close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 12 07


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 12 07
ലക്കം 586
മുൻലക്കം 1986 11 30
പിൻലക്കം 1986 12 14
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ആ യുവാവ് യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പതിവായി എന്റെ വീട്ടില്‍ വരുമായിരുന്നു. സാഹിത്യത്തെക്കുറിച്ചു സംസാരിക്കും. പുസ്തകങ്ങള്‍ വേണമെന്നു പറയും. എന്റെ കൈയില്‍ ആ പുസ്തകങ്ങളുണ്ടെങ്കില്‍ ഞാന്‍ കൊടുക്കും. ഈ പരിചയം ക്രമേണ സ്നേഹമായി വികസിച്ചപ്പോള്‍ അയാള്‍ വീട്ടുകാര്യങ്ങള്‍, ജീവിതരഹസ്യങ്ങള്‍ ഇവയൊക്കെ എന്നോടു പറഞ്ഞിരുന്നു. അയാള്‍ വീട്ടില്‍ വന്നു കയറുമ്പോള്‍ അടുത്ത ബന്ധു വരുന്നു എന്ന തോന്നലായിരുന്നു എനിക്ക്. കാലം കഴിഞ്ഞു. മത്സരപ്പരീക്ഷയില്‍ ഒന്നാമനായോ മറ്റോ അയിച്ച് അയാള്‍ വിദേശത്തേക്കു പോയി. അവിടെ അടിക്കടി ഉയര്‍ന്നു. അടുത്ത പദവി അമ്പാസിഡര്‍. അതിലേക്കു ചെല്ലുന്നതിനു മുന്‍പ് അയാള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരദ്ധ്യാപികയെ കാണാന്‍ വന്നു. എന്റെ നേര്‍ക്ക് ഒരു മന്ദസ്മിതമെറിഞ്ഞിട്ട് യുവാവ് അവരോടു സംസാരിച്ചു കൊണ്ടിരുന്നു. ദൃഢമെന്നു ഞാന്‍ വിചാരിച്ചിരുന്ന ഒരു ബന്ധത്തെ അയാള്‍ ഇത്ര അനായാസം പൊട്ടിച്ചെറിയുന്നല്ലോ എന്നു വിചാരിച്ച് ദുഃഖത്തോടെ ഞാന്‍ ‘ഇടയ്ക്കു കയറി’ ചോദിച്ചു. “ചൈന നമ്മുടെ രാജ്യത്തെ ആക്രമിക്കുനയാണല്ലോ. റഷ്യ നമ്മളെ സഹായിക്കുമോ?” യുവാവ് രാജകീയമായി ശിരസ്സൊന്നു തിരിച്ച് മറുപടി നല്കി: “You see our most delightful day be that on which we could say thus. No more war” ഞാന്‍ അത്ഭുതപ്പെട്ടുപോയി. റഷ്യ സഹായിക്കും അല്ലെങ്കില്‍ സഹായിക്കുകയില്ല. ഇവയില്‍ ഏതെങ്കിലും ഒരു മറുപടിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതിനു പകരം എനിക്കു കിട്ടിയത് ഇനി യുദ്ധമില്ല എന്നു പറയാന്‍ നമുക്കു കഴിയുന്ന ദിനമാണ് ഏറ്റവും ആഹ്ളാദദായകം എന്ന പ്രസ്താവമാണ്. നമ്മുടെ ആ പഴയ പയ്യന് എന്തൊരു മാറ്റം! അദ്ദേഹം ‘അമ്പാസിഡറിയന്‍ ഡിഗ്നിറ്റി’യോട് ഇത്രയും എന്നോടു പറഞ്ഞിട്ട് ആ ഡിഗ്നിറ്റി ഉപേക്ഷിച്ചു തരുണിയോടു സംസാരിക്കുന്ന വേളയില്‍ ഞാന്‍ പുസ്തകമെടുത്തുകൊണ്ട് വരാന്തയിലേക്കു ചാടി. പിന്നെ ആ മനുഷ്യനെ ഞാന്‍ കണ്ടിട്ടേയില്ല. കുറ്റം പറയാനില്ല. പദവികളിലെത്തുമ്പോള്‍ അവയ്ക്കു യോജിച്ച വിധത്തിലേ സംസാരിക്കാനാവൂ.

രാഷ്ട്രീയ നേതാക്കന്മാര്‍ പ്രസംഗിക്കുന്നതു കേട്ടിട്ടില്ലേ? ഹൃദയത്തില്‍നിന്നോ മസ്തിഷ്കത്തില്‍നിന്നോ അല്ല അവരുടെ വാക്കുകള്‍ വരുനത്. ടേപ്പില്‍ നിന്നു ആഗമിക്കുന്ന പദങ്ങളും സമസ്തപദങ്ങളും അവയെങ്ങനെ ഒഴുകും. ഒഴുകുന്ന സന്ദര്‍ഭത്തില്‍ നേതാവ് അന്നു മന്ത്രിയെക്കണ്ട് സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയാവും. യന്ത്രത്തില്‍ നിന്നു വരുന്ന പ്രഭാഷണം പോലെയൊരു പ്രഭാഷണം നമുക്കു നല്കിയിട്ട് അദ്ദേഹം പോകും. ആ നേതാവിന്റെ മനസ്സിനു ചലനമില്ല. ശ്രോതാക്കളായ നമുക്കും ചലനമില്ല. ആര്‍ജ്ജവത്തോടെ നടത്തപ്പെടുന്ന ഒരു സാഹിത്യ പ്രഭാഷണം ശ്രോതാക്കളെ ചലനം കൊള്ളിക്കും. ഒരു ‘രാഷ്ട്രീയ പ്രസംഗ’വും ഇന്നു വരെ ആരെയും സ്പര്‍ശിച്ചിട്ടില്ല. ‘കൊടും പട്ടിണി’, നാരകീയാതന’, നാറുന്ന സര്‍ക്കാര്‍,’ ‘ഒറ്റക്കെട്ടായി നില്ക്കേണ്ടതിന്റെ ആവശ്യകത’ ഇങ്ങനെ ചൈതന്യരഹിതങ്ങളായ പദങ്ങള്‍ ഉച്ചഭാഷണിയിലൂടെ വന്ന് നമ്മുടെ ഈയര്‍ ഡ്രമ്മില്‍ അടിച്ചിട്ട് പ്രതിധ്വനിയോടെ വെളിയിലേക്കു പോകുന്നു. എന്നാല്‍ അതല്ല ആര്‍ജ്ജവത്തോടെ കവി എഴുതുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ.

‘മരിക്ക സാധരണമീവിശപ്പില്‍
ദ്ദഹിക്കലോ നമ്മുടെ നാട്ടില്‍ മാത്രം
ഐക്യക്ഷയത്താലടിമശ്സങ്ങ-
ളടിഞ്ഞുകൂടും ചുടുകാട്ടില്‍ മാത്രം

എല്ലാവര്‍ക്കും അറിയാവുന്ന, എല്ലാവരും പറയുന്ന ഒരാശയമേ കവി ഇവിടെ ആവിഷ്കരിച്ചിട്ടുള്ളൂ. എന്നാല്‍ ഇതു നമ്മെ സര്‍ശിക്കുന്നു. ഒരു പുതിയ സത്യം കണ്ടാലെന്നപോലെ നമ്മള്‍ ആഹ്ളാദിക്കുന്നു. വാക്കുകളെ വിന്യസിക്കേണ്ട വിധത്തില്‍ വിന്യസിച്ചതിന്റെ ഫലമാണിത്. വിശപ്പിനെക്കുറിച്ചും ഐക്യക്ഷയത്തെക്കുറിച്ചും അവ്യക്തങ്ങളും വിശാലങ്ങളുമായ ആശയങ്ങള്‍ നമുക്കുണ്ട്. അവയില്‍ ഒരു തിരഞ്ഞെടുപ്പു നടത്തി പടം ചട്ടക്കൂട്ടിലൊതുക്കുന്നതുപോലെ ഒരനുഭവശകലത്തെ ഫ്രയിം ചെയ്തുവയ്ക്കുകയാണ് കവി. അപ്പോള്‍ ജനിക്കുന്നവ ഉത്കൃഷ്ടമായ കവിതയും. അമ്പാസഡറന്‍മാരും രാഷ്ട്രീയക്കാരും സന്ദിഗ്ദ്ധഭാഷ പ്രയോഗിച്ചുകൊള്ളട്ടെ. നമുക്കു കവിഭാഷണങ്ങള്‍ മാത്രം മതി. അവ നമ്മുടെ മനുഷ്യത്വത്തെ വികസിപ്പിക്കും.

സാഹിത്യമെന്നാല്‍ എന്ത്?

ബനിഡേറ്റൊ ക്രോചേ വളരെ വാഴ്ത്തിയ ഒരു കഥയുണ്ട് മോപസാങ്ങിന്റേതായി. In Pccr എന്നാണ് അതിന്റെ പേര്. കപ്പല്‍ തുറമുഖത്ത് അടുത്തു. നാവികര്‍ ഒരു വേശ്യാലയം തിരഞ്ഞെടുത്ത് അകത്തു കയറി. അവരുടെ നേതാവ് ആരോഗ്യമുള്ള ദുക്ളോ എന്ന യുവാവാണ്. അയാള്‍ മടിയിലിരുന്ന ചെറുപ്പക്കാരിയെ ആലിംഗനം ചെയ്തുകൊണ്ട് സംസാരിച്ചു. സംഭാഷനത്തിനിടയ്ക്ക് അയാളുടെ ജന്മദ്ദേശവും മറ്റും മനസ്സിലാക്കിയിട്ട് അവള്‍ ചോദിച്ചു:

“നിങ്ങള്‍ക്കു ദുക്ളോയെ അറിയാമോ?”

“എനിക്കറിയാം” തുടര്‍ന്നുള്ള സംഭാഷണം അവള്‍ പറഞ്ഞു: “എന്റെ കാര്യം ദുക്ളോയോടു പറയുകയില്ലെന്നു സത്യം ചെയ്യൂ.”

“ഞാന്‍ സത്യം ചെയ്യുന്നു.”

“ഞാന്‍ അയാളുടെ സഹോദരിയാണ്.”

അവളുടെ പേര് അറിയാതെ അയാളുടെ ചുണ്ടുകളില്‍ നിന്നു വീണു.

“ഫ്രാങ്ങ്സ്വസ്.”

“ഓ! ദുക്ളയാണോ?”

സഹോദരനും സഹോദരിയും. അയാള്‍ നാവികനായി ജന്മദ്ദേശം വിട്ടിട്ട് വളരെക്കാലമായി. അച്ഛനമ്മമാര്‍ മരിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ അവള്‍ പരിചാരികയയി. ഗൃഹനായകന്‍ അവളെ ബലാല്‍സംഗം ചെയ്തു. അവിടം വിട്ടിറങ്ങിയ അവള്‍ വേശ്യയായി മാറി. ഇപ്പോള്‍ താനറിയാതെ സഹോദരനുമായി വേഴ്ച. അതറിഞ്ഞയുടനെ ദുക്ളേ കൈ വിടര്‍ത്തിക്കൊണ്ട് കമിഴ്ന്നു വീണു. അയാള്‍ തറയില്‍ക്കിടന്ന് ഉരുണ്ടു. നിലവിളിച്ചു. മരണയാതന. നിലത്തു കൈകാലുകള്‍ ഇട്ടടിക്കുന്ന അയാളെ നോക്കി നാവികര്‍ പരിഹസിച്ചു പറയുകയായി. “പാതിയല്ലേ കുടിച്ചുള്ളൂ” അയാളെ സ്വീകരിച്ച യുവതിയുടെ കിടക്ക. അവള്‍ അതിനടുത്ത് കസേരയിലിരുന്നു. നേരം വെളുക്കുന്നതുവരെ അവള്‍ കരഞ്ഞുകൊണ്ടിരുന്നു.

അയാളുടെയും അവളുടെയും തീവ്രവേദനയും വിഷാദവുമാണ്. ക്രോചെയെ ആകര്‍ഷിച്ചത്. അതു ചിത്രീകരിച്ച മോപാസാങ്ങ് ധര്‍മ്മാനുഷ്ഠാന തല്‍പരനായി സന്മാര്‍ഗ്ഗനിരതനായി കാണപ്പെട്ടു. കലയുടെ ഭംഗിയും സദാചാരത്തിന്റെ ഭംഗിയും ഈ കഥയുടെ സവിശേഷതകളാണ്. എന്നു മനസ്സിലാക്കാന്‍ സാഹിത്യം എന്തല്ല എന്നു മനസ്സിലാക്കാന്‍ കുങ്കുമം വാരികയില്‍ ദേവസ്സി ചിറ്റമ്മല്‍ എഴുതിയ “ആലീസേച്ചീ’ എന്ന കഥ വായിച്ചു നോക്കുക. ആലീസ് ചേച്ചി നേരത്തെ നാടുവിട്ടു പോയവളാണ്. അവള്‍ ഇന്നു വേശ്യ. വേശ്യാലയത്തില്‍ ചെന്നു കയറിയ സ്വന്തം നാട്ടുകാരനായ ചെറുപ്പക്കാരനെ അവള്‍ വെള്ളിക്കുരിശെടുത്തു കാണിച്ചു മാനസാന്തരം വരുത്തി പറഞ്ഞയയ്ക്കുന്നു. മോപാസാങ്ങ് കഥാപാത്രങ്ങളുടെ മാനസികപ്രവര്‍ത്തങ്ങളും വികാരങ്ങളും ചിത്രീകരിച്ച് സാന്മാര്‍ഗ്ഗികത്വത്തിന്റെ പരിവേഷം നിര്‍മ്മിക്കുന്നു. ചിറ്റമ്മലിന്റെ കഥയില്‍ ഈ വികാരങ്ങളോ ചിന്തകളോ ഇല്ല. ഗ്രന്ഥകാരന്റെ അധീശത്വമേയുള്ളൂ. “മാനസാന്തരം വരുന്നു എന്നു ഞാന്‍ കല്പിക്കുന്നു” എന്നാണ്. അദ്ദേഹത്തിന്റെ മട്ട്. മോപാസാങ്ങിന്റെ ശ്രദ്ധ മുഴുവന്‍ രണ്ടു കഥാപാത്രങ്ങളുടെയും മാനസികനിലകളിലാണ്. ദേവസ്സി ചിറ്റമ്മല്‍ ശ്രദ്ധിക്കുന്നത് സ്ഥലത്തെയാണ്. വ്യക്തികളെയാണ്. അശ്രദ്ധ കലയൊടു ബന്ധപ്പെട്ടതല്ല, കാരണം മാനസാന്തരം കലാപരമായ വിശ്വാസമുളവാക്കുന്നില്ല എന്നതത്രേ.

ഇത്രയും എഴുതിക്കൊണ്ടു ചില ബുദ്ധിരഹിതന്‍മാര്‍ പറയും കൃഷ്ണന്‍ നായര്‍ മോപാസാങ്ങിന്റെ ഭാവന ദേവസ്സി ചിറ്റമ്മലിന് ഇല്ലെന്നു എഴുതിയെന്ന്. ഞാനത് ഉദ്ദേശിച്ചിട്ടേയില്ല. സാഹിത്യമെന്തെന്ന് വിശദമാക്കാന്‍ ഒരു പടിഞ്ഞാറന്‍ കഥയെ ഉദാഹരണമായി സ്വീകരിച്ചെന്നേയുള്ളൂ. ബഷീറിന്റെയോ ഉറൂബിന്റേയോ കഥകളെടുത്തും എനിക്കത് അനുഷ്ഠിക്കാവുന്നതേയുള്ളൂ.

* * *

അവിശുദ്ധമായ വേശ്യാത്വത്തെക്കുറിച്ചുള്ള ചിന്ത എന്നെ വിശുദ്ധമായ ദാമ്പത്യജീവിതത്തിലേക്കു നയിക്കുന്നു. രണ്ടിനും കാര്യമായ വ്യത്യാസങ്ങളുണ്ടോ? ആലോചിക്കാം. ദാമ്പത്യജീവിതത്തില്‍ കൂടെക്കൂടെയുള്ള പ്രസവം കൊണ്ടു ഭാര്യയുടെ സൗന്ദര്യവും ആരോഗ്യവും നശിക്കുന്നു. വേശ്യാജീവിതത്തില്‍ പല പുരുഷന്‍മാരുമായുള്ള വേഴ്ച നിമിത്തം സ്ത്രീയുടെ സൗന്ദര്യവും ആരോഗ്യവും ഇല്ലാതാകുന്നു. മധുവിധു കഴിഞ്ഞാല്‍ അയാള്‍ക്ക് താല്പര്യമൊന്നുമില്ല. മുറി മാറിക്കിടക്കുന്നു. അന്യര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടി രണ്ടുപേരും ഒരു മുറിയില്‍ കിടക്കുമ്പോഴും ഇടയ്ക്ക് അവര്‍ തലയണ എടുത്തുവയ്ക്കുന്നു. പുരുഷന് ശാരീരികാവശ്യം വരുമ്പോഴേ വേശ്യയെ കാണേണ്ടതുള്ളൂ. അതു കഴിഞ്ഞാല്‍ അയാള്‍ പോകുകയായി. പിന്നെ വേശ്യയെക്കുറിച്ചു ചിന്തയില്ല. അടുത്ത ആവശ്യം വരുന്നതുവരെ ഭര്‍ത്താവിന്റെ മാനസികനിലയും ഇതില്‍നിന്നു വിഭിന്നമല്ല, പൂരുഷന്‍ വേശ്യയ്ക്കു പണം കൊടുക്കുന്നു. വീട്ടുചെലവിനെന്നു പറഞ്ഞ് ഭര്‍ത്താവ് കൊടുക്കുന്ന പണത്തിന് അത്ര പാവനത്വമൊന്നുമില്ല. അടുത്തകാലത്തോ പണ്ടെങ്ങോ ഉണ്ടായ ശാരീരിക വേഴ്ചയുടെ പാരിതോഷികമായി അതിനെ പരിഗണിക്കാം. പ്രസവിച്ചും ഭര്‍ത്താവിനു വേണ്ടി കഷ്ടപ്പെട്ടും മക്കളെ പാടുപെട്ടു വളര്‍ത്തിയും ആരോഗ്യം നശിച്ച് ഭാര്യ ക്യാന്‍സര്‍ വന്നു മരിക്കുന്നു; വേശ്യ പല പുരുഷന്മാരെ പ്രാപിച്ച് സിഫിലിസ് പിടിച്ച് മരിക്കുന്നു. കല്യാണമണ്ഡപത്തില്‍ “ആഹ്ലാദത്തിന്റെ പാല്ക്കടലില്‍ ലക്ഷ്മീദേവീ”യെപ്പോലെ നില്ക്കുന്ന വധു അവിടെ വച്ചുതന്നെ ഹോമിക്കപ്പെടുന്നു. വേശ്യാലയത്തിലെ ഹോം റബ്ബര്‍ കിടക്കയില്‍ കിടക്കുന്ന വേശ്യ ആദ്യത്തെ വേഴ്ചകൊണ്ടുതന്നെ തകര്‍ന്നടിയുന്നു. ദാമ്പത്യജീവിതത്തില്‍ പുരുഷന് അന്യസ്ത്രീയില്‍ കണ്ണ്. വേശ്യയെ പ്രാപിച്ച് പുരുഷനു മറ്റൊരു വേശ്യയില്‍ കണ്ണ്. രണ്ടും തമ്മിലെന്തേ വ്യത്യാസം? ഒരു വ്യത്യാസമുണ്ട്. ദാമ്പത്യജീവിതം മാന്യമാണെന്ന് ആളുകളുടെ നാട്യം. വേശ്യയുമായുള്ള വേഴ്ച അമാന്യകരമാണെന്ന് ആളുകളുടെ മട്ട്.

അപരിചിതത്വം

ഒരു സംഭവത്തെക്കുറിച്ചു വീണ്ടുമെഴുതാന്‍ വായനക്കാര്‍ സമ്മതിക്കുമോ? സ്ത്രീകളില്‍ അമിത കൗതുകമാര്‍ന്ന ഒരാളുമായി ഞാന്‍ ഒരു മീറ്റിംഗിനു പോയി. അദ്ദേഹം അദ്ധ്യക്ഷനാണു സമ്മേളനത്തിന്റെ. കുറെ ദൂരം സഞ്ചരിച്ചാല്‍ ഒരു പ്രാസംഗികകൂടെ കാറില്‍ കയറും. കാറ് അവരുടെ വീട്ടിന്റെ നടയില്‍ നിറുത്തിയപ്പോള്‍ അദ്ധ്യക്ഷന്‍ എന്നോട് ആവശ്യപ്പെട്ടു. “കൃഷ്ണന്‍ നായര്‍, നിങ്ങള്‍ മുന്‍സീറ്റിലിരിക്കണം. അവര്‍ ഇവിടെയിരിക്കട്ടെ.” ഞാന്‍ ഡോര്‍ തുറക്കാന്‍ ഭാവിച്ചപ്പോള്‍ പ്രാസംഗിക വീട്ടില്‍ നിന്നിറങ്ങി വരുന്നു. “അവരുടെ കൂടെയുള്ളത് ആരാണ്?” എന്നു അദ്ധ്യക്ഷന്റെ ചോദ്യം. “ഭര്‍ത്താവ്” എന്ന് എങ്ങനെ മറുപടി. “അയാളും കൂടെ വരുമോ?” എന്ന് അദ്ധ്യക്ഷന്‍. “വരും” എന്നു ഞാന്‍. “എന്നാല്‍ കൃഷ്ണന്‍ നായര്‍ ഇവിടെയിരുന്നാല്‍ മതി” എന്ന് നൈരാശ്യത്തോടെ അദ്ദേഹം. കാറ് വീണ്ടും നീങ്ങി. അപ്പോള്‍ അസ്വസ്ഥനായ അദ്ധ്യക്ഷന്‍ എന്റെ കാതില്‍ ചോദിച്ചു. “Why is she so lean?” ഞാന്‍ അത്ഭുതപ്പെട്ട് “She is not lean still” എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ധ്യക്ഷന്‍ വിട്ടില്ല. “No, No she is very lean” എന്നായി അദ്ദേഹം. അവരുടെ ജോലി എന്താണ്. എവിടെയാണ് ജോലി സ്ഥലം എന്നൊക്കെ അന്വേഷിച്ചു ആ കാമാതുരന്‍. ഞാന്‍ വളരെപ്പതുക്കെ വിവരങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. “അപ്പോള്‍ ഉച്ചയ്ക്ക് അവരെന്തു കഴിക്കും? എന്നു പിന്നീടും ചോദ്യം.

ഞാന്‍: ഹോട്ടലില്‍ നിന്നു വല്ലതും കഴികും.

അധ്യ: അവിടെ ഹോട്ടലുകള്‍ ഇല്ലല്ലോ.

ഞാന്‍: ചായക്കടകള്‍ ഏറെയുണ്ട് സാര്‍. വല്ല വാഴയ്ക്കപ്പമോ വടയോ വാങ്ങിത്തിന്നുമായിരിക്കും.

അധ്യ: അങ്ങനെ വരട്ടെ. ഉച്ചയ്ക്കു വാഴയ്ക്കപ്പമോ വടയോ തിന്നാല്‍ ക്ഷീണിക്കുല്ലേ ശരീരം? That iസ് why she is so lean.

മുന്‍പിലിരിക്കുന്ന നല്ല വണ്ണമുള്ള സ്ത്രീ അദ്ദേഹത്തിന്റെ കാമചാപല്യങ്ങള്‍ അറിയുമെന്നതുകൊണ്ട് ഞാന്‍ പിന്നീട് ഒരു ചോദ്യത്തിനും മറുപടി നല്കിയില്ല. സമ്മേളന സ്ഥലത്തെത്തി. വീട്ടില്‍ നിന്ന് മുഷിഞ്ഞ മുണ്ടും കീറിയ ഷര്‍ട്ടും ധരിച്ചു വന്ന അദ്ധ്യക്ഷന്‍ ഒരു മുറിയില്‍ കയറി വേഷം മാറി തിരിച്ചെത്തിയപ്പോള്‍ മറ്റൊരു വ്യക്തി. ഇളം നീല ബുഷ്ഷര്‍ട്ട്. അതിനു ചേരുന്ന പാന്‍റ്സ്. എല്ലാം പട്ട്. ബനിയന്റെ കഴുത്തുവെളിയില്‍ കാണാം. അതും സില്ക്ക് തന്നെ. തലമുടി ചീകി എന്തോ കുഴമ്പു തേച്ചിരിക്കുന്നു. കവിള്‍ത്തടങ്ങളില്‍ ക്രീം പുരട്ടിയിരിക്കുന്നു. ആകെക്കൂടി ഒരു തേജസ്സ്. ആരോ പറഞ്ഞതുപോലെ ഒരു സുന്ദരക്കുട്ടപ്പന്‍. അദ്ദേഹത്തെക്കണ്ട പ്രാസംഗിക അറിയാതെ പറഞ്ഞുപോയി. “ഹാ ഹാ ഇപ്പോള്‍ ഒരു പുതിയാധ്യക്ഷന്‍ തന്നെ. ഈ ഭംഗിയൊക്കെ എവിടെ ഒളിച്ചു വച്ചിരുന്നു ഇത്രനേരം?” പ്രാസംഗികയുടെ നര്‍മ്മബോധം കലര്‍ന്ന ആ ചോദ്യങ്ങള്‍ എനിക്കും ഇഷ്ടപ്പെട്ടു (പ്രാസംഗിക എന്ന പ്രയോഗം ശരിയല്ല).

ഈ സംഭവത്തില്‍ ഒരു കലാരഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. പരിചിതങ്ങളായ വസ്തുക്കളെ അപരിചിതത്വം വരുത്തി പ്രദര്‍ശിപ്പിക്കുന്നതാണ് കല. അധ്യക്ഷന്‍ പുതിയ അധ്യക്ഷനാകുന്നതു തന്നെയാണത്. ഈ അപരിചിതത്വം അനുരാധയ്ക്ക് വരുത്താനറിഞ്ഞുകൂടാ എന്നതാണ് അവര്‍ വിമന്‍സ് മാഗസിനില്‍ എഴുതിയ അസ്തമയത്തിനു മുന്‍പേ എന്ന കഥയുടെ ദോഷം. തന്നിഷ്ടക്കാരിയായ മകള്‍ ‘സ്വയംവരം’ നടത്തുമ്പോള്‍ അച്ഛന്‍ ഒറ്റയ്ക്കാകുന്നു. ആ അച്ഛന്‍ ആശുപത്രിയില്‍ കിടന്നു മരിക്കുന്നു. അതിനുമുമ്പ് അയാള്‍ അവള്‍ക്ക് മാപ്പു കൊടുക്കുന്നുണ്ട്. സദൃശ്യമായ ഒരവസ്ഥയില്‍പ്പെട്ട ഒരു നേഴ്സ് മരിച്ചയാളിന്റേയും അയാളുടെ മകളുടെയും ചരിത്രമറിഞ്ഞ് സ്വന്തം പിതാവിനെക്കണ്ട് മാപ്പു ചോദിക്കാന്‍ പോകുമ്പോള്‍ കഥ അവസാനിക്കുന്നു. റഷ്യയിലെ ഒരു രൂപശില്പവാദിയാണ് കലയുടെ ഈ അപരിചിതത്വസ്വഭാവത്തിന് ഊന്നല്‍ കൊടുത്തത്. Ostranenrye എന്ന റഷ്യന്‍ പദമാണ് അദ്ദേഹം പ്രയോഗിച്ചത്. അതിന്റെ അര്‍ത്ഥം അപരിചിത്വത്വം വരുത്തുകയെന്നും. രൂപശില്പാദികളെ നമ്മള്‍ അംഗീകരിച്ചില്ലെന്നു വരും. എന്നാല്‍ അദ്ദേഹത്തിന്റെ ഈ കലാസിദ്ധാന്തത്തില്‍ തെറ്റില്ലാത്തതുകൊണ്ട് നമുക്ക് എതിര്‍പ്പ് ഉണ്ടാവുകയില്ല.

ആര്‍ജ്ജനം

എന്റെ പെണ്‍മക്കളുടെ വിവാഹത്തിനു ക്ഷണക്കത്ത് അച്ചടിച്ചപ്പോള്‍ kindly avoid presents എന്നും കൂടി ചേര്‍ത്തിരുന്നു. എങ്കിലും ചാലക്കടയിലെ സ്റ്റീല്‍പ്പാത്രങ്ങളില്‍ പലതും എന്റെ വീട്ടിലേക്ക് ഒഴുകി. ഞാന്‍ ഭവനത്തിലില്ലാത്തപ്പോള്‍ പണം കൊണ്ടുകൊടുത്തിട്ടു പോയവരുണ്ട്. മേനി പറയുകയോ ഹിപോക്രസി പ്രദര്‍ശിപ്പിക്കുകയോ അല്ല. സമ്മാനങ്ങള്‍ വാങ്ങിക്കുന്നത് തികച്ചും വേദനാജനകമാണ് എനിക്ക്. എന്നാല്‍ സമ്മാനങ്ങള്‍ കിട്ടിയേ തീരൂ എന്ന മട്ടില്‍ വിവാഹത്തിനു ക്ഷണിക്കുന്നവരുമുണ്ട്. പെണ്‍മക്കള്‍ക്കു കിട്ടുന്ന സമ്മാനങ്ങള്‍ വരന്‍മാരുടെ ഭവനങ്ങളില്‍ കൊടുത്തയയ്ക്കാന്‍ സമ്മതിക്കാതെ അപഹരിക്കുന്ന അമ്മമാര്‍ ധാരാളം. ഞാന്‍ കണ്ണു കൊണ്ടു കണ്ട കാഴ്ച പറയാം. വിവാഹം കഴിഞ്ഞു. പെണ്ണു വരനോടൊപ്പം പോകാന്‍ തയ്യാറെടുക്കുകയാണ്. സ്റ്റീല്‍ പ്രാത്രങ്ങള്‍ വട്ടികളിലാക്കി വച്ചിരിക്കുന്നു. അതു കയറ്റാന്‍ തന്നെ നാലു കാറെങ്കിലും വേണം. പെണ്ണിന്റെ തള്ള എങ്ങു നിന്നോ ഓടി വന്നു. അവര്‍ ഒരു സ്റ്റീല്‍ച്ചരുവം പൊക്കിയെടുത്ത് “മോളേ ഇതു ഞാനെടുക്കട്ടോ?” എന്നു കെഞ്ചി. “വേഗം എടുക്കണം അമ്മ. അവര്‍ കാണരുത്. കണ്ടാല്‍ കുറച്ചില്‍” വരന്റെ വീട്ടുകാര്‍ കാണാതെ തള്ള ചരുവം മുറിക്കകത്ത് ആക്കി. വേറൊരു സ്റ്റീല്‍ ചരുവം പൊക്കിയെടുത്തു. “മോളേ” അതും മുറിയിലായി. ഇങ്ങനെ പല “മോളേ” വിളികള്‍. അതോടൊപ്പം സ്റ്റീല്‍പ്പാത്രങ്ങളുടെ മോഷണങ്ങളും. ഒടുവില്‍ ഒരു കവറെടുത്തു തുറന്നു. “മോളേ ഇരുന്നൂറു രൂപയുണ്ട്. നൂറുരൂപ അമ്മയ്ക്ക്” പെണ്ണ് ഓടി വന്ന് രൂപ പിടിച്ചു വാങ്ങിച്ചു. അപ്പോഴേക്കും വരന്റെ വിട്ടുകാരില്‍ ചിലര്‍ അവിടെ വന്നു. ഇല്ലെങ്കില്‍ പിന്നെയും ആര്‍ത്തിയോടുള്ള “മോളേ” വിളികള്‍ ഉയരുമായിരുന്നു. ആര്‍ജ്ജത്തിനുള്ള അഭിലാഷമാണ് ഇവിടെ കണ്ടത്. ഈ അത്യാര്‍ത്തി മറ്റുള്ളവരില്‍ വെറുപ്പ് എന്ന വികാരമുളവാക്കും. വേറെ ചിലരുണ്ട് ഉന്നതമായ സര്‍ക്കര്‍ ജോലിയിലിരുന്നു പെന്‍ഷന്‍ പറ്റും. സര്‍വീസിലിരിക്കുമ്പോള്‍ പട്ടിണി കിടന്നും അന്യനു കിട്ടാനുള്ളതു പിടിച്ചു വാങ്ങിച്ചും ധാരാളം സമ്പാദിക്കുന്നു. പിന്നീട് വിശ്രമിച്ചാല്‍ മതി. വിശ്രമിക്കില്ല. ചായക്കടയോ, മുറുക്കാന്‍ കടയോ തുടങ്ങും. ജോലിയിലിരിക്കുമ്പോള്‍ തുകകള്‍ സാങ്ങ്ഷന്‍ ചെയ്തും കീഴ്ജീവനക്കാരെ സ്ഥലം മാറ്റിയും പ്രതാപം കാണിച്ചിരുന്ന മനുഷ്യന്‍ “പത്തു പൈസക്ക് മുറുക്കാന്‍” എന്ന് ഒരുത്തന്‍ വന്ന് ആവശ്യപ്പെടുമ്പോള്‍ രണ്ടു വെറ്റെയെടുത്തുവച്ച് ഒരു പാക്ക് കത്തികൊണ്ടു മുറിക്കും. സങ്കല്പമല്ല. സത്യമാണിത്. കീഴ്ജീവനക്കാരെ വിറപ്പിച്ചിരുന്ന ഒരുദ്യോഗസ്ഥന്‍ ചായക്കട നടത്തിയെന്നു വരും. പലഹാരമെടുത്തു കൊടുക്കുന്നവന്‍ വന്നിട്ടില്ലെങ്കില്‍ അദ്ദേഹംതന്നെ വരുന്നവരുടെ മുന്‍പില്‍ ഇലകൊണ്ടിട്ട് വാഴയ്ക്കപ്പം എടുത്തു വച്ചെന്നും വരും. ഏതു കൊച്ചു ജന്തുവിനെ കണ്ടാലും ചാടിപ്പിടിക്കുന്ന ക്രൂര ജന്തുവിന്റെ നൃശംസതയാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്. ഏക്കര്‍ കണക്കിനല്ല, മൈല്‍ കണക്കിന് വയലുകള്‍ സമ്പാദിച്ചാലും ‘പോരാ, പോരാ’ എന്നു പറഞ്ഞുകൊണ്ടു നെട്ടോട്ടം ഓടുന്നവരാണ് ഇവര്‍. ഷുമാഹര്‍ പറഞ്ഞ Small is beautiful എന്ന തത്വം ഇവര്‍ ഒരിക്കലും മനസ്സിലാക്കില്ല.

ആര്‍ജ്ജനത്തില്‍ അമിതാഭിലാഷമുള്ളവര്‍ക്ക് അച്ഛനെന്നില്ല, അമ്മയെന്നില്ല. അമ്മയുടെ മരണം പോലും അവരെ ചലിപ്പിക്കില്ല. ഈ സത്യം ശ്രീ കിളിരൂര്‍ രാധാകൃഷ്ണന്‍ ‘പുഷ്പചക്രം’ എന്ന കഥയിലൂടെ പ്രതിപാദിക്കുന്നു (കഥാമാസിക, നവംബര്‍ 12–17 ലക്കം). ആര്‍ക്കും അംഗീകരിക്കാവുന്ന സത്യം; പക്ഷേ ഭാവശില്പമില്ലാത്ത ഇക്കഥ എനിക്ക് അംഗീകരിക്കാനാവുന്നില്ല. പ്രതിഭയില്ലാതെ കഥകള്‍ എഴുതാന്‍ സാധിക്കുമോ? സാധിക്കുന്നമെന്ന് രാധാകൃഷ്ണന്‍ ഇക്കഥയിലൂടെ ഉദ്ദ്ഘോഷിക്കുന്നു.

പുസ്തകം

ദക്ഷിണാഫ്രിക്കയിലെ മഹാന്മാരായ രണ്ടെഴുത്തുകാരാണ് ആന്ദ്രേബിങ്കും ജെ.എം. കുറ്റ്സേയും. അവര്‍ എഡിറ്റ് ചെയ്ത A Land Apart എന്ന പുസ്തകത്തില്‍ നേഡിന്‍ ഗോര്‍ഡിമര്‍ തുടങ്ങിയ മുപ്പത്തിയഞ്ച് എഴുത്തുകാരുടെ രചനകള്‍ ഉണ്ട്. തെക്കേയാഫ്രിക്ക ഇന്നൊരു പരിവര്‍ത്തന ‘ഘട്ട’ത്തിലാണല്ലോ. അതിനോടു ബന്ധപ്പെട്ട ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരുടെ വിചാരങ്ങളും വികാരങ്ങളും ഈ ഗ്രന്ഥം പ്രതിഫലിപ്പിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍, വെള്ളക്കാര്‍, ഇവരുടെ ‘ഇംഗ്ലീഷ് രചന’കള്‍ ആഫ്രിക്കന്‍സ്, സുലൂ, സോത്തോ, കൊസ (Xhosa), ഈ ദക്ഷിണാഫ്രിക്കന്‍ ഭാഷകളിലെ രചനകളുടെ ഇംഗ്ലീഷ് തര്‍ജ്ജമകള്‍ ഇവയെല്ലാം ഈ ഗ്രന്ഥം ഉള്‍ക്കൊള്ളൂന്നു. കാവ്യരചനയ്ക്കു Oൽive Schreiner സമ്മാനം നേടി Christopher Van Wyk-ന്റെ (1957-ല്‍ ജനനം) ഒരു കാവ്യം എടുത്തെഴുതട്ടെ.

He fell from the ninth floor
He hanged himself
He slipped on a piece of soap while washing
He hanged on a piece of soap while washing
He fell from ninth floor
He hanged himself while washing
He slipped from the ninth floor
He hung from the ninth floor
He slipped on the ninth floor while washing
He fell from a piece of soap while slipping
He hung from ninth floor
He washed from the ninth floor while slipping
He hung from a piece of soap while washing
(Faber and Faber, London)


എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ആനവാല്‍’ എന്ന കാവ്യത്തെ ‘ഫാസിനേറ്റിങ്ങ്’ എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക. കാമറയുടെ കാചം സുന്ദരമായ പ്രകൃതിദൃശ്യത്തെ പിടിച്ചെടുക്കുന്നതുപോലെ ഒരു ജീവിത സംഭവത്തെ കവി അതിന്റെ മനോഹാരിതയോടെ പിടിച്ചെടുത്തിരിക്കുന്നു. ഒരു വ്യത്യാസം ഫോട്ടോ കലാസൃഷ്ടിയല്ല. കൃഷ്ണവാരിയരുടേത് രമണീയമായ കലാസൃഷ്ടിയും. ഫോട്ടോയില്‍ അന്തരീക്ഷം അന്തരീക്ഷം മാത്രം. അതിലൂടെ പറക്കുന്ന പക്ഷി പക്ഷി മാത്രം. എന്നാല്‍ ഈ കാവ്യത്തില്‍ ആനവാല്‍ കൊതിക്കുന്ന കിട്ടനും കുട്ടനും സംഭവം വര്‍ണ്ണിക്കുന്ന ‘ഞാനും’വെറും വ്യക്തികളല്ല, സ്വത്വമുള്ള ആളുകളാണ്. അവര്‍ ആ കാവ്യത്തില്‍ മാത്രം തേജസ്സോടെ ജീവിക്കുന്ന ആളുകളത്രെ. മൂന്നുപേരും ആനവാല്‍ കൊതിച്ച് ആനയുടെ അടുത്തു വന്നു നില്‍ക്കുന്നു. പാപ്പാന്‍ പുകയില കൊണ്ടുവരാന്‍ കിട്ടനെ പറഞ്ഞയച്ചു. മോരു കൊണ്ടുവരാന്‍ കുട്ടനെ പറഞ്ഞയച്ചു. അവര്‍ക്കു രണ്ടുപേര്‍ക്കും ആനവാല്‍ കിട്ടും. തനിക്ക് കിട്ടുകയില്ല എന്നു വിചാരിച്ച് കുട്ടി ദുഃഖിക്കുമ്പോള്‍ — അവന്റെ വീട്ടില്‍ കഞ്ഞിവയ്പു പോലുമില്ല — പാപ്പാന്‍ ആനവാല്‍ പൊട്ടിച്ച് അവനു നല്‍കുന്നു. അതു കൈയില്‍ കാപ്പായി ഇട്ട് അഭിമാനത്തോടെ അവര്‍ നില്‍ക്കുമ്പോള്‍ മറ്റു രണ്ടുപേരും തിരിച്ചു വരുന്നു. കാവ്യം അവസാനിക്കുന്നു.

“അദ്ഭുതത്താലേ മിഴിവിടര്‍ന്നും
ഒപ്പമസൂയയാലുള്ളെരിഞ്ഞും
തങ്ങളില്‍ത്തങ്ങളില്‍ക്കിട്ടനും കുട്ടനും
ഇങ്ങനെചൊല്ലും എനിക്കറിയാം.
ആനപ്പിണ്ടംവാരും പെണ്ണിന്റെ ചെക്കന്നൊ-
രാനവാലിന്നുണ്ടോ പഞ്ഞമിപ്പോള്‍.”

യാഥാര്‍ഥ്യമില്ല, യഥാതഥ്യത്തിന് ഒരു യഥാതഥ്യമുണ്ടെങ്കില്‍ അതിനെയാണ് കവി സ്ഫുടീകരിക്കുന്നത്. വിഷയത്തിനു യോജിച്ച വൃത്തം. ഒന്നാന്തരം ആഖ്യാനം. വെള്ളത്തില്‍ വീണ നിലാവു പോലെ വരികളിലാകെ ഹാസ്യത്തിന്റെ തിളക്കം. ഇതു കവിതയല്ലെങ്കില്‍ പിന്നെ ഏതാണു കവിത?

* * *

എത്ര ചാരിത്രശാലിനിയാണെങ്കിലും അന്യന്റെ വികാരമിളക്കി വിടാത്ത ഒരു സ്ത്രീയെ എനിക്കു കാണിച്ചുതരൂ — ബല്‍സാക്ക്.

ഭാവാത്മകം

പലരുടെയും വികാരമിളക്കിവിട്ട ഒരു സുന്ദരിയെ ജോര്‍ജ് ഓണക്കൂര്‍ “അനന്തരം എന്തു സംഭവിക്കും” എന്ന കഥയിലൂടെ നമുക്കു കാണിച്ചു തരുന്നു. ആ ദര്‍ശനം ഭാവാത്മകതയിലൂടെയാണ് നമുക്ക് ലഭിക്കുക. സത്യമാവിഷ്കരിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ധ്യാനനിരതനായിരുന്നു ലഭിക്കുന്ന അനുഭൂതിയെ സ്ഫൂടീകരിക്കാം. മെസ്കലില്‍ കഴിച്ച് അല്‍ഡസ് ഹക്സിലെയെപ്പോലെ അതിന് അതീന്ദ്രിയലോകത്ത് പ്രവേശിക്കാം. ഭാവാത്മകതയിലൂടെയും സത്യദര്‍ശനം സാദ്ധ്യമാണ്. ഒരു വികാരത്തെ നേര്‍പ്പിച്ചു നേര്‍പ്പിച്ചു കൊണ്ടുവന്നു സ്വര്‍ണ്ണ ശലാകയെന്നപോലെ പ്രത്യക്ഷമാക്കുമ്പോഴാണ് ഭാവാത്മകത്വം ഉത്കൃഷ്ടടതയിലെത്തുന്നത്. രതി എന്ന ഭാവത്തെ ഇപ്രകാരം ആവിഷ്കരിക്കുന്നു എന്നതാണ് ഇക്കഥയുടെ സവിശേഷത. ഇവിടെ ഇതിവൃത്തത്തിനു സ്ഥാനമില്ല (കഥ കലാകൗമുദിയില്‍).

കള്ളം-പലവിധം

വിമന്‍സ് ഹോസ്റ്റലിലെ പെണ്‍കുട്ടി
എന്റെ ചേട്ടനാണ് ഇപ്പോള്‍ എന്നെ കാണാന്‍ വന്നത്.
പത്രാധിപര്‍
നിങ്ങളയച്ച കഥ ഞാന്‍ കണ്ടില്ലല്ലോ.
ഡോക്ടര്‍
ഏയ് ഒന്നും പേടിക്കാനില്ല.
കേരളത്തിലെ സാഹിത്യകാരന്‍
ഞാന്‍ ആ ഇംഗ്ലീഷ് പുസ്തകം കണ്ടിട്ടേയില്ല.