close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 04 26


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 04 26
ലക്കം 606
മുൻലക്കം 1987 04 19
പിൻലക്കം 1987 05 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ആയിരത്തൊന്നു രാവിന്റെ ആനന്ദത്തിലലിഞ്ഞവര്‍” ആയിരക്കണക്കിനാണ്. ആ അനുഭൂതിക്കു കാവ്യങ്ങളിലൂടെ ആവിഷ്കാരം നല്കിയവരും വളരെക്കൂടുതല്‍. രണ്ടു കവികളെക്കുറിച്ചു മാത്രം പറയാം. ടെനിസനും വൈലോപ്പിള്ളില്‍ ശ്രീധരമേനോനും. Recollections of Arabian Nights എന്നാണ് ടെനിസന്‍ കാവ്യത്തിനു പേരിട്ടത്. വൈലോപ്പിള്ളി “ആയിരത്തൊന്നു രാവുകള്‍” എന്ന പേരു നല്കിയിട്ട് “അറബിക്കഥകള്‍ വായിച്ച ഓര്‍മ്മയില്‍നിന്ന്” എന്ന് ഒരടിക്കുറിപ്പ് ചേര്‍ത്തു. “ടെനിസന്റെ കാവ്യം വായിച്ച ഓര്‍മ്മയില്‍നിന്ന്” എന്ന് അദ്ദേഹം എഴുതിയിരുന്നെങ്കില്‍ ആ കുറിപ്പിനു സത്യസന്ധത കൈവരുമായിരുന്നു. ഇംഗ്ലീഷ് കവിയും മലയാള കവിയും അദൃശ്യരായി ബാഗ്ദാദിലെത്തുന്നു. ഒരേ ദൃശ്യം രണ്ടുപേരും കാണുന്നു. അന്തരീക്ഷവും സദൃശം. “The living airs of middle night/Died round the bulbul as he sang” എന്നു ടെനിസന്‍. “മങ്ങുന്നുമണി മച്ചിങ്കല്‍/മണം ചിന്തും വിളക്കുകള്‍/മുല്ലപ്പൂമണമുള്‍ക്കൊണ്ടു/മൂര്‍ച്ഛിപ്പു മന്ദമാരുതന്‍” എന്നു വൈലോപ്പിള്ളി. ഈ രണ്ടു കാവ്യങ്ങളും ഇപ്പോള്‍ വായിച്ച ഞാന്‍ പൊടുന്നനവേ ഒരു കൊച്ചുകഥ ഓര്‍മ്മിക്കുകയായി. അങ്ങനെയുള്ള ചെറിയ കഥകള്‍ എത്രയെത്രയുണ്ട് ആയിരത്തൊന്നു രാവുകളില്‍. “മരുഭൂമിയില്‍നിന്നെത്തുന്ന ആ മനോഹരവൈഖരി” കേട്ടാലും. പെര്‍ഷയുടെ രാജധാനി ഇസ്ഫഹാനില്‍ ഒരു നിധിയിരിക്കുന്നുവെന്ന് ഈജിപ്റ്റിലെ കൈറോയില്‍ താമസിക്കുന്ന ഒരുത്തന്‍ സ്വപ്നം കണ്ടു. അതെടുക്കാനായി എണ്ണമറ്റ പ്രയാസങ്ങള്‍ സഹിച്ച് അയാള്‍ ഇസ്ഫഹാനിലെത്തി. നിധി കിട്ടാത്തതിലുള്ള നിരാശതകൊണ്ടും യാത്രയുടെ ക്ലേശം കൊണ്ടും തളര്‍ന്നു. അയാള്‍ ഒരു മുസ്ലിം പള്ളിയുടെ മുന്‍പില്‍ വീണ് ഉറങ്ങിപ്പോയി. കള്ളന്‍മാര്‍ തന്റെ ചുറ്റുമുണ്ടെന്ന് അയാള്‍ അറിഞ്ഞതുമില്ല. പൊലിസ് എല്ലാവരെയും അറസ്റ്റുചെയ്തു. കൈറോവില്‍നിന്ന് ഇസ്ഫഹാനിലെത്തിയതെന്തിനെന്ന് പൊലിസ് ഉദ്യോഗസ്ഥന്‍ അയാളോടു ചോദിച്ചു. ഹേതുവറിഞ്ഞ ആ ഉദ്യോഗസ്ഥന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: കൈറോവില്‍ ഒരു ഭവനത്തിന്റെ പിറകിലുള്ള പൂന്തോട്ടത്തില്‍ ഒരു മരം നില്ക്കുന്നു. ആ മരത്തിന്റെ താഴെ നിധിയിരിക്കുന്നു. ഇങ്ങനെ ഞാന്‍ മൂന്നുതവണ സ്വപ്നംകണ്ടു. പക്ഷേ അതെടുക്കാന്‍ പോയതേയില്ല. നിങ്ങള്‍ മണ്ടനായതുകൊണ്ടാണ് ഇവിടെ വന്നത്. കൈറോയില്‍നിന്ന് അവിടെയെത്തിയ ആളിനു മനസ്സിലായി തന്റെ വീട്ടിനെക്കുറിച്ചാണ് ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന്. അയാള്‍ തിരിച്ചു നാട്ടിലെത്തി. പൂന്തോട്ടത്തിലെ മരത്തിന്റെ ചുവടു കുഴിച്ചുനോക്കി. നിധിയിരിക്കുന്നതു കാണുകയും ചെയ്തു. ചില രചനകളില്‍ ഭംഗിയുണ്ടെന്നു ധരിച്ച് നമ്മള്‍ അവയിലേക്കു ചെല്ലുന്നു. ഭംഗിയില്ലെന്നു മാത്രമല്ല അറേബ്യന്‍ മണല്‍ക്കാടുപോലെ അവ ശുഷ്കമായിരിക്കുകയും ചെയ്യും. മറ്റു ചില രചനകളില്‍ ഒരു രാമണീയകവുമില്ലെന്നു നിരൂപകര്‍ ഉറപ്പിച്ചു പറയും. അതു പരിഗണിക്കാതെ നമ്മള്‍ ആ രചനകളില്‍ ആമജ്ജനംചെയ്താല്‍ കലയുടെ സൗന്ദര്യാനുഭൂതിയുണ്ടാകും. നമ്മുടെ സങ്കല്പങ്ങളും നിരൂപകരുടെ പ്രസ്താവങ്ങളും പലപ്പോഴും തെറ്റായിരിക്കും.

ചോരയൊഴുകുന്നു

ഇമ്മാതിരി തെറ്റുകളാണു നമ്മളെ ഭരിക്കുന്നത്. അടുത്തകാലത്ത് ഞാനൊരു വീട്ടില്‍ച്ചെന്നപ്പോള്‍ അച്ഛനും കൊച്ചുമകളും കൂടി ചതുരംഗം കളിക്കുന്നതു കണ്ടു. ചതുരംഗക്കളി എനിക്കിഷ്ടമായതുകൊണ്ട് ഞാനതു നോക്കിക്കൊണ്ടിരുന്നു. പക്ഷേ അവര്‍ കരുക്കള്‍ നീക്കുന്ന രീതി എന്നെ തെല്ലൊന്നു വിസ്മയിപ്പിച്ചു. രാജ്ഞി കുറുകെയും നെടുകെയും കോണിച്ചും നീങ്ങുന്നുണ്ട്. എന്നാല്‍ ബിഷപ്പ് കോണിച്ചു മൂന്നാം ഖണ്ഡത്തില്‍ മാത്രം നീങ്ങുന്നു. ഇന്‍ഡ്യന്‍ ചെസ്സിലെ മന്ത്രിയാണ് ഇംഗ്ലീഷ് ചെസ്സിലെ രാജ്ഞി, മന്ത്രിക്കു കോണിച്ച് ഒരു ഖണ്ഡത്തിലെ മാറാന്‍ പറ്റൂ. രാജ്ഞിക്കാകട്ടെ എങ്ങോട്ടു വേണമെങ്കിലും പോകാം. വേറൊരു കരുവിനെ കവച്ചു ചാടരുത് എന്നേയുള്ളു. അവര്‍ രണ്ടു പേരും ഇംഗ്ലീഷ് ചെസ്സാണു കളിക്കുന്നതെന്നു ഞാന്‍ വിചാരിച്ചിരിക്കുമ്പോള്‍ ബിഷപ്പ് കോണിച്ചു മൂന്നാം ഖണ്ഡത്തില്‍ മാത്രം നീങ്ങുന്നു. അതു ഇന്‍ഡ്യന്‍ ചെസ്സിലെ ആനയുടെ നീക്കമാണെന്നു മനസ്സിലാക്കി ഞാന്‍ അവരോടു ചോദിച്ചു: “ഇത് എന്തൊരു നിയമമാണ്. ഇങ്ങനെയൊരു ചതുരംഗക്കളിയുണ്ടോ? നിങ്ങള്‍ ഇന്‍ഡ്യന്‍ ചെസ്സും ഇംഗ്ലീഷ് ചെസ്സും ഒരുമിച്ചു ചേര്‍ത്താണോ കളിക്കുന്നത്?” ഞാന്‍ ഓരോ നിയമവും പറഞ്ഞുകൊടുത്തപ്പോഴാണ് തങ്ങളുടെ തെറ്റിനെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായത്. ഒന്നിന്റെ നിയമം മറ്റൊന്നിനു ചേരില്ല. തീവണ്ടിയോടിക്കുന്നതുപോലെ കാറോടിച്ചാല്‍ രാജവീഥിയിലെ ആളുകളാകെ ചതഞ്ഞരഞ്ഞു ചാകും. നൂറുമീറ്റര്‍ ഓട്ടം ഓടുന്നതുപോലെ മരതണ്‍ ഓട്ടം ഓടിയാല്‍ ഓടുന്നവന്‍ ഇവിടെനിന്നു എല്ലാക്കാലത്തേക്കുമായി പോയിരിക്കും. അതുപോലെ ഗദ്യത്തിന് നിയമങ്ങളുണ്ട്. പദ്യത്തിന് അതിന്റേതുമാത്രമായ നിയമങ്ങളുണ്ട്. കുങ്കുമം വാരികയില്‍ “ഇതിതേജ്ഞാനം” എന്ന പദ്യമെഴുതിയ “ഈ വാ” ഗദ്യനിയമങ്ങളെ പദ്യത്തിലേക്കു കൊണ്ടുവരികയാണ്. ഫലം ശിഖണ്ഡിപ്രായമായ ഒരുതരം രചന.

“ഇരുബിന്ദുക്കള്‍ തമ്മില്‍, കുറഞ്ഞദൂരം പണ്ടു
പഠിച്ച നേര്‍വരയല്ലിന്ന്, ടോപ്പോളജിക്കല്‍
ത്രീമാനവിജ്ഞാനത്തില്‍ പുതിയ വെളിച്ചത്തില്‍
ഗോളഭൂമിയില്‍ സത്യം വളഞ്ഞവരയല്ലോ!

എന്ന് “കാവ്യ”ത്തിന്റെ പര്യാവസാനം. ഇതു ഗദ്യംതന്നെ. അതിനെ പതിന്നാലു അക്ഷരങ്ങള്‍ വീതമുള്ള വരികളാക്കി പ്രദര്‍ശിപ്പിച്ച് വായനക്കാര്‍ക്കു ജാഡ്യമുണ്ടാക്കേണ്ട കാര്യം വല്ലതുമുണ്ടോ? കാഴ്ച ശരിക്കില്ലാത്ത കിഴവന്‍ ആണി ചുവരില്‍ വച്ച് ചുറ്റികകൊണ്ട് അടിക്കുന്നതു കണ്ടിട്ടില്ലേ വായനക്കാര്‍? ഓരോ അടിയും ആണിയിലല്ല കൊള്ളുന്നത്. വൃദ്ധന്റെ നഖത്തിലാണ്. വേദനിച്ചാലും ചുറ്റികകൊണ്ടുള്ള അടിനിറൂത്തുകയില്ല. നഖത്തില്‍നിന്നു രക്തമൊഴുകുന്നതുവരെ അടിക്കും. ഈ ‘കവി’യുടെ നഖത്തില്‍നിന്നു ചോരയൊഴുകുന്നതു ഞാന്‍ കാണുന്നുണ്ട്. വായനക്കാരും കാണുന്നുണ്ടെന്നാണ് ഞാന്‍ വിചാരിക്കുക.

* * *

ഒരു പൊലീസ് സൂപ്രണ്ട് എന്നോടു ചോദിച്ചു: “എന്താണ് രാഷ്ട്രീയ കാര്യങ്ങളൊന്നും സാഹിത്യവാരഫലത്തില്‍ എഴുതാത്തത്? വല്ലതും പറയേണ്ടതായി വന്നാലും സമര്‍ത്ഥമായി മൗനം അവലംബിക്കുകയാണ് അല്ലേ?” ഭാരതീയ സംസ്കാരത്തിലും ഹൈന്ദവദര്‍ശനങ്ങളിലും തല്‍പരത്വമുള്ള നല്ലയാളാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തോടു സ്നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ടു മറുപടി നല്കാതെ ഞാന്‍ ചിരിച്ചുകൊണ്ടു നിന്നതേയുള്ളു. വായനക്കാരില്‍ പലരും നിര്‍ദ്ദേശിക്കാറുണ്ട്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ നേതാക്കന്‍മാരെക്കുറിച്ചും എഴുതണമെന്ന്. അവര്‍ക്കു മറുപടി അയയ്ക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കുമായി ഒരു ചൈനീസ് കാവ്യത്തിന്റെ സംഗ്രഹം നല്കുന്നു: തെക്കേ ഗെയ്റ്റില്‍ പൂക്കള്‍ വില്ക്കുന്ന വൃദ്ധനെ നിങ്ങള്‍ക്കറിയാമോ? തേനീച്ചയെപ്പോലെ പൂക്കള്‍കൊണ്ടാണ് അയാള്‍ ജീവിക്കുന്നത്. കാലത്ത് ‘മെല്ലോസ്’ വില്ക്കുന്നു അയാള്‍. വൈകുന്നേരം പോപ്പി പുഷ്പങ്ങളും. അയാളുടെ മേല്ക്കൂരയിലൂടെ നീലാന്തരീക്ഷം കടന്നു വരുന്നു. അയാളുടെ അരിപ്പെട്ടി ശൂന്യമാണ് എപ്പോഴും. പൂക്കളില്‍നിന്ന് ആവശ്യമുള്ളതു കിട്ടിക്കഴിയുമ്പോള്‍ അയാള്‍ ചായക്കടയിലേക്കു പോകുന്നു. പണം തീരുമ്പോള്‍ പിന്നെയും പൂക്കള്‍ ശേഖരിക്കുന്നു. വസന്തകാലത്ത് എല്ലാപ്പൂക്കളും വിടര്‍ന്നുനില്ക്കുമ്പോള്‍ അയാള്‍ക്കും വികസിതാവസ്ഥയാണ്. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിന്റെ മുന്‍പില്‍ പുതിയ നിയമങ്ങള്‍ എഴുതി ഒട്ടിച്ചാല്‍ അയാള്‍ക്കെന്താണ്? മണലിലാണ് സര്‍ക്കാരിനെ കെട്ടിപ്പടുത്തതെങ്കില്‍ അയാള്‍ക്കെന്താണ്? നിങ്ങള്‍ അയാളോടു സംസാരിക്കാന്‍ ശ്രമിച്ചാല്‍ ഒരു പുഞ്ചിരി മാത്രമായിരിക്കും ഉത്തരം.

കെ.കെ. സുധാകരന്‍

ഞാന്‍ തിരുവിതാംകൂറിലെ ചില സ്ഥലങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളു. കേരളത്തില്‍ ഗുരുവായൂര്‍വരെ പോയിട്ടുണ്ട്. കോഴിക്കോട് ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. വടക്കന്‍ ദിക്കുകളിലേക്കു ചെല്ലാന്‍ എന്റെ അഭിവന്ദ്യമിത്രം എന്‍.സി.മമ്മൂട്ടി (സി.പി.ഐ) കൂടക്കൂടെ ക്ഷണിക്കാറുണ്ട്. ഇതുവരെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. എനിക്കു പരിചയമുള്ള ആളുകളും നന്നേ കുറവ്. അതിനാലാണ് എപ്പോഴും ഗോപാലപിള്ളസ്സാര്‍, ഗോപാലപിള്ളസ്സാര്‍ എന്നു എഴുതുന്നത്. എന്റെ ഈ ദുഃസ്ഥിതി വായനക്കാര്‍ മനസ്സിലാക്കി എനിക്കു മാപ്പുതരണം. ഗോപാലപിള്ളസ്സാറിനെ സുന്ദരന്‍ ഗോപാലപിള്ള എന്നു ആളുകള്‍ വിളിച്ചിരുന്നു. ഏതാണ്ട് അത്രയ്ക്കു സൌന്ദര്യമുണ്ടായിരുന്നു എനിക്കു വിദൂരബന്ധമുള്ള ഒരാളിന്. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ ഭാര്യ വ്യഭിചാരം തുടങ്ങി. ദാരിദ്ര്യംകൊണ്ടല്ല കാമാസക്തികൊണ്ടുതന്നെ. ആ വിധവ അങ്ങനെ കഴിഞ്ഞു കൂടുമ്പോള്‍ തിരുവല്ലാക്കാരനായ ഒരു കിഴവന്‍ ഒരു ദിവസം അവരുടെ വീട്ടില്‍ കയറിവന്നു. പല്ലുകള്‍ പലതുമില്ല. ദന്തവൈദ്യന്‍ എടുത്തതോ അതോ മറ്റാളുകള്‍ എടുത്തതോ എന്നു നിശ്ചയമില്ല. ഒട്ടിയ കവിള്‍, നെറ്റിയില്‍ നീണ്ട ചന്ദനക്കുറി. ഖദര്‍ ഷര്‍ട്ടും മുണ്ടും, വലിയ തോര്‍ത്ത് തോളില്‍, വിധവയോട് ഒരു അരമണിക്കൂറേ അയാള്‍ സംസാരിച്ചുള്ളു. അവര്‍ ദമ്പതികളായി. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്ക്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ ആ വിധവയോടൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും പാഠശാലയില്ലല്ലോ. പക്ഷേ വൃദ്ധന്‍ എന്നെ വീട്ടിലിരിക്കാന്‍ സമ്മതിക്കില്ല. “നീ എന്തൊരു അരസികനാണെടാ. സിനിമ കാണാറില്ലേ നീ. ഇന്നാ രണ്ടു ചക്രം. പോയി മാറ്റിനി കണ്ടിട്ടുവാടാ. തറയിലിരുന്നാല്‍ മതി.” എന്നു പറഞ്ഞ് അയാള്‍ ചക്രമെടുത്ത് എറിയും. ഞാന്‍ അതെടുത്ത് ക്യാപ്പിറ്റല്‍ സിനിമാശാലയില്‍ ചെന്നു മൂകചിത്രം കാണും. ഡഗ്ളസ് ഫര്‍ബാങ്സ് (Fairbanks) വെള്ളിത്തിരശ്ശീലയില്‍ ചാടുമ്പോഴും ആ ചാട്ടത്തെ അടുത്തിരിക്കുന്ന ഒരുത്തന്‍ കര്‍ണ്ണകഠോരമായി വര്‍ണ്ണിക്കുമ്പോഴും ഞാന്‍ തിരുവല്ലാക്കിഴവന്റെ പല്ലില്ലാത്ത വായ് ചെറുപ്പം നശിച്ചിട്ടില്ലാത്ത വിധവയുടെ കവിള്‍ത്തടത്തില്‍ അമരുന്നതായിരിക്കും മനക്കണ്ണുകൊണ്ട് കാണുക. മൂക ചിത്രത്തിനു വര്‍ണ്ണനം നല്കുന്ന ആ ഭയങ്കരന്റെ കര്‍ക്കശശബ്ദത്തിലൂടെ ഞാന്‍ കേട്ടിരുന്നത് വൃദ്ധന്റെ ‘പങ്കജാശിയമ്മേ’ എന്ന കഴുതക്കാമം കലര്‍ന്ന മൃദുലസംബോധനയുടെ ശബ്ദമാണ്. മൂന്നാഴ്ച കഴിഞ്ഞു. ‘തിരുവല്ലവരെ പോയിട്ടുവരട്ടെ’ എന്നു പറഞ്ഞ് അയാള്‍ പോയി. പിന്നെ മടങ്ങി വന്നതുമില്ല. പിന്നെയും മൂന്നുമാസം കഴിഞ്ഞു. വരാന്തയിലിരുന്ന ഞാന്‍ When two liqids are separated by a thin membrane the weaker liquid passes into the stronger liqid എന്നു ഉറക്കെ വായിക്കുകയായിരുന്നു. അപ്പോഴുണ്ട് ഒരു കുടവയര്‍. ‘പങ്കജാശി’യമ്മയെ വിളിയെടാ’ എന്ന് അതില്‍നിന്നൊരു ശബ്ദമുയര്‍ന്ന് ദന്തരഹിതമായ വായിലൂടെ പുറത്തുവന്നു. പങ്കജാക്ഷി അമ്മ ഞാന്‍ പറയാതെതന്നെ മുന്‍വശത്തെത്തി. “തന്റെ പാട്ടിനുപോടോ. പിന്നെയും വന്നിരിക്കുന്നു ഭര്‍ത്താവാകാന്‍. ഇറങ്ങടാ വീട്ടില്‍നിന്ന്” എന്ന് അവര്‍ അയാളെ നോക്കി അലറി. വ്യഭിചാര ചരിത്രത്തിലെ ഒരനിഷേധ്യനേതാവായ അയാള്‍ മലര്‍ന്നുപിടിച്ച് അങ്ങുപോകുകയും ചെയ്തു. വളരെക്കാലം കഴിഞ്ഞ് തിരുവല്ലാക്കാരിയായ ഒരു പെണ്‍കുട്ടിയോടു ഞാന്‍ ആ കിഴവനെക്കുറിച്ചു ചോദിച്ചു. എന്റെ ക്ലാസ്സിലുണ്ടായിരുന്ന അവള്‍ പറഞ്ഞു: “ങ്ഹാ. അദ്ദേഹം എന്റെ അമ്മാവന്‍ തന്നെ. എങ്ങനെയറിയാം അമ്മാവനെ.” ഞാന്‍ തെല്ല് ക്ലേശത്തോടെ മറുപടി നല്കി: “എന്റെ ഒരു കാരണവരുടെ വിധവയെ അദ്ദേഹം വിവാഹംകഴിച്ചു.” അവള്‍ പുച്ഛത്തോടെ പറഞ്ഞു: ഓഹോ അമ്മാവന്‍ അങ്ങനെ പല വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. ഓരോന്നും മൂന്നാഴ്ചക്കാലത്തേക്ക്.”

കാല്പനികസംഭവത്തെക്കാള്‍ വിചിത്രമാണ് യാഥാതഥ്യം എന്നു പറയാറുണ്ടല്ലോ. അങ്ങനെ ഈ വാസ്തവിക സത്യം വൈചിത്ര്യമാവഹിക്കുന്നു. കെ.കെ. സുധാകരന്‍ കലാകൗമുദിയിലെഴുതിയ ‘ഏതോ ഒരാള്‍’ എന്ന ഭാവാത്മകമായ ചെറുകഥ വായിച്ചപ്പോള്‍ ഈ പരമാര്‍ത്ഥം അതിന്റെ എല്ലാ ശക്തിവിശേഷങ്ങളോടുംകൂടി എന്നില്‍ ആഘാതമേല്പിക്കുകയുണ്ടായി.

അമ്പതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതും ഇന്ന് എനിക്കു മാത്രം അറിയാവുന്നതും ആയ ആ യാഥാര്‍ത്ഥ സംഭവത്തിനും തികച്ചും മനോധര്‍മ്മത്തിന്റെ ഫലമായ കഥയ്ക്കും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ട്. കഥ തുടങ്ങുമ്പോള്‍ രാജലക്ഷ്മിയും മക്കളും ഒരിടത്തു താമസിക്കുകയാണ്. ഭര്‍ത്താവ് അവിടെയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാള്‍ അവിടംവിട്ടുപോയിരിക്കുന്നു. അന്ന് രാജലക്ഷ്മിയുടെ ജന്മദിനമാണ്. അപ്പോഴുണ്ട് താടിയും മുടിയും വളര്‍ത്തിയ ഒരുത്തന്‍ എത്തുന്നു. അയാള്‍ രാജലക്ഷ്മിയുടെ വീട് അതല്ലേ എന്നു ചോദിക്കുന്നു. പൂര്‍വകാല സംഭവങ്ങളുടെ കയ്പ് അപ്പോഴും അനുഭവിക്കുന്ന അവള്‍ പറയുന്നു അത് രാജലക്ഷ്മിയുടെ വീടല്ല എന്ന്. കുറച്ചു വെള്ളം വാങ്ങിക്കുടിച്ചുകൊണ്ട് ആഗതന്‍ അപ്രത്യക്ഷനാകുന്നു. ഗൃഹനായിക വികാരത്തിന്റെ നീര്‍ച്ചുഴിയില്‍ വീഴുന്നു. യഥാര്‍ത്ഥസംഭവത്തില്‍ സ്നേഹമെന്ന വികാരമില്ല, പശ്ചാത്താപമില്ല. ഇവിടെ രണ്ടുമുണ്ട്. അവയെ കലാത്മകമായി ആവിഷ്കരിച്ചതിലാണ് കഥാകരന്റെ ഭാവനാശക്തി നമ്മള്‍ കാണേണ്ടത്. സുധാകരന്റെ കഥയില്‍ അനുചിതമായ ഒരു പദംപോലുമില്ല. കെട്ടുറപ്പുള്ള കഥാശില്പമാണിത്. വൈകാരികശക്തിയുള്ള കലാശില്പമാണിത്.

* * *

“അഭിജ്ഞന്മാരായ കലാകുതുകികള്‍ക്കു ചിന്തിക്കാന്‍ വകനല്കിയ ലേഖകനെ അഭിനന്ദിക്കാതെ വയ്യ” — കെ.സി. നാരായണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തെക്കുറിച്ച് അകവൂര്‍ നാരായണന്‍ എഴുതിയ കത്തിലെ ഒരു വാക്യമാണിത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുറം 49). അഭിനന്ദിക്കരുത് എന്ന് പ്രീകോണ്‍ഷ്യസ് മൈന്‍ഡില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങനെയൊരു വാക്യമുണ്ടാകൂ. ആളുകള്‍ തങ്ങളറിയാതെ പ്രീകോണ്‍ഷ്യസിലുള്ളതെല്ലാം ചിലപ്പോള്‍ പുറത്ത് എടുത്തിടാറുണ്ട്.

എനിക്ക് ഇയാളെ വേണ്ട

മഹാപണ്ഡിതനായ എം.എച്ച്. ശാസ്ത്രികള്‍ എന്നോടു പറഞ്ഞ ഒരു യഥാര്‍ത്ഥ സംഭവം ഞാന്‍ മലയാളനാട് വാരികയില്‍ എഴുതി. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞതുകൊണ്ടും സന്ദര്‍ഭത്തിന് യോജിച്ചതായതുകൊണ്ടും ഞാന്‍ അതൊന്ന് ആവര്‍ത്തിച്ചു കൊള്ളട്ടെ. വിശദാംശങ്ങളിലേക്കു കടക്കില്ല. പന്തളത്തെ രാജകുടുംബത്തില്‍പ്പെട്ട ഒരു തമ്പുരാന്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ ഒരു തമ്പുരാട്ടിയെ പരിണയിച്ചു. പ്രഥമരാത്രി. തമ്പുരാന്‍ തമ്പുരാട്ടിയെയും കാത്ത് മലര്‍മെത്തയില്‍ കിടന്നു. രാത്രി ഒരു മണി കഴിഞ്ഞിട്ടും അവര്‍ വന്നില്ല. സ്വച്ഛന്ദചാരിണിയായ തമ്പുരാട്ടി മറ്റു പുരുഷന്മാരോടൊരുമിച്ച് ചതുരംഗം കളിക്കുകയും നേരമ്പോക്കു പറയുകയും ചെയ്യുകയായിരുന്നു. രണ്ടുമണിയോട് അടുപ്പിച്ച് മണവറയില്‍ എത്തിയപ്പോള്‍ ഉറങ്ങിപ്പോയ നവവരനെയാണ് അവര്‍ കണ്ടത്. വാ തുറന്നുവച്ചാണ് വരന്റെ ഉറക്കം. തിരുവനന്തപുരത്ത് ചാളുവ എന്നു വിളിക്കുന്ന വായ്നീരു തമ്പുരാന്റെ കവിളിലൂടെ ഒഴുകി മെത്ത നനച്ചിരുന്നു. അതുകണ്ട തമ്പുരാട്ടി ‘ഹായ് എനിക്കിയാളെ വേണ്ട’ എന്നുപറഞ്ഞ് തിരിച്ചുപോയി. പന്തളത്തു തമ്പുരാന്‍ കാലത്തെ നാട്ടിലേക്കു കെട്ടുകെട്ടി. അതിസുന്ദരനായ തമ്പുരാന്‍ സ്വല്പം വായ്നീരൊഴുക്കിയാല്‍ തമ്പുരാട്ടിക്ക് അത്ര നീരസം വരേണ്ടതുണ്ടോ? അത് വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. തമ്പുരാട്ടിക്ക് ചാളുവയുടെ ദര്‍ശനം ഇഷ്ടമായിരുന്നില്ല എന്നുമാത്രം ധരിച്ചാല്‍ മതി. മറ്റു ഗുണഗണങ്ങള്‍ ആ വൃത്തികേടില്‍ മുങ്ങി പോയിരുന്നു എന്നും കരുതിക്കൊള്ളൂ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീധരനുണ്ണി എഴുതിയ ‘മധുവിധു’ എന്ന കാവ്യത്തില്‍ ഞാന്‍ പന്തളത്തു തമ്പുരാന്റെ ചാളുവ കാണുന്നു.

അന്നുതൊട്ടീ നിലവിളക്കിന്റെ
പിന്നില്‍ നിന്റെ മിഴിയിണ കണ്ടു
അന്നുതൊട്ടീമണിയറയ്ക്കുള്ളില്‍
നിന്റെ കാലടിയൊച്ച ഞാന്‍ കേട്ടു.

ഇവിടെ തൊട്ടീ, തൊട്ടീ ഈ പ്രയോഗങ്ങളാണ് വായ്നീരായി കാണപ്പെടുന്നത്. തൊട്ട് + ഈ എന്നതാണ് തൊട്ടീ ആയത്. എങ്കിലും തൊട്ടീ എന്നു കേള്‍ക്കുമ്പോള്‍ ‘ഹായ് എനിക്കയാളെ വേണ്ട’ എന്നു പറയാന്‍ തോന്നിപ്പോകുന്നു. കാവ്യത്തിന്റെ മറ്റു ഭാഗമെല്ലാം നന്ന്. എങ്കിലും ഞാന്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ തമ്പുരാട്ടിയാണ് ഇപ്പോള്‍. ഇതുപോലുള്ള ചാളുവയൊഴുക്കല്‍ നമ്മുടെ സാഹിത്യത്തില്‍ ഏറെയുണ്ട്.

പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ

ഇവിടെ പ്രതിബിംബിപ്പിപ്പൂ എന്നതു വായ്നീരൊഴുക്കലാണ്. “ഉല്ലസിച്ചു യുവയോഗിയേ — കനുല്‍ഫുല്ല ബാലരവിപോലെ കാന്തിമാന്‍” എന്നിടത്തെ ‘ഉല്‍ഫുല്ല’ ലാലാ ജല പ്രവാഹമാണ്. കവിത ഉണര്‍ന്നിരിക്കണം. ഒരുഭാഗവും റിവോള്‍ട്ടിങ് ആകരുത്. [കിളിമാനൂര്‍ കൊട്ടാരത്തിലെ സംഭവത്തിന് നൂറുകൊല്ലത്തിലധികം പഴക്കമുണ്ട്. ആരും വഴക്കിനു വരരുതേ]

ചോദ്യം, ഉത്തരം

ചോദ്യങ്ങള്‍ ചോദിക്കുന്നവരില്‍ ആരും ജീവിച്ചിരിക്കുന്നില്ല. ഞാന്‍ ഓരോ പേര് എഴുതി അങ്ങു ചോദിപ്പിക്കുകയാണ്. പല വാരികകളിലേയും ചോദ്യോത്തര പംക്തിയേക്കാള്‍ ഇതിന് അങ്ങനെ സത്യസന്ധത ലഭിക്കുന്നു.

Symbol question.svg.png കെ.കെ. വിലാസിനി, തൃശ്ശൂര്‍: ചെറുപ്പക്കാരിയായി ഭാവിക്കാന്‍ എന്താണു മാര്‍ഗ്ഗം?

എം.കെ: വിലാസിനിയെക്കാള്‍ ഒന്നോരണ്ടോ വയസ്സു കൂടുതലുള്ള പുരുഷന്മാരെ അങ്കിള്‍ എന്നും സ്ത്രീകളെ ആണ്‍ടി എന്നും വിളിക്കുന്നു. സ്ത്രീക്കു വിലാസിനിയെക്കാള്‍ പ്രായം കുറവാണെങ്കില്‍ ചേച്ചിയെന്നു വിളിച്ചാല്‍ മതി. പണ്ട് എന്റെ വീട്ടിനടുത്തുതാമസിച്ചിരുന്ന ഒരു മുപ്പതു വയസ്സുകാരി അന്നു സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിച്ചിട്ടില്ലാത്ത എന്നെ അപ്പൂപ്പാ എന്നു വിളിച്ചിരുന്നു. ഈ അപ്പൂപ്പാ വിളികേട്ട് എന്റെ സഹധര്‍മ്മിണിയും പെണ്‍മക്കളും പ്രതിഷേധിച്ചു. “വഴക്കിനു പോകരുത്, അവള്‍ എന്നെ അങ്ങനെ തന്നെ വിളിച്ചുകൊള്ളട്ടെ.” എന്നു ഞാന്‍ അവരെ സമാധാനിപ്പിച്ചു.

Symbol question.svg.png മാത്യൂ, കൊല്ലങ്കോട്: വസ്തുതകളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതെങ്ങനെ?

എം.കെ: വസ്തു ഇരിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്. പനിനീര്‍പ്പൂ ചെടിയില്‍ നില്ക്കുമ്പോള്‍ ഒരു മൂല്യം. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോട്ടിലിരിക്കുമ്പോള്‍ വേറൊരുമൂല്യം. പ്രേമഭാജനത്തിന്റെ തലമൂടിയിലിരിക്കുമ്പോള്‍ മറ്റൊരു മൂല്യം.

Symbol question.svg.png എസ്.ആര്‍. രാമന്‍, നെയ്യാറ്റിന്‍കര: നിങ്ങളേറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാര്?

എം.കെ: നെടുമങ്ങാട് എം.എല്‍.എ. കെ.വി. സുരേന്ദ്രനാഥ്. അദ്ദേഹത്തെക്കാള്‍ വിശുദ്ധനും സഹൃദയനും പണ്ഡിതനുമായ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ എനിക്കറിഞ്ഞുകൂടാ. ലാറ്റിനമേരിക്കന്‍ ഡിക്ടേറ്റര്‍ ഷിപ്പിനെക്കുറിച്ച് നോവലെഴുതിയ ഗ്വാട്ടിമാലന്‍ നോവലിസ്റ്റ് ആസ്റ്റൂറിയാസിനെക്കുറിച്ച് എന്നോട് ആദ്യമായി പറഞ്ഞതു സുരേന്ദ്രനാഥാണ്. ബര്‍നാര്‍ഡ്ഷാ, ഷേക്സ്പിയര്‍, ലൂക്കാച്ച്, ശങ്കരാചാര്യര്‍ ഇവരെക്കുറിച്ചെല്ലാം അദ്ദേഹം വിദ്വജ്ജനോചിതമായി എന്നോടു സംസാരിച്ചിട്ടുണ്ട്.

നളിനി ബേക്കല്‍, നമ്പൂതിരി

അതിസുന്ദരമായ കവിതയാണു ഭാഗവതത്തിലേത്. പുരഞ്ജനന്‍ കാട്ടില്‍ ചെന്നപ്പോള്‍ ഒരു സുന്ദരിയെ കണ്ടു. അവളോട് അദ്ദേഹം ചോദിക്കുകയാണ്:

ത്വംഹ്രീര്‍ ഭവാന്യസ്യഥ വാഗ് രമാ
പതീം വിചിന്തതീ കിം മുനിവദ്രഹോവനേ
ത്വദംഘ്രികാമാപ്ത സമസ്തകാമം ക്വ
പദ്മകോശഃ പതിതഃ കരാഗ്രാത്

[നീ ലജ്ജയുടെ അധിഷ്ഠാന ദേവതയാണോ? പാര്‍വ്വതിയാണോ? സരസ്വതീ ദേവിയാണോ? ലക്ഷ്മീദേവിയാണോ? നിന്റെ പാദപദ്മങ്ങളെ കൊതിക്കുക മാത്രം ചെയ്ത് എല്ലാ അഭിലാഷങ്ങളെയും സാക്ഷാത്കരിച്ച ആത്മനാഥനെ അന്വേഷിച്ച് മുനിയെപ്പോലെ വനത്തിന്റെ ഏകാന്തതയില്‍ പാര്‍ക്കുകയാണല്ലോ നീ. നീ ലക്ഷ്മീദേവി മാത്രമാണെങ്കില്‍ വിരലിന്റെ അറ്റത്തുനിന്നുവീണ താമരപ്പൂമൊട്ട് എവിടെ?

[ഭാഗവതം: നാലാം സ്കന്ധം]

നളിനീബേക്കലിന്റെ “പാപനാശിനി” എന്ന കഥയ്ക്ക് (കഥാമാസിക) നമ്പൂതിരി വരച്ചുചേര്‍ത്ത തരുണിയുടെ ചിത്രം കണ്ടപ്പോള്‍ പൂരഞ്ജനനെപ്പോലെ ഇങ്ങനെതന്നെ ചോദിക്കാന്‍ തോന്നിപ്പോയി എനിക്ക്. നമ്പൂതിരിയുടെ തരുണി ലക്ഷ്മീദേവി തന്നെ. അവളുടെ കരാഗ്രത്തില്‍നിന്ന് പൂമൊട്ടു വീണുപോയിയെന്ന് ആ വിരല്‍ത്തുമ്പുകള്‍ വിളിച്ചു പറയുന്നു. പ്രകൃതി കലയെ അനുകരിക്കുന്നോ? അതോ കല പ്രകൃതിയെ അനുകരിക്കുന്നോ? എന്തുമാകട്ടെ. ഞാന്‍ ഇനി സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കുന്നതു നമ്പൂതിരിയുടെ ചിത്രത്തിന്റെ സൗന്ദര്യത്തെ അവലംബിച്ചായിരിക്കും. അനുഗൃഹീതനായ ഈ ചിത്രകാരനു ധന്യവാദം.

ചിത്രം മാത്രമല്ല, നളിനീ ബേക്കലിന്റെ കഥയും നന്നായിട്ടുണ്ട്. യാദൃച്ഛികമായി കൈയില്‍ കിട്ടിയ തരുണി. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെയാണ് അവള്‍ അയാളുടെ അരികിലെത്തിയത്. ഇരകണ്ട വന്യമൃഗത്തെപ്പോലെ അയാള്‍ ചാടിവീഴുന്നില്ല അവളുടെ നേര്‍ക്ക്. ആ മര്യാദയും സ്നേഹവും കാരുണ്യവുമാണ് അവള്‍ക്കു മാനസാന്തരമുളവാക്കുന്നത്. ഒരു താല്‍കാലികബന്ധം സ്ഥായിയായ ബന്ധമാകാവുന്നതിനെ ഹൃദ്യമായി ചിത്രീകരിക്കുന്നു നളിനീബേക്കല്‍. ഞാന്‍ എത്രത്തോളം നിയന്ത്രണം കാണിക്കുമോ അത്രത്തോളം അന്യന്റെ നിഷ്ഠുരത കുറയും. സ്ത്രീയുടെ നിയന്ത്രണത്തിന് കലാത്മകമായ രൂപം സിദ്ധിച്ചിരിക്കുന്നു ഈ കഥയില്‍.

മുത്തല്ല, കാചം തന്നെ

മുത്ത് അങ്ങ് അഗാധതയില്‍ — കടലിന്റെ അടിയില്‍ — കിടക്കുകയാണ്. അത് കിട്ടണമെങ്കില്‍ ആഴത്തോളം മുങ്ങിച്ചെല്ലണം. മണ്‍വെട്ടികൊണ്ടു പറമ്പു കിളച്ചുനോക്കിയാല്‍ മതിയാവുകയില്ല. ഈശ്വരനെ സാക്ഷാത്കരിക്കണമെങ്കില്‍ ഏകാന്തത്തിലിരുന്നു ധ്യാനിക്കണം. പുരോഹിതനോടു സംസാരിച്ചാല്‍ പോരാ. മനോരാജ്യം വാരികയില്‍ ‘പെര്‍മിറ്റ്’ എന്ന കഥയെഴുതിയ വിശ്വരാജ് കണ്ണപൂരം മണ്‍വെട്ടിയെടുത്ത് പറമ്പു കിളയ്ക്കുകയാണ് ധ്യാനിക്കാതെ കാഷായവസ്ത്രം ധരിച്ചവനോടും ളോഹയിട്ടവനോടും സംസാരിക്കുകയാണ്. അദ്ദേഹത്തിന് സാഹിത്യത്തിന്റെ മുത്തു കിട്ടുകില്ല ഒരിക്കലും. അദ്ദേഹം ഈശ്വരചൈതന്യം ഒരിക്കലും അനുഭവിക്കില്ല. പെന്‍ഷന്‍ പറ്റിയ ഒരു പ്രൊഫസര്‍ പെര്‍മിറ്റിനു ചെന്നപ്പോള്‍ ശിഷ്യയായ ഐ.എ.എസ്സുകാരി മര്യാദയോടു കൂടി പെരുമാറിപോലും. എന്തൊരു കഥ? അല്ല എന്തൊരു കഥാസാഹസിക്യം!

* * *

ടോക്കിയോയില്‍ ഗുസ്തിമത്സരം നടക്കുകയായിരുന്നു. പ്രേക്ഷകര്‍ നിറഞ്ഞുകഴിഞ്ഞു. ടിക്കറ്റ് വാങ്ങിയവര്‍ക്കുപോലും അകത്തു കയറാന്‍ വയ്യ. ടിക്കറ്റില്ലാത്ത ഒരുത്തന് മത്സരം കണ്ടേതീരൂ. അയാള്‍ പിറകുവശത്തുചെന്നു വേലി പൊളിക്കാന്‍ തുടങ്ങി. മാനേജര്‍ അതുകണ്ടു. അയാള്‍ വേലി പൊളിക്കുന്നവനെ കഴുത്തില്‍ കുത്തിപ്പിടിച്ചു തള്ളിയിട്ടു പറഞ്ഞു: “ഇതല്ല പ്രവേശനത്തിനുള്ള മാര്‍ഗ്ഗം. മാനേജര്‍ പോയപ്പോള്‍ അയാള്‍ തിരിഞ്ഞുനിന്ന് ശ്വാനനെപ്പോലെ പിറങ്കാലുകൊണ്ട് വേലി ചവിട്ടിപ്പൊളിച്ചു. മാനേജര്‍ വീണ്ടുമെത്തി അയാളുടെ മുതുകില്‍ ഒരു തള്ളുകൊടുത്തിട്ട് അറിയിച്ചു: “പുറത്തേക്കു പോകാനുള്ള വഴിയും ഇതല്ല.” നേരേചൊവ്വേ സാഹിത്യമണ്ഡലത്തില്‍ കയറാന്‍ കഴിവില്ലാത്തവര്‍ തിരിച്ചങ്ങു പോകണം. അവര്‍ വേലി പൊളിക്കരുത്.