close
Sayahna Sayahna
Search

സാഹിത്യവാരഫലം 1987 11 08


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1987 11 08
ലക്കം 634
മുൻലക്കം 1987 11 01
പിൻലക്കം 1987 11 15
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഏറ്റവും പ്രിയപ്പെട്ടവളേ, എനിക്കു കവിതയെഴുതാൻ കഴിവുണ്ടായിരുന്നെങ്കിൽ! നിന്നോടു സ്നേഹമായതിനുശേഷം എന്റെ ബുദ്ധിയിലും ഹൃദയത്തിലും കവിതയുണ്ടെന്നാണ് എന്റെ വിചാരം. നീയൊരു കവിതയാണ്. ഏതു മാതിരി കവിത? ഇതിഹാസമോ? ഈശ്വരന് എന്നിൽ കാരുണ്യമുണ്ടാകട്ടെ, അല്ല. ഗീതകമോ? അല്ല; അത് പ്രയത്നമാർന്നതും കൃത്രിമത്വം കലർന്നതുമാണ്. പ്രകൃതി ചിലപ്പോൾ കണ്ണീരോടും ചിലപ്പോൾ മന്ദസ്മിതത്തോടും ചിലപ്പോൾ തമ്മിൽച്ചേർന്ന പുഞ്ചിരി, കണ്ണീര് ഇവയോടുംകൂടി മധുരമായി, ലളിതമായി, ആഹ്ലാദനിർഭരമായി, കരുണാമയമായി പാടുന്ന നാടൻപാട്ടാണ് നീ.” വിഖ്യാതമായ ഒരു പ്രേമലേഖനത്തിന്റെ അവിദഗ്ദ്ധമായ ഭാഷാന്തരീകരണമാണിത്. കാമുകൻ പ്രേമത്തിന്റെ മാന്ത്രികശക്തിക്ക് അടിമപ്പെട്ട് താനറിയാതെ എഴുതിപ്പോയ കത്ത്. ഈ വികാരപാരവശ്യത്തോടുകൂടി ചിലപ്പോൾ നമ്മൾ കലാസൃഷ്ടികളെ അഭിസംബോധനചെയ്ത് പലതും പറഞ്ഞുപോകും; എഴുതിപ്പോകും. ആ വിധത്തിലൊരു നോവലാണ് യൂറി ഒലേഷയുടെ Envy (Yuri Olesha, 1899–1960). സറിയലിസവും ഫാന്റസിയും റിയലിസവും കൊണ്ടു മെനെഞ്ഞെടുത്ത ഈ കലാശില്പത്തെ ‘ഗ്രെയ്റ്റ്’ എന്നു വിശേഷിപ്പിക്കാനാണ് എനിക്കു താൽപര്യം. ഈ റഷ്യൻ നോവൽ വായിച്ചുണ്ടായ ആദാരാതിശയത്തോടെ ഞാൻ അദ്ദേഹത്തിന്റെ ചെറുകഥകൾ തേടുകയായി (ഒലേഷ Envy എന്ന ഒരു നോവലേ എഴുതിയിട്ടുള്ളൂ. ചെറുകഥകൾ പലതുമുണ്ട്). ചെറുകഥകളിൽ ഒരെണ്ണം മാത്രമേ എനിക്കു കിട്ടിയുള്ളൂ. അതും അസാധാരണമായ ശോഭ ആവാഹിക്കുന്നതായി ഞാൻ കണ്ടു. കഥയുടെ പേര് The Cherry Pit. ഒരു ഞായറാഴ്ച ഒലേഷ നടാഷയെ കാണാൻ പോയി. അവർ രണ്ടു പേരും ബോറിസ് എന്ന യുവാവിനോടുകൂടി കാട്ടിലേക്കു നടന്നു. കുറ്റിക്കാട്ടിൽ നിന്ന് ഒരു പക്ഷി പറന്ന് അവരിരുന്നതിനു മുകളിലായി മരക്കൊമ്പിൽ വന്ന് ഇരുന്നു. ഒലേഷ ആ കിളിയെ നോക്കികൊണ്ടിരുന്നപ്പോൾ ബോറിസ് നടാഷയുടെ കവിളിൽ തടവുന്നതും ചുംബിക്കുന്നതും അയാൾ കണ്ടു. ദുഃഖം സഹിക്കാനാവാതെ ഒലേഷ അദൃശ്യമായ ലോകത്തിലൂടെ നടന്നു. സൂര്യൻ അസ്തമിക്കുകയായിരുന്നു. അയാൾ കിഴക്കു ദിക്കു നോക്കിയാണ് നടക്കുന്നത്. യഥാർത്ഥത്തിൽ നടത്തം രണ്ടു വിധത്തിലാണ്. ഒന്ന്, കാട്ടിലൂടെ. രണ്ട്, സാങ്കല്പിക ലോകത്തിലൂടെ. ആദ്യത്തേത് നിരീക്ഷണത്തിന്റെ ലോകം; രണ്ടാമത്തേത് ഭാവനയുടേത്.

യഥാർത്ഥത്തിലുള്ള കവി കാവ്യാത്മകമാകാൻ കൂട്ടാക്കുന്നില്ല. പൂന്തോട്ടക്കാരൻ റോസാപ്പൂക്കളിൽ പരിമളം തേക്കുന്നതുമില്ല — കോക്തോ

ഒരു ദിവസം നടാഷ ഒലേഷയെ മൂന്നരമണിക്കു കാണാമെന്നാണ് നേരത്തെ ഏറ്റിരുന്നത്. പറഞ്ഞ സ്ഥലത്ത് ഒലേഷ കാത്തു നിന്നു. അവൾ വന്നില്ല. സമയം കഴിഞ്ഞുകഴിഞ്ഞ് പോകുന്നു. അയാൾ അങ്ങനെ അവിടെ നിൽക്കുമ്പോൾ ഒരു സ്ത്രീ വന്ന് “27 എന്നെ കുൺട്രിൻസ്കയിലേക്കു കൊണ്ടുപോകുമോ?” എന്നു ചോദിച്ചു. പോകുമെന്നു മറുപടി നല്കിയിട്ട് ഉടനെതന്നെ അയാളതു തിരുത്തി. “ഇല്ല, 16 കൊണ്ടുപോകും” [ബസ്സിന്റെ നമ്പരാകാം ഇത് — ലേഖകൻ]. ഒരീച്ച വന്ന് അതിന്റെ കാലുകൾ കൂട്ടിപ്പിരിക്കാൻ തുടങ്ങി. കാലത്തിന്റെ അസ്വസ്ഥമായ ഈച്ച. നടാഷ വന്നില്ല. അവൾ വരില്ല. ഒരു പട്ടാളക്കാരൻ വന്ന് ഡാർവിൻമ്യൂസിയം എവിടെയെന്ന് ഒലേഷയോട് ചോദിച്ചു: “എനിക്കറിഞ്ഞുകൂടാ” എന്ന് മറുപടി. ഒരു ടാക്സി ഡ്രൈവർ ഒലേഷയുടെ അടുത്ത് കാറ് നിറുത്തി പുച്ഛത്തോടെ വർസോനോവ്സ്കിയിലേക്കുള്ള വഴി ചോദിച്ചു: “അതാ അതിലേ, അതിലേ’ എന്ന് ഒലേഷ. ഒരന്ധൻ വന്ന് കമ്പുകൊണ്ട് അയാളെ തട്ടിയിട്ട് ചോദ്യമായി “പത്താംനമ്പർ ഇപ്പോൾ വരുമോ?” ഒലേഷ മറുപടി പറഞ്ഞു: “ഇല്ല സഖാവേ അത് പത്തല്ല, രണ്ടാണ്. അതാ വരുന്നു പത്ത്” നടാഷ വന്നില്ല. സ്ത്രീ പതിനാറാം നമ്പരിൽക്കയറി ഉരുണ്ടുകഴിഞ്ഞു. പട്ടാളക്കാരൻ മ്യൂസിയത്തിലെ തണുത്ത മുറികളിൽ നടക്കുകയാണ്. ഡ്രൈവർ വർസോനോവ്സ്കിയിലേക്ക് ഹോൺ മുഴക്കി ചെല്ലുകയാണ്. അന്ധൻ മുന്നിൽ കമ്പ് തട്ടിത്തട്ടി ശുണ്ഠിയോടെ കയറുന്നു. അവരെല്ലാം ആഹ്ലാദിക്കുന്നു. ഒലേഷ മാത്രം ബുദ്ധിശ്യൂന്യനെപ്പോലെ ചിരിച്ചുകൊണ്ടു നില്ക്കുന്നു. ഒരുകാല് മുന്നോട്ടാക്കി കൈ പിറകിലാക്കി അയാൾ പോലീസുകാരനായി നില്ക്കുകയാണ്. ഒലേഷ ആത്മഗതം നടത്തുന്നു. “നടാഷ എന്നെ അഭിനന്ദിക്കു. ഞാൻ പോലീസുകാരനായി മാറിയിരിക്കുന്നു.” കഥയുടെ ഇതിവൃത്തമാകെ ഞാൻ സംഗ്രഹിച്ചെഴുതുന്നില്ല. രചനയുടെ സവിശേഷത ഗ്രഹിക്കാൻ ഇത്രയും മതിയെന്നാണ് എന്റെ വിചാരം. കടുത്ത നൈരാശ്യവും വിഷാദവും ഒലേഷയെ മറ്റൊരാളായി മാറ്റുന്നു. അദ്ദേഹത്തിന്റെ Envy എന്ന നോവലും Cherry Pit എന്ന ചെറുകഥയും വായിച്ച ഞാൻ ഒരു സങ്കല്പിക ലോകത്തിലൂടെ സഞ്ചരിച്ച് തൽക്കാലത്തേക്കെങ്കിലും വേറൊരാളായി മാറുന്നു. ഇതാണ് സാഹിത്യത്തിന്റെ ശക്തി. ഒലേഷ ഞാൻ അങ്ങയുടെ നാട്ടിൽ ജനിച്ചില്ലല്ലോ!

* * *

യഥാർത്ഥത്തിലുള്ള കവി കാവ്യാത്മകമാകാൻ കൂട്ടാക്കുന്നില്ല. പൂന്തോട്ടക്കാരൻ റോസാപ്പൂക്കളിൽ പരിമളം തേക്കുന്നതുമില്ല. ഷാങ്‌ കോക്തോ.

പാതാളം വരെയും

പനിനീർപ്പൂക്കൾ നിർമ്മിക്കാൻ ജയനാരായണൻ എന്ന കഥാകാരന് അറിഞ്ഞുകൂടാ. പൂന്തോട്ടത്തിൽ നില്ക്കുന്ന പൂക്കളിൽ സൗരഭ്യം പുരട്ടാനും അദ്ദേഹത്തിനു കഴിവില്ല. ആകെ കഴിവുള്ളത് “കണ്ണാടി” എന്ന കഥ മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതാൻ മാത്രം. അതൊന്നു വായിച്ചു നോക്കൂ. അമ്പേ എന്തൊരു ജുഗുപ്സാവഹമായ സൃഷ്ടി. കഥ സംഗ്രഹിച്ചെഴുതാൻ എനിക്കാവില്ല. അന്യോന്യം ബന്ധമില്ലാത്ത ഖണ്ഡികകളുടെയും പരസ്പരാശ്രയമില്ലാത്ത സംഭവങ്ങളുടെയും ഒരസംബന്ധ കൂമ്പാരത്തെ സംഗ്രഹിച്ച് ആവിഷ്കരിക്കുന്നതെങ്ങനെ? പഞ്ചാബിൽ ചെന്നു നിന്നാൽ സ്ക്കൂട്ടറിൽ വരുന്നവർ നമ്മുടെ നേർക്ക് തോക്കു ചൂണ്ടി നിറയൊഴിക്കും. “സഹോദരന്മാരേ ഞാൻ നിങ്ങളുടെ സഹോദരനല്ലേ? എന്നെ എന്തിനു കൊല്ലുന്നു?” എന്നു ചോദിക്കുന്നതിനു മുൻപു നമ്മൾ മരിച്ചു വീഴും. രാഷ്ട്രവ്യവഹാരക്കാരൻ നമ്മുടെ മനഃസ്സാക്ഷിയെ പറിച്ചെടുക്കും. ഭക്ഷണശാല നടത്തുന്നവൻ അഴുകിയ പലഹാരങ്ങൾ തന്ന് നമ്മുടെ പണം അപഹരിക്കും. ചില പത്രങ്ങൾ ‘സ്പെക്യുലേയ്റ്റീവ് ന്യൂസ്’ വെണ്ടക്കയിൽ അച്ചടിച്ച് നമ്മെ വഞ്ചിക്കും. ജയനാരായണനെ പോലുള്ള കലാകാരന്മാർ അധമങ്ങളായ രചനകൾ നൽകി നമ്മുടെ ആത്മാവിനെ പാതാളം വരെയും താഴ്‌ത്തും.

* * *

ഇങ്ങനെ അന്ധതാമിസ്രത്തിലേക്കു മനുഷ്യനെ താഴ്‌ത്തുന്ന കുത്സിത പ്രക്രിയയെയാണ് ചെറിയാൻ കുനിയന്തോടത്ത് “ഇരുട്ടിന്റെ ഭരണം” എന്ന കാവ്യത്തിലൂടെ വിമർശിക്കുന്നത് (പൗരധ്വനി വാരിക — ലക്കം 44). ചില വരികൾ കേട്ടാലും:

എവിടെ മനുഷ്യനിലുണരും കനിവിൻ
കിരണംപോലും പൊലിയുന്നു,
എവിടെ മനസ്സിൻ നന്മകളെല്ലാം
പൂവിതൾ തുല്യം പൊഴിയുന്നു
എവിടെയവൻതൻ ചേതനപോലും
തനിയെ ദുർബ്ബലമാകുന്നു
അവിടെത്തുടരുന്നിരുളിൽ ഭരണം,
അവിടെ മരിക്കുകയായ് സൂര്യൻ.

ചിരിപുരണ്ട കടക്കണ്ണ്

കലാകാരൻ പുതിയ രൂപം സൃഷ്ടിക്കണോ അതോ നിലവിലിരിക്കുന്ന രൂപത്തെ അന്യൂനമാക്കണോ എന്ന് പീകാസ്സോയോട് ഗർട്രൂഡ് സ്റ്റൈൻ ചോദിച്ചു. പീകാസ്സോ പറഞ്ഞു: “ആദ്യം എന്തെങ്കിലും ചെയ്യൂ. പിന്നീട് വേറൊരാൾ വന്ന് അതിനെ അന്യൂനമാക്കും.”

“ഒരു പരിഹാസ കഥ പറയൂ” എന്ന് ആരോ എന്നോട് ആജ്ഞാപിക്കുന്നു. “പറയാം” എന്നു ഞാൻ. അല്ലെങ്കിൽ വേണ്ട. കുങ്കുമം വാരികയിൽ പി. പി. പവിത്രൻ എഴുതിയ “ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭൂമി” എന്ന കഥ വായിക്കൂ. അത് ഭേദപ്പെട്ട സറ്റയറാണ്. ഭൂമി ഉരുണ്ടതല്ല, പരന്നതാണ് എന്നു പഠിപ്പിച്ച ഉസ്താദിനെ യുവാക്കന്മാർ തല്ലി. കാലം കഴിഞ്ഞ് ആ ഉസ്താദിന്റെ മകൻ ഗൾഫ് രാജ്യത്തു പോയി; ധനികനായി മടങ്ങി വന്നു. തന്റെ സമ്പത്തു കണ്ട് കണ്ണഞ്ചിയിരുന്ന ആളുകളോട് അയാൾ പറഞ്ഞു: “ഉപ്പാപ്പ പണ്ടു പറഞ്ഞത് എത്ര ശരിയാണെന്ന് വിമാനത്തിലിരുന്നു താഴോട്ടു നോക്കിയ നേരത്തല്ലേ മനസ്സിലായത് — അറ്റം കാണാതെ പരപരാ പരന്നു കിടക്കുന്നു ഞങ്ങളെ ഭൂമി.” പൂർവികർ ചെയ്ത വിഡ്ഢിത്തമോർത്ത് അവർ ലജ്ജിച്ച് അവർ അയാളുടെ കാലു തടവിക്കൊടുത്തു. മനുഷ്യന്റെ ദൗർബ്ബല്യത്തെ നിസ്സംഗതയോടെ നോക്കുന്ന കഥാകാരനെയാണ് ഈ രചനയിൽ നമ്മൾ കാണുക. ചില ഹാസ്യ കഥാകാരന്മാർ നമ്മളെ ചിരിപ്പിക്കും. പവിത്രൻ ചിരിപ്പിക്കുന്നില്ല. ചിരിപുരണ്ട കടക്കണ്ണു കൊണ്ട് നമ്മളെ നോക്കുന്നതേയുള്ളൂ. നമ്മുടെ ദൗർഭാഗ്യത്തെ കുറിച്ച് അന്യനോടു പറയുമ്പോൾ ആ ദൗർഭാഗ്യത്തിനു ഒരു മാറ്റവും വരാതിരുന്നാൽ നമ്മുടെ ശിശുത എന്ന അവസ്ഥയ്ക്ക് അന്ത്യം വരുമെന്ന് ഇറ്റലിയിലെ സാഹിത്യകാരൻ ചേസാറേ പാവേസെ എവിടെയോ എഴുതിയിട്ടുണ്ട്. ആക്ഷേപ ഹാസ്യ രചനകൾ വായനക്കാരന്റെ ശിശുതയെ ഇല്ലാതാക്കി മനസ്സിനു പരിപാകം നൽകുന്നു.

ദൃശ്യങ്ങൾ

  1. കുറേ സുന്ദരിപ്പെൺകുട്ടികൾ കാഴ്ച്ചബംഗ്ലാവിലേക്കു നടക്കുന്നത് ഞാൻ കണ്ടു — അരയന്നങ്ങൾ കൂട്ടം ചേർന്ന് പറക്കുന്നതു പോലെ.
  2. എന്റെ നേർക്ക് ഉപാലംഭം ചൊരിഞ്ഞ ഒരു മാന്യൻ എനിക്ക് അഭിമുഖമായി വന്നു — ഞാൻ പതിവായി വായിക്കുന്ന മാർകസ് ഒറീലീയസിന്റെ Meditations എന്ന ഗ്രന്ഥത്തിലെ ഒരു വാക്യം എന്റെ ഓർമ്മയിലെത്തി അപ്പോൾ “നമ്മളെല്ലാവരും ഒരു ദിവസത്തെ ജീവികൾ മാത്രം; ഓർമ്മിക്കുന്നവരും ഓർമ്മിക്കപ്പെടുന്നവരും”. എന്നെ നേർവഴിക്കു നടക്കാൻ സഹായിച്ച ഒറീലീയസിനു നന്ദി.
  3. ഏതോ സംഘത്തിനു വേണ്ടി യുവാക്കന്മാർ പണപ്പിരിവു നടത്തുകയാണ്. അടപ്പിൽ വിടവുണ്ടാക്കിയ ഒരു തകരപ്പാത്രം കിലുക്കി കൊണ്ട് അവർ എല്ലാവരെയും സമീപിക്കുന്നു. പത്തു പൈസ, ഇരുപത്തഞ്ചു പൈസ ഇങ്ങനെ പല നാണയങ്ങൾ ഇടുന്നുണ്ട് ആളുകൾ. അപ്പോഴാണ് ഒരു ചെറുപ്പക്കാരി അതിലെ വരുന്നതും യുവാക്കന്മാർ പാത്രവുമായി അവരുടെ അടുത്തെത്തിയതും. യുവതി ഒരു പത്തു രൂപ നോട്ടെടുത്ത് ഉയർത്തി കാണിച്ചിട്ട് തകരപ്പാത്രത്തിന്റെ മുകളിൽ വച്ചു. അതു കണ്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലത്തെ ഒരു സംഭവം ഓർമ്മിച്ചു. തീവണ്ടിയിൽ ഞാൻ തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു. എന്റെ എതിരേയുള്ള സീറ്റിൽ കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി ഇരിക്കുന്നു. ഒരു യാചകൻ എന്നെ സമീപിച്ച് ഭിക്ഷ ചോദിച്ചു. ഞാൻ അവളെ നോക്കിയിട്ട് ഒരു രൂപ എടുത്തു കൊടുത്തു (അക്കാലത്തെ ഒരു രൂപയ്ക്ക് ഇന്നത്തെ നൂറു രൂപയുടെ വിലയുണ്ട്). എതിരുവശത്തിരുന്ന പെൺകുട്ടി സുന്ദരിയായിരുന്നെങ്കിൽ ഞാൻ അഞ്ചു രൂപ കൊടുക്കുമായിരുന്നു. അവൾ അതിസുന്ദരിയായിരുന്നെങ്കിൽ പത്തു രൂപ നൽകുമായിരുന്നു. എന്റെ മുൻപിൽ പെൺകുട്ടി ഇല്ലായിരുന്നെങ്കിലോ? ഒരു പൈസ പോലും ഞാൻ ആ യാചകനു കൊടുക്കുമായിരുന്നില്ല.
* * *

ബേബി മേനോനും കണ്ണൻ മേനോനും എഴുതിയ “അനുശോചന” മെന്ന കഥയിൽ (ദേശാഭിമാനി വാരിക, ലക്കം 17) രണ്ടു തരത്തിലുള്ള ജീവിതം നയിക്കുന്ന സ്ക്കൂൾ മാനേജർ കുപ്പുസ്വാമിയെയാണ് ചിത്രീകരിച്ചിട്ടുള്ളത്. അയാൾ ക്രൂരതയുടെ ഉടലെടുത്ത രൂപമാണ്. കുട്ടികളെ പീഢിപ്പിക്കും, അദ്ധ്യാപകരെ പേടിപ്പിക്കും, കൊലപാതകത്തിനു പോലും മടിയില്ല അയാൾക്ക്. അങ്ങനെയിരിക്കെ പ്രധാനമന്ത്രി വധിക്കപ്പെട്ടു. അനുശോചന സമ്മേളനം കൂടിയപ്പോൾ പ്രധാനപ്പെട്ട പ്രഭാഷകൻ കുപ്പുസ്വാമിയായിരുന്നു. അയാൾ പ്രസംഗിച്ചു. “അവർ ഈ രാജ്യത്തിന്റെ സർവ്വസ്വവുമായിരുന്നു. പട്ടിണിപ്പാവങ്ങളുടെ ആശാകേന്ദ്രമായിരുന്നു. ദരിദ്ര ലക്ഷങ്ങളുടെ കണ്ണീരൊപ്പാൻ നമുക്കിനി ആരുണ്ട്?” കുപ്പുസ്വാമിയുടെ തൊണ്ടയിടറി, കണ്ണീർ പൊടിഞ്ഞു. തോളിലെ കസവു നേരിയതിന്റെ തുമ്പുകൊണ്ട് അയാൾ കണ്ണീർ തുടച്ചു.

ഒരു കാപട്യക്കാരനെ ബഹിർഭാഗസ്ഥമായി ചിത്രീകരിച്ചിരിക്കുന്ന ഇക്കഥയെ a poor story എന്നു ഞാൻ വിളിച്ചു കൊള്ളട്ടെ. ആ ബഹിർഭാഗസ്ഥതയെക്കാൾ യാതനാജനകമാണ് കഥയിൽ പ്രകടമാകുന്ന രചയിതാക്കളുടെ മനോഭാവം. ഒരു ഗ്രാമ പ്രദേശത്തെ ആളുകളുടെ കഥ പറയുന്ന സൊലയുടെ The Earth എന്ന നോവലിൽ കുടിയനും തെമ്മാടിയുമായ ഒരു കഥാപാത്രത്തിനു നോവലിസ്റ്റ് പേരിട്ടത് ‘ജീസസ്’ എന്നായിരുന്നു. നോവലിനെ വിമർശിച്ച ആനാതൊൽ ഫ്രാങ്സ് (Anatole France — ശരിയായ പേര് ഷാക് ആനാതൊൽ തിബൊ — Jacques Anatole Thibault) സൊലയുടെ ഈ പേരിടൽ ‘ബാഡ്റ്റെയ്സ്റ്റാ’ ണെന്നു പറഞ്ഞു (ഓർമ്മയിൽ നിന്നെഴുതുന്നത്). നിത്യജീവിതത്തിൽ ഇതെപ്പോഴും ചെറിയ തൊതിൽ നമ്മൾ കാണാറുണ്ട്. നമ്മൾ എന്തെങ്കിലും പറയുമ്പോൾ ശ്രോതാവ് പ്രതികരിക്കാതെ സംഭാഷണവിഷയം മാറ്റുക, ഇടയ്ക്കുകയറിപ്പറയുക, ഡോർബെല്ല് ശബ്ദിപ്പിക്കാതെ വീട്ടിനകത്ത് പൂച്ചയെപ്പോലെ പതുങ്ങിക്കയറുക, ബസ്സിൽ കയറിയിരുന്നാൽ മറ്റൊരുത്തന് ഇടംനല്കാതിരിക്കാൻവേണ്ടി കാലുകൾ കവയ്ച്ചു വയ്ക്കുക, ഒരാൾ സത്യസന്ധതയോടെ എന്തെങ്കിലും പറയുമ്പോൾ തെളിവുകൾ കൊണ്ടുവരാതെ പച്ചക്കള്ളമാണെന്നു പറയുക ഇവയെല്ലാം ‘ബാഡ് റ്റെയ്സ്റ്റ്’ തന്നെ. യഥാർത്ഥമായ ഭാരതീയ സംസ്കാരത്തിനു യോജിച്ചതല്ല ഇത്. ശ്രീരാമൻ രാവണനെപ്പോലും ബഹുമാനിച്ചു.

ജേതാരം ലോകപാലനാം സ്വമുഖൈരർച്ചിതേശ്വരം
രാമസ്തുലിത കൈലാസമരാതിം ബഹ്വമന്യത.

(ഇന്ദ്രാദികളെ ജയിച്ചവനും സ്വന്തം ശിരസ്സുകളെ മഹേശ്വരനു നൽകി ആരാധിച്ചവനും കൈലാസമെടുത്ത് അമ്മാനമാടിയവനും ആയ ആ മഹാവീരനായ ശത്രുവിനെ രാമൻ ബഹുമാനിച്ചു — രഘുവംശം സർഗ്ഗം 12, ശ്ലോകം 89, മോട്ടിലാൽ ബനാർസിദാസ് പ്രസാധനം.) വേറെയാരു വേണമെങ്കിലും വിവേചന്മില്ലായ്മ കാണിക്കട്ടെ. എഴുത്തുകാർ അതിനു ശ്രമിക്കരുത്. ഇന്ദിരാഗാന്ധിയുടെ മരണത്തെ അവലംബിച്ചുകൊണ്ടുള്ള ഈ കഥ രചയിതാക്കളുടെ ബാഡ് റ്റെയ്സ്റ്റിനെയാണ് കാണിക്കുന്നത്.

ചോദ്യവും ഉത്തരവും

Symbol question.svg.png നിങ്ങളെ രസിപ്പിച്ച ചില വരികൾ?

In the Policeman’s arms
The lost child points
Towards the sweet-shop
(ജപ്പാനിലെ പഴഞ്ചൊല്ല്).

Symbol question.svg.png നിങ്ങൾ പ്രതിഭാശാലിയാണോ?

യേശുദാസന്റെ പാട്ടുകൾ എനിക്ക് അതേ രീതിയിൽ മനസ്സിൽ പാടാൻ കഴിയും. പക്ഷേ, അവ എന്റെ കണ്ഠനാളത്തിലൂടെ വിനിർഗ്ഗളിച്ചാൽ കാളരാഗമായി മാറും. അതുകൊണ്ട് യേശുദാസൻ ജീനിയസ്സാണെന്നും ഞാൻ ആരുമല്ലെന്നും മനസ്സിലാക്കാം.

Symbol question.svg.png നിങ്ങളുടെ ശത്രുക്കളുടെ — എഴുത്തുകാരായ ശത്രുക്കളുടെ — സംഖ്യ എത്ര?

അമ്പത്തിനാലായിരത്തി നന്നൂറ്റി പന്ത്രണ്ട്.

Symbol question.svg.png തീർന്നോ?

ഇല്ല. ഞാൻ ഉപകാരം ചെയ്തവരുടെയും മറ്റു ബന്ധുക്കളുടെയും സംഖ്യ കണക്കാക്കി പിന്നീട് പറയാം. ഇപ്പോൾ തിടുക്കത്തിൽ സാഹിത്യവാരഫലം എഴുതുകയാണ്. സമയമില്ല.

Symbol question.svg.png ആദരാതിശയം കൊണ്ടു വളരെപ്പതുക്കെ വായിച്ചു തീർത്ത ഒരു നോവലിന്റെ പേരു പറയൂ?

റ്റോമാസ്മാനിന്റെ മാജിക് മൗണ്ടൻ.

Symbol question.svg.png ഡോക്ടർ കെ. ഭാസ്കരൻനായരെ നിങ്ങൾ ബഹുമാനിക്കുന്നത് എന്തുകൊണ്ട്?

ഗുരുനാഥനും എഴുത്തുകാരനും ആയതുകൊണ്ടു മാത്രമല്ല. ഒരിക്കൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ‘റ്റോമാസ്മാൻ’ എക്സിബിഷൻ ഉണ്ടായിരുന്നു. ഞാൻ അങ്ങോട്ടു ചെന്നപ്പോൾ ഭാസ്കകരൻനായർസ്സാർ ആ വലിയ സാഹിത്യകാരന്റെ പടങ്ങൾക്കുമുൻപിൽ ഭക്തിയോടെ, ബഹുമാനത്തോടെ പതിഞ്ചു മിനിറ്റോളം നില്ക്കുന്നതു കണ്ടു. എന്റെ സാമീപ്യം പോലും അദ്ദേഹം അറിഞ്ഞില്ല.


വായു വേണം പറക്കാൻ

വീണ്ടും ആ റോമാച്ചക്രവർത്തി, സ്റ്റോയിക് തത്ത്വചിന്തകൻ മാർകസ് ഒറീലിയസ് എന്റെ മുൻപിൽ വന്നു നില്ക്കുന്നു. “നിങ്ങൾക്ക് ഒരു വീക്ഷണഗതിയുണ്ടെങ്കിൽ അത് ഉപേക്ഷിക്കൂ. ആപത്ത് ഒഴിഞ്ഞുകിട്ടും” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ശരിയാണ്. സാഹിത്യത്തെക്കുറിച്ച്, രാഷ്ട്രവ്യവഹാരത്തെക്കുറിച്ച് അഭിപ്രായം പറയാതിരുന്നാൽ തടിക്കു കേടുവരില്ല. എങ്കിലും സ്വന്തം മതങ്ങൾ പ്രഖ്യാപിക്കാതിരിക്കാൻ പറ്റുമോ? അങ്ങനെ ജീവിച്ചതുകൊണ്ടെന്തു പ്രയോജനം? അതുകൊണ്ട് പറയുകയാണ്. ടി. പി. മഹിളാമണി മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ “ഒരു പൂമ്പാറ്റയുടെ ഓർമ്മയ്ക്ക്” എന്ന ചെറുകഥ സാഹിത്യാഭാസമാണ്. ചിലപ്പോൾ ‘ഞാനങ്ങനെ അവരോട് അതു പറയേണ്ടിയില്ലായിരുന്നു, അയാളെ അങ്ങനെ വേദനിപ്പിക്കേണ്ടിയില്ലായിരുന്നു’ എന്നൊക്കെ പിന്നീട് എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തിൽ അങ്ങനെ ഒരു വിചാരമോ പശ്ചാത്താപമോ ഒരിക്കലും എനിക്കുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. മഹിളാമണിയുടെ കഥ സാഹിത്യാഭാസമാണെന്ന സത്യം പറഞ്ഞതിൽ എനിക്കു മരണം വരെ സന്തോഷമേ ഉണ്ടായിരിക്കു. ഒരു കുഞ്ഞിന്റെ മരണത്തെ വിവരിക്കുന്ന ഇക്കഥ സെന്റിമെന്റലിസത്തിന്റെയും കലാരാഹിത്യത്തിന്റെയും ഓടയിലേക്ക് നമ്മളെ എറിയുന്നു. മറ്റൊരു സത്യംകൂടി പറയട്ടെ. ബി. ഉണ്ണികൃഷ്ണന്റെ കാവ്യങ്ങളിൽ പലതും എനിക്കിഷ്ടമാണ്. ജനയുഗം വാരികയിലെ (ലക്കം 43) ‘ഗംഗ’ എന്ന കാവ്യവും എനിക്കിഷ്ടപ്പെട്ടു. ആവിഷ്കാരരീതികൊണ്ട് ഗംഗ എന്ന നദി വിശുദ്ധിയുടെ മണ്ഡലമായി മാറുന്നു. മനുഷ്യൻ അതിൽ അനവരതം മാലിന്യം കലർത്തുന്ന ദുഷ്ടനായി മാറുന്നു. അങ്ങനെ ഗംഗയുടെ കഥ മനുഷ്യന്റെ കഥയായി പ്രത്യക്ഷപ്പെടുന്നു.

നെടുമങ്ങാട്ടെ ഇപ്പോഴത്തെ എം. എൽ. എ കെ. വി. സുരേന്ദ്രനാഥും ഞനും പഠിക്കുന്ന കാലത്ത് ഒരുമിച്ചാണ് ഒരു വാടകവീട്ടിൽ താമസിച്ചിരുന്നത്. ഫിലോസഫിയായിരുന്നു സുരേന്ദ്രന്റെ ഐച്ഛികവിഷയം. അദ്ദേഹം കൊണ്ടിട്ട കാൻറിന്റെ ഒരു പുസ്തകം ഞാൻ മറിച്ചു നോക്കി. ഒരിടത്ത് ഒരു പക്ഷി പറക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ആ തത്ത്വചിന്തകൻ പ്രതിപാദിച്ചിരിക്കുന്നു. പറക്കാൻ വായു തടസ്സമുണ്ടാക്കുന്നുവെന്നാണ് പക്ഷിയുടെ വിചാരം. ശ്യൂന്യമായ സ്ഥലത്താണെങ്കിൽ സുഖമായി പറക്കാം എന്നും അതു കരുതുന്നു. പക്ഷേ, പറക്കാൻ സഹായിക്കുന്നത് വായുവാണെന്ന് അതിനറിഞ്ഞുകൂടാ. ഒരു വസ്തുവിനെതിരായി മറ്റൊരു വസ്തു. ഒരു പ്രക്രിയയ്ക്കെതിരായി മറ്റൊരു പ്രക്രിയ. ഇതുണ്ടെങ്കിലേ പുരോഗമനം സാദ്ധ്യമാവൂ. പാലക്കാട്ടു മണിയുടെ മൃദംഗംവായന കലയുടെ അധിത്യകയിൽ എത്തണമെങ്കിൽ ചെമ്പൈ വൈദ്യനാഥയ്യർ പാടണം. ഞാൻ പാടിയാൽ മണിയുടെ വിരലുകൾ ചലിക്കുകയില്ല. ഈ ഡയലക്ടിക്സ് കവിയായ ഉണ്ണിക്കൃഷ്ണനു നിശ്ചയമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കാവ്യങ്ങൾ ഹൃദയത്തിലേക്കു കടക്കുന്നത്.

കലാകാരൻ പുതിയ രൂപം സൃഷ്ടിക്കണോ അതോ നിലവിലിരിക്കുന്ന രൂപത്തെ അന്യൂനമാക്കണോ എന്ന് പീകാസ്സോയോട് ഗർട്രൂഡ് സ്‌റ്റൈൻ ചോദിച്ചു. പീകാസ്സോ പറഞ്ഞു “ആദ്യം എന്തെങ്കിലും ചെയ്യൂ. പിന്നീട് വേറോരാൾ വന്ന് അതിനെ അന്യൂനമാക്കും.” ഇതു ശരിയാണെങ്കിൽ ചങ്ങമ്പുഴ നിർമ്മിച്ച രൂപശില്പം അതുപോലെയിരിക്കുന്നു. ആരും അതിന് സമ്പൂർണ്ണത കൈവരുത്തിയിട്ടില്ല. സി. വി. രാമൻപിള്ളയുടെ രൂപശില്പത്തെക്കുറിച്ചും അതുതന്നെയാണ് പറയാനുള്ളത്.

ഷാങ് അനൂയ

ഫ്രഞ്ച് നാടകകർത്താവായ ഷാങ് അനൂയ (Jean Anouilh) കഴിഞ്ഞയാഴ്ച അന്തരിച്ചു. സ്വിറ്റ്സർലണ്ടിലെ ലോസൻ (Lausanne) പട്ടണത്തിൽ വച്ചാണ് ഹൃദ്രോഗത്താൽ അദ്ദേഹം മരിച്ചത്. ഓരോ വർഷവും ഓരോ നാടകം എഴുതിയ “അത്യുല്പാദക” നായിരുന്നു അനൂയ. ബർനാഡ് ഷാ, പീറാന്തെല്ലോ, ഷീറോദൂ (Giraudoux) മൊല്യർ ഈ നാടകകർത്താക്കന്മാരുടെ സ്വാധീനശക്തിയിലമർന്ന് ആദ്യകാലത്ത് സമുദായത്തിലെ കാപട്യങ്ങളെ അനാവരണം ചെയ്ത നാടകകർത്താവായി നിരൂപകർ അദ്ദേഹത്തെ കാണുന്നു. അക്കാലത്ത് അനൂയ എഴുതി: “I carried dog — eared copies of shaw and Prandello in my pockets, and yet I was alone”.

വിഷാദാത്മകത്വം കൃതികളിലൂടെ പ്രചരിപ്പിച്ച ഈ നാടകകർത്താവിന്റെ ‘ആൻറിഗണി’ എന്ന നാടകം നവീന ഫ്രഞ്ച് നാടകസാഹിത്യത്തിലെ മാസ്റ്റർപീസായി പരിഗണിക്കപ്പെടുന്നു. ഈ നാടകത്തിലൂടെ ഫ്രാൻസിനെ രണ്ടാംലോകമഹായുദ്ധകാലത്ത് കീഴടക്കിയ ജർമ്മനിയെ അദ്ദേഹം നിന്ദിക്കുകയാണ്. ആൻറിഗണി ക്രിയോണിനോടു പറയുന്നു: Creon you spoke the word a moment ago: the kitchen of politics. You look it and you smell of it. ‘രാഷ്ട്രീയം’ നാറിയ ഹിറ്റ്‌ലറെയാണ് അനൂയ ഇതിലൂടെ അവതരിപ്പിക്കുന്നതെന്നു പറയാം. അധികാരം പ്രയോഗിക്കുന്ന ഏതു രാഷ്ടീയപ്രവർത്തകനും യോജിക്കുന്നതാണ് ഇതെന്നു കരുതുന്നതാണ് യുക്തതരം. ഈ നാടകകർത്താവിന്റെ Thieves carnival, The Director of the Opera, The Fighting Cock, The Lark, Ring Round the Moon, Becket ഈ നാടകങ്ങൾകൂടി ഞാൻ വായിച്ചിട്ടുണ്ട്. എല്ലാക്കൃതികളും കാണാതെയുള്ള അഭിപ്രായപ്രകടനം ഭാഗികമായിരിക്കും. എങ്കിലും വ്യാമോഹവും സത്യവും പീറാന്തെല്ലോയെപ്പോലെ ആവിഷ്കരിച്ച് മൂല്യങ്ങളുടെ ആപേക്ഷികസ്വഭാവത്തെ ധ്വനിപ്പിച്ച നല്ല നാടകകർത്താവാണ് അനൂയ എന്നു പാറയാം. ഭാവനയുടെ കാന്തിയും ചൈതന്യവും ഞാൻ വായിച്ച നാടകങ്ങളിലെല്ലാം കാണുകയുണ്ടായി. (അനൂയ എന്ന പേര് ആൻവിയ എന്നും ഉച്ചരിച്ചു കേട്ടിട്ടുണ്ട്.)

ചൊറിയൂ

മുൻപ് എന്റെ ഒരു പരിചയക്കാരൻ ശബരിമലയിൽ പോയി. വഴിക്കുവച്ച് ഒരു കാട്ടാന അയാളെ കൊല്ലാൻ ശ്രമിച്ചു. പരിചയക്കാരൻ പ്രാണനുംകൊണ്ടോടി. ഓട്ടത്തിനിടയിൽ തിരിഞ്ഞുനോക്കുമ്പോഴെല്ലാം പാഞ്ഞുവരുന്ന ആനയെ കാണാം. എങ്കിലും അയാൾ അഞ്ചെട്ടു നാഴിക ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയപ്പോൾ കാലുകളിലാകെ എക്സിമ — വരട്ടുചൊറി. ആ മനുഷ്യൻ മരിക്കുന്നതുവരെ അത് അയാളെ ശല്യപ്പെടുത്തിയിരുന്നു. ശല്യപ്പെടുത്തിയെന്നു പറയാമോ? സംശയമുണ്ട്. അത് മാന്തുമ്പോൾ ഉണ്ടാകുന്ന സുഖമോർത്ത് അയാൾ വൈദ്യനെയോ ഡോക്ടറെയോ കാണാൻ പോയില്ല. രോഗം ഭേദമായാൽ ചൊറിഞ്ഞു സുഖിക്കുന്നതെങ്ങനെ? വളരെക്കാലമായി ഉണ്ണി വാരിയത്ത് സാഹിത്യത്തെ വരട്ടുചൊറിയാക്കി മാറ്റി ചൊറിഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന് അത് സുഖം നൽകുന്നു എന്ന പരമാർത്ഥം ഞാൻ നിഷേധിക്കുന്നില്ല. എങ്കിലും എന്നെപ്പോലുള്ളകാഴ്ചക്കാർക്ക് അത് ദുസ്സഹമായിത്തീർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ലേറ്റസ്റ്റ് വരട്ടുചൊറി ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ 11-ആം ലക്കത്തിൽ കാണാം. അതു വായിച്ചാൽ ഉണ്ണി വാരിയത്ത് സുഖംകൊണ്ടു പുളയുന്നതും നമുക്കു കാണാം. ഈ വരട്ടുചൊറിയുടെ സ്വഭാവവും മറ്റും വിവരിച്ചു വായനക്കാർക്ക് വല്ലായ്മയുണ്ടാക്കാൻ എനിക്കിഷ്ടമില്ല. ഉണ്ണി വാരിയത്തേ ചൊറിയൂ, ചൊറിയൂ, സുഖിക്കൂ എന്നുമാത്രം പറയട്ടെ.

ഡോപൽഗങ്കർ (Doppelganger = പ്രേതാത്മക ദ്വന്ദ്വം)

റോബർട്ട് ഫ്രോസ്റ്റ് എന്ന കവി എഴുതി:

But I have promises to keep
And miles to go before I sleep,
And miles to go before I sleep.

പ്രതിഭാശാലികൾ ഒരേവിധത്തിൽ ചിന്തിക്കും, എഴുതും. ഉജ്ജ്വല പ്രതിഭാശാലിയായ പ്രൊഫസർ ജെ. ടി. ആമ്പല്ലൂർ എഴുതുന്നു:

“നേരമില്ലിനി, വാഗ്ദാനങ്ങാളുണ്ടെത്രയ്‌ക്കെനി
ക്കാവതും ശരിക്കവയൊക്കെവേ പാലിക്കണം!
തെല്ലുറങ്ങുവാൻ നേരമില്ലിനി, മാടുക്കാതെൻ
യാത്ര ഞാൻ തുടരേണം, കടക്കാൻ മൈലൊട്ടേറെ..”

അസൂയയുള്ളവർ പറയും അമേരിക്കൻ കവിയുടെ പ്രേതമാണ് കേരളത്തിലെ കവിയുടെ വരികളിലെന്ന്. അതു വകവയ്ക്കാനില്ല പ്രൊഫസറേ. ഫ്രോസ്റ്റിനെപ്പോലെ ഇനിയും എഴുതു. (ഫ്രൊഫസറുടെ കാവ്യം എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിൽ — ‘ഉറങ്ങുന്നതിനുമുൻപ്’.)

അത്യുക്തിയാണെങ്കിലും

അത്ര പഴയ കാര്യമല്ല. ഇംഗ്ലീഷ്ഭാഷയിൽ വലിയ പിടിപാടൊന്നുമില്ലാത്ത ഒരാൾ കോളേജ് പ്രിൻസിപ്പലായി. കോളേജിൽ ഒരു തട്ടിയുടെ ചട്ടക്കൂടു മാത്രമിരിക്കുന്നു. തുണിയില്ല. പ്രിൻസിപ്പൽ ഉടനെ ഡയറക്ടർക്ക് എഴുതിയത്രേ: “ The naked screen in this college may be clothed.” ഡയറക്ടർ ഡോക്ടർ കെ. ഭാസ്കരൻ നായരായിരുന്നു. ഒരിക്കലും ചിരിക്കാത്ത അദ്ദേഹം ചിരിക്കും അതു വായിച്ച്. മഹാഭാരതത്തിന്റെ കോപ്പികൾ വാങ്ങണമെന്ന നിർദ്ദേശം ഉണ്ടായപ്പോൾ അതിന്റെ സാഹിത്യപരമായ മേന്മയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അണ്ടർ സെക്രട്ടറി വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു എന്നു കേട്ടിട്ടുണ്ട്. ഇവരെപ്പോലെ ഒരു ഹെഡ്മിസ്ട്രസ്സിനെ പാട്യം വിശ്വനാഥ് അവതരിപ്പിക്കുന്നു. (ശിക്ഷ എന്ന ചെറുകഥ‌ — ട്രയൽ വാരിക) മാവിലെറിയുന്ന കുട്ടികളെ അടിച്ചവശരാക്കുന്ന ഹെഡ്മിസ്ട്രസ്സിനു മാനസാന്തരം വരുത്താൻ ഒരദ്ധ്യാപകൻ വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ എന്ന കാവ്യം അവർക്കു കൊണ്ടുകൊടുത്തു. അതു വായിച്ചതിനുശേഷവും അവർ പിഞ്ചുപിള്ളേരുടെ തുട അടിച്ചുപൊട്ടിച്ചു. എന്നിട്ട് അദ്ധ്യാപകനോടു പറഞ്ഞു:

“അപ്പോഴേ സാറിന്നലെതന്ന പദ്യം നന്നായിട്ടുണ്ട്. പിന്നെ തൈ ആകുമ്പോഴേ പൂക്കുകേം കായ്ക്കുകേം ചെയ്യുന്ന ഒരു മാവ് ഏതിനമായിരിക്കാം? സാറ് അന്വേഷിച്ച് പറ്റുമെങ്കിൽ എനിക്ക് രണ്ടു തൈ സംഘടിപ്പിച്ചു തരണം.”

അത്യുക്തിയുണ്ടെങ്കിലും ചിരിപ്പിക്കുന്ന അത്യുക്തിയാണിത്. ഏതംശത്തെയാണ് സ്ഥൂലീകരിക്കേണ്ടത് എന്നറിയുന്നതുതന്നെ ഒരു വൈദഗ്ദ്ധ്യമാണല്ലോ.

* * *

സന്ധ്യയ്ക്കുശേഷം എല്ലാ സ്ത്രീകളും സുന്ദരികൾ എന്നൊരു ചൊല്ലുണ്ട്. ചില പുരുഷന്മാർക്ക് സന്ധ്യകഴിയണമെന്നില്ല. എതു സമയത്തൂം ഏതു സ്ത്രീയും അവർക്കു സുന്ദരിയാണ്. ഇമ്മട്ടിൽ നിരൂപകരുണ്ട്. അവർ എതു പുസ്തകം വായിച്ചാലും ‘ഹാ ഹാ മനോഹരം’ എന്നു പറയും.