സാഹിത്യവാരഫലം 1985 05 12
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1985 05 12 |
ലക്കം | 504 |
മുൻലക്കം | 1985 05 05 |
പിൻലക്കം | 1985 05 19 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഏതോ പുസ്തകത്തില്‍നിന്നു കിട്ടിയ കഥയാണിതു്: ഒരു പാതിരി കൂട്ടുകാരോടൊരുമിച്ചു് പോകുകയായിരുന്നു. പൊടുന്നനവേ ഒരു മില്ല് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ കുറകറ ശബ്ദവും മധുരസംഗീതത്തിന്റെ നിസ്വനവും അയാളുടെ കാതില്‍ വന്നുവീണു. പാതിരി മുന്നോട്ടു ചെന്നപ്പോള്‍ ഒരു സ്ത്രീ പാട്ടുപാടിക്കൊണ്ടു് മില്ല് തിരിക്കുന്നതു കണ്ടു. അയാള്‍ കൂട്ടുകാരനോടു ചോദിച്ചു: “പറയൂ ചങ്ങാതീ കലകൊണ്ടാണോ മില്ല് തിരിക്കുന്നതു്? അതോ അദ്ധ്വാനം കൊണ്ടോ?” കൂട്ടുകാരന്‍ മറുപടി നല്കി: “രണ്ടുകൊണ്ടും, കലയും അദ്ധ്വാനവും മില്ലിനെ തിരിക്കുന്നു.” അപ്പോള്‍ പാതിരി പറഞ്ഞു: “കലയില്ലെങ്കില്‍ അദ്ധ്വാനത്തെ ആര്‍ക്കു സഹിക്കാനാവും? എന്തൊരു വൈചിത്യം!” ഇക്കഥയ്ക്ക് ആശയത്തിന്റെ ചാരുതയുണ്ടെങ്കിലും സത്യാത്മകതയുണ്ടോ? അദ്ധ്വാനത്തിന്റെ ലയത്തില്‍ നിന്നാണു് കലയുണ്ടാകുന്നതെന്ന ചിലരുടെ മതം ഈ കഥയിലൂടെ ആവിഷ്കരിക്കപ്പെടുന്നു. സമ്മതിച്ചു. പക്ഷേ, കയില്‍ കൂകുന്നതു് ചന്ദ്രനെ ചലനം കൊള്ളിക്കാനാണോ? അതിനു യത്നിച്ചപ്പോഴാണോ കുയിലിനു കൂകണമെന്നു തോന്നിയതു്? കലാപ്രവര്‍ത്തനം താല്‍പര്യരഹിതമത്രേ. ശാസ്ത്രീയ പ്രവര്‍ത്തനവും അങ്ങനെ തന്നെ. E = mc2 എന്ന സമവാക്യം ശാസ്ത്രജ്ഞന്‍ എഴുതിയതു് നിസ്സംഗവും താല്പര്യശൂന്യവുമായ പ്രവര്‍ത്തനത്താലാണു്. അതു് ആറ്റം ബോംബിന്റെ നിര്‍മ്മിതിക്കു് സഹായിച്ചെങ്കില്‍ കുറ്റക്കാരന്‍ ശാസ്ത്രജ്ഞനല്ല. വള്ളത്തോളിന്റെ അദ്ധ്വാനാസക്തിയില്‍ നിന്നല്ല ‘മഗ്ദലനമറിയം’ ഉണ്ടായതു്. ഒരു വികാരം അനുധ്യാനത്തിന്റെ പ്രശാന്തതയിലേക്കു ചെന്നപ്പോഴാണു് അതിന്റെ ആവിര്‍ഭാവം.
Contents
കയ്യാല വയ്പു്
അദ്ധ്വാനത്തില്‍ അടിയുറച്ച ഈ കലാസിദ്ധാന്തം ഇങ്ങനെ ഭാഗിക സത്യം മാത്രമായിരിക്കുമ്പോള്‍ കയ്യാലവയ്ക്കുന്നതിനു തുല്യമായ മട്ടില്‍ ദേഹണ്ഡം നടത്തുന്നവരും കേരളത്തിലുണ്ടു് എന്ന സത്യം അര്‍ക്കുകാന്തിയോടെ മറ്റൊരു മണ്ഡലത്തില്‍ പരിലസിക്കുന്നു. അമ്മട്ടിലൊരു ദേഹണ്ഡക്കാരനാണു് കരിമ്പുഴ രാമചന്ദ്രന്‍. അദ്ദേഹം പിക്കാക്സ് എടുത്ത് കട്ടം തറയില്‍ ആഞ്ഞു വെട്ടുന്നതു കണ്ടാലും:
ഉഷസ്സേ നിനക്കുണ്ടൊരു കപ്പു ചായ
ചമയ്ക്കുവാനെന്നില്‍ക്കൊതിയുദിക്കവേ
ഒരു മൂളിപ്പാട്ടിന്‍ മധുരമെന്‍ ചുണ്ടില്‍
ഒരോര്‍മ്മതന്‍ രുചികരമാം മധുരമെന്‍ ചുണ്ടില്‍
മണ്ണു് ഒരിടത്തു കൂട്ടിയിട്ടു് ഒരു കടുംവെള്ളം അതിലൊഴിച്ചു ചെളിയാക്കി അതില്‍ ദേഹണ്ഡക്കാര്‍ ഇടതുകാല്‍ ചവിട്ടിത്താഴ്ത്തുന്നു. അതു വലിച്ചെടുത്തു് വലതുകാല്‍ താഴ്ത്തുന്നു. അങ്ങനെ അവിരാമമായ ബീഭത്സനൃത്തം കണ്ടാലും:
“ഉഷസ്സേ നീ കപ്പില്‍ മൃദുഷ്മളംതാവി
ത്തുളുമ്പുവാനിവന്‍ നളനായ് മാറവേ…”
അല്ലെങ്കില്‍ മതി. മണ്ണു വലിയ ഉരുളയാക്കിയെടുത്തു് അതാ വയ്ക്കുന്നു. അതില്‍ അടിക്കുന്നു, പരത്തുന്നു. മറ്റൊരു ഉരുള അതിന്റെ മുകളില്‍ ജോലിക്കാരന്‍ വിയര്‍ത്തൊഴുകുന്നു. എങ്കിലും കയ്യാല പയ്യെപ്പയ്യെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 31-ആം പുറത്തു് ഉയരുന്നു. അടുത്ത മഴയ്ക്കു വീഴും അതു്. എങ്കിലും ഈ ശ്രമദാനത്തെ വാഴ്ത്താതിരിക്കുന്നതെങ്ങനെ? കരിമ്പുഴ രാമചന്ദ്രന്റെ കയ്യാലവയ്പു് അവിശ്രമം അവിരാമം പുരോഗമിക്കട്ടെ.
ഈ പങ്കഭിത്തി നിര്‍മ്മാണത്തിനിടയില്‍ മണിയൂര്‍ ഇ. ബാലന്‍ പൊലീസിന്റെ നേര്‍ക്കു് ലക്ഷ്യവേധിയായ ശരം അയയ്ക്കുന്നതു കാണാന്‍ ഒരു രസമുണ്ടുതാനും. മരുത്തന്റെ അച്ഛനെ ചില കള്ളന്മാര്‍ ഞെക്കിക്കൊന്നു. മരണാനന്തരപരിശോധന കഴിഞ്ഞു. അപ്പോഴേക്കും പൊലീസിനു ഒരു ശവം കൂടിയേ തീരൂ. ലോക്കപ്പില്‍വച്ചു മരിച്ച ഒരു കങ്കന്‍ നായരുടെ മൃതദേഹം അവര്‍ക്കു മറ്റുള്ളവരെ കാണിച്ചു കൊടുക്കണം. നോട്ടുകെട്ടു മകനു കൊടുത്തു് അവര്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന കഴിഞ്ഞ ശവം സമ്പാദിക്കുന്നു. പിതാപുത്രബന്ധത്തിന്റെ നിരര്‍ത്ഥകത്വം നിയമപരിപാലകരുടെ കൊള്ളരുതായ്മ ഇവയെല്ലാം കഥാകാരന്‍ ധ്വനിപ്പിക്കുന്നു മദ്ധ്യമപദസ്ഥമായ കഥ.
സാഹിത്യത്തിനു് ഉത്കൃഷ്ടം, ഉത്കൃഷ്ടതരം, ഉത്കൃഷ്ടതമം എന്ന വിഭജനമാകാം. അല്ലെങ്കില്‍ ഉപരിസ്ഥം (superior) മദ്ധ്യമപദസ്ഥം (middling) അധഃസ്ഥം (low) എന്ന വിഭജനവുമാകാം. ഇംഗ്ലീഷില്‍ നിന്നാകട്ടെ ഉദാഹരണങ്ങള്‍. ടോള്‍സ്റ്റോയിയുടെ ‘അന്നാകരേനിന’ സുപ്പീരിയര്‍, ഷ്ടെഫാന്‍ സ്വൈഹിന്റെ Beware of Pity എന്ന നോവല്‍ മിഡ്ലിങ് ക്വാളിറ്റി ഉള്ളതു്. ഹാഡ്ലി ചേസിന്റെ “നോ ഓര്‍ക്കിഡ്സ് ഫോര്‍ മിസ് ബ്ലന്‍ഡിഷ്” അധഃസ്ഥം.
തകഴി ശിവശങ്കരപ്പിള്ളയുടെ നോവലുകള്‍ ഏതു വിഭാഗത്തില്‍പെടും? ഞാന്‍ ‘കയര്‍’ വായിച്ചിട്ടില്ല. ആ നോവല്‍ ഉപരിസ്ഥ വിഭാഗത്തില്‍ ചെന്നു നില്ക്കുമെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്. ‘കയര്‍’ വായിച്ചതിനു ശേഷമേ എനിക്കു് അവരോടു യോജിക്കാനോ യോജിക്കാതിരിക്കാനോ കഴിയൂ. എന്നാല്‍ ‘ചെമ്മീന്‍’ ഞാന്‍ പല പരിവൃത്തി വായിച്ചിട്ടുണ്ടു്. മനോഹരമായ ആ നോവല്‍ ‘മദ്ധ്യപദസ്ഥം’ എന്നതിലേ ചെല്ലുകയുള്ളു. കാരണം സാന്ദ്രതയുടെ — ഡെന്‍സിറ്റിയുടെ — കുറവാണു്. ഉദാഹരണം ഒരു സമ്മേളനത്തില്‍ വച്ചു് ഞാന്‍ നല്കുകയുണ്ടായി. റ്റോമാസ് മാന്‍ എഴുതിയ ‘ഡോക്ടര്‍ ഫൗസ്റ്റസി’ന്റെ മൂന്നാമദ്ധ്യായത്തില്‍ “സുതാര്യമായ നഗ്നത”യുള്ള (transparent nudity) ഒരു ചിത്രശലഭത്തെ ഗ്രന്ഥകാരന്‍ വര്‍ണ്ണിക്കുന്നുണ്ടു്. ഹീറ്റേറ എസ്മെറല്‍ഡ എന്നാണു് അതിന്റെ പേരു്. ഈ വര്‍ണ്ണന നിഷ്പ്രയോജനമല്ല. കഥാനായകനായ ലേഫര്‍കൂണ്‍, എസ്മെറല്‍ഡ എന്ന ഒരു വേശ്യയുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ടു് സിഫിലിസ് പിടിച്ചു് ഭ്രാന്തുവന്നു മരിക്കുന്നു. ഇതിനെയും വേറെ ചില സംഭവങ്ങളെയും സൂചിപ്പിക്കാനാണു് നോവലിസ്റ്റ് ആ ചിത്രശലഭത്തെ നേരത്തേ വര്‍ണ്ണിച്ചതു്. ഇതാണു് രചനയുടെ ഡെന്‍സിറ്റി അല്ലെങ്കില്‍ ധ്വനന ശക്തി. ‘ചെമ്മീനി’ന്റെ തുടക്കത്തിലെ രണ്ടു മൂന്നു പുറങ്ങള്‍ അതിന്റെ കേന്ദ്രസ്ഥിതമായ വിഷനോടു ബന്ധപ്പെട്ടതല്ലെന്നും നിഷ്പ്രയോജനമായ രചനയായി അതു് കാണപ്പെടുന്നുവെന്നും ഞാന്‍ പറഞ്ഞു. ഡെന്‍സിറ്റി എന്ന വാക്കിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയാത്ത ഒരു ഐ.എ.എസ്സ്. ഉദ്യോഗസ്ഥന്‍ ചെമ്മീനിനെപ്പോലുള്ള പ്രണയകഥയ്ക്കു് സാന്ദ്രത ദോഷമായി ഭവിക്കുമെന്നു് ചൂണ്ടിക്കാണിച്ചു. സാന്ദ്രതയില്ലാത്ത ചങ്ങമ്പുഴക്കവിതയെ ഞാന്‍ വാഴ്ത്തുന്നതു് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നേരത്തേ പ്രസംഗിച്ചവനെ വിമര്‍ശിക്കുക എന്നതു് അപമര്യാദയാണു്. കാരണം ആദ്യം പ്രസംഗിച്ചവനു് പിന്നെ ‘വോയ്സ്’ ഇല്ലല്ലോ. അയാള്‍ പറഞ്ഞതെന്തെന്നു ശരിയായി മനസ്സിലാക്കാതെ വിമര്‍ശനം നിര്‍വഹിക്കുമ്പോള്‍ ആ അപമര്യാദ വളരെ കൂടുന്നു. അദ്ദേഹത്തിന്റെ അറിവിലേക്കായി ആവര്‍ത്തനം നടത്തട്ടെ. ഡെന്‍സിറ്റി എന്നു പറഞ്ഞാല്‍ ‘രാമരാജാ ബഹദുറി’ലെ കടിച്ചാല്‍ പൊട്ടാത്ത ഭാഷയല്ല. അര്‍ത്ഥാന്തരങ്ങള്‍ ധ്വനിപ്പിക്കാനുള്ള രചനയുടെ ശക്തിയാണതു്. “All happy families are alike, but every unhappy family is unhappy in its own way” എന്ന ‘അന്നാകരേനിന’യിലെ ആദ്യത്തെ വാക്യം ഡെന്‍സിറ്റിയുള്ളതാണു്. സ്കോട്ടിന്റെ The Talisman എന്ന നോവലിന്റെ തുടക്കം (The burning sun of Syria…) വൃഥാസ്ഥൂലമാണു്; ധ്വനിരഹിതമാണു്. എന്നാല്‍ വായിക്കുമ്പോള്‍ ഗുരുത്വമുള്ളതായി തോന്നുകയും ചെയ്യും. Workers of all countries unite. You have nothing to lose but your chains എന്ന വാക്യങ്ങള്‍ ഡെന്‍സിറ്റിയാര്‍ന്നതാണു്.
ബോധമണ്ഡലം മാത്രം
എനിക്കു ടി.വി. വര്‍ക്കിയുടെ കഥകള്‍ ഇഷ്ടമല്ല. കലാകൌമുദിയിലെ കാതറൈന്‍ ചാക്കോയുടെ മരണം എന്ന കഥയും ഇഷ്ടപ്പെട്ടില്ല. മതപരങ്ങളായ അനുഷ്ടാനങ്ങള്‍ക്കു വിലകല്പിക്കാത്ത കാതറൈന്‍ ചാക്കോ പുരോഹിതനെ നിന്ദിക്കുന്നു. ആ നിന്ദനത്തില്‍ കോപിഷ്ഠനായിച്ചമഞ്ഞ പുരോഹിതന്‍ അവളെ തെമ്മാടിക്കുഴിയിലേ അടക്കം ചെയ്യൂ എന്നു ഭീഷണിപ്പെടുത്തുന്നു. പല വിധത്തിലുള്ള മര്‍ദ്ദനങ്ങളില്‍പ്പെട്ടു് കാതറൈന്‍ ആത്മഹത്യ ചെയ്യുന്നു. രണ്ടായിരം രൂപ കിട്ടിയ പുരോഹിതന്‍ മൃതദേഹത്തിനു മാന്യമായ സംസ്കാരസ്ഥലം അനുവദിക്കുന്നു. കാതറൈനെപ്പോലെ വിപ്ലവചിന്താഗതിയുള്ളവര്‍ എല്ലാക്കാലത്തും ഉണ്ടായിരിക്കും എന്നു സൂചിപ്പിച്ചുകൊണ്ടു് കഥാകാരന്‍ കഥ അവസാനിപ്പിക്കുന്നു. ഇതു സററയറാണു്. മതത്തിന്റെയും അതിനെ കൈയടക്കി വച്ചിരിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന്റെയും ആ വര്‍ഗ്ഗത്തിനു് അടിമപ്പെട്ട സമുദായത്തിന്റെയും ചിത്രങ്ങള്‍ ഇക്കഥയിലുണ്ട് കാതറൈന്റെയും പുരോഹിതന്റെയും സ്വഭാവം ചിത്രീകരിക്കുന്നതില്‍ വര്‍ക്കി വിജയം കൈവരിച്ചിരിക്കുന്നു. എങ്കിലും എനിക്കു് ഇഷ്ടപ്പെട്ടില്ല ഇതു്. കാരണം പറയട്ടെ. ബോധമനസ്സും അബോധമനസ്സും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണു് ഉത്കൃഷ്ടമായ കലയുടെ ആവിര്‍ഭാവം. അപ്പോള്‍ വാക്കുകള്‍ അപ്രത്യക്ഷങ്ങളാവുന്നു. ‘വിഷന്‍’ മാത്രമേ നിലനില്‍ക്കു. ടി.വി. വര്‍ക്കി ബോധമനസ്സുകൊണ്ടു മാത്രമാണു് കഥയെഴുതുന്നതു്. ‘അജാഗരിതഹൃത്തി’ല്‍ നിന്നുയര്‍ന്നു വരുന്ന സര്‍ഗ്ഗാത്മകത്വത്തിന്റെ അഗ്നിനാളം അദ്ദേഹത്തിന്റെ ഒരു രചനയിലുമില്ല. ബോധമനസ്സു മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ വാക്കുകള്‍ അല്ലെങ്കില്‍ വാക്യങ്ങള്‍ പ്രാമുഖ്യമാര്‍ജ്ജിച്ചു വാരികയുടെ താളുകളില്‍ കിടക്കും. “ഇതാ പ്രതിഭ സൃഷ്ടിച്ച ലോകം” എന്നു് അദ്ദേഹത്തിന്റെ കഥയെ നോക്കി നമുക്കു പറയാനാവില്ല.
“വാക്കുകള്‍ അപ്രത്യക്ഷങ്ങളാവുകയും ‘വിഷന്‍’ മാത്രം നില്ക്കുകയും ചെയ്യുന്ന ഒരു കഥയുടെ പേരു പറയൂ ജ്യോത്സ്യരേ” എന്നു് ആരോ ആവശ്യപ്പെടുന്നു. പറയാം. ബഷീറിന്റെ ‘നീലവെളിച്ചം’, അദ്ദേഹത്തിന്റെ തന്നെ ‘പൂവമ്പഴം’, ഉറുബിന്റെ ‘വാടക വീടുകള്‍’, കേശവദേവിന്റെ ‘വില്പനക്കാരന്‍’, തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ ഈ കഴിവു് — വാക്കുകളെ അപമാര്‍ജ്ജനം ചെയ്ത് ‘വിഷന്‍’ മാത്രം കൊണ്ടുവരാനുള്ള കഴിവു് — പരമകാഷ്ഠയിലെത്തിയ കഥകളുണ്ടു് വിശ്വസാഹിത്യത്തില്‍. ഒരുദാഹരണം കോണ്‍റഡിന്റെ ‘Heart of Darkness.’
മീഡിയോക്രിറ്റി
ഞാനും കവി ഗൗരീശപട്ടം ശങ്കരന്‍ നായരും തിരുവനന്തപുരത്തെ കൊച്ചാര്‍ റോഡിലൂടെ സായാഹ്നസവാരി നടത്തുകയായിരുന്നു. ഞങ്ങള്‍ക്കെതിരേ ഒരു സ്ത്രീ കുട്ടിയെ നടത്തിക്കൊണ്ടു വരുന്നുണ്ടു്. അവള്‍ക്കഭിമുഖമായി സ്കൂട്ടറില്‍ വന്ന ഒരു ചെറുപ്പക്കാരനെ ആര്‍ത്തിയോടെ അവള്‍ നോക്കിയപ്പോള്‍ കുട്ടി സ്കൂട്ടറിന്റെ മുന്‍പിലേക്ക് എടുത്തു ചാടി. എതിരേ വന്ന സ്ത്രീയില്‍ താല്‍പര്യമില്ലാത്ത യുവാവു് കട്ടി കുറുകെ ചാടുന്നതു കണ്ടു. സ്കൂട്ടര്‍ ഒഴിച്ചു മാറ്റി അവനെ രക്ഷിക്കുകയും ചെയ്തു. അപ്പോഴാണു് ആ കാമാര്‍ത്തയ്ക്ക് ബോധം വന്നതു്. അവള്‍ കുട്ടിയെ കണക്കറ്റു തല്ലി. അതുകണ്ടു ദേഷ്യപ്പെട്ട ശങ്കരന്‍ നായര്‍ പറഞ്ഞു: “കുട്ടിയെയല്ല തല്ലേണ്ടതു്. അടി കിട്ടേണ്ടതു നിങ്ങള്‍ക്കാണു്.” തന്റെ അപരാധം മറയ്ക്കാനായി ആ സ്ത്രീ കുട്ടിയെ അടിച്ചു. ഈ ‘റീഡയറക്ടഡ് ആക്റ്റിവിറ്റി’ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കാണാം. ‘ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരന്‍’ പൊലീസ് ഇന്‍സ്പെക്ടര്‍ ഭാര്യയുടെ മുന്‍പില്‍ പേടിത്തൊണ്ടന്‍. അയാള്‍ മറ്റുള്ളവരെ അടിക്കുന്നു. അയാളെ ഒരു രാഷ്ട്രീയക്കാരന്‍ യൂണിഫോമില്‍ പിടിച്ചു വലിച്ചു് അപമാനിക്കുന്നു. രാഷ്ട്രീയക്കാരോടു് എതിര്‍ക്കാന്‍ വയ്യ ഇന്‍സ്പെക്ടര്‍ക്കു്. അതുകൊണ്ടു് അയാള്‍ പോയപ്പോള്‍ ഇന്‍സ്പെക്ടര്‍ മുഷ്ടി ചുരുട്ടി ചുവരില്‍ ഇടിക്കുന്നു. ബാലകൃഷ്ണന്‍ മാങ്ങാട് എക്സ്പ്രസ്സ് ആഴ്ച്ചപ്പതിപ്പിലെഴുതിയ ‘ശീലങ്ങള്‍’ എന്ന ഈ കഥയെക്കുറിച്ചു് ഞാനെന്താണു് പറയേണ്ടതു്? നന്നായിട്ടുണ്ടോ കഥ? ഇല്ല. തീരെ മോശമാണോ? അതുമല്ല. എനിക്കു കുട്ടിക്കൃഷ്ണമാരാരെപ്പോലെ ജോസഫ് മുണ്ടശ്ശേരിയെപ്പോലെ എഴുതിയാല്‍ കൊള്ളാമെന്നുണ്ടു്. കഴിയുന്നില്ല. അതുകൊണ്ടു് ‘മിഡിയോക്രിറ്റി’യില്‍ ഞാന്‍ അഭിരമിക്കുന്നു. ഇതു മീഡിയോക്രിറ്റിയാണെന്നു് ആരെങ്കിലും പറഞ്ഞാല്‍ ഞാനെന്തിനു് പരിഭവിക്കണം? ബാലകൃഷ്ണന്‍ മാങ്ങാടും പരിഭവിക്കരുത്.
പ്രൊഫസര്‍ ചന്ദ്രികാ ശങ്കരനാരായണന്‍
പ്രാചീനഗ്രീസിലെ അതിസുന്ദരിയായിരുന്നു ഫ്രിനി. അവള്‍ കുറ്റക്കാരിയായി കോടതിയിലെത്തി. ജഡ്ജി അവളെ ശിക്ഷിക്കുമെന്നു് ഉറപ്പായപ്പോള്‍ അവളുടെ അഭിഭാഷകന്‍ ഒരു വിദ്യ പ്രയോഗിച്ചു. ഫ്രിനിയുടെ വക്ഷസ്സിനെ മറച്ചിരുന്ന വസ്ത്രം അദ്ദേഹം വലിച്ചു കീറി. അവളുടെ ചേതോഹരങ്ങളായ സ്തനങ്ങള്‍ കണ്ട ജഡ്ജി അവളെ വെറുതേ വിട്ടു. സോക്രട്ടീസ് പോലും ഫ്രിനിയെ സ്നേഹിച്ചിരുന്നു. അക്കാരണം കൊണ്ടു തന്നെ നമുക്കു് ഊഹിക്കാം അവള്‍ എത്രമാത്രം സുന്ദരിയായിരുന്നുവെന്നു്. മൂലകള്‍ പ്രദര്‍ശിപ്പിച്ചു് രക്ഷപ്പെടാനുള്ള ഈ പ്രവവണത സ്ത്രീയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. അഭിഭാഷകന്‍ വസ്ത്രം വലിച്ചു കീറിയെങ്കിലും ഫ്രിനി നിന്നു കൊടുത്തല്ലോ അതിനു വേണ്ടി. അതിനാല്‍ സ്ത്രീയെ നഗ്നയാക്കി ചലച്ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹോട്ടലുകളില്‍ കുബറേ നൃത്തമാടാന്‍ അവളെ നിര്‍ബ്ബന്ധിക്കുന്നു എന്നൊക്കെപ്പറഞ്ഞു് പുരുഷന്മാരെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. സ്ത്രീ പാവനത്വമുള്ളവള്‍, പുരുഷന്‍ ഗജപോക്കിരി എന്ന ഈ സങ്കല്പം സ്ത്രീകളുടേതു മാത്രമാണു്. മാറും തുടയും നിതംബവും കാണിക്കാന്‍ ഏതു സ്ത്രീക്ക് ഇഷ്ടമില്ലായോ അവളെ അതിലേക്കു നിര്‍ബന്ധിച്ചു കൊണ്ടുവരാന്‍ ഈ ലോകത്തു് ആര്‍ക്കും സാദ്ധ്യമല്ല. ലിബിഡോ — സെക്സ് എനെര്‍ജി ഒരേയളവില്‍ സ്ത്രീയിലും പുരുഷനിലും പ്രവര്‍ത്തിക്കുന്നു. അതിന്റെ പ്രകടനം എപ്പോഴുമുണ്ടാകും. പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള ബസ്സില്‍ സഞ്ചരിക്കാന്‍ ഒരു പെണ്‍കുട്ടിക്കും താല്പര്യമില്ല. സൗകര്യം കിട്ടിയാല്‍ യുവാവിനെ ആദ്യം സ്പര്‍ശിക്കുന്നതും അവന്റെ വികാരം ഇളക്കി വിടുന്നതും യുവതിയാണു്. അവിവാഹിതനായ അധ്യാപകനെ വശത്താക്കാന്‍ പ്രേമലേഖനമെഴുതി കോംപെസിഷന്‍ ബുക്കില്‍ വയ്ക്കുന്ന പെണ്‍പിള്ളേര്‍ ധാരാളം സംശയം ചോദിക്കുന്നു എന്ന മട്ടില്‍ ഏകാന്തത്തില്‍ അയാളെ സമീപിക്കുന്നവര്‍ എത്രയെത്ര പേര്‍ ഇതിലൊന്നും കുറ്റമില്ല. ലിബിഡോ ആളിക്കത്തുന്ന അഗ്നിയാണു്. ജീവിതം സുരക്ഷിതമാക്കാനുള്ള അഭിനിവേശം എല്ലാവര്‍ക്കുമുണ്ടു്. അക്കാരണത്താല്‍ സ്ത്രീയെ നഗ്നയാക്കി സിനിമയില്‍ കൊണ്ടുവരുന്നു പുരുഷന്‍ എന്നു പരാതി പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. കബറേ നൃത്തത്തിനു് ഇഷ്ടമില്ലാത്ത ഒരു പെണ്ണിനേയും ആര്‍ക്കും അതു നടത്താന്‍ നിര്‍ബ്ബന്ധിക്കാനാവില്ല. മുല കാണിക്കാന്‍ തയ്യാറായി ഫ്രിനിമാര്‍ നില്ക്കുമ്പോള്‍ പുരുഷന്മാരായ അഭിഭാഷകര്‍ മേല്‍മുണ്ടു് വലിച്ചു കീറുന്നു എന്നുമാത്രം ഗ്രഹിച്ചാല്‍ മതി. സത്യമിതായതുകൊണ്ടു് പുരുഷന്മാരെ ഇക്കാര്യത്തില്‍ ഒട്ടൊക്കെ കുറ്റപ്പെടുത്തിക്കൊണ്ടു് പ്രൊഫസര്‍ ചന്ദ്രികാ ശങ്കരനാരായണന്‍ ‘വിമന്‍സ് മാഗസി’നില്‍ എഴുതിയ ലേഖനത്തിനു സത്യാത്മകതയില്ല.
എം.പി. മന്മഥന്‍ മഹാത്മാ ഗാന്ധി കോളേജില്‍ പ്രിന്‍സിപ്പലായിരിക്കുന്ന കാലം. മുലക്കണ്ണു വരെ കാണാവുന്ന മട്ടില്‍ വേഷം ധരിച്ചെത്തിയ ഒരു പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ കൂവാറുണ്ടായിരുന്നു. പെണ്‍കു്ടടിയോടു് ‘പ്രേപ്പേറാ’യി ഡ്രസ്സ് ചെയ്തു വരണമെന്നു് നിര്‍ദ്ദേശിക്കാന്‍ പ്രിന്‍സിപ്പല്‍ അദ്ധ്യാപികമാരോടു പറഞ്ഞു. അവര്‍ നിര്‍ദ്ദേശം നല്കിയിട്ടും പെണ്‍കുട്ടി പഴയ രീതിയില്‍ത്തന്നെ കോളേജില്‍ വന്നു. ബഹളം കൂട്ടിയപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ “അച്ഛനെ വിളിച്ചുകൊണ്ടു വരൂ” എന്നു് മന്മഥന്‍ സാര്‍ അവളോടു് ആവശ്യ
പ്പെട്ടു. അച്ഛനെത്തിയപ്പോള്‍ അയാള്‍ക്കു് വേദന തോന്നാത്ത രീതിയില്‍ സാറു് കാര്യം പറഞ്ഞു. അച്ഛന്റെ മറുപടി: “ഞാന്‍ ഇതൊക്കെ അവള്‍ക്കു വാങ്ങിക്കൊടുത്തതു് ധരിക്കാനാണു്. അവള്‍ ഇതുപോലെതന്നെ കോളേജില്‍ വരും.” മന്മഥന്‍ സാര്‍ ഒട്ടും ക്ഷോഭിക്കാതെ അയാളെ അറിയിച്ചു: “നിങ്ങള്‍ ഇതൊക്കെ അവളെ ധരിപ്പിച്ചു് കാഴ്ച ബംഗ്ലാവു് തോട്ടത്തിലോ കടപ്പുറത്തോ കൊണ്ടുപൊയ്ക്കൊള്ളു. ഈ കോളേജില്‍ പഠിക്കണമെങ്കില്‍ നിങ്ങളുടെ മകള്‍ നഗ്നത മറച്ചുവേണം വരാന്‍.” പ്രിന്‍സിപ്പല്‍ ഇതു പറയുമ്പോള്‍ ഞാനും കൂടി അവിടെയുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ടാണു് പെണ്‍കുട്ടി മുലക്കണ്ണു കാണിച്ചുകൊണ്ടു് കോളേജിലെത്തിയതെന്നു് ഇനി ആരെങ്കിലും എഴുതുമോ എന്തോ?
പൈങ്കിളി അല്ല
സുഗതകുമാരിയെക്കുറിച്ച് പറയേണ്ടതായി വരുമ്പോള്‍ വേലായുധന്‍ നായരുടെ ഭാര്യ എന്നു് ഡി.സി. പറയുമോ? പറയുകയില്ലെങ്കില്‍ വേലായുധന്‍ നായരെ സുഗതകുമാരിയുടെ ഭര്‍ത്താവു് എന്ന മട്ടിലും അവതരിപ്പിക്കാന്‍ പാടില്ല.
വനനാശനം (വനനശീകരണം എന്നു് എഴുതുന്നതു ശരിയല്ല) അധികമാകുമ്പോള്‍ ഒരു റീയാക്ഷനെന്ന നിലയില്‍ വനം സംരക്ഷിക്കണമെന്നുള്ള മുറവിളി ഉണ്ടാകും. അതാണു് നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്നതു് പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ അതിനോടു ബഹുമാനം ആളുകള്‍ക്കു്. പക്ഷേ കവികളുടെ ഈ ബഹുമാനം കവിതയില്‍ മാത്രം ഒതുങ്ങിനില്ക്കും. അവരുടെ വീട്ടിന്റെ മുറ്റത്തു പുല്ലുപോലും കാണില്ല. വല്ല പൂന്തോട്ടമോ മറ്റോ ഉണ്ടെങ്കില്‍ ചെടികളെ കത്തിരി പ്രയോഗിച്ചു വികൃതമാക്കി മയിലായും പട്ടിയായും മാറി നിറുത്തും. (ചെടിയും മരവും ചെടിയായും മരമായും നില്ക്കുന്നതാണല്ലോ ഭംഗി. അതു മനസ്സിലാക്കാതെ കാഴ്ചബംഗ്ലാവു് തോട്ടത്തിലും സെക്രട്ടേറിയറ്റ് തോട്ടത്തിലും ചെടികളെ മൃഗങ്ങളും പക്ഷികളുമാക്കി നിറുത്തുന്നു.) പ്രകൃതിപരിണാമാത്മകമാണു്. മരങ്ങളെ കണ്ടമാനം മുറിച്ചുമാറ്റിയോ? മറ്റൊരു മണ്ഡലത്തില്‍ മരങ്ങള്‍ തഴച്ചുവളരും. ജീവികളില്‍ എത്രയെത്ര വര്‍ഗ്ഗങ്ങള്‍ നശിച്ചു. പകരം മറ്റു വര്‍ഗ്ഗങ്ങള്‍ ഉണ്ടായി. വൃക്ഷങ്ങളുടെ കാര്യവും അതുതന്നെ. എങ്കിലും ആകര്‍ഷകത്വമുണ്ടായിരുന്ന ഗ്രാമപ്രദേശം പട്ടണമായി മാറിക്കാണുമ്പോള്‍ നമുക്കു് വല്ലായ്മയുണ്ടാകും. അങ്ങനെയൊരു ഗ്രാമത്തില്‍ ഒരു വൃദ്ധനെ അവതരിപ്പിച്ചു് ആ വല്ലായ്മയെഭേദപ്പെട്ട രീതിയില്‍ ചിത്രീകരിക്കുകയാണു് ഹരിപ്പാടു് ജി. കരുണാകരപ്പണിക്കര്‍ (പകല്‍ അറിയാതെ പോയ പോക്കുവെയില്‍ എന്ന ചെറുകഥ, മനോരമ ആഴ്ചപ്പതിപ്പ്). കഥയ്ക്കു് ഉപന്യാസത്തിന്റെ ഛായയുണ്ടു്. എങ്കിലും അതിന്റെ പര്യവസാനം ഹൃദ്യമത്രേ. പണ്ടൊരു ധിക്കാരിയായ ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍ പറ്റിയെന്നു് അറിഞ്ഞയുടനെ ഒരാള്‍ ചോദിച്ചു: “അപ്പോള്‍… നായിഡു റിട്ടയര്‍ ചെയ്യും അല്ലേ?” ഞാനും ചോദിക്കുന്നു: “അപ്പോള്‍ പൈങ്കിളിക്കഥകള്‍ അല്ലാത്ത കഥകളും മനോരമയില്‍ വരും അല്ലേ?”
ഭര്‍ത്താവു്
ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്തു് ജവാഹര്‍ലാല്‍ നെഹ്റു തിരുവനന്തപുരത്തു വന്നു. വിമാനത്താവളത്തില്‍ ചെന്ന സ്ത്രീകളെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തിക്കൊടുത്തു. “ഇന്നാരുടെ ഭാര്യ”, “ഇന്നാരുടെ ഭാര്യ” ഈ മട്ടില്‍ ഓരോ സ്ത്രീയെയും പരിചയപ്പെടുത്തിയപ്പോള്‍ നെഹ്റു അസ്വസ്ഥസ്ഥതയോടെ “ഇവരെല്ലാം ഭാര്യമാര്‍ മാത്രമാണോ?” എന്നു ചോദിച്ചു. ഓരോ സ്ത്രീക്കും വ്യക്തിത്വമില്ലേ? അതിലൂന്നിക്കൊണ്ടു ടി.കെ. എന്തുകൊണ്ടു പരിചയപ്പെടുത്തിയില്ല?
സംസ്കൃതത്തില്‍ ഒരു ശ്ലോകമുണ്ടു്. അതു മറന്നു പോയി. ആശയം മാത്രം എഴുതാം. “ഞാന്‍ ഇന്നാരുടെ മകൻ എന്നു പറയുന്നതു് നീചം. ഞാന്‍ ഇന്നാരുടെ അനന്തരവന്‍ എന്നു പറയുന്നതു് നീചതരം. ഞാന്‍ ഇന്നാരുടെ മരുമകന്‍ (ജാമാതാവു്) എന്നു പറയുന്നതു് നീചതമം.” ഞാന്‍ ഇന്നാരുടെ ഭര്‍ത്താവു് എന്നു പറയുന്നതോ? Degrees of Comparison നീചതമത്തില്‍ തീര്‍ന്നു പോയി. അതുകൊണ്ടു് അതിന്റെ അധമത്വം കാണിക്കാന്‍ വാക്കില്ല. കുങ്കുമം വാരികയില്‍ ഡി.സി. കിഴക്കേമുറി ഡോക്ടര്‍ കെ. വേലായുധന്‍ നായര്‍ക്കു് അവാര്‍ഡ് കിട്ടി എന്നെഴുതിയിട്ടു് ബ്രാക്കറ്റിനകത്തു് വേലായുധന്‍ നായര്‍ കാണിച്ചിരിക്കുന്നു. സുഗതകുമാരി പേരുകേട്ട കവി. വേലായുധന്‍ നായര്‍ മനോഹരമായ് ഗദ്യത്തില്‍ ദാര്‍ശനിക ഗ്രന്ഥങ്ങളെഴുതുന്ന പ്രഗല്ഭന്‍. സമുന്നതനായ ഇദ്യോഗസ്ഥനാണു് അദ്ദേഹം. അങ്ങനെയുള്ള ഒരാളിനെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരു പറഞ്ഞു വായനക്കാര്‍ക്കു പരിചയപ്പെടുത്തിയതു് ഉചിതജ്ഞതയുടെ ലക്ഷണമല്ല. സുഗതകുമാരിയെക്കുറിച്ചു പറയേണ്ടതായി വരുമ്പോള്‍ വേലായുധന്‍ നായരുടെ ഭാര്യ എന്നു ഡി.സി. പറയുമോ? പറയുകയില്ലെങ്കില്‍ വേലായുധന്‍ നായരെ സുഗതകുമാരിയുടെ ഭര്‍ത്താവു് എന്ന മട്ടിലും അവതരിപ്പിക്കാന്‍ പാടില്ല. അതു അപമാനനവും നിന്ദനവുമാണെന്നാണു് ആ സംസ്കൃതകവി പണ്ടേ പറഞ്ഞതു്.
കലാഭാസം
സമരം ചെയ്തു് മുതലാളിയില്‍ നിന്നു പണം നേടിയ തൊഴിലാളിയെ നേതാവു് പറ്റിക്കുന്നു. ഇതാണു് വെണ്ണല മോഹനന്‍ ‘മനോരാജ്യ’ത്തിലെഴുതിയ ‘വിജയം ഒരു പരാജയം’ എന്ന കഥയുടെ സാരം. വെറുതെ ഒരു വര്‍ണ്ണനമെഴുതിയാല്‍ അതു സാഹിത്യമാവുകയില്ല.
“മാനം കറുത്തുതണുത്ത കാറ്റെമ്പാടു മോടിനടന്നു വിളിച്ചുകൂവി: മഴവരുന്നേ പുതുമഴ വരുന്നേ മഴവരുന്നോ പ്രിയ നാട്ടാരേ” എന്നു് കുമാരി വാരികയില്‍ മേഴ്സി പീറ്റര്‍ എഴുതിയ ഒരു കാവ്യത്തിന്റെ ആരംഭം. പേരച്ചടിച്ചു കാണാന്‍ കവിതയെ ഹനിക്കണമെങ്കില്‍ ആയിക്കൊള്ളു.
“ശരത്കാലസൗന്ദര്യം ത്രസിക്കും മന്ദസ്മിതം ഉഷസ്സാം മനോജ്ഞയാള്‍ വിഷുക്കൈനീട്ടം നല്‍കി” എം. വിജയന്‍ ഇറവങ്കര മാമാങ്കം വാരികയിലെഴുതിയ ഒരു കാവ്യത്തിന്റെ തുടക്കം ഇങ്ങനെ. മനുഷ്യര്‍ക്കു കോമണ്‍സെന്‍സ് കുറയുമ്പോഴാണു് ക്ളീഷേയുടെ പ്രവര്‍ത്തനം.
നിരീക്ഷണങ്ങള്‍
സ്കൂട്ടര്‍: വിവാഹം കഴിഞ്ഞാല്‍ മൂന്നാഴ്ചത്തേക്കു യുവതിക്കു് അന്തസ്സില്‍ ഇരുന്നു സഞ്ചരിക്കാനുള്ള വാഹനം. അടുക്കള: ആ ഒരുമാസം കഴിഞ്ഞാല്‍ അവള്‍ക്കു പെടാപ്പാടു് പെടാനുള്ള സ്ഥലം. അപ്പോള്‍ ഭര്‍ത്താവിന്റെ സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്നതു് അവളുടെ അനുജത്തിയോ ചേച്ചിയോ ആയിരിക്കും.
ഒരാളിന്റെ രാഷ്ട്രീയജീവിതം:
18 വയസ്സുതൊട്ടു് 25 വയസ്സുവരെ — കമ്മ്യൂണിസം.
25 വയസ്സുതൊട്ട് 35 വയസ്സുവരെ — ആറെസ്പി.
35 വയസ്സുതൊട്ട് 45 വയസ്സുവരെ — പി.എസ്.പി.
45 വയസ്സുതൊട്ട് 55 വയസ്സുവരെ — ജനത.
55 വ.സ്സുതൊട്ട് 65 വയസ്സുവരെ — ‘ഐ’ അല്ലാത്ത കോണ്‍ഗ്രസ്.
65 വയസ്സുതൊട്ട് 75 വയസ്സുവരെ — കോണ്‍ഗ്രസ് (ഐ).
അതിനുശേഷം പദ്മശ്രീയോ പദ്മഭൂഷണണോ കിട്ടുന്നു. അപ്പോള്‍ വിപ്ളാവാസക്തി സാഫല്യത്തിലെത്തിയിരിക്കും.
|
|