്ശങ്കയ്ക്കു — ജലസിക്കു് — ഏതു പരിധി വരെ ചെല്ലാനാവുമെന്നു് സ്പഷ്ടമാക്കിയിരിക്കുന്നു. സ്ഥൂലീകരണമില്ലാത്ത, അത്യുക്തിയില്ലാത്ത സ്വാഭാവികതയാര്‍ന്ന ഹാസ്യകഥയാണിതു്. വക്രോക്തികൊണ്ടും വലിച്ചിഴച്ചു കൊണ്ടു വരുന്ന അലങ്കാരങ്ങള്‍ കൊണ്ടും ഹാസ്യം ജനിപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്കു് മുമ്പുണ്ടായിരുന്ന പ്രവണത വളരെ കുറഞ്ഞിരിക്കുന്നു എന്നതിനും ഇക്കഥ നിദര്‍ശകമാണു്. ഒരു കാര്യം കൂടി. വേളൂര്‍ കൃഷ്ണന്‍കുട്ടിക്കു് ഹാസ്യകഥകളെഴുതാന്‍ പ്ലേബോയ് ജോക്കകളെ അവലംബിക്കേണ്ട ആവശ്യമില്ല. തികച്ചും കേരളീയമാണു് അദ്ദേഹത്തിന്റെഹാസ്യം.

* * *

ടാഗോര്‍ വലിയ പിശുക്കനായിരുന്നു. തീവണ്ടി ഒരു സ്റ്റേഷനില്‍ വന്നുനിന്നപ്പോള്‍ ഒരു യാചകന്‍ അദ്ദേഹത്തിന്റെ നേര്‍ക്കു കൈനീട്ടി. ടാഗോര്‍ തന്റെ നീണ്ടയുടുപ്പിന്റെ കിണറു പോലുള്ള കീശയില്‍ കൈയിട്ടു നാണയം തപ്പിത്തുടങ്ങി. തീവണ്ടി ചൂളം വിളിച്ചു നീങ്ങിയിട്ടും അദ്ദേഹത്തിന്റെ കൈയില്‍ നാണയം കിട്ടിയില്ല. ഇതുകണ്ടു് അദ്ദേഹത്തിന്റെ ബന്ധുവായ ഒരു സ്ത്രീ നാണയം സ്വന്തം പേഴ്സില്‍ നിന്നെടുത്തു് യാചകന്റെ കൈയില്‍ ഇട്ടുകൊടുത്തു. ടാഗോര്‍ ചിരിച്ചുകൊണ്ടു് പറഞ്ഞു: “ഇതാണു് വിദ്യ. തീവണ്ടി നീങ്ങുന്നതുവരെ കീശയുടെ ആഴത്തില്‍ നാണയം തപ്പിക്കൊണ്ടിരിക്കണം. വീണ്ടും വീണ്ടും തപ്പണം. അപ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങും.”

കാപ്പികുടി കഴിഞ്ഞു് ചിലര്‍ ട്രൗസര്‍ പോക്കറ്റിന്റെ അഗാധതയില്‍ നിന്നു് കര്‍ചീഫ് വലിച്ചെടുത്തു് ചിറി തുടയ്ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ടു്. ഹാസ്യം. ഇതുപോലെ വലിച്ചെടുക്കുന്നതു് ആവരുതു്. നെഹ്റുവിന്റെ കോട്ടിലെ പനിനീര്‍പ്പൂ പോലെ അതു് ഉപരിതലത്തില്‍ തിളങ്ങണം. ഒരു നിമിഷംകൊണ്ടു് അതു് അവിടെ നിന്നു വേര്‍പെടുത്തിയെടുക്കാന്‍ കഴിയുന്നതാവണം.

ഗര്‍ഭം, പ്രസവം

ഏതാനും വര്‍ഷം മുന്‍പു് ഞാന്‍ കൊച്ചിയില്‍ വച്ചു് ഒരു മദാമ്മ യുവതിയെ പരിചയപ്പെട്ടു. കേരളത്തിലെ പേരുകേട്ട ഒരു നൃത്തവിദ്യാലയത്തില്‍ നൃത്തം പഠിക്കുകയായിരുന്നു അവര്‍. ഞങ്ങള്‍ രണ്ടു പേരും പിന്നെ വേറെ ചിലരും ഒരു മീറ്റിങ്ങിനു് ഒരുമിച്ചു കൂടിയവരാണു്. എനിക്കു പ്രഭാഷണം: മദാമ്മയ്ക്ക് നവരസാഭിനയം. എന്റെ പ്രഭാഷണം കഴിഞ്ഞു ആംഗല വനിതയ്ക്ക് ഒന്നും മനസ്സിലായിരിക്കില്ല. എങ്കിലും ഇംഗ്ലീഷുകാരുടെ കപട സംസ്കാരത്തിന്റെ പേരില്‍ എന്തെങ്കിലും അഭിനന്ദനസൂചകമായി പറയണമല്ലോ അവര്‍ക്കു്. അതുകൊണ്ടു് അവര്‍ എന്റെ പരുഷമായ ശബ്ദത്തെ വാഴ്ത്തി. “Mr. Krishnan Nair. Your voice is wonderful.” അതുകേട്ടു് എന്റെ ശിഷ്യനും കൊച്ചിയിലെ ഒരു കോളേജിലെ പ്രിന്‍സിപ്പലുമായ മാന്യന്‍ പുഞ്ചിരിതൂകി. ‘Thank you madam’ എന്നു ഞാന്‍. ഉടനെ സുന്ദരിയായ-അതി സുന്ദരിയായ-മജാമ്മ” Mr. Krishnan Nair, don’t call me madam: call me Jane (പേരു മാറ്റി എഴുതിയിരിക്കുന്നു) എന്നു പറഞ്ഞു. ഇതിനു ശേഷം അവരുടെ നവരസാഭിനയം. കരുണം അഭിനയിച്ചപ്പോള്‍ ഹാസ്യമായിത്തോന്നി എനിക്കു്. വീരം ശാന്തമായി. ശൃംഗാരം ബീഭത്സവും. പടിഞ്ഞാറന്‍ വനിതകളും യുവാക്കന്മാരും കേരളത്തിലെത്തി ഇവിടത്തെ കലയും സാഹിത്യവും പഠിക്കാന്‍ തുടങ്ങുമ്പോഴെല്ലാം ഈ നപുംസകത്വം സംഭവിക്കാറുണ്ടു്. ഇതിനെ ഒന്നു പരിഹസിക്കുകയാണു് കുങ്കുമം വാരികയില്‍ ‘മൂഷികന്റെ വാലും മുരുകന്റെ വേലും’ എന്ന കഥയെഴുതിയ എസ്. ഹരികൃഷ്ണന്‍, മെഡിക്കല്‍ കോളേജിലെ കുട്ടികൾ ശവം കീറി കുടലെടുത്തു വെളിയിലിട്ടു നോക്കി പഠിക്കുന്നു. നല്ല ഉദ്ദേശ്യമാണവര്‍ക്കു്. പടിഞ്ഞാറു നിന്നു സായ്പന്മാരും മദാമ്മമാരും ഇവിടെ വന്നു് കലയുടെ വയറു കീറി കടലെടുത്തു വെളിയിലിടുന്നു. അവരുടെ ‘കണ്‍സെപ്ഷന്‍’ കൊള്ളാം. ‘എക്സിക്യൂഷന്‍’ കൊള്ളികില്ല. ഹരികൃഷ്ണന്റെ കണ്‍സെപ്ഷനും ഡലിവറിയും നന്നായിട്ടുണ്ടു്.

* * *


മാനിഫെസ്റ്റോ

  1. ആധുനികോത്തരന്മാരുടെയും ആധുനികോത്തരോത്തരന്മാരുടെയും സംഘടനയാണിതു്. യുവാക്കന്മാര്‍ക്ക് ഈ സംഘടനയില്‍ അംഗങ്ങളാവാം. പുനര്‍ജനി, ആര്‍ത്തവരക്തം, രതിസുഖ മദാലസ്യം എന്നീ വാക്കുകള്‍ ആവര്‍ത്തനത്തോടും അര്‍ത്ഥരാഹിത്യത്തോടും അവര്‍ രചനകളില്‍ പ്രയോഗിച്ചിരിക്കണമെന്നേയുള്ളു. യുവാക്കന്മാര്‍ക്കാണു് പ്രവേശമെങ്കിലും കോവിലനെപ്പോലുള്ള പ്രായം കൂടിയ ‘ഒബ്സ്കുറാന്‍റിസ്റ്റുകള്‍’ക്കും (Obscurantist) പ്രവേശമുണ്ടു്.
  2. അംഗങ്ങള്‍ ജോസഫ് മുണ്ടശ്ശേരി, ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ എന്നീ വലിയ ആളുകളെയും ലിറ്റററി ആസ്ട്രോളജറായി നടക്കുന്ന അല്പജ്ഞനായ ആ പഴയ വാദ്ധ്യാരെയും അറുപഴഞ്ചന്മാരായിക്കരുതി രചനകളിലൂടെയും സായാഹ്നവേളകളിലെ സംഭാഷണങ്ങളിലൂടെയും തേജോവധം ചെയ്യണം. വേണ്ടി വന്നാല്‍ ദുഷ്പ്രവാദവും ആകാം. കുട്ടിക്കൃഷ്ണമാരാരെ പൊക്കണം. അതൊരു ഡക്ക് വേലയാണു്.
  3. അറുപഴഞ്ചന്മാര്‍ക്കു് ആധുനികോത്തരന്മാരോടു വ്യക്തിനിഷ്ഠമായ ശത്രുതയില്ലെങ്കിലും ഈ സംഘടനയിലെ അംഗങ്ങള്‍ ആ അറുപഴഞ്ചന്മാരോടു ശത്രുതയുള്ളവരായിരിക്കണം. സംഘടനയുടെ ആശയസംഹിതയെ എതിര്‍ക്കുന്ന അവരെക്കുറിച്ചു് ഏതു ആഭാസകഥയും പ്രചരിപ്പിക്കാം. പ്രചരിപ്പിക്കണം.
  4. സംഘടനയുടെ വകയായി ഒരു വാരിക തുടങ്ങണം. അതിനു ‘രതിസുഖസുതാര്യം’ എന്നായിരിക്കണം പേരു്.
  5. അംഗങ്ങള്‍ തെറ്റു കൂടാതെയോ ദുര്‍ഗ്രഹത ഇല്ലാതെയോ ഏതെങ്കിലും എഴുതിയാല്‍ സംഘടനയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചേര്‍ന്നു് അവരെ ശിക്ഷിക്കാനുള്ള നടപടിയെടുക്കണം.
  6. പ്രവേശനഫീസ് ഇല്ല. എങ്കിലും ഒബ്സ്കുറാന്‍റിസത്തിലൂടെ യോഗ്യത തെളിയിച്ചാലേ അംഗത്വം നല്കപ്പെടുകയുള്ളു. “ജയ് പുനര്‍ജനി” “ജയ് ആര്‍ത്തവം” “ജയ് രതിമൂര്‍ച്ഛ” ഇതായിരിക്കണം സംഘടനാംഗങ്ങള്‍ ജാഥ നയിക്കുമ്പോഴുള്ള മുദ്രാവാക്യങ്ങള്‍.

ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍

ഡോക്ടര്‍ കെ. ഭാസ്കരന്‍ നായരുടെ “ആധുനികശാസ്ത്രവും ആത്മജ്ഞാനവും” എന്ന ഗ്രന്ഥം വിമര്‍ശിക്കുന്ന നിത്യചൈതന്യയതി എഴുതുന്നു: “വളരെ ആഴത്തില്‍ ചിന്തിക്കുകയും അതിലും അധികമായി വൈചാരികവും വൈകാരികവുമായി ഈ രാജ്യത്തെ ഉല്‍കടമായി സ്നേഹിച്ചുകൊണ്ടു് അതിന്റെ നന്മയ്ക്കുവേണ്ടി ജീവിക്കുകയും ചെയ്ത ഈ പണ്ഡിതവരേണ്യന്റെ ചിന്താശകലങ്ങള്‍ സൂക്ഷിക്കത്തക്കവിധം പുസ്തകത്തില്‍ ലഭിച്ചതു ഭാഗ്യം തന്നെ” (മാതൃഭൂമി, ലക്കം 43). നിത്യചൈതന്യയതിയുടെ ഈ നിരീക്ഷണം പ്രതിപദം പ്രത്യക്ഷരം ശരിയാണു്. എനിക്കു മറ്റൊരാളെപ്പോലെയാകണം ആ മനുഷ്യന്റെ ഉത്കൃഷ്ടങ്ങളായ ഗുണങ്ങള്‍ എനിക്കും ഉണ്ടാകണം എന്നു ഞാന്‍ വിചാരിക്കുമ്പോള്‍ ആ ആളിനെ ഞാന്‍ ആരാധിക്കുന്നു എന്നു് അര്‍ത്ഥം. ഡോക്ടര്‍ കെ. ഭാസ്കരന്‍ നായര്‍ എന്നെ സുവോളജി പഠിപ്പിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തെപ്പോലെ കഴിവുള്ള അദ്ധ്യാപകനാകണമെന്നു തോന്നി. നീതിതല്പരനായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ എനിക്കും അദ്ദേഹത്തെപ്പോലെ നീതിതല്പരനാകണമെന്നു തോന്നി. ഡോക്ടര്‍ ഭാസ്കരന്‍ നായരുടെ ഗ്രന്ഥങ്ങള്‍ വായിച്ചു് അവയിലെ ശൈലീവിശേഷത്തിന്റെ ലഹരിയില്‍ മുഴുകിയപ്പോള്‍ എനിക്കും അദ്ദേഹത്തെപ്പോലെ പ്രഗൽഭനായ എഴുത്തുകാരൻ ആകണമെന്നു തോന്നി. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ യാചകര്‍ കുതിരസ്സവാരി ചെയ്യുമായിരുന്നു. എന്റെ ഒരഭിലാഷവും സഫലീഭവിച്ചില്ല. ഭാസ്കരന്‍ നായര്‍ സാര്‍ എന്നെ തിരുവനന്തപുരത്തു നിന്നു ചിറ്റൂരേക്കു മാറ്റി കഷ്ടപ്പെടുത്തിയതേയുള്ളൂ. എന്റെ ആരോഗ്യവും സ്വല്പമായ പണവും നഷ്ടപ്പെടുത്തിയതു് ആ സ്ഥലം മാറ്റമാണു്. എങ്കിലും മഹാനായ എന്റെ ഗുരുനാഥനെ ഞാനിപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇന്നില്ലാത്തതില്‍ ഞാന്‍ ദുഃഖിക്കുകയും ചെയ്യുന്നു. ഡോക്ടര്‍ ഭാസ്കരന്‍ നായരെക്കുറിച്ചു് സത്യം മാത്രം എഴുതിയ നിത്യ ചൈതന്യയതിക്കു് എന്റെ പ്രണാമം.

* * *

സര്‍ക്കാരിനു് എതിരായുള്ള ജാഥ. മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ കിടിലം കൊള്ളിക്കുന്നു. ജാഥയിലെ ഒരാള്‍ ബീഡി വലിച്ചുകൊണ്ടു നടക്കുകയാണു്. ജാഥയുടെ പാവനത്വം തകര്‍ന്നു. മദ്ധ്യപ്രദേശത്തു് ഒരിടത്തു കണ്ടതാണു്. ഒരു വൈദികന്റെ മൃതദേഹം എല്ലാ ബഹുമതികളോടുംകൂടി കൊണ്ടുപോകുന്നു. ഒരു നായ് ദണ്ഡയാത്രയുടെ മുന്‍പില്‍, ഒരു മരച്ചുവട്ടില്‍ വന്നു നിന്നു് ഒരു കാലു് പൊക്കുന്നു. മണ്ണു നനയുന്നു. ആ ‘പ്രൊസഷന്റെ’ പാവനത്വം തകര്‍ന്നു. സംസ്കൃതം അറിയാവുന്ന ഒരാള്‍ എഴുതിയ ലേഖനത്തില്‍ ‘അദ്ഭുതം’ എന്ന അര്‍ത്ഥത്തില്‍ ‘അതിശയം’ എന്നെഴുതിയിരിക്കുന്നു. ആ പ്രബന്ധവും തകര്‍ന്നു.