close
Sayahna Sayahna
Search

സാഹിത്യവാരഫലം 1993 11 21


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1993 11 21
ലക്കം 949
മുൻലക്കം 1993 11 14
പിൻലക്കം 1993 11 28
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഓരോ രാജ്യത്തിന്റെയും തത്ത്വചിന്ത അവിടത്തെ പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ടാഗോർ പറഞ്ഞിട്ടുണ്ട്. ഭാരതത്തിലെ കൊടും കാനനങ്ങൾ ജനതയുടെ ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്നില്ല. സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല സഹായിക്കുകയും ചെയ്യുന്നു. വനം കൊണ്ടു ജീവിച്ചു, ജീവിക്കുന്നു ഭാരതീയർ. അതിനാൽ വനത്തെ അല്ലെങ്കിൽ പ്രകൃതിയെ വേറൊന്നായി കാണാൻ ഭാരതീയർക്കു കഴിയുകയില്ല.ഞാനും പ്രകൃതിയുമൊന്ന് എന്ന വിചാരം അവർക്കുള്ളതു കൊണ്ട് ഇവിടെ അദ്വൈത സിദ്ധാന്തമുണ്ടായി. നേരെ മറിച്ചാണ് ഇംഗ്ലീഷുകാരുടെ സ്ഥിതി. അവർക്കു ചുറ്റും കിടക്കുന്ന കടലിനോടു മല്ലടിച്ചേ ജീവിക്കാനാവൂ. മത്സ്യബന്ധനത്തിന്, വിദേശ സന്ദർശനത്തിന് എന്നു വേണ്ട ഏതിനും അവർക്കു സമുദ്രത്തോടു സമരം ചെയ്യേണ്ടതായി വരുന്നു. ഫലമോ? മനുഷ്യൻ വേറെ, പ്രകൃതി വേറെ എന്ന ചിന്താഗതി അവർക്കുണ്ടായി. അങ്ങനെ അവർ ദ്വൈത സിദ്ധാന്തത്തിൽ വിശ്വാസമുള്ളവരായി. ടാഗോറിന്റെ ഈ അഭിപ്രായം സമഞ്ജസമായിരിക്കുന്നു. ലോകമഹായുദ്ധങ്ങളുടെ കെടുതികൾ കണ്ടു യാതന അനുഭവിച്ച ഫ്രഞ്ച് ജനത അസ്തിത്വവാദത്തിൽ വിശ്വാസമർപ്പിക്കുകയും അതിനു അനുസരിച്ച് ജീവിക്കുകയും ചെയ്തു. I exist, that is all — ഞാൻ ജീവിച്ചിരിക്കുന്നു, അത്രമാത്രം — എന്ന ചിന്താഗതി അവർക്കുണ്ടാകാൻ ഹേതു അതത്രേ. ആ വിശ്വാസവും അവിടത്തെ സവിശേഷമായ പരിതഃസ്ഥിതിയും രണ്ടു വ്യക്തികളിൽ ആഘാതമേല്പിച്ചു. അങ്ങനെയാണ് സാർത്രും കമ്യൂവും അവിടത്തെ തത്ത്വചിന്തയുടെ നായകന്മാരായത്. ഭാരതത്തിലും അതിന്റെ ഒരു ഭാഗമായ കേരളത്തിലും ഫ്രഞ്ച് ജനതയ്ക്കു സവിശേഷമായും യൂറോപ്യൻ ജനതയ്ക്കു സാമാന്യമായും അനുഭവപ്പെട്ട അസ്തിത്വ ദുഃഖമോ വിശ്വാസത്തകർച്ചയോ ഇല്ല. ഇവിടെ ശബരിമലയിൽ പോകുന്നവരുടെ സംഖ്യ വർഷം തോറും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഈശ്വരവിശ്വാസം ഓരോ ദിനം കഴിയുന്തോറും കൂടി വരികയാണ്. അതിനാൽ Being and Nothingness എഴുതാൻ സാർത്രിനും, The Outsider എഴുതാൻ കമ്യൂവിനും പ്രേരകങ്ങളായ വസ്തുതകൾ കേരളത്തിലില്ല. ഭാരതമൊട്ടാകെ നോക്കിയാലും ഇല്ല. മൗലികങ്ങളായ കലാ പ്രചോദനങ്ങളാലാണ് കാഫ്കയും സാർത്രയും കമ്യൂവും രചനകൾക്കു രൂപം നൽകിയത്. അവരെ അനുകരിച്ച് ഇവിടെ നോവലുകളും ചെറുകഥകളും എഴുതുന്നത് കലയുടെയും സാഹിത്യത്തിന്റെയും താണ തലത്തിൽ നടക്കുന്ന പ്രക്രിയകളായിട്ടേ പരിഗണിക്കാനാവൂ. അവയെ കൊണ്ടാടുന്നതും അവയുടെ രചയിതാക്കളെ മേലേക്കിടയിൽ പ്രതിഷ്ഠിക്കുന്നതും അഭിരുചിയുടെ വൈകൃതമായേ കാണാനാവൂ. കാഫ്ക എന്ന് ജൂത-ചെക്ക് നോവലിസ്റ്റ് അദ്ദേഹം ജനിച്ച രാജ്യത്തിലല്ലാതെ വേറൊരു രാജ്യത്തിൽ ആവിർഭവിക്കുകയില്ല. അസ്തിത്വ വാദത്തിന്റെ ഉദ്ഘോഷകനായ കമ്യൂവിനു കേരളത്തിൽ ജനിക്കാനാവുകയില്ല. ഇതൊക്കെ കൊണ്ട് അവരുടെ കൃതികളിലെ മൗലിക പ്രതിഭയെ നമ്മൾ അംഗീകരിക്കുന്നു. തങ്ങളുടെ ജീവരക്തത്തിൽ നിന്നു രൂപം കൊണ്ടതാണ് അവരുടെ കൃതികൾ. തൃശൂർ പൂരത്തിനു നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ കൊണ്ടു നിറുത്തുന്നതു പോലെ ഇവിടെയുള്ള ചില എഴുത്തുകാർ അസ്തിത്വ വാദത്തിന്റെ ഗജശ്രേഷ്ഠനെ പ്രദർശിപ്പിച്ചാൽ തീയറ്റ്വിക്കലായി — കൃത്രിമമായി — വിവേകമുള്ളവർക്കു കാണേണ്ടതായി വരും.

ലോകമഹായുദ്ധങ്ങളുടെ കെടുതികൾ കണ്ടു യാതന അനുഭവിച്ച ഫ്രഞ്ച് ജനത അസ്തിത്വവാദത്തിൽ വിശ്വാസമർപ്പിക്കുകയും അതിനു അനുസരിച്ച് ജീവിക്കുകയും ചെയ്തു. I exist, that is all — ഞാൻ ജീവിച്ചിരിക്കുന്നു, അത്രമാത്രം — എന്ന ചിന്താഗതി അവർക്കുണ്ടാകാൻ ഹേതു അതത്രേ. ആ വിശ്വാസവും അവിടത്തെ സവിശേഷമായ പരിതഃസ്ഥിതിയും രണ്ടു വ്യക്തികളിൽ ആഘാതമേല്പിച്ചു. അങ്ങനെയാണ് സാർത്രും കമ്യൂവും അവിടത്തെ തത്ത്വചിന്തയുടെ നായകന്മാരായത്.

തൈറീസിയസ് (Tiresias) തീബ്സിലെ ഭാവി ദർശനകനായിരുന്നു. അദ്ദേഹം ഒരിക്കൽ രണ്ടു പാമ്പുകൾ ഇണ ചേരുന്നതു കണ്ടു. അവ തൈറീസിയസിനെ ആക്രമിച്ചപ്പോൾ അദ്ദേഹം പെൺപാമ്പിനെ കൊന്നു. ഉടനെ സ്ത്രീയായി മാറി തൈറീസിയസ്. വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹം അതേ പ്രദേശത്തു ചെന്നപ്പോൾ രണ്ടു പാമ്പുകൾ ഇണ ചേരുന്നത് കാണാനിടയായി. അവയും അദ്ദേഹത്തെ ആക്രമിച്ചപ്പോൾ അദ്ദേഹം ആൺ പാമ്പിനെ കൊന്നു. ആ സമയത്ത് തൈറീസിയസ് പഴയതു പോലെ ആണായി മാറി. ഒരിക്കൽ സുസ്ദേവനും ഭാര്യയും തമ്മിലൊരു തർക്കം; ശാരീരികവേഴ്ചയിൽ ഹർഷോന്മാദം സ്ത്രീക്കാണോ പുരുഷനാണോ കൂടുതലെന്ന്. തൈറീസിയസ് സ്ത്രീയും പുരുഷനുമായിരുന്നല്ലോ. അതുകൊണ്ട് അക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കാൻ അദ്ദേഹത്തിനേ കഴിയൂ. പത്തിൽ ഒൻപതും സ്ത്രീക്ക്; ഒരുഭാഗം മാത്രം പുരുഷന് എന്നായിരുന്നു തൈറീസിയസിന്റെ മറുപടി. അതുകേട്ടു കോപിച്ച ദേവത (സൂസിന്റെ ഭാര്യ) അദ്ദേഹത്തെ അന്ധനാക്കി.

റ്റി.എസ്. എല്യറ്റ്, തൈറീസിയസിനെ കൊണ്ടു പറയിക്കുന്നു. “I Tiresias, though blind, throbbing between two lives/Old man with wrinkled female breasts, can see … ” എന്താണു കാണാൻ കഴിയുന്നത്? ലേഡി റ്റൈപ്പിസ്റ്റ് വീട്ടിലെത്തി ആഹാരം കഴിച്ചിട്ട് ചെറുപ്പക്കാരനെ കാത്തിരുന്നു. അയാൾ വന്നു. ഇനി കവി വാക്യം.

He assaults at once
Exploring hands encounter no defence …
Bestows one final patronising kiss
And gropes his way, finding the stairs unlit.

ഇതിനു ശേഷമുള്ള വരികൾകൂടി എടുത്തെഴുതാതിരിക്കാൻ വയ്യ.

When lovely woman stoops to folly and
Paces about her room again, alone.
She smooths her hair with automatic hand
And puts a record on the gramophone.

(The Waste Land, Selected Poems, T.S. Eliot, Faber & Faber. Pages 59, 60)

അനുഭവസമ്പന്നനായ തൈറീസിയസിന് ഇതൊക്കെ മുൻകൂട്ടി അറിയാം. പ്രത്യക്ഷാനുഭവമാണ് സത്യം. പ്രത്യക്ഷാനുഭവമില്ലാതെ, മറ്റുള്ളവരുടെ പ്രത്യക്ഷാനുഭവങ്ങളെ സ്വായത്തമാക്കുന്നു ഇവിടെ ചില എഴുത്തുകാർ (എല്യറ്റിന്റെ കവിതയെയും തൈറീസിയസിനെയും കൂട്ടിയിണക്കിയ രീതിക്കു ഞാൻ മൗലികത അവകാശപ്പെടുന്നില്ല. ഏതോ ഒരു ചിന്തകന്റെ ഏതോ പുസ്തകത്തിൽ ഞാൻ വായിച്ചതാണിത്).

അനുഭവരാഹിത്യം

രചന കലാഹിതമായാലും കലാത്മകമായാലും രചയിതാവിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നാണതുയരുന്നത്. ആർജ്ജവത്തോടെയാണ് അയാൾ അതിന് രൂപംനൽകുന്നതും. ആർജ്ജവത്തെയാണ് വിമർശകൻ ചോദ്യം ചെയ്യുന്നത്. അതു ഒരു രചയിതാവിനും ഇഷ്ടമല്ല.

നിങ്ങൾ കാണുന്ന സ്ത്രീകളൊക്കെ സുന്ദരികളാണോ എന്നു പലരും പരിഹാസപൂർവം ചോദിക്കാറുണ്ട്. അതിന്റെ ഉത്തരം ഞാൻ മുൻപു നൽകിയിട്ടുമുണ്ട്. ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ചാലേ എന്റെ ആശയം സ്പഷ്ടമാകൂ. സൗന്ദര്യം positive state (സവിശേഷാവസ്ഥ) ആണ്. വൈരൂപ്യം negative state-ഉം (നിഷേധാത്മകാവസ്ഥ). സവിശേഷാവസ്ഥയിലായത് അതിന്റെ സാന്നിദ്ധ്യംകൊണ്ടു ദ്രഷ്ടാവിനെ ആഹ്ലാദിപ്പിക്കും. ആ ആഹ്ലാദം സ്മരണ മണ്ഡലത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകയുമില്ല. എന്റെ വായനക്കാരിൽ എൺപതോളം വയസ്സുള്ളയാൾ ഉണ്ടെന്ന് ഞാൻ സങ്കല്പിക്കട്ടെ. തന്റെകൂടെ സ്ക്കൂളിൽപ്പഠിച്ച സുന്ദരിയായ പെൺകുട്ടിയെ അദ്ദേഹം ഇപ്പോഴും ഓർമ്മിക്കുന്നുണ്ടാവും. മറ്റുള്ളവരെയെല്ലാം — അധ്യാപകരെപ്പോലും — അദ്ദേഹം മറന്നിരിക്കും. ഇതുകൊണ്ടാണ് എന്റെ ലേഖനങ്ങളിൽ വർണ്ണിക്കപ്പെടുന്ന സ്ത്രീകൾ എപ്പോഴും സുന്ദരികളാവുന്നത്.

ഞാൻ തിരുവനന്തപുരത്തേക്കു പോരികയായിരുന്നു ഗൽഫ് രജ്യത്തിൽനിന്ന്. എയർ ഹോസ്റ്റസ് ഒരു ചെറിയ പ്ലാസ്റ്റിക് കൂട് തന്നിട്ടു പോയി. അതിനകത്ത് ‘നട്ട്സ്’ ആവണം. ഞാനതു കീറാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അല്പസമയം കഴിഞ്ഞ് എന്റെ അടുത്തുകൂടെ പോയ എയർ ഹോസ്റ്റസിനോട് ‘ഇതെങ്ങനെ തുറക്കാനാണ്’ എന്നു ഞാൻ ഇംഗ്ലീഷിൽ ചോദിച്ചു. അവർ ‘ഇതാ വരുന്നു’ എന്നു പറഞ്ഞ് തിടുക്കത്തിൽ പോയി. അപ്പോഴേക്കും വിൻഡോസീറ്റിനടുത്തിരുന്ന ഒരതിസുന്ദരി അവർക്കു കിട്ടിയ കൂടിന്റെ കനംകുറഞ്ഞ ഒരു പ്ലാസ്റ്റിക് നൂൽ വലിച്ചു അതു തുറന്ന് ‘ഇതാ ഇങ്ങനെ’ എന്നു പറഞ്ഞു. എന്നെക്കാൾ ബുദ്ധികൂടിയ അവരെ ഞാൻ മനസ്സുകൊണ്ട് അഭിനന്ദിച്ചു. എന്റെ ഈ ബുദ്ധിക്കുറവുകൊണ്ടാകാം ശ്രീ.എം.ആർ. മനോഹരവർമ്മ ‘കുങ്കുമവിമാന’ത്തിലെ യാത്രക്കാരനായ എനിക്ക് തന്ന ‘ഭാഗ്യനമ്പരുകൾ’ എന്ന കഥാപ്ലാസ്റ്റിക് കൂട് തുറക്കാനാവുന്നില്ല. ശങ്കരനാരായണനും കുടുംബവും പുതിയ വീട്ടിലെത്തുന്നു താമസക്കാരൻ. അവിടെയുണ്ട് ഒരു തുണ്ടു കടലാസ്സിലെഴുതിയ ഒരു നമ്പർ. അതു ഗൃഹനായകനെ അമ്പരപ്പിക്കുന്നു. അയാൾ ഓഫീസിലെത്തിയപ്പോൾ അവിടെയും കിടക്കുന്നു മറ്റൊരു സംഖ്യ കുറിച്ച കടലാസ്സുകഷണം. അവ രണ്ടും അയാളുടെ ഭാഗ്യനമ്പരുകളത്രേ. ശങ്കരനാരായണൻ അത്ഭുതപരവശനായി നിൽക്കുമ്പോൾ കഥ അവസാനിക്കുന്നു (സാഹിത്യവാരഫലത്തെ കളിയാക്കാനായി ശങ്കരനാരായണനെക്കൊണ്ടു വാരഫലങ്ങൾ വായിപ്പിച്ച് അയാളെ ‘സാഹിത്യവാരഫല’ത്തിലേക്ക് ആനയിക്കുന്നുണ്ട് മനോഹരവർമ്മ. ഒട്ടും മനോഹാരിതയില്ലാത്ത പ്രവൃത്തിയായിപ്പോയി ഇത്. ‘സാഹിത്യവാരഫല’ത്തെ നിന്ദിക്കണമെങ്കിൽ അത് ലേഖനത്തിലൂടെ നേരിട്ടാവണം. കഥയിൽ ആ നിന്ദനം തിരുകുന്നത് കലയെ വ്യഭിചരിക്കലാണ്). ഞാൻ നേരത്തേ പറഞ്ഞല്ലോ ഇക്കഥയുടെ ‘ഗുട്ടൻസ്’ എനിക്കു പിടികിട്ടിയില്ലെന്ന്. മാനുഷികാനുഭവത്തിന്റെ പ്രതിപാദനമാണ് ചെറുകഥയിലുള്ളത്. കഥാകാരൻ വർണ്ണിക്കുന്ന അനുഭവം അനുവാചകനെ സമാക്രമിച്ച് അന്യാദൃശ്യമായ അവസ്ഥയിലെത്തിക്കണം അയാളെ. അത് ഇക്കഥയിലെന്നല്ല മനോഹരവർമ്മ ഇതുവരെ എഴുതിയ ഒരു കഥയിലുമില്ല.

‘The Washland’ വീണ്ടും വായിക്കുന്നതു കൊണ്ട് അതിലെ വരികൾ എഴുതാൻ കൗതുകം. ലൈംഗികതയിൽ വൈരസ്യം വന്ന സ്ത്രീ അവളുടെ കാമുകനോടു ചോദിക്കുന്നു:

What shall I do now? What
shall I do?
I shall rush out as I am,
and walk the street
With my hair down, so.
What shall we do tomorrow?
What shall we ever do?
The hot water at ten
And if it rains, a closed
car at four.
And we shall play a game
of chess,
Pressing lidless eyes and
waiting for a knock upon the door
(Pages 55,56)

വികാരം തരിശുഭൂമി, ആദ്ധ്യാത്മികത്വം തരിശുഭൂമി, ജീവിമാകെ തരിശുഭൂമി. നമ്മുടെ സാഹിത്യവും തരിശുഭൂമി എന്ന് എല്യറ്റ് പറയാത്തത് അദ്ദേഹത്തിന് മലയാളം അറിഞ്ഞുകൂടാത്തതു കോണ്ടാണ്.

ചോദ്യം, ഉത്തരം

ആങ്ദ്രേ ഷീദിന്റെ ‘Journals’ കാഫ്കയുടെയും ചേസാറേ പാവേസെയുടേയും ഡയറികൾ, ഇവ വായിക്കാത്തവർ സാഹിത്യത്തിന്റെ, അതുൾക്കൊള്ളുന്ന ചിന്തയുടെ ഭംഗി കണ്ടവരല്ല.

Symbol question.svg.png ചീത്തക്കഥകളോ ചീത്തക്കവിതകളോ എഴുതുന്നവരെ അവയുടെ പേരിൽ കുറ്റപ്പെടുത്തിയാൽ അവർ ദേഷ്യപ്പെടുന്നതെന്തിന്?

രചന കലാരഹിതമായാലും കലാത്മകമായാലും രചയിതാവിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണ് അത് ഉയരുന്നത്. ആർജ്ജവത്തോടെയാണ് അയാൾ അതിന് രൂപം നൽകുന്നതും. ആ ആർജ്ജവത്തെയാണ് വിമർശകൻ ചോദ്യം ചെയ്യുന്നത്. അത് ഒരു രചയിതാവിനും ഇഷ്ടമല്ല.

Symbol question.svg.png സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരുത്തൻ പെട്ടെന്ന് എഴുന്നേറ്റ് വാക്കൗട്ട് നടത്തുന്നു. ഇത് അവിടെ ഇരിക്കുന്നവരെ അപമാനിക്കുന്നതിനു തുല്യമല്ലേ?

മാന്യമായ പ്രവൃത്തി അല്ല അത്. ഞാനും ചെറുപ്പകാലത്ത് അങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്രം അസഹനീയമാണെങ്കിൽ ഇടവേള വരെയെങ്കിലും കാത്തിരിക്കണം. അപ്പോഴും പെരുവിരലൂന്നി മോഷ്ടാവിന്റെ മട്ടിൽ സിനിമാശാലയിൽ നിന്നിറങ്ങുന്നതാണ് നല്ലത്.

Symbol question.svg.png ഭർത്താവ് എങ്ങനെ പെരുമാറണം സാറേ?

അയാൾ ഭാര്യയെയും കുഞ്ഞുങ്ങളെയും അലട്ടരുത്. കൊടുത്ത പണത്തിന്റെ കണക്ക് ഭാര്യയോട് ചോദിക്കരുത്. ‘ആരു പറഞ്ഞെടാ പഠിക്കാനുള്ള പുസ്തകം പൂമുഖത്തിടാൻ’ എന്നു പോലും മകനോട് ചോദിക്കരുത്. തന്റെ മാന്യമായ ജീവിതരീതി ഭാര്യയ്ക്കും കുട്ടികൾക്കും മാതൃകയാവണം. അങ്ങനെ ഗൃഹനായകൻ ജീവിച്ചാൽ ഭാര്യയും കുട്ടികളും അയാളെ അനുകരിച്ച് മാന്യതയോടെ കഴിഞ്ഞുകൂടിക്കൊള്ളും.

Symbol question.svg.png ഈ സുധീർഘമായ ജീവിതം കൊണ്ട് നിങ്ങൾ എന്ത് മനസ്സിലാക്കി?

വീട്ടിൽ മരപ്പണിക്കും മറ്റും വരുന്നവർക്ക് അഡ്വാൻസായി കൂലി കൊടുക്കരുതെന്ന്; കൊടുത്താൽപ്പിന്നെ അവരെ കാണുകയില്ലെന്ന്.

Symbol question.svg.png സാഹിത്യകാരന്റെ ആയിരമായിരം ഗുണങ്ങൾ പറഞ്ഞിട്ട് ഒരു ദോഷം ചൂണ്ടിക്കാണിച്ചാൽ അയാൾ ശത്രുവാകുന്നതെന്തുകൊണ്ട്?

അതു സ്വാഭാവികം. സ്നേഹപൂർവ്വം ചെയ്യുന്ന കാര്യങ്ങൾ വിസ്മരിക്കപ്പെടും. അല്പം ക്രൂരതയുള്ള പ്രവർത്തനങ്ങൾ മനസ്സിൽ നിന്ന് മായുകയില്ല. ഞാനും ഈ സാമാന്യതത്വത്തിൽ നിന്ന് മാറി നിൽക്കുന്നവനല്ല.

Symbol question.svg.png നല്ല ‘ഓർമ്മക്കുറിപ്പുകൾ’ ആരുടേതാണ്?

ആങ്ദ്രേ ഷീദിന്റെ ‘journals’ കാഫ്കയുടെയും ചേസാറേ പാവേസെയുടെയും ഡയറികൾ, ഇവ വായിക്കാത്തവർ സാഹിത്യത്തിന്റെ, അതുൾക്കൊള്ളുന്ന ചിന്തയുടെ ഭംഗി കണ്ടവരല്ല.

വി.എം.സുധീരൻ

കലാകൗമുദി വാരിക ശ്രീ. വി. എം. സുധീരന്റെ പടം കവറിൽ അച്ചടിച്ചതു കണ്ട് എനിക്ക് സന്തോഷമുണ്ടായി. സുധീരൻ ധീരമായി ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നു എന്നതു മാത്രം കൊണ്ടല്ല സന്തോഷം. സ്പീക്കർ ആയിരുന്നപ്പോഴും അദ്ദേഹം ‘തണ്ടും മട്ടും’ കാണിക്കാതെ സാധാരണക്കാരനെപ്പോലെ എല്ലാവരോടും പെരുമാറി എന്നതു മാത്രം കൊണ്ടല്ല ആ സന്തോഷം. ഒരു പ്രതിസന്ധിയിൽ സുധീരൻ താനറിയാതെ എന്നെ സഹായിച്ചു എന്നതിലാണ് ഏറെ സന്തോഷം. ഒന്നും വ്യക്തമായി പറയാൻ വയ്യ. പറഞ്ഞാൽ ആളാരെന്ന് സ്പഷ്ടമായിപ്പോകും. അതു മാന്യതയുമല്ലല്ലോ. ‘ജീവന്മരണപ്രശ്നം’ എന്ന് പത്രങ്ങളിൽ കാണാറുണ്ടല്ലോ. അങ്ങനെയൊരു ‘പ്രശ്നം’ പരിഹരിച്ചു കിട്ടാൻ ഞാൻ ഒരാളിന്റെ മുൻപിൽ അഭ്യർത്ഥനയുമായി നിൽക്കുകയായിരുന്നു. അര മണിക്കൂർ നേരം അപേക്ഷിച്ചിട്ടും ആൾ വഴങ്ങാതെ ‘സാദ്ധ്യമല്ല, സാദ്ധ്യമല്ല’ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ‘ഗെറ്റൗട്ട്’ എന്ന് ആ ആൾ പറയാൻ തുടങ്ങുന്നതിന് മുൻപ് എന്റെ ഭാഗ്യാതിരേകത്താൽ സുധീരൻ ആ മുറിയിൽ കയറി വന്നു. എന്തോ കാര്യം പറഞ്ഞിട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. ‘ഹാ, എന്തു നല്ല പയ്യൻ!’ എന്ന് ആ ആൾ അറിയാതെ പറഞ്ഞുപോയി. എന്റെ സാന്നിദ്ധ്യം മറന്ന്, സുധീരന്റെ ആകൃതിസൗഭഗം കണ്ടുമതിമറന്ന് അങ്ങനെ പറഞ്ഞത് അബദ്ധമായിപ്പോയെന്ന് ഉത്തരക്ഷണത്തിൽ ആ ആളിനു തോന്നി. അതുവരെ എന്റെ അഭ്യർത്ഥന നിരാകരിച്ചിരുന്ന ആൾ ഉടനെ എന്റെ മുഖത്തു നോക്കി ഇളിഭ്യതയോടെ ‘Your request is granted’ എന്നു പറഞ്ഞു. അതിനു ശേഷം ഞാൻ സുധീരനെ എന്റെ ഉപകർത്താവായി കരുതുകയാണ്. ഞാനിന്നുവരെ സുധീരനോട് ഇക്കാര്യം പറഞ്ഞിട്ടില്ല. കുറെ മാസം മുൻപ് മസ്കറ്റിലെ ‘സായാഹ്ന’ ഹോട്ടൽ പുൽത്തകിടിയിൽ അദ്ദേഹം കുട്ടിയുമായി ഇരിക്കുന്നത് ഞാൻ കണ്ടു. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. അപ്പോഴും അദ്ദേഹം താനറിയാതെ ചെയ്ത ഉപകാരത്തെക്കുറിച്ചു ഞാൻ പറഞ്ഞില്ല. ഇപ്പോൾ അദ്ദേഹത്തോടും ബഹുജനത്തോടും ഞാനിതു തുറന്നു പറയുന്നു. സർക്കാരുദ്യോഗസ്ഥകൾ പാവപ്പെട്ടവരെ പീഡിപ്പിക്കുമ്പോൾ സുധീരനെപ്പോലെ ആകൃതി സൗഭഗമുള്ളവർ അവിടെ മിന്നൽപ്പിണർ പോലെയാണെങ്കിലും ഒന്നു പ്രകാശം വിതറിയിട്ടു പോകുന്നത് ആ പാവപ്പെട്ടവർക്കു വലിയ സഹായമായിരിക്കും.

മള്ളൂർ — കവിയരങ്ങിൽ

ഏതു വിരസമായ പദ്യവും — ഗദ്യംപോലും — റെട്ടറിക് കൊണ്ടു മനോഹരമാക്കാം. ഞാൻ പേരുകൾ പറയുന്നില്ല. റെട്ടറിക്കിൽ ‘ശിക്ഷിതപടുത്വ’ വും ‘അശിക്ഷിതപടുത്വ’ വും ഉള്ളവർ വേദികളിൽ കയറി നിന്നു കൊണ്ട് തൊണ്ട കീറുമാറ് പദ്യം ചൊല്ലുന്നു. ശ്രോതാക്കളുടെ കൈയ്യടി മേടിക്കുന്നു. എന്നാൽ ചൊല്ലിയ വരികളിൽ കവിത തീരെയില്ലതാനും.

തിരുവനന്തപുരത്തെ പേരു കേട്ട ക്രിമിനൽ വക്കീലായിരുന്നു മള്ളൂർ ഗോവിന്ദപ്പിള്ള. പല കൊലപാതകികളെയും അദ്ദേഹം വാഗ്മിത കൊണ്ട് തൂക്കുമരത്തിൽ നിന്നു രക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫീ ആയിരം രൂപയായിരുന്നു. അതുകൊണ്ട് ‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാം’ എന്നൊരു ചൊല്ലു തന്നെ ഇവിടെയുണ്ടായി. ഞാനൊരിക്കൽ മള്ളൂർ ഗോവിന്ദപ്പിള്ള ഒരു പോലീസ് ഇൻസ്പെക്ടറെ ക്രോസ് വിസ്താരം നടത്തുന്നതു കേൾക്കാൻ പോയി.

മള്ളൂർ 
കൊലപാതകം നടന്നതു തീവണ്ടിയാപ്പീസിന്റെ ഏതു ഭാഗത്താണ്? ദിക്കാണ് ഞാൻ ചോദിക്കുന്നത്.
ഇൻസ്പെക്ടർ 
വടക്ക്.
മള്ളൂർ 
വടക്കോ?
ഇൻസ്പെക്ടർ 
അല്ല, തെക്ക്.
മള്ളൂർ 
തെക്കും വടക്കും നിശ്ചയമില്ലാത്ത നിങ്ങൾ കിഴക്കെന്നും പടിഞ്ഞാറെന്നും കൂടി പറഞ്ഞേക്കൂ അപ്പോൾ നാലു ദിക്കുകളുമായല്ലോ.

ഇൻസ്പെക്ടർ വിയർപ്പിൽ മുങ്ങിക്കുളിച്ചു. ഒടുവിൽ കൊലപാതകിയെ കോടതി വെറുതേ വിട്ടു. മള്ളൂരിന്റെ ഈ കഴിവിനെ ഞാൻ റെട്ടറിക് എന്നാണ് വിളിക്കുന്നത്. റെട്ടറിക് നന്മയ്ക്കു വേണ്ടി ഉപയോഗിക്കാം. തിന്മയ്ക്കു വേണ്ടിയുമാകാം. പക്ഷേ തിന്മയ്ക്കു വേണ്ടിയാണ് ഇന്നധികവും അത് ഉപയോഗിക്കപ്പെടുന്നത്. വക്കീലന്മാർക്കു റെട്ടറിക്കിലെങ്കിൽ കോടതിയിൽ ജയമില്ല. രാഷ്ട്രീയ നേതാവ് ശ്രോതാക്കളെ ‘കൈയിലെടുക്കു’ ന്നത് റെട്ടറിക് കൊണ്ടാണ്. ഈ പദപ്രയോഗ വൈദഗ്ധ്യം പരകോടിയിൽ കാണപ്പെടുന്നതു കവിയരങ്ങുകളിലാണ്. ഏതു വിരസമായ പദ്യവും — ഗദ്യംപോലും — റെട്ടറിക് കൊണ്ടു മനോഹരമാക്കാം. ഞാൻ പേരുകൾ പറയുന്നില്ല. റെട്ടറിക്കിൽ ‘ശിക്ഷിതപടുത്വ’ വും ‘അശിക്ഷിതപടുത്വ’ വും ഉള്ളവർ വേദികളിൽ കയറി നിന്നു തൊണ്ട കീറുമാറ് പദ്യം ചൊല്ലുന്നു. ശ്രോതാക്കളുടെ കൈയ്യടി മേടിക്കുന്നു. എന്നാൽ ചൊല്ലിയ വരികളിൽ കവിത തീരെയില്ലതാനും. ഈ സത്യത്തിലേക്കു കൈചൂണ്ടുന്നു ദേശാഭിമാനി വാരികയിൽ ‘മലയാള കവിതയെ രക്ഷിക്കുക’ എന്ന കത്തെഴുതിയ ശ്രീ. ജയൻ, തേന്നൂർക്കര. മിതവും സാരവത്തുമായ വാക്കുകൾ കൊണ്ട് അദ്ദേഹം ഇന്നത്തെ കാവ്യ സംസ്കാരലോപത്തെ വ്യക്തമാക്കിത്തരുന്നു. അദ്ദേഹത്തെ ഞാൻ സാദരം അഭിനന്ദിക്കട്ടെ.

സ്ഫിങ്‌ക്സിന്റെ മുൻപിൽ

Gurdjieff-ന്റെ ശിഷ്യനായിരുന്നു പി. ഡി. ഊസ്പെൻസ്കി എന്നു പലരും എഴുതിയിട്ടുണ്ട്. അത് അത്രകണ്ടു ശരിയല്ലെന്നും ഊസ്പെൻസ്കി സ്വന്തം നിലയിൽ തന്നെ ജീനിയസ്സ് ആയിരുന്നുവെന്നും സ്ഥാപിക്കാനായി കോളിൻ വിൽസൻ “The Strange Life of P. D. Ouspensky” എന്ന പുസ്തകം എഴുതി. ഈ മിസ്റ്റിക്കിന്റെ “The Strange Life of Ivan Osokin” എന്ന നോവലും “In Search of the Miraculous”, “A New Model of the Universe” എന്നീ ദാർശനിക ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. മൂന്നാമത്തെ ഗ്രന്ഥത്തിൽ ഈജിപ്തിലെ കൈറോ നഗരത്തിനടുത്തുള്ള എൽഗീസ പട്ടണത്തിലെ പിരമിഡുകൾക്ക് സമീപത്തുള്ള സ്ഫിങ്‌ക്സിന്റെ മുൻപിൽ ഊസ്പെൻസ്കി നിന്നപ്പോഴുണ്ടായ അനുഭൂതികളെ വർണ്ണിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ രചനകളിൽ ഒന്നായി ഞാനതിനെ പരിഗണിക്കുന്നു. ഊസ്പെൻസ്കിയുടെ പുസ്തകം എന്റെ കൈയ്യിലില്ല. എന്നാൽ ജേക്കബ് നീഡിൽമാൻ എഴുതിയ “A Sense of the Cosmos” എന്ന ശ്രേഷ്ഠമായ പുസ്തകത്തിൽ ആ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്. അതിനെ അവലംബിച്ചാണ് ഇനിയുള്ള വരികൾ ഞാൻ കുറിച്ചിടുന്നത്. മഞ്ഞനിറവും ചാരനിറവും കലർന്ന മണ്ണ്. അഗാധ നീലിമയാർന്ന അന്തരീക്ഷം. ദൂരെ ഖെഫറൻ പിരമിഡിന്റെ ത്രികോണം. ഊസ്പെൻസ്കിയുടെ തൊട്ടു മുൻപിൽ വിചിത്രവും അദ്ഭുതകരവുമായ ആമുഖം. അതിന്റെ നോട്ടം വിദൂരതയിലേക്ക്. സ്ഫിങ്‌ക്സിന്റെ മുൻപിൽ മണലിൽ ഇരിക്കുമ്പോഴെല്ലാം ഭയവും ഉന്മൂലനത്തിന്റെ ഭീതിയും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അതിന്റെ നോട്ടത്താൽ ഊസ്പെൻസ്കി ഗ്രസിക്കപ്പെട്ടു. നമ്മുടെയെല്ലാം ധാരണാശക്തിക്ക് അതീതമായ മഹാദ്ഭുതങ്ങളെ അതിന്റെ നോട്ടം ഉദ്ഘോഷിച്ചു. ചരിത്രപരമായ ഈജിപ്തിനെക്കാൾ പൂർവികത സ്ഫിങ്‌ക്സിനുണ്ട്. ഈജിപ്തിന്റെ ഈശ്വരന്മാരെക്കാൾ, പിരമിഡുകളെക്കാൾ അതിനു പ്രായം കൂടും. സ്ഫിങ്‌ക്സ് കല്ലിലുള്ള രൂപമാണെന്നും പ്രാചീന വിജ്ഞാനത്തിന്റെ സാകല്യാവസ്ഥയാണെന്നും ഒരു സിദ്ധാന്തമുണ്ട്. ഇതു തന്നെയാണ് അതിന്റെ പ്രസിദ്ധമായ പ്രഹേളിക. ജീവിതത്തിന്റെയും ലോകത്തിന്റെയും അടിസ്ഥാനപരങ്ങളായ പ്രശ്നങ്ങൾ അത് അദ്ദേഹത്തിന്റെ മുൻപിൽ വച്ചു. അനന്തത! ആ വാക്ക് ഊസ്‌പെൻസ്കിയുടെ ബോധമണ്ഡലത്തിൽ മിന്നിപ്പാഞ്ഞു. കാലം, വസ്തുക്കൾ, ജീവിതം ഇവയെക്കുറിച്ചുള്ള ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. സ്ഫിങ്‌ക്സിന്റെ മുൻപിൽ അദ്ദേഹം നിന്നപ്പോൾ അത് എല്ലാ സംഭവങ്ങളിലൂടെയും സഹസ്രാബ്ദങ്ങളിലെ ആകസ്മിക സംഭവങ്ങളിലൂടെയും ആ നിമിഷങ്ങളിൽ ജീവിക്കുന്നുവെന്ന് അദ്ദേഹത്തിനു തോന്നി. ഊസ്‌പെൻസ്കി ഒരു മഹാദ്ഭുതത്തെ സ്പർശിച്ചു. പക്ഷേ അദ്ദേഹത്തിന് അതിനെ നിർവചിക്കാനോ അതിനു രൂപം കൊടുക്കാനോ കഴിഞ്ഞില്ല.

പ്രിയപ്പെട്ട വായനക്കാർ ഇത്തരം ഗ്രന്ഥങ്ങൾ വായിക്കണമെന്ന് ഞാൻ വിനയപൂർവം അപേക്ഷിക്കുന്നു.