close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 07 22


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 07 22
ലക്കം 462
മുൻലക്കം 1984 07 15
പിൻലക്കം 1984 07 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജി. ശങ്കരക്കുറുപ്പു് മഹാകവിയുമല്ല, കവിയുമല്ല എന്നു് എന്‍. ഗോപാലപിള്ള പറഞ്ഞ കാലം. ഗോപാലപിള്ളസ്സാറിന്റെ ഒരു പരിഷത്തുപ്രസംഗം ശങ്കരക്കുറുപ്പു് പത്രാധിപരായ പരിഷത്തു മാസികയില്‍ ഒടുവിലത്തെ പുറത്തു് അച്ചടിച്ചു എന്നതാണു് ആ പ്രസ്താവത്തിനു കാരണം. ശങ്കരക്കുറുപ്പു് അതു കരുതിക്കൂട്ടി ചെയ്തതാണെന്നു് എറണാകുളത്തെ ഒരു നുണയന്‍ വന്നു ഗോപാലപിള്ളസ്സാറിനെ അറിയിച്ചു. ഏതു നുണയും വിശ്വസിക്കുന്ന ആളായിരുന്നു അദ്ദേഹം. അതു കൊണ്ടു് ഉടനെ കിട്ടിയ ഒരു പ്ലാറ്റ്ഫോമില്‍ നിന്നു് പ്രഖ്യാപനം. “ശങ്കരക്കുറുപ്പു് മഹാകവിയല്ല, കവിപോലുമല്ല.” ഇക്കാലത്തു് ഗോപാലപിള്ള സാറിനോടൊരുമിച്ചു് ഞാനൊരു മീറ്റിങ്ങിനു പോയി. അദ്ദേഹം പറഞ്ഞതു് ശരിയല്ലെന്നു് ആര്‍ക്കും ആ മുഖത്തു നോക്കി ഉരിയാടാന്‍ വയ്യ. പരുഷമായി പെരുമാറിയതിന്റെ പേരില്‍ ഒരു ഗവര്‍ണറെയും വിശ്വവിഖ്യാതനായ ഒരു വൈസ് ചാന്‍സലറെയും ഒരു മുഖ്യമന്ത്രിയെയും ചീത്ത വിളിച്ച ധീരനാണു് ഗോപാലപിള്ള സാര്‍. ഭാരതത്തിലെങ്ങും പ്രശസ്തനായ ഒരഭിഭാഷകന്‍ അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ വേണ്ടി ഒരു മീറ്റിങ്ങില്‍ വച്ചു് ഇങ്ങനെ പറഞ്ഞു: “ഇവിടെ ഗോപാലപിള്ളയും മറ്റു പണ്ഡിതന്മാരും വന്നിട്ടുണ്ടു്. അവരെല്ലാം വിദ്വജ്ജനോചിതമായി പ്രസംഗിക്കും. പിന്നെ പണ്ഡിതന്മാര്‍ പട്ടികളെപ്പോലെയാണു്. അവര്‍ കടിപിടികൂടും. അതും കാണാം നിങ്ങള്‍ക്കു്.” (കരഘോഷം!) അദ്ധ്യക്ഷനായിരുന്ന അഭിഭാഷകന്‍ പ്രഭാഷണത്തിനു ശേഷം ഇരുന്നു. ഗോപാലപിള്ള സാര്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. അദ്ദേഹം പ്രസംഗം തുടങ്ങിയതു് ഇങ്ങനെയാണു്: “ഞങ്ങളൊക്കെ പണ്ഡിതന്മാരും പണ്ഡിതന്മാരായതുകൊണ്ടു് പട്ടികളെപ്പോല കടിപിടി കൂടുന്നവരുമാണെന്നു് അദ്ധ്യക്ഷന്‍ പറഞ്ഞു. ശരിയാണതു്. പക്ഷേ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. അദ്ധ്യക്ഷന്‍ തന്നെ ഒരു മൂത്ത പണ്ഡിതനാണു്.” (നീണ്ടുനിന്ന കരഘോഷം.) എല്ലാവരും പേടിച്ചിരുന്ന ഈ അഭിഭാഷകന്‍ ഒരു വിവാഹപ്പന്തലില്‍ വച്ചു് ഗോപാലപിള്ള സാറിനോടു പരുക്കന്‍ മട്ടിലെന്തോ പറഞ്ഞു. അദ്ദേഹം തിരിഞ്ഞു്. “Who are you? You are a mere criminal vakil” എന്നു് അട്ടഹസിച്ചു. ആരെയും സ്വത്വംകൊണ്ടും വാക്കുകൊണ്ടും ‘അസ്തമിപ്പിച്ചു’ കളയുന്ന ആ അഭിഭാഷകന്‍ — ബുദ്ധിശക്തിയുടെ പ്രതീകമായ അഭിഭാഷകന്‍ — ‘അസ്തമിച്ചു’ പോയി. സംസ്കൃതകോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു ഗോപാലപിള്ള. അക്കാലത്തു കുട്ടികള്‍ പണിമുടക്കിയപ്പോള്‍ ആ പണിമുടക്കിന്റെ പിന്‍പില്‍ പ്രിന്‍സിപ്പല്‍ കൂടിയുണ്ടെന്നു് സര്‍വകലാശാലയിലെ അധികാരികള്‍ ധരിച്ചുവച്ചു. അവിടത്തെ ഒരുദ്യോഗസ്ഥനെ കാണണമെന്നു് കത്തു വന്നപ്പോള്‍ സാറ് പോയി. ഞാന്‍ കൂടിചെല്ലാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കോപാകുലനായ ആ ഉദ്യോഗസ്ഥന്‍ ഗോപാലപിള്ള സാറിന്റെ ജോലി ഇല്ലാതാവുമെന്നു പറഞ്ഞയുടനെ അദ്ദേഹം ഇംഗ്ലീഷില്‍ തുടങ്ങി. “Mr… You are only a glorified clerk. I am impervious to your anger. You are a vulgar man. The vulgarity of your words is only matched by your slow-thinking.” (ഓര്‍മ്മയില്‍ നിന്നു കുറിക്കുന്നതു്.) ഇതൊക്കെ അറിയാമായിരുന്ന ഞാന്‍ വിനയത്തോടെ ചോദിച്ചു: “സാര്‍, ശങ്കരക്കുറുപ്പിന്റെ ഒരു കവിത ചൊല്ലട്ടോ?” “ആകട്ടെ” എന്നു് അദ്ദേഹം. ഞാന്‍ “ആ സന്ധ്യ” എന്ന കാവ്യം ചൊല്ലി. അതുകേട്ടു് ഗോപാലപിള്ള സാര്‍ പറഞ്ഞു: “വളരെ നന്നായിരിക്കുന്നു. ഇനി ഇതിന്റെ ഒറിജിനല്‍ കൂടി കണ്ടുപിടിച്ചാല്‍ മതി.” മന്ദസ്മിതം പുരണ്ട കുടക്കണ്ണുകൊണ്ടു് അദ്ദേഹം എന്നെ നോക്കി. ആ നേരമ്പോക്കുകേട്ടു് ഞാന്‍ ചിരിച്ചു. ശങ്കരക്കുറുപ്പിന്റെ ‘സാഗരസംഗീതം’ സി.ആര്‍. ദാസ്സിന്റെ ‘സാഗരഗീത’ത്തിന്റെ പകര്‍പ്പാണെന്നു് സുകമാര്‍ അഴീക്കോട് പ്രഖ്യാപിച്ച കാലമാണതു്. അതും കൂടി അറിഞ്ഞാലേ ഗോപാലപിള്ള സാറിന്റെ നേരമ്പോക്കിനുള്ള രസികത്വം മുഴുവന്‍ ആസ്വദിക്കാനാവൂ. ഇന്നു ഗോപാലപിള്ള സാറ് ഇല്ല. പരലോകത്തിരുന്നു് അദ്ദേഹം ചോദിക്കുന്നതു് ഞാൻ കേള്‍ക്കുന്നു. കൃഷ്ണന്‍ നായര്‍, ‘സാഹിത്യദര്‍പ്പണ’ത്തില്‍ ഒരു തരുണി എഴുതിയ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്. യഃകൊമാരഹരഃ സ ഏവ ഹി വരഃ എന്നു തുടങ്ങുന്ന ശ്ലോകം. അതു വായിച്ചിട്ടുണ്ടോ നിങ്ങള്‍? വായിച്ചിട്ടു് നിങ്ങളുടെ ശങ്കരക്കുറുപ്പിന്റെ “ആ സന്ധ്യ” ഒന്നുകൂടെ വായിക്കൂ.

* * *

സാഹിത്യചോരണം എന്ന അര്‍ത്ഥത്തില്‍ പറയുകയല്ല. താഴെച്ചേര്‍ക്കുന്ന വിഷയങ്ങള്‍ ഗവേഷണത്തിനുകൊള്ളാം.

1) ചന്തുമേനോന്റെ ഇന്ദുലേഖയും ഡിസ്റേലിയുടെ ഹെന്‍ട്രീറ്റ ടെമ്പിളും. 2) സി.വി. രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’യും വാള്‍ട്ടര്‍ സ്കോട്ടിന്റെ ‘ഐവാണോ’യും. 3) സി.വി.യുടെ ‘പ്രേമാമൃത’വും മേരിക്കോര്‍ലിയുടെ ‘വെന്‍ഡെററ’യും, 4) സ്റ്റൈന്‍ബക്കിന്റെ ‘ഗ്രേപ്സ് ഒഫ് റാത്തും’ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘വിഷകന്യക’യും (മലയാളം നോവലിന്റെ പേരു് അതു തന്നെയോ? കുടിയേറിപ്പാര്‍പ്പിനെ വര്‍ണ്ണിക്കുന്ന നോവലാണു് ഉദ്ദേശിക്കുന്നതു് ഞാന്‍), 5) ജി. ശങ്കരക്കുറുപ്പിന്റെ ‘സാഗരസംഗീത’വും സി.ആര്‍. ദാസ്സിന്റെ സാഗരഗീതവും (അരവിന്ദ ഘോഷിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ). ഇനിയുമുണ്ടു് ഇതു പോലത്തെ വിഷയങ്ങള്‍. പിന്നീടു് എഴുതിക്കൊള്ളാം.

ജീര്‍ണ്ണത

എല്ലാ വിധത്തിലും ജീര്‍ണ്ണിച്ച കാലയളവിലാണു് നമ്മള്‍ ജീവിക്കുന്നതു്. ഇന്ത്യ ഇംഗ്ലീഷുകാര്‍ അടക്കി ഭരിക്കുകയും ഇന്ത്യയുടെ ഒരു ഭാഗമായ തിരുവിതാംകൂര്‍ നാട്ടുരാജ്യം ആദ്യം റീജന്റ് റാണിയും പിന്നീടു് ചിത്തിര തിരുനാള്‍ മഹാരാജാവും ഇംഗ്ലീഷുകാരുടെ ഇച്ഛയ്ക്കൊത്തു ഭരിക്കുകയും ചെയ്തിരുന്ന കാലത്തു് ജീവിതത്തിന്റെ ബാല്യകാലവും യൌവനകാലവും കഴിച്ചു കൂട്ടിയവനാണു് ഞാന്‍. അന്നു് ഇന്നുള്ള കഷ്ടപ്പാടിന്റെ ആയിരത്തിലൊരംശം പോലും ഇല്ലായിരുന്നു എന്നതു് അത്യുക്തിയില്ലാത്ത പ്രസ്താവമാണു്. പത്തംഗങ്ങളുള്ള കുടുംബം പുലരാന്‍ അന്നു് ഇരുപതു രൂപ ശമ്പളം കിട്ടിയാല്‍ മതി ഗൃഹനായകനു്. അതില്‍ നിന്നു് അഞ്ചു രൂപ വരെ മാസം തോറും മിച്ചം വയ്ക്കാന്‍ കഴിയും. ഇന്നു് നാലു രൂപ കൊടുത്തു വാങ്ങുന്ന ഒരു നാളികേരത്തിനു് ഒരു ചക്രം (ഏതാണ്ടു് ആറു പൈസ) വിലയേ അന്നു് ഉണ്ടായിരുന്നുള്ളൂ. അന്നു പണിമുടക്കുകളല്ല, ജാഥകളില്ല, കൊലപാതകങ്ങളും ബലാത്സംഗങ്ങളും വിരളം. നല്ല മാര്‍ക്കു് വാങ്ങുന്ന ഏതു കുട്ടിക്കും കോളേജില്‍ ചേരാം. ഭീമമായ തുക ഡൊണേഷന്‍ എന്ന ഓമനപ്പേരില്‍ കൈക്കൂലിയായി കൊടുക്കേണ്ടതില്ല. ഓണോഴ്സ് പരീക്ഷയില്‍ ഒന്നാം ക്ലാസ്സില്‍ ജയിച്ചോ? അവന്‍/അവള്‍ കോളേജില്‍ ലക്ചറര്‍ ആയതു തന്നെ. ഇന്നു് നാല്പതിനായിരം രൂപ പ്രൈവറ്റ് കോളേജ് മാനേജ്മെന്റിനു് കൊടുത്തിട്ടു് നാലു വര്‍ഷം വരെ കാത്തിരുന്നാലും നിയമനം ലഭിച്ചില്ലെന്നു വരും.

ഇന്നത്തെ ‘സ്പിരിച്ച്വല്‍ ക്രൈസിസും’ അന്നില്ലായിരുന്നു. ജീവിതം ഇന്നു മരവിച്ചിരിക്കുന്നു. മനുഷ്യനു് തന്നില്‍ നിന്നു പോലും അകൽച്ച. യുക്തിക്കും നീതിക്കും സ്ഥാനമില്ല ഇന്നു്. മനുഷ്യന്‍ ഇന്നു് അചേതനമായ വസ്തുവാണു്. രാഷ്ട്രീയക്കാര്‍ക്കും അധികാരമുള്ളവര്‍ക്കും തട്ടിയെറിയാവുന്ന വസ്തുമാത്രം. മനുഷ്യജീവിതമെന്നതു് ഇന്നു് നിസ്സഹായതയുടെ പര്യായശബ്ദമായി മാറിയിരിക്കുന്നു (എറിക്ക് ഫ്രം). ആത്മഹത്യ മാത്രമാണു് മനുഷ്യനു് ഏക രക്ഷാമാര്‍ഗ്ഗം എന്നു വന്നിരിക്കുന്നു (ഈ ചിന്താഗതിയോടു് ഈ ലേഖകന്‍ യോജിക്കുന്നില്ല). ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിനു ശേഷമുള്ള ഈ ദുരവസ്ഥയെ ഭാവനാത്മകസാഹിത്യത്തിന്റെ സൗന്ദര്യം നശിപ്പിക്കാതെ തന്നെ വിനയന്‍ ഒരു ചെറുകഥയിലൂടെ സ്ഫുടീകരിക്കുന്നു (കുഞ്ഞുണ്ണിക്കിടാവിന്റെ മരണം, മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 6). ഇംഗ്ലീഷുകാര്‍ ഭാരതം ഭരിച്ച കാലത്തു് ജീവിതം തുടങ്ങിയ കുഞ്ഞുണ്ണിക്കിടാവു്; അന്നില്ലാത്ത ബലാത്സംഗം സ്വാതന്ത്ര്യമാര്‍ജ്ജിച്ച ഭാരതത്തില്‍ നിത്യ സംഭവം. അതും അതിനെക്കാള്‍ ഗര്‍ഹണീയങ്ങളായ പല സംഭവങ്ങളും കണ്ടും കേട്ടും ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരുന്ന കുഞ്ഞുണ്ണിക്കിടാവിന്റെ പ്രാണന്‍ പോകുമ്പോള്‍ പതിമ്മൂന്നു വയസ്സായ ഒരു പെണ്‍കുട്ടി ധര്‍ഷണത്തിനു വിധേയയായി മരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മെ ചിന്തിപ്പിക്കുന്ന വികാരത്തിലേക്കു വലിച്ചെറിയുന്ന കഥയാണിതു്.

* * *

Dr. Michael Carrera എഴുതിയ “Sex” നല്ല ലൈംഗിക ഗ്രന്ഥമാണു്. ബലാത്സംഗം ഒഴിവാക്കാന്‍ അതില്‍ ഡോക്ടര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍

  1. പരിചയമില്ലാത്ത ആരെയും വീട്ടിനുള്ളില്‍ കയറാന്‍ അനുവദിക്കരുതു്.
  2. രാത്രിയും പകലും വീടു് അടച്ചിട്ടിരിക്കണം.
  3. നടന്നു പോകുമ്പോള്‍ ആരെങ്കിലും കാറില്‍ കയറാന്‍ വിളിച്ചാല്‍ കയറരുതു്. സ്വയം കാറോടിച്ചു പോകുമ്പോള്‍ പരിചയമില്ലാത്ത ഒരാളെയും അതില്‍ കയറ്റരുതു്.
  4. റോഡിലൂടെ പോകുമ്പോള്‍ ആരെങ്കിലും സംസാരിക്കാന്‍ വന്നാല്‍ മറുപടി പറയരുതു്. ആള്‍ക്കൂട്ടമുള്ള സ്ഥലത്തേക്കു നടന്നു നീങ്ങണം.
  5. വിജനസ്ഥലത്തു് ഒറ്റയ്ക്കു നടക്കരുതു്.

ഇനി ബലാത്സംഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍. ഇവയും “Sex”-ല്‍ നിന്നുതന്നെ.

  1. പെണ്ണുങ്ങള്‍ക്കിഷ്ടമുണ്ടെങ്കിലേ ബലാത്സംഗം നടക്കൂ.
  2. പരിചയമില്ലാത്ത പുരുഷന്മാരേ ബലാത്സംഗം ചെയ്യൂ.
  3. ലൈംഗികാസക്തി കൂടിയവരാണു് ഇതിനു് ഒരുമ്പെടുന്നതു്.
  4. ബലാത്സംഗത്തിനു മടിയില്ലാത്ത പുരുഷന്മാരെ കണ്ടാലറിയാം.
  5. വിവാഹം കഴിക്കാതെ ഗര്‍ഭിണികള്‍ ആകുന്നവര്‍ തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു പറയും.

അഞ്ചാമത്തേതു് അത്ര ശരിയോ എന്നു് എനിക്കു സംശയം. ഭ്രൂണഹത്യ കുറ്റമായിരുന്നകാലത്തു് ഭര്‍ത്താവില്ലാതെ പ്രസവിച്ച ചില സ്ത്രീകള്‍ തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു പരാതി പറഞ്ഞതു് ഞാന്‍ കേട്ടിട്ടുണ്ടു്. അതേ സമയം അവര്‍ പുരുഷന്മാരെ പ്രേരിപ്പിക്കുകയായിരുന്നു താനും.

സീമോന്‍ ദ ബൊവ്വാറിന്റെ (Simone de Beauvoir) ആത്മകഥയില്‍ അവരെ ഒരറബി ബലാത്സംഗം ചെയ്യാന്‍ പോയതെങ്ങനെയെന്നതിന്റെ വര്‍ണ്ണനമുണ്ടു്. റ്റൂനീഷ (Tunisia) റിപ്പബ്ളിക്കിന്റെ തലസ്ഥാനമാണു് റൂനിസ് (Tunis). ആ നഗരത്തിനടുത്തു് കടപ്പുറത്തു പുസ്തകം വായിച്ചു കിടക്കുകയായിരുന്നു ബൊവ്വാര്‍. അവര്‍ ഉറങ്ങിപ്പോയി. കടപ്പുറത്തു പൂച്ചയുമുണ്ടോ? ഇങ്ങനെ സംശയിച്ചു് അവര്‍ കണ്ണു തുറന്നപ്പോള്‍ ഒരറബി അവരുടെ വയറ്റില്‍ കയറിയിരിക്കുന്നു. വൃദ്ധനും വൃത്തികെട്ടവനുമായിരുന്നു അയാള്‍. മണലില്‍ ഒരു കത്തി. “മരിക്കുന്നതിനെക്കാള്‍ നല്ലതു ബലാത്സംഗം ചെയ്യപ്പെടുന്നതുതന്നെ’ എന്നു വിചാരിച്ചു ബൊവ്വാര്‍ എങ്കിലും പേടി കൊണ്ടു് അവര്‍ ബോധം കെടുകയായിരുന്നു. അറബിയെ തള്ളി മാറ്റിക്കൊണ്ടു് അവര്‍ പറഞ്ഞു അയാള്‍ക്കു പണം കൊടുക്കാമെന്നു്. പഴ്സിലുള്ളതെല്ലാം അയാളുടെ കൈയില്‍ തട്ടിയിട്ടിട്ടു് ബൊവ്വാര്‍ അതിവേഗം ഓടി (Force of Circumstance, Chapter 2).

ഇനി ബലാത്സംഗത്തെക്കുറിച്ചു് ഒരു പടിഞ്ഞാറന്‍ നേരമ്പോക്കുകൂടി.

മധ്യവയസ്കനായ ഒരാള്‍ യുവാവായ കോടീശ്വരന്റെ അടുക്കലെത്തിപ്പറഞ്ഞു: “സര്‍ നിങ്ങളൊരു വൃത്തികെട്ടവനാണു്. എന്റെ മകള്‍ കാതറീനയെ നിങ്ങല്‍ ബലാത്സംഗം ചെയ്തു. പതിനാറു വയസ്സു മാത്രമുള്ള അവളിന്നു ഗര്‍ഭിണിയാണു്. വേണ്ടതു് നിങ്ങള്‍ ചെയ്യുമോ എന്നറിയാനാണു ഞാന്‍ വന്നതു്.” യുവാവു് മറുപടി നല്കി: “എനിക്കു വൈഷമ്യമുണ്ടു്. കുഞ്ഞു ജനിച്ചാല്‍ മാസന്തോറും ഞാന്‍ ആയിരം ഡോളര്‍ നിങ്ങളുടെ മകള്‍ക്കു കൊടുക്കാം. മതിയോ?” മധ്യവയസ്കന്‍: “മതി, മതി… പക്ഷേ അവളുടെ ഗര്‍ഭം അലസിപ്പോയാലോ? രണ്ടാമതൊരു സന്ദര്‍ഭം കൂടി നിങ്ങള്‍ അനുവദിക്കുമോ?”

ഗ്രാബിങ്

തിരുവനന്തപുരത്തു വച്ചു സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങള്‍ നടക്കുന്ന കാലമാണു്. സര്‍ദാര്‍ കെ.എം. പണിക്കര്‍ക്കു മുന്‍വരിയിലാണു് കസേര. അദ്ദേഹം കുറച്ചുനേരം ഒരു പ്രഭാഷകന്റെ ഗര്‍ജ്ജനം കേട്ടിട്ടു് എഴുന്നേറ്റുപോയി. പോയ തക്കം നോക്കി ആ കസേരയില്‍ വേറൊരാള്‍ കയറിയിരുന്നു. കുറച്ചു കഴിഞ്ഞു് പണിക്കര്‍ തിരിച്ചെത്തി. തന്റെ കസേരയില്‍ ഒരുവന്‍ ഇരിക്കുന്നതു് കണ്ടു് അദ്ദേഹം ഉറക്കെപ്പറഞ്ഞു: “എഴുന്നേല്ക്കു. എന്റെ സീറ്റാണിതു്.” അയാള്‍ എഴുന്നേറ്റപ്പോള്‍ അദ്ദേഹം വീണു: “ഞാന്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. എനിക്കിരിക്കാനുള്ള കസേരയാണിതു്. അതുകൊണ്ടു് ഞാന്‍ എഴുന്നേല്പിക്കുക തന്നെ ചെയ്യും.” കെ.എം. പണിക്കര്‍ പറഞ്ഞതു ശരി. പക്ഷേ അദ്ദേഹത്തെക്കാള്‍ സംസ്കാരം കൂടിയ ഒരു സാധാരണക്കാരന്‍ അങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നില്ല. എക്സ്പ്രസ്സ് ബസ്സില്‍ സീറ്റ് റിസര്‍വ് ചെയ്ത നമ്മള്‍ കാപ്പി കുടിക്കാന്‍ എഴുന്നേറ്റു പോകുന്നു. തിരിച്ചെത്തുമ്പോള്‍ വേറൊരാള്‍ അവിടെ ഇരിക്കുന്നതു കണ്ടാല്‍ നമ്മളില്‍ പലരും അയാളെ എഴുന്നേല്പിക്കാറില്ല. ഒഴിഞ്ഞു കിടക്കുന്ന വേറൊരു സീറ്റിലിരിക്കും അത്രേയുള്ളു. കെ.എം. പണിക്കര്‍ സ്വന്തം കസേരയെ മറ്റൊരുത്തനില്‍ നിന്നു് പിടിച്ചെടുക്കുകയായിരുന്നു. ഇതിനെ ഇംഗ്ലീഷില്‍ ഗ്രാബിങ് എന്നു പറയും. ഈ കടന്നു പിടിത്തം സംസ്കാരലോപത്തെയാണു കാണിക്കുന്നതു്. കോളേജുകളില്‍ ഇതു് ധാരാളം കാണാം. വര്‍ഷത്തിന്റെ ആരംഭത്തില്‍, പഠിപ്പിക്കാനുള്ള പുസ്തകങ്ങള്‍ ഓരോ അദ്ധ്യാപകനെയും ഏല്പിക്കുകയാണു് ഡിപ്പാര്‍ട്ട്മെന്റ് അദ്ധ്യക്ഷന്‍. “ങാ, ഇനി നോവല്‍. ആര്‍ക്കാണു വേണ്ടതു്?” ഒരദ്ധ്യാപകന്‍: “നോവല്‍ ഞാനെടുത്തുകൊള്ളാം.” അദ്ധ്യക്ഷന്‍: “ശരി. ശങ്കരക്കുറുപ്പിന്റെ ‘വിശ്വദര്‍ശനം.” നാടകം.” അതേ അദ്ധ്യാപകന്‍: “നാടകം എന്റെ സ്പെഷല്‍ സബ്ജക്ടാണു്. ഞാനതു് എടുത്തു കൊള്ളാം.” മറ്റു മാന്യന്മാര്‍ മിണ്ടാതിരിക്കുമ്പോള്‍ ഇയാള്‍ എല്ലാം ഗ്രാബ് ചെയ്യുന്നു. ബസ്സില്‍ ഇടിച്ചു കയറുന്നവന്‍, കയറിയിരുന്നു കഴിഞ്ഞാല്‍ വേറൊരുത്തന്‍ അവിടെ ഇരിക്കരുതെന്നു കരുതി കാലു കവച്ചു വയ്ക്കുന്നവന്‍, ഏഴെട്ടുപേര്‍ പ്രസംഗിക്കാനുള്ളപ്പോള്‍ ഒരു മണിക്കൂര്‍ ഓറല്‍ ഡയറിയ പ്രവഹിപ്പിക്കുന്നവന്‍, അന്യന്റെ വസ്തുവില്‍ കയറി തേങ്ങയിടുന്നവന്‍ ഇവരൊക്കെ ‘ഗ്രാബേഴ്സ്’ ആണു്. നമ്മുടെ വിശ്രമ സമയം മലിനീകരിക്കുന്ന കഥയെഴുത്തുകാരും ‘ഗ്രാബേഴ്സ്’ തന്നെ. മനോരാജ്യം വാരികയില്‍ (ലക്കം 31) ‘ചക്കി’ എന്ന ജുഗുപ്സാവഹമായ കഥയെഴുതിയ വലിയോറ വീപിയെ പാവപ്പെട്ട വായനക്കാരുടെ സമയം ഗ്രാബ് ചെയ്യുന്ന ആളായി ഞാന്‍ കാണുന്നു. ചക്കിപ്പൂച്ച പ്രസവിക്കുന്നു. ചക്കിയെന്നു പേരുള്ള മകള്‍ അച്ഛനു കുടിക്കാന്‍ വച്ചിരുന്ന പാലു് മോഷ്ടിച്ചു കുടിക്കുന്നു. എന്തൊരു കഥയാണിതു്! മനുഷ്യര്‍ക്കു പൊതുവായ താല്പര്യങ്ങളുണ്ടു്. ആ താല്പര്യത്തിനു് എതിരായി വേറൊരുത്തന്‍ പ്രവര്‍ത്തിച്ചാല്‍ അതിനെയാണു് മനുഷ്യദ്രോഹം എന്നു വിളിക്കുന്നതു്. ഇതില്‍ക്കൂടുതല്‍ ശക്തമായി എന്തെങ്കിലും ഞാന്‍ പറഞ്ഞാല്‍ വായനക്കാരുടെ സൗജന്യ മാധുര്യത്തെ ലംഘിക്കുന്ന ഗ്രാബറായി മാറും ഞാന്‍.

പ്രമീളാനായര്‍

ഞാന്‍ എല്ലാവരെയും അപവദിക്കുന്നു എന്നു കരുതൂ. പക്ഷേ മറ്റാരെങ്കിലും എന്നെക്കുറിച്ചു് അപവാദം പ്രചരിപ്പിച്ചാല്‍ ഞാന്‍ ക്ഷോഭിക്കും. ആ ക്ഷോഭത്തില്‍ എന്തര്‍ത്ഥമിരിക്കുന്നു? ഭാര്യയ്ക്കു് ഭര്‍ത്താവിനെക്കുറിച്ചു് നല്ല അഭിപ്രായമില്ല. അപ്പോള്‍ ആ ഭര്‍ത്താവിനു് ആ ഭാര്യയെക്കുറിച്ചു് മോശമായ അഭിപ്രായം വച്ചുപുലര്‍ത്തികൂടേ? “ഞാന്‍ തെറ്റു ചെയ്യാത്തവന്‍, യോഗ്യന്‍; മറ്റുള്ളവര്‍ തെറ്റേ ചെയ്യൂ. അവര്‍ അയോഗ്യന്മാര്‍” ഈ ചിന്താഗതി ആര്‍ക്കെങ്കിലുമുണ്ടായാല്‍ ആ ആളിനെ ബുദ്ധിശൂന്യനായി കരുതാവുന്നതാണു്. കാരണം ഈ ലോകത്തുള്ള എല്ലാ ആളുകളിലും നന്മയും തിന്മയും കലര്‍ന്നിട്ടുണ്ടു് എന്നതത്രേ. പ്രമീളാ നായര്‍ ഈ സത്യം മനസ്സിലാക്കിയാല്‍ അവര്‍ എഴുതിയതും താഴെച്ചേര്‍ക്കുന്നതുമായ വാക്യങ്ങള്‍ ഇനി ആവര്‍ത്തിക്കേണ്ടി വരില്ല.

‘ഭാര്യയും കുടുംബവും എന്റെ ക്ഷേത്രമാണു്. അവരിരിക്കുന്ന ഭൂമി ശ്രീകോവിലാണു്’, എന്നു പ്രഖ്യാപിച്ചവര്‍ തന്നെ, കുറ്റമൊന്നും ചെയ്യാത്ത ഭാര്യേയേയും മക്കളേയും വീട്ടില്‍ നിന്നു് പുറംതള്ളി വെപ്പാട്ടികളുമായി ജീവിക്കുന്നതു കാണുമ്പോഴും എഴുതിപ്പോകുന്നു. ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മുഖമൂടിയിട്ടു് അഭിനയിച്ചു് ജീവിക്കുന്നതും എനിക്കു് വെറുപ്പാണു്.’

(മലയാളനാടു്, ലക്കം7)

എല്ലാവരും മുഖംമൂടിയണിഞ്ഞാണു് ജീവിക്കുന്നതു്. ശ്രീമതിക്കു് ഒരു ദിവസമുണ്ടാകുന്ന വിചാരങ്ങളത്രയും ടേപ്പിലാക്കി മൈതാനത്തു കൊണ്ടുവച്ചു് ലൗഡ് സ്പീക്കറിലൂടെ ലക്ഷക്കണക്കിനുള്ള ആളുകളെ കേള്‍പ്പിക്കാന്‍ കഴിയുമോ? കഴിയുകയില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ശ്രീമതി തന്നെ മുഖംമൂടി ഇട്ടിരിക്കുന്നു എന്നാണു്. ആദ്യമായി വേണ്ടതു് ഈ “പേഴ്സിക്യൂഷന്‍ മേനിയ” — പീഡനം ചെയ്യപ്പെടുന്നു എന്ന ഭ്രാന്തു് — ഉപേക്ഷിക്കുക എന്നതാണു്. ലോകം ആരെയും ശ്രദ്ധിക്കുന്നില്ല. ‘എന്നെ എല്ലാവരും പീഡിപ്പിക്കുന്നു’ എന്ന വിചാരം വ്യാമോഹമാണു്, ഉന്മാദമാണു്.

ആര്‍. നരേന്ദ്രപ്രസാദ്

ഗോയ്ഥേയുടെ ഫൌസ്റ്റിനെപ്പോലെ അന്ധരായവര്‍ക്കു മാത്രമേ ഈ ലോകത്തു് യഥാര്‍ത്ഥത്തില്‍ ജീവിക്കാനാവൂ. കാരണം ശാരീരികമായ കാഴ്ച നിലനിറുത്തിക്കൊണ്ടു പോകുന്നതുവരെ അവര്‍ക്കു സത്യമല്ല വ്യാമോഹമേ കാണാന്‍ കഴിയു (The Hidden God, Lucien Goldmann, Page 44). ആര്‍. നരേന്ദ്രപ്രസാദ് മലയാളനാടു് വാരികയില്‍ (ലക്കം 7 എന്നു് അച്ചടിയില്‍. ഇതിനു മുന്‍പുള്ള ലക്കവും 7 ആയി കാണിച്ചിരിക്കുന്നു) എഴുതിയ ‘അവര്‍’ എന്ന മിനി നാടകത്തില്‍ “നീ എന്തിനാ കണ്ണടയ്ക്കുന്നതു്?” എന്നു് പെണ്ണു് ആണിനോടു ചോദിക്കുന്നു. “നിന്നെ കാണാന്‍” എന്നു് ആണിന്റെ ഉത്തരം. സീസണ്‍ ടിക്കറ്റെടുത്തു പട്ടണത്തില്‍ വരികയും തോന്നിയ സ്ഥലങ്ങളിലൊക്കെ അലഞ്ഞു തിരിയുകയും ചെയ്യുന്ന പെണ്ണിന്റെ സത്യം മനസ്സിലാക്കണമെങ്കില്‍ കണ്ണടയ്ക്കണം. ബാഹ്യനേത്രങ്ങള്‍ അവളുടെ പൊന്മേനിയില്‍ ചെന്നുവീണു വ്യാമോഹം മാത്രം ദര്‍ശിക്കും. നാടകത്തിലെ പുരുഷന്‍ നാടകത്തിലെ സ്ത്രീയെ മനസ്സിലാക്കുന്നു; സ്ത്രീ പുരുഷനേയും. എന്നിട്ടു് അവര്‍ രതിയുടെ സര്‍വ്വാധിപത്യത്തിനു് വിധേയരാകുന്നു. ഒരു സത്യം ധ്വനിപ്പിക്കുന്നതില്‍ നരേന്ദ്രപ്രസാദ് വിജയം വരിച്ചിരിക്കുന്നു.

* * *

ഒരു സാമൂഹികവര്‍ഗ്ഗത്തിന്റെ (Social Class) വികസനവേളയില്‍ പരിവര്‍ത്തന ഘട്ടമുണ്ടാകും. ആ പരിവര്‍ത്തനഘട്ടത്തിനു ചേര്‍ന്ന ലോകവീക്ഷണത്തില്‍ (world out look) ദുരന്താഭിവീക്ഷണം (tragic vision) അടങ്ങിയിരിക്കും. ഈ ദുരന്താഭിവീക്ഷണത്തിനു് അനുരൂപമായ മട്ടിലാണു് പാസ്കാല്‍ സ്വന്തം ദര്‍ശനം രൂപവത്കരിച്ചതു്; റാസീന്‍ ട്രാജിക് നാടകങ്ങളെഴുതിയതു്. ഗോള്‍ഡ്‌മാന്റെ The Hidden God എന്ന ഉജ്ജ്വലമായ ഗ്രന്ഥത്തിലെ പ്രധാനപ്പെട്ട ആശയമിതാണു്. ഞാന്‍ മാര്‍ക്സിസത്തില്‍ അവഗാഹമുള്ള ആളല്ല. ഗ്രന്ഥം വായിച്ചു മനസ്സിലാക്കിയതു് ഇങ്ങനെയാണു്. തെറ്റുണ്ടെങ്കില്‍ അഭിജ്ഞന്മാര്‍ തിരുത്തട്ടെ.

എസ്.കെ. നായര്‍

മലയാളനാടു് വാരികയുടെ പത്രാധിപരായിരുന്ന എസ്.കെ. നായര്‍ മരിച്ചിട്ടു് ഈ ജൂലൈ 16-ആം തീയതി ഒരു വര്‍ഷമാകാന്‍ പോകുന്നു. ഏതു മരണവും വേദനാജനകമാണു്. എസ്.കെ. നായരെപ്പോലുള്ള മഹാമനസ്കരുടെ മരണം യാതനാ നിര്‍ദരമാണു്. ആ മരണം കണ്ടു നിന്നവര്‍ ശോകത്താല്‍ തളര്‍ന്നു പോയെങ്കിലും എസ്.കെ. ഒരു ചാഞ്ചല്യവും പ്രദര്‍ശിപ്പിക്കാതെ നമ്മെ വിട്ടുപോയി. മകളെ കാണണമെന്നു് അദ്ദേഹം അവസാന നിമിഷത്തില്‍ പറഞ്ഞു കണ്ടു. കണ്ണടയ്ക്കുകയും ചെയ്തു. താന്‍ അന്യര്‍ക്കു വേണ്ടി ജീവിച്ചു ഇനി തനിക്കു് ഇവിടെനിന്നു പോകേണ്ടി വന്നാലും ഒന്നുമില്ല എന്നു് അദ്ദേഹം വിചാരിച്ചിരിക്കണം.

അന്യര്‍ക്കുവേണ്ടി ജീവിച്ചതുകൊണ്ടാവണം അദ്ദേഹത്തിനു് ഇത്രവേഗം പോകേണ്ടതായിവന്നതു്. ‘സഹായിക്കണം’ എന്ന അഭ്യര്‍ത്ഥനയുമായി ചെന്ന ഏതൊരുവനും അദ്ദേഹം പണം നിര്‍ല്ലോപം ദാനം ചെയ്തു. പല സാഹിത്യകാരന്മാരും അദ്ദേഹത്തില്‍ നിന്നു വലിയ തുകകള്‍ സ്വീകരിച്ചു. തിരിച്ചു കൊടുത്തതുമില്ല. എസ്.കെ.യുടെ ഈ ഔദാര്യമാണു് അദ്ദേഹത്തിനു് ഋണബാദ്ധ്യത ജനിപ്പിച്ചതു്. മോചനം നേടാന്‍ പ്രയാസമായ മട്ടില്‍ ബാദ്ധ്യത ഉണ്ടായപ്പോള്‍ അദ്ദേഹം മാനസികവ്യഥ മറക്കാന്‍ മദ്യപിച്ചു. പണം സ്വീകരിച്ചവരാരും അദ്ദേഹത്തെ കാണാന്‍ ചെന്നില്ല. ഒരു ദിവസം ആരെക്കുറിച്ചും ഒരു പരാതിയും പറയാതെ ആ വലിയ മനുഷ്യന്‍ ഇവിടംവിട്ടുപോയി. ദയയും പരോപകാരത്ലപരതയും നന്മയും അതിരു കടന്നാല്‍ ആപത്താണെന്നു് എസ്.കെ. നായരുടെ അകാലചരമം നമ്മെ ഗ്രഹിപ്പിക്കുന്നു. സഹോദരാ, കാലത്തില്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടാതെ, ബിന്ദുവാണു് താങ്കള്‍. അങ്ങയെ സ്മരിച്ചു് ഞാനിപ്പോഴും ദുഃഖിക്കുന്നു.

* * *

തെളിഞ്ഞ ബുദ്ധിയോടുകൂടി അനുഗൃഹീതരായവര്‍ എഴുതുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കും.

Was this the face that launched a Thousand ships
And burnt the topless towers of Ilium?
Sweet Helen, make me immortal with a kiss.

(Marlowe, Dr. Faustus)

എന്ന വരികള്‍ കവി തെളിഞ്ഞ ബുദ്ധിടോയെ എഴുതിയതാണു്. മുഴുക്കിറുക്കില്‍ എഴുതിയ രണ്ടു വരികളും എന്നെ ആഹ്ലാദിപ്പിക്കുന്നു.

Now twilight lets her curtain down
And pins it with a star

(Mad poet of Broadway, Mc Donald Clarke)

“വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭകണക്കവള്‍”

എന്നു് എന്റെ നാട്ടിലെ കവി (പി. കുഞ്ഞിരാമന്‍ നായര്‍) എഴുതുമ്പോള്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു. കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞ ഞാന്‍ ധന്യനാണു് എന്നു വിചാരിക്കുന്നു.

വിഷച്ചെടി

ഈ ആഹ്ലാദം അകലുന്നതു്, ഞാന്‍ നിത്യദുഃഖത്തില്‍ വീഴുന്നതു് വാരികകളിലെ ചില പീറക്കഥകള്‍ വായിക്കുമ്പോഴാണു്. ഒരുദാഹരണം മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ (ലക്കം 21) സി.പി. വസന്തകുമാരി എഴുതിയ ‘വിവാഹപ്പിരിവു്’. ഓഫീസിലെ ഒരു ക്ലാര്‍ക്കിന്റെ വിവാഹം. അവള്‍ക്കു സമ്മാനം കൊടുക്കാന്‍ മറ്റുള്ളവര്‍ പണം കടം മേടിക്കുന്നു. അതിനു പലിശ വേണമെന്നു് കടം നല്കിയവന്‍ നിര്‍ബ്ബന്ധിച്ചുപോലും. കഥ തീര്‍ന്നു. വായനക്കാരന്റെ കഥയും തീര്‍ക്കുന്ന കഥ. വാരികയുടെ വെള്ളത്താളില്‍ വേരോടി നില്ക്കുന്ന ഈ വിഷച്ചെടി മാരകമാണു്. “ദൗര്‍ബ്ബല്യം മറയ്ക്കാന്‍ അക്രമരാഹിത്യത്തിന്റെ ഉടുപ്പു് എടുത്തണിയുന്നതിനെക്കാള്‍ നല്ലതു് ഹൃദയത്തിലുള്ള അക്രമത്തെ പ്രകടിപ്പിക്കുന്നതാണു്” എന്നു് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടു്. അങ്ങനെ അക്രമാസക്തനായ എന്നെ അക്രമരാഹിത്യത്തിലേക്കു നയിക്കുന്നു അഖില കുമാരി വാരികയിലെഴുതിയ ‘മിനിക്കുട്ടി’ എന്ന ചെറുകഥ. ഒരു പൈങ്കിളിക്കഥയില്‍ ഒരു കൊച്ചു കുട്ടിയെക്കൊണ്ടു സംസാരിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു അഖില. കൃത്രിമത്വമേറെയുണ്ടെങ്കിലും കുട്ടിയല്ലേ? അതിന്റെ ചാപല്യങ്ങള്‍ ഒട്ടൊക്കെ രസമരുളുന്നു.

തലാക്ക്

ബക്കളം ദാമോദരന്റെ “സന്താനം” എന്ന ചെറുകഥ (ദേശാഭിമാനി വാരിക, ലക്കം 1) സമൂഹത്തെ സംബന്ധിച്ച ഒരു മൂല്യത്തില്‍ ഊന്നിനില്ക്കുന്നു. അതു നല്ല ചെറുകഥയാണു്. തലാക്കിനെക്കുറിച്ചു് (വിവാഹമോചനത്തെക്കുറിച്ചു്) ലേഖനമെഴുതാന്‍ ഒരു പത്രാധിപര്‍ കഥ പറയുന്ന ആളിനോടു് ആവശ്യപ്പെടുന്നു. അയാള്‍ കൂട്ടുകാരനായ വക്കീല്‍ അബ്ദുള്ളക്കുഞ്ഞിയെ കാണാന്‍ പോകുന്നു. വക്കീലാകട്ടെ തലാക്കിനു് എതിരായി നില്ക്കുകയാണു്. കഥാകാരന്റെ പ്രതിപാദ്യ വിഷയത്തിനു നവീനതയില്ല. എങ്കിലും വക്കീലിന്റെ സ്വഭാവചിത്രീകരണം നന്നായിരിക്കുന്നു. കഥാകാരന്റെ ശൈലിയിലെ ഹാസ്യാത്മകത അനുവാചകനെ രസിപ്പിക്കും. കഥാപാത്രങ്ങളുടെ സ്വാഭാവിക സംഭാഷണവും.

ഏതോ ഒരു മീറ്റിങ്ങിനു പോയിട്ടു തിരിച്ചു തിരുവനന്തപുരത്തേക്കു വരുമ്പോള്‍ കിളിമാനൂരില്‍ കാറ് നിര്‍ത്തി, ചായ കുടിക്കാനായി, അര്‍ദ്ധരാത്രി, ചായക്കടയുടെ വെളിയില്‍ ബഞ്ചില്‍ക്കിടന്നു് ഒരാള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. വല്ലാത്ത ശബ്ദം. മൈക്കു് അയാളുടെ മൂക്കിനടുത്തു വച്ചുകൊടുത്താല്‍ കിളിമാനൂരെ ജനങ്ങള്‍ ഞെട്ടിയുണരും. ഞങ്ങള്‍ രാജവീഥിയുടെ സമതലത്തില്‍ നില്ക്കുമ്പോള്‍ അയാള്‍ കൂര്‍ക്കം വലിക്കലെന്ന സഹ്യപര്‍വ്വതം ചവിട്ടിക്കയറുകയായിരുന്നു. ആ പാദപതനശബ്ദം അസഹനീയം. സാഹിത്യത്തിലെ പ്രചാരണം പര്‍വ്വതം ചവിട്ടിക്കയറലാണു്. അതു സ്വാഭാവികമല്ല, കൃത്രിമമാണു്. ബക്കളം ദാമോദരന്‍ രാജവീഥിയില്‍ ഉറങ്ങാതെ നില്ക്കുന്നു. നില്ക്കട്ടെ.

നേരത്തേ മരിച്ചവര്‍ ഭാഗ്യവാന്മാര്‍

മഹായശസ്കരായ ചില സാഹിത്യകാരന്മാരുടെ ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍ മഹാന്മാര്‍തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അവ താഴെ ചേര്‍ക്കുന്നു.

  1. ക്ലൈസ്റ്റ് (ജര്‍മ്മന്‍ നാടക കര്‍ത്താവു്). രചനകള്‍ കലാത്മകങ്ങളല്ലെന്നു ഗോയ്ഥേ ഉള്‍പ്പെട്ടവര്‍ പറഞ്ഞതിനാല്‍ (ക്രോച്ചെ).
  2. മയകോവ്സ്കി (റഷ്യന്‍ കവി) റഷ്യന്‍ വിപ്ളവത്തിനു താനുദ്ദേശിച്ച മുഖമില്ലാതിരുന്തിനാല്‍. (ഹെര്‍ബര്‍ട്ട് റീഡ്).
  3. യിസ്യേനിന്‍ (Yesenin റഷ്യന്‍ കവി) റഷ്യന്‍ വിപ്ളവം ജനിപ്പിച്ച മോഹഭംഗത്താല്‍ (റീഡ്).
  4. പ്ലേത്ത് (അമേരിക്കന്‍ കവയിത്രി, നോവലിസ്റ്റ്) ഭേദമാകാത്ത രോഗം പിടിപ്പെട്ടതിനാല്‍ (സേമൂര്‍ സ്മിത്തും മറ്റു പ്രമുഖ നിരൂപകരും).
  5. ചേസാറേ പാവെസേ (Cesare Pavese, ഇറ്റലിയന്‍ നോവലിസ്റ്റ്, കവി) Incontrovertibly the greatest European writer എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സാഹിത്യകാരന്‍ ഫാസ്സിസത്തോടുള്ള വെറുപ്പുകൊണ്ടു് ആത്മഹത്യ ചെയ്തു — എല്ലാ നിരൂപകരും.

കോളിന്‍ വില്‍സണ്‍ന്റെ The Outsider എന്ന പുസ്തകം 1956-ലും എം. അല്‍വറസിന്റെ The Savage God എന്ന പുസ്തകം 1971-ലുമാണു് പ്രസിദ്ധപ്പെടുത്തിയതു്. ഈ വര്‍ഷങ്ങള്‍ക്കു ശേഷമാണു് മേല്പറഞ്ഞ ആത്മഹത്യകളെങ്കില്‍ ആ സാഹിത്യകാരന്മാരും ഇടപ്പള്ളി രാഘവന്‍ പിള്ളയെപ്പോലെ എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട് സൈഡേഴ്സ് ആയേനേ. കെ.പി. വാസു കലാകൗമുദിയില്‍ എഴുതിയ “ദാര്‍ശനികന്റെ കൊളുത്തു്” എന്ന യുക്തിയുക്തമായ ലേഖനം വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി.