close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 08 16


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 08 16
ലക്കം 883
മുൻലക്കം 1992 08 09
പിൻലക്കം 1992 08 23
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

‘മാറ്റൊലി’, ‘മാനസാന്തരം,’ ‘കാവ്യപീഠിക’ ഈ ഗ്രന്ഥങ്ങളുടെ കര്‍ത്ത്യത്വംകൊണ്ടും ശ്രോതാക്കള്‍ക്കു മാനസാന്തരം വരുത്തിയ പ്രഭാഷണങ്ങള്‍കൊണ്ടുമാണല്ലോ മുണ്ടശ്ശേരി അക്കാലത്തെ ധിഷണാമണ്ഡലത്തിലെ നേതാവായത്. പക്ഷേ ക്രമാനുഗതമായി അദ്ദേഹത്തിന്റെ വിമര്‍ശനകലയ്ക്ക് അധഃപതനം സംഭവിച്ചു തുടങ്ങി. കുമാരനാശാന്‍, വള്ളത്തോള്‍ ഈ കവികളെക്കുറിച്ച് അദ്ദേഹം രണ്ടു പുസ്തകങ്ങള്‍ ജീവിതാന്ത്യത്തില്‍ എഴുതിയതോടെ ആ അധഃപതനം പൂര്‍ത്തിയായി.

തൃശ്ശൂരു വച്ച് ജോസഫ് മുണ്ടശ്ശേരിയുടെ അറുപതാമത്തെ പിറന്നാള്‍ കൊണ്ടാടുന്ന വേള. കാലത്ത് എട്ടുമണിക്കു തുടങ്ങിയ സമ്മേളനം രാത്രി പത്തിനോ പത്തരയ്ക്കുോ ആണ് അവസാനിച്ചത്. എത്രയെത്ര ആളുകളായിരുന്നു മുണ്ടശ്ശേരിയെക്കുറിച്ചു പ്രസംഗിക്കാന്‍ അവിടെ എത്തിയത്! പ്രമുഖന്മാര്‍, പ്രമുഖന്മാരെന്നു തനിയെയങ്ങു കരുതിയവര്‍, പ്രാമുഖ്യം ബഹുജനത്താല്‍ അടിച്ചേല്പിക്കപ്പെട്ടവര്‍. അവരില്‍ പ്പലരും വേദി‌കയില്‍ത്തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. ജി. ശങ്കരക്കുറുപ്പ്, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. ബാലകൃഷ്ണന്‍. ഈ അനുഗ്രഹീതര്‍ ആശയാവിഷ്കാരത്തിലൂടെ ആളുകളെ വേറൊരു ലോകത്തിലെത്തിച്ചു. വേറെതരത്തില്‍ അനുഗ്രഹം സിദ്ധിച്ചവരാണെങ്കിലും പ്രഭാഷണകലയില്‍ അത്രത്തോളം ഉയരാത്ത ചിലര്‍ മുണ്ടശ്ശേരിയുടെ സേവനങ്ങളെ ബ്രഹ്മാണ്ഡകടാഹത്തിന്റെ മേല്‍നോട്ടത്തില്‍ ചെന്നിടിക്കുന്ന സ്തുതിവചനങ്ങൾ പ്രയോഗിച്ച് തങ്ങളുടെ പ്രഭാഷണകലയിലുള്ള ന്യൂനതകളെ പരിഹരിച്ചു. ഞാന്‍ പ്രഭാഷണം എഴുതിക്കൊണ്ട് പോയിരുന്നു. കൈയെഴുത്തു പ്രതിയില്‍ അധികമൊന്നും നോക്കാതെ ഞാനതു വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുണ്ടശ്ശേരി വേദികയില്‍നിന്നിറങ്ങി സദസ്സിന്റെ മുന്‍വരിയില്‍ ചെന്ന് ഇരുന്നു. അദ്ദേഹത്തിന്റെ ആ അവരോഹണം എനിക്കിഷ്ടമായെങ്കിലും നിരൂപണത്തെസ്സംബന്ധിച്ച ഒരു സത്യത്തിന്റെ മിന്നലാട്ടം അതെന്റെ അന്തരംഗത്തിൽ ഉളവാക്കി. അതിനെ മാര്‍ജ്ജനം ചെയ്തുകൊണ്ടു ഞാന്‍ വീണ്ടും പ്രഭാഷണത്തിലേക്കു പോരികയായി. ആ മിന്നലാട്ടം എന്തായിരുന്നുവെന്ന് ഇന്നു വിശദമാക്കിക്കൊള്ളട്ടെ. ‘മാറ്റൊലി’, ‘മാനസാന്തരം,’ ‘കാവ്യപീഠിക’ ഈ ഗ്രന്ഥങ്ങളുടെ കര്‍ത്ത്യത്വംകൊണ്ടും ശ്രോതാക്കള്‍ക്കു മാനസാന്തരം വരുത്തിയ പ്രഭാഷണങ്ങള്‍കൊണ്ടുമാണല്ലോ മുണ്ടശ്ശേരി അക്കാലത്തെ ധിഷണാമണ്ഡലത്തിലെ നേതാവായത്. പക്ഷേ ക്രമാനുഗതമായി അദ്ദേഹത്തിന്റെ വിമര്‍ശനകലയ്ക്ക് അധഃപതനം സംഭവിച്ചു തുടങ്ങി. കുമാരനാശാന്‍, വള്ളത്തോള്‍ ഈ കവികളെക്കുറിച്ച് അദ്ദേഹം രണ്ടു പുസ്തകങ്ങള്‍ ജീവിതാന്ത്യത്തില്‍ എഴുതിയതോടെ ആ അധഃപതനം പൂര്‍ണ്ണമായി. ഒരുദിവസം മുണ്ടശ്ശേരി എന്നോടു ചോദിച്ചു: “എങ്ങനെയിരിക്കുന്നു എന്റെ പുസ്തകങ്ങള്‍?” മുഖത്തുനോക്കി കുററം പറയാന്‍ മടിച്ച് “മാഷ് പണ്ടെഴുതിയതുപോലെ ആയില്ല” എന്നു ഒഴുക്കന്‍മട്ടില്‍ മറുപടി നല്കി ഞാന്‍ രക്ഷനേടി. അദ്ദേഹം പിന്നൊന്നും മിണ്ടിയതുമില്ല. ഇപ്പോള്‍ ആലോചിക്കുകയാണ് ആ “പണ്ടെഴുതിയത്.” ഉണ്ടല്ലോ അത് വേദികയിലുള്ള ഇരിപ്പും പിന്നീടെഴുതിയത് സദസ്സിലേക്കുള്ള അവരോഹണവുമല്ലേ? അല്ലെങ്കില്‍ ആ “പണ്ടെഴുതിയതു” തന്നെ വേദികയിലെ അന്തസ്സാര്‍ന്ന ഇരിപ്പാണോ? ഇന്നത്തെ നിലവച്ചു നോക്കുമ്പോള്‍ “അതേ” എന്നു മറുപടി നല്കാന്‍ പററില്ല. ജോസഫ് മുണ്ടശ്ശേരിക്കു മാത്രമല്ല, കുട്ടികൃഷ്ണമാരാര്‍ക്കും ഇതേ ദുര്‍ഗ്ഗതി സംഭവിച്ചുപോയി. “രാജാങ്കണം” [രാജാംഗണം ശരി] എഴുതിയ ആ “ശൈലീവല്ലഭന്‍” വള്ളത്തോള്‍ നിന്ദനം തുടങ്ങിയപ്പോള്‍ വേദികയില്‍ നിന്നെഴുന്നേററ് ശ്രോതാക്കള്‍ ഇരിക്കുന്നിടത്തേക്കുള്ള കൊച്ചുകോണിപ്പടികള്‍ ഇറങ്ങുകയായിരുന്നു. “ശരണാഗതി”യിലെത്തിയപ്പോള്‍ മുന്‍ വരിയിലെ കസേരയില്‍ ഇരിപ്പുറപ്പിച്ചു. ഇനി ഒന്നാലോചിച്ചുനോക്കാം. മുണ്ടശ്ശേരിയുടെ ഉള്ളൂര്‍ഭര്‍ത്സനം ഉള്‍ക്കൊള്ളുന്ന ‘മാറ്റൊലി’യും കുട്ടികൃഷ്ണമാരാരുടെ രാമോപാലംഭം, ദുര്യോധനസ്തുതി ഇവ ഉള്‍ക്കാള്ളുന്ന ആദ്യകാലകൃതികളും ഇന്നും വിജയിച്ചരുളുന്നുണ്ടോ? വായിച്ചവര്‍ അതു വീണ്ടും വായിക്കുന്നുവോ? വായിച്ചാല്‍ത്തന്നെയും പണ്ടത്തെ അനുഭൂതികള്‍ അവര്‍ക്കുണ്ടാകുന്നുണ്ടോ? ഇല്ല എന്നാണ് അസന്ദിഗ്ദ്ധമായ ഉത്തരം. കാരണം ഏതു വിമര്‍ശനവും ഏതു നിരൂപണവും കാലം കഴിയുമ്പോള്‍ ‘സ്പെന്റ് ഫോഴ്സാ’യി (spent force) മാറും എന്നതുതന്നെ.

സമ്മേളനം നടക്കുമ്പോള്‍ വൈലോപ്പിള്ളി ശ്രോതാക്കളുടെ കൂട്ടത്തില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തെ വേദികയില്‍ വന്നിരിക്കാന്‍ മുണ്ടശ്ശേരി പലതവണ ആളുപറഞ്ഞയച്ചു ക്ഷണിച്ചു. വൈലോപിള്ളി അനങ്ങിയതേയില്ല. ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു. “ഞാന്‍ ഇവിടെ ഇരിക്കുന്നതേയുള്ള എന്നു മുണ്ടശ്ശേരിയോടു പറയൂ” എന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. വൈലാപ്പിള്ളിക്ക് ആരോഹണം ആകാമായിരുന്നു. എങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ല. തുനിയാത്ത അദ്ദേഹത്തെ ഇന്നുള്ള ചിലര്‍ കസേരയോടു പൊക്കിയെടുത്ത് പ്ളാററ്ഫോമിലേക്കു കൊണ്ടുചെല്ലുന്നുണ്ട്.

ഓടസ്സാഹിത്യം

കസേരയോടു പൊക്കിയെടുക്കാന്‍ നൂറുപേരുണ്ടായാലും കലയുടെ വേദികയില്‍ ചെല്ലാത്ത ആളാണ് കലാകൌമുദി വാരികയില്‍ “ഗംഗ എന്ന പെണ്‍കുട്ടി” എന്ന കഥ എഴുതിയ ശ്രീ. ഇ. പി. സുരേഷ്. വടക്കൊരു പട്ടണത്തിലൂടെ പോകുമ്പോഴെല്ലാം അവിടത്തെ ഒരു വലിയ ഹോട്ടലില്‍ കാപ്പികുടിക്കാന്‍ കയറാറുണ്ട് ഞാന്‍. ചെന്നു കയറിയാല്‍ ആദ്യമായി കണ്ണുകളെ ആക്രമിക്കുന്നതു ബൃഹദാകാരമാര്‍ന്ന നഗ്നങ്ങളായ സ്ത്രീപുരുഷ രൂപങ്ങളാണ്. പ്രതിമകളെയാണു ഞാന്‍ ലക്ഷ്യമാക്കുന്നത്. അവയുടെ ജനനേന്ദ്രിയങ്ങള്‍ക്കു പ്രാധാന്യം നല്കിയെന്നു ഞാന്‍ പറയുകയില്ല. പ്രതിമകള്‍ക്കു വലിയ ആകാരം നല്കുമ്പോള്‍ അവയ്ക്കും കൊടുക്കണമല്ലോ പ്രാധാന്യം. അത്രേയുള്ളു. പേരുകേട്ട പ്രതിമാനിര്‍മ്മാതാവാണത്രേ അവ നിര്‍മ്മിച്ചത്. ആയിക്കൊള്ളട്ടെ. പ്രതിമാനിര്‍മ്മാണത്തെക്കുറിച്ച് എനിക്കു വളരെയൊന്നും അറിഞ്ഞുകൂടാത്തതുകൊണ്ട് ഞാന്‍ ആ പ്രതിമകളുടെ കലാത്മകതയെക്കുറിച്ച് ഒന്നും എഴുതുന്നില്ല. പക്ഷേ കുടുംബവുമായി ചെന്നുകയറുന്നവരുടെ വികാരങ്ങളെ മാനിക്കണമല്ലോ. അതു നടക്കുന്നില്ല.

സുരേഷിന് ആണും പെണ്ണും ചേരുന്നതിനെക്കുറിച്ച് ഒന്നുപന്യസിക്കണമെന്നു തോന്നി. സ്വാഭാവികം. എന്നാല്‍ ആ ഉപന്യസിക്കല്‍ ഉത്കൃഷ്ടമായ കലാകൌമുദിയുടെ താളുകളില്‍ത്തന്നെ വേണമായിരുന്നോ? ഒരു പയ്യന്‍ ഹോസ്റ്റലില്‍ ചെല്ലുന്നു. ഒരു പ്രഫെസറുടെ മകള്‍ അവനെ പരിചയപ്പെടുന്നു. പിന്നെയുള്ളതെല്ലാം പ്രതിരൂപാത്കമകമായ മട്ടിലാണ്. പേനയില്‍ മഷിയൊഴിക്കുന്നു. (സിംബലിസം) “മഷി അവളുടെ തുടയില്‍ വീണു.” (സിംബലിസം) “അവളുടെ വെള്ള പാന്റ്സ് വയലററ് നിറമായി.” (സിംബലിസം — പക്ഷേ വയലിററ് — നീലലോഹിതം — നിറം വന്നെങ്കില്‍ അതു രോഗമാണ്. പയ്യനെ ഉടനെ ഡോക്ടറെ കാണിക്കണം). “രണ്ടുപേരും പൊട്ടിപ്പൊട്ടിചിരിച്ചു. ചിരി ഒതുങ്ങിയപ്പോള്‍ അവള്‍ ജനല്‍പ്പാളികള്‍ തുറന്നു.” (ജന്നല്‍ തുറന്നതു മനസ്സിലായി. ചിരിച്ചത് എന്തിനാണോവോ?) പ്രതിമയുടെ ദര്‍ശനം ദ്രഷ്ടാക്കളെ അഴുക്കുപാലിലേക്ക് എറിയുന്നതുപോലെ ഇമ്മാതിരിക്കഥകള്‍ അനുവാചകരെ നാററവെള്ളമൊഴുകുന്ന ഓടയിലേക്ക് തള്ളിയിടുന്നു.

ബി. മാധവമേനോന്‍

മലിനജലമൊഴുകുന്ന പ്രണാളിയിലേക്കു അനുവാചകരെ വലിച്ചെറിയാത്ത ചില കവികളില്‍ ഒരാളായിരുന്നു ചങ്ങമ്പുഴ. വെണ്‍മണി നമ്പൂതിരി അങ്ങനെയായിരുന്നില്ലല്ലോ. അതു മാത്രമല്ല അദ്ദേഹത്തിന്റെ സവിശേഷത. താന്‍ നൂറു ശതമാനവും നിസ്തുലനായ കവിയാണെന്ന് അറിയാമായിരുന്നെങ്കിലും ചങ്ങമ്പുഴ അത് നോട്ടംകൊണ്ടോ ഭാവംകൊണ്ടോ മററു ശരീരചേഷ്ടകള്‍കൊണ്ടോ വാക്കുകൊണ്ടോ ആരെയും അറിയിച്ചിരുന്നില്ല. പലതവണ ഞാന്‍ അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ട്. എപ്പോഴും വിനയസമ്പന്നനായിട്ടേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളു. അതു കപടവിനയമായിരുന്നില്ലതാനും. കവിയുടെ ഈ സ്വഭാവവിശേഷതയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ശ്രീ. ബി. മാധവമേനോന്‍ കലാകൌമുദിയില്‍ എഴുതിയത് അദ്ദേഹത്തിന്റെ വിനയമാധുര്യത്തെയും കാണിക്കുന്നു. ഒന്നാലോചിച്ചു നോക്കുക. എല്ലാക്കവികളും നമ്മുടെ അടുത്തുതന്നെയില്ലേ? വള്ളത്തോള്‍, ഉള്ളൂര്‍, കുമാരനാശാന്‍, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവന്‍പിളള, വൈലോപ്പിള്ളി, കുഞ്ഞിരാമന്‍നായര്‍ ഇവരെല്ലാം തൊട്ടപ്പുറത്തു നില്ക്കുന്നു. പക്ഷേ ഓരോ കവിയുടെയും അടുത്തേക്കു പോകാന്‍ ശ്രമിക്കുക. ഉള്ളൂര്‍ പത്തടി അകലത്തിലാണ് നില്ക്കുന്നത്. എന്നാല്‍ ആ പത്തടി നടക്കുമ്പോള്‍ പത്തുകിലോമീററര്‍ നടന്നെന്നു നമുക്കു തോന്നും. ചങ്ങമ്പുഴയും പത്തടി അകലെ. ആ ദൂരം നടക്കുന്ന നമുക്കു ഒരിഞ്ച് നടന്നു എന്നു തോന്നൂ. വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍നായരും ഒരേ അകലത്തില്‍. കുഞ്ഞിരാമന്‍നായരുടെ അടുത്തു പോകാനുള്ള ദൂരത്തിന്റെ ഇരട്ടിദൂരം നടക്കണം വൈലോപ്പിള്ളിയുടെ അടുത്തു ചെല്ലാന്‍. എന്നിട്ടും ചിലര്‍ ചങ്ങമ്പുഴയെ നിന്ദിച്ചുകൊണ്ടിരിക്കുന്നു. മാധവമേനോന്‍ അവരില്‍നിന്നു വിഭിന്നനായി വര്‍ത്തിക്കുന്നതില്‍ എനിക്കാഹ്ളാദം.

ചോദ്യം, ഉത്തരം

Symbol question.svg.png ഗവേഷണത്തിന് പററിയ ഒരു വിഷയം (മലയാളത്തില്‍) പറഞ്ഞുതരൂ സാര്‍

വൈലോപ്പിള്ളിക്കവിതയിലെ ഫുള്‍സ്റ്റോപ്പുകളെക്കുറിച്ച് ഒരു പഠനം. വൈലോപ്പിള്ളിയുടെ ഫുള്‍സ്റ്റോപ്പുകളെ ഒളപ്പമണ്ണക്കവിതയിലെ കോമകളുമായി താരതമ്യപ്പെടുത്തി തീസിസ് എഴുതിയാല്‍ ‘ഫഷ്ടാ’യിരിക്കും.

Symbol question.svg.png നിങ്ങള്‍ ഇരുപത്തിമൂന്നുകൊല്ലമായി സാഹിത്യവാരഫലം എഴുതുന്നു. എന്‍. ഗോപാലപിള്ള. എന്‍. ഗോപാലപിള്ള എന്ന് എപ്പോഴും പറയുന്നു. കേരളത്തില്‍ വേറെ ആരുമില്ലേ?

താങ്കള്‍ പറയുന്നതു ശരിയാണ്. എനിക്കു അധികമാളുകളെ പരിചയമില്ല. പരിചയമുള്ളവരില്‍ ബുദ്ധിമാനായ ഒരാളെക്കുറിച്ച് പറയുന്നുവെന്നേയുള്ളു. പിന്നെ ഒരു രഹസ്യം. ഞാന്‍ ഏതെങ്കിലും പേര് ആവര്‍ത്തിച്ചെഴുതിയാല്‍ ആ വ്യക്തിയോട് എനിക്കു സ്നേഹവും ബഹുമാനവുമുണ്ടെന്നു ധരിക്കരുത്. ഗോപാലപിള്ളസ്സാറിന്റെ അന്യാദൃശ്യമായ ബുദ്ധിവൈഭവത്തെയാണ് ഞാന്‍ ബഹുമാനിക്കുക. ആളിനെയല്ല. അദ്ദേഹത്തിന്റെ നേരമ്പോക്കുകള്‍ കറകളഞ്ഞ നേരമ്പോക്കുകളല്ല. അരിസ്റ്റോട്ടല്‍ പറഞ്ഞ educated
insult മാത്രമാണ്.

Symbol question.svg.png പഠിക്കുന്ന കാലത്ത് കാര്‍ബണ്‍ പേപ്പര്‍വച്ച് പ്രേമലേഖനങ്ങളെഴുതി ആണ്‍പിള്ളേര്‍ക്ക് കൊടുക്കുന്ന പെണ്‍പിള്ളേര്‍ കാലംചെന്ന് അധ്യാപികമാരായാല്‍ സദാചാരനിഷ്ഠയുള്ളവരായി മാറുകയും വിദ്യാര്‍ത്ഥിനികളെ കണ്ടമാനം ശകാരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

പ്രായം കൂടുമ്പോള്‍ പ്രലോഭനത്തിന്റെ ശക്തി കുറയും. അപ്പോള്‍ സന്മാര്‍ഗ്ഗം പ്രസംഗിക്കാന്‍ എളുപ്പമുണ്ട്.

Symbol question.svg.png വളഞ്ഞുപുളഞ്ഞു പോകുന്ന പാമ്പ് മാളത്തില്‍ കടക്കുമ്പോള്‍ നേരെ പോകുന്നു എന്നൊരു ചൊല്ലുണ്ട്. ശരിയാണോ അത്?

നേരെ പോകുന്നു സ്വന്തം വീട്ടിലേക്ക് എന്നത് തോന്നല്‍ മാത്രം. നാലുപേരു കാണുമ്പോള്‍ വളഞ്ഞും പുളഞ്ഞും പോകുന്നവര്‍ വീട്ടിലും അങ്ങനെ മാത്രമേ സഞ്ചരിക്കു.

Symbol question.svg.png ഈ കാലഘട്ടത്തില്‍ നിങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന വ്യക്തികള്‍ ആരെല്ലാം. സത്യസന്ധമായ ഉത്തരമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.?

കാലഘട്ടം എന്നു പറയാതെ കാലയളവ് എന്നു പറഞ്ഞുനോക്കു. കുളിക്കാനുള്ള സ്ഥലവും നദിയിലേക്കു ഇറങ്ങാന്‍ ഉപകരിക്കുന്ന പടികളുമാണ് ഘട്ടം. പശ്ചിമഘട്ടം എന്നു പര്‍വ്വത പംക്തികളെ വിളിക്കുന്നത് Western ghats എന്ന ഇംഗ്ലീഷ് പ്രയോഗത്തെ അനുസരിച്ചാണ്. ghats ഇംഗ്ലീഷ് പദമല്ലതാനും. അതിനാല്‍ ‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍’ എന്ന ഭാഗത്തെ ഘട്ടങ്ങള്‍ അത്ര നല്ല പ്രയോഗമല്ല. ഇനി ചോദ്യത്തിന് ഉത്തരം. ഈ കാലയളവിലെ ആരെക്കുറിച്ചും ഞാന്‍ ഒന്നും പറയുന്നില്ല. തലമുറകള്‍ക്കു മുന്‍പുള്ള കാര്യമാകട്ടെ. അന്നു ഞാന്‍ പ്രതിഭാശാലിയായ വള്ളത്തോളിനെ അഭിനന്ദിച്ചിരുന്നു. സ്വേച്ഛാധിപതിയായ സര്‍. സി. പി. രാമസ്സ്വാമിഅയ്യരെ പേടിച്ചിരുന്നു. സത്യന്ധനായ കൈനിക്കരകുമാരപിള്ളയെ ബഹുമാനിച്ചിരുന്നു. ആരോടും സ്നേഹം തോന്നിയില്ല എിക്കു്.

Symbol question.svg.png നിങ്ങള്‍ എല്ലാം വിശ്വസിക്കുമോ?

ഇല്ല. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് ഫ്ളാഷ് ലൈററ്കൊണ്ട് കട്ടില്‍, അലമാരി ഇവയുടെ അടിയിലെല്ലാം പരിശോധിക്കും. ഇഴ ജന്തു കയറിക്കിടക്കുന്നുണ്ടോ എന്നിറിയാന്‍. കുടിക്കാന്‍ കൊണ്ടുവച്ച വെള്ളം നല്ലപോലെ അടച്ചിട്ടുണ്ടെങ്കിലും ടോര്‍ച്ചടിച്ചു നോക്കിയിട്ടേ കുടിക്കൂ. പക്ഷേ ബാങ്കിലെ കാഷ്യര്‍ തരുന്ന കറന്‍സിനേട്ടുകള്‍ ഒരിക്കലും എണ്ണിനോക്കാറില്ല.

Symbol question.svg.png ആരാണു സാറേ അപ്പുറത്തു ചുമിയ്ക്കുന്നത്?

മരിച്ച നവീന കവിത. മരിച്ചാലും അതു കുറെനേരം ചുമയ്ക്കും.

പ്രയോജനമില്ലാത്ത പ്രക്രിയ

മലിനജലമൊഴുകുന്ന പ്രണാളിയിലേക്കു വലിച്ചെറിയാത്ത ചില കവികളിലൊരാളായിരുന്നു ചങ്ങമ്പുഴ. വെണ്‍മണിനമ്പൂതിരി അങ്ങനെയായിരുന്നില്ലല്ലോ. അതു മാത്രമല്ല അദ്ദേഹത്തിന്റെ സവിശേഷത. താന്‍ നൂറുശതമാനവു നിസ്തുലനായ കവിയാണെന്ന് അറിയാമായിരുന്നെങ്കിലും ചങ്ങമ്പുഴ അത് നോട്ടംകൊണ്ടോ ഭാവംകൊണ്ടോ മററു ശരീരചേഷ്ടകള്‍കൊണ്ടോ വാക്കുകൊണ്ടോ ആരെയും അറിയിച്ചിരുന്നില്ല.

മുന്‍പ്, ഒരുധിഷണാശാലിയെ കാണാന്‍ ചിലര്‍ ചെന്നപ്പോള്‍ അദ്ദേഹം കടലാസ്സുകൊണ്ട് കപ്പലുണ്ടാക്കുകയായിരുന്നു. അത് ആകര്‍ഷകമായി നിര്‍മ്മിച്ച് അദ്ദേഹം കസേരയില്‍ വച്ചപ്പോള്‍ അതിഥികളിലൊരാള്‍ ചോദിച്ചു “സാര്‍ ഈ പ്രായത്തില്‍ കപ്പലുണ്ടാക്കി കളിക്കുകയാണോ?” അദ്ദേഹം പുഞ്ചിരി തൂകിയിട്ടു പറഞ്ഞു: “എന്നെ… പിള്ള അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിപ്പിച്ചത് ലണ്ടനില്‍ ഉന്നതവിദ്യാഭ്യാസത്തിന് അയയ്ക്കാമെന്നു പ്രതിജ്ഞ ചെയ്തതതിന് ശേഷമാണ്. വിവാഹം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിജ്ഞ ലംഘിക്കപ്പെട്ടു. അന്നു കപ്പലില്‍ കയറാന്‍ കഴിഞ്ഞില്ല. ഇന്നു കടലാസ്സുകൊണ്ടെങ്കിലും ഒന്നുണ്ടാക്കി നോക്കുകയായിരുന്നു. ഒരു psychological necessity.” എന്റെ അഭിവന്ദ്യ മിത്രവും നല്ലയാളുമായ ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി മാതൃഭൂമി ആഴ്ചപതിപ്പില്‍ ‘കാലിഫോര്‍ണിയയിലെ മരമുത്തച്ഛന്മാര്‍’ എന്നൊരു കാവ്യമെഴുതുകയും അതിന്റെ താഴെ ടൈലര്‍ 92 ജൂണ്‍ 22 എന്നു കുറിച്ചിടുകയും ചെയ്തപ്പോള്‍ ഞാനുടനെ എടുത്തത് അമേരിക്കയുടെ പടമാണ്. വളരെ കഷ്ടപ്പെട്ടത് ടെക്സാസില്‍ റ്റൈലര്‍ എന്ന് അടയാളപ്പെടുത്തിയ സ്ഥലം കണ്ടുപിടിച്ചു. ആ ധിഷണാശാലി കടലാസ്സു കീറിയെടുത്തു കപ്പലുണ്ടാക്കി; ഞാന്‍ പടമെടുത്തു റ്റൈലര്‍ നഗരം കണ്ടുപിടിച്ചു. വിഷ്ണുനാരായണന്‍ നമ്പൂതിരി ഭാഗ്യവാന്‍; ഞാന്‍ ഭാഗ്യരഹിതന്‍. റ്റെക്സാസില്‍ കവി ചെന്നത് കേരളത്തിലെ നാലുപേരറിഞ്ഞില്ലെങ്കില്‍ പോയതുകൊണ്ട് എന്തു പ്രയോജനം? അമേരിക്കയുടെ പടം ഞാന്‍ താഴെ വച്ചിട്ട് സുഹൃത്തിന്റെ കാവ്യം ഒരു തവണ വായിച്ചു. വേണ്ടപോലെ കാര്യം മനസ്സിലായില്ല. വീണ്ടും വീണ്ടും വായിച്ചു. റ്റൈലറില്‍ മാത്രമല്ല. കലഫോര്‍ണ്യയിലെ Redwood city–യിലും കവിപോയെന്നും അവിടെയുള്ള രണ്ടു മരമുത്തച്ഛന്മാരെക്കുറിച്ചാണ് അദ്ദേഹം കാവ്യമെഴുതിയതെന്നും ഞാന്‍ ഗ്രഹിച്ചു. ആഹ്ളാദിച്ചു. കലഫോര്‍ണ്യയുടെ പടം നോക്കി; Redwood city കണ്ടുപിടിച്ചു. സുഹൃത്തിന് നേരിട്ടുള്ള ആഹ്ളാദം; എനിക്കു vicarious enjoyment — പരോക്ഷമായ ആഹ്ളാദം.

ഈ പരോക്ഷമായ ആഹ്ളാദത്തോടെ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യസാഗരത്തില്‍ ഞാന്‍ പലവുരു മുങ്ങിത്തപ്പിയപ്പോള്‍ കിട്ടിയ ആശയരത്നമിതാണ്: കവി പ്രകൃതിയെ — അതിന്റെ പ്രതിരൂപങ്ങളായ മരമുത്തച്ഛന്മാരെ — വര്‍ണ്ണിക്കുന്നത് വെറും വര്‍ണ്ണനയ്ക്കു വേണ്ടിയല്ല. പ്രകൃതിയും മനുഷ്യനും ഒന്ന്; ക്രൈസ്തവചിന്തയും ഹൈന്ദവചിന്തയും ഒന്ന്. എല്ലാംകൂടി ഒരുമിച്ച് മനുഷ്യത്വമെന്ന മണ്ഡ‍ലത്തിലേക്കു അവനെ നയിക്കണം. അവിടെനിന്ന് ആധ്യാത്മകത്വത്തിന്റെ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലുന്നു. നല്ല ‘കണ്‍സ്പെഷന്‍’ (സങ്കല്പമെന്നും ഗര്‍ഭധാരണമെന്നും). പക്ഷേ ഡിലിവറി മോശം (ആവിഷ്കാകാരമെന്നും പ്രസവമെന്നും). കവി ആവിഷ്കരിക്കാന്‍ ആഗ്രഹിക്കുന്ന സത്യമുണ്ടല്ലോ. ആ സത്യത്തിന്റെ ഖണ്ഡങ്ങള്‍ ഖണ്ഡങ്ങളായിത്തന്നെ നില്ക്കുന്നു എന്നതാണ് ഈ കാവ്യത്തിന്റെ ന്യൂനത. ഉദ്ഗ്രഥിതമായ ഭാവനാശക്തിയുടെ അഗ്നിയില്‍ ഉരുകി എല്ലാം ഒന്നായി, സാകല്യാവസ്ഥപൂണ്ട് വരുന്നില്ല.

ഇതിലെ സത്യം. അതുകൊണ്ട് കവിത പ്രദാനം ചെയ്യേണ്ട അനുഭൂതി ഇത് നല്കുന്നില്ല. കാവ്യം അനുവാചകന്റെ മസ്തിഷ്കത്തില്‍ ചലനമുള വാക്കിയാല്‍ മാത്രം പോരാ. അയാളുടെ സംവേദനങ്ങളെ ഉണര്‍ത്തണം. അപ്പോള്‍ കവിയുടെ സംവേദനങ്ങളും അനുവാചകന്റെ സംവേദനങ്ങളും ഒന്നാകണം. അതൊന്നും ഇവിടെ സംഭവിക്കുന്നില്ല. ഇന്നത്തെ നിലയില്‍ അത് നിഷ്‌പ്രയോജനമായ പ്രക്രിയയാണ്.

ദുഷ്ടനല്ലാത്ത കാരണവര്‍

ഈ കാലയളവിലെ ആരെക്കുറിച്ചും ഞാന്‍ ഒന്നും പറയുന്നില്ല. അന്നു ഞാന്‍ പ്രതിഭാശാലിയായ വള്ളത്തോളിനെ അഭിനന്ദിച്ചിരുന്നു. സ്വേച്ഛാധിപതിയായ സര്‍. സി. പി. രാമസ്സ്വാമിഅയ്യരെ പേടിച്ചിരുന്നു. സത്യസന്ധനായ കൈനിക്കര കുമാരപിള്ളയെ ബഹുമാനിച്ചിരുന്നു. ആരോടും സ്നേഹം തോന്നിയില്ല എനിക്ക്.

എനിക്കൊരു കാരണവരുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഈ ലോകത്തില്ല. കാരണവരുടെ പ്രധാന ദോഷമോ ഗുണമോ അദ്ദേഹത്തിനു കുഞ്ഞുങ്ങളെ കണ്ടുകൂടായിരുന്നു എന്നതാണ്. വീട്ടിലെ ഏതു ശിശു അടുത്തുചെന്നാലും അദ്ദേഹം കണ്ണുരുട്ടിക്കാണിക്കും. കുഞ്ഞു പേടിച്ചു നിലവിളികൊണ്ടാടുമ്പോള്‍ മററുള്ളവര്‍ കാര്യമെന്തെന്നു തിരക്കിയാല്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടില്‍ കാരണവര്‍ ഇരിക്കും. കുഞ്ഞിന്റെ അമ്മതന്നെ അതിനെ ഒക്കത്ത് എടുത്തുകൊണ്ട് അദ്ദേഹത്തോട് “ചേട്ടാ എന്തിനാ ഇതു കരഞ്ഞത്” എന്നു ചോദിച്ചാല്‍ ‘എന്തോ’ എന്ന മറുപടി. മധുരമന്ദഹാസത്തോടെ കുഞ്ഞിനെ എടുക്കാന്‍ കൈനീട്ടുകയും ചെയ്യും. തള്ള അതോടെ തെററിദ്ധാരണ മാറി അടുക്കളയിലേക്കു പോകും. കാരണവരുടെ ഈ കണ്ണുരുട്ടിക്കാണിക്കല്‍ ഞാന്‍ പലതവണ കണ്ടിട്ടുള്ളവനാണ്. അപ്പോഴൊക്കെ “ഇയാളെന്തൊരു ദുഷ്ടന്‍!” എന്നു വിചാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രീ. ഐ. കെ. കെ. എമ്മിന്റെ ഒരു കഥാശിശു — ‘പൊയ്മുഖം’ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളില്‍ കയറിനില്ക്കുന്നതു കാണുമ്പോള്‍ എന്റെ ആ പഴയ കാരണവര്‍ ദുഷ്ടനല്ലെന്ന് എനിക്കു തോന്നുന്നു. അദ്ദേഹത്തെക്കാള്‍ ഭീതിപ്രദമായ രീതിയില്‍ കണ്ണുമുഴുപ്പിച്ച് കാണിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടാവുകയും ചെയ്യുന്നു.

കഥാശിശുവെന്നു ഞാന്‍ വിളിച്ചതു വെറുതെയല്ല. ഭാര്യയും ഭര്‍ത്താവും. ആദ്യമൊക്കെ നല്ലവനായിരുന്നു അയാള്‍. പിന്നെ അതിമദ്യപനായി. ഭാര്യ ആത്മഹത്യ ചെയ്തു. അതിമദ്യപനും ചത്തു. ആ ദമ്പതികളുടെ മിത്രമായ ഒരുത്തന്റെ വാക്കുകളിലൂടെയാണ് ഐ. കെ. കെ. എം. ഈ കഥാശിശുവിനെ എന്നെ ഉപദ്രവിക്കാനായി അയയ്ക്കുന്നത്. ഞാന്‍ കണ്ണുരുട്ടിക്കാണിച്ച് അതിനെ പേടിപ്പിച്ചേ പററൂ. ഇല്ലെങ്കില്‍ അത് എന്റെ മടിയില്‍ കയറിയിരിക്കും. ഷേര്‍ടും മുണ്ടും അഴുക്കാക്കും. റിസ്ററ് വാച്ച് കളിക്കാനായി അഴിച്ചെടുക്കും. അതു താഴെയിടും. ഞാന്‍ കണ്ണുമുഴപ്പിക്കട്ടെ. കഥയുടെ ആരംഭദശയില്‍ അതിനു ശിശുത എന്ന അവസ്ഥയാണല്ലോ. അതാണ് ഇക്കഥയ്ക്ക്. പിന്നെ ശിശുക്കളെക്കൊണ്ടും പ്രയോജനമുണ്ട്. ഞാനൊരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ എനിക്കഭിമുഖമായി ഒരു ഹ്രസ്വകായനും അയാളുടെ ഭാര്യയും നാലുവയസ്സ്, ഒരുവയസ്സ് ഈ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. മുകളില്‍ പെട്ടിയും കിടക്കയും മററും വച്ചിരിക്കുന്നിടത്ത് ആയിപ്പോയി ഒരുവയസ്സുകാരിയുടെ പാല്ക്കുപ്പി. കൊച്ചു തൊണ്ട കീറിയപ്പോള്‍ പാലുകൊടുക്കാമെന്നു തള്ള തീരുമാനിച്ചു. എതിരേയുള്ള സീററില്‍ കുറഞ്ഞത് എട്ടുപോരുണ്ട്. അതുകൊണ്ട് അതില്‍ച്ചവിട്ടിക്കയറി കുപ്പിയെടുക്കാന്‍ വയ്യ തന്തയ്ക്ക്. താഴെനിന്ന് കൈയെത്തിച്ചാല്‍ പാല്ക്കുപ്പിയുടെ അടുത്തെങ്ങും ചെല്ലുകയുമില്ല. ആ വിധത്തിലുളള ഒരാറാട്ടുമുണ്ടനായിരുന്നു അയാള്‍. തന്ത നാലുവയസ്സുകാരനെ എടുത്തു പൊക്കി കുപ്പി എടുപ്പിച്ചു. വലിയ ആളുകള്‍ കുടിക്കാത്ത കുപ്പിപ്പാലെന്ന ക്ഷുദ്രകലയെ എടുപ്പിച്ച് ഒരു വയസ്സുളള അനുവാചകശിശുവിന്റെ ചുണ്ടില്‍ച്ചേര്‍ക്കാന്‍ ഐ. കെ. കെ. എം. ഈ നാലുവയസ്സുള്ള കഥാശിശുവിനെ പ്രയോജനപ്പെടുത്തുന്നു. കുഞ്ഞു പാലുകുടിക്കട്ടെ. അതിന്റെ മന്ദസ്മിതം കണ്ട് അമ്മ ആഹ്ളാദിക്കട്ടെ. തന്തയും നാലുവയസ്സുകാരനും ചാരിതാര്‍ത്ഥ്യമടയട്ടെ. പ്രായംകൂടിയ നമ്മുടെ മുഖത്തിന്റെ നേര്‍ക്കു കുപ്പിയുടെ റബര്‍മുലക്കണ്ണു നീട്ടാതിരുന്നാല്‍ മതി അദ്ദേഹം.

പുതിയ പുസ്തകം

പെന്‍ഗ്വിന്‍ ഇന്‍ഡ്യ (വൈക്കിംങ്) പ്രസാധനം ചെയ്ത Noon in Calcutta: Short Stories from Bengal (Rs. 150) എന്ന പുസ്തകത്തില്‍ സമരേഷ് ബാസുവിന്റെ Farewell എന്ന ചെറുകഥ വായിച്ചപ്പോള്‍ കലയ്ക്ക് ഇത്രത്തോളം ഉയരാന്‍ കഴിയുമോ എന്നു ഞാന്‍ ആലോചിച്ചുപോയി. ഹിന്ദു–മുസ്‌ലിം ലഹള നടക്കുന്ന കാലം. സെക്ഷന്‍ 144; കര്‍ഫ്യു. ഇരുട്ടിന്റെ മറവില്‍ കുത്തിക്കൊല്ലുന്നു ആളുകളെ. മരിക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളികള്‍. ക്രമസമാധാനം പരിപാലിക്കുന്നുവെന്ന മട്ടില്‍ ഭടന്മാര്‍ എങ്ങോട്ടെന്നില്ലാതെ വെടിയുണ്ടകള്‍ വര്‍ഷിക്കുന്നു. അല്ലാഹുഅക്ബര്‍ ബന്ദേമാതരം എന്നൊക്കെ കേള്‍ക്കുന്നു. രണ്ടുവഴികള്‍ കൂടുന്നിടത്തു രണ്ടുപേര്‍ പേടിച്ചു പതുങ്ങിയിരിക്കുന്നു. ഒരാള്‍ മറ്റേയാളിനോടു ചോദിച്ചു: “ഹിന്ദുവോ മുസല്‍മാനോ?”

“നിങ്ങള്‍ ആദ്യം പറയു” എന്നു മറ്റേശ്ശബ്ദം. ഒരാള്‍ തോണിക്കാരന്‍; മറ്റേയാള്‍ കോട്ടണ്‍ മില്ലില്‍ ജോലിക്കാരന്‍. അവര്‍ വരുന്ന ശബ്ദം. “നമുക്കു പോകാം” എന്നൊരാള്‍. “അനങ്ങരുത്, മരിക്കാനാണോ ആഗ്രഹം” എന്നു മറ്റേയാളിന്റെ നിര്‍ദ്ദേശം. രണ്ടുപേരുടെയും സംശയം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. “ഒരു ബീടി വലിക്കൂ” എന്ന മില്ലിലെ ജോലിക്കാരന്‍. ബീടി കത്തിക്കഴിഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞു “അല്ലാഹുവിനു സ്തുതി” മില്ലിലെ തൊഴിലാളി അതുകേട്ട് ചാടിയെഴുന്നേററു ചോദിച്ചു: “അപ്പോള്‍ നിങ്ങള്‍ ഒരു…”

“അതേ, ഞാന്‍ മുസ്സല്‍മാന്‍ തന്നെ. അതു കൊണ്ടെന്ത്?”

“ഒന്നുമില്ല” എന്നു മറുപടി.

തോണിക്കാരന്റെ അടുത്തു ഒരു തുണിക്കെട്ട്. അതെന്ത് എന്നായി മില്ലിലെ തെഴിലാളി.

“എന്റെ കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പുകളും ഒരു സാരിയും” എന്നു അയാള്‍ മറുപടി നല്കി.

ഇങ്ങനെ സംസാരിച്ചു സംസാരിച്ചു അവര്‍ ആപ്തമിത്രങ്ങളായി. എന്തിന് ഈ വര്‍ഗ്ഗീയ ലഹള? രണ്ടുപേര്‍ക്കും അതിനുള്ള ഉത്തരമറിഞ്ഞുകൂടാ.

ബൂട്ട്സിന്റെ ശബ്ദം. അത് അടുത്തടുത്തു വന്നു. അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തോണിക്കാരന്‍ ഒരു പാന്‍കടയുടെ പിറകില്‍ മില്ലിന്റെ ജോലിക്കാരനെ കൊണ്ടുനിറുത്തിയിട്ടു പറഞ്ഞു. “ഇവിടെ നിന്നുകൊള്ളു. ഇത് ഹിന്ദുക്കളുടെ സ്ഥലമാണ്.” മുസ്സല്‍മാന് പോയേ പററൂ. മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് എത്തണം. മാത്രമല്ല അടുത്ത ദിവസം ഈദാണ്. എട്ടുദിവസമായി അയാള്‍ കുടുംബത്തെ പിരിഞ്ഞിട്ട്. ഹിന്ദുവിനു പേടി. “അവര്‍ നിങ്ങളെ പിടികൂടിയാലോ?” “എന്നെ പിടിക്കാന്‍ പററില്ല. ഇവിടെത്തന്നെ നിങ്ങള്‍ നിന്നുകൊള്ളു. ഞാന്‍ പോകുന്നു. ഈ രാത്രി… ഞാനിതു മറക്കില്ല. വിധി അനുകൂലമാണെങ്കില്‍ നമ്മള്‍ വീണ്ടും കാണും. മംഗളം.” മുസ്സല്‍മാന്‍ പോയി. അയാളുടെ ഭാര്യ അയാളുടെ നെഞ്ചില്‍ മുഖം അമര്‍ത്തി സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും കണ്ണീര്‍പൊഴിക്കുന്നത് മില്ലിലെ ജോലിക്കാരന്‍ മനസ്സില്‍ കണ്ടു. കുട്ടികള്‍ ആഹ്ളാദിക്കുന്നതും.

ബൂട്സ് ധരിച്ചവന്‍ ഓടുകയാണ്. രണ്ടു വെടി. ഓടിപ്പോയ ആളിന്റെ മരണരോദനം. തോണിക്കാരന്റെ ചിത്രം മില്ലിലെ തൊഴിലാളിയുടെ ഭാവനയില്‍ ഉയര്‍ന്നു വന്നു. ഭാര്യക്കുള്ള സാരിയും കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പുകളും നെഞ്ചില്‍ച്ചേര്‍ത്ത് ആ ചങ്ങാതി കിടക്കുകയാണ്. അവ ക്രമേണ രക്തംകൊണ്ടു ചുവന്നു. തോണിക്കാരന്റെ ശബ്ദം അയാള്‍ കേട്ടു. “സഹോദരാ, എനിക്ക് അവരുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. ആഘോഷദിവസം എന്റെ ഓമനകള്‍ കണ്ണീരില്‍ മുങ്ങും. ശത്രു നേരത്തെ എന്നെ സമീപിച്ചുപായി.”

വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും പ്രചാരണത്തിന്റെ പേരില്‍ കേരളത്തിലെ എഴുത്തുകാര്‍ ഇല്ലായമചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉല്പതിഷ്ണുക്കളില്‍ ഉല്‍പതിഷ്ണുവായിരുന്ന സമരേഷ്‌ ബാസു അവയെ മൂര്‍ത്തങ്ങളായി ചിത്രീകരിച്ചു കലയുടെ ആധിപത്യം പ്രദര്‍ശിപ്പിക്കുന്നു. ഇതുപോലെ മനോഹരങ്ങളായ മററു കഥകളും ഈ ഗ്രന്ഥത്തിലുണ്ട്. എല്ലാം വായിക്കാന്‍ എനിക്കു സമയം കിട്ടിയില്ല. വായിച്ച കഥകളില്‍ contrived എന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥയും കണ്ടു. എന്തായാലും സമരേഷ് ബാസുവിന്റെ “Farewell” എന്ന ഒററക്കഥകൊണ്ട് ഈ ഗ്രന്ഥത്തിന് മഹനീയത കൈവന്നിരിക്കുന്നു.

അസഹനീയം

പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാത്തവന്‍ മനുഷ്യനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കെന്നഡി പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രതിഷേധസ്വരം വരമൊഴിയാക്കിയാല്‍ കോപം കുറയും.

1981–ല്‍ സാഹിത്യരചനയക്ക് നോബല്‍ സമ്മാനം നേടിയ ഈല്യാസ് കനേററി The Woe Administrator എന്നൊരു കൊച്ചുപന്യാസം എഴുതിയിട്ടുണ്ട്. ഈ ലോകത്തുള്ള സകല ദുഃഖങ്ങളും അന്യര്‍ക്ക് നിവേദനം ചെയ്യുന്നവനാണ് അയാള്‍. നമ്മളൊക്കെ ദുഃഖസംഭവങ്ങള്‍ മററുള്ളവര്‍ പറഞ്ഞ് അറിഞ്ഞിരിക്കും. പക്ഷേ ഇയാള്‍ അങ്ങനെയല്ല. അതില്‍ പങ്കുകൊണ്ടിരിക്കും.“അറിഞ്ഞില്ലേ, ബന്ത് നടന്ന ദിവസം. ഞാന്‍ പള്ളച്ചല്‍ ജംഗ്ഷനില്‍ നില്ക്കുകയായിരുന്നു. പ്രസിവിക്കാറായ ഒരുത്തിയെ കാറില്‍ കൊണ്ടുവരികയായിരുന്നു. ബന്തിനോട് ആനുകൂല്യമുള്ളവര്‍ തടഞ്ഞു. എത്ര യാചിച്ചിട്ടും അവര്‍ കാറ് വിട്ടില്ല. അകത്ത് പ്രസവവേദനയോടെ സ്ത്രീ നിലവിളിക്കുകയാണ്. ഞാനും അപേക്ഷിച്ചു കാറ് പോകാന്‍ അനുവദിക്കാന്‍. അവരുണ്ടോ സമ്മതിക്കുന്നു. സ്ത്രീ കാറിനകത്തു പ്രസവിച്ചു. ചോര റോഡിലേക്കൊഴുകി. എന്റെ കണ്ണുകൊണ്ട് അതു കണ്ടതാണ്. അന്നുതന്നെ അയാള്‍ വേറൊരിടത്തു ചെന്ന് ഇങ്ങനെ: “ഓ, കൊലപാതകം. അവന്റെ കഴുത്തില്‍ സുന്ദരമായ വെട്ട്. തലയും ഉടലും വേര്‍പെട്ടില്ലെങ്കിലും ഒരിഞ്ചു മാംസത്തില്‍ തല തൂങ്ങിക്കിടന്നു. ശവമെടുക്കാന്‍ എന്നെയും പോലീസ് സഹായത്തിനു വിളിച്ചു. ഞാന്‍ മാറിക്കളഞ്ഞു.” മറ്റൊരിടത്തു ചെന്നു: “ആ രണ്ടുനിലക്കെട്ടിടത്തിലെ ആളുകള്‍ മൂകാംബികയില്‍ തൊഴാന്‍പോയ സമയം. ഉച്ചയ്ക്ക് ചിലര്‍ ലോറികൊണ്ടു നിറുത്തി. സകല സാധനങ്ങളും അതില്‍ക്കയററിയങ്ങു കൊണ്ടുപോയി. കളര്‍ റ്റെലിവിഷന്‍സെററ് എടുത്തുകൊണ്ടുവരുന്ന കള്ളനെ ഞാന്‍ നേരിട്ടു കണ്ടു. കള്ളന്മാരാണെന്നു വിചാരിച്ചതേയില്ല.”

ഈ ദുഃഖനിവേദനങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് വിസ്മയമില്ല. ആഹ്ളാദമില്ല, ശത്രുവിനു വരുന്ന ദൌര്‍ഭാഗ്യംപോലും നമുക്കു വേദന ജനിപ്പിക്കും. അതൊന്നും ഇക്കൂട്ടര്‍ക്കു പരിഗണനയേയില്ല. എപ്പോഴും മററുള്ളവര്‍ക്കു വേദനയുളവാക്കിക്കൊണ്ടിരിക്കണമെന്ന വിചാരമേയുള്ളു. സാഹിത്യത്തിലുമുണ്ട് ഇങ്ങനെ ചിലര്‍. അവരില്‍ ഒരാളാണ് ദേശാഭിമാനി വാരികയില്‍ “നീണ്ടുപാകുന്ന ക്യൂ” എന്ന ഉപന്യാസം ചെറുകഥയുടെ രീതിയില്‍ എഴുതിയ ശ്രീ. ശശിധരന്‍, ശ്രീപുരം. നാട്ടിലെ ക്ഷാമംകൊണ്ടു വരിയില്‍ നില്ക്കേണ്ടിവന്ന ഒരു പാവം ആത്മവിസ്മൃതിയിലാൻടു തകര്‍ന്നു വീഴുന്നുപോലും. എന്തൊരു ബീഭത്സതയാണ് ഈ രചനയ്ക്ക്!

പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാത്തവന്‍ മനുഷ്യനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കെന്നഡി പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രതിഷേധസ്വരം വരമൊഴിയാക്കിയാല്‍ കോപം കുറയും. നമ്മെ അപമാനിച്ചുകൊണ്ട് കത്തുകിട്ടുന്നു. അതേ നാണയത്തില്‍ തിരിച്ചുകൊടുക്കാന്‍ നമ്മള്‍ മറുപടി എഴുതിവയ്ക്കുന്നു. അതു കവറിലാക്കി ‘പോസററ്’ ചെയ്യുന്നില്ലെന്നിരിക്കട്ടെ. ഒരു ദിവസം അതു മേശപ്പുറത്തിരുന്നാല്‍ നമ്മള്‍ അതെടുത്തു കീറി ദൂരെയെറിയും. വാക്കുകള്‍ക്കു ആശ്വാസദായകശക്തിയുടണ്ട്. സാഹിത്യവാരഫലക്കാരനെ അന്യര്‍ അസഭ്യം പറയുമ്പോള്‍ അയാള്‍ അവര്‍ക്കു മറുപടി എഴുതും ആ പംക്തിയില്‍തന്നെ. പക്ഷേ പത്രാധിപര്‍ക്കു ലേഖനം കൊടുത്തയയ്ക്കാറാവുമ്പോള്‍ വാരഫലക്കാരന്‍തന്നെ ആ ഷീററ് വലിച്ചുകീറിക്കളഞ്ഞിട്ട് മറ്റൊരു ഷീററില്‍ നല്ല കാര്യങ്ങള്‍ എഴുതി ഇടയ്ക്കു തിരുകും.