close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 04 20


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 04 20
ലക്കം 553
മുൻലക്കം 1986 04 13
പിൻലക്കം 1986 04 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

രണ്ടാളുകള്‍ തമ്മില്‍ കാണുമ്പോള്‍ ‘ഹലോ, എത്ര നാളായി കണ്ടിട്ടു്? സുഖമാണോ?’ എന്നൊക്കെ ചോദിച്ചു ഹസ്തദാനം നടത്തി പിരിയുന്നു. ഇവിടെ ശാരീരികമായ കൂടിക്കാഴ്ചയേയുള്ളു. വേറെ ചിലര്‍ അങ്ങനെയല്ല. ചിരിയില്ല. കൈകൊടുക്കലിലില്ല. ‘ഇരിയെടാ അവിടെ. നീ ചത്തെന്നല്ലേ ഞാന്‍ കരുതിയിരുന്നതു്!’ ഇമ്മട്ടില്‍ സംഭാഷണം മുന്നോട്ടുപോകുന്നു. വന്നയാള്‍ പോകാനെഴുനനേല്‍ക്കുമ്പോള്‍ ആതിഥേയന്‍ ‘എടീ കല്യാണിക്കുട്ടി, ഇവനു കുടിക്കാന്‍ കുറെ പഴങ്കഞ്ഞിവെള്ളമെങ്കിലും കൊടുക്കു്’ എന്നു പറയുന്നു. ഗൃഹനായിക സ്നേഹത്തോടെ കൊണ്ടുവരുന്നതെന്തോ അതു് വാങ്ങിക്കുടിച്ചിട്ടു് ആഗതന്‍ പോകുന്നു. വാതില്ക്കല്‍ വരെ അനുഗമിക്കലില്ല. ‘പ്ളീസ് കം എഗൈന്‍’ എന്ന കാപട്യം കലര്‍ന്ന ഭാഷണമില്ല. ഇവിടെ മാനസികമായ കൂടിക്കാഴ്ചയാണുള്ളതു്. ആദ്യത്തേതു് ശരീരങ്ങളുടെ പരസ്പരദര്‍ശനം. രണ്ടാമത്തേതു് മനസ്സുകളുടെ അന്യോന്യദര്‍ശനം. ഉള്ളൂരിന്റെ ‘ഉമാകേരളം’ വായിക്കുന്ന സഹൃദയന്റെ മനസ്സും കവിയുടെ മനസ്സും പരസ്പരം കാണുന്നു. അറിയുന്നു. വളളത്തോളിന്റെ ‘ചിത്രയോഗം’ വായിച്ചാലോ? മനോഹരങ്ങളായ ശ്ളോകങ്ങള്‍. പക്ഷേ കവിയുടെ മനസ്സും വായനക്കാരന്റെ മനസ്സും തമ്മില്‍ കൂട്ടിമുട്ടുന്നില്ല. ‘മാര്‍ത്താണ്ഡ‍വര്‍മ്മ’ എന്ന നോവല്‍ വായിക്കുമ്പോള്‍ ഇതു് എന്റെ നാട്ടുകാരന്റെ കഥയാണെന്ന് നമ്മള്‍ പറയും. ആ പാരായണത്തിലൂടെ നടക്കുന്നതു് മനസ്സുകളുടെ അന്യോന്യ ദര്‍ശനമാണു്. Meeting of the minds എന്നു് ഇംഗ്ലീഷില്‍ പറയുന്ന ഈ പ്രക്രിയ നടന്നാലേ സാഹിത്യാസ്വാദനം യഥാര്‍ത്ഥമാകുകയുളളു.

ജനവഞ്ചന

സാഹിത്യത്തിന്റെ ഘടകങ്ങളെ സമുചിതമായ രീതിയില്‍ സന്നിവേശം ചെയ്യുമ്പോള്‍ ജീവിതമാണു് അതെന്ന തോന്നല്‍ വായനക്കാരനു് ഉണ്ടാകുന്നു. ഈ തോന്നലിനു പുറമേ അയാള്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരംശം അതില്‍ നിന്നു തെളിഞ്ഞുവരികയുംവേണം. ഇത്രയും ഒത്തിരുന്നാല്‍ രചന കലാസൃ്ടിയായി. അസാധാരണം, രീതിബദ്ധം, ഭാവനാത്മകം ഇങ്ങനെയൊക്കെ പത്രാധിപരാല്‍ വിശേഷിപ്പിക്കപ്പെട്ട ഒരു ചെറുകഥ Illustrated Weekly വഹിക്കുന്നുണ്ടു്. (The Interview — Sandipan Chattopadhyay) ഇതെഴുതിയ ആള്‍ അസാധാരണനായ കഥാകാരനാണെന്നു അദ്ദേഹം പറയുന്നു. ആഴ്ചപ്പതിപ്പിന്റെ എഡിററര്‍ പ്രതീഷ് നന്ദിയായിരിക്കും ഈ വിശേഷണങ്ങള്‍ നല്‍കിയതു്. അദ്ദേഹംതന്നെയാണല്ലോ കഥ തര്‍ജ്ജമ ചെയ്തതും. പ്രതീഷ് നന്ദിയുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു ഞാന്‍ കഥ ഒരുതവണ വായിച്ചു. വിശേഷമായി ഒന്നുംകണ്ടില്ല. അനവധാനത കൊണ്ടാകാം കഥയുടെ പൊരുള്‍ കിട്ടാത്തതെന്നു വിചാരിച്ചു വീണ്ടും വായിച്ചു. പിന്നീടും വായിച്ചു. ഒരു യാചകബാലനോടു ചില ചോദ്യങ്ങള്‍ ചോദിച്ചു് അവന്റെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും ഏകാന്തതയും വിഷാദവും നിസ്സംഗതയും ധ്വനിപ്പിക്കാനാണു് കഥാകാരന്റെ ശ്രമം. സാഹിത്യത്തിന്റെ ഘടകങ്ങള്‍ — വികാരം, ആശയം, രൂപം — ഇവയില്‍ ഒന്നു ഇതിലില്ല. നൂതനമായി എന്തെങ്കിലും ഇതില്‍നിന്നു ഉരുത്തിരിഞ്ഞു വരുന്നുണ്ടോ? അതുമില്ല. സ്കൂളില്‍ പഠിക്കുന്ന കൊച്ചു കുട്ടികള്‍ പോലും ഇതിനെക്കാള്‍ മനോഹരങ്ങളായ കഥകള്‍ എഴുതി ഞാന്‍ കണ്ടിട്ടുണ്ടു്. രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ച കാര്യങ്ങളില്‍ കാണിക്കുന്ന സെന്‍സേഷനലിസം സാഹിത്യാദി വിഷയങ്ങളിലും കാണിച്ചുതുടങ്ങിയിരിക്കുന്നു എന്നു മാത്രമേ പറയാനുള്ളു. ഇതു് ഈ ഒററക്കഥ വായിച്ചതിനു ശേഷം ഞാന്‍ നടത്തുന്ന ‘ജനറലൈസേഷന്‍ ’ അല്ല. വളരെക്കാലമായി ഞാന്‍ ഈ ആഴ്ചപ്പതിപ്പിലെ കഥകളും കാവ്യങ്ങളും വായിക്കുന്നു. വല്‍ഗര്‍ ടേസ്റ്റിനെ ഉദ്ദീപിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്ന പൊലിററിക്കല്‍ ലേഖനങ്ങളിലെ സബ്ബ് സ്റ്റാന്‍ഡേര്‍ഡ് അവസ്ഥ സാഹിത്യത്തിലും വന്നാല്‍ സംസ്കാരം തകരും. ആ തകര്‍ച്ചയല്ലാതെ മറ്റൊന്നും ഇത്തരം കഥകളില്‍ ഞാന്‍ കണ്ടിട്ടില്ല. പ്രതീഷ് നന്ദിയുടെ കഥകള്‍ മാത്രമേ ഈ സാമാന്യവിധിക്കു് അപവാദമായുള്ളു. അദ്ദേഹത്തിന്റെ ഒന്നു രണ്ടു കഥകള്‍ ഹൃദ്യങ്ങളായിരുന്നു.

സി.വി.വാഴ്ത്തപ്പെടട്ടെ

എൻ.കൃഷ്ണപിള്ള യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസറായിരുന്ന കാലം. ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നപ്പോൾ സാറ് ചുറ്റുമിരിക്കുന്നവരെ ഒരു ലേഖനം വായിച്ചുകേൾപ്പിക്കുകയാണ്. ഞാനും അവിടെയിരുന്നു് അതു കേട്ടു. സി. വി. രാമന്‍പിള്ളയെക്കുറിച്ചു് ഏതോ ഒരു പ്രശസ്തന്‍ പണ്ടെഴുതിയ ലേഖനം. കാര്യം ഇതാണു്. ഒരു ചെറുപ്പക്കാരന്‍ ഒരു നോവലെഴുതിക്കൊണ്ടുവന്നു് സി. വി. യോടു് അഭ്യര്‍ത്ഥിച്ചു, അതൊന്നു വായിച്ചുകേള്‍ക്കണമെന്നു്. അദ്ദേഹം പാരായണത്തിനു് ഒരു ദിവസം നിശ്ചയിച്ചു. അന്നുകാലത്തു് ചെറുപ്പക്കാരനെത്തി. വായനയും തുടങ്ങി. കാമുകന്‍ കാമുകിയുടെ വീട്ടിലെത്തുന്നു. അച്ഛനമ്മമാരുടെ കൂടെ താമസിക്കുന്ന അവളെ ഒരു മുറിയിലേക്കുകൊണ്ടു ചെന്നു പ്രേമാഭ്യര്‍ത്ഥനകള്‍ നടത്തുന്നു. തുടര്‍ന്നു് ആലിംഗനാദികളും. ഈ സന്ദര്‍ഭമെത്തിയപ്പോള്‍ സി. വി. ഗര്‍ജ്ജിച്ചു. “എടാ നിറുത്തു്. നിന്റെ വീട്ടില്‍ ഒരു പെണ്ണുണ്ടെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ ആരെയെങ്കിലും അനുവദിക്കുമോടാ?” വായന അതോടെ നിന്നു.

പി. വി. തമ്പി ‘മനോരാജ്യം’ വാരികയിലെഴുതിയ ‘ഒററമൂലി’ എന്ന കൊച്ചുനോവല്‍ സി. വി. രാമന്‍പിളളയുടെ ചോദ്യമാണു്. ഒരു കോളേജ് അദ്ധ്യാപകന്‍ മറ്റൊരു കോളേജ് അദ്ധ്യാപകനെ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടു് പോകുന്നു. രൻടാമൻ ചിത്രകാരനാണ്. ഒന്നാമന്റെ സഹോദരിയും ചിത്രം വരയ്ക്കുന്നവള്‍. അവള്‍ക്കു ഒരു കാലു് ഇല്ല. പടം വരച്ചുകൊണ്ടിരിക്കുന്ന സഹോദരിയുടെ മുറിയില്‍ രണ്ടാമനെ ആക്കിയിട്ടു് ഒന്നാമന്‍ — ചേട്ടന്‍ — സ്ഥലംവിടുന്നു. രണ്ടുപേരും തനിച്ചായപ്പോള്‍ ചിത്രം വരയ്ക്കുന്നതിലൂടെ പ്രേമം കേറി വികസിക്കുന്നു. പ്രേമം വിവാഹത്തില്‍ പര്യവസാനിക്കുമ്പോള്‍ കൊച്ചു നോവലും പര്യവസാനത്തിലെത്തുന്നു. സി. വി. രാമന്‍പിള്ള വാഴ്ത്തപ്പെടട്ടെ. അദ്ദേഹത്തിന്റെ ഔചിത്യം നവീനന്മാരില്‍ നിന്നു് നാം പ്രതീക്ഷിക്കരുതല്ലോ. എന്നാല്‍ ഇതിനെക്കാള്‍ ഗൌരവമുള്ള മറ്റൊരു കാര്യത്തെക്കുറിച്ചാണു് ഇവിടെ എഴുതാനുള്ളതു്. അതു് പി. വി. തമ്പിയുടെ കഥ, സാഹിത്യത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുന്നില്ല എന്നതുതന്നെ. കലാസൃഷ്ടി സത്യത്തിന്റെ ദര്‍പ്പണമാണു്. അങ്ങനെ അതു് ആയിത്തീരുമ്പോള്‍ സാര്‍ത്ഥകത്വം വരുന്നു. അതിന്റെ ഫലമായി വായനക്കാരന്‍ ‘ഹാ, ഇതാണല്ലൊ ജീവിതം’ എന്നു സ്വയം പറയുന്നു. പി. വി. തമ്പിയുടെ കഥ വായിക്കുന്ന ആള്‍ സഹൃദയത്വമുള്ളവനും സാഹിത്യ സംസ്കാരം ആര്‍ജ്ജിച്ചവനുമാണെങ്കില്‍ ‘ഇതു ഭാവാത്മകവും കലാപരവുമായ അനുഭവമല്ലല്ലോ. അല്ലാത്തതുകൊണ്ടു് ഇതു് സത്യത്തിന്റെ നാദമുയര്‍ത്തുന്നില്ലല്ലോ’ എന്നു സംശയം കൂടാതെ പറയും. മുന്‍പൊരു സന്ദര്‍ഭത്തില്‍ എഴുതിയതുപോലെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ഇതിവൃത്തത്തെ ‘മാനിപ്പുലേററ്’ ചെയ്യുന്നു. ആ തരപ്പെടുത്തല്‍ ഇക്കഥയില്‍ ദൃശ്യമാണു്. അദ്യത്തെ കള്ളുകുടി വര്‍ണ്ണന കഥയുടെ പ്രമേയത്തോടു ഒരു വിധത്തിലും ബന്ധപ്പെട്ടതല്ല. കളളുകുടിച്ചു് ‘ലവലി’ല്ലാതെയായ ഒരുത്തന്‍ സ്വല്പം കുടിച്ച വേറൊരുത്തനെ സഹോദരിയുടെ മുറിയിലാക്കിയിട്ടു് പോകുമ്പോള്‍ മാനിപ്പുലേഷന്‍ പരകോടിയിലെത്തുന്നു. ആര്‍ജ്ജവം — sincerity — രണ്ടു തരത്തിലുണ്ടു്. ഹൃദയ പരിപാകമാര്‍ജ്ജിച്ചവന്റെ ആര്‍ജ്ജവം. അവന്‍ സംസ്കാര സമ്പന്നനാണു്. തകഴി, ബഷീര്‍, പൊറ്റെക്കാട്ട്, കേശവദേവ് ഇവരുടെ കൃതികള്‍ വായിച്ചു് അവന്‍ രസിക്കുന്നു. ഹൃദയപരിപാകമൊട്ടുമില്ലാത്ത പരിചാരകന്റെയോ പരിചാരികയുടെയോ ആര്‍ജ്ജവം മറ്റൊന്നു്. അവര്‍ക്കു മുന്‍പു് പറഞ്ഞ കഥാകാരന്മാരുടെ കഥകള്‍ മനസ്സിലാവില്ല. ‘ഒററ മൂലി’പോലുള്ളതും അതിനു സദൃശങ്ങളുമായ കഥകള്‍ അവര്‍ക്കു മനസ്സിലാകുമെന്നു മാത്രമല്ല പറയേണ്ടതു്. അവര്‍ക്കതു രസം നല്കുകയും ചെയ്യും. ‘ഒററമൂലി’ വായിച്ചുകൊണ്ടിരിക്കുന്നമ്പോഴായിരിക്കും അടുപ്പില്‍ കിടക്കുന്ന അരിവെന്തുപോയല്ലോ എന്നു് ഗ്രഹിക്കുന്നതു്. കൊച്ചമ്മ ശകാരിക്കരുതല്ലോ എന്നു കരുതി വാരിക താഴെവച്ചിട്ടു് അരി വാര്‍ക്കുന്നു. കരിപുരണ്ട കൈയോടുകൂടി വാരികയെടുത്തു വീണ്ടും രസംപിടിച്ചു വായിക്കുന്നു. ഒരു കണക്കില്‍ പി. വി. തമ്പി വലിയ സേവനമാണു് അനുഷ്ഠിക്കുന്നതു്. ഇത്തരം അടുക്കളക്കാരെ രസിപ്പിക്കാനും സാഹിത്യം വേണമല്ലോ. നമുക്കു് അദ്ദേഹത്തിനു് നന്ദി പറയാം.

* * *

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണു് ‘കരേന്‍ ബ്ലിക്സന്‍ എന്ന എഴുത്തുകാരന്‍’ എന്നു് ടെലിവിഷന്‍ സെററ് ഉറക്കെപ്പറഞ്ഞതു്. ഐസക്ക് ദിനിസന്‍ എന്ന പേരിലും എഴതിയിരുന്ന ഈ സാഹിത്യകാരിയെയാണു് ടെലിവിഷന്‍ സെററ് പുരുഷനാക്കിക്കളഞ്ഞതു്. കുററം പറയാനില്ല. സെററ് ഒരു യന്ത്രമാണു്. യന്ത്രത്തിനെ ഞാന്‍ കുററം പറഞ്ഞാല്‍ ആളുകള്‍ എന്നെ ഭോഷനെന്നു വിളിക്കും.

യാത്രയയപ്പു്

ഞാന്‍ എറണാകുളം മഹാരാജാസ് കോളജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ അവിടെ മേനോന്‍ എന്നു മാത്രം ഞങ്ങള്‍ വിളിച്ചിരുന്ന ഒരു പ്യൂണ്‍ ഉണ്ടായിരുന്നു. ആ പാവം ഇപ്പോഴും അവിടെ കാണും. പെന്‍ഷന്‍പററാന്‍ എനിക്കു രണ്ടുമാസം കൂടിയുള്ളപ്പോള്‍ ഒരു ദിവസം ഞാന്‍ മേനോനോടു് പറഞ്ഞു: “എന്താ മേനോന്‍ ഇങ്ങനെ ഒററയ്ക്കു കഴിഞ്ഞാല്‍ മതിയോ? വിവാഹമൊക്കെക്കഴിച്ചു് ജീവിക്കണ്ടേ?” മേനോന്റെ മുഖഭാവം മാറി. ദുഃഖത്തോടെ പറഞ്ഞു: “അതേ സാര്‍. എനിക്കിനി പെന്‍ഷന്‍പററാന്‍ ഇരുപത്തിയൊന്‍പതുവര്‍ഷവും ഏഴുമാസവുമേയുള്ളൂ. അതു കൊണ്ടു് വേഗം വിവാഹം നടത്തുക തന്നെ വേണം.” ശുദ്ധനായ മേനോന്റെ ഈ നിഷ്കളങ്കമായ പ്രസ്താവം ഞാന്‍ ലീലാവതി, തോമസ് മാത്യു, എം. ​കെ. സാനു ഇവരോടു പറഞ്ഞു. ഞങ്ങളൊക്കെ ചിരിച്ചു. തോമസ് മാത്യു മേനോനോടു് പറഞ്ഞു: “മേനോന്‍, സാറിനു് ഇനി മൂന്നുമാസമേ സര്‍വീസുള്ളു. അങ്ങനെയുള്ള ആളിനോടാണോ ഇരുപത്തൊന്‍പതുവര്‍ഷം ഏഴു മാസത്തിന്റെ കാര്യം പറയുന്നതു്?” സാധുവായ മേനോന് എന്നിട്ടും സത്യം പിടികിട്ടിയില്ല. ഞങ്ങള്‍ക്കൊക്കെ ദീര്‍ഘമായ ആ കാലം മേനോനു് ഹ്രസ്വമായിത്തന്നെ തോന്നി. ഇതിലും തെററില്ല. ഭാരതത്തിലുള്ളവര്‍, വിശേഷിച്ചും കേരളത്തിലുള്ളവര്‍ പെന്‍ഷനെ സംബന്ധിച്ചു് ഒബ്സഷന്‍ ഉള്ളവരാണു്. ഞാനും ലോക്കോളേജ് പ്രന്‍സിപ്പലായിരുന്ന ശങ്കദാസന്‍തമ്പിയുംകൂടി ഒരു സമ്മേളനത്തിനു പോയി. സ്വാഗതമാശംസിച്ച സ്ത്രീ പറഞ്ഞതു് ഇങ്ങനെ: “പ്രാസംഗികനായ എം. കൃഷ്ണന്‍നായര്‍ പെന്‍ഷന്‍ പററിയ പ്രൊഫസറാണു്. അടുത്ത പ്രാസംഗികനായ ശങ്കരദാസന്‍തമ്പിക്കു് പെന്‍ഷന്‍ പററാന്‍ ഇനു രണ്ടുകൊല്ലവും നാലു മാസവും ഉണ്ടു്. രണ്ടുപേര്‍ക്കും സ്വാഗതം.”

കരേന്‍ ബ്ളിക്സന്‍ എന്ന എഴുത്തുകാരിയെ ടെലിവിഷന്‍ സെററ് പുരുഷനാക്കിക്കളഞ്ഞു. കുററം പറയാനില്ല. ഈ സെറ്റ് ഒരു യന്ത്രമാണു്. യന്ത്രത്തെ ഞാന്‍ കുററം പറഞ്ഞാല്‍ ആളുകള്‍ എന്നെ ഭോഷനെന്നു വിളിക്കും.

വൃദ്ധന്‍, പെന്‍ഷന്‍ പററിയ ആള്‍ ഈ സങ്കല്പങ്ങളെല്ലാം അര്‍ദ്ധസത്യങ്ങളാണു്. എന്‍. കൃഷ്ണപിള്ളയ്ക്കു് എന്നെക്കാള്‍ അല്പം പ്രായം കൂടും. എനിക്കു് ഒ. എന്‍. വി. കുറുപ്പിനെക്കാള്‍ കുറച്ചു പ്രായക്കൂടുതലുണ്ടു്. ഇതല്ലാതെ കൃഷ്ണപിള്ളസാറിനെ വൃദ്ധന്‍ എന്നു വിളിക്കാന്‍ പാടില്ല. ഇത്രയുംകാലം ഒ. എന്‍. വി. കുറുപ്പു് ഒരു ജോലി നോക്കി. അതില്‍ അദ്ദേഹം പേരെടുത്തു. അതോടൊപ്പം കവിയെന്ന നിലയിലും അദ്ദേഹം യശസ്സാര്‍ജ്ജിച്ചു. കവിയെന്ന പേരിലാണു് അദ്ദേഹം ഇനി അറിയപ്പെടാന്‍ പോകുന്നതു്. കാര്യമങ്ങനെയിരിക്കെ എന്തിനു് അദ്ദേഹത്തില്‍ റിട്ടയര്‍മെന്റ് വച്ചുകെട്ടുന്നു? ഒ. എന്‍. വി. കുറുപ്പു് എന്ന കവിക്കും ഗുരുനാഥനും റിട്ടയര്‍മെന്റില്ല. അദ്ദേഹം ഇത്രയും കാലം കേരളീയരെ ഉദ്ബാധിപ്പിച്ചു. ഇനിയും അതു ചെയ്യും. ആ വിധത്തില്‍ ഉജ്ജ്വലനായ വ്യക്തിയോടു് “നിങ്ങള്‍ റിട്ടയര്‍ചെയ്തു, നിങ്ങള്‍ റിട്ടയര്‍ചെയ്തു” എന്നു സമ്മേളനംവഴി പറയുന്നതു് ശരിയല്ല. “അദ്ദേഹത്തെ മാനിച്ചു് അയയ്ക്കുകയാണു് ഞങ്ങള്‍” എന്നു പറയുമായിരിക്കും. ആ വാദത്തില്‍ കഴമ്പില്ല. ആവര്‍ത്തിച്ചു പറയട്ടെ. കവിയായ ഒ. എന്‍. വി. കുറുപ്പിനു റിട്ടയര്‍മെന്റില്ല; അദ്ധ്യാപകനായ ഒ. എന്‍. വി. കുറുപ്പിനു റിട്ടയര്‍മെന്റില്ല.

അദ്ദേഹംതന്നെ ഇതു് അബേധാത്മകമായിട്ടെങ്കിലും അറിഞ്ഞിരിക്കില്ലേ? അല്ലെങ്കില്‍ “ആരോടു യാത്ര പറയേണ്ടു?” എന്ന കാവ്യം അദ്ദേഹത്തിനു് എഴുതാന്‍ കഴിയുമായിരുന്നോ?

ആരോടു യാത്രപറയേണ്ടൂ — തപിക്കുമെ–
ന്നാത്മാവില്‍ നിങ്ങള്‍ കൂടി പാര്‍ത്തിരിക്കെ!
ആരുമറിയാതെയെന്നഞ്ചിന്ദ്രിയക്കിളി–
വാതിലുകള്‍ തഴുതിട്ടു ഞാനിരിക്കെ,
വാടാവിളക്കിന്റെ തിരിയഞ്ചുമൂക്കോടെ
ഊതിക്കെടുത്തിത്തനിച്ചിരിക്കെ,
ആരോ കൊളുത്തി നിരത്തിയപോലുള്ളി–
ലായിരത്തിരികളായ് നിങ്ങളെരിയേ,
ആ തിരികളാര്‍ദ്രമാക്കും സ്നേഹധാരയിലൊ–
രല്പകണമെന്നു ഞാനെന്നെയറിയേ,
കത്തിത്തിളച്ചെരിഞ്ഞൊരുതുള്ളി വെട്ടമായ്
പൊട്ടിത്തെറിക്കുന്ന ധന്യതയ്ക്കായ്
കാത്തുനില്ക്കുമ്പോളതിന്നിടവേളയില്‍
ആരോടു യാത്രപറയേണ്ടു ഞാനെന്തിനോ–
ടാരോടു യാത്രപറയേണ്ടൂ?

സമ്പന്നവും ഉദാത്തവും ആയ വാചികലയത്തിലൂടെയും ഉത്കൃഷ്ടമായ ആന്തര സംഗീതത്തിലൂടെയും അനുവാചകനെ സത്യത്തിന്റെ അര്‍ക്കകാന്തി വിലസുന്ന മണ്ഡലത്തില്‍ എത്തിക്കുന്നു ഈ കാവ്യം. ഈ കലാത്മകത്വം അദ്ദേഹത്തിന്റെ ഏതു വരിയിലുമുണ്ടു്. ഗദ്യത്തിലുമുണ്ടു്. കലാകൌമുദി സ്റ്റാഫ് ലേഖകന്‍ ഒ. എന്‍. വി.യെക്കുറിച്ചെഴുതിയ ആകര്‍ഷകമായ ലേഖനത്തില്‍ ഇതാ ഇങ്ങനെ:

“ഏകാന്തതയുടെ അമാവാസിയില്‍ എന്റെ ബാല്യത്തിനു കൈവന്ന ഒരു തുള്ളി വെളിച്ചമാണു് കവിത. കുട്ടികള്‍ പറയും: കിളിക്കു് അതിന്റെ കൂട്ടില്‍ രാത്രികാലത്തു് വെളിച്ചമാകുന്നതു് മിന്നാമിനുങ്ങാണെന്നു്. എനിക്കാവട്ടെ അതു കവിതയായിരുന്നു.”

എം. പി. നാരായണപിള്ളയുടെ കഥ

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തിരുവനന്തപുരത്തെ ഹജൂര്‍ കച്ചേരിയുടെ തെക്കുവശത്തുള്ള ഗേററില്‍ അക്കാലത്തെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതനായ ഉദ്യോഗസ്ഥന്‍ ശേഖരപിള്ളസ്സാര്‍ കൂട്ടുകാരോടുകൂടി നില്ക്കുകയായിരുന്നു. അപ്പോള്‍ കവി ബോധേശ്വരന്‍ ഒരു പട്ടിയെ തുടലിട്ടുപിടിച്ചുകൊണ്ടു് അതിലെ പോയി. ശേഖരപിള്ളസ്സാര്‍ അദ്ദേഹത്തോടു ചോദിച്ചു: “എവിടെപ്പോകുന്നു ആടിനെയും കൊണ്ടു്?” ബോധേശ്വരന്‍ അതേ മട്ടില്‍ നേരമ്പോക്കായി എന്തോ പറഞ്ഞു. എന്താണെന്നു് ഇപ്പോള്‍ ഓര്‍മ്മയില്ല. ആടിനെ പട്ടിയാക്കാമെങ്കില്‍ ആടാക്കാമല്ലോ. ഈ പ്രക്രിയ സമൂഹത്തില്‍ അനവരതം നടന്നു കൊണ്ടിരിക്കുന്നു. എ. ബാലകൃഷ്ണപിളള തൊട്ടുള്ള നിരൂപകന്മാര്‍ — തെററിപ്പോയി സ്വദേശാഭിമാനി രാമകൃഷ്ണപിളള തൊട്ടുള്ള നരൂപകന്മാര്‍ — ഒരുപാടു് ശ്വാനന്മാരെ അജങ്ങളായും ഒരുപാടു അജങ്ങളെ ശ്വാനന്മാരായും മാററിയിട്ടുണ്ടു്. [അലങ്കാരം പ്രയോഗിച്ചെന്നേയുള്ളു. ഒരാളിനെയും ശ്വാനനെന്നു് ഞാന്‍ വിളിച്ചില്ല. വിളിക്കുകയുമില്ല] രാഷ്ട്ര വ്യവഹാരത്തിന്റെ മണ്ഡലത്തില്‍ ഈ മാററമേയുള്ളു. എന്നെ ഏറ്റവും സ്പർശിച്ച രൻടു മാററങ്ങളെക്കുറിച്ചു് മാത്രം പറയാം. ഒന്നു്: ഭൂട്ടോയെ സിയ ശ്വാനനാക്കി മാററിയതു്. രണ്ടു്: 1953 ജൂലൈ 10–ാം തീയതി സോവിയററ് അധികാരികള്‍ സമുന്നതസ്ഥാനത്തിരുന്ന ബറിയയെ ക്യാപ്പിററലിസത്തിന്റെ ഏജന്റായി പ്രഖ്യാപിച്ചു. ആടു് ശ്വാനനായി. ആറുമാസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ കണ്ടു, അദ്ദേഹത്തെയും ആറു സഹചാരികളെയും വധിച്ചുവെന്നു്. ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍! സമുദായത്തിലെ അത്തരമൊരു സംഭവത്തെ ഹദ്യമായ ചെറുകഥയാക്കി മാററിയിരിക്കുന്നു എം. പി. നാരായണപില്ല. കലാകൌമുദിയില്‍ അദ്ദേഹമെഴുതിയ ‘ആടു്’ എന്ന കഥ നോക്കുക. ഇലസ്ട്രേററഡ് വീക്ക്ലി ഒഫ് ബംഗാളിന്റെ — തെററു്, ഇന്ത്യയുടെ — എഡിറററായ പ്രതീഷ് നന്ദി, സാന്ദീപ ചട്ടോപാദ്ധ്യായയുടെ കാചത്തെ അമലമണിയായി എടുത്തുവയ്ക്കുന്നതിനു് മുമ്പ് വേറെയിടങ്ങളിലും ആണുങ്ങളുണ്ടോ എന്നു അന്വേഷിക്കുന്നതു് നന്നായിരിക്കും. അങ്ങനെ അന്വേഷിച്ചാല്‍ കേരളത്തില്‍ പല ആണുങ്ങളുമുണ്ടെന്നു് അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിയും.

ഉത്തമസാഹിത്യം

“ജനഹൃദയങ്ങളില്‍ ഉത്തമസാഹിത്യം മാത്രമേ പ്രേരണ ചെലുത്തുകയുള്ളു. ആ പ്രേരണ നല്ല വികാരങ്ങളില്‍ ആയിരിക്കുയും ചെയ്യും. അധമസാഹിത്യത്തിനു അധമവികാരങ്ങളില്‍പ്പോലും പ്രേരണ ചെലുത്താന്‍ സാദ്ധ്യമല്ല. കാരണം, അധമ സാഹിത്യത്തില്‍ കലയുടെ ജീവശക്തി — പ്രേരണാശക്തി — ഇല്ല എന്നതു തന്നെ.”

ഇതു തോപ്പില്‍ ഭാസിയുടെ മതമാണു്. (കുങ്കുമം വാരിക). പക്ഷേ, ഈ മതം അത്രകണ്ടു ശരിയല്ല. ഗോയ്ഥേയുടെ The Sorrows of Young Werther എന്ന ഉത്കൃഷ്ടമായ റൊമാന്‍സ് വായിച്ചു അനേകം ആളുകള്‍ ആത്മഹത്യ ചെയ്തു. നോവല്‍ വായിച്ചവസാനിപ്പിച്ച ഉടനെ ഒരു ചെറുപ്പക്കാരി (Fraulein von Lassling) ജീവിതം അവസാനിപ്പിച്ചു. പ്ളേററോയുടെ Phaedo (സോക്രട്ടീസും കൂട്ടുകാരും) തമ്മില്‍ നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലുള്ളതു്) വായിച്ച ഒരു തത്ത്വചിന്തകന്‍ (Cleombrotus) ആത്മഹത്യ ചെയ്തു. സീസറുടെ പ്രതിയോഗിയും സ്റ്റോയിക് ദാര്‍ശനികനുമായ Cato പ്ലോററോയുടെ ഗ്രന്ഥം വായിച്ചുതീര്‍ന്നയുടനെ മരണം വരിച്ചു. “ഫീദോ” വായിച്ചതിനുശേഷം ഇംഗ്ലീഷ് കവി യൂസ്റ്റസ് ബജ്ജല്‍, “കോറ്റോ (Cato) ചെയ്തതും അഡിസൻ അംഗീകരിച്ചതും തെററാവാന്‍ വഴിയില്ല” എന്നു് എഴുതിവച്ചിട്ട് മുങ്ങിമരിച്ചു. ദസ്തേയേവ്സ്കിയുടെ ‘കുററവും ശിക്ഷയും’ എന്ന നോവല്‍ വായിച്ചതിനുശേഷമാണു് മെല്‍കേഡര്‍, ട്രോട്സ്കിയെ ഐസ് ആക്സ് കൊണ്ടു് തലയില്‍ അടിച്ചുകൊന്നതു് (നോവലിലെ റസ്കല്‍നിക്കഫ് പണം കടംകൊടുക്കുന്ന വൃദ്ധയെ കൊന്നതു് ഇങ്ങനെയാണു്).

കരയല്ലേ

ആടിനെ പട്ടിയാക്കണമെങ്കില്‍ പട്ടിയെയും ആടാക്കാമല്ലോ. ഈ പ്രക്രിയ സമൂഹത്തില്‍ അനവരതം നടന്നുകൊണ്ടിരിക്കുന്നു. എ. ബാലകൃഷ്ണപിള്ളതേൊട്ടുള്ള നിരൂപകന്മാര്‍ — തെററിപ്പോയി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളതൊട്ടുള്ള നിരൂപകന്മാര്‍ — ഒരുപാടു് ശ്വാനന്മാരെ അജങ്ങളായും ഒരുപാടു് അജങ്ങളെ ശ്വാനന്മാരായും മാററിയിട്ടുണ്ടു്.

ദേശാഭിമാനിവാരികയുടെ 37–ആം ലക്കത്തില്‍ ഡി. ചന്ദ്രലേഖ എഴുതിയ “യാത്രയുടെ അവസാനം” എന്ന ചെറുകഥ നന്നായിരുന്നു. അതിനെക്കുറിച്ചു് ഈ പംക്തിയില്‍ ഞാനെഴുതി. 40–ആം ലക്കം വാരികയില്‍ കഥാകാരനായ വി. ബി. ജ്യോതിരാജ് (ബോംബെ) എഴുതുന്നു: “കഥയുടെ ഓരോ വരിയും വായിച്ചു നിറുത്തേണ്ടിവന്നു. പിന്നെ തേങ്ങിക്കരച്ചിലാണു്. കഥ വായിച്ചു് ഇങ്ങനെ കരയുക എന്ന അനുഭവം എനിക്കാദ്യമാണു്”. വിചിത്രമായിരിക്കുന്നു ഈ പ്രസ്താവം. കരുണരസവും അന്തിമമായി ആഹ്ലാദ ദായകമായിരിക്കും. കരുണ വിപ്രലംഭം രസമായിട്ടുള്ള ‘ഉത്തരരാമചരിതം’ വായിച്ചു ആരും കണ്ണീരു തുടയ്ക്കാന്‍ കൈലേസ് എടുത്തിട്ടില്ല. സ്വന്തം കെര്‍ചീഫ് നനഞ്ഞതിനു ശേഷം അടുത്തിരിക്കുന്നവനോടു് ‘നിങ്ങളുടെ കൈലേസ് ഇങ്ങു് തരൂ. എന്റെ കേര്‍ചീഫ് കണ്ണീരുകൊണ്ടു കുതിര്‍ന്നു പോയി’ എന്നാരും ഇന്നുവരെ പറഞ്ഞിട്ടില്ല. കഥ വായിച്ചു് ഓരോ വരിയും നിറുത്തേണ്ടിവരികയും പിന്നീടു് തേങ്ങിക്കരയേണ്ടി വരികയും ചേയ്താല്‍ അതു് രണ്ടാംതരമോ മൂന്നാം തരമോ ആയ സഹൃദയത്വമല്ല, പത്താം തരം സഹൃദയത്വമാണു്. പിന്നെ ചന്ദ്രലേഖയെ ഒരു പുതിയ എഴുത്തുകാരിയിട്ടാണു് ജ്യോതിരാജ് കാണുന്നുതു്. ശരിയല്ല ആ കാഴ്ച. ചന്ദ്രലേഖ വളരെക്കാലമായി നല്ല കഥകളെഴുതുന്നു. തിരുവനന്തപുരത്തെ ഒരു കൊട്ടാരത്തെ അവലംബിച്ചുകൊണ്ടു് അവര്‍ മുന്‍പെഴുതിയ ഒരു ചെറുകഥ സുന്ദരമായിരുന്നു. അതിനെക്കുറിച്ചും സാഹിത്യ വാരഫലത്തില്‍ നിരൂപണമുണ്ടായിരുന്നു.

മൌലികത

ഭവനത്തിന്റെ അന്ധകാരത്തില്‍ നിന്നു് വിഭാത വേളയില്‍ രാജവീഥിയിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ പ്രകാശത്തിന്റെ ലോകം എന്നെ സ്വാഗതം ചെയ്യുന്നു… സായാഹ്നാന്ധകാരത്തില്‍ നിന്നുകൊണ്ടു മുകളിലേക്കു നോക്കുമ്പോള്‍ നക്ഷത്രങ്ങളുടെ പ്രകാശപൂര്‍ണ്ണമായ ലോകം…ചെറിയ ചെറിയ ചലനങ്ങളോടുകൂടി ആരംഭിച്ച നൃത്തം വേഗമാര്‍ന്ന ചലനങ്ങളിലെത്തുന്നു. ഒടുവില്‍ ഉപ്പൂററിയൂന്നി പുറംതിരിഞ്ഞൊരു പോക്ക്. അതോടുകൂടി ദ്രഷ്ടാക്കള്‍ക്കു് ആത്മസംതൃപ്തി… “നിശ്ചയം സ്നേഹിക്കാനാവുമെനിക്കൊരു കൊച്ചനുജത്തിയെപ്പോലെ നിന്നെ” എന്നും “നീയൊരു മുഗദ്ധയാം ബാലികതന്നെയന്നയന്നീരിലേക്കെന്തു നീ ചാടിയില്ല?” എന്നും തുടങ്ങുന്ന അധീരങ്ങളായ പദവിന്യാസങ്ങള്‍ “അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലപൂകീ ഞാന്‍” എന്ന സുദൃഢങ്ങളായ പദവിന്യാസങ്ങളായി മാറുന്നു… അവിദഗ്ദ്ധതയില്‍നിന്നു് വിദഗ്ദ്ധതയിലേക്കുള്ള സംക്രമണമാണിതു്. ഇതിനെ ഹൃദയഹാരിയായി ടി. എന്‍. പ്രകാശ് ഒരു കഥയിലൂടെ ചിത്രീകരിക്കുന്നു. (ദേശാഭിമാനി വാരിക — ‘വിധികര്‍ത്താക്കളുടെ ശ്രദ്ധയ്ക്ക്’) അപൂര്‍വമായ ഇത്തരം മൌലികത കാണാറുള്ളു. കഥയുടെ ഭാവമെന്തെന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ ചിത്രകാരന്‍ കലാപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ വിളിച്ചു പറയുന്ന അദ്ധ്യാപകന്റെ ചിത്രം വരച്ചു വയ്ക്കില്ലായിരുന്നു. നമ്മുടെ ചിത്രകാരന്മാരില്‍ പലരും ഇങ്ങനെയാണു്. കഥ മുഴുവനും വായിച്ചുനോക്കില്ല. ആദ്യത്തെ ഖണ്ഡിക ഒന്നു നോക്കും. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു കാര്യമെടുത്തങ്ങു് ഒരു ‘കാച്ചാ’ണ്. ആര്‍ജ്ജവം — sincerity – സ്വാഭാവികമായും ഉണ്ടാകേണ്ട ഗുണമാണു്. മററുള്ളവര്‍ പറഞ്ഞുവെന്നുവച്ചു് അതു് ജനിക്കണമെന്നില്ല.

* * *

യെനസ്കോയുടെ ഒരു നാടകത്തില്‍ ഒരു മൃതദേഹത്തിന്റെ കാലു് സ്റ്റേജിലേക്കു വളര്‍ന്നുവളര്‍ന്നു വരുന്നതിന്റെ പ്രസ്താവമുണ്ടു്. ഒരു കഥാപാത്രത്തിന്റെ പൂര്‍വ്വകാലത്തെ ഏതോ സ്മരണയാണെന്നു് തോന്നുന്നു ആ മൃതദേഹം പ്രാതിനിധ്യം വഹിക്കുന്നതു്. ദുഷ്ടമായ സാഹിത്യത്തിന്റെ ചത്ത കാലു് ഇവിടെ വളരെ വേഗം വളരുന്നു. അതു സഹൃദയന്മാരെ ചവിട്ടി പുറത്താക്കുന്നതിനുമുന്‍പു് മരിച്ച സാഹിത്യത്തിന്റെ ശരീരം നമ്മള്‍ സംസ്കരിക്കണം.

എനിക്കൊരമ്മാവനുമുണ്ടായിരുന്ന കാര്യം ഞാന്‍ മുന്‍പെഴുതിയിട്ടുണ്ടു്. ബനിയനിടില്ല, ഷര്‍ട്ട് ധരിക്കില്ല. നെഞ്ചിലെ നരച്ചമുടി കാണുന്ന മട്ടില്‍ വേസ്റ്റ്കോട്ട് മാത്രം ധരിക്കും. മുറുക്കാന്‍ തുപ്പല്‍ പുളളികള്‍വീണ മുഷിഞ്ഞമുണ്ടു് എങ്കോണിച്ചു് ഉടുത്തിരിക്കും. എഴുപതു കഴിഞ്ഞ ആ മനുഷ്യനു് വായില്‍ ഒരു പല്ലേയുള്ളു. പേരക്കുട്ടികളുടെ പ്രായമുള്ള ചെറുപ്പക്കാരികളെ കണ്ടാല്‍ മൂപ്പിലിനു് വലിയ ഇല്ലകമാണു്. ആ ഇളക്കും മനസ്സ്ലാക്കിക്കൊണ്ടു് അവര്‍ വൃദ്ധനെ നോക്കി ആകര്‍ഷകമായി ചിരിക്കും. അരക്കെട്ടു വെട്ടിച്ചുകൊണ്ടു് അ മനുഷ്യന്റെ മുന്‍പിലൂടെ നടക്കും. ഫലമോ? രാത്രിയാകുമ്പോള്‍ കിഴവന്‍ ടോര്‍ച്ചെടുത്തു് അവര്‍ കിടക്കുന്ന മുറിയില്‍ച്ചെന്നു് വെളിച്ചം പായിച്ചു് ‘ഗൌരിക്കുട്ടീ നേരെ കിടക്കു്, പാറുക്കുട്ടീ നെഞ്ചു് മൂടിക്കിടക്കു്, സരസമ്മാ, ഇങ്ങനെ മലര്‍ന്നുകിടക്കാതെ’ എന്നൊക്കെ പറയും. അവര്‍ പുച്ഛിച്ചു ചിരിക്കുമ്പോള്‍ കിഴവന്‍ വന്നു വരാന്തയിലെ പനയോ‌ലപ്പായില്‍ കിടക്കും. നമ്മുടെ ചില നിരൂപകര്‍ ഈ അമ്മാവനെപ്പോലെയാണു്. ടോര്‍ച്ചെടുത്തു രാത്രിയില്‍ നടക്കുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

പണ്ടു് ഇംഗ്ലണ്ടിലെ ഒരു പാതിരിയുമായി സംസാരിക്കാനിടവന്ന എനിക്കു്. “ബര്‍ട്രന്‍ഡ് റസ്സല്‍ എങ്ങനെ?” എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. മറുപടി: “പെന്‍ഗ്വിന്‍ ബുക്ക്സ് വായിക്കുന്നവരുടെ ഇടയില്‍ പ്രസിദ്ധന്‍. വിവേകമുള്ളവര്‍ റസ്സലിനെ അംഗീകരിച്ചിട്ടില്ല.” പാതിരിയുടെ ഈ അഭിപ്രായത്തെ അവലംബിച്ചുകൊണ്ടു് ബര്‍ട്രന്‍ഡ് റസ്സല്‍ മണ്ടനാണെന്നു ഞാന്‍ പറഞ്ഞാല്‍ ഞാന്‍ തന്നെ മണ്ടനായി മാറുകില്ലേ? ജര്‍മ്മമനിയില്‍ നിന്നു വന്ന തിയോ (പത്രപ്രവര്‍ത്തകനും നിരൂപകനുമാണെത്രേ അദ്ദേഹം) ബ്രഹ്ററിനെ ഇന്നാരും പരിഗണിക്കുന്നില്ലെന്നു പറഞ്ഞുപോലും. (ബ്രഹ്ത്തിന്റെ ഭാരം — പി. പി. ശശീന്ദ്രന്‍ — മാതൃഭൂമി ആഴ്ചപ്പതിപ്പു്) ബ്രഹ്ററിനെ അതിശയിക്കുന്ന ഒരു നാടകകര്‍ത്താവും ഇന്നുവരെ ജര്‍മ്മനിയില്‍ ഉണ്ടായില്ല. ഈ തിയോ ഒരു പക്ഷേ ആന്റി കമ്മ്യൂണിസ്റ്റാകാം. രാഷ്ട്രവ്യവഹാര സിദ്ധാന്തത്തിന്റെ പേരിലോ മറ്റേതെങ്കിലും സാഹിത്യസിദ്ധാന്തത്തിന്റെ പേരിലോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതെടുത്തു മുളളോടെ വിഴുങ്ങുന്നതു് ശരിയല്ല.

* * *

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ലിറററേച്ചര്‍ കമ്പനിയുടെ പ്രതിനിധിയായി ഒരു റഷ്യാക്കാരന്‍ ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ല. വൈക്കം ചന്ദ്രശേഖരന്‍നായരാണു് ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തിയതു്. ‘എം. കൃഷ്ണന്‍നായര്‍, ലിററററി ക്രിട്ടിക്’ എന്നു് ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞപ്പോള്‍ സായ്പ് സുകുമാര്‍ അഴീക്കോടു്, ഗുപ്തന്‍നായര്‍ ഇവരെക്കുറിച്ചു് പറയാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു: Sukumar Azhikkodu is not a critic. He is all histrionics. His showy gestures and bombastic speeches prove this. Guptan Nair is the very antithesis of Sukumar. (സുകുമാര്‍ അഴിക്കോടു് നിരൂപകനല്ല. അദ്ദേഹമാകെ നാട്യമാണു്. അദ്ദേഹത്തിന്റെ പ്രകടനാത്മകങ്ങളായ അംഗവിക്ഷേപങ്ങളും വൃഥാസ്ഥൂലങ്ങളായ പ്രഭാഷണങ്ങളും ഇതു തെളിയിക്കുന്നു. ഗുപ്തന്‍നായരാകട്ടെ സുകുമാറിനു് നേരെ എതിരും.) “നിങ്ങളോ?” എന്നു സായ്പിന്റെ ചോദ്യം. “ഞാനൊരുമല്ല” എന്നു മറുപടി.