close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 10 24


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 10 24
ലക്കം 945
മുൻലക്കം 1993 10 18
പിൻലക്കം 1993 10 31
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഒരു സായാഹ്നത്തിൽ ഞാൻ ആ കവിയുടെ വീട്ടിൽ ചെന്നു കയറിയപ്പോൾ അദ്ദേഹം ഗാഢചിന്തയിൽ മുഴുകി പടിഞ്ഞാറോട്ടു നോക്കി ഇരിക്കുകയായിരുന്നു. കുറച്ചുനേരം ഞാൻ അടുത്തുനിന്നിട്ടും അദ്ദേഹം ഒന്നുമറിഞ്ഞില്ല. കവിയെ അദ്ദേഹത്തിന്റെ ധ്യാനത്തിൽനിന്നോ ചിന്തയിൽനിന്നോ നിരാശതയിൽനിന്നോ വിളിച്ചുണർത്താൻ എനിക്കിഷ്ടമില്ലായിരുന്നു. എങ്കിലും തസ്കരനെപ്പോലെ തിരിച്ചുപോകുന്നതിന്റെ അനൗചിത്യമോർത്തു ഞാൻ ‘മാഷേ’ എന്നു പതുക്കെ വിളിച്ചു. അദ്ദേഹം സാങ്കല്പികലോകത്തുനിന്നു യഥാർത്ഥ ലോകത്തേക്കു പോന്നു. “ആങ്. കൃഷ്ണൻ നായരോ? ഇരിക്കൂ. ഇവിടെ ആരുമില്ല. അവരൊക്കെ എന്തോ വാങ്ങാനായി പീടികകളിലേക്കു പോയിരിക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. കവി ഏകാന്തത പുലർത്തിക്കൊള്ളട്ടെ എന്നു വിചാരിച്ച് ഞാൻ പെട്ടെന്നു യാത്ര പറഞ്ഞു പിരിഞ്ഞു. രാജരഥ്യയിലെത്തിയ ഞാൻ വിചാരിച്ചു: ‘ബന്ധുക്കൾ അദ്ദേഹത്തെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. സഹധർമ്മിണി അദ്ദേഹത്തെ ഈശ്വരനു സദൃശനായി ആരാധിക്കുന്നു. എന്നിട്ടും അദ്ദേഹമെന്തേ ഇങ്ങനെ വിചാരത്തിൽ മുഴുകിയിരുന്നത്?’ ഈ ചോദ്യത്തിന് ഉത്തരവും ഞാൻതന്നെ എനിക്കു നൽകി. യഥാർത്ഥമായ ആ സ്നേഹബഹുമാനങ്ങളും ആരാധനകളും കവി തണുപ്പുകാലത്തു പുതയ്ക്കുന്ന കമ്പിളി പോലെയാണ്. ശരീരത്തിന്റെ വിറയൽ മാറ്റി അതു ചൂടു നൽകുന്നു. പക്ഷേ അദ്ദേഹത്തിന്റെ അന്തരംഗത്തിനു ശൈത്യമുണ്ടെങ്കിൽ പുതപ്പിന് അതു മാറ്റാനാവില്ല. ധ്യാനം, ചിന്ത എന്നെല്ലാം ഞാൻ സുജനമര്യാദയ്ക്കു യോജിച്ച മട്ടിൽ പറഞ്ഞെങ്കിലും കവിയുടെ മനസ്സിൽ ശൈത്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് എന്റെ വിചാരം. ഈ കവിയെപ്പോലെയാണ് നമ്മൾ എല്ലാവരും. സ്നേഹാദരങ്ങളുടെ കംബളംകൊണ്ടു ബന്ധുക്കളും സ്നേഹിതരും നമ്മളെ പുതപ്പിക്കുന്നു. അവർ അതു പുതപ്പിച്ചിരിക്കുമ്പോഴും ഇല്ലാത്തപ്പോഴും നമ്മളത് വലിച്ചു ദൂരെയെറിയുമ്പോഴും ഉള്ളിൽ ശൈത്യമാണു നമുക്ക്. ഈ ശൈത്യത്തിൽനിന്ന് ഈ ലോകത്തെ ഒരുത്തനും മുക്തനല്ല. പ്രായമാകുമ്പോൾ അതു വളരെക്കൂടുന്നു. അതോടെ മരണം വന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു.

ഞാൻ മുകളിൽ കുറിച്ചിട്ട വിചാരങ്ങൾക്കു കഥയുടെ രൂപം നൽകിയിരിക്കുന്നു ശ്രീ. കൃഷ്ണനുണ്ണി. ‘സ്ഥപതി’ എന്ന കഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) വല്യച്ഛനിൽനിന്നു ആശാരിപ്പണി അഭ്യസിച്ച് അതിവിദഗ്ദനായി യശസ്സാർജ്ജിച്ച ഒരാൾ അടുത്ത തലമുറയുടെ സ്നേഹരാഹിത്യവും പുച്ഛവും ഏറ്റുവാങ്ങി മകൾ മാത്രം നൽകിയ സ്നേഹകംബളം പുതച്ചുകൊണ്ടു മൃത്യുവിലേക്കു നടന്നടുക്കുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു കൃഷ്ണനുണ്ണി. ആ മരാശാരിയുടെ ചിത്രം ഈ രചനയിൽ തെളിഞ്ഞുവരുന്നു. ക്യാൻവാസ്സിനു നീളവും വീതിയും കൂടിപ്പോയിയെന്നൊരു ദോഷം പറയാം. സംക്ഷിപ്തതയ്ക്കാണു ചാരുതയെന്നു കഥാകാരൻ അറിഞ്ഞിരുന്നെങ്കിൽ ഇക്കഥ ഹൃദ്യമായേനേ.

* * *

ഷേക്സ്പിയറും കാളിദാസനും ചർച്ചിലും ഐൻസ്റ്റൈയിനും ദു:ഖിച്ചുതന്നെ മരിച്ചിരിക്കും. ‘വെളിച്ചം, കുറേക്കൂടി വെളിച്ചം’ എന്നു ഗെറ്റേ ചരമാവസരത്തിൽ വിളിച്ചില്ലേ. ആ വെളിച്ചത്തിന്റെ ചൂടുകൊണ്ട് ആന്തരശൈത്യം മാറ്റാൻ കൂടി അദ്ദേഹം ആശിച്ചിരുന്നുവെന്നു കരുതാം.

ചോദ്യം, ഉത്തരം

സ്നേഹാദരങ്ങളുടെ കംബളംകൊണ്ടു ബന്ധുക്കളും സ്നേഹിതന്മാരും നമ്മളെ പുതപ്പിക്കുന്നു. അവർ അതു പുതപ്പിച്ചിരിക്കുമ്പോഴും ഇല്ലാത്തപ്പോഴും നമ്മളത് ദൂരെ വലിച്ചെറിയുമ്പോഴും ഉള്ളിൽ ശൈത്യമാണു നമുക്ക്. ഈ ശൈത്യത്തിൽനിന്നു ഈ ലോകത്തെ ഒരുത്തനും മുക്തനല്ല.

Symbol question.svg.png ഞാനെന്ന ഭാവം ചില എഴുത്തുകാർക്ക് ഉണ്ടല്ലോ. എന്താവാം കാരണം?

എനിക്കറിയാവുന്ന എഴുത്തുകാരിൽ പലരും അഹങ്കാരമില്ലത്തവരാണ്. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എസ്.കെ പൊറ്റക്കാട്, മഹാകവി ജി.ശങ്കരക്കുറുപ്പ്, മഹാകവി ഉള്ളൂർ, മഹാകവി വള്ളത്തോൾ ഇങ്ങനെ എത്രപേർ. ഇവരിൽ ഒരാൾക്കും ഞാനെന്ന ഭാവമില്ല. അല്പന്മാരായ എഴുത്തുകാരാണ് egoist ആകുന്നത്. സ്വന്തം വ്യക്തിത്വതിന്റെയും സ്വത്വതിന്റെയും ചുറ്റളവിൽ നിന്നു പുറത്തുവരാം കഴിയാത്ത അക്കൂട്ടർ ഈ ലോകത്തു കാനണുന്നതിനെയെല്ലാം ആ ചുറ്റളവിനുള്ളിലേക്കു വലിച്ചെടുക്കുന്നു. അവരാണ് അഹം എന്ന ഭാവം കാണിക്കുന്നത്. ബഹുജനം അവരെ പുച്ഛിക്കുന്നതേയുള്ളൂ”

Symbol question.svg.png പൂക്കൾ വിരിഞ്ഞു സൗരഭ്യം പരത്തുന്ന ഉദ്യാനത്തിൽ ഇരുന്നാലും എനിക്ക് ദു:ഖം. ഞാൻ എവിടെ പോകണം സാർ?

പ്രിയപ്പെട്ടവളുമായി പൂന്തോട്ടത്തിൽ ചെന്ന് ഇരിക്കൂ. അവിടെ സ്വർഗ്ഗീയാനുഭൂതി ഉണ്ടാകും. ഒറ്റക്കിരുന്നാൽ നാരകീയാനുഭൂതിയും.

Symbol question.svg.png വിധിയിൽ വിശ്വസിക്കുന്നുണ്ടോ നിങ്ങൾ?

സ്വഭാവമനുസരിച്ചാണ് വിധി എന്നു മർക്സിസ്റ്റ് നിരൂപകൻ വൊൾട്ടർ ബന്യമിൻ പറഞ്ഞതാണു ശരി. എപ്പോഴും മദ്യം കുടിക്കുന്ന ശുദ്ധാത്മാവ് കരളിനു സുഖക്കേടു വന്നു മരിക്കും. ഒരു തുള്ളി പോലും കുടിക്കാത്ത ക്രൂരൻ തൊണ്ണൂറു വയസ്സുവരെ ജീവിച്ചിരിക്കും. കൈയ്യിലിള്ള പണമെല്ലാം മറ്റുള്ളവർക്കു കൊടുക്കുന്ന നല്ല മനുഷ്യൻ തെണ്ടിയായി മാറി റോഡിൽ കിടന്നു മരിക്കും. ഒറ്റപ്പൈസ അന്യനു കൊടുക്കാത്ത ക്രൂരൻ എല്ലാ സുഖസൗകര്യങ്ങാളോടും കൂടി ജീവിതാന്ത്യത്തിലെത്തും.

Symbol question.svg.png മന്ത്രിമാർ പുസ്തകം വായിക്കാത്തതെന്തുകൊണ്ടാണ്?

അധികാരത്തിലെത്തുന്ന മന്ത്രിമാർക്ക് വായിക്കാൻ സമയമില്ല. ചില മന്ത്രിമാരങ്ങനെയല്ല. അധികാരം കിട്ടിയാലും വായിക്കും. ലൂക്കാച്ച്, ചർച്ചിൽ, ജവഹർലാൽ നെഹ്രു, ജൊസഫ് മുണ്ടശ്ശേരി, പനമ്പിള്ളി ഗോവിന്ദമേനോൻ, ഇ.എം.എസ്സ് ഇവരൊക്കെ ഗ്രന്ഥപാരായണം ഉപേക്ഷിച്ചവരല്ല. സ്വേച്ഛാധികാരിയായിരുന്ന സർ. സി.പി. രാമസ്വാമി അയ്യർ ഏതു പുതിയ പുസ്തകവും അതു പ്രസിദ്ധപ്പെടുത്തിയാലുടൻ വായിക്കുമായിരുന്നു.

Symbol question.svg.png ബുദ്ധിമാന്റെ ലക്ഷണം? മണ്ടന്റെ ലക്ഷണം?

ബുദ്ധിശാലി മണ്ടനായി ഭാവിക്കും. മണ്ടൻ ബുദ്ധിശാലിയായും.

Symbol question.svg.png സാഹിത്യകാരന്മാരിൽ ജെന്റിൽമെൻ ഉണ്ടോ?

ഉണ്ട്. ഒരാൾ ഒ.വി. വിജയൻ.

Symbol question.svg.png ബാലറ്റ് ബുള്ളറ്റിനേക്കൾ ശക്തമാണെന്ന് ലിങ്കൺ പറഞ്ഞു. ശരിയല്ലേ?

ജീവിതാന്ത്യം കൊണ്ട് അദ്ദേഹം തെളിയിച്ചത് ബാലറ്റിന്റെ ശക്തിതന്നെയാണോ?

Symbol question.svg.png കേരളത്തിലെ രാഷ്ട്രീയക്കാരും പടിഞ്ഞാറൻ രാഷ്ട്രീയക്കാരും തമ്മിലെന്താണു വ്യത്യാസം?

രാഷ്ട്രീയക്കാർ എല്ലാ സ്ഥലങ്ങളിലും ഒരേ രീതിയിലാണെന്നും നദിയില്ലാത്തിടത്ത് പാലം കെട്ടിക്കൊടുക്കാമെന്ന് അവർ പറയുമെന്നും ക്രൂഷ്ചോഫ് പറഞ്ഞിട്ടുണ്ട്.

ഞാൻ കരയിക്കും

അധികാരത്തിലെത്തുന്ന മന്ത്രിമാർക്ക് വായിക്കാൻ സമയമില്ല. ചില മന്ത്രിമാരങ്ങനെയല്ല. അധികാരം കിട്ടിയാലും വായിക്കും. ലൂക്കാച്ച്, ചർച്ചിൽ, ജവഹർലാൽ നെഹ്രു, ജൊസഫ് മുണ്ടശ്ശേരി, പനമ്പിള്ളി ഗോവിന്ദമേനോൻ, ഇ.എം.എസ്സ് ഇവരൊക്കെ ഗ്രന്ഥപാരായണം ഉപേക്ഷിച്ചവരല്ല. സ്വേച്ഛാധികാരിയായിരുന്ന സർ. സി.പി. രാമസ്വാമി അയ്യർ ഏതു പുതിയ പുസ്തകവും അതു പ്രസിദ്ധപ്പെടുത്തിയാലുടൻ വായിക്കുമായിരുന്നു.

എ(ർ)സ്കിൻ കൊൾഡ് വെല്ലിന്റെ (Erskine Caldwell) ചെറുകഥയുടെ മനോഹാരിതയെക്കുറിച്ച് ആദ്യമായി എന്നോടു പറഞ്ഞത് ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായരാണ്. ആ ആഴ്ച തന്നെ കൊൾഡ് വെല്ലിന്റെ The Complete Stories എന്ന പുസ്തകം വാങ്ങി വായിച്ചു. കുറഞ്ഞത്തു നാല്പതു കൊല്ല്ലമായി ഈ പാരായണം കഴിഞ്ഞിട്ട്. അടുത്ത കാലത്ത് ഞാൻ വായിച്ച ഒരു ഇംഗ്ലീഷ് പുസ്തകത്തിൽ കൊൾഡ് വെല്ലിന്റെ ‘Warm River’ എന്ന കഥയുടെ തുടക്കത്തെക്കുറിച്ച് എഴുതിയിരിക്കുന്നതു കണ്ടപ്പോൾ അക്കഥ വീണ്ടും വായിച്ചു. ആരംഭം നോക്കുക:

The river stopped at the suspended footbridge and pointed out to me the house across the river. I paid him the quarter fare for the ride from the station two miles away and stepped from the car. After he had gone I was alone with the chill night and the star-pointed lights twinkling in the valley and the broad green river flowing warm below me. All around me the mountains rose like black clouds in the night, and only by looking straight heaven ward could I see anything of the dim after glow of sunset.

ഇതാണ് ഋജുവായ പ്രദിപാദനം; ഇതാണ് അകൃത്രിമമായ രചനാരീതി. അയാൾ കാമുകിയെ കാണാൻ പോവുകയാണ്. അവളോടുള്ള പ്രേമത്തിനു ഭംഗം വരാൻ പോകുന്നു. അതിനു യോജിച്ച വിധത്തിലാണ് ആഖ്യാനം. കാമുകി താമസിക്കുന്ന വീട് കാറോടിക്കുന്നവൻ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നു. അയാൾ ഒറ്റക്ക്. തണുത്ത രാത്രി. അവളെ കണ്ടുകഴിഞ്ഞാലും ഏകാന്തതയുടെ ദു:ഖം അയാൾക്കുണ്ടാകുമെന്നു സൂചന. രാത്രി തണുപ്പാർന്നത്തുപോലെ പ്രേമത്തിനും തണുപ്പുതന്നെ. പ്രകാശം പ്രേമത്തെ അഭിവ്യഞ്ജിപ്പിക്കുന്നു. പക്ഷേ അതു തെളിഞ്ഞുള്ള പ്രകാശമല്ല. മിന്നുന്നതേയുള്ളൂ. തുടർന്നു വരുന്ന പ്രേമഭംഗത്തിന്റെ സൂചനയാണ് അതു നിർവഹിക്കുക. ചൂടുള്ള നദി ഒഴുകുന്നതുപോലെ അയാളുടെ ഊഷ്മളമായ രാഗനദിയും ഒഴുകുന്നു. മലകൾ വരാനിരിക്കുന്ന തടസ്സങ്ങളുടെ പ്രതീകങ്ങൾ. അസ്തമയത്തിനു ശേഷമുള്ള അവ്യക്ത പ്രകശവും അയാളുടെ പ്രേമത്തിന്റെ പര്യവസാനം കാണിക്കുന്നു. ഇതാണു സാർത്ഥകമായ രചന.ഒരിടത്തും കൃത്രിമത്വമില്ല. അയത്നലളിതമായി കൊൾഡ് വെൽ കഥ പറയുന്നു. നമ്മുടെ കഥാകാരന്മാർക്ക് ഈ രീതി വശമില്ല. കഥ പറയണമെന്ന് അവരങ്ങു തീരുമാനിക്കുന്നു. നിർബ്ബന്ധം വരുമ്പോഴാണ് അസ്വാഭാവികത ജനിക്കുന്നത്. അമ്മയും അച്ഛനുമില്ലാത്ത ഒരു കുഞ്ഞ് ചിരട്ടയെടുത്ത് ഹോട്ടലിന്റെ മുൻപിൽച്ചെന്ന് ‘കുഞ്ഞിഷ്ണായരേ നാലണയ്ക്ക് അമ്മിഞ്ഞി’ എന്ന് അഭ്യർത്ഥിചുപോലും. (ഗോത്രം എന്ന കഥ കലാകൗമുദിയിൽ — ശ്രീ. സലിം കേച്ചേരി എഴുതിയത്.) കുഞ്ഞിനു മുലപ്പാൽ കുടിക്കാനുള്ള ഭാഗ്യമുണ്ടായില്ല. പാലുവരുന്ന മുല ചിരട്ടയിൽ വച്ചുകൊടുക്കാനാണ് കുഞ്ഞ് ഹോട്ടലുടമസ്ഥനോടു പറയുന്നത്. ചിരട്ട കൊണ്ടുവരാനറിയാം ശിശുവിന്. നാലണ വിലയായി കൊണ്ടുവരാനറിയാം. ഹോട്ടലിന്റെ മുൻപിൽ വന്ന് അഭ്യർത്ഥിക്കാൻ അറിയാം. പക്ഷേ പാലു വേണമെന്നു പറയാനറിഞ്ഞുകൂടാ. ചിരട്ടയ്ക്കകത്ത് ഒരു മുലയിട്ടു കൊടുക്കാനാണ്

കുഞ്ഞിന്റെ യാചന. എന്തൊരു അസ്വഭാവികത. ‘എനിക്കു കഥയെഴുതിയേ മതിയാവൂ’ എന്നു രചയിതാവു തീരുമാനിച്ചതിന്റെ ഫലമാണ് ഈ കഥാരംഭം. തുടർന്നു ഭർത്താവു മലേഷ്യയിലായിരിക്കെ ഗർഭം ധരിച്ച ഒരു യുവതി പെറ്റിട്ടു തന്റെ ജീവനൊടുക്കുന്നതു വിവരിക്കുന്നു സലിം കേച്ചേരി. ആഹാരസാധനത്തിനുവേണ്ടിയുള്ള ഈ അമ്മിഞ്ഞി പ്രയോഗമുണ്ടല്ലോ അത് സൂത്രപ്പണിയുടേതാണ്. വായനക്കാരാ, നിങ്ങൾ കരയുകില്ലേ, എങ്കിൽ ഞാൻ കരയിക്കും. അതിനുള്ള വിദ്യ എന്റെ കൈവശമുണ്ട് എന്നാണ് രചയിതാവിന്റെ മട്ട്: വായനക്കാരൻ കരയുന്നതിനു പകരം ചിരിക്കുന്നു.

ജഗതി ശ്രീകുമാർ

പ്രിയപ്പെട്ടവളുമായി പൂന്തോട്ടത്തിൽ ചെന്ന് ഇരുന്നു നോക്കു, അവിടെ സ്വർഗ്ഗീയാനുഭൂതി ഉണ്ടാകും. ഒറ്റയ്ക്കിരുന്നാൽ നരകീയാനുഭൂതിയും.

പ്രശസ്തനായ അഭിനേതാവ് ശ്രീ. ജഗതി ശ്രീകുമാറുമായി ‘വനിത’യുടെ പ്രതിനിധി നടത്തിയ ഒരഭിമുഖ സംഭാഷണത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി കാണുന്നു:

“എഴുത്തില്ലെങ്കിലും വായിക്കാൻ സമയം കണ്ടെത്താറുണ്ട്. എത്ര തിരക്കായാലും ഒരു ലക്കം പോലും മുടങ്ങാതെ സാഹിത്യവാരഫലം വായിക്കും.

എനിക്കു വളരെയേറെ അറിവു തരുന്ന പംക്തിയാണത്. മോശം കഥകളെ വിമർശിക്കാൻ കൃഷ്ണൻനായർ സാർ പറയുന്ന തമാശകൾ എന്നെ ചിരിപ്പിച്ചിട്ടുണ്ട്. പിന്നെ വിദേശത്തും നാട്ടിലും പുറത്തിറങ്ങുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവ് — നിരൂപണം വളരെ ഷാർപ് ആവണം. അതിഷ്ടപ്പെടാത്തതു കൊണ്ടാവും പലരും അനുകൂലിക്കാത്തത്. ഇന്നിതുപോലെ ഈ രീതിയിൽ പഠനാർഹമായ ലേഖനമെഴുതാൻ മലയാളത്തിലാരുമില്ല.”

“വാരഫലം ഉൽകൃഷ്ടമാണെന്നും വെറും ചവറാണെന്നും രണ്ടഭിപ്രായമുണ്ടല്ലോ?” എന്ന് പ്രതിനിധി ചോദിച്ചതിന്റെ മറുപടിയായിട്ടാണ് ശ്രീകുമാർ ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിനു നന്ദി. ഈ സന്ദർഭത്തിൽ ഒരുകാര്യംകൂടി പറയാൻ എനിക്കാഗ്രഹമുണ്ട്. അതിൽ ആത്മപ്രശംസ സ്ഫുരിക്കുന്നുവെങ്കിൽ വായനക്കാർ ക്ഷമിക്കണം. മലയാളത്തെക്കുറിച്ച് ഒരു അറിവുമില്ലാത്ത ഇംഗ്ലണ്ടിൽപ്പോലും ഈ പംക്തിയുടെ ബഹുജനസമ്മിതി ചെന്നെത്തിയിട്ടുണ്ട്. അവിടെ നിന്ന് റെബേക്ക വിൽസൺ എന്ന മദാമ്മ അഭിന‌ന്ദസൂചകമായി എനിക്ക് Alan Judd എഴുതിയ “Ford Madox Ford” എന്ന ജീവചരിത്രം (£ 16.95); അയച്ചു തന്നിരിക്കുന്നു. ശ്രീകുമാറിനു നന്ദി പറഞ്ഞതുപോലെ ഉന്നത സ്ഥാനത്തിരിക്കുന്ന പണ്ഡിതയായ റെബേക്കയ്ക്കും ഞാൻ നന്ദി പറയുന്നു.

ഓം

സാഹിത്യകാരന്മാരിൽ ജെന്റിൽമെന്നുണ്ടോ? ഉണ്ട്. ഒരാൾ. ഒ.വി. വിജയൻ.

The best book on modern India I have read എന്നു പോൾസ്‌കോട്ടും His rich and ominous book എന്നു ‘ഒബ്സർവ’റും വിശേഷിപ്പിച്ച “Calcutta” എന്ന പുസ്തകത്തിന്റെ രചയിതാവായ ജഫ്രി മൂർ ഹൗസിന്റെ (Geoffrey Moorhouse) പുതിയ പുസ്തകമാണ് “OM — An Indian Piligrimage” എന്നത്. കന്യാകുമാരിയിൽനിന്നാരംഭിച്ചു ക്രമാനുഗതമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, മധുര, ശാന്തിവനം, തിരിച്ചിറപ്പള്ളി, പോണ്ടിച്ചേരി, മദ്രാസ്, വൃന്ദാവൻ (ബാംഗ്ലൂരിനടുത്ത്) ഈ സ്ഥലങ്ങളിൽ സഞ്ചരിച്ച് ‘ഓം’ എന്ന പ്രണവ ശബ്ദത്തിന്റെ അർത്ഥം കണ്ടുപിടിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഇപ്പുസ്തകം എന്നു പറയാം. ഈ യാത്രയ്ക്കിടയിൽ അദ്ദേഹം ശ്രീ. ഇ. എം. എസ്സിനെയും ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ശ്രീ. സുധാകരനെയും തിരിച്ചിറപ്പള്ളിക്കടുത്തുള്ള ശാന്തിവനം ആശ്രമത്തിലെ സന്ന്യാസി ബ്രീഡ് ഗ്രിഫിത്ത്‌സിനെയും (Bede Griffiths) വൈറ്റ്ഫീൽഡിൽ വച്ച് സത്യസായി ബാബയെയും കണ്ടു സംസാരിച്ചു. അരവിന്ദഘോഷിന്റെ സഹചാരിണിയായിരുന്ന ‘മദറി’ന്റെ Auroville കണ്ടു. മധുരമീനാക്ഷി ക്ഷേത്രത്തിൽ പോയി. പുതുകോട്ട രാജവംശത്തിലെ ഒരു അംഗത്തെ കണ്ടു സംസാരിച്ചു. ഇതൊക്കെ കാവ്യാത്മക ഭാഷയിൽ, ചലനചിത്രത്തിലെ രമണീയ ചിത്രങ്ങളെന്നപോലെ മൂർഹൗസ് ആലേഖനം ചെയ്യുന്നു. പക്ഷേ പ്രണവ ശബ്ദത്തിന്റെ അർത്ഥമെന്തെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. വായിക്കാൻ തുടങ്ങിയാൽ താഴെ വയ്ക്കാൻ കഴിയാത്ത പുസ്തകമാണ് ‘ഓം.’ അതിലെ നർമ്മോക്തികൾ സ്വാഭാവികങ്ങളും സുന്ദരങ്ങളുമാണ്. പക്ഷേ സായ്പിന്റെ വിദ്വേഷമാർന്ന മനസ്സിന്റെ പ്രകടനവുമത്രേ ഇത്. കാരണം അദ്ദേഹം ദക്ഷിണേന്ത്യയുടെ നല്ല വശമൊന്നും കാണുന്നില്ലെന്നതാണ്. ഇ. എം. എസ്സിനെ അദ്ദേഹം പരോക്ഷപ്രസ്താവത്തിലൂടെ നിന്ദിച്ചത് ഞാൻ മുൻപൊരു ലക്കം കലാകൗമുദിയിൽ സ്പഷ്ടമാക്കിയിരുന്നു. അദ്ദേഹത്തെ കണ്ടതിന്റെ വിവരണവും ഇ. എം. എസ്സിനെ നിന്ദിക്കുന്ന മട്ടിലാണ്. ‘I have nothing to say on this matter. It is concluded.’ എന്ന് ഇ.എം.എസ് പറഞ്ഞത് സന്ദർശനത്തിന് പൂർണവിരാമമിട്ടുവെന്നാണ് മൂർഹൗസിന്റെ പ്രസ്താവം. സുധാകരനെ ആലപ്പുഴ വച്ചു കണ്ടു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം ബെൽ അമർത്തി സംഭാഷണം തീർന്നിരിക്കുന്നുവെന്ന് ഗ്രഹിപ്പിച്ചത്രേ. ‘I was dismissed’ എന്ന് മൂർഹൗസ്. പരിശുദ്ധനായ മനുഷ്യൻ എന്നു മോനു നാലപ്പാട് വിശേഷിപ്പിച്ച സത്യസായിബാബയെക്കുറിച്ചും നല്ലതു പറയാനില്ല ഗ്രന്ഥകാരന്. St. Peter’s ബാൽക്കണിയിൽനിന്ന് പോപ്പ് കാണിക്കുന്ന ചേഷ്ടാവൈകൃതങ്ങളൊക്കെ സായി ബബയും കാണിച്ചുവെന്ന് അദ്ദേഹം എഴുതുന്നു. പോപ്പിന്റെ mannerisms പടങ്ങളിൽനിന്നു കണ്ടാവാം ബാബയും അവ കാണിച്ചതെന്നു മൂർഹൗസ് പറയുന്നു. സായിബാബ മൂർഹൗസിനു ഭസ്മം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ ഗൗണിന്റെ സ്ലീവ് (കുപ്പായത്തിന്റെ കൈ) അനിവാര്യമായും ചലനം കൊണ്ടു. അനേകമാളുകൾ കൂടിനിന്നിടത്ത് നിന്നിരുന്ന തന്റെ അടുത്തു ബാബ വന്നു വിഭൂതി നൽകിയത് സൂക്ഷ്മതയോടുകൂടിയ ‘prearrangement’ ആണെന്നതിൽ മൂർഹൗസിന് ഒരു സംശയവുമില്ല. ‘a deft conjuring trick’ എന്നാണ് അദ്ദേഹം ആ പ്രക്രിയയെ വിളിക്കുന്നത്. മൂർഹൗസിന്റെ മുൻപിൽ നേരത്തേ ഒരു അന്തേവാസി സ്താനമുറപ്പിച്ചിരുന്നത് സായി ബാബയ്ക്ക് അടയാളം നൽകാനായിരുന്നത്രേ. ഇതുപോലെ അരവിന്ദ ഘോഷും ഒരു ഫെയ്ക്കാണെന്നു മൂർഹൗസ് ധ്വനിപ്പിക്കുന്നു.

ഭാരതീയരുടെ മര്യാദകേടുകളെ ഹാസ്യാത്മകമായി വിവരിക്കാൻ ഗ്രന്ഥകാരനറിയാം. State Bank-ലെ ക്യാഷ്യർ (സ്ത്രീ) വൈകിയെത്തുന്നു. പണപ്പെട്ടി തുറന്നു നോട്ടുകൾ പുറത്തെടുക്കാൻ പത്തുമിനിറ്റ്. അവ എണ്ണാൻ അഞ്ചുമിനിറ്റ്. മുന്നിൽ നിൽക്കുകയാണു മൂർഹൗസ്. പക്ഷേ അദ്ദേഹത്തിന്റെ നേരേ പിറകിൽ നിന്നവൻ ഒരു വിദ്യ ചെയ്തു. അതു മൂർഹൗസിന്റെ വാക്കുകളിലൂടെ കണ്ടാലും: “A split second before she gave this signal, the man standing behind me at the head of the queue contorting himself like Houdini slipped first an elbow of the counter, then a forearm, which almost at once supported a shoulder, followed quickly by his chest, until he had interposed everything above his hips between me and waiting girl.”

ഇതു വായിച്ചു നമ്മൾ ചിരിക്കുന്നു. ഭാരതീയന്റെ സ്വഭാവം എത്ര ഭംഗിയായി മൂർഹൗസ് ചിത്രീകരിച്ചിരിക്കുന്നു! തന്റെ വിദ്വേഷത്തെ നർമ്മത്തിൽ പൊതിഞ്ഞാണ് ഗ്രന്ഥകാരൻ എപ്പോഴും സ്ഫുടീകരിക്കുക. അത് അദ്ദേഹത്തിന്റെ ‘കൽക്കത്ത’ എന്ന മനോഹര പുസ്തകത്തിലും ഞാൻ കണ്ടിട്ടുണ്ട്. ടാഗോർ നോബൽ സമ്മാനത്തിന് അർഹനല്ലെന്നും നോബൽ കമ്മറ്റിയാണ് അദ്ദേഹത്തെ ക്രോചെ, ഷീദ്, ഷ്വയ്റ്റ്സർ, റസ്സൽ ഇവരുടെ കൈകളിലേക്കു തള്ളിവിട്ടതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ക്രോചെയെക്കാൾ, ഷീദിന്റെക്കാൾ, ഷ്വറ്റ്സറെക്കാൾ, റസ്സലിനെക്കാൾ എത്രയോ വലിയ പ്രതിഭാശാലിയാണ് ടാഗോർ. എങ്കിലും മൂർഹൗസ് ആ സത്യം കാണുന്നില്ല.

‘ഓം’ എന്ന പേരേയുള്ളു പുസ്തകത്തിന്. പ്രണവധ്വനി ഒരിടത്തും ഉയരുന്നില്ല. എങ്കിലും വായിക്കേണ്ട പുസ്തകമാണിത്. രസിക്കാനും സായിപ്പ് ചൂണ്ടിക്കാണിക്കുന്ന നമ്മുടെ ദൗർബല്യങ്ങൾ ദൂരികരിക്കാനും ഇത് സഹായിച്ചേക്കും നമ്മളെ. ഇതിന്റെകൂടെ പറയട്ടെ. ശ്രീമതി കമലാദാസിനെക്കുറിച്ചും മാധവദാസിനെക്കുറിച്ചും നല്ല വാക്കുകൾ എഴുതിയിട്ടുണ്ട് മൂർഹൗസ്. മലയാള മനോരമ പത്രത്തെ India’s best selling newspapper എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്രുവിനെ ചീത്ത വാക്കുകൾ പറഞ്ഞിട്ടില്ല. ആങ്, അത്രയുമായി. (Rupa and Co പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ വില 295 രൂപ.)

ചിത്രം — ചിത്രകാരൻ

ഡോറിസ് ലെസിങ് എന്ന പേരുകേട്ട നോവലിസ്റ്റിനൊട് ഒരു ചിത്രകാരൻ ഒരിക്കൽ പറഞ്ഞു: “എന്റെ ചിത്രത്തിനു ന്യൂനത ഉണ്ടാവുകയും അത് എന്താണെന്ന് എനിക്ക് മനസ്സിലാകാതിരിക്കുകയും ചെയ്യുമ്പോൾ ഞാൻ അർദ്ധ രാത്രിയിൽ കിടക്കയിൽ നിന്ന് ഇഴഞ്ഞുചെന്ന് വളരെ വേഗത്തിൽ, പെട്ടെന്ന് വിളക്കുകളാകെ കത്തിക്കും. പടം എന്നെക്കണുന്നതിനു മുൻപ് എനിക്ക് അതിനെ കാണുന്നതിനുവേണ്ടിയാണത്.” ഇതു പറഞ്ഞതിനുശേഷം ഡോറിസ് ലെസ്സിങ് സ്വയം പറഞ്ഞു: ഞാൻ എന്നെക്കാണുന്നതിനു മുൻപ് എനിക്ക് എന്നെക്കാണാൻ വേണ്ടി ഒരു പുതിയ പ്രകാശം പ്രസരിപ്പിക്കാനാണ് എനിക്കാഗ്രഹം. (ഡോറിസ് ലെസ്സിങ്ങിന്റെ ആത്മകഥ വായിച്ച ഓർമയിൽനിന്ന്) ദേശാഭിമാനി വാരികയിൽ ‘നിദ്രയുടെ അവസാന വളവ്’ എന്ന ചെറുകഥ എഴുതിയ ശ്രീ. പി. രവിവർമ്മ കലയുടെ പ്രകാശം വീഴ്താൻ സ്വിച്ചമർത്തിയാൽ — വളരെ വേഗം അമർത്തിയാൽ — കഥ അദ്ദേഹത്തെ കാണുന്നതിനു മുൻപ് അദ്ദേഹത്തിനു കഥയെ കാണാൻ സാധിക്കും. അപ്പോൾ അതിന്റെ ന്യൂനത അദ്ദേഹത്തിനു മനസ്സിലാകും.

ഒരു കാളവണ്ടിക്കാരന് ഭ്രാന്തിളകുന്നതും മകൻ അയാളെ ബസ്സിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതും ഫോട്ടോഗ്രാഫിക് റിയലിസത്തിന്റെ മട്ടിൽ വർണ്ണിക്കുന്ന ഈ കഥയിൽ ആഖ്യാനം മാത്രമേ ഉള്ളൂ. ജീവിതനിരീക്ഷണം ഇല്ല എന്നതാണ് ന്യൂനത. ഈ ദോഷം രചയിതാവിനു ഗ്രഹിക്കണമെങ്കിൽ വാരിക തുറന്ന് 28-ആമത്തെ പുറം കാണുന്ന നിമിഷം തന്നെ അദ്ദേഹം കലയുടെ സ്വിച്ചിട്ട് നോക്കിക്കൊള്ളണം. അല്ലാതെ ആ പുറത്തിൽ രവിവർമ്മയുടേ ചിത്രം അച്ചടിച്ചതിന്റെ താഴെക്കാണുന്ന കഥയാണ് അദ്ദേഹം കണുന്നതെങ്കിൽ ന്യൂനത മനസ്സിലാവില്ല.

* * *

രാഷ്ട്രവ്യവഹാരപരമായ മാനസിക സംസ്കാരം മാത്രമുള്ളവർക്ക് അന്യൂനമായ കലാസ്വാദനം സാദ്ധ്യമല്ല.

എഫ്. എൽ. ലൂക്കസ്സിന്റെ ’Literature and Psychology’ എന്ന പുസ്തകം ഞാൻ വായിച്ചത് ഏതാണ്ട് നാല്പത് വർഷം മുൻപാണ്. അതിലാണെന്ന് ഓർമ്മ പറയുന്നു, വനം കാണുന്നവരുടെ വിവിധങ്ങളായ പ്രതികരണങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന്. പിൽക്കാലത്ത് വായിച്ച മറ്റു ചില പുസ്തകങ്ങളിലും അത് ആവർത്തിച്ചിട്ടുണ്ടെന്ന് തോന്നുന്നു. വനം കാണുന്നവരുടെ കൂട്ടത്തിൽ ചിത്രകാരനുണ്ടെങ്കിൽ ഈ ദൃശ്യം ചിത്രമാക്കിയാൽ നന്നായിരിക്കുമെന്നു വിചാരിക്കും. വിറകുവെട്ടുകാരനുണ്ടെങ്കിൽ ഈ മരങ്ങളെല്ലാം മുറിച്ചാൽ എത്ര ടൺ വിറക് കിട്ടുമെന്ന് ആലോചിക്കും. വേട്ടക്കാരൻ അവരുടെ കൂട്ടത്തിലുണ്ടെങ്കിൽ വെടിവയ്ക്കാൻ പറ്റിയ മൃഗമേതെങ്കിലുമുണ്ടോ എന്ന് ചിന്തിച്ചു നോക്കും. ചലച്ചിത്ര സംവിധായകനുണ്ടെങ്കിൽ ഈ മരങ്ങൾക്കിടയിൽ കൂടി നായകനെയും നായികയെയും ഓടിച്ച് ഫോട്ടോ എടുത്താൽ കാഴ്ചക്കാർക്ക് എന്ത് രസമായിരിക്കും എന്ന് ഭാവന ചെയ്യും. പ്രതികരണങ്ങൾ വ്യക്തികളെ ആശ്രയിച്ചിരിക്കും. കടുത്ത പ്രജാധിപത്യവാദി, അനേകം പ്രതിയോഗികളെ നിഗ്രഹിച്ച മാർത്താണ്ഡവർമ്മ രാജാവിനെ ആദരണീയനാക്കിയിരിക്കുന്നു സി. വി. രാമൻപിള്ള എന്ന് കരുതും. അതിന്റെ പേരിൽ അദ്ദേഹത്തെ വാക്കുകൾ കൊണ്ട് ആക്രമിക്കുകയും ചെയ്യും. തികഞ്ഞ സൗന്ദര്യവാദി, മാർത്താണ്ഡവർമ്മ ക്രൂരനായ രാജാവായിരുന്നു എന്നതു വിസ്മരിച്ച് നോവലിലെ കഥാപാത്രമായ മാർത്താണ്ഡവർമ്മയെ സ്നേഹിക്കും, ബഹുമാനിക്കും. മനസ്സിന്റെ സംസ്കാരത്തിലൂടെയാണ് ബാഹ്യനേത്രങ്ങൾ കാണുന്നതിനെ വ്യാഖാനിക്കുക. അതിനെ മനസ്സിലാക്കുക. രാഷ്ട്രവ്യവഹാരപരമായ മാനസിക സംസ്കാരം മാത്രമുള്ളവർക്ക് അന്യൂനമായ കലാസ്വാദനം സാദ്ധ്യമല്ല.