close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 03 29


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 03 29
ലക്കം 602
മുൻലക്കം 1987 03 22
പിൻലക്കം 1987 04 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സൃഷ്ടി ആല്‍മരംപോലെയാണ്. പക്ഷികള്‍ അതിലെ പഴങ്ങള്‍ തിന്നാന്‍ വരുന്നു. അല്ലെങ്കില്‍ അതിന്റെ കൊമ്പുകളില്‍ ആശ്രയം തേടുന്നു. ആളുകള്‍ അതിന്റെ തണലിലിരുന്നു തണുപ്പ് അനുഭവിക്കുന്നു. എന്നാല്‍ ചിലര്‍ അതില്‍ തൂങ്ങിച്ചാവുകയും ചെയ്യുന്നു. എന്നിട്ടും മരം ശാന്തജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.

അദ്ധ്യാപകരായ ഞങ്ങള്‍ ‘സ്റ്റാഫ്റൂ’മിലിരുന്നു സംസാരിക്കുകയായിരുന്നു. ഭക്ഷണത്തിലും ധനസമ്പാദനത്തിലും മാത്രം തല്പരനായ ഒരു പ്രൊഫസര്‍ തന്റെ വീട്ടിലുണ്ടായ മോഷണത്തെക്കുറിച്ചു പറയാന്‍ തുടങ്ങി. “ ‘ആഭരണങ്ങള്‍ നന്നാക്കാനുണ്ടോ? ആഭരണങ്ങള്‍ നന്നാക്കാനുണ്ടോ?’ റോഡില്‍നിന്ന് ഈ ശബ്ദമുയര്‍ന്നപ്പോള്‍ ഞാന്‍ അയാളെ വീട്ടിലേക്കു വിളിച്ചു. ഒന്‍പതു പവന്റെ മാല കുറച്ചുകാലമായി പൊട്ടിക്കിടക്കുകയായിരുന്നു. ‘ഇതൊന്നു വിളക്കിത്തരു’ എന്നു പറഞ്ഞ് ഞാന്‍ അതെടുത്ത് അയാളുടെ കൈയില്‍ കൊടുത്തു. നെരിപ്പോടില്‍വച്ച് പൊട്ടിയ ഭാഗം വിളിക്കുന്നു വെന്നു കാണിച്ചിട്ട് അയാള്‍ പെട്ടെന്ന് അതു ചരുവത്തില്‍ നിറച്ചുവച്ച വെള്ളത്തിലേക്ക് ഇട്ടു. ഞാന്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വളരെ സമര്‍ത്ഥമായി അയാള്‍ മാലയുടെ ഒരു ഭാഗം മുറിച്ചു വെള്ളത്തിലിട്ടു. വീണ്ടും മാലയെടുത്തു തീയില്‍ വയ്ക്കാന്‍ ഭാവിച്ചപ്പോള്‍ ഞാന്‍ ഒറ്റയടി അയാളുടെ ചെകിട്ടില്‍ കൊടുത്തു. കരഞ്ഞു മാപ്പു പറഞ്ഞതുകൊണ്ട് പൊലീസിനെ വിളിച്ചില്ല” പ്രൊഫസര്‍ ഇത്രയും അറിയിച്ചിട്ട് അഭിമാനത്തോടെ ഇരുന്നപ്പോള്‍ ഡോക്ടര്‍ ഗോദവര്‍മ്മ ഒരു കണ്ണ് ഒന്നടച്ചിട്ടു പുച്ഛത്തോടെ ചിരിച്ചു. ആരെയും ആക്ഷേപിക്കാത്ത കോന്നിയൂര്‍ മീനാക്ഷി അമ്മ “ങ്ഹാ, വീട്ടില്‍ ഒന്‍പതു പവന്റെ മാലയുണ്ടോ?” എന്നു ചോദിച്ചു. അധ്യാപകനു മനസ്സിലായി അതു കളിയാക്കലാണെന്ന് അതുകൊണ്ടാവാം അദ്ദേഹം മറുപടി നൽകിയത് ഇങ്ങനെയാണ്. “ഒന്‍പതു പവന്റെ മാല മാത്രമല്ല പതിനഞ്ചു പവന്റെ മാലയുമുണ്ട്.” ഇദ്ദേഹം കോളേജിലെത്തിയാല്‍ ആഭരണങ്ങളെക്കുറിച്ചേ സംസാരിക്കൂ. “അനന്തരവള്‍ക്കു സ്വര്‍ണ്ണകൊലുസ്സ് ഉണ്ടാക്കിക്കൊടുത്തു. ഓരോന്നും നാലു പവനാണ്. മകനു സ്വര്‍ണ്ണമാലയിടണം എന്നൊരാഗ്രഹം. അവന്റെ ആഗ്രഹം സാധിക്കട്ടെയെന്നു കരുതി സേഫില്‍നിന്ന് അഞ്ചുപവനെടുത്തു കൊടുത്തു”, ഇങ്ങനെ പലതും. സാഹിത്യത്തില്‍ താല്പര്യമില്ല. ‘നേരേചൊവ്വേ’ പഠിപ്പിക്കാനറിഞ്ഞുകൂടാ. നാക്കെടുത്തു വളച്ചാല്‍ വരുന്നതൊക്കെ അബദ്ധം. വളരെക്കാലം അങ്ങനെ ജീവിച്ചു. പെന്‍ഷന്‍പറ്റി. മരിച്ചുപോകുകയും ചെയ്തു. അദ്ഭുതപ്പെടാനില്ല ഇതിലൊന്നും. മനസ്സ് ഒരു കാര്യത്തില്‍ മാത്രം വ്യാപരിച്ചാല്‍ വേറൊന്നിലേക്കും അതിനു പോകാന്‍ ഒക്കുകയില്ല. ഓഫീസ് ഫയലിനെക്കുറിച്ചുമാത്രം സംസാരിക്കുന്നവന് ഇന്ത്യയുടെ പ്രസിഡന്റ് ആരെന്ന് അറിഞ്ഞു കൂടായിരിക്കും. ചെമ്പകപ്പൂവിന്റെ തീക്ഷണ സൗരഭ്യം മാത്രം മതിയെന്നു പറയുന്നവന്‍ പനിനീര്‍പ്പൂവിന്റെ സ്നിഗ്ദ്ധ സൗരഭ്യം അറിയുന്നില്ല. മാനത്ത് എപ്പോഴും നോക്കുന്നവന്‍ ഭൂമിയെ കാണുന്നില്ല. കുന്നുകയറുന്നവന്‍ കടലില്‍ ഇറങ്ങുന്നില്ല. പട്ടിക്കുട്ടിയെ ലാളിക്കുന്നവന്‍ സിംഹക്കുട്ടിയെ ഓര്‍മ്മിക്കുന്നില്ല. കുമാരനാശാനെക്കുറിച്ചു മാത്രം എപ്പോഴും പറയുന്നവന്‍ വള്ളത്തോളിനെ അറിയുന്നില്ല. വള്ളത്തോളിന്റെ കാവ്യങ്ങള്‍ മാത്രം വായിക്കുന്നവന്‍ കുമാരനാശാന്റെ കാവ്യങ്ങള്‍ വായിക്കുന്നില്ല. തൊടുത്തിന് അഞ്ഞൂറുവട്ടം ടോള്‍സ്റ്റോയി എന്നു ഉരുവിടുന്നവന്‍ ഹെര്‍മാന്‍ ബ്രോഹിന്റെ “വെര്‍ജിലിന്റെ മരണ”ത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ചിലര്‍ക്കു ശങ്കരക്കുറുപ്പിനെ അറിയാം, കടമ്മനിട്ടയെ അറിഞ്ഞുകൂടാ. മറ്റു ചിലര്‍ക്കു കടമ്മനിട്ടയെ അറിയാം, ശങ്കരക്കുറുപ്പിനെ അറിഞ്ഞുകൂടാ. ഹിമാലയപര്‍വ്വതത്തെ മാത്രമല്ല അറേബ്യന്‍ സമുദ്രത്തെയും അറിയണം. സിംഹത്തെ മാത്രമല്ല കടുവയെയും അറിയണം.

ജീര്‍ണ്ണത ഒഴിവാക്കാന്‍

‘സ്കിറ്റ്സോഫ്രീനിയ’ എന്നൊരു മാനസിക രോഗമുണ്ട്. ചിന്തയുടെ അവ്യക്തത ഇതിന്റെ സവിശേഷതയാണ് ചിലപ്പോള്‍ ചില മാനസിക പ്രതിരൂപങ്ങളും (images) സംവേദനങ്ങളും രോഗിയെ വല്ലാത്തവിധത്തില്‍ ആക്രമിക്കും. വ്യാമോഹങ്ങളുമുണ്ടാകും. ‘ഞാന്‍ ജവാഹര്‍ലാല്‍ നെഹ്റുവാണ്’ എന്ന് ഈ മാനസിക രോഗി പറഞ്ഞെന്നു വരാം. പൈങ്കിളിക്കഥ എഴുതുന്നവരാകെ സ്കിറ്റ്സോഫ്രീനിയ ബാധിച്ചവരാണ്. ‘ഞാന്‍ സാഹിത്യകാരന്‍’ എന്ന തോന്നലില്‍ വ്യാമോഹമുണ്ട്. പ്രേമരംഗങ്ങളെ സംബന്ധിച്ച ഇമേജുകള്‍ ഈ എഴുത്തുകാരനെ ശക്തിയോടെ ആക്രമിക്കുന്നു. ആവിഷ്കരിക്കുന്ന ചിന്തയുടെ അവ്യക്തത ഇവിടത്തെയും സവിശേഷതതന്നെ. സ്കിറ്റ്സോഫ്രീനിയ ചികിത്സിച്ചു ഭേദമാക്കേണ്ട രോഗമാണല്ലോ. പൈങ്കിളിക്കഥാകാരന്‍മാരെയും ചികിത്സയ്ക്കു വിധേയരാക്കണം. അല്ലെങ്കില്‍ അവരും ‘അവരുടെ രചനകള്‍ വായിക്കുന്നവരും ഉന്മാദത്തിലെത്തും.

പലപ്പോഴും പറഞ്ഞ ഇക്കാര്യം ഇപ്പോഴും പറയേണ്ടതാണെന്നു തോന്നി ടി.കെ.ആര്‍. ആനിക്കാടന്‍ എക്സ്പ്രസ്സ് വാരികയിലെഴുതിയ “ഒരു വേനല്‍പ്പക്ഷിയുടെ ദുഃഖം” എന്ന കഥ വായിച്ചപ്പോള്‍ കാമുകന്റെ നിര്‍ദ്ദേശമനുസരിച്ച് കാമുകി അയാള്‍ക്കു വേണ്ടി കാത്തിരുന്നു. കാത്തിരിപ്പ് വ്യര്‍ത്ഥമാണെന്നു കൂട്ടുകാരി അറിയിച്ചിട്ടും അവള്‍ വകവച്ചില്ല. അങ്ങനെയിരിക്കെ കാമുകന്‍ ഭാര്യയോടുകൂടി വരുന്നത് അവള്‍ കണ്ടു. അയാളുടെ ഭാര്യ അവള്‍ക്ക് ഉപദേശം നല്കിയ കൂട്ടുകാരിതന്നെ. ജീവിതത്തോട് ഒരു ബന്ധവുമില്ലാത്ത, കലയോടു ഒരു ബന്ധവുമില്ലാത്ത ഈ കഥ സത്യത്തെ അസത്യമാക്കുകയും അസത്യത്തെ സത്യമാക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് സ്കിറ്റ്സോഫ്രീനിയ. ഇതു പിടിപെട്ടവരെ ചിത്തരോഗാശുപത്രിയിലാക്കും. പൈങ്കിളിക്കഥാകാരന്‍മാരെയും അങ്ങോട്ടേക്കാണ് അയയ്ക്കേണ്ടത്. ആ വിയോജനം വരുത്തിയില്ലെങ്കില്‍ സമുദായം ജീര്‍ണ്ണിക്കും.

തകഴി ശങ്കരനാരായണൻ

എവിടെ നിന്നെവിടേക്കു പാറുന്നു നീ മഹാകാലപതംഗമേ? ധ്രുവതാരകങ്ങള്‍ നിന്‍ ചൂടേറ്റുവിടരുന്നു നിറകാന്തി വഴിയുന്ന സൗരവ്യൂഹങ്ങള്‍ നിന്‍ചിറകൊലിയിലുണരുന്ന താളങ്ങളാവുന്നു.

ദാര്‍ശനിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നവരില്‍ എനിക്കേറ്റവും അഭിമതന്‍ റൈമുണ്ടോപ്പണിക്കരാണ് (Raimundo Panikkar) അദ്ദേഹത്തിന്റെ The Vedic Experience എന്ന ഗ്രന്ഥം ഞാന്‍ വീണ്ടും വീണ്ടും വായിക്കാറുണ്ട്. ദാര്‍ശനിക ചിന്തനത്തിനുള്ള പ്രധാന ഹേതു മോഹഭംഗമാണെന്ന് അദ്ദേഹം ആ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രതൃക്ഷാനുഭവങ്ങളുടെ മായിക സ്വഭാവം മനുഷ്യനെ അസ്വസ്ഥനാക്കുന്നു. അവന്‍ ആ അനുഭവങ്ങള്‍ ഭേദിച്ച് അകത്തേക്കു ചെല്ലുന്നു. അദ്ഭുതത്തെസ്സംബന്ധിച്ച ബോധമാണ് ദാര്‍ശനിക ചിന്തനത്തിനു കാരണമായി ഭവിക്കുന്നതെന്നു വേറൊരു മതവുമുണ്ട്. ഇവ രണ്ടും ഒരു സങ്കല്പത്തില്‍നിന്നാണു ജനിക്കുന്നത്. കണ്ണു കാണുന്നതിനെക്കാള്‍ കൂടുതലായി എന്തോ ഉണ്ടെന്ന വസ്തുത. ഈ സങ്കല്പം രണ്ടുവിധത്തിലുള്ള പ്രതികരണങ്ങള്‍ക്കു ഹേതുവായിത്തീരുന്നു. ഒരാള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ലോകം കൂടുതല്‍ ഭംഗിയുള്ളതാകണം, സത്യാത്മകമാകണം, ഗഹനമാകണം, സമ്പൂര്‍ണ്ണമാകണം. ഈ പ്രസാദാത്മകത്വത്തിന് അടിയേല്‍ക്കുമ്പോള്‍ അയാള്‍ക്കു മോഹഭംഗം ഉണ്ടാകുന്നു. രണ്ടാമത്തെയാളിന് ആദ്യത്തെയാളിനുള്ള പ്രതീക്ഷകളില്ല. ലോകം അത്രകണ്ടു വിരൂപമല്ല. നിരാശതാജനകമല്ല എന്ന വിചാരമാണ് അയാള്‍ക്ക് ഇവിടെ വിഷാദാത്മകത്വമാണ്. അത് അദ്ഭുതത്തിലേക്കു ചെല്ലുന്നു. ആദ്യത്തെയാളിന് മോഹഭംഗം കാരണം സത്യമായത് കാണപ്പെടുന്നില്ല എന്നതുതന്നെ. രണ്ടാമത്തെയാളിന് അദ്ഭുതം ഹേതു വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളവതന്നെ എന്നതാണ് (Page 453, Vedic Experience).

ഈ അദ്ഭുതമാണ് തകഴി ശങ്കരനാരായണന്റെ “പുഷ്കലാവര്‍ത്തച്ചിറകില്‍” എന്ന നല്ല കാവ്യത്തിന് അവലംബം (മനോരാജ്യം) കേട്ടാലും: വിഷയത്തിനു യോജിച്ച ലയവും പദവിന്യാസവും ഈ കാവ്യത്തിന്റെ സവിശേഷതകളാണ്.

* * *


ലോകം സൃഷ്ടിക്കപ്പെട്ടതു സുഖത്തിനു വേണ്ടിയോ ദുഃഖത്തിനുവേണ്ടിയോ എന്ന ചോദ്യത്തിനു മറുപടിയായി രമണമഹര്‍ഷി പറഞ്ഞു:

“സൃഷ്ടി നന്മയാര്‍ന്നതല്ല, തിന്മയാര്‍ന്നതുമല്ല. അത് എങ്ങനെയോ അങ്ങനെതന്നെ. മനുഷ്യന്റെ മനസ്സാണ് അതില്‍ എല്ലാ വിധത്തിലുമുള്ള കെട്ടിപ്പടുക്കലുകളും നടത്തുന്നത്. അതിന്റെമാത്രം കോണില്‍ക്കൂടെ വസ്തുക്കളെ കാണുന്നു. അതിന്റെ താല്പര്യത്തിനു മാത്രം യോജിക്കുന്നവിധത്തില്‍ അവയെ വ്യാഖ്യാനിക്കുന്നു. സ്ത്രീ, സ്ത്രീ മാത്രം. പക്ഷേ ഒരു മനസ്സ് അവളെ അമ്മയെന്നു വിളിക്കുന്നു, മറ്റൊന്നു സഹോദരിയെന്നു വിളിക്കുന്നു, വേറൊന്ന് അമ്മായിയെന്നും അങ്ങനെ പലവിധത്തില്‍ പുരുഷന്‍മാര്‍ സ്ത്രീകളെ സ്നേഹിക്കുന്നു, പാമ്പുകളെ വെറുക്കുന്നു, പാതവക്കിലുള്ള പുല്ല്, കല്ല് ഇവയെ അവഗണിക്കുന്നു. ഈ മൂല്യ നിര്‍ണ്ണയങ്ങളാണ് ലോകത്തെ എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണങ്ങള്‍. സൃഷ്ടി ആല്‍മരംപോലെയാണ്: പക്ഷികള്‍ അതിലെ പഴങ്ങള്‍ തിന്നാന്‍ വരുന്നു. അല്ലെങ്കില്‍ അതിന്റെ കൊമ്പുകളില്‍ ആശ്രയം തേടുന്നു. ആളുകള്‍ അതിന്റെ തണലിലിരുന്നു തണുപ്പ് അനുഭവിക്കുന്നു. എന്നാല്‍ ചിലര്‍ അതില്‍ തൂങ്ങിച്ചാവുകയും ചെയ്യുന്നു. എന്നിട്ടും മരം ശാന്തജീവിതം നയിച്ചുകൊണ്ടിരിക്കുന്നു; ഏതെല്ലാംവിധത്തില്‍ അതിനെ ഉപയോഗിക്കുന്നു എന്നത് അറിയാതെയും അതിനെക്കുറിച്ചു പരിഗണനയില്ലാതെയും മനുഷ്യന്റെ മനസ്സാണു സ്വയം പ്രയാസങ്ങളുണ്ടാക്കിയിട്ട് സഹായത്തിനുവേണ്ടി നിലവിളിക്കുന്നത്. ഒരാള്‍ക്കു സമാധാനവും വേറൊരാള്‍ക്കു ദുഃഖവും നല്കത്തക്കവിധത്തില്‍ ഈശ്വരന്‍ പക്ഷപാതിയാണോ? സൃഷ്ടിയില്‍ ഏതിനും സ്ഥലമുണ്ട്. പക്ഷേ മനുഷ്യന്‍ നന്മ, ആരോഗ്യം, സൗന്ദര്യം ഇവയെ കാണാന്‍ കൂട്ടാക്കുന്നില്ല.”


സൗധം സാര്‍ത്ഥകം

ഈ നഗരത്തില്‍ എത്രവേഗമാണ് സൌധങ്ങള്‍ ഉയരുന്നത്! നമ്മള്‍ കൂടക്കൂടെ ആ റോഡിലൂടെ നടക്കുന്നു. ഒരു സൌധത്തിനടുത്ത് കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശം കാണുന്നു. കുറെ ദിവസം കഴിഞ്ഞാണ് അതിലേ പോകുന്നതെങ്കില്‍ ഒരിടത്തു ചുടു കല്ലുകള്‍ അടുക്കി വച്ചിരിക്കുന്നതു കാണാം. മറ്റൊരിടത്ത് കരിങ്കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നു. മൂന്നു മാസത്തേക്കു നിങ്ങള്‍ ആ വഴി പോകുന്നില്ലെന്നിരിക്കട്ടെ. എന്നിട്ട് ഒരു ദിവസം ആ വഴി ചെന്നാല്‍ ചൂടുകല്ലുമില്ല, കരിങ്കല്ലുമില്ല. കുറ്റിക്കാടുകള്‍ക്കു പകരം മനോഹരമായ പൂന്തോട്ടം. അതിനു പിറകില്‍ സൌധം. കരിങ്കല്ലിനും ചുടുകട്ടയ്ക്കും ‘ഒരര്‍ത്ഥ’വുമില്ല. എന്നാല്‍ അവ കൊണ്ടുണ്ടാക്കിയ സൗധം സാര്‍ത്ഥകം. ഒറ്റപ്പദങ്ങള്‍ അര്‍ത്ഥരഹിതങ്ങള്‍. എന്നാല്‍ ഹരികുമാര്‍ എന്ന കഥാകാരന്‍ അവയെ വേണ്ട വിധത്തില്‍ സങ്കലനം ചെയ്തുവയ്ക്കുമ്പോള്‍ അതിന് സാര്‍ത്ഥകസ്വഭാവം വരുന്നു. സ്വാര്‍ത്ഥതല്‍പരനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ അമ്മയ്ക്ക് അയച്ചുകൊടുക്കുന്ന പണം അവര്‍ അവരുടെ ചേട്ടനും കുഞ്ഞുങ്ങള്‍ക്കും ചെലവാക്കുമ്പോള്‍ അയാള്‍ക്കു കോപം. ആ കോപവും അതിനോടു ബന്ധപ്പെട്ട പ്രവൃത്തികളും കരിങ്കല്ലു പോലെ, ചെങ്കല്ലു പോലെ അര്‍ത്ഥരഹിതം. പക്ഷേ ചേട്ടന്റെ മകളുടെ മക്കള്‍ അയാളെ സ്നേഹപൂര്‍വ്വം ഉമ്മവയ്ക്കുമ്പോള്‍ അയാളുടെ സ്വാര്‍ത്ഥ ചിന്ത ഇല്ലാതാവുന്നു. അവരിലൂടെ അയാള്‍ സാര്‍ത്ഥകമായ ഒരു സ്നേഹസൗധം നിര്‍മ്മിക്കുകയാണ്. കലാകൗമുദിയില്‍ ഹരികുമാര്‍ എഴുതിയ ഈ കഥ — ‘സൂര്യകാന്തിപ്പൂക്കള്‍’ എനിക്കിഷ്ടമായി.

“മറ്റുള്ളവര്‍ക്കു ഉപകാരങ്ങള്‍ ചെയ്യുന്നവന്‍ മണ്ടനാണ്, കാരണം അവന്‍ സ്വന്തം കാര്യം നോക്കുന്നില്ല എന്നതാണ്.” ഇമ്മട്ടില്‍ ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു മഹത്ത്വമുണ്ടെങ്കിലും ഹൃദയവിശാലതയില്ല. സ്വാര്‍ത്ഥം ത്യജിച്ചു പരാര്‍ത്ഥമായി ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന സുഖം സ്വാര്‍ത്ഥ­താല്‍പര്യത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാവുകയില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png “ഒരാളിനോടു ചെയ്യാവുന്ന വലിയ അപരാധമേത്?”

“അയാളെ കണ്ടയുടനെ ‘ക്ഷീണിച്ചുപോയല്ലോ’ എന്നു പറയുക.”

Symbol question.svg.png “നിങ്ങളോട് അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങളെന്തു മറുപടി പറയും?”

“ഞാന്‍ അയാളെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കുകയില്ല. അത് എന്റെ നന്മകൊണ്ടല്ല. ഭീരുത്വംകൊണ്ടാണ്. എന്‍. ഗോപാലപിള്ളസ്സാറിനോട് ഒരിക്കല്‍ ഒരു സംസ്കൃതപണ്ഡിതന്‍ ‘സാറ് വല്ലാതെ ക്ഷീണിച്ചല്ലോ. ആരോഗ്യം നോക്കാത്തതെന്ത്?’ എന്ന് സ്നേഹം നല്കുന്ന അധികാരത്തോടെ പറഞ്ഞു. സാറ് എടുത്ത വാക്കിനു ചോദിച്ചു: ‘എന്റെ ഭാര്യക്കില്ലാത്ത ചേതമാണോ നിങ്ങള്‍ക്ക്? എന്റെ ആരോഗ്യം ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങളുടെ ഉപദേശമൊന്നും വേണ്ട.

Symbol question.svg.png “നിങ്ങള്‍ക്കു വിസ്മയം ഉളവാക്കിയ ഒരു പ്രസ്താവം?”

“കൗമുദിയുടെ പത്രാധിപര്‍ കെ. ബാലകൃഷ്ണനോടൊരുമിച്ച് ഞാന്‍ ആലപ്പുഴെ ഒരു മീറ്റിങ്ങിനു പോകുകയായിരുന്നു. കൗമുദി ഓഫീസില്‍നിന്നു കെ.എസ്. ചെല്ലപ്പന്‍ എടുത്തുതന്ന പുതിയ കൗമുദി വാരികയിലെ “പത്രാധിപരുടെ കുറിപ്പുകള്‍” കാറിലിരുന്നു വായിക്കുകയായിരുന്നു ഞാന്‍. ബാലകൃഷ്ണന്‍ അതു കണ്ടു. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു: ‘ആ ഷിറ്റി വീക്ക്ലി ദൂരെക്കള അവന്റെ ഒരു വാരികയും അവന്റെ പത്രാധിപക്കുറിപ്പുകളും’”

Symbol question.svg.png “ഈ ലോകത്തെ ഏറ്റവും വലിയ ‘ഇംബാരസ്സിങ് സിറ്റ്യുവേയ്ഷന്‍’ — ആകുലാവസ്ഥ ഏത്?”

“സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സുന്ദരിയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടിയോടിക്കുന്ന അവളുടെ ഭര്‍ത്താവ് ഭക്തിപൂര്‍വം നമ്മെ തലതാഴ്ത്തി വന്ദിക്കുന്നത്.”

Symbol question.svg.png “രമണമഹര്‍ഷിയോട് ഒരു ചെറുപ്പക്കാരന്‍ ചോദിച്ച ചോദ്യം ഞാന്‍ നിങ്ങളോടു ചോദിക്കാം. മറുപടി പറയൂ: ‘അയല്‍ വീട്ടുകാരിയായ ചെറുപ്പക്കാരിയുടെ സ്തനങ്ങള്‍ കാണുമ്പോള്‍ എനിക്കു വല്ലാത്ത പാരവശ്യം. അവളുമായി വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെടാന്‍ എനിക്കു പ്രലോഭനം, ഞാന്‍ എന്തു ചെയ്യണം?’”

“എനിക്കിതിന് ഉത്തരമില്ല. രമണമഹര്‍ഷി ആ ചെറുപ്പക്കാരന് നല്കിയ ഉത്തരം ഞാനിവിടെ എഴുതാം. ‘നിങ്ങള്‍ എപ്പോഴും വിശുദ്ധനാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങളും ശരീരവുമാണ് നിങ്ങളെ പ്രലോഭിപ്പിക്കുന്നത്. ഈ ഇന്ദ്രിയങ്ങളെയും ശരീരത്തെയും നിങ്ങള്‍ ആത്മാവായി തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് ആദ്യമായി അറിയേണ്ടത് ആരെ പ്രലോഭിപ്പിക്കുന്നു എന്നതാണ്. പ്രലോഭിപ്പിക്കാന്‍ ആരുണ്ട് എന്നതാണ്. നിങ്ങള്‍ വ്യഭിചാരകര്‍മ്മം അനുഷ്ഠിച്ചാല്‍ത്തന്നെയും അതിനെക്കുറിച്ചു പിന്നീട് വിചാരിക്കാതിരിക്കു. കാരണം നിങ്ങള്‍ വിശുദ്ധനാണ് എന്നതത്രേ. നിങ്ങളല്ല പാപി.’”

Symbol question.svg.png “നിങ്ങള്‍ക്കു മാനസികമായ താഴ്ചയുണ്ടാക്കിയ ഒരു സംഭവം?”

“നാല്പത്തഞ്ചുകൊല്ലം മുന്‍പ് ഞാന്‍ ആലപ്പുഴെ പൊലീസ്റ്റേഷന്റെ മുന്‍പില്‍ ബസ്സ് കാത്തുനില്ക്കുകയായിരുന്നു. കൈയിലിരുന്ന ടോര്‍ച്ചിന്റെ ബാറ്ററി കൊള്ളാമോ എന്നറിയാനായി ഞാന്‍ അതിന്റെ സ്വിച്ച് ഒന്നമര്‍ത്തി. വെളിച്ചം പൊലീസ് സ്റ്റേഷനില്‍ ചെന്നു വീണതു ഞാനറിഞ്ഞില്ല. പെട്ടെന്നു സ്റ്റേഷനില്‍ നിന്ന് ഒരു ശബ്ദം ഉയര്‍ന്നു: ഏത് പു…മോനാണടാ സ്റ്റേഷനില്‍ ടോര്‍ച്ചടിക്കുന്നത്? ഒരു കണ്‍സ്റ്റബിള്‍ ഓടി എന്റെ അടുത്തുവന്നു. ഞാന്‍ വെപ്രാളത്തോടെ പറഞ്ഞു: ക്ഷമിക്കണം; അറിയാതെ സ്വിച്ച് അമര്‍ത്തിപ്പോയതാണ്’ കണ്‍സ്റ്റബിള്‍ എന്നെ കൈവയ്ക്കാതെ തിരിച്ചുപോയി. പക്ഷേ അയാള്‍ പറഞ്ഞ തെറിയുണ്ടല്ലോ അത് ഇന്നും എനിക്കു മാന്ദ്യം ജനിപ്പിക്കുന്നു.”

ഷണ്ഡത്വം

ബീഭത്സത എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു? ഈ ചോദ്യത്തിനു ഉത്തരം ഞാന്‍ നല്കാം. എം.എ. റഹ്‌മാന്റെ ‘പദപ്രശ്നം എന്ന ചെറുകഥയില്‍. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഏതു വഷളന്‍ കഥയും ഞാന്‍ ക്ഷമയോടെ അവസാനംവരെയും വായിക്കാറുണ്ട്. രണ്ടുതവണ ശ്രമിച്ചിട്ടും ഈ കഥ പൂര്‍ണ്ണമായി വായിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അന്യോന്യബന്ധമില്ലാത്ത കുറെ വാക്യങ്ങള്‍ മാത്രമേ ഇതിലുള്ളു.

ചിറ്റൂര്‍ കോളേജില്‍ ഒരു തമിഴ് ലക്ചറര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹധര്‍മ്മിണിക്ക് കോയമ്പത്തൂര്‍ പട്ടണം കാണണമെന്ന് ഒരാഗ്രഹം. അവരുടെ നിര്‍ബ്ബന്ധം കൂടിക്കൂടി വന്നപ്പോള്‍ ലക്ചറര്‍ അണിക്കോട് എന്ന സ്ഥലത്തുചെന്ന് ടാക്സിക്കാര്‍ വിളിച്ചുകൊണ്ടുവന്നു. ഭാര്യയെ അതില്‍ കയറ്റി കോയമ്പത്തൂരേക്കു പോയി അദ്ദേഹം. പട്ടണത്തിലെത്തിയപ്പോള്‍ കാറ് വേഗത്തില്‍ ഓടിക്കാന്‍ ഡ്രൈവറോട് പറഞ്ഞു. ഏതാണ്ട് മണിക്കൂറില്‍ നാല്പതു നാഴിക സ്പീഡില്‍ കാറ് നഗരത്തിലാകെ കറങ്ങി. ഒരിടത്തും ഒരു സെക്കന്‍ഡ്പോലും നിറുത്തിയില്ല. കാപ്പി കുടിച്ചാല്‍ കൊള്ളാമെന്നു ഭാര്യ പറഞ്ഞിട്ടും ഭര്‍ത്താവ് കാറ് നിറുത്താന്‍ സമ്മതിച്ചില്ല. ഒരു അരമണിക്കൂര്‍ നേരത്തെ കറക്കം പട്ടണത്തില്‍. തിരിച്ചു അതേമട്ടില്‍ ചിറ്റൂരേക്കു പോരികയും ചെയ്തു. എന്തൊരു അര്‍ത്ഥശൂന്യമായ പ്രവൃത്തി, അല്ലേ? അതേ. പ്രവൃത്തികള്‍ സാര്‍ത്ഥകമാകണമെങ്കില്‍ വ്യക്തികള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ തമ്മില്‍ ഇന്ററാക്ഷന്‍ ഉണ്ടാകണം. ഞാനൊരു പുസ്തകം വായിക്കാതെ അലമാരിയില്‍ വച്ചുപൂട്ടിയാല്‍ ഞാനും പുസ്തകവും തമ്മില്‍ ഇന്ററാക്ഷന്‍ ഇല്ല. അപ്പോള്‍ പുസ്തകത്തിനു വിലയില്ലാതെയാവുന്നു. ഞാന്‍ പുസ്തകം വായിച്ചാല്‍ “പരസ്പര പ്രവര്‍ത്തനം” കൊണ്ട് അതു സാര്‍ത്ഥകമായിത്തീരുന്നു. തരുണി ശക്തനും സുന്ദരനുമായ തരുണനോടു ചേരുമ്പോള്‍ രണ്ടു പേര്‍ക്കും വിലയുണ്ട്. തരുണിക്കു കിട്ടുന്നതു ഷണ്ഡനെയാണെങ്കില്‍ അവളുടെ മൂല്യം — വില — നശിക്കുന്നു. ഷണ്ഡങ്ങളായ കുറെ വാക്യങ്ങള്‍ എടുത്തുനിരത്തുന്നതേയുള്ളു റഹ്‌മാന്‍. അവ വാരികയുടെ വില കൂടിയ മൂന്നു പുറങ്ങളില്‍ വിലയില്ലാതെ കിടക്കുന്നു.

* * *

സന്ധ്യാവേളയില്‍ അര്‍ദ്ധാന്ധകാരം വ്യാപിച്ചിരിക്കുമ്പോള്‍ അവള്‍ കൊച്ചു നിലവിളക്കു കത്തിച്ചുകൊണ്ടുവരുന്നു. അതോടെ ഇരുട്ടു മാറുന്നു. സ്വര്‍ണ്ണദീപത്തിന്റെ രശ്മികളേറ്റ് അവളുടെ മുഖം കൂടുതല്‍ തിളങ്ങുന്നു. കല ഇതുപോലെയാണ്. അന്ധകാരം മാറ്റി അതു തിളക്കം പ്രദാനംചെയ്യുന്നു.

ഫെറ്റിഷിസം

ഏതെങ്കിലും അചേതന വസ്തുവില്‍ കാമത്തോടു ബന്ധപ്പെട്ട താല്‍പര്യം ചെന്നു വീഴുമ്പോള്‍ അതിനെ ഫെറ്റിഷിസമെന്നു മനഃശാസ്ത്രജ്ഞന്‍ വിളിക്കുന്നു. പുരുഷന്‍ അഭിലഷിക്കുന്ന സ്ത്രീയുടെ വസ്ത്രം അയാള്‍ക്കു അനിയതമായ വികാരം ഉളവാക്കിയെന്നു വരാം. സ്ത്രീയെക്കാള്‍ വസ്ത്രത്തിന് അയാള്‍ പ്രധാന്യം കല്പിച്ചുവെന്നും വരാം. ഈ ഫെറ്റിഷിസം ചിത്തവൃത്തിയെ സംബന്ധിക്കുന്ന രോഗമാണ്.

ബഹിര്‍ഭാഗസ്ഥമായ ജീവിതസത്യത്തെ ഫെറ്റിഷായി കരുതുകയും അതിനെമാത്രം എപ്പോഴും ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ വായനക്കാര്‍ക്കു ഒരുവിധത്തിലുള്ള ‘മടുപ്പ്’ ഉണ്ടാകും. ചൈതന്യധന്യങ്ങളായ വസ്തുതകളേയോ മൂല്യങ്ങളേയോ ഈ ചിത്രീകരണം അവഗണിക്കുന്നു. ഈ പരിമിതിഗ്രഹിച്ചുകൊണ്ടുതന്നെ പറയാം ദേശാഭിമാനി വാരികയിലെ ‘ചിരി മറന്ന കോമാളി’ (ടി.വി. എം. അലി എഴുതിയത്) ഭേദപ്പെട്ട കഥയാണെന്ന്. ഒരു പോസ്റ്റ്മാന്റെയും കുടുംബത്തിന്റെയും ദയനീയമായ ചിത്രമാണ് ഇതിലുള്ളത്. ഈ ചിത്രം നമ്മെ ദുഃഖിപ്പിക്കും. അതുതന്നെയാണ് ഇത്തരം കഥകളുടെ സവിശേഷത. കാരാഗൃഹത്തിലിരിക്കുന്ന മനുഷ്യനെ അലിയെപ്പോലുള്ള കഥാകാരന്‍മാര്‍ കാണുമ്പോള്‍ മറ്റു ചില സാഹിത്യകാരന്‍മാര്‍ തടവറയുടെ ഭിത്തികളെ മാത്രം കാണുന്നു. തടവറയെ വിട്ട് തടവുകാരനെ കാണുന്നതാണ് മനുഷ്യത്വംകൂടിയ പ്രവൃത്തി. സംശയമില്ല.

* * *

സിനിമയുടെ രണ്ടാമത്തെ പ്രദര്‍ശനം കഴിഞ്ഞ് രാത്രി ഒരു മണിക്കെങ്കിലും ഭര്‍ത്താവ് തിരിച്ചെത്തേണ്ടതാണ്. നവവധു കാത്തിരിക്കുമ്പോള്‍ ഗെയ്റ്റിനടുത്തു കാല്പെരുമാറ്റം. ആകാംക്ഷയോടെ അവള്‍ ജന്നലിലൂടെ നാക്കുന്നു. അതേ അയാള്‍തന്നെ. നമുക്കിഷ്ടപ്പെട്ട കഥാകാരന്റെ കഥ വാരികയില്‍ കാണുമ്പോള്‍ നമ്മുടെ മാനസികനില ഇതുതന്നെ.

അവള്‍ നോക്കുമ്പോള്‍ ഏതോ അപരിചിതന്‍ കുടിച്ച് ആടിയാടിപ്പോകുന്നു. നിരാശതയും ജുഗുപ്സയും ഫലം. പൈങ്കിളിക്കഥ വാരികയില്‍ അച്ചടിച്ചു കാണുമ്പോള്‍ സഹൃദയന്റെ മനോഭാവം ഇതു തന്നെ.

ജനപ്പെരുപ്പം

ഇന്‍ഡ്യയിലെ ജനസംഖ്യാവര്‍ദ്ധയെക്കുറിച്ച് പ്രഗല്ഭമായി ഉപന്യസിക്കുന്ന എന്‍.വി. കൃഷ്ണവാര്യര്‍ പ്രബന്ധം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

“ഇതിന്റെയെല്ലാം ഫലമായി, ക്രിസ്തു വര്‍ഷം 2011-ആണ്ട് ആകുമ്പോഴേക്ക് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമെന്ന പദവി ചൈനയില്‍നിന്ന് ഇന്ത്യ പിടിച്ചുവാങ്ങാനിടയുണ്ട്. അതോടൊപ്പം മറ്റുപല പദവികളും ഇന്ത്യയ്ക്ക് അനായാസമായി കൈവരും. ഏറ്റവുമധികം നിരക്ഷരര്‍ ഉള്ള രാജ്യം, ഏറ്റവുമധികം അന്ധരും ബധിരരും മൂകരും വികലാംഗരുമുള്ള രാജ്യം, ഏറ്റവുമധികം രോഗികളുള്ള രാജ്യം, ഏറ്റവുമധികം വേശ്യകളുള്ള രാജ്യം, ഏറ്റവുമധികം ദരിദ്രരുള്ള രാജ്യം, ജീവിതനിലവാരം ഏറ്റവുമധികം താഴ്ന്നുനില്‍ക്കുന്ന രാജ്യം, ഏറ്റവുമധികം കുറ്റങ്ങള്‍ ഉള്ള രാജ്യം…അങ്ങനെ എന്തെല്ലാമെന്തെല്ലാം ‘ഏറ്റവുമധിക’ങ്ങള്‍!”

ഈ സത്യംതന്നെ വേറൊരുവിധത്തില്‍ പറയാം. ഒരാളിന്റെ എല്ലാ പ്രാഥമികാവശ്യങ്ങളും നിര്‍വഹിക്കാന്‍ അയാള്‍ക്കു രണ്ടേക്കര്‍ ഭൂമി വേണമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കണക്കാക്കിയിട്ടുണ്ടെന്നു ആല്‍ഡസ് ഹക്സിലി ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലെ ഇപ്പോഴത്തെ ജനസംഖ്യയനുസരിച്ച് ഒരുത്തന് സൂചികുത്താനുള്ള സ്ഥലംപോലുമില്ല. അതുകൊണ്ടാണ് ഇന്ന് വിപ്ളവങ്ങളും മറ്റ് അസ്വസ്ഥതകളും ധാരാളമായി ഉണ്ടാകുന്നത്. എ.ഡി. 2011 ആകുമ്പോഴേക്കു മനുഷ്യര്‍ വല്ലാതെ കഷ്ടപ്പെടും. പരിമിതങ്ങളാണ് സാമ്പദിക വിഭവങ്ങളും അവയില്‍ ജനക്കൂട്ടം ചാടിവീഴും. അപ്പോള്‍ ബഹളവും രക്തച്ചൊരിച്ചിലുമുണ്ടാകും. ഇവയെ നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ അധികാരങ്ങളുപയോഗിക്കും. പ്രജാധിപത്യം നിലവിലുള്ള രാജ്യം ഇങ്ങനെ അധികാരങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അതു സമഗ്രാധിപത്യസ്വഭാവം ആവഹിക്കും. അതിനാല്‍ ലോകത്തെ അവികസിതരാജ്യങ്ങളില്‍ ഏതാനും മാസങ്ങള്‍കൊണ്ട് സമഗ്രാധിപത്യം ജനനമെടുക്കുമെന്ന് ആല്‍ഡസ് ഹക്സിലി ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. ജവാഹര്‍ലാല്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബര്‍ട്രന്‍ഡ് റസ്സല്‍ ഇതിനൊരു പരിഹാരം നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധന നിയന്ത്രിക്കാന്‍ കുടുംബാസൂത്രണ പദ്ധതികള്‍ നെഹ്റു ത്വരിതപ്പെടുത്തണമെന്ന്.

ജനസംഖ്യയുടെ പെരുപ്പംകണ്ടു പേടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു പറയുന്നവരും ധാരാളമുണ്ട്. വിറ്റമിന്‍ വേണ്ടിടത്തോളമുള്ള ഭക്ഷണംകഴിച്ചാല്‍ സന്തത്യുല്‍പാദനത്തിനു സ്വാഭാവികമായി കുറവുവരുമെന്നാണ് അവരുടെ വാദം. ഒരു ഉദാഹരണത്തിന് അമേരിക്ക. സമ്പന്നമായ ആ രാജ്യത്തു പോഷകാംശങ്ങള്‍ ഏറിയ ഭക്ഷണം ലഭിക്കുന്നതുകൊണ്ട് ജനസംഖ്യയുടെ പെരുപ്പമില്ല. നമ്മുടെ നാട്ടിലേക്കു നോക്കു. ദാരിദ്ര്യമുള്ള കുടുംബങ്ങളില്‍ സന്താനങ്ങള്‍ ഏറെക്കാണും.

നാനാവിഷയകം

  1. ട്രയല്‍ വാരികയില്‍ സി.ആര്‍. കേശവന്‍ വൈദ്യരെക്കുറിച്ച് ഒരു ലേഖനം വന്നു. അത് എഴുതുന്നതിന് എത്രരൂപ പത്രാധിപര്‍ക്കു കിട്ടി എന്ന് എം.കെ. മുരളീധരന്‍ അന്വേഷിക്കുന്നു. ഈ അന്വേഷണത്തിനു പത്രാധിപരുടെ മറുപടി: “കാശുകൊടുത്തു രണ്ടു നല്ല വാക്കു ട്രയലിലെഴുതിക്കാന്‍ സി.ആര്‍. കേശവന്‍ വൈദ്യരല്ല സാക്ഷാല്‍ ശ്രീപരമേശ്വരന്‍ വിചാരിച്ചാല്‍ പറ്റില്ല.”
  2. ഒ.വി. വിജയന്‍ കേരളദേശം വാരികയില്‍ ‘ഇന്ദ്രപ്രസ്ഥം’ എന്ന പംക്തി ആരംഭിച്ചിരിക്കുന്നു. അതിലദ്ദേഹം പറയുന്നു: “ഇന്ദിര ഇന്നു രക്തസാക്ഷിയാണ്. താന്‍ സൃഷ്ടിച്ച പഞ്ചാബ് പ്രശ്നത്തിന്റെ, തന്റെ രൂക്ഷതയേറ്റിയ വര്‍ഗ്ഗീയ അന്യവല്‍കരണത്തിന്റെ രക്തസാക്ഷിയായിരുന്നു അവര്‍ എന്ന കാര്യം ഇനിമേല്‍ സ്മരിച്ചുകൂടാ. കാരണം രക്തസാക്ഷിത്വത്തിന്നു ചുറ്റും കഠിനമായ മര്യാദകളാണ്.”
  3. ഡോക്ടര്‍ എം.എം. ബഷീര്‍ ചന്ദ്രിക വാരികയില്‍ ഡോക്ടര്‍ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചെഴുതിയ ലേഖനത്തില്‍ ഇങ്ങനെയും ഒരുഭാഗം: “ഡോക്ടര്‍ വൈക്കം മുഹമ്മദ് ബഷീര്‍. നമ്മളെല്ലാം നാളെ മരിച്ചു മണ്ണടിഞ്ഞുപോയേക്കാം. പക്ഷേ, ഇവിടെ നിന്നു പോയാലും താങ്കള്‍ ഇവിടെ ജീവിക്കും. സഹൃദയരുടെ മനസ്സുകളില്‍ എന്നും താങ്കളുണ്ടാവും. താങ്കളുടെ വെളിച്ചത്തിലൂടെ ഈ കാലഘട്ടം നാളയിലേക്കു നീളും…താങ്കളുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ അവസരം കിട്ടിയതുതന്നെ എത്ര ധന്യം.”

    ട്രയല്‍ പത്രാധിപരുടെയും ഒ.വി. വിജയന്റെയും പ്രസ്താവങ്ങള്‍ക്കു വസ്തുനിഷ്ഠത്വമുണ്ട്. എം.എം. ബഷീറിന്റെ പ്രസ്താവം ഇന്‍സിന്‍സിറിറ്റിയുടെ സന്തതിയായ അന്യുക്തി. ടോള്‍സ്റ്റോയിയുടെ കാലത്തു ജീവിച്ച ആളിനുപോലും പറയാനൊക്കുകയില്ല അയാളുടെ ജീവിതം ധന്യമായിരുന്നെന്ന്. മഹാവിഷ്ണുവിനെ പിടിക്കാന്‍ വൈകുണ്ഠത്ത് എലിപ്പത്തായവുംകൊണ്ടു കയറരുത്. എലിയെ പാര്‍പ്പിക്കാന്‍ വൈകുണ്ഠം നിര്‍മ്മിക്കുകയുമരുത്.

* * *

എനിക്കു ജീവിതാസ്തമയം. അദ്ദേഹത്തിന് എന്നെക്കാള്‍ പത്തു വയസ്സുകൂടും. അതുകൊണ്ട് അദ്ദേഹത്തെ കണ്ടുകളയാമെന്നു വിചാരിച്ച്, പോയി. വീടറിഞ്ഞുകൂടാ. ഭാഗ്യവശാല്‍ വഴിയില്‍വച്ചു എനിക്കു പരിചയമുള്ള ഒരു സുന്ദരിയെ കണ്ടു. “..ന്റെ വീടെവിടെ?” എന്ന് എന്റെ ചോദ്യം. “ഞാന്‍ കൂടെവന്നു കാണിച്ചുതരാം. സാറിനു തനിയെ കണ്ടുപിടിക്കാനൊക്കുകയില്ല” എന്ന് അവരുടെ മറുപടി. അവര്‍ കൂടെവന്നു. വീട്ടിന്റെ പടിപ്പുരയിലെത്തി. പടിപ്പുരയില്‍നിന്ന് അരഫര്‍ലോങ് അകലെയാണ് വീടിരിക്കുന്നത്. സ്ത്രീ ബല്ലിന്റെ സ്വിച്ച് അമര്‍ത്തി. അദ്ദേഹം വരാന്തയില്‍ പ്രത്യക്ഷനായി. സഹായത്തിനു വന്ന സ്ത്രീ ഉടനെ തിരിച്ചുപോയി. പൊക്കംകൂടിയ എന്നെ മാത്രമേ അദ്ദേഹം കണ്ടിരിക്കാന്‍ ഇടയുള്ളു. പതുക്കെ നടന്ന് അദ്ദേഹം പടിപ്പുരയില്‍ എത്തി: “ആങ്ഹാ കൃഷ്ണന്‍നായരോ? ക്യാറ്റ്റാക്ട്കൊണ്ട് കാഴ്ച ശരിക്കില്ല. അതുകൊണ്ടു നിങ്ങളാണെന്ന് അടുത്തെത്തുന്നതുവരെ മനസ്സിലായില്ല. നിങ്ങളുടെകൂടെ വന്നിട്ടുപോയത് പങ്കജമാണോ?” “അതേ” എന്നു ഞാന്‍. (പങ്കജം എന്നതു ശരിയായ പേരല്ല). വാര്‍ദ്ധക്യത്തിലും ലിബിഡോക്ക് എന്തൊരു ശക്തി. ഫ്രായിറ്റ് ജയിക്കട്ടെ.