close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 02 14


സാഹിത്യവാരഫലം
Mkn-07.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 02 14
ലക്കം 909
മുൻലക്കം 1993 02 07
പിൻലക്കം 1993 02 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജോസഫ് മുണ്ടശ്ശേരി

എന്നെ നേരിട്ടാക്രമിച്ചാല്‍, സ്വഭാവഹനനം നടത്തിയാല്‍ മാത്രം പ്രത്യുത്തരം നല്‍കും. അതും ഒന്നോ രണ്ടോ വാക്കുകൊണ്ട്.

ലേബര്‍ കമ്മിഷണര്‍ ആയിരുന്ന കുഞ്ഞുകൃഷ്ണപിള്ള സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം കുണ്ടറ അലിന്‍ഡ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. ജോസഫ് മുണ്ടശ്ശേരിയുടെ സ്നേഹിതനായിരുന്നു കുഞ്ഞുകൃഷ്ണപിള്ള. അദ്ദേഹം നിര്‍ബന്ധിച്ചതുകൊണ്ടാവണം മുണ്ടശ്ശേരി അലിന്‍ഡ് കലാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തി. എന്റെ കൂടെ ഹൈസ്ക്കൂളില്‍ പഠിച്ചിരുന്ന ബാലകൃഷ്ണന്‍നായര്‍ അക്കാലത്ത് അലിന്‍ഡിലെ പ്രമുഖനായ ഉദ്യോഗസ്ഥനായിരുന്നു. മുണ്ടശ്ശേരിയെ ഇഷ്ടപ്പെടാത്ത ബാലകൃഷ്ണന്‍നായര്‍, കുഞ്ഞുകൃഷ്ണപിള്ള അറിയാതെ എന്നെയുംകൂടി പ്രഭാഷകനായി ക്ഷണിച്ചു. പഴയ ലേബര്‍ കമ്മിഷണറുടെ സമ്മതമില്ലാതെയാണ് എന്റെ സുഹൃത്ത് എന്നെ ക്ഷണിച്ചതെന്ന് ഞാനൊട്ടറിഞ്ഞതുമില്ല. സമ്മേളനം തുടങ്ങുന്നതിനുമുന്‍പ് എന്നെക്കണ്ട മുണ്ടശ്ശേരി “വഴക്കിനൊന്നും ഞാനില്ല” എന്നു കുഞ്ഞുകൃഷ്ണപിള്ളയോടു പറഞ്ഞതു ഞാന്‍ കേട്ടു. “ഞാനറിയാതെയുള്ള ക്ഷണിക്കലാണ്” എന്നു എന്നെ ലക്ഷ്യമാക്കി കുഞ്ഞുകൃഷ്ണപിള്ള മറുപടി നല്കി. സമ്മേളനം തുടങ്ങി. സ്വാഗതമാശംസിച്ചത് കുഞ്ഞുകൃഷ്ണപിള്ള. അദ്ദേഹം വൈകുണ്ഠത്തോളമുയര്‍ന്ന അത്യുക്തികൊണ്ട് മുണ്ടശ്ശേരിയെ വാഴ്ത്തിയിട്ട് സ്വാഗതമാശംസിച്ചു. എന്റെ പേരുപോലും അദ്ദേഹം പറഞ്ഞില്ല. ഞാനങ്ങനെ അപമാനിതനായി ഇരിക്കുമ്പോള്‍ മുണ്ടശ്ശേരി വാഗ്മിതത്തോടെ പ്രഭാഷണം നടത്തിത്തുടങ്ങി.

ചില കാര്യങ്ങള്‍ അദ്ദേഹം പറയുമ്പോള്‍ എന്റെ അടുത്തിരുന്ന ബാലകൃഷ്ണന്‍നായര്‍ “Here you can attack him”എന്നൊക്കെ കാതില്‍ മൊഴിയാടുന്നുണ്ടായിരുന്നു. അതൊക്കെ നിഷ്ഫലമാണെന്ന് ചങ്ങാതി അറിഞ്ഞിരുന്നില്ല. കാരണം മുന്‍പു പ്രസംഗിച്ച ആളിനെ പിന്നീടു പ്രസംഗിക്കുന്ന ഞാന്‍ ഒരിക്കലും വിമര്‍ശിക്കുകയില്ല എന്നതാണ്. എന്നെ നേരിട്ടാക്രമിച്ചാല്‍, സ്വഭാവഹനനം നടത്തിയാല്‍ മാത്രം പ്രത്യുത്തരം നല്കും. അതും ഒന്നോ രണ്ടോ വാക്കുകൊണ്ട്. മുണ്ടശ്ശേരി പ്രഭാഷണത്തിന്റെ അന്ത്യത്തോട് അടുത്തപ്പോള്‍ സദസ്സില്‍നിന്ന് ഒരാള്‍ “വയലാര്‍ രാമവര്‍മ്മ തുടങ്ങിയവര്‍ മാറ്റൊലിക്കവികളാണെന്ന എം.കൃഷ്ണന്‍നായരുടെ അഭിപ്രായത്തെക്കുറിച്ചു അങ്ങ് എന്തു പറയുന്നു” എന്ന് അദ്ദേഹത്തോട് ചോദിച്ചു. മുണ്ടശ്ശേരി ഉടനെ മറുപടി നല്കി: “എം. കൃഷ്ണന്‍നായരോ? ആരാണ് അയാള്‍? ഞാന്‍ അങ്ങനെ ഒരാളിനെ അറിയില്ല” എന്ന് അദ്ദേഹം പറഞ്ഞയുടനെ സദസ്സിന്റെ ഭൂരിഭാഗവും എന്നെനോക്കി ആക്ഷേപിച്ചു ചിരിച്ചു. എന്റെ ഊഴമായി.ഞാന്‍ പ്രഭാഷണം തുടങ്ങിയപ്പോള്‍ വേറൊരാള്‍ എന്നോടു ചോദിച്ചു: “കുമാരനാശാന്‍ വള്ളത്തോളിനേക്കാള്‍ പൊക്കം കൂടുതലാണെന്ന മുണ്ടശ്ശേരി മാഷിന്റെ അഭിപ്രായത്തെക്കുറിച്ചു താങ്കള്‍ എന്തു പറയുന്നു?” ഞാന്‍ ഉടനെ തിരിച്ചു ചോദിച്ചു: “മുണ്ടശ്ശേരി മാഷോ? ആരാണ് ആ ആള്‍? ഞാന്‍ അങ്ങനെ ഒരാളിനെ കേട്ടിട്ടില്ലല്ലോ. ആരാണ് ആ അനുഷ്യന്‍?” സദസ്സു ചിരിച്ചു. മുണ്ടശ്ശേരിയുടേയും കുഞ്ഞുകൃഷ്ണപിള്ളയുടേയും മുഖങ്ങള്‍ വിവര്‍ണ്ണങ്ങളായി.

പിന്നീട് കുറെക്കാലം കഴിഞ്ഞ് മുണ്ടശ്ശേരിയെ കായിക്കരെ വച്ചു ഞാന്‍ കണ്ടു. മീറ്റിങ്ങു് കഴിഞ്ഞപ്പോള്‍ “മാഷേ ഒരു സ്വന്തം കാര്യം പറയാനുണ്ട്” എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. മാഷ് എഴുന്നേറ്റ് എന്റെ അടുത്തെത്തി. “എന്താ വേണ്ടത് പറയൂ” എന്നായി. “എന്റെ മകന് ഇംഗ്ലീഷ് എം.എ.ക്ലാസ്സില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കണം മാഷ്. സെന്റ് തോമസ് കോളേജിലാണ്” “ഞാന്‍ അവരുമായി പിണക്കത്തിലല്ലേ. നോക്കട്ടെ” എന്ന് അദ്ദേഹം അറിയിച്ചു. കാലം കഴിഞ്ഞു. കോളേജുകളില്‍ പുതിയ അഡ്മിഷനായി. എന്റെ മകന്‍ വീട്ടില്‍ നില്ക്കുകയാണ് ഒരിടത്തും എം.എ.യ്ക്ക് പ്രവേശനംകിട്ടാതെ. അങ്ങനെയിരിക്കെ ഒരു രജിസ്റ്റേര്‍ഡ് കത്ത്. തുറന്നുനോക്കി. മകനു അഡ്മിഷന്‍ നല്കുന്നു എന്നറിയിക്കുന്ന മെമ്മോ. കൂടെ മുണ്ടശ്ശേരിയുടെ കത്തും. അഡ്മിഷനു ചെല്ലുമ്പോള്‍ തടസ്സം വല്ലതും കോളേജധികാരികള്‍ പറഞ്ഞാല്‍ മകന്‍തന്നെ വന്നു കാണണമെന്നും താന്‍ കൂടെപ്പോയി അഡ്മിഷന്‍ വാങ്ങിച്ചുകൊടുക്കുമെന്നും മുണ്ടശ്ശേരി എഴുതി അറിയിച്ചിരിക്കുന്നു. മകന്‍ ക്ലാസ്സില്‍ ചേര്‍ന്നു. ജയിച്ചു. അതിന്റെ പേരില്‍ ജോലിയും കിട്ടി.

പിന്നീട് ഞാന്‍ മുണ്ടശ്ശേരിയെ കണ്ടപ്പോള്‍ അദ്ദേഹം ചെയ്തുതന്ന ഉപകാരത്തിന് ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞു. പക്ഷേ അദ്ദേഹം അതു മറന്നുപോയി. മഹാന്മാര്‍ അങ്ങനെയാണ്. പഴയ നിന്ദനങ്ങള്‍ അവര്‍ ഓര്‍മ്മിക്കില്ല. അന്യര്‍ക്ക് അവര്‍ ആരെന്നു നോക്കാതെ ഉപകാരം ചെയ്യുന്നു. ഉടനെ അവര്‍ അതു മറക്കുകയും ചെയ്യുന്നു. മാഷേ, അങ്ങു ഇന്നില്ലാത്തതില്‍ ഞാന്‍ ദുഃഖിക്കുന്നു. അങ്ങയുടെ മഹാമനസ്ക്കത എനിക്കില്ലാത്തതില്‍ ഏറെ ദുഃഖിക്കുന്നു.

മാറ്റം

ഇന്നു വസ്തുക്കള്‍ക്ക് പണ്ട് അവയ്ക്കുണ്ടായിരുന്ന ഉപയോഗമല്ല ഉള്ളത്. എല്ലാം മാറിപ്പോയിരിക്കുന്നു. റേഡിയോയുടെ നോബ് തിരിച്ചുവച്ച് ശബ്ദം കേള്‍പ്പിക്കുന്നത് വാച്ചു തിരുത്താനാണിന്ന്.

ഇന്നു വസ്തുക്കള്‍ക്ക് പണ്ട് അവയ്ക്കുണ്ടായിരുന്ന ഉപയോഗമല്ല ഉള്ളത്. എല്ലാം മാറിപ്പോയിരിക്കുന്നു. റേഡിയോയുടെ നോബ് തിരിച്ചുവച്ച് ശബ്ദം കേള്‍പ്പിക്കുന്നത് വാച്ചു തിരുത്താനാണിന്ന്. പത്രാധിപരുടെ മേശയുടെ താഴെ പണ്ടു ചവറ്റുകുട്ട വച്ചിരുന്നത് വേണ്ടാത്ത കടലാസ്സുകള്‍ ഇടാനായിരുന്നു. ഇന്നാകട്ടെ അവിടെ നല്ല കഥകള്‍ എഴുതിയ കടലാസ്സുകള്‍ അനവരതം വീഴുന്നു. ചീത്തക്കഥകള്‍ അച്ചടിക്കാനുള്ള കടലാസ്സുകളായി മാറിയിരിക്കുന്നു വാരികകള്‍. തീരെ ഹ്രസ്വമായ സമയംകൊണ്ട് അത്യാവശ്യ വസ്തുതകള്‍ അറിയിക്കാനുള്ള ഉപകരണമായിരുന്നു റ്റെലിഫോണ്‍… ഇന്നത് രാത്രി പന്ത്രണ്ടു മണിക്കുശേഷം, നിരൂപണമെഴുതുന്നവരെ വിളിച്ചുണര്‍ത്തി അസഭ്യപദങ്ങള്‍ പറയാനുള്ള ഉപകരണമായിപ്പോയിരിക്കുന്നു. രണ്ടു കെട്ടിടങ്ങള്‍ക്കിടയില്‍ മതില്‍ കെട്ടുന്നത് രണ്ടു വീട്ടുകാരികള്‍ക്കും അതിന്റെ അടുത്തു ചെന്നുനിന്ന് സംസാരിക്കാന്‍ അവരെ സഹായിക്കാനാണ്. പ്രഭാഷണവേദികള്‍ ജനതയെ ഉദ്ബോധിപ്പിക്കാനല്ല ഇന്ന് ഉപയോഗിക്കുന്നത്. നേരത്തേ പ്രസംഗിച്ചവന്റെ തന്തയ്ക്കും തള്ളയ്ക്കും പറയാനാണ് അതിന്റെ ഉപയോഗം. ലൈബ്രറികള്‍ പുസ്തകമെടുത്തുകൊണ്ടുപോയി വായിച്ച് സംസ്കാരം വികസിപ്പിക്കാനുള്ളവയല്ല. കാമുകനും കാമുകിക്കുമുള്ള ‘റാങ്ദവൂ’ ആണ്. (rendezvous = പ്രേമസങ്കേതം) എല്ലാറ്റിനും മാറ്റം. അതുകൊണ്ടു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘പന്തങ്ങള്‍’ എന്ന ചെറുകഥയെഴുതിയ ശ്രീ. ശശിധരന്‍ ശ്രീപുരത്തെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. സ്ത്രീകളുടെ സീറ്റില്‍ കയറിയിരുന്ന പുരുഷന്മാരെ എഴുന്നേല്പിച്ചിട്ട് അവിടെ തന്റെ ഭാര്യയെ ഇരുത്താന്‍ ഒരുത്തന് ആഗ്രഹം. കണ്ടക്ടര്‍ വേണ്ടതു ചെയ്യാത്തതുകൊണ്ട് അയാള്‍ പോലീസിനെ തേടിപ്പോകുന്നു. ബസ്‌സ്റ്റാന്‍ഡിലേയ്ക്കു ഇരച്ചുകയറിയ പന്തംകൊളുത്തി പ്രകടനക്കാരുടെ തിരക്കില്‍പ്പെട്ടുപോയ ഭര്‍ത്താവിനു വീണ്ടും ബസ്സില്‍ കയറാനാവുന്നില്ല. പൊലീസ്സുകാരന്‍ ബസ്സ് ഡ്രൈവര്‍ക്കു കൂട്ട്. സ്ത്രീയുടെ ഭര്‍ത്താവില്ലാതെ ബസ്സ് നീങ്ങുമ്പോള്‍ ഡ്രൈവറുടെ കാമോത്സുകങ്ങളായ കണ്ണുകള്‍ അവളില്‍ വന്നുവീഴുന്നുപോലും. മാനുഷിക മൂല്യങ്ങള്‍ക്കു വന്ന തകര്‍ച്ച ചിത്രീകരിക്കാന്‍ ശ്രമിച്ച കഥാകാരന്‍ വിജയം പ്രാപിച്ചില്ല. വിഷയത്തിന്റെ ചിരപരിചിതത്വമെന്ന കടുവ മേല്‍മേശയോടുകൂടി രൂപപഞ്ജരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുന്നു എന്നൊക്കെപ്പറഞ്ഞ് അദ്ദേഹത്തെ പഴിക്കേണ്ടതില്ല. അതൊന്നുമല്ല അദ്ദേഹം ലക്ഷ്യമാക്കിയത്. വീടുകള്‍ക്കിടയില്‍ മതിലുകെട്ടുന്നത് രണ്ടു വീട്ടുകാരികള്‍ക്കും നിന്നു സംസാരിക്കാനായതുപോലെ വിഭിന്ന ലക്ഷ്യമാണ് ശശിധരന്. അത് അദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തെ നമുക്കു അഭിനന്ദിക്കാം.

ചോദ്യം, ഉത്തരം

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ചില അംഗങ്ങളെക്കാള്‍ ഉറച്ച മാര്‍ക്സിസ്റ്റുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ പാര്‍ട്ടി അംഗങ്ങളല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗമല്ലാത്ത തനി കോണ്‍ഗ്രസ്സുകാരനുമുണ്ട്.

Symbol question.svg.png കാറോടിക്കുന്ന ഭര്‍ത്താവ് ഭാര്യയെ അടുത്തിരുത്തിക്കൊണ്ടു പോകുന്നത് എന്തിനാണ്?

തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ ഗേറ്റു തുറന്നുകൊടുക്കാന്‍.

Symbol question.svg.png മാര്‍ക്സിസ്റ്റാകാന്‍ കോണ്‍ഗ്രസുകാരനാകാന്‍ പാര്‍ട്ടിയില്‍ അംഗമാകണമെന്നുണ്ടോ?

ഇല്ല. മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ചില അംഗങ്ങളെക്കാള്‍ ഉറച്ച മാര്‍ക്സിസ്റ്റുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ പാര്‍ടി അംഗങ്ങളല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗമല്ലാത്ത തനി കോണ്‍ഗ്രസുകാരനുമുണ്ട്.

Symbol question.svg.png ജീവിതത്തിലെ ദുസ്സഹ നിമിഷമേത്?

വേദനയില്‍ — അതു ശാരീരികമാകാം, മാനസികമാകാം — പുളഞ്ഞുകിടക്കുമ്പോള്‍ ഉറങ്ങിപ്പോകുന്നു. നേരം വെളുത്ത് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തലേദിവസത്തെ വേദന എല്ലാ തീക്ഷ്ണതകളോടുംകൂടി വന്നെത്തുന്നു. ആ നിമിഷം തികച്ചും ദുസ്സഹമാണ്. (പ്രീമോ ലീവിയുടെ അഭിപ്രായം)

Symbol question.svg.png വള്ളത്തോളും ചങ്ങമ്പുഴയും തമ്മിലുള്ള വ്യത്യാസമെന്ത്?

വള്ളത്തോള്‍ക്കവിതയിലെ ഓരോ പദവും കവിയുടെ രക്തത്തിലൂടെ വന്ന് കടലാസ്സില്‍ വീണതാണ്. ചങ്ങമ്പുഴയുടെ ‘മനസ്വിനി’ തുടങ്ങിയ ചില കാവ്യങ്ങളൊഴിച്ചു നിറുത്തു. ബാക്കി കാവ്യങ്ങളില്‍ അദ്ദേഹമുപയോഗിച്ച വാക്കുകള്‍ പേനത്തുമ്പില്‍നിന്നു വന്നതെന്നേ തോന്നൂ. രക്തവുമായി അവയ്ക്കു ബന്ധമില്ല.

Symbol question.svg.png ദുഃഖം നിറഞ്ഞ മുഖവുമായി മറ്റൊരുത്തന്റെ മുന്‍പില്‍ ചെല്ലരുതെന്ന് നിങ്ങള്‍ എഴുതി. എന്തുകൊണ്ടാണത്?

നിങ്ങളുടെ ദുഃഖത്തേക്കാള്‍ വലിയ ദുഃഖം എനിക്കുണ്ട്. അപ്പോള്‍ നിങ്ങളുടെ ദുഃഖനിവേദനം എനിക്കു സഹിക്കാനൊക്കുമോ?

Symbol question.svg.png വേദനയാര്‍ന്ന ജീവിതമെങ്ങനെ?

അന്യന്റെ കാരുണ്യത്തില്‍, അവന്റെ മഹാമനസ്കതയില്‍ ജീവിക്കേണ്ടിവന്നാല്‍ അതാണ് വേദനാത്മകമായ ജീവിതം.

Symbol question.svg.png ഗോസിപ്പല്ലാതെ നിങ്ങളുടെ കോളത്തില്‍ വല്ലതുമുണ്ടോ?

ഓടാത്ത ഏതു നാഴികമണിയും ദിവസത്തില്‍ രണ്ടുതവണ ശരിയായ സമയം കാണിക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുപോലെ ഈ പംക്തിയിലും കുറഞ്ഞതു രണ്ടെണ്ണമെങ്കിലും ശരിയായിരിക്കും.

Symbol question.svg.png നവീനകവിതയുടെ നൂതനമായ ആവിഷ്കാര

രീതിയെങ്കിലും നിങ്ങള്‍ മാനിക്കാത്തത് എന്ത്?”

“പുതിയ ആശയത്തെ മലിനമായ രീതിയിലും ആവിഷ്കരിക്കാമല്ലോ.”
* * *

അനേകമനേകം പ്രകാശവര്‍ഷങ്ങള്‍ക്കുമുന്‍പ് നക്ഷത്രത്തില്‍നിന്നു പുറപ്പെട്ട രശ്മികള്‍ ഇനിയും ഭൂമിയിലെത്തിയിട്ടില്ല. എത്തിക്കഴിഞ്ഞാലേ നമ്മള്‍ അതിനെ കാണൂ. കെ.എന്‍. ദുര്‍ഗാദത്തന്‍ ഭട്ടതിരി എന്ന കവി നക്ഷത്രത്തില്‍നിന്നു പ്രസരിച്ച സുവര്‍ണ്ണ രശ്മികള്‍ നമ്മുടെ ലോകത്തെ സ്പര്‍ശിച്ചില്ല എന്നു വേദനയോടെ ശ്രീ.രാധാകൃഷ്ണന്‍ വെങ്കിടങ്ങ് എടുത്തു കാണിക്കുന്നു. അദ്ദേഹം കണ്ട ഒരു മയൂഖമിതാ:

പൂക്കുല ചൂടും നിറപറയും പത്തു
പൂക്കളും ശ്രീയാളുമഷ്ടമംഗല്യവും
മംഗലകുംഭങ്ങള്‍ ഭദ്രദീപങ്ങളും
മംഗല്യദങ്ങളാം മറ്റു വസ്തുക്കളും
വെച്ചതിന്‍മുമ്പി,ലണിഞ്ഞ പലകമേല്‍
സ്വച്ഛാംബരത്താല്‍ സമാവൃത ഗാത്രിയായ്
നാളീകമധ്യേ മരാളികയെന്നപോല്‍
നാണിച്ചു നാണിച്ചിരിപ്പൂ നവവധു&helip;!

ഞാന്‍ കാണാത്ത ഈ സ്വര്‍ണ്ണരശ്മിയെ എനിക്കു കാണിച്ചുതന്ന ലേഖകനു നന്ദി (ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍).

പി. സോമന്‍

അനേകമനേകം പ്രകാശവര്‍ഷങ്ങള്‍ക്കുമുമ്പ് നക്ഷത്രത്തില്‍നിന്നു പുറപ്പെട്ട രശ്മികള്‍ ഇനിയും ഭൂമിയില്‍ എത്തിയിട്ടില്ല. എത്തിക്കഴിഞ്ഞാലേ നമ്മള്‍ അതിനെ കാണൂ.

രാത്രി രണ്ടു മണിക്കാണ് ഞാനിത് എഴുതുന്നത്. തുറന്നിട്ട ജനലില്‍ക്കൂടി നോക്കിയപ്പോള്‍ ഒറ്റ നക്ഷത്രത്തെ കാണാറായി. ലേശം തണുപ്പ്. എനിക്കൊരു സിഗരറ്റ് വലിച്ചാല്‍ കൊള്ളാമെന്നുണ്ട്. തല്‍ക്കാലം തീപ്പെട്ടിയോ ലൈറ്ററോ കൈയിലില്ലാത്തതുകൊണ്ട് നക്ഷത്രത്തില്‍നിന്ന് സിഗററ്റ് കത്തിച്ചാലെന്തെന്നു ഞാന്‍വിചാരിക്കുമോ? ചിലര്‍ വിചാരിക്കും. എന്റെ സ്നേഹിതനായ ഒരെഴുത്തുകാരന്‍ വിശന്നു തളര്‍ന്ന് മദ്രാസ് കടപ്പുറത്തു കിടന്നപ്പോള്‍ മുകളില്‍ തിളങ്ങിനിന്ന പൂര്‍ണ്ണചന്ദ്രന്‍ ദോശയായി അടുത്തുവന്നു വീണെങ്കില്‍ എന്നാശിക്കുകയുണ്ടായി. അദ്ദേഹം തന്നെ അങ്ങനെ പറഞ്ഞതു ഞാന്‍ കേട്ടു. നിലവിളക്കു കത്തിക്കാന്‍ വേണ്ടി ആരും വീട്ടിനു തീവയ്ക്കാറില്ല. ക്ഷുദ്രങ്ങളായ സംഭവങ്ങളെ വര്‍ണ്ണിക്കാനായി വൃഥാ സ്ഥൂലങ്ങളായ വാക്യങ്ങള്‍ എഴുതിവയ്ക്കുന്നതു നക്ഷത്രത്തില്‍നിന്ന് സിഗററ്റു കത്തിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. ശ്രീ. പി. സോമന്‍ നിലവിളക്കു കത്തിക്കാന്‍ വീട്ടിനു തീവയ്ക്കുന്ന ആളല്ല. അദ്ദേഹം തീപ്പെട്ടിയുരച്ച് മെല്ലെ നെയ്ത്തിരി കത്തിക്കുന്നു. ആ തിരിയെടുത്തു നിലവിളക്കിലെ മറ്റു തിരികളെയെല്ലാം കൊളുത്തുന്നു. ആകെ തിളക്കം. ദേശാഭിമാനി വാരികയില്‍ അദ്ദേഹമെഴുതിയ “നക്ഷത്രവിളക്ക്” എന്ന ചെറുകഥ വായിച്ചപ്പോള്‍ എനിക്കെഴുതാന്‍ തോന്നിയത് ഇങ്ങനെയാണ്. ബഹളമില്ല, ആര്‍ഭാടമില്ല, ആക്രമണോത്സുകതയില്ല. ഒരു പിച്ചിപ്പൂവിനെ ചെടിയില്‍നിന്ന് അടര്‍ത്തിയെടുക്കുന്ന ലാഘവത്തോടെ അദ്ദേഹം പ്രതിപാദ്യവിഷയത്തെ സമീപിക്കുന്നു. ആവിഷ്കരിക്കുന്നു. കലുഷമായ നാട്. മനുഷ്യരുടെ ചലനങ്ങളില്‍ നിയന്ത്രണം വരുത്തുന്ന നിയമങ്ങള്‍. അതിനെ കര്‍ഫ്യു എന്നു വിളിക്കും. ആ കര്‍ഫ്യു നിലവിലിരിക്കെ ചുവന്ന ക്രിസ്മസ് നക്ഷത്രം വാങ്ങി ഭവനത്തില്‍ വയ്ക്കാന്‍ ഒരു ബാലനു കൊതി. അവന്‍ അച്ഛനോടുകൂടി പട്ടണത്തിലേക്കു പോകുന്നു. വലിയ വിലകൊടുത്ത് അതു വാങ്ങി കര്‍ഫ്യൂവിന്റെ കൂരിരുട്ടിലൂടെ ഭവനത്തിലേക്കു തിരിച്ചുപോരുന്നു. പാരുഷ്യത്തില്‍ മൃദുത്വം, നൃംശസതയില്‍ കാരുണ്യം, ലോഭത്തില്‍ ഔദാര്യം, ഭൗതികത്വത്തില്‍ ആധ്യാത്മികത്വം ഇവയെ കലാസുഭഗമായി സോമന്‍ ചിത്രീകരിക്കുന്നു. ആറടി നീളമുള്ള ഇരുമ്പിന്‍ കുഴലില്‍ ദ്വാരങ്ങളിട്ടു അവയിലൂടെ നാദമുയര്‍ത്താന്‍ നമ്മുടെ കഥാകാരന്മാര്‍ ശ്രമിക്കുമ്പോള്‍ സോമന്‍ പുല്ലാങ്കുഴലെടുത്തു മധുരനാദം കേള്‍പ്പിക്കുന്നു. പന്തം കത്തിച്ചല്ല അദ്ദേഹം നെയ്ത്തിരി കൊളുത്തുന്നത്. മറ്റൊരു നെയ്ത്തിരികൊണ്ടാണ്.

* * *

നമ്മള്‍ മറ്റുള്ളവരോടു വിനയത്തോടെ പെരുമാറിയാല്‍ അതു നമ്മുടെ നന്മയായിട്ടല്ല അവര്‍ കരുതുക; കൊള്ളരുതായ്മയായിട്ടോ താഴ്ചയായിട്ടോ ആവും കരുതുക. അതുകൊണ്ട് അന്യരോടു പെരുമാറുമ്പോള്‍ വിനയത്തിനു പകരം തെല്ലു പുച്ഛം കാണിക്കുന്നതു നന്ന്. എങ്കിലും എനിക്കും നിങ്ങള്‍ക്കും വിനയം വിട്ടു പെരുമാറാന്‍ വയ്യ. പെരുമാറിയാല്‍ നമ്മള്‍ നമ്മളല്ലാതെയായിത്തീരും.

എം.കെ.സാനു

മഹാത്മാഗാന്ധിയെക്കുറിച്ച് ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ഞാന്‍ വായിച്ചിട്ടുണ്ട്. മാര്‍ക്സിസത്തിന്റെ വീക്ഷണഗതി അവലംബിച്ചു രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ മനസ്സിരുത്തി വായിച്ചിട്ടുണ്ട്. അത്തരം പുസ്തകങ്ങളില്‍ എന്നെ ആകര്‍ഷിച്ചത് ബുദ്ധദേവ ഭട്ടാചാര്യയുടെ Evolution of the Political Philosophy of Gandhi എന്നതാണ് (Calcutta Book House, Calcutta, 12 October 1969). ഗ്രന്ഥകാരന്‍ പറയുന്നു: First Gandhiji introduced ‘serious politics’ in this country and transformed the national movement, till then confined to the western oriented urban upper social strata and middle classes, to an authentic broad based mass movement. He evolved a technique of direct mass action which placed unhesitating reliance on the creative political role of the masses in politics.

ഈ ചിന്താഗതിയില്‍നിന്ന് വിഭിന്നമായ ചിന്താഗതിയാണ് മറ്റൊരു മാര്‍ക്സിസ്റ്റായ പ്രഫെസര്‍ എംകെ. സാനുവിനുള്ളത്. ഗാന്ധിജി മറ്റുള്ളവര്‍ക്കെന്നപോലെ തനിക്കും മാര്‍ഗ്ഗദര്‍ശനമരുളിയ നക്ഷത്രമാണെന്നു സമ്മതിച്ചിട്ട് സാനു പറയുന്നു “രാഷ്ടീയത്തിന്റെയും മതത്തിന്റെയും ശൈലികള്‍ സമ്മേളിപ്പിക്കുന്ന പ്രവര്‍ത്തനം അഭികാമ്യമല്ലെ”ന്ന്.

ഗാന്ധിജിയുടെ ജീവിതത്തിലെ കര്‍ത്തൃനിഷ്ഠമായ അംശത്തിന് (ഈശ്വരസാക്ഷാത്കാരമെന്നത്) അതിന്റേതായ വസ്തുനിഷ്ഠമായ അംശം (മനുഷ്യസേവനം എന്നത്) ഉണ്ടായിരുന്നുവെന്നു ബുദ്ധദേവ ഭട്ടാചാര്യ എടുത്തുകാണിക്കുന്നു. Political philosophy രാഷ്ട്രവ്യവഹാര സംബന്ധിയായ ദര്‍ശനം വസ്തുനിഷ്ഠമായ അംശത്തെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പക്ഷേ കര്‍ത്തൃനിഷ്ഠമായ അംശത്തെ അവഗണിക്കാനും വയ്യ. അതിനാല്‍ മതവും രാഷ്ട്രവ്യവഹാരവും സമ്മേളിക്കും എന്നാണ് ഭട്ടാചാര്യയുടെ അഭിപ്രായം.

താനുപന്യസിക്കുന്ന ഏതു തത്ത്വവും ശക്തമായി പ്രകടിപ്പിക്കാന്‍ സാനുവിനു കഴിയും. കുങ്കുമം വാരികയിലെ ഈ ലേഖനവും അങ്ങനെ തന്നെ.

* * *

Fredirich Tomlin എഴുതിയ T.S.Eliot — A Friendship എന്ന പാരായണയോഗ്യമായ പുസ്തകത്തില്‍ (Routledge, London, Spl Price Rs. 225) ഏല്യറ്റിന്റെ ഒരു വാക്യം എടുത്ത് ചേര്‍ത്തിട്ടുണ്ട്. “Sensibility alters from generation to generation in everyone, whether we will or no; but expression is only altered by a man of genius” — ഒരു തലമുറയില്‍നിന്നു മറ്റൊരു തലമുറയിലേക്കു വരുമ്പോള്‍ ആരിലും ഭാവസംഭൃബ്ധതയ്ക്കു മാറ്റം വരും. നമുക്കു വേണമെങ്കിലും വേണ്ടെങ്കിലും. പക്ഷേ പ്രതിഭാശാലിക്കേ ആവിഷ്കാര രീതിക്കു മാറ്റം വരുത്താന്‍ കഴിയൂ. ആവിഷ്കാര ശൈലിക്കു പരിവര്‍ത്തനം ഉണ്ടാക്കിയ കവിയാണ് എഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ ആ ശൈലിയെ ഇന്നുവരെ ആരും അതിശയിച്ചിട്ടില്ല.

വായിക്കേണ്ട പുസ്തകം

പ്രീമോ ലീവിയുടെ രണ്ടു പുസ്തകങ്ങളെക്കുറിച്ച് — 1)The Drowned and The Saved 2) Other People’s Trades ഞാന്‍ ഈ പംക്തിയിലെഴുതിരുന്നു. ഈ ശതാബ്ദത്തിലെ മഹനീയങ്ങളായ പുസ്തകങ്ങളില്‍ ഒന്നാണ് The Drowned and The Saved എന്ന ആത്മകഥ. ലീവിയുടെ ആത്മഹത്യയ്ക്ക് മുന്‍പുള്ള ഒരാവിഷ്കാരമായി അതിനെ പരിഗണിക്കാം. ലക്ഷക്കണക്കിന് നിരപരാധരായ ജൂതന്മാരെ ജീവനോടെ ദഹിപ്പിച്ച ഹിറ്റ്ലറുടെയും മറ്റു നാത്സികളുടേയും മൃഗീയതയെ നിസ്സംഗതയോടെ പ്രതിപാദിക്കുന്ന ആ ആത്മകഥ ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ നമ്മെ മറ്റാളുകളായി മാറ്റും. One of the Century’s truly necessary books എന്നു അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് വാഴ്ത്തിയ ലീവിയുടെ ഗ്രന്ഥമാണ് If this is a Man — The Truce എന്നത് (രണ്ടു പുസ്തകങ്ങള്‍ ഒറ്റവാല്യമായി) He was himself a magically endearing man, the most delicately forceful enchanter I’ve ever known എന്നും റോത്ത് അദ്ദേഹത്തെക്കുറിച്ചു പറയുന്നുണ്ട്. ആദ്യത്തെ പുസ്തകമായ If this is a man എന്നതില്‍ ജര്‍മ്മന്‍ തടങ്കല്‍ പാളയത്തില്‍ താന്‍ അനുഭവിച്ച യാതനകളെ കുറിച്ചാണ് ലീവി എഴുതുന്നത്. നാത്സികളോടു വിദ്വേഷം ഇല്ലാതെയാണ് ലീവി എഴുതുന്നതെങ്കിലും ആ വിവരണങ്ങള്‍ വായിക്കുന്നവര്‍ക്കു ബോധക്കേടുണ്ടാകും. അദ്ദേഹം പറയുന്നു:Then for the first time we became aware that our language lacks words to express this offence, the demolition of a man. പക്ഷേ ലീവിയുടെ ഭാഷ സുശക്തമാണ്. അതു ഉപയോഗിച്ച് അദ്ദേഹം തടങ്കല്‍പ്പാളയത്തിലെ ഭയജനകത്വം മുഴുവന്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുത്തിത്തരുന്നു. The truce എന്ന രണ്ടാമത്തെ പുസ്തകത്തില്‍ അദ്ദേഹം തടങ്കല്‍പ്പാളയത്തില്‍നിന്നു മോചനം നേടി വീട്ടിലെത്തിയതിന്റെ കഥയാണുള്ളത്. മുപ്പത്തഞ്ചു ദിവസം യാത്ര ചെയ്തു ലീവി വീട്ടിലെത്തി. കുടുംബത്തിലെ അംഗങ്ങളെല്ലാം ജീവിച്ചിരിക്കുന്നു. വീട് എപ്പോഴുമുണ്ട്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടുകൂടി, താടി വളര്‍ത്തിയവനായി, നീരുവന്നു വീര്‍ത്തവനായി വീട്ടിലെത്തിയ അദ്ദേഹത്തെ ആരും അറിഞ്ഞില്ല ആദ്യം. വൃത്തിയുള്ള വലിയ കിടക്ക, ലീവിയുടെ ഭാരത്തില്‍ അത് മൃദുവായി കീഴടങ്ങിയപ്പോള്‍ അദ്ദേഹം ഭയപ്പെട്ടു. [തടങ്കല്‍പ്പാളയത്തിലെ വെറും തറയിലെ കിടപ്പ് ഓര്‍മ്മിച്ച് — ലേഖകന്‍] തറയില്‍ കണ്ണുകള്‍ ചേര്‍ത്തുകൊണ്ട് എന്തോ അന്വേഷിക്കുന്നതുപോലെയുള്ള അദ്ദേഹത്തിന്റെ നടത്തം മാറിക്കിട്ടാന്‍ പല മാസങ്ങള്‍ വേണ്ടിവന്നു. [തടങ്കല്‍പ്പാളയത്തില്‍ കുടിക്കാന്‍ വെള്ളംപോലും കിട്ടാതെ അങ്ങനെയാണ് അദ്ദേഹം നടന്നത് — ലേഖകന്‍] എന്നിട്ടും ഭയപ്രദങ്ങളായ കിനാക്കള്‍ അദ്ദേഹത്തെ സമാക്രമിച്ചിരിക്കുന്നു.

ലീവി പറയുന്നതുപോലെ സ്വപ്നത്തിന് അകത്തുള്ള സ്വപ്നം. പക്ഷേ ഈ കിനാവ് യാഥാര്‍ത്ഥ്യമായി വായനക്കാരെ ആക്രമിക്കും. അവര്‍ ഞെട്ടും. കണ്ണീരൊഴുക്കും. പ്രീമോ ലീവി! അങ്ങയുടെ ഗ്രന്ഥങ്ങള്‍ എനിക്ക് കൂടുതല്‍മനുഷ്യത്വം നല്കിയിരിക്കുന്നു.

* * *

പ്രൊ വൈസ് ചാന്‍സലറായിരുന്ന പി.ആര്‍. പരമേശ്വരപ്പണിക്കര്‍ക്ക് ഇംഗ്ലീഷില്‍ മാത്രമല്ല മലയാളത്തിലും അവഗാഹമുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു: “ഊഷ്മളമായ വരവേല്പ്” എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതു ശരിയല്ല. Warm hearted welcome സായ്പിനെസ്സംബന്ധിച്ചു ശരി. ഇംഗ്ലണ്ടു തണുപ്പു കൂടിയ രാജ്യമാണല്ലോ. നമ്മുടേതു ചൂടുള്ള രാജ്യമാണ്. അതുകൊണ്ടു ‘ഹൃദയം കുളിര്‍ക്കെ’. ‘മനസ്സു കുളിര്‍ക്കെ’ എന്നുവേണം പ്രയോഗിക്കാന്‍. ഇന്ന് ഞാന്‍ ഇരിക്കുന്ന മുറിയുടെ അപ്പുറത്തുള്ള മുറിയിലെ റ്റെലിവിഷന്‍ സെറ്റില്‍നിന്ന് ഊഷ്മളമായ വരവേല്പ് എന്നു ന്യൂസ് വായിക്കുന്ന ആള്‍ പറയുമ്പോള്‍ പരമേശ്വരപ്പണിക്കര്‍സ്സാര്‍ എന്റെ മുന്‍പില്‍ വന്നുനില്ക്കുന്നു.