close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 01 05


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 01 05
ലക്കം 538
മുൻലക്കം 1985 12 29
പിൻലക്കം 1986 01 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇതെഴുതുന്ന ആൾ ചിലപ്പോൾ ഗുപ്‌തൻനായർസ്സാറുമായി ടെലിഫോണിൽ സംസാരിക്കാറുണ്ട്. ഒരു ദിവസം പലതും പറഞ്ഞ കൂട്ടത്തിൽ അന്തരിച്ചുപോയ എൻ. ഗോപാലപിള്ളസ്സാറിനെക്കുറിച്ചും പറയുകയുണ്ടായി. കാര്യമായ ‘കോൺട്രിബ്യൂഷ’നൊന്നും ഗോപാലപിള്ളസ്സാറിൽനിന്ന് മലയാളസാഹിത്യത്തിനു ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹം ‘ജീനിയസ്സാ’യിരുന്നുവെന്നു ഗുപ്‌തൻ നായർ അഭിപ്രായപ്പെട്ടു. ശരിയാണത്. ചില പരുക്കൻ പ്രബന്ധങ്ങളും വള്ളത്തോൾ ശൈലിയിലുള്ള ചില കാര്യങ്ങളും മാത്രമേ അദ്ദേഹത്തിൽ നിന്നു നമുക്കു കിട്ടിയിട്ടുള്ളൂ. പിന്നെ ‘ചിന്താവിഷ്ടയായ സീത’യുടെ സംസ്കൃത തർജ്ജമയും. ഇതാണു സത്യമെങ്കിലും ഗോപാലപിള്ളസ്സാർ സാംസ്കാരിക മണ്ഡലത്തിലെ നേതാവായിരുന്നു. സായഹ്നമാകുമ്പോൾ തിരുവനന്തപുരാത്തെ ധിഷണാശാലികളിൽ പലരും അദ്ദേഹത്തിന്റെ വീടിൽ വന്നുകൂടും. അവർക്കൊക്കെ ജ്ഞാനശകലങ്ങൾ പകർന്നുകൊടുത്തും പ്രത്യുല്പന്നമിതത്വം കലർന്ന പ്രസ്താവനകൾ ചെയ്ത് അവരെ രസിപ്പിച്ചും തികച്ചും സ്വാഭാവികങ്ങളായ നേരമ്പോക്കുകൾ പറഞ്ഞു പൊട്ടിച്ചിരിയുളവാക്കിയും അദ്ദേഹം വിരാജിക്കും. മഹാസമ്മേളനങ്ങളിൽ ആദ്ധ്യക്ഷ്യം വഹിക്കാൻ, സമ്മാനങ്ങൾ നിശ്ചയിക്കാൻ, പനമ്പിള‌ളി തുടങ്ങിയ മന്ത്രിമാർക്കു സാംസ്കാരികവിഷയങ്ങളിൽ ഉപദേശം നൽകാൻ — ഇവയ്ക്കെല്ലാം ഗോപാലപിള്ളസ്സാർ കൂടിയേതീരൂ എന്നതായിരുന്നു സ്ഥിതി. ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ജീവിതാസ്ഥമയത്തിൽ ഒരുകാറ് വാങ്ങി. അതുവരെ ബസ്സിലോ ടാക്സിക്കാറിലോ സഞ്ചരിച്ചിരുന്നു. പക്ഷേ അദ്ദേഹത്തെ കാണുമ്പോൾ ‘ധിക്കൃതശക്രപരാക്രമനാകിന’ ഏതു നക്തഞ്ചരനും വിറയ്ക്കും. ഈ വ്യക്തിപ്രഭാവം എങ്ങനെയുണ്ടായിയെന്നു ആലോചിക്കേണ്ടതാണ്. ഗോപാലപിള്ളസ്സാർ ജീവിച്ചിരുന്നകാലത്ത് മഹാകവി ഉള്ളൂർ പരമേശ്വരയ്യരും ജീവിച്ചിരുന്നു. എന്നാൽ ഉള്ളൂരിനെ ബഹുമാനിച്ചതിനേക്കാളേറെ ബഹുജനം ഗോപാലപിള്ളയെ ബഹുമാനിച്ചു. ആലോചിക്കേണ്ടതാണെന്നു മുൻപു പറഞ്ഞല്ലോ. ആലോചിച്ചു. എനിക്കു തോന്നിയത് എഴുതാം. ചെറിയ ആശയങ്ങളുണ്ട്. വലിയ ആശയങ്ങളുണ്ട്. ചെറിയ ആശയങ്ങളോടുമാത്രം ബന്ധപ്പെടുന്നവർക്കു സാംസ്‌കാരിക മണ്ഡലത്തിൽ എത്തിനോക്കാൻ പോലും കഴിയുകയില്ല. വലിയ ആശയങ്ങൾ കാലഘട്ടത്തിന്റെ ചൈതന്യവുമായി ബന്ധപ്പെട്ടവയാണ്. അങ്ങനെ ആകാര വൈപുല്യമാർന്ന ആശയങ്ങളോടു ബന്ധം സ്ഥാപിച്ച ആ വ്യക്‌തി സംസ്കാരത്തിന്റെ മണ്ഡലത്തിൽ അനിഷേധ്യ നേതാവായി ഭവിച്ചു. മനോഹരങ്ങളായ കാവ്യങ്ങൾ എഴുതുന്നവർക്കും ഉജ്ജ്വലങ്ങളായ നോവലുകൾ എഴുതുന്നവർക്കും അദ്ദേഹം നേതാവുതന്നെ. എന്നാൽ അദ്ദേഹത്തിന് ആ കവിയെപ്പോലെ കാവ്യമെഴുതാൻ കഴിയുമോ? ഇല്ല. അന്നത്തെ നോവലിസ്റ്റിനെപ്പോലെ നോവലെഴുതാൻ കഴിയുമോ? ഇല്ല. എന്നാലും ചൈതന്യത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം മുൻപേ നടന്നിരുന്നു. അന്തരിക്കുന്നതുവരെ ആ സ്ഥാനം നഷ്ടപ്പെട്ടതുമില്ല. ലോക ചരിത്രം നോക്കൂ. പ്രതിഭാശാലിയായ അരിസ്റ്റോട്ടിലല്ല അലക്‌സാണ്ടർ ചക്രവർത്തിയാണ് ലോകത്തിന്റെ ശ്രദ്ധയിൽ വന്നുവീണത്. ഗോയ്ഥെയെക്കുറിച്ചല്ല നെപ്പോളിയനെക്കുറിച്ചാണ് യൂറോപ്പിലെ ജനത ആദരപൂർവ്വം സംസാരിച്ചത്.

ഖുശ്‌വന്ത് സിങ്

ആദരപൂർവ്വം സംസാരിക്കണം മെക്‌സിക്കൻ കവിയായ ഒക്‌ടോവ്യോപാസ്സിനെക്കുറിച്ച് ‘ഉൾക്കാഴ്ചയുടെ അഗാധതയിൽ’ അദ്ദേഹം പാവ്‌ലോ നെറൂദയെക്കാൾ വലിയ കവിയാണ്, നിരൂപകനാണ്. “Through the body of the beloved we glimpse a life of that is more plentiful, more life than life. Similarly, through the poem, we perceive the immobile lightening flash of poetry. That instant contains every instant. Without ceasing to flow, time stands still, overcome with itself.” തന്റെ ഈ പ്രസ്താവത്തിന് അനുസരിച്ച് കവിതയുടെ മിന്നൽ കാണിച്ചുതന്നു, മറ്റെല്ലാ നിമിഷങ്ങളും ഒരു നിമിഷത്തിലൊതുക്കിയ മഹാകവിയാണു പാസ്സ്. അദ്ദേഹത്തെക്കുറിച്ച് ഖുശ്‌വന്ത്സിങ് ഇങ്ങനെ പറഞ്ഞതായി കലാകൗമുദിയിലെ “ചരിത്ര രേഖകളി”ൽ കാണുന്നു. “മെക്സിക്കോയിൽ നിന്നുള്ള അംബാസ്സഡർ എന്ന നിലയിൽ അദ്ദേഹനീണ്ട ആറുകൊല്ലം ഇന്ത്യയെ ചുംബിച്ചു. ഈ പ്രേമബന്ധത്തിൽനിന്ന് നിരവധി കവിതകൾ പിറന്നു. “പരിഹാസദ്യോതകമായ ഈ പ്രസ്താവത്തിന് ചരിത്രരേഖകളുടെ കർത്താവ് ചുട്ട, മറുപടി നൽകിയിട്ടുണ്ട്. “മെക്സിക്കോ സന്ദർശിക്കനുള്ള ഓസ് പാസ്സിന് അന്ന് ഈ സർദാർ ഒക്ടാവ്യോ പാസ്സിനുപിന്നാലെ കയിലിയും കുത്തി കുറെ അലഞ്ഞു കാണണം. അതിന്റെ കെറുവാണ്.”

ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് ചെറിയ ആശയങ്ങൾ കൊണ്ടുനടക്കുന്ന വ്യക്തിയാണ് ഖുശ്‌വന്ത്സിങ്ങെന്നു് ഈ “ചുംബന പ്രസ്താവം” തെളിവു നല്കുന്നു. അദ്ദേഹത്തിന്റെ Train to Pakisthan, I shall not hear the Nightingale എന്നീ ‘നോവലുകൾ’ ഞാൻ വായിച്ചിട്ടുണ്ട്. മനുഷ്യന്റെ വികാരങ്ങൾ ഇളകിപ്പോയാൽ അവൻ മൃഗത്തിലും ഹീനനാകുമെന്നു വ്യക്തമക്കുകയാണ് ആദ്യത്തെ നോവൽ. മനുഷ്യന്റെ ദൗർബല്യത്തെ പരിഹസിക്കുന്നു രണ്ടാമത്തേതു്. യഥാർത്ഥത്തിൽ രണ്ടും നോവലുകളല്ല, ഉപന്യാസങ്ങളാണു്.

നിരൂപകനായ ഖുശ്‌വന്ത്സിങ്ങിനെ ഇത്രത്തോളംതന്നെ വിശ്വസിച്ചുകൂടാ. മോറിസ്‌വെസ്‌റ്റ് എന്ന ആസ്റ്റ്രേലിയൻ നോവലിസ്റ്റിന്റെ The World is made of Glass എന്ന നോവൽ ഉജ്ജ്വലമായ കലാസൃഷ്ടിയണ് എന്ന് അദ്ദേഹം എഴുതിയിരുന്നു. അതു വിശ്വസിച്ച് ആ നോവൽ വലിയ വിലകൊടുത്തു ഞാൻ വാങ്ങി; വായിച്ചു. ജർണ്ണലിസത്തിൽ കവിഞ്ഞ് അതൊന്നുമല്ലെന്ന് എനിക്കു മനസ്സിലായി. മഹനീയമായ സാഹിത്യമെന്തെന്ന് ഒട്ടുംതന്നെ അറിഞ്ഞിട്ടില്ലാത്ത പത്രലേഖകൻ മാത്രമാണ് ഖുശ്‌വന്ത്സിങ്ങ്. നോവലിന്റെയും നിരൂപണത്തിന്റെയും മണ്ഡലങ്ങളിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഇമ്മട്ടിൽ ക്ഷുദ്രമാണെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മഹനീയമായ സാഹിത്യമെന്തെന്ന് ഒട്ടുംതന്നെ അറിഞ്ഞിട്ടില്ലാത്ത പത്രലേഖകൻ മാത്രമാണ് ഖുശ്‌വന്ത്സിങ്ങ്. നോവലിന്റെയും നിരൂപണത്തിന്റെയും മണ്ഡലങ്ങളിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഇമ്മട്ടിൽ ക്ഷുദ്രമാണെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ

.

ദാമ്പത്യജീവിതം

ഇതുപോലെ ഊഹിക്കവുന്നതാണ് ദാമ്പത്യജീവിതത്തിലുണ്ടാകുന്ന സംഘട്ടനങ്ങളുടെ പരമഫലം.നമ്പൂരിക്കു ഭാര്യയെ സംശയം. അയാൾ തിരിച്ചു വീട്ടിലെത്തിയപ്പോൾ ജാരൻ ചാടിയോടി. കോളാമ്പിയിൽ തുപ്പൽ നിറഞ്ഞു കണ്ടപ്പോൾ നമ്പൂരി ചോദിച്ചു അതിനു കാരണമെന്തെന്നു്. “ഞാൻ തന്നെ തുപ്പിയിതിലിന്നു നിറച്ചതാണ്” എന്നു ഭാര്യയുടെ മറുപടി. ഇതുകേട്ടയുടനെ ആ കോളാമ്പിയെടുത്ത് അതിലെ തുപ്പൽ മുഴുവൻ അവളുടെ തലയിലിഴിച്ചു അയാൾ. പെണ്ണു്

മുടി മുതലടിയോളം തുപ്പലാറാട്ടുമൂലം
കൊടിയ കുരുതിയാടും ചണ്ഡികദേവിയിപ്പോലെ
കുടിലമൊഴി ചുവന്നുംകൊണ്ടുനിന്നിട്ടുപിന്നെ-
ജ്‌ത്സടിതി വെളിയിലേക്കവേഷമോടിറങ്ങി

പിന്നീടെന്തുണ്ടായിയെന്നു് എനിക്കോർമ്മയില്ല. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ‘തുപ്പൽക്കോളാമ്പി’ എന്ന കാവ്യം വായിച്ചിട്ട് അമ്പതുകൊല്ലംകഴിഞ്ഞിരിക്കുന്നു. ഇതുപോലുള്ള സംഘട്ടനങ്ങൾക്കുശേഷം “ഞാൻ എന്റെ വീടിൽ പോകുന്നു” എന്നു പറഞ്ഞിട്ട് അവൾ മെല്ലെ നടക്കും. പിറകേ ഭർത്താവ് വിളിക്കാൻ വരുന്നുണ്ടോ എന്നു തിരിഞ്ഞു നോക്കും. വരുന്നില്ലെന്ന് ഉറപ്പായാൽ പതുക്കെ തിരിച്ചുവരും. അടുക്കളയിലേക്കു കയറി അയാൾക്കു വേണ്ട കാപ്പിയോ ചോറോ തയ്യാറാക്കും. രാത്രിയിലും അയാൾ മിണ്ടുന്നില്ലെന്നു കണ്ടാൽ അയാളുടെ നെഞ്ചിൽ തലചേർത്തുവച്ച് ‘മിണ്ടുകില്ലേ?’ എന്നും ചോദിക്കും. കുറ്റം പറയാനില്ല, പരിഹസിക്കാനില്ല.നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾക്ക് ഇങ്ങനെ മാത്രമേ പെരുമാറാനാവൂ. സാമ്പത്തികമായ പരാധീനത കൊണ്ട് ഭാര്യ ഇവിടെ ഭർത്താവിന് അടിമയാണ്. കഴിഞ്ഞ്കൂടാൻവേണ്ടി മാത്രം അവൾ അയാളുടെ മുൻപിൽ താഴും.‘തുപ്പൽ കോളാമ്പി’യിലെ നമ്പൂരി സ്ത്രീ ആ വിധത്തിൽ ശിക്ഷിക്കപ്പെടേണ്ടവളാണ്. അതല്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ. ഒരപരാധവും ചെയ്യാത്ത സ്ത്രീയെയാണ് മദ്യപനും വ്യഭിചാരിയുമായ പുരുഷൻ ഹിംസിക്കുന്നത്. കെ. എം. രാധ കലാകൗമുദിയിൽ എഴുതിയ ‘ആഴം’ എന്ന കൊച്ചുകഥയിലെ ഭാര്യ പിണങ്ങിക്കിടക്കുന്ന ഭർത്താവിനോട് ‘പെണക്കമാണോ?’ എന്നു ചോദിക്കുന്നു. പിണക്കമില്ലെന്ന് അയാൾ സൂചിപ്പിച്ചപ്പോൾ അവൾ ‘ന്റെ കരളേ’ എന്ന് വിളിക്കുന്നു. സ്‌നേഹത്തിന്റെ ആഴം അത്രയ്ക്കുണ്ടെന്നു ധ്വനി. സാഹിത്യത്തിൽ ഇതു സത്യമായിരിക്കാം. നിത്യജീവിതത്തിലാണെങ്കിൽ പച്ചക്കള്ളം. “ ഈ ദുഷ്ടനെ വിട്ടുപോയാൽ ഞാൻ ആരെ ആശ്രയിക്കും? അച്ഛനമ്മമാർ ഇല്ല. സഹോദരന്റെ അടുക്കൽ ചെല്ലാമെന്നു വിചാരിച്ചാൽ അയാളുടെ ഭാര്യ ചൂലു ചാണകത്തിൽ മുക്കി വച്ചിട്ടുണ്ടായിരിക്കും. സഹോദരിമാർ അടുപ്പിക്കില്ല.” എന്നു വിചാരിച്ചുകൊണ്ട് ‘എടാ ദ്രോഹി’ എന്നു വിളിക്കുന്നതിനു പകരം ’പിണക്കമാണോ’ എന്നു ചോദിക്കുന്നു. അയാൾക്ക് അപ്പോൾ അവളെക്ക്ണ്ട് ആവശ്യമുണ്ടെങ്കിൽ ’ഇല്ല’ എന്നു മൊഴിയും. ആവശ്യമില്ലെങ്കിൽ ’ഛീ മാറിപ്പോടീ’ എന്നു ഗർജ്ജിക്കും. ഇതാണു സത്യം. ഞാനെത്രയോ കാലമായി ഈ പട്ടണത്തിൽ ജീവിക്കുന്നു. ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടന്ന അതിസുന്ദരികളായ പെൺകുട്ടികൾ ദാമ്പത്യ ജീവിതത്തിൽ കടന്നുകൂടി എന്ന ഒറ്റക്കാരണം കൊണ്ട് എല്ലും തോലുമായി മുക്കിനും മൂലയ്ക്കും “ചേട്ട”ന്റെ സ്കൂട്ടർകാത്തു നിൽക്കുന്നത് ഞാൻ കാണുന്നതാണല്ലോ. ചിലർ നാലു മണിക്കുതന്നെ ഓഫീസിൽ നിന്നിറങ്ങി വീടിലേക്കു പാഞ്ഞ് പോകും. ചോദിച്ചാൽ “കുഞ്ഞിനെ നഴ്സറിയിൽ നിന്നു വിളിക്കാനാണ്.” എന്നു മറുപടി പറയും. സത്യം വേറൊന്നാണ്. വീട്ടിൽ കാണാൻ ഭേദപ്പെട്ട വേലക്കാരിയുണ്ട്. ‘ചേട്ടൻ’ തലവേദനയായി നേരത്തേ വീട്ടിൽ ചെന്നാലോ? ഞാൻ കൂടുതലെഴുതുന്നില്ല. നമ്മുടെ നാട്ടിലെ സ്ത്രീകൾ സുഖമനുഭവിക്കുന്നുണ്ടെങ്കിൽ അത് അവർ ചെറുപ്പകാലത്ത് അച്ഛനമ്മമാരോടോടുകൂടി ജീവിച്ച കാലയളവിൽ മാത്രമാണ്. പക്ഷേ, ഈ സത്യം ഒരു സ്ത്രീയും സമ്മതിച്ചുതരില്ല. ഇതു പറയുന്നവനെ അവർ പരസ്യമായി എതിർക്കും. രഹസ്യമായി — മനസ്സുകൊണ്ട് — ആരാധിക്കും.

നീർമാതളം

ആരാധനയോളം മനസ്സു ചെന്നെത്തും മാധവിക്കുട്ടിയുടെ രചനകൾ വായിച്ചാൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി എഴുതിയ ‘നീർമാതളമരം’ എന്ന ഗദ്യ കാവ്യം വായിക്കൂ. ഞാൻ പറഞ്ഞതിന്റെ സത്യാത്മകത ഗ്രഹിക്കാം. ഭാവാത്മകതയോ? ഹർഷോന്മാദമോ? അതേ ഭാവാത്മകതതന്നെ. തന്റെ പുരാതനഭവനത്തിന്റെ മുൻപിൽ മാതളമരം പൊടുന്നനവേ പൂത്തുനില്‌ക്കുന്നതു കണ്ടപ്പോൾ മാധവിക്കുട്ടിയ്ക്കുണ്ടായ വികാരാതിശയമാണ് സ്വർണ്ണതന്തുവായി മാറി ഈ കാവ്യത്തിൽ മയൂഖമാലകൾ വീശുന്നത്. ജീവിതത്തിന്റെ ക്ഷണികതയ്ക്കു മുന്നിൽ, മരണത്തിന്റെ ഭീകരതയ്ക്കു മുന്നിൽ ഈ കാഞ്ചനപ്രഭ കണ്ണിനും മനസ്സിനും ആഹ്ലാദം പകരുന്നു. ആഹ്ലാദം മാത്രമല്ല സന്ദേശവും പകർന്നുതരാനുണ്ട് മാതളമരത്തിന്. മനുഷ്യൻ ദുഃഖിക്കുന്നു, ജീർണ്ണിക്കുന്നു. പക്ഷേ, മരത്തിന് ദുഃഖമില്ല, ജീർണ്ണതയില്ല. അതിന്റെ ആഹ്ലാദവും സൗന്ദര്യബോധവും പൂക്കളിലൂടെ ആവിഷ്കരിച്ചുകൊണ്ട് ദുഃഖിക്കുന്ന മനുഷ്യനോട് “ജീവിക്കൂ, എന്നെപ്പോലെ സന്തോഷിക്കൂ” എന്ന് ആഹ്വാനം ചെയ്യുന്നു. ഹർഷോന്മാദമോ? അതേ, ആ പൂക്കളെപ്പോലെ കലാത്മകത ജ്വലിച്ചുനിൽക്കുമ്പോൾ വായനക്കാരന് ഹർഷോന്മാദം തന്നെ. ഈ പുല്ലാങ്കുഴലിൽ നിന്ന് ഉദ്ഭവിക്കുന്ന സുവർണ്ണനാദങ്ങളാണ് അയാളുടെ വിഷാദത്തെ അകറ്റുന്നത്.

ഈച്ച വീണ കാപ്പി

വിഷാദമകറ്റാൻ മലയാള വാരികകളിലെ ചെറുകഥകൾ വായിക്കു. ഞാൻ ആദ്യമായി മദ്രാസിൽ ചെന്നു. സായാഹ്നസമയം. പട്ടണം ദീപാലംകൃതമായിക്കഴിഞ്ഞു. പെൻഗ്വിൻ ബുക്ക്സിലുള്ള താല്പര്യത്തോടു കൂടി ഹിഗ്ഗിൻബോത്തംസ് ലക്ഷ്യമാക്കി നടന്നു. മനോഹരങ്ങളായ രാജവീഥികൾ. വിചാരിച്ചപോലെ ആൾത്തിരക്കില്ല. വാഹനങ്ങളുടെ തിരക്കുമില്ല. എല്ലാം ചേതോഹരം. ബുക്ക്സ്റ്റാളിൽ കയറുന്നതിനുമുമ്പ് കാപ്പി കുടിക്കാമെന്നു കരുതി ആദ്യം കണ്ട ഹോട്ടലിൽ കയറി. ഹോട്ടലും ചേതോഹരം. കസേരയും മേശയും സുന്ദരം. തമിഴൻ കാപ്പി കൊണ്ടു വച്ചു. കപ്പും സോസറും രമണീയം. കപ്പ് എടുത്ത് ഉയർത്തിയപ്പോൾ കാപ്പിയിൽ എന്തോ കറുത്ത സാധനം കിടക്കുന്നതു കണ്ടു. ചൂണ്ടുവിരൽ കൊണ്ട് അതു പൊക്കിയെടുത്തു. ഒരു തടിയൻ ഈച്ചയുടെ മൃതദേഹം! കുങ്കുമം വാരിക മനോഹരമായ ഭാജനമാണെങ്കിൽ അതിൽ കിടക്കുന്ന ചത്ത ഈച്ചയാണ് ‘കാലഘട്ടത്തിന്റെ കഥ’ എന്ന തമിഴ്‌കഥ (കെ. ഭാഗ്യരാജ് — തർജ്ജമ കെ. സി. മധുവിന്റേത്) ഒരുത്തിയെ ചിലർ ബലാത്സംഗം ചെയ്തു. പത്രാധിപർക്ക് അതിന്റെ ന്യൂസ് വാല്യുവിൽ താല്പര്യം. മഹിളാസമാജത്തിന് ആ സംഭവത്തിന്റെ പ്രായോഗികാംശത്തിൽ കൗതുകം. ചലച്ചിത്രസംവിധായകന് അതിന്റെ നാടകീയാംശത്തിൽ ആഭിമുഖ്യം. അങ്ങനെ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ ദയനീയാവസ്ഥ വിസ്മരിക്കപ്പെടുന്നു. സറ്റയർ രചിക്കുന്നുവെന്നാണ് മൂലകഥയെഴുതിയ ആളിന്റെ ഭാവം. താനൊരു കലാശില്പം കേരളത്തിലെ വായനക്കാർക്ക് പ്രദാനം ചെയ്യുന്നുവെന്നു തർജ്ജമക്കാരന്റെ ഭാവം. എന്നാൽ ഇത് വെറുമൊരു റിപ്പോർട്ടാണെന്ന് അവർ രണ്ടു പേരും അറിയുന്നില്ല. മനുഷ്യസ്വഭാവത്തിലേക്കും മനുഷ്യാവസ്ഥയിലേക്കും അന്യാദൃശമായവിധത്തിൽ ഉൾക്കാഴ്ച നടത്താൻ ആർക്കു കഴിവുണ്ടോ അയാളാണ് കലാകാരൻ. അയാളുടെ പ്രസ്താവങ്ങൾ നിത്യജീവിതത്തെ സംബന്ധിച്ചിടത്തോളം സത്യാത്മകമായിരിക്കണമെന്നില്ല. വിക്തോർ യൂഗോയുടെ ‘പാവങ്ങളി’ലെ ആദ്യത്തെ അദ്ധ്യായം ഓർമ്മയിലെത്തുന്നു. പിൽക്കാലത്ത് ഡി-യിലെ ബിഷപ്പായി മാറിയ വ്യക്തി അന്ന് വെറുമൊരു പാതിരി. നെപ്പോളിയൻ ആ ഗ്രാമത്തിലൂടെ നടന്നുപോകുന്നുവെന്നു കേട്ട് അയാൾ ആ ജേതാവിനെ കാണാൻ റോഡരുകിൽ ചെന്നുനിന്നു. തന്നെ സൂക്ഷിച്ചു നോക്കുന്ന പാതിരിയെക്കണ്ട് നെപ്പോളിയൻ ചോദിച്ചു. “Who is that good man looking upon me?” പാതിരി മറുപടി പറഞ്ഞു: “Sir, you look upon a good man, but, I look upon a great man” (ഓർമ്മയിൽ നിന്ന്) യഥാർത്ഥത്തിൽ ഉണ്ടായതാണോ ഇത്? അല്ല. പച്ചകള്ളം. പക്ഷേ നോവൽ വായിച്ചു തുടങ്ങുമ്പോൾ അതിനേക്കാൾ സത്യാത്മകമായ സംഭാഷണം വേറെയില്ലെന്നു നമുക്കു തോന്നും. അതാണു് കലയുടെ ശക്തി. ഈ തമിഴ്‌കഥ വായിക്കുമ്പോൾ ഇതാകെ അവാസ്തവികമാണെന്നു തോന്നുന്നു. ഈച്ച വീണ കാപ്പി മാറ്റിവച്ചിട്ട് തമിഴനോടു വേറെ കാപ്പി കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു. തമിഴീച്ചയുടെ മൃതദേഹം മാറ്റിവച്ചിട്ട് ഞാൻ വേറെ കഥ അന്വേഷിക്കുന്നു.

കടലാസ്സിലെ കടുവ

“വരകൾക്കകത്തു് വികാരം ഒളിപ്പിച്ചുവയ്ക്കാനുള്ള നമ്പൂതിരിയുടെ സിദ്ധി ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ചിത്രകാരനുണ്ടോ എന്നു് സംശയമാണു്. ലോകമെങ്ങും അറിയപ്പെടുന്ന നിരവധി ചിത്രകാരന്മാർ നമുക്കുണ്ട്. അവരിൽ പലരുടെയും രചനകൾക്കു് മൗലികത്വം ഉണ്ടായിരിക്കുകയില്ല. വിദേശീയ സ്വാധീനത്തിന്റെ നേർത്ത പാടുകൾ അവയിലെല്ലാം ഒരു സൂക്ഷ്മദൃക്കിനു് ദർശിക്കാൻ കഴിയും. അതേസമയം നമ്പൂതിരിയുടെ ചിത്രങ്ങൾ നമ്പൂതിരിയുടേതു മാത്രമാണു്.”

വേറെ കഥ അന്വേഷിച്ച് ഞാൻ ചെന്നു വീണത് ‘എക്സ്പ്രസ്സ്’ ആഴ്ചപ്പതിപ്പിന്റെ പതിനൊന്നാം പുറത്തിലാണ്. എൻ. ഹർഷൻ “ആദേശ”വുമായി അവിടെ നിൽക്കുന്നു. കഥ പറയുന്ന ആൾ ഗുമസ്തനായി. അമ്മ കൊടുക്കുന്ന പൊതിച്ചോറുമായി അയാൾ ഓഫീസിൽ പോയി. പിന്നീടു് വിവാഹം. ഭാര്യ കെട്ടിക്കൊടുക്കുന്ന പൊതിച്ചോറുമായിട്ടാണ് ഓഫീസിൽ പോക്ക്. അങ്ങനെയിരിക്കേ അയാൾ സ്വന്തം പട്ടിയുടെ രൂപമാർന്നു. വേറൊരുത്തൻ അയാളുടെ ഭാര്യയെ സ്വന്തമാക്കി. അയാൾ ഓഫീസിൽ പോകാനും തുടങ്ങി. വ്യക്തിത്വമില്ലാത്തവൻ പട്ടിയാകുമെന്നാവാം ഇക്കഥയിലെ ആശയം. അല്ലെങ്കിൽ മനുഷ്യനു് എങ്ങനെ ഐഡന്റിറ്റി നഷ്ടപ്പെടുന്നു എന്നതിനെ ചിത്രീകരിക്കുകയാവാം കഥാകാരൻ. ഈ സന്ദർഭത്തിൽ എന്റെ ഓർമ്മയിലെത്തുന്നത് ബോർഹേസിന്റെ The Other Tiger എന്ന കാവ്യമാണ്. കവിയുടെ മനസ്സിൽ ഒരു കടുവ എത്തുന്നു. നിഷ്കളങ്കനായി, കാരുണ്യമില്ലാത്തവനായി, രക്തമൊലിക്കുന്നവനായി അവൻ കാട്ടിൽ അലഞ്ഞു നടക്കുന്നു. നദികളുടെ ചെളിയാർന്ന തീരങ്ങളിൽ കാലടയാളം നിർമ്മിച്ചു കൊണ്ടാണു് നടത്തം. പ്രഭാതത്തിന്റെ മണവും മേയുന്ന മാനിന്റെ ഗന്ധവും അവൻ പിടിച്ചെടുക്കുന്നു. തെക്കേ അമേരിക്കയിൽ കവി ഇരുന്നുകൊണ്ട് ഗംഗയുടെ തീരത്തു നടക്കുന്ന ഈ കടുവയുടെ സ്വപ്നം കാണുന്നു.

സായാഹ്നം ആത്മാവിൽ‌വന്നു നിറയുമ്പോൾ കാവ്യത്തിലെ കടുവ നിഴലുപോലുള്ള ഒരു രൂപം മാത്രമാണെന്ന് കവി അറിയുന്നു. പ്രതീകങ്ങളുടെ കടുവ മാത്രമാണ് അവൻ. പുസ്തകങ്ങളിൽ നിന്നു് പെറുക്കിയെടുത്ത തുണ്ടുകൾ മാത്രം. ബംഗാളിലോ സുമാട്രയിലോ സൂര്യനുതാഴെ അല്ലെങ്കിൽ നക്ഷത്രങ്ങൾക്കു താഴെ, അല്ലെങ്കിൽ മാറുന്ന ചന്ദ്രനു താഴെ നടക്കുന്ന മാരകമായ ആഭരണമല്ല

കാവ്യത്തിലെ കടുവ. 1959-ആഗസ്റ്റ് മൂന്നാം തീയതി — ഈ ദിവസം അവൻ സ്വന്തം നിഴൽ പുൽത്തകിടിയിൽ വീഴ്ത്തുന്നു. കാവ്യത്തിലെ കടുവയുടെ ലോകത്തിനുള്ള പരിധികൾ നിർണ്ണയിക്കുമ്പോൾ അതു കല്പനാസൃഷ്ടിയായി മാറുന്നു.

ഇനി മൂന്നാമത്തെ കടുവയെ അന്വേഷിക്കാം. അതും കവിയുടെ സ്വപ്നത്തിന്റെ രൂപംമാത്രം. വാക്കുകൾ കൊണ്ടുള്ള ഘടനമാത്രമാണ് ആ മൃഗം. മാംസത്തോടും അസ്ഥിയോടും കൂടി ഭൂമിയിൽ നടക്കുന്ന കടുവയല്ലത്. കാവ്യത്തിലില്ലാത്ത ആ മൃഗത്തെ അന്വേഷിക്കുന്നു. ബോർഹേസിന്റെ കാവ്യം ഇവിടെ അവസാനിക്കുന്നു. ഞാനൊരു വിശദീകരണം നൽകട്ടെ. ഒന്നാമത്തെ കടുവ ബംഗാളിലെ വനത്തിൽ നടക്കുന്നു. രണ്ടാമത്തെ മൃഗം ബോർഹേസിന്റെ കാവ്യത്തിൽ മാത്രം. അതു പ്രതീകങ്ങൾകൊണ്ട് അല്ലെങ്കിൽ വാക്കുകൾ കൊണ്ടുമാത്രം നിർമ്മിക്കപ്പെട്ടത്. ആദ്യത്തെ കടുവയ്ക്കു സദൃശമല്ല രണ്ടാമത്തേത്. എന്നാൽപ്പിന്നെ മൂന്നാമത്തെ കടുവ റോൾസ് റോയ്സ് ഓടിച്ചാലെന്ത്? സന്ന്യാസിയായി അന്തേവാസിനികളെ പ്രാപിച്ചാലെന്ത്? സർഗ്ഗാത്മകത്വത്തിന്റെ സവിശേഷതയിലേക്ക് കൈ ചൂണ്ടുകയാണ് ബോർഹേസ്. രണ്ടാമത്തെയും മൂന്നാമത്തെയും കടുവകൾ വെറും തോന്നലുകളാണ്. ആ തോന്നലുകൾ യഥാർത്ഥമായ കടുവയുടെ പ്രതീതി ജനിപ്പിക്കുമ്പോഴാണ് കലയുടെ ഉദയം. ഈ ഉദയം ശ്രീഹർഷന്റെ കഥയിലില്ല. അതൊരു ഉപന്യാസം മാത്രമാണ്.

ഇനിയും എത്ര ദിവസം

ഉപന്യാസം മാത്രമാണെങ്കിലും ക്ഷമിക്കാം. കഥയെന്നു ശീർഷകം നൽകിയിട്ട് അർത്ഥരഹിതങ്ങളായ കുറെ വാക്യങ്ങൾ എഴുതിവയ്ക്കുന്ന സാഹസത്തിനു മാപ്പുനൽകുന്നതെങ്ങനെ? കേട്ടാലും:

“ആ കണ്ണുകളിലുടക്കിയ നിമിഷങ്ങളുടെ വികാരഗാഥകളിൽ കാമദേവനും രതീദേവിയുമായവർ. രതിപർവ്വങ്ങൾ, രൂപഭേദങ്ങൾ, പുതിയ ലയഭാവചിത്രങ്ങൾ. എങ്ങെല്ലാമോ ഏഴിലം പാലകളിൽ ഗന്ധർവ്വന്മാർ ആയിരം താളങ്ങൾ പാടിയാടി” (ഒരു പ്രണയകഥ കൂടി — യു. എഫ്. ആനന്ദ് മലയാളമനോരമ ആഴ്ചപ്പതിപ്പ്). ഈ കോലാഹലത്തിൽ നിന്ന് വേർപ്പെട്ടുവരുന്ന ഒരു രൂപവും ഇതിലില്ല. ഭാഗ്യംകൊണ്ട് താനെഴുതിയത് എന്താണെന്ന് കഥാകാരൻ തന്നെ കഥയുടെ അവസാനത്തിൽ സൂത്രവാക്യങ്ങളുടെ മട്ടിൽ ആവിഷ്കരിക്കുന്നുണ്ട്. അതെന്താണെന്നു പോലും നമ്മൾ അറിയേണ്ടതില്ല. അത്രയ്ക്കു ക്ഷുദ്രവും മലീമസവുമാണ് ഇക്കഥ.

പി. സി. കുട്ടിക്കൃഷ്ണന്റെ ‘വാടകവീടുകൾ’ എന്ന ചെറുകഥയിൽ പങ്കജം എന്നൊരു കഥാപാത്രമുണ്ട്. താമസിക്കാൻ മുറി അന്വേഷിച്ചുവരുന്ന ഒരു സാഹിത്യകാരനെ ‘വരൂ’ എന്നു വിളിച്ചിട്ട് അവൾ കോണിപ്പടി കയറുന്നു. അയാൾ പിറകെയും. പങ്കജം കുളികഴിഞ്ഞതേയുള്ളു. കാച്ചിയ എണ്ണയുടെയും തലയിൽ തേച്ച സോപ്പിന്റെയും മണങ്ങൾ ഇടകലർന്നുള്ള ഒരു സൗരഭ്യം അവളുടെ തലമുടിയിൽ നിന്ന് പുറപ്പെട്ടിരുന്നു. അത് ശ്വസിച്ചുകൊണ്ട് കോണിപ്പടികൾ കയറാൻ അയാൾക്ക് ആഹ്ലാദമായിരുന്നുവെന്നു കഥാകാരൻ പറയുന്നു. മുറി കാണിച്ചുകൊടുത്തിട്ട് പങ്കജം പോയതിനു ശേഷവും ആ സാഹിത്യകാരൻ ആ സൗരഭ്യം നാസാരന്ധ്രങ്ങളിൽ തങ്ങിനിൽക്കുന്നത് വളരെനേരം ശ്വസിച്ചിരിക്കും. എനിക്കൊരു സ്നേഹിതനുണ്ടായിരുന്നു. അന്തരിച്ചുപോയി. ഞങ്ങൾ കുട്ടിക്കാലത്ത് ഒരുമിച്ചു നടക്കുമ്പോൾ പെണ്ണുങ്ങൾ അടുത്തുകൂടെ പോയാൽ അയാൾ ശ്വാസം വലിച്ച് അവരുടെ ഗന്ധം വലിച്ചെടുക്കും. “എന്തൊരു വൃത്തികേട്” എന്നു ഞാൻ പറയുമ്പോൾ അയാൾ വൃത്തികേടോ, ഇതിനെക്കാൾ നല്ലൊരു പ്രവൃത്തിയില്ല” എന്നു പറയുമായിരുന്നു. ഇന്നെനിക്കറിയാം സെക്സും മൂക്കുമായി ബന്ധമുണ്ടെന്ന്. രതിമൂർച്ഛയിൽ മൂക്കടപ്പ് ഉണ്ടാകുമെന്ന് ഏതോ മെഡിക്കൽ ഗ്രന്ഥത്തിൽ ഞാൻ വായിച്ചു. അതൊക്കെപോകട്ടെ. ദുർഗ്ഗന്ധത്തിന്റെ ഹേതു നിർമ്മാർജ്ജനം ചെയ്യപ്പെട്ടാലും അതു നമ്മുടെ മൂക്കിനകത്തുനിന്നു പോകുകയില്ല. ആശുപത്രികളിലെ ചില വാർഡുകളിൽ ചെല്ലുമ്പോൾ നമ്മൾ അനുഭവിക്കുന്ന നാറ്റം വീട്ടിൽ തിരിച്ചെത്തിയാലും അനുഭവപ്പെട്ടുകൊണ്ടിരിക്കും. യു. എഫ്. ആനന്ദിന്റെ ചെറുകഥയുടെ ദുർഗ്ഗന്ധം ഇനിയും എത്ര ദിവസം ഞാൻ സഹിക്കേണ്ടിവരുമെന്ന് എനിക്കറിഞ്ഞുകൂടാ.

* * *

എനിക്കറിഞ്ഞുകൂടാ നൂറിനു നൂറും ശരിയാണോ എന്ന്. എങ്കിലും പലരും പറഞ്ഞതുകൊണ്ട് പറയുന്നു. ദീർഘമായ നാസികയുള്ളവരെയാണ് നെപ്പോളിയൻ ഉത്തരവാദിത്വമുള്ള ജോലിക്കു തിരഞ്ഞെടുത്തിരുന്നത്. അവർ മിടുക്കന്മാരായിരിക്കുമത്രേ. നേപ്പിൾസിലെ രാജ്ഞിയായിരുന്ന ജോവന്ന നീണ്ട മൂക്കുള്ളവരെ കാമുകന്മാരായി അംഗീകരിച്ചിരുന്നു. അതിന്റെ ഹേതു അച്ചടിക്കാൻ വയ്യ.

നമ്പൂതിരി

ഏതു സമയത്തും അച്ചടിക്കാവുന്ന ചിത്രങ്ങളേ അനുഗ്രഹീതനായ കലാകാരൻ നമ്പൂതിരി വരയ്ക്കാറുള്ളു. സാർത്ര് പറഞ്ഞിട്ടുണ്ട് കലാകാരൻ സത്യം പറയാൻ വേണ്ടി കള്ളം പറയണമെന്ന്. നമ്പൂതിരി വരയ്ക്കുന്ന സ്ത്രീരൂപങ്ങളിൽ സ്ഥൂലീകരണമുണ്ടോ? ഉണ്ട്. അതാണ് അവയിലെ അസത്യാംശം. ആ അസത്യാംശം അദ്ദേഹം കൊണ്ടുവരുന്നത് സത്യമാവിഷ്കരിക്കാനാണ്. ഇതുതന്നെയാണ് ട്രയൽ വാരികയിലെ ലേഖനം ഭംഗ്യന്തരേണ വ്യക്തമാക്കുന്നത് കേട്ടാലും:

വരകൾക്കകത്ത് വികാരം ഒളിപ്പിച്ചുവയ്ക്കാനുള്ള നമ്പൂതിരിയുടെ സിദ്ധി ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു ചിത്രകാരനുണ്ടോയെന്ന് സംശയമാണ്. ലോകമെങ്ങും അറിയപ്പെടുന്ന നിരവധി ചിത്രകാരന്മാർ നമുക്കുണ്ട്. അവരിൽ പലരുടെയും രചനകൾക്ക് മൗലികത്വമുണ്ടായിരിക്കയില്ല. വിദേശീയ സ്വാധീനത്തിന്റെ നേർത്ത പാടുകൾ അവയിലെല്ലാം ഒരു സൂക്ഷ്മദൃക്കിന് ദർശിക്കാൻ കഴിയും. അതേ സമയം നമ്പൂതിരിയുടെ ചിത്രങ്ങൾ നമ്പൂതിരിയുടേതു മാത്രമാണ്. നൂറ്റാണ്ടുകൾക്കു മുൻപ് മണ്മറഞ്ഞ ഇന്ത്യയിലെ അജ്ഞാതരായ ചിത്രകാരന്മാരുടെയും ശില്പികളുടെയും തലമുറയിലെ ഒരു കണ്ണിയായിത്തീർന്നിരിക്കുകയാണ് നമ്പൂതിരി.

പ്രത്യക്ഷരം ശരിയാണ് ഈ പ്രസ്താവം. വെറും സ്ത്രീ ജീവിതമല്ല നമ്പൂതിരി ചിത്രീകരിക്കുന്നത്. കുറച്ചുകൂടി ഉയർന്ന ജീവിതമാണ്. മോറീസ് മതേർലങ്ങിന്റെ ‘മോന്ന വാന്ന’ എന്ന നാടകത്തിൽ പ്രിൻസിവല്ലിയുടെ കൂടാരത്തിൽനിന്നു താൻ വരുന്നതു സഹോദരന്റെ അടുക്കൽ നിന്നു സഹോദരി വരുന്നതുപോലെയാണെന്ന് ജോവന്ന പറയുമ്പോൾ അവളുടെ ഭർത്താവ് ഗ്യൂദോ അതു സത്യമാണോ എന്നു ചോദിക്കുന്നു. അപ്പോൾ “സത്യത്തിൽ സത്യം” എന്ന് അവൾ മറുപടി നൽകുന്നു. വെറും സത്യമല്ല, സത്യത്തിൽ സത്യമാണ് നമ്പൂതിരി സ്ഫുടീകരിക്കുന്നത്. അക്കാര്യത്തിൽ അദ്ദേഹം നിസ്തുലനാണ്.

* * *

സാഹിത്യ വാരഫലത്തിന്റെ നിസ്തുല സ്വഭാവത്തെക്കുറിച്ച് ഡോക്ടർ എം. എം. ബഷീർ ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ ഉപന്യസിച്ചിരിക്കുന്നു. അല്പജ്ഞനായ എന്നെക്കുറിച്ച് സൗജന്യത്തോടെ അദ്ദേഹം പറഞ്ഞതൊക്കെ ഞാൻ തന്നെ സംഗ്രഹിച്ചെഴുതുന്നത് ഉചിതജ്ഞതയുടെ ലക്ഷണമല്ല. അതുകൊണ്ട് അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ഈ വിചാരം അവസാനിപ്പിക്കട്ടെ.

* * *

അവസാനിപ്പിക്കുന്നതിനു മുൻപ് ഒരു സത്യം കൂടി പറയട്ടെ. നാട്ടിൻപുറത്തുകാരിയായ ഭാര്യയ്ക്കു പട്ടണത്തിലെ ഭർത്താവ് മുപ്പതുരുപയുടെ പട്ടുസാരി വാങ്ങിക്കൊടുത്തിട്ടു പറയും: “എടീ നോക്ക് കാഞ്ചീപുരം സാരി. മുന്നൂറ്റമ്പതു രൂപ വിലയാണ്.” അതുകേട്ട് അവൾ ആഹ്ലാദിക്കും. ആ വ്യാമോഹത്തിൽ വളരെക്കാലം കഴിയും. നമ്മുടെ ചില നിരൂപകർ ഈ പട്ടണവാസികളെപ്പോലെയാണ്. വ്യാജസാഹിത്യമെടുത്ത് നിർവ്യാജസാഹിത്യമായി അവർ പാവപ്പെട്ട ജനങ്ങളുടെ മുൻപിൽ വയ്ക്കുന്നു. നിഷ്കളങ്കയായ സ്ത്രീ ഭർത്താവിനെ വിശ്വസിക്കുന്നതുപോലെ ബഹുജനം നിരൂപകരെ വിശ്വസിക്കുന്നു. ഒരു കാലത്ത് അവൾ സത്യമറിയും; ബഹുജനവും അറിയും.