close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 04 09


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 04 09
മുൻലക്കം 1999 04 02
പിൻലക്കം 1999 04 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇരുപതാം ശതാബ്ദത്തിലെ ചിന്തമണ്ഡലത്തിൽ അനിഷേധ്യ നേതാവായി പരിലസിച്ചിരുന്നത് മിഷേൽ ഫൂക്കോ (Michel Foucault, 1926—1984) ആണെന്ന് അഭിജ്ഞന്മാർ പറയുന്നു. ഈ ഫ്രഞ്ച് തത്വചിന്തകന്റെ ദുർഗ്രഹങ്ങളും സങ്കീർണ്ണങ്ങളുമായ ആശയങ്ങളെ ആത്മാധീനമാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ അവയെ വിശദീകരിക്കാൻ എനിക്ക് മടിയുണ്ട്. ഫൂക്കോയുടെ പ്രൗഢങ്ങളായ ആശയങ്ങളിൽ ആമജ്ജനം ചെയ്യാൻ കഴിവുള്ളവർ അതനുഷ്ഠിക്കട്ടെ. അവർക്കുവേണ്ടിത്തന്നെയാണ് അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു ഗ്രന്ഥത്തെക്കുറിച്ച് ഞാൻ പറയുന്നതും.

ഫൂക്കോയുടെ ധിഷണാവിലാസം കാണിക്കുന്ന ഗ്രന്ഥങ്ങൾ (അദ്ദേഹത്തിന്റെ) ഏറെയുണ്ട്. അതിന് പുറമേ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും അഭിമുഖ സംഭാഷണങ്ങളും നിരവധിയാണ്. അവയിൽ പലതും മുദ്രണം ചെയ്യപ്പെട്ടിട്ടില്ല. Daniel Defert, Francois Ewald ഈ പണ്ഡിതന്മാർ ഫൂക്കോയുടെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും, അവതാരികകളും, ആമുഖോപന്യാസങ്ങളും, അഭിമുഖസംഭാഷണങ്ങളും, ലേഖനങ്ങളും, പ്രഭഷണങ്ങളും സമാഹരിച്ചു. അമേരിക്കയിലെ രണ്ടു പ്രൊഫസ്സർമാർ (James Faubion, Paul Rainbow) അവയിൽ നിന്ന് തെരഞ്ഞെടുപ്പ് നടത്തി ആ മഹാചിന്തകന്റെ ചിന്താപരിണാമത്തെ കാണിക്കുന്ന ഭാഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് മൂന്ന് വാല്യങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അവയിൽ രണ്ടാമത്തേതാണ് ‘Aesthetics’ (Aesthetics, Method and Epistemology, Allen Lane, The Penguin Press, Vol II, Pages 486) എന്നത്. മുൻപ് ഇംഗ്ലീഷിൽ കിട്ടാത്ത ഏറെ രചനകൾ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രന്ഥനാമം സൂചിപ്പിക്കുന്നതുപോലെ ഊന്നൽ സൗന്ദര്യശാസ്ത്രത്തിലാണ് — ഫൂക്കോ അങ്ങനെയൊരു സൗന്ദര്യശാസ്ത്രജ്ഞനല്ലെങ്കിലും. അദ്ദേഹത്തിന്റെ ‘Language to Infinity’ എന്ന പ്രബന്ധത്തിലെ ചില ആശയങ്ങൾ ഞാനെടുത്തു കാണിക്കട്ടെ. മരിക്കാതിരിക്കാനാണ് എഴുതുന്നതെന്ന് ഒരു പ്രഖ്യാതനായ നിരൂപകൻ പറഞ്ഞു. മരിക്കാതിരിക്കാൻ തന്നെയാണ് സംസാരിക്കുന്നതുമെന്ന് ഫൂക്കോ. കഥ പ്രവഹിക്കുമ്പോൾ വിധി നിർണ്ണയിക്കുന്ന തീരുമാനങ്ങൾ അനിവാര്യമായും തടഞ്ഞുവയ്ക്കപ്പെടും. (ആയിരത്തിയൊന്ന് രാവുകളിലെ യുവതി കഥ പറഞ്ഞു മരണം ഒഴിവക്കിയത് ഫൂക്കോ ഉദ്ദേശിക്കുന്നുണ്ടാവാം - ലേഖകൻ). ഈശ്വരന്മാർ മനുഷ്യർക്ക് ആപത്തുക്കൾ വരുത്തുന്നത് അവർ (മനുഷ്യർ) അവയെക്കുറിച്ച് ആഖ്യാനം നിർവ്വഹിക്കട്ടെ എന്ന് വിചാരിച്ചാണെന്ന് ഹോമർ പറയുന്നു. ‘ഒഡീസി’ എന്ന കാവ്യത്തിൽ യൂലിസ്‌യീസിന്റെ കഥ പറയുകയാണ് ഹോമർ. മരണം ഭീഷണിപ്പെടുത്തുന്ന ഓരോ സന്ദർഭത്തിലും ലൂയിസ്‌യീസ് അതിനെക്കുറിച്ച് പറയും. അങ്ങനെ മരണം ഒഴിവാക്കും. ഈശ്വരന്മാർ മനുഷ്യരുടെ നേരേ ആപത്തുകൾ അയയ്ക്കുന്നത് അവയ്ക്ക് അവയെക്കുറിച്ച് പറയാൻ തന്നെ. അങ്ങനെ വാക്കുകളുടെ വിദൂരതയാൽ അവ ഒഴിവാക്കപ്പെടുന്നു. മരണം ഉണ്ടാകുന്നതിനു മുൻപ് വാക്കുകൾ പാഞ്ഞെത്തുന്നു. ഇവിടെ ബോർഹേസിന്റെ ‘The Secret Miracle’ എന്ന കഥയെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു (Collected Fictions Jorge Luis Borges, Page 157). ചെക്ക് എഴുത്തുകാരനായ യോറോമീയറിനെ (Jaromir) 1993 മാർച്ച് 19-ആം നാത്സികൾ അറസ്റ്റ് ചെയ്തു ജൂതനാണെന്ന പേരിൽ. അയാൾ ‘The enemies’ എന്നൊരു നാടകമെഴുതി പൂർണ്ണമാക്കാതെയിട്ടിരിക്കുകയാണ്. അത് എഴുതിത്തീർക്കാൻ ഒരു വർഷം അനുവദിക്കണമെന്ന് അയാൾ ഈശ്വരനോട് അഭ്യർത്ഥിച്ചു. സർവ്വശക്തനായ ഈശ്വരൻ ആ അഭ്യർത്ഥന അനുവദിച്ചു. തിരു രഹസ്യാദ്ഭുതമാണ്. നാത്സികള്ടെ വെടിയുണ്ട അയാളെ കൊല്ലും നിശ്ചയിക്കപ്പെട്ട നിമിഷത്തിൽ. പക്ഷേ യാറോമീയറിന്റെ മനസ്സിൽ വെടിവയ്ക്കാനുള്ള കല്പനയ്ക്കും തോക്കിൽനിന്നുള്ള വെടിയുണ്ടയുടേ വരവിനുമിടയ്ക്ക് ഒരു കൊല്ലം കഴിഞ്ഞിരിക്കും. അയാൾ നാടകമെഴുതി പൂർണ്ണമാക്കി. ഒരു മഴത്തുള്ളി അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. വെടിയുണ്ട അയാളെ വീഴ്ത്തി. ഭാഷയുടെ ശക്തി! ഈ ഗ്രന്ഥത്തെക്കുറിച്ച് വിഖ്യാതനായ ഒരു ഫ്രഞ്ച് നിരൂപകൻ പറഞ്ഞു: “It’s almost like witnessing the birth of a new Faucault, so thick are the volumes with surprises and unexpected enlightenments”


ദീർഘദർശനം

കൈനിക്കര കുമാരപിള്ളയോടൊരുമിച്ച് ഒരു സമ്മേളനത്തിന് പോകുന്ന വേളയിൽ അദ്ദേഹം എന്നോട് പറഞ്ഞു: “ഞാൻ ഹെഡ്‌മാസ്റ്ററായിരുന്ന സ്കൂളിൽ ഒരു പുതിയ മണി ഉണ്ടാക്കിക്കൊണ്ടുവന്നു ഒരാൾ. വലിപ്പത്തിലും തിളക്കത്തിലും അതിനെ ജയിക്കാൻ മറ്റൊരു മണിയില്ലെന്ന് എല്ലാവർക്കും തോന്നി. കമ്പികൊണ്ട് അതിലൊന്നു സ്‌പർശിച്ചാൽ മതി; കാതുകൾക്ക് ഇമ്പം പകരുന്ന ധ്വനി അതിൽനിന്നുയരും. ആ നാദം കേട്ടു നാട്ടുകാർ പലരും അതു കാണാൻ ചെന്നു. അപ്പോൾ ഒരാൾ പറഞ്ഞു: സ്‌ക്കൂളിലെ ശങ്കരപ്പിള്ളശ്ശിപായി കരിനാക്കുള്ളവനാണ്. അയാൾ ഇതിനെക്കുറിച്ച് എന്തെങ്കിലും നല്ല വാക്കു പറഞ്ഞാൽ ഇതു പൊട്ടിപ്പിളർന്നു പോകും!. ഒരു ദിവസം ശങ്കരപ്പിള്ള മണിയെനോക്കി ഉറക്കെപ്പറഞ്ഞു. ’എന്തു രസികൻ മണി’. അഞ്ചുമിനിറ്റ് കഴിഞ്ഞതേയുള്ളൂ. ഒരു നിർഘോഷം. മണി രണ്ടായി പിളർന്നിരിക്കുന്നു. സാറ് അന്ധവിശ്വാസിയായിരുന്നില്ല. അദ്ദേഹം സംഭവിച്ചതു അതേ രീതിയിൽ പറഞ്ഞുവെന്നേയുള്ളൂ.

എബ്രം റ്റെർറ്റ്‌സിന്റെ Abram Tertz (Andrey Sinyavsky) എന്ന റഷൻ സാഹിത്യകാരൻ തടങ്കല്പ്പാളയത്തിൽ ആറുവർഷം കിടന്നപ്പോൾ അദ്ദേഹം ഭാര്യയ്ക്ക് എഴുതിയ കത്തുകളെ ആസ്‌പദമാക്കി രൂപം നല്‌കിയ “A Voice from the Chorus” എന്ന പുസ്തകം ഉജ്ജ്വലമാണ്. നോബൽ സമ്മാനം നേടിയ ഹൈന്റിഹ് ബോയ്‌ൽ അതിനെ ’A Silent bomb of a book’ എന്നു വാഴ്ത്തി. അതിൽ നിന്നൊരു ഭാഗം:

ചന്തയിൽ വച്ച് ഒരതീന്ദ്രിയജ്ഞാനി ഒരു സ്ത്രീയോടു പറഞ്ഞു.

“പോകേണ്ടിടത്തു പൊയ്‌ക്കോള്ളൂ. ഞാനൊന്നും പറയുന്നില്ല.രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ലോറി കയറി അവൾ മരിച്ചു. ഒരു യുവാവിനെ അതീന്ദ്രിയജ്ഞാനി അറിയിച്ചു അയാളുടെ ഭാര്യക്കു ഒരിടത്തു ഒരു മറുകുണ്ടെന്ന്. ഭർത്താവിനല്ലാതെ വേറെയാർക്കും കാണാൻ വയ്യാത്ത ശരീരഭാഗത്തായിരുന്നു ആ അടയാളം. ഒരു പെൺകുട്ടിയോട് അതീന്ദ്രിയജ്ഞാനി പറഞ്ഞു: “ഒരിക്കൽ നീ തൂങ്ങിച്ചാകാൻ പോയി. ഒരിക്കൽ മുങ്ങിമരിക്കാൻ പോയി വിഷമിക്കേണ്ട അടുത്ത തവണ നിന്റെ ആഗ്രഹം സാധിക്കും.”

കരിനാക്കും വേണ്ട. അതീന്ദ്രിയജ്ഞാനവും വേണ്ട മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ’ചേന്നപ്പൻ എപ്പോഴാണ് ചന്തയിലെത്തുക?” എന്ന കഥയെഴുതിയ കെ. അരവിന്ദാക്ഷൻ ജന്മ കാലത്തു ഒരു നല്ല ചെറുകഥയെഴുതാൻ പോകുന്നില്ലെന്നു ദീർഘദർശനം നടത്താൻ. ഉണ്ണിയെക്കണ്ടാൽ ഊരിലെ പഞ്ഞമറിയാമല്ലോ. ഇക്കഥ വായിച്ചാൽ കഥാകാരന്റെ പ്രതിഭാദാരിദ്ര്യവും വിഷയദാരിദ്ര്യവും നമുക്കറിയാം. പ്രഭാഷണം നടത്തി ലോകം നന്നാക്കാൻ പോകുന്നവനെ പരിഹാസപൂർവം നോക്കുകയും ചക്ക വിറ്റ് ജീവിക്കുന്നവനെ ആദരപൂർവം വീക്ഷിക്കുകയും ചെയ്ത് മനുഷ്യരുടെ കാപട്യത്തെ ധ്വനിപ്പിക്കുകയാണ് കഥാകാരൻ. താൻ കൈകാര്യം ചെയ്യുന്ന വിഷയത്തെ കലാത്‌മകമായ രചനയാക്കി മാറ്റാൻ കഥാകാരനു കഴിയുന്നില്ല എന്നതാണു ഇക്കഥയുടെ ന്യൂനത. കഥയിൽ യാഥർഥ്യമുണ്ട്. സത്യമുണ്ട്. ഈ യാഥാതഥ്യത്തെയും സത്യത്തെയും ഭാവനാത്‌മകമാക്കി മാറ്റാൻ അരവിന്ദാക്ഷന് അറിഞ്ഞുകൂടാ. Mere printed pages.

ചോദ്യം ഉത്തരം

ബുദ്ധൻ ജീവിച്ച കാലയളവിൽ അദ്ദേഹത്തിന്റെ ശിഷ്യനായിക്കഴിയാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് എന്റെ ആഗ്രഹം.

Symbol question.svg.png മരിക്കാൻ പോകുന്ന സത്യവാനെ അനുഗമിച്ച സാവിത്രിയെയാണോ നിങ്ങൾക്കിഷ്ടം. അതൊ പരിമള തൈലമെടുത്തു ക്രിസ്‌തുവിനെ കാണാൻപോയ മഗ്‌ദലന മറിയത്തെയാണോ?

പാപവിമോചനം നേടുന്നതിനു മുൻപ് ഗലീലി സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മഗ്‌ദലന നഗരത്തിൽ ജീവിച്ച മറിയത്തെ.

Symbol question.svg.png ഞാനും കാമുകിയും ജീവിതമാർഗ്ഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നടത്തം എന്നു തീരും?

വിവാഹം കഴിയുന്നതുവരെ മാത്രമേ നിങ്ങൾ നടക്കൂ. പിന്നീടു ഒറ്റയിരുപ്പാണ്. ആരു വിചാരിച്ചാലും നിങ്ങളെ ഉയർത്താൻ സാധിക്കില്ല.

Symbol question.svg.png നിങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടം നിങ്ങൾക്കിഷ്ടമാണോ?

ഇഷ്ടമല്ല. ബുദ്ധൻ ജീവിച്ച കാലയളവിൽ അദ്ദേഹത്തിന്റെ ശിഷ്യനായിക്കഴിയാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് എന്റെ ആഗ്രഹം. (കാലഘട്ടം എന്നു പറയരുത്. കാലയളവ് എന്നാകാം.)

Symbol question.svg.png പോസ്‌റ്റ് മോഡേണിസം നന്നോ?

അതു പ്രാബല്യത്തിൽവരുന്നതിനു മുൻപ് മരിക്കണമെന്നുണ്ട് എനിക്ക്.

Symbol question.svg.png എന്റെ രാജ്യം. എന്റെ പ്രദേശം. എന്റെ വീട് ഈ തോന്നലെല്ലാം അസത്യം. നിങ്ങൾ സ്വന്തം വീട്ടിൽ കാലത്തുതൊട്ട് വൈകുന്നേരം വരെ ഇരിക്കുന്നു. വീടുവിട്ട് പട്ടണത്തിലേക്കു പോകുമ്പോൾ നിങ്ങളുടെ വീട് വീടല്ലാതാവുന്നു. ചേട്ടനും അനിയനും ചേച്ചിയും അനിയത്തിയും ഒരുമിച്ചു താമസിക്കുമ്പോൾ മാത്രമേ ബന്ധുത്വമുള്ളൂ. അവർ വിവാഹിതരായാൽ അന്യസ്ത്രീയുടേയും അന്യപുരുഷന്റേയും ഉപദേശമനുസരിച്ച് തമ്മിൽതമ്മിൽ അകലുന്നു. എല്ലാം വ്യാമോഹങ്ങൾ. നിങ്ങൾ എന്റെ ഈ അഭിപ്രായം ശരിവയ്ക്കുന്നുണ്ടോ?

നിങ്ങൾ സത്യം പറയുന്നു. ഞാൻ യോജിക്കാതിരിക്കുന്നതെങ്ങനെ?.

Symbol question.svg.png വിഷാദമഗ്‌നനായിരിക്കുന്ന ഇടപ്പള്ളി രാഘവൻപിള്ള കവിയോ?

വിഷാദത്തിന്റെ അന്ധകാരത്തിൽ രത്‌നം പതിച്ച് സ്വർണ്ണമോതിരം പോലെ ഇടപ്പള്ളി രാഘവൻപിള്ളയുടെ കവിത തിളങ്ങുന്നു.

Symbol question.svg.png അരുന്ധതിറോയിയുടെ ’The end of imagination’ എന്ന ഉപന്യാസത്തെക്കൾ സുശക്‌തമായ വേറെയെന്തെങ്കിലുമുണ്ടോ സാറേ?

സത്യം സത്യമായി ശോഭിക്കുന്നത് അതിനു പ്രകടനാത്‌മകത വരാതിരിക്കുമ്പോഴാണ്. വാഗ്‌മിത വാഗ്‌മിയാകുന്നത് പ്രഭാഷകൻ താൻ വാഗ്മിയാണെന്നു ഭാവിക്കാത്തപ്പോഴാണ്. “എന്റെ സൗന്ദര്യം നോക്കൂ” എന്ന മട്ടിൽ സുന്ദരി നടക്കുമ്പോൾ അവൾ സുന്ദരിയല്ല. അരുന്ധതിയുടെ രചന പ്രകടനാത്‌മകമാണ് അത്യുക്‌തിയാണ്. അതിനാൽ അതു സത്യമായി ആർക്കും തോന്നുകയില്ല. ”She (Indira Gandhi) injected venom into our political veins. … It was she who discovered the benefits of never burying the dead, but preserving the putrid car casses and trundling them out to worry old wounds when it suited her’ എന്നും മറ്റും ശ്രീമതി എഴുതുമ്പോൾ ഇന്ധിരാ ഗാന്ധിയുടെ ശത്രുക്കൾക്കും ഈ വാക്യങ്ങളിലെ ആഗ്‌നേയാക്രീഡാവിദ്യ ഇഷ്ടപ്പെടുകില്ല. ഇതിൽ സത്യമുണ്ടെങ്കിൽ പോലും. ’എനിക്കിങ്ങനെ തോന്നുന്നു. ഞാൻ പറയുന്നു’ എന്ന മട്ടേ എഴുതുന്നയാളിനു ആകാവൂ. ഇന്നത്തെ നിലയിൽ ശ്രീമതിയുടെ ഈ പ്രബന്ധം വസ്തുതകളുടെ അയഥാർത്ഥീകരണമാണ്. The truth should be silent എന്നു ഷേക്‌സ‌്പിയർ പറഞ്ഞത് ശ്രീമതി കേട്ടിട്ടില്ലേ?’ (Antony and Cleopatra) അയഥാർത്ഥീകരണം= falsification)

അഭ്യർത്ഥന

ബോർഹേസിന്റെ Tlon, Uqbar, Orbis Tertius എന്ന കഥയിൽ Mirrors and Copulation are abominable, for they multiply the number of mankind-മുഖക്കണ്ണാടികളും ലൈംഗികവേഴ്ചയും ഗർഹണീയങ്ങളാണ്. കാരണം അവ മനുഷ്യരുടെ സംഖ്യ വർദ്ധിപ്പിക്കുന്നു എന്നതാണ്-എന്നു പറഞ്ഞിട്ടുണ്ട് (Collected Fictions, Allen Lane, Pages 68).

പോസ്റ്റ് മോഡേണിസം നന്നോ? അത് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് മരിക്കണമെന്നുണ്ട് എനിക്ക്.

ശരിയാവാം. ബോർഹേസ് പറഞ്ഞതല്ലേ? റ്റി. വി. സീരിയലുകളും പൈങ്കിളിക്കഥകളും യഥാക്രമം ദ്രഷ്ടാക്കളെയും വായനക്കാരെയും വർദ്ധിപ്പിക്കുന്നു എന്നതും ശരിയാണ്. മൃതദേഹങ്ങൾ റ്റി.വി. സീരിയൽ കാണുന്നവരുടെ സംഖ്യ കൂട്ടുന്നു. ചൈതന്യമറ്റ ശരീരങ്ങൾ കാണാൻ ബഹുജനത്തിന് താൽപര്യം ഏറും. പൈങ്കിളിക്കഥകൾ അല്ലെങ്കിൽ അടുക്കളപ്പെണ്ണുങ്ങൾ വായിക്കുന്ന കഥകൾ ഇവയുടെ വായനക്കാരും കൂടിക്കൂടി വരുന്നു. അക്കഥകൾക്കും ജീവനില്ലല്ലോ. ഡിമാന്റ് അനുസരിച്ച് സപ്ലൈ നടത്താൻ പത്രക്കാർ കടമപ്പെട്ടവരാണ്. അതുകൊണ്ട് വായനക്കാരുടെ അർത്ഥനകൾക്ക് യോജിച്ച വിധത്തിൽ പത്രമുടമസ്ഥൻ പൈങ്കിളിക്കഥകൾ അല്ലെങ്കിൽ അടുക്കളക്കാരികളുടെ കഥകൾ അനവരതം അച്ചടിച്ചുകൊണ്ടിരിക്കുന്നു. സരോജിനി ഉണ്ണിത്താന്റെ കഥാസാഹസിക്യങ്ങൾ അച്ചടിമഷി പുരണ്ടുവരുന്നതിന്റെ രഹസ്യം ഇതുതന്നെയാവണം.

ഈ ആഴ്ചത്തെ കുങ്കുമം വാരികയിൽ ശ്രീമതിയുടെ ‘വീണ്ടും പ്രകാശത്തിലേക്ക്’ എന്നൊരു കഥയുണ്ട്. ഇടതു കൈയിൽ വാരികയുടെ മുപ്പതാം പുറം ഉയർത്തിപ്പിടിച്ച് ഹർഷാതിശയത്തോടെ അതിലെ അച്ചടിയക്ഷരങ്ങൾ വായിക്കുകയും പുളകം കൊള്ളുകയും വലതുകൈയിലെ തവി കൊണ്ട് അടുപ്പിലിരിക്കുന്ന അവിയൽ ഇളക്കുകയും ചെയ്യുന്ന വീട്ടുജോലിക്കാരിയെ ഞാൻ ഉള്ളിലെ കണ്ണുകൊണ്ട് കാണുന്നു. ഈ അവിയൽ താഴെയിറക്കിയതിനു ശേഷം വേണം അവൾക്കു മറ്റൊരു വീട്ടിലെ ജോലിക്കായി ഓടാൻ. ഓടുന്നതിനിടയിലും അവൾ സരോജിനി ഉണ്ണിത്താന്റെ കഥ വായിക്കുന്നുണ്ടാകും.

ഒരുത്തി പിഴച്ചു പെറ്റു. ആൺകുട്ടി. അവനു പ്രായമായപ്പോൾ വിവാഹം മുടങ്ങി. അമ്മയുടെ ചാരിത്രഭ്രംശത്തിൽ വേദനയോടെ അവൻ നാടുവിട്ടു. അന്നുമുതൽ തള്ള മകനെ കാണാതെ ദുഃഖിക്കുകയാണ്. വർഷം ഏറെക്കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവരുടെ വീട്ടിലെത്തുന്നു. താൻ പേരക്കുട്ടിയാണെന്നു പറഞ്ഞുകൊണ്ട്. അവരുടെ മകനെ- പേരക്കുട്ടിയുടെ തന്തയെ- കാണാൻ ആ പേരക്കുട്ടി അവരെ കൊണ്ടുപോകാമെന്ന് അറിയുമ്പോൾ കിഴവി ആഹ്ലാദിക്കുന്നു. എല്ലാം ശുഭം. ഇപ്പോഴത്തെ തമിഴ് സിനിമയ്ക്കു മാറ്റം വന്നിരിക്കുന്നു. എന്റെ കുട്ടിക്കാലത്തെ തമിഴ് സിനിമ വികൃതമായിരുന്നു. അതുപോലെയൊരു കഥയാണ് സരോജിനി ഉണ്ണിത്താന്റേത്. എങ്കിലും അവരുടെ വായനക്കാരുടെ സംഖ്യ കൂടും. മൃതദേഹത്തെ കാണാൻ ആളുകൾ കൂടുന്നതു പോലെ. ശ്രീമതി ഇനിയും കഥകൾ എഴുതട്ടെ. വായനക്കാരുടെ സംഖ്യാബലം കൂടട്ടെ. വായനക്കാർ കൂടുന്നതുകൊണ്ട് പത്രാധിപർ കഥാകാരിക്കു കൊടുക്കുന്ന പ്രതിഫലം ഇരട്ടിയോ പത്തിരട്ടിയോ ആക്കട്ടെ. പക്ഷേ ഇതു സാഹിത്യമാണെന്നു എന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ അവർ ശ്രമിക്കരുതേ. ഒരഭ്യർത്ഥനയാണിത്.

വാടത്ത പൂച്ചെണ്ട്

ഒമാനിലെ കേരള കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തുന്ന വേളയിൽ പ്രസംഗിക്കാൻ എന്നെ ക്ഷണിച്ചു. സംഘടനയുടെ നേതാവ് കവിയും പ്രഭാഷകനും നൂറു ശതമാനം മാന്യനുമായ സി.എൻ.പി. നമ്പൂതിരി. നിസ്സാരനായ എന്നെ അവർ രാജാവിനെപ്പോലെയാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേയ്ക്ക് ചെന്നപ്പോൾ രണ്ടുവരിയായി മലയാളികൾ നെടുനീളത്തിൽ നിൽക്കുന്നു. ഓരോ വ്യക്തിയും പുഞ്ചിരി പൊഴിച്ചു കൊണ്ട് കൈ കൂപ്പുന്നു. എനിക്കു അവർ തന്ന ബുക്കേ (പൂച്ചെണ്ട്) ഹോളണ്ടിൽ നിന്ന് വരുത്തിയതാണത്രേ. അയ്യായിരം രൂപ അതിന്റെ വില. അതു വിമാനത്തിൽ കൊണ്ടുവന്നതിന് എന്തു ചെലവായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഞാൻ ഒരാഴ്ചയോളം അവിടെ താമസിച്ചു. ഹോട്ടൽ മുറിയിലെ മേശയുടെ പുറത്തുവച്ചിരുന്ന ആ ബുക്കേ ഏഴു ദിവസങ്ങൾ കഴിഞ്ഞിട്ടും അല്പം പോലും വാടിയില്ല. വിദേശത്തുള്ളവയെല്ലാം അങ്ങനെയാണ്. സാഹിത്യസൃഷ്ടിയെന്ന പുഷ്പസ്തബകവും വാടുകില്ല. നമ്മുടെ നാട്ടിലെ പൂക്കൾ ഒരു മണിക്കൂർ കഴിഞ്ഞാൽ വാടുകയല്ല. കരിഞ്ഞുപോകുകയും ചെയ്യും. ഇവിടെ സാഹിത്യസൃഷ്ടിയും പെട്ടെന്നു വാടും, കരിയും. ഒമാനിലെ കേരളീയരുടെ സ്നേഹപുഷ്പത്തിനും വാടുകയെന്ന അവസ്ഥ വരില്ല. അവരുടെ സ്നേഹബഹുമാനങ്ങൾക്കു പാത്രമായ സി.എൻ.പി. നമ്പൂതിരി കഴിഞ്ഞവർഷവും എന്നെ ദയാപൂർവ്വം ക്ഷണിച്ചു. ക്ഷണിച്ചത് അദ്ദേഹമായതുകൊണ്ട് ‘വയ്യ’ എന്ന പരുക്കൻ വാക്കു പറയാതെ ‘ഞാനൊരിക്കൽ വന്നതല്ലേ? ഇനി വേണ്ട’ എന്നു പറഞ്ഞൊഴിഞ്ഞു. പ്രസംഗിക്കാൻ പോകുകയില്ലെന്നു തീരുമാനമെടുത്തിട്ടു മൂന്നു കൊല്ലം കഴിഞ്ഞു. ഇടയ്ക്കു ഒരു പുസ്തകദാനചടങ്ങിൽ മാത്രം പങ്കു കൊണ്ടു. പ്രതിജ്ഞ ലംഘിക്കാതെ ഞാൻ കഴിഞ്ഞുകൂടുന്നു. പരമസുഖം.

ഇന്ദിരാഗാന്ധി, ഒ.വി. വിജയൻ

എന്തോ കാര്യത്തിന് ഞാൻ എറണാകുളത്ത് ചെന്നപ്പോൾ പ്രമുഖനായ ഒരു ആർ. എസ്. പി. നേതാവിനെ ബോട്ട് ജെട്ടിയ്ക്കടുത്തു വച്ച് കാണാനിടയായി. അദ്ദേഹം അടക്കിയ ശബ്ദത്തിൽ എന്നോടു പറഞ്ഞു: “നിങ്ങൾ ഉടനെ ഒ. വി. വിജയനെ കാണണം. അദ്ദേഹ കൊല്ലത്തെ നീല ഹോട്ടലിലുണ്ട്. ഇന്ദിരാഗാന്ധി ഇമേർജൻസിയുടെ പേരിൽ ധിഷണപരമായ ജീവിതം നയിക്കുന്നവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ അടക്കാൻ പോകുന്നുവെന്ന് ഒരു വലിയ പോലീസുദ്യോഗസ്ഥൻ എന്നോടു പറഞ്ഞു. കേരളത്തിൽ നിന്ന് അവർ ആദ്യം അറസ്റ്റ് ചെയ്യുന്നത് ഒ. വി. വിജയനെയാണെന്നും ആ ഉദ്യോഗസ്ഥൻ പറഞ്ഞു.” ശത്രുക്കളെപോലും സ്നേഹിക്കുന്ന മാന്യരിൽ മാന്യനായ ഒ. വി. വിജയൻ ലോക്കപ്പിൽ കിടക്കുന്നത് എനിക്കു ചിന്തിക്കാൻ പോലും വയ്യ. ഞാനുടനെ റ്റാക്സിക്കാറിൽ കൊല്ലത്ത് എത്തി. ഒ. വി. വിജയനും മലയാളനാടു പത്രാധിപർ എസ്. കെ നായരുമിരിക്കുന്ന മുറിയിലെത്തി. പേടിക്കരുതെന്നു പറഞ്ഞിട്ടു ഞാൻ അവരോടു അറസ്റ്റിനെക്കുറിച്ചു പറഞ്ഞു. വിജയൻ വിളറിയെങ്കിലും ഭയപ്പെട്ടതായി എനിക്കു തോന്നിയില്ല. ഭാഗ്യം കൊണ്ട്. സമ്മർദ്ദത്തിന്റെ ഫലമായിട്ടാവാം ധീഷണാപരമായ ജീവിതം നയിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ഇന്ദിരാഗാന്ധി തീരുമാനിച്ചു. വിജയനെ പോലീസ് സ്പർശിച്ചതുപോലുമില്ല. ഇമേർജൻസി കാലയളവിലെ ക്രൂരതകളും കൊലപാതകങ്ങളും ഓർമ്മിക്കുമ്പോൾ ഞാൻ ഞെട്ടുന്നു.

ആവിഷ്കാരമാണ് പ്രധാനം

പറയേണ്ടതു പറയേണ്ട രീതിയിൽ ആവിഷ്കാരിച്ചാൽ അതിലെ ആശയത്തോടു യോജിക്കാതെ തന്നെ നമുക്കു രസിക്കാനാവും. Workers of all countries unite. You have nothing to lose but your chain എന്ന ആഹ്വാനത്തിന്റെ തത്ത്വ ചിന്തയോടു യോജിക്കാതെ ആർക്കും അതിന്റെ ശക്തി കണ്ടറിയാം. Workers of the world, Disperse എന്നു പറയുമ്പോൾ മാർക്സിസ്റ്റുകാർക്കും ആ ചൊല്ലിന്റെ ശക്തിയെ നിഷേധിക്കാനൊക്കുകയില്ലെന്നണ് എന്റെ വിചാരം. അതുപോലെ “തെക്കുതെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്, ഭർത്താവില്ലാ നേരത്ത്, ഫ്ലോറിയെന്നൊരു ഗർഭിണിയെ ചുട്ടുകരിച്ചൊരു സർക്കാരേ പകരം ഞങ്ങൾ ചോദിക്കും” എന്ന

മുദ്രാവാക്യത്തിന്റെ ശക്തി അന്നത്തെ സർക്കാരും അതിന്റെ അനുകൂലരും അറിഞ്ഞിരിക്കും. ഞാനൊരു ദിവസം പടിഞ്ഞാറേക്കോട്ട നടയിൽ നിന്ന് വള്ളക്കടവിലേക്ക് നടന്നു പോവുകയായിരുന്നു. അവിടെ ഒരു ചുവരിൽ ഇങ്ങനെയെഴുതി വച്ചിരിക്കുന്നത് കണ്ടു: ‘കാമൻ വന്നു കരഞ്ഞാലും, ഇന്ദിര വന്നു കുഴഞ്ഞാലും, കാളപ്പെട്ടിക്ക് വോട്ടില്ല’ ഗാന്ധിയനാായ എനിക്ക് ആ ചുവരെഴുത്ത് നന്നേ രസിച്ചു. ഈ മനോഭാവം കൊണ്ടല്ലേ മായകോവ്സ്കിയുടെ കവിതകൾ വലതുപക്ഷ ചിന്താഗതിയുള്ളവർ വായിച്ച് രസിക്കുന്നത്. ഫാസിസ്റ്റായ എസ്റ പൗണ്ടിന്റെ കവിതകൾ ഇടതുപക്ഷക്കാർക്ക് പാരായണയോഗ്യങ്ങളായിത്തീരുന്നത്.

കവിത കണ്ഠത്തിൽ നിന്ന്

യേശുദാസ് പാടിയില്ലെങ്കിൽ നമ്മുടെ ഗാനരചയിതാക്കളുടെ സ്ഥിതി പരുങ്ങലിൽ ആകുമായിരുന്നു.

കവിയരങ്ങുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നു. ഇപ്പോൾ അവ നടക്കുന്നതായി അറിയാറില്ല. മുൻപ് കവികൾക്ക് തോന്നിയിരിക്കണം തങ്ങളുടെ കാവ്യങ്ങൾ ബഹുജനമനസ്സിൽ തറയ്ക്കുന്നില്ലെന്ന്. അതുകൊണ്ട് സമ്പർക്കത്തിനുവേണ്ടി അവർ സ്വന്തം കാവ്യങ്ങൾ ചൊല്ലാൻ തുടങ്ങി. തങ്ങളുദ്ദേശിച്ച ഫലം അതുകൊണ്ടുണ്ടാകുന്നില്ലെന്ന് കണ്ട് പലരും പിന്മാറി. അതാവാം ഇന്ന് കവിയരങ്ങുകൾ ഇല്ലാതാവാൻ കാരണം.

ഏത് പരുക്കൻ ഗദ്യവും യേശുദാസിന്റെ കൈയിൽ കൊടുത്താൽ മതി. അത് അദ്ദേഹം ഗാനമായി ആവിഷ്ക്കരിക്കുമ്പോൾ അതിന് മാന്ത്രികശക്തി കൈവരുകയായി. യേശുദാസ് പാടിയില്ലെങ്കിൽ നമ്മുടെ ഗാനരചയിതാക്കളുടെ സ്ഥിതി പരുങ്ങലിൽ ആകുമായിരുന്നു. കവിയരങ്ങുകൾ യഥാർത്ഥമൂല്യങ്ങളുടെ പ്രഭവകേന്ദ്രങ്ങളല്ല. കപടമൂല്യങ്ങളൂടെ ഉറവിടങ്ങളാണ്.

വേറെ എന്തുമാർഗ്ഗം?

വർഷങ്ങൾക്ക് മുൻപ് കോഴിക്കോട്ട് വച്ച് ഈ ലേഖകന്റെ ഒരു പുസ്തകത്തിന്റെ പ്രമുക്തി നടന്നു. കെ. ജയകുമാർ (അന്ന് കോഴിക്കോട്ടെ കളക്ടർ), ഡോക്ടർ എം.എം. ബഷീർ, തിക്കൊടിയൻ, കെ.ടി. മുഹമ്മദ്, എസ്. ഭാസുരചന്ദ്രൻ ഇവരൊക്കെ പ്രസംഗിക്കാനുണ്ടയിരുന്നു. മറ്റുള്ളവരുടെ പേരുകൾ ഓർമ്മയിലില്ല. സമ്മേളനം കഴിഞ്ഞ് താഴോട്ടിറങ്ങിയപ്പോൾ കെ. ടി. മുഹമ്മദ് ദയാപൂർവ്വം എന്നോട് പറഞ്ഞു: “നിങ്ങൾ പ്രസംഗം കൊണ്ട് കോഴിക്കോട്ടുകാരെ കീഴടക്കിക്കളഞ്ഞു.” “തങ്ക്സ്” എന്ന് ഞാൻ. അതിഥിസൽക്കാര തത്പരനായ എൻ.പി. മുഹമ്മദാണ് ഞങ്ങളെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി നേരത്തേ സത്കരിച്ചത്. യാത്ര പറയുന്നതിനു മുൻപ് ഞാൻ അദ്ദേഹത്തോട് ചോദിച്ചു: “എന്റെ പ്രസംഗം എങ്ങനെ?” മുഹമ്മദിന്റെ മറുപടി: ശരിയായില്ല. നിങ്ങൾക്കിഷ്ടമില്ലാത്ത കവികളുടെ ചില കവിതാഭാഗങ്ങൾ ചൊല്ലി അവർ കവികളല്ലെന്ന് പറഞ്ഞു. നിങ്ങൾക്കിഷ്ടമുള്ള കവികളുടെ ചില കവിതകൾ ചൊല്ലി അവർ കേമന്മാരെന്ന് അഭിപ്രായപ്പെട്ടു. ഇത് ശരിയല്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കവികളുടെ മോശമായ വരികൾ ചൊല്ലി അവരെ ആക്ഷേപിക്കാമെനിക്ക്. അതുപോലെ നിങ്ങൾക്കിഷ്ടമില്ലാത്ത കവികളുടെ നല്ല വരികൾ ചൊല്ലി അവർ നല്ല കവികളാണെന്നും എനിക്ക് സ്ഥാപിക്കാം. നിങ്ങൾ ചെയ്തത് ശരിയല്ല. സാഹിത്യത്തെക്കുറിച്ച് സാമാന്യമായി നിങ്ങൾ സംസാരിക്കുമെന്ന് വിചാരിച്ചാണ് ഞാൻ പ്രസംഗം കേൾക്കാൻ വന്നത്. ഞാൻ തോന്നുന്നത് അതേ രീതിയിൽ പറയുന്നവനാണ്.”

എൻ.പി. പറഞ്ഞത് ശരിയായിരിക്കാം എന്ന് എനിക്ക് തോന്നി. പക്ഷേ ഇങ്ങനെയല്ലേ എല്ലാവരും പ്രവർത്തിക്കുക? ലൂക്കാച്ച് ആഖ്യാനവും വർണ്ണനയും തമ്മിലുള്ള വ്യത്യാസം എടുത്ത് കാണിച്ചിട്ടുണ്ട് ഒരു പ്രബന്ധത്തിൽ. റ്റോമസ്‌മാനിന്റെത് ആഖ്യാനമാണെന്നും അഡാൽബർട് ഷ്‌ടിഫ്റ്ററുടേത് വെറും വർണ്ണനയാണെന്നും ലൂക്കാച്ച് പറയുന്നു (Adalbert Stifter, 1805–1868, ജർമ്മനെഴുത്തുകാരൻ) ലൂക്കാച്ചിന്റെ ഈ വാദം തെറ്റാണെന്ന് ജർമ്മൻ മാർക്സിസ്റ്റായ ഏർണസ്റ്റ് ബ്ലൊക് ചൂണ്ടിക്കാണിക്കുന്നു (Ernst Bloch, 1885–1977) ’റ്റോമസ് മാൻ ശുദ്ധമായ ആഖ്യാനം മാത്രമേ നിർവ്വഹിക്കുന്നുള്ളോ? അദ്ദേഹത്തിന്റെ ‘ഡോക്ടർ ഫൗസ്റ്റസ്’ എന്ന നോവലിലെ ‘മ്യൂസിക് സ്റ്റോറിന്റെ’ വർണ്ണന നോക്കുക. ഷ്‌ടിഫ്റ്റർ ശുദ്ധമായ വർണ്ണന മാത്രമേ നടത്തുന്നുള്ളോ? അദ്ദേഹത്തിന്റെ ‘Indian Summer’ നോക്കിയാലും അത് ആഖ്യാനത്തിന്റെ ഉജ്ജ്വല മാതൃകയാണ്.

നമ്മൾ ഒരാളെ ‘ചീത്ത’യായി കരുതുമ്പോൾ തിന്മയാണ് അയാൾക്ക് കൂടുതലായി ഉള്ളതെന്ന് മാത്രമേ കരുതുന്നുള്ളൂ. ചീത്ത മനുഷ്യനിൽ നന്മയുടെ അംശങ്ങൾ കാണാതിരിക്കില്ല. പക്ഷേ തിന്മയ്ക്ക് ആധിക്യം വരുമ്പോൾ അയാളെ ചീത്ത മനുഷ്യൻ എന്ന് നമ്മൾ വിളിക്കുന്നു. അതുപോലെ രാമൻ നല്ലവൻ എന്ന് നമ്മൾ പ്രസ്താവിക്കുമ്പോൾ അയാളിൽ നന്മയുടെ അതിപ്രസരം ഉണ്ടെന്നേ കരുതുന്നുള്ളൂ. തീർച്ചയായും രാമനിൽ ദോഷാംശങ്ങൾ കാണും. ഇതിന് സദൃശമാണ് സാഹിത്യത്തിലെ ഗുണദോഷ വിവേചനവും. ഒരു കവി ദുഷ്കവിയാണെന്ന് നിരൂപകൻ അഭിപ്രായപ്പെടുമ്പോൾ അയാൾ നല്ല വരികളെഴുതിയിട്ടില്ല എന്നല്ല അർത്ഥം. വേറൊരു കവി ഉത്കൃഷ്ടനാണെന്ന് പറയുമ്പോൾ അയാൾ ചീത്ത വരികൾ എഴുതിയിട്ടില്ല എന്ന അർത്ഥവുമില്ല. സാഹിത്യനിരൂപണവും സാഹിത്യവിമർശനവും ഇത്തരത്തിലല്ലാതെ മറ്റ് ഏതൊരു വിധത്തിൽ നിർവ്വഹിക്കാനാവും?

മരണം

വിഖ്യാതനായ ഫ്രഞ്ചെഴുത്തുകാരൻ ആങ്ദ്രേ ഷീദ് ഇറ്റലിയിലെ ഫിറെന്റസേയിൽ ആയിരുന്ന കാലം (Florence എന്നതിന്റെ ഇറ്റാലിയൻ രൂപം ഫീറെന്റ്സേ). നദിയിലെ പാലത്തിൽ ജനക്കൂട്ടം വെമ്പൽ കൂട്ടുന്നതും നദിയിലെ ഒരു ചെറിയ വസ്തുവിന്റെ നേർക്ക് കൈകൾ ചൂണ്ടുന്നതും ഷീദ് കണ്ടു. അത് കലങ്ങിയ വെള്ളത്തിൽ ഒഴുകിപ്പോകുന്നതും, ചുഴികളിൽ മറയുന്നതും, വീണ്ടും പ്രത്യക്ഷപ്പെടുന്നതും, ഒടുവിൽ ഒഴുക്ക് അതിനെ ഒഴുക്കിക്കൊണ്ട് പോകുന്നതും അദ്ദേഹം ദർശിച്ചു. പാതയിലൂടെ പോയവരോട് ഷീദ് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഒരു പെൺകുട്ടി നദിയിൽ വീണുവെന്ന്. അവളുടെ പാവാട അല്പനേരം വെള്ളത്തിന് മുകളിലായി കണ്ടു. വള്ളങ്ങൾ നദിയിലിറക്കി. ആളുകൾ സന്ധ്യയാകുന്നതുവരെ അന്വേഷിച്ചു. ഫലമില്ല.

വളരെ വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ നടന്ന സംഭവം. ഇത് ഷീദിന്റെ വാക്കുകളിലൂടെ ഞാനറിഞ്ഞപ്പോൾ എനിക്ക് ദുഃഖമുണ്ടായി. വിദൂരസ്ഥലങ്ങളിൽ ഉണ്ടാകുന്ന ദുരന്തങ്ങൾ നമ്മളെ അത്രയ്ക്ക് ചലിപ്പിക്കാറില്ല. നമ്മുടെ വാസസ്ഥലത്തിന് തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ ട്രാജഡികളേ നമ്മളെ പിടിച്ച് കുലുക്കാറുള്ളൂ. പക്ഷേ ഏതാണ്ട് അമ്പതു വർഷം മുൻപ് ഒരു പെൺകുട്ടി ആറ്റിൽ മുങ്ങിമരിച്ചത് എന്നെ എന്തിന് വിഷാദിപ്പിച്ചു? കഴിഞ്ഞയാഴ്ച ശാന്തി എന്ന ഒരു കൊച്ചുപെൺകുട്ടി ടെറസ്സിൽ നിന്ന് വീണ് മരിച്ചത് എനിക്ക് എന്തെന്നില്ലാത്തെ ദുഃഖത്തിന് കാരണമായി. അത് എന്റെ മനസ്സിലെ മാറാത്ത ചിന്തയാണ്. ആ ചിന്ത മിഴിനീരിന് ഹേതുവായി. ഈ കൊച്ചുപെൺകുട്ടിയുടെ അപകടമരണം എന്നെ അലട്ടുന്നതു കൊണ്ടാവാം ഇറ്റലിയിലെ ഒരു പൂർവ്വദുരന്തവും എന്നെ ചലനംകൊള്ളിക്കുന്നത്.