സാഹിത്യവാരഫലം 1998 01 30
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | സമകാലിക മലയാളം |
തിയതി | 1998 01 30 |
മുൻലക്കം | 1998 01 23 |
പിൻലക്കം | 1998 02 06 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
Contents
ചോദ്യം, ഉത്തരം
“നിങ്ങളുടെ നോട്ടത്തില്‍ ആശാന്‍ മാത്രമേയുള്ളോ രാഷ്ട്രീയത്തില്‍ പരമയോഗ്യനായി?”
- “ആശാനെന്നു നിങ്ങളെഴുതിയതു ശ്രീ. കെ.വി. സുരേന്ദ്രനാഥിനെ ഉദ്ദേശിച്ചാണോ? എങ്കില്‍ ഞാന്‍ പറയട്ടെ. പ്രവൃത്തിയിലും വാക്കിലും വിശുദ്ധി പരിപാലിക്കുന്ന സമുന്നതനായ വ്യക്തിയാണ് അദ്ദേഹം. സുരേന്ദ്രനാഥിനു പതിന്നാലു വയസ്സുള്ള കാലം തൊട്ട് ഞാന്‍ അദ്ദേഹത്തെ വിമര്‍ശനബുദ്ധിയോടെ നോക്കിയിട്ടുണ്ട്. ഇന്നുവരെ അദ്ദേഹം പരിപൂര്‍ണ്ണമായ സ്വഭാവമേന്മയോടു കൂടി മാത്രമേ പ്രത്യക്ഷനായിട്ടുള്ളു. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എന്റെ ആദരത്തിനു പാത്രമായ മറ്റൊരു വ്യക്തി വാര്‍ദ്ധയിലെ സേവാഗ്രാം ആശ്രമം ഡയറക്ടറായ ശ്രീ. പി. ഗോപിനാഥന്‍ നായരാണ്. സുരേന്ദ്രനാഥിനെയും ഗോപിനാഥന്‍ നായരെയും മഹാവ്യക്തികളെന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ എപ്പോഴും സന്നദ്ധനാണ്”.
“താങ്കള്‍ ആവര്‍ത്തിക്കുന്നുവെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ എഴുതിയിരിക്കുന്നു. ശരിയല്ലേ?”
- “ശരി. 27 കൊല്ലമായി ഞാന്‍ എഴുതുന്നു. ചിലപ്പോള്‍ അറിഞ്ഞും മറ്റു ചിലപ്പോള്‍ അറിയാതെയും ആവര്‍ത്തിക്കും. എല്ലാം ഒരാളില്‍ നിന്നു വരുന്നതല്ലേ? ഏതായാലും ഇനി ഈ ദോഷം ഒഴിവാക്കാന്‍ ശ്രമിക്കാം. തുറവൂര്‍ വിശ്വംഭരനു നന്ദി പറയുന്നു സത്യം ചൂണ്ടിക്കാണിച്ചതിന്”
“അപമാനിക്കല്‍ എത്ര വിധമുണ്ട്?”
- “രണ്ടു തരത്തില്‍. പരോക്ഷമായ അപമാനനം; പ്രത്യക്ഷമായ അപമാനനം. പരോക്ഷമായ അപമാനനത്തിന് ഉദാഹരണം നല്കാം. ഒരു രാത്രി റ്റെലിഫോണ്‍ മണിനാദം കേള്‍ക്കുന്നു. റിസീവറെടുത്തു കാതില്‍ ചേര്‍ത്തപ്പോള്‍ ഒരെഴുത്തുകാരനില്‍ നിന്ന് ഇങ്ങനെ കേട്ടു. ‘ഞാനൊരു ലേഖനത്തില്‍ കപട ചിന്തകന്‍ എന്നെഴുതിയതു സാറിനെക്കുറിച്ചാണോ എന്ന് വിനു എബ്രഹാം ചോദിച്ചു. (വിനു എബ്രഹാം The Week എന്ന വാരികയുടെ സിറ്റി എഡിറ്റര്‍) ‘അല്ല’ എന്നു ഞാന്‍ മറുപടി നല്കി. സാറ് തെറ്റിദ്ധരിക്കരുതു്. സാറിനെയല്ല ഞാന്‍ കപടചിന്തകന്‍ എന്നു വിളിച്ചതു്.’ എന്‍. ഗോപാലപിള്ള ഈ കുത്സിതത്വത്തില്‍ വ്യാപരിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞു: ‘കൃഷ്ണന്‍നായരേ നിങ്ങള്‍ സുപര്‍ഫിഷലാണെന്നു ഗുപ്തന്‍ നായര്‍ പറഞ്ഞല്ലോ’. ഗുപ്തന്‍നായര്‍സ്സാര്‍ അങ്ങനെനെയൊരു കാര്യം വിചാരിച്ചിരിക്കുകയേയില്ല. ഗോപാലപിള്ളസ്സാറിനു പറയാനുള്ളത് ഗുപ്തന്‍നായര്‍സ്സാറിന്റെ തലയില്‍ കെട്ടി വയ്ക്കുന്നതേയുള്ളു. ‘വീക്ക്’ എന്ന വാരികയിലൂടെ എന്നെ ചക്രവര്‍ത്തിയാക്കിയ ആളാണു വിനു എബ്രഹാം. അദ്ദേഹം എന്നെ കപടചിന്തകന്‍ എന്നു വിളിക്കില്ല. പ്രത്യക്ഷമായ അപമാനനത്തിന് ഏതു വാരിക നോക്കിയാലും മതി. ഉദാഹരണം കിട്ടും. ‘തെക്കേ ഇംഗ്ലണ്ടിലെ ഒരു സാഹിത്യവാരഫലക്കാരന്‍ അഷ്ടമൂര്‍ത്തിയെയും പ്രഭാവര്‍മ്മയെയും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്നു’ എന്ന് ഒരു ലേഖകന്‍ മലയാളം വാരികയില്‍ ഇതു പ്രത്യക്ഷമായ അപമാനനമാണ്. എന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയാണ് അദ്ദേഹം ഈ രീതിയില്‍ അപമാനിക്കുന്നതു്. എന്റെ പേനയില്‍ മഷിയേറെയുണ്ട്. ഇതിനു പകരം വീട്ടാനായി ഞാന്‍ മഷി അദ്ദേഹത്തിന്റെ മുഖത്തേക്കു കുടയുന്നില്ല.”
“ഐന്‍സ്റ്റീനോ ഷേക്സ്പിയറോ കേമന്‍?”
- “ഷെയ്ക്സ്പിയര്‍. ഐന്‍സ്റ്റൈന്‍ പ്രപഞ്ചത്തെക്കുറിച്ച് അറിവിന്റെ ഒരംശം മാത്രം തന്നു. ഷെയ്ക്സ്പിയര്‍ പ്രപഞ്ചസത്യം സ്പഷ്ടമാക്കി. ഐന്‍സ്റ്റൈന്‍ വിസ്മരിക്കപ്പെടും. ഷെയ്ക്സ്പിയര്‍ക്ക് മരണമില്ല.”
“നല്ല ഗദ്യമെഴുതാന്‍ എന്തുചെയ്യണം?”
- “ആവശ്യകതയില്‍ക്കവിഞ്ഞ് ഒരു വാക്കു പോലും പ്രയോഗിക്കരുത്. രവിവര്‍മ്മയുടെ ഏതെങ്കിലും ചിത്രത്തില്‍ സ്വല്പം ചായം തേച്ചു നോക്കൂ. ചിത്രമാകെ തകര്‍ന്നു പോകുകയില്ലേ. അതുപോലെ വേണ്ടാത്ത ഒരു വാക്ക് ഗദ്യത്തില്‍ വന്നാല്‍ രചനയ്ക്കു തകര്‍ച്ചയുണ്ടാകും”
- “ഒരു ന്യൂറോട്ടിക്കിനു വേറൊരു ന്യൂറോട്ടിക്കിനോട് ആ ചോദ്യം ചോദിക്കാന്‍ അവകാശമില്ല”
“സാഹിത്യകാരന്മാര്‍ മരിക്കില്ലേ?”
- “സാധാരണ മനുഷ്യര്‍ക്കു ഒരു മരണമേയുള്ളു. സാഹിത്യകാരന്മാര്‍ക്കു ദിവസവും മരണമാണ്. വേറൊരു സാഹിത്യകാരനു എവോര്‍ഡ് കിട്ടിയെന്നു പത്രത്തില്‍ വായിക്കുമ്പോള്‍ അതു വായിക്കുന്ന സാഹിത്യകാരന്‍ കുറച്ചു മരിക്കുന്നു. പെരുമ്പടവം ശ്രീധരനു വയലാര്‍രാമവര്‍മ്മ എവോര്‍ഡ് കിട്ടിയപ്പോള്‍ പല സാഹിത്യകാരന്മാരുടെയും ജീവന്‍ മുക്കാല്‍ പങ്കും പോയി. കാല്‍ ഭാഗം പ്രാണനോടു കൂടിയാണ് അവര്‍ ഇന്നു ജീവിക്കുന്നത്”
സാധാരണ മനുഷ്യര്‍ക്കു ഒരു മരണമേയുള്ളു. സാഹിത്യകാരന്മാര്‍ക്കു ദിവസവും മരണമാണ്. വേറൊരു സാഹിത്യകാരനു എവോര്‍ഡ് കിട്ടിയെന്നു പത്രത്തില്‍ വായിക്കുമ്പോള്‍ അതു വായിക്കുന്ന സാഹിത്യകാരന്‍ കുറച്ചു മരിക്കുന്നു.
വിധിയുടെ വിനോദം
മലയാറ്റൂര്‍ രാമകൃഷ്ണന്‍ മരിക്കുന്നതിന്റെ തലേദിവസം (അതോ അതിനു മുന്‍പോ) എന്നോടു ചോദിച്ചു. “നമ്മള്‍ രണ്ടുപേരും കുറെ വര്‍ഷം മുന്‍പ് ലുസിയ ഹോട്ടലില്‍ വച്ച് 555 സിഗ്ററ്റിന്റെ കൂടു് അങ്ങോട്ടുമിങ്ങോട്ടുമെറിഞ്ഞു് കളിച്ചത് ഓര്‍മ്മിക്കുന്നുണ്ടോ?” “ഓര്‍മ്മിക്കുന്നു” എന്നു എന്റെ മറുപടി “എന്തുതോന്നി?” എന്നു മലയാറ്റൂരിന്റെ വീണ്ടുമുള്ള ചോദ്യം. ഞാന്‍ പറഞ്ഞ മറുപടി എന്താണെന്നു എഴുതുന്നതിനു മുന്‍പു് സ്വല്പം വിശദീകരണം.
മലയാളനാട് പത്രാധിപര്‍ എസ്.കെ. നായര്‍, അഭിനേതാവ് എം.ജി. സോമന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഇവര്‍ ലുസിയ ഹോട്ടലിലെ ലഹരിക്കു വിധേയരായി ഇരിക്കുമ്പോള്‍ ‘കൃഷ്ണന്‍നായരെ വരുത്തൂ’ എന്നു മലയാറ്റൂരിന്റെ നിര്‍ദ്ദേശം. അദ്ദേഹം എഴുതിയ നോവലിന്റെ കൈയെഴുത്തുപ്രതി അവരെ വായിച്ചു കേള്‍പ്പിക്കുമ്പോഴാണ് ആ നിര്‍ദ്ദേശമുണ്ടായത്. എസ്.കെ. നായരുടെ കൊട്ടാരം പോലെയുള്ള കാര്‍ എന്റെ വീട്ടുനടയിലെത്തി. ഞാന്‍ ലുസിയ ഹോട്ടലിലെ ഹോളില്‍. എന്നെക്കണ്ടയുടനെ മലയാറ്റൂര്‍ കൈയെഴുത്തുപ്രതി എടുത്തു വായന തുടങ്ങി. ഷൂട്ടിങ്ങിനു പോകാന്‍ മുഖത്തു ചായം തേച്ച് സോമന്‍ ഇരിക്കുകയായിരുന്നു. മലയാറ്റൂരിന്റെ പാരായണം അസഹനീയമെന്ന് അദ്ദേഹത്തിന്റെ (സോമന്റെ) മുഖഭാവം തെളിയിച്ചു. ദീര്‍ഘമായ ഒരധ്യായം വായിച്ചതിനു ശേഷം മലയാറ്റൂര്‍ എന്നോടു ചോദിച്ചു: ‘എങ്ങനെയിരിക്കുന്നു?’ എന്റെ ഉത്തരം: ‘വളരെ നന്നായിരിക്കുന്നു’ ഇതു കേട്ടയുടനെ സോമന്‍ ക്ഷോഭിച്ച് എന്നോടു പറഞ്ഞു: ‘ഇങ്ങനെയൊന്നും പറയല്ലേ സാര്‍. പറഞ്ഞാല്‍ ഇവന്‍ ഇവിടെ നിന്നു പോകാതെ നോവല്‍ മുഴുവന്‍ വായിച്ചു കേള്‍പ്പിക്കും. എന്റെ കാറ് വന്നെങ്കില്‍ എനിക്കു പോകാമായിരുന്നു.’ മലയാറ്റൂര്‍ കൈയെഴുത്തുപ്രതി താഴെ വച്ചു. എഴുന്നേറ്റു. ഒഴിഞ്ഞ 555 സിഗ്ററ്റ് കൂടെടുത്തു. എന്നോടു ഹോളിന്റെ ഒരു ഭിത്തിക്കരികില്‍ നില്ക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്നു കുറെ ദൂരമുള്ള മറ്റൊരു ഭിത്തിയുടെ അടുത്തേക്കു മലയാറ്റൂര്‍ പോയി. കൂട് എന്റെ നേര്‍ക്ക് എറിഞ്ഞു. ഞാനതു പിടിച്ച് അദ്ദേഹത്തിന്റെ നേര്‍ക്കു എറിയണം. അതു ചെയ്തു. ഇങ്ങനെ അരമണിക്കൂര്‍ നേരം കൂടുകൊണ്ടുള്ള കളി. ലഹരിക്കൂ വിധേയനാകാത്ത ഞാന്‍ നീരസത്തോടെ ‘കളിമതി’ എന്ന് ഉച്ചത്തില്‍ പറഞ്ഞു. അപ്പോഴാണ് മലയാറ്റൂര്‍ ചോദിച്ചത് ‘ഈ കളിയില്‍ നിന്നു എന്തു മനസ്സിലാക്കി’യെന്ന്. ഞാന്‍: ജീവിതം ഇതു പോലെയൊരു കളിയാണ്. വിധിയാണ് സിഗ്ററ്റ് കൂടെന്ന പോലെ നമ്മളെ ഒരു സ്ഥലത്തു നിന്ന് വേറൊരു സ്ഥലത്തേക്കും അവിടെ നിന്ന് ആദ്യത്തെ സ്ഥലത്തേക്കും തെറിപ്പിക്കുന്നത്. ജീവിതം ഒരോണപ്പന്താണെന്നും അത് തുച്ഛമാണെന്നും മണ്ണില്‍ അത് ഉരുളുന്നുവെന്നും കവി പറഞ്ഞതും ഞാന്‍ ഓര്‍മ്മിച്ചു. പക്ഷേ മലയാറ്റൂരിനോടു കവിവാക്യം പറഞ്ഞില്ല.
രണ്ടു ജീവിതങ്ങള്‍ വിധിയുടെ പ്രവാഹത്തില്‍ തുരുമ്പുകള്‍ പോലെ ഒഴുകുന്നത് (ചങ്ങമ്പുഴ) ഓണപ്പന്തുപോലെ ഉരുളുന്നത്, കൂടുപോലെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് വരച്ചു കാണിക്കുന്നു ശ്രീജു എം.ജി. ‘മദ്ധ്യാഹ്നം’ എന്ന ചെറുകഥയില്‍. (മലയാളം വാരിക) വൃദ്ധന്‍, വൃദ്ധ, അവരുടെ മകള്‍ വിജാതീയ വിവാഹം കഴിഞ്ഞ് അവരെ ഉപേക്ഷിച്ചു പോയിരിക്കുന്നു എല്ലാക്കാലത്തേക്കുമായി. മകന്‍ അന്യദേശത്ത്. വിധിയോടൊരുമിച്ച് അവര്‍ കൂരിരുട്ടിലേക്കു നീങ്ങുന്നു. അവരുടെ ഈ മന്ദഗതിയിലുള്ള യാത്രയെ യോജിച്ച ബിംബങ്ങളിലൂടെ, രൂപങ്ങളിലൂടെ ശ്രീജു വരച്ചു കാണിക്കുന്നു. ചിരപരിചിതമാണു വിഷയമെങ്കിലും കഥയെഴുതിയ ആള്‍ വൈദഗ്ദ്ധ്യം കൊണ്ടു ആ ദോഷത്തെ ഒഴിവാക്കിയിരിക്കുന്നു.
വിചാരങ്ങള്‍
പ്രചാരണത്തിനു സാഹിത്യത്തെ ഉപയോഗിക്കുന്നയാള്‍ വേറൊരാളെ മുന്നില്‍ കണ്ടുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ജീവിതാനുഭവങ്ങള്‍ സൗന്ദര്യത്തോടു ബന്ധപ്പെട്ട പ്രതികരണമുളവാക്കും. ആ പ്രതികരണങ്ങളെ രൂപശില്പത്തോടെ പ്രകാശിപ്പിക്കുന്നവന്‍ ആ വേറൊരാളെ കാണുന്നില്ല. അപ്പോഴാണു സാഹിത്യം സാഹിത്യമാകുന്നത്.
2. നമ്മള്‍ മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ മനസ്സില്‍ സ്വഭാവികമായും വരുന്നതേ പറയാവൂ. ശ്രോതാവിന് അദ്ഭുതം ജനിപ്പിക്കുന്ന മട്ടില്‍ നൂതനാശയങ്ങള്‍ ആവിഷ്കരിച്ചാല്‍ നമ്മുടെ വ്യക്തിത്വം അതില്‍ വരുകില്ല. അപ്പോള്‍ സംഭാഷണം കൃത്രിമമാകും. ‘ബോറന്‍’ എന്നു പറഞ്ഞു ശ്രോതാവ് എഴുന്നേറ്റു പോകുകയും ചെയ്യും.
3. ഷെയ്ക്സ്പിയറിന്റെ ഹാംലിറ്റ് നാടകത്തില്‍ ഒരന്തര്‍ നാടകമുണ്ട്. അതു കണ്ടുകൊണ്ടിരിക്കുന്നു നാടകത്തിലെ ചില കഥാപാത്രങ്ങള്‍. അവരെ പ്രേക്ഷകര്‍ കാണുന്നു. നമ്മളെസ്സംബന്ധിച്ചിടത്തോളം പ്രേക്ഷകര്‍ക്കു സത്യാത്മകതയുണ്ട്. പക്ഷേ അങ്ങനെ തീര്‍പ്പു കല്പിക്കാമോ എന്നാണ് ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ബോര്‍ഹേസിന്റെ ചോദ്യം. നാടകം കാണുന്ന പ്രേക്ഷകരും മറ്റു ചിലര്‍ കാണുന്ന നാടകത്തിലെ കഥാപാത്രങ്ങളായിക്കൂടേ എന്നു അദ്ദേഹം സംശയിക്കുന്നു. എല്ലാം അദ്ഭുതജനകം തന്നെ. സി.ജി. യുങ്ങിന്റെ ‘Memories, Dreams, Reflections’ എന്ന ഗ്രന്ഥം വായിക്കേണ്ടതാണ്. (ഓര്‍മ്മക്കുറിപ്പുകള്‍) യുങ്ങിന്റെ വീട്ടിലെ ഉദ്യാനത്തില്‍ ഒരു മതിലുണ്ടായിരുന്നു. ആ മതിലിനു മുന്‍പില്‍ ഒരു കല്ലും. ചിലപ്പോള്‍ യുങ് ആകല്ലില്‍ കയറിയിരുന്നു വിചാരിക്കും: ‘ഞാന്‍ കല്ലിന്റെ മുകളില്‍ ഇരിക്കുന്നു. കല്ലു താഴെയും’. പക്ഷേ കല്ലിനും ഇങ്ങനെ വിചാരിക്കാം. ‘ഞാന്‍ ഈ ചെരിവില്‍ കിടക്കുന്നു. അയാള്‍ എന്റെ മുകളിലായി ഇരിക്കുന്നു’. അപ്പോള്‍ ഒരു ചോദ്യമുണ്ടായി. ‘ഞാനാണോ കല്ലില്‍ ഇരിക്കുന്നത് അതോ “അവന്‍” (കല്ല്) ഇരിക്കുന്നതു കല്ലായ എന്നിലാണോ?’ (Page 35 - Collins - Fontana) കല്ലിന് താനുമായി എന്തോ രഹസ്യബന്ധമുണ്ടെന്ന് യുങ്ങിനു തോന്നിയിരുന്നു. സാധാരണത്വത്തില്‍ അസാധാരണത്വം കാണാന്‍ ധിഷണാശാലികള്‍ക്കു പ്രവണതയുണ്ടെന്നു ബോര്‍ഹെസിന്റെയും യുങ്ങിന്റെയും വിചാരങ്ങള്‍ തെളിയിക്കുന്നു.
കെ.എല്‍. മോഹനവര്‍മ്മ
Asian Laughter എന്ന പുസ്തകം ഫിലിം ഡയറക്ടര്‍ അരവിന്ദന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍ക്കു നല്കിയെന്നും രസകരമായ പുസ്തകമാണ് അതെന്നും അദ്ദേഹം (എം.എന്‍) എന്നോടു പറഞ്ഞിട്ടുണ്ട്. എം.എന്‍. അതെന്നെ അറിയിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ ആ പുസ്തകം വായിച്ചിരുന്നു. രസകരങ്ങളായ ഏറെ നേരമ്പോക്കുകള്‍ അതിലുണ്ട്. പുസ്തകം ഇപ്പോള്‍ കൈയിലില്ലാത്തതുകൊണ്ട് ഓര്‍മ്മയില്‍ നിന്ന് രണ്ടെണ്ണം കുറിക്കാം.
ഭര്‍ത്താവ് ഉറക്കത്തില്‍ കരഞ്ഞപ്പോള്‍ ഭാര്യ അയാളെ വിളിച്ചുണര്‍ത്തി കാരണമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “ഒരു സുന്ദരി യുവതി എന്നെ കൈക്കു പിടിച്ചു വലിച്ചു അവളുടെ മനോഹരമായ കിടക്കയിലേക്കു കൊണ്ടുചെല്ലാന്‍ ശ്രമിച്ചു. ഞാനതു തടഞ്ഞുകൊണ്ടു നിലവിളിച്ചു.” അതുകേട്ടു ഭാര്യ പറഞ്ഞു: “ഞാന്‍ വിളിച്ചുണര്‍ത്തിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ മിക്കവാറും…”
ഹാസ്യകഥയെ അപഗ്രഥിക്കരുത്. റോസാപ്പൂവിന്റെ സൗന്ദര്യമെവിടെയിരിക്കുന്നുവെന്നറിയാന്‍ അതിന്റെ ഇതളുകള്‍ ഓരോന്നായി ഇളക്കി നോക്കുന്ന പ്രക്രിയ പോലെയാണ് അതെന്നു പലരും പറഞ്ഞിട്ടുണ്ട്.
വേറൊന്ന്: ഒരു കുരുടന്‍ നടന്നു പോകുന്ന വഴിയില്‍ ഒരു പട്ടിയെ ചവിട്ടി. അതു അയാളെ പേടിപ്പിക്കുമാറ് കുരച്ചു. കുറച്ചുകൂടി നടന്നിട്ടു അന്ധന്‍ വീണ്ടും പട്ടിയെ ചവിട്ടി. പേടിച്ച് അയാള്‍ പറഞ്ഞു: ‘ഹോ എന്തൊരു അസാധാരണമായ മട്ടില്‍ നീളമുള്ള പട്ടി.’
നേരമ്പോക്കിനു വേണ്ടിമാത്രമുള്ള നേരമ്പോക്കാണിത്. ഇനി ഞാന്‍ എഴുതുന്ന നേരമ്പോക്കിനു ലക്ഷ്യമുണ്ട്. ഒരു ഒട്ടകപ്പക്ഷിയും പിടക്കോഴിയും അടുത്തടുത്തുള്ള കൂടുകളില്‍ പാര്‍ത്തിരുന്നു. പിടക്കോഴി കൂടക്കൂടെ ശബ്ദമുണ്ടാക്കുന്നതില്‍ ദേഷ്യപ്പെട്ട് ഒട്ടകപ്പക്ഷി ചോദിച്ചു: ‘നീ എന്തിനാണ് അസഹനീയമായ രീതിയില്‍ ഒച്ചവയ്ക്കുന്നത്?’ പിടക്കോഴി മറുപടി പറഞ്ഞു: ‘ഞാനിപ്പോള്‍ മുട്ടയിട്ടതേയുള്ളു’. ഒട്ടകപക്ഷി ചിരിച്ചുകൊണ്ടു പറഞ്ഞു: ‘ഓ, അതല്ല. നീ പിടക്കോഴി ആയതുകൊണ്ടാണ് ഇങ്ങനെ ബഹളം കൂട്ടുന്നത്’. സമത്വവാദവുമായി പ്രസംഗിക്കാന്‍ നടക്കുന്ന സ്ത്രീകളെ കളിയാക്കുകയാണ് ഇതെഴുതിയ ആള്‍. ഇതുപോലെ ലക്ഷ്യവേധിയായ നേരമ്പോക്കുകള്‍ പ്രയോഗിക്കുന്നതില്‍ പ്രഗല്ഭനാണ് ശ്രീ. കെ.എല്‍. മോഹനവര്‍മ്മ. അച്ഛനമ്മമാരും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ലയം ഇന്നാകെ മാറിപ്പോയല്ലോ. അതേസമയം മാതാപിതാക്കളുടെ ബുദ്ധിശൂന്യതയും വര്‍ദ്ധിച്ചിരിക്കുന്നു. ഈ ‘സമൂഹസത്യ’ത്തെ ഹൃദ്യമായി ചിത്രീകരിക്കുന്ന കഥയാണ് മോഹനവര്‍മ്മയുടെ ‘ഒരു ബൗദ്ധിക പ്രശ്നം’ എന്നത്. ‘പിള്ളേര്‍’ തന്തയും തള്ളയും പറയുന്നതു കേള്‍ക്കില്ല. അവര്‍ പ്രായമായവരെപ്പോലെ പെരുമാറുന്നു. ഫലമോ? മാതാപിതാക്കന്മാര്‍ വിഡ്ഢികളായിത്തീരുന്നു. ഹാസ്യകഥയെ അപഗ്രഥിക്കരുത്. റോസാപ്പൂവിന്റെ സൗന്ദര്യമെവിടെയിരിക്കുന്നുവെന്നറിയാന്‍ അതിന്റെ ഇതളുകള്‍ ഓരോന്നായി ഇളക്കിനോക്കുന്ന പ്രക്രിയ പോലെയാണ് അതെന്നു പലരും പറഞ്ഞിട്ടുണ്ട്. ഏതു ഹാസ്യരചനയ്ക്കും അത്യുക്തി കാണും. അത്യുക്തിയിലേക്കു ചെല്ലാതെ മോഹനവര്‍മ്മ ഹാസ്യകഥ രചിച്ചിരിക്കുന്നു.
ഇംഗ്ലണ്ടിലെ വിക്റ്റോറിയ രാജ്ഞി വലിയ നേരമ്പോക്കുകാരിയായിരുന്നു. ഷെയ്ക്സ്പിയറിന്റെ King Lear എന്ന നാടകം കണ്ടിട്ടു തിരിച്ചു കൊട്ടാരത്തിലേക്കു പോരുമ്പോള്‍ ആരോ അവരുടെ അഭിപ്രായം ചോദിച്ചു നാടകത്തെപ്പറ്റി. വിക്റ്റോറിയ പറഞ്ഞു: I saw it at a disadvantage - the curtain was up.
സമക്ഷത
സര്‍. സി.പി. രാമസ്വാമി അയ്യര്‍ തിരുവനന്തപുരത്തെ റ്റൗണ്‍ ഹോളില്‍ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതും ആധ്യക്ഷ്യം വഹിച്ചു പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുന്നതും ഞാനെത്ര തവണയാണ് കണ്ടിട്ടുള്ളത്. കേട്ടിട്ടുള്ളത്. തിരുവിതാംകൂര്‍ നിയമസഭയുടെ അധ്യക്ഷനായിരുന്ന് പ്രസംഗിക്കുന്നതും നേരമ്പോക്കുകള്‍ പറഞ്ഞു നിയമസഭാംഗങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നതും ഞാന്‍ എത്ര തവണയാണ് ദര്‍ശിച്ചിട്ടുള്ളത്. ശ്രവിച്ചിട്ടുള്ളത്. അത്ര സ്വത്വശക്തിയും വ്യക്തിപ്രഭാവവുമുള്ള വ്യക്തികളെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്വന്തം സാന്നിദ്ധ്യം അല്ലെങ്കില്‍ പ്രത്യക്ഷത കൊണ്ടാണ് അദ്ദേഹം ആളുകളെ പ്രകമ്പനം കൊള്ളിച്ചത്. പാണ്ഡിത്യം, അധികാരം ഇവ കൊണ്ടാണ് സി.പി. തന്റെ സമക്ഷത ദ്രഷ്ടാക്കളെ അറിയിച്ചിരുന്നത്. തലപ്പാവ്, സില്ക്ക് ജുബാ, പാളത്താറ് ഇവയായിരുന്നു അദ്ദേഹത്തിന്റെ വേഷം. ആ വേഷമല്ല സി.പി.യുടെ സാന്നിദ്ധ്യത്തിന്റെ ബോധമുളവാക്കിയത്. അന്തര്‍ജ്ജാതമായ ശക്തിവിശേഷം ആ മുഖത്തു സവിശേഷ ശോഭ ഉളവാക്കിയിരുന്നു. ഒപ്പം അധികാരവും.
സുന്ദരികള്‍ക്കു സാന്നിദ്ധ്യമറിയിക്കാന്‍ അധികാരം വേണ്ട. അധികാരം പ്രകടിപ്പിച്ചാല്‍ അവരെ പുരുഷന്മാര്‍ വെറുക്കുകയും ചെയ്യും. മനോഹരമായി വസ്ത്രധാരണം ചെയ്തു സൗന്ദര്യത്തിന്റെ മയൂഖങ്ങള്‍ വീശി അവള്‍ സദസ്സില്‍ വന്നാല്‍ മതി. പുരുഷന്മാര്‍ അവളുടെ ദര്‍ശനത്തില്‍ തങ്ങളെത്തന്നെ മറക്കും. പ്ലാറ്റ്ഫോമിലിരിക്കുമ്പോള്‍ ചൂടു കൂടിയെന്നും ഫാന്‍ സ്വിച്ചോണ്‍ ചെയ്യണമെന്നും അവള്‍ക്കു തോന്നിയെന്നിരിക്കട്ടെ. അവള്‍ ഒരുത്തനോടും ഫാനിന്റെ സ്വിച്ച് ഓണ്‍ ചെയ്യു എന്ന് അപേക്ഷിക്കില്ല. വിശാല വിലോചനങ്ങള്‍ കൊണ്ടു ഫാനൊന്നും നോക്കിയാല്‍ മതി. പുരുഷന്‍ ഓടിച്ചെന്നു സ്വിച്ചിടും. പുരുഷന് ഫാന്‍ കറക്കണമെന്നു തോന്നിയാല്‍ അയാള്‍ ആരോടെങ്കിലും അതിനു വേണ്ടി അപേക്ഷിക്കും. ഇതാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം. പുരുഷന് സമൂഹത്തിലെ പദവിയും അധികാര പ്രയോഗത്തിനുള്ള വൈദഗ്ദ്ധ്യവും അയാളുടെ പ്രത്യക്ഷതയുടെ ബോധമുളവാക്കും ദ്രഷ്ടാക്കൾക്ക്. സ്ത്രീക്കു സൗന്ദര്യം മാത്രം മതി. അധികാരം വേണ്ട, സമൂഹത്തിലെ പദവി വേണ്ട, ഉന്നത വിദ്യാഭ്യാസം വേണ്ട. വിക്തോര്‍ യൂഗോ ‘പാവങ്ങളി’ല്‍ പറഞ്ഞതു പോലെ അവള്‍ സൗന്ദര്യം കൊണ്ടു കളിക്കുന്നു.
സൗന്ദര്യം മാത്രം കൊണ്ട് പാവപ്പെട്ട ഒരു റിക്ഷാക്കാരനെ പരവശനാക്കുന്ന ഒരുത്തിയെ പ്രദോഷ് മിശ്ര എന്ന ഒറിയ കഥാകാരന്‍ ‘മാരിവില്ലിന്റെ നിറങ്ങള്‍’ എന്ന കഥയില്‍ അവതരിപ്പിക്കുന്നു. (ചില്ല മാസിക - ഡോ. ആര്‍സുവിന്റെ ഭാഷാന്തരീകരണം) ആ പാരവശ്യം മാറുന്നത് അവളുടെ സാന്നിദ്ധ്യം മറ്റൊരു പുരുഷന്‍ അറിഞ്ഞു രസിക്കുമ്പോഴാണ്. മോഹഭംഗം വന്ന ആ റിക്ഷാക്കാരന്‍ താന്‍ നേരത്തേ വേദനിപ്പിച്ച ഭാര്യയുടെ അടുത്തേക്കു ചെല്ലുമ്പോള്‍ കഥ അവസാനിക്കുന്നു. പ്രദോഷ് മിശ്രയ്ക്കു കഥ എവിടെ നിറുത്തണമെന്ന് അറിഞ്ഞുകൂടാ. റിക്ഷാക്കാരന്റെ ഭാര്യയെക്കൂടി വലിച്ചിഴച്ചു കൊണ്ടുവന്ന് സാന്മാര്‍ഗ്ഗികോപദേശം നടത്തുന്ന കഥാകാരന്‍ കലയുടെ കഴുത്തില്‍ കത്തിവച്ചിട്ടേ പിന്മാറുന്നുള്ളു. അന്യനാട്ടിലെ രചനകള്‍ കേരളത്തില്‍ കൊണ്ടുവരുന്നതു നന്ന്. പക്ഷേ അവ രത്നങ്ങളായിരിക്കണം. ബഷീറിന്റെയും ഉറൂബിന്റെയും കഥാരത്നങ്ങളുള്ള നാട്ടില്‍ പ്രദോഷ് മിശ്രയുടെ ഈ കാക്കപ്പൊന്ന് എന്തിന്? ‘കരഗതമൊരമലമണിവരമുടനുപേക്ഷിച്ചു കാചത്തെയെന്തുനീ കാംക്ഷിക്കുന്നതോമലേ!’ ഡോ. ആരസുവിനെ ഓമലേ എന്നു വിളിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നു തോന്നുന്നുണ്ടോ? എങ്കില്‍ ഞാന്‍ രാവണനായിട്ടാണു ചോദിക്കുന്നതെന്നു വിചാരിച്ചാല്‍ മതി.
പുതിയ പുസ്തകം
ആഫ്രിക്കന്‍ രാഷ്ട്രവ്യവഹാര നേതാവ് ലുമുംബയെ വധിച്ചതിന്റെ അടുത്ത ദിവസം. കാലത്തു പത്തുമണിക്കു ഞാന്‍ തിരുവനന്തപുരത്തെ മഹാത്മാഗാന്ധിക്കോളേജില്‍ ചെന്നു പ്രിന്‍സിപ്പല്‍ എം.പി. മന്മഥനോടൊരുമിച്ച് ഒരു സമ്മേളനത്തിനു പോകാന്‍. കുട്ടികള്‍ ക്ഷോഭിച്ച് അങ്ങോട്ടുമിങ്ങോട്ടുമോടുന്നു. ‘അവര്‍ക്ക് അനുശോചനയോഗം കൂടണം. സമ്മേളനത്തില്‍ മന്മഥന്‍ സാറ് തന്നെ അധ്യക്ഷനായിരിക്കണം. ഞങ്ങള്‍ക്കു പങ്കെടുക്കേണ്ട മീറ്റിങ്ങ് വൈകുമെങ്കിലും കുട്ടികളുടെ ക്ഷോഭം കണ്ട് അനുശോചനയോഗം നടക്കട്ടെയെന്നു മന്മഥന്‍സ്സാറ് പറഞ്ഞു. ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസംഗിക്കാന്‍ പ്ലാറ്റ്ഫോമില്‍ കയറി. അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ചിറിയൊന്നു നക്കി. ലുമുംബ വധിക്കപ്പെട്ടതിന്റെ ദുഃഖമാണ് അയാള്‍ക്കെന്ന് ഞാന്‍ വിചാരിച്ചു. ‘പ്രസംഗിക്കൂ’ എന്നു സാര്‍ പറഞ്ഞപ്പോള്‍ അയാള്‍ തുടങ്ങി. “ലുമുംബ…(രണ്ടു മിനിറ്റ് നേരത്തേക്കു മൗനം) ലുമുംബ …(മൂന്നുമിനിറ്റ് മൗനം) ലുമുംബ”… (നാലു മിനിറ്റ് മൗനം). അത്രതന്നെ. ഒന്നും പറയാന്‍ അറിഞ്ഞുകൂടാ അയാള്‍ക്ക്. പെട്ടെന്ന് ലുമുംബാരാധകന്‍ താഴത്തേക്കു ഇറങ്ങി. അനുശോചനസമ്മേളനമാണെങ്കിലും മറ്റുള്ള കുട്ടികള്‍ കൂവി. എനിക്കും മന്മഥന്‍സ്സാറിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല. പ്രായക്കൂടുതല്‍ കൊണ്ടു ഞാന്‍ കൂവിയില്ല, ആഗ്രഹമുണ്ടായെങ്കിലും.
മഹാത്മാഗാന്ധിക്കോളേജിലെ ആ വിദ്യാര്‍ത്ഥിയെപ്പോലെയാണ് നമ്മുടെ നവീന ലേഖകര്‍, അവര്‍ ഫൂക്കോ, ദെറിദ, സീസു, എന്നൊക്കെ പേരുകള്‍ പറയും. ഈ ചിന്തകരുടെ ആശയങ്ങൾ രണ്ടു വാക്യങ്ങൾ കൊണ്ട് എനിക്കൊന്നു പറഞ്ഞുതരൂ എന്നു അനഭിജ്ഞനായ ഞാന്‍ അവരോടു ആവശ്യപ്പെട്ടാല്‍ ‘ലുമുംബ, ലുമുംബ, ലുമുംബ’ എന്നു മാത്രമാകും മറുപടി. അവര്‍ക്കും എനിക്കും പ്രയോജനം ചെയ്യുന്ന ഒരുത്കൃഷ്ട ഗ്രന്ഥം ഇപ്പോള്‍ കരഗതമായിരിക്കുന്നു. ഈ ശതാബ്ദത്തിലെ വലിയ ചിന്തകരുടെ ജീവചരിത്രം, അവരുടെ ആശയ സാമ്രാജ്യം, ഇവയെല്ലാം സിതോപലത്തിന്റെ സുതാര്യതയോടെ സ്പഷ്ടമാക്കിത്തരുന്ന ഒരു ഗ്രന്ഥം ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും Routledge പ്രസാധകര്‍ പ്രസാധനം ചെയ്തിരിക്കുന്നു. Dictionary of Twentieth Century Political Thinkers എന്നു ഗ്രന്ഥത്തിന്റെ പേര്. Political എന്നു പറഞ്ഞതുകൊണ്ട് തെറ്റിദ്ധാരണ വേണ്ട. ഓരോ ചിന്തകന്റെയും മഹനീയങ്ങളായ ആശയങ്ങളുടെ പ്രതിപാദനമുണ്ട് ഇപ്പുസ്തകത്തില്‍. ആ ചിന്തകള്‍ രാഷ്ട്ര വ്യവഹാരമണ്ഡലത്തില്‍ എങ്ങനെ സ്വാധീനത ചെലുത്തി എന്നതിലാണ് ഊന്നല്‍. അത്രേയുള്ളു.
സ്പഷ്ടതയും സുഗ്രഹതയുമാണ് ഇതിന്റെ മുദ്രകള്‍. കനേഡിയന്‍ ഫെമിനിസ്റ്റ് എഴുത്തുകാരിയായ ഫയര്‍സ്റ്റൊണ്‍ ഷൂലമിത്തിന്റെ (Shulamith Firestone- b. 1945) The Dialective of Sex എന്ന പുസ്തകം ഇരുപതു വർഷം മുൻപാണ് ഞാൻ വായിച്ചത് . അതിലെ പ്രധാനപ്പെട്ട ആശയങ്ങള്‍ സംക്ഷിപ്തചാരുതയോടെ ഇപ്പുസ്തകത്തില്‍ കണ്ടപ്പോള്‍ എനിക്കാഹ്ലാദമുണ്ടായി. അടിസ്ഥാനപരമായ ഉല്‍പാദനത്തിന്റെ ഏകകം-യൂണിറ്റ്- അച്ഛന്‍. അമ്മ, സന്താനം എന്നതാണ്. സ്ത്രീ. പുരുഷനെ അപേക്ഷിച്ചു ദൗര്‍ബ്ബല്യം ഉള്ളവളാണ്. കുഞ്ഞുങ്ങള്‍ പ്രായമായവരെ ആശ്രയിക്കുന്നു. സന്താനങ്ങള്‍ക്ക് അമ്മയെ ആശ്രയിക്കണം. അവള്‍ക്കു ഭര്‍ത്താവിനെയും. സ്ത്രീക്കും കുഞ്ഞിനും പുരുഷനെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണ് പുരുഷന്മാര്‍ക്ക് ആധിപത്യം ഉണ്ടാകുന്നത്. ഈ ശതാബ്ദത്തില്‍ ഈ ആശ്രയിക്കലിന് കുറവു വന്നിട്ടുണ്ട്. വിശ്വസിക്കാവുന്ന ഗര്‍ഭനിരോധം, ടെസ്റ്റ്റ്റ്യൂബ് കുഞ്ഞുങ്ങള്‍ ഈ സാങ്കേതിക വികാസങ്ങളാണ് കുറവുവന്നതിനു കാരണമായി ഫയര്‍സ്റ്റൊണ്‍ കാണുന്നത്. ഇമ്മട്ടില്‍ ലളിതമായി പ്രതിപാദനം തുടര്‍ന്നു പോകുന്നു.
അമേരിക്കന്‍ ഫെമിനിസ്റ്റും എഴുത്തുകാരിയുമായ കേറ്റ് മിലിറ്റിനെക്കുറിച്ച് (Kate Millet-b. 1934) ഈ ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു:
(മിലിറ്റന്റെ) Sexual Politics (എന്ന ഗ്രന്ഥം) വിപ്ലവാത്മകമാണ്. അത് വിവാദമുയര്‍ത്തിക്കൊണ്ടിരിക്കുന്നു. സാഹിത്യം, സംസ്കാരം ഇവയുടെ വിമര്‍ശനമുള്‍ക്കൊള്ളുന്ന പുസ്തകമാണിത്. നാലു പുരുഷന്മാരായ എഴുത്തുകാരുടെ - പ്രാതിനിധ്യ സ്വഭാവമുള്ള എഴുത്തുകാരുടെ - രചനകളുടെ അപഗ്രഥം ഇതുള്‍ക്കൊള്ളുന്നു. D.H. Lawrence, Norman Mailor, Henry Miller, Jean Genet ഇവരെക്കുറിച്ചുള്ള മിലിറ്റിന്റെ പഠനം തെളിയിക്കുന്നത് അവർ കാമോത്സുകതയിലല്ല അധികാരത്തിലാണ് തല്‍പരരായിരുന്നത് എന്നതത്രേ. ആധിപത്യത്തിലായിരുന്നു അവര്‍ക്കു കൗതുകം.
ആഡോര്‍നോ, അല്‍ത്തൂസേ, സീമോന്‍ ദെ ബോവ്വാര്‍, കാസ്റ്റ്രോ, ചോംസ്കി, എറിക് ഫ്രൊം ക്രിസ്തേവ, ഗാന്ധിജി, സാര്‍ത്ര്, ലെനിന്‍, ഇക്ബാല്‍ ഇങ്ങനെ നൂറ്റിയെഴുപതിലധികം ചിന്തകരുടെ ചിന്താ സാമ്രാജ്യത്തില്‍ സഞ്ചരിക്കാനും ധൈഷണികാഹ്ലാദം അനുഭവിക്കാനും നമ്മുടെ സംസ്കാരത്തിന്റെ അതിരുകളെ വിശാലമാക്കാനും ഈ പുസ്തകം സഹായമരുളുവന്നു.
“നീ പാഞ്ചാലിയാക്കപ്പെട്ടു/മാധവിക്കുട്ടിയുടെ ആത്മകഥ/ലൈബ്രറിയില്‍ നിന്നും നീയെടുത്തത്/ടീച്ചര്‍മാര്‍ ശ്രദ്ധിച്ചിരുന്നു.” എന്നു ശ്രീ. എ.സി. ശ്രീഹരിയുടെ കവിത ദേശാഭിമാനി വാരികയില്‍ മനുഷ്യനെ റ്റോര്‍ച്ചര്‍ ചെയ്യുന്ന ഇത്തരം വിലക്ഷണതകള്‍ ഏതെങ്കിലും കാലത്ത് കവിതയായി അംഗീകരിക്കപ്പെടുമോ?
|
|