സാഹിത്യവാരഫലം 2001 04 27
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 2001 04 27 |
മുൻലക്കം | 2001 04 20 |
പിൻലക്കം | 2001 05 04 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
എന്റെ അടുത്ത ബന്ധുക്കൾ താമസിക്കുന്ന ബോംബെയിൽ ഭൂകമ്പമുണ്ടായേക്കുമെന്ന വാർത്ത അക്കാലത്ത് ദിനപത്രങ്ങളിൽ വന്നപ്പോൾ എനിക്ക് ഉത്കണ്ഠയുണ്ടായി. അവരെ തിരുവനന്തപുരത്തേക്കു പോരാൻ ഞാൻ നിർദ്ദേശിച്ചെങ്കിലും അവർ വന്നില്ല.ബൊംബെയിലേ ഭൂകമ്പമുണ്ടാകൂ, തിരുവനന്തപുരത്ത് അതുണ്ടാകില്ല എന്ന ബുദ്ധിരഹിതമായ വിശ്വാസം എനിക്ക് ജനിച്ചത് ഉത്കണ്ഠയുടെ തീക്ഷ്ണതയിലായിരിക്കാം. പക്ഷേ തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളിലെ കിണർ വെള്ളത്തിനുണ്ടായ ചലനമറിഞ്ഞപ്പോൾ ഭൂകമ്പം ഗുജറാത്തിൽ മാത്രമല്ല എവിടെയുമുണ്ടാകാമെന്ന യുക്തിക്കു ചേർന്ന വിചാരം എന്റെ മനസ്സിൽ വന്നു. അന്നു ഞാൻ റോമൻ രാജ്യതന്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന സെനിക്കയുടെ തത്ത്വചിന്താഗ്രന്ഥങ്ങൾ വായിച്ചിരുന്നില്ല. ഇപ്പോഴും എല്ലാം വായിച്ചില്ല. ചിലതെല്ലാം പാരായണം ചെയ്തുവെന്നേയുള്ളൂ. നമ്മുടെ നിത്യജീവിതത്തിന് ഉപകാരപ്രദമാകുന്ന അനേകം വിചാരങ്ങൾ അവയിലുണ്ട്. വായിച്ചാൽ മാർഗ്ഗദർശകങ്ങളായിത്തീരും അവ. ഭൂകമ്പത്തെക്കുറിച്ച് മഹാനായ ഈ ദാർശനികൻ പറഞ്ഞത് ഇങ്ങനെ: “ഈ മണ്ണ് അല്ലെങ്കിൽ ആ മണ്ണ് അതിനു ഉറപ്പോടെ നിൽക്കാൻ നല്ല അടിസ്ഥാനമുണ്ട് എന്നു പറഞ്ഞത് ആരാണ്? എല്ലാ സ്ഥലങ്ങൾക്കും ഒരേ അവസ്ഥയാണുള്ളത്. അവയ്ക്കു ഭൂചലനമുണ്ടായില്ലെങ്കിൽ ചലനമെങ്കിലും ഉണ്ടാകാം. ഒരുപക്ഷേ ഇന്നു രാത്രി അല്ലെങ്കിൽ ഇന്നത്തെ രാത്രിക്കു മുൻപ്, നിങ്ങൾ സുരക്ഷിതത്വത്തോടെ നിൽക്കുന്ന സ്ഥലം ഇന്നു പിളർന്നെന്നുവരാം. ലോകത്തിന്റെ ഏതെങ്കിലും ഭാഗം ആപത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നും അവിടെ രക്ഷയുണ്ടെന്നും കരുതുന്നത് തെറ്റാണ്. ചലനരഹിതമായതൊന്നും പ്രകൃതി സൃഷ്ടിച്ചിട്ടില്ല” സെനിക്കയുടെ ഈ വാക്കുകൾ ഞാൻ എടുത്തെഴുതുന്നത് അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ നിന്നല്ല. സൊക്രറ്റീസ് (Socrates, C470–399 BC), എപിക്യുറസ് (Epicurus, 341–270 BC), സെനിക്ക, മോങ്തെൻ (Montaigne, 1533–1592), ഷോപൻ ഹൗർ (Schopenhauer, 1788–1860), നീച (Nielzsche, 1844–1900) ഇവരുടെ ഗ്രന്ഥങ്ങൾ വായിച്ചിട്ട് Alain de Botton എഴുതിയ “The Consolations of Philosophy” എന്ന ഗ്രന്ഥത്തിൽ നിന്നാണ്. നമ്മുടെ നിത്യജീവിതത്തിലെ അപഹരണീയങ്ങളായ വിധിയന്ത്രത്തിരിപ്പുകളുടെ സ്വഭാവം വിശദമാക്കി അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുന്നു ഈ ദാർശനികൻ. അവ തന്റെതായ രീതിയിൽ എടുത്തെഴുതി നമുക്ക് പ്രയോജനം ചെയ്യുന്നു ഈ പുതിയ പുസ്തകത്തിന്റെ രചയിതാവ്. The Consolations of Philosophy, Alain De Botton, Hamish Hamilton, London, Pages 265, Rs. 462.20). പലരും വാഴ്ത്തിയ “How Proust Can Change Your Life എന്ന പുസ്തകമെഴുതിയ ആളാണ് ഇപ്പുസ്തകത്തിന്റെയും രചയിതാവ്.
സെനിക്കയുടെ പ്രധാന തത്ത്വങ്ങൾ:
- നമുക്ക് സ്വന്തമാക്കത്തക്ക വിധത്തിൽ വിധി ഒന്നും തരുന്നില്ല.
- ഒന്നിനും സ്ഥിരതയില്ല. മനുഷ്യന്റെ വിധി നഗരങ്ങളുടെ വിധി പോലെ കറങ്ങിക്കൊണ്ടിരിക്കുന്നു.
- കാലം കൊണ്ടും അധ്വാനം കൊണ്ടും നിർമ്മിച്ച ഏതു ഘടനയും ഒറ്റ ദിവസം കൊണ്ട് തകരും. ദിവസമെന്നു പറഞ്ഞപ്പോൾ ദൈർഘ്യം നൽകി കാലത്തിന്. ഒരു മണിക്കൂർ കൊണ്ട്. ഒരു നിമിഷം കൊണ്ട് രാഷ്ട്രങ്ങൾ തകർന്നു പോകും.
- ഏഷ്യയിലെ എത്ര നഗരങ്ങളാണ് ഒരു ഭൂകമ്പം കൊണ്ട് നാമാവശേഷമായത്?
- നശിക്കാനുള്ളവയുടെ മധ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. നിങ്ങൾ മരിക്കും. മരിക്കുന്നവർക്ക് നിങ്ങൾ ജന്മം നൽകുന്നു. എല്ലാം പരിഗണിക്കൂ, എല്ലാം പ്രതീക്ഷിക്കൂ.
- സമ്പന്നത ചീത്തസ്വഭാവമുണ്ടാക്കുമെന്നാണ് സെനിക്കയുടെ അഭിപ്രായം. വീഡിയസ് എന്നൊരു ധനികനെ സെനിക്കയ്ക്ക് അറിയാമായിരുന്നു. ചക്രവർത്തിയുടെ കൂട്ടുകാരനായിരുന്നു അയാൾ. ആ സമ്പന്നന്റെ അടിമ ഒരിക്കൽ സ്ഫടിക ഗ്ലാസ്സുകൾ താഴെയിട്ട് പൊട്ടിച്ചു. വീഡിയസിന് ഗ്ലാസ് പൊട്ടുന്ന ശബ്ദം സഹിക്കാൻ വയ്യ. അയാൾ അടിമയെ കുളത്തിലെറിയാൻ പറഞ്ഞു. കുളം നിറയെ മനുഷ്യരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഒരുതരം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. ഗ്രന്ഥകാരൻ പറയുന്നു: “പാർടി നടക്കുമ്പോൾ ഗ്ലാസുകൾ പൊട്ടാത്ത ലോകത്തിലായിരുന്നു വീഡിയസ്സിന്റെ വിശ്വാസം. റിമോട്ട് കൺട്രോൾ കാണാതെയാവുമ്പോൾ നമ്മൾ ആക്രോശിക്കുന്നു. എന്തുകൊണ്ട്? റിമോട്ട് കൺട്രോൾ ഓർമ്മയില്ലാതെ എവിടെയെങ്കിലും വയ്ക്കുന്ന ലോകത്തിലല്ല നമ്മുടെ വിശ്വാസം. ജീവിതത്തിന്റെ പരിപൂർണ്ണതയില്ലായ്മയിൽ നമ്മൾ അനുരഞ്ജിച്ചേ പറ്റൂ.”
ഗ്രന്ഥകാരന്റെ ഈ പ്രതിപാദനങ്ങൾ നമ്മളെ സെനിക്കയുടെയും മറ്റു ദാർശനികരുടെയും ഗ്രന്ഥങ്ങളിലേക്ക് നയിക്കുന്നു. നയിച്ചില്ലെങ്കിലും സമാദരണീയങ്ങളായ തത്ത്വങ്ങളുടെ സ്വഭാവം അവ നമ്മളെ ഗ്രഹിപ്പിക്കുന്നു. ഉദ്ബോധനാത്മകങ്ങളായ ഇത്തരം ഗ്രന്ഥങ്ങളാണ് നമ്മൾ വായിക്കേണ്ടത്.
ചോദ്യം, ഉത്തരം
പട്ടത്തുവിള കരുണാകരന്റെ ചെറുകഥകളെക്കുറിച്ച് എന്താണഭിപ്രായം?
- അസഹനീയങ്ങൾ.
സാഹിത്യവാരഫലം നന്നാക്കാൻ എനിക്കു ചില നിർദ്ദേശങ്ങളുണ്ട്. പറയട്ടോ?
- പറയൂ. മണ്ടന്മാർ പറയുന്നതും ഞാൻ കേൾക്കാറുണ്ട്.
ഞാൻ പ്രാസംഗികനാവാൻ പോകുന്നു. ഒരുപദേശം തരാനുണ്ടോ?
- അറിയാവുന്നതെല്ലാം പറഞ്ഞിട്ടേ വേദിയിൽ നിന്നിറങ്ങൂ എന്നു കരുതരുത്. ആളുകൾക്ക് ഇനിയും കേൾക്കണം എന്ന് തോന്നുന്ന സന്ദർഭത്തിൽ പ്രഭാഷണം അവസാനിപ്പിക്കണം. വാഗ്മിയായിരുന്ന കെ. ബാലകൃഷ്ണന്റെ ടെക്നിക് അതായിരുന്നു.
വാദപ്രതിവാദങ്ങൾ നടത്തുന്ന സാഹിത്യകാരന്മാർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും ഏതു മാർഗ്ഗമാണ് നിങ്ങൾ ചൂണ്ടിക്കാണിക്കുന്നത്?
- വാക്കുകൾ കൊണ്ടല്ല മനുഷ്യർ ജീവിക്കേണ്ടത് എന്ന് ഞാൻ അവരോട് പറയും. അവരുടെ വാവദൂകതയിൽ (വളരെപ്പറയുന്ന ശീലം) ആർക്കും താല്പര്യമില്ലെന്നും.
ഞാൻ പറയുന്നതൊക്കെ ഭാര്യ കേൾക്കുന്നില്ല. എന്റെ വാക്കുകൾക്ക് അവൾ ചെവി കൊടുക്കുന്നില്ല എന്ന് പറയാം. ഞാനെന്തു ചെയ്യണം?
- മറ്റാരോടും പറയരുത്. ഇതു രഹസ്യമാണ് എന്ന് ആദ്യമറിയിച്ചിട്ട് അവരുടെ കാതിൽ മന്ത്രിക്കുക. കൗതുകത്തോടെ ഭാര്യ അതു കേൾക്കും.
- ‘തൊടരുത്. ഇപ്പോൾ ചായമടിച്ചതേയുള്ളൂ’ എന്നെഴുതി വച്ചിരിക്കുന്നതു കണ്ടാൽ മലയാളി അതിൽ തൊട്ടു നോക്കും. വിരലിൽ പറ്റിയ ചായം തൊട്ടടുത്ത ചുവരിലോ മറ്റോ തേച്ചിട്ടു പോകും.
അന്യന്റെ വീട്ടിൽ ചെന്നാൽ കാപ്പി തരുന്നത് നിങ്ങൾക്കിഷ്ടമാണോ?
- ഇഷ്ടമാണ്. പക്ഷേ ഇൻഡ്യയുടെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ജീരക വെള്ളം തന്നാൽ ഞാൻ കുടിക്കില്ല. അദ്ദേഹം തരുന്നത് ജീരക വെള്ളമാണെന്ന് ഞാൻ എങ്ങനെ ഉറപ്പിക്കും?
നിഷ്ഠീവനം — കലയുടെ മുഖത്തേക്ക്
ഒരാശയം തോന്നുക. അതിന്റെ കല്പനയനുസരിച്ച് എഴുതുക — ഇതാണ് രചയിതാവ് അംഗീകരിക്കുന്നതെങ്കിൽ ആ അവിഷ്കാരം ജീവിതത്തോട് ബന്ധപ്പെട്ടുവരില്ല.
ഞാൻ ബാങ്കിലേക്ക് കയറുകയായിരുന്നു. ‘സർ’ എന്നു വിളിച്ചുകൊണ്ട് ഒരു പയ്യൻ പിറകെ ഓടിവന്നു. ഞാൻ നിന്നു. വന്നയാൾ ചോദിച്ചു- “representation എന്നു സാറ് കൂടക്കൂടെ സാഹിത്യവാരഫലത്തിൽ എഴുതുന്നല്ലോ. എന്താണ് അതിന്റെ അർത്ഥം?” എനിക്കതു വിശദീകരിക്കാൻ സമയമില്ലായിരുന്നു. അതുകൊണ്ട് ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് ഞാൻ പയ്യനു മറുപടി പറഞ്ഞത്. “ഉള്ളത് അതുപോലെ പകർത്തിവയ്ക്കുന്നത് representation അതിൽ സാഹിത്യത്തെസ്സംബന്ധിക്കുന്ന ആവിഷ്കാരം കാണുകില്ല. ജീവിതത്തെസ്സംബന്ധിച്ച ഉൾക്കാഴ്ച കാണുകില്ല. നിങ്ങൾ ഇപ്പോൾ എന്നോട് സംശയം ചോദിച്ചു. ഞാൻ അതിനു മറുപടി നൽകാൻ ശ്രമിക്കുന്നു. ഇത് അതുപോലെ പകർത്തി വച്ചാൽ — വാക്കുകൾ കൊണ്ടോ ചായം കൊണ്ടോ പകർത്തിവച്ചാൽ — അതു യഥാതഥമായിരിക്കും. പക്ഷേ ജീവിതത്തെസ്സംബന്ധിച്ച ഇൻസൈറ്റ് കാണില്ല. ഈ ഉൾക്കാഴ്ചയില്ലാതെ — ഇൻസൈറ്റ് ഇല്ലാതെ — സംഭവങ്ങൾ പകർത്തി വയ്ക്കുന്നതിനെയാണ് റെപ്രിസെന്റേഷൻ എന്നു വിളിക്കുന്നത്”. പയ്യൻ റോഡിൽ അയാളെ കാത്തു നിന്ന പെൺകുട്ടിയുമായി പോയി. അവരുടെ പോക്കിനെ ഞാൻ വർണ്ണിച്ചാലും അതു റെപ്രിസെന്റേഷനേ ആവുകയുള്ളൂ.
ഞാൻ വൈകുന്നേരം മൂന്നര മണിക്ക് വീട്ടിൽ നിന്നിറങ്ങി ഓട്ടോറിക്ഷ കാത്തു നിന്നു. പ്രൈവറ്റ് കാറുകൾ വന്നാൽ ഞാൻ അവ ഓടിക്കുന്നവരുടെ മുഖങ്ങളിൽ നോക്കുകില്ല. ലിഫ്റ്റിനു വേണ്ടി നോക്കുകയാണ് ഞാനെന്നേ വിചാരിക്കൂ അവർ. അര മണിക്കൂറോളം കാത്തു നിന്നപ്പോൾ ഓട്ടോറിക്ഷ വന്നു. യാത്രക്കാരനില്ലാതെ ഒഴിഞ്ഞാണ് വാഹനം വരുന്നതെന്നു കണ്ട് ഞാൻ കൈ കാണിച്ചു. എനിക്ക് തെക്കോട്ടാണ് പോകേണ്ടത്. ഓട്ടോറിക്ഷ വടക്കോട്ട് പോകുന്നു. എങ്കിലും അതു നിറുത്തി ഡ്രൈവർ ചോദിച്ചു: “എങ്ങോട്ട്?” “പുളിമൂട്” എന്ന് എന്റെ ഉത്തരം. ഡ്രൈവർ മുഖം വക്രിപ്പിച്ചു. അയാൾ എന്റെ മുഖത്തു കാർക്കിച്ചു തുപ്പിയില്ലെന്നേയുള്ളൂ. ഒന്നും മിണ്ടാതെ വാഹനമോടിച്ചു പോകുകയും ചെയ്തു. എന്റെ ഈ വിവരണം കലാപ്രക്രിയയുടെ ഫലമാണോ? അല്ലേയല്ല. നേരെമറിച്ച് എന്റെ മുഖത്ത് നിഷ്ഠീവനത്തിന് ആഗ്രഹിച്ചവന്റെ ജീവിതത്തിലെ ട്രാജഡി എടുത്തു കാണിക്കാൻ എനിക്കു സാധിച്ചാൽ അത് കലയാവും. അതു അനുഷ്ഠിക്കാത്തിടത്തോളം കാലം വെറും റെപ്രിസെന്റേഷനേ നടക്കുന്നുള്ളൂ എന്നു പറയേണ്ടതായിവരും. ഇനി സി.എസ്. ചന്ദ്രിക മലയാളം വാരികയിലെഴുതിയ ‘സ്വീകരണമുറി’ എന്ന കഥ വായിച്ചുനോക്കുക. നിത്യജീവിത സംഭവങ്ങളുടെ പകർപ്പല്ലാതെ മറ്റെന്താണ് അത്? അത് കലയാണെങ്കിൽ, കഥയാണെങ്കിൽ ഞാൻ ഓട്ടോറിക്ഷ കാത്തു നിന്നതിന്റെ വർണ്ണനയും ഉത്കൃഷ്ടമായ കല തന്നെ.
(ഡേവിഡ് ഡെയിചിസ് എന്ന നിരൂപകന്റെ (David Daiches) ഒരു ഗ്രന്ഥം — പേര് ഓർമ്മയില്ല — ഞാൻ 1950-ൽ വായിച്ചു. അതിൽ റെപ്രിസെന്റേഷൻ ജേണലിസം; ആ ജേണലിസത്തിൽ ഉൾക്കാഴ്ച കൂടി വരുമ്പോൾ സാഹിത്യം എന്ന് പറഞ്ഞിട്ടുണ്ട്. അതിനെ അവലംബിച്ചാണ് മുകളിലത്തെ പ്രതിപാദനം.)
കൃത്രിമം
തിരുവനന്തപുരത്ത് മേട്ടുക്കട എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ ഞാൻ കുറെക്കാലം താമസിച്ചിരുന്നു. അവിടെ പ്രശസ്തനായ അഭിനേതാവ് പി.കെ. വിക്രമൻ നായർ അന്ന് ആരുമല്ലാതിരുന്ന എൻ. കൃഷ്ണപിള്ളയോടൊരുമിച്ച് (പിൽക്കാലത്ത് പ്രശസ്തനായ പ്രഫെസർ എൻ. കൃഷ്ണപിള്ള) കൂടക്കൂടെ വരുമായിരുന്നു. അവർ രണ്ടുപേരും ഇബ്സന്റെ നാടകങ്ങളെക്കുറിച്ച് സംസാരിക്കും. ഞാൻ അതു കേട്ടുകൊണ്ടിരിക്കും. അങ്ങനെ കൃഷ്ണപിള്ളയുമായുള്ള പരിചയം സ്നേഹമായി വികസിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടതോടെ ബഹുമാനവും എനിക്കുണ്ടായി. ആ സ്നേഹബഹുമാനങ്ങളുടെ പ്രത്യക്ഷീകരണം ഞാൻ സാറിന്റെ ‘ബലാബലം’ എന്ന നാടകത്തിന് എഴുതിയ അവതാരികയാണ്. അന്നു യുവാവായിരുന്ന, നാടകത്തിൽ അനഭിജ്ഞനായിരുന്ന ഞാൻ അത്യുക്തി കലർത്തിയാണ് അവതാരിക എഴുതിയത്. ‘ബലാബലം’ അമേർക്കൻ നാടകകർത്താവ് സിഡ്നി ഹോവേഡിന്റെ ‘Silver Cord’ എന്ന നാടകത്തിന്റെ അനുകരണമാണെന്നും എൻ കൃഷ്ണപിള്ള വെറും Craftsman ആണെന്നും ഗ്രഹിക്കാൻ കാലമേറെ വേണ്ടിവന്നു എനിക്ക്. വിവേകമില്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ‘ഭഗ്നഭവനം’ ഉജ്ജ്വലമാണെന്ന് ഞാൻ പല പ്രഭാഷണവേദികളിൽ നിന്ന് പറഞ്ഞു. ഇപ്പോൾ ആ നാടകത്തിന്റെ സ്തോതാവല്ല ഞാൻ. ക്രാഫ്റ്റിന്റെ സന്തതികളാണ് ‘ഭഗ്നഭവന’വും സാറിന്റെ മറ്റു നാടകങ്ങളുമെന്ന സത്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. സംശയമുണ്ടെങ്കിൽ നാടകത്തിന്റെ അന്ത്യമെങ്കിലും നോക്കുക. രാധയുടെ ഭ്രാന്ത് ഭേദമാക്കാൻ ഹരി ശ്രമിക്കുന്നിടത്ത് നമ്മൾ നായകനെയും നായികയെയുമല്ല കാണുന്നത്; എൻ. കൃഷ്ണപിള്ളയെത്തന്നെയാണ്. എന്നാൽ “ഒതലോ” നാടകത്തിൽ നായികയെ കഴുത്തു ഞെരിച്ചു കൊല്ലുന്ന നായകനെയും മരിക്കുന്ന നായികയെയും മാത്രമേ കാണുകയുള്ളൂ. ഷെയ്ക്സ്പിയർ അദൃശ്യനാണ് ആ ഭാഗത്തും മറ്റുള്ള ഭാഗങ്ങളിലും. “ഒതലോ” നാടകത്തിലെ വാക്കുകൾ അപ്രത്യക്ഷങ്ങളാവുന്നു. കഥാപാത്രങ്ങൾ മാത്രം നമ്മുടെ മുൻപിൽ നിൽക്കുന്നു. ഇതാണ് കലയെന്ന് നമ്മൾ പ്രഖ്യാപിക്കുന്നു. “ഒതലോ” നാടകത്തിൽ ചിത്തവൃത്തികളെസ്സംബന്ധിച്ച പോരാട്ടമുണ്ട്. അതു നമ്മളറിയുന്നില്ല. എന്നാൾ ഓനീലിന്റെ ‘Strange interlude’ എന്ന നാടകത്തിൽ ഫ്രായിറ്റ് എന്ന മന:ശാസ്ത്രജ്ഞൻ വടി പോലെ നിൽക്കുന്നു. ഇതാണ് ജേക്കബ് എബ്രഹാമിന്റെ ‘തോക്ക്’ എന്ന കഥയുടെ ദോഷം (മാതൃഭൂമി ആഴ്ചപ്പതിപ്പ്). മുതിർന്നവരുടെ സദാചാരധ്വംസനത്തിൽ അസ്വസ്ഥനായ കുട്ടി കളിത്തോക്കുകൊണ്ട് എല്ലാവരെയും നിഗ്രഹിക്കാൻ ശ്രമിച്ച് സമകാലികാവസ്ഥയെ പ്രദർശിപ്പിക്കുന്നു. കുട്ടിക്കു പകരം ജേക്കബ് എബ്രഹാം തന്നെ തോക്ക് കൊണ്ടു നടന്ന് എല്ലാ ആളുകളെയും വെടിവെക്കുന്ന പ്രതീതി. ദസ്തെയെവ്സ്കിയുടെ “Crime and Punishment” എന്ന നോവലിൽ അതിഗഹനമായ മന:ശാസ്ത്രമുണ്ട്. പക്ഷേ നോവൽ വായിക്കുന്നവർ മാത്രമല്ല. ദസ്തെയെവ്സ്കിയും അതറിയുന്നില്ല. പക്ഷേ ഓനീലിന്റെ നാടകത്തിൽ ‘സൈക്കോളജി’ മുന്നിട്ടു നിൽക്കുന്നു. ചിത്തവൃത്തികളെസ്സംബന്ധിച്ച സംഘട്ടനങ്ങൾ ഉണ്ടെന്ന് വായനക്കാരൻ അറിയാതിരിക്കുന്നതിലാണ് കലയുടെ വിജയമിരിക്കുന്നത്. മറ്റൊരു വിധത്തിൽ പറയാം. ജേക്കബ് എബ്രഹാം കുട്ടിയിൽ ആക്രമണോത്സുകത അടിച്ചേൽപ്പിക്കുന്നു. ഒരാശയം തോന്നുക. അതിന്റെ കല്പനയനുസരിച്ച് എഴുതുക — ഇതാണ് രചയിതാവ് അംഗീകരിക്കുന്നതെങ്കിൽ ആ ആവിഷ്കാരം ജീവിതത്തോട് ബന്ധപ്പെട്ടു വരില്ല. ജേക്കബ് എബ്രഹാനിന്റെ കഥ കൃത്രിമമാണ്.
ഞാൻ തിരുവനന്തപുരത്ത് ആർട്സ് കോളേജിൽ രണ്ടു വർഷത്തോളം അധ്യാപകനായിരുന്നിട്ടുണ്ട്. പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്കാണ് അവിടെ പ്രവേശം. എല്ലാ വിദ്യാർത്ഥികളും ബുദ്ധിയുള്ളവർ. അതുകൊണ്ട് അവർ മെഡിക്കൽ കോളേജിലോ എഞ്ചിനീയറിംഗ് കോളേജിലോ പിന്നീട് പഠിക്കാൻ പോകും. ഡോക്ടറായി, എഞ്ചിനീയറായി ജീവിതത്തിൽ ശോഭിക്കും. തെക്കൻ ദിക്കിൽ നിന്ന് പഠിക്കാൻ വന്ന ഒരു പാവപ്പെട്ട കുട്ടിയോട് എനിക്ക് സവിശേഷമായ വാത്സല്യമുണ്ടായിരുന്നു. പാവപ്പെട്ട എന്ന് ഞാൻ വിശേഷിപ്പിച്ചത് ആ വിദ്യാർത്ഥിയുടെ സാമ്പദിക നിലയെക്കുറിച്ചല്ല; സ്വഭാവത്തിന്റെ പാവത്തത്തെക്കുറിച്ചാണ്. ആരോടും മിണ്ടുകില്ല. റോഡിൽ വച്ചു കണ്ടാൽ തൊഴുത് ഒരറ്റം നീങ്ങി നിൽക്കും. ഞാൻ കടന്നു പോയാലേ അയാൾ വീണ്ടും നടത്തം തുടങ്ങുകയുള്ളൂ. ഞാൻ പ്രതീക്ഷിച്ചതുപോലെ അയാൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശം കിട്ടി. പരീക്ഷ ജയിച്ചു ഡോക്ടറായി. ഡോക്ടറായിക്കഴിഞ്ഞതിനു ശേഷം അയാളെ ഒരിക്കൽ മെഡിക്കൽ കോളേജ് ഗെയ്റ്റിന് അടുത്തുവച്ച് ഞാൻ കണ്ടു. ലേശം സ്വഭാവം വ്യത്യാസമുണ്ടോ എന്നു സംശയം. ഇല്ല. എന്റെ ദുഷ്ടമനസ്സു കൊണ്ട് ആ സംശയം വന്നതാണെന്നു എനിക്കു തോന്നി. വർഷങ്ങൾ കഴിഞ്ഞു. അമിതമായ പുകവലി കൊണ്ട് എനിക്ക് ശ്വാസകോശത്തിൽ രോഗം വന്നു. എന്ന ശിഷ്യനെക്കൊണ്ടു തന്നെ ചികിത്സിപ്പിക്കാം എന്നു കരുതി ഞാൻ മെഡിക്കൽ കോളേജിലെത്തി. ഭാഗ്യംകൊണ്ട് ശിഷ്യൻ ആശുപത്രിയുടെ പടിക്കെട്ടിൽത്തന്നെ നിൽക്കുകയായിരുന്നു. ഞാൻ വിവരങ്ങൾ പറഞ്ഞു. മറുപടിയില്ല. പട്ടിയെ ഞൊടിച്ചു വിളിക്കുന്നതുപോലെ ചൂണ്ടുവിരൽകൊണ്ട് ഡോക്ടറദ്ദേഹം ഒരാംഗ്യം കാണിച്ചു. ഞാൻ പിറകെ പോയി. ഇരിക്കൻ പറഞ്ഞില്ല. കസേര ചൂണ്ടിക്കാണിച്ച വീണ്ടും ഒരാംഗ്യം.എന്നിട്ടു ചോദ്യങ്ങൾ. ചോദ്യങ്ങൾ എനിക്കു മനസ്സിലാകാത്തതുകൊണ്ട് ഇവിടെ എഴുതുന്നതിൽ തെറ്റു വരും. അതു ക്ഷമിക്കണം. ഒന്നാമത്തെ ചോദ്യം: ‘മ്യുക്കോപുറുലന്റ് പ്രൊഫ്യൂസ് ഡിസ്ചാർജ്ജുള്ള കറ്ററൽ ബ്രോൺകൈറ്റിസ് ആണോ?’ എന്റെ മറുപടി: ‘എനിക്കു ചോദ്യം മനസ്സിലായില്ല’ ഡോക്ടറദ്ദേഹത്തിന്റെ രണ്ടാമത്തെ ചോദ്യം: ‘വയലന്റ് കഫും ഡിസ്പിനിയ പരോക്സിസവുമുള്ള ക്രൂപസ് ബ്രോൺകൈറ്റിസാണോ?’ എന്റെ മറുപടി: ഡോക്ടർ ഞാൻ ക്ലാസ്സുകളിൽ ശീലാവതി പഠിപ്പിക്കുന്നവനാണ്. എനിക്കിതൊന്നും മനസ്സിലാവുകയില്ല. മൂന്നാമത്തെ ചോദ്യത്തിന് ഞാൻ നിന്നു കൊടുത്തില്ല. എന്റെ മകന്റെ കൂട്ടുകാരനും സ്കിൻ സ്പെഷലിസ്റ്റുമായ ഡോക്ടർ ഗോപാലകൃഷ്ണന്റെ മുറിയിലേക്ക് ഓടി. ഓടിയെന്നു പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ ഓടി. അല്ലെങ്കിൽ ഡോക്ടറദ്ദേഹത്തിന്റെ മൂന്നാമത്തെ ചോദ്യം എന്റെ ‘കുരവള’യിൽ കേറിപ്പിടിച്ചേനെ.
ഇതിനുശേഷം ഇതുപോലെയൊരു മെഡിക്കൽ ടേംസ് കൊണ്ടുള്ള കളി കാണുന്നത് എൻ.എം. മുഹമ്മദലി ദേശാഭിമാനി വാരികയിൽ എഴുതിയ ‘രാഹുർ ദശ’ എന്ന കഥയിലാണ്. കഥയെന്ന നിലയിൽ ഇതു സ്യൂഡോ ആർടാണ്. പിന്നെ ഞാൻ പറഞ്ഞ മെഡിക്കൽ പേരുകൾ ധാരാളമുണ്ട്.
വിഷാദത്തിണ് ഫ്ലൂഓക്സറ്റിൻ
സംത്രാസത്തിന് ആല്പ്രസോളാം
സെഡേഷന് ബെൻസോ ഡയാസെപിൻ
വൈറ്റമിൽ ബി കോംപ്ലക്സ്
വൈറ്റമിൻ എ ക്യാപ്സ്യൂൾ
ഇങ്ങനെ പോകുന്നു പേരുകൾ. മുഹമ്മദലി ഡോക്ടറായിരിക്കാം. അതുകൊണ്ട് ഇനിയും കഥകളെഴുതി വായനക്കാരെ കൊല്ലുമ്പോൾ ഇതിനെക്കാൾ കഠിനങ്ങളായ മെഡിക്കൽ പദങ്ങൾ പ്രയോഗിച്ചുകൊള്ളൂ. പക്ഷേ പാവപ്പെട്ട മലയാളം വാദ്ധ്യാർ — അദ്ദേഹത്തെ സ്ക്കൂളിൽ മലയാളം പഠിപ്പിച്ച ആൾ — സിരാസംബന്ധിയായ രോഗവുമായി വരുമ്പോൾ കമ്പൾസീവ് ന്യൂറോസിസാണോ ഡിപ്രസ്സീവ് ന്യൂറോസിസാണോ എന്നൊക്കെ ചോദിക്കരുതേ
പല കാര്യങ്ങൾ
ഹ്രസ്വതയോടെ ഒരു സ്ത്രീയും പ്രസംഗിച്ചു കണ്ടിട്ടില്ല ഞാൻ. വേദിയിൽ കയറിയാൽ ഇറങ്ങാത്തവരാണ് സ്ത്രീകൾ. പ്രബന്ധമെഴുതിയാൽ വാരികയുടെ ആറു പുറമെങ്കിലും അവർ ആക്രമിച്ചെടുക്കും.
- കവി മിൽട്ടനോട് ഒരു സ്നേഹിതൻ ചോദിച്ചു, അദ്ദേഹത്തിന്റെ പെണ്മക്കളെ ലാറ്റിനും ഗ്രീക്കും പഠിപ്പിക്കാത്തതെന്തെന്ന്. മിൽട്ടൻ മറുപടി നൽകി: “Our tongue is enough for a women.” ഈ നേരമ്പോക്കിലൂടെ സ്ത്രീകളുടെ ദീർഘഭാഷണ തല്പരത്വത്തെ കവി കളിയാക്കുകയായിരുന്നു. ഹ്രസ്വതയോടെ ഒരു സ്ത്രീയും പ്രസംഗിച്ചു കണ്ടിട്ടില്ല ഞാൻ. വേദിയിൽ കയറിയാൽ ഇറങ്ങാത്തവരാണ് സ്ത്രീകൾ. പ്രബന്ധമെഴുതിയാൽ വാരികയുടെ ആറുപുറമെങ്കിലും അവർ ആക്രമിച്ചെടുക്കും. കഥയെഴുതിയാൽ കുറഞ്ഞത് അഞ്ചു പുറം വേണം അവർക്ക് അതു പര്യവസാനത്തിലെത്തിക്കാൻ. നിത്യജീവിതത്തിലെ സംഭാഷണം നടത്തുമ്പോൾ പുരുഷൻ അയാൾക്ക് പറയാനുള്ളത് പറഞ്ഞുതീരുന്നതിനു മുൻപ് ഇടയ്ക്കുകയറി സംസാരിക്കുന്നത് അവരുടെ സ്ഥിരം സ്വഭാവമാണ്. എന്റെ വായനക്കാരികളോട് ക്ഷമിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ഇതുപോലെ പുരുഷന്മാർക്കുള്ള ദോഷങ്ങളെയും ഞാൻ ചൂണ്ടിക്കാണിക്കാറുണ്ട്. കഥയെഴുതുമ്പോൾ രണ്ടുപു റത്തിൽ അതു ഒതുക്കേണ്ടതായി വന്നാൽ അത് അവർ അനുഷ്ഠിക്കും. പക്ഷേ വാക്യങ്ങളുടെ ബഹളമേ ആ രണ്ടു പുറത്തിൽ കാണൂ. കെ.എ. ബീന കുങ്കുമം വാരികയിലെഴുതിയ “അവസാനിക്കാത്ത പൂക്കാലങ്ങൾ” എന്ന “കഥ” വായിച്ചാലും. പ്രസവിക്കാത്ത ഒരു സ്ത്രീയെ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു വരുത്തുന്നു. എന്തിനെന്നോ? കുറെ ചെടികൾ പുഷ്പിക്കുന്നത് കാണാൻ. ഇത് പറയാൻ — ഒരു പോയന്റുമില്ലാത്ത ഈ രചനയ്ക്കുവേണ്ടി — മധുരപദങ്ങൾ വാരിക്കോരിച്ചൊരിയുന്നു ബീന. ഇതിന്റെയൊക്കെ കാലം എന്നേ കഴിഞ്ഞു എന്നു “കഥ” യെഴുതിയ ശ്രീമതി ഗ്രഹിക്കാത്തത് എന്തേ?
ഇന്ന് ചില പെൺപിള്ളേർ കഥയെഴുതുമ്പോൾ ജനപ്രീതിക്കുവേണ്ടി പുരുഷന്മാർ പോലും പറയാൻ അറയ്ക്കുന്ന അസഭ്യങ്ങൾ രചനകളിൽ നിവേശിപ്പിക്കുന്നു. തെറ്റിദ്ധാരണയിൽ പെട്ടിരിക്കുകയാണ് അവർ.
“” - കൊടുങ്ങല്ലൂർ പൂരപ്പാട്ട് കുപ്രസിദ്ധമാണല്ലോ. ചില ലോക്കൽ ഗാനരചയിതാക്കളാണ് അസഭ്യങ്ങളായ ആ പാട്ടുകളുടെ പ്രചാരത്തിനു കാരണക്കാർ. ഒരിക്കൽ ഗാനനിർമ്മിതിയെക്കുറിച്ച് രണ്ടു വിഭാഗക്കാർ തമ്മിൽ തർക്കമുണ്ടായി. ഒരു വിഭാഗത്തിന്റെ നേതാവു പറഞ്ഞു: “എന്നാൽ ഞാൻ ഇവിടെ വെണ്മണി നമ്പൂതിരിയെ കൊണ്ടുവന്ന് പൂരപ്പാട്ടു പാടിക്കും.” അതുകേട്ട് മറ്റേ നേതാവു പറഞ്ഞു: “അതു കാണാമല്ലോ” ദിനം ആഗതമായി. വെണ്മണി നമ്പൂതിരി എത്തി. അപ്പോൾ ലോക്കൽ അസഭ്യഗാനരചയിതാവ് ഒരു പൂരപ്പാട്ടു പാടി. വെണ്മണിയെന്നല്ല ആരും അന്നുവരെ കേട്ടിട്ടില്ലാത്ത തെറികൾ അതിലുണ്ടായിരുന്നു. ആ പാട്ടു കേട്ട വെണ്മണി നമ്പൂതിരി രണ്ടു കാതും പൊത്തിക്കൊണ്ട് ഓടിക്കളഞ്ഞു പോലും (എം.പി. മന്മഥൻ എന്നോട് പറഞ്ഞതാണിത്). ഇന്ന് അശ്ലീലതയെക്കുറിച്ചുള്ള അനുഭൂതിക്കും സങ്കല്പത്തിനും മാറ്റം വന്നിരിക്കുന്നു. കൊടുങ്ങല്ലൂരെ അശ്ലീലഗാനമെഴുത്തുകാരന്റെ പാട്ടെന്നല്ല ഏതു പാട്ടുകേട്ടാലും ചെറുപ്പക്കാർക്ക്പോലും ഒരു വികാരവും ഉണ്ടാകില്ല. ഞാൻ ഫോർത്ത് ഫോമിൽ പഠിക്കുമ്പോഴാണ് (ഇന്നത്തെ എട്ടാം ക്ലാസ്സ്) സൊലയുടെ Nana എന്ന നോവൽ വായിച്ചത്. നാന കൈകളുയർത്തി ഭുജകോടരത്തിലെ സുവർണ്ണരോമങ്ങൾ കാണിച്ചുവെന്ന് നോവലിസ്റ്റ് എഴുതിയത് വായിച്ച് ഞാൻ ഇളകിപ്പോയി. നോവൽ താഴെവെക്കാതെ കൊണ്ടുനടക്കുകയും ചിലപ്പോൾ അത് നെഞ്ചോട് അമർത്തുകയും ചെയ്തു. ഇന്ന് ചെറുപ്പക്കാർ തന്നെ ആ ഭാഗം വായിച്ചിട്ട് ഒരു വികാരവും കൂടാതെ ഇരിക്കും. അശ്ലീലതയുടെ Sting — കുത്ത് — ഇന്ന് ആർക്കും ഇളക്കമുണ്ടാക്കുന്നില്ല. വള്ളത്തോളിന്റെ ‘വിലാസലതിക’ ഇന്ന് ആരു വായിക്കുന്നു? ആരും വായിക്കുന്നില്ല. എന്റെ കുട്ടിക്കാലത്തും ചെറുപ്പകാലത്തും അതായിരുന്നില്ല സ്ഥിതി. ‘വിലാസലതിക’യുടെ ഒരു പ്രതി എങ്ങനെയെങ്കിലും നേടിയിരിക്കും ഓരോ ബാലനും ഓരോ യുവാവും. ഇന്ന് ചില പെൺപിള്ളേർ കഥയെഴുതുമ്പോൾ ജനപ്രീതിക്കു വേണ്ടി പുരുഷന്മാർ പോലും പറയാൻ അറയ്ക്കുന്ന അസഭ്യങ്ങൾ രചനകളിൽ നിവേശിപ്പിക്കുന്നു. തെറ്റിദ്ധാരണയിൽ പെട്ടിരിക്കുകയാണ് അവർ. അതു കണ്ടാൽ ആളുകൾ അറപ്പോടും വെറുപ്പോടും കൂടി വാരിക ദൂരെയെറിയും. കീർത്തി വേണം പെൺപിള്ളേർക്കെങ്കിൽ സാഹിത്യത്തിന്റെ മേന്മ വരുന്ന മട്ടിൽ അവർ കഥകളെഴുതട്ടെ.
- ഞാനും എം.കെ.സാനുവും എറണാകുളം മഹാരാജാസ് കോളേജിൽ സഹപ്രവർത്തകരായിരുന്നു. ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു സ്റ്റൈൻബക്കിന്റെ “Grapes of Wrath” എന്ന നോവലിന്റെ ആ പേര് മലയാളത്തിൽ എങ്ങനെ തർജ്ജമ ചെയ്യുമെന്ന്. “അമർഷത്തിന്റെ മുന്തിരി” എന്നു ഞാൻ പറഞ്ഞു. സാനു അതുകേട്ട് “ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ” എന്നായാലോ എന്നു ചോദിച്ചു. ഞാൻ ‘ഭേഷ്, ഭേഷ്’ എന്നു അഭിനന്ദനം പൊഴിച്ചു. സാനു സാനുവായത് ഈ ശക്തി കൊണ്ടാണ്. ഞാൻ ഞാനായത് ആ ശക്തി എനിക്കില്ലാത്തതുകൊണ്ടാണ്.
- ഒരു കോളേജിൽ ഒരു മലയാളാധ്യാപകന്റെ ക്ലാസ്സിൽ ബഹളം. അദ്ദേഹം കുട്ടികളോട് കാര്യമന്വേഷിച്ചു. അവർ പറഞ്ഞത് ഇങ്ങനെ “സാർ, കാലം മാറിയിരിക്കുന്നു. സാറ് കുചേലവൃത്തം വഞ്ചിപ്പാട്ടിനെക്കുറിച്ചും രാമായണം ചമ്പുവിനെക്കുറിച്ചും മാത്രമേ ക്ലാസ്സിൽ സംസാരിക്കുന്നുള്ളൂ. കുട്ടികൾക്ക് ആധുനികമായ കാര്യങ്ങൾ അറിയണം” “അടുത്ത ക്ലാസ്സിൽ ഞാൻ മോഡേണായ കാര്യങ്ങൽ പറയാം” എന്ന് അധ്യാപകൻ മറുപടിനൽകി. കുട്ടികൾ ശാന്തരായി പിരിഞ്ഞു പോയി. അദ്ദേഹത്തിന്റെ അടുത്ത ക്ലാസ്സ്. വിദ്യാർത്ഥികൾ സാറിന്റെ പ്രസംഗം കേൾക്കാൻ കൗതുകത്തോടെ ഇരിക്കുകയാണ്. അധ്യാപകൻ തുടങ്ങി: “ഞാൻ മോഡേൺ നോവലായ ‘ഇന്ദുലേഖ’യെക്കുറിച്ച് പറയാം” എന്നിട്ട് അദ്ദേഹം ‘ഇന്ദുലേഖ’യുടെ കഥ പറഞ്ഞു നിർത്തി. കൂവലുയർന്നു. അതിൽ അദ്ദേഹം ഉയർന്നു. വീടുവരെ ചെല്ലുന്നതിന് അധ്യാപകന് കാറോ സ്കൂട്ടറോ വേണ്ടി വന്നില്ല. പിള്ളേരുടെ കൂവലിന്റെ തരംഗങ്ങളാൽ വഹിക്കപ്പെട്ട് അദ്ദേഹം സ്വന്തം വീട്ടിന്റെ മുറ്റത്തു ചെന്നു വീണു.
- രവീന്ദ്രനാഥ റ്റാഗോറിന് കാവ്യപ്രചോദനം വരുമ്പോൾ അദ്ദേഹം ഇരിക്കുന്നിടത്തുതന്നെ ഇരുന്ന് ഇടത്തോട്ടും വലത്തോട്ടും ആടും. അതുകണ്ടാൽ സെക്രട്ടറി കടലാസ്സും പേനയും എടുത്ത് അദ്ദേഹത്തിന്റെ അടുത്തു വന്നിരിക്കും. റ്റാഗോർ കവിത ചൊല്ലും. സെക്രട്ടറി അത് എഴുതിയെടുക്കും. ഡബ്ള്യു.ബി. യേറ്റ്സ് നൂറ്റുക്കണക്കിന് മെഴുകുതിരി കത്തിച്ചു വച്ചിട്ട് അതിന്റെ നടുവിലിരുന്ന് കവിതയെഴുതും. ഞാൻ ചങ്ങമ്പുഴ കവിതയെഴുതുന്നത് കണ്ടിട്ടുണ്ട്. കടലാസ്സിന്റെ മേലറ്റത്ത് പേനവച്ചാൽ അത് അങ്ങു ഒഴുകും. ഒന്നാന്തരം കവിത മഷിയിലൂടെ ഊർന്നുവീഴും. കടലാസ്സിന്റെ താഴെയറ്റത്ത് എത്തുന്നതുവരെ കവി പേന എടുക്കുകയില്ല. അടുത്ത കടലാസ്സിന്റെ മുകളിൽ പേനവച്ച് ഈ പ്രക്രിയ തുടരും. ഒരിക്കൽ ഞാൻ വെണ്ണിക്കുളം ഗോപാലക്കുറുപ്പിനോട് ചോദിച്ചു: “സാറ് കവിതയെഴുതുന്നത് എങ്ങനെ? നേരെ പദ്യമായിട്ട് അതങ്ങ് കടലാസ്സിൽ വീഴുമോ? അതോ ആദ്യം ഗദ്യമായി എഴുതിയിട്ട് പദ്യമായി മാറ്റുമോ?” കവി പറഞ്ഞു: “ഞാൻ പലപ്പോഴും ഗദ്യമായിട്ട് എഴുതും. എന്നിട്ട് അത് പദ്യമാക്കും.”
|
|