close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 02 10


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 02 10
ലക്കം 491
മുൻലക്കം 1985 02 03
പിൻലക്കം 1985 02 17
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ്‌ബഷീർ, പി. കേശവദേവ് ഇവരുടെ സാഹിത്യസൃഷ്ടികളെക്കുറിച്ച് ഈ ലേഖകനുള്ള അഭിപ്രായമെന്തുമാകട്ടെ. അവരുടെ കഥാപാത്രങ്ങൾ എന്റെ നാട്ടിലുള്ളവരാണെന്ന് എനിക്ക് തോന്നുന്നുണ്ട്. ചന്തുമേനോന്റെ ‘ഇന്ദുലേഖ’, ‘ശാരദ’ ഈ നോവലുകളിലെ കഥാപാത്രങ്ങളെക്കുറിച്ചും പറയാനുള്ളത് ഇതു തന്നെ. സി.വി. രാമൻ പിള്ളയുടെ പാറുക്കുട്ടിയെയും കാർത്ത്യായനി അമ്മയേയും പവതിക്കൊച്ചിയേയും ഞാൻ കാണാത്ത ദിവസമില്ല. കേശവദേവിന്റെ പപ്പു വിക്തോർയൂഗോയുടെ ‘പാവങ്ങ’ളിലെ ഷാങ് വൽ ഷാങ്ങിന്റെ പ്രതിരൂപമാണോ? ലക്ഷ്മി കോസത്ത് തന്നെയോ? ആയിക്കൊള്ളട്ടെ. എങ്കിലും ലക്ഷ്മിയെ ഞാൻ ഇന്നലെ കണ്ടു. ‘അച്ഛൻ റിക്ഷയും കൊണ്ടുപോയിരിക്കുകയാണ്. ഇരിക്കു, ഇപ്പോൾ വരും’ എന്ന് വിനയമധുരമായി അവൾ എന്നോടു പറഞ്ഞു. ഈ വ്യക്തികൾ, തങ്ങൾ താമസിക്കുന്ന വീടുകളിലെ വാതായനങ്ങൾ മലർക്കെ തുറന്നിടുന്നു. ‘വരൂ, സ്വാഗതം’ എന്നു ക്ഷണിക്കുന്നു. ഞാൻ അങ്ങോട്ടു ചെല്ലുന്നു. അവരുടെ കൂട്ടത്തിൽ ഒരാളായി മാറുന്നു.

ഈ അനുഭവം നവീന കഥാകാരന്മാരുടെ നോവലുകളിൽനിന്നും ചെറുകഥകളിൽ നിന്നും എനിക്കു ഉണ്ടാകുന്നില്ല. മുകുന്ദന്റെ ‘ദൽഹി’യിലെ, ആനന്ദിന്റെ ‘മരണ സർട്ടിഫിക്ക’റ്റിലെ, കാക്കനാടന്റെ ‘സാക്ഷി’യിലെ കഥാപാത്രങ്ങൾക്കു “മാംസത്തിന്റെയും ചോരയുടെയും സത്യാത്മകത” യില്ല. അവർ രചയിതാക്കളുടെ ജീവരക്തത്തിൽ നിന്നു ജനിച്ചവരല്ല. ചിലർ കാഫ്‌കയുടെ ‘കെ’ യെപ്പോലെയിരിക്കുന്നു; മറ്റു ചിലർ കമ്യുവിന്റെ മെർസോയെപ്പോലിരിക്കുന്നു. എല്ലാം സായിപ്പിന്റെ പ്രേതങ്ങൾ. അവർ ഹോൺട് ചെയ്യുന്ന ഭവനങ്ങൾ എനിക്കായി തുറക്കപ്പെടുന്നില്ല. വാതായനങ്ങൾ തുറന്നാലും എനിക്കു അകത്തോട്ടു കയറാൻ ധൈര്യവുമില്ല. അതാ അങ്ങോട്ടു നോക്കു. “ഏതു കെരന്തം കൊച്ചമ്മ, എന്നും വായിക്കണതോ? നോമ്പിനു വായിക്കണതോ?” എന്നോ മറ്റോ ചോദിക്കുന്ന പരിചാരിക മാർത്താണ്ഡവർമ്മ എന്ന ആഖ്യായികയിലാണുള്ളത്. അവൾ കണങ്കാലുവരെ എത്തുന്ന മട്ടിൽ മുണ്ടുടുത്തിരിക്കുന്നു. റവുക്കു ഇട്ടിരിക്കുന്നു. നവീനന്മാരുടെ കഥാപാത്രങ്ങൾക്കു് എക്സിസ്റ്റെൻഷ്യൽ കഞ്ചുകങ്ങളാണുള്ളത്. ആ യൂണിഫോം ധരിച്ച് അവർ ‘മരണം’, ‘ശൂന്യത’ എന്നു മാറിമാറിപ്പറഞ്ഞ് ലെഫ്‌റ്റ്, റൈറ്റ് ചവിട്ടുന്നു.

വിധ്വംസനം

നവീന കവിതയെ നീതിമത്കരിക്കാൻ വേണ്ടി ഡോക്ടർ കെ. അയ്യപ്പപ്പണിക്കർ എഴുതിയ ‘സാഹിത്യത്തിലെ വിധ്വംസന പ്രക്രിയ’ എന്ന ലേഖനം കൗതുകത്തോടെയാണ് ഞാൻ വായിച്ചത്. അതു വായിച്ചുകഴിഞ്ഞപ്പോൾ പാഞ്ഞുപോകുന്ന അമ്പ് പാഞ്ഞുപോകുന്നില്ലെന്നു സ്ഥാപിച്ച സീനോയുടെ ബുദ്ധി വൈഭവം എനിക്കു ഓർമ്മ വരികയും ചെയ്തു. ശക്തിയാർന്ന പാരമ്പര്യം വിധ്വംസനത്തിന്റെ സൃഷ്ടിയാണെന്നും ഇന്നു നമ്മൾ അംഗീകരിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഒരു കാലത്ത് വിധ്വംസകങ്ങളായി കരുതപ്പെടുന്നുവെന്നും അയ്യപ്പപ്പണിക്കർ പറയുന്നു. അപ്പോൾ ‘രാമചരിത’ത്തിൽ നടത്തിയ വിധ്വംസനം ‘കണ്ണശ്ശരാമായണ’മായി മാറി. ‘കണ്ണശ്ശരാമായണ’ത്തിൽ വിധ്വംസനം നടത്തിയപ്പോൾ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമുണ്ടായി. കുഞ്ചൻനമ്പ്യാർ അതിൽ വിധ്വംസനം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ രാമകഥാപ്രതിപാദകങ്ങളായ തുള്ളലുകൾ ജനിച്ചു. ചില ആട്ടകഥാ കർത്താക്കന്മാർ വിധ്വംസകരായപ്പോൾ രാമായണ വിഷയങ്ങളായ ആട്ടകഥകൾ ആവിർഭവിച്ചു. ആ ആട്ടകഥകൾ വായിച്ച കുമാരനാശാന്റെ വിധ്വംസക പ്രവർത്തനമാണ് “ചിന്താവിഷ്ടയായ സീത”. അയ്യപ്പപ്പണിക്കർ അവിടെ നിർത്തുന്നു. ‘ചിന്താവിഷ്ടയായ സീത’യിൽ സി. എൻ. ശ്രീകണ്ഠൻനായർ വിധ്വംസനം നടത്തിയപ്പോൾ ‘കാഞ്ചനസീത’യുണ്ടായി എന്ന് അദ്ദേഹം പറയുന്നില്ല. പറയാമായിരുന്നല്ലോ. കാഞ്ചനസീതയിൽ കയറി അരവിന്ദൻ നടത്തിയ വിധ്വംസനമാണ് അദ്ദേഹത്തിന്റെ സിനിമ എന്നും മൊഴിയാടാമായിരുന്നു. ഡോക്ടർ മൊഴിയാടാതെ മൗനം അവലംബിച്ചുകളഞ്ഞു. The rest is silence. ആ നിശ്ശബ്ദതയിൽ നിന്ന് ഉണ്ടാകുന്ന മഹാശബ്ദം മറ്റൊന്നാണ്. അതു ഞാൻ പറയട്ടെ. വെൺമണിക്കവിതയിൽ നടത്തിയ വിധ്വംസനം വള്ളത്തോൾക്കവിത. വള്ളത്തോൾക്കവിതയിൽ നടത്തിയ വിധ്വംസനം ചങ്ങമ്പുഴക്കവിത. ചങ്ങമ്പുഴക്കവിതയിലുള്ള വിധ്വംസനം അയ്യപ്പപ്പണിക്കരുടെ കവിത. അങ്ങനെ അദ്ദേഹത്തിന്റെ കവിതയും അദ്ദേഹത്തിന്റെ കൂട്ടുകാരായ സച്ചിദാനന്ദൻ, ആറ്റൂർ രവിവർമ്മ ഇവരുടെ കവിതയും ‘ഫുള്ളി ജസ്റ്റിഫൈഡ്’.

അയ്യപ്പപ്പണിക്കരുടെ വാദങ്ങൾ, മിഥ്യാബോധജനകങ്ങളാണ്. വിധ്വംസകപ്രവർത്തനങ്ങൾ പുരോഗമനത്തിലേക്കും വികാസത്തിലേക്കും നയിച്ചെങ്കിലേ അവ ആദരണീയങ്ങളാകൂ. എഴുത്തച്ഛന്റെ രാമായണത്തെക്കാൾ ഉത്കൃഷ്ടമാണോ ശ്രീകണ്ഠൻനായരുടെ കാഞ്ചനസീത? അല്ല എന്നാണെങ്കിൽ ആ വിധ്വംസനം കൊണ്ടെന്തു പ്രയോജനം? വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതയെക്കാൾ ഉത്കൃഷ്ടമാണോ അയ്യപ്പപ്പണിക്കരുടെയും സച്ചിദാനന്ദന്റെയും കവിത? അല്ലെങ്കിൽ അവരുടെ വിധ്വംസകപ്രവർത്തനങ്ങൾക്കു മാന്യത വരുന്നതെങ്ങനെ? മുൻപുള്ള കവിതയിൽ ഇല്ലാത്ത നൂതന ബാദ്ധ്യതകൾ പിന്നീടു വരുന്ന കവി കണ്ടുപിടിക്കുമ്പോഴാണ് കവിതയിൽ പുരോഗമനം ഉണ്ടാകുന്നത്. ഐൻസ്റ്റൈൻ ന്യൂട്ടനെക്കാൾ വലിയ ശാസ്ത്രജ്ഞനായത് വിധ്വംസനപ്രവർത്തനം കൊണ്ടല്ല. ന്യൂട്ടന്റെ എല്ലാ സിദ്ധാന്തങ്ങളും മനസ്സിലാക്കി, അവയെ ജയിച്ചടക്കിയതിനുശേഷം നൂതനങ്ങളായ സാദ്ധ്യതകൾ അവയിൽ കണ്ടെത്തിയപ്പോഴാണ് ഐൻസ്റ്റൈൻ ന്യൂട്ടനെക്കാൾ വലിയ ശാസ്ത്രജ്ഞനായത്. കവികളെ സംബന്ധിച്ചും ഇതാണുശരി. തന്റെ മുൻഗാമികളെ പൂർണ്ണമായും മനസ്സിലാക്കിയ ഷേക്സ്പിയർ നാടകത്തിന്റെയും കവിതയുടെയും മണ്ഡലങ്ങളിൽ നവീന സാദ്ധ്യതകൾ സാക്ഷാത്കരിച്ചു. അപ്പോൾ ആ രണ്ടു മണ്ഡലങ്ങളിലും പുരോഗമനമുണ്ടായി. ചിലപ്പോൾ നൂതനങ്ങളായ കഴിവുകളുടെ കണ്ടെത്തലുകൾ ദോഷം വരുത്തുകയും ചെയ്യും. ഛന്ദസ്സിൽ നിന്ന് കവിതയെ മോചിപ്പിക്കുക എന്നത് ഒരു നൂതന സാദ്ധ്യതയുടെ സാക്ഷാത്കാരമാണെന്ന് വേണമെങ്കിൽ വാദിക്കാം. കാകളി വൃത്തത്തിൽ മൂന്നക്ഷരം കൂടി ചേർത്തുവച്ചാൽ അർത്ഥവ്യാപ്തി നല്കാമെന്ന് ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു കവിതയ്ക്കു ഹാനി സംഭവിപ്പിച്ചു. അതുകൊണ്ട് അയ്യപ്പപ്പണിക്കരുടെയും കൂട്ടുകാരുടെയും ഈ “സാക്ഷാത്കാരങ്ങൾ” കവിതയെ അധഃപതിപ്പിച്ചതേയുള്ളൂ. മായാമയൻ പാമരന്മാരെ ഒപ്പിപ്പാനായി നടന്നുവെന്ന് എവിടെയോ വായിച്ച ഓർമ്മ. യഥാർത്ഥ യുക്തി എന്നു തോന്നുന്ന കപട യുക്തികൊണ്ട് ഡോക്ടർ അയ്യപ്പപ്പണിക്കർ പാമരന്മാരയ ഞങ്ങളെ ഒപ്പിക്കുന്നു. (അദ്ദേഹത്തിന്റെ ലേഖനം മനോരാജ്യം വാരികയിൽ).

* * *

നാഴികമണി നിന്നുപോകാതെ അതിനെ തൊടാൻ സാധിക്കും. അതുകൊണ്ട് അതിനെ തൊടാതെ ചലിപ്പിക്കാനും കഴിയും (It is possible to touch a clock without stopping it. So it is possible to start a clock without touching it). ഇതാണ് യുക്തിയുടെ ആഭാസം.

നേരമ്പോക്കുകൾ

കുഞ്ഞുണ്ണി എടുത്തെഴുതുന്ന “നമ്പൂരി ഫലിതങ്ങൾ” ഈ ലേഖകന് ഏറെയിഷ്ടമാണ്. കലാകൗമുദിയിൽ നൽകിയിരിക്കുന്ന ആദ്യത്തെ ഫലിതം കേട്ടാലും:

ഒരില്ലത്ത് അതിഥിയായി ചെന്ന മാടമ്പ് കുഞ്ഞുകുട്ടനോട് ആതിഥേയൻ നമ്പൂതിരി കുശലപ്രശ്നങ്ങളെല്ലാം കഴിഞ്ഞ്

ട്ടോ മാടമ്പ്, വടെ മുറുക്കണോരാരൂല്ല്യ.
അതോണ്ട് വിരോധല്ല്യ
ബീഡി, സിഗരറ്റ് — ആ വകേം പതിവില്ല്യ
അതോണ്ടും വെഷമല്ല്യ
കാപ്പി, ചായ അങ്ങനേം – പതിവില്ല്യ. ഒക്ക്യൊരു പഴേ മട്ടാവട്ടെ. മാടമ്പിന്റവട്യൊക്കെങ്ങനാ?
അവടേം ഇതൊന്നും പതിവില്ല്യാത്തോര്ണ്ട്. പക്ഷേ, അവരൊക്കെ തൊഴ്‌ത്തിലാന്ന് മാത്രം.

ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചതിനു ശേഷം ഒരു യോഗാസനക്കാരൻ പല ‘യോഗാസനങ്ങളും’ പ്രദർശിപ്പിച്ചു. അദ്ദേഹം ഇരുന്നപ്പോൾ അദ്ധ്യക്ഷനായിരുന്ന നാരായണപിള്ളസ്സാർ (യൂണിവേഴ്സിറ്റി കോളേജിലെയും മഹാത്മാഗാന്ധി കോളേജിലെയും പ്രിൻസിപ്പലായിരുന്ന വ്യക്തി) എഴുന്നേറ്റു. നൂറു വയസ്സുവരെ ജീവിക്കാനുള്ള മാർഗ്ഗങ്ങൾ ഉപദേശിച്ച യോഗാസനാചാര്യനെ കൂടെക്കൂടെ നോക്കിക്കൊണ്ട് അദ്ദേഹം സദസ്സിനോട് ചോദിച്ചു. ഉത്തരവും അദ്ദേഹം നൽകി.

നിങ്ങൾ സിഗരറ്റ് വലിക്കുമോ?
ഇല്ല
നിങ്ങൾ സിനിമ കാണുമോ?
ഇല്ല
നിങ്ങൾ കാപ്പിയോ ചായയോ കുടിക്കുമോ?
ഇല്ല
നിങ്ങൾ സ്നേഹത്തോടെ ഒരു വാക്കെങ്കിലും സ്ത്രീയോടു പറയുമോ?
ഇല്ല
പിന്നെ നിങ്ങൾ നൂറ് വയസ്സുവരെ ജീവിച്ചിരുന്നതു കൊണ്ടെന്തു പ്രയോജനം?

സദസ്സ് കൈയടിച്ചു.

കെ. സുരേന്ദ്രൻ

ആത്മകഥകൾ പലതരത്തിലെഴുതാം. താൻ തൊട്ടിലിൽ കിടന്നതും, അമ്മ താരാട്ട് പാടിയതും, ഉറങ്ങാതെ കിടന്നതും തൊട്ട് തുടങ്ങും ഗ്രന്ഥകാരൻ. ജീവിതാമസ്തമയം വരെ അതു നീളും. ഇടയ്ക്കുള്ള ദീർഘകാലത്തെ സകല ബോറൻ സംഭവങ്ങളും നിരത്തിവയ്ക്കും. വേറെ ചിലർ നാടകീയത ആവഹിക്കുന്ന ഏതെങ്കിലും സംഭവം വർണ്ണിച്ചുകൊണ്ട് ആരംഭിക്കും. നോവലിസ്റ്റായ സുരേന്ദ്രൻ അമ്മട്ടിലാണ് ജീവിതകഥയുടെ ആഖ്യാനം തുടങ്ങിയത്. അത് അദ്ദേഹത്തിന്റെ ഉചിതജ്ഞതയെയും കലാതാല്പര്യത്തേയും പ്രകടമാക്കുന്നു. താരതമ്യേന ആകർഷകങ്ങളായിരുന്നില്ല ആദ്യത്തെ രണ്ട് ഖണ്ഡങ്ങളും. അതല്ല മൂന്നാമത്തെ ഖണ്ഡത്തിന്റെ അവസ്ഥ. അത് തികച്ചും രസകരമത്രേ. ജീവിത സംഭവങ്ങളിൽ നിന്ന് താനെന്ത് പഠിച്ചു, ഏത് സാന്മാർഗ്ഗികാശയം തനിക്ക് ലഭിച്ചു എന്ന് ഗ്രന്ഥകാരൻ വിശദമാക്കുമ്പോൾ വായനക്കാരനും ആ വിധത്തിൽ സമ്പന്നത ആർജ്ജിക്കുകയാണ്. തന്നെ ആഹ്ലാദിപ്പിച്ചതും, വേദനിപ്പിച്ചതും, കരയിപ്പിച്ചതും, ക്ഷോഭിപ്പിച്ചതും എഴുത്തുകാരൻ ആവിഷ്കരിക്കുമ്പോൾ അവയുടെ ലൗകികാംശം നശിച്ചിട്ട് ആസ്വാദ്യമായി ഭവിക്കുന്നു. കഷ്ടപ്പെടുന്ന കേശവദേവിനെ മിസ്സിസ്സ് കുമാരനാശാന്റെ അടുക്കൽ കൊണ്ടുപോയി. അന്നത്തെ നിലയ്ക്ക് ഭേദപ്പെട്ട ഒരു തുക സുരേന്ദ്രൻ വാങ്ങിക്കൊടുത്തു. അതിന്റെ വർണ്ണനം വായിക്കുമ്പോൾ സുരേന്ദ്രനും കേശവദേവും നമ്മുടെ സഹോദരന്മാരായി മാറുന്നു. അതാണ് രചനയുടെ ശക്തി. ആത്മകഥയുടെ ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ മനുഷ്യത്വത്തിന്റെ സ്പന്ദനത്താൽ സജീവമായി ഭവിക്കട്ടെ (കലാകൗമുദി — ജീവിതവും ഞാനും).

ജീവിച്ചിരുന്നവരെയും ജീവിച്ചിരിക്കുന്നവരെയും ‘ഫിക്ഷണൽ ലെവലിൽ’ നോവലുകളിൽ കൊണ്ടുവന്ന നോവലിസ്റ്റാണ് സുരേന്ദ്രൻ. ആ വ്യക്തികളുടെ ഏതേതംശങ്ങളെ ചിത്രീകരിച്ചാലാണ് അവരുടെ പ്രതീതി ഉണ്ടാകുന്നതെന്ന് നോവലിസ്റ്റിന് അറിയാമായിരിക്കണം. ആത്മകഥയിൽ വരുന്ന വ്യക്തികളെയും അങ്ങനെ തന്നെ വേണം ആലേഖനം ചെയ്യാൻ. ഈ സാരസ്വതരഹസ്യം സുരേന്ദ്രന് അറിയാമെന്ന് ഞൻ വിചാരിക്കുന്നു.

* * *

പ്രൂസ്തിന്റെ ‘മഹാനോവലാ’യ ‘ഭൂതകാലത്തെക്കുറിച്ചുള്ള സ്മരണകളി’ൽ ബർഷൊത് എന്ന പേരിൽ ഒരു നോവലിസ്റ്റുണ്ട്. ഫ്രഞ്ച് സാഹിത്യകാരനായ എനാതൊൽ ഫ്രാങ്സിന്റെ പ്രതിരൂപമാണ് അയാൾ. പക്ഷേ, ഫ്രാങ്സിനെ യഥാർഥ ജീവിതത്തിലെന്ന പോലെ ചിത്രീകരിച്ചില്ല പ്രൂസ്ത്. അതുകൊണ്ട് ആ കഥാപാത്രം ദൃഢപ്രത്യയം ജനിപ്പിക്കുന്നു.

പാപം

സാഹിത്യമണ്ഡലത്തിലെ വലിയ പാപികൾ സെക്സിന് പരമപ്രാധാന്യം നൽകുന്നവരാണ്. പാപഭാരം കൊണ്ട് കൂനിപ്പോയ കഥയാണ് ‘ജനയുഗം’ വാരികയിലെ “ജലജ കതോർത്തിരിക്കുന്നു” എന്നത്. ജലജയ്ക്ക് ഭർത്താവിൽ നിന്ന് കുഞ്ഞ് ജനിക്കുന്നില്ല. അതു മനസ്സിലാക്കിക്കൊടുത്ത സുന്ദരനും ചെറുപ്പക്കാരനുമായ ഡോക്ടറുമായി അവൾ ലൈംഗികബന്ധം പുലർത്തുന്നു. അതുവരെ ഭർത്താവിനെ ഉപേക്ഷിക്കണോ വേണ്ടയോ എന്ന് സംശയിച്ചിരുന്ന അവൾക്ക് പിന്നെ സംശയമേയില്ല. ജലജ ഡോക്ടറെ പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ കഥ അവസാനിക്കുന്നു. മൂക്കോർത്ത് രഞ്ജിത്ത് എഴുതിയതാണ് ഈ കഥ. ലൈംഗികത്വത്തിലൂടെ സ്ത്രീ തന്നെ കണ്ടെത്തുന്ന കഥകൾ ധാരാളമുണ്ട്. ആ കണ്ടെത്തലുകളുടെ ആവിഷ്കാരം വായനക്കാർക്ക് രസോത്പാദകവുമാണ്. ഇവിടെ അതൊന്നുമില്ല. പെൺപിള്ളേരെയും ആൺപിള്ളേരെയും ഇക്കിളിപ്പെടുത്തുന്ന കുറേ ലൈംഗിക വർണ്ണനകളും മധുരപദനിവേശനങ്ങളും മാത്രമേയുള്ളൂ ഇതിൽ. “ബ്രേസിയറിന്റെ ഹുക്കഴിച്ചപ്പോൾ വിടർന്ന അവളുടെ മുലഞെട്ടുകളിൽ മുഖമമർത്തി അയാൾ ചുംബിച്ചു (പുറം 18). പിന്നെ അയാൾ അവളുടെ മുലഞെട്ടുകളിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചുണ്ടമർത്തി വർദ്ധിച്ച ആർത്തിയോടെ സ്നേഹത്തിന്റെ ഉറവകൾ തേടി (പുറം 21).” ഇങ്ങനെ കഥാകാരൻ ചൂചുകഭ്രാന്ത് കാണിക്കുന്നത് എന്തിനാണാവോ? ജലജയ്ക്ക് കുറെ കട്ടിച്ചെന്ന്യായം (ചെന്നിനായകമാണോ ശരി?) കൊടുക്കാൻ ആരുമില്ലേ? അതു സ്തനാഗ്രത്തിൽ തേയ്ച്ചു കിടന്നാൽ അവളും വായനക്കാരും രക്ഷപ്പെടും.

* * *

ഹെൻട്രി എട്ടാമന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന അൻ ബുലിന് (Anne Boleyn) അനേകം സ്തങ്ങളുണ്ടായിരുന്നു. ഇലിസബത്ത് രാജ്ഞി അൻബുലീന്റെ മകളായിരുന്നു എന്നാണ് എന്റെ ഓർമ്മ. താൻ കന്യകയാണെന്ന് പ്രജകളെ അറിയിക്കാൻ വേണ്ടി ഇലിസബത്ത് സ്തനങ്ങൾ വെളിയിൽ കാണുന്ന വിധത്തിൽ വസ്ത്രധാരണം ചെയ്തിരുന്നു. മൂർക്കോത്ത് രഞ്ജിത്തിന്റെ കഥാപാത്രം അൻബുലീന്റെയോ ഇലിസബത്തിന്റെയോ കാലത്ത് ജീവിച്ചിരുന്നെങ്കിൽ! എന്തു സംഭവിക്കുമായിരുന്നു എന്ന് ഞാൻ പറയേണ്ടതില്ല.

സമ്പൂർണ്ണമായ കഥ

അമേരിക്കൻ നോവലിസ്റ്റും കഥയെഴുത്തുകാരിയുമാണ് — ഫ്ലാനറി ഓ കൊണർ (Flannery O‘ Connor 1925 – 64) അവരുടെ നോവലുകളോ കഥകളോ ഞാൻ വായിച്ചിട്ടില്ല. ഉജ്ജ്വലങ്ങളായ നിരൂപണങ്ങൾ വായിച്ചിട്ടുണ്ട്. അവരുടെ ‘writing Short Stories’ എന്ന പ്രബന്ധത്തിലെ ഒരു ഭാഗം: “കഥയുടെ അവസാനത്തിൽ ആരെങ്കിലും വിവാഹം കഴിക്കുകയോ വെടിയേറ്റു മരിക്കുകയോ ചെയ്തില്ലെങ്കിൽ ആ കഥയിൽ ഒന്നും സംഭവിക്കുന്നില്ല എന്ന് വിചാരിക്കുന്ന ഒരമ്മായി എനിക്കുണ്ട്. ഒരു വൃദ്ധയുടെ കാറ് സ്വായത്തമാക്കാൻ വേണ്ടി അവരുടെ ബുദ്ധിയില്ലാത്ത മകളെ വിവാഹം കഴിച്ച ഒരു ‘കാൽനടക്കാ’ രന്റെ കഥ ഞാനെഴുതി. വിവാഹത്തിനു ശേഷം അവൻ അവളെ കാറിൽ കയറ്റി യാത്ര പോകുന്നു. ഒരു ഭക്ഷണശാലയിൽ വച്ച് ഉപേക്ഷിച്ചു പോകുന്നു. എന്നിട്ട് കാറ് ഓടിച്ചു കടന്നു കളയുകയാണ്. ഇത് സമ്പൂർണ്ണമായ കഥയാണ്… പക്ഷേ, ഇത് സമ്പൂർണ്ണമായ കഥയാണെന്ന് എന്റെ അമ്മായിയെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുന്നില്ല. ബുദ്ധിശൂന്യയായ ആ പെൺകുട്ടിക്ക് പിന്നീടെന്തു സംഭവിച്ചുവെന്ന് അവർക്ക് അറിയണം. ഫ്ലാനറി ഒ കൊണറുടെ കഥ സമ്പൂർണ്ണമാണെന്ന് നമ്മളും സമ്മതിക്കുന്നു. സമ്മതിക്കാത്തവർ ആ പെൺകുട്ടിയെക്കാൾ ബുദ്ധിമാന്ദ്യം ഉള്ളവരാണ്. എൻ. ടി. ബാലചന്ദ്രന്റെ “മഴത്തുള്ളികൾ.” സമ്പൂർണ്ണമായ കഥ തന്നെ. അച്ഛനും അമ്മയും കൊച്ചുമകളും കൂടി വിദേശത്തേക്കു പോയപ്പോൾ കൊച്ചുമകനെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വീട്ടിലാക്കി. വർഷങ്ങൾ കഴിഞ്ഞ് അവർ തിരിച്ചെത്തുന്നു. മകനെ അവഗണിക്കുന്നു. അവർ താമസിക്കുന്ന വീട്ടിൽ അവൻ കാലത്തെത്തിയിട്ടും അവഗണന തന്നെ. സമ്പൂർണ്ണമായ കഥ. ബുദ്ധിയില്ലാത്ത അമ്മായി ബാലചന്ദ്രനോ എനിക്കോ ഉണ്ടെങ്കിൽ ആ പയ്യനു പിന്നെന്തു സംഭവിച്ചുവെന്നു ചോദിക്കുമായിരുന്നു. ഹ്രസ്വമായ കഥയെഴുതാൻ ബാലചന്ദ്രന് താത്പര്യമില്ല. ഏതു കൊച്ചു സംഭവവും വിസ്തരിച്ച് അങ്ങു എഴുതിയേ അദ്ദേഹത്തിന് മനസ്സിനു സമാധാനമുള്ളൂ. ആ സമാധാനം സൃഷ്ടിക്കൽ ഇതിലുമുണ്ട്. എങ്കിലും ആഖ്യാനപാടവുമുണ്ട് അദ്ദേഹത്തിന്. കുട്ടിയുടെ മനസ്സിലേക്കിറങ്ങിച്ചെന്ന് അവന്റെ വിചാര വികാരങ്ങളെ പ്രതിപാദിക്കാൻ കഴിയും. പക്ഷേ അടിസ്ഥാനപരമായ ഒരു അവാസ്തവികത ഇക്കഥയ്ക്കുണ്ട്. ദൂരെ ഏറെക്കാലം താമസിച്ചിട്ട് നാട്ടിൽ തിരിച്ചെത്തുന്ന മാതാപിതാക്കൾ മൂത്തമകനെ കാണാതെ അവിടെ നിന്ന് ഇറങ്ങി സ്വന്തം വീട്ടിലേക്കു പോകുമോ? ആ കൊച്ചുകുട്ടി പാടം താണ്ടി ആ വീട്ടിൽ കാലത്തെത്തിയിട്ടും അവനെ അവഗണിച്ചു കളയുമോ? അവൻ തന്തയ്ക്കു പിറന്നവനല്ലേ? എന്നാലും തള്ള അവനെയൊന്നു നോക്കാതെ പോകുമോ? ബാലചന്ദ്രന്റെ കഥ ‘ഞാനങ്ങു വാടി വീഴട്ടോ?’ എന്നു ചോദിക്കുന്ന പഴക്കമുള്ള റോസാപ്പൂവല്ല. നിറം മങ്ങിയ കടലാസ്സുപൂവാണ്. അതിന്റെ ഉള്ള് അസത്യം കൊണ്ടു കറുത്തിരിക്കുന്നു. അസത്യത്തെ ദൂരികരിക്കുന്ന വിമർശനപരമായ പ്രവർത്തനം ഭാവനയുടെ ഒരു ഘടകമാണ്. ആ പ്രവർത്തനമില്ലാത്തവർ കഥയെഴുതിയാൽ ബാലചന്ദ്രന്റെ കഥ പോലെയാകും.

കെ. സി. കേശവപിള്ളയും സ്വദേശാഭിമാനിയും

അസത്യത്തെ ദൂരികരിക്കുന്ന വിമർശനപരമായ പ്രവർത്തനം ഭാവനയുടെ ഒരു ഘടകമാണ്. ആ പ്രവർത്തനം ഇല്ലാത്തവർ കഥയെഴുതിയാൽ?

കെ. സി. കേശവപിള്ളയുടെ ഡയറി വായിക്കാൻ കിട്ടി. അതിൽ നിന്നൊരു ഭാഗം: 1081 കുംഭമാസം 4-ആം തീയതി. കൊട്ടാരം അദ്ധ്യാപനം രണ്ടു നേരവും ഗൃഹാദ്ധ്യാപനവും നടത്തി. സ്വന്തം പുസ്തക പരിശോധന മുഴുവനാക്കി. ‘സദാരാമ’ യെപ്പറ്റി നിന്ദ്യാരൂപമായ ഒരു നിരൂപണം ‘സ്വദേശാഭിമാനി’ എന്ന ആഭാസപ്പത്രത്തിൽ തുടങ്ങിയിരിക്കുന്നതായി കണ്ടു. അതു നടത്തുന്ന രാമകൃഷ്ണപിള്ള അയാളുടെ പൂർവ്വ ഭാര്യാമാതുലന് വിരോധമായി കള്ളസാക്ഷി പറയാൻ എന്നെ ആവശ്യപ്പെടുകയും സാക്ഷിയായി ചേർക്കുകയും ചെയ്തിരിക്കുന്നു. വാസ്തവ വിരുദ്ധമായി സാക്ഷി എഴുതികില്ലെന്ന് അയാളുടെ വക്കീൽ മിസ്റ്റർ നീലകണ്‌ഠപ്പിള്ളയോട് പറഞ്ഞയച്ചു. അയാളുടെ അസൂയാവിഷയത്തിന് ഇതും ഒരു വളമായിത്തീർന്നിരിക്കണം. മഹാരാജാവിനെ ദുഷിച്ച് നാടകവും സദാനന്ദസ്വാമി, വർഗ്ഗീസ് മാപ്പിള മുതലായ മഹാന്മാരെക്കുറിച്ച് ദുരാക്ഷേപങ്ങളും എഴുതി നിശ്ശങ്കം പ്രസിദ്ധമാക്കിയ ഈ ദുഷ്ടസത്വം ഇതിലധികവും ചെയ്യുന്നതിൽ ആശ്ചര്യപ്പെടാനില്ല.” 6-ആം തീയതി: “ …മൂന്നേകാൽ മണിക്കു പോയി വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലേക്കു മുഖം കാണിച്ചു. പലതും കല്പിച്ചു. സ്വദേശാഭിമാനിയിൽ ‘സദാരാമ’ യെ ദുഷിക്കുന്നതിനെപ്പറ്റി, ‘ഇതുകൊണ്ട് അയാളുടെ ദൗഷ്ട്യം വെളിപ്പെടും എന്നല്ലാതെ കവിതയ്ക്കു യാതൊരു ന്യൂനതയും വരുന്നതല്ല’ എന്നാണ് കല്പിച്ചത്. രാജരാജവർമ്മകോയിത്തമ്പുരാൻ എം. എ. അവർകളേയും കണ്ടു. അവിടന്ന് അവിടെ വന്നിട്ട് തിരിയേ പോകുന്ന മദ്ധ്യേയാണ് കണ്ടത്. ‘സ്വദേശാഭിമാനിയോ? ആ പത്രം ഞാൻ വായിക്കാറില്ല. പണ്ടേ ഉപേക്ഷിച്ചിരിക്കുന്നു. അവർ പൈത്യാരത്തനം പറയുന്നതിനെ ഗണിക്കാനില്ല. അവന്റെ സ്തുതി കൊണ്ടു മെച്ചവും ദുഷി കൊണ്ട് താഴ്ച്ചയും ഒന്നും വരാനില്ല’ എന്ന് അവടന്നു പറയുകയുണ്ടായി.”

വലതുകാൽ

എനിക്കു കിട്ടിയ ഒരു കത്തിൽ ഒരു വായനക്കാരൻ ഇങ്ങനെ പറയുന്നു: “പൈങ്കിളിക്കഥകളെ വധിക്കുന്ന നിങ്ങൾ അവ പ്രസിദ്ധപ്പെടുത്തുന്ന പത്രാധിപന്മാരെക്കുറിച്ച് ഒന്നും എതിർത്തു പറയാത്തതെന്ത്? അവരെ നിങ്ങൾക്കു പേടിയാണോ? നാസ്റ്റി ഫെലോ” വരികകളിൽ വരുന്ന കഥകളെയും കാവ്യങ്ങളെയും വിലയിരുത്തുന്ന തൊഴിലാണ് എന്റേത്. അവ പ്രസിദ്ധപ്പെടുത്തുന്നവരെ വിമർശിക്കേണ്ടതില്ല എനിക്ക്. ഞാനിക്കാര്യം കത്തയയ്ച്ച ആളിന് എഴുതി അയച്ചു. അദ്ദേഹം വീണ്ടും എഴുതിയിരിക്കുന്നു. “ഹംഗറിയിലെ രാജാവായിരുന്ന ബേല ഒരു മന്ത്രവാദിനിയെ കാരാഗൃഹത്തിലാക്കി പട്ടിണിയിട്ടു. അവൾ വിശപ്പു സഹിക്കാനാവാതെ സ്വന്തം വലതുകാൽ കടിച്ചു തിന്നു. കാലു തിന്ന അവളുടെ ദുഷ്ടതയെയാണ് ഹംഗറിയിലുള്ളവർ കുറ്റപ്പെടുത്തിയത്. ബേലയെ ആരും നിന്ദിച്ചുമില്ല. നിങ്ങൾ മന്ത്രവാദിനിയെ കുറ്റപ്പെടുത്തുന്ന മനുഷ്യനാണ്. നീചത്വത്തിനു അതിരില്ലേ?”

കുങ്കുമം വാരികയിൽ ഇ.കെ. രാധാവർമ്മ എഴുതിയ “മകനു വേണ്ടി” എന്ന ബീഭത്സമായ ചെറുകഥ വായിച്ചപ്പോൾ ഈ “എഴുത്തുകത്ത്” വെളിച്ചത്തു കൊണ്ടു വരണമെന്ന് എനിക്കു തോന്നി. മീര ദേവേട്ടനെ സ്നേഹിക്കുന്നു. അയാൾ അമേരിക്കയിൽ പോയിട്ടു തിരിച്ചു വന്നു. വിവാഹം കഴിച്ചു കൊള്ളാമെന്നു അറിയിച്ചു. പക്ഷേ, അമേരിക്കയിലെ ഒരു മദാമ്മയെയാണ് ദേവൻ വിവാഹം ചെയ്തത്. മീര വേറൊരാളിന്റെ ഭാര്യയുമായി. അവൾക്ക് ഒരു കുഞ്ഞുണ്ടായി. ദേവൻ വിവാഹമോചനം കഴിഞ്ഞ് നിരാശനായി നാട്ടിലെത്തി. മീരയുടെ ഭർത്താവ് സ്നേഹിക്കാനറിഞ്ഞുകൂടാത്തവൻ. ദേവൻ അപ്പോഴും അവളെ സ്നേഹിക്കുന്നു. എങ്കിലും കുഞ്ഞിനു വേണ്ടി അവൾ ദേവേട്ടനോടു കൂടി പോകാൻ ശ്രമിക്കുന്നില്ല. വിഷാദഗ്രസ്തമായ ജീവിതം തന്നെ നയിക്കാൻ തീരുമാനിക്കുന്നു. എനിക്കു ഭയമാണെന്നു തന്നെയിരുന്നോട്ടെ. ഇക്കഥ ബീഭത്സതയാണെന്നും ഇതു നമ്മെ മാലിന്യത്തിലേക്ക് എറിയുന്നുവെന്നും പറയാൻ എന്നെ അനുവദിച്ചാലും. ഇദ്ദീ അമീനെ മറന്നില്ലല്ലോ വായനക്കാർ? യന്ത്രത്തോക്കും മറ്റും വേണ്ട. കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ഹൈഡ്രജൻ ബോംബുകൾ ലോകമെമ്പാടും വിതരണം ചെയ്യേണ്ടതാണെന്ന് അയാൾ നിർദ്ദേശിച്ചു. ആ അവസ്ഥ വന്നു ചേർന്നലുണ്ടാകാവുന്ന വിപത്തിനെക്കാൾ വലിയ വിപത്താണ് ഇമ്മാതിരി കഥകൾ ഉളവാക്കുന്നത്.

* * *

ഞാൻ പോലീസ് മന്ത്രിയായാൽ ഡയറക്ടർ ജനറൽ ഒഫ് പോലീസിന് നൽകുന്ന കല്പന: “കേരളത്തിൽ എല്ലാ രാത്രിയും പെൺപിള്ളേരും ആൺപിള്ളേരും പൈങ്കിളിക്കഥകൾ എഴുതുന്നു. കള്ളനോട്ട് അടിക്കുന്നവരെ പിന്നീട് പിടി കൂടാം. ആദ്യമായി ഈ പിള്ളേരേ അറസ്റ്റു ചെയ്യൂ. ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂട്ടറെക്കൊണ്ട് കോടതിയിൽ വാദിപ്പിക്കൂ.