close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 01 06


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 01 06
ലക്കം 486
മുൻലക്കം 1984 12 30
പിൻലക്കം 1985 01 13
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എട്ടു വർഷം മുൻപാണ്. കമലാദാസും (മാധവിക്കുട്ടി) ഞാനും എന്റെ രണ്ടു പെണ്മക്കളുമായി തിരുവനന്തപുരത്തെ ‘റസിഡൻസി’യിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. സംഭാഷണത്തിൽ വിദഗ്ദ്ധയായ കമലാദാസ് പല കാര്യങ്ങളെക്കുറിച്ച് സംസാരിച്ചതിനിടയിൽ പറഞ്ഞു

ആറു നോവലുകളെഴുതി ലോങ്മാൻസിനു കൊടുത്തു. ഓരോന്നിനും പതിനായിരം രൂപ പ്രതിഫലം. പണം ഒരുമിച്ചു വാങ്ങി നാലപ്പാടു വീട് നന്നാക്കണം. ഇപ്പോഴേ. ഓരോ മുറി തുറക്കുമ്പോഴും ആന എഴുന്നേറ്റു നടന്നു വരുന്നു.
ഞാൻ അദ്ഭുതത്തോടെ ചോദിച്ചു
ആനയോ?
കമലാദാസിന്റെ മറുപടി
അതേ, ഇരുട്ടേ, ഇരുട്ട്.

കവിയായ ശ്രീമതി ഇരുട്ടിനെ ആനയായി കാണുകയായിരുന്നു. കവിക്കു യോജിച്ച സങ്കല്പം എന്നു ഞാൻ വിചാരിച്ചു.

ഈ സംഭവത്തിനും കുറേ വർഷം മുൻപ് ജി. ശങ്കരക്കുറുപ്പിനോടൊരുമിച്ച് ഞാനൊരു സമ്മേളനത്തിനു പോയി; പാലായ്ക്ക് അടുത്തുള്ള വിളക്കുമാടം എന്ന സ്ഥലത്ത്. കൂടെ എ. ഡി. ഹരിശർമ്മയുമുണ്ടായിരുന്നു. പന്തളം അടുക്കാറായാപ്പോൾ മഹാകവി പത്രം വായിക്കാൻ തുടങ്ങി. കാറ് വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നതിനാൽ ഇരമ്പിക്കയറിയ കാറ്റ് പത്രത്തെ വല്ലാതെ ചലനം കൊള്ളിച്ചു. ജി. എത്ര ശ്രമിച്ചിട്ടും അത് കൈയിലൊതുക്കി വയ്ക്കാൻ സാധിച്ചില്ല. ഞെരിയുകയും പിരിയുകയും തുള്ളുകയും ചെയ്യുന്ന പത്രത്തെ നോക്കി കൊണ്ട് കവി മൊഴിയാടി: — “ഹായ് ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞിനെ അടക്കിയിരുത്താൻ ഇത്ര പ്രയാസമില്ല.” ശങ്കരകുറുപ്പ് നല്ല കവിയാണെങ്കിലും ആ പ്രയോഗം കല്പനാഭാസമാണെന്ന് എനിക്കു തോന്നിപ്പോയി.

കമലാദാസും ജി. ശങ്കരകുറുപ്പും കവികൾ. രണ്ടുപേരും സത്യം ദർശിക്കുന്നവർ. തങ്ങൾ കണ്ട സത്യം ആവിഷ്കരിച്ചപ്പോൾ രണ്ടും രണ്ടു വിധത്തിലായി. ആദ്യത്തേത് സ്വാഭാവികം. രണ്ടാമത്തേത് കൃത്രിമം. ഇവിടെ ഞാൻ ജി. യെ നിന്ദിക്കുകയല്ല. എനിക്കു തോന്നിയ ഒരു വസ്തുതയ്ക്ക് സ്ഫുടീകരണം നൽകാൻ ശ്രമിക്കുന്നതേയുള്ളൂ; അതിനു വേണ്ടി രണ്ടു സംഭവങ്ങളെ ആശ്രയിക്കുന്നതേയുള്ളൂ. ഏതു കവിയും സത്യം പ്രതിപാദിക്കുമ്പോൾ അനുവാചകനെ അതിൽ പങ്കു കൊള്ളാൻ ആദരത്തോടെ ക്ഷണിക്കുകയേ പാടുള്ളൂ. താൻ കണ്ട സത്യം വായനക്കാരനിൽ അടിച്ചേൽപ്പിക്കരുത്. അങ്ങനെയുള്ള അടിച്ചേൽപ്പിക്കൽ അക്രമവും ആക്രമണവുമാണ് (രണ്ടു വാക്കുകളും രണ്ടർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു). അടുത്ത കാലത്തു മാതൃഭൂമി ആഴ്ചപതിപ്പിൽ പരസ്യപ്പെടുത്തിയ ജി. യുടെ ആത്മകഥ ഈ രീതിയിൽ സത്യത്തിന്റെ നിഷേധമായിരുന്നു. മഹാകവി കള്ളം പറഞ്ഞു എന്നല്ല ഞാൻ കരുതുന്നത്. വ്യക്തി സത്യം പറയുമ്പോഴും ശ്രോതാവിന് അതു കള്ളമായി തോന്നുന്നത് വക്താവ് “ഞാൻ പറയുന്ന ഈ സത്യത്തിൽ താങ്കൾ കൂടി ഭാഗഭാക്കാകൂ” എന്നു മൂകമായി പ്രസ്താവിക്കാതിരിക്കുമ്പോഴാണ്. താൻ സത്യവാദി, താൻ പ്രതിഭാശാലി, തന്റെ അനന്യസാധാരണമായ കഴിവു കൊണ്ടു മാത്രം കൈവന്ന മഹനീയ സ്ഥാനം കണ്ട് അസൂയാലുക്കളായി ഏവരും തന്നെ പേഴ്സിക്യൂട്ട് ചെയ്തു — ഇതായിരുന്നു ശങ്കരകുറുപ്പിന്റെ മട്ട്. ആകാശവാണിയിൽ ജോലിയായിരുന്ന കാലത്തു മാത്രമല്ല ഈ പേഴ്സിക്യൂഷൻ മേനിയ. വിവാഹം തൊട്ടാണല്ലോ ആത്മകഥയുടെ ആരംഭം. അപ്പോൾ തുടങ്ങുന്നു ഈ ഉന്മാദം. അവസാനത്തെ വാക്യം വരെയുമുണ്ട് അത്.

“പശു എത്ര പാലുതരും?” പശുവിന്റെ ഉടമസ്ഥനോട് അന്യന്റെ ചോദ്യം. “പശു പാല് ഒട്ടും തരികയില്ല. ഞാൻ ബലാൽക്കാരമായി ഇടങ്ങഴിപ്പാലു കറന്നെടുക്കുകയാണ്.” എന്ന് അയാളുടെ മറുപടി. ജീവിതം പശുവാണ്. പാല് കറന്നെടുക്കാൻ നമ്മൾ നിർബന്ധരുമാണ്. സമ്മതിച്ചു. എന്നാൽ പശുക്കുട്ടി ചത്തു പോയാൽ ആ തള്ളപ്പശുവിനെ വെറുതേ വിട്ടേക്കണം. ചത്ത കന്നിന്റെ ഉള്ളിൽ പഞ്ഞി നിറച്ചു വച്ച് ആ കോലം പശുവിന്റെ മുൻപിൽ നിർത്തി അകിടു ചുരത്തിക്കാൻ ശ്രമിക്കരുത്. അതു ദുഷ്ടതയാണ്. പല സാഹിത്യകാരന്മാരും സംസ്കാരം പ്രസംഗിച്ചു കൊണ്ട് ചത്ത പശുക്കുട്ടിയുടെ കോലം ജീവിതധേനുവിന്റെ മുൻപിൽ നിറുത്തി പാലു കറന്നെടുക്കുന്നു.

പീഡിപ്പിക്കൽ

ഹാസ്യത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പലതാണ്. ഫ്രഞ്ച് തത്ത്വചിന്തകൻ ആങ്റീ ബർഗ്സൊങ്ങിന് (Henri Bergson) ഒരു സിദ്ധാന്തം. ഓസ്ട്രിയൻ ന്യൂറോളജിസ്റ്റ് സീഹ്മുന്റ് ഫ്രായിറ്റിനു (Sigmund Freud) വേറൊരു സിദ്ധാന്തം. ഹംഗറിയൻ ചിന്തകൻ ഒർറ്റുർ കൊയ്സ്റ്റലർക്ക് (Arthur Koestler) വേറൊരു സിദ്ധാന്തം. ഓരോന്നു മനസ്സിലാക്കുമ്പോഴും അതാണു ശരിയെന്നു നമുക്കു തോന്നും. ഇവിടെ കൊയ്സ്റ്റലറുടെ അഭിപ്രായം മാത്രം പരിശോധിക്കുകയാണ്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ ബിഷപ്പുമായി രതി ക്രീഡയിൽ ഏർപ്പെട്ടിരിക്കുന്നതു കണ്ടു. അയാൾ ഉടനെ ജന്നലിന്റെ അരികിൽ ചെന്നു നിന്നു റോഡിലൂടെ പോകുന്ന ആളുകളെ കൈകളുയർത്തി അനുഗ്രഹിക്കാൻ തുടങ്ങി. “നിങ്ങളെന്താണു ചെയ്യുന്നത്?” എന്നു ഭാര്യയുടെ വേദനയോടു കൂടിയുള്ള ചോദ്യം. “ഞാൻ ചെയ്യാനുള്ളത് ബിഷപ്പ് ചെയ്യുന്നതു കൊണ്ട് അദ്ദേഹം ചെയ്യാനുള്ളത് ഞാൻ ചെയ്യുന്നു” എന്നു അയാളുടെ ഉത്തരം. ഇവിടെ ബിഷപ്പിനു അടി കൊടുക്കുക എന്ന പരകോടി ഉണ്ടാകുന്നില്ല. ടയറിയിൽ നിന്നു കാറ്റു പോകുന്നതു പോലെ പിരിമുറുക്കത്തിന് അയവു വരുന്നു. ‘ഞാൻ മണ്ടനാക്കപ്പെട്ടു’ എന്ന വിചാരത്തോടെ നേരമ്പോക്കു കേൾക്കുന്നവൻ ചിരിക്കുന്നു.

ചെറുപ്പക്കാരൻ പാതിരിയോട്
അച്ചാ പെൺകുട്ടിയോടു കൂടി ഉറങ്ങുന്നത് അത്ര പാപമാണോ?
പാതിരി മറുപടി നൽകി
ഹേ, അത്ര പാപമൊന്നുമല്ല അത്. പിന്നെ, ചെറുപ്പക്കാരായ നിങ്ങൾ ഉറങ്ങാറില്ലല്ലോ അപ്പോൾ.

പരകോടിയിലേക്ക് ഉയരേണ്ട പിരിമുറുക്കത്തിന് ഇവിടെ ശൈഥില്യം വരുന്നു. അതുതന്നെയാണ് ചിരിക്കു കാരണം. ഉത്കൃഷ്ടമായ ഹാസ്യം ആശയാധിഷ്ഠിതമാണ്. അതിനാൽ ബിഷപ്പിനെ സംബന്ധിച്ച ഫലിതം ഉത്കൃഷ്ടമത്രേ. ഇനി പി. ഏ. എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ “അമ്മിണിക്കുട്ടിയുടെ കടുംകൈ അഥവാ മലയാള സാഹിത്യം വഴിത്തിരിവിൽ” എന്ന കഥ വായിച്ചാലും. ഗുരുവും ശിഷ്യയും അനുരാഗത്തിൽ. ഒടുവിൽ ശിഷ്യ കഥയെഴുത്തുകാരിയാകുന്നു. ഗുരു പത്രാധിപരും. ചില വാക്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നേരമ്പോക്കേ ഇതിലുള്ളൂ. കഥയാകെ വായിച്ചു കഴിയുമ്പോൾ കഥാകാരൻ വായനക്കാരനെ ഇങ്ങനെ പീഡിപ്പിക്കേണ്ടിയിരുന്നില്ല എന്ന തോന്നൽ.

കോടാലികൾ

വികട ചിത്രങ്ങൾ ഏവ? സൺ ഇൻ ലായുടെ സ്ക്കൂട്ടറിന്റെ പിറകിൽ കയറിയിരിക്കുന്ന ഫാദർ ഇൻ ലാ. പെണ്ണിന്റെ കഴുത്തിൽ ചെറുക്കൻ താലികെട്ടുമ്പോൾ ചാഞ്ഞും ചരിഞ്ഞും മുട്ടു മടക്കിയും നിന്നു പടം പിടിക്കുന്ന ഫോട്ടോഗ്രാഫർ. പ്രതിയോഗി തെറി വിളിക്കുമ്പോൾ ഒന്നും ചെയ്യാൻ പാങ്ങില്ലാതെ “ അതു് ഒന്നുകൂടെ പറയെടാ” എന്നു് ഉറക്കെപ്പറയുന്ന ദുർബ്ബലൻ. കാമത്തിന്റെ അതിപ്രസരമുള്ള ചലച്ചിത്രങ്ങൾ പതിവായി കാണാൻ പോകുന്ന വൃദ്ധ. മകനെയും അവന്റെ ഭാര്യയെയും സ്വാതന്ത്ര്യത്തോടെ നടക്കാൻ അനുവദിക്കാതെ അവരുടെകൂടെ എപ്പോഴും നടക്കുന്ന അമ്മായിഅമ്മ. ഭർത്താവു വിരൂപനായതു കൊണ്ടു ലോകത്തുള്ള സകല പുരുഷന്മാരെയും കുരങ്ങൻ എന്നു വിളിക്കുന്ന സ്ത്രീ. പണ്ടെങ്ങോ പഠിപ്പിച്ചുപോയ ആളുകളെ കാണുമ്പോൾ അവരിൽനിന്നെല്ലാം ’നമസ്തേ’ പ്രതീക്ഷിക്കുന്ന പള്ളിക്കൂടം/കോളേജ് വാദ്ധ്യാർ. ഡിക്കൻസിന്റെ ഒരു നോവലുപോലും വായിക്കാതെ മർകേസിന്റെ നോവൽ കക്ഷത്തിടുക്കി നടക്കുന്ന ഡിലിറ്റാന്റി എന്നു ഇംഗ്ലീഷ് വാക്കെഴുതുന്നവൻ. ഹാസ്യം തൊട്ടുതേച്ചിട്ടില്ലാത്ത വിരസമായ കത്തയെഴുതിയിട്ട് അതുഹാസ്യകഥയാണെന്നു് അവകാശപ്പെടുന്ന ആൾ. (ഉദാ. ജനയുഗം വാരികയിലെ ‘കോടാലി’ – രചയിതാവു് മണർക്കാട് വിജയൻ. യഥാർത്ഥത്തിൽ കോടാലിതന്നെയാണു് ഈ കഥ.)

മുഖചിത്രമെന്ന മുഖക്കുരു

കാമുകിക്കു് ഒരു മുഖക്കുരു ഉണ്ടെങ്കിൽ കാമുകൻ അതു വകവക്കില്ല. അവളോടുള്ള സ്നേഹത്തിനു് ആ മുഖക്കുരു ഒരു കുറവും വരുത്തുകയില്ല. എന്നാൽ ചിത്രം വരച്ചയാൾ ആ മുഖക്കുരുകൂടെ വരച്ചാൽ അയാൾക്കു കോപം വരും. കാരണം അയാളുടെ സൗന്ദര്യബോധത്തിനു് അതു് ഹാനിയുളവാക്കുന്നു എന്നതാണു്.കൗമുദിയുടെ ചിത്രം കലാസൃഷ്ടിയായതുകൊണ്ടു് വിരൂപമായ മുഖക്കുരു ചിത്രത്തിൽ വരാൻ പാടില്ല എന്നതാണു് സഹൃദയനായ ആ കാമുകന്റെ വിചാരം. അതു ശരിയാണുതാനും. എൺപതു വയസ്സായ സ്ത്രീ മാറു മറയ്ക്കാതെ ഒറ്റത്തോർത്തുടുത്തു് നില്‌ക്കുന്നുവെന്നു കരുതു. അവരെ കാണുന്നവർക്കൂ് ഒരു ബഹുമാനക്കുറവും ഉണ്ടാകുകയില്ല. പക്ഷേ, ആ വൃദ്ധയുടെ ചിത്രം വാരികയുടെ പുറന്താളിൽ വരുമ്പോൾ വായനക്കാരൻ പുരോഗാമിയായാലും പ്രതിലോമകാരിയായാലും മാർക്‌സിസ്റ്റായാലും ആന്റിമാർക്‌സിസ്റ്റായാലും വൈരസ്യത്തിൽ വീഴും; അയാൾക്കു സൗന്ദര്യബോധമുണ്ടെങ്കിൽ. ദേശാഭിമാനി വാരികയുടെ (ലക്കം 25) മുഖചിത്രം ജുഗുപ്സാവഹമാണു്. ആ സ്ത്രീയെ നേരിട്ടുകണ്ടാൽ എനിക്കു ബഹുമാനം തോന്നിയേക്കും. മുഖചിത്രം കാണുമ്പോൾ വെറുപ്പും. പാവ്‌ലോ നെറൂതയുടെ ആത്മകഥയിലാണെന്നു തോന്നുന്നു കമ്മ്യൂണിസ്റ്റ്, സൗന്ദര്യത്തിന്റെ ശത്രുവല്ല എന്നു പറഞ്ഞിട്ടുണ്ടു്. ദേശാഭിമാനിക്കും അംഗീകരിക്കാവുന്ന സത്യമാണിതു്. ഞാനിതു പറഞ്ഞാൽ ചെറുപ്പക്കാരിയുടെ കാമോദ്ദീപകമായ അവയവം കാണിക്കാത്തതുകൊണ്ടാണു് കൃഷ്ണൻ നായർക്കു പരാതി എന്നു ചിലരെങ്കിലും അഭിപ്രായപ്പെട്ടേക്കും. അങ്ങനെ അഭിപ്രായപ്പെടരുതെന്നും എന്റെ ഉദ്ദേശ്യത്തിന്റെ ശുദ്ധി ഗ്രഹിക്കണമെന്നും അപേക്ഷിക്കുന്നു. തിരഞ്ഞെടുപ്പുകാരുടെ ഭാഷയിലാണെങ്കിൽ അഭ്യർത്ഥിക്കുന്നു. അപേക്ഷിക്കുന്നു.

ഹനുമാൻ സുന്ദരൻ

തിരുവനന്തപുരത്തെ സകല നേരമ്പോക്കുകളുടെയും ജനയിതാവ് അടൂർഭാസിയാണ്. കഷണ്ടിക്കാരനാണെങ്കിലും ആകൃതി സൗഭഗമുള്ള സി.എൻ. ശ്രീകണ്ഠൻ നായരെക്കുറിച്ചൂ് അദ്ദേഹം ഉണ്ടാക്കിയ നേരമ്പോക്കു് പ്രസിദ്ധമാണു്. ശ്രീകണ്ഠൻ നായരുടെ വിവാഹം കഴിഞ്ഞു. വിവാഹത്തിൽ പങ്കുകൊള്ളാൻ സാധിക്കാത്ത ചില ബന്ധുക്കൾ അദ്ദേഹത്തെ കാണാനെത്തി. ടൗൺഹാളിൽ കാഞ്ചന സീത എന്ന നാടകം അഭിനയിക്കുന്നുവെന്നറിഞ്ഞു് അതിലെ ഒരഭിനേതാവായ ശ്രീകണ്ഠൻ നായരെ അവിടെ വച്ചു കാണാമെന്നു കരുതിയാണു് അവിടെയെത്തിയതു്. അപ്പോൾ ആരോ പറഞ്ഞു; സി. എൻ. ഹനുമാന്റെ വേഷം കെട്ടി നില്ക്കുകയാണു്. ഇപ്പോൾ കാണേണ്ട. നാടകം കഴിഞ്ഞു് വേഷമഴിച്ചതിനുശേഷം കാണാം. ബന്ധുക്കൾ കാത്തുനിന്നു. സാക്ഷാൽ സി. എൻ. അവരുടെ മുൻപിലെത്തിയപ്പോൾ ഒരു ബന്ധു പറഞ്ഞത്രേ. “ഹനുമാന്റെ വേഷംകെട്ടിനിന്ന രൂപമായിരുന്നു ഇപ്പോഴത്തെ ഈ രൂപത്തെക്കൾ നല്ലതു്.”

“കലയെസ്സംബന്ധിച്ച പുരോഗതിയേക്കാൾ പ്രാധാന്യം സാമ്പദികമായ സംവിധാനത്തിനാണെന്നു വിശ്വസിക്കുന്ന” മാർക്‌സിസ്റ്റ് പ്രചാരണം അംഗീകരിച്ചിരിക്കുന്നു. അതു് രഹസ്യമായി വച്ചിരിക്കുകയല്ല. പരസ്യംതന്നെയാണതു്. പക്ഷേ, കലയുടെ ചട്ടക്കൂടിലൊതുങ്ങിയ പ്രചാരണത്തിനാണു് ശക്തിയെന്നു് അത്തരം കഥകളും കാവ്യങ്ങളുമെഴുതുന്നവർക്കു് അറിഞ്ഞുകൂടാ. പാവ്‌ലോ നെറൂതയുടേയും യാനീസ് റീറ്റ്സോസിന്റെയും ഏതു കാവ്യംവേണമെങ്കിലും നോക്കൂ. പ്രചരണാംശമുണ്ടു്. കലാത്മകത്വത്തിന്റെ അതിപ്രസരവുമുണ്ടു്. അങ്ങനെ പ്രചരണാംശം ശക്തിയാർജ്ജിക്കുന്നു. അവിദഗ്ദ്ധരായ കുറേപ്പേർ ദേശാഭിമാനി വാരികയിൽ സാമ്പത്തിക സംവിധാനത്തിനു് ഊന്നൽ നല്‌കിക്കൊണ്ടു് കഥകൾ എഴുതിയിരുന്നു. അവ ചവറുകളണെന്നു ഗ്രഹിച്ചതുകൊണ്ടാവാം ഒരു മാറ്റം ഇപ്പോഴത്തെ കഥകളിൽ വരുത്തിയിരിക്കുന്നു. പക്ഷേ, ഈ മാറ്റത്തെക്കൾ നല്ലതു് മാറ്റമില്ലാതിരുന്ന ആദ്യത്തെ അവസ്ഥതന്നെയാണ്. മുൻപുള്ള കഥകളിൽ പ്രചരണത്തിന്റെ ആധിക്യമെന്ന ദോഷമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എല്ലാദോഷങ്ങളും പ്രകടമാകുന്നു. മേഘനാദൻ ദേശാഭിമാനി വാരികയിലെഴുതിയ “വാതിൽ മണിമുഴങ്ങുന്നു” എന്ന കഥ വായിച്ചുനോക്കിയാൽ മതി. വേഷം ധരിച്ച സി. എൻ. ശ്രീകണ്ഠൻ നായർ വേഷമഴിച്ചു വച്ച ശ്രീകണ്ഠൻ നായരേക്കാൾ ഭേദമാണെന്നു് ആരും സമ്മതിക്കും. ചെറുപ്പക്കാരിയും ഭർത്താവും ഒരു ഫ്‌ളാറ്റിൽ താമസം. എതിരുവശത്തെ ഫ്‌ളാറ്റിൽ പ്രായം കൂടിയ വിധവ. ചെറുപ്പക്കാരിയുടെ ദാമ്പത്യജീവിതത്തിൽ അസൂയയുള്ള വിധവ ഓരോന്നു ചോദിച്ചും ’വാതിൽമണി’ ശബ്ദിപ്പിച്ചും അവളെ പീഡിപ്പിക്കുന്നു. പ്രചരണാത്മകങ്ങളായ കഥകളിലെ പ്രചരണാംശം – സാമ്പദികാശയങ്ങൾ അല്ലെങ്കിൽ രാഷ്ടീയ സിദ്ധാന്തങ്ങൾ – അടർത്തിയെടുത്തു പരിശോധിക്കാം. അങ്ങനെ അടർത്തിയെടുക്കാമെന്നതുതന്നെയാണ് അതിന്റെ ന്യൂനത. മേഘനാഥന്റെ കഥയിലെ സൈക്കോളജിയും വേർതിരിച്ചെടുത്തു വിമർശിക്കാം. അതാണു് കഥയുടെ ദോഷം. ഈ സൈക്കോളജി മഹിർദാഗസ്ഥമാണു്; സൂപർഫിഷലാണു്. അങ്ങനെ കഥ കൂടുതൽ വഷളാകുന്നു. പ്രചരണാംശം കൂടിയ കഥകൾ കലയെ അവലംബിച്ചു നോക്കുമ്പോൾ അധമം. ‘എക്സ്പ്ലിസിറ്റും’ (സ്ഫുടവു) കപടവും ആയ സൈക്കോളജി മോരും മുതിരയുമ്പോലെ കലർത്തിയ “ വതിൽമണിമുഴങ്ങുന്നു” എന്ന കഥ അധമതമം.

* * *

സുപ്രമാണതയില്ലാത്ത മനഃശാസ്ത്ര തത്വങ്ങളെ ലക്ഷ്യമാക്കി കഥയെഴുതുന്നതു് ക്ഷുദ്രമായ ഏർപ്പാടാണു്. ഈറ്റാലോസ്വേവോയുടെ The Confessions of Zeno എന്ന നോവൽ ഇതു വ്യക്തമാക്കിത്തരുന്നു. പ്രധാന കഥാപാത്രത്തിനു മാനസികരോഗം. മനഃശാസ്ത്രജ്ഞൻ ഫ്രായിറ്റിന്റെ സിദ്ധാന്തമനുസ്സരിച്ചു അതിനു വ്യാഖ്യാനം നൽകുന്നു. പക്ഷേ പ്രമേഹമായിരുന്നു അയാളുടെ രോഗം. സത്യം മനസ്സിലാക്കിയ കഥാപാത്രം ചികിത്സ വേണ്ടെന്നുവയ്ക്കുന്നു. (സ്വേവോയുടെ നോവൽ പെൻഗ്വിൻ ബുക്ക്സ് പ്രസാധനം ചെയ്തിട്ടുണ്ടു്)

ഒഥല്ലോ കുറ്റക്കാരനല്ല

തത്ത്വചിന്തയിൽ വിചിത്രമായ ഒരു വാദമുണ്ടു്. ദുശ്ശങ്കകൊണ്ടല്ല ഒഥല്ലോ ഡെസ്ഡിമോണയുടെ കഴുത്തു ഞെക്കിയതു്. ചില ശാരീരിക പ്രേരകങ്ങൾ ഇയാഗോയിൽ പ്രവർത്തിച്ചപ്പോൾ ചില ശബ്ദങ്ങൾ അയാളിൽ നിന്നുളവായി. ആ ശബ്ദങ്ങൾ ഒഥല്ലോയുടെ തലച്ചോറിൽ വൈദ്യുതിയോടും രാസവിദ്യയോടും ബന്ധപ്പെട്ട മാറ്റങ്ങൾ ഉളവാക്കിയപ്പോൾ അയാളുടെ കൈകളിലെ മംസപേശികൾക്ക് സങ്കോചം വരികയും കൈകൾ ഡെസ്ഡിമോണയുടെ കഴുത്തിൽ ചെന്നു പതിക്കുകയും ഞെക്കുക എന്ന പ്രക്രിയ നടക്കുകയും ചെയ്തു. പാവം ഒഥല്ലോ! ഹീനക്രിത്യത്തിനു് അയാളല്ല ഉത്തരവാദി. മനോരമ ആഴ്ച്ചപ്പതിപ്പിലെ ‘കിനാവും കണ്ണീരും’ എന്ന രചനയ്ക്കു് ഉഷ തന്നെയോ ഉത്തരവാദിത്വം വഹിക്കേണ്ടത്? അല്ല. അല്ല. പലരുടേയും പേരുകൾ വാരികകളിൽ അച്ചടിച്ചു വരുന്നു. ആ പേരുകളിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ നേത്രയവനികയിൽ ചെന്ന് വീണ് സ്വന്തം പേരും അച്ചടിച്ചു കാണാനുള്ള ഇംപൾസസ് ഉഷയുടെ തലച്ചോറിൽ എത്തുന്നു. വൈദ്യുതിയോടും രാസവിദ്യയോടും ബന്ധപ്പെട്ട പ്രക്രിയകൾ. സിരകളിൽകൂടി സന്ദേശം. കൈകളിലെ മംസപേശികൾക്കു മാറ്റം. ആ മാറ്റം കൊണ്ട് പേന കൈക്കുള്ളിലാകുന്നു. ഇടതുകയ്യിലെ മാറ്റം കടലാസ്സെടുത്ത് മുൻപിൽ വയ്പ്പിക്കുന്നു. എഴുത്തോട് എഴുത്തുതന്നെ. കമ്പനിയുടമസ്ഥൻ ജോലിക്കാരിയെ ഗർഭിണിയാക്കുന്നു. ഗർഭം അലസിപ്പിക്കുന്നു. അവളുടെ ആരോഗ്യം നശിക്കുന്നു. കഴുത്തു ഞെക്കുന്നതിന് ഒഥല്ലോ ഉത്തരവാദിയല്ലെങ്കിലും ഡെസ്ഡിമോണ മരിച്ചു. ഒഥല്ലോ അറസ്റ്റിലുമായി. ഉഷയ്ക്ക് രചനയെ സംബന്ധിച്ച ഉത്തരവാദിത്വമില്ലെങ്കിലും കല മരിക്കുന്നു. പീനൽകോഡിൽ കലാഹിംസയ്ക്ക് ശിക്ഷയില്ലാത്തതു കൊണ്ട് ഉഷ വീട്ടിൽതന്നെ സസുഖം കഴിഞ്ഞുകൂടുന്നു. പക്ഷേ കലയുടെ മരണം കണ്ട് വായനക്കാരും മരണപ്രായരായി മാറുന്നു. ആരെയും കുറ്റപ്പെടുത്താനാകില്ല. തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളും മാംസപേശികളുടെ സങ്കോചങ്ങളുമാണ് ഒഥല്ലോ. ഉഷ ഇവരെ ഇത്തരത്തിലാക്കുന്നത്.

* * *

സത്യത്തിന്റെ എല്ലാ അംശങ്ങളും പ്രകടങ്ങളല്ല. പലതും പ്രച്ഛന്നങ്ങളാണ്. അവയെ പ്രത്യക്ഷങ്ങളാക്കുന്ന കൃത്യമാണ് സാഹിത്യകാരന്റേത്. ആ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് രൂപമുണ്ടാവുക. സിതോപലത്തിലെ അഗ്നിക്ക് രൂപം കൊള്ളാൻ ആഗ്രഹമുണ്ട്. ആ അഗ്രഹമാണ് സിതോപലമായി മാറുന്നത്. ഭാവാത്മകത്വത്തിന് രൂപമുണ്ടാകുമ്പോൾ കവിതയായി. വ്യക്തിയുടെ കറുത്ത കണ്ണുകളിലൂടെ, അവയുടെ ഭാവനയെ വ്യാപരിപ്പിക്കുന്ന ജി. എൻ. പണിക്കർ “നിന്റെ ഈ കറുത്ത കണ്ണുകൾ” എന്ന കഥയ്ക്ക് രൂപം നൽകുന്നു. സത്യത്തിന്റെ ചില അംശങ്ങൾ വ്യഞ്ജിപ്പിക്കുന്നു. ഭാവാത്മകമാണ് ഈ കഥ. ഭാവാത്മകതയ്ക്ക് സ്വാഭാവികമായുള്ള അസ്പഷ്ടതയും ഇതിനുണ്ട് (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

ക്ഷുദ്രം

കരേണു കാന്താ രമണം കൊതിച്ച്
കരേണു കാന്താ രമണം കൊതിച്ച്
കരീന്ദ്രനില്ലാത്ത കരേണു പോലെ
കരേണു കാന്താ രമണം കൊതിച്ച്

[കാന്താ = ഭാര്യ, രമണം കൊതിച്ച് = ഭർത്താവിനെ കാണാൻ കൊതിച്ച്, കരേണു = കരയുന്നു. കാന്താരമണം കൊതിച്ച് = കാട്ടിന്റെ മണം കൊതിച്ച്, കരേണു = പിടിയാന (കരേണു = കരയുന്നു, കരീന്ദ്രനില്ലാത്ത കരേണുപോലെ = കൊമ്പനാനയില്ലാത്ത പിടിയാനയെപ്പോലെ, കാന്താ = ഭാര്യ, രമണം കൊതിച്ച് കരേണു = ഭർത്താവിനെ കാണാൻ കൊതിച്ച് കരയുന്നു.) ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് അദ്ധ്യാപകൻ ബോർഡിലെഴുതിയിട്ട പദ്യമാണിത്. അന്ന് അർഥം മനസ്സിലായില്ല.

നോർമൻ മേലർ (Norman Mailer) എന്ന അമേരിക്കൻ സാഹിത്യകാരൻ മർലിൻ മൺറോ (Merilyn Monroe) എന്ന അമേരിക്കൻ ചലച്ചിത്രതാരത്തെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. മർലിന്റെ അനേകം ചിത്രങ്ങൾ ചേർത്തിട്ടുള്ള ആ പുസ്തകം ആകർഷകമാണ്. അതിലൊരിടത്ത് മേലർ പറയുന്നു, Marilyn എന്നതിലെ ‘A’ എന്ന അക്ഷരം രണ്ടു തവണ എഴുതുകയും Monroe എന്നതിലെ ‘O’ എന്ന അക്ഷരം ഒരു തവണ ഉപയോഗിക്കുകയും, ‘Y’ എന്ന അക്ഷരം വിട്ടുകളയുകയും ചെയ്താൽ ശേഷമുള്ള അക്ഷരങ്ങളെ മാറ്റിമറിച്ചു Norman Mailer എന്നാക്കാമെന്ന് (Maariln Monre — Norman Mailer). എന്തിന് ഈ കിറുക്ക്? താനും മെർലിനും അടുപ്പമായിരുന്നു എന്നു കാണിക്കാനോ? എന്തായാലും മുകളിലെഴുതിയ പദ്യത്തിനും മേലറുടെ ഈ കണ്ടുപിടിത്തത്തിനും ഒരു ചെറിയ രസം നൽകാനുള്ള കഴിവുണ്ട്. ഈ കഴിവിൽക്കവിഞ്ഞ് ഒന്നുമാകുന്നില്ല നമ്മുടെ ചില ഹാസ്യ സാഹിത്യകാരന്മാരുടെ രചനകൾ. ഭേദപ്പെട്ട ഹാസ്യകഥകളെഴുതിക്കൊണ്ടിരുന്ന ജെ. ഫിലിപ്പോസിന്റെ (തിരുവല്ല) സ്ഥിതിയും വിഭിന്നമല്ല. ചില പദപ്രയോഗങ്ങൾ കൊണ്ട് ഹാസ്യം ഉദ്പാദിപ്പിക്കാനാണ് അദ്ദേഹത്തിന്റെ യത്നം. പദപ്രയോഗവൈലക്ഷണ്യത്തിൽ ഒതുങ്ങിയ ഹാസ്യം അധമമാണ്. “പഞ്ചനക്ഷത്രങ്ങളേ തുണ” (മനോരാജ്യം) എന്ന കഥയിൽ ഇതുണ്ട്. അതിലെ ആശയവും വികലം. ഡോക്ടറുടെ സ്റ്റെതസ്കോപ്പിൽ ഒരു വണ്ടു കയറിയിരുന്നു മൂളുന്നുണ്ടായിരുന്നു. ആ മൂളൽ രോഗിയുടെ ഹൃദയത്തിൽനിന്നുണ്ടാകുന്ന ശബ്ദമാണ് എന്ന് ധരിച്ച് അയാളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും മറ്റുമാണ് ഇതിലെ പ്രതിപാദ്യവിഷയം. ‘സിലി’ എന്നല്ലാതെന്തുപറയാൻ?

കവിയരങ്ങുകൾ

ഈ ലേഖനമെഴുതുന്നയാൾ ചെറുപ്പകാലത്ത് കവിത എഴുതുമായിരുന്നു. ഞാൻ അതൊക്കെ എ. ബാലകൃഷ്ണപിള്ളയെ വായിച്ചു കേൾപ്പിച്ചു. ‘നന്നായിട്ടുണ്ട്’ എന്നു പറഞ്ഞ് അദ്ദേഹം അവ എന്റെ കയ്യിൽ നിന്ന് വാങ്ങി വായിച്ചു. എന്നിട്ട് പറഞ്ഞു: “ചവറ്.” ഏതു ഗദ്യവും രാഗത്തിൽ ചൊല്ലിയാൽ മനോഹരമാകും. കവിയരങ്ങുകൾക്കുള്ള ന്യൂനത അതു തന്നെ. ചൊല്ലുന്നവന്റെ കഴിവ് കൂടുന്തോറും കവിതയുടെ മനോഹാരിത കൂടുന്നു. “മരച്ചീനി വയ്ക്കാനരയ്ക്കട്ടെ തേങ്ങപെരുക്കാലനും വന്നിരിക്കട്ടെ തിന്മാൻ” എന്നത് യേശുദാസൻ പാടിയാൽ ചേതോഹരമായ ലിറിക്കായി മാറും. ഈ സത്യം ഭംഗിയായി പറയുന്നു, എസ്. ഭാസുരചന്ദ്രൻ. അതിന്റെ കൂടെ മറ്റൊരു സത്യവും. താൻ രൂപം നൽകിയ കലാസൃഷ്ടിയെ മാറ്റിനിറുത്തിയാലേ പുതിയ കലാസൃഷ്ടിക്ക് രൂപം കൊടുക്കാൻ കലാകാരന് കഴിയൂ എന്ന സത്യം. ഇവിടത്തെ കവികൾ ഭേദപ്പെട്ട കാവ്യം രചിച്ചാൽ ആയിരമായിരം സദസ്സുകളിൽ അതു ചൊല്ലുന്നു. ഏറെക്കേട്ടു കഴിയുമ്പോൾ അത് റിഡിക്യുലസായിത്തീരുകയും ചെയ്യുന്നു. ഹോതോണിന്റെ ‘The Artist of the Beautiful’ എന്ന കഥയിലെ പ്രധാന കഥാപാത്രം ഒരു വാച്ച് റിപ്പയററാണ്. അയാൾ സ്ഫടികം കൊണ്ടു നിർമ്മിച്ച ചിത്രശലഭം മുകളിലേക്ക് പറന്നിട്ട് അയാളുടെ അടുത്തേക്ക് തിരിച്ച് വരുന്നുണ്ട്. അപ്പോൾ അയാൾ ‘നിനക്ക് ഞാൻ ജീവൻ തന്നു കഴിഞ്ഞു, ഇനി നീയും ഞാനുമായി ഒരു ബന്ധവുമില്ലെ’ന്ന മട്ടിൽ എന്തോ പറയുന്നുണ്ട് (ശരിയായ വാക്കുകൾ ഓർമ്മയില്ല). ഹോതോൺ വ്യക്തമാക്കിയ ഈ സത്യം നമ്മുടെ കവിയരങ്ങുകാർ ഓർമ്മിക്കുന്നത് കൊള്ളാം (ലേഖനം സമതാളം മാസികയിൽ).

* * *

ചങ്ങമ്പുഴയുടെ “ആത്മരഹസ്യം” എന്ന കാവ്യം അദ്ദേഹം ആർട്സ് കോളേജിലെ ഒരു സമ്മേളനത്തിൽ ചൊല്ലി. പാടാനറിഞ്ഞുകൂടാത്ത ചങ്ങമ്പുഴയെ കുട്ടികൾ കൂവിയിരുത്തി. സഭാവേദിയിലിരുന്ന ഇ. എം. കോവൂർ ആ കാവ്യം ചങ്ങമ്പുഴയിൽ നിന്ന് വാങ്ങി മനോഹരമായി ചൊല്ലി. കുട്ടികൾ കൈയടിച്ചു .

സ്റ്റാർ വാല്യൂ

അമേരിക്കയിലെ എഴുത്തുകാരെ നേരിട്ടുകാണാൻ പ്രയാസമാണെന്നും അവർ ‘സ്റ്റാർ വാല്യൂ’ കാത്തുസൂക്ഷിക്കുന്നവരാണെന്നും കടമ്മനിട്ട പറഞ്ഞതായി ഇ. വി. ശ്രീധരൻ എഴുതുന്നു (കലാകൗമുദി). ഇതു ശരിയാണ്. സോൾ ബല്ലോയെ കാണാൻ എന്റെ ഒരു കൂട്ടുകാരൻ ശ്രമിച്ചിട്ടും കാണാനൊക്കാതെ തിരിച്ചുപോന്നു. നോർമൻ മേലറെപ്പോലുള്ള തവളകൾ ടോൾസ്റ്റോയിയെപ്പോലുള്ള ആനകളാകാൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ഈ നാട്യം. തവള എത്ര വീർത്താലും ആനയാവില്ല. തിരുവനന്തപുരത്തുമുണ്ട് ഇങ്ങനെയുള്ളവർ. അവർ കാറിലേ സഞ്ചരിക്കൂ. റോഡിലിറങ്ങി നടക്കില്ല. നമ്മൾ അവരുടെ വീട്ടിൽച്ചെന്നാൽ, കാണാൻ തരപ്പെട്ടാൽ ഒന്നും മറുപടി പറയാതെ വാപൊളിച്ച് ങ്ഹാ, ങ്ഹാ എന്നു മാത്രം മൂളും. ഈ കാപട്യം തികച്ചും നിഷ്പ്രയോജനമല്ല്ല. ബഹുജനം അവരെ കേമന്മാരായിത്തന്നെ കരുതുന്നു.

* * *

പ്രകൃത്യതീത സംഭവങ്ങളെ അവലംബിച്ച് രചിച്ച കഥകളിൽ ‘ഗ്രേറ്റസ്റ്റ്’ എന്നു വിശേഷിപ്പിക്കാവുന്നത് ഐസക് ബാഷേവീസ്സിങ്ങറുടെ ‘Alone’ എന്നതാണ്.