close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 10 02


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 10 02
ലക്കം 681
മുൻലക്കം 1988 09 25
പിൻലക്കം 1988 10 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ബലാര്‍ഷാ-നാഗപ്പൂര്‍ റോഡില്‍ ജാം എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ഒരു ലഘുഭക്ഷണശാലയിലിരുന്നു മഹാരാഷ്ട്രക്കാരന്റെ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ എന്റെ പരിചയക്കാരനായ ആത്മചരനോടു ചോദിച്ചു: “ഈ ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്?” ആ ചോദ്യത്തിനു ചായയുടെ സവിശേഷതയായിരുന്നു കാരണം. നമ്മളെപ്പോലെ വെള്ളം തിളപ്പിച്ച് ചായപ്പൊടിയിട്ട് പാലും പഞ്ചാരയും ചേര്‍ത്തല്ല അവിടെയുള്ളവര്‍ ചായയുണ്ടാക്കുക. വെള്ളവും പാലും തേയിലയും പഞ്ചാരയും ഒരുമിച്ചുചേര്‍ത്തു സ്റ്റൗവില്‍വച്ചു തിളപ്പിക്കും. തിളച്ചുമറിയുന്ന ആ കൊഴുത്ത ദ്രാവകം ടംബ്ലറില്‍ ഒഴിച്ചു മുന്‍പില്‍ വച്ചുതരും. അതു തണുത്താലും ഒരുതുള്ളിപോലും കുടിക്കാനാവില്ല. പഞ്ചാരയുണ്ടെങ്കിലും അത്രയ്ക്കു കയ്പാണതിന്. മഹാനായ നോവലിസ്റ്റ് പ്രൂസ്ത് ഒരുകഷണം കെയ്ക്കെടുത്തു ചായയില്‍ മുക്കി വായ്ക്കകത്തേക്ക് ഇട്ടപ്പോള്‍ ഭൂതകാലസ്മരണകളുടെ പ്രവാഹമുണ്ടായില്ലേ? അതുപോലെ മഹാരാഷ്ട്രക്കാരന്റെ ചായയുടെ ചവര്‍പ്പ് ജീവിതത്തിന്റെ ചവര്‍പ്പിലേക്ക് എന്നെ കൊണ്ടുചെന്നു. പരിചയക്കാരന്‍ മറുപടിയൊന്നും പറയാതെ താനോടിച്ചിരുന്ന കാറിന്റെ അടുത്തേക്കു നടന്നു. റേഡിയേറ്റര്‍ തുറന്നു. ഫാന്‍, ഫാന്‍ബെല്‍റ്റ്, കാര്‍ബുറെറ്റര്‍ ഇവയൊക്കെ തോട്ടുനോക്കി. എഞ്ചിന്റെ ആ ഭാഗങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും സ്വഭാവം മനസ്സിലായി. ഓരോ യന്ത്രഭാഗംപോലെ മനുഷ്യജീവിതവും വിവിധഭാഗങ്ങളായി പ്രത്യക്ഷപ്പെടുന്നു. വ്യക്തികളൊക്കെ വിഭിന്നര്‍. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വ്യത്യസ്തങ്ങള്‍. മേശ, കസേര, പുസ്തകം, പേന ഇവയ്ക്കു വിഭിന്നതയുണ്ട്. ഒരു മണല്‍ത്തരി വേറൊരു മണല്‍ത്തരിയില്‍നിന്നു വിഭിന്നം. ജീവിതത്തിന്റെ ഈ സ്വഭാവ സവിശേഷത സാഹിത്യത്തിലും കാണാം. കുമാരനാശാന്റെ ‘നളിനി’ വേദാന്തവിഷയകമായ കാവ്യം. അദ്ദേഹത്തിന്റെ ‘കരുണ’ ബുദ്ധമതസംബന്ധിയായ കൃതി ‘ദുരവസ്ഥ’ ജാതിധ്വംസനപരമായ കാവ്യം. എസ്.കെ. പൊറ്റെക്കാട്ട് ജീവിതത്തിന്റെ കാല്പനികതയെ വ്യവച്ഛേദിക്കുന്നു. തകഴി ശിവശങ്കരപ്പിള്ള അതിന്റെ യാഥാത്ഥ്യത്തെ വേര്‍തിരിച്ചു കാണിക്കുന്നു. ജീവിതം ഒരുതരത്തിലുള്ള വിഭജനമാണ്… ഞങ്ങള്‍ രണ്ടുപേരും കാറില്‍ക്കയറി യാത്രതുടര്‍ന്നു. വിനോബഭാവെ താമസിച്ചിരുന്ന സ്ഥലത്തേക്കു തിരിയുന്ന വഴിയിലെത്തി. വിജനപ്രദേശം. ഒന്നോ രണ്ടോ മരംമാത്രം കാണാം. അവിടെ പാതയ്ക്കരികില്‍ ഒരു സ്ക്കൂട്ടര്‍ തകര്‍ന്നു കിടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ യന്ത്രത്തിന്റെ ഒരു ഭാഗവും വേര്‍തിരിച്ചുകാണാന്‍ കഴിഞ്ഞില്ല. പെട്രോള്‍ ഒഴിച്ചു തീകത്തിച്ചതുപോലുണ്ട്. ആ യന്ത്രകങ്കാളം നോക്കിക്കൊണ്ട് ഞങ്ങള്‍ സ്വല്പനേരം നിന്നപ്പോള്‍ ഞാന്‍ ഇന്നത്തെ സാഹിത്യത്തിന്റെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുകയായി. ജീവിതത്തെ ഇതുപോലെ അടിച്ചുപൊടിക്കുകയോ തീകത്തിക്കുകയോ ചെയ്യുകയാണല്ലോ ലോകമെമ്പാടുമുള്ള നവീന സാഹിത്യകാരന്മാര്‍. ഫാനും ഫാന്‍ബെല്‍റ്റും കാര്‍ബുറെറ്ററും ഇരിക്കേണ്ടിടത്തിരുന്നു പ്രവര്‍ത്തിക്കുമ്പോള്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നു. ചക്രങ്ങള്‍ ഉരുളുന്നു. കാറിന്റെ ഓരോ ഭാഗവും അതിന്റെ ആന്തര “ചൈതന്യ”ത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധമില്ല തകര്‍ന്ന സ്ക്കൂട്ടറിന്റെ ഭാഗങ്ങള്‍ക്ക്. അതുകൊണ്ട് അവയോജിപ്പിച്ചുവച്ചാലും സ്ക്കൂട്ടര്‍ ആവുകയില്ല. ആയാലും അതു പ്രവര്‍ത്തിക്കില്ല. നവീന സാഹിത്യത്തിലെ ജീവിതാവിഷ്കരണം ഇതുപോലെ തകര്‍ന്നു കിടക്കുന്നു… ഞങ്ങള്‍ മുന്നോട്ടുപോയി. മദ്ധ്യാഹ്നം സായാഹ്നമായി. സായാഹ്നം രാത്രിയായി. ഒരു ഗ്രാമം. അതിന്റെ മുകളില്‍ പൂര്‍ണ്ണചന്ദ്രന്‍. എന്തൊരു നിശ്ശബ്ദത. ഒരിലപോലും വീഴുന്നില്ല. മരമുണ്ടായിട്ടുവേണ്ടേ ഇലവീഴാന്‍. ഒരു കാലൊച്ച കേള്‍ക്കാന്‍. നിശ്ശബ്ദത ഭയജനകമായപ്പോള്‍ ഞാന്‍ പറഞ്ഞു: ‘നമുക്കു പോകാം’. അദ്ദേഹം കാര്‍ സ്റ്റാര്‍ട്ട്ചെയ്തു. അതു വേഗത്തില്‍ പൊയ്ക്കൊണ്ടിരുന്നു. ശൂന്യമായ ജീവിതത്തില്‍ ഹതഭാഗ്യരായ നമ്മള്‍ നീങ്ങുന്നതുപോലെ.

മാന്ത്രികത്വമില്ല

അമേരിക്കയിലെ നര്‍ത്തകിയായിരുന്ന ഇസഡോറ ഡങ്കന്റെ (Isadora Duncan, 1878–1929) ആത്മകഥയില്‍ ഫ്രഞ്ച് പ്രതിമാനിര്‍മ്മാതാവ് റൊദങ്ങിനെ (Rodin, 1840–1917) അവര്‍ കണ്ടതു വിവരിക്കുന്ന ഒരു ഭാഗമുണ്ട്: “ഒടുവില്‍ അദ്ദേഹം കുറച്ചു കളിമണ്ണെടുത്ത് ഉള്ളംകൈക്കകത്തുവച്ച് അമര്‍ത്തി. അതു ചെയ്തപ്പോള്‍ അദ്ദേഹം പ്രയാസപ്പെട്ടു ശ്വസിക്കുന്നുണ്ടായിരുന്നു. തിളക്കമാര്‍ന്ന ചൂളയില്‍നിന്നെന്നപോലെ അദ്ദേഹത്തില്‍നിന്ന് ആവിയൊഴുകി. ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം ഒരു സ്ത്രീസ്തനം നിര്‍മ്മിച്ചു. അത് അദ്ദേഹത്തിന്റെ വിരലുകള്‍ക്കു താഴെക്കിടന്നു തുടിച്ചു.” ഇനി ഇംഗ്ലീഷ് തന്നെയാകട്ടെ. എന്റെ വികലമായ തര്‍ജ്ജമ എന്തിന് സൗന്ദര്യത്തെ വൈരൂപ്യമാക്കുന്നു?” “He ran his hands over my neck, breast, stroked my arms and ran his hands over my hips, my bare legs and feet. He began to knead my whole body as if it were clay, while from him emanated heat that scorched and melted me. My whole desire was to yield to him my entire being and…” (My Life, Isadore Duncan).

ആശയത്തെ ആശയം കൊണ്ടാണു നേരിടേണ്ടത്. അല്ലാതെ വിമര്‍ശകനെ മദ്യപനെന്നും, കഞ്ചാവു പുകയ്ക്കുന്നവനെന്നും വിളിക്കുകയല്ല. അങ്ങനെ വിളിച്ചാല്‍ ചിലര്‍ അതേ നാണയത്തില്‍ മറുപടി നൽകിയെന്നുവരും. അതിലെ ഗര്‍ഹണീയങ്ങളായ ആശയങ്ങള്‍ ബഹുജനമദ്ധ്യത്തില്‍ പ്രചരിക്കും. കുറെപ്പേരെങ്കിലും അതു വിശ്വസിക്കുകയും ചെയ്യും. അതുകൊണ്ട്, ആരും മറ്റൊരാളെ ‘വ്യക്തിപരമായി’ ആക്ഷേപിക്കരുത്.

റൊദങ് കളിമണ്ണ് ഉള്ളങ്കൈയില്‍ വച്ചുരുട്ടി തുടിക്കുന്ന മുലയുണ്ടാക്കിയതും ജീവനുള്ള ഇസഡോറയുടെ ശരീരത്തെ തടവി കൂടുതല്‍ സജീവമാക്കിയതും കലാപ്രവര്‍ത്തനമാണ്. ഓരോ ഇമേജ് അല്ലെങ്കില്‍ ബിംബം നിര്‍മ്മിക്കുകയാണ് കലാകാരന്മാര്‍. ടാഗോറിന്റെ “ചന്ദ്രക്കല” എന്ന കാവ്യസമാഹാരത്തിലെ ഒരു ശിശു അതിന്റെ അമ്മയോട് “അമ്മേ ഞാനെവിടെനിന്നു വന്നു”? അമ്മ എവിടെ നിന്നാണ് എന്നെ എടുത്തത്?” എന്നു ചോദിക്കുന്നു. അതിന് അമ്മ നൽകുന്ന മറുപടി: “ഓമനേ, എന്റെ ഹൃദയത്തിന്റെ അഭിലാഷമായി നീ അതില്‍ ഒളിച്ചിരുന്നു. എന്റെ ബാല്യകാല വിനോദങ്ങളിലെ പാവകളില്‍ നീയുണ്ടായിരുന്നു. എല്ലാ പ്രഭാതങ്ങളിലും ഞാന്‍ കളിമണ്ണുകൊണ്ട് എന്റെ ദേവതയുടെ രൂപമുണ്ടാക്കിയപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്തു. എന്റെ വരദേവതയോടൊരുമിച്ചു നീയുണ്ടായിരുന്നു. ആ ദേവതയെ ആരാധിച്ച ഞാന്‍ നിന്നെ ആരാധിക്കുകയായിരുന്നു.” കളിമണ്ണിലൂടെ സ്പന്ദിക്കുന്ന അവയവത്തെ സാക്ഷാത്കരിക്കുക, ദേവതയുടെ രൂപവത്ക്കരണത്തിലൂടെ സ്വന്തം അഭിലാഷത്തെ സാക്ഷാത്കരിക്കുക ഇതാണ് കലാപ്രവര്‍ത്തനം.

ദൗര്‍ഭാഗ്യത്താല്‍ കലയുടെ ഈ മാന്ത്രികത്വം വെട്ടൂര്‍ രാമന്‍നായരുടെ “ആത്മാഹുതി” എന്ന ചെറുകഥയില്‍ കാണാനില്ല. (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഊണുകഴിക്കുന്ന വേളയില്‍ ഒരുത്തന്‍ പതിവായി ഒരു കാക്കയ്ക്ക് പപ്പടവും ചോറും കൊടുത്തിരുന്നു. അയാള്‍ ആ വീട്ടില്‍നിന്നു പോയപ്പോള്‍ വേറൊരാള്‍ അവിടെ താമസമായി. കാക്ക അയാളെയും ശല്യപ്പെടുത്തിയപ്പോള്‍ തോക്കെടുത്ത് ഒരാള്‍ അതിനെ വെടിവച്ചു കൊന്നു. കഥയുടെ ദോഷമെന്തെന്ന് മുന്‍പുള്ള ഖണ്ഡികകളില്‍ ഞാന്‍ സൂചിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ട് ഒരു ഇംഗ്ലീഷ് വാക്യംകൂടി ആയിക്കൊള്ളട്ടെ. The whole story is boring.

* * *

ബഹൂനി മേ വ്യതീതാനി ജന്മാനി തവചാര്‍ജുന
താന്യഹം വേദ സര്‍വാണി ന ത്വം വേത്ഥ പരന്തപ
(ഭഗവദ്ഗീത. 4–5)

(അര്‍ജ്ജുന, ഞാനും നീയും പല ജന്മങ്ങളിലൂടെ കടന്നുപോയി. എനിക്ക് അവയെല്ലാം ഓര്‍മ്മയുണ്ട്. നിനക്ക് ഓര്‍മ്മയില്ലതാനും.)

അബോധമനസ്സില്‍ കിടക്കുന്ന പൂര്‍വകാലാനുഭവങ്ങളെ വര്‍ത്തമാനകാലത്തെ അനുഭവങ്ങളുമായി കൂട്ടിയിണക്കി മനോഹരമായി ആവിഷ്കരിക്കുമ്പോള്‍ കലാകാരന്‍ ശ്രീകൃഷ്ണനെപ്പോലെയാകുന്നു. അതിനു കഴിവില്ലെങ്കില്‍ അയാളൊരു സാധാരണ മനുഷ്യന്‍).

ജലാശയത്തിലെ നിലാവ്

പാടത്തു നെന്മണി കൊത്തിപ്പറക്കുന്ന
മാടപ്പിറാക്കളെ നോക്കിനോക്കി
മാനഞ്ചും കണ്ണിയാളാനന്ദസ്തബ്ധയായ്
മാനവും നോക്കിനിന്നീടുംനേരം
ഞാനരികത്തണഞ്ഞഞ്ചാറു പൂവവള്‍
കാണാതെ മന്ദമപഹരിച്ചാല്‍
‘ആട്ടെ’യെന്നുള്ളൊരു വാക്കില്‍ പരിഭവ
മാക്കിയവള്‍ നിൽക്കും മൗനമായി;
എങ്കിലുമന്നുഞാനോര്‍ത്തതില്ലോമലാ-
ളെന്‍ കരള്‍ത്താരു കവര്‍ന്ന കാര്യം!

എന്ന വരികള്‍ ഉറക്കെ വായിക്കുമ്പോള്‍ അവയിലെ ചിന്തകള്‍ സര്‍വസാധാരണങ്ങളാണെങ്കിലും എനിക്കെന്തോ ആഹ്ലാദാനുഭൂതി. വിദേശയാത്രിയിലെ മരുഭൂമികളും വൃക്ഷരഹിതങ്ങളായ സമതലപ്രദേശങ്ങളും കണ്ടുകണ്ടു മടുത്ത ഞാന്‍ കേരളക്കരയിലേക്കു പ്രവേശിച്ച് ഇവിടത്തെ പച്ചപിടിച്ച പ്രദേശങ്ങളും തെങ്ങിന്‍തോപ്പുകളും കാണുമ്പോള്‍ ഉള്‍ക്കുളിരനുഭവിക്കുന്നു. അതിനു തുല്യമായ അനുഭൂതിയാണ് ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ഈ കാവ്യം ഉളവാക്കുക. ഓണക്കാലത്ത് ഊഞ്ഞാലാടുന്ന പ്രിയതമയുടെ അഴിഞ്ഞുലഞ്ഞ തലമുടിയില്‍ നിലാവ് മുല്ലപ്പൂമാല ചാര്‍ത്തുന്നതുകണ്ട്, ചന്ദ്രിക വീണ് അവളുടെ മുഖം കൂടുതല്‍ ചേതോഹരമാകുന്നതു ദര്‍ശിച്ച് പ്രിയതമന്‍ ‘ഞാനും അവളും ഒന്ന്’ എന്നു കരുതുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിക്കു സദൃശമായ അനുഭൂതി.

ഇതുതന്നെയാണ് ചങ്ങമ്പുഴയുടെ, താഴെച്ചേര്‍ക്കുന്ന വരികളും ഉളവാക്കുക:

അന്നത്തെ രാത്രിയുമാനദീതീരവും
മന്ദഹസിക്കുന്ന പൂനിലാവും
വിണ്ണിനു രോമാഞ്ചമുണ്ടായ രീതിയില്‍
മന്ദഹസിക്കുന്ന താരകളും
പച്ചിലച്ചാര്‍ത്തിനെപ്പയ്യെച്ചലിപ്പിച്ചു
പിച്ചവച്ചെത്തുന്ന കൊച്ചുകാറ്റും
ഓരോരോ വല്ലികള്‍ പൂത്തു പൂത്തെമ്പാടു
മോളം തുളുമ്പും പരിമളവും
നാണംകുണുങ്ങിക്കൊണ്ടെന്നോടു ചേര്‍ന്നമര്‍-
ന്നാനനം താഴ്ത്തിയിരുന്നു നീയും.
(ശ്മശാനത്തിലെ തുളസി — വ്യതിയാനം)

ഇടപ്പള്ളി രാഘവന്‍പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും സൃഷ്ടിക്കുന്ന ലോകം അവരെസ്സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമായിരിക്കാം. പക്ഷേ, നമുക്ക് അവ യഥാര്‍ത്ഥമല്ല. എങ്കിലും കവികളുടെ പ്രാഗൽഭ്യംകൊണ്ട് നമുക്ക് അവ യഥാര്‍ത്ഥമായി ഭവിക്കുന്നു. നമ്മള്‍ ആ ലോകത്ത് ജീവിക്കുന്നതായി തോന്നുന്നു. “പെണ്‍കുട്ടികള്‍ക്കു പ്രേമബന്ധങ്ങള്‍ ക്ഷണികങ്ങളാണ്. ഒന്നു തകര്‍ന്നാല്‍ അവര്‍ വേറൊന്നിനു പോകുന്നു.” ആരെങ്കിലും പറഞ്ഞുകേട്ടാല്‍ ‘ശരി’ എന്നു നമ്മള്‍ സമ്മതംമൂളിയെന്നു വരും. എന്നാല്‍ അതു നമ്മുടെ ഹൃദയത്തിലേക്കു കടക്കുന്നില്ല. വൈലോപ്പിള്ളി.

“കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണ സ്ഫടികവളകള്‍
ഒന്നുപൊട്ടിയാല്‍ മറ്റൊന്ന്.”

എന്നെഴുതുമ്പോള്‍ ആ വരികള്‍ സൃഷ്ടിക്കുന്ന ലോകത്തിലെ ആളുകളായി നമ്മള്‍ മാറുന്നു. ഇതാണ് സാഹിത്യത്തിന്റെ ശക്തി. ഈ ശക്തിവിശേഷം ‘രക്ഷ, രക്ഷ’ എന്ന ചെറുകഥയെഴുതിയ മുണ്ടൂര്‍ സേതുമാധവനെ അനുഗ്രഹിച്ചിരിക്കുന്നു. (കലാകൗമുദി) ഭാര്യയുടെ നിര്‍ബന്ധംകൊണ്ട് രാമേശ്വരത്തു തൊഴാന്‍ പോകുന്ന ഭര്‍ത്താവ്. അവരുടെ മകള്‍. തീവണ്ടികാത്ത് പ്ലാറ്റ്ഫോമില്‍ ഇരിക്കുമ്പോള്‍ പൂര്‍വകാലത്തെ ഒരു പ്രേമബന്ധം അയാള്‍ക്ക് ഓര്‍മ്മവരുന്നു. ആ ബന്ധമുണ്ടായിരുന്ന കാലയളവിലെ ആഹ്ലാദമെവിടെ? ഇന്നത്തെ ജീവിതത്തിന്റെ വൈരസ്യമെവിടെ?” “പ്രഭാതത്തില്‍ ശയനീയത്തിലെഴുന്നേറ്റിരുന്നു തലേദിവസം കൊഴിഞ്ഞുവീണ പൂക്കളുടെ ഇതളുകള്‍ എണ്ണിനോക്കുന്ന” വ്യക്തിയെപ്പോലെ അയാള്‍ പൂര്‍വകാലസ്മൃതികളാകുന്ന റോസാദലങ്ങള്‍ എണ്ണിനോക്കുന്നു. അപ്പോള്‍ വികാരം കൂടുതല്‍ പ്രവഹിക്കും. അങ്ങനെ നഷ്ടപ്പെട്ട കാലത്തെ അയാള്‍ ഭാവനാത്മകമായി സാക്ഷാത്കരിക്കുന്നു. ഭാര്യയുടെ നിര്‍ബ്ബന്ധത്താല്‍, വിശ്വാസം നന്നേ കുറഞ്ഞ അയാള്‍ കടലില്‍ മുങ്ങി നിവര്‍ന്നിട്ടും ആ പഴയ ലോകത്തിന്റെ ഉണ്‍മ നഷ്ടപ്പെട്ടു പോകുന്നില്ല. അയാളോടൊപ്പം അവിടെച്ചെല്ലാന്‍ വായനക്കാരായ നമ്മള്‍ക്കും അഭിലാഷം. ജലാശയത്തില്‍ വീണ നിലാവുപോലെ സമകാലികജീവിതത്തില്‍ നഷ്ടപ്പെട്ട ജീവിതം വന്നുവീഴുന്നു. രണ്ടും ഒന്നായിത്തീരുന്നു. മനോഹരമായ കഥയാണ് മുണ്ടൂര്‍ സേതുമാധവന്റേത്.

യേശുദാസ്

കുങ്കുമം വാരികയില്‍, ഗായകനായ യേശുദാസ് ഏതാണ്ട് രണ്ടുകോളത്തോളം എന്നെക്കുറിച്ചു സഭ്യമല്ലാത്ത ഭാഷയില്‍ എഴുതിയിട്ടുണ്ട്. കോപാധിക്യത്താല്‍ അദ്ദേഹം എന്നെ ജേണലിസ്റ്റ്, ദൂഷണമെഴുതുന്നവന്‍, ‘കലാകൗമുദി’യോടു നന്ദി കാണിക്കുന്നവന്‍ കംസവേഷക്കാരന്‍, കഞ്ഞിപ്രയോക്താവ് നട്ടെല്ലില്ലാത്തവന്‍ എന്നൊക്കെ വിളിക്കുന്നു. ഇതിനുംപുറമേ അദ്ദേഹത്തെ വിമര്‍ശിച്ച ഒരു മാന്യനെ മദ്യത്തിനും കഞ്ചാവിനും അടിമയായ എഴുത്തുകാരന്‍ എന്നും മറ്റും വിശേഷിപ്പിക്കുന്നു. യേശുദാസ് എനിക്കു നൽകിയ വിശേഷണങ്ങളെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇരുപതുവര്‍ഷമായി ഓരോ ആഴ്ചയും ഈ കോളമെഴുതുന്നു ഞാന്‍. അതു വായിക്കുന്നവര്‍ ഈ വിശേഷങ്ങള്‍ ശരിയാണോ അല്ലയോ എന്നു തീരുമാനിച്ചു കൊള്ളും. ശബ്ദമാധുര്യംകൊണ്ടു ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന യേശുദാസ് അഹങ്കാരം കാണിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ എഴുതിയതാണ് അദ്ദേഹത്തിന്റെ കോപാഗ്നിയെ ജ്വലിപ്പിച്ചുവിട്ടത്. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഒരു മാസികയില്‍ ആത്മകഥയുടെ മട്ടില്‍ എഴുതിയ ലേഖനങ്ങള്‍ അന്തസ്സാരശൂന്യങ്ങളാണെന്നു ഞാന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആ കോപാഗ്നി ആളിക്കത്തുകയായി. അതിന്റെ ഫലമാണ് യേശുദാസിന്റെ ഇപ്പോഴത്തെ ഹാലിളക്കം. അദ്ദേഹത്തിന്റെ ശബ്ദത്തെ ഞാന്‍ വാഴ്ത്തിപ്പറഞ്ഞതും അദ്ദേഹം പുറങ്കൈകൊണ്ടു തട്ടിക്കളഞ്ഞിരിക്കുന്നു. തികഞ്ഞ ആര്‍ജ്ജവത്തോടെ ഒരുത്തന്‍ ഒരാളിനെക്കുറിച്ചു നല്ലതു പറഞ്ഞാല്‍ അത് അവഗണിക്കുന്നതും പ്രശംസിച്ചവനെ പൂച്ഛിക്കുന്നതും മനുഷ്യത്വമുള്ളവരുടെ ലക്ഷണമല്ല. എങ്കിലും ഞാന്‍ വീണ്ടും പറയുന്നു: യേശുദാസിന്റേത് “സുവര്‍ണ്ണശബ്ദം” തന്നെയാണ്. പക്ഷേ, അതുകൊണ്ട് അദ്ദേഹം സംഗീതസമ്രാട്ടുകളായ ചെമ്പൈ വൈദ്യനാഥയ്യര്‍, ചെമ്മംകുടി, ഡോക്ടര്‍ ബാലമുരളീകൃഷ്ണ, എം.എസ്. സുബ്ബലക്ഷ്മി, സൈഗാള്‍, പങ്കജ് മല്ലിക് ഇവരുടെ അടുത്തെങ്ങും എത്തുകില്ല. അതുപോകട്ടെ, നെയ്യാറ്റിന്‍കര വാസുദേവന്റെ ഏഴയലത്തുപോലും എത്തുകില്ല. വാസുദേവന്‍ സംഗീതത്തിന്റെ അധിത്യകയിലിരിക്കുന്നു; യേശുദാസ് അതിന്റെ ഉപത്യകയിലും. ഈ ഉപത്യകയില്‍നിന്ന് അധിത്യകയിലേക്കു കയറാന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ വഴുതിതാഴെവീഴുന്നു. അപ്പോഴുണ്ടാകുന്ന നൈരാശ്യവും ദേഷ്യവുംകൊണ്ടാണ് അദ്ദേഹം മാന്യന്മാരെ നോക്കി ഉപാലംഭം ചൊരിയുന്നത്. ഞാനിത്രയും എഴുതിയതുകൊണ്ടോ ഇനി മറ്റുള്ളവര്‍ എഴുതാന്‍ പോകുന്നതുകൊണ്ടോ യേശുദാസിന്റെ ശകാരപ്രവണത മാറുകില്ല. സ്വഭാവം ‘സെറ്റായി’പ്പോയ സിമന്റു പോലെയാണ്. അതിലെ കുമ്മായമാണ് അഹങ്കാരം. ഉറച്ച സിമന്റില്‍നിന്ന് കുമ്മായം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ?

ആശയത്തെ ആശയംകൊണ്ടാണു നേരിടേണ്ടത്. അല്ലാതെ വിമര്‍ശകനെ മദ്യപനെന്നും കഞ്ചാവു പുകയ്ക്കുന്നവനെന്നും വിളിക്കുകയല്ല. അങ്ങനെ വിളിച്ചാല്‍ ചിലര്‍ അതേനാണയത്തില്‍ മറുപടി നൽകിയെന്നു വരും. അതിലെ ഗര്‍ഹണീയങ്ങളായ ആശയങ്ങള്‍ ബഹുജനമദ്ധ്യത്തില്‍ പ്രചരിക്കും. കുറെപ്പേരെങ്കിലും അതു വിശ്വസിക്കുകയും ചെയ്യും. അതുകൊണ്ട് ആരും മറ്റൊരാളെ ‘വ്യക്തിപരമായി’ ആക്ഷേപിക്കരുത്.

ഇവിടെയാണ് സംസ്കാരത്തെക്കുറിച്ചു പറയേണ്ടതായി വരുന്നത്. ജരാസന്ധന്റെ അതിഥിയായിട്ടാണ് ഭീമന്‍ ചെന്നത്. അവര്‍ തമ്മില്‍ യുദ്ധം ചെയ്യേണ്ടതായി വന്നു. ആയുധമൊന്നും കൂടാതെ എത്തിയ ഭീമന് ജരാസന്ധന്‍ തന്റെ ഏറ്റവും നല്ല ഗദ കൊടുത്തു. പിന്നീടാണ് യുദ്ധം. സായാഹ്നത്തില്‍ യുദ്ധം തീരുമ്പോള്‍ ഭീമന്‍ ജരാസന്ധന്റെ അതിഥിയായി ചെല്ലും. അവര്‍ കൂട്ടുകാരെപ്പോലെ കഴിഞ്ഞുകൂടും. [ഇത്യുക്ത്വാഭീമസേനായ പ്രദായ മഹതീം ഗദാം ദ്വിതീയാം സ്വയമാദായ നിര്‍ജഗാമ പൂരാദ് ബഹിഃ ഇപ്രകാരം പറഞ്ഞിട്ട് ഒരു വലിയ ഗദ ഭീമസേനനു ജരാസന്ധന്‍ കൊടുത്തു. തനിക്കായി വേറൊരു ഗദയെടുത്തുകൊണ്ട് നഗരത്തിന്റെ പുറത്തേക്കു പോയി (ഭാഗവതം, 10–33). നാല്പതാമത്തെ ശ്ലോകംകൂടി നോക്കുക.] ഇതാണു ഭാരതസംസ്കാരം. ശബരിമലയില്‍ പോയതു കൊണ്ടോ ഗുരുവായുരമ്പലത്തില്‍ കയറണമെന്നു ശഠിച്ചതുകൊണ്ടോ ഈ സംസ്കാരം കൈവരില്ല. അതു രക്തത്തിലുണ്ടായേ മതിയാവൂ.

ചോദ്യം, ഉത്തരം

Symbol question.svg.png സ്ത്രീവിദ്വേഷികളെക്കുറിച്ച് എന്തുപറയുന്നു?

അങ്ങനെയാരുമില്ല. ഭാര്യയോടോ കാമുകിയോടോ ഉള്ള ദേഷ്യം സ്ത്രീകളോടു പൊതുവെ കാണിക്കുന്നതാണ് സ്ത്രീവിദ്വേഷം. “സ്ത്രീവിദ്വേഷികള്‍”ക്ക് ഓരോ സ്ത്രീയെയും ഇഷ്ടമാണ്.

Symbol question.svg.png ഏതെങ്കിലുമൊരു നാടകത്തിലെ രസകരമായ ഒരു സംഭാഷണശകലം കേള്‍ക്കട്ടെ?

ഞാന്‍ സംശയിക്കുന്ന സ്വഭാവക്കാരിയല്ല. പക്ഷേ, എന്റെ ഭര്‍ത്താവ് തികച്ചും വിശ്വസ്തതയോടെയാണ് എന്നോടു പെരുമാറിയതെന്ന് എനിക്കു വിചാരവുമില്ല.

Symbol question.svg.png എന്താ അങ്ങനെ വിചാരിക്കുന്നത്?

എന്റെ അവസാനത്തെ കുട്ടിക്ക് അദ്ദേഹത്തോട് ഒരു സാദൃശ്യവുമില്ല.

Symbol question.svg.png റേഡിയോ ഇപ്പോള്‍ പ്രയോജനമില്ലാത്ത ഒരു ഉപകരണമായി മാറി, അല്ലേ?

ഇല്ല. ഇപ്പോള്‍ പലരും ടെലിവിഷന്‍സെറ്റ് തൊടാറില്ല. റേഡിയോ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. റേഡിയോയില്‍ ബേഡിയുടെ ന്യൂസ് വായനയില്ലല്ലോ. മീനുവിന്റെ മുപ്പത്തിരണ്ടു പല്ലുകളും കാണേണ്ടതില്ലല്ലോ.

Symbol question.svg.png വണ്ണം വളരെക്കൂടിയവര്‍?

ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറരുത്.

Symbol question.svg.png വിവാഹം കഴിക്കാത്ത പുരുഷന്മാരെക്കുറിച്ച്?

പെണ്‍കുട്ടികള്‍ ഭാഗ്യംചെയ്തവര്‍.

Symbol question.svg.png വിവാഹത്തിനുമുന്‍പുള്ള തന്റെ പുരുഷബന്ധത്തെ ഏറ്റുപറയുന്ന ഭാര്യയ്ക്ക് ഭര്‍ത്താവ് മാപ്പുകൊടുക്കുമോ?

സ്ത്രീയുടെ സൗന്ദര്യത്തെ ആശ്രയിച്ചിരിക്കും മാപ്പുകൊടുക്കലും കൊടുക്കാതിരിക്കലും. സ്ത്രീ കാണാന്‍ കൊള്ളുകില്ലെങ്കില്‍ അയാള്‍ അവളെ ചവിട്ടി പുറന്തള്ളും. സുന്ദരിയാണെങ്കില്‍ സ്വീകരിച്ചുകൊണ്ട് കൂടക്കൂടെ പഴയ കാര്യം പറഞ്ഞ് വഴക്കുകൂടും. അതിസുന്ദരിയാണെങ്കില്‍ അവളുടെ ചവിട്ടേറ്റു കിടന്നുകൊള്ളും. അതിസുന്ദരികളുടെ ചവിട്ടുകിട്ടുന്നത് പുരുഷന്മാര്‍ക്കു പരമസുഖമാണ്.

Symbol question.svg.png നിങ്ങള്‍ ഈ ആഴ്ച വായിച്ച ഒരു നല്ല പുസ്തകത്തിന്റെ പേരു പറയൂ?

ഡെസ്മണ്ട് മോറിസ് എഴുതിയ Body watching. രസകരമാണ് ഈ പുസ്തകം. തലമുടിതൊട്ട് കാല്‍നഖംവരെയുള്ള മനുഷ്യാവയങ്ങളുടെ സവിശേഷതകള്‍ വ്യക്തമാക്കുക എന്നതാണ് ഈ ഗ്രന്ഥമനുഷ്ഠിക്കുന്ന കൃത്യം. അതു വിരസമായ ശരീരശാസ്ത്രമല്ല. അന്യര്‍ നമ്മുടെ ശരീരത്തെയും നമ്മള്‍ അന്യരുടെ ശരീരത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ വിശദീകരിക്കുന്നു ഇത്. കഷണ്ടിയെക്കുറിച്ച് എഴുതുന്ന മോറിസ്: “One way to prevent baldness is to have yourself castrated before you reach puberty…Bald may not be handsome but it is almost certainly sexier” (Page 25, Body watching, Desmond Morris, Grafton Books, GBP 9.95).

പരിചിതഗന്ധങ്ങള്‍

‘അദ്ഭുതാവഹം’ എന്ന വിശേഷണം സാഹിത്യകൃതികള്‍ക്കു നൽകുന്നതു ശരിയല്ല എന്ന വിശ്വാസമാണെനിക്ക്. പക്ഷേ, ഇംഗ്ലീഷ് കവിയും നോവലിസ്റ്റുമായ വാള്‍ട്ടര്‍ ഡിലമറിന്റെ (Walter de la Mare, 1873–1956) ഓരോ ചെറുകഥ വായിക്കുമ്പോഴും ഞാന്‍ അദ്ഭുതാവഹം എന്നു പറഞ്ഞുപോകുന്നു. ഓരോന്നും മനോഹരമായ കാവ്യമാണെന്നു മാത്രം പറഞ്ഞാല്‍പ്പോരാ. ഉദാത്തമായ കാവ്യമാണ്. great poem എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ എന്റെ മനസ്സിലിരിക്കുന്നത് വ്യക്തമാക്കാന്‍ കഴിയും. ഒരുദാഹരണം, അദ്ദേഹത്തിന്റെ The Trumpet എന്ന ചെറുകഥയാണ്. കഥയുടെ തുടക്കം നോക്കുക: “The minute church, obscurely lit by a full moon that had not yet found window-glass through which her direct beams could pierce into its gloaming, was deserted and silent. ഈ ഒരു വാക്യം കൊണ്ടുതന്നെ കഥയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു ഡി ല മര്‍. ഈ പള്ളിയില്‍ രണ്ടുകുട്ടികള്‍, ഫിലിപ്പും ഡിക്കും. രാത്രിയാണ്. പ്രേതങ്ങള്‍ പള്ളിക്കടുത്തു നടക്കുന്നുവെന്നാണ് വിശ്വാസം. അവയെ കാണാനായി ഡിക്ക് പുറത്തേക്കു ചെന്നപ്പോള്‍ മാര്‍ബിളില്‍ നിര്‍മ്മിച്ച മാലാഖയുടെ പ്രതിമ. പള്ളിയെക്കാള്‍ വലിയ കലാശില്പം. അതിലൊരു കുഴലുണ്ട്; കാഹളം മുഴക്കാനുള്ള ഉച്ചഭാഷിണിക്കുഴല്‍. അത് ഊതി ശബ്ദമുണ്ടാക്കാനായി ഡിക്ക് മുകളിലേക്കു കയറി. അതുകണ്ട ഫിലിപ്പ് It’s wicked! It’s my angel, It’s my trumpet I hate you! Listen! — I tell you! I command you to come down!” എന്നു വിളിച്ചുപറഞ്ഞു. ഡിക്ക് വകവച്ചില്ല. അവന്‍ ആ കുഴലില്‍ കയറിപ്പിടിച്ചു. വെടിപൊട്ടുമ്പോലെ ഒരുശബ്ദം. നിര്‍മ്മിച്ചതിനുശേഷം ഒരു ജീവിയും സ്പര്‍ശിക്കാത്ത ആ കുഴല്‍ അടര്‍ന്നുപോയി. ഡിക്ക്താഴെ കല്ലില്‍ വന്നുവീഴുകയും ചെയ്തു. അപമാനിക്കപ്പെട്ട മാലാഖ ലജ്ജ മറയ്ക്കാനെന്നപോലെ നിഴലില്‍ നിന്നു. അവളുടെ, ദാരുനിര്‍മ്മിതമായ ട്രംപറ്റ് ജീവനില്ലാത്ത ഒരുകൈ അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. പലതലത്തില്‍ അര്‍ത്ഥം പറയാവുന്ന മഹനീയമായ ചെറുകഥയാണിത്. ഡി ല മറിന്റെ ഗദ്യത്തിന്റെ സൗന്ദര്യം അസാധാരണമെന്നേ പറഞ്ഞുകൂടൂ. ഇതുപോലെ മനോഹരവും മഹനീയവുമാണ് അദ്ദേഹത്തിന്റെ “ ‘What Dreams may Come’ ” എന്ന ചെറുകഥയും. അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടക്കുന്ന ഒരു ചെറുപ്പക്കാരിയുടെ സ്വപ്നം ചിത്രീകരിക്കുന്ന ഇക്കഥ ഏതു സുന്ദരമായ കിനാവിനെക്കാളും സുന്ദരമാണ്. അദ്ഭുതാവഹമായതു മറ്റൊരു കാര്യമാണ്. ഇതൊക്കെ രചിച്ച ഈ മഹാനായ കലാകാരനെ ഇംഗ്ലീഷുകാര്‍ അവഗണിക്കുന്നു. ദാരുമയമായ കവിതയെഴുതിയ എല്യറ്റിനെയാണ് അവര്‍ക്കിഷ്ടം.

ജീവിതത്തിലെ ക്ഷുദ്രങ്ങളെന്നോ അപ്രധാനങ്ങളെന്നോ കരുതാവുന്ന വസ്തുക്കളിലും വസ്തുതകളിലും അടങ്ങിയ മഹാദ്ഭുതത്തെ ചിത്രീകരിക്കുകയാണ് ഡി ല മര്‍. സമീകരിച്ചു പറയുകയല്ല. ദേശാഭിമാനി വാരികയില്‍ ‘പരിചിത ഗന്ധങ്ങള്‍’ എന്ന ചെറുകഥയെഴുതിയ അശോകന്‍ ചരുവിലും അനുഷ്ഠിക്കുന്ന കൃത്യം അതുതന്നെ. ഒരു കാളവണ്ടി. സ്വപ്നത്തിലെന്നപോലെ അതു നീങ്ങുന്നു. അതില്‍ പനിപിടിച്ച ഒരുപാവം ചാക്ക് പുതച്ചുകിടക്കുന്നു. ആ കാളവണ്ടി നമ്മുടെ ലോകമോ നമ്മുടെ ജീവിതമോ ആണ്. അതില്‍ രോഗാര്‍ത്തനായി കിടക്കുന്നയാള്‍ ഞാനാണ്. നിങ്ങളാണ്. എന്റെ ജീവിതാവബോധത്തെ സുശക്തമാക്കുന്ന കാവ്യാത്മകമായ കഥയാണ് അശോകന്‍ ചരുവിലിന്റേത്.

* * *

1988 സെപ്റ്റംബര്‍ 6-ആം നു ലെ ഹിന്ദു ദിനപത്രത്തിലെ ഒരു റിപോര്‍ട്ടിന്റെ ഒരുഭാഗം: “Mr. Thakazhi Sivasankara Pillai, Mr. S.N. Kakkar, Mr. T.M. Chummar and Mr. Thangat Sankaran spoke.”

ഇതിലെ എസ്.എന്‍ കക്കാര്‍ അന്തരിച്ചുപോയ എന്‍.എന്‍. കക്കാടാണ്. തങ്ങാട്ട് ശങ്കരന്‍ ഇനി നമ്മളൊരിക്കലും കാണാത്ത തായാട്ടു ശങ്കരനാണ്. ടി.എം. ചുമ്മാറും ഇന്നില്ല. ഇവര്‍ മൂന്നുപേരും തൃശ്ശൂരെ ഒരു പത്രസമ്മേളനത്തില്‍ പ്രസംഗിച്ചുവെന്നാണ് ‘ഹിന്ദു’വിന്റെ റിപോര്‍ട്ട് കക്കാടും ചുമ്മാറും തായാട്ട് ശങ്കരനും സ്വര്‍ഗ്ഗത്തുനിന്ന് ഏതു ട്രെയിനില്‍ കയറിയാണ് തൃശ്ശൂരെത്തിയതെന്ന് ‘ഹിന്ദു’ സ്പഷ്ടമാക്കിത്തരുമോ? അതില്‍ക്കയറി എനിക്ക് അങ്ങോട്ടു പോകാനാണ്. ലജ്ജാവഹം എന്നത് ഇമ്മാതിരി റിപോര്‍ട്ടുകളെക്കുറിച്ച് പറയാവുന്ന ഒരു ‘മൃദുലപദം’ മാത്രം.

കമന്റ്സ്

 1. രാജു കല്ല്യോട് ജനയുഗം വാരികയിലൂടെ ഒരു ‘ഉഗ്രന്‍’ പ്രതിജ്ഞ നടത്തുന്നു.
  “ഞാനെന്നും സൗഹാര്‍ദ്ദമാം തങ്കത്തേരുരുട്ടിയി
  മാനവ മണംപൊന്തും വീഥിയില്‍ കറങ്ങുന്നു
  തച്ചുടച്ചീടും ഞാനീ ‘തച്ചുശാസ്ത്രങ്ങള്‍’ — നവ
  തച്ചുശാസ്ത്രങ്ങള്‍കൊണ്ടെന്‍ നാടിനെ നന്നാക്കും ഞാന്‍.”

  വയലാര്‍ രാമവര്‍മ്മ മരിച്ചുപോയിയെന്നാണ് ഞാനിത്രയുംകാലം വിചാരിച്ചിരുന്നത്. അദ്ദേഹം കല്ല്യോട്ട് ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞതില്‍ എനിക്കാഹ്ലാദമുണ്ട്. നാലു നല്ല പാട്ടെങ്കിലും കേള്‍ക്കാമല്ലോ.

 2. വെളിച്ചം വെറുക്കുവാന്‍
  വിളിച്ചു മുദ്രാവാക്യം
  ‘വളിച്ച’ വിപ്ലവത്തിന്‍
  പാളിച്ച കണ്ടില്ലിവര്‍

  എന്ന് എ. മുഹമ്മദ് മാറഞ്ചേരി ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പില്‍ — നാലു വരികളിലെയും രണ്ടാമത്തെ അക്ഷരം ഒരേ രീതിയില്‍ ഇരിക്കണമല്ലോ. അങ്ങനെയാണ് കാവ്യത്തില്‍ വരാന്‍ പാടില്ലാത്ത ‘വളിച്ച’ എന്ന വാക്കുവന്നുപോയത്. ഈ ലോകത്തുള്ള എല്ലാം നശിക്കും. പക്ഷേ, ഇമ്മാതിരി വാക്കുകള്‍ നശിക്കില്ല. എ. മുഹമ്മദുമാര്‍ അവ പ്രയോഗിച്ചുകൊണ്ടേയിരിക്കും.

 3. പദ്മാ സുബ്രഹ്മണ്യത്തിന്റെ നൃത്തം കണ്ട് ആഹ്ലാദപരവശനായ ആഷാ മേനോന്‍ ശ്ലോകം മാസികയില്‍ എഴുതുന്നു: “ഭേദിക്കപ്പെടാത്ത അവരുടെ സ്ത്രീത്വം തേജസ്സായി രൂപാന്തരപ്പെട്ടിരിക്കുമോ?” — കമന്റില്ല എനിക്ക്. ഈ ലേഖനം അച്ചടിച്ചു വരുന്ന സമയം കൊണ്ട് പുതിയ അപകീര്‍ത്തിബില്‍ നിയമമായാല്‍ കമന്റ് നടത്തിയ എന്നെ ആഷാ മേനോനോ പദ്മാ സുബ്രഹ്മണ്യമോ കൂട്ടിലാക്കിക്കളയും. അതുകൊണ്ട് കമന്റിനു പേടിയുണ്ടെനിക്ക്.

ഗോള്‍ഡിങ്

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഗോള്‍ഡിങ്ങിന്റെ Close Quarters എന്ന നോവല്‍ (Faber & Faber Rs. 55) ഔജ്ജ്വല്യമാര്‍ന്ന കലാസൃഷ്ടിയാണ്. 1980-ല്‍ പ്രസാധനംചെയ്ത Rites of passage എന്ന നോവലിന്റെ സീക്വലാണ് (അനന്തരകഥയാണ്) ഈ കൃതി. ടാല്‍ബട്ട് (Rites of Passage-ലെ കഥാപാത്രംതന്നെ) കപ്പലില്‍ സഞ്ചരിക്കുകയാണ്. കപ്പലിലെ സ്റ്റോര്‍കീപ്പറില്‍നിന്നു പുതുതായി വാങ്ങിയ ഡയറിയില്‍ അയാള്‍ എഴുതിത്തുടങ്ങുന്നു. പക്ഷേ, മുന്‍പ് കഥയുണ്ടായിരുന്നു എഴുതാന്‍. ഇപ്പോഴാകട്ടെ കഥയില്ല. (But I do remember writing towards the end of it that it had become some sort of a sea story. It was a journal that became a story by accident. There is no story to tell now) ഇപ്പോള്‍ പറയാന്‍ കഥയില്ല എന്നു ടാല്‍ബട്ട് പറഞ്ഞെങ്കിലും ക്രമേണ ഹൃദയത്തെ പിടിച്ചു കുലുക്കുന്ന കഥ ചുരുളഴിയുന്നു. അയാള്‍ സഞ്ചരിക്കുന്ന കപ്പല്‍ കൊടുങ്കാറ്റില്‍പ്പെടുന്നു. ഇന്‍ഡ്യയിലേക്കു പോകുന്ന മറ്റൊരു കപ്പലിലെ തരുണിയോട് അയാള്‍ക്കു പ്രേമമുണ്ടാകുന്നു. We faced each other by the rail. I looked down at her, she looked up at me. The fan moved more and more slowly. Her lips moved and she made the shape of words without saying them. It was more than flesh and blood could endure (Page 122). പക്ഷേ, ഈ പ്രേമം സാഫല്യത്തിലെത്തിയില്ല. തരുണി അവളുടെ കപ്പലില്‍ത്തന്നെ യാത്രചെയ്തു പിരിഞ്ഞുപോയി. She turned to me and I saw how her eyes shone in the gloom; and the whisper reached me, as heartfelt as a whisper can be… she was gone. ടാല്‍ബട്ട് നൈരാശ്യത്തില്‍ വീഴുന്നു. ലക്ഷ്യത്തില്‍ എത്തുകയില്ല തന്റെ കപ്പലെന്ന് അയാള്‍ വിചാരിച്ചെങ്കിലും അത് എത്താതിരുന്നില്ല. ടാല്‍ബട്ട് ഇനി മൂന്നാമത്തെ പുസ്തകമെഴുതും. പ്രതിരൂപാത്മക സ്വഭാവമാര്‍ന്ന ഈ നോവലിന്റെ ഗഹനതയും മറ്റും വിശദമാക്കാന്‍ ഇവിടെ സ്ഥലമില്ല. ഇംഗ്ലീഷ് നോവലിന്റെ മഹനീയമായ പാരമ്പര്യം ഇത് ഉയര്‍ത്തിപ്പിടിക്കുന്നു എന്നു മാത്രം പറയട്ടെ.