close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 01 26


സാഹിത്യവാരഫലം
Mkn-05.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 01 26
ലക്കം 854
മുൻലക്കം 1992 01 19
പിൻലക്കം 1992 02 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഫലപ്രാപ്തി ഇന്നത് എന്നു നേരത്തേ അറിയാമെങ്കില്‍ ഏതു പ്രവൃത്തിയാണ് ജിജ്ഞാസ ഉളവാക്കുക?

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സര്‍വാധികാര്യക്കാരും പ്രിവന്റിവ് സൂപറിന്‍റ്റെന്‍ഡുമായിരുന്ന (പില്ക്കാലത്ത് എക്സൈസ് കമ്മിഷണര്‍ എന്നു ജോലിപ്പേര്) മാധവന്‍പിള്ളയുടെ മൂത്ത മകനായിരുന്നു അയ്മനം കുട്ടന്‍പിള്ള. വലിയ ആളുകളുടെ മക്കള്‍ മിക്കവാറും പഠിക്കില്ല. പഠിക്കാതെ, സാംസ്കാരികകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ നടന്ന കുട്ടന്‍പിള്ള വെറും ഡ്രൈവറായിത്തീര്‍ന്നു. അച്ഛന്‍ പ്രമുഖനായ ഉദ്യോഗസ്ഥന്‍. അമ്മ “സന്താനഗോപാലം” ചമ്പു എഴുതിയ കരുവേലില്‍ ഗൗരിക്കുട്ടിഅമ്മ. എന്നിട്ടും കുട്ടന്‍പിള്ള കാറിന്റെ വളയം പിടിക്കാനാണുപോയത്. അദ്ദേഹം കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ഡ്രൈവറായിരുന്നു. കാറോടിച്ചു തിരുവനന്തപുരത്തേക്കു പോരുമ്പോള്‍ ഒരു പട്ടിയെടുത്തു റോഡിനു കുറുകേ ചാടി. അതിനെ രക്ഷിക്കാന്‍ കുട്ടന്‍പിള്ള കാറ് വെട്ടിയൊഴിച്ചപ്പോള്‍ അത് ഒരു ചാലിലേക്കു മറിയുകയും വൃദ്ധനായ കേരളവര്‍മ്മയ്ക്ക് ആഘാതമേല്ക്കുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹം മരിച്ചുപോയി. കാറ് മറിയാതിരുന്നെങ്കില്‍ ജീവിച്ചിരുന്നേനേ. “മയൂര സന്ദേശം”പോലുള്ള വിലക്ഷണങ്ങളായ സന്ദേശകാവ്യങ്ങളും “വിശാഖവിജയം” പോലുള്ള വിരൂപങ്ങളായ മഹാകാവ്യങ്ങളും “അഭിജ്ഞാനശാകുന്തളം” പോലുള്ള ജുഗുപ്സാവഹങ്ങളായ തര്‍ജ്ജമകളും അദ്ദേഹം കേരളീയര്‍ക്കു നല്കുമായിരുന്നു. അയ്മനം കുട്ടന്‍പിള്ള ഒരു കണക്കില്‍ കേരളീയരെ രക്ഷിച്ചു. ഡ്രൈവര്‍ മാത്രമായിരുന്നില്ല കുട്ടന്‍പിള്ള. പേരുകേട്ട ഗുസ്തിക്കാരനുമായിരുന്നു. വല്ലാടന്‍ മൈതീന്‍കുഞ്ഞ്, പഞ്ചാബിലെ രഞ്ജിത്സിങ് ഇവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ഈ ഗസ്തിക്കാരന്റെ മകളുടെ മകനാണ് സാഹിത്യവാരഫക്കാരനായ എം. കൃഷ്ണന്‍നായര്‍; കുട്ടന്‍പിള്ളയ്ക്ക് ആദ്യത്തെ ഭാര്യയിലുണ്ടായ മകളുടെ മകന്‍. പ്രഥമപത്നിയുടെ ചരമത്തിനു ശേഷം മുത്തച്ഛന്‍ വേറൊരു വിവാഹം നടത്തി. ആ ദ്വിതീയപത്നി ഭര്‍ത്താവിനെപ്പോലെതന്നെ ഗുസ്തിക്കാരിയായിരുന്നു. കാലത്ത് അരറാത്തല്‍ ബദാംപരിപ്പ് കാച്ചിയ പാലില്‍ അരച്ചുകലക്കി കുടിച്ചതിനുശേഷം കുട്ടന്‍പിള്ള ഭാര്യയുമായി ഗോദയിലിറങ്ങും. മൂച്ചുടയ്ക്കുക എന്നൊരു ഏര്‍പ്പാടുണ്ട് ഗുസ്തിക്കാര്‍ക്ക്. മുത്തച്ഛന്‍ ഗുസ്തിപിടിച്ചിരുന്നത് മുത്തശ്ശിയുമായിട്ടാണ്. അദ്ദേഹം അങ്ങനെ മൂച്ചുടയ്ക്കുന്നത് കുട്ടികളായ ഞങ്ങള്‍ നോക്കിനില്ക്കും. മുത്തച്ഛന്‍ അനായാസമായി അമ്മൂമ്മയെ അടിച്ചു താഴെയിടും. ഞങ്ങള്‍ കൈകൊട്ടും. എല്ലാ ദിവസവുമുണ്ടായിരുന്നു ഈ ഏര്‍പ്പാട്. അമ്മൂമ്മ തോല്ക്കുമെന്നതു നിശ്ചയമായിരുന്നതുകൊണ്ട് ക്രമേണ ഞങ്ങള്‍ക്ക് ആ ഗുസ്തിമത്സരം വിരസമായിത്തീര്‍ന്നു. ഒടുവില്‍ അതു കാണാന്‍ ആരുമില്ലാതെയായി. ഫലപ്രാപ്തി ഇന്നത് എന്നു നേരത്തേ അറിയാമെങ്കില്‍ ഏതു പ്രവൃത്തിയാണ് ജിജ്ഞാസയുളവാക്കുക?

മരം മുറിക്കുന്നു ചിലര്‍, നേരത്തേ പല കൊമ്പുകളിലുമായി കയറുകെട്ടി താഴത്തേക്കിടുന്നു. ഒന്നുരണ്ടുപേര്‍ കോടാലികൊണ്ടു ചുവട്ടില്‍ ആഞ്ഞാഞ്ഞു വെട്ടുന്നു. ചീളുകള്‍ തെറിക്കുന്നു. ഒടുവില്‍ ഒറ്റപ്പിടിത്തം കയറുകള്‍ കൂട്ടിപ്പിണച്ച്. വെട്ടുകാര്‍ ഉദ്ദേശിച്ച സ്ഥലത്തുതന്നെ മരം വന്നുവീഴുന്നു. അടുത്തുള്ള കൊച്ചു ചെടികള്‍ക്കു പോലും നാശം സംഭവിക്കുന്നില്ല. ഈ മരംമുറിക്കല്‍ കാണാന്‍ എന്തു രസമുണ്ട്? പ്രതീക്ഷയ്ക്ക് അനുസരിച്ച ഫലപ്രാപ്തി രസജന്യമല്ലെന്നു മാത്രമല്ല വിരസവുമത്രേ. ശ്രീ. ഏകലവ്യന്റെ “ഋതുഭേദങ്ങള്‍” എന്ന ചെറുകഥ കലാകൗമുദിയില്‍ വായിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ അത് ഇന്ന രീതിയില്‍ അവസാനിക്കും എന്ന് എനിക്കു തോന്നി. എനിക്കു മാത്രമല്ല ഒരു സ്ക്കൂള്‍ക്കുട്ടിക്കുപോലും അതിന്റെ അവസാനം എന്തായിരിക്കുമെന്ന് ഊഹിക്കാനാവും. മോടിപിടിപ്പിച്ച രീതിയില്‍, മരണത്തിലേക്കു നീങ്ങുന്ന ഒരുസ്ത്രീയെ കഥാകാരന്‍ വര്‍ണ്ണിക്കുന്നു. അവര്‍ മരിച്ചാല്‍ അവരുടെ ഭര്‍ത്താവ് ആത്മഹത്യ നടത്തിക്കളയുമെന്നുവരെ കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. അനിയതമായ ഈ ദുഃഖപ്രകടനം കാണുന്ന ഏതു വായനക്കാരനും തീരുമാനിക്കും അയാള്‍ ആ സ്ത്രീയുടെ മരണത്തിനുശേഷം വേറൊരു സംബന്ധം നടത്തുമെന്ന് ആ സംബന്ധം നടത്തിച്ച് കഥയെ വെറും അസംബന്ധമാക്കിത്തീര്‍ക്കുന്നു ഏകലവ്യന്‍. വേറൊരുവിധത്തില്‍ പറയാം. ഏകലവ്യന്റെ കഥയ്ക്ക് അന്യാദൃശ സ്വഭാവമില്ല. ആ സ്വഭാവം വരുത്തണമെങ്കില്‍ ഭാവന വേണം. ഭാവനാരാഹിത്യം ചിരപരിചിതത്വത്തിന്റെ പ്രതീതിയേ ഉളവാക്കു. കാശിയില്‍ സ്ഥിരമായി താമസിക്കുന്നവന്‍ ഒരുമാസം ബോംബെയില്‍ പോയി പാര്‍ത്തിട്ടു തിരിച്ചു കാശിയിലെത്തിയാല്‍ അയാള്‍ക്ക് ഒരു വികാരവുമുണ്ടാവുകയില്ല. എന്നാല്‍ ആദ്യമായി കാശിയില്‍ ചെല്ലുന്നവന്‍ അദ്ഭുതവികാരത്തിനു വിധേയനായി നിന്നുപോകും. കഥാകാരന്മാര്‍, മൂച്ചുടച്ച് സഹധര്‍മ്മിണിയെ തള്ളിത്താഴെയിടുന്ന അയ്മനം കുട്ടന്‍പിള്ളയെപ്പോലെ ആവരുത്. മരം മുറിച്ച്. വീഴ്ത്തേണ്ടിടത്തു വീഴ്ത്തുന്ന മരംവെട്ടുകാര്‍ ആവരുത്.

ചോദ്യം, ഉത്തരം

മാര്‍കേസിനെക്കാള്‍ വലിയ കലാകാരനാണ് ബാസ്തോസ്. വായനക്കാരോട് ഒരിക്കല്‍ പറയട്ടെ. ഈ നോവല്‍ വായിക്കു. കലയുടെ മഹാദ്ഭുതം നിങ്ങള്‍ക്ക് അനുഭവപ്പെടും.

Symbol question.svg.png “കുടുംബച്ഛദ്രം ഉണ്ടാകുന്നത് എന്തുകൊണ്ട്?”

“സഹോദരികളും സഹോദരന്മാരും കുട്ടികളായിരിക്കുമ്പോള്‍ അവര്‍ക്കു അച്ഛനമ്മമാരുടെ സംരക്ഷണം ഉണ്ടായിരിക്കും. അപ്പോള്‍ സഹോദരികളും സഹോദരന്മാരും ഒറ്റക്കെട്ടായി വര്‍ത്തിക്കും. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം. എന്നാല്‍ വിവാഹത്തിനുശേഷം സഹോദരികള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെയും സഹോദരന്മാര്‍ അവരുടെ ഭാര്യമാരുടെയും ചൊല്പടിയിലാവും. അതോടെ സംഘട്ടനമാരംഭിക്കുകയായി. ചേട്ടന്‍ അനിയനെയും അനിയന്‍ ചേട്ടനെയും നിന്ദിക്കുന്നത് അവരുടെ ഭാര്യമാരുടെ തലയണമന്ത്രത്താലാണ്. എല്ലാക്കുടുംബങ്ങളിലും ശണ്ഠകളുണ്ട്. അന്യോന്യം കുടുംബാംഗങ്ങള്‍ ശത്രുത പുലര്‍ത്തുന്നു. മറ്റുള്ളവര്‍ കാണ്‍കെ അവരതു പ്രദര്‍ശിപ്പിക്കുന്നില്ല എന്നേയുള്ളു.”

Symbol question.svg.png “ഭ്രാന്തനോ പിശുക്കനോ ഭേദം?”

“സംശയമെന്ത്? ഭ്രാന്തനാണു ഭേദം. ഭ്രാന്തനെ ഒഴിഞ്ഞു നടക്കാം. പിശുക്കന്‍ അവന്റെ ചെറ്റത്തരംകൊണ്ട് അന്യരെ എപ്പോഴും ആക്രമിക്കും.”

Symbol question.svg.png “നിങ്ങള്‍ പ്രധാനമന്ത്രിയായാല്‍ ആദ്യം നിര്‍മ്മിക്കുന്ന നിയമമേതായിരിക്കും?”

“ഞാന്‍ സൂര്യപ്രകാശത്തിനു കരം ചുമത്തും. എന്നിട്ട് ഓരോ വര്‍ഷവും അതു ഇരട്ടിയാക്കിക്കൊണ്ടിരിക്കും. കരം കൊടുക്കാന്‍ ബഹുജനം മടിച്ചാല്‍ അവന്റെയെല്ലാം നട്ടെല്ല് അടിച്ചൊടിക്കാന്‍ പൊലിസിനോടു പറയും.”

Symbol question.svg.png “നിങ്ങളുടെ ഒരു പ്രയോഗമുണ്ടല്ലോ എപ്പോഴും; സുജനമര്യാദ. എന്താണതിന്റെ അര്‍ത്ഥം?”

“റ്റെലിഫോണ്‍ ബെല്ല് അടിച്ചാല്‍ കൊച്ചുകുട്ടികളെക്കൊണ്ട് റിസീവര്‍ എടുപ്പിക്കാതിരിക്കുക എന്നതാണു സുജനമര്യാദ.”

Symbol question.svg.png “വേദികളില്‍ കയറിനിന്നു പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ എന്നു പ്രസംഗിക്കുന്നവരെക്കുറിച്ചു നിങ്ങള്‍ എന്തു പറയുന്നു?”

“മൂക്കുമുട്ടെ ശാപ്പാട് അടിച്ചുകൊണ്ട് വിശന്നു പൊരിഞ്ഞിരിക്കുന്നവരെ നോക്കി കള്ളം പറയുന്നവര്‍.”

Symbol question.svg.png “മാര്‍കേസിനെക്കാള്‍ വലിയ നോവലിസ്റ്റുകളുണ്ടോ?”

“‘I The Supreme’ എന്ന നോവലെഴുതിയ റോആബാസ്തോസിന്റെ ആയിരത്തില്‍ ഒരംശം പ്രാഗല്ഭ്യം മാര്‍കേസിനില്ല. അദ്ദേഹത്തിന്റെ ഏതു കൃതിയും ബാസ്തോസിന്റെ നോവലിന്റെ താഴേക്കിടയിലാണ് വര്‍ത്തിക്കുന്നത്.”

Symbol question.svg.png “സംഭാഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യം പറഞ്ഞുതരൂ.”

“സ്വന്തം കവിതയെക്കുറിച്ച് നിരൂപണത്തെക്കുറിച്ച്, നോവലിനെക്കുറിച്ചു സംസാരിക്കരുത്. സംസാരിച്ചാല്‍ അയാള്‍ ഉടനെ റിസ്റ്റ് വാച്ച് നോക്കും. അയാളെക്കുറിച്ചു നിങ്ങള്‍ സംസാരിച്ചാല്‍ ഇരുപത്തിയൊന്നാം ശതാബ്ദത്തിന്റെ അന്ത്യംവരെയും അയാളതു കേട്ടുകൊണ്ടിരിക്കും.”

Symbol question.svg.png “സ്ത്രീയുടെ ചിരിയാണ് ഏറ്റവും മനോഹരമെന്നു നിങ്ങള്‍ കാക്കത്തൊള്ളായിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ. എനിക്കങ്ങനെ തോന്നുന്നില്ലല്ലോ സാറേ.”

“നിങ്ങളെ നോക്കിച്ചിരിച്ച സ്ത്രീകള്‍ പുഞ്ചിരിപൊഴിച്ചിരിക്കില്ല. പല്ലുകള്‍ മാത്രം കാണിച്ച് ചിരിച്ചിരിക്കില്ല. അണ്ണാക്കു കാണുന്ന മട്ടില്‍ വാതുറന്നു ചിരിച്ചിരിക്കും. അതുകൊണ്ടാണ് അങ്ങനെ തോന്നിയത്.”

ജേണലിസം

ആധുനികരായ ആചാര്യന്മാര്‍ എടുത്തുകാണിച്ചിട്ടുള്ള ഒരു പൂര്‍വകഥയെ അവലംബിച്ച് ശ്രീ: ജയപ്രകാശ് അങ്കമാലി രചിച്ച “യശസ്സ്” എന്ന കാവ്യം കാവ്യധിഷണയുടെ സന്തതിമാത്രമാണ്. വളരെക്കാലം ഭൂമിയില്‍ ഇല്ലാതിരുന്ന രാജാവ് ഭൂമിയിലെത്തി ഒരു മഹര്‍ഷിയെക്കണ്ടു ചോദിക്കുന്നു ‘താങ്കള്‍ എന്നെ അറിയുമോ’ എന്ന്. ‘ഇല്ല’ എന്നു മറുപടി. രാജാവ് മഹര്‍ഷിയെക്കാള്‍ ആയുസ്സേറിയ ഒരു കൊക്കിനെക്കണ്ട് അതേ ചോദ്യം ചോദിച്ചു. ‘ഇല്ല’ എന്നു മറുപടി കിട്ടിയപ്പോള്‍ കൊക്കിനെക്കാള്‍ ആയുസ്സിനു ദീര്‍ഘതയുള്ള ആമയെക്കണ്ടു ചോദിച്ചു. ആമ മറുപടി നല്കി:

“ഞാന്‍ മറക്കുമോ മഹാനായ താങ്കളെ, ദ്ധര്‍മ്മം
ഞാണൊലിയുയര്‍ത്തിയതിപ്പൊഴും മുഴങ്ങുന്നു.
ഹാ മറക്കുമോ ദിവ്യനായ രാജാവേ! പണ്ടു
ഭൂമിയിലിന്ദ്രന്‍പോലെ വാണ താങ്കളെക്കാലം?”

ഇക്കഥയെ തനിക്കു കഴിയുന്ന മട്ടില്‍ പ്രതിപാദിച്ചിട്ട് ജയപ്രകാശ് മാറിനില്ക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളില്‍നിന്ന്. കാവ്യം ഒന്നുകൂടെ വായിക്കേണ്ടതില്ല. ധിഷണയുടെ മാത്രം—ചിന്തയുടെ മാത്രം—സൃഷ്ടിയാണിതെന്ന് ആദ്യത്തെ പാരായണംതന്നെ സ്പഷ്ടമാക്കിത്തരും. കവിതയെന്നത് ഉള്ളിലെ കണ്ണുകൊണ്ടു കണ്ടതിനെ വീണ്ടും സൃഷ്ടിക്കലാണ്. അതു നിര്‍വഹിക്കുമ്പോള്‍ അക്കഥയിലുള്ള പരോക്ഷ സത്യങ്ങള്‍ വെളിപ്പെട്ടുവരും. അത് വായനക്കാരന്റെ ജീവിതാവബോധത്തെ തീക്ഷ്ണതമമാക്കും. ഇപ്പോഴത്തെ നിലയില്‍ ജയപ്രകാശ് അങ്കമാലിയുടെ ഇക്കാവ്യം ‘Verse Journalism’ മാത്രമാണ്. സര്‍ഗ്ഗാത്മകമായ ചിത്രം പ്രദാനം ചെയ്യാതെ ആഖ്യാനത്തില്‍ മാത്രം അഭിരമിക്കുന്ന കാവ്യം ജേണലിസത്തില്‍ക്കവിഞ്ഞു ഒന്നുമാകുന്നില്ല.

സംഭവങ്ങള്‍

നിത്യജീവിതത്തിലെ മരണം ശോകദായകമാണ്. എന്നാല്‍ അതു കവിതയിലേക്കു കടക്കുമ്പോള്‍ അദ്ഭുതജനകമായിബ്ഭവിക്കണം. പഞ്ഞിക്കെട്ടില്‍ തീപിടിച്ചാലെങ്ങനെ? അതുപോലെ അനുവാചക ഹൃദയത്തില്‍ ഒരനുഭവമുണ്ടാകണം.

 1. പ്രശസ്തനായ നോവലിസ്റ്റ് ശ്രീ. എം.കെ മേനോനെ (വിലാസിനി) ഡിസംബര്‍ 31-ആം നു വൈകുന്നേരം നാഷനല്‍ ബുക്ക് സ്റ്റാളിന്റെ നടയില്‍വച്ചു കണ്ടു. സാഹിത്യവാരഫലത്തില്‍ പറയാറുള്ള ലാറ്റിനമേരിക്കന്‍ നോവലുകള്‍ അദ്ദേഹം വായിച്ചിട്ടില്ലാത്തവയാണെങ്കില്‍ കുറിച്ചുവയ്ക്കാറുണ്ടെന്നും പിന്നീട് അവ വരുത്തിവായിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ അമേരിക്കയില്‍നിന്നു വരുത്തിയ നോവലാണ് റോആ ബാസ്തോസിന്റെ I The Supreme എന്ന നോവലെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടും മാര്‍കേസിന്റെ ഒടുവിലത്തെ നോവലിനെക്കാള്‍ അതു ശ്രേഷ്ഠമാണെന്ന് എം.കെ. മേനോന് അഭിപ്രായമുണ്ട്. അതുകേട്ട ഞാന്‍ പറഞ്ഞു: മാര്‍കേസിനെക്കാള്‍ വലിയ കലാകാരനാണ് ബാസ്തോസ്. വായനക്കാരോടു ഒരിക്കല്‍ പറയട്ടെ. ഈ നോവല്‍ വായിക്കൂ. കലയുടെ മഹാദ്ഭുതം നിങ്ങള്‍ക്ക് അനുഭവപ്പെടും.

  ഒരുകാര്യം പറയാന്‍ വിട്ടുപോയി. തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ മനോഹരമാണെന്നും എം.കെ. മേനോന്‍ അഭിപ്രായപ്പെട്ടു.

 2. ചങ്ങമ്പുഴക്കവിതയുടെ സ്തോതാവായി നടക്കുന്ന എന്നോട് പരിണതപ്രജ്ഞനായ ഒരു സാഹിത്യകാരന്‍ പറഞ്ഞു. (അദ്ദേഹത്തിന്റെ പേര് എഴുതാന്‍ അനുമതി ഇല്ല). ചങ്ങമ്പുഴയുടെ കവിത നല്ലതുതന്നെ. പക്ഷേ അതില്‍ സര്‍ഗ്ഗാത്മകതയുടെ ശക്തിയില്ല. അരവിന്ദഘോഷ്ഷെല്ലിയുടെ കവിതയെക്കുറിച്ച് എഴുതിയതാണ് എനിക്കോര്‍മ്മ വരുന്നത്. ഷെല്ലിയുടെ ‘Skylark’-ല്‍ Skylark ഇല്ല. ആ പേരിലൂടെ അദ്ദേഹം തന്റെ വിചാരവികാരങ്ങളെ മാത്രമേ സ്ഫുടീകരിച്ചിട്ടുള്ളു. സര്‍ഗ്ഗാത്മകശക്തി ഉണ്ടായിരുന്നെങ്കില്‍ വായനക്കാരന്‍ Skylark ആയി മാറുമായിരുന്നു പാരായണവേളയില്‍.
 3. പ്രസംഗങ്ങള്‍കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഞാനൊരിക്കല്‍ കൈനിക്കര കുമാരപിള്ളയോടുപറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “അതു ശരിയല്ല. ഗാന്ധിജി, ഗാന്ധിജി എന്നു പത്തുതവണ നമ്മള്‍ പറഞ്ഞാല്‍ കേട്ടുകൊണ്ടിരിക്കുന്നവരില്‍ ഒരുത്തന്റയെങ്കിലും മനസ്സില്‍ ആ പേരു പതിയാതിരിക്കില്ല.”
 4. ഹജുര്‍കച്ചേരിയുടെ മുന്‍പില്‍ നിന്നു തെല്ലകലെയായി കാറിടിച്ചു ഒരുത്തന്‍ മരിച്ചപ്പോള്‍ കവി കുഞ്ഞിരാമന്‍നായരും ഞാനും റോഡിന്റെ ഒരുവശത്ത് നില്ക്കുകയായിരുന്നു. “ഒഴിഞ്ഞു പോയിരുന്നെങ്കില്‍ ആ മനുഷ്യന് ഇതു സംഭവിക്കുമായിരുന്നോ” എന്നു ഞാന്‍ കവിയോടു ദുഃഖത്തോടെ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഭാഗ്യവും ദൗര്‍ഭാഗ്യവും അപകടവും എല്ലാം ചേര്‍ന്ന ഒരു ചങ്ങലയാണ് ജീവിതം. അതില്‍ നിന്ന് അപകടമെന്ന കണ്ണിയെടുത്തുമാറ്റാന്‍വയ്യ.”

കന്യാമറിയം

പോപ്പ് ജോണ്‍പോളിനെ റോം പീറ്റേഴ്സ് സ്ക്വയറില്‍വച്ച് ഒരുത്തന്‍ വെടിവച്ചല്ലോ. താന്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടതു കന്യാമറിയത്തിന്റെ “വിശേഷോദ്ദേശകമായ പ്രാര്‍ത്ഥന”ത്താലാണെന്നു (personal intercession) അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു. അതുപോലെ യൂറോപ്പിലാകെ കമ്മ്യൂണിസമില്ലാതാക്കിയതും കന്യാമറിയമാണെന്നാണ് പോപ്പിന്റെ വിശ്വാസം (റ്റൈം വാരിക, ഡിസംബര്‍ 30, 1991 പുറം 50, കോളം 3). റ്റൈമിലെ ഈ സുദീര്‍ഘമായ ലേഖനവും അദ്ഭുതസംഭവങ്ങളെ യഥാര്‍ത്ഥീകരിച്ചുകൊണ്ടുള്ള അതിലെ വേറൊരു ലേഖനവും വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മുന്‍പൊരിക്കല്‍ വായിച്ചുതീര്‍ത്തുവച്ച “Alone of All her Sex The Myth and the Cult of the Virgin Mary”, Marina Warner എന്ന പുസ്തകമെടുത്തു നോക്കി. പത്തൊന്‍പതാം ശതാബ്ദത്തിലും ഈ ശതാബ്ദത്തിലും കന്യാമറിയം പ്രത്യക്ഷയായ പലസംഭവങ്ങളും—യഥാര്‍ത്ഥ സംഭവങ്ങളും—ഉണ്ടെന്ന് ആ പുസ്തകത്തില്‍ പറഞ്ഞരിക്കുന്നു; പള്ളി അവയെ അംഗീകരിച്ചില്ലെങ്കിലും. 1917-ല്‍ പൊര്‍ചഗലിലെ (Portugal) ഫാത്തീമാ ദേവാലയത്തില്‍ കന്യാമേരി മൂന്നു ഇടയക്കുട്ടികളുടെ മുന്‍പില്‍ ആറുതവണ പ്രത്യക്ഷയായി. മേമാസം 13-നും ഒക്ടോബര്‍ 13-നുമിടയ്ക്കായിരുന്നു ഈ പ്രത്യക്ഷപ്പെടല്‍. പോപ്പിനെ വെടിവച്ചതും മേ 13-ആം തീയതി ആയിരുന്നു. അതിനാലാണ് തന്നെ രക്ഷിച്ചത് കന്യാമറിയം ആണെന്നു പോപ്പ് വിശ്വസിക്കുന്നത്. കന്യാമറിയം പ്രത്യക്ഷപ്പെട്ട് ആ മൂന്നുകുട്ടികളില്‍ ഒരുവനോടു സോവിയറ്റ് സമഗ്രാധിപത്യമുണ്ടാകുമെന്നു പറഞ്ഞുവത്രേ. പിന്നീടുണ്ടായ പ്രത്യക്ഷപ്പെടലില്‍ പോപ്പിനോടും ബിഷപ്പന്മാരോടും കമ്മ്യൂണിസത്തെ നശിപ്പിക്കാനായി തന്റെ വിശുദ്ധഹൃദയത്തിന്റെ മുന്‍പില്‍ റഷ്യയെ സമര്‍പ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. മൂന്നുശ്രമങ്ങള്‍ അതിനായി നടന്നു. ഫലപ്പെട്ടില്ല. 1984-ല്‍ ജോണ്‍പോള്‍ അതു നടത്തി. അടുത്തവര്‍ഷം ഗോര്‍ബച്ചോഫ് അധികാരത്തില്‍വരികയും അത് യു.എസ്. എസ്. ആറിന്റെ തകര്‍ച്ചയ്ക്കു കാരണമാവുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് റ്റൈമില്‍ കാണുന്നത്.

“ഭ്രാന്തനോ പിശുക്കനോ ഭേദം?

“സംശയമെന്ത്? ഭ്രാന്തനാണ് ഭേദം. ഭ്രാന്തനെ ഒഴിഞ്ഞു നടക്കാം. പിശുക്കന്‍ അവന്റെ ചെറ്റത്തരം കൊണ്ടു അന്യരെ എപ്പോഴും ആക്രമിക്കും.”

എനിക്ക് ഈ ലേഖനം താല്‍പര്യജനകമായത് ഞാന്‍ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചു ലേഖകന്‍ പറഞ്ഞതിനാലാണ്. കന്യാമറിയത്തിന്റെ ദൈവികമാതൃത്വവും കന്യകാത്വവും വിശുദ്ധഗര്‍ഭധാരണം (the dogma of the unique Privilege by which the Virgin Mary was conceived in her mother’s womb without the stain of original sin through the anticipated merits of Jesus Christ.) ശരീരത്തോടും ആത്മാവോടുംകൂടി കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം—ഈ നാലിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള രചനയുടെ ഫലമാണ് മേരിനവാര്‍നറുടെ പുസ്തകം. വിശ്വവിഖ്യാതയായ Margaret Mead ഈ ഗ്രന്ഥത്തെ astonishing and enlightening എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. റ്റൈം വാരികയിലെ ലേഖനങ്ങളിലേക്കും മേരിനയുടെ പുസ്തകത്തിലേക്കും ഞാന്‍ വായനക്കാരുടെ ശ്രദ്ധക്ഷണിക്കട്ടെ.

* * *

മതപരമായ സംവീക്ഷണത്തിന് എതിരായുള്ള സങ്കല്പങ്ങളെയും മേരിന എടുത്തുകാണിക്കുന്നുണ്ട്. എല്ലാ ആളുകള്‍ക്കും കന്യകാത്വം നശിക്കാത്ത അമ്മ വേണമെന്നാണ് ആഗ്രഹമെന്ന് യുങ്ങും അനുയായികളും വിശ്വസിക്കുന്നു. അതു പ്രതിരൂപാത്മകമായിരുന്നാലും മതി അവര്‍ക്ക്. റൊളാങ് ബാര്‍ഥ് ഈ പ്രവര്‍ത്തനത്തെ സൂക്ഷ്മതയോടെ വിവരിക്കുന്നുണ്ട് Mythologies എന്ന ഗ്രന്ഥത്തില്‍. “We reach here the very principle of myth: it transforms history into nature. (Page 129 Paladin Book.)

രാജ്യം കൂടുതല്‍ ജീര്‍ണ്ണിക്കും

The Decline and Fall of the Roman Empire എന്ന ഉത്കൃഷ്ടമായ ഗ്രന്ഥം സമ്പൂര്‍ണ്ണമായും ഞാന്‍ വായിച്ചിട്ടില്ല. എങ്കിലും അതിന്റെ ഒരു ചെറിയ രൂപം വായിച്ചിട്ടുണ്ട്. ഉജ്ജ്വലമായ റോമാ സാമ്രാജ്യം എന്തുകൊണ്ടും തകര്‍ന്നു എന്നതിന്റെ കാരണങ്ങള്‍ ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 1. കായികവിനോദങ്ങളിലുള്ള അമിതമായ താല്‍പര്യം. [നമ്മുടെരാജ്യത്ത് ഇതുണ്ട്. എത്ര പണമാണ് ക്രിക്കറ്റ് കളിക്കും ഓട്ടത്തിനും ചാട്ടത്തിനും നമ്മള്‍ ചെലവാക്കുന്നത്.]
 2. ഓരോ വര്‍ഷവും നികുതിവര്‍ദ്ധിപ്പിക്കല്‍ [നമ്മുടെ രാജ്യത്ത് ഇതു വളരെക്കാലമായി നടക്കുന്നു. ആളുകളുടെ വരുമാനം സ്ഥിരം. അരിവില, പെട്രോള്‍വില, ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ്ജ് ഇവ കൂട്ടിക്കൊണ്ടിരിക്കുന്നു.]
 3. വിവാഹമോചനത്തിന്റെ ആധിക്യം. [ഇതു നമ്മുടെ നാട്ടിലുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ.]
 4. മതത്തിന്റെ ജീര്‍ണ്ണത. [ഇതും ഇന്ത്യയുടെ ശാപമാണ്.]

റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തിന് ഈ ഹേതുക്കള്‍ ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥകാരന്‍ കവിതയുടെ ജീര്‍ണ്ണത, നിരൂപണത്തിന്റെ ജീര്‍ണ്ണത ഇവയെക്കുറിച്ചുപറഞ്ഞിട്ടില്ല. കവിതയും നിരൂപണവും അന്നു നല്ലനിലയില്‍ വര്‍ത്തിച്ചിരിക്കണമെന്നു ഞാന്‍ വിചാരിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ അധഃപതനത്തിന് ഈ ജീര്‍ണ്ണതകൂടി ചൂണ്ടിക്കാണിക്കാമെന്നു തോന്നുന്നു. വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഭേദപ്പെട്ട കവിയാണ്. പക്ഷേ അദ്ദേഹത്തിന്റെ “അരിയില്ലാഞ്ഞിട്ട്” എന്ന കാവ്യത്തില്‍ കവിതയില്ല. അത് വെറും പദ്യമാണ്. ആ പദ്യത്തെ ഉത്കൃഷ്ടമായ കാവ്യമായും സമൂഹവിപ്ളവം വരുത്താനുള്ള ആഹ്വാനമായും ചിലര്‍ കരുതുന്നു. ഒരു ദരിദ്രന്‍ ജീവിച്ചിരിക്കെ ആരും തുണയ്ക്കാന്‍ എത്തിയില്ല. അയാള്‍ ചത്തപ്പോള്‍ ചിലര്‍ മാവുവെട്ടി. ശവം എളുപ്പംകൊണ്ടുപോകാന്‍ വേലിതട്ടി. വിധവയെ മറ്റു ചിലര്‍ ആശ്വസിപ്പിച്ചു. ഒരു ധനികന്റെ കാരുണ്യംകൊണ്ട് കച്ചയ്ക്കുള്ള പണംകിട്ടി. വേറൊരാള്‍ മുറുക്കാന്‍ ഒരുക്കി. ശവത്തിനുചുറ്റും വിതറാന്‍ കുറച്ച് ഉണക്കലരിവേണം ആരോ ചെന്ന് വിധവയോട് അതു ചോദിച്ചപ്പോള്‍ “അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ” എന്ന് അവര്‍ മറുപടി പറഞ്ഞുപോലും. ഈ ശുഷ്കപദ്യത്തെയാണ് ചിലര്‍ കൊണ്ടാടുന്നത്. നെഞ്ചേറ്റിലാളിക്കുന്നത്. പ്രായോഗികതലത്തില്‍ വിധവയുടെ പ്രസ്താവത്തിനു സാംഗത്യമില്ല. കലയുടെ തലത്തില്‍ അതിനു വിശ്വാസ്യതയുമില്ല. ഒരു തകര്‍ന്നജീവിതത്തെ ഭാവനാത്മകമായി ചിത്രീകരിച്ച് യാഥാതഥ്യത്തിന്റെ തോന്നലുളവാക്കാനല്ല യത്നിച്ചത്. അതിനെ ഒരു ഐഡിയോളജിയിലേക്കു സംക്രമിപ്പിച്ചു കൈയടിനേടാനാണ്. മാത്രമല്ല ഈ പദ്യത്തിലെ വരികളിലടങ്ങിയ ആശയങ്ങള്‍ക്ക് അന്തസ്സുമില്ല. “മരിക്കസാധാരണമീവിശപ്പില്‍ദ്ദഹിക്കലോ നമ്മുടെ നാട്ടില്‍മാത്രം/ഐക്യക്ഷയത്താലടിമശ്ശവങ്ങള്‍ അടിഞ്ഞുകൂടും ചുടുകാട്ടില്‍ മാത്രം” എന്ന വരികളിലെ ആശയത്തിന്റെ ഉദാത്തതയെവിടെ? വൈലോപ്പിള്ളിയുടെ ആശയത്തിന്റെ അന്തസ്സാരശുന്യതയെവിടെ?

നിത്യജീവിതത്തിലെ മരണം ശോകദായകമാണ്. എന്നാല്‍ അതു കവിതയിലേക്കു കടക്കുമ്പോള്‍ അദ്ഭുതജനകമായിബ്ഭവിക്കണം. പഞ്ഞിക്കെട്ടില്‍ തീപിടിച്ചാലെങ്ങനെ? അതുപോലെ അനുവാചകഹൃദയത്തില്‍ ഒരനുഭവമുണ്ടാകണം. ഇതിനൊക്കെ അസമര്‍ത്ഥമാണ് വൈലോപ്പിള്ളിയുടെ പദ്യം. കാവ്യപ്രചോദനത്തിന്റെ അധമതലത്തില്‍ കവി വര്‍ത്തിച്ചിപ്പോള്‍ ആവിര്‍ഭവിച്ച ഒരധമപദ്യമാണ് “അരിയില്ലാഞ്ഞിട്ട്” എന്നത്. അതിനെ വാഴ്ത്താന്‍ തുടങ്ങിയാല്‍ നമ്മുടെ സാഹിതിനിരൂപണം കൂടുതല്‍ ജീര്‍ണ്ണിക്കും. രാജ്യത്തിന്റെ ജീര്‍ണ്ണതയ്ക്ക് അതും ഒരു കാരണമാകും. (ദേശാഭിമാനി വാരികയില്‍ ശ്രീ.കെ.ഇ.എന്‍. ഈ പദ്യത്തെക്കുറിച്ചെഴുതിയ ലേഖനം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.)

* * *

പേരക്കുട്ടിക്ക് ഒരു വലിയ ബലൂണ്‍ വാങ്ങിക്കൊണ്ടുവന്നു ഞാന്‍. കുട്ടി അത് ഊതിപ്പെരുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ “മതി, മതി പൊട്ടിപ്പോകും” എന്നു ഞാന്‍ പറഞ്ഞു. കുട്ടി അതു ശ്രദ്ധിച്ചില്ല. ഊതിവീര്‍പ്പിച്ച് ബലൂണ്‍ പൊട്ടിച്ചു. അതുപോലെ പ്രതിപാദ്യവിഷയത്തെ പെരുപ്പിക്കാവുന്നിടത്തോളമേ കവി പെരുപ്പിക്കാവൂ. ഇല്ലെങ്കില്‍ അതു ബലൂണ്‍പോലെ പൊട്ടിപ്പോകും. പൊട്ടിയാല്‍ പേരക്കുട്ടിക്കു മാനസികമായ ക്ഷീണം. കണ്ടുനില്ക്കുന്നവര്‍ക്കു വല്ലായ്മ. കവി വലൂതാക്കിയ പ്രതിപാദ്യവിഷയത്തെ വീണ്ടും ഊതിവലുതാക്കുന്നു നമ്മുടെ നിരൂപകര്‍. നിറുത്തൂ എന്നുപറയാനല്ലാതെ നമുക്കെന്തു കഴിയും?

സാഹിത്യചിന്ത

 1. അവര്‍ണ്ണനീയമായവിധത്തില്‍ വൃത്തികെട്ടവള്‍, അവര്‍ണ്ണനീയമായവിധത്തില്‍ നാറ്റം വ്യാപിപ്പിക്കുന്നവള്‍, അവര്‍ണ്ണനീയമായവിധത്തില്‍ യുവത്വമുള്ളവള്‍. ഞാന്‍ ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ എന്ന സ്ഥലത്തു ചെന്നിറങ്ങിയപ്പോള്‍ അവള്‍ ഓടി എന്റെ അടുക്കലെത്തി. തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിന്നു. വൃത്തികേടും നാറ്റവും എന്നെ പിറകോട്ട് കൊണ്ടു ചെല്ലേണ്ടതാണ്. പക്ഷേ നീങ്ങാനിടമില്ല. നീങ്ങിയാല്‍ ഓട്ടോറിക്ഷയില്‍ ചെന്നിടിക്കും. അവള്‍ ഒരുനിമിഷം കൊണ്ട് മാറുമറച്ചിരുന്ന സാരിയുടെ ഭാഗം വലിച്ചുതാഴെയിട്ടു. അത്രയും ഭാഗം റോഡില്‍ കിടന്ന് ഇഴഞ്ഞു. എന്നിട്ട് എന്റെ നേര്‍ക്കു കൈനീട്ടി. രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ പോക്കറ്റില്‍ കൈയിട്ടപ്പോള്‍ കിട്ടയത് രണ്ടുരൂപ നോട്ടാണ് അത് അവളുടെ കൈയിലേക്ക് ഇട്ടിട്ട് കൂലികൊടുക്കാന്‍ ഡ്രൈവറുടെ നേര്‍ക്കുതിരിഞ്ഞു. ഞങ്ങള്‍ ഒരുരൂപ കൂടുതല്‍ ചോദിച്ചാല്‍ തരില്ല. ചെറുപ്പക്കാരി മാറിടം അനാവരണംചെയ്തപ്പോള്‍ രണ്ടുരൂപ കൊടുക്കുന്നു എന്ന അര്‍ത്ഥം വരുന്നമട്ടില്‍ അയാളുടെ പുഞ്ചിരി. നോബല്‍ സമ്മാനം നേടിയ നേഡീന്‍ ഗോഡിമര്‍ ഈ ഭിക്ഷക്കാരിയെപ്പോലെയാണ് സെക്സ് കലര്‍ത്തുന്നതു രചനകളില്‍. വായനക്കാര്‍ അതുകണ്ടു ഭ്രമിക്കുമെന്ന് അവരുടെ വിചാരം. മുന്നൂറുരൂപ, നാന്നൂറുരൂപ എന്ന കണക്കിന് നോവല്‍ വാങ്ങിയവന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ അവ വായിക്കുന്നു. വായിച്ചില്ലെങ്കില്‍ രൂപ വെറുതേകളഞ്ഞു എന്ന തോന്നലുണ്ടാവില്ലേ?
 2. ഡോക്ടര്‍ കെ. ഭാസ്കരന്‍നായരും ചങ്ങമ്പുഴയും തിരുവനന്തപുരത്തെ മ്യൂസിയം പാര്‍ക്കില്‍ ഇരുന്നു സംസാരിക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ചങ്ങമ്പുഴ ഇരുന്ന പുല്‍ത്തകിടിയുടെ തൊട്ടടുത്ത് ഏതോ ചെടിയുടെ പൂങ്കുലകള്‍; അദ്ദേഹത്തിന്റെ കവിതപോലെ. ഭാസ്കരന്‍നായര്‍സ്സാറിന്റെ ഇടതുവശത്ത് അങ്ങിങ്ങു പൂക്കളുള്ള ചില കൊച്ചുമരങ്ങള്‍; അദ്ദേഹത്തിന്റെ ഗദ്യകൃതികള്‍പോലെ.