close
Sayahna Sayahna
Search

സാഹിത്യവാരഫലം 1989 01 08


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1989 01 08
ലക്കം 695
മുൻലക്കം 1989 01 01
പിൻലക്കം 1989 01 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഭാര്യയും കാമുകിയും തമ്മിൽ വ്യതാസമെന്ത്?

കാമുകിയോട് അവൾ സുന്ദരിയാണെന്നു വല്ലപ്പോഴുമൊരിക്കൽ കള്ളം പറഞ്ഞാൽ മതി. ഭാര്യയോടാണെങ്കിൽ അവൾ വയ്ക്കുന്ന കൂട്ടാന് നല്ല സ്വാദാണെന്ന് എപ്പോഴും കള്ളം പറയണം.

ഒവിഡ് എന്ന ലാറ്റിൻ കവി തന്റെ ‘മെറ്റമർഫിസ്’ എന്ന ഗ്രന്ഥത്തിൽ പിഗ‌്മേലിയന്റെ കഥ മനോഹരമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹമല്ലാതെ വേറെയാരും അതു പറഞ്ഞിട്ടുണ്ടെന്നും തോന്നുന്നില്ല. വേശ്യാത്വം അംഗീകരിച്ചു ജീവിച്ച സ്ത്രീകളെക്കണ്ടു പിഗ്‌മേലിയൻ സ്‌ത്രീദ്വേഷിയായി മാറി. അതുകൊണ്ട് അയാൾ വിവാഹം കഴിച്ചതേയില്ല. പക്ഷേ, കലാകാരനായ അയാൾ അദ്ഭുതാവഹമായ വൈദഗ്‌ദ്ധ്യത്തോടെ ദന്തത്തിൽ ഒരു സ്‌ത്രീരൂപം നിർമ്മിച്ചു. ഈ ലോകത്തു ജനിച്ച ഏതു സ്‌ത്രീക്കുള്ളതിനെക്കാളും സൗന്ദര്യം ആ ദന്ത പ്രതിമയ്ക്കുണ്ടായിരുന്നു. ജീവനുള്ള പെൺകുട്ടി തന്നെ അത്. വിനയം വിലക്കിയിരുന്നില്ലെങ്കിൽ താൻ അവിടെയൊക്കെ ഓടിനടക്കുമായിരുന്നുവെന്ന പ്രതീതിയാണ് അവൾ ഉളവാക്കിയത്. പിഗ്‌മേലിയന്റെ കല അങ്ങനെകലയെ മറച്ചുവച്ചു. വിസ്മയം കൊണ്ടു വിടർന്ന കണ്ണുകൾകൊണ്ട് അതിനെ നോക്കിനിന്ന ആ കലാകാരൻ തീവ്രരാഗത്തിൽ വീണു. അയാൾ അതിനെ ചുംബിച്ചു. തിരിച്ച് അത് ഇങ്ങോട്ട് ചുംബിക്കുമെന്ന് അയാൾ വിചാരിച്ചു. അതിനോട് സംസാരിച്ചു.ആ സുന്ദരിയെ ആലിംഗനം ചെയ്തു. അതിന്റെ മേനിയിൽ വിരലമർത്തുമ്പോൾ അതിൽ പാടു വീണേക്കുമെന്നു പിഗ്‌മേലിയൻ കരുതി. അയാൾ അതിനു പല നിറമുള്ള പൂക്കളും മിനുക്കിയ കല്ലുകളും കൊണ്ടുകൊടുത്തു. അവളുടെ വിരലുകളിൽ മോതിരങ്ങൾ അണിയിച്ചു. കാതുകളിൽ പവിഴങ്ങൾ ചാർത്തി. കഴുത്തിൽ മാലയിട്ടു. ‘ഈ ദന്തപ്രതിമയെപ്പോലെ ഒരു പെൺകുട്ടിയെ എനിക്കു് ഭാര്യയായി നൽകേണമേ’ എന്ന് അയാൾ വീനസ് ദേവതയോട് പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് അയാൾ വീട്ടിലെത്തി പ്രതിമയുടെ അടുത്തേക്കു ചെന്നു. അയാൾ ആ രൂപത്തെ ഉമ്മവച്ചു. അതിനു ചൂടുള്ളതുപോലെ അയാൾക്കു തോന്നി. ദന്തത്തിന്റെ കാഠിന്യം ഇപ്പോൾ ഇല്ല. വിരല് അമർത്തിയിടത്തു പാട്. സൂര്യരശ്മിയേറ്റ് മെഴുക് ഉരുകുന്നതുപോലെ ഒരയവ്. പിഗ‌്മേലിയന് അദ്ഭുതം. അവളുടെ കവിൾത്തടങ്ങനൾ അരുണിമയാർന്നു. രക്തധമനികൾ സ്‌പന്ദിച്ചു. അതേ അവൾക്ക് ജീവനുണ്ടായിരിക്കുന്നു. സുന്ദരമായ പ്രതിമയല്ല അത്; സുന്ദരിയായ പെൺകുട്ടി. വീനസ് ദേവതയ്ക്ക് പിഗ്‌മേലിയൻ നന്ദി പറഞ്ഞു.

ഈ പിഗ്‌മേലിയൻ കഥയുടെ നവീനമായ നാടകീയാവിഷ്കാരമാണ് ഷായുടെ ‘പിഗ്‌മേലിയൻ’ എന്ന കൃതി. ഹെൻട്രി ഹിഗ്ഗിൻസ്സാണ് ഷായുടെ പിഗ്‌മേലിയൻ. അയാളുടെ കാമുകി എലിയസും. അവൾ ലണ്ടന്റെ കിഴക്കുഭാഗത്തുള്ള ഒരു പൂക്കാരിയാണ്. എലിസയുടെ വർത്തമാനംകേട്ട് അതിന്റെ സവിശേഷതകൾ കൊറിച്ചെടുക്കുകയാണ് ഹിഗ്ഗിൻസ്. ഭാഷാ ശസ്ത്രജ്ഞനായ അദ്ദേഹത്തിന് തെരുവിൽ എന്തവകാശമുണ്ടോ അതേ അവകാശം തനിക്കുണ്ടെന്നു അവൾ പറഞ്ഞു. അതു കേട്ടപ്പോൾ ഹിഗ്ഗിൻസിനും ദേഷ്യം വന്നു. അമ്മട്ടിൽ താഴ്ന്നതും ജുഗുപ്‌സാവഹവുമായ ശബ്‌ദങ്ങൾ (ഭാഷയെന്ന മട്ടിൽ) പുറപ്പെടുവിക്കുന്ന അവൾക്ക് ഒരിടത്തു നിൽക്കനുള്ള അവകാശമില്ലെന്നാണ് അയാൾ പറഞ്ഞത്. മാത്രമല്ല അവൾക്ക് ജീവിച്ചിരിക്കാനുള്ള അവകാശം പോലുമില്ല. ഷേക്‌സ്‌പിയറിന്റെയും മിൽട്ടന്റെയും ഭാഷ. ബൈബിളിലെ ഭാഷ. അതാണ് ഇംഗ്ലീഷ്. അവൾ സംസാരിക്കുന്ന ഭാഷയെ അവലൊബിച്ചു നോക്കുകയാണെങ്കിൽ ജീവിതാവസാനം വരെ അവൾ ഓടയിലേ കിടക്കൂ. കിഴക്കൻ ലണ്ടനിലെ അവളെ പടിഞ്ഞാറൻ ലണ്ടനിൽ താമസിപ്പിക്കാം. നല്ലപോലെ വസ്‌ത്രധാരണം ചെയ്യിപ്പിക്കാം. എങ്കിലും അവളുടെ ഭാഷ ഓടയിലേ ഭാഷ തന്നെയായിരിക്കും. ചെയ്യേണ്ടതെന്താണ്? അവളുടെ ഭാഷയ്ക്കു മാറ്റം വരുത്തണം. അതു ചെയ്താൽ സമൂഹത്തിൽ അവൾക്ക് അന്തസ്സുണ്ടാകും. ഭാഷാപരങ്ങളായ പരിമിതികൾ മാറും എന്നാണ് ഷായുടെ മതം. നല്ല ഇംഗ്ലീഷ് സംസാരിക്കാൻ എലിസയെ പഠിപ്പിച്ച് ഹിഗ്ഗിൻസ് അവളെ ‘ലേഡി’ യാക്കി മാറ്റുന്നു.

മഹാനായ ഷാ പറഞ്ഞത് സത്യമാണെന്ന് ഞനെന്തിനു പറയണം? വായനക്കാർക്കുതന്നെ അറിവുള്ള കാര്യമാണല്ല്ലോ അത്. കാഴ്ചയ്ക്ക് അതിസുന്ദരി. ദ്രഷ്ടാവിനു ബഹുമാനം. അങ്ങനെയിരിക്കെ അവൾ കൂട്ടുകാരിയോട് സംസാരിക്കുന്നത് അയാൾ കേൾക്കുന്നു. “എന്തെരെടീ മൊഖവും വീർപ്പിച്ച് ഇരിക്കണത്. വല്ല കിന്ത്രാണ്ടവും ഒപ്പിച്ചെങ്കിൽ നീ പറ. അല്ലെങ്കിൽ പങ്കലാക്ഷിയോട് ഒന്നു കേട്ടുനോക്ക്” എന്ന് അവളുടെ നാവിൽ നിന്നു വീണാലോ? ആ സൗന്ദര്യത്തോടായിരിക്കും ദ്രഷ്ടാവിന്റെ പുച്ഛമത്രയും. സ്ത്രീയെക്കുറിച്ചുമാത്രമല്ല. പുരുഷനെക്കുറിച്ചും ഇതുതന്നെ ശരി. ബസ്സ് സ്റ്റോപ്പിൽ നിന്ന എന്റെ അടുക്കലെത്തി ആ സുന്ദരപുരുഷൻ. ഉജ്ജ്വലമായ വേഷം. ഫോറിൻ ബ്രീഫ്‌കേസ്. മേൽമീശ ആ യുവാവിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. വല്ല മുഖത്തും ആ മുഖമൊന്ന് അമർന്നാൽ രണ്ടാമത്തെയാളിന് ഹാർഡ് ടൂത്ത് ബ്രഷ് ഉരയുന്ന അസുഖം ഉണ്ടാവികയില്ലേ എന്ന് ഞാൻ ആലോചിച്ചു കൊണ്ട് നിൽക്കുമ്പോൾ അയാൾ എന്നോടൊരു ചോദ്യം: “ലിമിറ്റേഡ് സ്‌റ്റോപ്പ് ബസ്സ് ഇവിടെ നിറുത്തുമോ?” limited എന്നതിന്റെ ആ നൂതനമായ ഉച്ചാരണം കേട്ട് എന്റെ “നാവിറങ്ങിപ്പോയി” അയാൾ പിന്നീടൊന്നും മിണ്ടിയില്ല. ലോകത്തിന്റെ പൊരുത്തക്കേടു കണ്ട് ഓരോ മനുഷ്യനും അന്യനായി — outsider ആയി — മാറുന്നുവെന്ന് അസ്തിത്വവാദികൾ പറഞ്ഞു. എന്നെ സ്സംബന്ധിച്ചാണെങ്കിൽ നേരത്തേ പറഞ്ഞ സുന്ദരികളും സുന്ദരന്മാരുമാണ് എനിക്ക് അന്യതയുടെ തോന്നൽ ഉൾവാക്കുന്നത്. ഭാഷാപരമായ ഈ അരക്ഷിതാവസ്ഥയാണ് യഥാർത്ഥത്തിലുള്ള അരക്ഷിതാവസ്ഥ.

* * *

കോളിൻ വിൽസന്റെ പുസ്തകങ്ങൾ പലർക്കും ഇഷ്ടമല്ല. പക്ഷേ, ഞാൻ അവ “ആർത്തി” യോടെ വാങ്ങുന്നു, വായിക്കുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ സർ ജേംസ് ജീൻസിന്റെ The Mysterious Universe എന്ന പുസ്തകം വായിച്ചതിന്റെ അസുലഭാനുഭൂതി ആവിഷ്കരിച്ചിട്ടുണ്ട്. ഗ്രന്ഥത്തിലെ ആദ്യത്തെ വാക്യം ‘The eternal silence of these infinite spaces terrifies me’ എന്നാണ്. ഇതു വായിച്ച് പ്രകമ്പനം കൊണ്ട വിൽസൺ ഇതിന്റെ വിശദീകരണത്തിനു വേണ്ടി എഡിങ്ടന് ഇരുപതു പുറം വരുന്ന കത്തെഴുതി വച്ചു. എഡിങ്ടന്റെ മേൽവിലാസം അന്വേഷിച്ചപ്പോൾ ലൈബ്രറിയൻ അറിയിച്ചു അദ്ദേഹം മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞെന്ന്. ജീൻസിന്റെ വാക്യം വായിച്ച വിൽസൺ അതിലെ ആശയവുമായി ഇണങ്ങി. ഈ ഇണക്കം ജനിപ്പിക്കാൻ ഭാഷ അസമർത്ഥമാണെങ്കിൽ ആളുകൾ എന്തിന് എഴുതുന്നു?

നൂറിൽ ഇരുപത്തഞ്ച്

കുട്ടിക്കൃഷ്ണമാരാർ ‘ഭാരത പര്യടനം’ എഴുതിയപ്പോൾ വ്യക്തിവിവേകകാരന്റെ ശിഷ്യനായി പ്രത്യക്ഷനാവുകയായിരുന്നുവെന്ന് മുൻപൊരിക്കൽ പറഞ്ഞല്ലോ. എങ്കിലും യുക്തികൾ പ്രദർശിപ്പിച്ചേ അദ്ദേഹം എഴുതിയിട്ടുള്ളൂ. ആ യുക്തികളുടെ അവാസ്തവികത സൂക്ഷ്മവിചിന്തനം കൊണ്ടേ സ്പഷ്ടമാകുകയുള്ളൂ. അങ്ങനെ സ്പഷ്ടീഭവിക്കുമ്പോൾ ‘മഹാഭാരത’ത്തിലെ ധർമ്മമൊക്കെ അദ്ദേഹത്തിന് അധർമ്മമായി തോന്നി എന്ന സത്യം നമ്മൾ ഗ്രഹിക്കും. ഭാരത പര്യടനത്തിൽ പ്രത്യക്ഷനാകുന്ന കുട്ടിക്കൃഷ്ണമാരാരല്ല ‘രാജാംഗണ’ത്തിലെ (‘രാജാങ്കണ’ മെന്നല്ല) കുട്ടിക്കൃഷ്ണമാരാർ. അവിടെയും വ്യക്തിവിവേകകാരനെ ചിലയിടങ്ങളിൽ കാണാമെങ്കിലും ഏറിയകൂറും സർഗ്ഗാത്മക ചിന്തയിൽ വ്യാപരിക്കുന്ന നിരൂപകനെ നമുക്കു ദർശിക്കാം (നളചരിത്രത്തെ അവലംബിച്ച് അദ്ദേഹമെഴുതിയ പ്രബന്ധം ഒരു ഉദാഹരണം). ഇവിടെ സർഗ്ഗാത്മക ചിന്ത എന്നു ഞാൻ പറഞ്ഞത് നൂതന ചിന്തകളെ ലക്ഷ്യമാക്കിയാണ്. സർവസാധാരണങ്ങളായ വിചാരശീലങ്ങളോട് ‘അകലെ’ എന്ന് ആജ്ഞാപിച്ചിട്ട് സവിശേഷതയാർന്ന ചിന്തകളെ അദ്ദേഹം സ്വാഗതം ചെയ്തു. അവയെ നിവേശനം ചെയ്തപ്പോൾ കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണ പ്രബന്ധത്തിന് ഉജ്ജ്വലത കൈവന്നു. ചിന്തയിലെ ആ സർഗ്ഗാത്മകത്വത്തിന് അമിത പ്രാധാന്യം കല്പിക്കാൻ അദ്ദേഹം യത്നിച്ചില്ല. യത്നിച്ചിരുന്നെങ്കിൽ അതിപ്രയത്നത്തിന്റെ പ്രതീതി ഉളവാകുമായിരുന്നു. അതോടെ നിരൂപകൻ വീഴുകയും ചെയ്യുമായിരുന്നു.

സാഹിത്യനിരൂപണത്തിനു ശ്രമിക്കുന്ന ആരും ഈ സർഗ്ഗാത്മക ചിന്തയ്ക്കാണ് ഊന്നൽ നൽകേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ പഴകിയ വിചാരശീലങ്ങൾ അപ്രത്യക്ഷങ്ങളാവും. തിരുനല്ലൂർ കരുണാകരന്റെ കാവ്യങ്ങളെ കുറിച്ച് ഉപന്യസിക്കുന്ന ടോണി മാത്യുവിന് ഒരു നൂതനാശയവും നൽകാൻ കഴിയുന്നില്ല. അദ്ദേഹം ആവിഷ്കരിക്കുന്ന ആശയങ്ങൾ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, സർഗ്ഗാത്മകത്വം അല്ലെങ്കിൽ നൂതനത്വം ഉളവാക്കുന്ന ചാരുത പ്രബന്ധത്തിനില്ല. കാവ്യത്തെക്കുറിച്ച് ആയിരകണക്കിനാളുകൾ പണ്ടു പറഞ്ഞതൊക്കെ എടുത്തു നിരത്തി വിചാരശീലത്തിൽ ഞാൻ പഴയപുള്ളി തന്നെ എന്നു വ്യക്തമാക്കിത്തരാനേ ടോണി മാത്യുവിന് കഴിഞ്ഞിട്ടുള്ളൂ. അങ്ങനെ ചെയ്യുന്നവർ കോളേജ് വിദ്യാർത്ഥികളാണ്. അതിനാൽ അദ്ദേഹത്തിന്റെ പ്രബന്ധം കോളേജ് ബോയ് കോമ്പൊസിഷൻ പോലിരിക്കുന്നു. ഞാൻ അധ്യാപകനെന്ന നിലയിൽ ഈ പ്രബന്ധത്തിനു മാർക്കിട്ടാൽ നൂറിൽ മുപ്പത്തഞ്ചു മാർക്കിടും. പിന്നെ ചില തെറ്റുകൾക്ക് മാർക്ക് കുറയ്ക്കുകയും ചെയ്യും. ആ തെറ്റുകൾ:

  1. ജീവിതദർശന വാചകത്തിൽ (പുറം 32, കോളം 1) — Sentence എന്ന അർത്ഥത്തിൽ വാചകമെഴുതുന്നതു തെറ്റ്. വാക്യം എന്നു വേണം.
  2. മുമ്പു തന്നെ (കോളം 2) — മുൻപ് എന്നതു ശരി.
  3. സാമൂഹ്യ… (പുറം 33, കോളം 1) — സാമൂഹികം എന്നു വേണം.
  4. ഉദ്ഗാതാവുമായിരിക്കണം (കോളം 3) — യാഗം നടത്തുമ്പോൾ സാമവേദ മന്ത്രങ്ങൾ ചൊല്ലുന്നവനാണ് ഉദ്ഗാതാവ്. സ്തോതാവ് എന്നാകാം.

കാലനും ബോധക്കേട്

തിരുവനന്തപുരത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കിട്ടുന്നത് ചൊവ്വാഴ്ച്ചയാണ്. അന്നു തന്നെ ഞാനതു വായിച്ചു തീർക്കും. ബുധനാഴ്ച്ച സാഹിത്യവാരഫലം എഴുതി തുടങ്ങും. അപ്പോഴേക്കും ഓരോ വാരികയായി വരും. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ച ദിവസം രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഞാൻ മരിച്ചു. പോത്തിന്റെ പുറത്ത് കയറുമായി ഇരിക്കുന്ന കാലന്റെ മുൻപിൽ എന്നെ കൊണ്ടു ചെന്നിരിക്കുകയാണ് കാലദൂതന്മാർ.

രക്തരൂക്ഷിതങ്ങളായ കണ്ണുകൾ കൊണ്ട് കാലൻ എന്നെ നോക്കിയിട്ട് പറഞ്ഞു
എടാ, സാഹിത്യവാരഫലമെഴുതിയ നിന്നെ തിളച്ച എണ്ണ നിറച്ച ചെമ്പുകിടാരത്തിലിട്ട് പൊരിക്കേണ്ടതാണ്. എങ്കിലും മലയാള വാരികകളിലെ ചെറുകഥകൾ വായിച്ച നീ പാപവിമുക്തനായി തീർന്നിരിക്കുകയാണ്. അതുകൊണ്ട് ഒരു കൊല്ലം കൂടി നീ ഭൂമിയിൽ ജീവിച്ചു കൊള്ളൂ. നിനക്ക് എവിടെ പോകണം? തിരുവനന്തപുരത്തേക്കു തന്നെ അയയ്ക്കട്ടോ?
ഞാൻ വിറച്ചു കൊണ്ടു മറുപടി പറഞ്ഞു
പ്രഭോ എന്നെ തിരുവനന്തപുരത്ത് അയയ്ക്കരുതേ. അവിടേക്കല്ല ഇന്ത്യയിലേക്കു തന്നെ അയയ്ക്കരുതേ. വേറെ ഏതു രാജ്യത്തു വേണമെങ്കിലും പൊയ്ക്കൊള്ളാം.
കാലൻ ചോദിച്ചു
എന്തെടാ ഇന്ത്യയോടും കേരളത്തോടും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തോടും ഇത്ര വെറുപ്പ്?
ഞാൻ മറുപടി നൽകി
പ്രഭോ തിരുവനന്തപുരത്താണെങ്കിൽ കാലത്ത് വെള്ളം കിട്ടുകയില്ല. ടാപ്പ് തുറന്നാൽ ‘ശൂ’ എന്നൊരു ശബ്ദം മാത്രം. ചൂടുകാലത്ത് ദിവസം പത്തു തവണയെങ്കിലും വിദ്യുത്ച്ഛക്തി പോകും. കാലത്തു തൊട്ടു വൈകുന്നേരം വരെ പിരിവുകാർ വന്നു കൊണ്ടിരിക്കും. അരി വാങ്ങാനുള്ള പണമെടുത്ത് അവർക്ക് കൊടുത്തിട്ട് പട്ടിണി കിടക്കേണ്ടതായി വരും. ബസ്സിൽ തിരക്കു കാരണം യാത്ര വയ്യ. ഓട്ടോറിക്ഷയിലും ഇപ്പോൾ കേറാൻ വയ്യ. അത്രയ്ക്ക് കൂടുതലാണ് കൂലി. ഞായാറാഴ്ച്ച ആണെങ്കിൽ ‘റിപ്പയർ’ എന്നു പറഞ്ഞ് ഇലക്ട്രിസിറ്റി തുടർച്ചയായിട്ട് ഇല്ലേയില്ല. വടക്കേയിന്ത്യയിൽ പോയാൽ അങ്ങയുടെ തീരുമാനത്തെയും ലംഘിച്ച് ഭീകരർ വെടിവച്ചു കൊന്നു കളയും. പിന്നെ ഇവയെക്കാൾ ഭയങ്കരമായ ഒരു കാര്യം കൂടിയുണ്ട്.
കാലൻ
അതെന്താണ്?
ഞാൻ
എം. ഡി. രാധിക എന്നൊരു പെൺകുട്ടി ചെറുകഥകൾ എഴുതുന്നു. കേരളത്തിൽ താമസിച്ചാൽ അവ വായിക്കേണ്ടി വരും.
കാലൻ
എന്തെടാ എഗ്സാജെറേറ്റ് ചെയ്യുന്നത്?
ഞാൻ
ഇല്ല പ്രഭോ, നാല്പതാം ലക്കം മാതൃഭൂമി ആഴ്ചപതിപ്പിൽ ‘പ്രതികാരം’ എന്നൊരു കഥയുണ്ട് അവരുടേതായി. അതൊന്ന് അങ്ങു വായിക്കൂ.”

ഒരു നിമിഷംകൊണ്ടു് എന്റെ വീട്ടിലെ ചവറ്റുകുട്ടയിൽ ഞാൻ കീറിയിട്ടിരുന്ന ഈ കഥയുള്ള നാല്പത്തിരണ്ടാം പുറം ഒരു കാലാനുചരൻ കൊണ്ടുവന്നു. സർവഭാഷാ വിശാരദനായ യമധർമ്മൻ അതൊന്നു വായിച്ചു. അദ്ദേഹം പോത്തിന്റെ പുറത്തുനിന്ന് ബോധശൂന്യനായി നിലം പതിച്ചു. ഞാൻ കണ്ണു തുറന്നു. കാലനു് ബോധം തിരിച്ചു കിട്ടിയോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങൾ വ്യാകരണതെറ്റുകൾ എടുത്തു കാണിക്കുന്നല്ലോ. നിങ്ങളെഴുതുന്നതിൽ തെറ്റുകളില്ലേ?

ഇല്ലെന്നു് ആരു പറഞ്ഞു? ഈ ലേഖനത്തിൽ തന്നെ claim, right എന്ന അർത്ഥത്തിൽ അവകാശമെന്നു് ഞാൻ എഴുതിയിട്ടുണ്ടു്. സ്ഥലം എന്ന അർത്ഥത്തിലാണ് സംസ്കൃതത്തിൽ അവകാശം പ്രയോഗിക്കുക.

Symbol question.svg.png വലിയ നൈരാശ്യമുണ്ടാകുന്നതു് എപ്പോൾ?

വളരെ നേരമായി വീട്ടിൽ വന്നിരുന്നു ബോറടിക്കുന്ന പരിചയക്കാരൻ പോകാറാവുമ്പോൾ മഴ കോരിച്ചൊരിയാൻ തുടങ്ങിയാൽ. വിശേഷിച്ചും അയാൾക്കു കുടയില്ലാതെയിരിക്കുമ്പോൾ.

Symbol question.svg.png ഭാര്യയും കാമുകിയും തമ്മിൽ വ്യത്യാസമെന്തു്?

കാമുകിയോടു് അവൾ സുന്ദരിയാണെന്നു് വല്ലപ്പോഴുമൊരിക്കൽ കള്ളം പറഞ്ഞാൽ മതി. ഭാര്യയോടാണെങ്കിൽ അവൾ വയ്ക്കുന്ന കൂട്ടാനു് നല്ല സ്വാദാണെന്നു് എപ്പോഴും കള്ളം പറയണം.

Symbol question.svg.png സ്ത്രീ വെറുക്കുന്ന സംബോധന?

അമ്മൂമ്മ എന്നത്.

Symbol question.svg.png മത്സരപരീക്ഷ ജയിച്ച് വലിയ ഉദ്യോഗസ്ഥനായാൽ?

വല്ലാതെ വീർക്കും.

Symbol question.svg.png മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ഈശ്വരവിശ്വാസിയാണെന്നതിനു തെളിവ് അദ്ദേഹം ഗുരുവായൂരമ്പലത്തിൽ പതിവായി തൊഴാൻ പോകുന്നു എന്നതല്ലേ?

അല്ല. അദ്ദേഹം കാറിൽ വളരെ വേഗത്തിൽ പോകുന്നു എന്നതാണു്.

Symbol question.svg.png ഈ ലോകത്തെ ഏറ്റവും ദയനീയമായ കാഴ്ചയേത്?

മഹാദുഃഖത്തിനു വിധേയയായ സ്ത്രീ. അവൾ നിലവിളിക്കില്ല. കണ്ണീരൊഴുക്കില്ല. എങ്കിലും അവളെ കാണുമ്പോൾ നമ്മൽ ഞെട്ടും.

Symbol question.svg.png വൈലോപ്പിള്ളിയും ചങ്ങമ്പുഴയും തമ്മിലെന്തേ വ്യത്യാസം?

വൈലോപ്പിള്ളിയുടെ കവിത ഇന്റലെക്ച്ച്വലാണ്. ചങ്ങമ്പുഴയുടെ കവിത ഇന്റ്യൂഷന്റേതും. ആദ്യത്തേത് ബുദ്ധിപരം. രണ്ടാമത്തേത് സഹജാവബോധത്തോടു ബന്ധപ്പെട്ടത്.

Symbol question.svg.png രണ്ടും നിലനിൽക്കില്ലേ?

ധിഷണയോടു ബന്ധപ്പെട്ടത് അതിന്റെ ആവിർഭാവ കാലത്ത് ആഹ്ലാദജനകമാവും. പിന്നീട് അതിന്റെ പ്രാധാന്യം പോകും. സഹജാവബോധത്തോടു ബന്ധപ്പെട്ടത് ആദ്യം പ്രതിഷേധം ക്ഷണിച്ചുവരുത്തും. കാലം ചെല്ലുന്തോറും ആളുകളെ ആഹ്ലാദിപ്പിക്കുമത്.


അതിഭാവുകത്വം

ലൂക്കാച്ച് മാർക്സിസ്റ്റായിരുന്നെങ്കിലും സാഹിത്യത്തെക്കുറിച്ച് വിശാലമായ വീക്ഷണഗതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സമൂഹത്തിന്റെ ഘടനയെ ഭാവനയുടെ സഹായത്തോടെ അപഗ്രഥിക്കുമ്പോഴാണ് സാഹിത്യം ഉത്കൃഷ്ടമാകുന്നതെന്നും അങ്ങനെ പ്രവർത്തിച്ചവരാണ് യഥാർത്ഥ റീയലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൽസാക്കിനെയും ടോൾസ്റ്റോയിയെയും അദ്ദേഹം ആ നിലയിൽ പ്രശംസിച്ചു. കാണുന്നതൊക്കെ പകർത്തിവയ്ക്കുന്ന സൊല(zola)യെപ്പോലുള്ള നാച്ചുറലിസ്റ്റുകളെ നിന്ദിക്കുകയും ചെയ്തു. കലാശക്തിയിൽ സൊലയുടെ അടുത്തെങ്ങും വരില്ല മാക്സിംഗോർക്കി. പക്ഷേ, സമൂഹഘടനയെ അപഗ്രഥിച്ച റീയലിസ്റ്റെന്ന നിലയിൽ ഗോർക്കി അദ്ദേഹത്തിന് ‘ഗ്രെയ്റ്റ് റൈറ്ററാ’യി. ഈ തെറ്റു തിരുത്താൻ വളരെക്കാലം വേണ്ടിവന്നു ലൂക്കാച്ചിന്.

സമീകരിച്ചു പറയുകയല്ല. കലാകൗമുദിയിൽ “വാസന്തി” എന്ന കഥയെഴുതിയ അനിൽ വള്ളിക്കാടിന് സാഹിത്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങാൻ ഇനി എത്രകാലം വേണ്ടിവരുമെന്ന് അദ്ദേഹത്തിനേ അറിഞ്ഞുകൂടൂ. ഒരു പഴയ പ്രേമവും അല്പം സഹശയനവും പിന്നീട് ഭ്രാന്തും വർണ്ണിച്ചാൽ സാഹിത്യമാകുമെന്ന ഭീമമായ തെറ്റിദ്ധാരണയിലാണ് അദ്ദേഹം. റീയലിസത്തിനുമപ്പുറത്തുള്ള സൂപർ റിയാലിറ്റിയിലേക്കു നയിക്കുന്നതാണ് ഏതു സാഹിത്യസൃഷ്ടിയും. അനിൽ വള്ളിക്കാടിന്റെ കഥയാവട്ടെ നമ്മളെ സെന്റിമെന്റലിസത്തിന്റേയും അതിന്റെ സന്തതിയായ അവാസ്തവികതയിലേക്കും തള്ളിയിടുന്നു.

* * *

മുപ്പത്തഞ്ചുകൊല്ലം അയാൾ അവളുടെ അലട്ടൽ സഹിച്ചു. ‘ഇനി വയ്യ’ എന്നു കരുതി ഒരു പുതിയ നേരിയതുമുടുത്തു മുറിയിൽ കയറി തട്ടിലെ വളയത്തിൽ അതു കെട്ടി. മറ്റേയറ്റത്തു കുരുക്കുണ്ടാക്കി കഴുത്തിലിട്ടപ്പോഴാണ് ഭാര്യ അവിടേക്കു വന്നത്. അവൾ ചോദിച്ചു: “ഇതിന് കോടി പോകാത്ത ഈ പുതിയ നേരിയതേ കണ്ടുള്ളോ നിങ്ങൾ?” പൈങ്കിളി പ്രായങ്ങളായ കഥകൾ നല്ല വാരികകളിൽ പ്രസിദ്ധപ്പെടുത്തുന്ന കഥാകാരന്മാരോട് ഈ ‘പെമ്പ്രന്നോരു’ടെ ചോദ്യമാണ് ചോദിക്കേണ്ടത്.

അഭിനന്ദനാർഹം

ചങ്ങമ്പുഴ നിസ്തുലനായ ഭാവാത്മക കവിയാണ്. അദ്ദേഹത്തിന്റെ കാവ്യങ്ങളിലെ ഭാവാത്മകത കേരളത്തിലെ വേറൊരു കവിയുടെ കാവ്യത്തിലുമില്ല. അനുഭവത്തിന്റെയും ദർശനത്തിന്റെയും (Vision) ചാരുതയാർന്ന ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ കാവ്യങ്ങൾ. ‘മനസ്വിനി’, ‘കാവ്യനർത്തകി’ ഈ കാവ്യങ്ങളിൽ കാണുന്ന സർഗ്ഗവൈഭവം കീറ്റ്സ്, ഷെല്ലി ഈ കവികൾക്കുപോലും കൊതിക്കത്തക്കതാണ്. ‘മഗ്ദലനമറിയം’, ‘അച്ഛനും മകളും’, ‘നളിനി’, ‘ലീല’ ഇവ പോലുള്ള ക്രീയേറ്റീവായ കൃതികൾ കൂടി ചങ്ങമ്പുഴ രചിച്ചിരുന്നെങ്കിൽ അദ്ദേഹം മഹാകവിയായി കൊണ്ടാടപ്പെടുമായിരുന്നു. ‘രമണൻ’ രചിച്ച കവി ക്രീയേറ്റീവല്ല എന്നു പറയാൻ വയ്യ. എങ്കിലും വള്ളത്തോളിന്റെയും കുമാരനാശാന്റെയും ആ കൃതികൾക്കുള്ള ‘വിശാലമനുഷ്യത്വം’ രമണന് ലഭിച്ചില്ല. അസുലഭ സിദ്ധികളാർന്ന ഈ കവിയെ ആദരിക്കാനായി ഗ്രന്ഥശാലാസംഘം പ്രസാധനം ചെയ്ത ചങ്ങമ്പുഴ ജന്മവാർഷികപ്പതിപ്പ് ഒന്നാന്തരമെന്നേ പറഞ്ഞുകൂടൂ. വിദ്വജ്ജനോചിതങ്ങളായ ലേഖനങ്ങൾ, ചങ്ങമ്പുഴയുടെ മാനസികലോകത്തെ സ്പഷ്ടമാക്കിത്തരുന്ന അദ്ദേഹത്തിന്റെ കത്തുകൾ, കവിയുടെ സ്വഭാവസവിശേഷതകൾ വ്യക്തമാക്കുന്ന പ്രബന്ധങ്ങൾ, അദ്ദേഹത്തിന്റെ “അപ്രകാശിത കാവ്യങ്ങൾ” ഇവയെല്ലാം ഇതിലുണ്ട്. ചങ്ങമ്പുഴയുടെ കൈയക്ഷരത്തിലുള്ള ‘മൃതി’ എന്ന ജാപ്പനീസ് നാടകത്തിന്റെ തർജ്ജമയും ഇതിൽ ചേർത്തിരിക്കുന്നു. ഈ കൈയെഴുത്തുപ്രതി കണ്ടുപിടിച്ചത് പ്രൊഫസർ കവിയൂർ ലീലയാണ്. ചങ്ങമ്പുഴയ്ക്കിഷ്ടപ്പെട്ട വയലിറ്റ് മഷിയിൽത്തന്നെ അത് മാസികയിൽ അച്ചടിച്ചിരിക്കുന്നു. കവിയുടെയും കുടുംബത്തിന്റെയും പല ഫോട്ടോകളും ഉചിതജ്ഞതയോടെ ഇതിൽ ചേർത്തിട്ടുണ്ട്. എല്ലാംകൊണ്ടും സൂക്ഷിച്ചുവയ്ക്കേണ്ട പ്രസാധനമാണിത്. ഇത് ഇമ്മട്ടിൽ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥശാലാസംഘവും പത്രാധിപന്മാരായ മനയത്തു ചന്ദ്രനും പിരപ്പൻകോടു മുരളിയും അഭിനന്ദനം അർഹിക്കുന്നു.

തിരിച്ചു പോകുമോ ഭവാൻ

വളരെ വിചിത്രമായ ഒരു കഥ ഞാൻ എവിടെയോ വായിച്ചു. ആ ചുവന്ന മനുഷ്യൻ കാലത്തു ഉണർന്നു. ചുവന്ന ജന്നൽ കർട്ടൻ നീക്കി ചുവന്ന സൂര്യനെ നോക്കി. ചുവന്ന വസ്ത്രങ്ങൾ ധരിച്ച് ചുവന്ന വീട്ടിൽ നിന്നിറങ്ങി. ചുവന്ന മാരുതിക്കാറിൽ കയറി ചുവന്ന ഓഫീസിലെത്തി. ചുവന്ന ഭാര്യയോടു വഴക്കുകൂടി അവിടെയെത്തിയ അയാൾ ചുവന്ന പിടിയുള്ള കത്തിയെടുത്തു കൈത്തണ്ടയിലെ ചുവന്ന ധമനി മുറിച്ചു. ചുവന്ന രക്തം ഒഴുകി. ചുവന്ന സാരി ധരിച്ച സെക്രട്ടറി അവിടെ വന്നു. അവൾ ചുവന്ന ഫോൺ കറക്കി ചുവന്ന ആശുപത്രിയിലേക്കു വിളിച്ചു. ചുവന്ന ആംബുലൻസ് വന്നു. ചുവന്ന ആശുപത്രി ജീവനക്കാർ അയാളെ എടുത്തു വാനിനകത്തു കിടത്തി. ചുവന്ന ആശുപത്രിയിലെ ചുവന്ന ഓപ്പറേഷൻ തീയറ്ററിൽ അയാളെ കൊണ്ടുചെന്നു. ചുവന്ന വസ്ത്രം ധരിച്ച നേഴ്സുകൾ ചുറ്റും നിന്നു. അപ്പോഴാണ് വെളുത്ത വസ്ത്രം ധരിച്ച ഡോക്ടർ വന്നത്. “ഞാൻ ഇവിടെ വരാനുള്ളവനല്ല” എന്നു പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി. വർണ്ണോജ്ജ്വലമായ കഥാലോകത്ത് വർണ്ണരഹിതമായ ഒരു കഥയുമായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കടന്നു വരുന്നു (ജനയുഗം വാരിക നോക്കിയാൽ ഈ ആഗമനം കാണാം). തന്റെ തെറ്റു മനസ്സിലാക്കി കഥാകാരൻ തനിയെ അങ്ങ് തിരിച്ചു പോകുമോ?

* * *

പട്ടം താണുപിള്ള പ്രധാനമന്ത്രി (അന്നു മുഖ്യമന്ത്രി എന്നല്ല പറയുക) സി. കേശവൻ, ടി. എം. വർഗ്ഗീസ് ഇവർ മന്ത്രിമാർ. ആദ്യത്തെ ആ മന്ത്രിസഭ ഭരണം നടത്തുമ്പോൾ വടക്ക് ഒരു ലാത്തിച്ചാർജ്ജ് ഉണ്ടായി. ക്ഷതമേറ്റവരെ കോട്ടയം ആശുപത്രിയിൽ കിടത്തിയിരിക്കുന്നുവെന്ന് അറിഞ്ഞ സി. കേശവൻ അവരെ കാണാൻ ചെന്നു. ഡി.എസ്.പി., മന്ത്രിയുടെ അടുത്തുതന്നെ നിൽക്കുന്നുണ്ട്. മുറിവേറ്റവരെ കണ്ടപ്പോൾ സി. കേശവനു ദുഃഖമുണ്ടായി. അദ്ദേഹം “അസഹനീയം, അസഹനീയം നിങ്ങളിതു കാണുന്നില്ലേ?” എന്നു പോലീസ് ഓഫീസറോട് ചോദിച്ചു. അന്നു പത്രത്തിൽ വായിച്ചതാണ് ഇത്. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ബേക്കറും ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാവ താനൂരും വരക്കുന്ന “ഹാസ്യചിത്രങ്ങൾ” കണ്ടു ക്ഷതം പറ്റിയിരിക്കുന്ന വായനക്കാരെ ലക്ഷ്യമാക്കി ഞാൻ പത്രാധിപന്മാരോട് ചോദിക്കട്ടെ: “അസഹനീയം, അസഹനീയം നിങ്ങളൊക്കെ ഇതു കാണുന്നില്ലേ? വാരിക പണം കൊടുത്തു വാങ്ങുന്നവരെ ഇങ്ങനെ ലാത്തിച്ചാർജ്ജ് നടത്തി കൈയും കാലും ഒടിക്കാമോ?” (ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ദീപിക ആഴ്ചപ്പതിപ്പ് കിട്ടിയത്. അതിൽ പരശുവും ബേക്കർ സായിപ്പിന്റെ ഹാസ്യചിത്രങ്ങളെ വിമർശിച്ചിരിക്കുന്നത് കണ്ടു).

തൃതീയ പ്രകൃതി

സി. വി. കുഞ്ഞുരാമൻ, ഈ. വി. കൃഷ്ണപിള്ള, എം. ആർ. നായർ (സജ്ജയൻ), കുട്ടികൃഷ്ണമാരാർ ഇവരാണ് നല്ല ഗദ്യകാരന്മാർ. ഇംഗ്ലീഷിൽ സ്വിഫ്റ്റ്, ബർനാർഡ്ഷാ, ബർട്രൻഡ് റസ്സൽ, ആൽഡസ് ഹക്സിലി ഇവരെ സമീപിക്കുന്ന ഗദ്യകാരന്മാർ ഇല്ല. I have heard of a man who had a mind to sell his house, and therefore carried a piece of brick in his pockets, which he showed as a pattern to encourage purchasers എന്ന സ്വിഫ്റ്റിന്റെ വാക്യം നോക്കുക. അനായാസമായി വാക്കുകൾ വന്നു വീഴുന്നു. അവ ലയത്തിലൂടെ ഒഴുകുന്നു. നേരിയ ഹാസ്യം അതിനു തിളക്കം നൽകുന്നു. ഭാവനാത്മകമായ ഗദ്യം സാധാരണമായ ഗദ്യത്തിൽ നിന്ന് അല്പം വിഭിന്നമാണ് എന്നു ഞാൻ സമ്മതിക്കുന്നു. എങ്കിലും അത് താഴെച്ചേർക്കുന്ന ഗദ്യംപോലെയാകുമോ?

“കൊടുംപാപത്തിന്റെ ശില പിളർന്നു മരിക്കുന്ന താഴ്വരയിലെ തീർത്ഥതീരത്തു നിന്നു നിഴലുകളുടെ മയക്കത്തിലേയ്ക്കു കയറുമ്പോൾ ഈ ഓർമ്മ കണ്ണീരാവുന്നു” (ആറ്റിങ്ങൽ വിജയൻ കുങ്കുമം വാരികയിൽ എഴുതിയ ‘സംക്രമദിനത്തിലെ പൂവുകൾ എന്ന ചെറുകഥയുടെ തുടക്കം) തൃതീയ പ്രകൃതികളായ ഈ വാക്കുകൾ കൊണ്ട് എന്തു പ്രയോജനം? എഴുത്തുകാർ ഇങ്ങനെ വായനക്കാർക്കു “ചിന്താക്കുഴപ്പം” ഉണ്ടാക്കുന്നതെന്തിനാണ്?

സംഭവങ്ങൾ

ലൂക്കാച്ച് മാർക്സിസ്റ്റായിരിന്നെങ്കിലിം സാഹിത്യത്തെക്കുറിച്ചു വിശാലമായ വീക്ഷണഗതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സമൂഹത്തിന്റെ ഘടനയെ ഭാവനയുടെ സഹായത്തോടെ അപഗ്രഥിക്കുമ്പോഴാണ് സാഹിത്യം ഉത്കൃഷ്ടമാകുന്നതെന്നും അങ്ങനെ പ്രവർത്തിച്ചവരാണ് യഥാർത്ഥ റീയലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

  1. അമേരിക്കൻ സാഹിത്യനിരൂപകനായ എച്ച്. എൽ. മെങ്‌കൻ: “മാഥമാറ്റിക്‌സ് അനുസരിച്ച് ഗർഭധാരണം ഒഴിവാക്കാൻ കത്തോലിക്കാ സ്ത്രീകൾക്ക് ഇന്ന് നിയമപരമായി അവകാശമുണ്ട്. പക്ഷേ അവർ ഫിസിക്സിനെയും കെമിസ്ട്രിയെയും ആശ്രയിച്ചുകൂടാ” (ഓർമ്മയിൽ നിന്നെഴുതുന്നത്).
  2. ചങ്ങമ്പുഴക്കവിതയെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ജി. ശങ്കരക്കുറുപ്പ് എന്നോട്: “ഉത്സവസ്ഥലത്ത് പോകുമ്പോൾ യാദൃച്ഛികമായി കിട്ടുന്ന സ്പർശം ജനിപ്പിക്കുന്ന ആഹ്ലാദമാണ് കവിത നൽകേണ്ടതെന്നു നിങ്ങൾ വിചാരിക്കരുത്.”
  3. കാലത്തു കുളിക്കാതെ ഇരിക്കുന്ന എന്റെ പടമെടുക്കാൻ ക്യാമറയുമായി വന്ന ഒരു പെൺകുട്ടിയോട് ‘ഇപ്പോൾ ഫോട്ടോ എടുക്കണ്ട. ഞാൻ കുളിച്ചില്ല’ എന്നു പറഞ്ഞപ്പോൾ: “കുളിക്കാതെയിരിക്കുമ്പോൾ പടമെടുക്കുന്നതാണ് നല്ലത്. കുളിച്ചിട്ടെടുത്താൽ കോഴിയെപ്പോലിരിക്കും.”
  4. ഒരു തെറ്റും ചെയ്യാതെ, ഒരു കള്ളം പോലും പറയാതെ ജീവിക്കുന്ന ഒരാളിനെക്കുറിച്ച് പി. കേശവദേവ് എന്നോട്: “അങ്ങേര് ഒരു നാരായണമാണ്. പക്ഷേ, ഒരു സുന്ദരിപ്പെണ്ണിന്റെ കടക്കണ്ണെറ് ഏറ്റാൽ വീണുപോകും.”
  5. സംസ്ക്കൃത കോളേജ്ജിലെ ചില വിദ്യാർത്ഥികളെ നാടകം റെക്കോർഡിങ്ങിനായി ആകാശവാണിയിൽ ഞാൻ കൊണ്ടു ചെന്നു. ‘വടിയും കുടയുമെടുത്തുകൊണ്ട് അയാൾ പോയി’ എന്ന് പറയുന്നതിനു പകരം ഒരു വിദ്യാർത്ഥി ‘ വടിയും കുടിയുമെടുത്തുകൊണ്ട് പോയി’ എന്നു പറഞ്ഞു (നാടകം ടേപ്പിലെടുത്തുകൊണ്ടിരുന്നയാൾ — കരമന ഗംഗാധരൻ നായരാണെന്നു തോന്നുന്നു — ചിരിച്ചുകൊണ്ട് ഓടി).

പുനത്തിൽ കുഞ്ഞബ്‌ദുള്ള

മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലത്തു ജീവിച്ചവനാണ് ഞാൻ. അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്. രണ്ടു വാക്ക് അദ്ദേഹം എന്നോട് പറഞ്ഞു എന്നൊക്കെ അഭിമാനത്തോടെ ഞാൻ ഉദ്ഘോഷിക്കും. അതുപോലെ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന ഇന്ത്യയിൽ ജീവിച്ചവനാണ് ഞാൻ എന്നും അഭിമാനഭരിതമായ ശബ്ദത്തിൽ പറയും. തേജസ്വിയായ അദ്ദേഹത്തെ ദൂരെ നിന്നെങ്കിലും പലതവണ ഞാൻ കണ്ടിട്ടുണ്ട് എന്നും പ്രഖ്യാപിക്കും. ഇന്നു ഭരണയന്ത്രം ശബ്ദായമാനമായി ഉരുളുമ്പോൾ, അത് ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ, ഭാരതത്തിലെ ജനത ആ നിർഘോഷം കേട്ട് ഞെട്ടിവിറക്കുമ്പോൾ, പഞ്ചാബിലെ ഓരോ നിരപരാധിയായ പൗരനും മരണത്തിന്റെ സാന്നിധ്യം അനവരതം അറിയുമ്പോൾ ഗാന്ധിജിയെയും നെഹ്റുവിനെയും ആ പൗരനും നമ്മളും ഓർമ്മിക്കാതിരിക്കില്ല. സെൻസിറ്റീവായ ഹൃദയം ഉള്ള ഒരു എഴുത്തുകാരൻ അതറിഞ്ഞു എന്നതിനു തെളിവാണു മനോരമ ആഴ്ചപ്പതിപ്പിലെ ‘നെഹ്റുവിനെ കണ്ടെത്തൽ’ എന്ന ലേഖനം. ലേഖനകർത്താവായ പൂനത്തിൽ കുഞ്ഞബ്ദുള്ള നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും കണ്ടതിന്റെ ആകർഷകമായ വർണ്ണമാണിത്. മഹനീയവും മാനസികോന്നമനം ജനിപ്പിക്കുന്നതുമായ പരിതഃസ്ഥിതികളിൽ മഹാനായ നെഹ്റു എങ്ങനെ സഞ്ചരിച്ചു, എങ്ങനെ പെരുമാറി എന്നതു ഗ്രഹിക്കുമ്പോൾ നമുക്ക് അന്യൂനസ്വഭാവം കൈവരുന്നു. ഇമ്മാതിരി ലേഖനങ്ങൾ എപ്പോഴും സ്വാഗതാർഹങ്ങളത്രേ.

* * *

റഷ്യൻ മിസ്റ്റിക് ഗർദ്ദേവ് പറഞ്ഞ കഥ. ഒരിടത്ത് ഒരു മാന്ത്രികനുണ്ടായിരുന്നു. അയാൾക്ക് ആയിരമാടുകളും. ഓരോ ആടിനെയും അയാൾ കൊന്നു തിന്നുന്നതു കണ്ട് ആടുകൾ കാട്ടിലേയ്ക്ക് ഓടിക്കളഞ്ഞു. മാന്ത്രികവിദ്യകൊണ്ട് അവയെ തിരിച്ചു കൊണ്ട് വന്നിട്ട് അയാൾ ഒരാടിനോട് പറഞ്ഞു: ‘നീ ആടല്ല, സിംഹമാണ്.’ വേറൊരാടിനോട്: ‘നീ ആടല്ല കടുവയാണ്!’. എങ്ങനെ എല്ലാ ആടുകളൊടും ഓരോന്നു പറഞ്ഞു. കാലത്ത് ആട് വധിക്കപ്പെടുമ്പോൾ മറ്റുള്ളവ ‘ഞാൻ സിംഹമല്ലേ? ഞാൻ കടുവയല്ലേ? എന്നെക്കൊല്ലാൻ ഒക്കുകയില്ല, ഇന്നു വധിക്കപ്പെട്ടത് ‘ആടുമാത്രം’ എന്നു സമാധാനിച്ചു. മലയാളത്തിലെ മാന്ത്രികരായ നിരൂപകർ ക്ഷിദ്രസാഹിത്യകാരന്മാരോടു താങ്കൾ സിംഹമാണ്, കടുവയാണ്’ എന്നൊക്കെ പറയുന്നു. സൗകര്യം കിട്ടുമ്പോൾ അവർ അവരെ ആടായിത്തന്നെ കണ്ടു വധിക്കുകയും ചെയ്യും.