close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 10 14


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 10 14
ലക്കം 474
മുൻലക്കം 1984 10 07
പിൻലക്കം 1984 10 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സ്പെയിനിലെ നാവികന്‍ ക്രിസ്റ്റഫര്‍ കുലമ്പസ് (Christopher Columbus, 1451–1506) അമേരിക്കന്‍ ഐക്യനാടുകളിലെ ഫ്ളൊറിഡയ്ക്കു തെക്കു — കിഴക്കുഭാഗത്തുള്ള ബഹാമദ്വീപുകളില്‍ 1492-ല്‍ ചെന്നിറങ്ങി. ഇന്ത്യയിലാണു് താനെത്തിയതെന്നു് അദ്ദേഹം വിചാരിച്ചു. അതുകൊണ്ടു് അവിടെയുണ്ടായിരുന്ന ആദിമനിവാസികളെ ഇന്ത്യാക്കാര്‍ എന്നു് കുലമ്പസ് വിളിച്ചു. “നവീനലോക”ത്തിലെ പുരാതനവര്‍ഗ്ഗക്കാരെ ഇന്ത്യാക്കാര്‍ എന്നു് ഇന്നും വിളിക്കാനുള്ള കാരണം അതാണു്. നമ്മുടെ ചില എഴുത്തുകാര്‍ വിചാരസാഗരത്തില്‍ കപ്പല്‍ യാത്ര നടത്തി ചില പദദ്വീപുകളില്‍ ചെന്നിറങ്ങുന്നു. കുലമ്പസിനെപ്പോലെ തെറ്റിദ്ധാരണയുടെപേരില്‍ അവയെ സംസ്കൃതപദങ്ങളായി കാണുന്നു. ആ പദങ്ങളില്‍ ഒന്നാണു് ‘ആലക്തികം’ എന്നതു്. വിദ്യുച്ഛക്തിയെ സംബന്ധിക്കുന്നു എന്ന അര്‍ത്ഥത്തിലാണു് ഈ ആലക്തികപ്രയോഗം. ഈ പദം സംസ്കൃത ഭാഷയിലുള്ളതല്ല. മറ്റൊരുപദം ‘ഘട്ടം’ എന്നതത്രേ. ഘട്ടത്തിനു കടവു്, വഞ്ചി നടക്കുന്ന ‘ജട്ടി’, നദീതീരത്തുള്ള കല്പടവു് എന്നു് അര്‍ത്ഥങ്ങള്‍. അതിനു് ‘നിര’ (range) എന്ന അര്‍ത്ഥമില്ല. Western Glass എന്ന ഇംഗ്ലീഷ് പ്രയോഗത്തെയാണു് കവി ‘പശ്ചിമഘട്ടങ്ങളാ’ക്കി “അവതരിപ്പിക്കു”ന്നതു് (“കേരളം വളരുന്നൂ പശ്ചിമഘട്ടങ്ങളെകേറിയും കടന്നും…”). അതു ശരിയല്ലതാനും. ഇനിയും പറയാം. പത്തൊന്‍പതാം ശതാബ്ദത്തിലെ ഒരു ജര്‍മ്മന്‍ വൈദ്യനായിരുന്നു മെസ്മര്‍ . അദ്ദേഹത്തിന്റെ ചികിത്സാ പക്തി ഹിപ്നോട്ടിസമായിരുന്നു. അദ്ദേഹത്തെ മെസ്മറിസമെന്നും വിളിച്ചു. “മെസ്മര്‍” എന്നതില്‍ നിന്നുണ്ടായ പദമാണ് മാസ്മരം. അതു സംസ്കൃതമല്ല. അതിനാല്‍ “രാവണനെ ഭാസുരവിദ്യയില്‍ സീത കറങ്ങിയെത്തി.” എന്നെഴുതുന്നതു തെറ്റാണു്. വിചാന്മാര്‍ മാസ്മരികം എന്നുവരെ വൃത്തത്തിക്കുന്നുണ്ടു്. സത്യം ഇതാണെന്നു ബഹാഭദ്വീപുകളിലെ ആദിമനിഷ്യര്‍കളെ ഇത്യാക്കാരെന്നു വിളിക്കുന്ന ഇതുപോലെ ഇപ്പറഞ്ഞ പദങ്ങളെ സംസ്കൃതങ്ങളായിത്തന്നെ ഇനിയും ആളുകള്‍ കരുതിക്കൊണ്ടിരിക്കും. യൂറോപ്പിനെ സംബന്ധിച്ചതു് ഐരോപ്യമാണു് ഒരു കവിക്കു് വാഷിങ്ടണ്‍ ഇര്‍വിങ്ങിന്റെ ഒരു കഥാപാത്രമായ Rip Van Winkle — നെ എന്റെ ഒരു ഗുരുനാഥന്‍ “ത്രിഭൂവനവെങ്കല”നാക്കിക്കളഞ്ഞു. രാജ്യത്തിന്റെ നിയമങ്ങളെ ധ്വംസിക്കുന്ന പാതകിയെ കഴിഞ്ഞാല്‍ പിന്നെ പാതകിയായി പരിഗണിക്കേണ്ടതു് ഭാഷയുടെ, നിയമങ്ങളെ ധ്വംസിക്കുന്നവനെയാണെന്നു് ഒരു ചിന്തകന്‍ പറഞ്ഞിട്ടുണ്ടു്.

ഒന്നുമില്ലായ്മ — കഥയിലും പ്രപഞ്ചത്തിലും

“ശൂന്യതയ്ക്കു പകരമായി പ്രപഞ്ചമെന്തിനുണ്ടായി?” എന്ന ചോദ്യം സ്വയം ചോദിക്കാത്തവരില്ല. ആ ചോദ്യത്തിനു് ഉത്തരം കിട്ടാതെ ഏതാനും നിമിഷങ്ങളെങ്കിലും നമ്മള്‍ ഇരുന്നുപോകാറുണ്ടു്, ഓരോ ദിവസവും. ഈ ചോദ്യം ആദ്യമായി ചോദിച്ച മനുഷ്യന്‍ സ്വന്തം സമാധാനത്തിനുവേണ്ടി സൃഷ്ടിയെക്കുറിച്ചു് കഥകളുണ്ടാക്കിയെന്നു് ‘In and Out the Garbage Pail’ എന്ന മനോഹരമായ ആത്മകഥ എഴുതിയ ഫ്രെഡറിക് എസ് പേള്‍സ് പറയുന്നു, (ജെഷ്ടാള്‍ട് ചികിത്സാപദ്ധതിയെ വികസിപ്പിച്ച മനഃശാസ്ത്രജ്ഞനാണു് ഇദ്ദേഹം) പക്ഷേ, ഇക്കഥകള്‍ ശൂന്യതയെ ഇല്ലാതാക്കാന്‍ പ്രയോജനപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. “My first philosophical encounter with nothingness was the naught, in the form of zero” (ശൂന്യതയോടുള്ള എന്റെ ആദ്യത്തെ ദാര്‍ശനികസംഘട്ടനം പൂജ്യത്തിന്റെ രൂപത്തിലുള്ള ഒന്നുമില്ലായ്മയാണു്) എന്നു പേള്‍സ്. തുടക്കത്തിലുള്ള ഈ ശൂന്യത മരണംവരെയും നമ്മെ ഒഴിയാബാധപോലെ പിന്തുടരുന്നുണ്ടാവും. അതുകൊണ്ടുതന്നെയാണു് നിങ്ങള്‍ തനിച്ചു ജനിക്കുന്നു, തനിച്ചു മരിക്കുന്നു എന്നു ഡി.എച്ച്. ലോറന്‍സും പറഞ്ഞതു്. രാഷ്ട്രാന്തരീയ പ്രശസ്തി ആര്‍ജ്ജിച്ച ഒരു ഡോക്ടറുടെ ജീവിതമൊന്നു നോക്കു. കാലത്തു് ആറുമണി തൊട്ടു് രോഗികള്‍ വരിയായി നിൽക്കുന്നു അദ്ദേഹത്തെ കാണാന്‍. ഓരോ രോഗിയേയും അദ്ദേഹം മരണത്തില്‍നിന്നു രക്ഷിക്കുന്നു. അവര്‍ സന്തോഷത്തോടെ വര്‍ഷിക്കുന്നു. അവര്‍ സന്തോഷത്തോടെ വര്‍ഷിക്കുന്ന ധനം അദ്ദേഹത്തെ കോടീശ്വരനാക്കുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ആനന്ദാതിരേകത്തില്‍ മുങ്ങുന്നു. പക്ഷേ, മരണമെന്നെ ശൂന്യത കണ്ടു് അദ്ദേഹവും ഞെട്ടുന്നുണ്ടു്. ആ ശൂന്യതതന്നെയാണു് മഹാസത്യം. ഇതിനെ ചിത്രീകരിക്കാന്‍ ശ്രമിച്ച ബാലകൃഷ്ണന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘വര്‍ഗ്ഗീസ് വൈദ്യന്‍’ എന്ന ചെറുകഥ) വിജയം പ്രാപിച്ചോ? ഇല്ലതന്നെ. ഒരു ‘വിഷന്‍’ (Vision) ഉണ്ടാവുക. അതിന്റെ സന്ദിഗ്ദ്ധതകളില്‍ പ്രതിഭകൊണ്ടു തുളച്ചുകയറുക. എന്നിട്ടു്, അങ്ങനെ കിട്ടുന്ന സത്യത്തെ സാഹിത്യവുമായി പൊരുത്തപ്പെടുത്തുക — ഇതിനു് അനുഗൃഹീതരായവര്‍ക്കേ കഴിയൂ. വിദഗ്ദ്ധനായ ഒരു വര്‍ഗ്ഗീസ് വൈദ്യന്‍ അര്‍ബ്ബുദം പിടിച്ചു് മരണത്തെ സമീപിക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള ഇക്കഥയില്‍ വിഷനില്ല. പ്രതിഭയുടെ വിലാസമില്ല. സത്യദര്‍ശനമില്ല. തികച്ചും ദുര്‍ബ്ബലമായ രചന.

* * *

“ദീര്‍ഘകാലത്തെ അഭാവത്തിനുശേഷം നമ്മള്‍ നമ്മുടെ ഇരുണ്ട ഭവനത്തില്‍ എത്തി കിരുകിരുക്കുന്ന ശബ്ദത്തോടെ താക്കോല്‍കൊണ്ടു വാതില്‍ തുറന്നു് മുറിയിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ മറ്റേവാതിലിലൂടെ ആരോ ഇറങ്ങിപ്പോയി എന്നു തോന്നാറില്ലേ?” എന്നോ മറ്റോ റോബര്‍ട്ട് ഫ്രോസ്റ്റ് എഴുതിയിട്ടുണ്ടെന്നു തോന്നുന്നു. ഈ ഇറങ്ങിപ്പോയവനുണ്ടല്ലോ. അവനാണു മരണം അവന്‍ തിരിച്ചു വൈകാതെ വരുമെന്നു ഓരോ വ്യക്തിയും ഓര്‍മ്മിക്കണം.

സ്റ്റേ! സ്പീക്ക്, സ്പീക്ക്!

ഭൂമിശാസ്ത്രപരങ്ങളും ജലവായു സംബന്ധികളുമായ വസ്തുക്കള്‍ക്കു മാറ്റം വരുമ്പോള്‍ രോഗങ്ങള്‍ മാറുന്നതുപോലെ, നാട്ടിന്റെ സംസ്കാരത്തിനു പരിവര്‍ത്തനം വരുമ്പോള്‍ പൈങ്കിളിക്കഥകളും അപ്രത്യക്ഷമാകും.

ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രനും ഞാനും സ്നേഹിതന്മാരായിട്ടു് മുപ്പത്തഞ്ചു വര്‍ഷങ്ങളോളമായിരിക്കുന്നു. ഇപ്പോഴും കൂടക്കൂടെ ഞങ്ങള്‍ കാണും, സംസാരിക്കും. നവീന കവിതയെക്കുറിച്ചും ആഫ്രിക്കന്‍ കവിതയെക്കുറിച്ചും ഞങ്ങള്‍ക്കു് ഒരേ അഭിപ്രായമാണു്. യോജിക്കാത്ത വിഷയങ്ങളെക്കുറിച്ചു് എഴുതുമ്പോഴും ഞങ്ങള്‍ പരസ്പരം വേദനിപ്പിക്കാറില്ല. വയലാര്‍ രാമവര്‍മ്മയുടെ പദ്യകൃതികള്‍ക്കു് അദ്ദേഹമെഴുതിയ അവതാരിക നോക്കുക. കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ലാത്ത എന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കി അദ്ദേഹം ചിത്രീകരിച്ചിട്ടുള്ളതു മാന്യമായ ഭാഷയിലാണു്. (നന്ദി) ഇക്കാരണങ്ങള്‍ കൊണ്ടു് ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രന്‍ എന്ന പേരു് എവിടെ അച്ചടിച്ചു കണ്ടാലും എനിക്കു് ആഹ്ലാദമാണു്. ആ ആഹ്ലാദത്തോടെയാണു് ഞാന്‍ അദ്ദേഹത്തിന്റെ ‘ആ ദിവ്യകോകിലത്തെ ഓര്‍ക്കുമ്പോള്‍’ എന്ന കാവ്യം ഭാഷാപോഷിണിയുടെ ഒന്നാംലക്കത്തില്‍ വായിക്കാന്‍ തുടങ്ങിയതു്. പക്ഷേ ഏതു ദൗര്‍ഭാഗ്യംപിടിച്ച നിമിഷത്തിലാണോ ഞാന്‍ ആ പാരായണം ആരംഭിച്ചതു് ആ നിമിഷത്തില്‍ത്തന്നെ എനിക്കു ബോധപ്പെട്ടു. എന്റെ സ്നേഹിതന്‍ ഈ ലോകത്തു് അവതരിച്ചതു് കവിത എഴുതാന്‍ വേണ്ടിയല്ലെന്നു്; അദ്ദേഹത്തിനു പറ്റിയ പണി ഇതല്ലെന്നു്. എന്റെ ഗുരുവായൂരപ്പാ എന്തൊരു ‘മോണ്‍സ്ട്രോസിറ്റി’യാണു് ഈ കവിത! അതും കുമാരനാശാനെക്കുറിച്ചു്! പല്ലനയാറ്റിന്റെ തീരത്തു് വിശ്രമിക്കുന്ന കവി ഇതു വായിച്ചു് ശവകുടീരത്തില്‍ കിടന്നു തിരിയുകയും മറിയുകയും ചെയ്യുമല്ലോ. ചിലപ്പോള്‍ അദ്ദേഹം അവിടെനിന്നെഴുന്നേറ്റ് തിരുവനന്തപുരത്തെത്തി എന്റെ സുഹൃത്ത് പുതുശ്ശേരി താമസിക്കുന്ന വഞ്ചിയൂരെ റോഡില്‍ക്കൂടി “കിറുകിറു ശബ്ദം പുറപ്പെടുവിച്ചും ജല്പനം ചെയ്തും” നടക്കുകയില്ലെന്നു് ആരു കണ്ടു? (Squeak and Gibber — Hamlet) അപ്പോള്‍ ആരെങ്കിലും അദ്ദേഹത്തോടു് Stay, speak, speak! I charge thee, speak! എന്നു പറയുകില്ലെന്നു് ആരു കണ്ടു?

രോഗങ്ങള്‍ രണ്ടുവിധം

സാംക്രാമികരോഗങ്ങള്‍ (സാംക്രമികമെന്നു ശബ്ദതാരാവലിയില്‍ കാണുന്നതു് എത്രകണ്ടു ശരിയോ?) പലതാണു്. ന്യൂമോണ്യാ, ഡിഫ്ത്തീരിയാ, റ്റ്യൂബര്‍ക്യുലോസിസ്, പോളീയോമൈലൈറ്റിസ്, സ്മാള്‍പോക്സ് ഇവയൊക്കെ സാംക്രാമികരോഗങ്ങളാണു്. ആന്റിബയോട്ടിക്സും മറ്റു മരുന്നുകളും കൊണ്ടു് ഇവയെ നിയന്ത്രിച്ചുകഴിഞ്ഞു എന്നാണു് ഡോക്ടര്‍മാരുടെ വാദം. അതു് അത്രത്തോളം ശരിയല്ല. സള്‍ഫൊനമൈഡ് കൊണ്ടാണു് ആദ്യകാലത്തു് (1935-ല്‍) ന്യൂമോണ്യ പിടിച്ചവരെ ചികിത്സിച്ചിരുന്നതു്. പിന്നീടു് പെനിസിലിനും ട്രെറ്റ സൈക്ലൈനും ഉപയോഗിച്ചു തുടങ്ങി. ന്യൂമോണ്യ അപ്രത്യക്ഷമായി എന്നു ഡോക്ടര്‍മാരുടെ പ്രഖ്യാപനം. പക്ഷേ ആ രോഗം പിടിപെട്ടു പലരും ഇപ്പോഴും മരിക്കുന്നുണ്ടു്. ഐസനൈസ്സിഡ് (isoniazid), സ്റ്റ്രെപ്റ്റോമൈസിന്‍ ഇവയാണു് റ്റ്യൂബര്‍ക്യൂലോസിസിനുള്ള (ക്ഷയത്തിനുള്ള) മരുന്നുകള്‍. രണ്ടും ആ രോഗത്തെ നിയന്ത്രിച്ചുവെന്നു ഭിഷഗ്വരമതം. എന്നാല്‍ ക്ഷയം വന്നു മരിക്കുന്നവര്‍ ധാരാളം. ഇതു് എനിക്കു തോന്നിയമട്ടില്‍ പറയുന്നതല്ല. വിദഗ്ദ്ധരായ മറ്റു ഡോക്ടര്‍മാരുടെ മതംതന്നെയാണു്. സമയത്തുള്ള ചികിത്സകൊണ്ടു രോഗം ഭേദമായി എന്നു വിചാരിക്കുന്നതു പലപ്പോഴും മൗഢ്യമാണു്. ഭൂമിശാസ്ത്രപരങ്ങളായ കാരണങ്ങള്‍കൊണ്ടു രോഗങ്ങള്‍വരും. മറ്റു കാരണങ്ങളാല്‍ അവ ഭേദമാകുകയും ചെയ്യും. നമ്മുടെ പൈങ്കിളിക്കഥകള്‍ പകര്‍ച്ചവ്യാധികളാണു്. ഒരു പെണ്‍കുട്ടി ‘വിഷ്ഫുള്‍ തിങ്കിങ്ങി’ന്റെ ഫലമായി ഒരു പൈങ്കിളിക്കഥ എഴുതിയാല്‍ അതു വായിക്കുന്ന നൂറു പെണ്‍കുട്ടികള്‍ നൂറു കഥകളെഴുതും. അങ്ങനെ പൈങ്കിളിക്കഥകളുടെ സംഖ്യ കൂടിക്കൂടിവരും. ചെയ്ന്‍ റീയാക്‍ഷന്‍തന്നെ. പെനിസിലിന്‍ തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദങ്ങളാവാത്തതുപോലെ വിമര്‍ശന ഭേഷജങ്ങളും ഫലപ്രദങ്ങളാവുന്നില്ല. ഭൂമിശാസ്ത്രപരങ്ങളും ജലവായുസംബന്ധികളുമായ വസ്തുതകള്‍ക്കു മാറ്റംവരുമ്പോള്‍ രോഗങ്ങള്‍ മാറുന്നതുപോലെ നാട്ടിന്റെ സംസ്കാരത്തിനു പരിവര്‍ത്തനം വരുമ്പോള്‍ പൈങ്കിളിക്കഥകളും അപ്രത്യക്ഷങ്ങളാവും.

പകര്‍ച്ചവ്യാധികള്‍ എവിടെയുമുണ്ടു്. ഒരു ദേശത്തുമാത്രം കാണുന്ന രോഗങ്ങളുമുണ്ടു്. അവയെ എന്‍ഡെമിക് രോഗങ്ങളെന്നു വിളിക്കുന്നു. ഇത്തരം രോഗങ്ങളിലൊന്നായി മീസില്‍സിനെ (അഞ്ചാം പനി) കരുതാം. ഒരുതരം ഇമ്മ്യൂണിറ്റിയോടുകൂടി (മുക്തിയോടുകൂടി) ആളുകള്‍ കഴിയുകയാണു്. അതുകൊണ്ടു് ഒരാള്‍ക്കു മീസില്‍സ് വന്നാല്‍ അടുത്തുപെരുമാറുന്നവനു് അതു വരണമെന്നില്ല അതു് ഒരു കാലത്തു് അയാള്‍ക്കു വന്നിരിക്കും. ഇമ്മ്യൂണിറ്റി ലഭിച്ചിരിക്കും. ഭാഷാപോഷിണിയിലെ ‘ശാന്തിപര്‍വം’ എന്ന കഥ ഒരു എന്‍ഡെമിക് രോഗമാണു്. സാഹിത്യമല്ല. “ദ്വാരപാലകരേ വഴിമാറൂ…ഗോപുരകവാടങ്ങള്‍ മലര്‍ക്കെ തുറന്നിടു. ആയിരം അഗ്നിശലാകകളായി…ജ്വാലയായി…പിന്നെ നാളമായി…കാറ്റുലയ്ക്കാത്ത നാളമായി” എന്ന ശിഖണ്ഡിഭാഷയില്‍ രചിക്കപ്പെട്ട ഈകഥ കണ്ടു് ഇതേരോഗമുള്ള പലരും അടുത്തുചെന്നു പെരുമാറുന്നു. അവര്‍ക്കു് അതു പകര്‍ന്നുകിട്ടില്ല. അവരുടെയെല്ലാം ഉള്ളിന്റെ ഉള്ളില്‍ ഇതുതന്നെയുണ്ടല്ലോ. “ഹാ, എനിക്കു വന്ന മീസില്‍സ്. ഇപ്പോള്‍ ശാന്തിപര്‍വമെഴുതിയ പദ്മന്‍ നാറാത്തിനും വന്നിരിക്കുന്നു. മീസില്‍സ് ജയിക്കട്ടെ” എന്നു് അവര്‍ പറയും.

ശശി, ലതയെ സ്നേഹിച്ചു; ലത ശശിയേയും, ലതയെ വേറൊരുത്തന്‍ വിവാഹം കഴിച്ചു. അയാള്‍ പെട്ടെന്നങ്ങു ചത്തു. ലതയും ശശിയും ഒളിച്ചോടാന്‍ തീരുമാനിക്കുന്നു. അപ്പോഴേക്കും ശശിയെ പാമ്പുകടിക്കുന്നു. ഇതു പറയാനാണു് മേല്‍ക്കാണിച്ച കൃതിമശൈലി. ഉത്തമപുരുഷ സര്‍വനാമം പ്രയോഗിച്ചു് കഥ പറയുന്നു. ഒടുവില്‍ വക്താവിനെത്തന്നെ പാമ്പുകടിക്കുന്നതായും അയാള്‍ മരണത്തിലേക്കു ചെല്ലുന്നതായും ആഖ്യാനം. ശവകുടീരത്തില്‍ കിടന്നുകൊണ്ടാണോ അയാള്‍ കഥ പറയുന്നതു്? ഒന്നും “പുടികിട്ടുന്നില്ല.” ഈ കലാഭാസത്തിനു മുകളിലായി ഒരു കുറിപ്പ്: “സാഹിത്യകലാവിഷയങ്ങളിലും പ്രവര്‍ത്തനങ്ങളിലും അനുധ്യാനപൂര്‍വം വ്യാപരിക്കുന്ന പദ്മന്‍ ഭാവ — ഭാവനാസമ്പന്നനായ ഒരെഴുത്തുകാരനാണു്. ശാന്തിപര്‍വം അതു വ്യക്തമാക്കാതിരിക്കയില്ല” (പുറം 13). എന്‍ഡെമിക് രോഗങ്ങളെയാണു് പകരുന്ന രോഗങ്ങളെക്കാള്‍ വളരെക്കുടുതലായി നമ്മള്‍ പേടിക്കേണ്ടതു്. അവ ചിലപ്പോള്‍ പടര്‍ന്നുപിടിച്ചാല്‍ എല്ലാവരും മരിച്ചു പോകും.

* * *

ഇതെഴുതുന്ന ആൾ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകര്‍ മാത്രമുള്ള ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചു. പ്രഭാഷണം നന്നായിയെന്നു പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. നിരൂപകന്‍ തോമസ് മാത്യു മാത്രം ‘ഓ റൊമാന്‍റിക്‍’ എന്നു വിപ്രതിപത്തി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തില്‍ എനിക്കു വിശ്വാസമുള്ളതുകൊണ്ടു് ആ പ്രസ്താവത്തില്‍ എനിക്കൊരു വല്ലായ്മയും തോന്നിയില്ല. അതിരുകടന്ന റൊമാന്റിസിസം രോഗംതന്നെയാണു്. അതിരുകടക്കാത്ത റൊമാന്റിസിസമോ? അതു ശക്തിയാണു്. വില്യം ബ്ലേക്കിന്റെ ശക്തിയാര്‍ന്ന റൊമാന്റിക്‍ കവിതയെ ജയിക്കാന്‍ വേറെ കവിതയുണ്ടോ? കാസാന്‍ദ് സാക്കീസിന്റെ ശക്തിയാര്‍ന്ന റൊമാന്‍റിക്‍ നോവലുകളെ അതിശയിക്കുന്ന വേറെ റൊമാന്‍റിക്‍ നോവലുകളുണ്ടോ? പക്ഷേ, ശാസ്ത്രത്തിലെ ‘എന്‍ട്രോപി’ നിയമമനുസരിച്ചു് ശക്തി ചേതപ്പെടുകയാണു്. ആ ചേതമാണു് നവീന സാഹിത്യത്തില്‍ കാണുന്നതു്. ഉയര്‍ന്ന സ്ഥലത്തു കെട്ടിനിറുത്തിയ ജലത്തിനു ശക്തിയുണ്ടു്. അതു താഴത്തേക്കു് ഒഴുക്കിയാല്‍ ചക്രം തിരിക്കാം. വിദ്യുച്ഛക്തി ഉല്‍പാദിപ്പിക്കാം. വെള്ളം ഒഴുകി സമതലത്തിലെത്തിയാല്‍ അതിനു ശക്തിയില്ല. ഉന്നത പ്രദേശത്തെ ജലം താഴോട്ടൊഴുകിയപ്പോള്‍ വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതയുടെ വൈദ്യുതശക്തി നമുക്കു ലഭിച്ചു. സമതലത്തില്‍ അതു് എത്തിയപ്പോള്‍ നവീന കവികളുടെ നിശ്ചേതനങ്ങളായ സൃഷ്ടികളും.

അഞ്ചു പുരുഷന്‍, ഒരു സ്ത്രീകള്‍

നിയമത്തിനു വിധേയമായേ നമുക്കു ജീവിക്കാന്‍ പറ്റു. റോഡില്‍ എവിടെ നടക്കാനും നമുക്കു സ്വാതന്ത്ര്യമുണ്ടു്. സ്വാതന്ത്ര്യമുള്ളതുകൊണ്ടു് അതിന്റെ ഒത്തനടുക്കേ നടക്കൂ എന്നു ശഠിച്ചാല്‍ ബസ്സ്കയറി മരിക്കും. അതുകൊണ്ടു് നടന്നു പോകുന്നവര്‍ റോഡിന്റെ വശംചേര്‍ന്നു പോകണം എന്ന നിയമം നമ്മള്‍ അനുസരിക്കുന്നു. ഇതുപോലെ ഭാഷയ്ക്കും നിയമങ്ങളുണ്ടു്. അവ പാലിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടാകും. ആ കുഴപ്പം നമ്മുടെ ജീവിതത്തെ ബാധിക്കും, തകര്‍ക്കും, അനുയോഗം എന്ന വാക്കിന്റെ അര്‍ത്ഥം ചോദ്യം എന്നാണു് (അനു+ യുജ്+ഘഞ്. പ്രശ്നം പൃച്ഛാ എന്നു പര്യായങ്ങള്‍ പ്രശ്നോനുയോഗഃ പ്രച്ഛാ) ‘അനുയോജ്യ’ത്തിനു് to be examined or questioned എന്ന അര്‍ത്ഥമേയുള്ളു. മലയാളം നിഘണ്ടുക്കളില്‍ ‘യോജിച്ച’ എന്നു് അര്‍ത്ഥം നല്കിയിരിക്കുന്നതു് നിലവിലുള്ള പ്രയോഗത്തെ അവലംബിച്ചാണു് തെറ്റായ വാക്കുകളും തെറ്റായ അര്‍ത്ഥങ്ങളും നിഘണ്ടുവില്‍ കൊടുക്കും. നിഘണ്ടു പ്രാമാണിക ഗ്രന്ഥമല്ല. അനുയോജ്യനായ വരന്‍ എന്നു പ്രയോഗിക്കുമ്പോള്‍ അര്‍ത്ഥം മനസ്സിലായില്ലേ എന്നു ചോദിക്കാം. മനസ്സിലായി പഴത്തിനു പകരം പയം എന്നു പറഞ്ഞാലും വക്താവു് എന്താണു് ഉദ്ദേശിക്കുന്നതെന്നു ഗ്രഹിക്കാം. “അഞ്ചു പുരുഷന്മാര്‍ വന്നു” എന്നു പറയുന്നതിനു പകരമായി “അഞ്ചു പുരുഷന്‍വന്നു” എന്നു പറയാം. അര്‍ത്ഥഗ്രഹണം ഉണ്ടാകും. എന്നാല്‍ ബഹുത്വത്തെ കാണിക്കുന്നതിനുവേണ്ടി പുരുഷന്മാര്‍ എന്നു പ്രയോഗിക്കണം. അതു വ്യാകരണത്തിലെ നിയമമാണു്. ആ നിയമം ലംഘിച്ചാല്‍ ഭാഷയുടെ വിശുദ്ധിയും ആര്‍ജ്ജവവും ഇല്ലാതാകും. അവ ഇല്ലാതെയായാല്‍ ആദ്യം എഴുതിയതുപോലെ സമുദായം തകരും. കലാകൗമുദിയില്‍ പി. ചന്ദ്രശേഖരന്‍ എഴുതിയ കത്തു വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. ചേര്‍ത്തലക്കാരനാണല്ലോ ചന്ദ്രശേഖരന്‍. മിസ്റ്റര്‍ ചന്ദ്രശേഖരന്‍, വ്യാകരണ നിയമത്തിന്റെ പ്രാധാന്യം കാണിക്കാന്‍ വേണ്ടി ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കുന്നു. ഏതാണു് ശരിയെന്നു താങ്കള്‍തന്നെ തീരുമാനിച്ചാലും:

  1. ഞാന്‍ ചേര്‍ത്തലയില്‍ വരട്ടോ?
  2. ഞാന്‍ ചേര്‍ത്തലെ വരട്ടോ?
  3. ഞാന്‍ ചേര്‍ത്തല വരട്ടോ?
* * *

നോം ചൊംസ്കി പറയുന്നതുപോലെ വ്യാകരണം പരിവര്‍ത്തനങ്ങളിലും പരിവര്‍ത്തനാത്മകങ്ങളായ ബന്ധങ്ങളിലും മാറ്റം വരാത്ത ഒരു അവസ്ഥയോ സത്തയോ ആണു്. അതു് അബോധാത്മകവുമത്രേ. വ്യാകരണം പഠിക്കാതെതന്നെ വ്യാകരണനിയമങ്ങള്‍ ലംഘിക്കാതെ ആളുകള്‍ സംസാരിക്കും, എഴുതും. ഭാഷയെ പുതപ്പിക്കുന്ന കരിമ്പടമല്ല അതു്. തണുപ്പു് അനുഭവിക്കാന്‍ കെല്പുള്ളവര്‍ക്കു കരിമ്പടം വേണ്ട എന്ന വിചാരം ഭ്രമജനകമാണു്.

ഫൂലാന്‍ദേവി നല്ലവള്‍

ഫൂലന്‍ദേവി സ്വൈരവിഹാരം ചെയ്തിരുന്ന കാടുകളില്‍ക്കൂടി ഞാനൊരിക്കല്‍ സഞ്ചരിച്ചു. കൊടുങ്കാടുകള്‍ രണ്ടുവശത്തും. ഇടയ്ക്കു വീതി കുറഞ്ഞ റോഡ്. ഫൂലാന്‍ ദേവിയും കൂട്ടുകാരും ഏതുസമയത്തും വന്നേക്കാം എന്നു വിചാരിച്ചു ഞാന്‍ പേടിച്ചു. അവള്‍ വന്നാല്‍ എതിര്‍ക്കാന്‍ വേണ്ടി കാര്‍ ഡ്രൈവര്‍ കുരുമുളകുപൊടി കരുതിവച്ചിരുന്നു. ഫൂലാന്‍ദേവി മെഷ്യന്‍ഗണ്ണുമായി വരുമ്പോള്‍, ‘ദേവീ ഇങ്ങു് അടുത്തു വരൂ’ എന്നു് ഡ്രൈവര്‍ പറയുമായിരിക്കും. അടുത്തെത്തുന്ന അവളുടെ കണ്‍പോളകള്‍ വിരലുകൊണ്ടു് കൂടുതല്‍ അകറ്റി കുരുമുളകുപൊടി ഇട്ടുകൊടുക്കും. നീറ്റല്‍ സഹിക്കാനാവാതെ ദേവി ഗണ്ണും താഴെയിട്ടിട്ടു് ഓടിക്കളയും. അവള്‍ ഓടിയാല്‍ കൂട്ടുകാരും ഓടുമല്ലോ. നല്ല ബുദ്ധി ഡ്രൈവറുടേതു്. ദേവിയുടെ ഭാഗ്യംകൊണ്ടു് അവള്‍ വന്നില്ല. ഞാന്‍ മീറ്റിങ് സ്ഥലത്തെത്തി. അവിടെ അഞ്ചു മലയാളി സംഘടനകള്‍. എന്റെ പ്രഭാഷണം നടത്താന്‍ തീരുമാനിച്ച സംഘടനയെ തോല്‍പ്പിക്കാന്‍, ആ യോഗം തകര്‍ക്കാന്‍ മറ്റു നാലു സംഘടനകളും ഓരോ ആഘോഷം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുകൂട്ടര്‍ ഞാന്‍ പ്രസംഗിക്കുന്ന സ്ഥലത്തുനിന്നു് ഏതാനും വാര അകലെയായി കലാമണ്ഡലം ഗംഗാധരന്റെ നൃത്തപരിപാടി നടത്താന്‍ പോകുന്നു. പ്രസംഗം നടക്കുന്ന അതേ സമയത്തുതന്നെ. ഞാന്‍ വിചാരിച്ചു: “ഫൂലാന്‍ ദേവി ഇവരെക്കാളെത്ര ഭേദം. അവള്‍ തോക്കുമായി വരും. കണ്ടാല്‍ വെടിവച്ചു കൊല്ലും. അതു് ഉറപ്പാണു്. അല്ലാതെ കേരളത്തിലുള്ള കൃഷ്ണന്‍ നായരോ, എന്നാല്‍ വരൂ, കാപ്പി കുടിച്ചിട്ടുപോകാം എന്നു പറയുകയില്ല . അതല്ല ഈ സംഘാടകരുടെ സ്ഥിതി. അവര്‍ വെളുക്കെ ചിരിക്കുന്നു. പിറകില്‍ തോക്കു് ഒളിച്ചു വച്ചിരിക്കുന്നു. തലയുടെ പിറകില്‍ നമ്മളറിയാതെ വെടിവയ്ക്കുന്നു. വീഴ്ത്തുന്നു.” അതുകൊണ്ടു ശത്രുവാണു് മിത്രഭാവത്തോടെ അരികിലെത്തുന്ന ശത്രുവിനെക്കാള്‍ ഭേദം. പൊന്‍കുന്നം ദാമോദരനും കെ.പി.ജി. നമ്പൂരിയും പ്രചാരണത്തിന്റെ മെഷ്യന്‍ ഗണ്‍ കൈയില്‍ വച്ചിരിക്കുന്നു. അവര്‍ സഹൃദയനെകണ്ടാല്‍ നിറയൊഴിക്കും. അതു് ഉറപ്പുള്ള കാര്യമായതുകൊണ്ടു് എനിക്കു് അവരെ പേടിയാണെങ്കിലും വിശ്വാസമുണ്ടു്. അതല്ല ദേശാഭിമാനി വാരികയില്‍ കഥയെഴുതുന്ന ഉഷാ നമ്പ്യാരുടെ സ്ഥിതി അവര്‍ പ്രചാരണമെന്ന തോക്കു് പുറകില്‍ ഒളിച്ചു വച്ചിരിക്കുന്നു. കഥയെന്ന ജിലേബി നമ്മുടെ മുമ്പില്‍ വിളമ്പിയിട്ടു് നമ്മള്‍ അതു കഴിക്കുന്ന വേളയില്‍ പിറകുവശത്തുവന്നു് തലയുടെ നേര്‍ക്കു കാഞ്ചിവലിക്കുന്നു. ബുള്ളറ്റ് ഏറ്റു് തലച്ചോറു ചിതറി നമ്മള്‍ വീഴുന്നു. സംശയമുണ്ടോ വായനക്കാര്‍ക്കു്? എങ്കില്‍ ദേശാഭിമാനി വാരികയില്‍ ശ്രീമതി എഴുതിയ ‘ദാസേട്ടന്‍’ എന്ന കഥ വായിച്ചാലും. ദാസേട്ടന്‍ ധനികനാവുന്നതുവരെ നാട്ടിന്റെ കവിയായിരുന്നു. സാധാരണക്കാരുടെ ഹൃദയസ്പന്ദങ്ങളെ ആവിഷ്കരിച്ചിരുന്നു അയാള്‍. എപ്പോള്‍ ധനികനായോ അപ്പോള്‍ ആ നന്മകളെല്ലാം പറന്നു പോയി. “ഞങ്ങള്‍ക്കിനിയും ദാസേട്ടനെ സഹിക്കാനാവില്ല.” എന്നു പറഞ്ഞു ഉഷാനമ്പ്യാര്‍ കഥ പരിസമാപ്തിയിലെത്തിക്കുന്നു. കഥയാകുന്ന തോക്കില്‍ നിന്നു് ആശയമാകുന്ന ബുള്ളറ്റ് പാഞ്ഞുവന്നു് വായനക്കാരന്റെ ചങ്കില്‍ തറച്ചിട്ടു മുതുകുപൊളിച്ചു പുറത്തേക്കു പോകുന്നു. ആശയം വാങ്മയ ചിത്രമാകുമ്പോഴല്ലേ സാഹിത്യത്തിന്റെ ആവിര്‍ഭാവം? ആ പ്രാഥമികതത്ത്വം പോലും ശ്രീമതി ഗ്രഹിച്ചിട്ടില്ല.

രൂപശില്പവും ഭാവശില്പവും

റോഡില്‍ കരിങ്കല്‍ക്കഷണങ്ങളോ ചെങ്കല്ലുകളോ ചിതറിക്കിടക്കുന്നതു കാണുമ്പോള്‍ അതു് നമ്മുടെ മനസ്സില്‍ വിശേഷിച്ചൊരു ഇംപാക്ടും ഉണ്ടാക്കുന്നില്ല. എന്നാല്‍ ആ കരിങ്കല്ലുകള്‍ കൊണ്ടൊരു മതിലുകെട്ടിയാല്‍, ചെങ്കല്ലുകള്‍ കൊണ്ടൊരു വീടുകെട്ടിയാല്‍ അവയുടെ രൂപം മനസ്സില്‍ തങ്ങിനില്ക്കും. പരസ്പരബന്ധമില്ലാത്ത പദങ്ങളുടെ സമൂഹം ഒരനുഭൂതിയും ജനിപ്പിക്കില്ല. ആ പദങ്ങള്‍ വേണ്ടപോലെ ചേര്‍ത്തു് ഒരു ഘടനയുണ്ടാക്കു. അതു് ഇംപാക്റ്റ് ഉളവാക്കും. ഘടനയുടെ ദാര്‍ഢ്യം കൂടുന്തോറും ഇംപാക്റ്റും വര്‍ദ്ധിക്കും. ദൃഢതയാര്‍ന്ന ഈ ഘടനയാണു് നീലപദ്മനാഭന്റെ കഥകളുടെ സവിശേഷത. കുങ്കുമം വാരികയിലെ “പൈതലും ദൈവവും” എന്ന അധിക്ഷേപഹാസ്യം കലര്‍ന്ന ചെറുകഥയിലും ഇതു ദൃശ്യമാണു്. ചില അപരിഷ്കൃത കുടുംബങ്ങളില്‍ സഹോദരന്മാരില്‍ ആരെങ്കിലും ഒരുത്തന്‍ വിവാഹം കഴിച്ചാല്‍ അവള്‍ പാഞ്ചാലിയായി മാറണം എന്നൊരു അലിഖിത നിയമമുണ്ടു്. അതിനെ പരിഹസിക്കുകയാണു് നീലപദ്മനാഭന്‍ ലക്ഷ്യവേധിയാണു് ഈ പരിഹാസത്തിന്റെ അമ്പു്. അമ്പു് ലക്ഷ്യവേധിയായതു് കഥയുടെ ദാര്‍ഢ്യം കൊണ്ടും.

* * *

അമ്പതുകൊല്ലം മുമ്പു് എന്റെ ഒരമ്മാവന്‍ മാധവമേനോന്‍ ബസ്റയില്‍ ജോലി നോക്കിയിരുന്നു. അദ്ദേഹം അവിടത്തെ വേശ്യാലയങ്ങളെക്കുറിച്ചു പറയാറുണ്ടായിരുന്നു. രണ്ടുനില കെട്ടിടങ്ങളാണു് വേശ്യാലയങ്ങള്‍. റോഡില്‍നിന്നു് കാലെടുത്തുവയ്ക്കുന്നതു് കോണിപ്പടിയില്‍. താഴത്തെപ്പടിയില്‍ സുന്ദരിയായ വേശ്യ ഇരിക്കുന്നുണ്ടാവും. ആ പടിയില്‍ കാലു വച്ചാലുടന്‍ ഒരു സ്വര്‍ണ്ണനാണയം അവള്‍ക്കു കൊടുക്കണം. ഉടനെ അവളെഴുന്നേറ്റു് പുരുഷന്റെ കരതലം ഗ്രഹിച്ചുകൊണ്ടു് കോണിപ്പടികള്‍ കയറും. അനേകം വര്‍ഷത്തെ പരിചയമുള്ള മട്ടിലാണു് അവളുടെ പെരുമാറ്റം. കാമുകിയെപ്പോലെ സ്നേഹം പ്രകടിപ്പിക്കും. “ഓമനേ നിന്നെക്കാണാനാണു് ഞാനിത്രയും കാലം ഈ ബസ്റ രാജവീഥികളില്‍ അല‍ഞ്ഞുതിരിഞ്ഞതു്. ഇനി നമ്മള്‍ തമ്മില്‍ പിരിയുകയില്ല” എന്നു് പുരുഷന്‍ പറഞ്ഞുപോകത്തക്കവിധത്തിലാണു് അവളുടെ സ്നേഹപ്രകടനം. മുറിക്കകത്തു് ശരറാന്തലുകളുടെ സുവര്‍ണ്ണദീപങ്ങള്‍. ഒരു ഉപകരണംകൊണ്ടു് പരിചാരിക അവകെടുത്തിയിട്ടു് താഴത്തേക്കുപോകും… അടുത്തദിവസമോ പിന്നീടു് ഏതെങ്കിലും ദിനത്തിലോ അവളെ ആ പുരുഷന്‍ കണ്ടാല്‍ അവള്‍ അയാളെ അറിയില്ല. സ്വര്‍ണ്ണനാണയം കൈയില്‍ കിട്ടിയാല്‍ അവള്‍ വീണ്ടും കാമുകിയാകും. ഓരോ തവണ കാണുമ്പോഴും നൂതനാനുഭൂതി ജനിപ്പിക്കുന്നതാണു് സാഹിത്യം, ബസ്റയിലെ വേശ്യയെപ്പോലെ. “No one steps into the same river twice” എന്നു ചിന്തകന്‍ പറഞ്ഞതും ഇവിടെ യോജിച്ചിരിക്കുന്നു.

യാഥാതഥ്യം

ചെറുപ്പക്കാരന്‍ പെണ്ണുകാണാന്‍ വന്ന സമയത്തു് സുന്ദരിയായ അനിയത്തിയെ അയാളെ കാണിച്ചതിനുശേഷം വൈരൂപ്യമുള്ള ചേച്ചിയെ വിവാഹദിനത്തില്‍ കല്യാണമണ്ഡപത്തില്‍ കയറ്റിയ അവളുടെ അച്ഛന്‍ എന്റെ ഒരകന്ന ബന്ധുവാണ്. വിവാഹം നടന്നില്ലെന്നു വായനക്കാര്‍ വിചാരിക്കുന്നുണ്ടോ? നടന്നു. മാന്യനാണു് യുവാവു്. അവര്‍ ദമ്പതികളായി കഴിയുന്നു. മാത്രമല്ല അവള്‍ അഹങ്കാരത്തിന്റെ ഉടലെടുത്ത രൂപവും. ഇലിപ്പക്കുളം രവീന്ദ്രന്‍ ജനയുഗം വാരികയിലെഴുതിയ വധു എന്ന കഥയില്‍ ഈ ചതിയില്ല. വൈരൂപ്യമുള്ള ചേച്ചിയെ ഒരുത്തനും വേണ്ട. സുന്ദരിയായ അനിയത്തിയെ മതി. അവളുടെ വിവാഹം നടക്കുന്നു. ചേച്ചി ദുഃഖം സഹിച്ചുകൊണ്ടു നില്ക്കുന്നു. കഥയിലെ പെണ്‍പിള്ളേരുടെ അച്ഛന്‍ മാന്യന്‍. യഥാര്‍ത്ഥ സംഭവത്തിലെ അച്ഛന്‍ അമാന്യനും.

തിരുവോണദിനം. ജോലിയില്ലാത്ത രണ്ടുപേര്‍, പട്ടിണികിടക്കുന്ന രണ്ടുപേര്‍, അന്യോന്യം കാണുന്നു. ഒരുത്തന്റെ പോക്കറ്റിലെ കറന്‍സിനോട്ടുകള്‍ മറ്റവന്‍ അപഹരിക്കാന്‍ ശ്രമിക്കുമ്പോഴാണു് ദയനീയമായ സത്യം വെളിപ്പെടുന്നതു്. ഭാര്യയെ പട്ടിണിയിടരുതെന്നു കരുതി അയാള്‍ സ്വന്തം രക്തം കൊടുത്തു നേടിയതാണു് ആ പണം. ഇതാണു് പി.കെ. സുനില്‍നാഥിന്റെ “വിശക്കുന്നവന്റെ സങ്കീര്‍ത്തനം” (മനോരാജ്യം) ഇക്കഥയിലും മുകളില്‍പ്പറഞ്ഞ കഥയിലും യാഥാര്‍ത്ഥ്യത്തിന്റെ സ്ഫുരണമുണ്ടു്.

* * *

എം.പി. മന്മഥന്‍ പ്രസംഗിക്കാനുണ്ടെന്നുകണ്ടു്. മദ്ധ്യതിരുവിതാംകൂറിലെ ഒരു പാതിരി തലവേദനയെന്നു പറഞ്ഞു് സ്ഥലംവിട്ടു. വാഗ്മിയായ മന്മഥന്‍ കേള്‍ക്കെ പ്രസംഗിക്കാന്‍ അയാള്‍ക്കു പേടി. പേടിക്കേണ്ട ഒരുകാര്യവുമില്ല. മന്മഥന്‍ അയാളെ പ്രോത്സാഹിപ്പിക്കുകയേ ചെയ്യുമായിരുന്നുള്ളു. ഈ ശതാബ്ദത്തിന്റെ സുവര്‍ണ്ണനാദമായ യേശുദാസന്‍ സഭാവേദിയിലിരിക്കുമ്പോള്‍ ഞാന്‍ രാഗത്തില്‍ കവിത ചൊല്ലി. അദ്ദേഹം എന്നെ അഭിനന്ദിച്ചതേയുള്ളു. മഹത്ത്വമുള്ളവര്‍ അങ്ങനെയാണു്.