close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 01 16


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1998 01 16
മുൻലക്കം 1997 01 09
പിൻലക്കം 1997 01 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ശില്പിവിദഗ്ധൻ വിലകൂടിയ തടികൊണ്ട് ബെൽസ്റ്റാന്റ് ഉണ്ടാക്കി. അതുകണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. അവർ പറഞ്ഞു അതു ദേവതകൾ നിർമ്മിച്ചതാണെന്ന്.

രാജാവ് അയാളോട് ചോദിച്ചു
നിങ്ങളുടെ രഹസ്യമെന്താണ്?
ശില്പവിദഗ്ധൻ മറുപടി പറഞ്ഞു
ഞാൻ ജോലിക്കാരൻ മാത്രം. എനിക്ക് രഹസ്യമൊന്നുമില്ല. ഉള്ളത് ഇതു മാത്രം. അങ്ങ് ഈ ജോലിക്ക് എന്നോട് ആജ്ഞാപിച്ചപ്പോൾ ഞാൻ എന്റെ ചൈതന്യം സൂക്ഷിച്ചു. അതു വ്യർത്ഥമാക്കിയതേയില്ല. ഹൃദയം സമനിലയിൽ നിറുത്താൻ ഞാൻ വ്രതമനുഷ്ഠിച്ചു. മൂന്നു ദിവസത്തെ നിരാഹാര വ്രതത്തിനു ശേഷം ലാഭവും വിജയവും ഞാൻ മറന്നു. അഞ്ചു ദിവസത്തിനു ശേഷം പ്രശംസയും വിമർശനവും ഞാൻ മറന്നു. ഏഴു ദിവസത്തിനു ശേഷം ഞാൻ ശരീരത്തെ മറന്നു. ആ സമയം കൊണ്ട് ഞാൻ അങ്ങയേയും രാജസദസ്സിനെയും മറന്നു. എന്റെ ജോലിയിൽ നിന്ന് വ്യതിചലനം ഉണ്ടാക്കുന്നതൊക്കെ ഞാൻ മറന്നു. ബെൽ സ്റ്റാന്റ് എന്നൊരു വിചാരമേ എനിക്കുണ്ടായിരുന്നുള്ളൂ. പിന്നീട് മരങ്ങളെ അവയുടെ സഹജസ്വഭാവത്തിൽ കാണാനായി ഞാൻ കാട്ടിലേക്ക് പോയി. ശരിയായ മരം എന്റെ കണ്ണുകൾക്കു മുൻപിൽ നിന്നപ്പോൾ ബെൽസ്റ്റാന്റും അതിൽ സ്പഷ്ടമായി കാണപ്പെട്ടു. എനിക്ക് പിന്നെ പ്രവൃത്തി ആരംഭിക്കേണ്ടതായേ വന്നുള്ളൂ. ആ മരം കണ്ടില്ലായിരുന്നെങ്കിൽ ബെൽസ്റ്റാന്റ് ഉണ്ടാകുമായിരുന്നില്ല. എന്തു സംഭവിച്ചു? എന്റെ സഞ്ചിത ചിന്തകൾ മരത്തിലെ ഊർജ്ജവുമായി ഏറ്റുമുട്ടി. സജീവമായ ഈ ഏറ്റുമുട്ടലിൽ നിന്നാണ് അങ്ങു ദേവതകളുടെ പ്രവർത്തനഫലമായിക്കണ്ട ശില്പം ഉണ്ടായത്.

അമേരിക്കൻ എഴുത്തുകാരനും മതാനുഷ്ഠാനതല്പരനുമായ തോമസ് മെർടൻ (Thomas Merton 1915 - 1968) ഒരു ചൈനീസ് തത്വചിന്തകനെ അവലംബിച്ച് എഴുതിയ കവിതയുടെ ഭാഷാന്തരീകരണമാണിത്. ശില്പനിർമ്മാണത്തിന്റെ രഹസ്യം തേടിയ രാജാവിന് ശില്പി നൽകിയ സാരസ്വത രഹസ്യമാണ് ഇതിൽ നിന്ന് നമുക്കു ലഭിക്കുക. സാഹിത്യകാരന്മാരെ സംബന്ധിച്ചും ഇതു ശരിയാണ്. സ്പാനിഷ് കവി ഗാർതീ ആ ലൊർകാ (Garcia Lorca 1898 - 1936) പറഞ്ഞതുപോലെ സ്വീകരണീയമായ വിഷയം കിട്ടുമ്പോൾ സാഹിത്യകാരന് ഭാവാത്മകത്വത്തോടു ബന്ധപ്പെട്ട പ്രതികരണമുണ്ടാക്കുന്നു. അതിന്റെ ഫലം ആർജ്ജവവും ലാളിത്യവുമാണ്. ധിഷണാപരമായ ജീവിതം നയിക്കുന്നവർക്ക് ഭാവാത്മക പ്രതികരണമില്ല. അതുകൊണ്ട് അവർക്ക് അയാസത്തോടുകൂൂടി മാത്രമേ ആർജ്ജവം വരുത്താനാകൂ, ലാളിത്യം വരുത്താനാകൂ. നമ്മുടെ ഇന്നത്തെ സാഹിത്യകാരന്മാരുടെ രചനകളിൽ ആർജ്ജവമില്ല, ലാളീത്യമില്ല. കാരണം സ്പഷ്ടമത്രേ. അവർക്ക് പ്രതിപാദ്യ വിഷയത്തെസ്സംബന്ധിച്ച് ഭാവാത്മക പ്രതികരണമുണ്ടാകുന്നില്ല. ധൈഷണിക പ്രതികരണമേ ജനിക്കുന്നുള്ളൂ. അതാണ് സക്ഷാൽ സാഹിത്യം. കല എന്ന് നിരൂപകർ കരുതുകയും അമ്മാതിരി രചനകളെ ഉത്കൃഷ്ടമായ കലയായി കൊണ്ടാടുകയും ചെയ്യുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png പ്രഥമ രാത്രിയിൽ ഞാൻ എന്റെ നവവധുവിനോടു പറഞ്ഞു, ‘എനിക്കു നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു’. എന്തുകൊണ്ടാണ് ഞാനതു പറഞ്ഞത്?

നിങ്ങൾ പിന്നീട് യഥാർത്ഥത്തിൽ ചെയ്യാൻ പോകുന്നത് ആദ്യരാത്രിയിൽ പറഞ്ഞെന്നേയുള്ളൂ.

Symbol question.svg.png സ്വാഭാവികമായതാണോ ആകർഷണീയം അതോ അസ്വാഭാവികമായതോ?

സ്വാഭാവാവികമായത് ആകർഷകം. ഞാൻ എന്റെ വീട്ടിന്റെ മുറ്റത്ത് നിൽക്കുമ്പോൾ ശബ്ദത്തോടെ വിമാനം പറക്കുന്നതു കാണുന്നു. ഞാൻ അസ്വസ്ഥനാകുന്നു. എന്നാൽ നീലാന്തരീക്ഷത്തിൽ പരുന്ത് വട്ടമിട്ടു പറക്കുന്നത് കാണുമ്പോൾ എനിക്ക് ആഹ്ലാദം. ആകർഷണീയം എന്നത് ഈ ചോദ്യത്തിൽ വന്നതു തെറ്റ്. ‘To be attracted’ എന്നാണ് ആകർഷണീയത്തിന്റെ അർത്ഥം.

Symbol question.svg.png യേശുദാസിനെയും ചങ്ങമ്പുഴയെയും ഗാനഗന്ധർവ്വന്മാരെന്നു വിളിക്കുന്നതു ശരിയാണോ?

ശരിയല്ല. ഗന്ധർവ്വനേക്കാൾ ഭംഗിയായി യേശുദാസ് പാടും. ഗന്ധർവ്വ സംഗീതത്തേക്കാൾ ഉത്കൃഷ്ടമാണ് ചങ്ങമ്പുഴക്കവിതയിലെ സംഗീതം.

Symbol question.svg.png ചലച്ചിത്രതാരങ്ങളുടെ ജിവിതത്തെക്കുറിച്ച് എന്തു പറയുന്നു?

സ്തീകളെയാണോ നിങ്ങൾ ലക്ഷ്യമാക്കുന്നത്? എങ്കിൽ ആധുനിക കാലത്ത് അവരുടെ ചലച്ചിത്രജീവിതം പോലെ ക്ഷണികമായി വേറൊന്നില്ല. കൂടി വന്നാൽ അഞ്ചു സിനിമ. പിന്നീട് വീട്ടിലിരിപ്പാണ്.

Symbol question.svg.png ചിന്തകനായ ബാർതിനെക്കുറിച്ച് എന്തഭിപ്രായം?

വിജ്ഞാന മണ്ഡലത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ച ഒരു മഹാ വ്യക്തിയെക്കുറിച്ച് പറയാൻ ഞാനാര്? പക്ഷേ ഒരു കാര്യം ദുർഗ്രഹമാണ് എനിക്ക്. സ്വന്തം സിദ്ധാന്തങ്ങൾ ആവിഷ്‌കരിക്കാൻ അദ്ദേഹമെന്തിന് പറട്ടക്കഥകളെ അവലംബിക്കുന്നു? പെണ്ണിന്റെ വേഷം കെട്ടിയ ഒരു നപുംസകനെ യാഥാർത്ഥ്യമറിയാതെ സ്നേഹിക്കുന്നവന്റെ കഥയാണ് ബൽസാക്കിന്റെ ‘Sarra Sine’. ജീർണ്ണിച്ച. ഓക്കാനമുണ്ടാക്കുന്ന കഥ. അതിനെ അവലംബിച്ചാണ് ബാർത് S/Z എന്ന പ്രബന്ധമെഴുതിയത്. ഷേർട് തൂക്കിയിടാൻ ചുവരിലടച്ച പെഗ്ഗില്ല എന്റെ വീട്ടിൽ. ഞാൻ അതുകൊണ്ട് അലമാരയുടെ പൂട്ടിൽ വച്ച താക്കോലിൽ ഷേർട്ട് തൂക്കിയിടുന്നു. ബാർതും അങ്ങനെയല്ലേ പ്രവർത്തിച്ചത്?

Symbol question.svg.png നെഹ്രുവും ഇന്ദിരാഗാന്ധിയും തമ്മിൽ എന്തേ വ്യത്യാസം?

ഇന്ദിരാഗാന്ധി പറഞ്ഞതു തന്നെ ഞാൻ ഇവിടെ എഴുതാം. ‘My father was a statesman, I’m a political woman. My father was a saint.I’m not’.

Symbol question.svg.png സ്നേഹിച്ചു നഷ്‌ടപ്പെടുന്നതാണ് ഒരിക്കലും സ്നേഹിക്കാതിരിക്കുന്നതിനെക്കാൾ നല്ലതെന്നു കവി എഴുതിയത് ശരിയാണോ?

ശരിയല്ല. സ്നേഹിക്കുമ്പോൾ ആകുലാവസ്ഥ. സ്നേഹഭംഗം വരുമ്പോൾ ആ അവസ്ഥയ്ക്കു തീവ്രത വരുന്നു. ഒരിക്കലും സ്നേഹിക്കാതിരുന്നാൽ സ്വസ്ഥത ഉണ്ടായിരിക്കും.


കമന്റുകൾ

നമ്മുടെ ഇന്നത്തെ സാഹിത്യകാരന്മാരുടെ രചനകളിൽ ആർജ്ജവമില്ല, ലാളിത്യമില്ല. കാരണം സ്പഷ്ടമത്രേ. അവർക്കു പ്രതിപാദ്യ വിഷയത്തെസ്സംബന്ധിച്ച് ഭാവത്മക പ്രതികരണമുണ്ടാകുന്നില്ല.

‘കവിതയിലെ സാംസ്കരിക രാഷ്ട്രീയം’ എന്ന പേരിൽ ശ്രീ. ബി. ഉണ്ണികൃഷ്ണൻ (ഉണ്ണികൃഷ്ണനെന്നേ തിരുവിതാംകൂരിലുള്ളവർ പറയൂ. വടക്കോട്ടുള്ളവർക്കു ഉണ്ണികൃഷ്ണനേയുള്ളു) മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ നിന്നു ചില വാക്യങ്ങൾ കമന്റുകളോടൊപ്പം.

1. “കവിയുടെ അനുഭവങ്ങളാണ് കവിതയെന്നത് പരമ്പരാഗത വിമർശനതിന്റെ അടിസ്ഥാന പാഠമാണ്”.

– ആണോ? പ്രത്യക്ഷാനുഭവങ്ങളാണ് കവി ആവിഷ്കരിക്കുന്നതെന്ന മതം ഭ്രമാത്മകമാണ്. കാളിദാസൻ, ദാന്തെ ഈ കവികൾ സ്വർഗ്‌ഗത്തെ വർണ്ണിച്ചിട്ടുണ്ട്. അവർ രണ്ടു പേരും അവിടെ പോയതായി തെളിവില്ല. എഴുതാനുള്ള വൈദഗ്ധ്യം ചിലർക്കു മാത്രം പ്രകൃതി നൽകുന്നതാണ്. അനുഭവങ്ങൾക്കുള്ള കഴിവും ആ രീതിയിൽ കിട്ടുന്നതാണ്. ‘ഞാൻ കുടിക്കുമെടാ. എനിക്കു കുടിയന്റെ അനുഭവങ്ങൾ എഴുതണമെടാ’ എന്നു കേശവദേവ് എന്നോടു പറഞ്ഞിട്ടുണ്ട്. കുടിക്കാതെ തന്നെ പ്രതിഭാശാലികൽക്കു മദ്യപനെ ചിത്രീകരിക്കാം. പ്രതിഭയില്ലെങ്കിൽ കുടിയനു കുടിയെക്കുറിച്ച് എഴുതാനാവില്ല.

2. “ആ സിനിമയിലെ നായകനും ബാലചന്ദ്രന്റെ ആഖ്യാനങ്ങളും വിജയലക്ഷ്മിയുടെ കവിതകളും രൂപീകരിക്കുന്ന പുരുഷ രൂപത്തിനും തമ്മിലുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുക”.

– ഇവിടെ ‘രൂപീകരിക്കുന്ന’ എന്ന പ്രയോഗം സാധുവല്ല. രൂപശബ്ദ്ത്തിന് സൗന്ദര്യം എന്ന് അർത്ഥം. രൂപീകരിക്കുക എന്നതിനു സൗന്ദര്യം ഉള്ളതാക്കുക എന്ന അർത്ഥമേ വരൂ. രൂപമുള്ളതാക്കുക എന്നാണ് ലേഖകൻ കരുതിയതെങ്കിൽ രൂപവത്കരിക്കാൻ എന്ന് എഴുതേണ്ടിയിരുന്നു.

3. “എന്നാൽ നിരന്തരം ഉദാത്തവത്കരിക്കപ്പെടുന്ന…”– ഉദാത്തവത്കരിക്കപ്പെടുന്ന എന്ന പ്രയോഗം അസാധു. ഉദാത്തശബ്ദം വിശേഷണമാണ്. വിശേഷണത്തോടു ‘വത്’ പ്രത്യയം ചേരുകയില്ല.

4. “… ഹിന്ദുത്വവും സൃഷ്ടിക്കുന്ന ചരിത്ര സന്ദർഭമാണ് ഇന്നത്തെ കവിതയ്‌ക്ക് അഭിമുഖീകരിക്കേണ്ടത്”.

– ചരിത്ര സന്ദർഭമാണ് ഇന്നത്തെ കവിതയ്ക്കു അഭിമുഖീകരിക്കേണ്ടതെന്നു പറഞ്ഞാൽ കവിത ചരിത്ര സന്ദർഭത്തിന്റെ മുഖത്തെ അതിന്റെ (കവിതയുടെ) നേർക്കു പിടിച്ചു വച്ചു എന്ന അർത്ഥമേ വരു. ‘രാമൻ കൃഷ്ണനെ അഭിമുഖീകരിച്ചു പറഞ്ഞു’ എന്നെഴുതിയാൽ അർത്ഥം കൃഷ്ണന്റെ മുഖത്തെ രാമൻ തനിക്കു നേർക്കാക്കി എന്നാണ്. ‘രാമൻ കൃഷ്ണന് അഭിമുഖീഭവിച്ചു പറഞ്ഞു’ എന്ന വാക്യം ശരി.

“ദൃശ്യ-പത്രമാധ്യമങ്ങളുടെ വിപണന തന്ത്രങ്ങളിൽ കവി താരവത്കരിക്കപ്പെടുന്നു”.

‌– താരവത്കരിക്കപ്പെടുന്നു!! എന്തെല്ലാം കേട്ടാൽ ജീവിതമൊടുങ്ങും ഭഗവാനേ?

ഇനിയുമുണ്ട് എഴുതാൻ. എങ്കിലും ഞാൻ നിറുത്തട്ടെ.

അമേരിക്കയും കേരളവും

ഇന്നുകാലത്ത് ഒരു മാന്യൻ എന്റെ വീട്ടിലെത്തി. “പരിചയപ്പെടാൻ മാത്രം വന്നതാണു ഞാൻ. പ്രത്യേകിച്ച് എനിക്ക് ഒരുദ്ദേശവുമില്ല” എന്നു മുഖവുര നൽകിക്കൊണ്ട് അദ്ദേഹം മിണ്ടാതിരുന്നു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു വിചാരിച്ചു ഞാൻ ചോദ്യങ്ങൾ എറിഞ്ഞു. “എവിടെ താമസം? എന്തു ചെയ്യുന്നു?” എന്നൊക്കെ. ആഗതൻ മറുപടി പറഞ്ഞു: “ഞാൻ മുപ്പത്തിമൂന്നു കൊല്ലം അമേരിക്കയിലായിരുന്നു. മടുപ്പോടു മടുപ്പ്. തിരിച്ചിങ്ങു പോന്നു. ഇപ്പോൾ സമാധാനമുണ്ട്. ശാന്തതയുണ്ട്”. അദ്ദേഹം പറഞ്ഞ സത്യം അധികം പേരും പറയാറില്ല. “എന്റെ മകൻ ന്യൂയോർക്കിലാണ്. അവന്റെ ഭാര്യയും അവിടെത്തന്നെ. രണ്ടു പേർക്കും ജോലിയുണ്ട്. മകൾ വാഷിങ്ടണിൽ ഭർത്താവുമൊരുമിച്ചു കഴിയുന്നു. അവർക്കു രണ്ടുപേർക്കും ജോലിയുണ്ട്”. ഇത്രയും പറഞ്ഞ് അഭിമാനഭരിതനായി ഇരുന്നു മുൻപൊരു ആഗതൻ. ഈ അഭിമാനത്തിൽ വല്ല കഴമ്പുമുണ്ടോ എന്നു നമ്മൾ ആലോചിക്കണം. മകനും ഭാര്യയും കൂടി കുടുസ്സായ രണ്ടു മുറികൾ വാടകയ്ക്ക് എടുത്തിരിക്കും. കാലത്തെഴുന്നേറ്റു തിടുക്കത്തിൽ ദിനകൃത്യങ്ങൾ അനുഷ്‌ഠിച്ച് ഡ്രസ്സ് ചെയ്തു വാഹനത്തിൽ കയറി ഓഫീസിലേക്കു പോകുന്നു. ഒരേ കെട്ടിടത്തിലാണു ഓഫീസുകളെങ്കിൽ ഭാര്യ ഇരുപത്തിരണ്ടാമത്തെ നിലയിലെത്തുമ്പോൾ ലിഫ്റ്റിൽ നിന്നിറങ്ങിപ്പോകുന്നു. ഭർത്താവ് നാല്പതാമത്തെ നിലയിൽ നിന്നും. ഉച്ചയ്ക്കു ചോറ്റുപാത്രത്തിൽ നിന്നു ഭക്ഷണം. വൈകുന്നേരം കുടുസ്സായ മുറിയിൽ ഒരുമിച്ചു കൂടുന്നു. വല്ല റൊട്ടിക്കഷണമോ മറ്റോ തിന്നുകൊണ്ടു ഉറങ്ങാൻ കിടക്കുന്നു. “അങ്ങോട്ടു മാറിക്കിടക്ക്” എന്നു ഭർത്താവ് ഭാര്യയോട്. ഇരുട്ടായതു കൊണ്ട് അവളുടെ ദുർമ്മുഖം അയാൾ കാണുന്നില്ല. കാലത്തെഴുന്നേറ്റാൽ തലേ ദിവസത്തെ ജീവിതം ആവർത്തിക്കുന്നു. വാഷിങ്ടണിലെ ദമ്പതികളുടെ ജീവിതവും ഇങ്ങനെ തന്നെ. ആണ്ടിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ഇതു തന്നെയാണ് ജീവിതം. സോഷൽ ലൈഫില്ല. പുഞ്ചിരി പൊഴിക്കുന്ന മുഖമില്ല. ഉണ്ടെങ്കിൽ അതു കൃത്രിമപ്പുഞ്ചിരിയായിരിക്കും. മകനും മകളും അമേരിക്കയിൽ എന്നു പറയുന്ന തന്ത അഭിമാനത്തിൽ മുഴുകുമ്പോൾ എനിക്കു പുച്ഛമേയുള്ളൂ.

ഇവിടെയാണങ്കിലോ? സ്വന്തം വീട്ടിൽ “പേശല സ്വൈര സംഭാഷണങ്ങൾ ഉറ്റവരോട്. വർത്തമാനകാലത്തെ ദൗർഭാഗ്യങ്ങൾ വന്നാക്രമിച്ചാലും ഭൂതകാല സ്വപ്നങ്ങൾ അവയുടെ കാർക്കശ്യമില്ലാതാക്കും. ഭാര്യ പരിഭവിച്ചാലും ഉത്തരക്ഷണത്തിൽ ‘ഉണ്ണാൻ വരുന്നില്ലേ?’ എന്നു സ്നേഹപൂർവം ചോദിക്കും. കാലത്തു പത്രം വായിക്കാം. നാട്ടുവിശേഷങ്ങൾ അറിയാം. ഉൾക്കുളിരനുഭവിക്കാം. ന്യൂയോർക്കിലോ വാഷിങ്ടണിലോ? ഒബ്സർവർ, ന്യൂയോർക്ക് റ്റെംസ് ഇവ അവജ്ഞയോടെ വായിക്കാനേ പറ്റൂ. സാമ്പത്തികമായ ഉയർച്ചയ്ക്കു വേണ്ടിയുള്ള അഭിലാഷവും കാപട്യത്തിന്റെയും ദുരഭിമാനത്തിന്റെയും പേരിൽ ജനിക്കുന്ന മിഥ്യാസങ്കല്പവും ആളുകളെ അമേരിക്കയിലേക്കു വലിച്ചെറിയുന്നു. നാട്ടിൽ, സ്വന്തം വീട്ടിൽ കഴിയുന്നവൻ ശാന്തത അനുഭവിക്കുമ്പോൾ അമേരിക്കയിലെ മലയാളി കണ്ഠകൗപീനവും കാലുറയും ധരിച്ച് ലിഫ്റ്റുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.

കഥകളിലും ഈ വൈദേശിക സ്വഭാവമാണുള്ളത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭഗവദ്ഗീതയും കുറേ മുലകളും’ എന്ന കഥ വായിക്കുമ്പോൾ വായനക്കാരനുണ്ടാകുന്ന ആന്തരസൗഖ്യമെവിടെ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘നോവൽ സംഗ്രഹം’ എന്ന ചെറുകഥയും (ശ്രീ. സുഭാഷ് ചന്ദ്രന്റേത്) ദേശാഭിമാനി വാരികയിലെ ‘മഞ്ഞക്കിളി’ എന്ന ചെറുകഥയും (ശ്രീ. കെ. ദിലീപ്കുമാർ) കേരളീയതയുടെ രൂപമാവാഹിച്ച് സാർവജനീനവും സാർവകാലികവുമായ സ്വഭാവം പ്രകടിപ്പിക്കുന്നവയല്ല. ആദ്യം പറഞ്ഞ കഥ തികച്ചും കൃത്രിമമാണ്. രണ്ടാമത്തേത് ഭാര്യയുടെ വ്യഭിചാരം അറിഞ്ഞ് സ്വസ്ഥത നശിക്കുന്ന ഒരുത്തന്റെ ചിത്രം നൽകുന്നു. രണ്ടും അമേരിക്കയിൽ താമസിക്കുന്നതിന്റെ പ്രതീതി ഉളവാക്കുന്നു എനിക്ക്. അത്യുഷ്ണമുണ്ടെങ്കിലും കൊടും തണുപ്പുണ്ടെങ്കിലും എനിക്ക് എന്റെ വീട്ടിനകത്തെ കൊച്ചുമുറിയിൽ ഇരിക്കുന്നതിലാണു താല്പര്യം. ദിലീപ്കുമാറിന്റെ ടെക്നിക് ആദരണീയമെന്നു കൂടി പറഞ്ഞെങ്കിലേ എന്റെ ഈ നിരൂപണം സത്യസന്ധമാവൂ.

പല വിഷയങ്ങൾ

1) തിരുവല്ലയിലെ പ്രസിദ്ധമായ ക്ഷേത്രത്തിന്റെ അടുത്തുള്ള വീട്. ഒരു സമ്മേളനത്തിനു പോകുന്നതിനു മുൻപ് തെല്ല് വിശ്രമം. കൈനിക്കര പദ്മനാഭപിള്ളയും മറ്റുള്ളവരും ഞാനും വീട്ടിന്റെ പൂമുഖത്തിരുന്നു സംസാരിക്കുകയായിരുന്നു. കൈനിക്കര പറഞ്ഞു: “എനിക്കു തകഴി ശിവശങ്കരപ്പിള്ളയുടെ പല ചെറുകഥകളും ഓർമ്മിക്കാൻ കഴിയും. പക്ഷേ കേശവദേവിന്റെ ഒറ്റ ചെറുകഥ പോലും എന്റെ ഓർമ്മയിലില്ല.” കേശവദേവ് തകഴിയെ അപേക്ഷിച്ച് ഇൻഫീരിയർ ആർട്ടിസ്റ്റാണെന്നാണ് കൈനിക്കര സൂചിപ്പിച്ചത്. എനിക്ക് കേശവദേവിനോട് അത്ര ഇഷ്ടമില്ല. എങ്കിലും അദ്ദേഹത്തിന്റെ ചെറുകഥകൾ മോശമല്ല എന്ന വിചാരമാണെനിക്ക്. ‘കളിത്തോഴി’, ‘വില്പനക്കാരൻ’, ‘ഒട്ടകം’, ‘പ്രതികാരം’ ഇങ്ങനെ പല കഥകളുണ്ട് ഭേദപ്പെട്ടവയായി. കേശവദേവിന്റെ കലാപരമായ ജീവിതത്തെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തോടു കൂട്ടിയിണക്കിയതാണ് കൈനിക്കരയുടെ ഓർമ്മപ്പിശകിന് ആധാരം. വൈകാരികത്വമില്ല തകഴിയുടെ റീയലിസത്തിന്. ഇതു ചെറുകഥകളെ സംബന്ധിച്ചു മാത്രമാണ് ശരി. ‘ചെമ്മീനി’ൽ വൈകാരികത്വം ഏറും. ‘അയൽക്കാരിൽ’ അതിന്റെ വൈരള്യവും.

2) മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, നരേന്ദ്രപ്രസാദ്, നെടുമുടിവേണു ഇവരൊക്കെ പൈങ്കിളി സിനിമകളിൽ അഭിനയിക്കുന്നതു കൊണ്ട് ഉന്നതമായ ചലചിത്രത്തെക്കുറിച്ചും ഉന്നതമായ കലയെക്കുറിച്ചും അവർക്ക് അറിവില്ല എന്നു ധരിക്കരുത്. എല്ലാവർക്കും ഉത്കൃഷ്ടമായ കലയെക്കുറിച്ചറിയാം. സന്ദർഭത്തിന്റെ അർത്ഥനകൾക്ക് അനുരൂപമായി അവർ പൈങ്കിളികളിൽ വേഷം കെട്ടുന്നതേയുള്ളൂ. നരേന്ദ്രപ്രസാദുമായി ഞാനിപ്പോൾ സംസാരിക്കാറില്ല. എങ്കിലും സത്യം പറയണമല്ലോ. ഷെയ്ക്സ്പിയർ തൊട്ട് യെനസ്കോ വരെയുള്ള നാടകകർത്താക്കന്മാരുടെ കൃതികളിൽ അവഗാഹമുള്ള ആളാണ് അദ്ദേഹം. കീസിലോ വിസ്കിയുടെ ചലചിത്ര നിർമ്മാണ സങ്കല്പത്തെക്കുറിച്ചു ബഹുമാനമുള്ള കലാമർമ്മജ്ഞനാണ് നരേന്ദ്രപ്രസാദ്. നമ്മുടെ നാട്ടിൽ പൈങ്കിളി സിനിമകളിൽ അഭിനയിച്ചേ പറ്റൂ. അതുകൊണ്ടാണ് ഇവർ ഈ ദയനീയതിലേക്കു പോകുന്നത്. പക്ഷേ പോൾ മ്യൂനിയും സ്പെൻസർ ട്രേസിയും ലെസ്‌ലി ഹോവേർഡും എത്ര പണം കൊടുത്താലും പൈങ്കിളി ഇംഗ്ലീഷ് സിനിമകളിൽ അഭിനയിക്കുകയില്ല.

3) ആളുകൾക്ക് അന്യോന്യം ആശയങ്ങൾ പകരാൻ കത്തുകൾ അസമർത്ഥങ്ങളാണെന്നാണ് കാഫ്കയുടെ അഭിപ്രായം. ദൂരെയിരിക്കുന്ന ആളിനെക്കുറിച്ചു നമുക്കു വിചാരിക്കാം. അടുത്തിരിക്കുന്ന ആളിനെ പിടികൂടാം. മറ്റുള്ളതെല്ലാം മനുഷ്യശക്തിക്ക് അതീതമാണ്. കത്തുകളെഴുതുക എന്നു പറഞ്ഞാൽ പ്രേതങ്ങളുടെ മുൻപിൽ നഗ്നതയോടെ നിൽക്കുക എന്നതാണ്. ആ പ്രേതങ്ങൾ കൊതിയോടെ നിൽക്കുന്നതും അതിനു തന്നെയാണ്. രേഖപ്പെടുത്തുന്ന ചുംബനങ്ങൾ ലക്ഷ്യത്തിലെത്തുന്നില്ല. അവ പ്രേതങ്ങളാൽ മാർഗ്ഗമധ്യേ പഠനം ചെയ്യപ്പെടുന്നു. യഥേഷ്ടമായ ഈ പോഷകാഹാരത്താലാണ് അവ അത്യധികമായി വർദ്ധിക്കുന്നത്. പ്രേതങ്ങൾക്കു പട്ടിണി വരില്ല. പക്ഷേ നമ്മൾ ഇല്ലാതാവും.

കാഫ്കയുടെ ഈ മതമനുസരിച്ചല്ല ഞാൻ കത്തുകൾക്കു മറുപടി എഴുതാത്തത്. എനിക്കതിനു സാധിക്കുന്നില്ല. ഒരു കാർഡ് എടുത്തു. ‘താങ്കളുടെ കത്ത് കിട്ടി’ എന്നു പോലും എഴുതാൻ സമയമില്ല എനിക്ക്. പക്ഷേ എൻ. വി. കൃഷ്ണവാരിയർ മടക്കത്തപാലിൽ മറുപടി എഴുതുമായിരുന്നു ആർക്കും. എന്നെക്കാൾ ആയിരം മടങ്ങ് തിരക്കുള്ള അദ്ദേഹം ഇതെങ്ങനെ ചെയ്തിരുന്നുവെന്നത് അദ്ഭുതകരമായി തോന്നുന്നു എനിക്ക്.

മഹാന്മാർ ഉടനെ മറുപടി അയയ്ക്കും. 1989 - ൽ സാഹിത്യരചനയ്ക്കു നോബൽ സമ്മാനം നേടിയ സ്പാനിഷ് നോവലിസ്റ്റ് കാമീലോ ഹോസേ തേലയ്ക്കു (Camilo Jose Cela - b. 1916) ശ്രീ. വൈക്കം മുരളി കത്തയച്ചു. വൈകാതെ അദ്ദേഹം മറുപടി അയച്ചു. അതിന്റെ കൂടെ മൂന്നു കൃതികളും. അവയിൽ ഒന്ന് ‘Mazurka for Two Dead Men’ എന്ന നോവലാണ് (Translated by Patricia Haugaard). തേലയുടെ ‘The Family of Pascal Duarte’, ‘The Hive’ ഈ നോവലുകളെക്കുറിച്ച് ഞാൻ ഈ കോളത്തിൽ എഴുതിയിട്ടുണ്ട്. അസാധാരണങ്ങളായ നോവലുകളാണ് അവ. സ്പാനിഷ് ആഭ്യന്തരയുദ്ധം, സ്പാനിഷ് ജനതയെ എങ്ങനെ ബാധിച്ചു എന്നു വ്യക്തമാക്കുന്ന ഈ നോവൽ തേലയുടെ കലാവൈദഗ്ദ്ധ്യത്തിന്റെ പരകോടിയാണ് കാണിക്കുന്നതെന്ന് നിരൂപകർ പറയുന്നു. എന്റെ സഹൃദയത്വത്തിന്റെ കുറവു കൊണ്ടായിരിക്കും എനിക്കിത് അത്ര ഇഷ്ടപ്പെട്ടില്ല. ഒന്നു കൂടി മനസ്സിരുത്തി വായിച്ചാൽ എന്റെ മതം മാറിയെന്നും വരാം. ഇപ്പോൾ ഞാൻ തേല സ്പാനിഷ് ഭാഷയിൽ ‘A Vaikom Muraly, muy cordial mente’ (വൈക്കം മുരളിക്ക് സ്നേഹാധിക്യമുള്ള മനസ്സോടെ എന്നാവാം ഇതിന്റെ അർത്ഥം. തെറ്റുണ്ടെങ്കിൽ സ്പാനിഷ് അറിയാവുന്നവർ ക്ഷമിക്കട്ടെ) എന്നു ധിഷണാശാലികൾക്കു മാത്രം കിട്ടുന്ന സവിശേഷമായ കൈയക്ഷരത്തിൽ എഴുതിയതു നോക്കി ആഹ്ലാദിച്ചു കൊണ്ടിരിക്കുന്നു. തേല, അങ്ങ് മഹാനായ നോവലിസ്റ്റ് മാത്രമല്ല മഹാനായ മനുഷ്യനുമാണ്.

ഐ – നോവൽ

സ്നേഹിക്കുമ്പോൾ ആകുലാവസ്ഥ. സ്നേഹഭംഗം വരുമ്പോൾ ആ അവസ്ഥയ്ക്കു തീവ്രത വരുന്നു. ഒരിക്കലും സ്നേഹിക്കാതിരുന്നാൽ സ്വസ്ഥത ഉണ്ടായിരിക്കും.

ജാപ്പനീസ് സാഹിത്യത്തിലെ പ്രധാന വിഭാഗമാണ് I - novel. നോവലിന്റെ അർദ്ധസുതാര്യാവസ്ഥയിലൂടെ നോവലിസ്റ്റ് ആത്മകഥാപരങ്ങളായ സംഭവങ്ങൾ പ്രതിപാദിക്കുമ്പോഴാണ് I - novel - ന്റെ ആവിർഭാവം. ആത്മാംശത്തെ അത് പ്രച്ഛന്നത കൂടാതെ, ഋജുതയോടെ പ്രകാശിപ്പിക്കുന്നു. ഇതു സുപ്രധാനമായ കലാവിഭാഗമാണെന്നും സാഹിത്യത്തിന്റെ പന്ഥാവ് അതാവണമെന്നും മാസാവോ (Massao) പറഞ്ഞിട്ടുണ്ട്. ഈ I-novel-നെക്കുറിച്ചുള്ള ഉത്കൃഷ്ടമായ ചിന്തനമാണ് റ്റോമി സുസുക്കിയുടെ ‘Narrating the Self - Fictions of Japanese Modernity’ എന്ന പുസ്തകം (Stanford University Press, California - Pages 248, £ 12.95) ഗ്രന്ഥകാരന്റെ ഒരു പ്രസ്താവം ഈ പ്രസ്ഥാനത്തിന്റെ സവിശേഷത സ്പടമാക്കും - From the 1920’s the I-novel meta - narrative not only defined the modern Japanese novel as a form that directly transcribed the author’s lived experience but also emphasized the confessional, self-exploratory, autobiographical nature of the ‘indigenous’ Japanese literary tradition, describing classical literature with such highly Western, romantic terms and phrases as ‘immediacy’, ‘directness’, ‘lyricism’, ‘spiritual search for the self’, ‘unity with nature’.

ഈ ഘടകങ്ങളെ അവലംബിച്ചുകൊണ്ടു ഗ്രന്ഥകാരൻ ജാപ്പനീസ് സാഹിത്യത്തിലെ ഓരോ I-novel-നെയും അപഗ്രഥിക്കുന്നു. അവയിൽ പ്രാധാന്യം താനീസാക്കിയുടെ നോവലുകൾക്കാണ്. നമുക്കു പരിചിതങ്ങളായവയും അദ്ദേഹത്തിന്റെ നോവലുകളാണല്ലോ. ജാപ്പനീസ് നോവലുകളെ ആഴത്തിൽ മനസ്സിലാക്കാൻ ഈ നിരൂപണഗ്രന്ഥം പ്രയോജനപ്പെടും.

മലയാറ്റൂർ രാമകൃഷണൻ

ഞാൻ ഇന്നലെ (31-12-97) വൈകുന്നേരം തിരുവനന്തപുരത്തെ മോഡേൺ ബുക്ക് സെന്ററിൽ നിൽക്കുകയായിരുന്നു. ഈ നഗരത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ അതിവിദഗ്ദനായ ഒരു ഡോക്ടർ അവിടെ വന്ന് മാനേജർ ശ്രീ. എൻ. ഇ സുധീറിനോടു ചോദിച്ചു: “വേരുകൾ ഉണ്ടോ?- സുധീർ മറുപടി നൽകി “അതു ഔട്ട് ഒഫ് പ്രിന്റാണ്. ഇംഗ്ലീഷ് തർജ്ജമ രണ്ടാഴ്ചയ്കകം വരുത്തിത്തരാം.” -മലയാളം തന്നെ വേണം” എന്നു ഡോക്ടർ പറഞ്ഞു. മലയാറ്റൂർ രാമകൃഷണന്റെ ലയാത്മകമായ ശൈലിയിലൂടെ നീന്തിത്തുടിക്കാനാണ് ഡോക്ടർക്കു കൗതുകം. ശാസ്ത്രജ്ഞനായ അദ്ദേഹം പോലും മലയാറ്റൂരിന്റെ ‘വേരുകൾ’ എന്ന നോവലിന്റെ സവിശേഷത മനസ്സിലാക്കിയിരിക്കുന്നു. ‘വേരുക’ളുടെ ഭംഗി മലയാറ്റൂരിന്റെ മറ്റു നോവലുകളിൽ കണ്ടെന്നു വരില്ല. പക്ഷേ തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ബ്രിഗേഡിയർ കഥകളിൽപ്പോലും ആ കാഞ്ചന ശോഭ കാണാം. അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി നോക്കുക. വിരസമായ പ്രതിപാദ്യ വിഷയത്തെ കലയുടെ മണ്ഡലത്തിൽ ആനയിച്ചിരിക്കുന്നു മലയാറ്റൂർ.

ഇൻഡ്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ കർക്കശസ്വഭാവമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അടുത്തു ചെന്നവർക്ക് നിഷ്കളങ്കതയുള്ള കുഞ്ഞിന്റെ അടുത്തു ചെന്ന പ്രതീതിയേ ഉണ്ടായിട്ടുള്ളു. അന്യരെ സഹായിക്കുക. അല്പമായ കഴിവുള്ളവനെപ്പോലും പ്രോത്സാഹിപ്പിക്കുക. നല്ല രചന കണ്ടാൽ ഉടനെ റ്റെലിഫോണിൽ വിളിച്ച് ആ രചയിതാവിനെ അഭിന്ദിക്കുക ഇവയെല്ലാം അനുഷ്ഠിച്ച വലിയ വ്യക്തിയായിരുന്നു മലയാറ്റൂർ രാമകൃഷണൻ. അദ്ദേഹം പോയി എല്ലാക്കാലത്തേക്കുമായി. ഞാനും വായനക്കാരോടൊപ്പം ദുഃഖിക്കുന്നു. മലയാളം വാരികയിൽ ശ്രീ. എസ്. ജയചന്ദ്രൻ നായർ എഴുതിയ ‘ശിരസ്സിൽ വരച്ചത്’ എന്ന ലേഖനം അദ്ദേഹത്തിന്റെ ദുഃഖത്തെ ആവിഷ്ക്കരിക്കുന്നു. ആർജ്ജവമാണ് (Sincerity) ആ ലേഖനത്തിന്റെ മുദ്ര.