close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 08 23


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 08 23
ലക്കം 884
മുൻലക്കം 1992 08 16
പിൻലക്കം 1992 08 30
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കുറെക്കാലം മുന്‍പ് എസ്. ഭാസുരചന്ദ്രനും അക്ബര്‍ കക്കട്ടിലും ഞാനും വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ പോയതിനെക്കുറിച്ച് സാഹിത്യവാരഫലത്തില്‍ എഴുതിയിരുന്നു. കേരളത്തില്‍ ഒരിടത്തും കാണാനില്ലാത്ത ഒരു വലിയ മരത്തിന്റെ ശീതളച്ഛായയില്‍ ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു ബഷീര്‍. എന്റെ വിമര്‍ശനങ്ങളെ വിസ്മരിച്ച് അദ്ദേഹം സഹോദരനോടെന്ന വിധത്തില്‍ എന്നോടു പെരുമാറി. ഞാന്‍ യാത്ര ചോദിച്ചപ്പോള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ഉതിര്‍ന്നു: “ഈശ്വരന്‍ അനുഗ്രഹിക്കും”. ഈ നല്ല മനുഷ്യനെയാണല്ലോ ഞാന്‍ വാക്കുകള്‍ കൊണ്ടെറ്റിയത് എന്നുവിചാരിച്ച് എനിക്കു ദുഃഖമുണ്ടാവുകയും ചെയ്തു.

ഒന്നു കാണാന്‍ കൊതിയാവുന്നു എന്ന സുഹ്രയുടെ വാക്യത്തില്‍ ഒരു വികാരപ്രപഞ്ചമുണ്ട്. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്ര പറയാന്‍ തുടങ്ങിയത്? എന്ന അവസാനത്തെ ചോദ്യത്തിന് ചിന്തയുടെ പ്രപഞ്ചമുണ്ട്. വാക്യങ്ങളെ, അല്ല വാക്കുകളെ അവയുടെ സത്തിലേക്കോ സാരാംശത്തിലേക്കോ കൊണ്ടുവന്ന് ഇമ്മട്ടില്‍ വൈപുല്യങ്ങളുടെ മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനു തുല്യനായി മറ്റൊരു കഥാകാരന്‍ കേരളത്തിലില്ല.

ഇപ്പോള്‍ ബഷീറിനെക്കുറിച്ചെഴുതാന്‍ കാരണമുണ്ട്. അദ്ദേഹത്തിന്റെ കൃതികളാകെ കോട്ടയത്തെ ഡി.സി.ബുക്ക്സ് രണ്ടുവാല്യങ്ങളായി പ്രസാധനം ചെയ്തിരിക്കുന്നു. എന്തൊരു രാമണീയകമാണ് ഈ ഗ്രന്ഥത്തിന്! ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചേതോഹരങ്ങളായ കാവ്യങ്ങളെ അച്ചടിയുടെ വൈകൃതത്തിലൂടെ, പലനിറമാര്‍ന്ന കടലാസ്സുകളുടെ വൈരൂപ്യത്തിലൂടെ പാണ്ട് രോഗിയെപ്പോലെ വേറെ ചില പ്രസാധകര്‍ അവതരിപ്പിച്ചപ്പോള്‍ ഡി.സി.ബുക്ക്സ് ബഷീറിന്റെ കൃതികളെ അദ്ദേഹത്തിന്റെ ‘ബാല്യകാലസഖി’യിലെ സുഹ്രയെപ്പോലെ സുന്ദരിയാക്കി നമ്മുടെ മുന്‍പില്‍ കൊണ്ടുവന്നു നിറുത്തിയിരിക്കുന്നു. ഡി.സി.ബുക്ക്സിന് എന്റെ അഭിനന്ദനം.

ബഷീര്‍ ആ വലിയ മരത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നതു പ്രതിരൂപാത്മകമായ പ്രക്രിയയാണെന്ന് എനിക്കു തോന്നുന്നു. സമുദായത്തിന്റെ വിലക്കുകളെ ലംഘിച്ച് പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള അഭിലാഷമാണ് അദ്ദേഹത്തെ വൃക്ഷച്ഛായയില്‍ ഇരുത്തുന്നത്. ആ വിലക്കുകളെ അദ്ദേഹം കലാത്മകമായ വിധത്തില്‍ത്തന്നെ “ബാല്യകാലസഖി”യില്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോ. പ്രകൃതിയുടെ മറ്റൊരു വശം–കരാളമായ ഭാഗം–മജീദിന്റെ കാലൊടിക്കുന്നുണ്ടാവാം, സുഹ്രയ്ക്കു ക്ഷയം വരുത്തി ജീവിതാന്ത്യം സംഭവിപ്പിക്കുന്നുണ്ടാവാം. ധനികനായിരുന്ന ബാപ്പയെ കൊടിയ ദരിദ്ര്യത്തിലേക്കു വലിച്ചെറിയുന്നുണ്ടാവാം. അതൊക്കെകണ്ടു മനസ്സ് നൊന്തുകരയുന്ന ബഷീറിനെ ഞാന്‍ “ബാല്യകാലസഖി”യില്‍ കണ്ടു. അതേസമയം ഈ വിഷാദങ്ങളില്‍നിന്നെല്ലാം മുക്തി നേടണമെങ്കില്‍ പ്രകൃതിയെ ആശ്രയസ്ഥാനമായി കരുതു എന്നും അദ്ദേഹം നമ്മളോടു പറയുന്നുണ്ട്. സുഹ്ര തന്റേതായ ഒരു കൊച്ചു മണ്ഡലത്തില്‍ ഒതുങ്ങുന്നു. മജീദും അങ്ങനെതന്നെ. ശോകം മാത്രമുള്ള മണ്ഡലങ്ങള്‍. അവ ചിത്രീകരിച്ചു നമ്മളെ“വിഷാദത്തിന്റെ കരിനീലത്തടാകത്തില്‍” എറിയുന്ന ബഷീര്‍ പ്രകൃതിയുടെ അനുഗ്രാഹക ശക്തിയിലും വിശ്വസിക്കുന്നു.

ഇപ്പോള്‍ ഞാന്‍ “ബാല്യകാലസഖി’’ വീണ്ടും വായിച്ചു. ഈ നോവലിനെക്കുറിച്ച് പണ്ട് ഞാന്‍ എന്തെഴുതി എന്നത് ഇപ്പോള്‍ പരിഗണനാര്‍ഹമല്ല. ആ നോവലിനെ അതിന്റേതായ രീതിയില്‍ നോക്കുമ്പോള്‍ മലയാളസാഹിത്യത്തിലെ ഒരുത്കൃഷ്ടമായ രചനയായി ഞാനതിനെ കാണുന്നു. ഏതു കലാസൃഷ്ടിയും കവിതയായിരിക്കണം. കാസാന്‍ദ്സാക്കീസിന്റെ “റിപ്പോര്‍ട്ട് റ്റു ഗ്രക്കോ” എന്ന ആത്മകഥാപരമായ നോവല്‍ കവിതയാണ്. ലൊര്‍കയുടെ “രക്തവിവാഹം” എന്ന നാടകം കവിതയാണ്. ഷാതോ ബ്രിയാങ്ങിന്റെ ആത്മകഥ കവിതയാണ്. “ബാല്യകാലസഖി”യും കവിതയാണ്. ധിഷണയോടുബന്ധപ്പെട്ട ഒരാശയമുണ്ടാവുക. അതിനു രൂപം നല്കാന്‍വേണ്ടി ചില കഥാപാത്രങ്ങളെ കണ്ടുപിടിക്കുക, എന്നിട്ട് അവരെക്കൊണ്ടു പ്രവര്‍ത്തിപ്പിച്ചു ഒരു ‘ഡിസൈന്‍’ ഉണ്ടാക്കുക–ഈ നവീനസമ്പ്രദായത്തില്‍നിന്ന് അകന്ന്, ചലനംകൊണ്ട ഭാവനയ്ക്ക് അനുരൂപമായി കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നതാണ് ബഷീറിന്റെ രീതി. അപ്പോള്‍ അദ്ദേഹത്തിന്റെ രചന സത്യത്തിന്റെ നാദമുയര്‍ത്തുന്നു. ആ വിശുദ്ധകര്‍മ്മം അനുഷ്ഠിക്കുന്നതിന് വളരെക്കുറച്ചു വാക്കുകളേ അദ്ദേഹത്തിനു വേണ്ടൂ. എന്നാല്‍ അവ വികാരത്തിന്റെ പ്രകമ്പനമുളവാക്കുകയും ചെയ്യുന്നു. “ഒന്നുകാണാന്‍ കൊതിയാവുന്നു” എന്ന സുഹ്രയുടെ വാക്യത്തില്‍ ഒരു വികാരപ്രപഞ്ചമുണ്ട്. “എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്രാ പറയാന്‍ തുടങ്ങിയത്?” എന്ന അവസാനത്തെ ചോദ്യത്തില്‍ ചിന്തയുടെ പ്രപഞ്ചമുണ്ട്. വാക്യങ്ങളെ, അല്ല വാക്കുകളെ അവയുടെ സത്തിലേക്കോ സരാംശത്തിലേക്കോ കൊണ്ടുവന്ന് ഇമ്മട്ടില്‍ വൈപുല്യങ്ങളുടെ മണ്ഡലങ്ങള്‍ സൃഷ്ടിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിനുതുല്യനായി മറ്റൊരു കഥാകാരന്‍ കേരളത്തില്‍ ഇല്ല.


ചോദ്യം, ഉത്തരം

പൂവന്‍കോഴി മുട്ടയിടുമോ? ചില സാഹിത്യകാരന്മാരുടെ പൂവന്‍കോഴി സ്വര്‍ണ്ണമുട്ടയിടും. അതിനാലാണ് അവര്‍ക്കു കീര്‍ത്തിയും പണവും.

Symbol question.svg.png തിന്മയെന്നാല്‍ എന്താണ്?

തനിക്കറിയാവുന്നതെല്ലാം പ്ലാറ്റുഫോമില്‍നിന്നു കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലുമെടുത്തു പറഞ്ഞിട്ടേ പോകൂ എന്നു ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നവന്‍ തിന്മയുടെ ഉടലെടുത്ത രൂപമാണ്.

Symbol question.svg.png അസൂയയ്ക്ക് നിര്‍വ്വചനം തരൂ?

നിര്‍വ്വചനം വയ്യ. വിശദീകരിക്കാം. എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍വന്ന ഒരു സുന്ദരിപ്പെണ്‍കുട്ടി ചോദിച്ചു:‘സാറ് സുഹാസിനിയുടെ ചിരിയെ വാഴ്ത്തുന്നു.ആ ചിരിയില്‍ അത്രയ്ക്കു ഭംഗി എന്തുണ്ട്?’ ഇതാണ് അസൂയ.

Symbol question.svg.png സ്ത്രീക്കു പുരുഷനോടുള്ള മാനസികനിലയെന്ത്?

രണ്ടു മാനസികനിലയേയുള്ളു സ്ത്രീക്ക്. ഒന്നുകില്‍ സ്നേഹം അല്ലെങ്കില്‍ പുച്ഛം. പുരുഷന്‍ മറ്റുള്ളവരെ–വിശേഷിച്ചും സ്ത്രീകളെ–സ്നേഹിച്ചില്ലെന്നു വരും. പക്ഷേ പുച്ഛിക്കില്ല” (ബല്‍സാക്കിന്റെ ആശയം ഭാഗികമായി)

Symbol question.svg.png വീട്ടുകാര്‍ ഏര്‍പ്പാടു ചെയ്യുന്ന വിവാഹവും പ്രേമവിവാഹവും തമ്മില്‍ എന്താണു വ്യത്യാസം?

പ്രേമവിവാഹത്തില്‍ എപ്പോഴും ദുഃഖം. ഏര്‍പ്പാടു ചെയ്ത വിവാഹത്തില്‍ വല്ലപ്പോഴും ദുഃഖം.

Symbol question.svg.png നിങ്ങള്‍ ഏറ്റവും വെറുക്കുന്നത് ഏതു വാക്യം?

Happy Birthday എന്നു മറ്റുള്ളവര്‍ എന്നോടു പറയുമ്പോള്‍.

Symbol question.svg.png മഴ പെയ്യുന്നു മദ്ദളംകൊട്ടുന്നു…ബാക്കി?

പോഷത്തം ബാക്കി പറയാന്‍ മേലാ.

Symbol question.svg.png സുന്ദരമായ ഗദ്യമെഴുതാന്‍ ഏതു ഗദ്യകൃതികള്‍ വായിക്കണം?

ഒരു ഗദ്യകൃതിയും വയിക്കേണ്ടതില്ല. എഴുത്തച്ഛന്റെയും നമ്പ്യാരുടെയും കൃതികള്‍ ഹൃദിസ്ഥങ്ങളാക്കണം. ചമ്പുക്കളും വായിക്കണം. ഇത്രയും ചെയ്താല്‍ ഗദ്യം മനോഹരമാകും.

Symbol question.svg.png പൂവന്‍കോഴി മുട്ടയിടുമോ?

ചില സാഹിത്യകാരന്മാരുടെ പൂവന്‍കോഴി സ്വര്‍ണ്ണമുട്ടയിടും. അതിനാലാണ് അവര്‍ക്ക് കീര്‍ത്തിയും പണവും.

Symbol question.svg.png നിങ്ങള്‍ ഒരു കഴുതയല്ലേ? നിങ്ങള്‍ കഴുതയല്ലേ എന്നു ചോദിച്ചാല്‍ മതി. ‘ഒരു’ എന്നു കൂടിവേണ്ട. ഇനി ഉത്തരം.

അതേ, ഞാന്‍ കഴുത തന്നെ. കേരളത്തിലെ സാഹിത്യകാരന്മാരെയും നിങ്ങളെപ്പോലെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും ചുമക്കുന്ന കഴുത.

കവിത മിന്നാമിനുങ്ങ്

വേമ്പനാട്ടുകായലില്‍ നിലാവു വീണുകിടക്കുന്നത് ഞാന്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. അരൂക്കുറ്റിയില്‍ നിന്ന് അരൂരേക്കുപോകാന്‍ കടത്തുവള്ളം കാത്തുനില്ക്കുമ്പോള്‍ ‘ഏതു ക്ലാസ്സില്‍ പഠിക്കുന്നു’ എന്നു ഒരു സുന്ദരിപ്പെണ്‍കുട്ടി ചോദിച്ചതിന്റെ മാധുര്യം ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട്. ‘എന്റെ അനാകര്‍ഷകങ്ങളായ ദീര്‍ഘവര്‍ഷങ്ങളില്‍ സൂര്യന്‍ പ്രഭചൊരിയുകയും ചന്ദ്രന്‍ നിലാവ് പ്രസരിപ്പിക്കുകയും ചെയ്യുന്നു. ചിറകുകളില്ലെന്ന രീതിയില്‍ നീലാന്തരീക്ഷത്തില്‍ ഭ്രമണംചെയ്യുന്ന കൃഷ്ണപ്പരുന്ത് ജലാശയത്തിന്റെ തീരത്തു തെല്ലുനേരം വന്നിരുന്ന് ജലദര്‍പ്പണത്തില്‍ സ്വന്തം സൗന്ദര്യം നോക്കിയതിനുശേഷം വീണ്ടും ആകാശത്തേക്കുയരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിത്രശലഭങ്ങള്‍ ഒരു പൂവില്‍നിന്നു മറ്റൊരു പൂവിലേക്കു പറക്കുമ്പോള്‍ അവയുടെ കനമില്ലായ്മയെക്കാള്‍ കനംകുറഞ്ഞ മധുരമന്ദഹാസങ്ങള്‍ ഞാനേറെ കണ്ടിട്ടുണ്ട്… ഈ സുന്ദരദൃശ്യങ്ങള്‍ കണ്ട എനിക്ക്, കാണുന്ന എനിക്ക് ശ്രീ. ജയപ്രകാശ് അങ്കമാലി കലാകൗമുദിവാരികയിലെഴുതിയ “ജീവനി” എന്ന കാവ്യം ക്ഷോഭജനകമായിഭവിക്കുന്നു. സ്പഷ്ടങ്ങളായ പുരാണകഥകളെ കരുതിക്കൂട്ടി അസ്പഷ്ടങ്ങളാക്കി പരുക്കന്‍ പദസന്നിവേശത്താല്‍ ഉദ്വേഗം ജനിപ്പിച്ച് അദ്ദേഹമെഴുതുന്ന പദ്യഭാഗങ്ങള്‍ എനിക്ക് അസഹനീയങ്ങളാണ്. മനുഷ്യന്റെ വിധിവൈപരീത്യമാണോ അദ്ദേഹത്തിന്റെ വിഷയം? അതോ രാജ്യത്തിന്റെ ദുര്‍ദ്ദശയോ? അതോ ഉത്കൃഷ്ടതയോ? എന്തോ ഒന്നും വ്യക്തമല്ല. രാത്രി പച്ചിലയില്‍ വന്നിരുന്നു സ്വന്തം ഇത്തിരിവെട്ടംകൊണ്ട് ശോഭയുടെ ഒരു ചെറിയ വൃത്തം ആരചിക്കുന്നു മിന്നാമിനുങ്ങ്. കവിത മിന്നാമിനുങ്ങാണ്. ജീവിതദലത്തില്‍ അതു ചെറിയ പ്രകാശമെങ്കിലും വീഴ്ത്തണം.

ജയപ്രകാശ് എഴുതിയ ഈ പദ്യത്തെ കുങ്കുമം വാരികയില്‍ ശ്രീമതി.എസ്. സതീദേവി എഴുതിയ ‘യാത്രാമൊഴിയു’മായി ഒന്നു താരതമ്യപ്പെടുത്തുക. യാത്രാമൊഴി ഉത്കൃഷ്ടമായ കാവ്യമല്ല. പക്ഷേ നവീനകവിതയുടെ ദുര്‍ഗ്രഹതയോ വിഭ്രമജനകത്വമോ ആശയസങ്കീര്‍ണ്ണതയോ അതിനില്ല. കവിക്കു പറയാനുള്ളത് സ്പഷ്ടമായി പറഞ്ഞിരിക്കുന്നു. ലയാനുവിദ്ധതയും അതിനുണ്ട്. സതീദേവിയുടെ കാവ്യത്തിന്റെ രൂപം യാഥാസ്ഥിതികമാണ്. ആശയത്തിനു പുതുമയില്ല, ഇംഗ്ലീഷില്‍ sure hand എന്നു വിളിക്കുന്ന ധര്‍മ്മം അതിനില്ല എന്നൊക്കെപ്പറയാം. സംക്ഷേപണചാരുത ഉണ്ടായിരുന്നെങ്കില്‍ എന്നു സഹൃദയന്‍ പറയുകയും ചെയ്യും. പക്ഷേ ഏകാന്തത്തിലിരുന്ന് അതൊന്നു ഉറക്കെച്ചൊല്ലിനോക്കുക. കാവ്യഹൃദയത്തിന്റെ സ്പന്ദനം അതില്‍നിന്നു നിങ്ങള്‍ കേള്‍ക്കും.

തെറ്റുകള്‍

{{Ordered list |ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഡോക്ടര്‍ (ഗള്‍ഫ് രാജ്യത്താണ് അദ്ദേഹത്തിന്റെ ജോലി) ദയാപൂര്‍വം എന്റെ വീട്ടില്‍ വന്നിരുന്നു. പ്രായമേറെയായിട്ടും തികഞ്ഞ ആരോഗ്യമുണ്ടെനിക്ക്. അതിന്റെ രഹസ്യമെന്തെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ദിവസവും കാലത്തും രാത്രിയും ചുവന്നുള്ളി പാലില്‍ വേകിച്ചു കഴിക്കുന്നു എനു മറുപടി നല്‍കി. ഡോക്ടര്‍ അതു കണ്ടിട്ടാവണം എന്നോടു പറഞ്ഞു:ഉള്ളികഴിച്ചാല്‍ കൊളസ്റ്ററോള്‍ [ശരിയായ ഉച്ചാരണം ഇതില്‍നിന്ന് അല്പം വിഭിന്നമാണ് — ലേഖകന്‍] കൂടും. അതു കൂടിയാല്‍ ആപത്താണ്. ഡോക്ടര്‍ പറഞ്ഞതല്ലേ, ഞാനതു വിശ്വസിച്ചു. ഉള്ളികഴിക്കല്‍ നിറുത്തി. പ്രശസ്തനായ നോവലിസ്റ്റ് ജി.വിവേകാനന്ദനോടു ഡോക്ടറുടെ ഈ പ്രസ്താവത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം അറിയിച്ചു:‘അതു ശരിയല്ല. ഉള്ളി കൊളസ്റ്ററൊള്‍ കുറയ്ക്കുകയേ ഉള്ളു.” എങ്കിലും ഞാന്‍ അതു വീണ്ടും കഴിക്കാന്‍ പോയില്ല. ഇന്ന് Dr. Patrick Pietroni (Chairman of the British Holistic Medical Association”) അവതാരിക എഴുതിയ “Good Health Guide” എന്ന പുസ്തകം നോക്കിയപ്പോള്‍ കണ്ടത് ഇങ്ങനെ:“Onion is also capable of taking the cholesterol sting out of foods.” ഡോക്ടര്‍ കെ.കെ.ശര്‍മ്മയും മൂന്നു സഹപ്രവര്‍ത്തകരും ഉള്ളിയുടെ Cholesterol-lowering ശക്തിപരീക്ഷണങ്ങള്‍ നടത്തി തെളിയിച്ചിട്ടുണ്ടെന്നും ഈ പുസ്തകത്തിലുണ്ട്. ഉള്ളി വേകിച്ചാലും അതിന്റെ ശക്തിക്ക് കുറവു വരില്ലത്രേ (Page 338). ഉള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നും ഇതില്‍ കാണുന്നു (Page 392, പുസ്തകത്തിന്റെ വില Rs. 100).

| മലയാളം നല്ലപോലെ കൈകാര്യം ചെയ്യുന്ന, സംസ്കൃതവും അറിയാവുന്ന ഒരു നല്ല സാഹിത്യകാരന്‍ മുന്‍പൊരിക്കല്‍ “അവള്‍ ഉഷ്ണീഷമഴിച്ച് കുഞ്ഞിനുമുലകൊടുത്തു.” എന്നെഴുതി. ഉഷ്ണീഷത്തിന് തൊപ്പി, തലപ്പാവ് എന്നാണ് അര്‍ത്ഥമെന്നത് അദ്ദേഹമങ്ങു മറന്നുപോയി. പുരുഷന്മാര്‍ക്ക് ഉഷ്ണകാലത്ത് ഷേര്‍ട്ടിടാതെ, ബനിയന്‍പോലുമിടാതെ വീട്ടില്‍ നില്ക്കാം. വേണമെങ്കില്‍ റോഡിലിറങ്ങി നടക്കുകയും ചെയ്യാം. സ്ത്രീകള്‍ക്ക് അതു കഴിയുകയില്ലല്ലോ. ഉഷ്ണീഷത്തിന് ഉഷ്ണമകറ്റുന്നത്–തൊപ്പി–എന്നാണ് അര്‍ത്ഥമെങ്കിലും ഉഷ്ണം കൂട്ടുന്ന റവുക്കയോ ബ്രായോ ആയിരിക്കുമതെന്ന് സാഹിത്യകാരന്‍ ധരിച്ചുപോയി. അതുകൊണ്ട് അതഴിച്ചപ്പോള്‍ അവള്‍ക്കു താല്‍ക്കാലികസുഖം; മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനും സുഖം. രണ്ടുപേരും സുഖിക്കട്ടെ. സുഖത്തിന്റെ മുന്‍പില്‍ ശരിയായ അര്‍ത്ഥത്തിന് എന്തു കാര്യം?

| ‘മയൂരസന്ദേശ’ത്തിനു വ്യാഖ്യാനമെഴുതിയ ഒരു പ്രഫെസര്‍ അതെന്നെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. “സാലത്തിന്മേല്‍ പരിചൊടു പറന്നെത്തി…” എന്ന കാവ്യഭാഗം വായിച്ചിട്ട് സാലം=പന എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വിനയത്തോടെ അറിയിച്ചു. “സാര്‍, സാലം tree in general. താലം=പന. അതിനാല്‍ സാലത്തിന് പനയെന്ന് എഴുതിയത് ശരിയാണോ എന്നു സംശയം.” “പനയും മരം തന്നെ. അതുകൊണ്ട് ഞാനതു മാറ്റുന്നില്ല” എന്നു പറഞ്ഞു പിന്നെയും വായിക്കാന്‍ തുടങ്ങി.

| ഞാന്‍ ‘രാമചന്ദ്രവിലാസം’ മഹാകാവ്യം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നു.

‘പൊടിയാടുക പിന്നെയാട്ടെടോ നീ
ചൊടി ചെമ്പിച്ചൊരു സത്വവേദിയല്ലേ
തുട നല്ല കുരുക്കമാണവള്‍ക്കു
ള്ളടയാളം നൂനിയുള്ള നിന്‍കരം പോല്‍

ഇതിലെ നൂനിയുടെ അര്‍ത്ഥം എനിക്കറിഞ്ഞുകൂടെന്നും നോക്കി പിന്നെ പറയാമെന്നും ഞാന്‍ വിദ്യാര്‍ത്ഥികളോടു പറഞ്ഞു. ക്ലാസ് കഴിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പില്‍ച്ചെന്ന് എന്റെ അദ്ധ്യാപകനായിരുന്ന കുഞ്ഞുകൃഷ്ണപിള്ളസ്സാറിനോട് ആ വാക്കിന്റെ അര്‍ത്ഥം ചോദിച്ചു. സാറിന്റെ മറുപടി–“നൂനിയെന്നാല്‍ പതകരി. ല്യൂക്കഡേമ എന്നു ഇംഗ്ലീഷില്‍ പറയുന്നത്.”

ഞാന്‍
സാര്‍, സീതയുടെ തുടയില്‍ പാണ്ടോ?
സാറ്
“അതേ ആനയുടെ തുമ്പിക്കൈയില്‍ പാണ്ടില്ലേ? തുമ്പിക്കൈക്കു സദൃശമായ തുടയില്‍പാണ്ട്. സംശയമുണ്ടെങ്കില്‍ ശ്രീരാമനോടു ചോദിച്ചാല്‍മതി” [ഇന്നും നൂനിയുടെ അര്‍ത്ഥമെന്തെന്ന് എനിക്കറിഞ്ഞുകൂടാ. നുനൈ എന്ന വാക്കുണ്ട് Tamil Lexion-ല്‍ തുമ്പ് എന്നാണ് അതിനര്‍ത്ഥം നല്‍കിയിരിക്കുന്നത്.]

മാസ്റ്റര്‍പീസോ?

രണ്ടു മാനസ്സിക നിലകളേയുള്ളു സ്ത്രീക്ക് ഒന്നുകില്‍ സ്നേഹം അല്ലെങ്കില്‍ പുച്ഛം. പുരുഷന്‍ മറ്റുള്ളവരെ–വിശേഷിച്ചും സ്ത്രീകളെ സ്നേഹിച്ചില്ലെന്നുവരും. പക്ഷേ പുച്ഛിക്കില്ല.

ഏര്‍നാസ്തോ സാബാതോ (Ernesto Sabato) ആര്‍ജന്റീനയിലെ മഹാനായ നോവലിസ്റ്റാണ് എന്നു നിരൂപകര്‍ പറയുന്നു. ഇവിടെയെങ്ങും കിട്ടാനില്ലാത്ത, അദ്ദേഹത്തിന്റെ On Heroes and Tombs എന്ന നോവല്‍ (translated by Helan R. Lane–David R Godine, Publisher inc. Massachusetta) ഞാന്‍ വായിച്ചു. Powerful, powerful എന്ന് നിരൂപകര്‍ വീണ്ടും വീണ്ടുംപറയുന്ന ഈനോവല്‍ യഥാര്‍ത്ഥമായ പ്രതിഭയുടെ ഫലമല്ലെന്നാണ് എന്റെ പക്ഷം. ഗതാവലോകനകലാസങ്കേതം (retrospective technique) പരോക്ഷമായ ആഖ്യാനം, ഋജുവായ ആഖ്യാനം ഇവയിലൂടെ മാര്‍തീന്‍ (Martin) എന്ന ഒരു പയ്യന്റെയും അലേഹാന്ദ്രേ (Alejandra) എന്ന പെണ്‍കുട്ടിയുടേയും പ്രേമകഥ പറയുകയാണ് നോവലിസ്റ്റ്. പെണ്‍കുട്ടിയെ ചുഴലിദ്ദീനം പിടിച്ചവളെപ്പോലെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈചിത്രീകരണം ആദ്യമൊക്കെ അസ്വാഭാവികമായി തോന്നുമെങ്കിലും കഥാഗതിയുടെ ചുരുളുകള്‍ അഴിയുമ്പോള്‍ അതിന്റെ അസഹനീയത മാറിക്കിട്ടും. കാരണം പെണ്‍കുട്ടിയുടെ അച്ഛന് അവളുമായി ലൈംഗികബന്ധം ഉണ്ട് എന്നതാണ്. അതുണ്ടാക്കിയ മാനസികാഘാതമായിരിക്കാം ഈ അനിയതസ്വഭാവത്തിനു ഹേതു. അലേഹാന്ദ്രേയുടെ അച്ഛന്‍ ദുഷിച്ച, ജീര്‍ണ്ണിച്ച ആര്‍ജന്റീനയ്ക്കു പ്രാതിനിധ്യം വഹിക്കുന്നു. അയളിലൂടെ നമ്മള്‍ രാജ്യത്തിന്റെയും അതിന്റെ പ്രധാനനഗരമായ ബേനസ് ഐറിസിന്റെയും ജീര്‍ണ്ണത മുഴുവന്‍ കാണുന്നു. പെറോണ്‍ എന്ന സ്വേച്ഛാധികാരിയുടെ ഭരണകാലയളവിലെ ആദ്യത്തെ ചില സംവത്സരങ്ങളുടെ ചിത്രങ്ങളാണ് നോവലില്‍. ആ ചിത്രങ്ങള്‍ക്ക് ആര്‍ജന്റീനയെസ്സംബന്ധിച്ചിടത്തോളം ആംഗത്യം കാണുമായിരിക്കും. പക്ഷേ, മാര്‍കേസിനെപ്പോലെ, റോ ആ ബാസ്തോസിനെപ്പോലെ അവയ്ക്കു സാര്‍വജനീനസ്വഭാവം വരുത്താന്‍ സാബാതോക്ക് കഴിഞ്ഞിട്ടില്ല. ആലേഹാന്ദ്രേ അച്ഛനെ കൊന്നിട്ട് ആത്മഹത്യ ചെയ്യുന്നു. അഗമ്യഗമനം ആദ്യമേതന്നെ പെണ്‍കുട്ടി സൂചിപ്പിക്കുന്നുണ്ട്. “‘My mother died when I was five. And when I was eleven I found my father here with a woman. But I think now that he’d been sleeping with her for a long time before my mother died.’ With a laugh that appeared to be a normal one to the same degree that a hunchbacked criminal resembles a man sound in mind and body she added: ‘In the same bed that I sleep now’”

ഉത്കൃഷ്ടങ്ങളായ നോവലുകള്‍ വായിക്കുമ്പോള്‍ നമ്മള്‍ വാക്യങ്ങള്‍ കാണുകയില്ല. ഗ്രന്ഥകാരനെ കാണുകയില്ല. സംഭവപ്രഭാവത്തിലൂടെ ഒഴുകുകയാണ്.

മഹാന്മാരായ നോവലിസ്റ്റുകള്‍ സൗന്ദര്യത്തോടു ബന്ധപ്പെട്ട സംസ്കാരത്തില്‍ നിന്നാണ് കലാനിര്‍മ്മാണത്തിനു ഒരുങ്ങുക. സാബാതോക്ക് പെറോണ്‍ ഭരണത്തിന്റെ ക്രൂരതകളും അവ ജനിപ്പിച്ച ‘ലാബറിന്‍തി’ല്‍ ജനതയ്ക്കുണ്ടാകുന്ന വട്ടംകറങ്ങലുകളുമാണ് പ്രാധാന്യമാര്‍ജ്ജിച്ചവ. ധിഷണിയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ആശയങ്ങള്‍ക്കു രൂപം നല്‍കാനാണ് അദ്ദേഹത്തിന്റെ യത്നം. അതുകൊണ്ട് ഈ നോവലിന് സൗന്ദര്യത്തോടു ബന്ധപ്പെട്ട സംസ്കാരമില്ല. ഉത്കൃഷ്ടങ്ങളായ നോവലുകള്‍ വായിക്കുമ്പോള്‍ നമ്മള്‍ വാക്യങ്ങള്‍ കാണുകില്ല, ഗ്രന്ഥകാരനെ കാണുകില്ല. സംഭവപ്രവാഹത്തിലൂടെ ഒഴുകുകയാണ്. സാബാതോ വായനക്കാരനെ ആഖ്യാനത്തിന്റെ ചങ്ങലകൊണ്ടുബന്ധിച്ചു വലിച്ചിഴച്ചുകൊണ്ടു നടക്കുന്നു.

* * *

നാവിന്റെ തുമ്പിലാണു ചിലര്‍ക്കു വാക്കുകളിരിക്കുന്നതെന്നു ഈല്യാസ് കനേറ്റി പറഞ്ഞിട്ടുണ്ട്. മറ്റു ചിലര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടിലും. ആ അടിത്തട്ടില്‍നിന്നു വരുന്ന വാക്കുകള്‍ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കും. അങ്ങനെയുള്ള പ്രഭാഷകര്‍ക്കു ആംഗ്യങ്ങള്‍ വേണ്ട, ‘ഞാന്‍ ചോദിക്കുന്നു’ എന്ന ചോദ്യരൂപത്തിലുള്ള പ്രഖ്യാപനങ്ങള്‍ വേണ്ട. ശാന്തമായി അവര്‍ വാക്കുകളെ, വാക്യങ്ങളെ ശ്രോതാക്കളിലേക്കു പകരുന്നു. പ്രഭാഷണം അവസാനിച്ചാലും ശ്രോതാക്കള്‍ അതിനെ വിസ്മരിക്കില്ല. നാവിന്‍തുമ്പില്‍ നിന്നു വാക്കുകള്‍ പ്രവഹിപ്പിക്കുന്നവര്‍ ഏതേതു വാക്കുകളാണ് തങ്ങള്‍ ഒഴുക്കിവിട്ടത് എന്നതുപോലുമറിയുന്നില്ല. അവര്‍ ‘ഹിസ്റ്റ്റിയോണിക്സി’ലായിരിക്കും തല്‍പരര്‍ (histrionics=നാടകത്തിന്റെ മട്ടിലുള്ള പ്രഭാഷണം) അവര്‍ താല്‍ക്കാലികമായി കൈയടി നേടും കൈയടിച്ച ശ്രോതാക്കളോട് പ്രഭാഷകര്‍ എന്തുപറഞ്ഞുവെന്നു ചോദിച്ചു നോക്കുക. ‘എന്തോ’ എന്നമട്ടില്‍ കൈമലര്‍ത്തും.

സാഹിത്യകാരന്മാരിലുമുണ്ട് ഇങ്ങനെയുള്ളവര്‍. ഹൃദയത്തില്‍നിന്നു വാക്കുകള്‍ ഒഴുക്കുന്നവര്‍ രസനാഗ്രത്തില്‍നിന്ന് പദങ്ങള്‍ പ്രവഹിക്കുന്നവര്‍. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിത ഹൃദയത്തില്‍നിന്നു വന്നു. കെടാമംഗലം പപ്പുക്കുട്ടിയുടെ കവിത രസനാഗ്രത്തില്‍നിന്നും. അത് ഹൃദയത്തില്‍നിന്നു വന്നതാണെന്നു വരുത്താന്‍ എ. ബാലകൃഷ്ണപിള്ള ശ്രമിച്ചിട്ടും ഫലിച്ചില്ല.

രാഹുല്‍ജിയും ഇ.എം.എസ്സും.

മുകളിലെഴുതിയതുപോലെ നാവിന്‍ത്തുമ്പില്‍നിന്നു വാക്കുകള്‍ ഒഴുക്കുന്ന പണ്ഡിതന്മാരുണ്ട്. തങ്ങള്‍ എഴുതുന്നതൊക്കെ സ്വന്തംനാട്ടിനും മറ്റു നാട്ടുകാര്‍ക്കും പ്രയോജനപ്പെടണമെന്നുകരുതി ധിഷണയില്‍നിന്നുവരുന്ന പദങ്ങളെ വെള്ളക്കടലാസ്സിലേക്കു വീഴ്ത്തുന്ന പണ്ഡിതന്മാരുണ്ട്. ആ രീതിയില്‍ ഒരു മഹാപണ്ഡിതനായിരുന്നു രാഹുല്‍ സാംകൃത്യായനന്‍. മനുഷ്യന്‍, ചരിത്രം, കല, സാഹിത്യം, സാമൂഹികശാസ്ത്രം എന്നുവേണ്ട എല്ലാ വിഷയങ്ങളെക്കുറിച്ചും വിദ്വജ്ജനോചിത്രങ്ങളായ ഗ്രന്ഥങ്ങളെഴുതി ലോകജനതയ്ക്ക് ഉന്നമനം വരുത്തിയ മഹാവ്യക്തിയാണ് അദ്ദേഹം. രാഹുല്‍ സാംകൃത്യായനന്റെ ഏതു പുസ്തകം കണ്ടാലും ഞാനതുവാങ്ങി വായിക്കും. ലോകസംസ്കാരത്തിന്റെ സമുന്നതതലത്തില്‍ എത്തിയ ഈ മഹാനെ ശ്രീ.ഇ.എം.എസ്സിനു അറിയാമായിരുന്നുവെന്നു ദേശാഭിമാനി വാരികയില്‍ എഴുതിക്കണ്ടപ്പോള്‍ എനിക്ക് ആഹ്ലാദമുണ്ടായി. മഹാപാണ്ഡിത്യത്തെ വെറുതെ കൊണ്ടുനടന്ന ആളല്ല രാഹുല്‍ സാംകൃത്യായനന്‍. അത് ജീവിതത്തോട് അദ്ദേഹം യോജിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പോകുന്നതിനെ അഭിനന്ദിച്ചുകൊടാണ് ഇ.എം.എസ്സ്. എഴുതുന്നത്. കൂടാതെ അദ്ദേഹം ഇ.എം.എസ്സിന്റെ തൂലികാചിത്രം എഴുതിയതും. ഒരു ധിഷണാശാലി വേറൊരു ധിഷണാശാലിയെ മാനിക്കുന്നു. തികച്ചും ആഹ്ലാദദായകമാണ് അതെനിക്ക്.

അഷ്ടമൂര്‍ത്തി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. അഷ്ടമൂര്‍ത്തി എഴുതിയ “കഥാസാരം” എന്ന ചെറുകഥ വായിച്ചുതീര്‍ന്നപ്പോള്‍ A delight to read എന്നു ഞാന്‍ സ്വയം പറഞ്ഞുപോയി. അത്രയ്ക്ക് അത് മനോഹരമായിട്ടുണ്ട്. ജീവിതത്തിലെ ഏതു സുന്ദരദൃശ്യവും ഏതാനും നിമിഷമേ നമ്മളെ ആഹ്ലാദിപ്പിക്കൂ. അതുകഴിഞ്ഞാല്‍ ചെടിക്കും. കഴിയുന്നതും വേഗത്തില്‍ നമ്മള്‍ അവിടെ നിന്നു രക്ഷനേടും. വൈരൂപ്യദര്‍ശനമുളവാക്കുന്ന വെറുപ്പും താല്‍ക്കാലിക ദര്‍ശനമുളവാക്കുന്ന വെറുപ്പും താല്‍ക്കാലികമാണ്. മരണം വിരൂപമാണ്. അതിന്റെ ദര്‍ശനമുളവാക്കുന്ന ശോകവും വെറുപ്പും ക്ഷണികമത്രേ. പക്ഷേ ആ ദൃശ്യങ്ങളെ — സുന്ദരദൃശ്യങ്ങളെ, വിരൂപദൃശ്യങ്ങ്ളെ–അഷ്ടമൂര്‍ത്തി ചെയ്തതുപോലെ വാങ്മയചിത്രങ്ങളാക്കിയാല്‍ സഹൃദയന് സൗന്ദര്യത്തിന്റെ അനുഭൂതിയാണ്. വൈരൂപ്യംപോലും കലയിലെ വാങ്മയചിത്രമായാല്‍ സൗന്ദര്യാനുഭൂതിയത്രേ. അതിനാലാണ് നല്ല കഥകളും നല്ല കാവ്യങ്ങളും സഹൃദയര്‍ വീണ്ടും വീണ്ടും വായിക്കുക. ഓടുന്ന തീവണ്ടി പെട്ടെന്നു നിന്നു. സിഗ്നല്‍ താണിട്ടില്ല. അതിലെ ചുവന്ന വെളിച്ചം പച്ചവെളിച്ചമാകുമ്പോള്‍ തീവണ്ടി പിന്നെയും പോകും. ട്രെയിന്‍ അങ്ങനെ ചലനരഹിതമാകുമ്പോള്‍ കഥാകാരന്‍ ചില ക്ഷുദ്രസംഭവങ്ങളിലേക്കു വായനക്കാരെ നയിക്കുന്നു. പ്രായംകൂടിയ ഭര്‍ത്താവിന്റെ പ്രായം കുറഞ്ഞ സുന്ദരിയായ ഭാര്യ. അന്യപുരുഷന്റെ നേര്‍ക്കുള്ള അവളുടെ കടാക്ഷത്തിന്റെ മിന്നല്‍പ്രഭ. ദൂരെക്കാണുന്ന ഒരു വീട്. അത് ഏകാന്തതയില്‍ വിലയം കൊണ്ടിരിക്കുന്നു. അതിനകത്ത് ഒരു ദുരന്തം. യാത്രക്കാരന്റെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത. ആപത്തിന്റെ ചുവന്ന പ്രകാശം മാറി സുരക്ഷിതത്വത്തിന്റെ ഹരിതപ്രഭവരാന്‍ കാത്തുനില്ക്കുന്ന ചെറുപ്പക്കാര്‍. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന ഗഹനമായ ജീവിതതത്ത്വങ്ങളെ കഥാകാരന്‍ ധ്വന്യാത്മകമായി ആവിഷ്കരിക്കുന്നു. ആ ആവിഷ്കാരത്തില്‍ ഭാവാത്മകത്വമുണ്ട്. അതാണ് ഈ രചനയെ ഉത്കൃഷ്ടതയിലേക്കു നയിക്കുന്നത്. കഥ വായിച്ചതിനുശേഷം നമ്മള്‍ നമ്മളോടു ചോദിക്കുന്നു:മനുഷ്യജീവിതം ഇങ്ങനെ ആയിപ്പോയത് എന്തുകൊണ്ട്? സമൂഹത്തിന്റെ ഘടന ഇത്തരത്തില്‍ ആയതിനു ഉത്തരവാദി ആര്? മറ്റുള്ളവര്‍ വിതച്ച വിദ്വേഷം നമ്മളെന്തിനു കൊടുങ്കാറ്റായി കൊയ്തെടുക്കുന്നു? ഈ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കിയിരുന്നെങ്കില്‍ അഷ്ടമൂര്‍ത്തി സാഹിത്യകാരനാവുകയില്ലായിരുന്നു. വായനക്കാരെക്കൊണ്ട് ചിന്തിപ്പിച്ച് അനുധ്യാനത്തിന്റെ മണ്ഡലത്തിലേക്കു അദ്ദേഹം അവരെ ഉയര്‍ത്തുന്നു. അടുത്തകാലത്തെങ്ങും ഇതുപോലൊരു നല്ലകഥ ഞാന്‍ വായിച്ചിട്ടില്ല.

കമന്റുകള്‍

  1. “സാംസ്കാരിക പിതൃഭൂമിയെ നിരാകരിച്ചുകൊണ്ട് ഒരു കവിക്കും രചന നിര്‍വ്വഹിക്കുവാനാകില്ല” എന്ന് ശ്രീ പ്രസന്നരാജന്‍.(മാതൃഭൂമി) ആഴ്ചപ്പതിപ്പ്–കവിതയുടെ പിതൃഭൂമി എന്ന ലേഖനം)–പിതൃഭൂമി എന്ന പദത്തിന്റെ അര്‍ത്ഥം ശ്മശാനം എന്നാണ്. “ശ്മശാനം സ്യാല്‍ പിതൃവനം” എന്ന് അമരകോശം.
  2. “കവിതയുടെ സാമൂഹ്യപ്രയോജനപരതയില്‍ സംശയാത്മാവായിരുന്നു ഗോവിന്ദന്‍”–സാമൂഹികം എന്നതു സാധുവായ പ്രയോഗം. സാമൂഹ്യം വ്യാകരണസമ്മതമല്ല. (വാക്യം ദേശാഭിമാനി വാരികയില്‍. ശ്രീ എസ്.എസ്.ശ്രീകുമാറിന്റെ ‘ചൂഴ്ന്നെടുക്കാനാകാത്ത കണ്ണ്’ എന്ന പ്രബന്ധം)
  3. ‘ഐ ലൗ യു’ എന്ന ചെറുകഥ കുങ്കുമം വാരികയില്‍–” കൊച്ചാട്ടിന്‍കുട്ടീ നിന്നെ നിര്‍മ്മിച്ചതാര്? നിനക്കറിയാമോ നിന്നെ നിര്‍മ്മിച്ചതാരെന്ന്?” എന്നു ബ്ലേക്ക്. വൈകൃതമേ, നിന്നെ നിര്‍മ്മിച്ചതാര്? അമ്പലപ്പുറം രാമചന്ദ്രന്‍ എന്ന് ഉത്തരം.
    * * *

    വൈരൂപ്യംപോലും കലയിലെ വാങ്മയചിത്രമായാല്‍ സൗന്ദര്യാനുഭൂതിയത്രേ. അതിനാലാണ് നല്ല കഥകളും നല്ല വാക്യങ്ങളും സഹൃദയന്‍ വീണ്ടും വീണ്ടും വായിക്കുക..

  4. സ്ത്രീകളെ കണ്ടാല്‍ നിയന്ത്രണം വിട്ട് അവരെ ആക്രമിക്കുന്ന ഒരാളിനെ എനിക്കറിയാം. ഗോപാലന്‍ എന്നാകട്ടെ അയാളുടെ പേര്. ഞാന്‍ തിരുവനന്തപുരത്തെ എം.ജി.റോഡിലൂടെ നടക്കുമ്പോള്‍ ജവുളിക്കടകളില്‍ കണ്ണാടിക്കൂട്ടിനകത്ത് ആകര്‍ഷകത്വമുള്ള സ്ത്രീരൂപങ്ങള്‍–മാനികിന്‍ (manikin) രൂപങ്ങള്‍–നിറുത്തിയിരിക്കുന്നതു കണ്ടു. സ്ത്രീകളാണെന്നേ തോന്നൂ. ഗോപാലന്‍ ഈ റോഡിലൂടെ വന്നാല്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ച് ഞാന്‍ നാലുപാടും നോക്കി. അദ്ദേഹമില്ല. കണ്ണാടിക്കൂടുകള്‍ പൊട്ടാതെ നിന്നു. ഭാഗ്യം.
  5. പേരക്കുട്ടിയുടെ നിര്‍ബ്ബന്ധം സഹിക്കാനാവാതെ ഞാന്‍ അവളോടൊരുമിച്ച് ജന്തുശാലയില്‍പോയി. കുരങ്ങിന്‍കൂട്. ഒരാള്‍ക്കുരങ്ങ് പല്ലിളിച്ച് കാണിക്കുന്നു. ആളുകളെല്ലാം അതിനെ ഒരു നോക്കു നോക്കിയിട്ട് താഴെയുള്ള പക്ഷിക്കൂടുകളുടെ അടുത്തേക്കു പോയി. ഒരു സുന്ദരിയായ തരുണിമാത്രം ആള്‍ക്കുരങ്ങിനെ വളരെനേരം നോക്കിനിന്നു. സ്വന്തം ഭര്‍ത്താവിന്റെ ഓര്‍മ്മ അവള്‍ക്ക് ഉണ്ടായിക്കാണും.