close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 03 09


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 03 09
ലക്കം 547
മുൻലക്കം 1986 03 02
പിൻലക്കം 1986 03 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“മാഷ് എന്റെ മാസികയ്ക്കു കവിത അയച്ചു തരാത്തതു ശരിയായില്ല,” പത്രാധിപർ ജി. ശങ്കരക്കുറുപ്പിനോടു പറഞ്ഞു. പരിഭവസ്വരത്തിലുള്ള ആ ഉദീരണം കേട്ടയുടനെ കവി മറുപടി നൽകി: “കരുതിക്കൂട്ടിയല്ല അയയ്ക്കാത്തത്. കവിത തോന്നിയില്ല.” അതു കേട്ടു പത്രാധിപർ വിശ്വാസം ഒട്ടുമില്ലാത്ത രീതിയിൽ “മഷ്ക്കാണോ കവിതയ്ക്കു പ്രയാസം?” ജിയുടെ പ്രത്യല്പന്നമതിത്വം പ്രദർശിപ്പിച്ചുകൊണ്ടുള്ള ഉത്തരം: “ശരീരത്തിൽ രോമമുണ്ടെന്നു വിചാരിച്ചു ആവശ്യപ്പെടുമ്പോഴെല്ലാം രോമാഞ്ചമുണ്ടാകണമെന്നുണ്ടോ?” കവി പറഞ്ഞതു സത്യം. പക്ഷേ പ്യേർ മെസി എന്ന ഒരു ഫ്രഞ്ച് ‘ആക്റ്റർ’ താൻ വിചാരിക്കുമ്പോഴെല്ലാം രോമാഞ്ചമുണ്ടാക്കിയിരുന്നു. അതു ആവശ്യമുള്ള സമയം മുഴുവൻ നിലനിറുത്താനും ആ അഭിനേതാവിനു കഴിഞ്ഞിരുന്നു (Shocking Book of Records എന്ന പുസ്തകത്തിൽ നിന്നു).

ജി. ശങ്കരക്കുറുപ്പിനു മൂക്കിന്റെ അറ്റത്താണു ദേഷ്യം. പക്ഷെ സംസ്കാരഭദ്രമായ രീതിയിലേ അദ്ദേഹം അതു പ്രകടിപ്പിക്കു. ഒരിക്കൽ കേശവദേവും ജിയും തമ്മിലിടഞ്ഞു. ദേവ് കോപാക്രാന്തനായി ഗർജ്ജിച്ചു: “കുറുപ്പേ ഒരു നാഴിയെടുത്തു വേറൊരു നാഴിക്കകത്തു വയ്ക്കാൻ ശ്രമിക്കരുത്. കേട്ടോ?” കവി പിന്നെ മിണ്ടിയില്ല. രണ്ടുപേരും തുല്യരായ പ്രതിഭാശാലികളാണെന്നാണു ദേവ് പറഞ്ഞതു. അതു കേട്ടുകൊണ്ടിരുന്ന ഞാൻ മനസ്സിൽ പറഞ്ഞു: “ഇടങ്ങഴിയെടുത്തു നാഴിക്കകത്തു വയ്ക്കാൻ ശ്രമിക്കരുതു കുറുപ്പേ എന്നു കേശവദേവ് പറഞ്ഞില്ലല്ലോ. ഭാഗ്യം.”

ഒ.വി. വിജയൻ ആദ്യമായി എന്റെ വീട്ടിൽ വന്ന ദിവസം വളരെ നേരം സംസാരിച്ചതിനു ശേഷം അദ്ദേഹം പോകാനെഴുന്നേറ്റു. അപ്പോൾ വീട്ടുമുറ്റത്തു ഒരു പൂച്ച കരഞ്ഞു. വിജയൻ അതു കേട്ടു പേടിച്ചു. “അയ്യോ പൂച്ച” എന്നായി അദ്ദേഹം. വീട്ടിൽ നിന്നു റോഡിലേക്കു പോകാൻ പടിക്കെട്ടുള്ള ഒരിടവഴി ഇറങ്ങേണ്ടിയിരുന്നു. ഒ.വി. വിജയൻ പൂച്ചയെ പേടിച്ചു എന്റെ കരതലം ഗ്രഹിച്ചു കൊണ്ടാണു നടന്നത്. പൂച്ചയെ പേടിച്ചിരുന്ന മറ്റൊരു ധിഷണാശാലിയുണ്ടായിരുന്നു — നെപ്പോളിയൻ ബോണപ്പാർട്ട്. പൂച്ച മുറിയിലെത്തിയാൽ അദ്ദേഹം മേശപ്പുറത്തു കയറി നിൽക്കും. പൂച്ചയെ സംബന്ധിച്ച ഈ പേടിയ്ക്കു് ഐലുറഫോബിയ — ailuro-phobia — എന്നാണു് ഇംഗ്ലീഷിൽ പറയുക. ailouros എന്നാൽ ഗ്രീക്ക് ഭാഷയിൽ പൂച്ച എന്നർത്ഥം. വിജയനു് ഇപ്പോൾ പൂച്ചയെ പേടിയില്ലെന്നും അതിനെയാണു് വലിയ ഇഷ്ടമെന്നും ഒരഭിമുഖസംഭാഷണത്തിന്റെ റിപ്പോർട്ടിൽ കണ്ടു. സത്യം എന്താണാവോ?

ജി. ശങ്കരക്കുറുപ്പും കെ. ദാമോദരനും സാഹിത്യത്തിന്റെ പേരിൽ ശണ്ഠ കൂടുന്ന കാലം. ജിയുടെ ‘ഇന്നു ഞാൻ നാളെ നീ’ എന്നതു കാവ്യമല്ലെന്നു ദാമോദരൻ എഴുതി. റേഡിയോ സ്റ്റേഷനിൽ ഒരു പ്രഭാഷണം റിക്കോർഡ് ചെയ്യാൻ എത്തിയ ഞാൻ കവിയുടെ ശ്രദ്ധയിൽ ആ ലേഖനം കൊണ്ടു വന്നു. “എനിക്കിഷ്ടമുള്ളതു ഞാൻ എഴുതും. ദാമോദരൻ ആരാ ചോദിക്കാൻ?” എന്നു അദ്ദേഹം ദേഷ്യപ്പെട്ടു് ഗർജ്ജിച്ചു. യുക്തിഭദ്രമായ വിമർശനത്തിൽ കവി കോപിച്ചതു് എനിക്കിഷ്ടമായില്ല. ദാമോദരനെ കണ്ടപ്പോൾ ആ പ്രതികരണം ഞാൻ അറിയിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: വ്യഭിചരിക്കുന്ന സ്ത്രീയോടു് അവൾ ചെയ്യുന്നതു് പാപമാണെന്നു പറഞ്ഞു നോക്കൂ. അവൾ തിരിച്ചടിക്കും. “വ്യഭിചരിക്കുന്നത് എന്റെ ഇഷ്ടമാണു്. നിങ്ങളാരാ ചോദിക്കാൻ?”

നിരൂപകരെയും വിമർശകരെയും താൻ വെറുക്കുന്നുവെന്നു ചങ്ങമ്പുഴ പല തവണ എന്നോടു് പറഞ്ഞിട്ടുണ്ടു്. എങ്കിലും ഉള്ളിൽ അദ്ദേഹം നിരൂപകരെ സ്നേഹിച്ചിരുന്നു. വിമർശകരെ പേടിച്ചിരുന്നു. ‘സുധാംഗദ’യുടെ അവതാരികയെ ആക്ഷേപിച്ചുകൊണ്ടു് പി. കെ. പരമേശ്വരൻ നായർ അക്കാലത്തു എഴുതിയതു വായിച്ചിട്ടു കവി എന്നോടു പറഞ്ഞു: “വലിയ മുതൽമുടക്കൊന്നും കൂടാതെ പ്രമാണിയാകാൻ അക്ഷരശൂന്യരെ സഹായിക്കുന്നതാണു് വിമർശനം. യഥാർത്ഥത്തിൽ വിമർശനത്തിനു ഒരു പങ്കുമില്ല സാഹിത്യത്തിന്റെ പുരോഗതിയിൽ.”

തീവ്രവേദന

“എനിക്കു് ശൈശവത്തിൽ രണ്ടു് ഇടതുകൈകളുണ്ടായിരുന്നു” ഫ്രായിറ്റ്

ഞാൻ ഈ ലേഖനമെഴുതുമ്പോൾ മുൻപു് ആർജ്ജിച്ച സംസ്കാരത്തിന്റെയും ഗ്രന്ഥപാരായണത്തിന്റെയും സഹായം എനിക്കുണ്ടായിരുന്നു. എന്റെ തലച്ചോറു പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കലുകൾ നടത്തുന്നു. ത്യാജ്യഗ്രാഹ്യവിവേചനം ശരിയായി നടക്കുന്നുണ്ടെങ്കിൽ എന്റെ ലേഖനം വായനക്കാരുടെ സമ്മതി നേടും. ഇല്ലെങ്കിൽ അവർ പ്രതിഷേധിക്കും. ലേഖനമെഴുതുമ്പോൾ വസ്തുനിഷ്ഠതയ്ക്കാണു് പ്രാധാന്യം. എന്നാൽ എന്റെ പേരക്കുട്ടി മന്ദസ്മിതം പൊഴിച്ചു് അടുത്തെത്തുമ്പോൾ ഞാൻ പേന താഴെവച്ചു് ആ കുട്ടിയെ കൈയിലെടുക്കുന്നതു കർത്തൃനിഷ്ഠതയാലാണു്. വികാരം കർത്തൃനിഷ്ഠതയോടു ബന്ധപ്പെട്ടിരിക്കുന്നു. സുന്ദരിയായ പൂർവ്വകാമുകി സുന്ദരനല്ലാത്ത, മദ്ധ്യവയസ്കനായ ഭർത്താവിനോടൊരുമിച്ചു് താമസിക്കുന്നിടത്തു് യുവാവായ പൂർവ്വകാമുകൻ എത്തുന്നു. കുറച്ചുകാലം മുമ്പു് അവളെ ആശ്ലേഷിച്ചതും ചുംബിച്ചതും ഒക്കെ ഓർമ്മിച്ചു് കാമപരവശനായി അയാൾ അവളെ കെട്ടിപ്പിടിക്കുന്നു. സ്വാഭാവികമായ പ്രത്യാഘാതം. ‘എന്നെ ഇവിടെയും ജീവിക്കാൻ സമ്മതിക്കുകയില്ലേ?’ എന്ന ചോദ്യം അവളിൽ നിന്നുണ്ടാകുന്നു. ഇവിടെ പൂർവ്വ കാമുകന്റെ ആശ്ലേഷം വികാരത്താലാണു് — കർത്തൃനിഷ്ഠതയാലാണു്. പൂർവ്വ കാമുകിയുടെ ദേഷ്യമാർന്ന ചോദ്യം വസ്തുനിഷ്ഠതയാലാണു് — വികാരരാഹിത്യത്താലാണു്. ഈ വസ്തുനിഷ്ഠതയാണു് സ്ത്രീയ്ക്കു് എല്ലാക്കാലത്തുമുള്ളതു്. അനുരൂപനായ വരനെ ലഭിക്കാനുള്ള ശ്രമമാണു് ഏതു കാമുകനോടുമുള്ള വേഴ്ച. അയാളെക്കൊണ്ടു് വലിയ പ്രയോജനമില്ലെന്നു കാണുമ്പോൾ അവൾ അയാളെ നിരാകരിക്കുന്നു. ജീവിതത്തിന്റെ സുരക്ഷിതത്വത്തെക്കരുതി സ്ത്രീ കഷണ്ടിക്കാരനും മധ്യവയസ്ക്കനുമായ ഒരുത്തനെ ഭർത്താവായി സ്വീകരിച്ചു കഴിഞ്ഞാൽ വിവേകമുള്ള പൂർവ്വകാമുകൻ അവിടെ കയറി ചെല്ലുകയില്ല. ചെന്നാൽ അപൂർവ്വമായേ അയാൾ മര്യാദയില്ലാതെ പെരുമാറൂ. പി. ബി. സനൽകുമാർ കുങ്കുമം വാരികയിലെഴുതിയ ‘പട്ടണത്തിലേയ്ക്കുള്ള ബസ്സ്’ എന്ന ചെറുകഥയിൽ ഇപ്പറഞ്ഞ അവസ്ഥാവിശേഷമാണുള്ളതു്. കഥാകാരന്റെ സ്ത്രീകഥാപാത്രം സുജനമര്യാദയോടെ പെരുമാറുന്നു. പുരുഷകഥാപാത്രം മാന്യതയോടെ പെരുമാറാത്തതുകൊണ്ടു് ‘അടി’ കിട്ടുന്നു. സ്വാഭാവികതയുണ്ടു് കഥയ്ക്കു്. പക്ഷേ കലയുടെ മാന്ത്രികപ്രഭാവമില്ല. ആയിരമായിരം വർഷങ്ങളായി പലരും ചവച്ചുതുപ്പിയ വിഷയമാണിതു്. വിശ്വസാഹിത്യത്തിലെ നവീനത എന്തെന്നില്ലാത്ത ‘സൈക്കോളോജിക്കൽ ഇംപാക്റ്റ്’ ഉണ്ടാക്കിയിരിക്കുന്ന ഈ കാലയളവിൽ ഇമ്മട്ടിലുള്ള പന്നക്കഥകൾ വായിക്കുന്നതു് യാതനാനിർഭരമായ പാഴ്വേലയാണു്.

* * *

ഫ്രായിറ്റിന്റെ ഒരു കൂട്ടുകാരൻ “ഇടതുകൈയ”നായ അദ്ദേഹത്തെ കളിയാക്കി. ഫ്രായിറ്റ് ചുരുട്ടു് ഇടതുകൈയിൽ നിന്നു വലതുകൈയിലേയ്ക്കു മാറ്റിയിട്ടു പറഞ്ഞു “എനിക്കു ഓർമ്മിക്കാവുന്നിടത്തോളം കാലത്തു് ശൈശവത്തിൽ എനിക്കു രണ്ടു ഇടതുകൈകളുണ്ടായിരുന്നു. വലതു വശത്തുള്ള കൈക്കായിരുന്നു മുൻഗണന എന്നുമാത്രം” ഈ സവ്യ സാചിത്വമാണു് കലാകാരന്മാർക്കു വേണ്ടതു്. അതില്ലാത്തവർ മനുഷ്യരെ കഷ്ടപ്പെടുത്തരുതു്.

ആവർത്തനം

ആവർത്തനത്തിൽ നിന്നുണ്ടാകുന്ന വൈരസ്യമാണു് ഏതു ബന്ധത്തെയും തകർക്കുന്നതു്; വിശേഷിച്ചും ദാമ്പത്യജീവിതത്തെ. എത്ര ധനമുണ്ടായാലും എന്തെല്ലാം ജീവിത സൗകര്യങ്ങളുണ്ടായാലും ഈ വൈരസ്യം ഒഴിവാക്കാവുന്നതല്ല. ദിനകൃത്യങ്ങൾ കഴിഞ്ഞു് പുരുഷൻ ജോലിസ്ഥലത്തു് പോകുന്നു. സ്ത്രീ അടുക്കളയിലും. വൈകിട്ടെത്തുന്ന അയാൾ മുഖം വീർപ്പിച്ചിരിക്കും. സ്ത്രീയ്ക്കുമുണ്ടു് ആ മുഖം വീർപ്പിക്കൽ. വൈരസ്യം മാറ്റാൻ ചിലർ സിനിമ കാണാൻ പോകും. വേറെ ചിലർ ടെലിവിഷൻ സെറ്റിന്റെ മുൻപിലിരിക്കും. പക്ഷേ അതും വളരെ നാൾ ഗുണം ചെയ്യില്ല. സിനിമയും ടെലിവിഷനും ആവർത്തനത്തിൽ നിന്നു മോചനം നേടിയവയല്ല. ഈ ‘തപ്പും തുടി’യും ‘സമീക്ഷ’യും ‘കവിസന്നിധി’യും എത്രനാൾ സഹിക്കാനാവും? വാർത്തകൾ വായിച്ചു കഴിഞ്ഞതിനു ശേഷമുള്ള ആ ചിരി പോലും അസഹ്യമല്ലേ? മന്ത്രിമാരുടെയും ജനനേതാക്കളുടെയും ഉദ്ഘാടനച്ചടങ്ങുകൾ കണ്ടുകണ്ടു് മടുത്തു. ചലച്ചിത്രങ്ങളുടെയും സ്ഥിതി ഇതു തന്നെ. ഒരേ കഥ ഒരേ അഭിനയം. ഈ മുഷിപ്പിൽ നിന്നു രക്ഷ നേടാനായി പുരുഷൻ കുടിക്കുന്നു. എന്നെപ്പോലുള്ളവർ ക്യാൻസർ വരുമെന്നു മനസ്സിലാക്കിക്കൊണ്ടു് ഒരുപാടു് സിഗററ്റു് വലിക്കുന്നു. മറ്റു ചില പുരുഷന്മാർ സ്ത്രീകളുടെ പിറകേ നടക്കുന്നു. സ്ത്രീകളിൽ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാത്തവരും സവിശേഷ വിഭാഗത്തിൽപ്പെട്ട വാരികകൾ വായിക്കുന്നു. ആ പാരായണവും രക്ഷ നൽകുന്നില്ല. കാപട്യം കലർന്ന പ്രേമവർണ്ണനയും ജുഗുപ്സാവഹമായ കൊലപാതകവർണ്ണനയും എത്ര നാൾ സ്ത്രീയെ രസിപ്പിക്കും?

പാകിസ്ഥാന്റെ ഇന്നത്തെ അവസ്ഥയും സിയയുടെ (ചുവടെ) പ്രവർത്തനങ്ങളും കാണുമ്പോൾ ജിന്നയുടെ ആഹ്ലാദത്തിൽ എന്തർത്ഥമിരിക്കുന്നു!

മഹാപുരുഷന്മാർ ജീവിതത്തെ സാർത്ഥകമാക്കി ജീവിച്ചവരല്ലേ എന്ന ചോദ്യമുണ്ടാകാം. ശരി. മഹാത്മഗാന്ധിയുടെ ജീവിതം നോക്കൂ. ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനുവേണ്ടി താൻ നടത്തിയ ത്യാഗങ്ങൾ അദ്ദേഹത്തിന് ചാരിതാർത്ഥ്യമുളവാക്കിയിരിക്കാം. പക്ഷേ, ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി കാണുമ്പോൾ ആ ചാരിതാർത്ഥ്യം അർത്ഥരഹിതമാണെന്ന് നമ്മൾ മനസ്സിലാക്കുന്നില്ലേ. മുസ്ലിം സമുദായത്തിന് പാകിസ്ഥാൻ നേടികൊടുത്തു എന്ന ആഹ്ലാദത്തോടെ ജിന്ന മരിച്ചു. സിയാ ഉൾ ഹക്കിന്റെ ഇന്നത്തെ പ്രവർത്തനങ്ങളും പാകിസ്ഥാന്റെ ഇന്നത്തെ അവസ്ഥയും കാണുന്ന നമ്മൾ ജിന്നയുടെ ആഹ്ലാദത്തിൽ എന്തർത്ഥമിരിക്കുന്നു എന്ന് ചോദിച്ചു പോകുന്നു. മരണത്തിലേക്കു നീങ്ങുന്ന അൻപതോ അറുപതോ വയസ്സായ മനുഷ്യൻ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽനിന്നു പലതും പഠിക്കുന്നു; സാമൂഹികമാനങ്ങളെക്കുറിച്ചു പഠിക്കുന്നു. എന്നൊക്കെ സാർത്ര് പറഞ്ഞതായി സീമോൻ ദെ ബൊവ്വാർ എഴുതുന്നു. (Adieux — A Farewell to sartre എന്ന പുസ്തകം). ഇതിലും വലിയ പ്രയോജനമൊന്നും കാണുന്നില്ല ഞാൻ. ഇക്കാരണങ്ങളാലാണ് മനുഷ്യൻ എല്ലാമുപേക്ഷിച്ചു ഹിമാലയത്തിലോ മറ്റോ പോയി ഒറ്റയ്ക്കിരുന്ന് ധ്യാനിക്കുന്നത്. ധ്യാനിക്കാൻ വയ്യാത്തവൻ “ആത്മഹത്യ മാത്രമേ മനുഷ്യനു അംഗീകരിക്കാനുള്ളൂ” എന്നു കമ്യുവിനെപ്പോലെ പ്രഖ്യാപിക്കുന്നു.

ഈ സത്യമൊക്കെ മനസ്സിലാക്കിയ എഴുത്തുകാരനാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘അപരിചിതത്വത്തിന്റെ പ്രതിസന്ധികൾ’ എന്ന ലേഖനമെഴുതുന്ന ജി. ബാലചന്ദ്രൻ. അതെല്ലാം ഗ്രഹിച്ചതുകൊണ്ടാണ് അദ്ദേഹം ക്ഷുദ്ര സംഭവങ്ങളിൽ അടങ്ങിയ രസാത്മകതയും നർമ്മവും എടുത്തുകാണിക്കുന്നത്. അതും രസകരമായി. ഒരു സംഭവം കണ്ടാലും: ഞാനും ആനന്ദവല്ലിയും തിരുവനന്തപുരത്തെ സിറ്റി സർവീസിൽ ഇരിക്കുമ്പോഴാണ് സംഭവം ഉണ്ടായത്. വഴിയിലൊരിടത്ത് ബസ്സ് നിറുത്തിയപ്പോൾ ഒരു സ്ത്രീരത്നം ബസ്സിൽ നിന്നും ചാടിയിറങ്ങി. ആ കുതിരച്ചാട്ടത്തിനിടയ്ക്ക് അവളുടെ തലമുടി ബസ്സിൽ നിന്ന ഒരു സഫാരി സ്യൂട്ടുകാരന്റെ ബട്ടൻസിൽ കുരുങ്ങി. പതിവ്രത, തല രണ്ടു മൂന്നു തവണ വെട്ടിച്ചപ്പോഴേക്കും ബട്ടൻസിലെ കുരുക്ക് ഒന്നുകൂടെ ഉറച്ചു. മുടി സാധാരണ പ്രയോഗങ്ങൾകൊണ്ടൊന്നും വേർപ്പെടുന്നില്ലെന്നു കണ്ട യുവതി വലതുകൈകൊണ്ട് മുടി കൂട്ടിപിടിച്ച് ഒരൊറ്റ വെട്ടിപ്പ്. സഫാരിയുടെ ബട്ടൻസ് പൊട്ടി നിലത്തുവീണു. ചാരിത്രഭംഗം സംഭവിക്കാതെ മുടിയെ രക്ഷിക്കാൻ കഴിഞ്ഞ അഭിമാനത്തോടെ പെണ്ണ് തല ഉയർത്തിപ്പിടിച്ചു നടന്നു. ബട്ടൻസ് തുന്നിയിരുന്ന സ്ഥലം അല്പം കീറിപ്പോയെങ്കിലും പെണ്ണിന്റെ മുടിയിൽ പിടിക്കേണ്ടി വന്നില്ലല്ലോയെന്നോർത്ത് സഫാരിയും സമാധാനിച്ചു. ഇങ്ങനെ ഫലിതാത്മകങ്ങളായ രംഗങ്ങൾ കാണുന്നത് കൊണ്ട് ജീവിതവൈരസ്യം മാറുന്നുവെന്നു ഞാൻ ധരിക്കുന്നതായി കരുതരുതേ. ഇത്രയെങ്കിലുമായി എന്നേ ഞാൻ വിചാരിക്കുന്നുള്ളൂ.

* * *

“നക്ഷത്രപൂർണ്ണമായ അന്തരീക്ഷം എന്റെ തലയ്ക്കുമുകളിൽ. സാന്മാർഗ്ഗികനിയം എന്റെ ഉള്ളിൽ.” എന്ന് ദാർശനികനായ കാന്റ്. ഇങ്ങനെയെല്ലാം കവിതയായി പറയാം. സത്യത്തോടു ഇതു പൊരുത്തപ്പെടുന്നില്ല.

ഡി. വിനയചന്ദ്രന്റെ കവിത

മറ്റൊരാളിന്റെ ദൗർഭാഗ്യത്തിൽ — വേറൊരുത്തന്റെ കാലൊടിഞ്ഞാൽ, അവന്റെ മാന്യത നശിച്ചാൽ, പ്രേമഭാജനം മരിച്ചാൽ — അതു കാണുന്നവന് ആഹ്ലാദമാണെന്നു ദസ്തെയെവ്സ്കി പറഞ്ഞിട്ടുണ്ട്. അയൽവീട്ടുകാരന് വിപത്തു സംഭവിക്കുമ്പോൾ അതു ദർശിക്കുന്നവന് അനുകമ്പയും ദുഃഖവും ഒക്കെ ഉണ്ടാകും. അതേ സമയം അവനു ആത്മസംതൃപ്തിയും ജനിക്കും. ഇതും ദസ്തെയെവ്സ്കിയുടെ മതമാണ്. (Crime and Punishment എന്ന മനോഹരമായ സോവിയറ്റ് പ്രസാധനത്തിനും സോവിയറ്റ് എഴുത്തുകാരനും “ദസ്തെയെവിസ്കി പണ്ഡിതനു”മായ Daniil Granin എഴുതിയ അവതാരിക നോക്കുക). മഹാനായ ദസ്തെയെവിസ്കിയുടെ അഭിപ്രായം ഏതു വ്യക്തിയെക്കുറിച്ചും സത്യമാണ്. ഒരു സ്ത്രീയുടെ ചെറുപ്പക്കാരനായ ഭർത്താവു മരിച്ചെന്നു കരുതൂ. മറ്റു സ്ത്രീകൾ നിലവിളിക്കുന്നതും അവളെ സമാശ്വസിപ്പിക്കുന്നതും മറ്റും ദുഃഖകൊണ്ടല്ല. മരിച്ചയാളിന്റെ സ്ഥാനത്തു സ്വന്തം ഭർത്താവിനെ പ്രതിഷ്ഠിക്കുന്നതിനാലാണ്. അയാൾക്കു പകരം ‘എന്റെ ഭർത്താവാണ് പോയെതെങ്കിലോ? അനാഥമായി തീരുകയില്ലേ എന്റെ ജീവിതം’ എന്ന വിചാരമാണ് അനുശോചനത്തിനെത്തിയവർക്ക്. ശോകം യഥാർത്ഥമാണെങ്കിലും അതു ബോധമനസ്സിലേ ഉള്ളൂ. അബോധമനസ്സിൽ ആഹ്ലാദമായിരിക്കും. മരിച്ചയാളിന്റെ സ്ഥാനമാനങ്ങളെ അവലംബിച്ച് ഭാര്യ അഹങ്കരിച്ചു നടന്നിട്ടുണ്ടെങ്കിൽ ഈ ആഹ്ലാദത്തിന് അതിരില്ലായിരിക്കുമെന്നതിനും സംശയമില്ല.

മനുഷ്യൻ അടിസ്ഥാനപരമായി ‘വൃത്തികെട്ട’വരാണ്. ‘വൃത്തികെട്ട’ ഈ മനുഷ്യൻ, സഹൃദയനാണെങ്കിൽ അല്പനിമിഷത്തേക്കെങ്കിലും ഔന്നിത്യത്തിലേക്കു ചെല്ലുന്നത് നല്ല കാവ്യം വായിക്കുമ്പോഴാണ്. അപൂർണ്ണതയോ വൈകല്യമോ ഉള്ള ഞാൻ താൽക്കാലികമായി ഔന്നത്യത്തിലെത്തി ഡി. വിനയചന്ദ്രന്റെ ‘കായിക്കരയിലെ കടൽ’ എന്ന കാവ്യം വായിച്ചപ്പോൾ. കുമാരനാശാന്റെ കവിതയെക്കുറിച്ചു കാവ്യം രചിക്കുന്നവർ അദ്ദേഹത്തിന്റെ ‘നളിനി’ ‘ലീല’ ഈ കാവ്യങ്ങളുടെ പേരുകൾ തിരുകി കാവ്യം രചിക്കുകയാണു പതിവ്. പ്രതിഭാശാലിയായ ചങ്ങമ്പുഴ പോലും അങ്ങനെയാണു പ്രവർത്തിച്ചത്. വിനയചന്ദ്രനാകട്ടെ ആശാൻ കവിതയുടെ ആന്തരചൈതന്യം കണ്ടെത്തി അതിനെ സുശക്തമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.

കടലുരുകിവെയിലുരുകി വെയിൽചാഞ്ഞ വൃക്ഷത്തി
ലൊരുഗ്രാമനൊമ്പരം പാടുന്നിതാൺകുയിൽ
നളിനിയൊരു ഗ്രീഷ്മതാപത്തിൽ കലമ്പുന്നു
നറുചെമ്പകം ശിശിരതാപം പുലമ്പുന്നു
വനനദികളവനിമകൾ വൃഥയേറ്റു പാടുന്നു
വാകമരംപൂത്തു മാതംഗിയാവുന്നു
മഥുരയുടെ ഭോഗമൊരു തുഷിത മന്ദാരമായ്
മാധവം ചാത്തന്റെ ജാതിയിൽ പൂക്കയായ്
അടിയിളകി മുടിയിളകി ഭൂമി മലയാളമേ
ആത്മപ്രരോധനം കൊണ്ടന്ധ ബന്ധിരമായ്.

ഈ വരികളുടെയും ഇതുപോലുള്ള മറ്റനേകം വരികളുടെയും ഊർജ്ജവും ഭംഗിയും എന്നെ എന്തെന്നില്ലാത്ത വിധം ആകർഷിച്ചു.

കാക്കനാടൻ

അങ്ങു ദൂരെ — എന്നു പറഞ്ഞാൽ വളരെ ദൂരെ — നടന്ന സംഭവമാണിത്. ഞാൻ ഒരു കാര്യമായി ‘എ’യുടെ ഓഫീസിൽ ചെന്നു. അതു സംസാരിച്ചു തീർന്നപ്പോൾ രാത്രി എട്ടുമണിയായി. അവിടത്തെ മുറിയുടെ മൂലയിൽ ഒരു മധ്യവയസ്സൻ കുടിച്ചു കുടിച്ചു ബോധരഹിതനായി ഇരിക്കുന്നുണ്ടായിരുന്നു. അയാൾ തനിയെ വേണമെന്നു പറഞ്ഞു കുടിക്കുകയല്ല. ഒരാൾ കൂടെക്കൂടെ വിസ്കിയോ റമ്മോ ഒഴിച്ചുകൊടുത്തു കുടിപ്പിക്കുകയാണു. അതു കണ്ടു ദേഷ്യത്തോടെ ഞാൻ ‘എ’യോടു പറഞ്ഞു: “എന്തിനാ ആ മനുഷ്യനെ ഇങ്ങനെ കുടിപ്പിക്കുന്നതു?” “അയാൾക്കു മദ്യം വേണം. അതുകൊണ്ടു തന്നെ” എന്നു മറുപടി.

കാറ് സ്റ്റാർട്ടു ചെയ്തു. ഞാനും എയും അതിമദ്യപനും കാറിനകത്ത്. എന്റെ താമസസ്ഥലത്തു എന്നെ കൊണ്ടു വിടാമെന്നു പറഞ്ഞാണു എന്നെ കാറിൽ കയറ്റിയത്. എനിക്കു പരിചയമില്ലാത്ത ആ പട്ടണത്തിൽ കാറ് ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. എന്നിട്ടു ഒരു ഹോട്ടലിന്റെ മുൻ വശത്തെത്തി. പൂമുഖത്തു ‘എ’യും ഞാനുമിരുന്നു. കാറ് ഞങ്ങളില്ലാതെ പോയി. അരമണിക്കൂർ കാത്തിരുന്നപ്പോൾ റോഡിൽ കാറിന്റെ ശബ്ദം. ഓടിക്കുന്നയാൾ തിരിച്ചെത്തി. എ: ങ്ഹു, അങ്ഹു, ങ്? ഡ്രൈവർ: ങ്, ങ ഹു ങ് (എന്തു ഭാഷയാണിതെന്നു എനിക്കറിഞ്ഞുകൂടാ). ‘എ’യ്കു സന്തോഷമായി. ഞങ്ങൾ റോഡിലേക്കിറങ്ങി. കാറിന്റെ പിറകിലത്തെ സീറ്റിൽ ആ മദ്യപനും ഒരു അതിസുന്ദരിയായ ചെറുപ്പകാരിയും (അച്ഛനാണു മദ്യപൻ). അവൾ എന്നെക്കണ്ടു കാറിൽ നിന്നിറങ്ങി അടുത്തു വന്നു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നിട്ടു തൊഴുതു. പുഞ്ചിരിയോടെ പറഞ്ഞു: “ആഴ്ചതോറും വായിക്കുന്നു. എത്ര മനോഹരം. എങ്ങനെ ഇതെഴുതുന്നു?” “പേനകൊണ്ടു” എന്നു മനസ്സിൽ മറുപടി വന്നു. പക്ഷേ പുറത്തു പറഞ്ഞില്ല. ഗൗരവത്തോടെയാണു ഞാൻ നിന്നത. കാറ് യാത്ര തുടർന്നു. മുൻ സീറ്റിൽ ഞാൻ. പിറകിൽ അതിമദ്യപൻ ഒരറ്റത്തു. ആ പിതാവിന്റെ തല കുഴഞ്ഞു കിടക്കുന്നു; നടുക്കു അതിസുന്ദരി. ‘എ’മറ്റേയറ്റത്തും. കുറേ നേരം സഞ്ചരിച്ചു വാഹനം. ഒരു നിമിഷം പോലും ഞാൻ തിരിഞ്ഞു നോക്കിയില്ല. നോക്കാൻ പാടില്ല. മറ്റൊരു പട്ടണത്തിലെ ഒരു വലിയ ഹോട്ടലിന്റെ മുൻപിൽ കാറ് എത്തി. ‘എ’ഡ്രൈവറെ വിളിച്ചു ‘കൃഷ്ണൻ നായരെ … ലോഡ്ജിൽ കൊണ്ടു വിട്ടിട്ട് നേരെ ബസ്സ്സ്റ്റേഷനിലേക്കു ചെല്ലു. അവിടെ ‘ബി’ കാണും. ‘വിളിച്ചുകൊണ്ടു വരു’ എന്നു പറഞ്ഞിട്ടു ആരെയും പരിചയമില്ലാത്തമട്ടിൽ ലിഫ്റ്റിലേക്കു പോയി. എന്നെ ഹോട്ടലുകാർ തെറ്റിദ്ധരിക്കുമെന്നു വിചാരിച്ചു അർദ്ധാന്ധകാരമുള്ള ഒരു മരച്ചുവട്ടിലേക്കു ഞാൻ മാറിനിന്നു. അതിസുന്ദരി ഓടിവന്നു നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന എന്റെ വലതുകൈയിൽ ബലമായി പിടിച്ചു വലിച്ചു ‘വരു എന്റെ മുറിയിൽ വന്നിട്ടു പോകാം. സാറു എഴുതുന്നതു എത്ര മനോഹരം’ എന്നു പറഞ്ഞു. എന്റെ നരച്ച തലമുടി ഉയിർത്തെഴുന്നേറ്റു. ചുക്കിച്ചുളിഞ്ഞ കൈ പ്രകമ്പനം കൊണ്ടു. എങ്കിലും പനിനീർപ്പൂവുപോലെ മൃദുലമായ ആ കൈ തട്ടിയെറിഞ്ഞിട്ടു ‘മോളേ ഇതു പാപത്തിന്റെ മാർഗ്ഗമാണ്’ എന്നു പറഞ്ഞു. ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ അവൾ ‘അന്തിച്ചു നിന്നു.’ ഞാൻ കാറിൽ കയറി എന്റെ ലോഡ്ജിലേക്കു പോന്നു. മദ്യപാനത്താൽ ബോധശൂന്യനായി കിടക്കുന്ന അച്ഛന്റെ മുറിയിൽ നിന്നു ആ പാവപ്പെട്ട ചെറുപ്പക്കാരി ‘എ’യും ‘ബി’യും കിടക്കുന്ന മുറിയിലേക്കു പോകുന്നതും … അതെല്ലാം ഞാൻ മനക്കണ്ണാൽ കണ്ടു. എന്റെ ബാഹ്യനേത്രങ്ങൾ ആർദ്രങ്ങളായി. മനുഷ്യന്റെ ക്രൂരത ഓർമ്മിച്ചു ഞാൻ ഞെട്ടി. ഉറക്കം വരാത്തതു കൊണ്ടു രണ്ടു വാലിയം ഗുളിക ഒരുമിച്ചു വിഴുങ്ങി. കാലത്തു പത്തുമണിക്കു ഹോട്ടൽ ബോയ് വാതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടാണു ഞാൻ ഉണർന്നതു.

ഞാൻ കണ്ട ഈ ചെറുപ്പക്കാരി അവളെപ്പോലുള്ള അനേകം ചെറുപ്പക്കാരികളുടെ പ്രതിരൂപമാണ്. ഈ വിധത്തിൽ ജീവിക്കുന്ന അനേകം യുവതികളുടെയും അനേകം യുവാക്കന്മാരുടെയും പ്രതീകങ്ങളായി യഥാക്രമം ഒരു ചെറുപ്പക്കാരിയേയും ഒരു ചെറുപ്പക്കാരനേയും കാക്കനാടൻ ‘എതിരെ ഇരുന്ന പെൺകുട്ടി’ എന്ന ചെറുകഥയിൽ അവതരിപ്പിക്കുന്നു (കലാകൗമുദി). കാക്കനാടന്റെ ഭാഷയ്ക്കു ഊർജ്ജ്വസ്വലതയുണ്ട്. പ്രതിപാദ്യവിഷയത്തിനു യോജിച്ച വാങ്മയ ചിത്രങ്ങൾ നിവേശിപ്പിക്കാൻ അദ്ദേഹത്തിനറിയാം. തീവണ്ടിയിൽ വച്ചു പരിചയപ്പെടുന്ന പെൺകുട്ടിയോടു വേഴ്ച നേടുന്നതുവരെയുള്ളതു പൂർവ്വ ഭാഗം. അതിനുശേഷം അവളെ വിസ്മരിച്ചിട്ടു മറ്റൊരുത്തിയെ കാണുന്നതു ഉത്തരഭാഗം — ഇങ്ങനെ കഥയ്ക്കു രണ്ടു ഭാഗങ്ങൾ കല്പിക്കാം. ഉത്തരഭാഗം തീരെ ഹ്രസ്വമായിപ്പോയതുകൊണ്ടു അനുപാതം എന്ന ഗുണം കഥയ്ക്കു നഷ്ടമായിപ്പോകുന്നു. എങ്കിലും മൗലികവും ആശയ പ്രധാവവുമായ നല്ല കഥയാണിത്.

* * *

ഞാൻ യഥാർത്ഥമായും കാക്കനാടൻ സങ്കല്പത്തിലും കണ്ട ആ ചെറുപ്പക്കാരികൾ ആര്? ഹെറോദിന്റെ മുൻപിൽ നൃത്തം ചെയ്ത സലോമിയാണോ? കീറ്റ്സിന്റെ La Belle Dame Sans Merci എന്ന കവിതയിലെ നീണ്ട തലമുടിയുള്ള ആനിയാണോ? രണ്ടുപേരുമല്ല. ജീവിതത്തിനു വേണ്ടി സൗന്ദര്യം കൊണ്ടു കളിച്ച രണ്ടു പാവങ്ങൾ മാത്രം. വീണ്ടും യൂഗോയുടെ അലങ്കാരം ഓർമായിലെത്തുന്നു. കുഞ്ഞുങ്ങൾ പേനാക്കത്തികൊണ്ടു കളിക്കുന്നതുപോലെ സ്ത്രീകൾ സൗന്ദര്യംകൊണ്ടു കളിക്കുന്നു.

നിഷാ നായർ

സർക്കസ്സുകാരി ട്രപ്പീസിൽ ഭയജനകങ്ങളായ വിദ്യകൾ കാണിക്കുന്നു. ശ്വാസം പിടിച്ചാണു് നമ്മുടെ ഇരിപ്പു്. ശൂന്യാകാശത്താണു് പ്രവർത്തനങ്ങൾ. ഒരു കൊച്ചു് ഊഞ്ഞാലിൽനിന്നു് കൈവിട്ട് ശൂന്യതയിലൂടെ കൈനീട്ടി നീങ്ങുമ്പോൾ അതുപോലൊരു കൊച്ചൂഞ്ഞാൽ അവളുടെ അടുത്തേക്ക് ഒഴുകി വരും. അതിൽ പിടികിട്ടിയാൽ മരിക്കില്ല. പ്രേക്ഷകർക്കു് ഈ സന്ദർഭത്തിൽ കാലം നിശ്ചലമാണു്. കാലത്തെപിടിച്ചു കെട്ടിക്കൊണ്ടുള്ള ഏതു വിദ്യയും വേദന ജനിപ്പിക്കും. എന്നാൽ അനുഗൃഹീതയായ കൊച്ചു നർത്തകി നിഷാനായർ സ്‌പേസിലൂടെ ലയാത്മകമായി നീങ്ങുമ്പോൾ പ്രേക്ഷകർക്കു കാലവും അതിനോടൊരുമിച്ചു ചലനം കൊള്ളുന്നു. നൃത്തം കലാപരമാകുന്തോറും ചലനവും കാലവും ആഹ്ലാദദായകമാകുന്നു. ഇങ്ങനെ പ്രേക്ഷകരെ ആഹ്ലാദത്തിന്റെ പരകോടിയിലെത്തിക്കുന്നു നിഷാനായർ. ജവഹർ നഗർ കോളനിയിലെ വാർഷികാഘോഷത്തിൽ ഈ കുട്ടി നൃത്തം ചെയ്യുന്നതു് ഞാൻ കണ്ടു. നിഷാനായരുടെ സിദ്ധികളെക്കുറിച്ചു് ട്രയൽ വാരികയിൽ എസ്. അശോക്‌കുമാർ എഴുതിയിരിക്കുന്നു അദ്ദേഹത്തെ പ്രബന്ധരചനയിൽ മറ്റുള്ളവർ സഹായിച്ചിട്ടുമുണ്ടു്. ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’ എന്ന കാവ്യംപോലെ ഭംഗിയാർന്നതാണു് നിഷാനായരുടെ നൃത്തം. ആ കുട്ടിയെക്കുറിച്ചു് ട്രയൽ വാരികയിൽ എഴുതിയതു് നന്നായി.

നിരീക്ഷണങ്ങൾ

അച്ഛൻ മകൾക്കു കുഞ്ഞുന്നാൾതൊട്ടു് കഥ പറഞ്ഞുകൊടുക്കുന്നു. മകൾ പ്രായമായപ്പോൾ വാസവദത്തയുടെ കഥ പറഞ്ഞുകൊടുക്കാൻ അച്ഛനു പേടി. മകൾ വഴിപിഴച്ചുപോയാലോ? വട്ടപ്പാറ ശശിയുടെ മിനിക്കഥയാണിതു് (മനോരാജ്യം)– പഞ്ചാര ഒരു തരിയാണെങ്കിലും മധുരിക്കും. വിഷം നാനാഴിവേണ്ട മരണം സംഭവിപ്പിക്കാൻ. ശശിയുടെ മിനിക്കഥ വിഷത്തിന്റെ തരിയാണു്. കലാംശമില്ലാത്ത ഉപന്യാസമെന്ന വിഷം.

ഒരു പാവം ഗ്രാമീണൻ വധിക്കപ്പെട്ടു. കൊലപാതകി കുറ്റം സമ്മതിച്ചില്ലെങ്കിൽ പട്ടുതാലപ്പൊലിദിവസം പ്രതി ആരാണെന്നു എല്ലവരുമറിയുമെന്നു് നാട്ടുപ്രമാണി കുമാരമേനോൻ പ്രഖ്യാപിച്ചു. എല്ലാവർക്കും പേടി. പട്ടുതാലപ്പൊലിദിവസം കൊലയാളി ചത്തുകിടന്നു. കുമാരമേനോൻ തന്നെ. മുണ്ടൂർ സേതുമാധവൻ ‘കഥാ’ ദ്വൈവാരികയിലെഴുതിയ ‘ഉറക്കം നഷ്ടപ്പെട്ട ഗ്രാമം’ എന്ന കഥയുടെ സാരമിതത്രേ. – കൃതഹസ്തനായ കഥാകാരനുമാത്രം ലഭിക്കുന്ന ആഖ്യാനപാടവം ഇവിടെ ദൃശ്യമാണു്. വിഷയത്തിനുകൂടി പുതുമ ഉണ്ടായിരുന്നെങ്കിൽ എന്നാണു് എന്റെ അഭിലാഷം. ലോകം കണ്ട പ്രഭാഷകരിൽ അദ്വിതീയനായിരുന്നു ഡിമോസ്‌തനീസ്. അദ്ദേഹം വിക്കു് മാറ്റിയതു് കൊച്ചുകല്ലുകൾ വായ്ക്കകത്തു് ഇട്ടു പ്രസംഗിച്ചാണു്. വിഷയമെന്ന കൊച്ചു കല്ലുകൾ വേണ്ടപോലെവച്ചാൽ പ്രഹസദൃശമായ പ്രഭാഷണത്തിനു് – ആഖ്യാനത്തിനു് – ചാരുത ഉണ്ടാകും.

ക്ഷുദ്രവികാരങ്ങളെ ചൂഷണംചെയ്തു രചിക്കപ്പെടുന്ന നോവലുകളെയും ചില വാരികകളിൽ വരുന്ന കൊലപാതക വർണ്ണനകളെയും തകഴി ശിവശങ്കരപ്പിള്ള നിന്ദിക്കുന്നു. (ജനയുഗ്ഗം വാരിക) ഈ നിന്ദനത്തിൽ ഒട്ടും തെറ്റില്ല. നല്ല സാഹിത്യകൃതികൾപോലും വായനക്കാരെ അപഥസഞ്ചാരം ചെയ്യിക്കും. ദസ്തെ‌യെവ്‌സ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ റസ്‌കൽ നിക്കഫ് എന്ന ഒരു വൃദ്ധയെ നിഗ്രഹിച്ചുവോ അതേ മട്ടിൽത്തന്നെയാണു് മെർകേഡർ മഹാനായ ട്രോഡ്‌സ്‌കിയെ കോടാലികൊണ്ടു തലയിലടിച്ചുകൊന്നതു്. മെർകേഡർക്കു പ്രചോദനം നൽകിയതു ദസ്തെയെവ്സ്കിയാണു്. ഗോയ്ഥെയുടെ ‘വെർഥ’റും ചങ്ങമ്പുഴയുടെ ’രമണ’നും യുവാക്കന്മാരെ ആത്മഹത്യയിലേക്കു നയിച്ചിട്ടുണ്ടു്.

എന്റെ അഭിവന്ദ്യ സുഹൃത്താണു് എം. എൻ. കുറുപ്പ്. സുഹൃത്തിനെ സ്നേഹിക്കുന്നുവെന്നു പറഞ്ഞാൽ പുനരുക്തിയാവും. അദ്ദേഹം കേശവ്ദേവിന്റെ ‘കണ്ണാടി’ എന്ന നോവലിന്റെ പ്രാധാന്യം വ്യക്തമാക്കിയിരിക്കുന്നു. (ദേശാഭിമാനി വാരിക) എം. എൻ. കുറുപ്പിന്റെ ഈ മതം അത്ര ശരിയോ? ഒരു ‘പൊളിറ്റിക്കൽ ഡോക്യുമെന്റ്’ എന്നല്ലാതെ ‘കണ്ണാടി’ക്കു് എന്തെങ്കിലും കലാമൂല്യമുണ്ടോ?

ഒരു ചിത്രം കണ്ട ഓർമ്മ. കാമുകന്റെ മടിയിൽ കാമുകിയിരിക്കുന്നു. അപ്പോഴാണു് ടെലിഫോണിന്റെ ബല്ലു അടിക്കുന്നതു്. വിളിച്ചതു് അവളുടെ മറ്റൊരു കാമുകൻ. അയാൾ കൂടുതൽ സുന്ദരൻ. കൂടുതൽ ധനികൻ. യുവതിക്കു് അയാളെ പിണക്കാൻ വയ്യ. മധുര ഭാഷണം തുടങ്ങി അവൾ ടെലഫോണിൽക്കൂടി. മടിയിലമർന്ന ഭാരം താഴെയിറക്കിവയ്കാൻ വയ്യാതെ, ഭാരം താങ്ങാനാവാതെ പാവം വിഷമിച്ചു. പോസ്‌റ്റിലെത്തിയ ഒരു കാവ്യം (പാലാ നാരായണൻ നായരുടേതു്) വായിച്ചേ മതിയാവൂ. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നതു ’മംഗളം’ വാരികയിൽ സലാംകാരാട്ടിൽ എഴുതിയ ‘ഉണർത്തു പാട്ടു്’ എന്ന ക്ഷുദ്രകാവ്യം. എഴുതേണ്ടിയിരിക്കുന്നു ഈ ലേഖനം. അതുകൊണ്ടു് ‘മംഗളം’താഴെവയ്കാനും വയ്യ. പാലായുടെ കാവ്യം വായിച്ചുതടങ്ങാനും വയ്യ.

* * *

കാസാനോവയെക്കുറിച്ചു കേട്ടിട്ടില്ലേ പ്രിയപ്പെട്ട വായനക്കാർ. അദ്ദേഹം സ്ത്രീജിതാനെന്നതിൻവെക്കാൾ സ്വവർഗ്ഗാനുരാഗ തല്പരനായിരുന്നു. തെരുവിൽക്കണ്ട ആകൃതിസൗഭഗമുള്ള ഒരു യുവാവിനെ അദ്ദേഹം വീട്ടിൽ കൂട്ടിക്കൊണ്ടു വന്നു. അപ്പോഴാണു് അവൻ അവളാണെന്നു മനസ്സിലാക്കിയതു്. അക്കാലത്തു് യുവതികൾ യുവാക്കന്മാരുടെ വേഷം ധരിച്ചു നടക്കുമായിരുന്നു. കാസാനോവാ അവളെ ആട്ടിപ്പുറത്താക്കി.

ശിവപ്രസാദ് സി. വേലുക്കുട്ടി വാസവദത്തയുടെ വേഷം കെട്ടി നാടകവേദിയിൽ വന്നപ്പോൾ ‘അവൾ’ അവൾ തന്നെയാണെന്നും പുരുഷനല്ലെന്നും പ്രേക്ഷകർ പറഞ്ഞു. ഒരുകൂട്ടമാളുകൾ പരിശോധിച്ചേ അടങ്ങൂ എന്നായി. നാടകം നടത്തണമല്ലോ കണ്‌ട്രാക്ടർക്ക്. പരിശോധിച്ചു.

സാഹിത്യരചനകളെ കണ്ണുമടച്ചു സ്വീകരിക്കുന്നതിനുമുൻപു് ഒന്നു പരിശോധിക്കൂ. ഉപദ്രവം ഒഴിവാക്കാം.