close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 11 14


സാഹിത്യവാരഫലം
150px-M-krishnan-nair.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 11 14
ലക്കം 948
മുൻലക്കം 1993 10 31
പിൻലക്കം 1993 11 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


മെഡൂല ഒബ്ലോങ്ഗറ്റ (medulla oblongata) മസ്തിഷകത്തിന്റെ ഏറ്റവും താഴത്തെ ഭാഗമാണ്. അതിന്റെ തുടര്‍ച്ചയാണു സുഷുമ്ന (spinal cord). വികാരങ്ങളും മറ്റും മെഡൂല ഒബ്ലോങ്ഗറ്റയ്ക്ക് അരമണിക്കൂറിലധികം താങ്ങാനാവില്ല. മറ്റുള്ളവരുടെ ദീര്‍ഘമായ സംസാരവും അതുപോലെ തന്നെ അതു സഹിക്കില്ല. അതുകൊണ്ട് ഏതു പ്രഭാഷണവും അരമണിക്കൂറില്‍ അധികമായാല്‍ ശ്രോതാവ് അസ്വസ്ഥനാകും. സാക്ഷാല്‍ ത്യാഗരാജന്‍ തന്നെ വന്നു പാടിയാലും മുപ്പതു മിനിറ്റി കഴിയുമ്പോള്‍ ഈ സുഷുമ്നാശിരസ്സ് പ്രതിഷേധിക്കും. ഇതിന്റെ സ്വഭാവം ഇമ്മട്ടിലായതു കൊണ്ട് ആരോടും ദീര്‍ഘനേരം സംസാരിച്ച് ആ വ്യക്തിയെ തളര്‍ത്തരുത്. പ്രാഭാഷകന്മാരും മനസ്സിരുത്തേണ്ട കാര്യമാണിത്. മര്യാദയുടെ പേരില്‍ ആളുകള്‍ മിണ്ടാതിരിക്കുന്നതു കൊണ്ട് അവരെ നോക്കി ഒരു മണിക്കൂര്‍. രണ്ടു മണിക്കൂര്‍ നേരം പ്രസംഗിക്കുന്നതു മഹാപരാധമാണ്.

ടോള്‍സ്റ്റോയിയും ദസ്തെയ്‌വ്സ്കിയും ഡിക്കിന്‍സും വള്ളത്തോളും കുമാരനാശാനും പുസ്തകങ്ങളെഴുതിയത് നമുക്കു വേണ്ടിയാണ്. അവ വായിച്ചു കൊണ്ടിരുന്നാല്‍ ആവശ്യകതയില്‍ക്കവിഞ്ഞ് നമുക്കു മറ്റുള്ളവരുടെ ഏകാന്തതയെ ഭഞ്ജിക്കേണ്ടി വരില്ല.

ഈ ലോകത്ത് ആര്‍ക്കും ആരുടെയും കൂട്ടുകെട്ട് ആവശ്യമില്ല. നമ്മള്‍ ഒരാളോടുകൂടി അയാളോട് എപ്പോഴും ഒരുമിച്ചു നടന്നാല്‍ നമ്മുടെ ഊര്‍ജ്ജം നശിക്കും. അതു നശിച്ചാല്‍ നമുക്ക് പിന്നെ ഒരു ജോലിയും ചെയ്യാന്‍ വയ്യാതെയാകും. അന്യരെ ഇങ്ങനെ ഉപദ്രവിക്കാന്‍ ആര്‍ക്കും അധികാരമില്ലാത്തതുകൊണ്ടു ഞാന്‍ തനിച്ചു നടക്കുന്നു. “നമ്മള്‍ തനിച്ചു ജനിക്കുന്നു; തനിച്ചു പോകുന്നു” എന്നു പറഞ്ഞ ചിന്തകര്‍ ഏറെയാണ്. നമ്മള്‍ മറ്റാരുടെയും കൂട്ടുകെട്ടില്ലാതെ ജീവിക്കുന്നത് ഈ ജനനത്തിനും മരണത്തിനും അനുരൂപമായ വിധത്തില്‍ തന്നെയാണ്. അന്യരുടെ സഹായമോ സ്നേഹമോ വേണ്ടെന്നല്ല ഇതിന്റെ അര്‍ത്ഥം. ഒരതിരുവിട്ടു നമ്മള്‍ മറ്റുള്ളവരുമായി സഹവസിക്കരുതെന്നേ ഞാന്‍ അര്‍ത്ഥമാക്കുന്നുള്ളു. അവരുടെ ഏകാന്തതയെ ഭഞ്ജിക്കാതെ നമ്മള്‍ ലോകസാഹിത്യത്തിലെ മാസ്റ്റര്‍പീസുകള്‍ വായിച്ചു മനസ്സിന്റെ സംസ്കാരം വികസിപ്പിക്കണം. ടോള്‍സ്റ്റോയിയും ദസ്തെയെവ്സ്കിയും ഡിക്കിന്‍സും വള്ളത്തോളും കുമാരനാശാനും പുസ്തകങ്ങളെഴുതിയത് നമുക്കുവേണ്ടിയാണ്. അവ വായിച്ചുകൊണ്ടിരുന്നാല്‍ ആവശ്യകതയില്‍ക്കവിഞ്ഞ് നമുക്കു മറ്റുള്ളവരുടെ ഏകാന്തതയെ ഭഞ്ജിക്കേണ്ടി വരില്ല.

മാര്‍ഷല്‍

നാല്പതു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള സംഭവമാണ് ഞാന്‍ വിവരിക്കുന്നത്. അന്നു ഞാന്‍ വെമ്പായത്തിനും പിരപ്പന്‍കോടിനുമിടയ്ക്കുള്ള ഒരു സ്ഥലത്തു താമസിച്ചിരുന്നു. വീട്ടിനു മുന്‍പില്‍ വയലുകള്‍. വയലുകളുടെ രണ്ടുഭാഗത്തും പുല്ലു തഴച്ചു വളര്‍ന്നു നില്ക്കുന്ന സ്ഥലങ്ങള്‍. ആലസ്യത്തോടെ, വൈകുന്നേരം ഞാന്‍ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ മുഖശ്രീയുള്ള ഒരു ഹരിജനയുവതി പുല്ലറുക്കുന്നതു കാണും. ശരീരത്തിനു വടിവുള്ള മുഖത്തിന് ഇവിടത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരി ചെളിപുരണ്ട വസ്ത്രമുടുത്ത് മാലിന്യമാര്‍ന്ന ബ്ളൌസ് ധരിച്ച് അങ്ങനെ പുല്ല് അരിഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ എനിക്കു സഹതാപം തോന്നി. ആ പുല്ല് കെട്ടാക്കിതലയിലേറ്റി ഏതെങ്കിലും വീട്ടില്‍ കൊണ്ടു കൊടുത്ത് അന്നത്തെ രണ്ടണയോ മൂന്നണയോ അവള്‍ വാങ്ങും. അതു കൊടുത്ത് അരിമേടിക്കും. ചവറുകൂട്ടി തീകത്തിച്ചു കഞ്ഞിയുണ്ടാക്കി ഭര്‍ത്താവിനു കൊടുക്കും, അല്പം അവളും കഴിക്കും എന്നൊക്കെ ഞാന്‍ വിചാരിച്ചു. അങ്ങനെ പലതവണ ഞാന്‍ ആ ചെറുപ്പക്കാരിയുടെ പുല്ലരിയല്‍ കണ്ടിട്ടുണ്ട്. മാസങ്ങള്‍ കഴിഞ്ഞു. പിരപ്പന്‍കോട് അമ്പലത്തില്‍ ഉത്സവം. ഉത്സവം കാണാനല്ലെങ്കിലും ഞാന്‍ റോഡിലേക്കു ചെന്നു. എനിക്കെതിരായി ഒരു സുന്ദരി വരുന്നു. വിലകൂടിയ സാരിയുടുത്തിട്ടുണ്ട്. അതിനുയോജിച്ച ബ്ളൌസും, മാലയുണ്ട്, വളയുണ്ട്, കണ്ണെഴുതിയിരിക്കുന്നു. സിന്ദൂരപ്പൊട്ട് ഇട്ടിട്ടുണ്ട്. ഈ ഗ്രാമപ്രദേശത്ത് ഇങ്ങനെയുമൊരു അപ്സരസോ എന്ന് അത്ഭുതപ്പെട്ട് ഞാനൊന്നു നോക്കിയപ്പോള്‍ ‘എന്നെ അറിയില്ലേ, എന്റെ സൗന്ദര്യം നിങ്ങള്‍ കാണുന്നില്ലേ’ എന്ന രീതിയില്‍ അവള്‍ കടക്കണ്ണുകൊണ്ടൊരു നോട്ടം. അപ്പോഴാണ് ഞാന്‍ അവളാരെന്ന് മനസ്സിലാക്കിയത്. ചെളിപ്രദേശത്തു നിന്നു പതിവായി പുല്ലരിയുന്ന യുവതി. ‘സെന്റി’ന്റെ ഗന്ധം പരത്തിക്കൊണ്ട് അവളങ്ങുപോയി. അക്കാലത്തു ചോരയും നീരും ശരീരത്തിലുണ്ടായിരുന്ന ഞാന്‍ “കുലവെട്ടീടിന കുറ്റിവാഴ പോലെ” റോഡില്‍ നിന്നുപോയി.

മഹാനായ ഒരു കലാകാരനും രാഷ്ട്രീയ കക്ഷിയില്‍നിന്നോ സവിശേഷമായ സമുദായ ഘടനയില്‍നിന്നോ ഉണ്ടായവരല്ല. കലാകാരന്‍ തന്നില്‍നിന്നാണു സൃഷ്ടി നടത്തുന്നത്. ടോള്‍സ്റ്റോയി ഏതു പാര്‍ട്ടിയില്‍ പെട്ടിരുന്നു?

ശ്രീ. മാര്‍ഷലിന്റെ ‘ഉജാഗരെ ലഹഡ’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചപ്പോള്‍ എനിക്ക് മുകളില്‍പ്പറഞ്ഞ സംഭവമാണ് ഓര്‍മ്മ വന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീ. വി.കെ.എന്നിനെ അനുകരിച്ച് ‘ആക്ഷേപഹാസ്യ’കഥകള്‍ എഴുതിയ മാര്‍ഷലിനെ ഞാന്‍ ആദരിച്ചിരുന്നില്ല. ഇപ്പോള്‍ അദ്ദേഹത്തിനു മാറ്റം വന്നിരിക്കുന്നു, ഹരിജനയുവതിയുടെ രൂപാന്തരപ്രാപ്തിപോലെ. മാതൃഭൂമിയിലെ ഇക്കഥയിലുമുണ്ട് ആക്ഷേപവും ഹാസ്യവും. അതു നമ്മുടെ സമുദായത്തെ ലക്ഷ്യമാക്കിയാണ് എന്നത് ഒരു വ്യത്യാസം. ബസ്സില്‍ കയറാനെന്നു പറഞ്ഞ് ഒരു യാത്രക്കാരനോട് ഒരുരൂപ ചോദിച്ചവന് അയാള്‍ അഞ്ചുരൂപ നല്കുന്നു. അതു വാങ്ങിക്കൊണ്ട് അയാള്‍ മദ്യശാലയിലേക്കു കയറുമ്പോള്‍ രൂപകൊടുത്തയാളിന്റെ ധര്‍മ്മരോഷമിളകുന്നു. ഷോപ്പില്‍ കയറി അയാളോടു ശണ്ഠകൂടിയ ആ മനുഷ്യസ്നേഹിയെ മറ്റു മദ്യപന്മാര്‍ അസഭ്യം വിളിക്കുന്നു. പിടിച്ചു വെളിയില്‍ തള്ളുന്നു. യാത്രക്കാരന്റെ ഭാര്യയുടെ വാക്കുകള്‍ കേള്‍ക്കുക:- “നിങ്ങളാണിനി ഈ നാടു നേരാക്കാനും, കുടിയന്മാരുടെ കുടിനിര്‍ത്താനും, അലസന്മാരെ അധ്വാനശീലരാക്കാനും അഴിമതിക്കാരെ തിരുത്താനും, അധോലോക പൗരന്മാരെ ഉത്തമരാക്കാനും ഒക്കെ പോണത്! എനിക്ക് ചിരി വര്വാണ്. ചിരിക്കണില്യാ എന്നു മാത്രം.” നമ്മുടെ മലിന സമുദായത്തിന്റെ പരിച്ഛേദമായിട്ടാണ് മാര്‍ഷലിന്റെ കഥ. കാതുകൊടുത്തു നോക്കുക. കഥാകാരന്‍ ചിരിക്കുന്നതു നിങ്ങള്‍ക്കു കേള്‍ക്കാം. കണ്ണ് തുറന്നു നോക്കുക. ഭാരതത്തിന്റെ മാലിന്യം കാണാം. പുല്ലരിഞ്ഞവള്‍ ഒരുദിവസത്തേക്കു അപ്സരസ്സായി. അടുത്ത ദിവസം അവള്‍ പുല്ലറുക്കാന്‍തന്നെ പോയിരിക്കും. മാര്‍ഷല്‍ ഇമ്മാതിരി രചനകളില്‍നിന്നു പിറകോട്ടു പോകുകയില്ലെന്നു ഞാന്‍ വിചാരിക്കുന്നു.

മദ്യപരും സ്ത്രീകളില്‍ തല്‍പരരുമായ ഞങ്ങള്‍ക്കു മദ്യം അവരെ കൂടുതല്‍ സുന്ദരികളാക്കി മാറ്റുന്നു. എന്നാല്‍ സ്ത്രീകളുടെ ദൃഷ്ടിയില്‍ ഞങ്ങളുടെ സൗഭഗം വളരെക്കുറഞ്ഞു പോകുന്നു.

— ഏതോ ഒരു കവി

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങള്‍ക്കു ആത്മഹത്യ ചെയ്യണമെന്ന് തോന്നാറുണ്ടോ?

എന്റെ പേരക്കുട്ടികള്‍ക്കു എത്ര വയസ്സുണ്ടെങ്കിലും അവര്‍ മുത്തച്ഛാ എന്നോ അപ്പൂപ്പാ എന്നോ വിളിച്ചാല്‍ എനിക്കു സന്തോഷമേയുള്ളു. പക്ഷേ പത്തു പെറാന്‍ പ്രായമായ ബന്ധുക്കളല്ലാത്ത ചില സ്ത്രീകള്‍ കൊച്ചുകുഞ്ഞുങ്ങളായിച്ചമഞ്ഞ് അങ്ങനെ വിളിക്കുമ്പോള്‍ ആത്മഹത്യ ചെയ്യണമെന്ന് എനിക്കു തോന്നാറുണ്ട്.

Symbol question.svg.png മരിച്ചാല്‍ ശവം പട്ടടയില്‍ എരിക്കണോ? അതോ കുഴിച്ചിടണോ?

എന്റെ ശവമാണെങ്കില്‍ അതു കുഴിച്ചിട്ടാല്‍ മതി. അതു വീട്ടുപറമ്പില്‍ത്തന്നെ വേണം. എങ്കിലേ അതഴുകി അയല്‍വീട്ടുകാരന്റെ കിണറിനെക്കൂടി മലിനമാക്കൂ.

Symbol question.svg.png കരാട്ടേ പഠിച്ചിട്ടുണ്ടോ?

ഇല്ല. പഠിക്കാനാഗ്രഹമുണ്ട്. കരാട്ടേ മുറകള്‍ പഠിച്ചാല്‍ ചില നോവലുകളും കഥാസമാഹാര ഗ്രന്ഥങ്ങളും കാവ്യസമാഹാരഗ്രന്ഥങ്ങളും അറബിക്കടലില്‍ ചെന്നുവീഴത്തക്കവിധത്തില്‍ എനിക്ക് എറിയാന്‍ കഴിയുമല്ലോ.

Symbol question.svg.png എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരായിരിക്കണോ?

ക്ഷമിക്കണം. ഇതു പഴഞ്ചന്‍ ചോദ്യമാണ്. എങ്കിലും ഉത്തരം പറയാം. മഹാനായ ഒരു കലാകാരനും രാഷ്ട്രീയ കക്ഷിയില്‍നിന്നോ സവിശേഷമായ സമുദായഘടനയില്‍നിന്നോ ഉണ്ടായവനല്ല. കലാകാരന്‍ തന്നില്‍നിന്നാണു സൃഷ്ടി നടത്തുന്നത്. ടോള്‍സ്റ്റോയി ഏതു പാര്‍ടിയില്‍ പെട്ടിരുന്നു?

മര്‍ദ്ദിക്കപ്പെടുന്നവര്‍ പിന്നീട് സൗകര്യം കിട്ടുമ്പോള്‍ അപരാധം ചെയ്യാത്തവരെ മര്‍ദ്ദിക്കും. മണ്ടേലയെ നമ്മള്‍ ഇന്ന് ആരാധിക്കുന്നു. അദ്ദേഹം പ്രധാനമന്ത്രിയാവട്ടെ. മറ്റൊരു മണ്ടേലയായിരിക്കും അദ്ദേഹമപ്പോള്‍.

Symbol question.svg.png മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടവെട്ടുകയും ദീര്‍ഘകാലം ജയിലില്‍ കിടക്കുകയും ചെയ്യുന്നവര്‍ പിന്നീട് ഭരണാധികാരിയായാല്‍ മര്‍ദ്ദനമുറകള്‍ നടത്തുന്നത് എങ്ങനെ?

അതു മനുഷ്യസ്വഭാവമാണ്. മര്‍ദ്ദിക്കപ്പെടുന്നവര്‍ പിന്നീടു സൗകര്യം കിട്ടുമ്പോള്‍ അപരാധം ചെയ്യാത്തവരെ മര്‍ദ്ദിക്കും. മണ്ടേലയെ നമ്മള്‍ ഇന്ന് ആരാധിക്കുന്നു. അദ്ദേഹം പ്രധാനമന്ത്രിയാവട്ടെ. മറ്റൊരു മണ്ടേലയായിരിക്കും അദ്ദേഹമപ്പോള്‍.

Symbol question.svg.png സുന്ദരികള്‍?

ചലനംകൊള്ളുന്ന റോസാപ്പുക്കള്‍.

Symbol question.svg.png വള്ളത്തോളിനോടു നിങ്ങള്‍ സംസാരിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ എന്തു തോന്നി?}

കവിതയ്ക്കു മഹത്ത്വമുള്ളതുപോലെ ആളിനും മഹത്ത്വം. ക്ഷുദ്രമായ ഒരു കാര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കില്ല.

Symbol question.svg.png എനിക്ക് അറുപതു വയസ്സായി. വാര്‍ദ്ധക്യമായി എന്ന് എന്നെക്കണ്ടാല്‍ ആര്‍ക്കും തോന്നുകയില്ലെങ്കിലും എനിക്കങ്ങനെ തോന്നുന്നു. ഒരുപദേശം തരൂ?

നിങ്ങള്‍ റോഡിലിറങ്ങുമ്പോള്‍, സിനിമയ്ക്കു പോകുമ്പോള്‍, വിവാഹം നടക്കുന്നിടത്തു ചെല്ലുമ്പോള്‍ ഭാര്യയെക്കൂടി കൊണ്ടുപോകാതിരുന്നാല്‍ മതി. പ്രായംകൂടിയ ഭാര്യയാണ് നിങ്ങള്‍ക്കു വാര്‍ദ്ധക്യചിന്ത ഉണ്ടാക്കുന്നത്.


ആഖ്യാനമെന്ന പഞ്ചാര

അലിഗറി അല്ലെങ്കില്‍ ലാക്ഷണികത എപ്പോഴും യാന്ത്രികമാണ്. എന്നാല്‍ സിംബലിസം അങ്ങനെയല്ല. പ്രതിരൂപാത്മകതയില്‍ പ്രതിരൂപങ്ങള്‍ക്ക് അനന്തങ്ങളായ അര്‍ത്ഥങ്ങള്‍ കാണും. അലിഗറിയിലെ പ്രതിരൂപത്തിന് ഒരര്‍ത്ഥമേയുള്ളൂ.

കയ്പുള്ള കഷായം കുടിക്കാന്‍ കുട്ടികള്‍ കൂട്ടാക്കാതിരിക്കുമ്പോള്‍ അമ്മമാര്‍ അവര്‍ക്കു പഞ്ചാര കൊടുക്കും. രണ്ടു റ്റേബിള്‍ സ്പൂണ്‍ പഞ്ചാര ആദ്യം. പിന്നീട് അരഔണ്‍സ് കഷായം. കഷായത്തിന്റെ മുക്കാല്‍ ഭാഗവും തുപ്പിക്കളഞ്ഞാലും പിന്നെയും മൂന്നു റ്റേബിള്‍ സ്പൂണ്‍ പഞ്ചാര. ഇതാണു പല വീടുകളിലെയും കഷായംകുടിപ്പിക്കല്‍ രീതി. ആഖ്യാനവൈദഗ്ദ്ധ്യത്തിന്റെ പഞ്ചാരകൊടുത്തു ശ്രീ. ബാലകൃഷ്ണന്‍ മാങ്ങാട് അലിഗറി എന്ന കയ്പന്‍ കഷായം വായനക്കാരെ കുടിപ്പിക്കാന്‍ ശ്രമിക്കുന്നു. അവര്‍ കുടിച്ചോ എന്തോ? എന്റെ കാര്യം എനിക്കറിയാം. ഞാന്‍ ഒരുതുള്ളിപോലും ഇറക്കാതെ തുപ്പിക്കളഞ്ഞു. (‘നിധി’ എന്ന കഥ — കലാകൗമുദിയില്‍) സര്‍പ്പം കാക്കുന്ന നിധിയാണ് സമ്പത്തിന്റെ പ്രതീകം. അതു കിട്ടിയപ്പോള്‍ അയല്‍ക്കാര്‍ ഏറിയ പങ്കും കൊണ്ടുപോയി. ബന്ധു വന്നു ശേഷിച്ച ഭാഗത്തിന്റെ മുക്കാല്‍ ഭാഗവും അപഹരിച്ചു. ഒടുവില്‍ സഹോദരിമാരെത്തന്നെ അതു ശത്രുക്കളാക്കി.

അലിഗറി അല്ലെങ്കില്‍ ലാക്ഷണികകഥ എപ്പോഴും യാന്ത്രികമാണ്. എന്നാല്‍ സിംബലിസം അങ്ങനെയല്ല. പ്രതിരൂപാത്മകതയില്‍ പ്രതിരൂപങ്ങള്‍ക്ക് അനന്തങ്ങളായ അര്‍ത്ഥങ്ങള്‍ കാണും. അലിഗറിയിലെ പ്രതിരൂപത്തിന് ഒരര്‍ത്ഥമേയുള്ളു. ആ പ്രതിരൂപത്തിനെ ചിന്തയോടു ഘടിപ്പിക്കുന്ന പ്രക്രിയ തികച്ചും മസ്തിഷ്കപരമാണ്. അതിനാലാണ് അലിഗറി (ലാക്ഷണികകഥ) കലാത്മകമല്ലെന്ന് ഹേഗലും ക്രോ ചെയും പറഞ്ഞത്. ചിലര്‍ക്ക് അലിഗറിയിലെ പ്രതിരൂപത്തിന് ലേശം സൗന്ദര്യം നല്കാനറിയാം. സ്റ്റൈന്‍ബെക്കിന്റെ ‘മുത്ത്’ എന്ന നീണ്ടകഥയില്‍ മുത്ത് എന്ന പ്രതീകത്തിനു സ്വല്പം സൗന്ദര്യമുള്ളതുകൊണ്ട് അത്ര വൈരസ്യദായകമല്ല ആ രചന. ബാലകൃഷ്ണന്റെ ‘നിധി’ക്ക് ആ സൗന്ദര്യം അവകാശപ്പെടാനാവില്ല. ആഖ്യാനപാടവം എന്ന പഞ്ചാരയുടെ മാധൂര്യം മാത്രമേയുള്ളു ഇക്കഥയ്ക്ക്.

ഐദ്രീസ് ഷായുടെ (Idries Shah) എല്ലാപ്പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. അടുത്ത കാലത്ത് The Pleasantries of the Incredible എന്ന മുല്ല നാസറുദീന്‍ കഥകളും വായിച്ചു (Penguin – Arkana Edition, വില 285 രൂപ). അതില്‍ നിന്നൊരു കഥ: ഒരു നേരമ്പോക്കുകാരന്‍ നാസറുദീനെ കണ്ടു. അയാളുടെ പോക്കറ്റില്‍ ഒരു മുട്ടയുണ്ടായിരുന്നു. ‘നാസറുദ്ദീന്‍, ഊഹിച്ചു കീശയില്‍ എന്തെന്നു പറയൂ.

നാസറുദീന്‍
ഒരു അടയാളം തരു.
നേരമ്പോക്കുകാരന്‍
മുട്ടയുടെ ആകൃതിയാണതിന്. മഞ്ഞയും വെള്ളയും അകത്ത്. മുട്ടപോലെ തോന്നുമത്.
നാസറുദീന്‍
ഒരുതരത്തിലുള്ള കെയ്ക്ക്.

കഥാകാരന്മാര്‍ കഥയെഴുതി കഥയുടെ സ്വഭാവങ്ങളെല്ലാം പരോക്ഷമായി കൊണ്ടുവരുന്നു. കഥയല്ല അതു മറ്റെന്തോ ആണെന്ന് നിരൂപകനെന്ന നാസറുദീനും.

അര്‍ജ്ജുനന്‍ പേടിത്തൊണ്ടന്‍

പണ്ടൊരിക്കല്‍ എഴുതിയതാണ്. തിരുവനന്തപുരത്തെ റ്റൗണ്‍ ഹോളില്‍ കഥകളി നടക്കുന്നു. അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഉപദേശം നല്കുന്ന രംഗം. കേരളകല ആസ്വദിക്കാനെത്തിയ ഇംഗ്ളണ്ടിലെ ഒരു സായ്പ് അടുത്തിരുന്ന ഒരു പ്രഫെസറോടു കൂടക്കൂടെ സംശയങ്ങള്‍ ചോദിച്ച് അവ ദൂരീകരിക്കുന്നു. അര്‍ജ്ജുനന്‍ ആയുധങ്ങള്‍ താഴെവച്ച് ആചാര്യന്മാരെ കൊന്നൊടുക്കാന്‍ തയ്യാറില്ല എന്നു കൃഷ്ണനോടു പറയുന്ന രംഗം കണ്ട് സായ്പ് ജിജ്ഞാസയോടെ പ്രഫെസറോടു ആരാഞ്ഞു ‘What is it?’ പ്രഫെസര്‍ കഥയൊന്നു ചുരുക്കിപ്പറഞ്ഞിട്ട് അര്‍ജ്ജുനനെക്കുറിച്ചു ഒറ്റക്കാച്ച്. A timid lad — പേടിച്ച കുട്ടി — പോരേ? ഭഗവദ്ഗീതയുടെ സാരാംശം മുഴുവനുമെടുത്തു പ്രഫെസര്‍ സായ്പിന് നല്കിയില്ലേ? ഇതിനു ശേഷം സായ്പ് ഇംഗ്ളണ്ടില്‍ച്ചെന്ന് അര്‍ജ്ജുനന്‍ എന്നൊരു ‘റ്റിമിഡ് ലാഡി’നെക്കുറിച്ച് പല പ്രഭാഷണങ്ങളും നടത്തിയിരിക്കും. അര്‍ജ്ജുനെപ്പോലെ പേടിത്തൊണ്ടന്മാരാണ് ഭാരതത്തിലാകെ എന്നു കാണിച്ചു ലേഖനങ്ങള്‍ എഴുതിയിരിക്കും.

കലയെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാത്തവര്‍ മിണ്ടാതിരിക്കണം. പക്ഷേ മാന്യതയും ജോലിയുടെ പ്രഭാവവും രസനയെ അടക്കിവയ്ക്കാന്‍ സമ്മതിക്കുമോ? ഇല്ല. അതുകൊണ്ടു മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നു. പ്രഫെസറുടെ ഈ വിശദീകരണം അദ്ദേഹത്തീിന്റെ പിറകിലിരുന്നു കേട്ട ഹാസ്യസാഹിത്യകാരന്‍ ശ്രീ. കെ.എസ്. കൃഷ്ണന്‍ ചിരിച്ചിരിക്കും. പ്രഫെസറെ പുച്ഛിച്ചിരിക്കും. എന്തൊരു പുച്ഛത്തോടെയാണെന്നോ കെ.എസ് ഇക്കാര്യം എന്നോടു പറഞ്ഞത്.

ശ്രീ. ബഷീര്‍ മേച്ചേരിക്ക് കഥയെഴുതണം. എഴുതിയാല്‍പ്പോരാ. അത് ദേശാഭിമാനി വാരികയില്‍ത്തന്നെ അച്ചടിച്ചു വരണം. അദ്ദേഹം എഴുതുന്നു. പത്രാധിപരുടെ സൗജന്യമാധൂര്യം കൊണ്ട് അതുമഷിപുരണ്ടു വരുന്നു. പ്രഫെസര്‍ക്ക് റ്റിമിഡ് ലാഡ് എന്നു പറയാനേ കഴിയൂ. ബഷീറിന് ഇങ്ങനെ എഴുതാനേ പറ്റൂ. രണ്ടു പേരെയും കുറ്റം പറയാനാവില്ല. യാഥാതഥ്യവും ഫാന്റസിയുമൊക്കെച്ചേര്‍ത്തു ബഷീര്‍ സൃഷ്ടിച്ച ഈ ശില്പം സ്യൂഡോ ആര്‍ടാണെന്നു മാത്രം പറഞ്ഞു ഞാനിത് അവസാനിപ്പിക്കുന്നു. പ്രഫെസറോടു സഹതാപമുള്ളതുപോലെ എനിക്കു ബഷീറിനെസ്സംബന്ധിച്ചും സഹതാപമങ്കുരിക്കുന്നു.

അവര്‍ നിങ്ങളെ വാക്കുകള്‍ ‘പഠനം ചെയ്തവന്‍’ എന്നു വിളിക്കുന്നു; പക്ഷേ ഞങ്ങളൊക്കെ കുടിക്കുമ്പോള്‍ അതു മുകളിലേക്കു വന്നാല്‍ അഴുക്കുവെള്ളക്കുഴിയിലേക്കു ഒഴുക്കിക്കളയും. നിങ്ങള്‍ ബീയര്‍ ഛര്‍ദ്ദിച്ചാല്‍ മതിയായിരുന്നു. മഷി വേണ്ടായിരുന്നു.

— കിങ്സ്ലി ഏമിസ്

എയ്‌ഡ്‌സ് ഭീതി ഒഴിവാക്കൂ

സൂസന്‍ സൊണ്‍ടാഗ്

1933 ജാനുവരി 16-നു ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച സൂസന്‍ സൊണ്‍ടാഗ് ഇന്നു രാഷ്ട്രാന്തരീയപ്രശസ്തിയുള്ള എഴുത്തുകാരിയാണ്. അവരുടെ നോവലുകളും നിരൂപണപരങ്ങളായ പ്രബന്ധങ്ങളും ഉത്കൃഷ്ടങ്ങളാണെന്നു പലരും പറയുന്നു. അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ, അവരുടെ ഒരു നോവല്‍ ഞാന്‍ വായിച്ചു. സര്‍വസാധാരണമെന്നതില്‍ക്കവിഞ്ഞൊരു വിശേഷണം അതര്‍ഹിക്കുന്നില്ലെന്ന് എനിക്കു തോന്നി. എന്നാല്‍ അവരുടെ പ്രബന്ധങ്ങള്‍ സര്‍വസാധാരണങ്ങളല്ല. ‘ചിന്തകളെ വലിച്ചുനീട്ടുന്ന’ ഒരു രീതി സൂസന്‍ സൊണ്ടാഗിന്റെ The Pornographic Imagination എന്ന ഉപന്യാസത്തില്‍ കാണാമെങ്കിലും മൗലികങ്ങളാണ് അവരുടെ ചിന്തകള്‍ എന്നു സമ്മതിച്ചേതീരൂ. ഈ മൗലികത്വം അവരുടെ Illness as Metaphor (1978) എന്ന പുസ്തകത്തിലും Aids and its Metaphors എന്ന പുസ്തകത്തിലും (1989) എനിക്കു കാണാനിടയായി. 1978-ല്‍ തന്റെ ക്യാന്‍സര്‍ രോഗത്തില്‍നിന്നു മോചനം നേടിക്കൊണ്ടിരിക്കുമ്പോഴാണ് അവര്‍ Illness as Metaphor എന്ന പുസ്തകമെഴുതിയത് (ദീര്‍ഘമായ പ്രബന്ധം എന്നാണ് പറയേണ്ടത്). ശത്രുക്കളെ പരാജയപ്പെടുത്തുകയാണല്ലോ സൈന്യത്തിന്റെ ജോലി. ക്യാന്‍സര്‍ മനുഷ്യശത്രുവായതുകൊണ്ട് അതിനെയും തോല്പിക്കണം. ഈ “മിലിറ്ററി മെറ്റഫറി”ല്‍ നിന്നാണ് — സൈനികാലങ്കാരത്തില്‍നിന്നാണ് — ക്യാന്‍സറിനോടുള്ള സമീപനമുണ്ടാവുക. സൂസന്‍ സൊണ്‍ടാഗിന്റെ അര്‍ബ്ബുദരോഗം ഭേദമായി. മറ്റു പല അര്‍ബ്ബുദരോഗികളും രക്ഷപ്പെടുന്നു. ഈ രോഗത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാകുന്തോറും ഒരുതരത്തിലുള്ള immunotherapyയില്‍നിന്ന് ഫലപ്രദമായ ചികിത്സ ഉണ്ടാകുമെന്ന് അവര്‍ അക്കാലത്ത് പറഞ്ഞു. സൂസന്‍ സൊണ്‍ടാഗിന്റെ ഭാവികഥനം ഏതാണ്ടു ശരിയായി വരുന്ന കാലത്താണ് നമ്മളിന്നു ജീവിക്കുന്നത്.

ഇന്നത്തെ ഭയം എയ്‌ഡ്‌സാണ് (AIDS — Acquired immune deficiency syndrome). ഇത് രോഗത്തിന്റെ പേരല്ല; ഒരവസ്ഥ മാത്രമാണ്. ക്യാന്‍സര്‍, സെല്ലുകളെ (cells) വര്‍ദ്ധിപ്പിക്കുന്നു; എയ്‌ഡ്‌സാകട്ടെ അവയെ നശിപ്പിക്കുന്നു. ഈ വൈദ്യശാസ്ത്രസംബന്ധിയായ അവസ്ഥാ വിശേഷത്തെയും (medical condition എന്നാണ് എയ്‌ഡ്‌സിനെ സൂസന്‍ സൊണ്‍ടാഗ് വിളിക്കുന്നത്) സൈനികാലങ്കാരം ഉപയോഗിച്ചാണ് ആളുകള്‍ സമീപിക്കുന്നത്. വസൂരിയുടെ വൈറസ് മാറ്റമില്ലാതെ വര്‍ത്തിക്കുന്നു. എന്നാല്‍ ഇന്‍ഫ്ളൂഎന്‍സ വൈറസിനു വളരെവേഗത്തില്‍ പരിണാമമുണ്ടാകുന്നതിനാല്‍ അതിനു യോജിച്ചവിധത്തില്‍ വാക്സിന്‍ മാറ്റേണ്ടതായി വരുന്നു. എയ്‌ഡ്‌സ് ഉണ്ടാക്കുന്ന വൈറസിന് അല്ലെങ്കില്‍ വൈറസുകള്‍ക്ക് ഇന്‍ഫ്ളുഎന്‍സ വൈറസിനെന്നപോലെ മാറ്റം - പ്രകാരാന്തരീകരണം (mutation) വരുന്നതുകൊണ്ടു അതിനെ നേരിടാനുള്ള വാക്സിന്‍ കണ്ടുപിടിക്കുമെന്നാണു സൂസന്‍ സൊണ്‍ടാഗിന്റെ വിശ്വാസം. അതിനാല്‍ ആ “സൈനികാലങ്കാര”ത്തിനു പ്രസക്തിയില്ല. സൂസന്റെ വാക്യങ്ങള്‍തന്നെ ഞാനെടുത്തെഴുതാം. “About that metaphor, the military one, I would say, If I may paraphrase Lucretius: Give it back to the war–makers. ഈ പ്രബന്ധത്തില്‍ എത്രയെത്ര സാഹിത്യകാരന്മാരെക്കുറിച്ചാണ് അവര്‍ പറഞ്ഞിട്ടുള്ളത്! മോറിസ് മതേര്‍ലങ് (Maeterlinck), റ്റോമസ്‌മന്‍, കമ്യൂ, കാറല്‍ ചാപെക്ക് (Capek), ദസ്തെയെവ്സ്കി, ബോദലേര്‍, ഗൊണ്‍കൂര്‍ (Goncourt), ഫ്ളോബര്‍ (Flaubert) ഇങ്ങനെ പലരും. ചാപെക്കിന്റെ ഒരു നോവലിനെക്കുറിച്ചു അനതിവിസ്തരമായി അവര്‍ പറയുന്നുമുണ്ട്. ശാസ്ത്രീയ പ്രബന്ധമായതുകൊണ്ട് സാഹിത്യ പ്രബന്ധങ്ങളില്‍ കാണുന്ന ‘ചിന്താവിസ്താരം’ (stretching of thoughts) ഇതിലില്ല. രസകരമായ പ്രതിപാദനം. എയ്‌ഡ്‌സിനെ പേടിക്കുന്നവരെ ആ പേടിയില്‍നിന്നു മോചിപ്പിക്കുന്നതാണ് ഈ പുസ്തകം.

“The cancer metaphor will be made obsolete, I would predict, long before the problems it has reflected so vividly will be resolved.”
“We are not being invaded. The body is not a battlefield. The ill are neither unavoidable casualties nor the enemy.”

— സൂസന്‍ സൊണ്‍ടാഗ് , [1]

സത്യത്തെക്കുറിച്ച്

യാനൊഷ് പിലിന്‍സ്കി

ആര്‍ക്കും കിട്ടാനിടയില്ലാത്ത പടിഞ്ഞാറന്‍ പുസ്തകങ്ങള്‍ തേടിപ്പിടിക്കുന്ന ശ്രീ. വൈക്കം മുരളി എനിക്ക് അയച്ചുതന്ന Today — An Anthology of Contemporary Hungarian Literature എന്ന പുസ്തകത്തില്‍ കവി യാനൊഷ് പിലിന്‍സ്കിയുടെ (Janos Pilinszky (1921–1981) സാഹിത്യ പ്രസ്താവങ്ങളുണ്ട്. പിലിന്‍സ്കി ഒരിടത്തു പറയുന്നു:- സത്യവും മിസ്റ്റിസിസവും ചേട്ടനും അനിയത്തിയുംപോലെയാണ്. വസ്തുതകള്‍ ധാരണാശക്തിയുടെ ഒടുവിലത്തെ അവസ്ഥയ്ക്കു പ്രതിനിധീഭവിക്കുന്നുവെന്ന് പലരും വിചാരിക്കുന്നു. പക്ഷേ ഇതു ശരിയല്ല. വസ്തുതകളെ നമ്മള്‍ സത്യത്തിലേക്കു നയിക്കണം. ഒരു വസ്തുതതന്നെ ഒരു ദസ്തയെ വ്സ്കിക്കും ഉറക്കംതൂങ്ങുന്ന വര്‍ത്തമാനപ്പത്രവായനക്കാരനും വിഭിന്നങ്ങളായിത്തോന്നും. നമുക്കു സാഹിത്യത്തിലേക്കു പോകാം. ഇന്നു സാഹിത്യഗ്രന്ഥങ്ങളെ സ്വതന്ത്രങ്ങളായി കരുതുന്നത് ഒരു “പരിഷ്കാര”മായിരിക്കുന്നു. ഏതോ സങ്കീര്‍ണ്ണവസ്തുവായി അതിനെ നിരീക്ഷണം ചെയ്യുന്നു. ഇതിലെനിക്കു വിശ്വാസമില്ല. ഒരു ഗ്രന്ഥംതന്നെ കഠോരമാകാം. അദ്ഭുതജനകവുമാകാം. ഇതാ ഉദാഹരണം. ‘Blessed are they that mourn’ എന്ന ക്രിസ്തുവചനം. ഇത് ഓസ്കര്‍വൈല്‍ഡാണ് പറഞ്ഞതെങ്കില്‍ മൂല്യം ഒട്ടുംതന്നെ കാണുമായിരുന്നില്ല ഇതിന്... സത്യം വസ്തുതകള്‍ക്ക് അതീതമാണ്. മഹാനായ എഴുത്തുകാരന്റെ പ്രവൃത്തിയെക്കാള്‍ എത്രയോ അവാസ്തവികമാണ് ഡിറ്റക്റ്റീവിന്റെ പ്രവൃത്തി.