close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 06 02


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 06 02
ലക്കം 506
മുൻലക്കം 1985 05 26
പിൻലക്കം 1985 06 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തിരുവനന്തപുരത്തു വിദ്യുച്ഛക്തിയുടെ പ്രവർത്തനം ആരംഭിച്ചതു എനിക്കു നല്ല ഓർമ്മയുണ്ടു്. മുൻസിപ്പാലിറ്റിയുടെ കല്പനയനുസരിച്ചു കത്തിക്കപ്പെട്ടിരുന്ന മണ്ണെണ്ണ വിളക്കുകൾ തെരുവുകളിൽ നിന്നു അപ്രത്യക്ഷങ്ങളായി. പകരം കമ്പിക്കാലുകളിലെ രജത തളികകളിൽ ചേർന്ന സ്ഫടികഗോളങ്ങൾക്കുള്ളിലായി വിദ്യുച്ഛക്തിയുടെ പ്രഭാപൂരം. സന്ധ്യക്കു വീട്ടുവാതിൽക്കൽ നിൽക്കുമ്പോൾ മന്തുകാലുള്ള ഒരു പാവം കരിങ്കൽത്തൂണിൽ ഏണിചാരി പ്രയാസപ്പെട്ടു കയറി മണ്ണെണ്ണ ഒഴിച്ചു ഒരവ്യക്തദീപത്തിനു ജനനം നൽകുന്നതു ഞാൻ പല തവണ കണ്ടിട്ടുണ്ടു്. അന്നത്തെ ദിവസം അയാൾ വന്നില്ല. സൂക്ഷ്മം ആറുമണിക്കു വിദ്യുച്ഛക്തിദീപം സ്വയം പ്രകാശിച്ചു. ഇരുണ്ട പട്ടണമാകെ വെള്ളിവെളിച്ചം. അതിൽ നീന്തിതുടിച്ചു പവർ ഹൗസിനു സമീപത്തെത്തിയപ്പോൾ ആ സൗധത്തിൽ ലക്ഷക്കണക്കിനു ദീപങ്ങൾ. എന്തൊരു അതുല്യാനുഭൂതിയായിരുന്നു ആ ദർശനം പ്രദാനം ചെയ്തതു്! നാൽക്കാലികൾ മാത്രം പ്രതിദിനം ആവിർഭവിച്ചിരുന്ന കാലത്തു റൊമാന്റിക് യുഗം കേരളത്തിൽ പൊട്ടിവിടർന്നതിനു തുല്യമായ ഒരവസ്ഥ,

അമ്മാവിനുള്ള തളിർനവ്യവസന്ത ലക്ഷ്മി
സമ്മാനമേകുവതു തിന്നുകഴിഞ്ഞിടുമ്പൊൾ
അമ്മാ! പുറപ്പെടുമിളങ്കുയിലിന്റെ പാട്ടു
മമ്മാളുവമ്മയുടെ സൂക്തിയുമൊന്നുപോലെ

എന്നു വൽമീകപാദൻ മണ്ണെണ്ണവിളക്കു കത്തിച്ചിരുന്ന കാലത്തു

ഭിദുര മഹഹ പൂർവ്വവിസ്മൃതിക്കീ
മൃദുതര വായുതരംഗ രംഗലോലം
ഹൃതഹൃദയ മഹോ വരുന്നുതോഴീ,
ഹിതകരമീവഴി ഹേമപുഷ്പഗന്ധം.

എന്നിങ്ങനെ വൈദ്യുതശക്തിയുടെ കാല്പനികശോഭ പ്രസരിക്കുകയായി … കാലം കഴിഞ്ഞു. ഇന്നു വിദ്യുച്ഛക്തി ദീപത്തിനു പ്രകാശമില്ല. വോൾട്ടേജ് ഡ്രോപ്പു പോലും! എഴുതാൻ വയ്യ. വായിക്കാൻ വയ്യ. ടെലിവിഷൻ സെറ്റിലെ ഇമേജുകൾ കടലിലെ തിരകൾ പോലെ വളയുന്നു. ഇതു സെറ്റിനു കേടാണത്രേ. ആയിക്കൊള്ളട്ടെ. കണ്ണിനു വരുന്ന കേടിനെക്കാൾ ഗൗരവമില്ലല്ലോ അതിനു്. വൈദ്യുത ശക്തിക്കു മങ്ങലേറ്റതുപോലെ കാല്പനികതയ്ക്കും മങ്ങൽ. കരിങ്കൽത്തൂണിൽ ഏണിചാരി ഇടുപ്പിലെ കുപ്പിയിൽനിന്നു മണ്ണെണ്ണ എടുത്തു വിളക്കിലൊഴിച്ചു കത്തിക്കുന്ന കാലം വരാൻപോകുന്നു. പല കവികളും തറ്റുടുത്തു ഏണി തോളിലേന്തിപ്പോകുന്നതു ഇവിടെയിരുന്നാൽ കാണാം.

ബുദ്ധി കുറഞ്ഞവർക്കു വേണ്ടി

ഇവിടിരുന്നാൽ അതു മാത്രമല്ല കാണുന്നതു്. അതി ഭാവുകത്വം, അവാസ്തവികത്വം, കലയുടെ നാട്യം ഇവകൊണ്ടു മനുഷ്യരെ നിഗ്രഹിക്കാനെത്തുന്ന കെ.പി. ഭാവാനിയെയും കാണാം. ‘വനിത’യുടെ മൂന്നാം ലക്കത്തിലൂടെയാണു ശ്രീമതിയുടെ ആഗമനം. ഇപ്പോഴത്തെ പെണ്ണുങ്ങൾക്കൊക്കെ ഭർത്താവു ശ്രീയേട്ടനും ശങ്കരയേട്ടനുമാണല്ലോ. ദേവിയുടെ ശ്രീയേട്ടൻ പരമ സാത്ത്വികനും പച്ചവെള്ളം ചവച്ചു കുടിക്കുന്ന മാർജ്ജാരനുമായിരുന്നു. അപ്പോൾ ദേവിതന്നെ ഒരു വേലക്കാരിയെ നിയമിച്ചു. അവളെ ജോലിക്കാക്കരുതെന്നു മാന്യനായ ശ്രീയേട്ടൻ പറഞ്ഞാതാണു്. കേട്ടില്ല ദേവ്യനുജത്തി. “നോ മാൻ ഇസ് ഓണറബിൾ.” ശ്രീയേട്ടൻ ജോലിക്കാരിയുടെ കൂടെ കിടപ്പായി. അതു നിർബ്ബാധം നടത്താൻ വേണ്ടി ദേവിയെ ഭ്രാന്തിയാക്കി മുറിയിലിട്ടു പൂട്ടി. സ്ത്രീയുടെ വഞ്ചന എപ്പോഴും മിസ്റ്റീരിയസാണു്: പുരുഷന്റേതു അങ്ങനെയല്ല താനും. അതുകൊണ്ടു വേലക്കാരി ദേവിയെ വഞ്ചിച്ചതു അത്ഭുതാവഹം. ശ്രീയേട്ടൻ ദേവിയനുജത്തിയെ വഞ്ചിച്ചതു തികച്ചും സ്വാഭാവികവും. ഈ അത്ഭുതാംശത്തെയും സ്വാഭാവികാംശത്തെയും കലയുടെ ഭാഷയിൽ ആവിഷ്കരിക്കാൻ കെ.പി. ഭവാനിക്കു അറിഞ്ഞു കുടാ. അവർ ആ അത്യുക്തിയിലേക്കും അതിഭാവുകത്വത്തിലേക്കും ചെന്നു കയറുന്നു. സംഭാഷണത്തിൽപ്പോലുമുണ്ടു് ഈ ന്യൂനതകൾ. ശ്രീയേട്ടൻ ദേവിയോടു പറയുന്നതു കേട്ടാലും: “ദേവീ, എന്നെ മത്തു പിടിപ്പിക്കുന്നു നിന്റെയീ സുഗന്ധം.” ഭാഗ്യം അയാൾ ഇത്രയല്ലേ പറഞ്ഞുള്ളു. “ദേവീ, ഭഗവതിയുടെ വദന സരോജത്തിൽ നിന്നു ഉദ്ഗമിക്കുന്ന ഈ പരിമളധോരണി എന്നെ മാദകലഹരിക്കു വിധേയനാക്കി അർദ്ധസുഷുപ്തിയുടെ ആന്ദോളനാവസ്ഥയിലേക്കു നയിക്കുന്നല്ലോ” എന്നാണു ശ്രീയേട്ടൻ കാച്ചിയതെങ്കിൽ അതും സഹിക്കാൻ വായനക്കാർ നിർബ്ബദ്ധരാകുമല്ലോ. ഇമ്മട്ടിൽ സംഭാഷണമെഴുതിയെഴുതി, വർണ്ണന നടത്തി നടത്തി കഥാകാരി വായനക്കാരെ കരയിപ്പിക്കാൻ തന്നെ തീരുമാനിക്കുന്നു. വഞ്ചിക്കപ്പെട്ട ദേവിയുടെ കാലിൽ കയറുകെട്ടി അവളെ മുറിയിലടയ്ക്കുന്നു. ദേവി കിറുക്കിയാണത്രേ. ഈ ഭ്രാന്തു കണ്ടിട്ടും ശ്രീയേട്ടന്റെ ക്രൂരത കണ്ടിട്ടും വായനക്കാരായ നമ്മൾക്കു ഒരു ചാഞ്ചാല്യവുമില്ല. കഥ അസത്യ പൂർണ്ണമായാൽ അങ്ങനെയേ സംഭവിക്കൂ. ബുദ്ധി വളരെ കുറഞ്ഞവർക്കു വേണ്ടി രചിക്കപ്പെട്ട ബുദ്ധിശൂന്യമായ ഒരു കഥയാണിതു്.

പൂവും രാജ്ഞിയും

യുവതിയും യുവാവും കടപ്പുറത്തിരിക്കുന്നു. രാത്രി. ഒരു നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു അവൾ ചോദിക്കുകയാണു്: “ആ കാണുന്ന നക്ഷത്രത്തിലേക്കു എന്തു ദൂരം വരും?” അയാളുടെ മറുപടി: “4.3 പ്രകാശവർഷം.” ഇമ്മട്ടിൽ ഉത്തരം നൽകുന്നവർ അവളുടെ കാമുകനായിരിക്കാൻ യോഗ്യനല്ല. അയാൾക്കു ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അദ്ധ്യാപകനായി പോകാം. നേരേ മറിച്ചു അയാൾ “ദൂരമൊട്ടുമില്ലല്ലോ. നക്ഷത്രം എന്റെ അടുത്തല്ലേ ഇരിക്കുന്നതു്” എന്നു മറുപടി പറഞ്ഞാലോ? പ്രതിഭാശാലിയാണു ആ മനുഷ്യനെന്നു നമ്മൾ അഭിപ്രായപ്പെടും. ദൂരത്തെ പ്രകാശവർഷമാക്കുന്നവൻ ഏക കേന്ദ്രാഭിമുഖ്യമുള്ളവനാണു്. അവനു സഹൃദയത്വമില്ല. കേന്ദ്ര പരാങ്മുഖനാണു കാമുകിയെ നക്ഷത്രമായിക്കണ്ടു ദൂരത്തെ ഹനിക്കുന്നതു്. അവൻ കവിയത്രേ. ആദ്യം പറഞ്ഞ ആളുകൾ കഥയെഴുതുമ്പോൾ അവ കെ.പി. ഭവാനി എഴുതിയ കഥ പോലെയാകും. മനോരാജ്യത്തിലെ “തെറ്റുന്ന കണക്കു കൂട്ടലുകൾ” എന്ന കഥപോലെയാകും. കാർത്തികപ്പള്ളി രാജന്റെ ഈ കഥയിൽ രുഗ്മിണി അന്തർജ്ജനത്തെ കാണാം. പതിവായി അവളെ തുറിച്ചു നോക്കി ക്ലേശിപ്പിക്കുന്നവനാണു് രാധാകൃഷ്ണൻ. ഒരു ദിവസം രുഗ്മിണി വൈകി വീട്ടിലേക്കു പോയപ്പോൾ അവനും പിറകേ പോയി. സൗകര്യം കിട്ടുമ്പോൾ അവൻ തന്നെ ബലാൽസംഗം ചെയ്യുമെന്നു് അവൾ പേടിച്ചു. പക്ഷേ രാധാകൃഷ്ണൻ അവളെ വീട്ടിൽ കൊണ്ടാക്കിയിട്ടു തിരിച്ചുപോന്നു. തോന്നലുകൾക്കു യാഥാർത്ഥ്യമില്ല. മനുഷ്യന്റെ അന്തരംഗം ആരുകണ്ടു? ഇതാണു കഥാകാരൻ ഉപന്യസിക്കുന്ന രഹസ്യം. നിത്യജീവിതത്തിലെ ഒരു സാധാരണ സംഭവത്തിൽ സങ്കീർണ്ണമായതും നൂതനമായതുമായ ഒരു ‘ഘടന’ നിർമ്മിക്കുന്നവനാണു കലാകാരൻ. സ്ത്രീകൾ ആഭരണം കടംവാങ്ങി അണിയുന്നതു് സർവസാധാരണമായ സംഭവം. ആ സംഭവത്തെ മോപസാങ്ങ് നവീനവും സങ്കീർണ്ണവുമായ ഘടനയാക്കി മാറ്റിയതു ‘നെക്ക്‌ലിസ്’ എന്ന കഥയിൽ ദർശിക്കാം. പനിനീർപ്പൂ പനിനീർപ്പൂവാണെന്നു പറയാം. അതു പൂവല്ല രജ്ഞിയാണെന്നു പറയാം. പൂവാണെന്നു സമ്മതിച്ചുകൊണ്ടു രാജ്ഞിയാക്കി അവതരിപ്പിക്കാം. ഈ മൂന്നമത്തെ അവതരണമാണു് കലാപ്രക്രിയയോടു ബന്ധപ്പെട്ടതു്. (റസ്ക്കിന്റെ ആശയം — ഓർമ്മയിൽ നിന്നു കുറിക്കുന്നതു്.) കാർത്തികപ്പള്ളി രാജൻ പൂവിനെ പൂവായി മാത്രം കാണുന്ന അരസികനാണു്.

* * *

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ പലഹാരവും ചായയും മേശപ്പുറത്തുകൊണ്ടുവയ്ക്കുകയും പിന്നീടു് എച്ചിൽപ്പാത്രം എടുത്തുകൊണ്ടു പോവുകയും ചെയ്യുന്ന ഒരു ബാലൻ ബി. കോം പരീക്ഷ ജയിച്ചവനാണു്. ആകൃതി സൗഭഗവും കുലീനതയുമുള്ള ആ പയ്യനോടു് “ഏതുവരെ പഠിച്ചു?” എന്നു ഞാനൊരിക്കൽ ചോദിച്ചു. അങ്ങനെയാണു് അയാൾ ബി. കോം ജയിച്ചുവെന്നു ഞാൻ ഗ്രഹിച്ചതു്. കെ. സ്. രാജൻ മനോരാജ്യം വാരികയിൽ വരച്ച ഒരു ഹാസ്യചിത്രത്തിൽ എം. എ ജയിച്ച ഒരു കൂലിക്കാരനെ കാണാം. ചുമടു് എടുത്തു ജീവിക്കുകയാണു് അവൻ. ബി. കോം. പരീക്ഷ ജയിച്ച പയ്യനെ എനിക്കു പരിചയമില്ലായിരുന്നെങ്കിൽ രാജന്റെ കാർട്ടൂൺ വിശ്വസനീയമല്ല എന്നു ഞാൻ അഭിപ്രായപ്പെടുമായിരുന്നു. വളരെ വൈകാതെ പി. എച്ച്. ഡിക്കാർക്കും എച്ചിലെടുക്കേണ്ടതായി വരുമെന്നു തോന്നുന്നു. ‘ബിഗ് ബിസ്‌നെസ്സ്’ സർക്കാരിനെയും സമൂഹത്തെയും ഭരിക്കുമ്പോൾ അതുണ്ടാകും. ബാങ്കിൽച്ചെന്നു് രണ്ടായിരം രൂപ പ്രതിമാസശമ്പളം വാങ്ങേണ്ട പയ്യൻ ഹോട്ടലിലെ എച്ചിൽ പാത്രമെടുക്കാനായി പോകും. സംശയമുണ്ടോ വായനക്കാർക്കു്? എങ്കിൽ വേളൂർ കൃഷ്ണൻകുട്ടിയോടു് എഴുതിച്ചോദിക്കൂ. അദ്ദേഹത്തിനും ഈ പയ്യനെ അറിയാം.

* * *

ഇരുട്ടത്താണു് പിച്ചിപ്പൂവിന്റെ സൗരഭ്യം സാന്ദ്രതയോടെ അനുഭവപ്പെടുന്നതു്. ദുർഗന്ധത്തിന്റെ തീവ്രതയും അന്ധകാരത്തിലാണു് നമ്മൾ അറിയുക. പകൽസമയത്താണെങ്കിലോ? സാന്ദ്രതയില്ല, തീവ്രതയില്ല, മണമറിയും, നാറ്റമറിയും. അത്രേയുള്ളൂ. ചേതോഹരങ്ങളായ കലാസൃഷ്ടികൾ കുറവായ സന്ദർഭത്തിൽ, കലാരാഹിത്യം ഇരുട്ടുപരത്തുന്ന വേളയിൽ ഇടത്തരം കൃതികൾ ഉജജ്വലശോഭപ്രസരിപ്പിക്കുന്നതായി നമ്മുക്കു തോന്നും. അവയുടെ യഥാർത്ഥസ്വഭാവം അറിയണമെങ്കിൽ വിശ്വസാഹിത്യത്തിലെ രത്നങ്ങളുടെ നടുക്കു് അവകൊണ്ടുവച്ചു നോക്കേണ്ടതാണു്.

യാഥാർത്ഥ്യം, അദ്ഭുതം

നിങ്ങൾ മണ്ണടിഞ്ഞാലും ഞാൻ ബാക്കി: മാധവിക്കുട്ടി

പ്രശസ്തനായ ഒരഭിനേതാവു് എന്റെ ഒരകന്നബന്ധുവാണു്. വൃദ്ധനായ അദ്ദേഹത്തെ കുറേനാളായി കാണാനില്ലായിരുന്നതുകൊണ്ട് മറ്റൊരു ബന്ധുവിനോടു് ഞാൻ പറഞ്ഞു: നമ്മുടെ…അമ്മാവനെ ഇപ്പോൾ കാണാറില്ല്ലല്ലോ. എന്തു പറ്റി അദ്ദേഹത്തിനു്?

ബന്ധു മറുപടി നൽകി
…ചേട്ടൻ മരിച്ചിട്ടു കാലമെന്തായി! അറിഞ്ഞില്ലേ”?
ഞാൻ
മരിച്ചോ? അയ്യോ ഞാനറിഞ്ഞില്ലല്ലോ.
ബന്ധു
മകൻ നേരത്തേ മരിച്ചു. പിന്നീടു് ചേട്ടനും മരിച്ചു.

ഈ സംഭാഷണത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞു. തിരുവനന്തപുരത്തെ മോഡേൺ ബുക്സിൽ നിന്നു് ഞാൻ റോഡിലേക്കിറങ്ങിയപ്പോൾ മരിച്ചുവെന്നു പറഞ്ഞ അഭിനേതാവു് തിടുക്കത്തിൽ നടന്നുവരുന്നു. ഞാൻ അത്ഭുതപ്പെട്ടു. ഒന്നു ഞെട്ടുകയും ചെയ്തു. സംശയം തന്നെ.

എങ്കിലും അടുത്തു ചെന്നു വിനയത്തോടെ ചോദിച്ചു
ആരാണു്?
അദ്ദേഹം
കൃഷ്ണൻ നായരല്ലേ? എന്നെ മറന്നുപോയോ? ഞാൻ …നായർ.
അതുകേട്ടു ഞാൻ കൂടുതൽ വിനയത്തോടെ അറിയിച്ചു
ക്ഷമിക്കണം അമ്മാവൻ. ശേഖരപിള്ള ഒരു വാർത്ത പറഞ്ഞതു് ഞാൻ വിശ്വസിച്ചുപോയി.
ബുദ്ധിമാനായ അദ്ദേഹം ഉടനെ ചോദിച്ചു
അവൻ പറഞ്ഞായിരിക്കും ഞാൻ ചത്തുപോയെന്നു്, അല്ലേ? ആങ്. മരിച്ചിട്ടില്ല.

ഞങ്ങൾ കുറച്ചുനേരം സംസാരിച്ചുകൊണ്ടു നിന്നു. പിന്നെ പിരിഞ്ഞു. മരിച്ചുവെന്നു ഞാൻ വിശ്വസിച്ച വ്യക്തിയെ റോഡിൽ വച്ചു കണ്ടപ്പോൾ എനിക്കുണ്ടായ അദ്ഭുതമാണു് ഫാന്റസി ഉളവാക്കുന്നതു്. വിശ്വസാഹിത്യത്തിലെ ഉത്കൃഷ്‌ടങ്ങളായ ഫാന്റസികൾ നോക്കൂ. ഈ അദ്ഭുതാംശം കാണും. അദ്ഭുതാംശം നിത്യജീവിത യാഥാർത്ഥ്യത്തോടു് ബന്ധപ്പെട്ടിരിക്കുകയും ചെയ്യും. ജോവന്നി പപ്പിനിയുടെ The Sick Gentleman’s Last Visit ഹ്വാലിയോ കോർട്ടാബാറിന്റെ House Taken Over, പുഷ്‌കിന്റെ The Queen of Spader, ഡബ്‌ൾയു. ഡബ്‌ൾയു ജേക്കബ്‌സിന്റെ The Monkey’s Paw ഈ ഫാന്റസികൾ ഉദാഹരണങ്ങൾ. യാഥാർത്ഥ്യത്തിൽ നിന്നുള്ള അപ്രതീക്ഷിതവും എന്നൽ സ്വാഭാവികവുമായ വികാസമാണു് അദ്ഭുതാംശം. അക്ബർ കക്കട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഈ ജീവിതം’ എന്ന ഫാന്റസിയിൽ നിത്യ ജീവിത യാഥാർത്ഥ്യമുണ്ട്. പക്ഷെ അദ്ഭുതാംശം ആ യാഥാർത്ഥ്യത്തിൽനിന്നു നൈസർഗ്ഗികതയോടെ വികാസം കൊള്ളുന്നതല്ല. കറന്റു ബില്ലിന്റെ പണമടയ്ക്കണം എന്നു ഭാര്യ ഭർത്താവിനോടു പറയുന്നു. പക്ഷേ അയാൾ പണം തലേദിവസം തന്നെ അവളെ ഏല്പിച്ചുകഴിഞ്ഞതണു്. മറവി ഭാര്യക്കോ ഭർത്താവിനോ? ഇങ്ങനെ വിസ്‌മൃതിയുടെ പല സംഭവങ്ങൾ കഥാകാരൻ കൊണ്ടുവരുന്നു. ഒടുവിൽ, സംഭവങ്ങൾക്കു തമ്മിൽ ബന്ധമില്ല, വ്യക്തികൾ തമ്മിൽ ബന്ധമില്ല എന്ന ദാർശനിക സത്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കഥ പരിസമാപ്തിയിൽ എത്തിക്കുന്നു. ഫാന്റസി അടിച്ചേല്പിച്ച വിരസമായ കഥയാണിതു്. Fantastic Literature-ൽപ്പെട്ട മാസ്റ്റർപീസുകൾ അക്ബർ കക്കട്ടിൽ വായിച്ചാൽ ഞാനിവിടെ പറഞ്ഞതിന്റെ സത്യാത്മകത അദ്ദേഹത്തിന് ഗ്രഹിക്കാനാവും.

മാധവിക്കുട്ടി

മൗലികത എന്നത് പുതിയ ആവിഷ്കരണ രീതിയല്ല, നവീനതയെ ലക്ഷ്യമാക്കിയുള്ള പ്രമേയങ്ങളുടെ കണ്ടുപിടിത്തമല്ല എന്നു നോബൽ സമ്മാനം നേടിയ ഐസക്ക് ബാഷേവിസ് സിങ്ങർ പറഞ്ഞിട്ടുണ്ട്. അസാധാരണമായ ആർജ്ജവത്തോടെ (sincerity) സ്വന്തം രഹസ്യചിന്തകളേയും വിചിത്ര വാസനകളേയും കലാസൃഷ്ടികളിലൂടെ ആവിഷ്കരിക്കുമ്പോഴാണ് മൗലികത പ്രദർശിപ്പിക്കപ്പെടുന്നത് (ക്നൂട്ട് ഹാംസൂണിന്റെ Hunger എന്ന നോവലിന് സിങ്ങർ എഴുതിയ അവതാരിക). ഈ രീതിയിൽ തികഞ്ഞ മൗലികത പ്രകടിപ്പിക്കുന്ന സിദ്ധികളുള്ള കവിയും കഥാകാരിയുമാണ് മാധവിക്കുട്ടി (കമലാദാസ്). മാധവിക്കുട്ടിക്ക് സദൃശയായി മാധവിക്കുട്ടി മാത്രമേയുള്ളൂ സാഹിത്യത്തിൽ. വിശ്വസാഹിത്യത്തിന്റെ മാനദണ്ഡം കൊണ്ട് അളക്കുമ്പോഴും അവരുടെ കഥകൾക്ക് പോരായ്മ ഉണ്ടാകുന്നില്ല. കാവ്യങ്ങളുടെ കാര്യവും വിഭിന്നമല്ല. അതുകൊണ്ടാണ് വിഖ്യാതനായ നിരൂപകൻ William Walsh (ലീഡ്സ് സർവ്വകലാശാലയിലെ പ്രൊഫസ്സർ) ഇങ്ങനെ എഴുതിയത്: One of the most striking of the several women poets is Kamala Das who communicates a powerfully female sensibility in “An Introduction” ഈ സെൻസിബിലിറ്റിയുടെ സ്വഭാവം അനതിവിസ്തരമായി, എന്നാൽ സത്യാത്മകമായി വി. രാജകൃഷ്ണൻ വ്യക്തമാക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനം).

അനുഗൃഹീതയായ ഈ സാഹിത്യകാരിയെ ചിലർ കള്ളക്കത്തുകൾ അയച്ചും ഐഡൻഡിറ്റി വ്യക്തമാക്കാതെ ഫോണിൽ കൂടെ പരുഷ വാക്കുകൾ പറഞ്ഞും പീഡിപ്പിക്കുന്നുവെന്ന് അവരുടെ ഒരുകാവ്യത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കുന്നു (മാതൃഭൂമി – ലക്കം 9). പ്രിയപ്പെട്ട വായനക്കാർ ഒന്നാലോചിക്കൂ. നമ്മളാരെങ്കിലും ആർക്കെങ്കിലും കള്ളക്കത്തയയ്ക്കുമോ? ടെലിഫോൺ കൈയിലെടുത്താൽ നമ്മളാരെന്ന് സ്പഷ്ടമാക്കാനല്ലേ നമുക്ക് തിടുക്കം. നേരമ്പോക്കിന് വല്ല കള്ളവും വല്ലപ്പോഴും പറയുമെന്നല്ലാതെ അന്യനെ വഞ്ചിക്കാൻ വേണ്ടി അസത്യപ്രസ്താവം നടത്തുമോ? ഇല്ല. അതേസമയം നമ്മൾ തികഞ്ഞ ലകികന്മാരുമാണ്. ക്രിസ്തുവോ ശ്രീരാമകൃഷ്ണ പരമഹംസനോ രമണമഹർഷിയോ അല്ല നമ്മളാരും. അപ്പോൾ കള്ളക്കത്തയയ്ക്കുന്നവർ, ടെലിഫോണിൽ കൂടി തങ്ങളാരെന്ന് സ്പഷ്ടമാക്കാതെ തെറി പറയുന്നവർ ഇവരൊക്കെ അധമന്മാരാണെന്നത് സത്യം. ഇക്കൂട്ടരെ അവഗണിക്കുകയാണ് വേണ്ടത്. എനിക്ക് കിട്ടുന്ന തെറിക്കത്തുകൾ ഒരു ക്ഷോഭവും കൂടാതെ ഞാൻ വായിക്കുന്നു. ടെലിഫോണിൽ കൂടി തെറിവിളിക്കുന്നവന്റെ എല്ലാ അസഭ്യപദങ്ങളൂം ഞാൻ ക്ഷമയോടെ കേൾക്കുന്നു. “ചങ്ങാതീ, നിങ്ങൾ കോപിക്കുന്നതിൽ അർത്ഥമില്ല” എന്ന് ആ മനുഷ്യനോട് പറയുന്നു. പ്രതിഭാശാലിനിയായ മാധവിക്കുട്ടിയെ ഉപദേശിക്കാൻ എനിക്ക് അർഹതയില്ല. എങ്കിലും പറയുന്നു “ഈ മനുഷ്യാധമന്മാരെ അവഗണിക്കൂ”.

കുതിരയുടെ വാശി

‘ചക്കീചങ്കര’മെന്ന ഹാസ്യനാടകത്തിന്റെ കർത്താവായ രാമക്കുറുപ്പിന്റെ നേരമ്പോക്കുകൾ പ്രസിദ്ധങ്ങളാണ്. കോളേജിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം കാലത്ത് വൈകിയാണ് എത്തിയത്. പ്രിൻസിപ്പൽ സായിപ്പ് “എന്തേ താമസിച്ചത്?” എന്നു ചോദിച്ചു. “എന്തു പറയാൻ സായ്പേ, വലിയ മഴ. ആറന്നൂർ ഏലയിലെ വരമ്പിൽ ഒരടി മുമ്പോട്ടു വച്ചാൽ രണ്ടടി പുറകോട്ടു പോകും” എന്നു മറുപടി. “രണ്ടടി പിറകോട്ടു പോകുമെങ്കിൽ നിങ്ങൾ ഇവിടെ എങ്ങനെ എത്തി?” രാമക്കുറുപ്പ് പറഞ്ഞു: ഞാൻ തിരിഞ്ഞു നടന്നു.” ഇതുപോലൊരു കഥ ലങ്കയിലെ ഒരു വിദൂഷകനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. രാജാവിന്റെ കുതിരയെ ഉദ്യാനത്തിലേക്ക് കൊണ്ടു വരാൻ കൊട്ടാരത്തിലുള്ളവർ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. കുതിരയെ മുൻപോട്ടു തള്ളൂമ്പോൾ അത് രണ്ടടി പുറകോട്ട് പോകും. അപ്പോൾ രാജകല്പനയനുസരിച്ച് വിദൂഷകനെത്തി. അയാൾ കതിരയുടെ പൃഷ്ഠം ഉദ്യാനത്തിന്റെ നേർക്ക് തിരിച്ചു വച്ചു. എന്നിട്ട് അതിന്റെ പുറകുവശത്ത് തള്ളി. ഓരോ തവണ തള്ളൂമ്പോഴും കുതിര രണ്ടടി പുറകോട്ടു വരും. ഇങ്ങനെ പല തവണ തള്ളിയപ്പോൾ കുതിര ഉദ്യാനത്തിലെത്തി. കഥാശ്വത്തെ പിറകോട്ടു തള്ളുന്ന വ്യക്തിയാണ് ഹബീബ് വലപ്പാട്. തള്ളിത്തള്ളി അദ്ദേഹം അതിനെ എക്സ്പ്രസ്സ് വാരികയിൽ കൊണ്ട് നിറുത്തിയിരിക്കുന്നു. ഒരു വിവാഹിത കുഞ്ഞോടു കൂടി എന്നും ഗേറ്റിൽ വന്നു നിൽക്കുന്നു. ഒരുത്തൻ പതിവായി കുഞ്ഞിന് മുട്ടായി കൊടുക്കുന്നു. അതിൽ പ്രതിഷേധമുണ്ടെങ്കിലും അവൾക്ക് ഗേറ്റിൽ വന്നു നിലക്കാതിരിക്കാൻ കഴിയുന്നില്ല. മുട്ടായി കൊടുക്കുന്നവൻ കുഞ്ഞിന്റെ കവിളിൽ തലോടിയിട്ടാണ് പോയത്. അവൾ സ്വന്തം കവിൾ തടവിക്കൊണ്ട് പുഞ്ചിരി തൂകി പോലും. വിമർശനം അർഹിക്കാത്ത വിധം ബാലിശമായ കഥ; ക്ഷുദ്രമായ കഥ. പൂന്തോട്ടത്തിലാണ് ഈ കുതിരയുടെ നിൽപ്പ്. നമ്മൾ ഒന്നു തള്ളിയാൽ മതി, രണ്ടടി കൂടെ പുറകോട്ട് വച്ച് അത് വാരികയുടെ താളിൽ നിന്ന് പുറത്താകും. സംസ്കാരത്തെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ വരൂ. നമുക്ക് കുതിരയെ തള്ളാം.

വലിയ കാര്യങ്ങൾ മാത്രം

ഞാൻ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. എക്സ്പ്രസ്സ് ബസ്സ് കോട്ടയം ബസ്സ് സ്റ്റേഷനിൽ വന്നു നിന്നപ്പോൾ പലരും ബസ്സിൽ കയറാൻ ശ്രമിച്ചു. കണ്ടക്ടർ “സ്ഥലമില്ല സ്ഥലമില്ല” എന്ന് മൊഴിയാടിനിന്നു. അപ്പോൾ ഒരു തടിയൻ അതിസുന്ദരിയായ ഒരു കൃശഗാത്രിയുമായി എത്തി. അയാൾ ബസ്സിൽ കയറാൻ ശ്രമിച്ചപ്പോൾ “തന്നോടല്ലേ സ്ഥലമില്ല എന്നു പറഞ്ഞതു്” എന്നായി കണ്ടക്‌ടർ. അയാൾ ഇളിഭ്യനായി പിൻമാറിയപ്പോൾ അതിസുന്ദരി Let us try എന്നു തേന്മൊഴി ഉതിർത്തുകൊണ്ടു് “ഞങ്ങളെക്കൂടി കൊണ്ടുപോകുമോ?” എന്നു് ചിരിചൊരിഞ്ഞു ചോദിച്ചു. കണ്ടക്ടർ ആ തേനിൽ അലിഞ്ഞലിഞ്ഞു് ഇല്ലാതെയായി. “വരൂ” എന്നുമാത്രം ശബ്ദം. രണ്ടുപേരും അകത്തുകയറി ഇരിപ്പായി. അതിസുന്ദരിക്കു കണ്ടക്ടറുടെ സീറ്റു്. ടിക്കറ്റിന്റെ പണത്തിനു് കണ്ടക്ടർ കൈനീട്ടിയപ്പോൾ തടിയൻ പേഴ്സെടുക്കാൻ ശ്രമിക്കുകയായി. പേഴ്‌സ് ഒരു പൊതിക്കെട്ടിനകത്താണു്. നൂലഴിക്കാൻ അയാൾ പത്തുമിനിട്ട് യത്നിച്ചിട്ടും പറ്റിയില്ല. ഒടുവിൽ വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചു, പൊട്ടുന്നില്ലെന്നു കണ്ടപ്പോൾ നൂലു് കടിച്ചുമുറിക്കാൻ തുടങ്ങി. അവൾ അതു കണ്ടു. പൊതി കൈയിൽ വാങ്ങി. നെയ്‌ൽ പോളിഷ് ഇട്ട വിരലുകൾ — ലോലാംഗുലികൾ — മൃദുലമായി ചലനം കൊണ്ടു. നൂലഴിഞ്ഞു. പൊതി തുറന്നു. പേഴ്‌സ് പുറത്തായി. എല്ലാംകൂടി ഒരു മിനിറ്റ് വേണ്ടിവന്നു. ഇതാണു് സ്ത്രീയുടെ വൈദഗ്ദ്യം. പുരുഷൻ മേശപ്പുറം അലങ്കോലമാക്കി ഇട്ടിരിക്കുന്നു. സ്ത്രീ വന്നു് രണ്ടു നിമിഷം കൊണ്ടു് എല്ലാം അടുക്കി വയ്ക്കുന്നു. മേശപ്പുറം കാന്തി ചിന്തുന്നു; ഒപ്പം അവളുടെ സ്നേഹവും. ഇതാണു് ചെറിയ കാര്യത്തിലടങ്ങിയ വലിയ കാര്യം.

ഡി. സി. ചെറിയ കാര്യങ്ങൾ എന്നു തലക്കെട്ടെഴുതി വലിയ കാര്യങ്ങൾമാത്രം പറയുന്നു. അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടുസംസാരിച്ചു. ഇന്ത്യൻ പ്രസിഡന്റിനോടൊരുമിച്ചു് “അരമണിക്കൂർ ചെലവഴിച്ചു.” കേരള ഹൗസിൽ 623 രൂപയാണു് ’പേ’ ചെയ്യേണ്ടതു്. ട്രാവ‌ലേഴ്‌സ് ചെക്ക് അദ്ദേഹം കൊടുക്കുന്നു. സ്വീകരിക്കുന്നില്ല. ഹൗസിന്റെ അധികാരിയായ ഡോക്‌ടർ വെങ്കിട്ടനാരായണൻ തന്റെ സുഹൃത്താണെന്നു് “ഒരു വശത്തിനു്” അറിയിക്കുന്നു. കൂടാതെ രണ്ടു മൂന്നു ഫോൺകാളുകളും നടത്തുന്നു. ഹൗസിലെ ജോലിക്കാരൻ പേടിച്ചു. അയാൾ ഡി.സി.-യുടെ ട്രാവലേഴ്‌സ് ചെക്കു് വാങ്ങി. ജയഭേരി കേട്ടാലും: “അങ്ങനെ കേരളഹൗസിന്റെ ചരിത്രത്തിൽ ആദ്യം വാങ്ങിയ ട്രാവലെഴ്‌സ് ചെക്ക് എന്റേതാവണം.” ഡി.സി. ബോയൊങ്ങിൽ കയറി; അദ്ദേഹം വന്നു നിന്നിട്ടും ലേറ്റായി എത്തിയ ബോയിങ്. ടിക്കറ്റ് ഒ. കെ. ആക്കിയില്ല. ഇതെനിക്കു് മനസ്സിലായില്ല. ട്രാൻപോർട്ട് ബസിലെ നാല്‌പതു പൈസയുടെ മഞ്ഞ ടിക്കറ്റ് മാത്രം കണ്ടിട്ടുള്ള എനിക്കെങ്ങനെ മനസ്സിലാകും? മൂന്നു മണിക്കൂറും മൂന്നു ഭക്ഷണവും കഴിഞ്ഞപ്പോൾ ഡി. സി. കൊച്ചിയിലെത്തി. ഇതൊക്കെ ചെറിയ കാര്യമല്ല, വലിയ കാര്യമാണു്. അതുകൊണ്ടു് കൂങ്കുമത്തിലെ പംക്തിയുടെ തലക്കെട്ട് ’വലിയ കാര്യങ്ങൾ മാത്രം’ എന്നു മാറ്റിയാൽ നന്നായിരിക്കും. അതിസുന്ദരി സീറ്റ് നേടിയതിലും പൊതി ഒരു നിമിഷംകൊണ്ടഴിച്ചു് പേഴ്‌സ് എടുത്തതിലും അവളുടെ വിദഗ്‌ദ്ധത ഞാൻ കണ്ടു. ഡി. സി. വർണ്ണിക്കുന്ന കാര്യങ്ങളിൽ നിന്നു് എനിക്കു് എന്തു കാണാൻ കഴിഞ്ഞു?

വിവിധ‌വിഷയകം

ഭാഗ്യം എന്നതു് ജീവിതത്തിലെ പ്രധാനഘടകമാണെന്നാണു കെ. എം. തരകൻ പറയുന്നതിനോട് ഞാനും യോജിക്കുന്നു. അല്ലെങ്കിൽ എം. എസ്‌സി ഒന്നാംക്ലാസിൽ ജയിച്ച ഒരു ക്ലാർക്കിനെ ബുദ്ധിശക്തിയില്ലാത്ത മേലുദ്യോഗസ്ഥൻ ഭരിക്കുന്നതെങ്ങനെ? (തരകന്റെ ലേഖനം മനോരമ ആഴ്ചപ്പതിപ്പിൽ.)

‘ഖസാക്കിന്റെ ഇതിഹാസ’ത്തെ അതർഹിക്കുന്ന രീതിയിൽ പ്രശംസിച്ചിട്ടു് ഡോക്‌ടർ ജോർജ്ജ് ഓണക്കൂർ പറയുന്നു ആ നോവലിൽ കാണുന്നതു് പടിഞ്ഞാറൻ ദിക്കിലെ നിഷേധമല്ലെന്നു്. ഭാരതീയദർശനത്തിന്റെ സത്തയായ നൈരന്തര്യബോധമാണു് നോവലിലുള്ളതെന്നും. ഇതു ശരിയാണു്. ഇതിനു യോജിച്ച മട്ടിൽ ചാക്രികകാല സങ്കല്പവും ഒ. വി. വിജയൻ സ്വീകരിച്ചിരിക്കുന്നു. (ലേഖനം ഗ്രന്ഥലോകം മാസികയിൽ)

ലോകഗുരു

ആദ്ധ്യാത്മിക വിഷയങ്ങളിൽ തല്പരത്വമുള്ളവർ വായിച്ചിരിക്കേണ്ട ഒരു പുസ്തകമുണ്ട് ഇംഗ്ലീഷിൽ: റൊം ലൻഡൗ എഴുതിയ God is my Adventure. ആ ഗ്രന്ഥത്തിൽ ജെ. കൃഷ്ണമൂർത്തിയുമായി ലൻഡൗ നടത്തിയ കൂടിക്കാഴ്ചയുടെ ചേതോഹരമായ വിവരണമുണ്ട്. കൃഷ്ണമൂർത്തി ലൻഡൗവിനോടു പറഞ്ഞു: “സത്യം അമൂർത്തമല്ല. അതു തത്ത്വചിന്തയോ ഗൂഢാചാരമോ മിസ്‌റ്റിസിസമോ അല്ല. അതു ദൈനംദിന ജീവിതമാണു്. നമുക്കു ചുറ്റുമുള്ള ജീവിതത്തിന്റെ അർത്ഥവും ജ്ഞാനവും ദർശിക്കലാണതു്.” ഈ വിധത്തിലുള്ള സത്യത്തിന്റെ അന്വേഷകനാണു് മഹാനായ കൃഷ്ണമൂർത്തി. അദ്ദേഹത്തിനു തൊണ്ണൂറുവയസ്സു തികഞ്ഞു. ഈ സന്ദർഭത്തിൽ, കൃഷ്ണമൂർത്തിയുടെ പല പ്രഭാഷണങ്ങളും നേരിട്ടു കേട്ടിട്ടുള്ള ഇ. വി. ശ്രീധരൻ അദ്ദേഹത്തിന്റെ ആശയങ്ങളെ അസങ്കീർണ്ണമായി നമുക്കു വിവരിച്ചുതരുന്ന ഈ ലോകഗുരുവിനെക്കുറിച്ചു് ഇങ്ങനെയൊരു പ്രബന്ധം എഴുതിയതു് നന്നായി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽനിന്നും ചില ഭാഗങ്ങൾ തർജ്ജമചെയ്തു് നല്‌കിയതും ഉചിതജ്ഞതയുള്ള കൃത്യംതന്നെ.

ഇവിടെയൊരു സംശയം. കൃഷ്ണമൂർത്തിക്കു് തൊണ്ണൂറു വയസ്സു തികഞ്ഞോ? ലൻഡൗ അദ്ദേഹത്തോടു വയസ്സെത്രയായി എന്നു ചോദിച്ചു. അതിന്റെ മറുപടി: I can’t tell. In India, age matters less than in the west, and records of age are not kept. According to my passport, I was born in 1897. But I can’t vouch for the accuracy of this (Chapter 12).

* * *

കാളിദാസന്റെ കാലം നമ്മുടെ ഇന്നത്തെ കാലമെന്നപോലെ ക്രൂരവും ജുഗുപ്‌സാവഹവുമായിരുന്നിരിക്കും. പക്ഷേ നമ്മളതു് അറിയുന്നില്ല. ’മേഘസന്ദേശം’, ’ശാകുന്തളം’, ‘രഘുവംശം’ ഈ കാവ്യമയൂരങ്ങൾ പീലിവിടർത്തി നിന്നാടുന്നതേ നമ്മൾ കാണുന്നുള്ളൂ. സൗന്ദര്യം മാത്രമേ ദർശിക്കുന്നുള്ളൂ. അതാണു് കലയുടെ ശക്തി.