close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 10 31


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 10 31
മുൻലക്കം 1997 10 24
പിൻലക്കം 1997 11 07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വിശ്വപ്രശസ്തിയാർജ്ജിച്ച മാർക്‌സിസ്റ്റ് നിരൂപകനാണു ഫ്രഡറിക് ജെയിംസൻ. ഇറ്റാല്യൻ ഭാഷയിൽ ഫ്രാങ്കോ മൊറോത്തി എഴുതിയ ‘Modern Epic’ എന്ന പുസ്തകത്തെക്കുറിച്ചു ജെയിംസൻ പറഞ്ഞത് ഇങ്ങനെയാണ്: ആധുനികതയെ സംബന്ധിച്ച പരമ്പരാഗതങ്ങളായ ചർച്ചകളിൽ സമ്പൂർണ്ണവും നൂതനവുമായ പ്രകാശം വീഴ്ത്തുന്നു മൊറോത്തി. ‘Modern Epic‘ ഉത്തേജിപ്പിക്കുന്നു. പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം ഈ പ്രൗഢ ഗ്രന്ഥത്തിൽ ഔന്നത്യത്തിലെത്തിയിരിക്കുന്നു.”

മൊറോത്തി അവതാരികയിൽ പറയുന്നു: ഫൗസ്‌റ്റ്(ഗൊയ്‌ഥേയുടെ കൃതി)മോബീഡിക് (മെല്വിലിന്റെ നോവൽ) ദ നീബലുങ്‌സ് റിങ് (The Nibelung’s Ring വാഗ്നറുടെ സംഗീത നാടകം) യുലിസ്‌യീസ് (ജെയിംസ് ജോയ്സിന്റെ നോവൽ) കാന്റോസ് (എസ്റപൗണ്ടിന്റെ കാവ്യങ്ങൾ) ദ വേസ്‌റ്റ്ലൻഡ്(എല്യറ്റിന്റെ കാവ്യം) ദ മ്ആൻ വിത്തൗട്ട് ക്വാളിറ്റീസ്(മ്യുസിലിന്റെ നോവൽ) വൺ ഹണ്ട്രണ്ട് ഈയേഴ്‌സ് ഒഫ് സോളിറ്റ്യൂഡ്(മാർകേസിന്റെ നോവൽ)ഇവ വെറും പഴയ പുസ്തകങ്ങളല്ല: കീർത്തിസ്തംഭങ്ങളാണ്. ആധുനികരായ പാശ്ചാത്യ നിരൂപകർ ഈ ഗ്രന്ഥങ്ങളുടെ രഹസ്യം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. മൊറേത്തി ഇപ്പുസ്തകങ്ങളെ ആധുനികങ്ങളായ ഇതിഹാസങ്ങൾ എന്നു വിളിക്കുന്നു. (Modern Epics) വിദൂരമായ ഭൂതകാലത്തോടു ബന്ധമുഌഅതിനാലും ഘടനാപരമായ സാദൃശ്യങ്ങ്നൾ ഉള്ളതിനലും അവ ഇതിഹാസങ്ങൾ. ചിത്രീകരിക്കുന്ന സ്ഥലത്തിന് ആ സ്ഥലത്തെ അതിലംഘിക്കുന്ന മാനങ്ങൾ(dimensions)ഉള്ളതിനാൽ ആധുനികം. വിശ്വഗ്രന്ഥങ്ങൾ - World texts എന്നു ഇവയെ വിളിക്കാം.

സ്ഥല പരിമിതിയെക്കരുതി ഞാൻ മാർകേസിന്റെ നോവലിന്റെക്കുറിച്ചു മൊറേത്തി പറഞ്ഞതു മാത്രം വളരെച്ചുരുക്കി എഴുതുന്നു. മറ്റു കൃതികൾക്ക് ഇല്ലാത്ത സവിശേഷതയുണ്ട് ഈ നോവലിന്. ആ സവിശേഷത മഹാനായ മറ്റിരു ലാറ്റിനമേരിക്കൻ നോവലിസ്‌റ്റ് വാർഗാസ് യോസ സ്‌പഷ്ടമാക്കിയിട്ടുണ്ട്. ‘തുടക്കത്തിൽ ഒരു കഥാസംഭവം അതു ഭാവിയിലുള്ളതാണ്. ആ ആഖ്യാനം പൊടുന്നനെ അതിവിദൂരമായ ഭൂതകാലത്തേക്കു പോകുന്നു. ഇങ്ങനെ സംഭവം എവിടെത്തുടങ്ങിയോ അവിടെ എത്തുന്നു. ആഖ്യാനത്തിന്റെ ഈ ചാക്രിക ചലനം നോവലിന് ഐതിഹാസികമായ മഹത്വം നൽകുന്നുണ്ട്. മാർകേസ് ഉപയോഗിക്കുന്ന മാജിക്കൽ റിയലിസം ഈ മഹത്ത്വത്തിനു പരിവേഷം ചാർത്തുന്നു. മൊറേത്തി പറഞ്ഞതല്ല. ആശയ വിശദീകരണത്തിനു വേണ്ടി ഞാൻ എഴുതുകയാണ്. റ്റോമസ് മാനിന്റെ നോവലുകളിൽ ഇതു കാണാനില്ല. അവ ഒരു ദേശത്തോ കൊടുംബത്തിലോ ഒതുങ്ങി നിൽക്കുമ്പോൾ കാലത്തെയും ഉല്ലംഘിച്ച് അന്യാദൃശമായ ഒരുമണ്ഡലത്തിൽ ചെല്ലുന്നു.

ഭാവികാലം അനുധാവനം ചെയ്യുന്ന വർത്തമാനകാലം. അതു ഭൂതകാലത്തേക്കു നയിക്കുന്നു. വിചിത്രമാണ് വർത്തമാനകാലം. അതു സ്ഥിരതയില്ലാത്തതും. നെഹ്റു ഒരു നിശ്ചിത നിമിഷത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ പ്രത്യാനയിക്കാൻ വയ്യാത്ത ഒരു ഭൂതകാലത്തിന്റെ വേർപെടുത്തൽ പ്രഖ്യാപിക്കുമ്പോൾ ഒരു ’നിമിഷം’ആഗമിക്കുന്നു. അപ്പോൾ നമ്മൾ പഴയതിൽ നിന്ന് പുതിയതിലേക്കു കാലു വയ്ക്കുന്നു. ആ സന്ദർഭത്തിൽ ഒരുയുഗം അവസാനിക്കയാണ്. (Midnigh’s Children, Tick Tock) അതോടെ മാന്ത്രികശക്‌തിയുള്ള ആയിരത്തിയൊന്നു ശിശുക്കൾ ജനിക്കുന്നു. ആരു നിലനില്‌ക്കും? നവീന രാഷ്ട്രീയമോ അതോ മാന്ത്രികശക്തിയുള്ള കുഞ്ഞുങ്ങളോ? അതു തന്നെ മാർകേസിന്റെ നോവലിലെ പട്ടണത്തിലുമുണ്ടാകുന്നു. ഭാവിയിൽ നിന്നു വീഴുന്ന കണ്ടുപിടുത്തങ്ങളുമായി ജിപ്സികൾ അവിടെ വരുന്നു. ചരിത്രം പ്രവഹിക്കാൻ തുടങ്ങുന്നു. ഇതാണ് മാർകേസിന്റെ Wrld Text-നുള്ള അന്യാദൃശസ്വഭാവം.

യൂലിസ്‌യീസിനെക്കുറിച്ച് റ്റ്. എസ്. എല്യറ്റ് പറഞ്ഞത് ‘It is no longer a novel’ എന്നാണ്. ജോയ്‌സിന്റെ ഈ കൃതിയും മോറേത്തി എടുത്തു കാണിക്കുന്ന മറ്റു കൃതികളും ഒരതീത സാഹിത്യരൂപത്തിൽ പെടുന്നു. താൻ നിരൂപണം ചെയ്യുന്ന കൃതികളുടെ അഗാധതയിലേക്കു കടക്കാൻ മോറേത്തിക്കു പ്രയാസമില്ല. ഈ കാലയളവിലുണ്ടായ മഹത്ത്വമാർന്ന നിരൂപണമായി ഞാൻ ഈ ഗ്രന്ഥത്തെ കാണുന്നു. (Modern Epic. The World System from Goethe to Garcia Marquez-Franco Moretti-Tranlated by Quintin Hoare-Verso, London-First Published in 1996-Pages 256-Rs.852=60)

ചോദ്യം, ഉത്തരം

കേരളത്തിലെ വിപ്ലവകാരികൾ എങ്ങനെ?

കടുവയില്ലാത്ത നാട്ടിൽ സ്വയം കടുവയാണെന്നു വിചാരിച്ച് തലയുയർത്തി നടക്കുന്ന കാട്ടുപൂച്ചയാണ് കേരളത്തിലെ വിപ്ലവകാരി.


Symbol question.svg.png വേശ്യകൾ ലജ്ജിക്കുമോ?

ഫ്രഞ്ച് മഹാകവി ബോദലെർ താങ്കൾക്കുള്ള മറുപടി പണ്ടേ പറഞ്ഞിട്ടുണ്ട്. കേൾക്കുക: ‘ദുർബലരായ ഈ ഇടത്തരക്കാരെല്ലാം ഇടവിടാതെ പറഞ്ഞുകൊണ്ടിരിക്കുന്ന വാക്കുകൾ- അസാന്മാർഗ്ഗികം. അസാന്മാർഗ്ഗികത്വം, കലയിലെ സന്മാർഗ്ഗം. ബുദ്ധിശൂന്യങ്ങളായ ശൈലികൾ ഇവയെല്ലാം- അഞ്ച് ഫ്രാങ്ക് വേശ്യയായ ലുയീസ് വിൽദ്യുവിനെയാണ് ഓർമിപ്പിക്കുന്നത്. ഒരു ദിവസം, അവൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലൂപ്രെ കാണാൻ എന്നോടുകൂടി വന്നു. ലജ്ജാവൈശ്യത്തോടെ കൈകൾ കൊണ്ടു മുഖം പൊത്തി അവൾ. അനശ്വങ്ങളായ പ്രതിമകളുടെയും ചിത്രങ്ങളുടെയും മുമ്പിൽ നിന്ന്. എന്റെ ഉടുപ്പിന്റെ കൈ നിരന്തരം പിടിച്ചു വലിച്ചുകൊണ്ട് അവൾ എന്നോടു ചോദിച്ചു അത്തരം അസഭ്യങ്ങൾ അവർ എങ്ങനെ പരസ്യമായി കാണുന്നുവെന്ന്.’

(ലൂപ്രെ= പാരീസിലെ ആർട് മ്യൂസിയം. നഗ്നപ്രതിമകളും നഗ്നചിത്രങ്ങളും അവിടെ ഏറെയുണ്ട്)

Symbol question.svg.png മറ്റുള്ളവരെ നമ്മൾ വിലയിരുത്തുന്നത് എങ്ങനെ?

അന്യരെ കാണുമ്പോൾ നമ്മൾ സ്വന്തം വിചാരവികാരങ്ങളെയാണ് അയാളിൽ ആരോപിക്കുന്നത്. ഒരു സന്ധ്യാവേളയിൽ ഞാൻ ഒരു ഹോമിയോ ഡോക്ടറോടു സംസാരിച്ചുകൊണ്ടു റോഡിൽ നിൽക്കുകയായിരുന്നു. വേദന കാണിക്കുന്ന മുഖവുമായി അതിലേ ഒരു ചെറുപ്പക്കാരി കടന്നുപോയി. ഡോക്ടർ ഉടനെ പറഞ്ഞു: ‘യൂട്ടെറസ്കാൻസറിന്റെ ആരംഭമാണ് ഇവർക്ക്’. വേറൊരാൾ പറയും: ‘ഭർത്താവിന്റെ ക്രൂരതയാൽ വലരെ ദുഃഖിക്കുന്നവൾ’. കടുത്ത സന്മാർഗ്ഗവാദി പറയും: ’ആരും കൂട്ടില്ലാതെ പോകുന്ന ഇവൾ നല്ല കുടുംബത്തിൽ ജനിച്ചവളല്ല’.

Symbol question.svg.png ഉത്കട വികാരങ്ങൾക്കു സ്ഥായിത്വമില്ലാത്തത് എന്തുകൊണ്ട്?

അവയ്ക്കു സ്ഥിരത ഇല്ലെന്നു മാത്രമല്ല നേരെ വിപരീതമായ സ്വഭാവവും വരും. അഹിംസയിൽ വിശ്വസിക്കുന്നവൻ ഒരുകാലത്തു കൊലപാതകിയാകും. കടുത്ത നക്സലൈറ്റ് കടുത്ത ഈശ്വരഭക്തനാകും. ‘ഊറ്റം കൂടിയ കമ്മ്യൂണിസ്റ്റ് ഊറ്റമേറിയ ആന്റി കമ്മൂണിസ്റ്റാകും; പ്രബലനായ ആന്റി കമ്മൂണിസ്റ്റ് പ്രബലനായ കമ്മ്യൂണിസ്റ്റാകും’ എന്ന് കെസ്ലർ പറഞ്ഞിട്ടുണ്ട്.

Symbol question.svg.png നിങ്ങളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ചിത്രമേത്?

ഞാനൊരു ദിവസം മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം പടിഞ്ഞാറോട്ടു നോക്കി ഇരിക്കുകയായിരുന്നു. ഞാൻ ചെന്നത് അദ്ദേഹം അറിഞ്ഞതേയില്ല. കവിതയിലൂടെ പ്രപഞ്ചത്തിനപ്പുറത്തേക്കു നോക്കിയ കവി അവിടെയിരുന്നും അതനുഷ്ടിക്കുകയായിരുന്നു. ഈ ഇരിപ്പും കവിയുടെ മുഖഭാവവും ഞാൻ ഒരിക്കലും വിസ്മരിക്കില്ല.

Symbol question.svg.png കേരളത്തിലെ വിപ്ലവകാരികൾ എങ്ങനെ?

കടുവയില്ലാത്ത നാട്ടിൽ സ്വയം കടുവയാണെന്നു വിചാരിച്ച് തലയുയർത്തി നടക്കുന്ന കാട്ടുപൂച്ചയാണ് കേരളത്തിലെ വിപ്ലവകാരി.

Symbol question.svg.png നിങ്ങൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന നായല്ലേ?

അതേ. ഞാൻ ചന്ദ്രനെ നോക്കി കുരയ്ക്കുന്നു. ചോദ്യം ചോദിക്കുന്നവരും മറ്റുള്ളവരും എന്നെ നോക്കി കുരയ്ക്കുന്നു.

Symbol question.svg.png ദു:ഖം ജനിപ്പിക്കുന്ന കാഴ്ചയേത്

കൈയിലുണ്ടായിരുന്ന അയ്യായിരം രൂപയിൽ 4999 രൂപയും ചെലവാക്കിക്കഴിഞ്ഞ് അവശേഷിക്കുന്ന ഒരു രൂപ. ഇരുട്ടു വീണ വേളയിൽ വിജനമായ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന സുന്ദരി. സ്ഫടികപാളികളിൽ നിറച്ച ജലത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചലനം കൊണ്ട് തടവിൽ കിടക്കുന്ന സ്വർണ്ണമത്സ്യം ഈ ദർശനങ്ങൾ ദു:ഖദായകങ്ങളാണ്.

വൃദ്ധയുടെ മരണം

തിരുവനന്തപുരത്തെ ആയൂർവേദ കോളേജിന് സമീപം അല്പം തെക്കുമാറി വഞ്ചിയൂർ എന്ന സ്ഥലത്തേക്കു പോകുന്ന റോഡുണ്ട്. ആ റോഡിലൂടെ അറുന്നൂറടി മുൻപോട്ടു പോയാൽ കുന്നുമ്പുറം എന്ന സ്ഥലത്തെത്തും. അവിടെയുള്ള ഒരു വീട്ടിൽ താമസിച്ചുകൊണ്ടാണ് ഞാൻ പ്രൈമറി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിച്ചത്. എനിക്ക് അന്ന് ഏഴു വയസ്സ്. എങ്കിലും സിതോപലത്തിന്റെ സുതാര്യതയുണ്ട് ഓർമ്മകൾക്ക്. വക്കീലായിരുന്ന, കവിയായിരുന്ന, എ. ആർ. രാജരാജവർമ്മയുമായി അടുപ്പമുണ്ടായിരുന്ന ആർ. നീലകണ്ഠപിള്ള എന്ന കാരണവരോടുകൂടിയായിരുന്നു എന്റെ താമസം. അദ്ദേഹം ശരീരത്തിലാകെ നീരു വന്നു മരിച്ചു. പക്ഷേ അദ്ദേഹത്തിന്റെ അമ്മ 94 വയസ്സായിട്ടും മരിച്ചില്ല. കൂടക്കൂടെ അവർ ബോധമില്ലാതെ കിടക്കും. മരിക്കാൻ പോകുന്നു വൃദ്ധയെന്നു വിചാരിച്ചു വീട്ടിലുള്ളവർ മറ്റു ബന്ധുക്കളെ വിളിച്ചു വരുത്തും. അവർ ദിവസങ്ങളോളം കാത്തിരിക്കും. അതു വെറുതേ. ഒരു ദിവസം വൃദ്ധയങ്ങ് എഴുന്നേൽക്കും. മുറ്റത്തെ പ്ലാവിലകൾ പെറുക്കിയെടുക്കും. ഇങ്ങനെ ആറോ ഏഴോ തവണ അവർ ബന്ധുക്കളെ പറ്റിച്ചപ്പോൾ ആരും അവരെ പരിഗണിക്കാതെയായി. വൃദ്ധയ്ക്ക് ആഹാരം കൊടുക്കുന്നതിലും ശ്രദ്ധയില്ലായ്മ. അതുകൊണ്ടെന്ത്? വൃദ്ധയ്ക്കു ഒരു കൂസലുമില്ല. കാലത്ത് ഒരുഗ്ലാസ്സ് കട്ടൻകാപ്പി മാത്രം കുടിച്ചുകൊണ്ട് അവർ ഇരുപത്തിയഞ്ചു വയസ്സുള്ള ചെറുപ്പക്കാരിയുടെ ശക്തി പ്രകടിപ്പിച്ചു വീട്ടിനകത്തും പുറത്തും നടക്കുമായിരുന്നു. ഒരു ദിവസം വീട്ടിൽ ഇഡ്ഡലിയും ഇറച്ചിക്കറിയും ഉണ്ടാക്കി. കറിയുടെ മണം പരന്നപ്പോൾ വൃദ്ധയ്ക്കു ലാലാജലമൊഴുകി. കാരണവരുടെ വളർത്തു മകനായ ശേഖരനെ വിളിച്ച് അവർ പറഞ്ഞു: ‘ശേഖരാ, എനിക്കു ഇഡ്ഡലിയും ഇറച്ചിയും വേണം.’ കാരണവരുടെ ഭാര്യ നൽകിയ അനുവാദത്തോടെ ശേഖരൻ മൂന്നിഡ്ഡലിയും ഇറച്ചിക്കറിയും വൃദ്ധയ്ക്കു കൊണ്ടു കൊടുത്തു. ആവർ ആർത്തിയോടെ അതുള്ളിലാക്കി. എഴുന്നേറ്റു കൈ കഴുകി. കുലുക്കുഴിഞ്ഞു. പുല്പായിൽ വന്ന് ഇരുന്നു. മലർന്നു. കണ്ണടച്ചു. മരിച്ചു. ശരിയായി ആഹാരമില്ലാത്ത വൃദ്ധ ഇഡ്ഡലിയും ഇറച്ചിക്കൂട്ടാനും കഴിച്ചാൽ മരിക്കുമെന്ന് മെഡിക്കൽ സയൻസിൽ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അതാണു സംഭവിച്ചത്.

ഇതു ശാസ്ത്രീയ സത്യമാണെങ്കിൽ അതിനു യോജിച്ച വിധത്തിൽ തന്നെയാണ് ശ്രീ. കൃഷ്ണപുരം കൃഷ്ണൻകുട്ടി ദേശാഭിമാനി വാരികയുടെ വെള്ളത്താളുകളിൽ ‘ആനന്ദഭൈരവി’ എന്ന കഥാവൃദ്ധയെ കിടത്തിയിരിക്കുന്നത്. അദ്ദേഹം അവരെ അവഗണിക്കുന്നു. അതുകണ്ട് ആരും കലയുടെ ഭക്ഷണം നൽകാമെന്നു വിചാരിക്കേണ്ടതില്ല. കഥാകിഴവി ഉടനെ മരിച്ചു പോകും. വയസ്സി അങ്ങനെതന്നെ കിടക്കട്ടെ. മകന്റെ ഉത്കർഷത്തിൽ മനസ്സിരുത്താതെ സംഗീതത്തിൽ മാത്രം താല്പര്യം കാണിച്ച അച്ഛനെ അവൻ വെറുത്തു പോലും. അയാൾ മരിച്ചിട്ടും അവന് ആ വെറുപ്പ് പോയില്ല പോലും. അച്ഛന്റെ സംഗീതോപകരണം-വീണ-എടുത്തു വായിച്ച ഭാര്യയെ അവൻ അവളുടെ വീട്ടിൽ പറഞ്ഞയച്ചു പോലും. പിന്നീട് കാരണമൊന്നും കൂടാതെ മാനസാന്തരം വന്ന് അവൻ വീണയെടുത്തു സ്വന്തം മാറോടു ചേർത്തു ദുഃഖിച്ചു പോലും. ഈ കഥാവൃദ്ധയ്ക്കു കലയുടെ ഇഡ്ഡലിയും കറിയും കൊടുത്താൽ അവർ ഉടനെ മരിക്കും. ആരുടെ മരണവും നമ്മൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് വായനക്കാരെ മെനക്കെടുത്തിക്കൊണ്ട് വയസ്സി ഇമ്മട്ടിൽ തന്നെ കിടന്നുകൊള്ളട്ടെ.

ഇതു വെറും കൊച്ചുവർത്തമാനമാണെന്ന് വായനക്കാർക്ക് തോന്നുന്നുണ്ടോ? എങ്കിൽ എന്നാലാവും വിധം വിമർശനപരമായി ചിലതു പറയാം. കഥയ്ക്ക് വിഷയമേതുമാകാം. പക്ഷേ ആ വിഷയത്തെ നൂതന രൂപത്തിൽ ആലേഖനം ചെയ്യുമ്പോൾ കലാപരമായ വിശ്വാസ്യതയുണ്ടാകണം. ആ വിശ്വാസ്യതയാൽ അതു തുടിക്കണം. സൗന്ദര്യത്തിന്റെ മുൻപിൽ സഹൃദയൻ വികാര വിവശനാവും. അതിന്റെ സാന്നിദ്ധ്യം അയാൾക്ക് ഹർഷാതിരേകം ഉളവാക്കും. ഇതൊന്നും കൃഷ്ണൻകുട്ടിയുടെ കഥയിൽ ഇല്ല. കലയുടെ മണ്ഡലത്തിൽപ്പോലും അവിശ്വാസജനകമായി അദ്ദേഹം ചിലതു വ്യർഥമായി പറയുന്നു. അത്രയേയുള്ളൂ.

പ്രബന്ധച്ഛായ

ബാഷേവിസ് സിങ്ങറുടെ നോവലുകളിലും ചെറുകഥകളിലും ആശയങ്ങളൂടെ കുറവുണ്ട്. ആൽഡസ് ഹക്സ്‌ലിയുടെ നോവലുകളിൽ, കഥകളിൽ ആശയങ്ങൾ ഉന്തിനിൽക്കുന്നു. രണ്ടും ശരിയായ മാർഗ്ഗമല്ല. മലയാള സാഹിത്യത്തിലേക്ക് വന്നാൽ ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നോവലിൽ ആശയസമുച്ചയം ഭാവനാപരങ്ങളായ അംശങ്ങളും നിർക്ഷീരന്യായമനുസരിച്ച് സങ്കലനം ചെയ്തിരിക്കുന്നു. കെ. സുരേന്ദ്രന്റെ നോവലുകളിൽ എസ്സേയ് (essay = ഉപന്യാസം) എന്നതിനാണ് പ്രാധാന്യം. വിരളമായേ ഭാവനയുടെ അംശങ്ങൾ അവയിലുള്ളൂ. ഈ ലേഖകന് സാഹിത്യസൃഷ്ടി ഭാവനാത്മകമായ ആഖ്യാനമായിരിക്കണമെന്ന് നിർബന്ധമുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീനെ’ന്ന നോവലിൽ ആശയവും ഭാവനയും വേർതിരിച്ചെടുക്കാൻ വയ്യാത്ത വിധത്തിൽ ആശ്ലേഷത്തിൽ അമർന്നിരിക്കുന്നു. ശ്രീ. പ്രഭാശങ്കർ എഴുതിയ ‘സംഭാവ്യം’ എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഭാവനയ്ക്ക് സ്ഥാനമില്ല. കലാകഞ്ചുകം ധരിക്കാത്ത ആശയമാണതിൽ. സംസ്കാരം തിരെയില്ലാത്ത സമകാലീക സമുദായത്തിൽ കൊലപാതകികൾ മാത്രമല്ല വധപരിപാടികളിൽ മുഴുകുന്നത്. നിയമത്തിന്റെ അധികാരികളും അതു ചെയ്യുന്നു എന്നാണ് കഥാകാരന് പറയാനുള്ളത്. അധികാരികളാൽ ബലിമൃഗമാക്കപ്പെട്ടവർ പിന്നീട് ആത്മഹത്യ ചെയുന്നു. കഥ കുറെ വാക്യങ്ങളുടേ സമാഹാരം മാത്രമാണ്. ഇതിൽ സർഗ്ഗാത്മകതയുടെ ഊർജ്ജമില്ല. നാടകീയതയുടെ പിരിമുറുക്കമില്ല. ആശയം കഥാകാരന്റെ ജീവ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടില്ല. ഭാവാത്മകമായ രചന നിർവ്വഹിക്കാൻ പ്രഭാശങ്കറിന് ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം ഇനിയും അശാന്ത പരിശ്രമം ചെയ്യേണ്ടിയിരിക്കുന്നു.

വിശദീകരണങ്ങൾ

പെൻഷൻ
സർക്കാർ ജോലി നോക്കുമ്പോൾ പേടിത്തൊണ്ടനായി കഴിയുന്നവന് ഈ വാർദ്ധക്യകാല വേതനം കിട്ടിത്തുടങ്ങിയാൽ പ്രധാനമന്ത്രിയെ വരെ തെറി പറയാൻ കഴിയും.
കൃത്രിമപ്പല്ല്
ഹോട്ടലിൽ കയറി കാപ്പി കുടിച്ചിട്ട് കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നവർക്ക് ഓക്കാനമുണ്ടാക്കാൻ വേണ്ടി വിരലുകൾ സ്വന്തം വായിലേക്കിട്ട് എടുത്ത് വാഷ് ബെയ്സിനിൽ കഴുകാനുള്ളത്.
ചാരുകസേര
നീണ്ടുനിവർന്നു കിടക്കുന്നവന് കൂനുവരുത്താൻ പറ്റിയത്. ഒരിക്കൽ പി. കേശവദേവ് എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ ചരുകസേരയിൽ കിടക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തെക്കണ്ട് എഴുന്നേറ്റയുടനെ അദ്ദേഹം ചെയ്തത് അതിന്റെ കമ്പുകൾ ഊരിയെടുത്ത് കാൻവാസ് ചുരുട്ടിക്കൂട്ടി മുറ്റത്തേക്കെറിയുകയായിരുന്നു. ‘നിങ്ങൾക്ക് രോഗം വരുന്നത് എനിക്കിഷ്ടമല്ല’ എന്നു ദേവ് സ്നേഹത്തോടെ പറഞ്ഞു.
പൊളിറ്റിക്സ്
സാഹിത്യകാരന്മാർ ഇതിൽ നിന്ന് ഒഴിഞ്ഞുനിന്നാൽ അവർക്ക് സർഗ്ഗശക്തി കൂടും. ബഹുജനമാകെ സ്നേഹിക്കും, ബഹുമാനിക്കും.
ബോറൻ
മറ്റുള്ളവർക്ക് ഞാനാരായി കാണപ്പെടുന്നുവോ ആ ആൾ.
അടിക്കുറിപ്പുകൾ
വ്യക്തമായി കവിതയെഴുതാൻ കഴിവില്ലാത്തവർ പുറത്തിന്റെ താഴെ വരച്ച വരക്ക് താഴെയായി എഴുതുന്നവ.
കവികൾ
പൂച്ചകൾ തമ്മിൽ കാണുമ്പോൾ ‘മ്യാവൂ’ ശബ്ദം കേൾപ്പിക്കുന്നതുപോലെ പരസ്പര ദർശനത്തിൽ ഉള്ളിൽ ആ ശബ്ദം പുറപ്പെടുവിക്കുകയും പുറമേ ചിരിക്കുകയും ചെയ്യുന്നവർ.

തോന്നലുകൾ

നല്ല എഴുത്തുകാരെല്ലാം പൊയ്ക്കഴിഞ്ഞു. ജി. ശങ്കരക്കുറൂപ്പ്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ ഇങ്ങനെ പലരും യാത്ര പറഞ്ഞു

1. ഭർത്താവ് പരസ്ത്രീഗമനം നടത്തുന്നുവെന്ന് അറിയുന്ന ഭാര്യ നെഞ്ചിലിടിച്ച് നിലവിളിക്കുന്നു. ആ ദുഃഖം കാണുന്ന മറ്റു സ്ത്രീകൾ ഇങ്ങനെ പറയുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. ‘അയ്യോ അയാളെന്തിന് ആ വിധത്തിൽ പ്രവർത്തിക്കുന്നു. പരമസുന്ദരിയല്ലേ അയാളുടെ ഭാര്യ?’ സ്ത്രീക്ക് സഹജാവബോധമുണ്ട്, കാരുണ്യമുണ്ട്, എന്നൊക്കെ ഞാൻ സമ്മതിക്കുന്നു. പക്ഷേ പുരുഷന്റെ സൈക്കോളജിയെക്കുറിച്ച് അവൾക്ക് അറിഞ്ഞുകൂടാ. A sweet heart is a bottle of wine; a wife is a wine bottle - കാമുകി ഒരു കുപ്പി വൈനാണ്; ഭാര്യ വെറും വൈൻകുപ്പിയാണ് എന്നു ബോദെലർ പറഞ്ഞത് ഇവർ ഓർമ്മിക്കണം.

2. സൗധങ്ങൾ ചില സ്ഥലങ്ങളിൽ ഉയരുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ വായനക്കാർ. നമ്മൾ ദിവസവും ജന്നലിലൂടെ നോക്കുന്നതാണ്. ആരും പണിയിൽ ഏർപ്പെട്ടിരിക്കുന്നത് കാണുകയില്ല. സിമന്റോ കമ്പിയോ ചുടുകല്ലോ ലോറിയിൽ കൊണ്ടിറക്കുന്നതും നമ്മൾ കാണുകയില്ല. ഒരു ദിവസം നോക്കുമ്പോൾ മനോഹരമായ സൗധം ഉയർന്നു നിന്ന് കാന്തി വിതറുന്നത് ദർശിക്കും നമ്മൾ. ഇതുപോലെയാണ് സാഹിത്യത്തിലെ ജീർണ്ണതയെന്ന കൂമ്പാരം ഉയരുന്നത്. എഴുത്തുകാർ കൃതികളെന്ന മാലിന്യം കൊണ്ടു കൂടുന്നതു നമ്മൾ അറിയുന്നില്ല. വീടു നിർമ്മിക്കുന്ന ജോലിക്കാരെ നമ്മൾ കാണത്തതുപോലെ മാലിന്യം കൊണ്ടുതട്ടുന്ന എഴുത്തുകാരെയും നമ്മൾ കാണുന്നില്ല. ഒടുവിൽ ദുസ്സഹമായ നാറ്റം വ്യാപിക്കുമ്പോൾ നമ്മൾ നോക്കുന്നു. മാലിന്യത്തിന്റെ കൂമ്പാരം എവറസ്റ്റിന്റെ ഔന്നത്യത്തോടുകൂടി നിൽക്കുന്നതു ദർശിക്കുന്നു. ഒന്നേ വ്യത്യാസമായുള്ളൂ. സൗധം നമ്മളെ രസിപ്പിക്കുന്നു. ജീർണ്ണതയുടേ ഹിമാലയപർവ്വതം നാറ്റംകൊണ്ട് നമുക്ക് ബോധക്കേടുണ്ടാക്കുന്നു.

3. നമ്മുടെ വീട്ടിൽ പതിവില്ലാതെ അതിഥികളുടെ കൂട്ടം. ചിലരെ നമ്മൾ സ്നേഹികുന്നു, മറ്റു ചിലരെ വെറുക്കുന്നു. വെറുക്കുന്നവർ ആദ്യം പോയെങ്കിൽ എന്നാണ് നമ്മുടെ വിചാരം. പക്ഷേ പോകുന്നത് നമ്മളിഷ്ടപ്പെടുന്നവരാണ്. അവർ എല്ലാവരും പൊയ്ക്കഴിയുമ്പോൾ നമ്മൾ വെറുക്കുന്നവർ മാത്രം കസേരകളിൽ പൃഷ്ഠമുറപ്പിച്ച് ഇരിക്കും. അടുത്ത കാലത്തെങ്ങും പോകുകയില്ല എന്ന ഭാവവും അവരുടെ മുഖങ്ങളിൽ.

നല്ല എഴുത്തുകാരെല്ലാം പൊയ്ക്കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പ്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ ഇങ്ങനെ പലരും യാത്രപറഞ്ഞു. നമ്മൾ വെറുക്കുന്ന ചില സാഹിത്യകാരന്മാർ വീട്ടിലെ കസേരകളിൽ ബലം പ്രദർശിപ്പിച്ച് ഇരിക്കുന്നു. അവർ വളരെക്കാലം ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ സഹായിക്കട്ടെ. സാന്നിദ്ധ്യം കൊണ്ട് നമുക്ക് അസ്വസ്ഥത വരുത്താതിരുന്നാൽ മാത്രം മതി.

4. ഒരിക്കൽ സി. എൻ. ശ്രീകണ്ഠൻ നായർ ഒരു ചെറുകഥയെഴുതിയിട്ട് അതിന്റെ കൈയെഴുത്തു പ്രതി വായിച്ചു നോക്കാനെന്നോടാവശ്യപ്പെട്ടു. ‘കഥ നന്നായില്ല’ എന്നു ഞാൻ പറഞ്ഞു. നീരസം കാണിക്കാതെ ശ്രീകണ്ഠൻ നായർ മറുപടി നൽകി: എന്റെ കഥ അച്ചടിച്ചു വരട്ടെ. അപ്പോൾ കൃഷ്ണൻ നായർ തന്നെ പറയും നല്ല കഥയെന്ന്. അദ്ദേഹത്തിന്റെ കഥ ഒരു വിശേഷാൽ പ്രതിയിൽ അച്ചടിച്ചു വന്നു. ഞാനതു വീണ്ടും വായിച്ചു. കൊള്ളുകില്ലെന്നു ഗ്രഹിക്കുകയും ചെയ്തു. സ്വർണ്ണ സാലഭഞ്ജികമാർ പടിക്കെട്ടിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്നതു നോക്കാതെ ആ പടികൾ ചവിട്ടിക്കയറി ഹാസ്യത്തിന്റെ സുവണ്ണ സിംഹാസനത്തിലിരുന്ന വിക്രമാദിത്യ മഹാരാജാവാണ് ഈ. വി.കൃഷണപിള്ള. വി. കെ. എൻ, സി. പി. നായർ, വേളൂർ കൃഷ്ണൻകുട്ടി, സുകുമാർ ഇങ്ങനെ പ്രഗത്ഭരായ ചിലരൊഴിച്ചു ശേഷമുള്ളവർ ഈ. വി. യെപ്പോലെയാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. വിരസമാണു തങ്ങളുടെ ഹാസ്യലേഖനമെന്നു കണ്ടാലും അവർ അവ പത്രാധിപർക്ക് അയയ്ക്കുന്നു. അച്ചടിച്ചു വരുമ്പോൾ ഹാസ്യം അവയിലുണ്ടായിക്കൊള്ളുമെന്ന വിചാരത്തോടെ അച്ചടിച്ചാൽ കുറെക്കൂടി ഭയാനകത്വം. എങ്ങനെ? കാണാൻ കൊള്ളാത്ത സ്ത്രീ ബ്യൂട്ടിപാർലറിൽ കയറി ‘ഫേഷ്യൽ’ നടത്തി പുറത്തുവന്നു കൂട്ടുകാരിയോടു ചോദിക്കും: ഞാനിപ്പോൾ എങ്ങനെ? വൈരൂപ്യം മുഖത്തെ മിനുക്കുപണികൾക്കു ശേഷം ഇരട്ടിച്ചിരിക്കും. എങ്കിലും കൂട്ടുകാരി പറയും: ’ഇപ്പോൾ സുന്ദരി’. ആ അസത്യപ്രസ്താവം കേട്ട് അവൾ കൂടെക്കൂടെ ബ്യൂട്ടിപാർലറിൽ കയറും. അച്ചടിച്ചു വരുമ്പോൾ ഹാസ്യം ഉണ്ടായിക്കൊള്ളുമെന്നു വിചാരിച്ച് വീണ്ടും വീണ്ടും ലേഖനങ്ങൾ എഴുതി വാരികയ്ക്കു അയയ്ക്കുന്ന ‘ഹാസ്യസാഹിത്യകാരനെ’പ്പോലെ.